ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, December 27, 2007

പാഠം 4 - ഡിജിറ്റല്‍ ചിത്രങ്ങള്‍

ക്യാമകള്‍ ഫിലിം യുഗത്തില്‍നിന്നും ഡിജിറ്റല്‍ ടെക്നോളജിയിലേക്ക്‌ വളര്‍ന്നപ്പോള്‍ ഏറ്റവും പ്രധാനമായ പരിണാമം സംഭവിച്ചത്‌ ഫിലിമിനുതന്നെയാണ്‌. അതായത്‌, ഫിലിം ക്യാമറകളില്‍ ചിത്രം പിടിച്ചിരുന്നത്‌ ഫിലിമുകളായിരുന്നുവെങ്കില്‍, ഇന്ന് ഡിജിറ്റല്‍ ക്യാമറകളില്‍ ആ ജോലി നിര്‍വ്വഹിക്കുന്നത്‌ ഡിജിറ്റല്‍ ഇമേജ്‌ സെന്‍സറുകളാണ്‌ (Digital image sensors). ഫിലിമുകള്‍ക്കും ഡിജിറ്റല്‍ സെന്‍സറുകള്‍ക്കും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ഒരു ഫിലിം ഒരു ഫോട്ടോ എടുക്കാന്‍ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ എന്നതാണ്‌; എന്നാല്‍ ഡിജിറ്റല്‍ സെന്‍സറുകള്‍ ക്യാമറയുടെ തന്നെ ഒരു ഭാഗമാണ്‌. അവയില്‍ പതിയുന്ന ഇമേജുകളെ അനുയോജ്യമായ ഒരു സ്റ്റോറേജ്‌ സംവിധാനത്തിലേക്ക്‌ (ഉദാഹരണം: ക്യാമറയിലെ മെമ്മറി കാര്‍ഡുകള്‍) മാറ്റിയശേഷം വീണ്ടും വീണ്ടും ഫോട്ടോകള്‍ എടുക്കുന്നതിനായി ഉപയോഗിക്കാം എന്നതാണ്‌ ഡിജിറ്റല്‍ സെന്‍സറുകളുടെ മെച്ചങ്ങളില്‍ ഒന്ന്.


ഒരു ഡിജിറ്റല്‍ ഇമേജ് സെന്‍സര്‍


പിക്സലുകള്‍:
ഒരു ഡിജിറ്റല്‍ ചിത്രം എങ്ങനെയാണ്‌ രൂപപ്പെടുത്തുന്നത്‌ എന്നു നോക്കാം. ഒരു ഫോട്ടോയുടെ ഡിജിറ്റല്‍ രൂപരേഖയാണ്‌ ഡിജിറ്റല്‍ ചിത്രം എന്നു ചുരുക്കത്തില്‍ പറയാം. ഈ ഡിജിറ്റല്‍ രൂപരേഖയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഒരു ഡിസ്‌പ്ലേ സ്ക്രീന്‍ അല്ലെങ്കില്‍ പ്രിന്ററിലേക്ക്‌ സന്നിവേശിപ്പിക്കുമ്പോള്‍ ചിത്രം നമുക്ക്‌ കാണാവുന്ന രീതിയിലായി മാറുന്നു. ഓരോ ഡിജിറ്റല്‍ ചിത്രവും ആയിരിക്കണക്കിന്‌ ചെറുകഷ്ണങ്ങള്‍ ചേര്‍ന്ന് ഉണ്ടായവയാണ്‌. സാങ്കേതികമായി ഒരു ഡിജിറ്റല്‍ ചിത്രത്തിലെ ഏറ്റവും ചെറിയ കഷ്ണത്തെ പിക്സല്‍ (PIXEL) എന്നു വിളിക്കുന്നു. Picture Element എന്നീ വാക്കുകളുടെ ആദ്യത്തെ ചില അക്ഷരങ്ങള്‍ ചേര്‍ത്താണ്‌ പിക്സല്‍ എന്ന വാക്കുണ്ടാക്കിയിരിക്കുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാല്‍ ഇത്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും (വലുതാക്കിക്കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).ഇടത്തേയറ്റത്തെ ചിത്രത്തില്‍ ചതുരാകൃതിയില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലം മാത്രം എന്‍ലാര്‍ജ്‌ ചെയ്തതാണ്‌ രണ്ടാമത്തെ ചിത്രത്തില്‍ - അതുതന്നെ വീണ്ടും എന്‍ലാര്‍ജ്‌ ചെയ്തതാണ്‌ മൂന്നാമത്തെ ചിത്രത്തില്‍. മൂന്നാമത്തെ ചിത്രത്തിലെ ചെറുചതുരങ്ങള്‍ കണ്ടുവോ? അവയാണ്‌ ആ ചിത്രത്തിലെ ഏറ്റവും ചെറിയ ചതുരങ്ങള്‍ അഥവാ പിക്സലുകള്‍. ആ ചിത്രത്തിലെ ഓരോ പിക്സലും ഒരു പ്രത്യേക നിറവും, ആ നിറത്തിലെ ലൈറ്റിന്റെ തീവ്രതയും (intensity, brightness) മാത്രമേ കാണിക്കുന്നുള്ളൂ എന്നു ശ്രദ്ധിക്കുക. ഇപ്രകാരം ഓരോ പിക്സലുകളും അതാതിന്റെ നിറവും, തീവ്രതയും കാണിക്കുന്നു. ഇങ്ങനെയുള്ള ആയിരക്കണക്കിനു പിക്സലുകള്‍ കൂടിച്ചേരുമ്പോഴാണ് ഒരു ഡിജിറ്റല്‍ ചിത്രം ഉണ്ടാകുന്നത്.


ഇപ്രകാരം ഒരു ചിത്രത്തില്‍ എത്ര പിക്സലുകള്‍ ഉണ്ട് എന്നകാര്യമാണ് പിക്സല്‍ കൌണ്ടില്‍ നാം സൂചിപിക്കുന്നത്. പത്തുലക്ഷം എന്നനമ്പറിനെ കുറിക്കുന്ന വാക്കാണ് “മെഗാ” എന്നത്. അപ്പോള്‍ 6 മെഗാപിക്സല്‍ എന്നുപറഞ്ഞാല്‍ ചിത്രത്തില്‍ ആകെ അറുപതുലക്ഷം പിക്സലുകള്‍ ഉണ്ട് എന്നര്‍ത്ഥം.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഡിജിറ്റല്‍ ഡാറ്റയിലെ പിക്സലുകള്‍ക്ക് ഒരു നിശ്ചിത “വലിപ്പം“ ഇല്ല എന്നതാണ് - നിറം, പ്രകാശതീവ്രത എന്നിവയുടെ വിവരങ്ങള്‍ മാത്രമാണ് പിക്സല്‍ ഡേറ്റയില്‍ അടങ്ങിയിരിക്കുന്നത്. ഒരു സ്ക്രീനിലേക്കോ പേപ്പറിലേക്കോ ഒരു ഡിജിറ്റല്‍ ചിത്രത്തെ പതിപ്പിക്കുമ്പോള്‍, ഒരു നിശ്ചിത നീളത്തില്‍ എത്ര പിക്സല്‍ എന്നൊരു കണക്ക് നാം നല്‍കാറുണ്ട്. ഉദാഹരണം 300 pixel per inch . ചിത്രത്തിലെ ഓരോ ഇഞ്ചു നീളത്തിലും 300 പിക്സലുകളുടെ വിവരങ്ങള്‍ കാണാം എന്നു സാരം.


ഡിജിറ്റല്‍ ഡാറ്റ:
ഡിജിറ്റല്‍ ഡാറ്റാ എന്നാല്‍ എന്താണെന്ന് എന്നറിയാത്തവര്‍ക്കായി അതേപ്പറ്റി ഒരല്‍പ്പം ഇവിടെ പറയട്ടെ. വെളിച്ചം, ശബ്ദം, തുടങ്ങിയ ഊര്‍ജ്ജരൂപങ്ങളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച അക്കങ്ങളുടെ ശ്രേണികളായി രേഖപ്പെടുത്തിവയ്ക്കുന്ന സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റല്‍ ഡാറ്റാ എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ബൈനറി നമ്പറുകള്‍ എന്ന സംഖ്യാക്രമീകരണ രീതിയിലാണ്‌ സാധാരാണ ഡിജിറ്റല്‍ ഡാറ്റാ സൂക്ഷിച്ചു വയ്ക്കുന്നത്‌. നാം സാധാരണ ഉപയോഗിക്കുന്ന 0,1,2,3,4 ....8, 9 എന്ന സംഖ്യാ ശ്രേണിയെ ഡെസിമല്‍ സിസ്റ്റം എന്നാണു വിളിക്കുന്നത്‌. എന്നാല്‍ കമ്പ്യൂട്ടറുകളില്‍ ഈ രീതിയിലുള്ള സംഖ്യാ ശ്രേണിയല്ല ഉപയോഗിക്കുന്നത്‌. ബൈനറി നമ്പറുകളാണ്‌. ബൈനറി നമ്പര്‍ എന്ന പേരു കേട്ട്‌ വിഷമിക്കേണ്ട. 0, 1 എന്നീ രണ്ടു നമ്പറുകള്‍ മാത്രമേ ബൈനറി ശ്രേണിയിലുള്ളൂ. ഈ രണ്ടു നമ്പരുകള്‍ ഉപയോഗിച്ച്‌ മറ്റേതു ഡെസിമല്‍ നമ്പറുകളേയും എഴുതാം (ഉദാഹരണം 1=1, 2=10, 3=11, 4=100, 5=101, 6=110...... 10=1010).

ഇങ്ങനെയുള്ള ബൈനറി നമ്പറുകള്‍ കുറുകെയും നെടുകെയുമായി നിരത്തി എഴുതിവച്ചിരിക്കുന്ന കള്ളികളുള്ള ഒരു പ്രതലം മാത്രമാണ്‌ ഏതു ഡിജിറ്റല്‍ ഇമേജ്‌ ഡാറ്റയും. ചുരുക്കത്തില്‍ നാം ഒരു മനോഹര ചിത്രം കംപ്യൂട്ടര്‍ മോനിറ്ററില്‍ കാണുമ്പോള്‍, കംപ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം അത്‌ നിറവും, ഭംഗിയും ഒന്നുമില്ലാത്ത കുറേ പൂജ്യങ്ങളും ഒന്നുകളും മാത്രമാണെന്നു സാരം. ചിത്രത്തിലെ ഓരോ പിക്സലിന്റെയും മൂല്യത്തെക്കുറിക്കുന്നവയായിരിക്കും ഈ അക്കങ്ങളോരോന്നും. ഈ അക്കങ്ങളുടെ മൂല്യം അനുസരിച്ച്‌ മോനിറ്ററില്‍ ചിത്രം പ്രത്യക്ഷമാകുന്ന അത്രയും സ്ഥലത്തെ പിക്സലുകളുടെ നിറവും, പ്രകാശതീവ്രതയും (brightness) വ്യത്യാസപ്പെടുത്തുകയാണ്‌ കമ്പ്യൂട്ടര്‍ ചെയ്യുന്നത്‌. അപ്പോള്‍ ചിത്രം നമുക്ക്‌ അനുഭവേദ്യമായിത്തീരുന്നു.

ഫോട്ടോഷോപ്പ്‌ പോലെയുള്ള ഇമേജ്‌ എഡിറ്റിംഗ്‌ സോഫ്റ്റ്‌ വെയറുകളില്‍ നാം ഒരു ഫോട്ടോ റൊട്ടേറ്റ്‌ ചെയ്യുമ്പോള്‍, ഫ്ലിപ്പ് ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഒരു ഭാഗം കോപ്പി പേസ്റ്റ്‌ ചെയ്യുമ്പോള്‍, അതുമല്ലെങ്കില്‍ ആ ഫോട്ടോയുടെ കളറുകള്‍ മാറ്റുമ്പോള്‍ ഒക്കെ കംപ്യൂട്ടര്‍ എന്തായിരിക്കും ചെയ്യുന്നത്‌ എന്നാലോചിച്ചു നോക്കൂ. ഈ അക്കങ്ങളുടെ ക്രമീകരണത്തെ അതിനനുസരിച്ച്‌ കമ്പ്യൂട്ടര്‍ മാറ്റുന്നു. പക്ഷേ ഒന്നോര്‍ക്കുക, ഒരു ചിത്രതിന്റെ ഡിജിറ്റല്‍ ഡാറ്റയില്‍ ദശലക്ഷക്കണക്കിന്‌ പൂജ്യങ്ങളും ഒന്നുകളും കണ്ടേക്കാം എന്ന വസ്തുത. അവയൊക്കെയും നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റിമറിച്ചെഴുതുവാന്‍ സഹായിക്കുന്നത്‌ കമ്പ്യൂട്ടറുകളുടെ പ്രോസസറുകളുടെ സ്പീഡ് ആണ്!


ഇപ്രകാരമുള്ള ഡിജിറ്റല്‍ ഡാറ്റാ കോപ്പിചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ അക്കങ്ങളുടെ ക്രമീകരണം മാത്രമാണ്‌ കമ്പ്യൂട്ടര്‍ കോപ്പിചെയ്യുന്നത്‌. അതുകൊണ്ടാണ്‌ നാം ഒരു ഡിജിറ്റല്‍ ഇമേജ്‌ അല്ലെങ്കില്‍ ഡിജിറ്റല്‍ മ്യൂസിക്‌ ഫയല്‍ കോപ്പി ചെയ്യുമ്പോള്‍ അതിന്റെ ക്വാളിറ്റിയില്‍ ഒരു മാറ്റവും സംഭവിക്കാത്തത്‌. എന്നാല്‍ പണ്ട്‌ വീഡിയോ ടേപ്പുകളും, ഓഡിയോ കാസറ്റുകളും മറ്റും കോപ്പിചെയ്യ്തിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ? അവയൊന്നും ഡിജിറ്റല്‍ ഡാറ്റാ അല്ലായിരുന്നു. അതിനാല്‍ത്തന്നെ ഓരോ കോപ്പി കഴിയുംതോറും ക്വാളിറ്റിയിലും കുറവു സംഭവിച്ചിരുന്നു. ഡിജിറ്റല്‍ ഡാറ്റാ എന്നാല്‍ എന്തെന്ന് ഏകദേശ ധാരണയായിക്കാണുമല്ലോ?

ഇമേജ് സെന്‍സറുകള്‍
ഒരു ഡിജിറ്റല്‍ ക്യാമറയിലെ ലെന്‍സ്‌ ഉണ്ടാക്കുന്ന പ്രതിബിംബം ഡിജിറ്റല്‍ ഇമേജ്‌ സെന്‍സറിലേക്കാണു വീഴുന്നത്‌ എന്നു ഇതിനു മുമ്പുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ? ഇങ്ങനെ വീഴുന്ന പ്രതിബിംബത്തിലെ പ്രകാശ ഊര്‍ജ്ജത്തെ മേല്‍പ്പറഞ്ഞരീതിയിലുള്ള ഡിജിറ്റല്‍ ഡാറ്റായാക്കി മാറ്റാന്‍ ക്യാമറയിലെ ചെറിയ കമ്പ്യൂട്ടര്‍ പ്രോസസറിനെ സഹായിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ സെന്‍സര്‍ ചെയ്യുന്നത്‌. എങ്ങനെയാണ്‌ ഡിജിറ്റല്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നു നോക്കാം. സൂര്യപ്രകാശം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍, വൈദ്യുതവിളക്കുകള്‍ തുടങ്ങിയവ കണ്ടിട്ടില്ലേ, അവയുടെയെല്ലാം ഒപ്പം സൂര്യപ്രകാശത്തിലേക്ക്‌ തുറന്നിരിക്കുന്ന കറുപ്പുനിറത്തിലുള്ള ഒരു വലിയ പാളി ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ പാളിയില്‍ പതിക്കുന്ന പ്രകാശത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റാന്‍ ശേഷിയുള്ള ഫോട്ടോ ഇലക്ട്രിക്‌ സെല്ലുകള്‍ ഉണ്ട്‌. ഏകദേശം ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചെറിയ ലക്ഷക്കണക്കിനു ഫോട്ടോസെല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പ്രതലങ്ങളാണ്‌ സെന്‍സറുകള്‍. (പക്ഷേ പ്രവര്‍ത്തന രീതിയില്‍ വളരെ വ്യത്യാസമുണ്ട്‌).

സെന്‍സറിന്റെ പ്രവര്‍ത്തനരീതിയിലേക്ക്‌ കൂടുതലായി കടക്കുന്നതിനുമുമ്പ്‌ പ്രകാശത്തെപ്പറ്റി അല്‍പം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. പ്രകാശത്തെപ്പറ്റിയുള്ള ക്വാണ്ടം സിദ്ധാന്തം അനുസരിച്ച്‌ ഒരു പ്രകാശരശ്മി എന്നത്‌ അനേകം ഫോട്ടോണുകള്‍ ചേര്‍ന്നതാണ്‌. ഫോട്ടോണുകള്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ വളരെ ചെറിയ ഊര്‍ജ്ജപ്പൊതികള്‍ (energy packets) ആണ്‌. ഇങ്ങനെ ഒരു ചാറ്റല്‍മഴപോലെ പതിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഫോട്ടോണ്‍ മഴയാണ്‌ പ്രകാശം. ഈ ഫോട്ടോണുകള്‍, ഫോട്ടോസൈറ്റുകള്‍ എന്നറിയപ്പെടുന്ന പ്രകാശസംവേദകപ്രതലങ്ങളില്‍ (light sensitive diodes) പതിക്കുമ്പോള്‍ ഒരു ചെറിയ ഇലക്ട്രിക്ക്‌ ചാര്‍ജ്ജ്‌ അവിടെ രൂപപ്പെടുന്നു. ഈ ചാര്‍ജ്ജുകളുടെ ഏറ്റക്കുറച്ചിലുകളെ ഒരു പ്രോസസര്‍ ഉപയോഗിച്ച്‌ അവലോകനം ചെയ്ത്‌ റിക്കോര്‍ഡുചെയ്തുവയ്ക്കാന്‍ സാധിക്കും - ഡിജിറ്റല്‍ ഡാറ്റായായി. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.


ഒരു ഡിജിറ്റല്‍ സെന്‍സര്‍ എങ്ങനെയാണ്‌ പ്രകാശത്തെ റിക്കോര്‍ഡ്‌ ചെയ്യുന്നത്‌ എന്നുകാണിക്കുന്ന രേഖാചിത്രമാണത്‌. ഒരു പരന്ന പ്രതലത്തില്‍ കുറേ പാത്രങ്ങള്‍ മഴവെള്ളം ശേഖരിക്കാനായി നിരത്തിവച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുക. ഈ പ്രതലമാണ്‌ സെന്‍സര്‍. ഇവിടെ നിരന്നിരിക്കുന്ന പാത്രങ്ങള്‍ ഫോട്ടോസൈറ്റുകളും. ഓരോ പാത്രങ്ങളും ഓരോ പിക്സലുകളെ പ്രതിനിധീകരിക്കുന്നു. ഇവിടെ മഴത്തുള്ളികള്‍ക്കു പകരം ഫോട്ടോണ്‍ മഴ - പ്രകാശമഴ- യാണെന്ന വ്യത്യാസമുണ്ട്‌. നാം ഒരു ഫോട്ടോ എടുക്കാനായി ക്യാമറയുടെ ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഷട്ടര്‍ ഒരു നിശ്ചിത സമയത്തേക്ക്‌ തുറന്നടയുന്നു. ഈ സമയത്തിനുള്ളില്‍ ഓരോ‍ പാത്രത്തിലും (ഫോട്ടോസൈറ്റിലും) വന്നുവീഴുന്ന ഫോട്ടോണുകളുടെ എണ്ണം കണക്കാക്കി അതിനെ ഒരു ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റാം. സ്വാഭാവികമായും കൂടുതല്‍ പ്രകാശമുള്ള ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ഫോട്ടോണുകളും, കുറച്ചു പ്രകാശമുള്ള ഭാഗത്തുനിന്നും കുറച്ചു ഫോട്ടോണുകളും മാത്രമേ ഫോട്ടോസൈറ്റുകളില്‍ വീഴുകയുള്ളൂ. അവയെ ഉടനടി ക്യാമറയുടെ പ്രോസസര്‍ എണ്ണിത്തിട്ടപ്പെടുത്തി ഒരു ഡിജിറ്റല്‍ ഡാറ്റയാക്കിമാറ്റുന്നു. ഇങ്ങനെയാണ് ക്യാമറ ഡിജിറ്റല്‍ ചിത്രം എടുക്കുന്നത്.ഈ ഉദാഹരണത്തില്‍ നിന്നും ഒരുകാര്യം മനസ്സിലാക്കാവുന്നത്, ഫോട്ടോണ്‍ മഴ ശേഖരിക്കാനായി വച്ചിരിക്കുന്ന പാത്രങ്ങളുടെ (ഫോട്ടോസൈറ്റുകളുടെ) വലിപ്പം അല്ലെങ്കില്‍ വിസ്തൃതിക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട് എന്നതാണ്. അവയുടെ എണ്ണത്തിലല്ല, വലിപ്പത്തിലാണ് ഫോട്ടോയുടെ ക്വാളിറ്റി നിശ്ചയിക്കപ്പെടുന്നത്. സെന്‍സറുകളുടെ സാങ്കേതികവിദ്യ ലളിതമായി ഇങ്ങനെ മനസ്സിലാക്കാമെങ്കിലും, അവയുടെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണ്ണമാണ്‌. അതിനെപ്പറ്റി വിശദമായി അടുത്ത പോസ്റ്റില്‍ ചര്‍ച്ചചെയ്യാം.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

41 comments:

അപ്പു ആദ്യാക്ഷരി December 27, 2007 at 8:23 AM  

ഡിജിറ്റല്‍ ഫോട്ടോഗ്രാഫി സാങ്കേതികവിദ്യകളുടെ കഥകളിലെ പുതിയപോസ്റ്റ്

ശ്രീ December 27, 2007 at 9:02 AM  

പിക്സലുകളും ഡിജിറ്റല്‍‌ ഡാറ്റായും ഇമേജ് സെന്‍‌സറുകളുമെല്ലാമായി ഈ വര്‍‌ഷത്തെ അവസാനത്തെ ക്ലാസ്സും നന്നായി, അപ്പുവേട്ടാ.


പുതുവത്സരാശംസകള്‍‌, എല്ലാ ശിഷ്യന്മാര്‍‌ക്കും... ഒപ്പം മാഷിനും.
;)

ഹരിശ്രീ December 27, 2007 at 9:24 AM  

അപ്പു മാഷേ,

ക്ലാസ്സ് വളരെ മികച്ചത്.
പുതുവത്സരാശംസകളോടെ....

ഹരിശ്രീ.

ഫോട്ടോഗ്രാഫര്‍::FG December 27, 2007 at 9:31 AM  

അപ്പു, ഫോട്ടോഗ്രാഫിയുടെ ക്ലാസുകള്‍ ശ്രദ്ധിക്കുന്നുണ്ട്, വളരെ വിജ്ഞാനപ്രദം ഇനിയും തുടരുക
പുതുവത്സരാശംസകള്‍:)

krish | കൃഷ് December 27, 2007 at 9:55 AM  

ഡിജിറ്റല്‍ ഇമേജിംഗിനെക്കുറിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു.

(ബ്ലോഗ് ഹെഡ്ഡറിലെ ഡിജിറ്റല്‍ കണ്ണ് ഗംഭീരമായിട്ടുണ്ട്)

അച്ചു December 27, 2007 at 9:55 AM  

ക്ലാസ് നന്നായി മഷേ..പക്ഷെ ചില സംശയങ്ങള്‍ ...അതു ഞാന്‍ മെയില്‍ അയക്കാം.

അപ്പു ആദ്യാക്ഷരി December 27, 2007 at 10:13 AM  

കൃഷ് ചേട്ടാ, മനോഹരമായ ഈ ബ്ലോഗ് ഹെഡര്‍ ഡിസൈന്‍ ചെയ്തുതന്നത് ബ്ലോഗിലൂടെ എനിക്കു കിട്ടിയ സുഹൃത്ത് സുമേഷ് ചന്ദ്രനാണ്. നന്ദിപൂര്‍വ്വം അദ്ദേഹത്തിന്റെ പേര് ഈ ബ്ലോഗില്‍ ഞാന്‍ ഇടാന്‍ തുനിഞ്ഞപ്പോള്‍ സ്നേഹപൂര്‍വ്വം അത് നിരുത്സാഹപ്പെടുത്തുകയാണ് സുമേഷ് ചെയ്തത്.

അലി December 27, 2007 at 10:23 AM  

അപ്പു മാഷേ...
ഫോട്ടോഗ്രാഫി സാങ്കേതികവിദ്യകള്‍ വളരെ ലളിതമായി പറഞ്ഞുതരുന്ന ക്ലാസുകള്‍ വളരെ വിജ്ഞാനപ്രദമാവുന്നു.

പുതുവത്സരാശംസകള്‍!

ശ്രീലാല്‍ December 27, 2007 at 10:23 AM  

പതിവുപോലെ ഈ ക്ലാസും അറിവു പകര്‍ന്നു മാസ്റ്റര്‍ജീ.. ഡിജിറ്റല്‍ ഡാറ്റയെപ്പറ്റി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കിത്തന്നു..ഈ പാഠം കഴിഞ്ഞപ്പോഴത്തെ സംശയങ്ങള്‍.

1) ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെയൊക്കെ ഫോട്ടോ നേരിട്ടെടുത്താല്‍ സെന്‍സര്‍ തകരാറാകും എന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ സംഭവിക്കുന്നത് താങ്ങാവുന്നതില്‍ കൂടുതല്‍ ഊര്‍ജ്ജം നിറഞ്ഞ് സെന്‍സറിലെ ഫോട്ടോസൈറ്റുകളുടെ സംവേദനശേഷി നഷ്ടപ്പെടലാണോ..?

2) ക്യാമറ 7.2 മെഗാ പിക്സല്‍ ആണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം സെന്‍സറില്‍ 7.2 ലക്ഷം ഫോട്ടോ സൈറ്റുകളാണുള്ളത് എന്നു പറയാമോ ? അതായത് 7.2 മെഗാ പിക്സല്‍ ക്യാമറ വെച്ചെടുക്കുന്ന ചിത്രത്തിലെ പിക്സലുകളുടെ എണ്ണവും ക്യാമറയിലെ ഫോട്ടോസൈറ്റുകളുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്.

അപ്പു ആദ്യാക്ഷരി December 27, 2007 at 10:40 AM  

ശ്രീലാലിന്റെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍
1. അധികമായാല്‍ അമൃതും വിഷം. സൂര്യനെനോക്കി ഫോട്ടോയെടുത്താല്‍ സെന്‍സര്‍ കേടാകും എന്ന തത്വം കൂടുതല്‍ യോജിക്കുക ഡിജിറ്റല്‍ വീഡിയോ ക്യാമറകള്‍ക്കാണ്. കാരണം അവ തുടര്‍ച്ചയായി ഈ അമിതപ്രകാശത്തിലേക്ക് തുറന്നു വച്ചിരിക്കുകയാണല്ലോ. ലൈവ് പ്രിവ്യൂ ഉള്ള ക്യാമറകള്‍ക്കും ഇത് ബാധകമാണ്. SLR ക്യാമറയില്‍ ഷട്ടര്‍ തുറന്നടയുന്ന വളരെ ചെറിയ സമയത്തിനുള്ളില്‍ (സൂര്യനെ നോക്കിയാല്‍ 1/1000 സെക്കന്റിലും ചെറുത്) ഒരു ഡാമേജ് ഉണ്ടാവില്ല എന്നുഞാന്‍ കരുതുന്നു. എന്നാലും, അനുയോജ്യമായ ഫില്‍റ്ററുകള്‍ ഇല്ലാതെ ഇതിനൊരുങ്ങാതിരിക്കുന്നതാണു ബുദ്ധി. പിന്നെ ഉദയം അസ്തമയം തുടങ്ങിയ അവസരങ്ങളില്‍ സൂര്യരശ്മികളുടെ ഇന്റന്‍സിറ്റി താരതമ്യേന കുറവാണ്. അപ്പോള്‍ നേരെ ഫോട്ടൊയെടുക്കാം.

2. 7.2 മെഗാപിക്സല്‍ സെന്‍സര്‍ എന്നു പറയുന്നത് അതിലെ എഫക്റ്റീവ് പിക്സലുകളുടെ എണ്ണമാണ്. അതായത് സെന്‍സറില്‍ നിരനിരയായി അടുക്കിവച്ചിരിക്കുന്ന ഫോട്ടോസൈറ്റുകളുടെ ആകെ എണ്ണം. ഉദാഹരണത്തിന് ഒരു നിരയില്‍ കുറുകെ 3000 ഫോട്ടോസൈറ്റുകള്‍ വീതം 2000 നിരകള്‍ ഒരു സെന്‍സറില്‍ ഉണ്ടെന്നിരിക്കട്ടെ 3000x2000=600000 efective pixels. പക്ഷേ ഒരു സെന്‍സറില്‍ ഫോട്ടോസൈറ്റുകള്‍ക്കിടയില്‍ വിടവുകളുണ്ട്. ഈ ഭാഗത്തുവീഴുന്ന ലൈറ്റിന്റെ വിവരങ്ങള്‍ എഫെക്റ്റിവ് പിക്സലുകളുടെ ഡാറ്റായില്‍നിന്നും ക്യാമറ പ്രോസസര്‍ കാല്‍ക്കുലേറ്റ് ചെയ്യുകയാണു ചെയ്യുന്നത്.(ഇതിനെപ്പറ്റി നമ്മള്‍ അടുത്തപോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നുണ്ട്)

Vanaja December 27, 2007 at 10:43 AM  

വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

അപ്പു ആദ്യാക്ഷരി December 27, 2007 at 10:47 AM  

ശ്രീലാലിനുള്ള മറുപടിയില്‍ ഒരുകാര്യംകൂടി പറയട്ടെ, ഫൈനല്‍ ഇമേജ് ഉണ്ടാക്കുന്നതിനായി സെന്‍സറിലെ എല്ലാപിക്സല്‍ ഡാറ്റയും ഉപയോഗിക്കാറില്ല. എഫക്റ്റീവ് പിക്സലുകളുടെ എണ്ണം കൂറ്റിക്കാണിക്കുന്നത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്.

ശ്രീലാല്‍ December 27, 2007 at 11:04 AM  

വളരെ നന്ദി സംശയങ്ങള്‍ തീര്‍ത്തു തന്നതിന്. അപ്പോള്‍ അടുത്ത ക്ലാസിനുള്ള ബേസിക്സ് ആണ് ഈ പാഠം അല്ലേ...? വീണ്ടും വായിക്കാം.

വേണു venu December 27, 2007 at 12:16 PM  

ക്ലാസ്സില്‍‍ ശ്രദ്ധിച്ചിരുന്നു.
ഇന്നും നല്ല ക്ലാസ്സായിരുന്നു.:)

ആഷ | Asha December 27, 2007 at 12:44 PM  

അപ്പൂ, ഈ പാഠവും വായിച്ചു.
നന്നായി വിവരിച്ചിട്ടുണ്ട് :)
നന്ദി ഇതൊക്കെ പറഞ്ഞു തരുന്നതിനു.

അങ്കിള്‍ December 27, 2007 at 1:36 PM  

:)ഇതു മാത്രമല്ലാ, എല്ലാ പാഠങ്ങളും ശ്രദ്ധിക്കുന്നുണ്ടേ.

Murali K Menon December 27, 2007 at 3:00 PM  

അപ്പൂ, കോളേജില്‍ പഠിക്കുമ്പോള്‍ മന:പൂര്‍വ്വമായി ക്ലാസ് കട്ട് ചെയ്തിരുന്നുവെങ്കില്‍, അപ്പുവിന്റെ ക്ലാസില്‍ കയറാന്‍ സാഹചര്യങ്ങളായിരുന്നു അനുവദിക്കാതിരുന്നത്. പക്ഷെ ബ്ലോഗില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പഴയ പാഠങ്ങള്‍ പഠിച്ചെടുക്കാം എന്ന വിശ്വാസമാണ് എനിക്ക് സമാധാനം തരുന്നത്.
ജീവിതത്തിന്റെ തിരക്കിനിടയിലും ഇത്തരം നല്ല സംരംഭത്തിന് മനസ്സുണ്ടായതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!

കുഞ്ഞായി | kunjai December 27, 2007 at 4:08 PM  

അപ്പു മാഷേ....
ക്ലാസ്സ് ശരിക്കും നന്നായി
പുതുവത്സരാശംസകള്‍

കുട്ടു | Kuttu December 27, 2007 at 5:01 PM  

അങ്ങനെ അതും പഠിച്ചു. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു.

പൈങ്ങോടന്‍ December 27, 2007 at 5:10 PM  

പിക്സലുകളേയും,ഇമേജ് സെന്‍സറുകളേയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ക്ലാസ് സഹായിച്ചു.
ഈ സദുദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.

പ്രിയ ഉണ്ണികൃഷ്ണന്‍ December 27, 2007 at 8:41 PM  

നല്ല ക്ലാസ്. വരാന്‍ വൈകിയതിന് പുറത്താക്കല്ലേ...

ആശംസകള്‍

Mr. K# December 28, 2007 at 12:07 AM  

ക്ലാസ് ഒരു പാടു ഡീറ്റയിലായിപ്പോകുന്നോ?

Kaippally December 28, 2007 at 1:17 AM  

പല കാര്യങ്ങളും വിശതമാക്കുന്ന വളരെ നല്ല പാഠം.

നന്ദി.

:)

ദിലീപ് വിശ്വനാഥ് December 28, 2007 at 4:03 AM  

നന്നാവന്നുണ്ട് അപ്പുവേട്ടാ.. തുടരൂ..

അപ്പു ആദ്യാക്ഷരി December 28, 2007 at 9:09 AM  

ഈ ഫോട്ടോപാഠം വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. കുറച്ചുപുതിയവിവരങ്ങളെങ്കിലും ഓരോ അധ്യായത്തിലും നല്‍കാനായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

കുതിരവട്ടന്‍, ചില അധ്യായങ്ങള്‍ നീണ്ടൂപോകുന്നുണ്ട് എന്നെനിക്കറിയാം. പക്ഷേ ഒരു ടെക്നിക്കല്‍ സബ്ജക്റ്റ് കൈകാര്യം ചെയുമ്പോള്‍ ഒരു പ്രത്യേക വിഷയത്തെപ്പറ്റി പറയുന്ന എല്ലാക്കാര്യങ്ങളും അതോടോപ്പം പറയുന്നതാണ് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കൂം നല്ലത്. അല്ലാതെ പോസ്റ്റിന്റെ നീളം കുറയ്കാനായീ അത് രണ്ടാക്കിത്തിരിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. സെന്‍സറുകളെപ്പറ്റി കൂടുതല്‍ വിശദമായിപറയുന്നതിനുള്ള അടിസ്ഥാനം ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. അതിനാലാ‍ണ് ഇത്രയും നീണ്ടൂപോയത്.

സ്നേഹപൂര്‍വ്വം
അപ്പു

Gopan | ഗോപന്‍ December 28, 2007 at 11:07 PM  

അപ്പു,
വളരെ നന്നാവുന്നുണ്ട് ക്ലാസ്സുകള്‍
പുതുവത്സരാശംസകളോടെ
സ്നേഹപൂര്‍വ്വം,
ഗോപന്‍

[ nardnahc hsemus ] January 5, 2008 at 1:08 PM  

അപ്പു... നന്ദി!

ഗീത January 6, 2008 at 9:10 AM  

വളരെ വിജ്ഞാനപ്രദം, അപ്പു.

Cartoonist January 6, 2008 at 5:18 PM  

കീപ്പിറ്റപ്പൂ.. :))))

വാളൂരാന്‍ May 7, 2008 at 9:57 PM  

വളരെ നല്ലത്.....

ജോഷി March 11, 2011 at 1:31 AM  
This comment has been removed by the author.
ജോഷി March 11, 2011 at 1:32 AM  
This comment has been removed by the author.
ജോഷി March 11, 2011 at 1:34 AM  
This comment has been removed by the author.
അപ്പു ആദ്യാക്ഷരി March 11, 2011 at 11:52 AM  

ജോഷി, വളരെ നന്ദി തെറ്റുചൂണ്ടിക്കാണിച്ചതിനു. തിരുത്തിയിട്ടുണ്ട്.

Unknown September 17, 2012 at 9:32 PM  

ഫോട്ടോഗ്രാഫിക് എനിക്ക് ഇഷ്ട്ടം ആണ് ഞാന്‍ പഠിക്കാന്‍ ആഗ്രഹിച്ച ആണ് ഇപ്പോള്‍ മാഷ്ന്റെ ബ്ലോഗ്ഗ് വഴി അറിയാന്‍ കഴിഞ്ഞത് വളരെ ഏറെ നന്ദി

Unknown September 17, 2012 at 9:32 PM  

ഫോട്ടോഗ്രാഫിക് എനിക്ക് ഇഷ്ട്ടം ആണ് ഞാന്‍ പഠിക്കാന്‍ ആഗ്രഹിച്ച ആണ് ഇപ്പോള്‍ മാഷ്ന്റെ ബ്ലോഗ്ഗ് വഴി അറിയാന്‍ കഴിഞ്ഞത് വളരെ ഏറെ നന്ദി

Jain January 19, 2015 at 6:03 PM  

വളരെ വൈകി ആണ് പോസ്റ്റ്‌ കാണുന്നത്.വളരെ വിലയേറിയ ബ്ലോഗ്‌ ആണ്.കുറച്ചു സംസയങ്ങൾ ഉണ്ട്.ഇനിയും ഇവിടെ ചോദിയ്ക്കാൻ ആകുമോ?

Sujith February 25, 2015 at 9:20 PM  

Dear Appu can I have your contact number, I am living in Abu Dhabi
regards
Sujith Prasad

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP