ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, December 27, 2007

പാഠം 4 - ഡിജിറ്റല്‍ ചിത്രങ്ങള്‍

ക്യാമകള്‍ ഫിലിം യുഗത്തില്‍നിന്നും ഡിജിറ്റല്‍ ടെക്നോളജിയിലേക്ക്‌ വളര്‍ന്നപ്പോള്‍ ഏറ്റവും പ്രധാനമായ പരിണാമം സംഭവിച്ചത്‌ ഫിലിമിനുതന്നെയാണ്‌. അതായത്‌, ഫിലിം ക്യാമറകളില്‍ ചിത്രം പിടിച്ചിരുന്നത്‌ ഫിലിമുകളായിരുന്നുവെങ്കില്‍, ഇന്ന് ഡിജിറ്റല്‍ ക്യാമറകളില്‍ ആ ജോലി നിര്‍വ്വഹിക്കുന്നത്‌ ഡിജിറ്റല്‍ ഇമേജ്‌ സെന്‍സറുകളാണ്‌ (Digital image sensors). ഫിലിമുകള്‍ക്കും ഡിജിറ്റല്‍ സെന്‍സറുകള്‍ക്കും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ഒരു ഫിലിം ഒരു ഫോട്ടോ എടുക്കാന്‍ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ എന്നതാണ്‌; എന്നാല്‍ ഡിജിറ്റല്‍ സെന്‍സറുകള്‍ ക്യാമറയുടെ തന്നെ ഒരു ഭാഗമാണ്‌. അവയില്‍ പതിയുന്ന ഇമേജുകളെ അനുയോജ്യമായ ഒരു സ്റ്റോറേജ്‌ സംവിധാനത്തിലേക്ക്‌ (ഉദാഹരണം: ക്യാമറയിലെ മെമ്മറി കാര്‍ഡുകള്‍) മാറ്റിയശേഷം വീണ്ടും വീണ്ടും ഫോട്ടോകള്‍ എടുക്കുന്നതിനായി ഉപയോഗിക്കാം എന്നതാണ്‌ ഡിജിറ്റല്‍ സെന്‍സറുകളുടെ മെച്ചങ്ങളില്‍ ഒന്ന്.


ഒരു ഡിജിറ്റല്‍ ഇമേജ് സെന്‍സര്‍


പിക്സലുകള്‍:
ഒരു ഡിജിറ്റല്‍ ചിത്രം എങ്ങനെയാണ്‌ രൂപപ്പെടുത്തുന്നത്‌ എന്നു നോക്കാം. ഒരു ഫോട്ടോയുടെ ഡിജിറ്റല്‍ രൂപരേഖയാണ്‌ ഡിജിറ്റല്‍ ചിത്രം എന്നു ചുരുക്കത്തില്‍ പറയാം. ഈ ഡിജിറ്റല്‍ രൂപരേഖയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഒരു ഡിസ്‌പ്ലേ സ്ക്രീന്‍ അല്ലെങ്കില്‍ പ്രിന്ററിലേക്ക്‌ സന്നിവേശിപ്പിക്കുമ്പോള്‍ ചിത്രം നമുക്ക്‌ കാണാവുന്ന രീതിയിലായി മാറുന്നു. ഓരോ ഡിജിറ്റല്‍ ചിത്രവും ആയിരിക്കണക്കിന്‌ ചെറുകഷ്ണങ്ങള്‍ ചേര്‍ന്ന് ഉണ്ടായവയാണ്‌. സാങ്കേതികമായി ഒരു ഡിജിറ്റല്‍ ചിത്രത്തിലെ ഏറ്റവും ചെറിയ കഷ്ണത്തെ പിക്സല്‍ (PIXEL) എന്നു വിളിക്കുന്നു. Picture Element എന്നീ വാക്കുകളുടെ ആദ്യത്തെ ചില അക്ഷരങ്ങള്‍ ചേര്‍ത്താണ്‌ പിക്സല്‍ എന്ന വാക്കുണ്ടാക്കിയിരിക്കുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാല്‍ ഇത്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും (വലുതാക്കിക്കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).ഇടത്തേയറ്റത്തെ ചിത്രത്തില്‍ ചതുരാകൃതിയില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലം മാത്രം എന്‍ലാര്‍ജ്‌ ചെയ്തതാണ്‌ രണ്ടാമത്തെ ചിത്രത്തില്‍ - അതുതന്നെ വീണ്ടും എന്‍ലാര്‍ജ്‌ ചെയ്തതാണ്‌ മൂന്നാമത്തെ ചിത്രത്തില്‍. മൂന്നാമത്തെ ചിത്രത്തിലെ ചെറുചതുരങ്ങള്‍ കണ്ടുവോ? അവയാണ്‌ ആ ചിത്രത്തിലെ ഏറ്റവും ചെറിയ ചതുരങ്ങള്‍ അഥവാ പിക്സലുകള്‍. ആ ചിത്രത്തിലെ ഓരോ പിക്സലും ഒരു പ്രത്യേക നിറവും, ആ നിറത്തിലെ ലൈറ്റിന്റെ തീവ്രതയും (intensity, brightness) മാത്രമേ കാണിക്കുന്നുള്ളൂ എന്നു ശ്രദ്ധിക്കുക. ഇപ്രകാരം ഓരോ പിക്സലുകളും അതാതിന്റെ നിറവും, തീവ്രതയും കാണിക്കുന്നു. ഇങ്ങനെയുള്ള ആയിരക്കണക്കിനു പിക്സലുകള്‍ കൂടിച്ചേരുമ്പോഴാണ് ഒരു ഡിജിറ്റല്‍ ചിത്രം ഉണ്ടാകുന്നത്.


ഇപ്രകാരം ഒരു ചിത്രത്തില്‍ എത്ര പിക്സലുകള്‍ ഉണ്ട് എന്നകാര്യമാണ് പിക്സല്‍ കൌണ്ടില്‍ നാം സൂചിപിക്കുന്നത്. പത്തുലക്ഷം എന്നനമ്പറിനെ കുറിക്കുന്ന വാക്കാണ് “മെഗാ” എന്നത്. അപ്പോള്‍ 6 മെഗാപിക്സല്‍ എന്നുപറഞ്ഞാല്‍ ചിത്രത്തില്‍ ആകെ അറുപതുലക്ഷം പിക്സലുകള്‍ ഉണ്ട് എന്നര്‍ത്ഥം.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഡിജിറ്റല്‍ ഡാറ്റയിലെ പിക്സലുകള്‍ക്ക് ഒരു നിശ്ചിത “വലിപ്പം“ ഇല്ല എന്നതാണ് - നിറം, പ്രകാശതീവ്രത എന്നിവയുടെ വിവരങ്ങള്‍ മാത്രമാണ് പിക്സല്‍ ഡേറ്റയില്‍ അടങ്ങിയിരിക്കുന്നത്. ഒരു സ്ക്രീനിലേക്കോ പേപ്പറിലേക്കോ ഒരു ഡിജിറ്റല്‍ ചിത്രത്തെ പതിപ്പിക്കുമ്പോള്‍, ഒരു നിശ്ചിത നീളത്തില്‍ എത്ര പിക്സല്‍ എന്നൊരു കണക്ക് നാം നല്‍കാറുണ്ട്. ഉദാഹരണം 300 pixel per inch . ചിത്രത്തിലെ ഓരോ ഇഞ്ചു നീളത്തിലും 300 പിക്സലുകളുടെ വിവരങ്ങള്‍ കാണാം എന്നു സാരം.


ഡിജിറ്റല്‍ ഡാറ്റ:
ഡിജിറ്റല്‍ ഡാറ്റാ എന്നാല്‍ എന്താണെന്ന് എന്നറിയാത്തവര്‍ക്കായി അതേപ്പറ്റി ഒരല്‍പ്പം ഇവിടെ പറയട്ടെ. വെളിച്ചം, ശബ്ദം, തുടങ്ങിയ ഊര്‍ജ്ജരൂപങ്ങളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച അക്കങ്ങളുടെ ശ്രേണികളായി രേഖപ്പെടുത്തിവയ്ക്കുന്ന സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റല്‍ ഡാറ്റാ എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ബൈനറി നമ്പറുകള്‍ എന്ന സംഖ്യാക്രമീകരണ രീതിയിലാണ്‌ സാധാരാണ ഡിജിറ്റല്‍ ഡാറ്റാ സൂക്ഷിച്ചു വയ്ക്കുന്നത്‌. നാം സാധാരണ ഉപയോഗിക്കുന്ന 0,1,2,3,4 ....8, 9 എന്ന സംഖ്യാ ശ്രേണിയെ ഡെസിമല്‍ സിസ്റ്റം എന്നാണു വിളിക്കുന്നത്‌. എന്നാല്‍ കമ്പ്യൂട്ടറുകളില്‍ ഈ രീതിയിലുള്ള സംഖ്യാ ശ്രേണിയല്ല ഉപയോഗിക്കുന്നത്‌. ബൈനറി നമ്പറുകളാണ്‌. ബൈനറി നമ്പര്‍ എന്ന പേരു കേട്ട്‌ വിഷമിക്കേണ്ട. 0, 1 എന്നീ രണ്ടു നമ്പറുകള്‍ മാത്രമേ ബൈനറി ശ്രേണിയിലുള്ളൂ. ഈ രണ്ടു നമ്പരുകള്‍ ഉപയോഗിച്ച്‌ മറ്റേതു ഡെസിമല്‍ നമ്പറുകളേയും എഴുതാം (ഉദാഹരണം 1=1, 2=10, 3=11, 4=100, 5=101, 6=110...... 10=1010).

ഇങ്ങനെയുള്ള ബൈനറി നമ്പറുകള്‍ കുറുകെയും നെടുകെയുമായി നിരത്തി എഴുതിവച്ചിരിക്കുന്ന കള്ളികളുള്ള ഒരു പ്രതലം മാത്രമാണ്‌ ഏതു ഡിജിറ്റല്‍ ഇമേജ്‌ ഡാറ്റയും. ചുരുക്കത്തില്‍ നാം ഒരു മനോഹര ചിത്രം കംപ്യൂട്ടര്‍ മോനിറ്ററില്‍ കാണുമ്പോള്‍, കംപ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം അത്‌ നിറവും, ഭംഗിയും ഒന്നുമില്ലാത്ത കുറേ പൂജ്യങ്ങളും ഒന്നുകളും മാത്രമാണെന്നു സാരം. ചിത്രത്തിലെ ഓരോ പിക്സലിന്റെയും മൂല്യത്തെക്കുറിക്കുന്നവയായിരിക്കും ഈ അക്കങ്ങളോരോന്നും. ഈ അക്കങ്ങളുടെ മൂല്യം അനുസരിച്ച്‌ മോനിറ്ററില്‍ ചിത്രം പ്രത്യക്ഷമാകുന്ന അത്രയും സ്ഥലത്തെ പിക്സലുകളുടെ നിറവും, പ്രകാശതീവ്രതയും (brightness) വ്യത്യാസപ്പെടുത്തുകയാണ്‌ കമ്പ്യൂട്ടര്‍ ചെയ്യുന്നത്‌. അപ്പോള്‍ ചിത്രം നമുക്ക്‌ അനുഭവേദ്യമായിത്തീരുന്നു.

ഫോട്ടോഷോപ്പ്‌ പോലെയുള്ള ഇമേജ്‌ എഡിറ്റിംഗ്‌ സോഫ്റ്റ്‌ വെയറുകളില്‍ നാം ഒരു ഫോട്ടോ റൊട്ടേറ്റ്‌ ചെയ്യുമ്പോള്‍, ഫ്ലിപ്പ് ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഒരു ഭാഗം കോപ്പി പേസ്റ്റ്‌ ചെയ്യുമ്പോള്‍, അതുമല്ലെങ്കില്‍ ആ ഫോട്ടോയുടെ കളറുകള്‍ മാറ്റുമ്പോള്‍ ഒക്കെ കംപ്യൂട്ടര്‍ എന്തായിരിക്കും ചെയ്യുന്നത്‌ എന്നാലോചിച്ചു നോക്കൂ. ഈ അക്കങ്ങളുടെ ക്രമീകരണത്തെ അതിനനുസരിച്ച്‌ കമ്പ്യൂട്ടര്‍ മാറ്റുന്നു. പക്ഷേ ഒന്നോര്‍ക്കുക, ഒരു ചിത്രതിന്റെ ഡിജിറ്റല്‍ ഡാറ്റയില്‍ ദശലക്ഷക്കണക്കിന്‌ പൂജ്യങ്ങളും ഒന്നുകളും കണ്ടേക്കാം എന്ന വസ്തുത. അവയൊക്കെയും നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റിമറിച്ചെഴുതുവാന്‍ സഹായിക്കുന്നത്‌ കമ്പ്യൂട്ടറുകളുടെ പ്രോസസറുകളുടെ സ്പീഡ് ആണ്!


ഇപ്രകാരമുള്ള ഡിജിറ്റല്‍ ഡാറ്റാ കോപ്പിചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ അക്കങ്ങളുടെ ക്രമീകരണം മാത്രമാണ്‌ കമ്പ്യൂട്ടര്‍ കോപ്പിചെയ്യുന്നത്‌. അതുകൊണ്ടാണ്‌ നാം ഒരു ഡിജിറ്റല്‍ ഇമേജ്‌ അല്ലെങ്കില്‍ ഡിജിറ്റല്‍ മ്യൂസിക്‌ ഫയല്‍ കോപ്പി ചെയ്യുമ്പോള്‍ അതിന്റെ ക്വാളിറ്റിയില്‍ ഒരു മാറ്റവും സംഭവിക്കാത്തത്‌. എന്നാല്‍ പണ്ട്‌ വീഡിയോ ടേപ്പുകളും, ഓഡിയോ കാസറ്റുകളും മറ്റും കോപ്പിചെയ്യ്തിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ? അവയൊന്നും ഡിജിറ്റല്‍ ഡാറ്റാ അല്ലായിരുന്നു. അതിനാല്‍ത്തന്നെ ഓരോ കോപ്പി കഴിയുംതോറും ക്വാളിറ്റിയിലും കുറവു സംഭവിച്ചിരുന്നു. ഡിജിറ്റല്‍ ഡാറ്റാ എന്നാല്‍ എന്തെന്ന് ഏകദേശ ധാരണയായിക്കാണുമല്ലോ?

ഇമേജ് സെന്‍സറുകള്‍
ഒരു ഡിജിറ്റല്‍ ക്യാമറയിലെ ലെന്‍സ്‌ ഉണ്ടാക്കുന്ന പ്രതിബിംബം ഡിജിറ്റല്‍ ഇമേജ്‌ സെന്‍സറിലേക്കാണു വീഴുന്നത്‌ എന്നു ഇതിനു മുമ്പുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ? ഇങ്ങനെ വീഴുന്ന പ്രതിബിംബത്തിലെ പ്രകാശ ഊര്‍ജ്ജത്തെ മേല്‍പ്പറഞ്ഞരീതിയിലുള്ള ഡിജിറ്റല്‍ ഡാറ്റായാക്കി മാറ്റാന്‍ ക്യാമറയിലെ ചെറിയ കമ്പ്യൂട്ടര്‍ പ്രോസസറിനെ സഹായിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ സെന്‍സര്‍ ചെയ്യുന്നത്‌. എങ്ങനെയാണ്‌ ഡിജിറ്റല്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നു നോക്കാം. സൂര്യപ്രകാശം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍, വൈദ്യുതവിളക്കുകള്‍ തുടങ്ങിയവ കണ്ടിട്ടില്ലേ, അവയുടെയെല്ലാം ഒപ്പം സൂര്യപ്രകാശത്തിലേക്ക്‌ തുറന്നിരിക്കുന്ന കറുപ്പുനിറത്തിലുള്ള ഒരു വലിയ പാളി ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ പാളിയില്‍ പതിക്കുന്ന പ്രകാശത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റാന്‍ ശേഷിയുള്ള ഫോട്ടോ ഇലക്ട്രിക്‌ സെല്ലുകള്‍ ഉണ്ട്‌. ഏകദേശം ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചെറിയ ലക്ഷക്കണക്കിനു ഫോട്ടോസെല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പ്രതലങ്ങളാണ്‌ സെന്‍സറുകള്‍. (പക്ഷേ പ്രവര്‍ത്തന രീതിയില്‍ വളരെ വ്യത്യാസമുണ്ട്‌).

സെന്‍സറിന്റെ പ്രവര്‍ത്തനരീതിയിലേക്ക്‌ കൂടുതലായി കടക്കുന്നതിനുമുമ്പ്‌ പ്രകാശത്തെപ്പറ്റി അല്‍പം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. പ്രകാശത്തെപ്പറ്റിയുള്ള ക്വാണ്ടം സിദ്ധാന്തം അനുസരിച്ച്‌ ഒരു പ്രകാശരശ്മി എന്നത്‌ അനേകം ഫോട്ടോണുകള്‍ ചേര്‍ന്നതാണ്‌. ഫോട്ടോണുകള്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ വളരെ ചെറിയ ഊര്‍ജ്ജപ്പൊതികള്‍ (energy packets) ആണ്‌. ഇങ്ങനെ ഒരു ചാറ്റല്‍മഴപോലെ പതിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഫോട്ടോണ്‍ മഴയാണ്‌ പ്രകാശം. ഈ ഫോട്ടോണുകള്‍, ഫോട്ടോസൈറ്റുകള്‍ എന്നറിയപ്പെടുന്ന പ്രകാശസംവേദകപ്രതലങ്ങളില്‍ (light sensitive diodes) പതിക്കുമ്പോള്‍ ഒരു ചെറിയ ഇലക്ട്രിക്ക്‌ ചാര്‍ജ്ജ്‌ അവിടെ രൂപപ്പെടുന്നു. ഈ ചാര്‍ജ്ജുകളുടെ ഏറ്റക്കുറച്ചിലുകളെ ഒരു പ്രോസസര്‍ ഉപയോഗിച്ച്‌ അവലോകനം ചെയ്ത്‌ റിക്കോര്‍ഡുചെയ്തുവയ്ക്കാന്‍ സാധിക്കും - ഡിജിറ്റല്‍ ഡാറ്റായായി. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.


ഒരു ഡിജിറ്റല്‍ സെന്‍സര്‍ എങ്ങനെയാണ്‌ പ്രകാശത്തെ റിക്കോര്‍ഡ്‌ ചെയ്യുന്നത്‌ എന്നുകാണിക്കുന്ന രേഖാചിത്രമാണത്‌. ഒരു പരന്ന പ്രതലത്തില്‍ കുറേ പാത്രങ്ങള്‍ മഴവെള്ളം ശേഖരിക്കാനായി നിരത്തിവച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുക. ഈ പ്രതലമാണ്‌ സെന്‍സര്‍. ഇവിടെ നിരന്നിരിക്കുന്ന പാത്രങ്ങള്‍ ഫോട്ടോസൈറ്റുകളും. ഓരോ പാത്രങ്ങളും ഓരോ പിക്സലുകളെ പ്രതിനിധീകരിക്കുന്നു. ഇവിടെ മഴത്തുള്ളികള്‍ക്കു പകരം ഫോട്ടോണ്‍ മഴ - പ്രകാശമഴ- യാണെന്ന വ്യത്യാസമുണ്ട്‌. നാം ഒരു ഫോട്ടോ എടുക്കാനായി ക്യാമറയുടെ ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഷട്ടര്‍ ഒരു നിശ്ചിത സമയത്തേക്ക്‌ തുറന്നടയുന്നു. ഈ സമയത്തിനുള്ളില്‍ ഓരോ‍ പാത്രത്തിലും (ഫോട്ടോസൈറ്റിലും) വന്നുവീഴുന്ന ഫോട്ടോണുകളുടെ എണ്ണം കണക്കാക്കി അതിനെ ഒരു ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റാം. സ്വാഭാവികമായും കൂടുതല്‍ പ്രകാശമുള്ള ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ഫോട്ടോണുകളും, കുറച്ചു പ്രകാശമുള്ള ഭാഗത്തുനിന്നും കുറച്ചു ഫോട്ടോണുകളും മാത്രമേ ഫോട്ടോസൈറ്റുകളില്‍ വീഴുകയുള്ളൂ. അവയെ ഉടനടി ക്യാമറയുടെ പ്രോസസര്‍ എണ്ണിത്തിട്ടപ്പെടുത്തി ഒരു ഡിജിറ്റല്‍ ഡാറ്റയാക്കിമാറ്റുന്നു. ഇങ്ങനെയാണ് ക്യാമറ ഡിജിറ്റല്‍ ചിത്രം എടുക്കുന്നത്.ഈ ഉദാഹരണത്തില്‍ നിന്നും ഒരുകാര്യം മനസ്സിലാക്കാവുന്നത്, ഫോട്ടോണ്‍ മഴ ശേഖരിക്കാനായി വച്ചിരിക്കുന്ന പാത്രങ്ങളുടെ (ഫോട്ടോസൈറ്റുകളുടെ) വലിപ്പം അല്ലെങ്കില്‍ വിസ്തൃതിക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട് എന്നതാണ്. അവയുടെ എണ്ണത്തിലല്ല, വലിപ്പത്തിലാണ് ഫോട്ടോയുടെ ക്വാളിറ്റി നിശ്ചയിക്കപ്പെടുന്നത്. സെന്‍സറുകളുടെ സാങ്കേതികവിദ്യ ലളിതമായി ഇങ്ങനെ മനസ്സിലാക്കാമെങ്കിലും, അവയുടെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണ്ണമാണ്‌. അതിനെപ്പറ്റി വിശദമായി അടുത്ത പോസ്റ്റില്‍ ചര്‍ച്ചചെയ്യാം.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Thursday, December 13, 2007

പാഠം 3 - ഫിലിം ഫോര്‍മാറ്റുകളും വിവിധ ക്യാമറകളും

വലിയ വാള്‍പേപ്പറുകള്‍, മാഗസിനുകള്‍, വന്‍പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയില്‍ വരുന്ന നല്ല മിഴിവാര്‍ന്ന സീനറികളും ചിത്രങ്ങളും കണ്ട്‌ പലപ്പോഴും അതില്‍ കണ്ണുടക്കി നാം നിന്നുപോവാറില്ലേ? ചില ലാന്റ്‌സ്കേപ്പുകളുടെ (പ്രകൃതിദൃശ്യങ്ങള്‍) ഫോട്ടോകളില്‍ കാണുന്ന ആഴവും പരപ്പും (depth & area) നമ്മുടെകൈയ്യിലുള്ള 35mm ക്യാമറകളില്‍നിന്നും ഒരിക്കലും ലഭിക്കാറുമില്ല.

എന്തുകൊണ്ടാണിത്‌ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതം, അത്തരം ഫോട്ടോകളൊന്നും 35mm ഫിലിം ഫോര്‍മാറ്റില്‍ എടുത്തതാവില്ല എന്നതുതന്നെ. എന്താണീ ഫിലിം ഫോര്‍മാറ്റ്‌?

ക്യാമറകളില്‍ ഉപയോഗിക്കുന്ന ഫിലിമുകളുടെ വലിപ്പത്തെയാണ്‌ ഫിലിം ഫോര്‍മാറ്റ്‌ എന്നു വിളിക്കുന്നത്‌. ഒരു ഫോട്ടോയുടെ ക്വാളിറ്റി അല്ലെങ്കില്‍ റെസലൂഷന്‍ (image details) പ്രധാനമായും രണ്ടുകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

(1) ലെന്‍സിന്റെ വലിപ്പം, അതുണ്ടാക്കിയിരിക്കുന്ന ഗ്ലാസിന്റെ ഗുണങ്ങള്‍
(2) ഇമേജ്‌ പതിപ്പിക്കുന്ന ഫിലിമിന്റെ അല്ലെങ്കില്‍ സെന്‍സറിന്റെ വിസ്തീര്‍ണ്ണം (size).

സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വിവിധയിനം ഫിലിം ഫോര്‍മാറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന്‌ ആദ്യം പറഞ്ഞരീതിയിലുള്ള ലാന്റ്‌സ്കേപ്പ്‌ ഫോട്ടോഗ്രഫിക്ക്‌ ഇന്നും പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്നത്‌ കാലഹരണപ്പെട്ടുപോയി എന്ന് പലരും ധരിച്ചുവച്ചിരിക്കുന്ന ബെല്ലോസ്‌-റ്റൈപ്പ്‌ ക്യാമറകളാണ്‌! ഇതേ ചിത്രം 35mm ഡിജിറ്റല്‍ SLR ഓ ഫിലിം SLR ഓ ഉപയോഗിച്ചെടുത്താല്‍ ബെല്ലോസ്‌ ക്യാമറ നല്‍കുന്ന റിസല്‍ട്ട്‌ കിട്ടുകയില്ലതന്നെ! നാം കാണുന്ന എല്ലാ ഫോട്ടോഗ്രാഫുകളും 35mm ക്യാമറകളില്‍ എടുത്തതല്ല എന്നു സാരം.

പ്രധാനമായും മൂന്നുതരം ഫിലിം ഫോര്‍മാറ്റുകളാണ്‌ സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ ഇന്ന് ഉപയോഗിക്കുന്നത്‌. (1) ലാര്‍ജ്‌ ഫോര്‍മാറ്റ്‌ (2) മീഡിയം ഫോര്‍മാറ്റ്‌ (3) 35mm ഫോര്‍മാറ്റ്‌. ഇവയോരോന്നിനും അനുയോജ്യമായ ക്യാമറകളും ഉണ്ട്‌. ഇതില്‍ 35mm ഫോര്‍മാറ്റാണ്‌ നമുക്കേവര്‍ക്കും സുപരിചിതമായ ഫിലിം ക്യാമറകള്‍ ഉപയോഗിക്കുന്നത്‌. അതുകൊണ്ടാണ്‌ അവയെ 35mm ക്യാമറകള്‍ എന്നു വിളിക്കുന്നത്‌.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകള്‍:

4x5 ഇഞ്ചില്‍ (5 ഇഞ്ച്‌ വീതിയും 4 ഇഞ്ച്‌ ഉയരവും) കൂടുതല്‍ വലിപ്പമുള്ള എല്ലാ ഫിലിം ഫോര്‍മാറ്റുകളും ലാര്‍ജ്‌ ഫോര്‍മാറ്റ്‌ എന്ന ഗണത്തില്‍പെടുന്നു. 4x5 ഇഞ്ച്‌, 5x7 ഇഞ്ച്‌, 8x10 ഇഞ്ച്‌ തുടങ്ങിയവയാണ്‌ സാധാരണയായി ഉപയോഗത്തിലുള്ള ലാര്‍ജ്‌ ഫിലിം ഫോര്‍മാറ്റുകള്‍. ഇതില്‍ത്തന്നെ 4x5 ഇഞ്ച്‌ ആണ്‌ സര്‍വ്വസാധാരണം. ഇതില്‍ ഉപയോഗിക്കുന്ന ഫിലിമിന് 4 ഇഞ്ച്‌ വീതിയും 5 ഇഞ്ച്‌ നീളവുമുള്ള ഒരു ചതുരത്തിന്റെ ആകൃതിയാണ് - ഏകദേശം ഒരു പോസ്റ്റ്‌കാര്‍ഡ്‌ സൈസ്‌ ഫോട്ടോപ്രിന്റിന്റെ വലിപ്പം വരും ഇത്‌. അതിനാല്‍ ഇത്തരം ഫിലിമുകളെ ഷീറ്റ്‌ ഫിലിം എന്നാണ്‌ വിളിക്കുന്നത്‌. ഇവ റോളായിട്ടല്ല, പ്രത്യേകം ഷീറ്റുകളായാണ്‌ ക്യാമറയില്‍ കടത്തിവയ്ക്കുന്നത്‌.
Thanks to: Volkstudio


ഇത്‌ ഒരു ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറയുടെ ചിത്രമാണ്‌. വ്യൂ ക്യാമറ (view camera) എന്നാണ്‌ ഇത്തരം ക്യാമറകള്‍ അറിയപ്പെടുന്നത്‌. ക്യാമറയുടെ മുന്‍ഭാഗത്തായി വലിയ ഒരു ലെന്‍സും, പുറകിലറ്റത്തായി ഫോക്കസ്‌ ചെയ്യാനുപയോഗിക്കുന്ന ഗ്രൗണ്ട്ഗ്ലാസ്‌ (മിനുസമല്ലാത്ത) സ്ക്രീനും ഉണ്ട്‌. ഈ രണ്ടു ഭാഗങ്ങളേയും ബെല്ലോസ്‌ ഉപയോഗിച്ച്‌ ബന്ധിപിച്ചിരിക്കുന്നു. ഈ ബെല്ലോസ്‌ തുകല്‍പോലെ ഒരു വസ്തു ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ്‌. അതിനാല്‍ ഫോട്ടൊഗ്രാഫറുടെ സൗകര്യാര്‍ത്ഥം ബെല്ലോസ്‌ മുമ്പോട്ടൊ, പുറകോട്ടോ വശങ്ങളിലേക്കോ നീക്കിയാണ്‌ ഫോക്കസിംഗ്‌ ചെയ്യുന്നത്‌. നിയന്ത്രിതമായ രീതിയില്‍ അപ്പര്‍ച്ചര്‍ ഷട്ടര്‍ തുടങ്ങിയവ സെറ്റു ചെയ്തതിനു ശേഷം, ഈ സ്ക്രീന്‍ മാറ്റി, അവിടേക്ക്‌ ഫിലിം അടക്കം ചെയ്തിരിക്കുന്ന ഒരു ചേംബര്‍ വയ്ക്കുകയും, ക്യാമറ പ്രവര്‍ത്തിപ്പിച്ച്‌ ഫോട്ടോയെടുക്കുകയും ചെയ്യുന്നു.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ളവയും, വലിപ്പം കുറഞ്ഞ ലെന്‍സുകള്‍ പ്രതിബിംബങ്ങളില്‍ ഉണ്ടാക്കുന്ന വിരൂപമാക്കലുകളില്‍ (distortion) നിന്ന് മുക്തവുമായിരിക്കും. ഇത്തരം ക്യാമറകളും, അവയുടെ ലെന്‍സുകളും SLR ക്യാമറകളെപ്പോലെ വിലപിടിപ്പുള്ളവയാണ്‌. അവ സെറ്റുചെയ്ത്‌ ഒരു ഫോട്ടോ എടുക്കുന്നതിന്‌ കൂടുതല്‍ സമയവും ക്ഷമയും ആവശ്യമാണ്‌. പക്ഷേ ലഭിക്കുന്ന ചിത്രങ്ങള്‍ വളരെ ക്ലാരിറ്റിയുള്ളവയായിരിക്കും, നല്ല വലിപ്പത്തിലേക്ക്‌ ഇവ എന്‍ലാര്‍ജ്‌ ചെയ്യാനും സാധിക്കും.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകളില്‍ എടുത്ത കുറെ ചിത്രങ്ങള്‍ ഇവിടെയുണ്ട്‌. ലാര്‍ജ്‌ ഫോര്‍മാറ്റുകളെപ്പറ്റി കൂടുതല്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെയും, ഇവിടെയും നോക്കാവുന്നതാണ്‌ (ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുക). Tachihara, Sinar, Linhof തുടങ്ങിയ ബ്രാന്റുകള്‍ ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകള്‍ നിര്‍മ്മിക്കുന്നുണ്ട്‌.


മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകള്‍:

മീഡിയം ഫോര്‍മാറ്റ്‌ ക്യാമറയില്‍ ഉപയോഗിക്കുന്ന ഫിലിമുകളെ 120 ഫിലിം എന്നാണറിയപ്പെടുന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം 120 എന്നത്‌ 120mm അല്ല എന്നതാണ്‌. കൊഡാക്‌ കമ്പനി മീഡിയം ഫോര്‍മാറ്റ്‌ ഫിലിമുകള്‍ക്കു നല്‍കിയ ഒരു ബ്രാന്റ്‌ നമ്പറാണ്‌ 120. പില്‍ക്കാലത്ത്‌ ആ ഫോര്‍മാറ്റിലുള്ള എല്ലാഫിലിമുകളും 120 ഫിലിം എന്നറിയപ്പെട്ടു എന്നേയുള്ളൂ. ഇവ ഒരു റോള്‍ ഫിലിം ആയാണ്‌ വരുന്നത്‌. ഈ ഫിലിമിന്റെ വീതി 60mm (6 സെന്റീമീറ്റര്‍) ആണ്. അതിനാല്‍ 120 ഫിലിമുകളില്‍ എടുക്കുന്ന ഇമേജുകളുടെ ഒരു വശം എപ്പോഴും 6cm (60mm) വലിപ്പത്തിലായിരിക്കും. മറ്റേ വശത്തിന്റെ അളവ് 6x4.5, 6x6, 6x7, 6x9 എന്നിങ്ങനെ മാറ്റി 6x24cm പനോരമിക്‌ ഫോട്ടോ വരെ ഈ ഫിലിം ഉപയോഗിക്കുന്ന ക്യാമറയുടെ സാധ്യതകള്‍ക്കനുസരിച്ച്‌ എടുക്കാവുന്നതാണ്‌. ഇവിടെയൊക്കെയും ഫോട്ടോയുടെ ആസ്പെക്റ്റ്‌ റേഷ്യോ (നീളവും വീതിയും തമ്മിലുള്ള അനുപാതം) മാത്രമേ മാറുന്നുള്ളൂ എന്നു സാരം. ഇതില്‍ 6x6 സമചതുര ഫ്രെയിം ആണ് സ്റ്റുഡിയോകളിലും മറ്റും എടുക്കുന്നത്. ഇതുകൂടാതെ അധികം പ്രചാരത്തിലില്ലാത്ത 220 എന്നൊരു ഫിലിമും ഇത്തരം ഫോര്‍മാറ്റില്‍ ലഭ്യമാണ്.


കടപ്പാട് : Wikipedia commons


ഇതൊരു മീഡിയം ഫോര്‍മാറ്റ്‌ ക്യാമറയുടെ ചിത്രമാണ്‌. ലാര്‍ജ്‌ഫോര്‍മാറ്റ്‌ ക്യാമറകളെ അപേക്ഷിച്ച്‌ വളരെ ഒതുക്കമുള്ളവയും, ഉപയോഗിക്കാന്‍ എളുപ്പമുള്ളവയുമാണ്‌ മീഡിയം ഫിലിം ഫോര്‍മാറ്റ്‌ ക്യാമറകള്‍. ക്യാമറകളുടെ കൂട്ടത്തില്‍ ഏറ്റവും വിലക്കൂടുതലുള്ള മോഡലുകളുള്ളതും മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളില്‍ത്തന്നെ. (മീഡിയം ഫോര്‍മാറ്റ്‌ ഫിലിം അത്ര വിലപിടിച്ചതല്ല) Hassleblad, Mamiya, Bronica തുടങ്ങിയ ബ്രാന്റുകളൊക്കെ മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളിലെ പ്രമുഖരാണ്‌. ഡിജിറ്റല്‍ യുഗമായതോടെ മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളില്‍ ഫിലിമിനു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ബായ്ക്കുകള്‍ (digital backs) ലഭ്യമാണ്‌. ഡിജിറ്റല്‍ ബായ്ക്കുകള്‍ യഥാര്‍ത്ഥത്തില്‍ മീഡിയം ഫോര്‍മാറ്റ്‌ വലിപ്പത്തിലുള്ള ഡിജിറ്റല്‍ സെന്‍സറുകള്‍തന്നെയാണ്‌ (ഇവയ്ക്കു മാത്രം വില 32000 ഡോളറിനു മുകളില്‍ എന്നു വിക്കിപീഡിയ ഇവിടെ പറയുന്നു!) ഇവയുപയോഗിച്ചെടുക്കുന്ന ഒരു ചിത്രങ്ങള്‍ 39 മെഗാപിക്സല്‍ വരെ റെസലൂഷന്‍ ഉള്ളവയാണത്രെ!


മറ്റൊരു റ്റൈപ്പ് മീഡിയം ഫോര്‍മാറ്റ് ക്യാമറ: കടപ്പാട് Wikipedia

പരസ്യങ്ങള്‍ക്കുള്ള ചിത്രങ്ങള്‍, മറ്റു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫുകള്‍ എന്നിവയ്ക്കെല്ലാം മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളാണ്‌ ഉപയോഗിക്കുന്നത്‌. ഇവയുപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ കാര്യമായ ഒരു വൈകല്യങ്ങളുമില്ലാതെ നല്ല വലിപ്പത്തില്‍ എന്‍ലാര്‍ജ്‌ ചെയ്യാനും സാധിക്കും. കൂട്ടത്തില്‍ പറയട്ടെ, പോളറോയിഡ് ക്യാമറ ഫിലിമുകളും മീഡിയം ഫോര്‍മാറ്റില്‍ പെടും. കൂടുതല്‍ വായനയ്ക്ക് താല്പര്യമുള്ളവര്‍ക്ക് ഇവിടെയും ഇവിടെയും നോക്കാവുന്നതാണ്.35mm ഫിലിം ഫോര്‍മാറ്റ്‌ ക്യാമറകള്‍:

ഇവയാണ്‌ ഏവര്‍ക്കും സുപരിചിതമായ 35mm ക്യാമറകള്‍. ഇവയില്‍ ഉപയോഗിക്കുന്ന ഫിലിമിന്റെ വീതി 35മില്ലിമീറ്റര്‍ (mm) ആണ്‌. അതിനാലാണ്‌ അവയെ 35mm എന്നുവിളിക്കുന്നത്‌ . ചിത്രം നോക്കൂ.


കടപ്പാട്: Wikipedia Commons

കൊഡാക്‌ കമ്പനി അവരുടെ 35mm ഫിലിമിനെ 135 ഫിലിം എന്നുവിളിച്ചു. ഒരു 35mm ഫിലിമില്‍ പതിക്കുന്ന ഇമേജ്‌ (ചിത്രം) 36x24mm സൈസിലുള്ളതായിരിക്കും. ചിത്രം ശ്രദ്ധിക്കുക. ഈ വലിപ്പത്തിലുള്ള ഒരു ഇമേജിനെ ഫുള്‍ഫ്രെയിം (full-frame) ഇമേജ്‌ എന്നുവിളിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന എല്ലാ 35mm ഫോര്‍മാറ്റ്‌ ഫിലിം ക്യാമറകളുടെയും ഇമേജ്‌ സൈസിന്റെ റഫറന്‍സ്‌ പോയിന്റ്‌ ഈ സൈസിലുള്ള ഫുള്‍ ഫ്രെയിമാണ്‌.


കടപ്പാട്: Wikipedia Commons


35mm ക്യാമറകളുടെ ലെന്‍സ്‌ ഡിസൈനും അങ്ങിനെ തന്നെ. ഈ സൈസിലുള്ള ഒരു ഫ്രെയിമിലേക്ക്‌ ഈ വലിപ്പത്തില്‍ (36x24mm) പ്രതിബിംബങ്ങള്‍ പതിയത്തക്കവണ്ണമാണ്‌ അവയുടെ ഫോക്കല്‍ ലെങ്ങ്തുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.


ഡിജിറ്റല്‍ യുഗം വന്നപ്പോഴേക്കും ഫിലിമുകളുടെ സ്ഥാനം ഡിജിറ്റല്‍ സെന്‍സറുകള്‍ കൈയ്യടക്കി. എന്നാല്‍ സെന്‍സറുകളുടെ നിര്‍മ്മാണത്തിനുപിന്നിലുള്ള വന്‍ ചെലവുകള്‍, ക്യാമറ നിര്‍മ്മാതാക്കളെ കണ്‍‍സ്യൂമര്‍ ക്യാമറകളില്‍ അവയുടെ വലിപ്പം കുറയ്ക്കേണ്ടുന്ന ഒരു സാഹചര്യത്തിലെത്തിച്ചു. അതായത്‌, ഫുള്‍ ഫ്രെയിം വലിപ്പത്തിലുള്ള ഒരു ഡിജിറ്റല്‍ സെന്‍സറിന്റെ നിര്‍മ്മാണചെലവ്‌ വളരെകൂടുതലാണ്‌. അതിനാല്‍ത്തന്നെ ഏറ്റവും മുന്‍നിരയിലുള്ള, ചുരുക്കം ചില പ്രോഫഷനല്‍ ഗ്രേഡ്‌ SLR ക്യാമറകളില്‍ മാത്രമാണ്‌ ഇന്ന് ഫുള്‍ ഫ്രെയിം ഡിജിറ്റല്‍ സെന്‍സര്‍ ഉപയോഗിക്കുന്നത്‌. ശേഷം ക്യാമറകളിലെല്ലാം, ഒരു ചെറിയ സെസറിലേക്ക്‌ അനുയോജ്യമായ ഫോക്കല്‍ ലെങ്ങ്തുള്ള ലെന്‍സ്‌ ഉപയോഗിച്ചുകൊണ്ട്‌ ചെറിയ ഇമേജുകള്‍ ഉണ്ടാക്കിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. സെന്‍സറുകളെപ്പറ്റി അടുത്തപോസ്റ്റില്‍ വിശദമായി ചര്‍ച ചെയ്യാം.

രണ്ടുവിധത്തിലുള്ള 35mm ക്യാമറകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒന്ന് ഓട്ടോഫോക്കസ് എന്നറിയപ്പെടുന്ന aim & shoot ക്യാമറ, രണ്ടാമത്തെ വിഭാഗം SLR ക്യാമറ എന്ന പ്രൊഫഷനല്‍ ഗ്രേഡ് ക്യാമറ. SLR ക്യാമറകളില്‍നിന്നും ലഭിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുള്ളവയും, വ്യക്തതയുള്ളവയുമാണ്, കണ്‍സ്യൂമര്‍ മോഡലുകളെ അപേക്ഷിച്ച്.

SLR ക്യാമറകള്‍:

എന്താണീ SLR? Single Lense Reflex Camera - അതാണ്‌ SLR Camera എന്നതിന്റെ പൂ‍ർണ്ണ രൂപം. ഡിജിറ്റല്‍ യുഗത്തിലെ ക്യാമറകളില്‍ "ലൈവ്‌ പ്രിവ്യൂ" എന്നൊരു സംവിധാനത്തിലൂടെ ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഒരു ചിത്രം നമുക്ക്‌ കാണാന്‍ സാധിക്കുന്നുണ്ടല്ലോ. എന്നാല്‍ കുറേ വർഷങ്ങൾക്ക് മുമ്പ് വരെ സാധാ‍രണമായിരുന്ന “ഓട്ടോഫോക്കസ് ഫിലിം ക്യാമറകളിൽ എങ്ങനെയായിരുന്നു ചിത്രമെടുത്തിരുന്നത് എന്ന് ഓർത്തുനോക്കൂ. അവയിൽ ഒരു ചെറിയ ഓപ്റ്റിക്കല്‍ വ്യൂഫൈന്ററിൽ കൂടി നോക്കിക്കൊണ്ടായിരുന്നു ചിത്രമെടുത്തിരുന്നത്. അതായത്‌, ക്യാമറയുടെ ഏകദേശം മുകള്‍ ഭാഗത്തായി, ചിത്രമെടുക്കേണ്ട രംഗത്തേക്ക്‌ നോക്കുവാന്‍ ഒരു ചില്ലു ജാലകം. ഇതാണ്‌ വ്യൂ ഫൈന്റര്‍. ഒരു ചെറിയ ലെന്‍സാണത്‌. ക്യാമറയുടെ സ്വിച്ച്‌ ഓഫാണെങ്കിലും ഓപ്റ്റിക്കല്‍ വ്യൂഫൈന്ററിലൂടെ കാണാന്‍ സാധിക്കും. ഓട്ടോഫോ‍ക്കസ് ഫിലിംക്യാമറകളില്‍ വ്യൂഫൈന്ററിലൂടെ നോക്കിത്തന്നെവേണമായിരുന്നു ചിത്രം കമ്പോസ്‌ ചെയ്യുവാന്‍. ആദ്യകാലത്ത് ഇറങ്ങിയ ഡിജിറ്റൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ഇത്തരം വ്യൂ ഫൈന്ററുകൾ ഉണ്ടായിരുന്നു. ക്രമേണ ചിലവുചുരുക്കലിന്റെ ഭാഗമായി അവ ഇല്ലാതായി, ലൈവ് പ്രിവ്യൂ കടന്നുവന്നു.

പഴയ ഫിലിം ക്യാമറകളില്‍ വ്യൂഫൈന്റര്‍ ലെന്‍സില്‍ക്കൂടിനോക്കിക്കൊണ്ട്‌ ചിത്രം കമ്പോസ്‌ ചെയ്ത്‌ ഫോട്ടോ എടുത്തിട്ടുള്ളവര്‍ക്കറിയാം, മിക്കവാറും നമ്മള്‍ വ്യൂഫൈന്ററിലൂടെ കാണുന്ന അതേപടിയല്ല ചിത്രങ്ങള്‍ ഫിലിമില്‍ വന്നിരുന്നത്‌! വ്യൂഫൈന്ററില്‍ കാണുന്നത്ര അരികുകള്‍ ചിത്രത്തിലില്ല, ഒരു പൂവിന്റെ ക്ലോസ്‌ അപ്പ്‌ എടുക്കാം എന്നുകരുതി വളരെ അടുത്തുപോയി ചിത്രമെടുത്ത്‌ ഫിലിം വാഷ്‌ ചെയ്തുകഴിഞ്ഞപ്പോള്‍ പൂവ്‌ ആകെ blur ആയി ഇരിക്കുന്നു, ലെന്‍സിന്റെ കവര്‍ തുറന്നിരുന്നാലും ഇല്ലെങ്കിലും കമ്പോസിംഗ്‌ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല?? എന്തായിരുന്നു ഇവിടെ പ്രശ്നം? അത്തരം ക്യാമറകളില്‍ വ്യൂഫൈന്ററില്‍ നാം കാണാനുപയോഗിച്ച ലെന്‍സ്‌ വഴിയായിരുന്നില്ല ഫിലിമില്‍ ചിത്രം പതിഞ്ഞിരുന്നത്‌. ഈ ചിത്രം നോക്കൂ.

ഫിലിമിനു വേറെ ലെന്‍സ്‌, വ്യൂഫൈന്ററിനു വേറേ ലെന്‍സ്‌. സ്വാഭാവികമായും കമ്പൊസിംഗില്‍ കിട്ടാന്‍ പോകുന്ന ചിത്രത്തെപ്പറ്റി ഒരു ഏകദേശ ധാരണമാത്രമേ കിട്ടിയിരുന്നുള്ളൂ. ലെന്‍സ്‌ കാണുന്ന ഏരിയയും വ്യൂഫൈന്റര്‍ കാണുന്ന ഏരിയയും വ്യത്യസ്തമാണ്‌. അതുപോലെ ഒരു വസ്തു, ക്യാമറലെന്‍സിന്റെ ഫോക്കസിനുള്ളില്‍ ആണോ അല്ലയോ എന്നറിയാനും ഇത്തരം ക്യാമറകളില്‍ സാധ്യമല്ലായിരുന്നു. (ക്യാമറയില്‍നിന്നും ഏകദേശം അഞ്ച്‌ അടിയോളം ദൂരത്തിനപ്പുറത്തുള്ള വസ്തുക്കളുടെയെല്ലാം പ്രതിബിംബം film planeല്‍ രൂപീകരിക്കത്തക്കവിധമായിരുന്നു അത്തരം ക്യാമറകളുടെ ലെന്‍സിന്റെ നിര്‍മ്മാണം. അതിനുള്ളില്‍ വരുന്ന വസ്റ്റുക്കളുടെയൊന്നും വ്യക്തമായ പ്രതിംബിംബം ഈ ലെന്‍സുകള്‍ രൂപീകരിച്ചിരുന്നില്ല).


എന്നാല്‍ ലെന്‍സില്‍നിന്ന് ഫിലിമിലേക്ക്‌ പതിക്കാന്‍ പോകുന്ന പ്രതിബിംബത്തെ വ്യൂഫൈന്ററില്‍ കാണാന്‍ സാധിച്ചാലോ? സംഗതികള്‍ കുറേക്കൂടി എളുപ്പമായി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഈ സാഹചര്യത്തില്‍ നാം വ്യൂഫൈന്ററില്‍ എന്തുകാണുന്നോ, അത്‌ അതേപടിയാവും ചിത്രത്തിലും പതിയുക. ഈ സാങ്കേതിക വിദ്യയാണ്‌ SLR ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇതെങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാന്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.ലെന്‍സില്‍ക്കൂടി കടന്നുവരുന്ന പ്രകാശരശ്മിയെ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അത്‌ നേരേപോയി ഷട്ടര്‍ വഴി ഫിലിമില്‍ വീഴേണ്ടതാണ്‌, പക്ഷേ അതിനിടയില്‍ 45 ഡിഗ്രി ചെരിവില്‍ ഒരു കണ്ണാടി (reflecting mirror) വച്ചിരിക്കുന്നു. അതിനാല്‍ ആ പ്രകാശം നേരെ മുകളിലേക്ക്‌ പോയി അവിടെ വച്ചിരിക്കുന്ന അഞ്ചുവശങ്ങളുള്ള ഒരു സ്ഫടികക്കട്ട (ഇതിനെ penta-prism എന്നു വിളിക്കും) പതിക്കുന്നു. അതിനുള്ളിവച്ച്‌ ഈ പ്രകാശകിരണം ഒന്നു കറങ്ങിത്തിരിഞ്ഞ്, ദിശമാറി നേരേ മറ്റൊരു ലെന്‍സിലേക്ക്‌ വീഴുന്നു - ഇതാണു നമ്മുടെ വ്യൂഫൈന്റര്‍ ലെന്‍സ്‌. അതിലൂടെ ലെന്‍സിനു മുമ്പിലുള്ള രംഗത്തെ അതേപടി, അതേ വലിപ്പത്തില്‍ നമുക്കു കാണാന്‍ സാധിക്കുന്നു. ഫോക്കസ്‌ ശരിയല്ലെങ്കില്‍ ക്യാമറയുടെ ലെന്‍സ്‌ നിയന്ത്രിച്ച്‌ വ്യക്തമായ ഒരു പ്രതിബിംബം രൂപീകരിക്കാന്‍ (ഫോക്കസിലാക്കാന്‍) സാധിക്കുന്നു. അതിനുശേഷം, ഫോട്ടോയെടുക്കാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, റിഫ്ലെക്റ്റിംഗ്‌ മിറര്‍ (ചിത്രത്തില്‍ മഞ്ഞനിറമുള്ള കണ്ണാടി) അല്‍പ്പ്പനേരത്തേക്ക്‌ മുകളിലേക്ക്‌ മടങ്ങുകയും, പ്രകാശരശ്മി നേരേ ഷട്ടര്‍ വഴി ഫിലിമില്‍ പതിക്കുകയും ചെയ്യുന്നു. ഫലമോ - what we see is what we get!.ഇതാണ്‌ SLR ക്യാമറയുടെ പ്രവര്‍ത്തന തത്വം.


ലൈവ് പ്രിവ്യൂ - ഒരു കുറിപ്പ്:

ഇന്നത്തെ ഡിജിറ്റല്‍ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ കാണപ്പെടുന്ന വ്യൂഫൈന്റര്‍ യഥാര്‍ത്ഥത്തില്‍ പണ്ടത്തെ ഫിലിം പോയിന്റ് ആന്റ് ഷൂട്ടിലെപ്പോലെ, രംഗം കാണുന്നതിനുള്ള മറ്റൊരു ലെന്‍സല്ല. പകരം, ഒരു ചെറിയ ലൈവ് പ്രിവ്യൂ സ്ക്രീന്‍ വ്യൂഫൈന്ററിനുള്ളില്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് അവയില്‍ വ്യൂഫൈന്ററില്‍ കൂടി നോക്കുമ്പോള്‍ കാണുന്ന രംഗവും ഫോട്ടോയില്‍ ലഭിക്കുന്ന രംഗവും ഒരുപോലെതന്നെയായിരിക്കും. ഈ ചെറിയ വ്യൂഫൈന്ററിന്റെ ഉപയോഗം നല്ല വെയിലുള്ളപ്പോള്‍ വലിയ ലൈവ് പ്രിവ്യൂ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസരങ്ങളില്‍ ഉപയോഗിക്കുവാനാണ്. ലൈവ് പ്രിവ്യു ഉപയോഗിക്കുന്ന ഡിജിറ്റൽ ക്യാമറകളിൽ എല്ലാംതന്നെ, നാം ഫ്രെയിമിൽ കാണുന്ന അത്രയും ഭാഗങ്ങൾ തന്നെയാണ് ഫോട്ടോയിലും ലഭിക്കുക. ലൈവ് പ്രിവ്യൂ കമ്പോസിംഗിനു സഹായിക്കുന്ന ഒരു വിഡിയോ ചിത്രമാണ് എന്നത് മനസ്സ്ലിലാക്കുക. ലഭിക്കാൻ പോകുന്ന സ്റ്റിൽ ചിത്രവുമായി സാങ്കേതികമായി ഇത് വ്യത്യസ്തമാണ്.


അപ്പോള്‍ ഒരു ചോദ്യം ചോദിക്കട്ടേ? SLR ക്യാമറയില്‍ ഫോട്ടോഎടുക്കാനായി ഷട്ടര്‍ തുറന്നടയുന്ന ആ ഒരു നിമിഷാര്‍ത്ഥത്തിലേക്ക് വ്യൂഫൈന്ററില്‍ ഒന്നും കാണാന്‍ സാധിക്കില്ല. എന്തായിരിക്കും കാരണം? ഉത്തരം ആലോചിച്ചുനോക്കിയാല്‍ കിട്ടും.

SLR പ്രവര്‍ത്തന തത്വം മാറാതെ നില്‍ക്കുന്നുവെങ്കിലും,SLR ക്യാമറകള്‍ ഇന്ന് അനേകം മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. അതേപ്പറ്റി ഇനി വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാം.Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Wednesday, December 5, 2007

പാഠം 2 : ക്യാമറയുടെ ഉള്ളിലേക്ക്

പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പു സ്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ കൊണ്ടുവന്നിരുന്ന ബെല്ലോസ്‌ ഉള്ള മുക്കാലി ക്യാമറ ഓര്‍ക്കുന്നുണ്ടോ? ഒരു കറുത്ത പുതപ്പും പുതച്ച്‌ ക്യാമറയിലെന്തെക്കെയോ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍. കണ്ണിമയ്ക്കാതെ, ക്യാമറയിലേക്ക്‌ നോക്കിയിരിക്കുന്ന കുട്ടികളും ക്ലാസ്‌ ടീച്ചറും.


കാത്തിരുപ്പിനൊടുവില്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയുടെ മുന്നിലുള്ള ഒരു മൂടി തുറക്കുകയും ഉടനേ അടയ്ക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോയെടുക്കല്‍ തീര്‍ന്നു! ഒരാഴ്ചകഴിയുമ്പോള്‍ കിട്ടുന്ന പ്രിന്റുനോക്കി നില്‍ക്കുമ്പോള്‍ നമുക്കൊക്കെ എന്തല്‍ഭുതമായിരുന്നു അല്ലേ? പലരും അറിയാതെ കണ്ണടച്ചും അടുത്തവരിയില്‍ നില്‍ക്കുന്നകൂട്ടുകാരനെ / കൂട്ടുകാരിയെ നോക്കുന്ന പോസിലും മറ്റും ആയിരിക്കുമെങ്കിലും! അവിടെനിന്നിങ്ങോട്ട്‌ ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു!

ബെല്ലോസ് ക്യാമറ - കടപ്പാട്: Wikipedia

എങ്ങനെയാണ്‌ ഒരു ക്യാമറ ഫോട്ടോ എടുക്കുന്നത്‌? നോക്കാം. ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുക എന്നാല്‍ ആ വസ്തുവില്‍നിന്നും പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങളെ അനുയോജ്യമായ ഒരു പ്രതലത്തിലേക്ക്‌ റിക്കോര്‍ഡുചെയ്യുക / പതിപ്പിക്കുക എന്നാണര്‍ത്ഥം. അതായത്‌ ആ വസ്തുവിന്റെ ഒരു പ്രതിബിംബം സൃഷ്ടിച്ചതിനുശേഷം, ആ പ്രതിബിംബത്തെ അതേപടിപകര്‍ത്തിവയ്ക്കാന്‍ കഴിയുന്ന ഒരു പ്രതലത്തിലേക്ക്‌ പതിപ്പിച്ചെടുക്കുക എന്നതാണ്‌ ഫോട്ടോഗ്രാഫിയില്‍ നാം ചെയ്യുന്നത്‌. ഇങ്ങനെ പ്രകാശത്തെ റിക്കോര്‍ഡുചെയ്യുന്നതിനായി പ്രധാനമായും മൂന്നൂഘടകങ്ങള്‍ ഒരു ക്യാമറയ്ക്ക്‌ ഉണ്ടാവണം -

(1) വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കാനുള്ള ഒരു ലെന്‍സ്‌
(2) ലെന്‍സ്‌ ഉണ്ടാക്കുന്ന പ്രതിബിംബത്തെ അതേപടി പതിപ്പിച്ചെടുക്കാന്‍ അനുയോജ്യമായ ഒരു പ്രതലം
(3) ഈ പ്രതലത്തില്‍ പ്രതിബിംബം പതിപ്പിക്കാനാവശ്യമുള്ള അളവില്‍ മാത്രം പ്രകാശത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം.

1. ലെന്‍സ്

ലെന്‍സ്‌ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ക്യാമറയുടെ മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഗ്ലാസ്‌ നിര്‍മ്മിതമായ ജാലകമാണ്‌ ലെന്‍സ്‌. അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ ലെന്‍സുകളെ പ്രധാനമായും രണ്ടുവിഭാഗങ്ങളായി തിരിക്കാം; കോണ്‍വെക്സ്‌ ലെന്‍സുകളും കോണ്‍കേവ്‌ ലെന്‍സുകളും. കോണ്‍വെക്സ്‌ ലെന്‍സുകള്‍ക്ക്‌ മധ്യഭാഗത്ത്‌ കനം കൂടുതലും, അരികിലേക്ക്‌ പോകുന്തോറും കനം കുറവും ആയിരിക്കും. കോണ്‍കേവ്‌ ലെന്‍സുകളൂടെ അരികുകള്‍ക്കാണ്‌ കനം കൂടുതല്‍. താഴെക്കൊടുത്തിരിക്കുന്ന കോണ്‍‌വെക്സ് ലെന്‍സിന്റെ ചിത്രം ശ്രദ്ധിക്കൂ.


കടപ്പാട് : Wikipedia commons

കോണ്‍വെക്സ്‌ ലെന്‍സുകള്‍ അവയുടെ ആക്സിസിനു സമാന്തരമായി കടന്നുവരുന്ന പ്രകാശ രശ്മികളെ, ലെന്‍സിന്റെ എതിര്‍വശത്തുള്ള ഒരു പ്രത്യേകബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുന്നു. അതിനാല്‍ അവയെ കണ്‍വേര്‍ജിംഗ്‌ (converging)ലെന്‍സ്‌ എന്നും വിളിക്കാം. ഇങ്ങനെ പ്രകാശം കേന്ദ്രികരിക്കപ്പെടുന്ന ബിന്ദുവിനെ ഫോക്കല്‍പോയിന്റ്‌ (focal point) എന്നും ലെന്‍സില്‍നിന്നും ഈ ബിന്ദുവിലേക്കുള്ള അകലത്തെ ഫോക്കല്‍ ലെങ്ങ്ത്‌ (focal length) എന്നും പറയുന്നു. (ലെന്‍സിന്റെ ഇരുവശങ്ങളിലും ഇതുപോലെ ഓരോ ഫോക്കല്‍ പോയിന്റുകള്‍ ഉണ്ട്‌). അതായത്‌ ലെന്‍സില്‍ന്റെ ഒരുവശത്ത് അനന്തതയിൽ (infinity) ഇരിക്കുന്ന ഒരു വസ്തുവിന്റെ* പ്രതിബിംബം, ലെന്‍സിന്റെ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍* രൂപപ്പെടുന്നു. ഈ ഫോക്കല്‍ പോയിന്റില്‍ ലെന്‍സിന്‌ അഭിമുഖമായി ഒരു ലംബപ്രതലം വച്ചാല്‍ ലെന്‍സിന്റെ മറുവശത്തുള്ള വസ്തുവിന്റെ തലകീഴായ ഒരു പ്രതിബിംബം ഈ പ്രതലത്തില്‍ കിട്ടും. ഇങ്ങനെ ലംബമായി പ്രതിബിംബം രൂപപ്പെടുന്ന പ്രതലത്തെ ഇമേജ് പ്ലെയിന്‍ എന്നുവിളിക്കുന്നു. ഹാവൂ...... കടുകട്ടിയായോ? കുഴപ്പമില്ല, അറിയാവുന്ന ഒരു ഉദാഹരണം നോക്കാം.

കുട്ടിക്കാലത്ത്‌ , മുത്തച്ഛന്റെ കണ്ണടയുപയോഗിച്ച്‌ സൂര്യപ്രകാശത്തെ ഒരു കഷണം പഞ്ഞിയിലേക്ക്‌ കേന്ദ്രീകരിച്ച്‌ തീപിടിപ്പിച്ചിരുന്ന പരീക്ഷണം ചിലരെങ്കിലും ചെയ്തുകാണും, ഇല്ലേ?. ഇവിടെ പ്രകാശം കേന്ദ്രീകരിക്കുന്ന ബിന്ദുവില്‍ യഥാര്‍ഥത്തില്‍ സൂര്യന്റെ ഒരു പ്രതിബിംബമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇതാണ്‌ ആ ലെന്‍സിന്റെ ഫോക്കല്‍ പോയിന്റ്‌. ലെന്‍സില്‍ നിന്നും ഈ ബിന്ദുവിലേക്കുള്ള ദൂരമാണ്‌ ഫോക്കല്‍ ലെങ്ങ്ത്‌. (പ്രകാശകിരണങ്ങളോടൊപ്പം ചൂടും ആബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ടാണ്‌ പഞ്ഞിക്കഷണത്തിനു തീപിടിക്കുന്നത്‌). ഇതുപോലെ, ഈ കണ്ണട ലെന്‍സ്‌ ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ മുമ്പിലുള്ള മരങ്ങളുടെയും വീടുകളുടെയും മറ്റുവസ്തുക്കളുടെയുമൊക്കെ പ്രതിബിംബം ഒരു ഭിത്തിയിലേക്ക്‌ പതിപ്പിക്കാം. ഈ ചിത്രം നോക്കൂ.

കടപ്പാട്: Wikipedia commons


ഈ തത്വമാണ്‌ ക്യാമറകളില്‍ ഉപയോഗിക്കുന്നത്‌. പ്രതിബിംബം (real image) ഉണ്ടാകുന്ന ഇമേജ് പ്ലെയിനിലായിരിക്കും ഫിലിം (ഡിജിറ്റല്‍ ക്യാമറയിലാണെങ്കില്‍ സെന്‍സര്‍) വച്ചിരിക്കുന്നത്‌. ഈ തത്വത്തെപ്പറ്റി വളരെ വിശദമായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട്” എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.

രണ്ടാമത്തെയിനം ലെന്‍സുകളുടെ അരികുകള്‍ക്ക്‌ കനം കൂടുതലും മധ്യഭാഗത്തിനു കനം കുറവും ആയിരിക്കും. ഇത്തരം ലെന്‍സുകളെ കോണ്‍കേവ്‌ ലെന്‍സ്‌ എന്നു വിളിക്കുന്നു. ഇവ, പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുകയല്ല, മറിച്ച്‌ അവയെ വികേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്‌.

കടപ്പാട്: Wikipedia commons

അതിനാല്‍ ഇവയെ ഡൈവേര്‍ജിംഗ്‌ (diverging) ലെന്‍സുകള്‍ എന്നും വിളിക്കാം. ഇത്തരം ലെന്‍സുകള്‍ക്ക്‌ ഒരു യഥാര്‍ഥപ്രതിബിംബം രൂപീകരിക്കാന്‍ കഴിയില്ല. ഇതുവരെ പറഞ്ഞ ലെന്‍സുരൂപങ്ങളോരോന്നും simple lense എന്നാണറിയപ്പെടുന്നത്‌. ഒരു കഷ്ണം ഗ്ലാസ്‌ പീസിലാണ്‌ അവ നിര്‍മ്മിച്ചിരിക്കുന്നത്‌. ഓരോ ലെന്‍സിന്റെയും വലിപ്പവും, കനവും അനുസരിച്ച്‌ അവയുടെ ഫോക്കല്‍ പോയിന്റുകളും ഫോക്കല്‍ ലെങ്ങ്തുകളും വ്യത്യാസപ്പെട്ടിരിക്കും.

പ്രത്യേകമായി ഒരുകാര്യം ഇവിടെ പറയാനുള്ളത്‌, നാം ഇന്നുകാണുന്ന 35mm ക്യാമറലെന്‍സുകള്‍ ഇതുപോലെ ഒരുകഷ്ണം ഗ്ലാസിനാല്‍ നിര്‍മ്മിച്ചതല്ല. അവയൊക്കെയും ഒന്നില്‍കൂടുതല്‍ കോണ്‍കേവ്‌, കോണ്‍വെക്സ്‌, സെമി-കോണ്‍വെക്സ്‌ ലെന്‍സുകള്‍ ലെന്‍സുകള്‍ ചേര്‍ന്നതാണ്‌. അത്തരം ഒരു ലെന്‍സിന്റെ ഡയഗ്രം ഇവിടെയുണ്ട് (ക്ലിക്ക് ചെയ്താല്‍ കാണാം) അതിനാല്‍ ഇവയെ combination lense systems എന്നു വിളിക്കുന്നു. ഫോട്ടോയെടുക്കാനുള്ള ഒരു വസ്തുവിനെ നാം ഫോക്കസ്‌ ചെയുമ്പോള്‍ യഥാര്‍ഥത്തില്‍ചെയ്യുന്നത്‌ ആ വസ്തുവിന്റെ ഒരു വ്യക്തമായ പ്രതിബിംബം ക്യാമറയുടെ ഇമേജ് പ്ലെയിനിലേക്ക്‌ (ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍) വീഴാന്‍തക്കവിധം ഈ ലെന്‍സുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ്‌.2. ഫിലിം / ഡിജിറ്റല്‍ സെന്‍സര്‍
പ്രകാശം പതിക്കുമ്പോള്‍ രാസമാറ്റങ്ങള്‍ക്കുവിധേയമാകുന്ന പ്രത്യേകതരം രാസവസ്തുക്കള്‍ ലേപനംചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ പ്രതലമാണ്‌ ഫിലിം. എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി, ഫോട്ടോ എടുക്കേണ്ട വസ്തു കറുപ്പും വെളുപ്പും കള്ളികളുള്ള ചെസ്‌ ബോര്‍ഡ്‌ പോലെയൊരു പ്രതലമാണെന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ പ്രതിബിംബവും കറുപ്പും വെളുപ്പും കള്ളികള്‍ നിറഞ്ഞതായിരിക്കുമല്ലോ. വെളുപ്പുനിറമുള്ള കള്ളികളിനിന്നും കൂടുതല്‍ പ്രകാശകിരണങ്ങളും, കറുപ്പുനിറമുള്ള കള്ളികളിനിന്നും അതിനേക്കാള്‍ കുറഞ്ഞ അളവില്‍ പ്രകാശകിരണങ്ങളുമാണ്‌ ഫിലിമിലേക്ക്‌ പതിക്കുക. അപ്പോള്‍ സ്വാഭാവികമായും, വെളുത്തകള്ളികളിലെ പ്രകാശംവീണ ഫിലിമിന്റെ ഭാഗങ്ങളില്‍ കൂടുതല്‍ രാസമാറ്റങ്ങള്‍ നടക്കുകയും കറുത്തകള്ളികളുള്ള ഭാഗങ്ങളില്‍ കുറച്ചുമാത്രം രാസമാറ്റങ്ങള്‍ നടക്കുകയും ചെയ്യും. ഈ ഫിലിമിനെ "വാഷ്‌ചെയ്യുക" എന്നു നമ്മള്‍ സാധാരണ പറയാറുള്ള രാസപ്രക്രിയയ്ക്കുവിധേയമാക്കുമ്പോള്‍ ഈ കറുപ്പും, വെളുപ്പും കള്ളികളുടെ ഒരു "നെഗറ്റീവ്‌" നമുക്ക്‌ ലഭിക്കുന്നു. ശ്രദ്ധിക്കുക, നെഗറ്റീവില്‍ കറുത്തകള്ളികള്‍ വെളുത്തും, വെളുത്തകള്ളികള്‍ കറുത്തുമായിരിക്കും കാണപ്പെടുന്നത്‌.

ഈ നെഗറ്റീവില്‍ക്കൂടി പ്രകാശം നിയന്ത്രിതമായ രീതിയില്‍ കടത്തിവിട്ട്‌, ആ പ്രകാശത്തെ ഒരു ഫോട്ടോസെന്‍സിറ്റീവ്‌ പേപ്പറിലേക്ക്‌ പതിപ്പിക്കുമ്പോള്‍ നെഗറ്റീവിലുള്ള ചിത്രത്തിന്റെ ഒരു പോസിറ്റീവ്‌, അഥവാ നമ്മള്‍ ഫോട്ടോ എടുത്ത വസ്തുവിന്റെ ഒരു യഥാര്‍ത്ഥ പ്രതിച്ഛായ ലഭിക്കുകയും ചെയ്യുന്നു. കളര്‍ ഫോട്ടോഗ്രാഫിയിലും ഇതേപ്രവര്‍ത്തനങ്ങളാണ്‌ ഫിലിമില്‍ നടക്കുന്നത്‌.

ഡിജിറ്റല്‍ക്യാമറയില്‍ ഫിലിം ചെയ്യുന്ന ജോലികള്‍ ഒരു സെന്‍സര്‍ ആണു ചെയ്യുന്നത്‌ എന്നു പറഞ്ഞുവല്ലോ. ഡിജിറ്റല്‍ സെന്‍സറിനെപ്പറ്റി അല്‍പ്പം വിശദമായിത്തന്നെ ഇനി വരുന്ന ഒരു പോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നുണ്ട്‌. അതിനാല്‍ ഇവിടെ അധികം വിശദീകരിക്കുന്നില്ല. പൊതുവേപറഞ്ഞാല്‍, സെന്‍സറുകളില്‍ പ്രകാശകിരണങ്ങള്‍ പതിക്കുമ്പോള്‍ വളരെചെറിയ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കുന്ന അനേകം സൂക്ഷ്മകണികകള്‍ പതിപ്പിച്ചിട്ടുണ്ട്‌. ഫോട്ടോസൈറ്റുകള്‍ എന്നാണ്‌ ഇവയെ സാങ്കേതികമായി വിളിക്കുന്ന പേര്‌. നേരത്തെപറഞ്ഞ ചെസ്ബോര്‍ഡിന്റെ ഉദാഹരണം നോക്കുക. സെന്‍സറില്‍ വീഴുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്‌ ഓരോ ഫോട്ടോസൈറ്റിലും ഉണ്ടാകുന്ന വൈദ്യുതതരംഗങ്ങളുടെ അളവും ശക്തിയും വ്യത്യാസപ്പെട്ടിരിക്കും. ഈ ഏറ്റക്കുറച്ചിലുകളെ ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോസസര്‍ ഉപയോഗിച്ച്‌ വിശകലനംചെയ്ത്‌, സെന്‍സറില്‍ വീണപ്രതിംബത്തെ പുനഃസൃഷ്ടിക്കുകയാണ്‌ ഒരു ഡിജിറ്റല്‍ ക്യാമറയുടെ സെന്‍സര്‍ ചെയ്യുന്നത്‌.

3. അപ്പര്‍ച്ചറും ഷട്ടറും
മുന്നാമത്തെ ഘടകമായ പ്രകാശ നിയന്ത്രണ സംവിധാനവും ക്യാമറയില്‍ സുപ്രധാനമാണ്‌. അധികമായാല്‍ അമൃതും വിഷം എന്ന പ്രമാണം ലൈറ്റിന്റെ കാര്യത്തിലും ബാധകമാണ്‌. ആവശ്യത്തില്‍കൂടുതല്‍ പ്രകാശം ഫിലിമില്‍ വീണാല്‍, പ്രതിംബിത്തിനുപകരം ആകെവെളുത്ത ഒരു ചിത്രമായിരിക്കുംലഭിക്കുക. ഫിലിമിലേക്ക്‌ പതിക്കുന്ന പ്രകാശത്തെ നിശ്ചിത അളവില്‍ നിയന്ത്രിക്കുന്നതിനായി ക്യാമറയില്‍ രണ്ടു സംവിധാനങ്ങളുണ്ട്‌. ഒന്ന്, ലെന്‍സിനു പുറകില്‍ ഉള്ള അപ്പര്‍ചര്‍ എന്ന സുഷിരം. ഈ സുഷിരത്തിന്റെ വ്യാസം വ്യത്യാസപ്പെടുത്താവുന്നതാണ്‌. ഇതിന്റെ വ്യാസം കൂട്ടിയും കുറച്ചും ക്യാമറയുടെ ഉള്ളിലേക്ക്‌ കടക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കാം. രണ്ടാമത്തെ സംവിധാനമാണ്‌ ഷട്ടര്‍. ഷട്ടറിനെ ഒരു വാതിലിനോട്‌ ഉപമിക്കാം. ഫിലിമിനു മുമ്പില്‍ ഉറപ്പിച്ചിരിക്കുന്ന തുറക്കുകയും അടയ്കുകയും ചെയ്യാവുന്ന ഒരു വാതില്‍. സാധാരണഗതിയില്‍ ഈ വാതില്‍ തുറന്നടയുന്നത്‌ സെക്കന്റിന്റെ അംശങ്ങളിലാണെന്നുമാത്രം. കൂടുതല്‍ സമയത്തേക്ക്‌ തുറന്നാല്‍ കൂടുതല്‍ പ്രകാശം ഫിലിമില്‍ പതിക്കും. പെട്ടന്ന് തുറന്നടച്ചാല്‍ കുറച്ചു പ്രകാശം ഫിലിമില്‍ പതിക്കും. നമ്മള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ കേള്‍ക്കുന്ന "ക്ലിക്ക്‌" ശബ്ദം ഈ ഷട്ടര്‍ തുറന്നടയുന്നതിന്റെതാണ്‌. (സ്കൂള്‍ ഫോട്ടോയില്‍ ഫോട്ടോഗ്രാഫര്‍ ലെന്‍സിന്റെ മൂടി തുറന്നിട്ട് അടച്ചപ്പോള്‍ ചെയ്തതും ഇതുതന്നെ). ഈ രണ്ടുസംവിധാനങ്ങളും - അപ്പര്‍ച്ചറും ഷട്ടറും- അനുയോജ്യമായ രീതിയില്‍ നിയന്ത്രിച്ചാണ്‌ ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍ പതിക്കേണ്ട പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നത്‌. അപ്പര്‍ച്ചര്‍ ഷട്ടര്‍ എന്നിവയെപ്പറ്റി വിശദമായി എസ്.എല്‍.ആര്‍ ക്യാമറകളെപ്പറ്റിയുള്ള പോസ്റ്റില്‍ ചര്‍ച്ചചെയ്യാം.

ദശകങ്ങള്‍ക്കുമുമ്പ് സ്റ്റുഡിയോകളില്‍ ഒതുങ്ങിനിന്നിരുന ബെല്ലോ ക്യാമറയില്‍ നിന്ന് ഇന്ന് പോക്കറ്റില്‍ ഇടംകണ്ടെത്തിയിരിക്കുന്ന ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! ഓട്ടോമാറ്റിക്‌ ക്യാമറ എന്നവിളിപ്പേരില്‍ അറിയപ്പെട്ട 35mm കോമ്പാക്റ്റ്‌ ഫിലിംക്യാമറ എത്തിയതോടെ വീടുകളിലും ക്യാമറകള്‍ വരാന്‍ തുടങ്ങി. SLR ഫിലിം ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൈകളില്‍ മാത്രമായി ഒതുങ്ങിയതുകൊണ്ടാവാം അവ സാധാരണഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കൈകാര്യംചെയ്യാന്‍ പറ്റാത്തവയാണ്‌ എന്നൊരുതോന്നല്‍ ഇന്നും പലര്‍ക്കും ഉള്ളത്‌ (ഇതു പൂര്‍ണ്ണമായും ശരിയല്ല കേട്ടോ, വരുന്ന പോസ്റ്റുകളില്‍ ഇതേപ്പറ്റി പറയാം).

ശരിക്കും ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെയാണ്‌ ക്യാമറ കൂടുതല്‍ ജനകീയമാവാന്‍ തുടങ്ങിയത്‌. ഡിജിറ്റല്‍ കോമ്പാക്റ്റ്‌ ക്യാമറകള്‍, വെബ്‌ ക്യാമറകള്‍, ഡിജിറ്റല്‍ SLR തുടങ്ങി, മൊബൈല്‍ഫോണില്‍വരെ ഒതുങ്ങിയ ഡിജിറ്റല്‍ ക്യാമറ അതിലും ചെറുതായി ഇന്ന് രക്തക്കുഴലുകളില്‍ വരെ കയറ്റിവിടാനാവുംവിധം വലിപ്പത്തിലെത്തിനില്‍ക്കുന്നു! ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ വന്ന നൂതന സാങ്കേതികവിദ്യകളും, ക്യാമറകളുടെ വിലകുറയ്ക്കാനായി നിര്‍മ്മാതാക്കള്‍ പരീക്ഷിച്ച രീതികളും ക്യാമറയുടെ ജനപ്രീതിയില്‍ വന്‍ കുതിച്ചുചാട്ടംതന്നെ ഉണ്ടാക്കി. ഇന്ന് കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിലെങ്കിലും ഒരു ക്യാമറ സ്വന്തമായി ഇല്ലാത്തവര്‍ ഇല്ലതന്നെ.

അപ്പോഴാണ്‌ ഒരു നൂറുകൂട്ടം സ്പെസിഫിക്കേഷനുകളുമായുള്ള നിര്‍മ്മാതാക്കളുടെ വരവ്‌. ഏതാണു നല്ലത്‌? ഏതാണു മോശം? അതോ എല്ലാ ഡിജിറ്റലും ഒരുപോലെ നല്ലതോ? ആകെ സംശയം. ഡിജിറ്റല്‍ വിപ്ലവത്തിലെ കൂടുതല്‍ കഥകള്‍ അടുത്തപോസ്റ്റില്‍.

========

* കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ ലെന്‍സിന്റെ ഫോക്കല്‍ ലെങ്തിനേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കുന്ന വസ്തുക്കളുടെ പ്രതിബിംബമേ ലെന്‍സ് മറുവശത്ത് രൂപപ്പെടുത്തുകയുള്ളൂ. അതുപോലെ അനന്തതയില്‍ (infinity) സ്ഥിതിചെയ്യുന്ന വസ്തുക്കളില്‍നിന്നു വരുന്ന പ്രകാശകിരണങ്ങള്‍ മാത്രമേ ലെൻസിന്റെ ആക്സിസിനു സമാന്തരമായി വരുകയുള്ളൂ, അതുകൊണ്ട് അവ മാത്രമേ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍ത്തന്നെ ഒരു പ്രതിബിംബം ഉണ്ടാക്കുന്നുള്ളൂ. താരതമ്യേന ലെന്‍സിന്റെ അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം ഫോക്കല്‍ പോയിന്റിനു സമീപത്തുള്ള (അതിനു മുമ്പിലേ പുറകിലോ ആവാം) ഒരു തിരശ്ചീന തലത്തില്‍ (vertical plane) ആവും രൂപപ്പെടുക. ഇതേപ്പറ്റി കൂടുതലായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട് “എന്ന പോസ്റ്റില്‍ പറയുന്നുണ്ട്.

Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP