പാഠം 13: വൈറ്റ് ബാലന്‍സും ഫോട്ടോയിലെ നിറങ്ങളും
സന്ധ്യമയങ്ങാറായി. കടല്‍ത്തീരത്ത് ഒരു ഫോട്ടോഗ്രാഫര്‍ കുറേ നേരമായി സൂര്യാസ്തമയം കാത്ത് ഇരിക്കുകയാണ്. നല്ല സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഇളംവെയിലിന്റെ പശ്ചാത്തലത്തില്‍ ചുവന്ന നിറമണിഞ്ഞ് സൂര്യന്‍ ചക്രവാളത്തിലേക്ക് താഴാന്‍ തുടങ്ങിക്കഴിഞ്ഞു. ക്യാമറയെടുത്തു, ഫോക്കസ് ചെയ്തു ക്ലിക്കി. കിട്ടിയചിത്രമോ ആകെ ഒരു നീലമൂടാപ്പ്. താഴെ ഇടതുവശത്തുള്ള ചിത്രം പോലെ. അതോടെ ആ ചിത്രത്തിന്റെ സര്‍വ്വ മൂഡും പോയി.
ഇതെന്തുകഥ? ക്യാമറയുടെ വല്ല കുഴപ്പവുമാണോ? ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ എത്തിപ്പെടാറുള്ള ഒരു സാഹചര്യമാണ് മേല്‍ വിവരിച്ചത്. വൈറ്റ് ബാലന്‍സ് ശരിയായി പ്രവര്‍ത്തിക്കാത്തതാണ് ഇവിടെ പ്രശ്നം. ശരിയായ വൈറ്റ് ബാലന്‍സ് സെറ്റിംഗില്‍ എടുത്ത അതേ ചിത്രം വലതുവശത്ത് കാണാം. ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ മറ്റുപലപ്പോഴും അനുഭവമുണ്ടാവുമല്ലോ. ഒരു ഫിലമെന്റ് ബള്‍ബിനു (Tungsten) താഴെനിന്ന് എടുത്ത ചിത്രത്തിലെ വെള്ളയുടുപ്പ് മഞ്ഞിച്ചിരിക്കുന്നു, ട്യൂബുലൈറ്റിന്റെ പ്രകാശത്തില്‍ എടുത്ത ഒരു ചിത്രത്തിനു നല്ല നീലിമ, സൂര്യപ്രകാശത്തില്‍ എടുത്ത ചുവന്ന നിറമുള്ള ഒരു പൂവിന് നീലകലര്‍ന്ന വയലറ്റ് നിറം, സുഹൃത്തിന്റെ കല്യാണത്തിന് വീഡിയോ ലൈറ്റിടയില്‍ എടുത്ത ചിത്രം മഞ്ഞിച്ച്, ഇങ്ങനെ പലവിധ നിറങ്ങളുടെ പ്രശ്നം.
എന്താണ് ഈ വൈറ്റ് ബാലന്‍സ്, ശരിയായ രീതിയില്‍ നിറങ്ങള്‍ ലഭിക്കുവാന്‍ എന്തൊക്കെചെയ്യണം, വൈറ്റ് ബാലസിന്റെ പ്രായോഗിക ഉപയോഗങ്ങളെന്തെല്ലാം തുടങ്ങിയകാര്യങ്ങളാണ് ഈ അദ്ധ്യായത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്. ഈ അദ്ധ്യായം ആരംഭിക്കുന്നതിനു മുമ്പ്, പണ്ട് ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ച ഓപ്റ്റിക്കല്‍ ഫിസിക്സിന്റെ ബാലപാഠങ്ങളിലേക്ക് ഒന്നു തിരികെപോകാം.
ദൃശ്യവര്‍ണ്ണരാജി:
നമുക്ക് കാണുവാന്‍ സാധിക്കുന്നതും അല്ലാത്തതുമായ അനവധി വിദ്യുത്‌കാന്തിക വികിരണങ്ങള്‍ (electromagnetic radiations) ചേര്‍ന്നതാണ് സൂര്യപ്രകാശം. അവയുടെയൊക്കേയും ആവൃത്തികള്‍ (frequency) വ്യത്യസ്തമാണ്. അതില്‍ നമ്മുടെ കണ്ണുകള്‍ക്ക് അനുഭവേദ്യമായ മേഖലയാണ് (range) ദൃശ്യവര്‍ണ്ണരാജി അഥവാ visible spectrum. ഈ മേഖലയില്‍ ഏഴുവര്‍ണ്ണങ്ങളാണുള്ളത് - സപ്തവര്‍ണ്ണങ്ങള്‍ എന്നറിയപ്പെടുന്ന വയലറ്റ് (violet), ഇന്റിഗോ (indigo), നീല (blue), പച്ച (green), മഞ്ഞ (yellow), ഓറഞ്ച് (orange), ചുവപ്പ് (red) എന്നിവയാണ് ഈ വര്‍ണ്ണങ്ങള്‍. VIBGYOR എന്ന് ചുരുക്കത്തില്‍ ഓര്‍ത്തിരിക്കാം.
സൂര്യനില്‍ നിന്നും നമുക്കു കിട്ടുന്ന പ്രകാശരശ്മിയില്‍ ഈ ഏഴുവര്‍ണ്ണങ്ങളും ഉണ്ട്. ഉദയാസ്തമയ വേളകളില്‍ നിന്നും ഏകദേശം മൂന്നുമണിക്കൂറുകളോളം മാറ്റിനിര്‍ത്തിയാല്‍, മദ്ധ്യാഹ്നത്തോടടുപ്പിച്ച് പകല്‍ സമയങ്ങളില്‍ (അന്തരീക്ഷത്തില്‍ മറ്റു തടസ്സങ്ങളോ മാലിന്യങ്ങളോ ഇല്ലാത്ത അവസരങ്ങളില്‍) ഈ ഏഴുവര്‍ണ്ണങ്ങളും ഏകദേശം ഒരേയളവില്‍ ആയിരിക്കുകയും ചെയ്യും. അല്ലാത്ത അവസരങ്ങളില്‍ ഈ വര്‍ണ്ണങ്ങളുടെ അളവ് ചുവപ്പിന്റെ ഭാഗത്തേക്ക് ഏറിയും കുറഞ്ഞും ഇരിക്കും.ഇങ്ങനെ ഏഴുവര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടായ പ്രകാശം ഒരു വസ്തുവില്‍ പതിക്കുമ്പോള്‍, ചില വര്‍ണ്ണകിരണങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടുകയും, മറ്റുചിലവ ആ വസ്തുവിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഏഴുവര്‍ണ്ണങ്ങളേയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു വെളുത്ത നിറത്തിലും, എല്ലാ വര്‍ണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന ഒരു വസ്തു കറുപ്പുനിറത്തിലും നമ്മുടെ കണ്ണുകള്‍ക്ക് അനുഭവേദ്യമായി മാറുന്നു. ബാക്കി എല്ലാ നിറങ്ങളും, ഇതേപോലെ ചില വര്‍ണ്ണങ്ങളുടെ പ്രതിഫലനവും ബാക്കിയുള്ളവയുടെ ആഗിരണവും ചേരുമ്പോള്‍ സംഭവിക്കുന്നതാണ്. ഇതാണ് വര്‍ണ്ണക്കാഴ്ചയുടെ ഏറ്റവും ലളിതമായ വിശദീകരണം. ഒരു നിറത്തെപ്പറ്റിയുള്ള നമ്മുടെ അവബോധം സൂര്യപ്രകാശത്തില്‍ ആ നിറം എങ്ങനെ കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു - അതാണ് നമ്മുടെ തലച്ചോറില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ പറഞ്ഞതത്രയും സൂര്യപ്രകാശത്തെക്കുറിച്ചാണ്. നേരെ ഒരു വസ്തുവില്‍ പതിക്കുന്ന സൂര്യപ്രകാശം മാത്രമല്ല, ഒരു മുറിയ്ക്കുള്ളിലേക്ക് ജനാലവഴി കടന്നുവരുന്ന, പുറത്തുനിന്നും പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം, നാം ഒരു തണലില്‍ (നിഴലില്‍) നില്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ നിന്ന് പ്രതിഫലിച്ച് നമ്മുടെ മേല്‍ വീഴുന്ന പ്രകാശം, ആകാശം മേഘാവൃതമായിരിക്കുമ്പോഴും അതുവഴി അരിച്ചെത്തുന്ന പ്രകാശം ഇവയ്കൊക്കെയ്ക്കും ഈ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്.
സൂര്യനല്ലാത്ത മറ്റു പ്രകാശസ്രോതസുകളും നമുക്ക് പരിചിതമാണല്ലോ. ഉദാഹരണം, മെഴുകുതിരി, മണ്ണെണ്ണവിളക്ക്, ഫിലമെന്റുള്ള ടംഗ്‌സ്റ്റണ്‍ ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നു വിളിപ്പേരുള്ള ഫ്ലൂറസെന്റ് ലാമ്പ് തുടങ്ങിയ പ്രകാശസ്രോതസുകള്‍. ഇവയുടെയൊക്കെയും പ്രകാശം ഒരുപോലെയാണോ? അല്ല്ല. വിളക്കുകളുടെ കാര്യം തന്നെയെടുക്കാം. തിരിയിട്ടുകത്തിച്ചിരുന്ന മണ്ണണ്ണ വിളക്കുകള്‍ (ഇതു കണ്ടിട്ടില്ലാത്തവരും ഇവിടെ വായനക്കാരുടെയിടയില്‍ ഉണ്ടാവാം) മങ്ങിയ ഓറഞ്ചുകളറിലുള്ള വെളിച്ചമാണ് നല്‍കിയിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിമ്മിനിവിളക്കിന്റെ പ്രകാശം കുറേക്കൂടി നന്നായി തെളിഞ്ഞതായിരുന്നു. മാന്റില്‍ പാരഫിന്‍ വിളക്കില്‍ നിന്നും (ഇതിന്റെ പര്യായമായി മാറിയ പെട്രോമാക്സ് എന്ന ബ്രാന്റ് നെയിം ആയിരിക്കും കൂടുതല്‍ പരിചയം) പുറപ്പെടുന്ന വെളിച്ചം അതിലും തെളിമയുള്ളതാണ്. ട്യൂബുലൈറ്റുകളുടെ പ്രകാശം നീലിമയുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളായി ഉപയോഗിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പുകളില്‍ മഞ്ഞനിറത്തിനാണ് പ്രാമുഖ്യം. ട്യൂബുലൈറ്റുകള്‍ കുളിര്‍മയുള്ള പ്രകാശം തരുമ്പോള്‍, ഫിലമന്റ് ബള്‍ബുകള്‍ ഉഷ്ണപ്രകാശമാണ് തരുന്നത്. വ്യത്യസ്തങ്ങളായ കൃത്രിമപ്രകാശസ്രോതസുകള്‍ ഈ ഏഴുനിറങ്ങളെയും വ്യത്യസ്തമായ തോതിലാണ് പുറപ്പെടുവിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലായല്ലോ. ചിലവയില്‍ എല്ലാ നിറങ്ങളും ഇല്ലതാനും.
മനുഷ്യനേത്രം - ഒരു അത്ഭുത ഇന്ദ്രിയം:
മനുഷ്യനേത്രങ്ങള്‍ക്ക് വളരെ അന്യാദൃശ്യവും അത്ഭുതകരവുമായ ഒരു കഴിവുണ്ട്. ഈ പ്രകാശസ്രോതസുകളോരോന്നുമായും ഇടപഴകേണ്ടിവരുമ്പോള്‍ നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വേഗം അവയുമായി പൊരുത്തപ്പെടുകയും, ആ അവസരത്തില്‍ കാണുന്ന നിറങ്ങള്‍ യഥാര്‍ത്ഥമെന്ന തോന്നല്‍ നമുക്ക് നല്‍കുകയും ചെയ്യും. ഉദാഹരണത്തിന് ഒരു ഗ്ലാസ് പാല്‍ അല്ലെങ്കില്‍ ഒരു വെളുത്ത പേപ്പര്‍, വിളക്കിന്റെ വെളിച്ചത്തില്‍ കാണുമ്പോഴും, ട്യൂബുലൈറ്റിന്റെ വെളിച്ചത്തില്‍ കാണുമ്പോഴും, സൂര്യപ്രകാശത്തില്‍ കാണുമ്പോഴും നമുക്ക് വെളുത്തതായേ തോന്നൂ. ഒരു കറുപ്പുതുണിയും, മറ്റു നിറങ്ങളും അതുപോലെതന്നെ. ഇളവെയില്‍ കൊണ്ടൊരു നടത്തം കഴിഞ്ഞ് വീട്ടിലേക്കെത്തി മുറിയിലെ ട്യൂബ് ലൈറ്റ് തെളിയിച്ച് മുറിക്കുള്ളിലെ കാഴ്ചകളിലേക്കെത്തുമ്പോഴും, ലൈറ്റിന്റെ അളവിലും ഗുണത്തിലും ഉണ്ടായ വ്യത്യാസങ്ങളെപ്പറ്റി നാം അറിയുന്നതേയില്ല. അതുപോലെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പ്രഭാതകിരണങ്ങളേറ്റുനില്‍ക്കുന്ന പുല്ലും മരങ്ങളുടെ ഇലകളും പച്ചയായിതന്നെയാണ് നമുക്ക് കാണപ്പെടുന്നത്!
യഥാര്‍ത്ഥത്തില്‍ ഈ സാഹചര്യങ്ങളോരോന്നിലും നാം കാണുന്ന പ്രകാശം തികച്ചും വ്യത്യസ്തമാണ്, അവ നമ്മുടെ കണ്ണിലുണ്ടാക്കുന്ന സെന്‍സേഷന്‍ വ്യത്യസ്തമാണ്. പക്ഷേ നാമറിയാതെതന്നെ നമ്മുടെ കണ്ണുകളും തലച്ചോറും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച്, ഈ വ്യത്യസ്ത പ്രകാശത്തിലും വര്‍ണ്ണങ്ങളെ ഏകദേശം ഒരേ രീതിയില്‍ തന്നെ നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നാല്‍ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ഈ കഴിവില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കളുടെ യഥാര്‍ത്ഥ നിറമെന്തായിരിക്കും എന്ന് അത് ചില പ്രത്യേക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് വൈറ്റ് ബാലന്‍സിംഗ് എന്നു പറയുന്നത്.
ഓട്ടോമാറ്റിക്കായി നടക്കുന്ന ഏതുകാര്യങ്ങള്‍ക്കും സംഭവിക്കാവുന്ന ഒരു കുഴപ്പം ഇതിനും ചില അവസരങ്ങളില്‍ സംഭവിക്കുന്നു. ശരിയായ വൈറ്റ് ബാലന്‍സ് സെറ്റിംഗ് അല്ല ക്യാമറ തെരഞ്ഞെടുത്തതെങ്കില്‍ ഫോട്ടോയില്‍ കാണുന്ന വര്‍ണ്ണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഫോട്ടോഗ്രാഫര്‍ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ വൈറ്റ് ബാലന്‍സ് സെറ്റിംഗുകളെപ്പറ്റിയുള്ള് ഒരു ഏകദേശ ധാരണ ഫോട്ടോഗ്രാഫര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അതാണ് ഈ അദ്ധ്യായത്തിലെ ചര്‍ച്ചാവിഷയം.
കളര്‍ ടെമ്പറേചര്‍ (Colour temperature)
കളര്‍ ടെംപറേച്ചര്‍ എന്നു കേള്‍ക്കുമ്പോള്‍ നിറങ്ങള്‍ക്ക് താപനിലയോ എന്നു തോന്നിയേക്കാം. ഇവിടെ ടെംപറേച്ചര്‍ എന്ന വാക്കിന് ചൂടുമായി ബന്ധമൊന്നും ഇല്ല, അതുപോലെ സപ്തവര്‍ണ്ണങ്ങളുമായും ബന്ധമില്ല. കളര്‍ ടെംപറേച്ചര്‍ എന്നത്, പ്രകാശസ്രോതസുകളെ വിശേഷിപ്പിക്കുവാന്‍ കെല്‍വിന്‍ യൂണിറ്റില്‍ (K) പറയുന്ന ഒരു സ്കെയില്‍ ആണ്.
ഒരു കഷ്ണം ഇരുമ്പ് ഒരു തീജ്വാലയില്‍ ചൂടാക്കുന്നത് സങ്കല്‍പ്പിക്കുക. ആദ്യം അത് നേരിയ ചുവപ്പു നിറമായി മാറും. വിണ്ടും ചൂടുകൂടുമ്പോള്‍ ഓറഞ്ചു നിറമായും, കൂടുതല്‍ ചൂടില്‍ വെളുത്ത നിറമായും മാറുന്നതു കാണാം. ത്വാത്വികമായി, വീണ്ടും ചൂടുകൂട്ടിയാല്‍ വെളുപ്പില്‍നിന്നും നീല നിറത്തിലേക്ക് മാറും. ചുരുക്കത്തില്‍ ചുവപ്പു നിറം ഒരു കുറഞ്ഞ താപനിലയേയും, നീലനിറം അതേ സ്കെയിലില്‍ ഒരു ഉയര്‍ന്ന താപനിലയേയും സൂചിപ്പിക്കുന്നു. ഇതാണ് കെല്‍വിന്‍ സ്കെയിലിലും ചെയ്തിരിക്കുന്നത്. ഒരു കാര്യംകൂടി ഇവിടെ നോട്ട് ചെയ്യേണ്ടതുണ്ട്. ഈ സ്കെയിലില്‍ പ്രാഥമികവര്‍ണ്ണങ്ങളായ ചുവപ്പിനേയും നീലയേയും മാത്രമേ കണക്കിലെടുക്കുന്നുള്ളൂ, പച്ച നിറമോ ബാക്കിവര്‍ണ്ണങ്ങളോ ഈ സ്കെയിലില്‍ കണക്കാക്കപ്പെടുന്നില്ല. (വിക്കിപീഡിയ ലിങ്ക് ഇവിടെ)
ചുവപ്പ്, ഓറഞ്ച് തുടങ്ങിയ വര്‍ണ്ണങ്ങള്‍ കൂടുതലായി പുറപ്പെടുവിക്കുന്ന പ്രകാശസ്രോതസുകള്‍ കുറഞ്ഞ കളര്‍ ടെംപറേച്ചറുകളുള്ളതായും, നീലകലര്‍ന്ന പ്രകാശം കൂടുതലായി പുറപ്പെടുവിക്കുന്ന സ്പെക്ട്രത്തിലുള്ള പ്രകാശസ്രോതസുകള്‍ ഉയര്‍ന്ന കളര്‍ ടെംപറേച്ചറുകളുള്ളതായും കണക്കാക്കിയിരിക്കുന്നു (ചുവന്ന ബള്‍ബ്, നീല ബള്‍ബ് എന്ന രീതിയില്‍ ഇതു മനസ്സിലാക്കരുത്). ഒരു ഉദാഹരണം നോക്കാം, ഉദയ സൂര്യനില്‍ നിന്നും നമുക്ക് അനുഭവേദ്യമാകുന്ന രശ്മികളില്‍ ചുവപ്പ്, ഓറഞ്ച് വര്‍ണ്ണരശ്മികളാണ് കൂടുതല്‍. ആ അവസരത്തില്‍ സൂര്യപ്രകാശത്തിന്റെ കളര്‍ടെംപെറേച്ചര്‍ കുറവായിരിക്കും. ഉച്ചയാവുന്നതോടുകൂടി സൂര്യനില്‍ നിന്നും നമുക്കു ലഭിക്കുന്ന വെളിച്ചം കൂടുതല്‍ ന്യൂട്രല്‍ ആയി മാറുന്നു (ന്യൂട്രല്‍ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഒരു വര്‍ണ്ണങ്ങള്‍ക്കും പ്രാമുഖ്യമില്ലാത്ത പ്രകാശം എന്ന അര്‍ത്ഥത്തിലാണ്). അപ്പോള്‍ കളര്‍ടെംപറേച്ചര്‍ ഉയരുന്നു.
താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ (വലുതാക്കി കാണുക). നാം സാധാരണ എത്തിപ്പെടാറുള്ള വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളും അവയുടെ കെല്‍വിന്‍ സ്കെയിലും, അതാതിനനുസൃതമായ പ്രകാശസ്രോതസുകളുമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ടെമ്പറേച്ചര്‍ കൂടുന്നതനുസരിച്ച് ചുവപ്പില്‍നിന്ന് നീലയിലേക്കുള്ള മാറ്റം ശ്രദ്ധിക്കുക.
ഇവിടെ കൊടുത്തിരിക്കുന്ന ഐക്കണുകള്‍ എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും വൈറ്റ് ബാലന്‍സ് സെറ്റിംഗിനോടനുബന്ധിച്ചുള്ള മെനുവില്‍ കാണാവുന്നതണ്. അവ ഏതൊക്കെ എന്ന് ഇനി പറയുന്നു.
ഒരു വീടും അതില്‍ നിന്നു വീഴുന്ന നിഴലും - ഷേയ്‌ഡ് (Shade) അഥവാനിഴലിനെ സൂചിപ്പിക്കുന്നു.
മേഘത്തിന്റെ ചിത്രം - ക്ലൗഡി (Cloudy) അഥവാ മേഘാവൃതമായ ആകാശം സൂചിപ്പിക്കുന്നു.
ഫ്ലാഷിന്റെ ചിത്രം - ക്യാമറയുടെ ഫ്ലാഷ് ലൈറ്റിനെ സൂചിപ്പിക്കുന്നു.
സൂര്യന്‍ - മദ്ധ്യാഹ്ന സമയത്തെ സൂര്യപ്രകാശത്തെ (Sunlight) സൂചിപ്പിക്കുന്നു.
ട്യൂബ് ലൈറ്റ് - ഫ്ലൂറസെന്റ് ലാമ്പുകളുടെ പ്രകാശത്തെ സൂചിപ്പിക്കുന്നു.
ബള്‍ബ് - ടംഗ്‌സ്റ്റണ്‍ അഥവ ഇന്‍കാന്റസെന്റ് ലാമ്പുകളുടെ പ്രകാശത്തെ സൂചിപ്പിക്കുന്നു.
ഈ സ്കെയിലില്‍ സ്റ്റാന്‍ഡേര്‍ഡ് ലൈറ്റായി സ്വീകരിച്ചിരിക്കുന്നത് മദ്ധ്യാഹ്നസൂര്യന്റെ പ്രകാശമാണ്. ഇതിന്റെ റേഞ്ച് ഏകദേശം 5000 നും 6000 നും ഇടയ്ക്ക് Kelvin ആണെന്ന് മുകളിലെ ചിത്രത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ടല്ലോ. ഫ്ലാഷ് ലൈറ്റിന്റെ കളര്‍ ടെമ്പറേച്ചറും ഏകദേശം ഇതേ മേഖലയിലാണെന്നതു ശ്രദ്ധിക്കുക. അതായത് ഈ മേഖലയിലുള്ള കളര്‍ടെമ്പറേച്ചര്‍ ഉള്ള ഒരു പ്രകാശസ്രോതസില്‍ നിന്നുള്ള പ്രകാശത്തില്‍ കാണപ്പെടുന്ന എല്ലാവസ്തുക്കളും, ഏകദേശം പകല്‍വെളിച്ചത്തില്‍ നാം ആ വസ്തുവിന്റെ നിറം കാണുന്ന രീതിയിലാവും നമ്മുടെ കണ്ണുകള്‍ക്ക് കാണപ്പെടുക
=====================================
നാം സാധാരണ കാണാറൂള്ള ചില പ്രകാശസ്രോതസുകളുടെ കളര്‍ ടെംപറേച്ചറുകള്‍ താഴെക്കൊടുത്തിരിക്കുന്ന ടേബിളില്‍ സംഗ്രഹിച്ചിരിക്കുന്നു - കാണാതെ പഠിക്കുവാനല്ല, അറിവിനായി മാത്രം.
സ്വച്ഛമായ നീലാകാശം = 10000 മുതല്‍ 15000 K
പകല്‍ വെളിച്ചത്തില്‍ തണലിനുള്ളില്‍ = 9000 മുതല്‍ 10000 K
മേഘാവൃതമായ ആകാശം = 6000 മുതല്‍ 8000 K
മധ്യാഹ്ന സൂര്യന്‍ (തെളിഞ്ഞ ആകാശത്ത്) = 6500 K
ശരാശരി സൂര്യപ്രകാശം = 5500 മുതല്‍ 6000 K
ക്യാമറയുടെ ഫ്ലാഷ് = 5400 K
ഫ്ലൂറസെന്റ് (ട്യൂബ്) ലൈറ്റ് = 4000 മുതല്‍ 5000 K
ടംഗ്‌സ്റ്റണ്‍ ബള്‍ബുകള്‍ = 2500 മുതല്‍ 3000 K
200 വാട്ട് ബള്‍ബ് = 2980 K
40 വാട്ട് ബള്‍ബ് = 2650 K
മെഴുകുതിരി വെളിച്ചം = 1200 മുതല്‍ 1500 K
വൈറ്റ് ബാലന്‍സ്:
മനുഷ്യനേത്രങ്ങള്‍ക്ക് വ്യത്യസ്ത പ്രകാശസംവിധാനങ്ങളുമായി ഇണങ്ങുവാനുള്ള അത്ഭുതകഴിവിനെപ്പറ്റി മുകളില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ. മുകളില്‍ കൊടുത്തിരിക്കുന്ന കെല്‍വിന്‍ സ്കെയിലില്‍നിന്നും, അതോടൊപ്പം കൊടുത്തിരുന്ന വ്യത്യസ്ത ലൈറ്റ് സ്രോതസുകളുടെ ലിസ്റ്റില്‍നിന്നും വ്യക്തമാവുന്ന ഒരു കാര്യമുണ്ട് - നമ്മുടെ കണ്ണുകള്‍ നമുക്കു തരുന്ന കാഴ്ചയുടെ രീതിയിലല്ല ഒരു ക്യാമറയുടെ സെന്‍സര്‍ വ്യത്യസ്ത പ്രകാശസ്രോതസുകളില്‍നിന്നുള്ള പ്രകാശത്തില്‍ അതേ വസ്തുവിനെ കാണുന്നത്. ചിലവ കൂടുതല്‍ ചുവന്നും, മറ്റുചിലവ കൂടുതല്‍ നീലയുമായാവും സെന്‍സര്‍ കാണുന്നത്. ഇങ്ങനെ കിട്ടുന്ന ഒരു ചിത്രത്തെ നമ്മുടെ കണ്ണുകള്‍ കാണുന്ന രീതിയിലേക്കാക്കിയെടുക്കുവാന്‍ ആ ചിത്രത്തിന്റെ കളര്‍ ടെമ്പറേച്ചര്‍ (ശ്രദ്ധിക്കുക കളര്‍ ടെമ്പറേച്ചര്‍ മാത്രം, കളറുകള്‍ അല്ല), കെല്‍വിന്‍ സ്കെയിലിന്റെ ഏകദേശം മദ്ധ്യഭാഗത്ത് (അതായത് സൂര്യപ്രകാശത്തിന്റെ റേഞ്ചില്‍) കൊണ്ടുവന്നാല്‍ മതിയാവുമല്ലോ. ഇതാണ് വൈറ്റ് ബാലസ് എന്ന സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നത്.
താഴെക്കൊടുത്തിരിക്കുന്ന മൂന്നു ചിത്രങ്ങളിലൂടെ ഇക്കാര്യം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.


ആദ്യചിത്രത്തില്‍ കാണുന്ന ഡോമിന്റെ ലൈറ്റിംഗ്, ടംഗ്‌സ്റ്റണ്‍ ലൈറ്റില്‍നിന്നും വരുന്ന പ്രകാശമാണ്. സ്വാഭാവികമായും, ടംഗ്‌സ്റ്റണ്‍ ലൈറ്റിന്റെ കളര്‍ടെമ്പറേച്ചര്‍ കുറവായതിനാല്‍, സെന്‍സര്‍ ആ രംഗം കാണുന്നത് അല്‍പം മഞ്ഞകലര്‍ന്ന ഓറഞ്ച് നിറത്തിലായിരിക്കും. എന്നാല്‍ നമ്മുടെ കണ്ണുകള്‍ പെട്ടന്നുതന്നെ ടംഗ്‌സ്റ്റണ്‍ വെളിച്ചവുമായി ഇണങ്ങിച്ചേരുന്നതിനാല്‍, നമുക്ക് യഥാര്‍ത്ഥ നിറങ്ങള്‍ തന്നെയാണ് അനുഭവപ്പെടുന്നത്. ഈ സന്ദര്‍ഭത്തില്‍ ക്യാമറയുടെ കളര്‍ ടെമ്പറേച്ചര്‍ 2500 (വൈറ്റ് ബാലസ് "ടംഗ്‌സ്റ്റണ്‍" ) എന്ന് സെറ്റുചെയ്യുന്നു എന്നു കരുതുക. ഉടന്‍ തന്നെ ക്യാമറ ഈ രംഗത്തുള്ള എല്ലാ വര്‍ണ്ണങ്ങളേയും കെല്‍വിന്‍ സ്കെയിലിന്റെ മദ്ധ്യഭാഗത്തേക്ക് (നാം സൂര്യപ്രകാശത്തില്‍ കാണുന്ന രീതിയില്‍ ) നീക്കുവാനുള്ള ഒരു കണക്കുകൂട്ടല്‍ (algorithm) നിലവില്‍ കിട്ടിയ ഡേറ്റയോടൊപ്പം ചേര്‍ത്ത് ഒരു കളര്‍ കറക്ഷന്‍ നടത്തുന്നു. ഈ കളര്‍ കറക്ഷന്‍ എല്ലാ നിറങ്ങള്‍ക്കും ബാധകമായിരിക്കും. അങ്ങനെ നമുക്ക്, നമ്മുടെ കണ്ണുകളാല്‍ കാണുന്നതിനോട് ഏകദേശം അടുപ്പമുള്ള ഒരു ചിത്രം ലഭിക്കുന്നു. ഇതാണ് ലളിതമായി പറഞ്ഞാല്‍ വൈറ്റ് ബാലന്‍സിലൂടെ സാധ്യമാക്കുന്നത്.
കേട്ടാല്‍ ലളിതം, പക്ഷേ...
കേള്‍ക്കുമ്പോള്‍ ഇത്ര നിസാരമോ എന്നു തോന്നാമെങ്കിലും ഈ പ്രക്രിയയുടെ വിജയസാധ്യതയും ഗുണനിലവാരവും, അതിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റിനെ ആശ്രയിച്ചിരിക്കുന്നു. അതായത്, ക്യാമറകാണുന്ന രംഗത്തിന്റെ കളര്‍ടെമ്പറേച്ചര്‍ കിറുകൃത്യമായി നിര്‍ണ്ണയിക്കുന്നതിനെ ആശ്രയിച്ചാവും ക്യാമറകൊണ്ടുവരുന്ന കളര്‍ കറക്ഷന്റെ വിശ്വാസ്യതയും ഗുണനിലവാരവും നിര്‍ണ്ണയിക്കപ്പെടുക. മാത്രവുമല്ല, ക്യാമറയ്ക്ക് ചുവപ്പ്, നീല എന്നീ രണ്ടു വര്‍ണ്ണങ്ങളെകൂടാതെ, പച്ച എന്ന മൂന്നാമത്തെ പ്രാഥമിക വര്‍ണ്ണത്തേയും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കണക്കിലെടുക്കേണ്ടതുണ്ട്.
നമുക്കറിയാം, കളര്‍ ടെമ്പറേച്ചര്‍ എന്നത് ഒരു ഏകദേശ അളവാണ്. കാരണം, ഒരു സന്ദര്‍ഭത്തിലും ലൈറ്റിംഗ് പൂര്‍ണ്ണമായും ഈ ടേബിളിലെ കണക്കുകള്‍ പ്രകാരം ആയിരിക്കില്ല, പ്രകാശത്തിന്റെ സ്വഭാവം അനുസരിച്ച് നമ്പറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറാം. ടംഗ്‌സ്റ്റണ്‍ എന്ന ബള്‍ബ് സെറ്റിംഗില്‍ത്തന്നെ വ്യത്യസ്ത ബള്‍ബുകള്‍ തമ്മില്‍ അല്പം വ്യത്യാസങ്ങള്‍ ഉണ്ട്. സൂര്യപ്രകാശം എന്നുപറയുമ്പോള്‍ത്തന്നെ, ഉദയാസ്തമയങ്ങളോടനുബന്ധിച്ചുകിട്ടുന്ന സൂര്യപ്രകാശത്തിന്റെ കളര്‍ടെമ്പറേച്ചറും, മറ്റൊരു അവസരത്തിലെ കളര്‍ ടെമ്പറേച്ചറും വ്യത്യസ്തമാണ്. ആകാശത്തിലെ മേഘങ്ങളുള്ള എല്ല്ലാ അവസരങ്ങളിലും ഒരേവിധത്തിലല്ല ക്ലൗഡി കളര്‍ടെമ്പറേച്ചര്‍ ലഭിക്കുക. പലപ്പോഴും ഒരേ രംഗത്തില്‍ തന്നെ വ്യത്യസ്ത കളര്‍ ടെമ്പറേച്ചറുകളുള്ള മേഖലകള്‍ കണ്ടെന്നും വരാം.അതിനാല്‍ത്തന്നെ കൃത്യമായി ഒരു വസ്തുവിന്റെ കളര്‍ടെമ്പറേച്ചര്‍ നിര്‍ണ്ണയിക്കേണ്ടത് വൈറ്റ്ബാലസിന്റെയും കളര്‍ കറക്ഷന്റെയും വിജയത്തിന് അത്യാവശ്യമാണ്. പക്ഷേ ഇത് അത്ര എളുപ്പമല്ല. ഏകദേശകണക്കുകള്‍ മാത്രമേ പലപ്പോഴും സാധ്യമാവൂ.
ഓട്ടോമാറ്റിക് വൈറ്റ് ബാലന്‍സ്:
ക്യാമറയ്ക്കുള്ളിലുള്ള RGB സെന്‍സറുകളുടെ സഹായത്താലാണ് ക്യാമറ ഒരു രംഗത്തിന്റെ കളര്‍ടെമ്പറേച്ചര്‍ കണ്ടുപിടിക്കുന്നത്. ഇതിനായി രംഗത്തുനിന്നും വരുന്ന നിറങ്ങളെ മൊത്തമായി അവലോകനം ചെയ്യുകയും ചുവപ്പ്, പച്ച, നീല എന്നീ പ്രാഥമിക വര്‍ണ്ണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നിര്‍ണ്ണയിക്കുയും ചെയ്യുന്നു. (പ്രാഥമിക വര്‍ണ്ണങ്ങളെ ഒരേ അളവില്‍ പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ നിറം ന്യൂട്രല്‍ കളര്‍ എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണം 18% ഗ്രേ കളര്‍, വെള്ള) ഇപ്രകാരം ഒരു ന്യൂട്രല്‍ കളര്‍ ഉള്ള വസ്തു ആദ്യം കണ്ടുപിടിക്കുന്നു. അതില്‍നിന്നും ലഭിക്കുന്ന പ്രകാശതീവ്രത അളന്ന് രംഗത്തിന്റെ ഏകദേശ കളര്‍ ടെമ്പറേച്ചര്‍ ക്യാമറ കണക്കാക്കുന്നു. അതിനനുസരിച്ച് ബാക്കി എല്ലാനിറങ്ങളുടെ ഡേറ്റയേയും മനുഷ്യനേത്രങ്ങള്‍ കാണുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നു. ഇതാണ് ഓട്ടോമാറ്റിക് വൈറ്റ് ബാലന്‍സിന്റെ പ്രവര്‍ത്തന തത്വം.
പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും, SLR ക്യാമറകളിലും ഓട്ടോമാറ്റിക് വൈറ്റ് ബാലന്‍സ് ഉണ്ട്. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന സെറ്റിംഗും ഇതുതന്നെ. ഓട്ടോ വൈറ്റ് ബാലസ് ടെക്നോളജി ഇന്നത്തെ ക്യാമറകളില്‍ മിക്ക അവസരങ്ങളിലും തൃപ്തികരമായ റിസല്‍ട്ടുകള്‍ നല്‍കുന്നുണ്ട്. Uniform കളര്‍ ടെമ്പറേച്ചര്‍ ഉള്ള രംഗങ്ങള്‍ക്ക് ഈ വൈറ്റ് ബാലസ് അനുയോജ്യമാണ്. പക്ഷേ ഒരു രംഗത്തില്‍ തന്നെ വെയിലും നിഴലും, പലവിധ പ്രകാശ സ്രോതസുകളില്‍ നിന്നുള്ള വെളിച്ചവും കടന്നുവരുമ്പോള്‍ ഈ വൈറ്റ് ബാലസ് രീതി ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു പോകുന്നു. അതുപോലെ ഏതെങ്കിലും ഒരു നിറം, അതേ രംഗത്തിലെ മറ്റു നിറങ്ങളെ അപേക്ഷിച്ച് മുന്നിട്ടു (dominent) നില്‍ക്കുമ്പോഴും ഓട്ടോ വൈറ്റ് ബാലന്‍സ് മെക്കാനിസത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചേക്കാം.
പ്രീസെറ്റ്, മാനുവല്‍ വൈറ്റ് ബാലന്‍സുകള്‍:
ഓട്ടോ വൈറ്റ് ബാലന്‍സ് ശരിയായി പ്രവര്‍ത്തിക്കാത്ത അവസരങ്ങളില്‍ ഉപയോഗിക്കുവാനായി ആറ് പ്രീസെറ്റ് വൈറ്റ് ബാലന്‍സുകള്‍ ക്യാമറകളില്‍ ലഭ്യമാണ്. സര്‍വ്വ സാധാരണമായി കാണുന്ന പ്രീസെറ്റ് വൈറ്റ്ബാലന്‍സുകളാണ് Tungsten, Flouroscent, Sunlight, Flash, Cloudy, Shady എന്നിവ. നാം ഒരു പ്രീസെറ്റ് വൈറ്റ് ബാലന്‍സ് സെറ്റുചെയ്യുമ്പോള്‍, ക്യാമറ രംഗത്തുനിന്നുള്ള എല്ലാ വൈറ്റ് ബാലന്‍സ് കണക്കുകൂട്ടലുകളേയും അവഗണിക്കുകയും പ്രീസെറ്റ് സാഹചര്യത്തിനു യോജിച്ച കളര്‍ടെമ്പറേച്ചര്‍ മെമ്മറിയില്‍നിന്നും കളര്‍ കറക്ഷനുവേണ്ടി ഉപയോഗിക്കുകയും ചെയ്യും.
ഇവകൂടാതെ മിക്കവാറൂം എല്ലാ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും SLR ക്യാമറകളിലും മാനുവലായി വൈറ്റ് ബാലന്‍സ് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാവും. ഒരു വെളുത്ത പേപ്പര്‍ അല്ലെങ്കില്‍ ഒരു ന്യൂട്രല്‍ ഗ്രേ കാര്‍ഡ് ക്യാമറയുടെ മുന്‍പില്‍, ഏതു രംഗത്തിന്റെ വൈറ്റ് ബാലന്‍സാണോ സെറ്റ് ചെയ്യേണ്ടത് അതിന്റെ ലൈറ്റിംഗില്‍ പിടിക്കുന്നു, ഫ്രെയിമില്‍ മുഴുവനായി ഉള്‍ക്കൊള്ളത്തക്കവിധം. അതിനുശേഷം മാനുവല്‍ (കസ്റ്റം എന്നും പേരുണ്ട്) വൈറ്റ് ബാലന്‍സ് സെറ്റുചെയ്യുന്നു. അതോടെ ക്യാമറ നമ്മള്‍ റെഫറന്‍സായി പിടിച്ച പേപ്പറിന്റെ നിറം വെള്ളയായി ക്യാമറ മനസ്സിലാക്കുന്നു. ഈ സെറ്റിംഗ് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്യപ്പെടുകയും തുടര്‍ന്നെടുക്കുന്ന എല്ലാ ചിത്രങ്ങളിലും ഇതുവഴി കൊണ്ടുവരേണ്ട കളര്‍ കറക്ഷന്‍ ക്യാമറ കൊണ്ടുവരുകയും ചെയ്യും. പ്രൊഫഷനല്‍ ക്യാമറകളില്‍ കെല്‍വിന്‍ എന്ന് മറ്റൊരു സെറ്റിംഗ് കൂടിയുണ്ട്. ഈ മെനു ഉപയോഗിച്ച് കളര്‍ ടെംപറേച്ചര്‍ നമ്പര്‍ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട് ക്യാമറയ്ക്ക് നല്‍കാം.
പ്രീസെറ്റ് വൈറ്റ് ബാലസുകളുടെ ഐക്കണുകള്‍ ഇതിനുമുമ്പ് കാണിച്ചിരുന്ന കെല്‍വിന്‍ സ്കെയില്‍ ചിത്രത്തിലേതുപോലെയാവും. ഒരേ രംഗം, ലൈറ്റ് സോഴ്സ് മാറ്റാതെ വ്യത്യസ്ത പ്രീസെറ്റ് വൈറ്റ് ബാലന്‍സുകള്‍ ഉപയോഗിച്ച് എടുത്തതാണ് താഴെക്കാണുന്ന ആനിമേഷന്‍ ചിത്രത്തില്‍ ഉള്ളത്. അതാതു വൈറ്റ് ബാലസുകളുടെ പേരുകള്‍ ചിത്രങ്ങളോടൊപ്പം നല്‍കിയിട്ടുണ്ട്. ചിത്രങ്ങളിലെ ന്യൂട്രല്‍ ഓബ്‌ജക്ടായ വെള്ളപ്പേപ്പറിന്റെ നിറവ്യത്യാസം പ്രത്യേകം ശ്രദ്ധിക്കുക. ഈ സ്ലൈഡ് ഷോ ഫുള്‍ സ്ക്രീനില്‍ കാണുവാന്‍ ആഗഹിക്കുന്നവര്‍ ഈ ലിങ്കില്‍ നോക്കുക. എന്നിട്ട് Slide show ക്ലിക്ക് ചെയ്യുക.
പ്രായോഗിക ഉദാഹരണങ്ങള്‍:
ഓട്ടോ വൈറ്റ് ബാലന്‍സ് പരാജയപ്പെടുമ്പോള്‍ പ്രീസെറ്റുകള്‍ ഉപകാരപ്പെടുന്ന ചില ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു. ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.

ഇടതുവശത്തെ ചിത്രത്തില്‍ ഓട്ടോവൈറ്റ് ബാലന്‍സിന്റെ കണക്കുകൂട്ടലുകള്‍ പിഴപ്പിക്കുന്നത് രംഗത്തിന്റെ ഒരു ഭാഗമായ സൂര്യപ്രകാശംതന്നെയാണ്. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഇളംവെയിലിനു പകരം ക്യാമറയുടെ ആല്‍ഗൊരിതം നീലിമകലര്‍ന്ന മങ്ങിയ പ്രകാശമാണ് ഇവിടെ നല്‍കുന്നത്. ഷേയ്‌ഡി പ്രീസെറ്റ് വൈറ്റ് ബാലന്‍സ് ഈ രംഗത്തിന് കുറേക്കൂടി warmth നല്‍കിയിരിക്കുന്നു. (രംഗം ഷാര്‍ജ അല്‍ ഖാന്‍ ലഗൂണ്‍)

ഈ ചിത്രത്തില്‍ കാണുന്ന പൂവിനു നേരെ മുകളിലായി ഒരു ടംഗ്‌സ്റ്റണ്‍ ബള്‍ബ് പ്രകാശിക്കുന്നുണ്ട്. പക്ഷേ പശ്ചാത്തലത്തില്‍ കാണുന്ന വലിയ ഗ്ലാസില്‍നിന്നും സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് വരുന്നുണ്ട്. ഗ്ലാസില്‍ കൂളിംഗ് പേപ്പര്‍ പതിച്ചിരിക്കുകയാണ്. അതിനാല്‍ ശുദ്ധമായ സൂര്യപ്രകാശമല്ല്ല മുറിയിലേക്ക് വരുന്നത്. ഈ സാഹചര്യം ഓട്ടോ വൈറ്റ് ബാലന്‍സിനെ കണ്‍ഫ്യൂഷനില്‍ ആക്കിയതിന്റെ ഫലമാണ് ഇടതുവശത്തെ ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ടംഗ്‌സ്റ്റണ്‍ പ്രീസെറ്റ് വൈറ്റ് ബാലന്‍സ് സെറ്റുചെയ്തപ്പോള്‍ പൂക്കളുടെ നിറങ്ങള്‍ യഥാര്‍ത്ഥ നിറവുമായി കൂടുതല്‍ സാമ്യമുള്ളതായി.

ഇവിടെ ലൈറ്റ് സോഴ്സ് ഒരു സി.എഫ്.എല്‍ ലാമ്പാണ്. അല്പം നീലിമ കലര്‍ന്ന ഫോട്ടോയാണ് ഓട്ടോ വൈറ്റ് ബാലന്‍സിന്റെ കണക്കുകൂട്ടലില്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ ഫ്ലൂറസെന്റ് പ്രീസെറ്റ് ചെയ്തപ്പോള്‍ നിറങ്ങള്‍ കൂടുതല്‍ ശരിയായിരിക്കുന്നു.

ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടി ഉണര്‍വോടെ നില്‍ക്കുന്ന ഒരു പുല്‍ത്തകിടിയാണ് ഇവിടെ രംഗം. ഓട്ടോ വൈറ്റ് ബാലസിനെ കുഴയ്ക്കുന്ന പ്രശ്നം ഇവിടെ Dominent ആയി നില്‍ക്കുന്ന പുല്‍ത്തകിടിയുടെ പച്ചനിറം തന്നെ. കണക്കുകൂട്ടലുകളില്‍ പിഴവു നേരിട്ട ഓട്ടോ വൈറ്റ് ബാലസ് തരുന്ന ചിത്രം അല്പം നീല കളര്‍ കാസ്റ്റ് ഉള്ളതാണ്. ക്ലൌഡി പ്രീസെറ്റ് വൈറ്റ് ബാലന്‍സ് മോഡില്‍ പുല്ലിന്റെ നിറം കൂടുതല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
പ്രത്യേക കളര്‍ ഇഫക്ടുകളോടെ ഫോട്ടോയെടുക്കുവാന്‍ വൈറ്റ് ബാലന്‍സ് അനുയോജ്യമല്ലാതെ സെറ്റുചെയ്താല്‍ മതി. ഉദാഹരണം സിനിമകളില്‍ രാത്രിരംഗങ്ങള്‍ അനുയോജ്യമായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് പകല്‍ വെളിച്ചത്തില്‍ എടൂക്കാറുണ്ടല്ലോ. ഇതാ ഒരു ഉദാഹരണം. കരിമ്പനകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പാലക്കാടന്‍ ഗ്രാമപ്രദേശം ഉച്ചസമയത്ത് എടുത്തതാണ്. ക്യാമറയുടെ വൈറ്റ് ബാലന്‍സ് ടംഗ്‌സ്റ്റണ്‍ എന്നു മനപ്പുര്‍വ്വമായി പ്രീസെറ്റ് ചെയിട്ട്.(ഇതേ എഫക്ടുകള്‍ ഫോട്ടോഷോപ്പില്‍ ചെയ്യാവുന്നതാണ്)

RAW ഫയലുകളും കസ്റ്റം വൈറ്റ് ബാലന്‍സും:
SLR ക്യാമറകളിലും മുന്തിയ തരം മറ്റു ക്യാമറകളിലും കാണുന്ന ഒരു റിക്കോര്‍ഡിംഗ് മോഡാണ് RAW എന്നു പറയുന്നത്. ഈ രീതിയില്‍ ഫോട്ടോയെടുത്തതിനു ശേഷം ക്യാമറ സ്വന്തമായി യാതൊരു അഡ്‌ജസ്റ്റ് മെന്റുകളും ചിത്രത്തിന്റെ ഫയലില്‍ ചേര്‍ക്കുന്നില്ല - വൈറ്റ് ബാലന്‍സ് ഉള്‍പ്പടെ. ഇങ്ങനെ കിട്ടുന്ന ‘അസംസ്കൃത ഡേറ്റ’ (RAW Data) ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് പ്രോസസ് ചെയ്യാം. ഇതിന്റെ ഗുണം എന്താണെന്നാല്‍, പ്രീസെറ്റ് വൈറ്റ് ബാലന്‍സുകളെയോ, ഓട്ട് വൈറ്റ് ബാലന്‍സിനെയോ ആശ്രയിക്കാതെ, യഥാര്‍ത്ഥ നിറം കിട്ടുവാനായി കളര്‍ ടെംപറേച്ചര്‍ നമ്പര്‍ - കിറുകൃത്യമായി -, പോസ്റ്റ് പ്രോസസിംഗില്‍ നമുക്ക് നല്‍കാം എന്നതാണ്. Colour accuracy വളരെ കര്‍ശനമായി പാലിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഈ രീതിയാണ് അനുയോജ്യം. JPG ആയി സ്റ്റോര്‍ ചെയ്തുകഴിഞ്ഞ ഫയലുകളില്‍ ഇത്രയും കൃത്യതയോടെ വൈറ്റ് ബാലന്‍സ് ചെയ്യാനാവില്ല. പക്ഷേ RAW ഫയലുകളുടെ സൈസ് JPG യുടേതിനേക്കാള്‍ വളരെ വലുതായിരിക്കും. ചില SLR ക്യാമറകള്‍ ഒരേ സമയം JPG യും RAW യും റിക്കോര്‍ഡ് ചെയ്യുവാനുള്ള ഓപ്‌ഷനും തരുന്നുണ്ട്.
ഒരു ഉദാഹരണം താഴെക്കൊടുക്കുന്നു. ഈ ചിത്രം എടുക്കുന്ന അവസരത്തില്‍ വെളിയില്‍നിന്നും പ്രതിഫലിച്ച് ജനാലവഴിയെത്തുന്ന സൂര്യപ്രകാശം കുട്ടിയുടെ വലതുവശത്തുനിന്നും എത്തുന്നുണ്ട്. അതാണ് പ്രധാന പ്രകാശസ്രോതസ്. ഇതുകൂടാതെ മുറിയില്‍ ഒരു ട്യൂബ് ലൈറ്റും പ്രകാശിക്കുന്നുണ്ട്. ഈ ഫോട്ടോ റോ മോഡില്‍ എടുത്തതിനു ശേഷം ഫോട്ടോഷോപ്പ് ഉപയോഗിച്ച് പ്രോസസ് ചെയ്തതാണ്.

സംഗ്രഹം:
1. ഒരു ഡിജിറ്റല്‍ ചിതത്തിന്റെ കളര്‍ ബാലന്‍സ് നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആ രംഗത്തിലെ ലൈറ്റിന്റെ കളര്‍ ടെമ്പറേച്ചര്‍ ആണ്. അതിനാല്‍ കൃത്യമായ വൈറ്റ് ബാലസ് ഉപയോഗിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
2. ഒരു ഫോട്ടോ എടുത്തുകഴിഞ്ഞതിനു ശേഷമാണ് ക്യാമറ വൈറ്റ് ബാലന്‍സ് ആ ഫയലിലെ ഡേറ്റയിലേക്ക് നല്‍കുന്നത്. അതിനാന്‍ വൈറ്റ് ബാലന്‍സ് സെറ്റിംഗുകള്‍ ഫോട്ടോ എടുക്കുന്നതിനു മുന്‍പാണ് നല്‍കേണ്ടത്.
3. പ്രീസെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ലഭിക്കുന്ന ചിത്രം കൂടുതല്‍ നീലനിറത്തിലോ, ചുവപ്പു നിറത്തിലോ കാണപ്പെടുന്നുവെങ്കില്‍ അതിനു തൊട്ടുമുമ്പോ പിമ്പോ ഉള്ള പ്രീസെറ്റ് മോഡ് പരീക്ഷിച്ചു നോക്കുക.
4. ഫ്ലാഷ് ഫോട്ടോഗ്രാഫുകള്‍ കൂടുതല്‍ ചുവന്നു കാണപ്പെടുന്നുവെങ്കില്‍ Sunlight പ്രീസെറ്റ് മോഡ് പരീക്ഷിച്ചു നോക്കാവുന്നതാണ്.
5. പ്രകാശവും, പ്രകാശസ്രോതസും ഫോട്ടോയുടെ ഭാഗമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഓട്ടോ, പ്രീസെറ്റ് തുടങ്ങിയ സെറ്റിംഗുകള്‍ യഥാര്‍ത്ഥ നിറം നല്‍കുകയില്ല (ഉദാ, സൂര്യാസ്തമയം, ഒരു മെഴുകുതിരി)) അപ്പോള്‍ RAW mode ല്‍ ഫോട്ടോയെടുക്കാം. .അല്ല്ലെങ്കില്‍ അനുയോജ്യമായ മറ്റു പ്രീസെറ്റുകള്‍ പരീക്ഷിക്കാം. ഉദയാസ്തമയ വേളകളിലെ സീനറി ടൈപ്പ് ഫോട്ടോകള്‍ക്ക് warmth നല്‍കുവാനായി Cloudy, Shade തുടങ്ങിയ പ്രീസെറ്റ് മോഡുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
6. ഇത്രയുമൊക്കെ പറഞ്ഞെങ്കിലും ആത്യന്തികമായി ഒരു ഫോട്ടോയുടെ നിറവും മൂഡും നിശ്ചയിക്കേണ്ടത് ഫോട്ടോഗ്രാഫറാണ്. അതിന് ഏറ്റവും അനുയോജ്യമായ വൈറ്റ്ബാലന്‍സ് സെറ്റിംഗുകള്‍ ഉപയോഗിക്കുക.
ഇതേ വിഷയത്തില്‍ സപ്തവര്‍ണ്ണങ്ങള്‍ എഴുതിയ ഒരു പോസ്റ്റ് ഇവിടെ
ഫിലിം ഫോട്ടോഗ്രാഫിയില്‍ വൈറ്റ് ബാലസിന് തുല്യമായ കളര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അനുയോജ്യമായ ഫില്‍റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതുപോലെ Daylight flim, Tungsten film എന്നിങ്ങനെ രണ്ടുവിധത്തിലെ ഫിലിമുകളും ഉണ്ടായിരുന്നു. ടംഗ്‌സ്റ്റണ്‍ ലൈറ്റിന്റെ ഓറഞ്ച് / ചുവപ്പ് കളര്‍ കാസ്റ്റ് മാറ്റുവാനായി ഡേ ലൈറ്റ് ഫിലിമിനോടൊപ്പം 80A blue filter ആയിരുന്നു ഉപയോഗിച്ചിരുന്നത്. 85B filer ടംഗ്‌സ്റ്റണ്‍ ഫിലിമിനോടൊപ്പം, പകല്‍ വെളിച്ചത്തിന്റെ bluish cast കുറയ്ക്കുവാനായും ഉപയോഗിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വിക്കിപീഡിയ പേജ് കാണുക.
=======================
വാല്‍ക്കഷ്ണം:
യഥാര്‍ത്ഥ നിറങ്ങള്‍ ലഭിക്കുവാനായി വീഡിയോ ക്യാമറകളിലും വൈറ്റ് ബാലന്‍സ് സെറ്റു ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇനിയും ടിവി / അല്ലെങ്കില്‍ മറ്റു വീഡിയോകള്‍ കാണുമ്പോള്‍ അവയുടെ വൈറ്റ് ബാലന്‍സുകള്‍ നിരീക്ഷിക്കൂ. Skin tones, backgrounds തുടങ്ങിയവ യഥാര്‍ത്ഥ നിറങ്ങളുമായി എത്രമാത്രം അനുയോജ്യമായി സെറ്റു ചെയ്തിട്ടുണ്ട് എന്നു ശ്രദ്ധിക്കുക. ന്യൂസിനിടെ കാണിക്കുന്ന ക്ലിപ്പുകള്‍, സീരിയലുകള്‍, സിനിമകള്‍ തുടങ്ങിയവ നോക്കൂ.എന്തൊക്കെ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്?
======================
ഈ അദ്ധ്യായം തയ്യാറാക്കുന്നതിനായി റെഫര്‍ ചെയ്ത വെബ് പേജുകള്‍:
1. Introduction to white balance
2. White balance - Tuotorial
3. Understanding white balance
4. What is white balance?
5. Colour temperature - Wikipedia
38 comments:
വൈറ്റ് ബാലന്‍സിനെ പറ്റിയും, ഡിജിറ്റല്‍ ക്യാമറകളില്‍ അവയുടെ പ്രാധാന്യത്തെ പറ്റിയും ഉള്ള ഒരു പോസ്റ്റ്.
നന്ദി അപ്പു..നല്ല പോസ്റ്റ് എന്നു പറയേണ്ടല്ലോ..തുടരുക...
കൊള്ളാം അപ്പു, തുടരൂ... ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
ഇതുവരെയും ഓട്ടോ യിലാണ് എടുത്തിരുന്നത്.. ഏതായാലും അടുത്ത തവണ മറ്റു മോഡുകളില്‍ എടുത്തു നോക്കണം
qw_er_ty
ഒരു മാതിരി ഫോട്ടോകള്‍ കണ്ടാല്‍ ഇനി ഞാന്‍ വൈറ്റ് ബാലന്‍സിനെക്കുറിച്ച് സംസാരിച്ചുകൊള്ളാം. എല്ലാം എടുത്തു വയ്ക്കുന്നുണ്ട്.. ഒരു ക്യാമറ വാങ്ങിയിട്ടുവേണം പരീക്ഷിക്കാന്‍
വൈറ്റ് ബാലന്‍സിനെ കുറിച്ചുള്ള ലേഖനം നന്നായിട്ടുണ്ട്.
തുടരുക.
Thanks,
This post gives a lot of awareness about WB.
ഉപകാരപ്രദമായ ഒരു പോസ്റ്റ്...
നന്ദി..........
ഇതെന്നാ അപ്പുവേ,
ഇതുമൊത്തം കാണാതെ പഠിച്ച് ഇപ്പൊ ഒരുമാതിരി ഫോട്ടോ ഒക്കെ കണ്ടാല്‍ ദോഷം മാത്രമേ വായീന്നു വരൂ...
ദിപ്പൊ എന്തായാലും ഈ പാഠവും ഇഷ്ടപ്പെട്ടു, ഉണ്ണിമോളുടെ പടവും നന്നായി മനൂനേം നിര്‍ത്തി എടുക്കാമായിരുന്നു അതെങ്ങെനെയെ അല്ലേലും അപ്പന്‍മാര്‍ക്ക് പെണ്മക്കളോട് ഒരു പൊടിസ്നേഹം കൂടുതലുണ്ട്, ഇന്നിത്രേം പോരായോ മനൂന്റെ കയീന്ന് വഴക്കിന്?
നല്ല വിവരണം. വൈറ്റ്ബാലന്സ് മാറ്റി പരീക്ഷണങ്ങള് ഒന്നും നടത്തിയിട്ടില്ല. ഇനി നോക്കണം.
അപ്പുവേട്ടാ...
വൈറ്റ് ബാലന്‍സ് ഇടയ്ക്ക് കണ്‍ഫ്യൂസ് ചെയ്യിക്കാറുണ്ട്.ഇത്രയും നല്ല ഈ ലേഖനത്തിലൂടെ ഒരുപാടു കാര്യങ്ങള്‍ കൂടി പഠിച്ചു. നന്ദി.
:)
കാശുകാരനായി ഒരു ക്യാമറയൊക്കെ വാങ്ങിയിട്ടു വേണം ഈ ബാലന്‍സ് ഒക്കെ ഒന്നു നോക്കാന്‍..
പ്രിന്റഡ്.........
:)
നെക്സ്റ്റ് അദ്ധ്യായം പ്ലീസ്.
കുറെ ക്യാമറാ കമ്പിനിക്കളുടെ പേരാറിയാമെന്നാല്ലാതെ എനിക്ക് ഇതിനെകുറിച്ചൊന്നും വലിയ ഗ്രാഹിത ഇല്ല
എതായാലും അപ്പുവേട്ടന്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലൊഗ് ഞങ്ങളെ പോലുള്ളവര്‍ക്ക്
വലിയ അനുഗ്രഹമാണ്
വൈറ്റ് ബാലന്‍സിനെ പറ്റി ഒരുപാട് വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ അപ്പൂന് കഴിഞ്ഞിട്ടുണ്ട്. ഉദാഹരസഹിതം ഹൃദ്യമായി വിഷയം അവതരിപ്പിക്കുന്ന രീതിയാണ് എനിക്കേറ്റവും ഇഷ്ടം. എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും എപ്പോഴും അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയാറില്ല. എല്ലാ പോസ്റ്റുകളും ഇഷ്ടമാകാറുണ്ട്. ഇതും ഇഷ്ടമായി.
ഓഫ്: ഒരോ തവണയും ഇവിടെ എത്തുമ്പോള്‍ മനസ്സില്‍ തോന്നും, ഒരു നല്ല ക്യാമറ (slr) വാങ്ങണം എന്ന്. അത് ഇപ്പോഴും പൂര്‍ത്തിയാവാത്ത അഭിലാഷങ്ങളില്‍ ഒന്നായി അവശേഷിക്കുകയാണ്.
ഈശ്വരാ, ഇതൊക്കെ ഇനി എപ്പൊ ഇരുന്ന് വായിക്കാനാ? വായിച്ചാലും തലേല്‍ കേറുമോ എന്തൊ?
വൈറ്റ് ബാലന്‍സിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉച്ച സമയത്ത് ഞാന്‍ ടങ്‌സ്റ്റണ്‍ സെറ്റിങ്ങ്‌സില്‍ പടം എടുത്തപ്പോള്‍ ആകാശം നല്ല നീലയായി കിട്ടിയിരുന്നു. ഈ പോസ്റ്റുകൂടി വായിച്ചപ്പോള്‍ അതിന്റെ സാങ്കേതികത്വം കൂടി മനസ്സിലായി.
നന്ദി അപ്പു
excellent article.
RAW മോഡില്‍ ചിത്രങ്ങളെടുത്ത ശേഷം RAW സോഫ്റ്റ്വെയര്‍ വഴി (ഫോട്ടോഷോപ്പ് വഴി അല്ല) വൈറ്റ് ബാലന്‍സില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് രസം. (എളുപ്പവും)
Hi Hoze, can you tell us more about the RAW software you mentioned above?
EOS 350D യ്ക്കൊപ്പം ലഭിക്കുന്ന സോഫ്റ്റ് വെയര്‍ :
canon utilities ‘RAW image task‘
അപ്പൂ ഹോസേന്ന് ഒക്കെ കണ്ടു ആകെ കണ്‍ഫ്യൂഷന്‍ അടിച്ചെന്ന് തോന്നുന്നല്ലൊ അതു നമ്മുടെ ജോസ് തന്നെ,സ്ലൂബി ജോസ്! അദ്ദേഹം പേര് ഒറിജിനല്‍ ഭാഷയില്‍ എഴുതീന്ന് മാത്രം (സ്പാനിഷില്‍):)
ങ്ഹേ !!!!!
അങ്ങേരെന്നാ എസ്.പി. ആയേ...?
അതു പോട്ടെ നിങ്ങളാരാ ഫോട്ടോഗ്രാഫറേ... മനസിലായില്ലല്ലൊ ... :)
ഓടോ : അപ്പൂ ഇത്തവണയും പോസ്റ്റ് വളരെ ലളിതം, സുന്ദരം.
അപ്പുമാഷ്, കാഴ്ചയ്ക്കിപ്പുറം അങ്ങനെ എളുപ്പത്തില്‍ വായിച്ചു വിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നീട്ടിവെച്ച് നീട്ടി വെച്ച് കുറേ നാളായിപ്പോയി. ഈ പോസ്റ്റ് വഴി വൈറ്റ് ബാലന്‍സുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങള്‍ മാറിക്കിട്ടി. മറ്റൊന്ന് ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്ക് ഫോട്ടോ എടുക്കുന്നതും വെറുതേ ഒരു ഐഡിയ വെച്ച് വൈറ്റ് ബാലന്‍സ് ചെയ്ത് ഫോട്ടോ എടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് - ഫോട്ടോ എടുക്കുന്നത് ആസ്വദിക്കാന്‍ പറ്റുന്നുണ്ട് എന്നുതന്നെ. (മീറ്ററിംഗ്, ഐ. എസ്. ഓ പോസ്റ്റുകള്‍ തന്ന അറിവ് ഒക്കെ ഉദാഹരണം. )
ഈ പോസ്റ്റുമായി ബന്ധമുള്ളതല്ല, എങ്കിലും ഒരു സംശയം ചോദിക്കാന്‍ ഉണ്ടായിരുന്നു.
നിക്കോണ്‍ ഡി. 40 എക്സിന്റെ മാനുവലില്‍ റിമോട്ട് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതിനെപ്പറ്റി പറയുന്നിടത്ത് റിമോട്ട്/സെല്‍ഫ് ടൈമര്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ വ്യൂ ഫൈന്‍ഡര്‍ അതിന്റെ ക്യാപ്പ് വെച്ച് അടച്ചിടാന്‍ പറയുന്നുണ്ട്. വെളിച്ചം ഉള്ളില്‍ കയറി എക്സ്പോഷറിനെ ബാധിക്കാതിരിക്കാനാണിതെന്നു പറയുന്നു. ലെന്‍സ് വഴിയല്ലാതെ ക്യാമറയുടെ ഉള്ളില്‍ വെളിച്ചം കയറുമോ ? വ്യൂ ഫൈന്‍ഡര്‍ വഴി കയറിയാല്‍ തന്നെ അത് എക്സ്പോഷറിനെ ബാധിക്കുമോ ?
ശ്രീലാലിന്റെ ചോദ്യത്തിനുള്ള ഉത്തരം:
ക്യാമറയുടെ ലെന്‍സില്‍ക്കൂടി കടന്നുവരുന്നലൈറ്റ് ഫ്ലിപ് മിററില്‍ വീഴുകയും, അവിടെനിന്ന് വ്യൂ ഫൈന്ററിലെ പെന്റാ പ്രിസത്തിലേക്ക് വരുകയുമാണ് ചെയ്യുന്നതെന്ന് അറിയാമല്ലോ. ക്യാമറയുടെ എക്സ്പോഷര്‍, മീറ്ററിംഗ് മെഷര്‍മെന്റുകളെല്ലാം നടക്കുന്നത് ഈ ഏരിയയിലാണ് - പെന്റാ പ്രിസത്തിന്റെ തുടക്കത്തില്‍. ക്യാമറയുടെ വ്യൂഫൈന്ററ് തുറന്നിരിക്കുന്ന അവസരങ്ങളില്‍ (ഫോട്ടോഗ്രാഫര്‍ അതിലൂടെ നോക്കാത്ത), പ്രകാശം വ്യൂഫൈന്ററില്‍കൂടി ഉള്ളില്‍കടക്കുകയും, ഈ ലൈറ്റ് മെഷര്‍മെറ്റ് ഭാഗങ്ങളില്‍ എത്തുകയുംചെയ്യും. ഇങ്ങനെ എത്തുന്ന ലൈറ്റ് ക്യാമറയെ തെറ്റിദ്ധരിപ്പിച്ച് എക്സ്പോഷറിലും മീറ്ററിങ്ങിലും വ്യത്യാസങ്ങള്‍ വരുത്തിവയ്ക്കാതിരിക്കുവാനാണ് ഈ അവസ്സരങ്ങളില്‍ വ്യൂഫൈന്റര്‍ അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നത്.
പ്രശ്ന് കാ ജവാബ് കേലിയെ ധന്യവാദ് അപ്പൂസ് :)
ചില പഴയ കല്യാണ വീഡിയോയില്‍ ഒക്കെ കാണാം ആളുകളെല്ലാം മഞ്ഞനിറത്തില്‍. വൈറ്റ് ബാലന്‍ ശരിയല്ലാത്തതാണ് പ്രശ്നം അല്ലെ.
അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.
മാഷെവിടെപോയി???പുതിയ പോസ്റ്റെവിടെ?
ഫോട്ടോഗ്രാഫിയെപ്പറ്റി ലളിതമായും രസകരമായും പ്രതിപാദിയ്ക്കുന്ന ഈ ബ്ലോഗ് വളരെ വിജ്ഞാനപ്രദമാണ്.
ഞാന്‍ ഇത് ശ്രദ്ധിയ്ക്കുന്നത് ഇപ്പോളാണ്.
ഇനി തുടര്‍ച്ചയായി വായിയ്ക്കണം.
അപ്പുവിന് അഭിനന്ദനങ്ങള്‍!
it's ok
ഷിബുവേട്ടാ
എനിക്കൊരു ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ ആഗ്രഹം.ഏത് വാങ്ങണം എന്നൊന്നു പറഞ്ഞു തരാമോ കുറഞ്ഞ ബഡ്ജറ്റില്‍ വേണം,
ഇന്നാണു ഈ ബ്ലോഗില്‍ വന്നതു. ഒറ്റ ഇരുപ്പിനൂ കുറെ വായിച്ചൂ. very informative. keep writing pls. waiting for the next one.
നല്ല പോസ്റ്റ്
വളരെ നന്ദി അപ്പു.
വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്.
white balance techniques ഉപയോഗിച്ച് ഞാനും ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സമയം കിട്ടിയാല്‍ ഇവിടെ ഒന്ന് വിസിറ്റ് ചെയ്യുമല്ലൊ.
എന്റെ ഒരുപാട് സംശയങ്ങള്‍ക്കുള്ള മറുപടികളാണ് ഈ ബ്ലോഗ് തന്നു കൊണ്ടിരിക്കുന്നത്. നന്ദി പറഞ്ഞാല്‍ തീരില്ല..
ഫോട്ടോഷോപ്പില്‍ എങ്ങനെയാണ് RAW files എഡിറ്റ് ചെയ്യുന്നത് ? സാധാരണ രീതിയില്‍ ഉള്ള ഇമേജ് എഡിറ്റിംഗ് ( Menu> Image> Adjustments)) തന്നെ ആണോ ഉപയോഗിക്കേണ്ടത് ? അതോ RAW files ചെയ്യാനായി വേറെ ഓപ്ഷന്‍ ഉണ്ടോ ?
ഒരു സംശയം കൂടി .. ചുവപ്പ് ടോണ്‍ കൂടുതല്‍ ഉള്ള ചിത്രങ്ങളെ warm pictures എന്ന് വിളികുന്നത് ശരിയാണോ ? ചിലര്‍ അങ്ങനെ വിളിക്കുന്നത് കേട്ടിരുന്നു..
ഷമ്മീ, എല്ലാ പോസ്റ്റുകളും വായിക്കുന്നു എന്നുകാണുന്നതില്‍ സന്തോഷം.
ശരിയാണ് ചുവപ്പുകൂടുതലുള്ള ചിത്രങ്ങളെ വാം എന്നും നീലവര്‍ണ്ണം കൂടുതലുള്ളവയെ കൂള്‍ എന്നുമാണ് പറയുന്നത്. വൈറ്റ് ബാലന്‍സ് എന്ന ഈ ചാപ്റ്ററില്‍ ഇവയുടെ കളര്‍ ടെമ്പറേച്ചറിന്റെപ്പറ്റി പറഞ്ഞിരുന്നത് ഓര്‍ക്കുമല്ലോ.
ഷമ്മീ, ക്യാമറ RAW ഫയലുകള്‍ ഫൊട്ടോഷോപ്പ് ഉപയോഗിച്ച് പ്രോസസ് ചെയ്യുന്നതിന് CS2 വേര്‍ഷനില്‍ ഒരു പ്ലഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. നിക്കോണ്‍, ക്യാനന്‍ ബേസിക് ക്യാമറകളുറ്റെ റോ ഫയലുകളെല്ലാം ഇങ്ങനെ പ്രോസസ് ചെയ്യാം. എന്നാല്‍ ക്യാനന്‍ 40ഡി മുതല്‍ മുകളിലെക്കുള്ളവയുടെ റോ ഫയലുകള്‍ ഇപ്രകാരം പ്രോസസ് ചെയ്യാനാവില്ല. അഡോബ് ലൈറ്റ് റൂം നല്ല ഒരു സോഫ്റ്റ്വെയറാണ്.
താങ്കളുടെ ഈ ബ്ലോഗ് (ഫോട്ടോഗ്രഫി പഠന ക്ലാസ്സ് )എനിക്ക് വളരെയേറെ ഉപകാരപ്പെട്ടു എന്‍റെ കയ്യില്‍ SLR ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാന്‍ പഠിച്ചത് താങ്കളുടെ ക്ലാസ്സിലൂടെയാണ് പക്ഷെ കുറേ നാളുകളായി പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല എന്തുപറ്റി 00966551458699
Cool color alle blue ?? kelvin koodumbool color temp kurayukayanoo ? Wikipedia link nokiypole thoniaya doubt anu http://www.westinghouselighting.com/color-temperature.aspx
informative one.Good topic
Post a Comment