ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Wednesday, April 28, 2010

ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ

DSLR Photography for beginners : Part 1

കുറേനാളുകളായി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചിരുന്ന എന്റെ ചില സുഹൃത്തുക്കൾ ഈയിടെ എസ്.എൽ.ആർ ക്യാമറകൾ വാങ്ങി എസ്.എൽ.ആർ "ക്ലബ്ബിൽ" അംഗങ്ങളായിട്ടുണ്ട്! ചിലരൊക്കെ വായിച്ചും പഠിച്ചും ഉപയോഗിച്ചും അത്യാവശ്യം ഉപയോഗക്രമങ്ങളൊക്കെ മനസ്സിലാക്കി ഈ പുതിയ യന്ത്രം കൈയ്യിലെടുത്തവരായിരുന്നുവെങ്കിലും മറ്റുചിലർ ഇതിനെപ്പറ്റി അത്രവലിയ അറിവില്ലാതെ പല ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. കഴിവതും എല്ലാ ചോദ്യങ്ങൾക്കും ഞാൻ എഴുത്തുകളിൽക്കൂടി മറുപടി നൽകാറുണ്ടെങ്കിലും അവർ ചോദിച്ച ചോദ്യങ്ങളെല്ലാം കൂടി ഒന്നു രണ്ടു പോസ്റ്റുകളായി പ്രസിദ്ധീകരിച്ചാൽ ഇനിയും ഈ മേഖലയിലേക്ക് വരുന്നവർക്ക് പ്രയോജനകരമാകുമല്ലോ എന്ന ചിന്തയാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.

SLR Photography for Beginers - പേരു സൂചിപ്പിക്കുന്നതുപോലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കുന്നത്. സാങ്കേതിക കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വലിയ വിവരണങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത്. അതുകൊണ്ട് Advanced SLR users നു പ്രയോജനകരമായ വിവരങ്ങളൊന്നും ഈ പോസ്റ്റിൽ കണ്ടെന്നു വരികയില്ല. എങ്കിലും അവരോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. ഈ പോസ്റ്റിൽ എഴുതാൻ വിട്ടുപോയതും എന്നാൽ തുടക്കക്കാർക്ക് പ്രയോജനകരമായതുമായ എന്തെങ്കിലും വിവരങ്ങൾ നിങ്ങൾ കാണുന്നുവെങ്കിൽ ദയവായി ഇവിടെ കമന്റിൽ അത് എഴുതുക. ആ വിവരങ്ങളും ചേർത്ത് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഈ പോസ്റ്റിൽ “ഏതു ക്യാമറയാണ് നല്ലത്? പോയിന്റ് ആന്റ് ഷൂട്ട് വാങ്ങണോ, എസ്.എൽ.ആർ വാങ്ങണോ, അതോ ഒരു ബ്രിഡ്ജ് ക്യാമറ മതിയോ? ഏതു ബ്രാന്റാണ് നല്ലത്, ഓഫറുകൾ ഉള്ളത് വാങ്ങണോ, അതോ ഓഫറുകൾ ഇല്ലാത്തതു വാങ്ങണോ” തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കെത്താവുന്ന വിവരങ്ങളും, രണ്ടാം ഭാഗത്ത് ഒരു എൻ‌ട്രി ലെവൽ SLR ഉപയോഗിച്ച് ഫോട്ടോയെടുക്കാനുള്ള അടിസ്ഥാനപാഠങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

1. ഒരു ക്യാമറ വാങ്ങണം. ഏതാണ് നല്ലത്?

എനിക്ക് ഏറ്റവും കൂടുതൽ തവണ ഉത്തരം പറയേണ്ടിവന്നിട്ടുള്ള ചോദ്യമാണിത്; ഒപ്പം ഉത്തരം പറയുവാൻ ഏറ്റവും ബുദ്ധിമുട്ടിയിട്ടുള്ളതും! കാരണങ്ങൾ പലതാണ്. ഒന്നാമത് മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാ ക്യാമറകളും കാണുവാനോ ഉപയോഗിച്ചു നോക്കുവാനോ സാധിക്കാറില്ല എന്നതു തന്നെ.  ഇത് ഒരു ജനറലായ ചോദ്യമാണെന്നതും, ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളെ മാത്രം ആശ്രയിച്ച് ഒരു തീരുമാനത്തിലെത്താവുന്ന കാര്യമല്ല എന്നതുമാണ്  എറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ മൂന്നുവിഭാഗം ആളുകളെ കാണാം. ആദ്യത്തെ വിഭാഗം കുറഞ്ഞ ബഡ്ജറ്റ് ഉള്ളവരാണ്. അവർക്ക് അതുകൊണ്ട്തന്നെ ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ മാത്രമേ വാങ്ങാനാവുന്നുള്ളൂ. അതിൽ നല്ലതേതാണ് എന്നാണു ചോദ്യം. രണ്ടാമത്തെ വിഭാഗത്തിനു ബഡ്ജറ്റ് വലിയ പ്രശ്നമല്ല. നല്ലൊരു ക്യാമറവേണം എന്നേയുള്ളൂ. നല്ല ചിത്രങ്ങൾ കിട്ടണം. പക്ഷേ മെനക്കെട്ട് ക്യാമറ ഉപയോഗങ്ങൾ പഠിക്കാനോ ഫോട്ടോഗ്രഫിക്കു പിന്നിൽ സമയം കളയാനോ തൽക്കാലം മനസ്സില്ല (ഇക്കൂട്ടരെ പതിയെ ശരിയാക്കിയെടുക്കാൻ സാധിക്കും)! മൂന്നാമത്തെ വിഭാഗം ഫോട്ടോഗ്രാഫിയെ വളരെ താല്പര്യമായി ഇഷ്ടപ്പെടുന്ന കൂട്ടരാണ്. Enthusiast എന്നോ hobbyist എന്നോ ഒക്കെ വിളിക്കാം. ചിലരൊക്കെ professional ലെവലിൽ ആവാൻ കഴിവുള്ളവരുമാണ്‌. DSLR ക്യാമറ വാങ്ങാനാണ് ഇവരുടെ ആഗ്രഹം. ഏതു ബ്രാന്റാണു നല്ലത് എന്നും, അതിൽ തന്നെ ഏതു മോഡലാണ് എടുക്കേണ്ടതെന്നും ആണ് ഇവർക്കറിയേണ്ടത്.

ക്യാമറ വാങ്ങാൻ ഒരുങ്ങുന്നതിനു മുമ്പ് ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ എന്തുദ്ദേശത്തിനാണ് ഈ ക്യാമറ വാങ്ങുന്നത് എന്ന് സ്വയം അവലോകനം ചെയ്യുക എന്നതാണ്. അതോടൊപ്പം അതിനുവേണ്ടി ചെലവാക്കാനാവുന്ന ബഡ്ജറ്റും ഏകദേശം മനസ്സിൽ വയ്ക്കുക. പോക്കറ്റിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന ഒരുക്യാമറയാണ് വേണ്ടത്, അത്യാവശ്യം ഏതു സന്ദർഭത്തിലും ഫോട്ടോയെടുക്കണം എന്നതാണ് ഉദ്ദേശമെങ്കിൽ സംശയിക്കാനൊന്നുമില്ല, സ്ലിം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറതന്നെയാണ് നിങ്ങൾ വാങ്ങേണ്ടത്. കാരണം ഇവിടെ ഫോട്ടോയുടെ ക്വാളിറ്റിയേക്കാൾ കൊണ്ടുനടക്കാനുള്ള സൌകര്യത്തിനാണ് മുൻ‌ഗണന. നേരെമറിച്ച് ഫോട്ടോ ക്വാളിറ്റിയെ നിങ്ങൾ അത്യധികം വിലമതിക്കുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്യാമറയെ നിയന്ത്രിച്ച് വ്യത്യസ്തങ്ങളായ ഏതു സാഹചര്യങ്ങളിലും ചിത്രം എടുക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് വേണ്ടത് ഒരു DSLR ക്യാമറയാണ്. മാക്രോഫോട്ടൊഗ്രാഫി മുതൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി വരെ ചെയ്യാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഏതെങ്കിലും DSLR ക്യാമറ മാത്രം പോരാ, ഓരോ സാഹചര്യങ്ങൾക്കും അനുസൃതമായ ലെൻസുകൾ നല്ല ക്വാളിറ്റിയിലും റെയ്ഞ്ചിലും ലഭിക്കുന്ന ബ്രാന്റുകൾ തന്നെ നോക്കി വാങ്ങണം.മാത്രവുമല്ല, ഈ DSLR മോഡലുകളിലെ mid/high range മോഡലുകൾ തന്നെ വാങ്ങേണ്ടിയും വരും. നിങ്ങൾ ധാരാളം വിനോദയാത്രകൾ പോകുന്ന ആളാണ് അക്കൂട്ടത്തിൽ നല്ല ചിത്രങ്ങൾ എടുക്കുവാനും ആഗ്രഹമുണ്ടെങ്കിൽ ഒരു DSLR ക്യാമറയും "ട്രാവൽ ലെൻസും" മതിയാവും. ചിത്രത്തിന്റെ ക്വാളിറ്റിയിൽ വലിയ നോട്ടമില്ല, തിരിച്ചെത്തി 6x4 അല്ലെങ്കിൽ 5x7  പ്രിന്റ് എടുത്ത് ഭിത്തിയിൽ പതിക്കുക എന്നതുമാത്രമാണ് ഉദ്ദേശമെങ്കിൽ നല്ല ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും ഈ ആവശ്യത്തിന് ധാരാളം മതി.  ചുരുക്കത്തിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കും, ഇഷ്ടങ്ങൾക്കും, ഉപയോഗിക്കേണ്ട സന്ദർഭങ്ങൾക്കും അനുസരിച്ചാണ് ക്യാമറ തെരഞ്ഞെടുക്കേണ്ടത്.

2. ക്യാമറയുടെ ക്വാളിറ്റി - എന്തൊക്കെ ശ്രദ്ധിക്കണം?

മാർക്കറ്റിൽ ഇന്നു ലഭ്യമായ ബ്രാന്റുകൾ - Sony, Canon, Nikon, Panasonic, Olympus, Casio, Fuji etc.etc.. - ആരും തന്നെ മോശക്കാരല്ല. ആണെങ്കിൽ ഇത്രയും Competitive ആയ ഒരു മാർക്കറ്റിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആവില്ല. അതുകൊണ്ട് ഓരോ ക്യാമറകമ്പനിയും അവരുടെ എതിരാളികളെക്കാൾ ഒരു പടി മെച്ചമായതും സാധ്യമായതുമായ സൌകര്യങ്ങൾ ഓരോ മോഡലിന്റെയും സ്പെസിഫിക്കേഷനുകൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാറുണ്ട്. ഒരേ സമയം തന്നെ വിവിധ റെയ്ഞ്ചിലുള്ള മോഡലുകൾ മാർക്കറ്റിൽ ഇറക്കാറും ഉണ്ട്.  എങ്കിലും ഓരോ ബ്രാന്റിനും (പ്രത്യേകിച്ച് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിൽ) അതിന്റേതുമാത്രമായ ചില ഗുണമേന്മകളും ഉണ്ട്. ചില ബ്രാന്റുകൾക്കുള്ളിൽ തന്നെ ഒരു ക്യാമറമോഡൽ മറ്റൊന്നിനേക്കാൾ മെച്ചമായ ചിത്രങ്ങൾ തന്നു എന്നും വരാം. ഇത് പ്രധാനമായും ആ ക്യാമറയുടെ സെൻസർ, ലെൻസ്, ക്യാമറയുടെ സോഫ്റ്റ്വെയർ കഴിവുകൾ ഇവയെ ആശ്രയിച്ചാണിരിക്കുന്നത്.

ക്യാ‍മറയുടെ ഗുണനിലവാരം മനസ്സിലാക്കുവാനുള്ള നല്ല വഴി ഇന്റർനെറ്റിൽ ലഭ്യമായ അവലോകനങ്ങൾ നോക്കുക എന്നതാണ്. ചില റിവ്യൂകൾ കുറച്ചു പക്ഷഭേദങ്ങൾ കാണിച്ചേക്കാം. അതിനാൽ നല്ല റിവ്യൂകൾ മാത്രം വായിച്ചു നോക്കുക. അത്തരത്തിൽ നല്ല റിവ്യൂ ലഭ്യമായ ഒരു സൈറ്റ് ആണ് www.dpreview.com അതുപോലെ നിങ്ങൾക്ക് പരിചയമുള്ളവർ നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന മോഡൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരോടും ചോദിച്ച് മനസ്സിലാക്കുക. ഫുൾ സൈസിലുള്ള ചിത്രങ്ങൾ വാങ്ങി നോക്കാം - പകൽ വെളിച്ചത്തിൽ എടുത്തതും വ്യത്യസ്ത സാഹചര്യങ്ങളിൽ എടുത്തതുമായ ചിത്രങ്ങൾ അവരുടെ കൈയ്യിൽ നിന്ന് വാങ്ങി, ചിത്രത്തിന്റെ ഫുൾ സൈസിൽ (100%) കമ്പ്യൂട്ടർ കണ്ടുനോക്കുക. ഫുൾ സ്ക്രീൻ വ്യൂ അല്ല 100% വ്യൂ എന്നുപറയുന്നത് എന്നറിയാമല്ലോ? കഴിവതും ഇൻഡോർ ചിത്രങ്ങൾ താരത‌മ്യം ചെയ്യാതിരിക്കുക.

DSLR ലോകത്തേക്ക് വരുമ്പോൾ സ്ഥിതി അല്പം വ്യത്യസ്തമാണ്. നിക്കോൺ, കാനൻ എന്നീ രണ്ടു ബ്രാന്റുകൾക്കാണ് പ്രിയം കൂടുതൽ, പ്രത്യേകിച്ചും ഏഷ്യൻ - യൂറോപ്യൻ രാജ്യങ്ങളിൽ. ഇവതമ്മിൽ ഏതാണ് നല്ലതെന്നു ചോദിച്ചാൽ ഉത്തരം പറയാൻ കുഴഞ്ഞുപോകും! നിക്കോൺ ഉപയോഗിക്കുന്നവർ നിക്കോൺ ആണു നല്ലതെന്നും, കാനൻ ഉപയോഗിക്കുന്നവർ കാനൻ ആണു നല്ലതെന്നും പറയും. ചുരുക്കത്തിൽ രണ്ടും ഒന്നുപോലെ നല്ലതാണ് എന്നു സാരം. രണ്ടു കൂട്ടരും ക്യാമറ നിർമ്മാണ രംഗത്ത് അനേക വർഷത്തെ പരിചയമുള്ളവരും ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിശ്വസിക്കാവുന്നവരും ആണ്. രണ്ടുകൂട്ടരും ലെൻസ് നിർമ്മാണത്തിലും അതിവിദഗ്ദ്ധർ!  സത്യത്തിൽ DSLR ഫീൽഡിൽ, മോഡലുകളും ബ്രാന്റുകളും തമ്മിലുള്ള വ്യത്യാ‍സം, അവനൽകുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തേക്കാളധികം  ക്യാമറയുടെ ഫീച്ചറുകളിൽ ആണ്. കുറച്ചു നാൾ മുമ്പ് വരെ CCD, CMOS ഈ രണ്ടു വിധത്തിലുള്ള സെൻസറുകളും DSLR ക്യാമറകളിൽ ലഭ്യമായിരുന്നു. അവയിൽ CCD സെൻസറുകൾ CMOS സെൻസറുകളേക്കാൾ കുറച്ചുകൂടി “crisp" ആയ ചിത്രങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന DSLR ക്യാമറകൾ എല്ലാം തന്നെ CMOS ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. സി-മോസ് ടെക്നോളജിയും നല്ല ഡിജിറ്റൽ ചിത്രങ്ങൾ നൽകുന്നതിനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞു. അതിനാൽ ആ രീതിയിലുള്ള ഒരു താരത‌മ്യത്തിനു ഇപ്പോൾ പ്രസക്തിയില്ല.

മറ്റൊരു പ്രധാന കാര്യം ഈ രണ്ടു ബ്രാന്റുകൾ തമ്മിൽ താരത‌മ്യം ചെയ്യുമ്പോൾ മനസ്സിൽ വയ്ക്കേണ്ടത് ലെൻസുകളുടെ റെയ്ഞ്ച് ആണ്. നിങ്ങൾ DSLR ഫോട്ടോഗ്രാഫി നല്ലവണ്ണം മെച്ചമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിൽ പല റേയ്ഞ്ചിലുള്ള ലെൻസുകൾ വാങ്ങേണ്ടിവരും . കാനൻ കമ്പനിക്ക് സ്വന്തമായി ഒട്ടനവധി റെയ്ഞ്ചുകളിലുള്ള (വിലമാത്രമല്ല, ഫോക്കൽ ലെങ്ത് റെയ്ഞ്ചിന്റെ കാര്യമാണ് ഇവിടെ പറയുന്നത്) ലെൻസുകൾ ഉണ്ട്. അവയിൽ തന്നെ ക്വാളിറ്റി കൂടിയതും കുറഞ്ഞതും. ഉദാഹരണത്തിന് കാനന്റെ L-series ലെൻസുകൾ   വിലപിടിപ്പുള്ളവയും ഒപ്പം അതിമനോഹരമായ ചിത്രങ്ങൾ നൽകുന്നകാര്യത്തിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നവയുമാണ്. High-end നിക്കോൺ ലെൻസുകളും ഒട്ടും മോശമല്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ. പക്ഷേ,  വിലകൾ തമ്മിൽ താരത‌മ്യം ചെയ്യുമ്പോൾ നിക്കോൺ ലെൻസുകൾ പൊതുവേ വിലക്കൂടുതൽ ഉള്ളതാണ്. ഇവിടെ നോക്കൂ. ലെൻസുകളിൽ തന്നെ എൻ‌ട്രീ ലെവൽ, പ്രൊഫഷനൽ ഗ്രേഡ് എന്നിങ്ങനെയും വിഭാഗങ്ങൾ കാണാം. അപ്പോൾ കൂടുതൽ ലെൻസുകൾ വാങ്ങി ഭാവിയിൽ ഫോട്ടോഗ്രാഫി വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബ്രാന്റുകൾ തെരഞ്ഞെടുക്കുമ്പോൾ ഇപ്പോഴേ അത് മനസ്സിൽ കരുതിവേണം വാങ്ങാൻ. ക്യാമറ ബ്രാന്റുകളുടെ സ്വന്തം ലെൻസുകൾ കൂടാതെ അവയുമായി compatible ആയ തേഡ് പാർട്ടി ലെൻസുകളും മാർക്കറ്റിൽ ലഭ്യമാണ് - ഉദാഹരണം Sigma, Tamaron etc.

DSLR ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് അവയിൽ entry level, mid range, high end എന്നിങ്ങനെ മുന്നു വ്യത്യസ്ത ശ്രേണികളിൽ മോഡലുകൾ ഉണ്ടെന്നതാണ്. എൻ‌ട്രി ലെവൽ പേരു സൂചിപ്പിക്കുന്നതുപോലെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഒരു DSLR ക്യാമറ മാർക്കറ്റിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിൽ ഉണ്ടാക്കിയിരിക്കുന്ന ക്യാമറകളാണ്. മിഡ് റേയ്ഞ്ച് കുറച്ചൂ കൂടി സീരിയസായി ചിന്തിക്കുന്നവരെ ഉദ്ദേശിച്ചാണ്. മിഡ് റെയ്ഞ്ച് ക്യാമറകളുടെയും എൻ‌ട്രിലെവൽ ക്യാമറകളുടെയും സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ അവയുടെ സെൻസർ, മെഗാപിക്സൽ കൌണ്ട് ഇവയിലൊന്നും വലിയ വ്യത്യാസം ഉണ്ടാവില്ല. പകരം അവതമ്മിലുള്ള വ്യത്യാസം അവയുടെ നിർമ്മാണത്തിലാണ്. മിഡ് റെയ്ഞ്ച് ക്യാമറകൾ കുറച്ചുകൂടി ഉറപ്പുള്ള ബോഡി, rugged design, more water-proof, auto sensor cleaning തുടങ്ങിയ കാര്യങ്ങൾ നൽകും. എൻ‌ട്രിലെവൽ ക്യാമറകൾ വളരെ ഒതുങ്ങിയും “പ്ലാസ്റ്റിക്’ പോലെയും തോന്നുമ്പോൾ മിഡ് റേയ്ഞ്ച് മുതലുള്ളവ കൂടുതൽ ഉറപ്പുള്ളവായി തോന്നുന്നു. എൻ‌ട്രിലെവൽ ക്യാമറകൾ അവയുടെ പല സംവിധാനങ്ങളും മെനുവിൽ ഒതുക്കി വച്ചിരിക്കുമ്പോൾ മിഡ് റേയ്ഞ്ചിലും ഹൈ എന്റിലും ഈ കണ്ട്രോളുകൾക്ക് സ്വന്തമായ ബട്ടണുകൾ ക്യാമറ ബോഡിയിൽ തന്നെ ഉണ്ടാവും. കൂടുതൽ മാനുവലായ അഡ്ജസ്റ്റ്മെന്റുകളും മിഡ്-ഹൈ റേയ്ഞ്ചുകളിൽ സാധ്യമായിരിക്കും. ഒരു ബേസിക് മോഡൽ കാറും ലക്ഷ്വറി കാറും തമ്മിലുള്ള വ്യത്യാസം പോലെ ഇതു മനസ്സിലാക്കുക. രണ്ടും കാറുകൾ തന്നെ, യാത്രപോകുകയാണ് പ്രഥമ ലക്ഷ്യം. പക്ഷേ ഒന്ന് മറ്റേതിനേക്കാൾ പലകാര്യങ്ങളിലും എഫിഷ്യൻസി കൂടിയതാണ്.  ഇത്രയൊക്കെയാണ് DSLR ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

3. Point & Shoot ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ഇതിനുമുമ്പുള്ള ഉത്തരം വായിച്ചു കഴിഞ്ഞപ്പോൾ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ മോശമാണ് എന്നാണ് ഇവിടെ പറഞ്ഞുവയ്ക്കുന്നത് എന്ന്. ഒരിക്കലുമല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചും നല്ല ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും. ഒരു ഫോട്ടോഗ്രാഫിന്റെ ഭംഗിയുടെ 75% എങ്കിലും അതിന്റെ കോമ്പോസിഷനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ബാക്കി 25% മാത്രമാണ് പലപ്പോഴും ടെക്നിക്കൽ കാര്യങ്ങളെ ആശ്രയിച്ച് ശരിയാക്കാനാവുന്നത്. ഭംഗിയായി ഫ്രെയിം കമ്പോസ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചും നല്ല ചിത്രങ്ങൾ എടുക്കാം. ലാന്റ്സ്കേപ്സ്, ക്ലോസ് അപ് ചിത്രങ്ങൾ, ഡേ ലൈറ്റിൽ എടുക്കുന്ന മറ്റു ചിത്രങ്ങൾ ഇവയൊക്കെ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ച് ഭംഗിയായി എടുക്കുവാൻ സാധിക്കും. എടുക്കുന്ന ചിത്രങ്ങൾ സാധാരണ കമ്പ്യൂട്ടർ സ്ക്രീനിൽ കാണുമ്പോഴോ സാധാരണ സൈസുകളിൽ പ്രിന്റ് ചെയ്യുമ്പോഴോ DSLR ചിത്രങ്ങളൂം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാവുകയുമില്ല. പക്ഷേ ഒരു കാര്യം ഓർക്കുക - ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയ്ക്കും ഒരു DSLR ക്വാളിറ്റിയിലുള്ള ചിത്രം നൽകാനാവില്ല. അതിനു കാരണം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ അത്തരം ചിത്രങ്ങൾ നൽകുവാനായി നിർമ്മിച്ചിരിക്കുന്ന ഒരു ഉപകരണമല്ല എന്നതിനാലാണ്.

ലൈറ്റിന്റെ നിയന്ത്രണം മാനുവലായി ചെയ്യേണ്ട അവസരങ്ങൾ, ഫോക്കസിംഗ് മാനുവലായി ചെയ്യേണ്ട അവസരങ്ങൾ, ദീർഘമായി ഷട്ടർ തുറന്നുവച്ച് ഫോട്ടോയെടുക്കേണ്ട സാഹചര്യങ്ങൾ, ഹൈ സ്പീഡ് ഫോട്ടോഗ്രാഫി,  നല്ല ഗുണനിലവാരമുള്ള ഫോട്ടോകൾ എടുക്കേണ്ടിവരുമ്പോൾ - ഈ സാഹചര്യങ്ങളിലൊന്നും ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ അനുയോജ്യമല്ല. അതേസമയം വളരെ സൗകര്യമായി കൊണ്ടുനടക്കുവാനും  മോശമല്ലാത്ത ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുവാനും ഈ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളോളം സൗകര്യപ്രദമായ ഒന്നല്ല SLR എന്നതും ഓര്‍ക്കുക.

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ ഒന്നു രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കാം. ഒന്ന് അതിന്റെ ഓപ്റ്റിക്കൽ സൂം (ഡിജിറ്റൽ സൂം അല്ല) പരമാവധി എത്രനമ്പർ കിട്ടുന്ന മോഡലാണോ നിങ്ങളുടെ ബജറ്റിൽ ഉള്ളത് അത് വാങ്ങുക. ഒപ്ടിക്കല്‍ സൂം എത്ര കൂടുന്നോ അതിനു അനുസരിച്ച് ദൂരെയുള്ള വസ്തുക്കളുടെ ചിത്രം എടുക്കാനും സാധിക്കും.   സാധാരണയായി 3X, 4X, 5X വരെയൊക്കെ അവ ലഭ്യമാണ്. 10X വരെ പോകുന്ന ക്യാമറകളുടെ ലെൻസുകൾ ബോഡിയിൽന്ന് പുറത്തേക്ക് തള്ളിവരുന്ന രീതിയിലായിരിക്കും ഡിസൈൻ ചെയ്തിരിക്കുന്നത്.  ഇവയ്ക്ക്  ചെറിയ സൂം ഉള്ള ക്യാമറകളെക്കാള്‍ വലിപ്പവും വിലയും   കൂടും.

അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കണ്ട്രോൾ ആണ് Exposure compensation ഒരു +/‌- അടയാളത്തോടുകൂടിയ ബട്ടൺ ആണിത്. അത് സൌകര്യപ്രദമായി ക്യാമറ ബോഡിയിൽ തന്നെ ഉണ്ടോ എന്നും, അത് ഓപ്പറേറ്റ് ചെയ്യുമ്പോൾ ലൈവ് പ്രിവ്യുവിലെ പ്രകാശവും കൂടുകയും കുറയുകയും ചെയ്യുന്നുണ്ടോ എന്നും നോക്കി വാങ്ങുക. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിൽ ലൈറ്റിനെ നിയന്ത്രിക്കാനായി നമുക്ക് സൌകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരേ ഒരു നിയന്ത്രണ സംവിധാനമാണ് ഈ ബട്ടൺ. ഇമേജ് സ്റ്റബിലൈസേഷൻ, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് വളരെ അത്യാവശ്യമായ ഒരു സംഗതിയാണ്. പ്രത്യേകിച്ചും സൂം കൂടുതല്‍ ഉള്ള ക്യാമറകളില്‍.

വളരെ കൂടുതൽ മെഗാപിക്സൽ ഉള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലെ ചിത്രങ്ങളിൽ നോയിസ് കൂടുതലായിരിക്കും, പ്രത്യേകിച്ചും കുറഞ്ഞ ലൈറ്റിൽ. അതുകൊണ്ട് “വലിയ മെഗാപിക്സൽ നല്ല ക്വാളിറ്റി“ എന്ന മാർക്കറ്റിംഗ് തന്ത്രത്തിൽ കുടുങ്ങേണ്ട! കുടുംബാങ്ങളിൽ എല്ലാവർക്കും ഓപ്പറേറ്റ് ചെയ്യാവുന്ന ക്യാമറ എന്ന പരിഗണനയും ചിലരൊക്കെ പോയിന്റ് ആന്റ് ഷൂട്ട് തെരഞ്ഞെടുക്കുമ്പോൾ നൽകാറുണ്ട്. (ഇത് പക്ഷേ ആപേക്ഷികമാണ്, അടുത്ത പോസ്റ്റിലെ “SLR ഉപയോഗം കടുകട്ടിയോ? എന്ന ചോദ്യത്തിന്റെ ഉത്തരം വായിച്ചുനോക്കൂ!)


4. DSLR ക്യാമറ - എന്താണിതിനെ മെച്ചമാക്കുന്നത്?

Single Lense Reflex എന്നാണ് SLR ന്റെ പൂർണ്ണ രൂപം. Digital Single Lense Reflex Camera എന്നാണ് DSLR ന്റെ പൂർണ്ണരൂപം. ഒരു ഫോട്ടോഗ്രാഫിക് ഉപകരണം എന്ന നിലയിൽ ഒരു SLR ക്യാമറ മറ്റിനം ക്യാമറകളെ അപേക്ഷിച്ച് അതിന്റെ ഓപ്പറേറ്റർക്ക് (ഫോട്ടോഗ്രാഫർ) ഒട്ടേറെ സൌകര്യങ്ങളും, മെച്ചങ്ങളും ലഭിക്കുന്ന ചിത്രത്തിന് ഒട്ടേറെ മെച്ചങ്ങളും തരുന്നുണ്ട്. ആ നിലയിൽ ഒരു ക്യാമറയുടെ ഉപയോഗക്രമത്തിന്റെ പൂർണ്ണത കാണാനാവുന്ന ഉപകരണമാണ് ഒരു SLR ക്യാമറ. ഇത് ഒന്നുകൂടി വിശദമാക്കാം.

മനുഷ്യൻ അവന്റെ ജീവിതസാഹചര്യങ്ങളും, ജോലികളും ആയാസരഹിതമാക്കാനായാണ് യന്ത്രങ്ങൾ കണ്ടുപിടിച്ചത്. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ, അതേ പ്രവർത്തി ഒരുമനുഷ്യൻ ചെയ്യുന്നതിന്റെ അനവധി മടങ്ങ് വേഗതയിലും, എളുപ്പത്തിലും ചെയ്തു തീർക്കാനാവുന്നു. ആധുനിക ഉപകരണങ്ങൾ പരിശോധിച്ചാൽ മിക്കവാറും എല്ലാ മേഖലകളിലും പൂർണ്ണമായും മാനുവലായി നിയന്ത്രിക്കാവുന്നവയും, പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനങ്ങളിലൂടെ നിയന്ത്രിക്കാവുന്നവയും, ഇതിനു രണ്ടിനും ഇടയിൽ വരുന്ന സെമി ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയുമായ ഉപകരണങ്ങൾ കാണാം. ഇവയിൽ ഭൂരിഭാഗം ഉപകരണങ്ങളിലും പൂർണ്ണമായി മനുഷ്യനിയന്ത്രണത്തിൽ പ്രവർത്തിപ്പിക്കാവുന്നവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ചില മെച്ചങ്ങളും ഉണ്ടാവും. ഉപകരണത്തിന്റെ പ്രവർത്തനത്തനത്തിൽ നിന്നു ലഭിക്കേണ്ട ഔട്ട്പുട്ടിനു പിന്നിലെ ബുദ്ധിയും ലോജിക്കും അത് ഉപയോഗിക്കുന്ന മനുഷ്യന്റേതാണ് എന്നതാണ് ആ വ്യത്യാസം. ഉദാഹരണത്തിന് മാനുവലായി ഗിയർ മാറ്റാവുന്ന ഒരു ബൈക്കും, ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള ഒരു സ്കൂട്ടറും തമ്മിലുള്ള പ്രവർത്തനമികവ് അത് ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാമല്ലോ? രണ്ടിന്റെയും പ്രവർത്തനം ഒന്നുതന്നെയെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ലഭിക്കേണ്ട ഔട്ട്പുട്ട് ലഭ്യമാക്കുന്നതിൽ മാനുവലായി കൈകാര്യം ചെയ്യാവുന്ന ബൈക്കിന് കഴിവ് കൂടുതലാണ് - മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യേണ്ട സാഹചര്യം, രണ്ടു യാത്രികരേയും വഹിച്ചുകൊണ്ട് ഒരു കയറ്റം കയറേണ്ട സാഹചര്യം ഇവയൊക്കെ ഈ രണ്ടു വാഹനങ്ങളും എങ്ങനെ കൈകാര്യം ചെയ്യും എന്നാലോചിച്ചുനോക്കൂ. ചിലകാര്യങ്ങൾ ഓട്ടോമാറ്റിക് യന്ത്രത്തെക്കൊണ്ട് സാധ്യവുമല്ല എന്നും വന്നേക്കാം.

ഈ നിർവ്വചനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, പൂർണ്ണമായും ഫോട്ടോഗ്രാഫർ ഉദ്ദേശിക്കുന്നതുപോലെ കൈകാര്യം ചെയ്യാവുന്ന ഒരു ഫോട്ടോഗ്രാഫിക് ഉപകരണമാണ് SLR ക്യാമറ. ലെൻസുകളുടെ സെലക്ഷൻ മുതൽ, ഫോക്കസിംഗ് സംവിധാനങ്ങൾ, പ്രകാശനിയന്ത്രണം വരെ പൂർണ്ണമായും മാനുവലായി ചെയ്യാനുള്ള സൌകര്യം ഒരു SLR ക്യാമറയിലുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ട് ഓട്ടോമാറ്റിക് യന്ത്രസംവിധാനങ്ങൾ മോശമാണ് എന്നാ‍ണു പറഞ്ഞുകൊണ്ടുവരുന്നത് എന്നു കരുതരുത് ! ലഭിക്കേണ്ട ഔട്ട്പുട്ടിനും ഉപയോഗിക്കേണ്ട സാഹചര്യങ്ങൾക്കും അനുസരിച്ച് ഒരു യന്ത്രത്തെ നിയന്ത്രിക്കുന്നതിൽ മാനുവൽ സംവിധാനങ്ങൾക്ക് ചില മെച്ചങ്ങൾ ഉണ്ട് എന്നുമാത്രമാണ് പറഞ്ഞത്. പ്രത്യേകിച്ചും ഫോട്ടോഗ്രാഫിയിൽ ഇത് വളരെ ശരിയുമാണ്.


5. DSLR എന്ന പേരിനു പിന്നിൽ?

Single Lense Reflex എന്നാണ് SLR ന്റെ പൂർണ്ണ രൂപം എന്നു പറഞ്ഞുവല്ലോ? ഈ പേര് വരുവാൻ കാരണം, ഫോട്ടോ എടുക്കുന്ന ലെൻസിൽക്കൂടിതന്നെയാണ് ഫ്രെയിം കമ്പോസ് ചെയ്യുമ്പോഴും ഫോട്ടോഗ്രാഫർ നോക്കുന്നത് എന്നതിനാലാണ്. അതായത്, കമ്പോസ് ചെയ്യുമ്പോൾ ഫ്രെയിമിൽ എന്തുകാണുന്നുവോ അതു തന്നെയാവും ഫോട്ടോയിലും ലഭിക്കുക. SLR ക്യാ‍മറകൾക്കെല്ലാം തന്നെ ഒരു വ്യൂഫൈന്റർ ഉണ്ട്. അതിലൂടെ നോക്കിക്കൊണ്ടാണ് നാം ഫ്രെയിമുകൾ കമ്പോസ് ചെയ്യുന്നത്.

ഒരു പത്തുവർഷം മുമ്പ് ലഭ്യമായിരുന്ന “ഓട്ടോമാറ്റിക് / ഓട്ടോഫോക്കസ്” ഫിലിം ക്യാമറകൾ ഓർക്കുന്നുണ്ടോ? അവയിൽ വ്യൂ ഫൈന്റർ ലെൻസ് (രംഗത്തേക്ക് നോക്കിക്കൊണ്ട് ഫോട്ടോയെടുക്കാനുള്ള ചെറിയ ലെൻസ്) പ്രത്യേകമായി സംവിധാനം ചെയ്ത മറ്റൊരു ലെൻസ് ആയിരുന്നു. അതായത് വ്യൂഫൈന്ററായി ഒരു ലെൻസ്,ഫിലിമിൽ ഫോട്ടോ എടുക്കാൻ മറ്റൊരു ലെൻസ്. ഈ രീതിയിലെ ഡിസൈനിന്റെ പ്രധാന പ്രശ്നം വ്യൂ ഫൈന്ററിൽക്കൂടി കാണുന്ന ഭാഗങ്ങളെല്ലാം ഫോട്ടോയിൽ ലഭിക്കുണമെന്നില്ല എന്നതും, ഫോക്കസിനെപ്പറ്റി യാതൊരു ധാരണയും വ്യൂഫൈന്ററിൽ ലഭിക്കുന്നില്ല എന്നതുമായിരുന്നു. അത്തരം ക്യാമറകൾ ഉപയോഗിച്ച് പൂക്കളുടെയും മറ്റും ക്ലോസ് അപ് എടുത്തിട്ടുള്ളവർക്കറിയാം, വ്യൂ ഫൈന്ററിൽ പൂവ് നിറഞ്ഞുനിൽക്കുന്ന ഫോട്ടോ എടുത്താൽ ലഭിക്കുന്ന ചിത്രത്തിൽ അത് ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു. കാരണം ആ ക്യാമറകളിലെ ലെൻസുകളുടെ ഫോക്കസിംഗ് പരിധിക്കും അകത്തായിരുന്നു പൂവിന്റെ സ്ഥാനം. എന്നാൽ നാം നോക്കുന്ന വ്യൂ ഫൈന്ററിൽ അത് മനസ്സിലായിരുന്നുമില്ല.അതേ സമയം ഒരു SLR ക്യാമറയിൽ ഫോട്ടോ എടുക്കുവാനുദ്ദേശിക്കുന്ന ലെൻസ് രൂപപ്പെടുത്തുന്ന ഇമേജ് തന്നെയാണ് വ്യൂഫൈന്ററിൽ കൂടി നാം കാണുന്നത്. അതുകൊണ്ടാണ് ഒരു SLR ക്യാമറയിൽ നാം ഫ്രെയിമിൽ എന്തുകമ്പോസ് ചെയ്യുന്നുവോ അത് അങ്ങനെതന്നെ ഒട്ടും മാറാതെ ചിത്രത്തിലും ലഭിക്കുന്നത് - ഫ്രെയിമിൽ എന്തൊക്കെയുണ്ട് എന്നുമാത്രമല്ല, ഏതൊക്കെ സ്ഥാനങ്ങൾ ഫോക്കസിൽ ആണെന്നും ഏതൊക്കെ അല്ല എന്നും SLR ൽ കാണാവുന്നതാണ്.

ഈ രണ്ടുവിധത്തിലെയും ക്യാമറകളുടെയും പ്രവർത്തനതത്വം എങ്ങനെയെന്ന് രേഖാചിത്രങ്ങളുടെ സഹായത്തോടെ പാഠം 3: ഫിലിം ഫോർമാറ്റുകളും വിവിധ ക്യാമറകളും എന്ന അദ്ധ്യായത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ അത് വായിച്ചുനോക്കുക.

ഇന്നത്തെ ഡിജിറ്റൽ Point & Shoot (ഇനിയങ്ങോട്ട് P&S എന്നുമാത്രമേ എഴുതുന്നുള്ളൂ) ക്യാമറകളിൽ മേൽ വിവരിച്ച രീതിയിലുള്ള വ്യൂഫൈന്ററുകൾ ഇല്ല. പകരം ലൈവ് പ്രിവ്യൂ (ചിത്രമെടുക്കേണ്ട രംഗം ഒരു വീഡിയോ ചിത്രമായി ക്യാമറയിലെ സ്ക്രീനിൽ കാണുന്നു) എന്ന സംവിധാനം വഴിയോ, അല്ലെങ്കിൽ വ്യൂ ഫൈന്ററിന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ചെറിയ ലൈവ് പ്രിവ്യൂ സ്ക്രീൻ വഴിയോ ആണ് P&S ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിനു മുമ്പ് ഫ്രെയിം കമ്പോസ് ചെയ്യേണ്ടത്. മറ്റു ചില P&S ക്യാമറകളിൽ ലൈവ് പ്രിവ്യൂ മാത്രമേ ഉള്ളൂ, വ്യൂ ഫൈന്ററിന്റെ സ്ഥാനത്തുപോലും ഒന്നുമില്ല.


6. Point &Shoot / DSLR - ഇവതമ്മിലുള്ള മറ്റു വ്യതാസങ്ങൾ എന്തൊക്കെയാണ്?

A. ഫോട്ടോഗ്രാഫി സീരിയസായി ചെയ്യാൻ ആഗ്രഹിക്കുന്ന വിഭാഗം ഉപയോക്താക്കളെ ഉദ്ദേശിച്ച് ഉണ്ടാക്കിയിരിക്കുന്ന ക്യാമറകളാണ് DSLR. ഫിലിം SLR ക്യാമറകളുടെ ഡിജിറ്റൽ പതിപ്പാണവ. നിത്യജീവിത സംഭവങ്ങളെയും അനുഭവങ്ങളേയും കൌതുകകരമായ ഫ്രെയിമുകളെയും ഫോട്ടോകളിലാക്കി സൂക്ഷിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ഫോട്ടോഗ്രാഫി ചെയ്യുന്ന വിഭാഗം ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള ക്യാമറകളാണ് P&S. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ, P&S ക്യാമറകൾ ഏറെക്കുറെ എല്ലാ സാഹചര്യങ്ങളിലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്വെയറിന്റെ കണക്കുകൂട്ടലുകൾക്കനുസരിച്ച് സ്വയം തീരുമാനങ്ങളെടുക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. പകർത്തേണ്ട രംഗത്തേക്ക് ക്യാമറയെ പിടിച്ചുകൊണ്ട് “ക്ലിക്ക്” ചെയ്യുക എന്ന ഒരു ജോലി മാത്രമേ ഫോട്ടോ എടുക്കുന്നയാൾക്കുള്ളൂ - അതുകൊണ്ടാണ് പോയിന്റ് ആന്റ് ഷൂട്ട് എന്ന പേരിൽ അവയെ വിളിക്കുന്നതുതന്നെ . അതേ സമയം DSLR ക്യാമറകൾ Full Auto, Semi Auto, Full Manual എന്നീ മൂന്നു രീതികളിലും ഫോട്ടോയെടുക്കുവാനുള്ള അവസരമൊരുക്കുന്നു.

B. P&S ക്യാമറകളുടെ ഏറ്റവും വലിയ മെച്ചം അവയുടെ വലിപ്പക്കുറവാണ്. പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന വലിപ്പം മുതൽ മൊബൈൽ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവ വരെ ഒട്ടനവധി വൈവിധ്യങ്ങളിൽ P&S ക്യാമറകൾ ലഭിക്കും. യാത്രകളിൽ കൊണ്ടുനടക്കുവാനും എളുപ്പം. ഈ ഒരു പ്രത്യേകതകൊണ്ടുമാത്രം P&S ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട്. SLR ക്യാമറകൾ വലിപ്പമുള്ളവയാണ്. ഒരു പരിധിയിൽ കൂടുതൽ അവയുടെ വലിപ്പമോ ഭാരമോ കുറയ്ക്കുവാൻ ആവില്ല.

C. ഒരു P&S ക്യാമറയേക്കാൾ സാങ്കേതികമായി വ്യത്യസ്തവും മേന്മകൾ ഏറെയുള്ളതുമാണ് DSLR ക്യാമറ. അതുകൊണ്ട് അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഹാർഡ് വെയറിലും സോഫ്റ്റ്വെയറിലും വ്യത്യാസമുണ്ട്. അതുകൊണ്ട് അവയുടെ വില P&S ക്യാമറകളേക്കാൾ കൂടുതലാണ്. P&S ക്യാമറകൾക്കും അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഫീച്ചറുകൾ അനുസരിച്ച് വിലകൂടാം. എങ്കിലും DSLR ക്യാമറയോളം വിലയുള്ള P&S ക്യാമറകൾ ഇല്ല എന്നുതന്നെ പറയാം.

D. പ്രകാശം വളരെ കുറവുള്ള അവസരങ്ങളിലും SLR ക്യാമറകൾ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ എടുക്കാം. ക്യാമറയുടെ അപ്പർച്ചർ ഷട്ടർ ഇവ മാനുവലായി നിയന്ത്രിക്കുവാൻ സാധിക്കുന്നതിനാലാണിത്. ഓട്ടോമാറ്റിക് മോഡുകളിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ല ചിത്രങ്ങൾ എടുക്കാവുന്നതാണ്. P&S ക്യാമറകൾക്ക് അവയുടെ സ്വതസിദ്ധമായ പരിമിതികൾ മൂലം ഇത്തരം സന്ദർഭങ്ങളിൽ ഫലപ്രദമായി ചിത്രമെടുക്കാൻ ആവില്ല. മങ്ങിയ വെളിച്ചത്തിൽ ലഭിക്കുന്ന ചിത്രങ്ങളും അത്ര ഗുണമേന്മയൂള്ളതാവണമെന്നില്ല.

E. “ഷട്ടർ ഡിലേ“ എന്നറിയപ്പെടുന്ന പ്രതിഭാസം P&S ക്യാമറകളുടെ കൂടെപ്പിറപ്പാണ്. അതായത് ഒരു രംഗം പകർത്താനാഗ്രഹിച്ച് കമ്പോസ് ചെയ്ത് ക്ലിക്ക് ചെയ്യുന്ന നിമിഷത്തിൽ തന്നെ ഒരു P&S ക്യാമറ ഫോട്ടോയെടുക്കില്ല ! പകരം ലൈവ്യ് പ്രിവ്യൂ ഫ്രീസ് ചെയ്ത്, ഒരു ചിത്രമാക്കി മാറ്റാൻ ക്യാമറയുടെ പ്രോസസറിനെ ഉപദേശിച്ചു കഴിയുമ്പോഴേക്ക് ഒന്നോ രണ്ടൊ സെക്കന്റ്കൾ തന്നെ കഴിഞ്ഞേക്കാം. അപ്പോഴേക്കും ചലിക്കുന്ന രംഗമാണെങ്കിൽ അത് പോയ് മറഞ്ഞിട്ടുണ്ടാവും. "ഓടുന്ന നായുടെ ഒരു മുഴം മുന്‍പേ എറിയുക" എന്നാ പ്രമാണം അനുസരിച്ച് വേണം ഒരു P&S ക്യാമറ ഉപയോഗിച്ച് ഫോടോ എടുക്കുവാന്‍.  ഒരു SLR ക്യാമറയിൽ ഈ പ്രശ്നമില്ല. എപ്പോള്‍ വേണമെങ്കിലും വളരെ വേഗത്തില്‍ ഫോക്കസ് ചെയ്ത്  ചിത്രം എടുക്കാം. ഒരു സെക്കന്റിൽ ആറു ചിത്രങ്ങൾ വരെ പകർത്താനാവുന്ന ക്യാമറകൾ ഇന്നു മാർക്കറ്റിൽ ലഭ്യമാണ്.

F. P&S ക്യാമറകളിലെ ഫോക്കസിംഗ് രീതി ചിത്രത്തിന്റെ കോണ്ട്രാസ്റ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. തന്മൂലം അത് അല്പം വേഗതകുറഞ്ഞ പ്രക്രിയയുമാണ്, പ്രത്യേകിച്ചും പ്രകാശം കുറവുള്ള സാഹചര്യങ്ങളിൽ. DSLR ക്യാമറകളിൽ ഫോക്കസിംഗ് സംവിധാനം വളരെയേറേ വേഗതയുള്ളതാണ്. ലെൻസിനുള്ളിൽ തന്നെ മോട്ടോർ സംവിധാനമുള്ളവയാണ് ആധുനിക ലെൻസുകൾ. ഫോക്കസ് ബട്ടൺ അമർത്തുന്ന മാത്രയിൽ തന്നെ ലെൻസ് സ്വയം  ഫോക്കസ് ചെയ്തുകൊള്ളും (ഇതേപ്പറ്റി വിശദമായി അടുത്ത പോസ്റ്റിൽ) വളരെ കുറഞ്ഞ ലൈറ്റിലും ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കും. (വിശദമായി ഈ കാര്യങ്ങൾ “ഓട്ടോ ഫോക്കസ്” എന്ന അദ്ധ്യായത്തിൽ വായിക്കാം). DSLR ക്യാമറകളിലെ സേർവോ ഫോക്കസ് മോഡ്, ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെയും ഫോക്കസിംഗ് കൃത്യമായി നിർണ്ണയിച്ച് ഫോട്ടോകൾ ഷാർപ്പായി എടുക്കുവാൻ സഹായിക്കുന്നു. P&S ക്യാമറകളിൽ ഈ രീതി സാധ്യമല്ല. Burst mode എന്നൊരു സംവിധാനം ചില P&S മോഡല്‍ ക്യാമറ കളില്‍ കണ്ടിട്ടുണ്ട്. ഇവയും SLR servo mode നോളം ഫലപ്രദമല്ല.

G. P&S ക്യാമറകളിലെ സെൻസർ സൈസ് DSLR ക്യാമറകളെ അപേക്ഷിച്ച് വളരെ ചെറുതാണ്. സെൻസർ സ്പെസിഫിക്കേഷനുകളിൽ, സെൻസറിന്റെ ആകെ വലിപ്പത്തിനനുസരിച്ചാണ് ചിത്രത്തിന്റെ ഗുണനിലവാരം തീരുമാനിക്കപ്പെടുന്നത് - മെഗാപിക്സൽ കൌണ്ടിൽ അല്ല. ഒരേ മെഗാപിക്സൽ കൌണ്ട് ഉള്ള ഒരു DSLR ക്യാമറയും P&Sക്യാമറയും ഒരേ വലിപ്പത്തിലുള്ള സെൻസർ അല്ല ഉപയോഗിക്കുന്നത്. പല P&S സെൻസറുകളും DSLR ന്റെ 1/10 വലിപ്പം മാത്രം ഉള്ളവയാണ്. അതുകൊണ്ട് ഒരു P&S ക്യാമറയ്ക്കും DSLR ക്വാളിറ്റിയിലുള്ള ചിത്രം തരുവാൻ ആവില്ല. സാധാരണ വലിപ്പത്തിൽ കാണുമ്പോൾ ചിത്രങ്ങൾ ഒരുപോലെ തോന്നിയാലും, ഒരു DSLR ചിത്രം ഒട്ടനവധി details ഉള്ളതാണ്.

H. DSLR ക്യാമറകളിൽ ഒട്ടനവധി വ്യത്യസ്തങ്ങളായ ലെൻസുകൾ മാറിമാറി ഉപയോഗിക്കാം. P&S ക്യാമറകളിൽ ഇത് സാധ്യമല്ല. ഇതിനു ഒരു മറുവശം കൂടിയുണ്ട്. P&S ക്യാമറകളിൽ സെൻസർ സൈസ് വളരെ ചെറുതായതിനാൽ വലിയൊരു റേഞ്ചിലുള്ള ഓപ്റ്റിക്കൽ സൂം ക്യാമറയിൽ ഉൾക്കൊള്ളിക്കുവാനാവും. ഒരു DSLR ൽ ഇതേ റേഞ്ചിലുള്ള ഒരു ലെൻസ് ഘടിപ്പിച്ചാൽ അത് ഒരു പക്ഷേ വളരെ വലിപ്പമുള്ളതായേക്കാം. DSLR ക്യാമറകളുടെ ലെൻസുകൾ പലതും ക്യാമറ ബോഡിയേക്കാൾ വിലപിടിപ്പുള്ളതാണ്. പ്രത്യേകിച്ച് മാക്രോ, ഹൈ ക്വാളിറ്റി സൂം ലെൻസുകൾ എന്നിവ.

I. P&S ക്യാമറകളിൽ ഉപഭോക്താക്കൾക്ക് സൌകര്യപ്രദമായ മറ്റു സംവിധാനങ്ങളും നിർമ്മാതാക്കൾ ഉൾപ്പെടുത്തുന്നുണ്ട്. ഉദാഹരണം വീഡിയോ റിക്കോർഡിംഗ്, ഇൻ ക്യാമറ എഡിറ്റിംഗ് തുടങ്ങിയവ. ഈ രീതികൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ഉദ്ദേശിച്ച് ഈയിടെയായി DSLR ക്യാമറകളിലും ലൈവ് പ്രിവ്യു, വീഡിയോ റിക്കോർഡിംഗ് എന്നീ സംവിധാനങ്ങൾ ചില നിർമ്മാതാക്കൾ ഉൾപ്പെടുത്തുവാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഒരു DSLR ക്യാമറ ഉപയോഗിച്ച് പരിചയമായിക്കഴിഞ്ഞ ഒരാൾ ലൈവ് പ്രിവ്യുവിനേക്കാൾ കൂടുതലായി ഉപയോഗിക്കുന്നത് വ്യൂ ഫൈന്റർ തന്നെയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

J. ഒരു ഫോട്ടോഗ്രാഫിക് ഉപകരണം എന്ന നിലയിൽ ആവശ്യമായ നിയന്ത്രണ സംവിധാനങ്ങളൂം അവയുടെ കണ്ട്രോളുകളൂം ഒരു DSLR ക്യാമറകളിൽ പ്രത്യേകം പ്രത്യേകം ബട്ടണുകളായി ക്യാമറ ബോഡിയിൽ തന്നെ ഉണ്ടാവും. P&S ക്യാമറകളിൽ ഉള്ള സംവിധാനങ്ങളിൽ തന്നെ പലതും മെനുവിൽ ആയിരിക്കും ഉണ്ടാവുക. എങ്കിലും ഏറ്റവും ഉപയോഗപ്രദമായ ചില നിയന്ത്രണസംവിധാനങ്ങളായ എക്സ്പോഷർ കോമ്പൻസേഷൻ, ഫ്ലാഷ് കണ്ട്രോൾ തുടങ്ങിയവയുടെയൊക്കെ ബട്ടണുകൾ ക്യാമറ ബോഡിയിൽ തന്നെ കാണാവുന്നതാണ്.

K. ഒരു DSLR ക്യാമറയോടൊപ്പം ഫോട്ടോഗ്രാഫിയെ മെച്ചപ്പെടുത്താനുള്ള മറ്റ് ഒരുപാട് ഘടകങ്ങൾ ചേർത്ത് ഉപയോഗിക്കാം. ഉദാഹരണങ്ങൾ ഡിറ്റാച്ച് ചെയ്യാവുന്ന ഫ്ലാഷ് യൂണിറ്റുകൾ, ലെൻസ് ഫിൽറ്ററുകൾ, ലൈറ്റ് ബോക്സുകൾ, റിമോട്ട് കണ്ട്രോൾ ഫോട്ടോഗ്രാഫി സംവിധാനങ്ങൾ, ഈയിടെ വന്ന മോഡലുകളിൽ High Defenition Video Recording, വ്യത്യസ്ത എഫക്റ്റുകൾ നൽകുന്ന ലെൻസുകൾ തുടങ്ങിയവ. ഈ രീതിയിൽ നിയന്ത്രിതമായി ഫോട്ടോഗ്രാഫി ചെയ്യുവാൻ പോയിന്റ് ആന്റ് ഷുട്ട് ക്യാമറകൾക്ക് ആവില്ല.

L.  ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ച് ഒരു വസ്തുവിന്റെ വളരെ അടുത്ത് നിന്ന് മാക്രോ ഫോട്ടോകൾ വരെ എടുക്കാം. ഇത് ഒരു DSLR ൽ സാധിക്കുകയില്ല. അതിനായി പ്രത്യേകം വിലപിടിപ്പുള്ള മാക്രോ ലെൻസ് തന്നെ വേണ്ടിവരും.

ഇത്രയൊക്കെയാണ് ഒരു DSLR ക്യാമറയും P&S ക്യാമറയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.

7. ബ്രിഡ്ജ് ക്യാമറ എന്നു പറയുന്നത് ഏതുവിഭാഗം ക്യാമറയാണ്?

ഒരു Very high-end പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ, കുറച്ച് DSLR കണ്ട്രോളുകൾ, സാധാരണ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയേക്കാൾ വലിയ സെൻസറും വലിയൊരു റേഞ്ചിലെ ലെൻസും - ഇതാണ് ഒരു ബ്രിഡ്ജ് ക്യാമറ. SLR-Alike എന്നും ഇവയെ വിളിക്കാറുണ്ട്. ഉദാഹരണങ്ങൾ Sony DSCR1, Konica Minolta DIMAGE A200, FujiFinepix 9000 മുതലായവ.  ഇവയ്ക്കും ഒരു DSLR ക്യാമറയോളം വലിപ്പം ഉണ്ടാവും, വലിയൊരു ഫോക്കൽ റേയ്ഞ്ചിൽ ഉള്ള ലെൻസും (ഇളക്കിമാറ്റാനാവാത്തത്)  വില DSLR ക്യാമറയോളം തന്നെ ഉണ്ടാവും. SLR ക്വാളിറ്റി ചിത്രങ്ങൾ പ്രതീക്ഷിക്കുന്ന, എന്നാൽ മാനുവൽ കണ്ട്രോളുകളിൽ താല്പര്യമില്ലാത്ത ഉപഭോക്താക്കളെയാണ് ഈ ക്യാമറകൾ ലക്ഷ്യമിടുന്നത്. ഒപ്പം DSLR വാങ്ങിയിട്ട്, പിന്നീട് ലെൻസുകൾ കൂട്ടിച്ചേർത്ത് വിപുലപ്പെടുത്താൻ പ്ലാനില്ലാത്തവരേയും.

ഇത്തരം ക്യാമറ വാങ്ങാൻ ഒരുങ്ങുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു എൻ‌ട്രി ലെവൽ DSLR ബോഡിയും ഒരു നല്ല 28-250 mm ലെൻസും വാങ്ങി, ക്യാമറ ഫുൾ ഓട്ടോമാറ്റിക് മോഡിൽ എപ്പോഴും പ്രവർത്തിപ്പിച്ച് ഫോട്ടോ എടുക്കുക എന്നതാണ്. തീർച്ചയായും ഒരു ബ്രിഡ്ജ് ക്യാമറയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല ചിത്രങ്ങൾ ലഭിക്കും! ആവശ്യമുള്ളപ്പോൾ (ക്രമേണ) SLR ഉപയോഗങ്ങൾ പ്രയോഗിക്കുകയുമാവാം.


8. മെഗാപിക്സൽ എന്നാൽ എന്താണ്? അതാണോ ക്യാമറയുടെ ഗുണമേന്മ നിർണ്ണയിക്കുന്ന പ്രധാന ഘടകം?

ക്യാമറ വാങ്ങാനിറങ്ങുന്ന ഉപഭോക്താവിനെ ഏറ്റവും വിഷമവൃത്തത്തിലാക്കുന്ന ഒരു ചോദ്യമാണിത്. “പത്തുകിലോഗ്രാം അരി”, “അഞ്ചുലിറ്റർ വെളിച്ചെണ്ണ”, “നാനൂറു കിലോമീറ്റർ ദൂരം”, “25 ഡിഗ്രി സെൽ‌ഷ്യസ് ചൂട്” ഇങ്ങനെ പലവിധ യൂണിറ്റുകളും നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. അതുപോലെ ഒരു വസ്തുവിന്റെ ഗുണമേന്മയെ കുറിക്കുന്ന വാക്കുകളും നമുക്ക് പരിചിതമാണ് - “രുചിയുള്ള പാനീയം”, “ഹൃദ്യമായ മണം”, “അസഹ്യമാ‍യ ചൂട്”. ഈ രണ്ടു വിഭാഗങ്ങളിലേതിലെങ്കിലും പെടുന്ന ഒന്നാണോ “10 മെഗാ പിക്സൽ ക്യാമറ” “15 മെഗാ പിക്സൽ ക്യാമറ” എന്നൊക്കെ പറയുന്നത്? ഇതാണ് പലർക്കും ഉള്ള സംശയം!

ക്യാമറയുടെ ഗുണമേന്മയേയോ അതിന്റെ ഏതെങ്കിലും രീതിയിലുള്ള അളവുകോലോ അല്ല മെഗാപിക്സൽ കൌണ്ട് എന്നത് - ക്യാമറകളുടെ പരസ്യവാ‍ചകങ്ങൾ കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും. അതൊരു മാർക്കറ്റിംഗ് തന്ത്രമാണ്. ഒരു ക്യാമറയുടെ സെൻസറിൽ എത്ര പിക്സലുകൾ ഉണ്ട് എന്നതിന്റെ കണക്കാണ് പിക്സൽ കൌണ്ട്. ഇതിനെപ്പറ്റി വളരെ വിശദമായി ഈ ബ്ലോഗിലെ രണ്ട് അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്. “എത്രമെഗാപിക്സൽ ക്യാമറ വാങ്ങണം” എന്ന അദ്ധ്യായത്തിലും “സെൻസർ സൈസ് സ്പെസിഫിക്കേഷനുകൾ” എന്ന അദ്ധ്യായത്തിലും. അതുകൊണ്ട് വീണ്ടും അതിവിടെ വിവരിക്കുന്നില്ല. ഒരു സെൻസറിന്റെ മെഗാപിക്സൽ കൌണ്ട് അത് നിർമ്മിക്കുന്ന ചിത്രത്തിന്റെ റെസലൂഷൻ എത്രയുണ്ട് എന്നു തീരുമാനിക്കുന്ന ഘടകമാണ്. ഓരോ ഡിജിറ്റൽ ചിത്രവും ലക്ഷക്കണക്കിനു കൊച്ചുകൊച്ചു ബിന്ദുക്കൾ ചേർന്നതാണ്. റെസലൂഷൻ എന്നാൽ ഒരു ചിത്രത്തിൽ ഇപ്രകാരം എത്ര ബിന്ദുക്കൾ ചേരുന്നു എന്നതിന്റെ കണക്കാണ്. സെൻസർ റെസലൂഷൻ വർദ്ധിക്കുന്തോറും ഔട്ട്പുട്ടായി ലഭിക്കുന്ന ചിത്രത്തിന്റെ വിസ്തീർണ്ണവും (ഒപ്പം ഫയൽ സൈസും) പ്രിന്റിംഗ്, കമ്പ്യൂട്ടർ സ്ക്രീനിൽ കാണുമ്പോൾ തുങ്ങിയ അവസരങ്ങളിൽ കൂടുന്നു. പക്ഷേ ഇതുകൊണ്ടുമാത്രം ഒരു ചിത്രത്തിന്റെ “ക്ലാരിറ്റി” വർദ്ധിക്കുകയില്ല. കാരണം ഓരോ ബിന്ദുവിലും അടങ്ങിയിരിക്കുന്ന “വിശദാംശങ്ങൾ” (details) എത്രയുണ്ടോ അതിനനുസരിച്ചാണ് ചിത്രത്തിന്റെ ക്ലാരിറ്റി, ഗുണമേന്മ എന്നിവ തീരുമാനിക്കപ്പെടുന്നത്. ഒപ്പം ക്യാമറയുടെ ലെൻസിന്റെ ഗുണമേന്മയും ഇതിൽ ഒരു വലിയ പങ്കുവഹിക്കുന്നു.

DSLR ക്യാമറകളുടെ സെൻസർ വിസ്തീർണ്ണം P&S ക്യാമറകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരേ മെഗാ പിക്സൽ കൌണ്ട് ഉള്ള ഒരു DSLR സെൻസറിലെ പിക്സലുകളിൽ ഓരോന്നിന്റെയും വലിപ്പം അതേ മെഗാപിക്സൽ കൌണ്ട് ഉള്ള ഒരു P&S ക്യാമറയേക്കാൾ വളരെ കൂടുതലായിരിക്കും, അവയുടെ ഓരോ പിക്സലിലും റിക്കോർഡ് ചെയ്യപ്പെടുന്ന വിശദാംശങ്ങളും കൂടുതലാണ്.  അതുകൊണ്ടാണ് DSLR നിന്നു ലഭിക്കുന്ന ചിത്രങ്ങളോടൊപ്പം നിൽക്കാൻ P&S ചിത്രങ്ങൾക്കാവാത്തത്. കൂടുതൽ വായനക്കായി മുകളിൽ പറഞ്ഞ അദ്ധ്യായങ്ങൾ നോക്കുക. പൊതുവേനോക്കിയാൽ, P&S ക്യാമറകളിൽ മെഗാപിക്സൽ കൌണ്ട് കൂടുംതോറും ചിത്രത്തിലെ noise വർദ്ധിക്കുമെന്നല്ലാതെ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കാണുന്നില്ല. സെൻസറിന്റെ ആകെ വിസ്തീർണ്ണം കൂട്ടാതെയുള്ള ഈ പിക്സൽ കൂട്ടൽ, ഓരോ പിക്സലിന്റെയും വലിപ്പം കുറയ്ക്കിലിലാണ് ഫലത്തിൽ ചെന്നവസാനിക്കുന്നത്. അതുകൊണ്ടാണ് ചിത്രത്തിന്റെ മൊത്തം ക്വാളിറ്റിയെ അത് ബാധിക്കുന്നത്.9. കിറ്റ് ലെൻസ് എന്നാൽ എന്താണ്? ഈ ലെൻസുകൊണ്ട് എല്ലാ ചിത്രങ്ങളും എടുക്കാൻ സാധിക്കുമോ?

ഒരു P&S ക്യാമറയിൽ നിന്ന് വ്യത്യസ്തമായി ഒരു DSLR ക്യാമറയുടെ ബോഡി, ലെൻസ് ഇവയെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തന്നെ നാം കാണണം. ഇവ രണ്ടും രണ്ടായി വാങ്ങാൻ കിട്ടുന്ന സാധനങ്ങളാണ്. അതിൽ തന്നെ ലെൻസുകൾ പല റെയ്ഞ്ചിലും വിലയിലും ഗുണത്തിലും ഉള്ളത് കിട്ടും. SLR ലെൻസുകളെല്ലാം interchangeable ആണ്. അതായത്, ഒരു ക്യാമറ ബ്രാന്റിന് ഇണങ്ങുന്ന ലെൻസുകൾ അതേ ക്യാമറ ബ്രാന്റിന്റെ എല്ലാ SLR ക്യാമറകളിലും ഉപയോഗിക്കാം. എന്നാൽ കാനൻ ക്യാമറയ്ക്ക് ഇണങ്ങുന്ന ലെൻസ് മൌണ്ടുകൾ നിക്കോണിന് ഇണങ്ങുകയില്ല. അതുപോലെ തിരിച്ചും. ക്യാമറ നിർമ്മാതാക്കൾ അല്ലാത്ത മറ്റ് ലെൻസ് കമ്പനികളുടെ പ്രോഡക്റ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. ഉദാഹരണം സിഗ്മ, ടാമറോൺ തുടങ്ങിയ ബ്രാന്റുകൾ കാനൻ, നിക്കോൺ ഇവയ്ക്കെല്ലാം ഇണങ്ങുന്ന ലെൻസുകൾ ഉണ്ടാക്കുന്നുണ്ട്.

അപ്പോൾ നമ്മുടെ ഉത്തരത്തിലേക്ക് വരാം. കിറ്റ് ലെൻസ് എന്നുപറയുന്നത് ഒരു SLR ക്യാമറയുടെ ബോഡിയോടൊപ്പം കിട്ടുന്ന ഒരു ലെൻസാണ്. പ്രത്യേകിച്ച് എല്ലാ എൻ‌ട്രി ലെവൽ SLR ക്യാമറകളും ഒരു 18-55 mm കിറ്റ് ലെൻസിനോടൊപ്പമാണ് വരുന്നത്. ഈ ലെൻസ് അത്രമോശമോ വളരെ നല്ലതോ അല്ല എന്ന് പ്രത്യേകം പറയട്ടെ.  മിഴിവുള്ള ചിത്രങ്ങൾ അവയുപയോഗിച്ച് എടുക്കാം. എങ്കിലും ഹൈ എന്റ് ലെൻസുകളുടെ ഗുണം, ചിത്രങ്ങളുടെ ക്ലാരിറ്റി എന്നിവ ഒരു കിറ്റ് ലെൻസിൽ നിന്ന് പ്രതീക്ഷിക്കരുത്.  കിറ്റ് ലെൻസ് ഇല്ലാതെ ക്യാമറ ബോഡി മാത്രമായും വാങ്ങാം. സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു കിറ്റ് ലെൻസ് ഫോക്കൽ റെയ്ഞ്ച് 18-55 MM ആണ്. ഇതിനുപകരം ക്യാമറ മോഡലുകൾ അനുസരിച്ച് മറ്റു റേഞ്ചിലുള്ള ലെൻസുകളും കിറ്റ് ലെൻസായി ലഭിച്ചേക്കാം. സാ‍ധാരണയായ എല്ലാ സാഹചര്യങ്ങൾക്കും - മുറികൾക്കുള്ളിൽ, ഔട്ട്ഡോറിൽ എല്ലാം പറ്റിയ ഒരു റേഞ്ച് ആണ് 18-55. വൈഡ് ആംഗിളിൽ തുടങ്ങി, ചെറിയ സൂം റേഞ്ചിലേക്ക് എത്തുന്ന ലെൻസാണിത്. തുടക്കക്കാർക്ക് വളരെ അനുയോജ്യം.


10. ഫോക്കൽ ലെങ്ത് - mm റെയ്ഞ്ച്.. എന്താണ് ഇവകൊണ്ട് അർത്ഥമാക്കുന്നത്?

ക്യാമറ ലെൻസുകളുടെ ഫോക്കൽ ലെങ്തിനെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും വളരെ വിശദമായി “ഓപ്റ്റിക്കൽ സൂം ഡിജിറ്റൽ സൂം” എന്ന അദ്ധ്യായത്തിൽ വായിക്കാം. ഇവിടെ അതിന്റെ പ്രായോഗിക വശം എന്താണെന്നാണ് പറയുന്നത്. ഫോക്കൽ ലെങ്തുകളെ സാധാരണ മില്ലീമീറ്റർ കണക്കിലാണ് പറയാറ്. ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്ത് സാധാരണയായി നാം കണ്ടെത്തുന്നത് 18 എം.എം. മുതലാണ്. എങ്കിലും അതിനു താഴേക്ക് 10 എം.എം. വരെയുള്ള വൈഡ് ആംഗിൾ ലെൻസുകൾ ലഭ്യമാണ്. അവിടെനിന്നങ്ങ് മുകളിലേക്ക് പോയി 250 എം.എം., 300 എം.എം, 500 എം.എം. ഇങ്ങനെ ലെൻസുകളുടെ ഫോക്കൽ ലെങ്തുകൾ കൂടിക്കൂടി പോകുന്നു. SLR ഫോട്ടോഗ്രാഫിക്ക് ഒരുങ്ങുന്നവർ ഓർത്തിരിക്കേണ്ടത് ഇത്രമാത്രം. 50 എം.എം എന്നു പറയുന്നതാണ് മനുഷ്യ നേത്രങ്ങളുടെ വീക്ഷണകോണിൽ ലഭിക്കുന്ന ഏരിയ ആയി കണക്കാക്കിയിട്ടുള്ളത്. അതായത് നാം മുമ്പിലേക്ക് നോക്കുമ്പോൾ നമ്മുടെ വ്യക്തമായ വീക്ഷണപരിധിക്കുള്ളിൽ വരുന്ന ഏകദേശ ഏരിയയുടെ വീതിയിൽ കിട്ടുന്ന ചിത്രങ്ങൾ. 50എം.എം നു താഴേക്കുള്ള ലെൻസുകളെ വൈഡ് ആംഗിൾ ലെൻസ് എന്നും, 50 നു മുകളിലേക്കുള്ള ആംഗിളുകളെ ടെലിലെൻസ് എന്നും പറയുന്നു. ആംഗിളുകൾ (ഫോക്കൽ ലെങ്തുകൾ) മാറ്റാവുന്ന സംവിധാനമുള്ള ലെൻസുകളെ സൂം ലെൻസ് എന്നും പറയുന്നു.

(ഒരു കുറിപ്പ്: ഡിജിറ്റൽ സെൻസറുകളുടെ കാലഘട്ടം വന്നപ്പോഴേക്കും ഈ പരമ്പരാഗത ആംഗിളുകളിൽ ഒരല്പം മാറ്റം വന്നിട്ടുണ്ട്. ഇതിനു കാരണം ഇപ്പോഴത്തെ DSLR സെൻസറുകൾക്ക് ചിലവുചുരുക്കലിന്റെ ഭാഗമായി പണ്ടത്തെ 35mm നെഗറ്റീവുകളുടെ വലിപ്പമില്ല എന്നതിനാലാണ്‌. അതുകൊണ്ട് ഫലത്തിൽ പണ്ടത്തെ ഫിലിം ഫോർമാറ്റിൽ 50mm ലെൻസ് ഉപയോഗിച്ച് ഒരു 35mm ഫിലിമിൽ കിട്ടിക്കൊണ്ടിരുന്ന വലിപ്പത്തിലെ ഒരു ചിത്രമെടുക്കാൻ ഇന്നത്തെ ഡിജിറ്റൽ SLR കളിൽ 29 mm അടുപ്പിച്ച് ഒരു വൈഡ് ആംഗിളിൽ ചിത്രമെടുത്താലേ പറ്റൂ. വലിയൊരു ചിത്രമെടുത്തിട്ട് സെൻസറിന്റെ സൈസ് ഒപ്പിച്ച് മുറിച്ച് (ക്രോപ്പ് ചെയ്ത്) ആണ് ഇന്നത്തെ ഫുൾഫ്രെയിം സെൻസർ ഇല്ലാത്ത എല്ലാ ക്യാമറകളിലും ലഭിക്കുന്നത്).

ചുരുക്കിപ്പറഞ്ഞാൽ, ഫോക്കൽ ലെങ്ത് കൂടുംതോറും കൂടുതൽ വലിപ്പമുള്ള ഇമേജ് നീങ്ങളുടെ ക്യാമറയിൽ കിട്ടും. അതായത് മുമ്പിലുള്ള രംഗം നമ്മൂടെ അടുത്തേക്ക് വന്നതായി നമുക്ക് തോന്നും. ഇതാണ് ടെലിലെൻസുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്. ഫലത്തിൽ മറ്റൊരു കാര്യം കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. നിങ്ങൾ കാണുന്ന ഏരിയയുടെ വലിപ്പവും ഒപ്പം കുറയുന്നു. അതായത് ഒരു മുറിയിൽ ഒരു ഗ്രൂപ്പ്ഫോട്ടോയ്ക്കു വേണ്ടി ആളുകൾ നിൽക്കുന്നു എന്നുകരുതുക. അവരെ 18mm ഫോക്കൽ ലെങ്തിൽ നിങ്ങൾ വ്യൂ ഫൈന്ററിൽ കൂടികാണുമ്പോൾ ഇടത്തേ അറ്റം മുതൽ വലത്തേ അറ്റം വരെ ഗ്രൂപ്പിലെ എല്ലാവരേയും കാണുന്നുണ്ടെങ്കിൽ, അതേ രംഗം 70 mm ഫോക്കൽ ലെങ്തിൽ സൂം ചെയ്തുനോക്കിയാൽ ഒരു പക്ഷേ നടുക്കുള്ള രണ്ടുപേരെ മാത്രമേ കാണുകയുള്ളൂ. അതുപോലെ ആദ്യം 18mm ൽ നിൽക്കുന്നവരുടെ കാൽ‌പാദം മുതൽ തലവരെ കിട്ടുന്നുണ്ടെങ്കിൽ, 70mm സൂമിൽ മുഖം മുതൽ അരഭാഗം വരെയേ കാനുന്നുള്ളൂ എന്നും കാണാം (ഓപ്റ്റിക്കൽ സൂം ഡിജിറ്റൽ സൂം എന്ന അദ്ധ്യായത്തിൽ ഉദാഹരണ ചിത്രങ്ങൾ നോക്കൂ).

ചുരുക്കത്തിൽ ഫോക്കൽ ലെങ്തിന്റെ നമ്പർ കൂടുംതോറും ഫ്രെയിമിന്റെ കുറച്ച് ഏരിയമാത്രമേ വ്യൂഫൈന്ററിലും ഫോട്ടോയിലും കിട്ടുന്നുള്ളൂ; ഒപ്പം ഓബ്ജക്റ്റുകളുടെ വലിപ്പം കൂടുന്നു. അതുപോലെ വൈഡ് ആംഗിൾ ആകുംതോറും ഫ്രെയിമിന്റെ കൂടുതൽ കൂടുതൽ ഏരിയ വ്യൂഫൈന്ററിലും ഫോട്ടോയിലും കിട്ടുകയും, ഫ്രെയിമിലെ ഓബ്ജക്റ്റുകളുടെ വലിപ്പം കൂറയുകയും ചെയ്യും. മറ്റൊരു വ്യത്യാസം വൈഡ് ആംഗിൾ ഉപയോഗിക്കുമ്പോൾ ക്യാമറയിൽ നിന്നും ഏറ്റവും അടുത്ത് ഫോക്കസ് ചെയ്യാവുന്ന പോയിന്റിലേക്കുള്ള ദൂരം കുറയുന്നു. ഫോക്കൽ ലെങ്ത് കൂടും തോറൂം ക്യാമറയിൽ നിന്ന് ഏറ്റവും അടുത്ത് ഫോക്കസ് ചെയ്യാവുന്ന പോയിന്റിലേക്കുള്ള ദൂരം കൂടുന്നു. അതായത്, 18mm ൽ ക്യാമറയിൽ നിന്നും ഒരടി അകലത്തിലുള്ള ഒരു പൂവിനെ ഫോക്കസ് ചെയ്യാൻ സാധിക്കുമ്പോൾ 200mm ലെൻസ് ഉപയോഗിച്ച് ഫോക്കസ് ചെയ്യാവുന്ന കുറഞ്ഞ ദൂരം ഒന്നോ രണ്ടോ മീറ്റർ അപ്പുറത്തായേക്കാം.

11. ഈ പറഞ്ഞ ഫോക്കൽ ലെങ്തുകളെല്ലാം ഒരൊറ്റ ലെൻസിൽ ഒതുക്കാൻ പറ്റില്ലേ? 18-300 എം.എം എന്നൊരു റെയ്ഞ്ചിലുള്ള ലെൻസ് വാങ്ങിയാൽ പ്രശ്നം തീർന്നല്ലോ?

ഇതു പലരും ആലോചിക്കുന്ന ഒരു എളുപ്പവഴിയാണ്. പക്ഷേ ചിന്തിക്കാനും പറയാനും എളുപ്പമാണെങ്കിലും, നിർമ്മാതാക്കൾക്ക് ഇങ്ങനെയൊരു ലെൻസ് ഉണ്ടാക്കിയെടുക്കാവാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വിശാലമായ റെയ്ഞ്ചിലുള്ള ലെൻസുകൾക്ക് പല പരിമിതികളും പോരായ്മകളും ഉണ്ടാവും. ഒരു ചിത്രത്തിന്റെ ഷാർപ്‌നെസ് എന്നത് ലെൻസ് ക്വാളിറ്റിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ലെൻസിൽ വളരെ വിശാലമായ റേയ്ഞ്ച് ഉൾപ്പെടുത്തുമ്പോൾ ഈ ഷാർപ്‌നെസിന്റെ കാര്യത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ ഡിസൈനിൽ ചെയ്യേണ്ടിവരും. അതായത് ഒരു സൂം ലെൻസിന്റെ എല്ലാ റേയ്ഞ്ചിലും ഒരേ ഷാർപ്‌നെസിൽ ചിത്രങ്ങൾ ലഭിക്കുക എന്നത് അസംഭവ്യമാണ്. അല്ലെങ്കിൽ വളരെ വളരെ വിലപിടിപ്പുള്ള ഹൈ എന്റ് ലെൻസുകൾ ആവണം.

എങ്കിലും 28-250 mm റെയ്ഞ്ചിലുള്ള ചില ലെൻസുകൾ ട്രാവൽ ലെൻസുകളായി പലരും ഉപയോഗിക്കാറുണ്ട്. ഇവയെ ട്രാവൽ ലെൻസ് എന്നുപറയാൻ കാരണം, ധാരാളം വിനോദയാത്രകൾ പോവുകയും ആ വഴിയിൽ കുറെ ചിത്രങ്ങൾ എടുത്തു സൂക്ഷിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു SLR ഉപയോക്താവിന് യാത്രയിൽ കൊണ്ടുപോകേണ്ട മറ്റു സാധനങ്ങളോടൊപ്പം വലിയൊരു ക്യാമറ ബാഗും, അതിൽ കുറേ ലെൻസുകളും ആയി പോകുവാൻ ബുദ്ധിമുട്ടുണ്ടായേക്കാം. മാത്രവുമല്ല, കൂടെക്കൂടെ ലെൻസ് മാറ്റിയിടുക എന്നത് എപ്പോഴും പ്രായോഗികമായെന്നും വരില്ല. ഉദാഹരണത്തിന് നല്ല പൊടിക്കാറ്റോ, ഈർപ്പം നിറഞ്ഞ പ്രദേശത്തോ മറ്റൊ വച്ച് ഒരു ലെൻസ് മാറ്റി മറ്റൊന്ന് ക്യാമറയിൽ ഫിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഒട്ടും അഭികാമ്യമല്ല. അങ്ങനെയുള്ള അവസരങ്ങളിലാണ് ഈ ട്രാവൽ റെയ്ഞ്ച് ലെൻസുകൾ സൌകര്യപ്രദമാ‍കുന്നത്. പക്ഷേ ഇങ്ങനെ വിശാലമായ ഫോക്കൽ റേഞ്ചുള്ള ലെൻസുകളിൽ നിന്ന് ചെറിയ റെയ്ഞ്ചിലുള്ള ലെൻസുകളിൽ നിന്ന് ലഭിക്കുന്ന പല സൌകര്യങ്ങളും പ്രതീക്ഷിക്കാനാവില്ല. ഉദാഹരണത്തിന് ചെറിയ റേയ്ഞ്ചിലുള്ള ലെൻസുകളിൽ അപ്പർച്ചർ വളരെ വലുതായി തുറക്കാൻ സാധിക്കും. തന്മൂലം കുറഞ്ഞ ലൈറ്റിലുള്ള ഫോട്ടോഗ്രാഫി എളുപ്പമാകുന്നു. നേരിയ ഡെപ്ത് ഓഫ് ഫീൽഡ് വേണ്ടിവരുന്ന ചിത്രങ്ങളിൽ അത് ലഭിക്കാൻ എളുപ്പമാണ്, ക്യാമറയും ഓബ്ജക്റ്റും തമ്മിലുള്ള മിനിമം ഫോക്കസ് ദൂരം കുറയ്ക്കുവാൻ സാധ്യമാണ് തുടങ്ങിയ സൌകര്യങ്ങളുണ്ട്. എങ്കിലും ട്രാവൽ ലെൻസുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും നല്ല പ്രകാശമുള്ളതും, വൈഡ് ആംഗിളുകളിലുള്ളതുമായ ചിത്രങ്ങളാവും എടുക്കുക എന്നതിനാൽ 28-250 ഒരു നല്ല റേയ്ഞ്ച് ആണെന്നുതന്നെയാണ് എന്റെ അഭിപ്രായം.

എന്നാൽ നിങ്ങൾ കുറച്ചുകൂടി സീരിയസായി ഫോട്ടോഗ്രാഫി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നോർമൽ 18-55 അല്ലെങ്കിൽ 50 പ്രൈം, മാക്രോ, ടെലി തുടങ്ങിയ ലെൻസുകൾ കൂടി പിന്നീട് വാങ്ങിക്കാവുന്നതാണ്. ചുരുക്കത്തിൽ SLR ഫോട്ടോഗ്രാഫി എന്നും എക്കാലത്തും ഒരു ലെൻസുകൊണ്ട് ചെയ്യാവുന്ന ഒന്നല്ല. സീരിയസായി അത് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പലതരം ലെൻസുകളും പിന്നീട് വാങ്ങാൻ ആഗ്രഹം വരും! നല്ല ഫോട്ടോഗ്രാഫിഭ്രാന്തും ബഡ്ജറ്റും ഉള്ളവർക്ക് അതിൽ ഓരോ ലെൻസിന്റെ ചുവട്ടിലും ഓരോ ക്യാമറ ബോഡികൂടി വാങ്ങി ഫിറ്റ് ചെയ്യാം, പിന്നീട് ഫോട്ടോഗ്രാഫി സാഹചര്യങ്ങൾക്കനുസരിച്ച് ലെൻസ് മാറ്റേണ്ടിവരില്ലല്ലോ !


12. ചിലപ്പോഴൊക്കെ DSLR ക്യാമറകളോടൊപ്പം ഓഫറായി 70-300mm ലെൻസുകൾ കിട്ടാറുണ്ടല്ലോ? ഇവ നല്ല ലെൻസുകളാണോ?

DSLR ക്യാ‍മറവാങ്ങാൻ പോകുന്നവരെ കുഴയ്ക്കുന്ന മറ്റൊരു ചോദ്യമാണിത്. ഒരു ബ്രാന്റിന്റെ കൂടെ ഓഫർ ഒന്നുമില്ല, 30000 രൂപയ്ക്ക് (ഉദാഹരണമാണേ) ക്യാമറബോഡിയും ഒരു 18-55 mm ലെൻസും. മറ്റൊരു ബ്രാന്റിനോടൊപ്പം ക്യാമറബോഡി, 18-55mm ലെൻസ്, 70-300mm lens 34500 രൂപ. ഏതുവാങ്ങും? 4500 രൂപകൂടി കൊടുത്താൽ ഒരു 70-300mm ലെൻസ് “ലാഭകരമായി” കിട്ടുന്നുണ്ടല്ലോ എന്ന സാധാരണ ഉപഭോക്താവിന്റെ മനശാസ്ത്രത്തെയാണ് ഇവിടെ വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്നത്. സും ലെൻസുകളുടെ ലോകം വളരെ വിശാലമാണ്. എത്രയധികം റേയ്ഞ്ചുകളിൽ അവ ലഭ്യമാണ് എന്നറിയാൻ ഇന്റർനെറ്റിൽ ഒന്നു സേർച്ച് ചെയ്തുനോക്കൂ. ഒരു ഉദാഹരണം ഇവിടെ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്താൽ ഒരേ സ്പെസിഫിക്കേഷനിലുള്ള വ്യത്യസ്ത നിർമ്മാതാക്കളുടെ ലെൻസുകളും കാണാം. സൂം ലെൻസുകൾ വാങ്ങാനൊരുങ്ങുമ്പോൾ ആദ്യം മനസ്സിലാക്കിയിരിക്കേണ്ട വസ്തുത വലിയൊരു ഫോക്കൽ ലെങ്ത് (ഉദാ:300mm) ഉള്ള ലെൻസ് കൈയ്യിൽ കിട്ടിയതുകൊണ്ട് മാത്രം നല്ല ക്വാളിറ്റിയുള്ള ഫോട്ടോ കിട്ടുകയില്ല എന്നതാണ്. സമയമുള്ളവർ മുകളിൽ ലിങ്ക് തന്ന പേജിലെ ലെൻസുകളുടെ വിലകൾ ഒന്നു പരിശോധിക്കൂ. അയ്യായിരം രൂപമുതൽ ലക്ഷത്തിനു മുകളിൽ വിലവരുന്ന ലെൻസുകൾ വരെ ആ കൂട്ടത്തിൽ കാണാം. ഇതിനു കാരണം ലെൻസിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്ലാസിന്റെ ഗുണനിലവാരം, ലെൻസ് ഡിസൈനിന്റെ പ്രത്യേകതകൾ തുടങ്ങിയവയാണ്. അതുകൊണ്ടുതന്നെ എല്ലാ നിർമ്മാതാക്കൾക്കും Entry level, mid and high റേഞ്ചുകളിലുള്ള ലെൻസുകൾ ഉണ്ട്. ഹൈ ലെൻസുകളിൽ അപ്പർച്ചർ നല്ലവണ്ണം തുറക്കാൻ സാധിക്കും. അതിനാൽ തന്നെ വളരെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്യുമ്പോൾ ലഭിക്കുന്ന അല്പമായ പ്രകാശം പൂർണ്ണമായും ഉപയോഗിക്കാനും സാധിക്കും.

ഒരു ഉദാഹരണം പറയാം. പക്ഷികളുടെ ഫോട്ടോ എടുക്കാനുള്ള ഉദ്ദേശത്തിലാണ് നിങ്ങൾ സൂം ലെൻസ് വാങ്ങുന്നതെന്നിരിക്കട്ടെ. പക്ഷികൾ മിക്കപ്പോഴും ഇലകളുടെ തണലിലേ ഇരിക്കൂ. പോരാത്തതിനു വളരെ അകലെയുള്ള ദൃശ്യങ്ങളെ സൂം ചെയ്ത് അടുത്തേക്ക് വരുത്തുമ്പോഴേക്ക് ഫലത്തിൽ ക്യാമറയിൽ എത്തുന്ന വെളിച്ചം വളരെ കുറവ്. ഈ സാഹചര്യങ്ങളിലൊക്കെ ലെൻസിന്റെ മിനിമം അപ്പർച്ചർ വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെ പ്രധാനമാണ് ഗ്ലാസിന്റെ ഗുണം. ലെൻസിന്റെ എല്ലാ റേഞ്ചുകളിലും നല്ല ഷാർപ്പ് ഇമേജുകൾ ലഭിക്കുവാൻ ലെൻസ് ഗ്ലാസിന്റെയും അതിനുള്ളിലെ  Components ന്റെ ഗുണവും എണ്ണവും എല്ലാം പ്രധാനമാണ്. അപ്പോൾ പറഞ്ഞുകൊണ്ട് വരുന്നത് എല്ലാ 70-300mm ലെൻസുകളും, അല്ലെങ്കിൽ എല്ലാ സൂം ടെലിലെൻസുകളും ഒരേ ഗുണനിലവാരത്തിലുള്ള ചിത്രങ്ങൾ തരും എന്നു പ്രതീക്ഷിക്കരുത്. അത് അബദ്ധമാണ്. മിക്കവാറും എല്ലാ Bundle offer കളും ഒരു ചീപ് ക്വാളിറ്റി എൻ‌ട്രി ലെവൽ സൂം ലെൻസ് ആയിരിക്കും തരുന്നത്. അതുകൊണ്ട് അതിന്റെ ഗുണനിലവാരം കണ്ടും അറിഞ്ഞും വായിച്ചും നോക്കിയിട്ടേ അത്തരം ഓഫറുകളിൽ ചെന്നു ചാടാവൂ.  

അത്തരം ലെൻസുകൾ തൽക്കാലം വാങ്ങരുത് എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. കാരണം കുറച്ചുകൂടി പൈസ കൊടുക്കേണ്ടിവന്നാൽ തന്നെയും പിന്നീട് നിങ്ങൾക്ക് നല്ല ഒരു ക്വാളിറ്റി സൂം ലെൻസ് വാങ്ങാം. സൂം ലെൻസുകളുടെ കാര്യത്തിൽ മാത്രമല്ല, ഒരു DSLR ക്യാമറ നൽകുന്ന എല്ലാ  നല്ല ചിത്രങ്ങൾക്കും പിന്നിൽ ഒരു നല്ല ലെൻസും വേണം എന്നകാര്യം ഓർത്തിരിക്കുക. ഇത് ഒരു നല്ല ചിലവേറിയ ഹോബിയാണെന്നു പറയുന്നതിന്റെ കാരണം ഇതാണ്.എൻ‌ട്രി ലെവൽ സൂം ലെൻസ് വാങ്ങിയിട്ട് ഒരു വർഷത്തിനുള്ളിൽ ‘ചിത്രത്തിനു തെളിച്ചമില്ല, ഷാർപ്പല്ല” എന്നൊക്കെ പറഞ്ഞ് നല്ല ലെൻസുകൾ വാങ്ങാൻ പോയ ഒരുപാട് സുഹൃത്തുക്കളെ എനിക്കറിയാം!


12. എന്റെ കൈയ്യിലുണ്ടായിരുന്ന പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ 10x സൂം ഉള്ളതായിരുന്നു. എന്റെ കൈയ്യിലുള്ള DSLR ക്യാമറയുടെ സൂം എത്രയാണെന്ന് അറിയില്ല.

X എന്ന അക്ഷരം സൂചിപ്പിക്കുന്നത് മടങ്ങ്, ഗുണനം എന്നീ കാര്യങ്ങളെയാണ്. 10X എന്നുവച്ചാൽ പത്തുമടങ്ങ്, 3X എന്നുവച്ചാൽ മൂന്നുമടങ്ങ്. ഇവിടെ എന്തിന്റെ കാര്യമാണ് പറയുന്നത് എന്നു ശ്രദ്ധിക്കൂ. ഫോക്കൽ ലെങ്തുകളാണ് ഇവിടെ വിഷയം. നാം ഉപയോഗിക്കുന്ന ലെൻസിന്റെ ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്തിന്റെ എത്ര മടങ്ങാണ് ഏറ്റവും വലിയ ഫോക്കൽ ലെങ്ത് എന്നാണിവിടെ പറയുന്നത്. 3.6mm to 36mm എന്ന ഫോക്കൽ ലെങ്ത് റേഞ്ചിലുള്ള ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ കാര്യം എടുക്കാം. ഇവിടെ 3.6 എന്നതിന്റെ പത്തുമടങ്ങ് (3.6 X 10=36) ആണ് 36. അതുകൊണ്ട് ആ ക്യാമറയ്ക്ക് 10X സൂം ചെയ്യാനുള്ള കഴിവുണ്ട് എന്നുപറയാം. ഇവിടെ DSLR ക്യാമറകളിൽ ലെൻസ് നമ്മൾ മാറ്റി മാറ്റി ഉപയോഗിക്കുകയാണ്. അതിനാൽ ഉപയോഗിക്കുന്ന ലെൻസിനു അനുസരിച്ചാണ് ലഭിക്കുന്ന സൂം. 70-300 mm ലെൻസിൽ 4.2X ആണ് ലഭിക്കുന്ന മാഗ്നിഫിക്കേഷൻ. 18-55 ലെൻസിൽ 3X ഉം. (റേയ്ഞ്ചിന്റെ വലിയ നമ്പറിനെ ചെറുതുകൊണ്ട് ഹരിക്കുക).

13. ISO 3200, 6 frames per seconds - ഇതിലൊക്കെ എന്തെങ്കിലും പ്രാധാന്യം?

ഏതു ക്യാമറ എടുക്കുമ്പോഴും അതിലെ ഫീച്ചറുകളിൽ ഏതൊക്കെ നമ്മൾ ഉപയോഗിക്കും എന്ന് ആദ്യം നോക്കുക. Night / low light ഫോട്ടോഗ്രാഫിയിൽ ചിത്രങ്ങൾ Camera shake ഉണ്ടായി നാശമാവാതിരിക്കാനുള്ള ഒരു വഴി എന്ന നിലയിലാണ് high ISO ഉപയോഗിക്കുന്നത് (തിയറി അനുസരിച്ച്). പ്രാക്റ്റിക്കലായി ഇങ്ങനെയാണോ കാര്യങ്ങൾ? 3200 എന്ന ISO സെറ്റിംഗ് എസ്.എൽ.ആർ ക്യാമറകളിൽ ഉപയോഗിക്കാം എങ്കിലും ആ സെറ്റിംഗിൽ നോയിസ് കൂടും; പ്രത്യേകിച്ച് വളരെ നീണ്ട ഷട്ടർ സ്പീഡ് ഉപയോഗിക്കേണ്ടിവരുമ്പോൾ. ഇനി അഥവാ നോയിസ് കുറയ്ക്കാനുള്ള സംവിധാനം ക്യാമറയിൽ ഉണ്ടെങ്കിലും ചിത്രത്തിന്റെ നിറവും ക്ലാരിറ്റിയും കുറയും. 1600 വരെ നല്ല ക്ലീനായ ചിത്രങ്ങൾ പുതിയ DSLR സെൻസറുകളിൽ കിട്ടാറുണ്ട്. പോയിന്റ് ആന്റ് ഷൂട്ടിൽ 400 നു മുകളിലേക്ക് കൂടുതൽ ആലോചിക്കേണ്ടതില്ല. ഫോട്ടോഗ്രാഫിയിൽ പരിചയമായിക്കഴിഞ്ഞാൽ Low light / Night ഫോട്ടോകൾ, പ്രത്യേകിച്ചും സിറ്റിസ്ക്കേപ്സ് നിങ്ങൾ ഒരു ട്രൈപ്പോഡ് ഉപയോഗിച്ചുമാത്രമേ എടുക്കൂ! അനുഭവം ഗുരു.

6 frames per second / 3.6 frames per second ഇതൊക്കെ DSLR ക്യാമറകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്. എത്ര വേഗത്തിൽ ചിത്രമെടുക്കാം എന്നതാണിത് കാണിക്കുന്നത്. വളരെ ഫാസ്റ്റായ ചില സന്ദർഭങ്ങൾ തുടർച്ചയായി ചിത്രത്തിലാക്കുമ്പോൾ മാത്രമാണ് ഇത് ആവശ്യമായി വരുന്നത്. പാർക്കിൽ കളിക്കുന്ന കുട്ടികളുടെ ചിത്രമെടുക്കുമ്പോഴോ, ഒരു ഗ്രൂപ്പ് ഫോട്ടോയോ ബർത്ത്ഡേ പാർട്ടിയോ ചിത്രത്തിലാക്കുമ്പോഴോ നാം ഈ രീതിയിൽ ചിത്രമെടുക്കാറുണ്ടോ? ഇല്ല. അത്തരം സന്ദർഭങ്ങളിൽ 6 frames per second ആയാലും 4 frames per second ആയാലും ഫലം ഒന്നുതന്നെ. Single shot എന്ന സംവിധാനത്തിലായിരിക്കും നമ്മൾ ചിത്രമെടുക്കുക. അതേ സമയം ചീറ്റപ്പുലി ഓടുന്നതും ഫൈറ്റർ പ്ലെയിൻ അഭ്യാസങ്ങൾ കാണിക്കുന്നതുമൊക്കെ ചിത്രത്തിലാക്കാൻ ഒരുങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുകയും ചെയ്യും. ഫ്രെയിംസ് പെർ സെക്കന്റും 1600 നു മുകളിലേക്കുള്ള ISO സെറ്റിംഗുകളും അമിതപ്രാധാന്യം കൊടുക്കേണ്ട സംഗതികളല്ല.

തൽക്കാലം ഇവിടെ നിർത്താം. ബാക്കികാര്യങ്ങൾ അടുത്ത പോസ്റ്റിൽ.

വായനക്ക് താല്പര്യമുള്ളവർക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ഒരു വെബ് പേജ്

===============================

ക്യാമറവാങ്ങാൻ ആലോചിക്കുന്ന ഒരു സാധാരണ ഉപയോക്താവിന്റെ ആക്രാന്തചിന്തകൾ ഇവിടെ വായിക്കൂ!

സംശയങ്ങൾ ഉള്ളവർക്ക് ഇവിടെ കമന്റായി എഴുതാവുന്നതാണ്. “മണ്ടൻ ചോദ്യമാകുമോ” എന്ന ശങ്ക വേണ്ടാ. കാരണം മണ്ടൻ ചോദ്യം എന്നൊരു ചോദ്യം ഇല്ല എന്നതുതന്നെ. ചോദ്യങ്ങൾ ചോദിക്കുന്നവരല്ല, മറ്റുള്ളവരോട് ചോദിക്കാതെ എന്നും സംശയങ്ങളെ മനസ്സിൽ സൂക്ഷിക്കുന്നവരാണ് യഥാർത്ഥത്തിൽ ഒന്നും പഠിക്കാത്തത്!

Read more...

Tuesday, March 2, 2010

ചുവന്നുപോയ ചിത്രങ്ങളെ ശരിയാക്കൊനൊരു എളുപ്പവഴി

ഈ ബ്ലോഗിൽ ടെക്നിക്കലായ പോസ്റ്റുകളോടൊപ്പം ചെറിയ ചെറിയ ടിപ്സ്, ട്രിക്കുകൾ ഒക്കെ പങ്കുവയ്ക്കുകയും കൂടി ചെയ്യുവാനുദ്ദേശിക്കുന്നു. അതിനായി സൈഡ് ബാറിൽ പാഠങ്ങൾ എന്ന മുഖവുരയില്ലാതെ മറ്റൊരു ലിങ്ക് ലിസ്റ്റ് ആഡ് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ ഇതുപോലെയുള്ള പോസ്റ്റുകളും പ്രതീക്ഷിക്കാം.


വൈറ്റ് ബാലസ് സെലക്റ്റ് ചെയ്തതിന്റെ തകരാറുകൊണ്ടോ, അല്ലെങ്കിൽ ഫോട്ടോയെടുത്ത രംഗത്തെ വെളിച്ചത്തിന്റെ പ്രത്യേകതകൊണ്ടോ ചുവന്നുപോയ ചിത്രങ്ങൾ നിങ്ങൾക്ക് ഡിജിറ്റൽ ക്യാമറകളിൽ കിട്ടിയിട്ടുണ്ടാവുമല്ലോ. ഉദാഹരണം മെഴുകുതിരി വെളിച്ചത്തിലും, ടംഗ്സ്റ്റൺ ബൾബ് വെളിച്ചത്തിലും സോഡിയം വേപ്പർ ലാമ്പ് വെളിച്ചത്തിലും മറ്റും എടുത്ത ചിത്രങ്ങൾ. ഈ സാഹചര്യങ്ങളിലൊക്കെയും ഫോട്ടോ ആവശ്യത്തിലധികം ചുവന്നുപോകാനുള്ള സാധ്യത ഏറെയാണ്. റോ മോഡിൽ എടുത്ത് പോസ്റ്റ് പ്രോസസ് ചെയ്യുകയാണ് ഈ അവസരങ്ങളിൽ ഏറ്റവും നന്ന്. അല്ലാതെ ജെ.പി.ജി ആയി ചിത്രം എടുത്തുപോയി എങ്കിൽ അത് ഫോട്ടോഷോപ്പിൽ കറക്റ്റ് ചെയ്യാനുള്ള ഒരു ചെറിയ വിദ്യ ഒരു ഫോട്ടോഫോറത്തിൽ വായിച്ചത് ഇവിടെ ഷെയർ ചെയ്യട്ടെ. ഇതൊരു 10/10 മാർക്ക് കൊടുക്കാവുന്ന വിദ്യയൊന്നുമല്ല, എങ്കിലും ചെറിയ അഡ്ജസ്റ്റ്മെന്റുകളൊക്കെ ഇതുവഴി ചെയ്യാം. (Adobe Photoshop CS2 ലെ മെനു ആണ് ഇവിടെ വിവരിക്കുന്നത്)

ആദ്യമായി എഡിറ്റ് ചെയ്യേണ്ട ചിത്രം ഫോട്ടോഷോപ്പിൽ തുറക്കുക. ഇതാണ് ഒറിജിനൽ ചിത്രം.


ഫോട്ടോഷോപ്പിലെ വിന്റോസ് എന്ന മെനു തുറന്ന്, Layer Palette തുറന്നു വയ്ക്കുക. F7 കീ അമർത്തിയാലും ഈ പാലറ്റ് ലഭിക്കും. ഇനി Ctrl + C, Ctrl+V എന്നീ കീ കോമ്പിനേഷനുകൾ ഒന്നിനു പുറകെ ഒന്നായി കീബോർഡിൽ ചെയ്യുക. ഇപ്പോൾ നമ്മുടെ ഇമേജിന്റെ ഒരു കോപ്പി മറ്റൊരു ലയറായി ചേർക്കപ്പെടും. ലെയർ പാലറ്റിൽ നോക്കിയാൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒന്നിനുമുകളിൽ ഒന്നായി രണ്ടു ലെയറുകൾ കാണാം. പുതിയതായി കോപ്പി ചെയ്ത് ചേർത്ത ലെയറിന്റെ പേര് ഡിഫോൾട്ടായി ലെയർ 1 എന്നായിരിക്കും.


ലെയർ 1 എന്നതിൽ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുക. ഇനി, ഫോട്ടോഷോപ്പിലെ ഫിൽറ്റർ എന്ന മെനു തുറന്ന് അതിലെ Blur എന്ന ഐറ്റം സെലക്റ്റ് ചെയ്യുക. Blur നു ഒരു സബ് മെനു ഉണ്ട്. അതിൽ നിന്നും Average സെലക്റ്റ് ചെയ്യുക.


ഇപ്പോൾ രണ്ടാമത്തെ ലെയർ 1 മുകളിൽ കാണുന്ന ചിത്രത്തിലേതുപോലെ ഒരു കളർ മാത്രമുള്ള ലെയറായി മാറുന്നതുകാണാം. അതവിടെ നിൽക്കട്ടെ. അടുത്തതായി Layer എന്നു പേരുള്ള മെനു തുറക്കുക. അതിൽ നിന്നും New Adjustment Layer എന്ന ഐറ്റം സെലക്റ്റ് ചെയ്യുക. അതിന്റെ സബ് മെനുവിൽ നിന്ന് Curves സെലക്റ്റ് ചെയ്യുക. ഈ പുതിയ അഡ്ജസ്റ്റ്മെന്റ് ലെയറിന് ഒരു പേരു കൊടുക്കുവാൻ ആവശ്യപ്പെടും. ഡിഫോൾട്ടായി Curves 1 എന്ന പേരുകാണാം. ഓകെ. ക്ലിക്ക് ചെയ്യുക.


ഇപ്പോൾ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീൻ ലഭിക്കും. ആദ്യം ചെയ്യേണ്ടത് പ്രിവ്യൂ ബട്ടണു തൊട്ടുമുകളിലായി കാണുന്ന മൂന്നു പെൻ ടൂളുകളിലെ നടുവിലുള്ളത് (set Grey point) എന്ന ബട്ടൺ അമർത്തുക എന്നതാണ്. ഇനി മൌസിനെ നമ്മുടെ ആവറേജ് ബ്ലർ ചെയ്തപ്പോൾ ലഭിച്ച നിറത്തിനുള്ളിലേക്ക് (Layer1) കൊണ്ടുവന്ന് ഒരു ക്ലിക്ക് ചെയ്യുക. അപ്പോൾ ആ ലെയറിന്റെ നിറം മാറുന്നതായി കാണാം.

ഇനി ലെയർ പാലറ്റിലേക്ക് പോവുക. അവിടെയുള്ള Layer 1 (average blur layer) എന്ന നടുവിലുള്ള ലെയറിൽ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്തിട്ട് മൌസ് റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ കിട്ടുന്ന മെനുവിൽ Delete Layer എന്നൊരു ഐറ്റമുണ്ടാവും. അത് സെലക്റ്റ് ചെയ്ത് ലെയർ 1 നെ ഡിലീറ്റ് ചെയ്യുക. ഇത്രയേ ഉള്ളു സംഭവം.

റിസൽട്ട് താഴെക്കാണൂ.


ഇതേരീതിയിൽ കളർ കറക്ഷൻ നടത്തിയ മറ്റൊരു ചിത്രം അബ്ദുൾ സലീമിന്റെ (ഷമീർ കറുകമാട്) ബ്ലോഗിൽ നിന്നും. ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ വ്യത്യാസം.


മെഴുകുതിരി വെളിച്ചത്തിൽ എടുത്ത ചിത്രങ്ങളിൽ ഈ രീതി വളരെ ഫലവത്താണെനു കണ്ടിട്ടുണ്ട്.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Saturday, February 27, 2010

പാഠം 20 : ഡെപ്ത് ഓഫ് ഫീല്‍ഡ് ഭാഗം 2

ഡെപ്ത് ഓഫ് ഫീൽഡ് (DOF) എന്ന വിഷയത്തിന്റെ രണ്ടാം ഭാഗം ചർച്ചചെയ്യുവാനുള്ള ഈ അദ്ധ്യായം നീക്കിവച്ചിരിക്കുന്നത് DOF ന്റെ പിന്നിലെ ഓപ്റ്റിക്കൽ തിയറികളെപ്പറ്റി അല്പമായി വിശദീകരിക്കുവാനാണ്. ഒരു ഫോട്ടോഗ്രാഫർ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണുത്തരം. എങ്കിലും കാഴ്ചക്കിപ്പുറം ബ്ലോഗിലെ എല്ലാ പോസ്റ്റുകളിലും ക്യാമറയിലെ വിവിധപ്രവർത്തനങ്ങൾക്ക് പിന്നിലുള്ള സയൻസ് എന്താണെന്ന് വിശദീകരിച്ചിട്ടുണ്ട്. അതിനാൽ ഇവിടെയും DOF formation ന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റി പറയുന്നു.

ചർച്ചയിലേക്ക് കടക്കുന്നതിനുമുമ്പ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച അദ്ധ്യായങ്ങളിൽ പറഞ്ഞ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വായനക്കാരുടെ മനസ്സിലേക്കെത്തിക്കുവാൻ ഒരിക്കൽ കൂടി എഴുതുന്നു.

  • ഡെപ്ത് ഓഫ് ഫീൽഡ് എന്ന പ്രതിഭാസം ക്യാമറ ലെൻസ് ഉണ്ടാക്കുന്നതാണ്.
  • ലെൻസിന്റെ ശ്രദ്ധ (focus) കേന്ദ്രീകരിച്ചിരിക്കുന്ന വസ്തു ലെൻസിൽ നിന്ന് എത്ര അകലെയാണെന്നതും, തന്മൂലം ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ മാഗ്നിഫിക്കേഷൻ എത്രയുണ്ടെന്നതും ആശ്രയിച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം ഏറിയും കുറഞ്ഞും ഇരിക്കും.
  • ഇതോടൊപ്പം ലെൻസിന്റെ എത്രത്തോളം ഏരിയയിൽ (aperture വലിപ്പം അനുസരിച്ച്) നിന്നുള്ള പ്രകാശം ഇമേജ് പ്ലെയിനിൽ (സെൻസറിൽ) എത്തുന്നു എന്നതും DOF ന്റെ വലിപ്പച്ചെറുപ്പങ്ങൾ തീരുമാനിക്കപ്പെടുന്നതിൽ ഒരു പങ്ക് വഹിക്കുന്നു.

DOF മായി ബന്ധപ്പെടുത്തി ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച അദ്ധ്യായത്തിൽ പറഞ്ഞ മറ്റെല്ലാ കാര്യങ്ങളും അടിസ്ഥാനപരമായി ഈ രണ്ടുകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയ കാര്യങ്ങൾ അവലോകനം ചെയ്യുകയാണ് ഈ അദ്ധ്യായത്തിൽ.

പ്രതിബിംബങ്ങൾ ഉണ്ടാകുന്ന വിധം:

ഒരു കോൺ‌വെക്സ് ലെൻസ് ഉണ്ടാക്കുന്ന പ്രതിബിംബത്തെപ്പറ്റി പണ്ട് സ്കൂൾ ക്ലാസുകളിൽ പഠിച്ചകാര്യങ്ങൾ ഇപ്പോഴും ഓർമ്മയിലുള്ളവർ ഈ വായനക്കാരിൽ ഉണ്ട് എന്നു കരുതുന്നു. ഓപ്റ്റിക്കൽ തിയറി ക്ലാസുകളിൽ, സുപ്രധാനങ്ങളായ മൂന്നുതരം പ്രകാശരശ്മികളെ അടിസ്ഥാനപ്പെടുത്തിയാണ് ലെൻസുകൾ പ്രതിബിംബങ്ങൾ ഉണ്ടാക്കുന്ന വിധം പഠിക്കുന്നത്. ഓപ്റ്റിക്കൽ ഫിസിക്സിൽ ഈ മൂന്നുതരം പ്രകാശരശ്മികളെ പ്രിസിപ്പൽ റെയ്സ് (Principal rays) എന്നുവിളിക്കുന്നു. അവ ഏതൊക്കെ എന്ന് ഒരിക്കൽ കൂടി നോക്കാം.

താഴെ കൊടുത്തിരിക്കുന്ന രേഖാചിത്രം ഒന്നു ശ്രദ്ധിക്കൂ.
ഒരു കോണ്‍‌വെക്സ് ലെന്‍സ് പ്രതിബിംബം ഉണ്ടാക്കുന വിധം


ഇവിറ്റെ ഒരു കോൺവെക്സ് ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബമാണ് കാണിച്ചിരിക്കുന്നത്. ലെൻസിന്റെ നടുവിലൂടെ കടന്നുപോകുന്ന കറുപ്പുനിറത്തിലെ രേഖയാണ് ലെൻസിന്റെ ആക്സിസ്. ഈ ആക്സിസിൽ, ലെൻസിന്റെ ഇരുവശങ്ങളിലായി അതിന്റെ ഫോക്കൽ പോയിന്റുകളും (F1, F2) അടയാളപ്പെടുത്തിയിട്ടുണ്ട്. ഇടതുവശത്തെ ഫോക്കൽ പോയിന്റിൽ നിന്നും അതിന്റെ ഇരട്ടിയിലധികം ദൂരത്തിൽ ടോംക്യാറ്റ് – ഇദ്ദേഹമാണ് ഇവിടെ നമ്മുടെ ഓബ്ജക്റ്റ് - നിൽക്കുന്നു എന്നു സങ്കല്പിക്കുക.

ഇനി ഓപ്റ്റിക്കൽ തിയറിയിലേക്ക് വരാം. ഈ ഉദാഹരണത്തിൽ, മൂന്നു പ്രിൻസിപ്പൽ കിരണങ്ങൾ എങ്ങനെയൊക്കെയാണ് സഞ്ചരിക്കുന്നത് എന്നും അവയുടെ പ്രത്യേകതൾ എന്തൊക്കെയാണെ ന്നുമാണ് വിവരിക്കുന്നത്.

  1. ഓബ്ജക്റ്റിൽ നിന്നും ലെൻസിന്റെ ആക്സിസിനു സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശകിരണങ്ങൾ അപവർത്തനത്തിനു (refraction) വിധേയമാവുകയും മറുവശത്തുള്ള ഫോക്കൽ പോയിന്റിൽ (F2) കൂടി കടന്നുപോകുകയും ചെയ്യും. (ഉദാഹരണം നീല നിറത്തിൽ വരച്ചിരിക്കുന്ന രശ്മി)
  2. ഓബ്ജക്റ്റിൽനിന്നും പുറപ്പെട്ട്, അതേ വശത്തുള്ള ലെൻസിന്റെ ഫോക്കൽ പോയിന്റിൽ (F1) കൂടി കടന്നുവരുന്ന പ്രകാശ കിരണങ്ങൾ ലെൻസിൽ പതിച്ചശേഷം റിഫ്രാക്ഷനു വിധേയമാവുകയും, മറുവശത്ത് ലെൻസിന്റെ ആക്സിസിനു സമാന്തരമായി കടന്നുപോകുകയും ചെയ്യും. (ഉദാഹരണം കറുപ്പു നിറത്തിൽ വരച്ചിരിക്കുന്ന രശ്മി)
  3. ഓബ്ജക്റ്റിൽ നിന്നും പുറപ്പെട്ട്, ലെൻസിന്റെ കേന്ദ്രത്തിൽ (centre) കൂടി കടന്നുപോകുന്ന പ്രകാശകിരണങ്ങൾ അപവർത്തനത്തിനു വിധേയമാകാതെ അതേ നേർരേഖയിൽ തന്നെ ലെൻസിൽക്കൂടി കടന്നുപോകും. (ഉദാഹരണം ചുവപ്പു നിറത്തിൽ വരച്ചിരിക്കുന്ന രശ്മി)

ഈ മൂന്നു കിരണങ്ങളും ഒത്തുചേരുന്ന പോയിന്റിലാണ് ഇമേജ് ഉണ്ടാകുന്നത്. ഒരു കാര്യം ശ്രദ്ധിക്കൂ. ഈ ഉദാഹരണത്തിൽ നാം ടോമിന്റെ തലയിൽ നിന്ന് ഉത്ഭവിക്കുന്ന മൂന്നു കിരണങ്ങളെ മാത്രമേകണക്കിലെടുത്തിട്ടുള്ളൂ. യഥാർത്ഥത്തിൽ ഇവയെപ്പോലെ ലക്ഷക്കണക്കിനു പ്രകാശരശ്മികൾ ടോമിന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പരിസരങ്ങളിൽ നിന്നും ലെൻസിലേക്ക് പതിക്കുകയും അവയുടെ പതനകോണുകൾക്കും മേൽപ്പറഞ്ഞ നിയമങ്ങൾക്കും അനുസൃതമായി പ്രതിബിംബം ഉണ്ടാകുന്ന പ്രതലത്തിൽ (image plane) വന്നു സംഗമിക്കുകയും ചെയ്യും. ഈ സംഗമസ്ഥാനത്ത് ഒരു സ്ക്രീൻ വച്ചാൽ ഒരു യഥാർത്ഥ പ്രതിബിംബം അവിടെ രൂപപ്പെടുന്നതുകാണാം.

ഇപ്രകാരം ലഭിക്കുന്ന പ്രതിബിംബങ്ങൾക്ക് ചില പ്രത്യേകതകളുമുണ്ട്.

  1. അവ തലകീഴായിട്ടായിരിക്കും രൂപപ്പെടുക.
  2. വസ്തുവിനേക്കാൾ ചെറുതായ ഒരു വലിപ്പത്തിലായിരിക്കും അവ രൂപപ്പെടുന്നത്.
  3. ലെൻസിൽ നിന്നും വസ്തു എത്രത്തോളം ദൂരെയാണോ അതിനനുസരിച്ച് ലെൻസിന്റെ മറുവശത്ത് പ്രതിബിംബം ഉണ്ടാകുന്ന സ്ഥാനവും, അതിന്റെ വലിപ്പവും വ്യത്യാസപ്പെടും.


താഴെക്കാണുന്ന ചിത്രത്തിൽ ഇത് കുറച്ചു കൂടി വിശാലമായ ഒരു അര്‍ത്ഥത്തില്‍ വ്യക്തമാക്കാൻ ശ്രമിച്ചിരിക്കുന്നു. ലെൻസിൽ നിന്ന് വ്യത്യസ്ത അകലങ്ങളിൽ ഇരിക്കുന്ന വസ്തുക്കൾ ഉണ്ടാക്കുന്ന പ്രതിബിംബങ്ങൾ രൂപപ്പെടുന്നത് എവിടെയൊക്കെയാണെന്നു നോക്കൂ. സൌകര്യത്തിനായി ഒരു വസ്തുവിൽ നിന്ന് പുറപ്പെടുന്ന രണ്ട് പ്രിൻസിപ്പൽ കിരണങ്ങൾ മാത്രമേ വരച്ചിട്ടുള്ളൂ.ഈ ചിത്രത്തിൽ നിന്നും ഒരു കാര്യം വ്യക്തമായിക്കാണുമല്ലോ? ഒരു പ്രത്യേക സാഹചര്യത്തിൽ (ലെൻസ്, വസ്തു, അവതമ്മിലുള്ള അകലം) ഇമേജ് പ്ലെയിനിലേക്ക് വന്നു സംഗമിക്കുന്ന രശ്മികളുടെ എണ്ണത്തിലും സ്വഭാവത്തിലും വ്യത്യാസമുണ്ട്. ചില കിരണങ്ങൾ സംഗമിക്കുന്നതേയില്ല, മറ്റു ചിലവ ഇമേജ് പ്ലെയിനിനു അല്പം മുമ്പിലോ അല്ലെങ്കിൽ അതിനപ്പുറമോ ആയിരിക്കും സംഗമിക്കുക. ഈ ഉദാഹരണത്തില്‍, മൂന്നുവസ്തുക്കളുടെയും പ്രതിബിംബം ലെന്‍സ് ഉണ്ടാക്കുന്നുണ്ടെങ്കിലും നടുവിലുള്ള വസ്തുവിന്റെ മാത്രം പ്രതിബിംബമേ കൃത്യമായും ഇമേജ് പ്ലെയിനില്‍ തന്നെ രൂപപ്പെടുന്നുള്ളൂ. ഇമേജ് പ്ലെയിനിൽ അല്ലാതെ അതിന് മുൻപിലോ പുറകിലോ വന്നു സംഗമിക്കുന്ന രശ്മികളുടെ വ്യക്തമായ ഒരു പ്രതിബിംബം ആയിരിക്കില്ല ഇമേജ് പ്ലെയിൽനിൽ ലഭിക്കുക. ഇങ്ങനെ വ്യക്തതയില്ലാതെ, ഒരു പ്ലെയിനിൽ വന്നു ചേരുന്ന രശ്മികളുണ്ടാക്കുന്ന പ്രതിബിംബം നമ്മുടെ കണ്ണുകൾക്ക് അവ്യക്തമായി (blur) തോന്നും. ഇപ്രകാരം ഒരു ഫ്രെയിമിൽ “ബ്ലർ” ആയി കാണപ്പെടുന്ന ഏരിയ കഴിച്ച് ബാക്കിയുള്ള ഭാഗമാണ് നാം “ക്ലിയർ” അല്ലെങ്കിൽ “ഷാർപ്പ്” ആയി കാണുന്നത്. ഇങ്ങനെ ഒരു ഫ്രെയിമിൽ സുവ്യക്തമായി കാണുന്ന ഏരിയയെ ആണ് നാം ഡെപ്ത് ഓഫ് ഫീൽഡ് എന്നുവിളിക്കുന്നത്.

ഇതേ തത്വങ്ങളാണ് ഒരു ക്യാമറയിലും ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഇമേജ് പ്ലെയിനിൽ സെൻസർ ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഫ്രെയിമിന്റെ ഏതൊക്കെ ഭാഗങ്ങളിൽനിന്ന് വരുന്ന രശ്മികൾ സെൻസറിൽ സമ്മേളിക്കുന്നുവോ അവയൊക്കെ നമ്മുടെ കണ്ണുകൾക്ക് “ഷാർപ്പായി” തോന്നുന്നു, അല്ലാത്തവ മങ്ങിയും (blur) തോന്നുന്നു; അതിനനുസരിച്ച് നമ്മുടെ കണ്ണുകൾ ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പവും മനസ്സിലാക്കുന്നു.

മേല്‍പ്പറഞ്ഞ ഉദാഹരണത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രം താഴെക്കൊടുക്കുന്നു. പ്രത്യേകിച്ച് വിശദീകരിക്കാതെതന്നെ എന്തുകൊണ്ടാണ് ഏറ്റവും മുമ്പിലും ഏറ്റവും പുറകിലും ഇരിക്കുന്ന ക്രയോണുകളുടെ പ്രതിബിംബങ്ങള്‍ ഷാര്‍പ്പായി ഈ ഫോട്ടോയില്‍ കാണാത്തതെന്ന് മുകളിലെ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കൂ.
സാങ്കേതികമായി പറഞ്ഞാല്‍ നാം ഫോക്കസ് ചെയ്യുന്നത് എതു വസ്തുവാണോ, അതിന്റെ പ്രതിംബിംബമാണ് സെൻസറിൽ ഏറ്റവും ഷാർപ്പായി ലഭിക്കുക, അതിന് അപ്പുറവും ഇപ്പുറവും ഇരിക്കുന്ന വസ്തുക്കളുടെ പ്രതിബിംബം അത്ര ഷാർപ്പ് ആയിരിക്കില്ല. ക്ലോസ് അപ് ചിത്രങ്ങളിൽ ഈ വ്യത്യാസം കൂടുതലായി അറിയാം; ലെൻസും ഓബ്ജക്റ്റും തമ്മിലുള്ള അകലം കൂടും തോറും കൂടുതൽ കൂടുതൽ ഏരിയ ഷാർപ്പായി ലഭിക്കുകയും ചെയ്യും. ക്ലോസ് അപ് ചിത്രങ്ങളിൽ ഡെപ്ത് ഓഫ് ഫീൽഡ് കുറവായും, വൈഡ് ആംഗിൾ ചിത്രങ്ങളിൽ ഡെപ്റ്റ് ഓഫ് ഫീൽഡ് കൂടുതലായും ലഭിക്കുന്നതിന്റെ കാരണം ഇതാണ് - ഒപ്പം ഇമേജ് മാഗ്നിഫിക്കേഷന്റെ പങ്കും.

ലെന്‍സിന്റെ അപ്പര്‍ച്ചര്‍ വലിപ്പം കുറയ്ക്കുമ്പോള്‍ നാം ചെയ്യുന്നത് എന്താണെന്ന് ആലോചിച്ചുനോക്കൂ. അപ്പര്‍ച്ചര്‍ പരമാവധി തുറന്നിരിക്കുമ്പോള്‍ ലെന്‍സിന്റെ മുഴുവന്‍ ഏരിയയിലേക്കും പതിക്കുന്ന രശ്മികളെ ലെന്‍സില്‍ കൂടി കടന്നുപോകുവാനാണ് നാം അനുവദിക്കുന്നത്. ഫലമോ? ലെന്‍സില്‍ നിന്ന് പലദൂരങ്ങളില്‍ നിന്ന് വരുന്ന രശ്മികള്‍ സെന്‍സറിനു മുമ്പിലോ പിന്‍പിലോ ആയി സമ്മേളിക്കുന്നു. വ്യക്തമായ ചിത്രത്തോടൊപ്പം അവ്യക്തമായ പരിസരചിത്രങ്ങളും ചേര്‍ക്കപ്പെടുന്നു. അപ്പോള്‍ ആ ചിത്രത്തിന്റെ ഡെപ്ത് ഓഫ് ഫീല്‍ഡ് കുറവായി നമുക്ക് തോന്നുന്നു. മറിച്ച് അപ്പര്‍ച്ചര്‍ വലിപ്പം കുറയ്ക്കുമ്പോള്‍ ആക്സിസിനോട് ഏറ്റവും അടുത്തായി കടന്നുവരുന്ന പ്രകാശരശ്മികളെമാത്രം ലെന്‍സിലേക്ക് കടക്കാന്‍ അനുവദിക്കുന്നു. മറ്റുള്ളവയെ അപ്പര്‍ച്ചര്‍ ബ്ലെയിഡുകള്‍ തടഞ്ഞുവയ്ക്കുന്നു. ഫലത്തില്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് വര്‍ദ്ധിച്ചതായി നമുക്ക് തോന്നുന്നു.Circles of confusion:


ഡെപ്ത് ഓഫ് ഫീല്‍ഡിനെപ്പറ്റി വെബ് പേജുകളില്‍ വായിച്ചിട്ടുള്ളവരെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു പദമായിരിക്കും സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷന്‍ എന്നത്. ഇതിനെപ്പറ്റി വളരെ വിശദമായ ഒരു പ്രതിപാദനം ഇവിടെ ഉദ്ദേശിക്കുന്നില്ല. ലളിതമായി ഒന്നു പറഞ്ഞുപോകുന്നു. ആദ്യം ഈ പദത്തിലെ ‘സര്‍ക്കിള്‍‘ എന്ന വാക്കും ‘കണ്‍ഫ്യൂഷന്‍‘ എന്നവാക്കും വെവ്വേറേ മനസ്സിലാക്കാം.

നമ്മുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ ചെറുതായി കാണപ്പെടുന്ന ബിന്ദുക്കളെല്ലാം, ബിന്ദുക്കളായല്ല പകരം ഒരു തുടര്‍ച്ചയായ കാഴ്ചയായാണ് നമ്മുടെ കണ്ണുകള്‍ മനസ്സിലാക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. എന്തുതോന്നുന്നു? അവ ചുവപ്പും പച്ചയും വയലറ്റും നിറങ്ങളിലുള്ള മൂന്നു വൃത്തങ്ങളാണോ? ഏറ്റവും വലതുവശത്തുള്ള ചിത്രം ആദ്യത്തേതിന്റെ മാഗ്നിഫിക്കേഷനാണ്. ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ - വൃത്തങ്ങള്‍ നിറച്ചിരിക്കുന്നത് നിറങ്ങള്‍ കൊണ്ടല്ല, പകരം അനവധി ബിന്ദുക്കള്‍ കൊണ്ടാണെന്ന് മനസ്സിലായല്ലോ?ഇവിടെ വളരെ ചെറിയ ബിന്ദുക്കളുടെ ഒരു സമൂഹത്തെ നമ്മുടെ കണ്ണുകള്‍ ‘കണ്‍ഫ്യൂസ്’ ആയതുകാരണം തുടര്‍ച്ചയായ ഒരു പ്രതലമായി കാണിച്ചുതരുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു തുടര്‍ച്ച അനുഭവപ്പെടുന്ന രീതിയില്‍ കണ്ണുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്ന ഏറ്റവും ചെറിയ ബിന്ദുവിനെ maximum permissible circle of confusion എന്നു വിളിക്കുന്നു. അതവിടെ നില്‍ക്കട്ടെ. ലെന്‍സുകളിലേക്ക് തിരികെ വരാം.

ഒരു കണ്‍‌വേര്‍ജിംഗ് (കോണ്‍‌വെക്സ്) ലെന്‍സ് ഉണ്ടാക്കുന്ന പ്രകാശകിരണങ്ങളെ ത്രികോണ ആകൃതിയിലാണല്ലോ നാം പേപ്പറില്‍ വരയ്ക്കാറുള്ളത് ( ഈ പോസ്റ്റിലെ ആദ്യത്തെ ചിത്രം നോക്കൂ). യഥാര്‍ത്ഥത്തില്‍ ഇത് ത്രിമാനരൂപത്തിലുള്ള ഒരു പ്രകാശ ‘കോണ്‍’ ആണ് - ലെന്‍സില്‍ നിന്നും അകന്നുപോകുന്തോറും ഒരു ബിന്ദുവിലേക്ക് സമ്മേളിക്കുന്ന ഒരു കോണിക്കല്‍ പ്രകാശധാര. പൊരിക്കടല പൊതിയുന്ന കടലാസ് കുമ്പിള്‍ ഇല്ലേ, അതേ ആകൃതിയില്‍.
കോണിക്കല്‍ ആകൃതി


ഈ കോണിന്റെ കൂര്‍ത്ത ‘മുന’ ചെന്നു പതിക്കുന്നത് ഇമേജ് ഉണ്ടാകുന്ന പ്ലെയിനില്‍ ആണെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ലല്ലോ. ഈ ഭാഗം വളരെ ചെറിയ ഒരു ബിന്ദു ആയിരിക്കും. ഒരു ഓബ്ജക്റ്റിന്റെ പലഭാഗങ്ങളില്‍നിന്ന് ഇതുപോലെയുള്ള ലക്ഷക്കണക്കിനു പ്രകാശ കോണുകള്‍ ഇമേജ് പ്ലെയിനിലേക്ക് (സെന്‍സറിലേക്ക്) എത്തുന്നുണ്ട്. ഇവ ഓരോന്നിന്റെയും അഗ്രഭാഗത്തെ ബിന്ദുക്കള്‍ ചേര്‍ന്നാണ് നാം കാണുന്ന പ്രതിബിംബം രൂപപ്പെടുന്നത്. ഇപ്രകാരം രൂപപ്പെടുന്നപ്രതിബിംബം ഷാര്‍പ്പ് എന്ന് നമ്മുടെ കണ്ണുകള്‍ക്ക് തോന്നുവാനായി, ഈ ബിന്ദുക്കള്‍ ഒരു പരമാവധി വലിപ്പത്തിനുള്ളില്‍ നില്‍ക്കണം. അതില്‍ കൂടുതല്‍ വലുതായാല്‍ ഇമേജ് ബ്ലര്‍ ആയേ നമുക്ക് തോന്നൂ. ഈ പരമാവധി വലിപ്പത്തെയാണ് സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷന്‍ എന്നു വിശേഷിപ്പിക്കുന്നത്. വിക്കിപീഡിയ ഡെഫനിഷന്‍ നോക്കൂ

The maximum acceptable diameter of such a circle of confusion is known as the maximum permissible circle of confusion, the circle of confusion diameter limit, or the circle of confusion criterion, but is often informally called simply the circle of confusion.“

ഒരു ഉദാഹരണ ചിത്രം കാണിക്കാം. ചെറിയ ബള്‍ബുകളെ ഔട്ട് ഓഫ് ഫോക്കസില്‍ കാണുമ്പോള്‍ എങ്ങനെയാണുകാണുക എന്ന് താഴെക്കാണുന്ന ചിത്രത്തില്‍ കൊടുത്തിരിക്കുന്നു. ഇവിടെ അവയില്‍ നിന്ന് പുറപ്പെട്ട് ലെന്‍സില്‍ക്കൂടികടന്നുവരുന്ന കോണുകളുടെ അഗ്രം സെന്‍സറില്‍ എത്തുന്നില്ല. അല്ലെങ്കില്‍ മറ്റു ചില ബള്‍ബുകളില്‍ നിന്നും പുറപെടുന്ന കോണുകളുടെ അഗ്രം സെന്‍സറിനും മുമ്പില്‍ അവസാനിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ഇതു കാണാം. ഇവയെല്ലാം വലിയ വൃത്തങ്ങളായാണ് കാണപ്പെടുന്നത്. (ഈ വൃത്താകൃതിക്ക് കാരണം അപ്പര്‍ച്ചര്‍ വൃത്തമായതുകൊണ്ടാണ്).
ഔട്ട് ഓഫ് ഫോക്കസ് ആയ ലൈറ്റ് സോഴ്സ്

ഈ ചിത്രം വിക്കിപീഡിയയില്‍ നിന്ന്. source of this picutre Wikipedia


നമ്മള്‍ ഉപയോഗിക്കുന്ന ഒരു APS-C Sensor 22.5 mm × 15.0 mm ക്യാമറയുടെ സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷന്‍ വ്യാസം 0.018 മില്ലിമീറ്റര്‍ ആണ്. ഇത്രമാത്രമേ സര്‍ക്കിള്‍ ഓഫ് കണ്‍‌ഫ്യൂഷനെപ്പറ്റി ഇവിടെ വിവരിക്കുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട നമുക്ക് ആവശ്യമായ ഒന്നു രണ്ടുകാര്യങ്ങള്‍ കൂടി പറഞ്ഞ് ഈ ഭാഗം അവസാനിപ്പിക്കാം. സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷന്‍ പരമാവധി ചെറുതാക്കാന്‍ കഴിവുള്ള ലെന്‍സുകളുടെ ഇമേജുകളും ഷാര്‍പ്പ് ആയിരിക്കും. ചില ലെന്‍സുകളുടെ ഇമേജുകള്‍ ചില പ്രത്യേക റേഞ്ചുകളില്‍ ഷാര്‍പ്പ് അല്ല എന്നു കേട്ടിട്ടില്ലേ? എന്തുകൊണ്ടായിരിക്കും അതെന്ന് ഇപ്പോള്‍ പറഞ്ഞ സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചു നോക്കൂ.

ഡെപ്ത് ഓഫ് ഫീല്‍ഡും, സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷനും തമ്മിലുള്ള ബന്ധം എന്താണ് ? ഒരു പ്രത്യേക ലെന്‍സ് സെറ്റിംഗില്‍ മിനിമം സര്‍ക്കിള്‍ ഓഫ് കണ്‍ഫ്യൂഷനില്‍ രൂപപ്പെടുന്ന പ്രതിബിംബഭാഗങ്ങള്‍ മാത്രമേ നമുക്ക് ഷാര്‍പ്പായി തോന്നുകയുള്ളൂ. അല്ലാത്തവ ബ്ലര്‍ ആയും കാണപ്പെടും.Virtual Optical Bench:

ഓപ്റ്റിക്കൽ പരീക്ഷണങ്ങൾ നടത്തുവാൻ താല്പര്യമുള്ളവർക്കായി ഒരു വിർച്വൽ ഓപ്റ്റിക്കൽ ബഞ്ച് താഴെക്കൊടുക്കുന്നു - ഇത് ഒരു ജാവാ ആപ്‌ലെറ്റ് ആണ്. നിങ്ങളുടെ ബ്രൌസറില്‍ ജാവാ enable ചെതിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. എറര്‍ മെസേജുകള്‍ കാണുന്നുണ്ടെങ്കില്‍ മോസില്ല, ഗൂഗിള്‍ ക്രോം എന്നിവയിലേതെങ്കിലും ഒരു ബ്രൌസര്‍ ഉപയോഗിച്ച് ഈ പേജ് തുറന്നുനോക്കൂ. എന്നിട്ടും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ താഴെയുള്ള Davidson Edu സൈറ്റ് ലിങ്കില്‍ പോയി പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഈ ഓപ്റ്റിക്കല്‍ ബെഞ്ചില്‍ ലെൻസുകളും പ്രകാശവീചികളും, ഓബ്ജക്റ്റുകളും ഉപയോഗിച്ച് നിങ്ങൾക്കു തന്നെ പരീക്ഷണങ്ങൾ നടത്തിനോക്കാം - ഓരോ അവസരത്തിലും പ്രതിബിംബങ്ങള്‍ ഉണ്ടാകുന്നതെവിടെ എന്ന് അനായാസമായി മനസ്സിലാക്കുകയും ചെയ്യാം - എല്ലാം ഒരു മൌസ് ക്ലിക്കില്‍!


OpticsApplet v4 : Courtesy of Web physics website at Davidson Edu

ഇത് ഉപയോഗിക്കേണ്ട വിധം പറയാം. മുകളില്‍ കാണുന്ന വിന്റോയിൽ മുകളിലും താഴെയുമായി രണ്ടു സെറ്റ് ഐക്കണുകള്‍ ഉണ്ട്. ആദ്യം താഴെക്കാണുന്ന ഐക്കണുകളെ പരിചയപ്പെടാം. Lens, mirror, aperture എന്നിവയാണവ. ഇവയിലൊന്നില്‍ ക്ലിക്ക് ചെയ്തിട്ട്, വിന്റൊയുടെ ഉള്ളില്‍ ക്ലിക്ക് ചെയ്താല്‍ ആ വസ്തു അവിടെ ചേര്‍ക്കപ്പെടും. ഉദാഹരണത്തിന് ലെന്‍സ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തിട്ട് വിന്റോയുടെ ഉള്ളില്‍ ക്ലിക്ക് ചെയ്താല്‍ ഒരു കോണ്‍‌വെക്സ് ലെന്‍സ് അവിടെ ചേര്‍ക്കപ്പെടുന്നതുകാണാം. വിന്റോയുടെ നടുവിലുള്ള മഞ്ഞനിറത്തിലെ നേര്‍‌രേഖ ലെന്‍സിന്റെ ആക്സിസിനെ കുറിക്കുന്നു. ലെന്‍സിന്റെ ചിത്രത്തില്‍ ഒരു ക്ലിക്ക് ചെയ്താല്‍ ഇരുവശത്തുമായി അതിന്റെ ഫോക്കല്‍ പോയിന്റുകള്‍ തെളിഞ്ഞുവരും. ഈ ഫോക്കല്‍ പോയിന്റുകളില്‍ മൌസ് ക്ലിക്ക് ചെയ്തു വലത്തേക്കോ ഇടത്തേക്കോ ഡ്രാഗ് ചെയ്താല്‍ ലെന്‍സിന്റെ ഫോക്കല്‍ ദൂരം മാറ്റാം. അതുപോലെ ഒരു വശത്തെ ഫോക്കല്‍ പോയിന്റിനെ ലെന്‍സിന്റെ മറുവശത്തേക്ക് ഡ്രാഗ് ചെയ്താല്‍ കോണ്‍‌വെക്സ് ലെന്‍സ് (converging lens) കോണ്‍‌കേവ് ലെന്‍സ് (diverging lens) ആയി മാറുന്നതും കാണാം. തല്‍ക്കാലം നമ്മുടെ പഠനത്തിന് കോണ്‍‌വെക്സ് ലെന്‍സ് ഉപയോഗിച്ചാല്‍ മതി. മിറര്‍ എന്ന ഐക്കണ്‍ ലെന്‍സിനു പകരം കോണ്‍കേവ് / കോണ്‍‌വെക്സ് മിററുകളാണ് ചേര്‍ക്കുനത്. അതും നമുക്ക് ഇപ്പോള്‍ വേണ്ട. ക്ലിയര്‍ ആക്റ്റീവ് എന്ന ഐക്കണ്‍ വിന്റോയില്‍ ഏറ്റവും അവസാനം ചേര്‍ത്ത ഐറ്റം ഡിലീറ്റ് ചെയ്യുന്നു.

ഇനി മുകളില്‍ കാണുന്ന ഐക്കണുകളെ പരിചയപ്പെടാം. അവ Beam, object, source ഇവയാണ്. ബീം എന്ന ഐക്കണ്‍ ഇന്‍‌ഫിനിറ്റിയില്‍ നിന്ന് ലെന്‍സിന്റെ ആക്സിസിനു സമാന്തരമായി കടന്നുവരുന്ന പ്രകാശവീചികള്‍ നല്‍കുന്നു. സോഴ്സും ഒരു പ്രകാശസ്രോതസാണ് പക്ഷേ അത് ഇന്‍ഫിനിറ്റിയില്‍ നിന്ന് വരുന്നതല്ല - അതുകൊണ്ട് അതിന്റെ എല്ലാ പ്രകാശവീചികളും ആക്സിസിനു സമാന്തരവുമല്ല. ഓബ്ജക്റ്റ് ഐക്കണ്‍, ലെന്‍സിന്റെ മുമ്പില്‍ വച്ചിരിക്കുന്ന ഒരു വസ്തുവിനെ സൂചിപ്പിക്കുന്നു. ഇവിടെ ഒരു “ക്ലിയര്‍ ആള്‍“ ബട്ടണ്‍ ഉണ്ട്.വിന്റോയില്‍ ഉള്ള എല്ലാ വസ്തുക്കളേയും ഡിലീറ്റ് ചെയ്ത് വീണ്ടും ഒരു സെറ്റ് പരീക്ഷണം ആരംഭിക്കുവാന്‍ വേണ്ട ബട്ടണ്‍ ആണിത്.


അപ്പോള്‍ എല്ലാവരും റെഡിയാണല്ലോ. ഇനി താഴെപ്പറയുന്ന പരീക്ഷണങ്ങള്‍ സ്വയം ചെയ്തുനോക്കൂ.
പരീക്ഷണം 1: ലെന്‍സ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തിട്ട് വിന്റോയുടെ ഉള്ളില്‍ മൌസ് ക്ലിക്ക് ചെയ്യുക. ഒരു കോണ്‍‌വെക്സ് ലെന്‍സ് വിന്റോയില്‍ ചേര്‍ക്കപ്പെടും. ലെന്‍സില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ ഫോക്കല്‍ പോയിന്റുകള്‍ അടയാളപ്പെടുത്താം. ഇനി ബീം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഒരു ലൈറ്റ് ബീം ലെന്‍സിന്റെ ഇടതുവശത്തായി ചേര്‍ക്കൂ. ലൈറ്റ് ബീമിന് എന്തു സംഭവിക്കുന്നു എന്നു നോക്കൂ. (താഴെയുള്ളത് ഒരു ഉദാഹരണ ചിത്രമാണ് - അതില്‍ ക്ലിക്ക് ചെയ്താല്‍ ജാവ അപ്‌ലറ്റ് പ്രവര്‍ത്തിക്കില്ല).
പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു ലെൻസിൽക്കൂടി കടന്നുപോകുന്ന കിരണങ്ങളെല്ലാം മറുവശത്തെ ഫോക്കൽ പോയിന്റിൽ ആണ് എപ്പോഴും സമ്മേളിക്കുന്നത് എന്നതാണ് അത്. ആ ധാരണ ശരിയല്ല. ഒരു ലെൻസിന്റെ ആക്സിസിനു സമാന്തരമായി കടന്നുവരുന്ന കിരണങ്ങൾ മാത്രമേ മറുവശത്തെ ഫോക്കൽ പോയിന്റിൽ തന്നെ സമ്മേളിക്കുകയുള്ളൂ. ഇങ്ങനെ സമാന്തരമായി രശ്മികൾ വരുവാൻ മറ്റൊരു നിബന്ധനയുണ്ട് – അവ പുറപ്പെടുന്ന ഉറവിടം അനന്തതയിൽ (infinity) ആവണം. ഉദാഹരണം സൂര്യൻ, ചന്ദ്രൻ, ക്യാമറയിൽ നിന്ന് വളരെ ദൂരെയുള്ള വസ്തുക്കൾ തുടങ്ങിയവ. ഇതാണ് മുകളിലെ ഉദാഹരണത്തില്‍ കണ്ടത്. ഫോക്കസ് ഇൻഫിനിറ്റിയിൽ ആവുമ്പോൾ എന്തുകൊണ്ടാണ് ഫ്രെയിമിലെ മിക്കവാറും എല്ലാ വസ്തുക്കളും ഷാർപ്പായി കാണുന്നതെന്ന് ഒന്നാലോചിച്ചു നോക്കൂ – കാരണം ആ സാഹചര്യങ്ങളിൽ ഓബ്ജക്റ്റിൽ നിന്ന് ക്യാമറയിലേക്ക് എത്തുന്ന കിരണങ്ങളിൽ ഭൂരിഭാഗവും ലെൻസിന്റെ ആക്സിസിനു സമാന്തരമായാണ് കടന്നു വരുന്നത്. തന്മൂലം അവയെല്ലാം ഏകദേശം ഒരേ പോയിന്റില്‍ തന്നെയാവും സമ്മേളിക്കുന്നതും.

പരീക്ഷണം 2: ക്ലിയര്‍ ആള്‍ ബട്ടണ്‍ അമര്‍ത്തുക. ഇനി വീണ്ടും വിന്റോയിലേക്ക് ഒരു ലെന്‍സ് ചേര്‍ക്കൂ. ഇനി സോഴ്സ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് ലെന്‍സിന്റെ ഇടതുവശത്തായി ഒരു ലൈറ്റ് സോഴ്സ് ചേര്‍ക്കുക. ലെന്‍സില്‍ ക്ലിക്ക് ചെയ്ത് ഫോക്കല്‍ പോയിന്റുകളും അടയാളപ്പെടുത്തുക. ഇതിന്റെ രശ്മികളെ ഒന്നു ശ്രദ്ധിക്കൂ. ആക്സിസിനു സമാന്തരമല്ല അവയില്‍ എല്ലാം. ഈ രശ്മികള്‍ ലെന്‍സില്‍ കൂടി കടന്നുപോയി മറുവശത്ത് സമ്മേളിക്കുന്നതെവിടെയാണെന്ന് നോക്കൂ. ലെന്‍സും സോഴ്സും തമ്മിലുള്ള അകലം മൌസ് ഉപയോഗിച്ച് മാറ്റി മാറ്റി പരീക്ഷണം തുടരൂ. എന്തുമനസ്സിലായി?പരീക്ഷണം 3: ക്ലിയര്‍ ആള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഒരു ലെന്‍സ് വിന്റോയില്‍ ചേര്‍ക്കുക. ലെന്‍സില്‍ ക്ലിക്ക് ചെയ്ത് ഫോക്കല്‍ പോയിന്റുകള്‍ അടയാളപ്പെടുത്തുക. ഇനി ലെന്‍സിന്റെ ഇടതുവശത്തായി ഒരു ഓബ്ജക്റ്റിനെ ചേര്‍ക്കൂ. അതിന്റെ പ്രതിബിംബം മറുവശത്ത് രൂപപ്പെടുന്നത് എവിടെ എന്നു ശ്രദ്ദിക്കൂ. ഇനി ഓബ്ജക്റ്റിനെ ലെന്‍സിന്റെ അടുത്തേക്ക് കൊണ്ടുവരൂ. അതേ വശത്തെ ഫോക്കല്‍ പോയിന്റിനും ലെന്‍സിനും ഇടയിലാണു സ്ഥാനമെങ്കില്‍ മറുവശത്ത് ഇമേജ് ഉണ്ടാവുന്നുണ്ടോ? (ക്യാമറകളെ ഒരു പരിധിയിലപ്പുറം ഒരു വസ്തുവിന്റെ അടുത്തേക്ക് കൊണ്ടുപോയി ഫോക്കസ് ചെയ്യാന്‍ പറ്റാത്തത് ഇതുമൂലമാണ്). ഓബ്ജക്റ്റിനെ ലെന്‍സില്‍ നിന്നും വലരെ അകലത്തേക്ക് മാറ്റുമ്പോള്‍ ഇമേജ് ചെറുതാകുന്നത് എങ്ങനെ നോക്കൂ (വൈഡ് ആംഗിള്‍ ഫോട്ടോയുടെ സാങ്കേതികം ഇതാണ്). ഓബ്ജക്റ്റിനെ ലെന്‍സിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇമേജ് വലുതാകുന്നത് നോക്കൂ (ക്ലോസ് അപ് ഫോട്ടോകളുടെ സാങ്കേതികം). ഒരു വസ്തുവിനെ സൂം ലെന്‍സ് ഉപയോഗിച്ച് സൂം ചെയ്ത് അടുത്തേക്ക് കൊണ്ടുവന്നാലും സംഭവിക്കുന്നത് ഇതുതന്നെ.
പരീക്ഷണം 4: പരീക്ഷണം 3 ന്റെ വിന്റോ ക്ലിയര്‍ ചെയ്യേണ്ടതില്ല. ഇനി മറ്റൊരു ഓബ്ജക്റ്റുകൂടി വിന്റോയിലേക്ക് ചേര്‍ക്കുക. അതിന്റെ ഇമേജ് ആദ്യത്തേതിന്റെ അടുത്താണോ അകലെയാണോ അതോ അതേ സ്ഥാനത്താണോ വരുന്നതെന്നു നോക്കൂ (മുകളിലെ ചിത്രം പോലെ). മുന്നാമത് മറ്റൊരു ഓബ്ജക്റ്റുകൂടീ ആഡ് ചെയ്യൂ. ഈ മൂന്ന് ഓബ്ജക്റ്റുകളേയും ലെന്‍സില്‍ നിന്ന് വ്യത്യസ്ത അകലങ്ങളില്‍ വയ്ക്കുക. ഇനി ഒരു അപ്പര്‍ച്ചര്‍ ആഡ് ചെയൂ. അപ്പര്‍ച്ചറില്‍ മൌസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് മുകളിലേക്കോ താഴേക്ക് വലിച്ചാല്‍ അപ്പര്‍ച്ചര്‍ വലിപ്പം വ്യത്യാസപ്പെടുത്താം. അപ്പര്‍ച്ചര്‍ വലുതാക്കുമ്പോഴും ചെറുതാക്കുമ്പോഴും അനാവശ്യമായ ചില രശ്മികളെ ഒഴിവാക്കാന്‍ സാധിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക.

ഈ ആപ്‌ലെറ്റ് ഉപയോഗിച്ചു കൊണ്ട് ഇപ്രകാരം വിവിധ പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP