പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1
ഡെപ്ത് ഓഫ് ഫീൽഡ് (Depth of field - DoF) എന്ന വാക്ക് പരിചയമില്ലാത്തവരായി ഫോട്ടൊഗ്രാഫർമാർക്കിടയിൽ അധികമാളുകൾ ഉണ്ടാവില്ല. ഇനി അഥവാ കേട്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ തന്നെ, അതിന്റെ എഫക്റ്റുകൾ ഫോട്ടോഗ്രാഫുകളിൽ ശ്രദ്ധിക്കാത്തവർ ഉണ്ടാവില്ല. ഒരു ചിത്രത്തെ വളരെയേറെ പ്രത്യേകതകളുള്ളതാക്കുവാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്ന ഒരു ഓപ്റ്റിക്കൽ എഫക്റ്റാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നറിയപ്പെടുന്ന, ലെൻസുകളുടെ ഈ പ്രത്യേകത. താഴെയുള്ള ചിത്രത്തിൽ കാണുന്നതുപോലെ അവ്യക്തമാക്കിയ ബാക്ഗ്രൌണ്ടിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രധാന ഓബ്ജക്റ്റുകളും, ഫ്രെയിമിന്റെ തൊട്ടുമുമ്പു മുതൽ അനന്തതവരെയുള്ള സകല വസ്തുക്കളും വളരെ ഷാർപ്പായി കാണപ്പെടുന്ന ചിത്രങ്ങളും ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർ ചെയ്യുന്നതാണ്. ഡെപ്ത് ഓഫ് ഫീൽഡ് എന്താണെന്ന് വിശദമായി ചർച്ച ചെയ്യുകയാണ് ഈ അദ്ധ്യായത്തിൽ.
ഈ പോസ്റ്റിൽ കുറേ കണക്കുകളും ചാർട്ടുകളും കാണുന്നുണ്ടെന്നുകരുതി വായന ഇപ്പോഴേ നിർത്തേണ്ട കേട്ടോ, അതൊക്കെ വളരെ എളുപ്പം മനസ്സിലാവുന്ന ഡേറ്റകൾ മാത്രമാണ് ! ടേബിളുകൾ കണ്ടാലുടൻ വായന നിർത്തിപ്പോകുന്നവരോടും, അവ വായിക്കാതെ സ്കിപ്പ് ചെയ്ത് പോകുന്നവരോടും മുൻകൂറായി പറഞ്ഞു എന്നുമാത്രം.
ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ, ഒരു ഫ്രെയിമിൽ ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിനു മുമ്പിലും പിൻപിലുമായി എത്രത്തോളം ഭാഗങ്ങൾ നമ്മുടെ കണ്ണുകൾക്ക് ഷാർപ്പായി തോന്നുന്നുവോ, ആ ഏരിയയുടെ വലിപ്പമാണ് ഡെപ്ത് ഓഫ് ഫീൽഡ്. ഈ ചിത്രം നോക്കുക. ഒരു പത്രത്താളിലെ ഒരു വരിയെ ഫോക്കസ് ചെയ്തിരിക്കുകയാണ് ഇവിടെ. ആ വരിയുടെ മുമ്പിലും പിറകിലുമായി എത്രത്തോളം ഭാഗങ്ങൾ ‘ഷാർപ്പാണ്’ എന്ന് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ. ബാക്കിയുള്ള ഭാഗങ്ങൾ അവ്യക്തവുമാണ്. ഇതാണ് ഈ ഫ്രെയിമിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് അപ്പർച്ചറും മറ്റു ചില സെറ്റിംഗുകളും ചേർന്നുണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ്.
മേൽപ്പറഞ്ഞ നിർവ്വചനത്തിൽ നിന്നും ചിത്രത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. DoF ഒരു ലംബമായ (vertical) തലമല്ല (Plane), മറിച്ച് ക്യാമറയുടെ ലെൻസിൽ നിന്നും അനന്തതയിലേക്ക് നീളുന്ന ഒരു തിരശ്ചീന (horizontal) തലത്തിൽ ഉൾപ്പെടുന്ന ഒരു നിശ്ചിത വിസ്തൃതിയാണ് (area). ഈ ഭാഗത്തിനുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും ഷാർപ്പായിരിക്കും. മേൽക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ Refiners sell എന്ന വരിയിലാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്. ഈ പോയിന്റിന് എത്ര മുമ്പിൽ നിന്നാണോ ഷാർപ്പായ ഭാഗം ആരംഭിക്കുന്നത് ആ തലത്തെ Near End of DoF എന്നും, ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന്റെ പിറകിലേക്ക് ഷാർപ്പായി കാണപ്പെടുന്ന ഭാഗം അവസാനിക്കുന്ന തലത്തെ Far end of DoF എന്നും വിളിക്കുന്നു. ഈ രണ്ടു തലങ്ങൾക്കിടയിലുള്ള ഭാഗത്തെയാണ് നാം ഡെപ്ത് ഓഫ് ഫീൽഡ് എന്നുവിളിക്കുന്നത്. ഇവിടെ near, far എന്നീ വാക്കുകൾ ക്യാമറയിൽനിന്നും ‘അടുത്ത്‘ അല്ലെങ്കിൽ ‘അകലെ‘ എന്ന വസ്തുത സൂചിപ്പിക്കുന്നു.
അതായത്, ഒരു ഫോട്ടോഗ്രാഫിൽ ഫോക്കസിൽ ആയിരിക്കുന്ന വസ്തുവിന്റെ (അല്ലെങ്കിൽ വസ്തുക്കളുടെ) മുമ്പിലേക്കും പിറകിലേക്കും ഒരു നിശ്ചിത ദൂരപരിധിയ്ക്കുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും വ്യക്തതയുള്ളതായും (sharp and clear) ആ പരിധിക്കു പുറത്തുള്ള വസ്തുക്കൾ അത്ര വ്യക്തമല്ലാതെയും ആയിരിക്കും ക്യാമറകളുടെ ലെൻസുകൾ കാണിച്ചുതരുന്നത്. ഇത്തരത്തിൽ, വ്യക്തതയോടെ കാണപ്പെടുന്ന ഭാഗത്തിന്റെ വ്യാപ്തിയെയാണ് ഡെപ്ത് ഓഫ് ഫീൽഡ് (DoF) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരേ ലെൻസ് പല അളവിലുള്ള DoF കൾ തരാറുണ്ട് എന്ന് അറിയാമല്ലോ? DoF റെയ്ഞ്ചുകൾ ഓരോ തരം ലെൻസുകൾക്കും അതാതിന്റെ ഡിസൈൻ അനുസരിച്ച് യാദൃശ്ചികമായി വന്നുഭവിക്കുന്ന ഒന്നല്ല. നിശിതമായ ഗണിത സമവാക്യങ്ങൾക്കനുസരണമായി രൂപപ്പെടുന്ന ഒന്നാണ് DoF. അതിനാൽ ലെൻസിന്റെ മോഡൽ, ബ്രാന്റ്, വലിപ്പം തുടങ്ങിയവയ്ക്കനുസൃതമായി ഡെപ്ത് ഓഫ് ഫീൽഡ് മാറുകയില്ല. പകരം DoF നിർണ്ണയിക്കുന്ന സമവാക്യങ്ങളിലെ ഘടകങ്ങളായ Hyperfocal distance of the lense, focal length of the lense, distance to focus point, near distance of sharpness, far distance of sharpness, aperture size, circle of confusion എന്നീ ഏഴു കാര്യങ്ങളാണ് DoF ന്റെ വലിപ്പം തീരുമാനിക്കുന്നത്.
ഈ വാക്കുകൾ വായിച്ച് പേടിക്കേണ്ട! ഭാഗ്യവശാൽ, ഇതൊക്കെയും ലെൻസുകൾ ഡിസൈൻ ചെയ്യുന്ന എഞ്ചിനീയർമാരുടെ അറിവിലേക്കുള്ള കാര്യങ്ങളാണ് ഫോട്ടോഗ്രാഫർമാർ എന്ന നിലയിൽ, നമുക്ക് ഇവയെപ്പറ്റിയൊന്നും അറിയേണ്ട കാര്യമില്ല. പകരം, നമ്മുടെ ഇഷ്ടപ്രകാരം ഡെപ്ത് ഓഫ് ഫീൽഡ് ക്രമീകരിക്കുവാൻ ക്യാമറയിൽ എന്തൊക്കെ സെറ്റിംഗ് ചെയ്യണം എന്നതുമാത്രമേ ഒരു ഫോട്ടോഗ്രാഫർ അറിയേണ്ടതുള്ളൂ. ആ കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ നാം ചർച്ച ചെയ്യുന്നത്. ഡെപ്ത് ഓഫ് ഫീൽഡ് എന്ന വിഷയം അല്പം പരന്നതാകയാൽ ഇതിനെ രണ്ട് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഇത് ഒന്നാം ഭാഗമാണ്; പ്രായോഗികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തിൽ ഡെപ്ത് ഓഫ് ഫീൽഡിന്റെ തിയറി വിശദീകരിക്കാം.
DoF നിർണ്ണയിക്കുന്ന ഘടകങ്ങൾ:
DoF നെപ്പറ്റിയുള്ള ഒരു പൊതുവായ ധാരണ അത് അപ്പർച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാത്രമാണ് - വലിയ അപ്പർച്ചർ സൈസുകൾക്ക് (ചെറിയ അപ്പർച്ചർ നമ്പർ) നേരിയ ഡെപ്ത് ഓഫ് ഫീൽഡ്, ചെറിയ അപ്പർച്ചറുകൾക്ക് വലിയ ഡെപ്ത് ഓഫ് ഫീൽഡ്. എന്നാൽ, ഇത് ഈ തിയറിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.
ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പച്ചെറുപ്പങ്ങൾ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. (1)ഉപയോഗിച്ചിരിക്കുന്ന ലെൻസിന്റെ ഫോക്കൽ ദൂരം (2) ലെൻസിന്റെ അപ്പർച്ചർ (3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരം (4) ഇമേജ് മാഗ്നിഫിക്കേഷൻ |
ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇവ ഒറ്റയ്ക്കൊറ്റക്കല്ല ഡെപ്ത് ഓഫ് ഫീൽഡിനെ സ്വാധീനിക്കുന്നത് എന്നതാണ്; പകരം ഇവ നാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെയെന്ന് വിശദമായി ഒന്നു പരിശോധിക്കാം.
കുറിപ്പ്:
ഇനി പറയുന്ന ടേബിളുകളിലെല്ലാം നീളത്തിന്റെ (ദൂരത്തിന്റെ) യൂണിറ്റായി അടി (feet), ഇഞ്ച് തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിത്യജീവിതത്തിൽ ഈ യൂണിറ്റുകൾ ഉപയോഗിച്ചു പരിചയമില്ലാത്തവർക്കു വേണ്ടി നമുക്ക് പരിചയമുള്ള ചില വസ്തുക്കളുടെ ഏകദേശ വലിപ്പം കൂടി അവയുമായി ബന്ധിപ്പിച്ച് പറഞ്ഞിരിക്കുന്നു, ഈ ടേബിളുകൾ വായിക്കുമ്പോൾ DoF വലിപ്പത്തെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുവാനായി.
1 ഇഞ്ച് | = 2.54 സെന്റി മീറ്റർ; നമ്മുടെ കൈകളിലെ തള്ളവിരലിനും, ചെറുവിരലിനും ഏകദേശം രണ്ട്-രണ്ടേകാൽ ഇഞ്ച് നീളമുണ്ട് (ഏകദേശം എന്നതു ശ്രദ്ധിക്കുക). |
12 ഇഞ്ച് | = 1 ഫീറ്റ് (അടി). ഏകദേശക്കണക്കിൽ പറഞ്ഞാൽ നമ്മുടെ കാൽ പാദത്തിന്റെ വലിപ്പം (ശരിക്കും ഒരു ആവറേജ് കാൽപ്പാദം ഒരടിയിൽ കുറവേയുള്ളൂ). അല്ലെങ്കിൽ Thump-up പൊസിഷനിൽ ഇരിക്കുന്ന ഇരു കൈമുഷ്ടികളിലേയും തള്ളവിരലുകളുടെ അഗ്രങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ലഭിക്കുന്ന ആകെ നീളം. |
6 അടി | ഏകദേശക്കണക്കിൽ ഒരു ആവറേജ് മനുഷ്യന്റെ നീളം |
30 അടി | = 9 മീറ്റർ, ഏകദേശം ഒരു ബസിന്റെ നീളം |
0.5 ഫീറ്റ് | = ഒരടിയുടെ പകുതി = 6 ഇഞ്ച് ഏകദേശം നമ്മുടെ കൈപ്പത്തിയുടെ നീളം. |
0.1 ഫീറ്റ് | = ഒരടിയുടെ പത്തിലൊന്ന് =1.2 ഇഞ്ച് = ചെറുവിരലിന്റെ പകുതി നീളം |
1. ഫോക്കൽ ദൂരം:
ഒരു ഫ്രെയിമിന്റെ DoF നിർണ്ണയിക്കുന്ന ആദ്യത്തെ ഘടകം ആ ചിത്രം എടുക്കുവാൻ ഉപയോഗിച്ച ലെൻസിന്റെ ഫോക്കൽ ദൂരം (focal length) ആണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് എന്ന Concept നെപ്പറ്റി വളരെ തെറ്റിദ്ധാരണകൾ ഫോട്ടോഗ്രാഫർമാരിക്കിടയിൽ ഉണ്ട്. ഒരു ക്യാമറ ലെൻസിനെ സംബന്ധിച്ചിടത്തോളം ഇത് ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരമോ, ലെൻസ് ഇമേജ് ഉണ്ടാക്കുന്ന പ്ലെയിനിലേക്കുള്ള ദൂരമോ ഒന്നുമല്ല. ഓരോ തരം ലെൻസുകളുടേയും ഒരു Optical constant ആണ് അത് എന്നു മാത്രം തൽക്കാലം മനസ്സിലാക്കുക. ഒരു ലെൻസിൽ നിന്നും ഓബ്ജക്റ്റിലേക്കുള്ള ദൂരം മാറ്റാതെ വച്ചിരിക്കുന്നു എങ്കിൽ, ഫോക്കൽ ലെങ്ത് കൂടുംതോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കൂടുന്നു. ഫോക്കൽ ലെങ്ത് കുറയും തോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കുറയുന്നു. ഈ പ്രത്യേകതകൊണ്ടാണ് ഉയർന്ന ഫോക്കൽ ലെങ്തുകളിൽ നമുക്ക് “സൂം” ചെയ്ത ഇമേജുകൾ കിട്ടുന്നത്. ഇതേപ്പറ്റി കുറേക്കൂടീ വിശദമായി ഈ അദ്ധ്യായത്തിൽ ഇമേജ് മാഗ്നിഫിക്കേഷൻ എന്ന ഭാഗത്ത് പറയുന്നുണ്ട്.
ലെൻസിന്റെ ഫോക്കൽ ദൂരം കുറയുംതോറും ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു; ഫോക്കൽ ദൂരം കൂടും തോറൂം ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു. |
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന ഓബ്ജക്റ്റിലേക്കുള്ള ദൂരവും ലെൻസിന്റെ അപ്പർച്ചറും മാറ്റാതെ വച്ചിരിക്കുന്നുവെങ്കിൽ, 18 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു (വൈഡ് ആംഗിൾ) ലെൻസ് നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് 200 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു ( സൂം ) ലെൻസ് തരുന്ന ഡെപ്ത് ഓഫ് ഫീൽഡിനേക്കാൾ വളരെ വലുതായിരിക്കും. ശ്രദ്ധിക്കുക - ഡെപ്ത് ഓഫ് ഫീൽഡ് ലെൻസ് ടൈപ്പിനെയോ മോഡലിനെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്, ഫോക്കൽ ദൂരത്തെയാണ്.
ഒരു ഉദാഹരണം നോക്കാം. ഒരു ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം 6 feet ആണെന്നിരിക്കട്ടെ. അപ്പർച്ചർ f/4 എന്ന സെറ്റിംഗിൽ സ്ഥിരമായി വച്ചിരിക്കുന്നു എന്നും കരുതുക. വിവിധ ഫോക്കൽ ദൂരങ്ങൾ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തി എത്രയുണ്ടാവും എന്നു താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ നിന്ന് മനസ്സിലാക്കാം.
ടേബിൾ വായിക്കുമ്പോൾ ഒന്നുരണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ലെൻസിന്റെ ഫോക്കൽ ദൂരം എന്നതും ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം എന്നതും രണ്ടും രണ്ടാണ്. തൽക്കാലത്തേക്ക് ഫോക്കൽ ദൂരം എന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട - ലെൻസിന്റെ ആംഗിൾ ഓഫ് വ്യൂ സെറ്റിംഗ് എന്നുമാത്രം ഓർക്കുക. ടേബിളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഇവയാണ്. ലെൻസിന്റെ ഫോക്കൽ ദൂരം, ആ സെറ്റിംഗിൽ DoF ആരംഭിക്കുന്ന പോയിന്റിലേക്കുള്ള ദൂരം (Near), DoF ലെ ക്ലിയറായ ഏറ്റവും അകലെയുള്ള പോയിന്റിലേക്കുള്ള ദൂരം (Far), DoF ന്റെ ആകെ വലിപ്പം, DoF ന്റെ എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ മുമ്പിലാണ്, എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ പുറകിലാണ് എന്നീ വിവരങ്ങളാണ് ഈ ടേബിളിൽ ഉള്ളത്. Near end, Far end ദൂരങ്ങൾക്കുള്ളിൽ വരുന്ന ഏരിയയുടെ വലിപ്പമാണ് DoF ന്റെ ആകെ വലിപ്പം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 ഫീറ്റ് (മാറ്റമില്ല) | |||||
ഫോക്കൽ ലെങ്തുകൾ | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുമ്പിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
18 mm | 4.21 ft | 10.4 ft | 6.22 ft | 29% | 71% |
50 mm | 5.69 ft | 6.34 ft | 0.65 ft | 47% | 53% |
100 mm | 5.92 ft | 6.08 ft | 0.16 ft | 49% | 51% |
200 mm | 5.98 ft | 6.02 ft | 0.04 ft | 50% | 50% |
300 mm | 5.99 ft | 6.01 ft | 0.02 ft | 50% | 50% |
ടേബിളിലെ വിവരങ്ങൾ അനുസരിച്ച്, ഫോക്കൽ ലെങ്ത് വർദ്ധിക്കും തോറും DoF ന്റെ വലിപ്പം കുറഞ്ഞുവരുന്നത് ശ്രദ്ധിക്കൂ. ആറടി അകലത്തിൽ ഫോക്കസ് ചെയ്തിരിക്കുന്ന ഒരു വസ്തുവിനു ചുറ്റും, 18 mm വൈഡ് ആംഗിൾ ലെൻസ് ആറര അടിയോളം വലിയ DoF തരുമ്പോൾ 100 mm ഫോക്കൽ ലെങ്തിനു മുകളിലേക്ക് ഉള്ള സൂം ലെൻസുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് വെറും രണ്ടിഞ്ച് നമ്മുടെ ചെറുവിരലിനോളം വലിപ്പത്തിൽ വളരെ ചെറിയ ഒരു ഏരിയ മാത്രമാണെന്ന് കണ്ടല്ലോ? 100 mm ലെൻസ് ഉപയോഗിച്ച് ആറടി അകലെ നിൽക്കുന്ന ഒരാളുടെ മുഖം ക്ലോസ് അപ്പ് ആയി എടുക്കാൻ ശ്രമിച്ചാൽ എപ്രകാരമായിരിക്കും ചിത്രം ലഭിക്കുക എന്നാലോചിച്ചു നോക്കൂ. ആളുടെ മൂക്കും ചെവിയും ഫോക്കസിൽ ലഭിക്കുമോ? ഇതേ ചിത്രം 50 mm ലെൻസ് ഉപയോഗിച്ച് എടുത്താലോ?
2. അപ്പർച്ചർ സൈസ്:
DoF ന്റെ വലിപ്പം തീരുമാനിക്കുന്ന രണ്ടാമത്തെ ഘടകം ചിത്രം എടുക്കുവാനായി ലെൻസിൽ ഉപയോഗിച്ച അപ്പർച്ചറിന്റെ വലിപ്പമാണ്.
അപ്പർച്ചറിന്റെ വലിപ്പം കൂടുംതോറും (അതായത് ചെറിയ അപർച്ചർ നമ്പർ) ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു. അപ്പർച്ചറിന്റെ വലിപ്പം കുറയുംതോറും (വലിയ അപ്പർച്ചർ നമ്പർ), ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു. |
താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ, ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം 6 അടി എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ഫോക്കൽ ദൂരം 50 mm എന്നതും മാറ്റമില്ലാതെ വച്ചിരിക്കുന്നു. അപ്പർച്ചർ സൈസ് മാറ്റുന്നതിനനുസരിച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന മാറ്റങ്ങൾ നോക്കൂ.
ഫോക്കൽ ലെങ്ത് 50mm, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 അടി (മാറ്റമില്ല) | |||||
അപ്പർച്ചറുകൾ | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുമ്പിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
f/2 | 5.84 ft | 6.17 ft | 0.32 ft | 49% | 51% |
f/4 | 5.69 ft | 6.34 ft | 0.65 ft | 47% | 53% |
f/5.6 | 5.57 ft | 6.50 ft | 0.92 ft | 46% | 54% |
f/8 | 5.41 ft | 6.73 ft | 1.31 ft | 45% | 55% |
f/11 | 5.20 ft | 7.08 ft | 1.88 ft | 42% | 58% |
f/32 | 4.19 ft | 10.60 ft | 6.39 ft | 28% | 72% |
ഒന്നുരണ്ടു കാര്യങ്ങൾ ഈ ടേബിളിൽ ശ്രദ്ധിക്കുവാനുണ്ട്. f /5.6 നു മുകളിലേക്ക് ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നതായി കണ്ടുവല്ലോ? ആ വർദ്ധനവ് എവിടേക്കാണെന്നുകൂടി നോക്കൂ. ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിന്റെ പിന്നിലേക്കാണ് കൂടുതൽ ഭാഗങ്ങൾ ക്ലിയറായി വരുന്നത് (DoF ശതമാനം നോക്കുക). ഇലകളുടെ തൊട്ടുമുമ്പിൽ നിൽക്കുന്ന ഒരു പൂവിന്റെ ക്ലോസ് അപ്പ് എടുക്കുവാൻ 50 mm ലെൻസിൽ ഈ അപ്പർച്ചർ സൈസ് അനുയോജ്യമാണോ? അല്ലെങ്കിൽ എന്തുകൊണ്ട്? ആലോചിച്ചു നോക്കൂ. ഏത് അപ്പർച്ചർ ആവും ഇവിടെ അനുയോജ്യം? ഇതേ പൂവിനെ 100 mm ലെൻസിന്റെ f/4 ൽ എടുത്താലോ? ആദ്യപോയിന്റിലെ ടേബിൾ നോക്കി ഉത്തരം പറയൂ. അതൊരു ചെമ്പരുത്തി പൂവാണെങ്കിൽ ഇതളും മുമ്പോട്ട് നീണ്ടു നിൽക്കുന്ന പരാഗതന്തുക്കളും ഒരു പോലെ ഫോക്കസിലാക്കുവാൻ 100 mm ൽ f/4 മതിയാവുമോ?
50mm പ്രൈം ലെൻസിന്റെ f/1.8 എന്ന അപ്പർച്ചർ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് എത്ര ചെറുതാണെന്നു കാണിക്കുവാൻ ഒരു ഉദാഹരണം. ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കുക. ചിത്രത്തിലെ ടേപ്പ് മെഷറിൽ 27 ഇഞ്ച് എന്നെഴുതിയിരിക്കുന്ന പോയിന്റിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ലെൻസിൽനിന്നും 27 ഇഞ്ച് അകലെയാണ് ഈ പോയിന്റ് ഫോട്ടോയെടുക്കുമ്പോൾ സെറ്റ് ചെയ്തത്. അതേ പൊസിഷനിൽ ക്യാമറ വച്ചുകൊണ്ട്, അപ്പർച്ചർ f/6.3 എന്നു മാറ്റിയപ്പോൾ ലഭിക്കുന്ന DoF അതിനു താഴെയുള്ള ചിത്രത്തിലുണ്ട്.
3. ഓബ്ജക്റ്റിലേക്കുള്ള ദൂരം:
ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരമാണ് ഡെപ്ത് ഓഫ് ഫീൽഡിനെ നിയന്ത്രിക്കുന്ന മൂന്നാമത്തെ ഘടകം.
ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം കൂടുംതോറും ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം വർദ്ധിക്കുന്നു. |
താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ ഫോക്കൽ ലെങ്ത് 50mm ലും അപ്പർച്ചർ f/4 ലും സ്ഥിരമായി നിർത്തിയിരിക്കുന്നു. ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള അകലമാണ് ഇവിടെ വർദ്ധിപ്പിക്കുന്നത്. DoF ലെ മാറ്റങ്ങൾ ശ്രദ്ധിക്കൂ.
അപ്പർച്ചർ f/4 ഫോക്കൽ ലെങ്ത് 50 mm (മാറ്റമില്ല) | |||||
ഓബ്ജക്റ്റിലേക്കുള്ള ദൂരം | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുന്നിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
5 feet | 4.79 ft | 5.23 ft | 0.45 ft | 48% | 52% |
10 feet | 9.16 ft | 11 ft | 1.84 ft | 45% | 55% |
20 feet | 16.90 ft | 24.5 ft | 7.61 ft | 41% | 59% |
40 feet | 29.2 ft | 63.4 ft | 34.2 ft | 32% | 68% |
100 feet | 51.9 ft | 1334.6 ft | 1282.7 ft | 4% | 96% |
110 feet | 54.5 ft | infinity | infinite | --- | ---- |
100 അടി അകലെ ഫോക്കസ് ചെയ്യുമ്പോൾ കിട്ടുന്ന ഡെപ്ത് ഓഫ് ഫീൽഡ് നോക്കൂ. 1282 അടി, അതായത് ഏകദേശം 380 മീറ്റർ ! അത്രയും വലിയ DoF ന്റെ വെറും 4% ദൂരം മാത്രമേ ഫോക്കസ് പോയിന്റിനും ക്യാമറയ്ക്കും ഇടയിലുള്ളൂ. ബാക്കിമുഴുവൻ പുറകിലേക്കാണ് 96%. ഫോക്കസ് ചെയ്തിരിക്കുന്ന ദൂരം 110 അടി അകലെയാവുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. ഡെപ്ത് ഓഫ് ഫീൽഡിനു പുറകിലേക്കുള്ള ദൂരം infinity (അനന്തത) വരെ എത്തുന്നു. ഇപ്രകാരം DoF ന്റെ പിന്നറ്റം അനന്തതവരെ നീളുന്ന രീതിയിൽ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും അടുത്ത ഒരു പോയിന്റ് എല്ലാ ലെൻസുകൾക്കും, ഓരോ അപ്പർച്ചറിലും ഉണ്ടാവും. ഈ പോയിന്റിനെ ഹൈപ്പർഫോക്കൽ ലെങ്ത് (Hyperfocal length) എന്നുവിളിക്കുന്നു. ഇതിനെപ്പറ്റി അല്പം കൂടി വിശദമായി പിന്നാലെ ചർച്ചചെയ്യാം.
ചോദ്യം: ഒരു വലിയ ലാന്റ്സ്കേപ്പ് സീൻ. പച്ചനെൽച്ചെടികൾ നിറഞ്ഞ ഒരു വിശാലമായ പാടശേഖരമാണെന്നിരിക്കട്ടെ. മുകളിൽ, അവസാനം പറഞ്ഞ ലെൻസ് സെറ്റിംഗുകളാണു നിങ്ങളുടെ ക്യാമറയിലെങ്കിൽ, നിങ്ങൾ എവിടെ ഫോക്കസ് ചെയ്യും? നൂറടി അകലെയുള്ള ഒരു പോയിന്റിലോ? അതോ അതിനും കുറച്ചപ്പുറത്തോ? ഈ സീനിൽ ബാക്ക്ഗ്രൌണ്ടിൽ കുറേ അകലെയായി ഒരു മലയുണ്ട് എന്നുകരുതുക. അവിടെ നിങ്ങൾ ഫോക്കസ് പോയിന്റ് തെരഞ്ഞെടുക്കുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
4. ഇമേജ് മാഗ്നിഫിക്കേഷൻ:
യഥാർത്ഥത്തിൽ ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരത്തെയും, ലെൻസിന്റെ ഫോക്കൽ ദൂരത്തേയും ആശ്രയിച്ചാണ് മാഗ്നിഫിക്കേഷൻ തീരുമാനിക്കപ്പെടുന്നത്. ഇമേജ് മാഗ്നിഫിക്കേഷൻ എന്നാലെന്താണെന്നും അത് ക്യാമറയുടെ സെൻസറിന്റെ ക്രോപ് ഫാക്റ്റർ, ഒരു ക്യാമറയിലെ ലെൻസിന്റെ വലിപ്പം എന്നിവയ്ക്കനുസരിച്ച് എങ്ങനെ മാറുന്നു എന്നതും ഒരു പ്രത്യേക അദ്ധ്യായത്തിൽ ചർച്ചചെയ്യേണ്ടത്ര വലിയ വിഷയമാണ്. അതിനാൽ അത് അടുത്ത ഒരു അദ്ധ്യായത്തിലേക്ക് മാറ്റിവയ്ക്കുന്നു.
ലളിതമായി ഒരല്പം ഇവിടെ പറയാം. ഒരു വസ്തുവിന്റെ യഥാർത്ഥ വലിപ്പവും ഒരു ലെൻസ് ഉണ്ടാക്കുന്ന അതിന്റെ പ്രതിബിംബത്തിന്റെ വലിപ്പവും തമ്മിലുള്ള ഒരു അനുപാതമാണ് ഇമേജ് മാഗ്നിഫിക്കേഷൻ. ഒരു ലെൻസുണ്ടാക്കുന്ന പ്രതിബിംബത്തിന്റെ വലിപ്പം അതിന്റെ ഫോക്കൽ ലെങ്തിനെ ആശ്രയിച്ചിരിക്കുന്നു - ഒരു നിശ്ചിത ദൂരത്തിലിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം വ്യത്യസ്ത ലെൻസുകൾ ഉണ്ടാക്കുന്നുവെന്നിരിക്കട്ടെ. വലിയ ഫോക്കൽ ലെങ്തു ഉള്ള ലെൻസ് വലിയ ഇമേജും, ചെറിയ ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് ചെറിയ ഇമേജും ആയിരിക്കും ഉണ്ടാക്കുക. 50 mm ഫോക്കൽ ലെങ്ത് ഉള്ള ലെൻസുണ്ടാക്കുന്നതിന്റെ ഇരട്ടി വലിപ്പമുള്ള പ്രതിബിംബമാവും 100 mm ലെൻസ് ഉണ്ടാക്കുന്നത്. അങ്ങനെയെങ്കിൽ, സൂം ലെൻസുകൾ എങ്ങനെയാണ് ദൂരെയുള്ള വസ്തുക്കളെ അടുത്തേക്ക് കൊണ്ടുവരുന്നത്?
താഴെയുള്ള ചിത്രം നോക്കൂ. ഒരു പാർക്കിന്റെ ചിത്രമാണത് (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക). നീല നിറത്തിലെ ചതുരം ക്യാമറയുടെ സെൻസറിനെ കുറിക്കുന്നു. സെൻസറിൽ വീഴുന്ന പ്രതിബിംബം തന്നെയാണ് നാം വ്യൂഫൈന്ററിലും കാണുന്നത്. 28 mm എന്ന ഫോക്കൽ ലെങ്തിൽ (വൈഡ് ആംഗിൾ) ലെൻസുണ്ടാക്കുന്ന ചെറിയ പ്രതിബിംബം കൃത്യമായും സെൻസറിന്റെ ഏരിയയ്ക്കുള്ളിൽ വീഴാനുള്ള വലിപ്പമേയുള്ളൂ. അതിനാൽ വളരെ വിശാലമായ പുൽത്തകിടിയും ചുറ്റുപാടും നാം ഫോട്ടോയിലും വ്യൂ ഫൈന്ററിലും കാണുന്നു. അതേ സ്ഥലത്തിന്റെ പ്രതിബിംബം 280 mm ഫോക്കൽ ലെങ്തിൽ (സൂം ഇൻ) ലെൻസ് ഉണ്ടാക്കുമ്പോൾ വളരെ വലുതായാണ് രൂപപ്പെടുന്നത് (ചാരനിറത്തിൽ കാണിച്ചിരിക്കുന്ന ഭാഗം). ഈ പ്രതിബിംബത്തിന്റെ നടുവിലുള്ള, സെൻസറിനുള്ളിൽ വീഴുന്ന ഭാഗം മാത്രമേ നാം വ്യൂ ഫൈന്ററിലും ചിത്രത്തിലും കാണുന്നുള്ളൂ, അതിനാൽ ആ ഏരിയ വലുതായി നമുക്ക് തോന്നുന്നു.
പ്രായോഗികമായി പറഞ്ഞാൽ, സൂം ഇൻ ചെയ്യുന്നതിനു പകരം ലെൻസിനെ 28mm ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് ചിത്രത്തിന്റെ നടുവിലുള്ള മൂന്നു ചെടികളുടെ അടുത്തേക്ക് നടന്നു പോയാലും ഒരു പ്രത്യേക ദൂരത്തിലെത്തുമ്പോൾ വലതുവശത്തുള്ള അതേ ഫ്രെയിം ലഭിക്കും എന്നറിയാമല്ലോ. അവിടെ എന്താണു സംഭവിച്ചത് എന്നാലോചിച്ചു നോക്കൂ. ആദ്യ ചിത്രം എടുക്കുമ്പോൾ ചെടികളിൽ നിന്നും നാം നൂറുമീറ്റർ അകലെ ആയിരുന്നുവെന്നിരിക്കട്ടെ. ലെൻസ് അതേ ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് മുമ്പോട്ട് നടന്നുവന്ന് 20 മീറ്റർ അകലെ എത്തുമ്പോൾ വലതുവശത്തെ ഫ്രെയിം ലഭിക്കുന്നു എന്നും കരുതുക. 28mm ലെൻസ് നൂറുമീറ്റർ അകലെ വച്ചുണ്ടാക്കുന്ന ചെടികളുടെ പ്രതിബിംബം, അതേ ലെൻസ് ഇരുപതുമീറ്റർ അകലെവച്ചുണ്ടാക്കുന്ന പ്രതിബിംബത്തേക്കാൾ ചെറുതാണ്. ശരിയല്ലേ? അപ്പോൾ മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരത്തെ മാത്രമല്ല, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള അകലത്തേയും ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലായല്ലോ. വിശദമായി രണ്ടദ്ധ്യായങ്ങൾക്കു ശേഷം പഠിക്കാം.
മാഗ്നിഫിക്കേഷൻ അവിടെ നിൽക്കട്ടെ, നമുക്ക് നമ്മുടെ വിഷയത്തിലേക്ക് തിരികെയെത്താം. ഇമേജ് മാഗ്നിഫിക്കേഷനും ഡെപ്ത് ഓഫ് ഫീൽഡും തമ്മിലുള്ള ബന്ധമെന്താണ്?
മാഗ്നിഫിക്കേഷൻ കൂട്ടിയാൽ കുറഞ്ഞ ഡെപ്ത് ഓഫ് ഫീൽഡ്, മാഗ്നിഫിക്കേഷൻ കുറച്ചാൽ കൂടിയ ഡെപ്ത് ഓഫ് ഫീൽഡ്. നടന്നുപോയാലും, സൂം ലെൻസ് ഉപയോഗിച്ചാലും ഒരുപോലെ ബാധകം. |
താഴെക്കൊടുത്തിരിക്കുന്ന ടേബിൾ നോക്കൂ. ഈ ഉദാഹരണത്തിൽ ലെൻസിന്റെ അപ്പർച്ചർ f/4 എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരവും സ്ഥിരമാണ് 100 അടി ദൂരം. ഈ വസ്തുവിനെ ഒരു സൂം ലെൻസ് ഉപയോഗിച്ച് സൂം ഇൻ ചെയ്യുമ്പോൾ, ആ വസ്തുവിനു ചുറ്റുമുള്ള ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന വ്യത്യാസമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. 200 mm എന്ന ഫോക്കൽ ലെങ്തിൽ ലെൻസ് ഇരിക്കുമ്പോൾ 11.5 അടിയുണ്ടായിരുന്ന ഡെപ്ത് ഓഫ് ഫീൽഡ്, 350 mm എന്ന ഫോക്കൽ ലെങ്തിലെത്തുമ്പോൾ വെറും 3.74 അടിയായി ചുരുങ്ങുന്നത് ശ്രദ്ധിക്കൂ.
അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 100 ഫീറ്റ് (മാറ്റമില്ല) | |||||
Zoom (focal distance) | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുന്നിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
200 mm | 94.6 ft | 106.1 ft | 11.5 ft | 47% | 53% |
250 mm | 96.5 ft | 103.8 ft | 7.36 ft | 48% | 52% |
300 mm | 97.5 ft | 102.6 ft | 5.1 ft | 49% | 51% |
350 mm | 98.2 ft | 101.9 ft | 3.74 ft | 49% | 51% |
അടുത്ത ടേബിൾ ഇതുവരെ പറഞ്ഞവയിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് ഓരോ നിരയിലും മുൻനിരയിലുണ്ടായിരുന്നതിന്റെ ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവും ഇരട്ടിയാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്താണു സംഭവിച്ചതെന്നു മനസ്സിലായോ? എല്ലാ സെറ്റിംഗുകളിലും ലഭിക്കുന്ന ഇമേജ് സൈസ് ഒന്നുതന്നെ. അതുകൊണ്ടുതന്നെ ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം മാറാതെ നിൽക്കുന്നതു കണ്ടുവോ !! f/4 എന്ന അപ്പർച്ചർ അതിന്റെ പകുതിയാക്കിക്കുറച്ചിരിക്കുന്നു (f/8) ടേബിളിന്റെ അവസാനത്തെ കോളത്തിൽ. ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പത്തിനെന്തു സംഭവിക്കുന്നു എന്നു നോക്കൂ. അത് f/4 ൽ ഉണ്ടായിരുന്ന DoF ന്റെ ഇരട്ടിയായി പക്ഷേ, സൂം വർദ്ധിക്കുംതോറും അതും സ്ഥിരമായി നിൽക്കുന്നു എന്നു കണ്ടല്ലോ.
Focal length | Distance to object | DoF @ f/4 | DoF @ f/8 |
50 mm | 5 feet | 0.45 feet | 0.95 feet |
100 mm | 10 feet | 0.45 feet | 0.95 feet |
200 mm | 20 feet | 0.45 feet | 0.95 feet |
400 mm | 40 feet | 0.45 feet | 0.95 feet |
ചുരുക്കത്തിൽ, ഒരേ ഇമേജ് മാഗ്നിഫിക്കേഷനിൽ ഡെപ്ത് ഓഫ് ഫീൽഡ് ഒരേ വലിപ്പത്തിൽ തന്നെ. മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരവുമായും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഡെപ്ത് ഓഫ് ഫീൽഡിനു നിർണ്ണയിക്കുന്ന കാര്യങ്ങളെ രണ്ടെണ്ണമായി ചുരുക്കാം - അപ്പർച്ചറും, ഇമേജ് മാഗ്നിഫിക്കേഷനും.
ചില ചോദ്യങ്ങൾ : പോർട്രെയ്റ്റുകൾ എടുക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഫോട്ടോഗ്രാഫർമാർ പ്രൈം ലെൻസുകൾ മാറ്റിയിട്ട് സൂം ലെൻസുകൾ ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നത്? സൂം ലെൻസുകൾ ഉപയോഗിച്ചാൽ മാത്രമേ വളരെ കുറഞ്ഞ DoF ലഭിക്കുകയുള്ളൂ എന്നുണ്ടോ? ഒരു 50 mm ലെൻസ് ഉപയോഗിച്ച് കൊണ്ട് വളരെ കുറഞ്ഞ DoF ഉണ്ടാക്കിയെടുക്കുവാൻ എന്തുചെയ്യണം? പല എൻട്രി ലെവൽ സൂം ലെൻസുകളുടെയും അപ്പർച്ചറുകൾ f/4 ൽ ആണ് ആരംഭിക്കുന്നത്. 50mm പ്രൈം ലെൻസുകളിൽ 1.8 വരെ പോകാം. ഇതുകൊണ്ടുള്ള ഗുണം DoF context ൽ എന്താണ്? ക്ലോസ് അപ് ചിത്രങ്ങളിൽ ഡെപ്ത് ഓഫ് ഫീൽഡ് കുറവായി കാണപ്പെടുന്നതെന്തുകൊണ്ട്?
താഴെയുള്ള രണ്ടു ചെമ്പരുത്തി ചിത്രങ്ങളിൽ ആദ്യത്തേത് 55 mm ലെൻസ് ഉപയോഗിച്ചും രണ്ടാമത്തേത് 300 mm സൂം ലെൻസ് ഉപയോഗിച്ചും എടുത്തതാണ്. എന്തുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന്റെ DoF കുറവായി തോന്നുന്നത്?
ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ:
വളരെ എളുപ്പത്തിൽ വിവിധ ലെൻസ് സെറ്റിംഗുകളിലെ ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കുവാനായി ഇന്റർനെറ്റിൽ ഓൺലൈൻ ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്ററുകൾ ലഭ്യമാണ്. അവയിൽ വളരെ പ്രയോജനപ്രദമായി തോന്നിയ ഒരു സൈറ്റാണ് DOF Master. ആ സൈറ്റിന്റെ ലിങ്ക് ഇവിടെയുണ്ട്. ഇടതു വശത്തായുള്ള ഫീൽഡിൽ ആദ്യം നിങ്ങളുടെ ക്യാമറയുടെ മോഡൽ സെലക്റ്റ് ചെയ്യുക (ലിസ്റ്റിൽ ഇല്ലെങ്കിൽ ഏറ്റവും അടുത്ത മോഡൽ തെരഞ്ഞെടുക്കൂ). രണ്ടാമത്തെ ഫീൽഡിൽ അപ്പർച്ചറും, മൂന്നാമത്തെ ഫീൽഡിൽ ഓബ്ജക്റ്റിലേക്കുള്ള ദൂരവും തെരഞ്ഞെടുത്തിട്ട് കാൽക്കുലേറ്റ് എന്ന ബട്ടൺ അമർത്താം. ദൂരത്തിന്റെ യൂണിറ്റായി നിങ്ങളുടെ സൌകര്യം പോലെ ഫീറ്റ്, മീറ്റർ, സെന്റിമീറ്റർ ഏതും തെരഞ്ഞെടുക്കാം. ഡെപ്ത് ഓഫ് ഫീൽഡ് റെഡി!
ഈ സൈറ്റിൽ തന്നെ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന ഒരു ഓഫ് ലൈൻ കാൽക്കുലേറ്ററിന്റെ ലിങ്കും കാണാം. അത് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ ഡെപ്ത് ഓഫ് ഫീൽഡ് റേഞ്ചുകൾ മനസ്സിലാക്കുവാൻ സാധിക്കും. ഓഫ് ലൈൻ കാൽക്കുലേറ്ററിനേക്കാൾ കൂടുതൽ നല്ലതായി തോന്നുന്നത് ഓൺലൈൻ കാൽക്കുലേറ്റർ ആണ്. അതുപയോഗിച്ച് നിങ്ങൾ തന്നെ വിവധ സെറ്റിങ്ങുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കി നോക്കുക. നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ റേഞ്ച് തന്നെ പരിശോധിക്കുന്നതാവും കൂടുതൽ നല്ലത് - കാരണം പ്രായോഗികമായി ആ ലെൻസ് ആണല്ലോ നിങ്ങൾ എപ്പോഴും ഉപയോഗിക്കുക.
ഇവകൂടാതെ ഒരു ഡെപ്ത് ഓഫ് ഫീൽഡ് ചാർട്ടും (പ്രിന്റു ചെയ്ത് കൈയ്യിൽ സൂക്ഷിക്കാവുന്നത്) ഈ സൈറ്റിൽ ലഭ്യമാണ്.
ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്:
താഴെയുള്ള ടേബിൾ നോക്കൂ. ഒരു 50 mm ലെൻസ് അപ്പർച്ചർ സൈസുകൾ മാത്രം മാറ്റിക്കൊണ്ട് മുമ്പിലുള്ള ഒരു പോയിന്റിലേക്ക് ഫോക്കസ് ചെയ്യുകയാണ്. ഓരോ അപ്പർച്ചർ സൈസിലും ഒരടി അകലം വീതം വ്യത്യാസമുള്ള രണ്ടു പ്രത്യേക ദൂരങ്ങളിൽ ഫോക്കസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിലൊന്നിൽ (Far end of DoF) വച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ പിന്നാമ്പുറം അനന്തതയിലേക്ക് നീളുന്നു. മാത്രവുമല്ല, ഫോർഗ്രൌണ്ടിൽ ഷാർപ്പല്ലാതെ ലഭിക്കുന്ന ഭാഗത്തിന്റെ ദൂരവും വളരെ കുറയുന്നു. ഫലമോ? ഫോർഗ്രൌണ്ട് മുതൽ ഇൻഫിനിറ്റി വരെ നീളുന്ന വിശാലമായ ഡെപ്ത് ഓഫ് ഫീൽഡ് !
Focused at | Near end of DoF | Far end of DoF | DoF വലിപ്പം | |
f 5.6 | 75 feet | 37.9 ft | 3875.9 ft | 3838 ft |
76 feet | 38.1 ft | Infinity | Infinite | |
f 8 | 53 feet | 26. ft | 2541.7 ft | 2514.9 ft |
54 feet | 27 ft | Infinity | Infinite | |
f 11 | 38 feet | 19.1 ft | 4525.9 ft | 4506.9 ft |
39 feet | 19.3 ft | Infinity | Infinite | |
f 16 | 27 feet | 13.5 ft | 5036.7 ft | 5023.2 ft |
28 feet | 13.8 ft | Infinity | Infinite |
ഇപ്രകാരം, ഓരോ ലെൻസിനും, ഒരു പ്രത്യേക അപ്പർച്ചർ സെറ്റിംഗിൽ ഡെപ്ത് ഓഫ് ഫീൽഡിനു പരമാവാധി വ്യാപ്തി കൈവരുത്താവുന്ന രീതിയിൽ അതിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഒരു ദൂരം, ക്യാമറയ്ക്കുമുന്നിൽ ഉണ്ടാവും. ഈ അകലത്തെയാണ് ഹൈപ്പർഫോക്കൽ ഡിസ്റ്റൻസ് (hyperfocal distance) എന്നുവിളിക്കുന്നത്. മുകളിലെ ടേബിളിൽ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ 50 mm ക്യാമറ ലെൻസ് 5.6 എന്ന അപ്പർച്ചറിൽ ഇരിക്കുമ്പോൾ 76 അടിയിലും കൂടുതലായ ഒരു പോയിന്റിൽ ഫോക്കസ് ചെയ്താൽ, ക്യാമറയിൽ നിന്ന് 38 അടി ദൂരം മുതൽ അങ്ങ് അനന്തത വരെ നീളുന്ന ഒരു മേഖലമുഴുവൻ നല്ല ഷാർപ്പായി ഫോട്ടോ ലഭിക്കും എന്നുകാണാമല്ലോ?
ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് ഏറ്റവും ഗുണം ചെയ്യുന്നത് വൈഡ് ആംഗിൾ ഫോട്ടോകളിലാണ് (50mm നു താഴെയുള്ള ആംഗിളുകൾ). കാരണം, ഫോക്കല്‍ ലെങ്ങ്തുകള്‍ കൂടുതലായ ലെന്‍സുകള്‍ ഉപയോഗിച്ച് മാക്സിമം DOF ലഭിക്കത്തക്കവിധം ഫോക്കസ് ചെയ്യാവുന്ന ഏറ്റവും അടുത്ത പോയിന്റുകളും ഒരു വൈഡ് ആംഗിള്‍ ലെന്സിനെ അപേക്ഷിച്ച് അകലെ ആയിരിക്കുമല്ലോ? അതുകൊണ്ട് തന്നെ Extreme സൂം ലെൻസുകൾ ഉപയോഗിച്ച് എടുക്കുന്ന ഫ്രെയിമുകളിൽ ഈ കൺസെപ്റ്റ് കൊണ്ട് വലിയ പ്രയോജനമില്ല. ഉദാഹരണത്തിന് 200 mm, 300 mm എന്നീ ഫോക്കൽ ലെങ്തുകളിൽ ഒരു സൂം ലെൻസ് നൽകുന്ന ഹൈപ്പർ ഫോക്കൽ ലെങ്തുകൾ നോക്കൂ. അപ്പർച്ചർ സൈസ് കുറയ്ക്കുമ്പോൾ ഹൈപ്പർ ഫോക്കൽ ലെങ്തിനു എന്തു സംഭവിക്കുന്നു എന്നും ശ്രദ്ധിക്കുക. ഹൈപ്പര്‍ ഫോക്കല്‍ ഡിസ്ടന്‍സ് കുറയുന്നുണ്ടെങ്കിലും അതൊന്നും ഒരു വൈഡ് ആംഗിള്‍ ലെന്‍സിനോളം പോരാ എന്ന് മനസ്സിലായല്ലോ?
ഫോക്കൽ ലെങ്ത് / അപ്പർച്ചർ | Hyperfocal distance |
200 mm @ f/5.6 | 1221.7 feet |
200 mm @ f/8 | 864.0 feet |
200 mm @ f/22 | 305.9 feet |
300 mm @ f/5.6 | 2748.2 feet |
300 mm @ f/8 | 1943.6 feet |
300 mm @ f/22 | 687.8 feet |
ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ വിവിധ ഫോക്കൽ ലെങ്തുകളിലും അപ്പർച്ചറിലും ഉള്ള ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് കണ്ടുപിടിക്കൂ.
ഷാർപ്പ് ലാന്റ്സ്കേപ്പ് ചിത്രം : ഒരു ടിപ്പ്:
ലാന്റ്‌സ്കേപ്പ് ഫോട്ടോഗ്രാഫി ചെയ്യുമ്പോൾ വളരെയധികം പ്രയോജനകരമായ ഒരു കാര്യമാണിത്. നിങ്ങളുടെ കൈവശമുള്ള ലെൻസിന്റെ 50 mm നു താഴെയുള്ള ഫോക്കൽ ലെങ്തുകളിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്, വിവിധ അപ്പർച്ചറുകളിൽ, ഓൺലൈൻ DoF കാൽക്കുലേറ്റർ ഉപയോഗിച്ച് കണ്ടുപിടിക്കൂ. ഇത് മനസ്സിലുണ്ടാവണം. ഫോട്ടോയെടുക്കേണ്ട സീനിൽ ഹൈപ്പർ ഫോക്കൽ പോയിന്റ് ഏകദേശം എവിടെയാണെന്നു കണ്ടുപിടിക്കുവാൻ ഒരു എളുപ്പവഴിയുണ്ട്. നിങ്ങൾ ഒരു ലാന്റ്സ്കേപ്പ് ഫോട്ടോയെടുക്കുവാൻ തുടങ്ങുന്നു എന്നിരിക്കട്ടെ. ഇഷ്ടമുള്ള ഒരു അപ്പർച്ചർ സെറ്റ് ചെയ്യൂ. കുറഞ്ഞ അപ്പർച്ചർ ആയിപ്പോയാൽ DoF കുറയുമോ എന്നൊന്നും ആശങ്കവേണ്ട. എങ്കിലും f/4 നു മുകളിലേക്ക് സെറ്റ് ചെയ്താൽ മതിയാവും. ഇനി ഫോട്ടോയെടുക്കാൻ ഉദ്ദേശിക്കുന്ന സീനിന്റെ ഏകദേശം മൂന്നിലൊന്നുഭാഗം ഉള്ളിലേക്ക് മാറി (നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും), നിലത്ത് ഫോക്കസ് ചെയ്യൂ. ഇനി ഫോക്കസ് ലോക്ക് ചെയ്തുപിടിച്ചുകൊണ്ട് ഫ്രെയിം റീക്കമ്പോസ് ചെയ്യുക. ഫോക്കസ് ലോക്ക് ചെയ്യുവാനായി വലിയ ചിട്ടവട്ടങ്ങളൊന്നുമില്ല. സാധാരണ എല്ലാ ഡിജിറ്റൽ ക്യാമറകളിലും ഷട്ടർ റിലീസ് ബട്ടൺ പകുതി അമർത്തിപ്പിടിച്ചിരുന്നാൽ ഫോക്കസ് ലോക്കാവും. ഇനി ചിത്രമെടുത്തോളൂ. ക്യാമറയിൽ നിന്ന് ഏതാനും മീറ്റർ അകലം മുതൽ അങ്ങനന്തതവരെ നീളുന്ന ഷാർപ്പായ ഒരു ഇമേജ് കിട്ടും! പരീക്ഷിച്ചു നോക്കിയിട്ട് ചിത്രം പബ്ലിഷ് ചെയ്യണം എല്ലാവരും.
ഒരു ചോദ്യം കൂടി ചോദിക്കട്ടേ? ചെറിയ അപ്പർച്ചർ സുഷിരങ്ങൾ (വലിയ f number) മാത്രമേ ഷാർപ്പായ ചിത്രങ്ങൾ നൽകുകയുള്ളോ? അല്ലെങ്കിൽ, ഏതു സാഹചര്യത്തിൽ വലിയ അപ്പർച്ചർ ഉപയോഗിച്ചും ഷാർപ്പായ ചിത്രങ്ങളെടുക്കാം?
സംഗ്രഹം:
- ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന് മുമ്പിലും പുറകിലുമായി ഒരു നിശ്ചിത വിസ്തൃതിയിലുള്ള ഭാഗങ്ങൾകൂടി ‘ഷാർപ്പായി’ കാണപ്പെടും. ഈ ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നു വിളിക്കുന്നത്
- ഡെപ്ത് ഓഫ് ഫീൽഡ് പ്രധാനമായും നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) ലെൻസിന്റെ അപ്പർച്ചർ (2) ലെൻസിന്റെ ഫോക്കൽ ദൂരം (3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം (4) ഇമേജ് മാഗ്നിഫിക്കേഷൻ. ഇമേജ് മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ലെങ്തിനേയും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കുന്നു.
- വലിയ അപ്പർച്ചർ സുഷിരങ്ങൾ ലെൻസിനോട് വളരെ അടുത്ത് ഉണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് നേരിയതായിരിക്കും.
- അപ്പർച്ചർ സൈസ് കൂട്ടുമ്പോഴും, ഇമേജ് മാഗ്നിഫിക്കേഷൻ വർദ്ധിപ്പിക്കുമ്പോഴും ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു.
- ഡെപ്ത് ഓഫ് ഫീൽഡിന് ഏറ്റവും കൂടുതൽ വിസ്തൃതി ലഭിക്കത്തക്കവിധം - ഫോർഗ്രൌണ്ടിലും ബാക്ക്ഗ്രൌണ്ടിലും - ഒരു ലെൻസിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ അകലത്തെ, ആ ലെൻസിന്റെ, അപ്പോഴുള്ള അപ്പർച്ചർ സെറ്റിംഗിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്നു വിളിക്കുന്നു.
ഡെപ്ത് ഓഫ് ഫീൽഡിന്റെ തുടർന്നുള്ള ചർച്ചകൾ അടുത്ത പോസ്റ്റിൽ.
60 comments:
(((((((ഠേ))))))
തേങ്ങ്യാ അടിച്ചേച്ച് പഠിക്കാം...
വിശദമായ പോസ്റ്റ്. നന്ദി.
ഒന്നൂടെ കാര്യമായി വായിയ്ക്കണം.
ക്ലാസ്സ് ഉഷാര്‍. ഒരു തവണ വായിച്ചിട്ട് കാര്യമായി ഒന്നും തലയില്‍ കയറിയിട്ടില്ല. ഒന്നുകൂടി വായിച്ചു നോക്കട്ടെ. എന്നിട്ടും പിടികിട്ടുന്നില്ലെങ്കില്‍ ട്യുഷ്യനു ചെരേണ്ടി വരും എന്നാണു തോന്നുന്നത്...
ഹാജർ ! വലതു കാലു വച്ചു തുടങ്ങാം.. സ്ക്രോളു ചെയ്ത് നോക്കിയപ്പോൾ ഞെട്ടി.. :)
മ്മടെ ടീംസ് ഒക്കെ എത്തും മുൻപേ ഞാൻ തുടങ്ങട്ടെ.
പ്രിയ അപ്പുച്ചേട്ടാ
ഇതില്‍ കൊള്ളാം നന്നായി എന്നുള്ള കമന്റുകള്‍ക്ക് സ്ഥാനമില്ല. കാരണം ഇതിനേക്കാള്‍ നല്ലൊരു ബ്ലോഗ് ഈ വിഷയത്തില്‍ ഞാന്‍ കണ്ടിട്ടില്ല. പ്രധാനമായും ഒരു നിര്‍ദ്ദേശം തരാനാണ് ഈ കമന്റ്.
ഒരു ബ്ലോഗ് എന്നതില്‍ കവിഞ്ഞു ഒരു ഫോട്ടോഗ്രാഫി പുസ്തകം അദ്ധ്യായങ്ങള്‍ ആയി പോസ്റ്റിയിരിക്കുന്നു എന്നാണ് വായനക്കാര്‍ക്ക് തോന്നുക. അത്ര നിലവാരമുണ്ട് ഓരോ പോസ്റ്റിനും.
ഫൂള്‍ പ്രൂഫ് ആയ പോസ്റ്റുകള്‍ ആയതുകൊണ്ട് തന്നെ ഭാവിയില്‍ ഒരുപാട് ഉപയൊഗപ്രദമാവുന്ന
പോസ്റ്റുകള്‍ ആണിവയെല്ലാം. ഈ പോസ്റ്റുകളെ ഓരോ പി.ഡി.എഫ്. ആയി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ഇപ്പോഴും നെറ്റ് ലഭ്യമല്ലാത്തതും (ഓഫീസ്സുകളില്‍ മാത്രം നെറ്റ് ഉപയോഗിക്കുന്ന ധാരാളം ആളുകളും വായനക്കാരായി ഉണ്ടാവുമല്ലോ. ഓഫീസില്‍ വിശദമായ വായനയ്ക്ക് അവസരം കിട്ടിയെന്നും വരില്ല.)
പറഞ്ഞത് വളരെ പോസിറ്റിവ് ആയി കരുതുമല്ലോ.
സ്നേഹത്തോടെ
(ദീപക് രാജ്)
ഉടനെ നാട്ടില്‍ പോകുന്നുണ്ട്. ഡയല്‍അപ്പ് കണക്ഷന്‍ ആയതുകൊണ്ട് നെറ്റ് ഉപയോഗം അധികം കാണാറില്ല. അപ്പോള്‍ ഇത്തരം പി.ഡി.എഫ്. ഫയലുകള്‍ ഉപയോഗപ്പെടും എന്നൊരു സ്വാര്‍ത്ഥലാഭവും ഉണ്ട്
ഇതു ഓഫീസിലിരുന്നു വായിച്ചാല്‍ എന്റെ തലയില്‍ കേറാന്‍ പാടാ . നാളെ വൈകീട്ട് വീട്ടില്‍ വെച്ച് വായിച്ചിട്ട് തല്ലുകൊള്ളി സംശയങ്ങളുമായി വരാം :)
പതിവുപോലെ തലയിൽക്കയറാത്ത ഒരു ക്ലാസാണെന്നു കമന്റുകളീൽ നിന്ന് മനസ്സിലാകുന്നു :)
ദീപക്, ഈ പോസ്റ്റുകളെ ഞാൻ പി.ഡി.എഫ് ആക്കി ഡൌൺലോഡ് ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കുന്നതിനേക്കാൾ വളരെ വളരെ എളുപ്പമല്ലേ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അവയെ പി.ഡി.എഫ് ആക്കി മാറ്റുന്നത്. ഇങ്ങനെയാണ് ഇതു ചെയ്യുന്നതെന്ന് അറിയില്ലെങ്കിൽ ഈ വിവരണം ഒന്നു നോക്കൂ. ഞാൻ തന്നെ ഈ പേജുകളെ പി.ഡി.എഫ് ആക്കിവയ്ക്കാത്തതിനു ഒരു കാരണം ഇടയ്ക്കിടെ ഓരോ ചാപ്റ്ററിലും പുതിയ വിവരങ്ങൾ ചേർക്കുകയും തെറ്റുകൾ തിരുത്തുകയും ഒക്കെ ചെയ്യാറുണ്ട് എന്നതിനാലാണ്.
കുട്ടൂ, ഉദാഹരണമായി ലിങ്ക് കൊടുത്തതിനു നന്ദി. പക്ഷേ ഫോക്കൽ ദൂരം അല്ല, ഇമേജ് മാഗ്നിഫിക്കേഷനാണ് അവിടെ സ്ഥിരമായി നിർത്തിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുമല്ലോ.
അപ്പുമാഷേ ... നന്ദി !
ഒന്ന് ഓടിച്ചു വായിച്ചതേ ഉള്ളൂ.. കണക്കുകള്‍ ഒന്നും തലയില്‍ കേറിയില്ല.. വീക്കെന്റില്‍ വിശദമായി പഠിക്കണം . ദീപക് രാജ് പറഞ്ഞത് പോലെ ഇത് ഒരു ബ്ലോഗ് അല്ല.. ഒരു പാഠപുസ്തകം ആണ്. പി ഡി എഫ് എടുത്തു സൂക്ഷിച്ചു വെക്കണം . അല്ലെങ്കില്‍ പ്രിന്റ് എടുത്തു ഫയല്‍ ചെയ്തു വെക്കണം എന്നൊക്കെ എനിക്കും തോന്നിയിട്ടുണ്ട് . സമയം പോലെ ചെയ്യണം .
മാഷിന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ആരും ഉത്തരം പറഞ്ഞു കണ്ടില്ല. താഴെ ഉള്ള ചോദ്യത്തിന് എന്റെ ഉത്തരം എഴുതട്ടെ...
ചോദ്യം: ഒരു വലിയ ലാന്റ്സ്കേപ്പ് സീൻ. പച്ചനെൽച്ചെടികൾ നിറഞ്ഞ ഒരു വിശാലമായ പാടശേഖരമാണെന്നിരിക്കട്ടെ. മുകളിൽ, അവസാനം പറഞ്ഞ ലെൻസ് സെറ്റിംഗുകളാണു നിങ്ങളുടെ ക്യാമറയിലെങ്കിൽ, നിങ്ങൾ എവിടെ ഫോക്കസ് ചെയ്യും? നൂറടി അകലെയുള്ള ഒരു പോയിന്റിലോ? അതോ അതിനും കുറച്ചപ്പുറത്തോ? ഈ സീനിൽ ബാക്ക്ഗ്രൌണ്ടിൽ കുറേ അകലെയായി ഒരു മലയുണ്ട് എന്നുകരുതുക. അവിടെ നിങ്ങൾ ഫോക്കസ് പോയിന്റ് തെരഞ്ഞെടുക്കുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
ഞാന്‍ ഒരു 110 അടിയില്‍ ഫോകസ് ചെയ്യും. അപ്പോള്‍ DOF infinity ആയതു കാരണം പിന്നിലെ മലയും ഫോകസില്‍ വരുമല്ലോ. മലയില്‍ ഫോക്കസ് ചെയ്‌താല്‍ near end DOF കഴിഞ്ഞു foreground ല്‍ ഉള്ള സംഗതികള്‍ out of focus ആയി പോകില്ലേ.
ഉത്തരം തെറ്റാണെങ്കില്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കരുതെ...
ഇനി ഒരു സംശയം: DOF Calculator നോക്കി. ഈ കണക്കുകൂട്ടലിനു ഇതല്ലാതെ എന്തെങ്ങിലും thump rules ഉണ്ടൊ. (ഹൈപ്പർ ഫോക്കൽ പോയിന്റ് ഏകദേശം എവിടെയാണെന്നു കണ്ടുപിടിക്കുവാൻ പറഞ്ഞു തന്ന പോലെ). അല്ലെങ്കില്‍ പുറത്തുപോയി പടം പിടിക്കുമ്പോള്‍ ഈ കണക്കുകളൊക്കെ മനപ്പാടമാക്കി പോകാന്‍ പറ്റില്ലല്ലോ.
ഏകലവ്യന്‍, ഒരാളെങ്കിലും ഒരു ഉത്തരവുമായി വന്നതില്‍ വളരെ സന്തോഷം. പറഞ്ഞ ഉത്തരം വളരെ ശരിയുമാണ് :) (ഇത്രയും ഈസി ചോദ്യം ചോദിച്ചതിന് എനിക്ക് പകുതി മാര്‍ക്ക് തരണം !)
ഈ ടേബിളുകളത്രയും കാണാതെ പഠിക്കേണ്ട ആവശ്യമെന്താണ്? താങ്കളുടെ കൈയ്യിലുള്ള ലെന്‍സിന്റെ ഏകദേശ ഡി.ഓ.എഫ് അളവുകള്‍ ക്ലോസ് അപ് ഡിസ്റ്റന്‍സില്‍ എത്ര, ഒരു പത്തുപതിനഞ്ചടി അകലത്തില്‍ എത്ര, അതും കഴിഞ്ഞ് കുറേ ദൂരെ ( കണ്ടാല്‍ അറിയാവുന്ന ഒരു ദൂരത്തിന്റെ അളവില്‍) എത്ര ഇതുമാത്രം മനസ്സില്‍ ഉണ്ടായിരുന്നാല്‍ പോരേ? ആവശ്യമെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡിന്റെ ഒരു ചാര്‍ട്ട് പ്രിന്റ് ചെയ്ത് വയ്ക്കാം. അതുപോലെ ആ സൈറ്റില്‍ നമുക്ക് ഉണ്ടാക്കീയെടുക്കാവുന്ന ഒരു ഡയല്‍ ടൈപ്പ് സംഗതി കണ്ടിരുന്നോ? പേപ്പറില്‍ പ്രിന്റ് ചെയ്ത് വെട്ടിയെടുക്കാവുന്ന ഒന്ന്..
ഇതൊന്നും വേണ്ടായല്ലോ, ക്ലോസ് അപ് ഫോട്ടോകളില്‍ ക്യാമറയിലെ ഡി.ഓ.എഫ് പ്രിവ്യൂ ബട്ടണ്‍ ഒന്നമര്‍ത്തൂ. എവിടെനിന്ന് എവിടം വരെ ക്ലിയറാണെന്ന് ഭംഗിയായി കാണാം. അടൂത്ത ഒരു അദ്ധ്യായം കൂടി വായിച്ചു കഴിയുമ്പോള്‍ കുറേക്കൂടി ഭംഗിയായി മനസ്സിലാക്കും.
ഏകലവ്യന്‍:
ലാന്‍ഡ്‌സ്ക്കേപ്പ് പടങ്ങള്‍ എടുക്കുമ്പോള്‍ ഏകദേശം ഹൈപ്പര്‍ ഫോക്കലില്‍ ഫോക്കസ് ചെയ്യാന്‍ ഞാന്‍ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. വ്യൂ ഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ എന്റെ ക്യാമറയില്‍ (നിക്കോണ്‍ D50) 5 ഫോക്കസ് ചതുരങ്ങള്‍ കാണുന്നുണ്ട്. നടുവില്‍ ഒന്നും നാലു വശത്തും ഓരോന്നു വീതവും. ഇതില്‍ താഴത്തെ ചതുരത്തെ ഫോക്കസ് ചതുരം ആയി തിരഞ്ഞെടുക്കും. ക്യാമറ ശരിക്കു പിടിക്കുക, ക്ലിക്കുക. കാര്യങ്ങള്‍ ഏകദേശം ശരിയായിക്കൊള്ളും. (ഇതിനുമുന്‍പേ ഫോക്കസ് മോഡ് ഡൈനാമിക്ക് ആക്കാന്‍ മറക്കരുതേ)
എല്ലാസമയത്തും വര്‍ക്ക് ചെയ്യുന്ന ഒരു ടെക്ക്നിക്കല്ല ഇത്. ഒരു സ്റ്റാര്‍ട്ടിങ്ങ് പോയന്റ് മാത്രം.
അപ്പുവേട്ടാ
DOF Preview എല്ലാ ക്യാമറയ്ക്കും ഇല്ല. പുതിയതായി ഇറങ്ങുന്ന പലതിനും ഉണ്ട്.
എന്റെ ക്യാമറക്ക് ആ ബട്ടനില്ലേ... ങീ.. ങീ...
അപ്പു മാഷേ,
DOF ന്റെ ഒരു ഡയല്‍ ടൈപ്പ് സംഗതി ഉണ്ടാക്കട്ടെ. എന്റെ ക്യാമറ നിക്കോണ്‍ D40 ആയതു കാരണം DOF preview ഇല്ല.
കുട്ടു,
എളുപ്പവഴി പറഞ്ഞുതന്നതിനു നന്ദി. പക്ഷേ, എന്റെ ക്യാമറയില്‍ മൂന്ന് ഫോക്കസ് ചതുരങ്ങളെ ഉള്ളൂ. കുട്ടു കണ്ടുപിടിച്ചതുപോലെ എനിക്കും എന്തെങ്കിലും shortcut കണ്ടുപിടിക്കേണം. അല്ലെങ്കില്‍ അപ്പുമാഷിന്റെ trick ഉപയോഗിക്കാം...
ഏകലവ്യൻ, നിക്കോൺ ഡി40 യിൽ ഡെപ്ത് ഓഫ് ഫീൽഡ് പ്രിവ്യൂ ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ഈ പ്രിവ്യൂ ഒരു വലിയ സംഭവമൊന്നുമല്ല. സാധാരണ ഒരു ഡിജിറ്റൽ SLR ക്യാമറയിൽ നാം ഏതു മോഡിൽ ഫോക്കസ് ചെയ്യുമ്പോഴും ലെൻസിന്റെ അപ്പർച്ചർ മൊത്തമായി തുറന്നിരിക്കും. ക്യാമറ അപ്പർച്ചർ പ്രയോറിറ്റി മോഡിൽ ഏറ്റവും ചെറിയ അപ്പർച്ചർ സെറ്റിംഗിൽ ചെയ്തിരിക്കുകയാണെങ്കിൽ പോലും. ഷട്ടർ റിലീസ് ബട്ടൺ മൊത്തമായി അമർത്തുന്ന നിമിഷത്തിലാണ് നാം സെറ്റ് ചെയ്ത് അപ്പർച്ചർ എൻഗേജ് ആവുന്നത്. ഡെപ്ത് ഓഫ് ഫീൽഡ് പ്രിവ്യൂ ഉള്ള ക്യാമറകളിൽ ഈ ബട്ടൺ അമർത്തുമ്പോൾ നാം സെറ്റ് ചെയ്ത് അപ്പർച്ചർ എൻഗേജ് ആവുന്നു. പെട്ടന്നു നമ്മൾ നോട്ട് ചെയ്യുന്നത് വ്യൂ ഫൈന്ററിൽ വെളിച്ചം കുറഞ്ഞു എന്നതാണ് !! ക്ലൊസ് അപ്പ് ഫോട്ടൊകൾക്കാല്ലാതെ വൈഡ് ആംഗിൾ ഫോട്ടോയൊക്കൊന്നും ഈ പ്രിവ്യൂ കൊണ്ട് പറയത്തക്ക ഗുണമൊന്നും ഞാൻ കാണുന്നില്ല.
Vaayichchu.
Very good.
വീണ്ടും വായിച്ചപ്പോള്‍ കുറെ കാര്യങ്ങള്‍ കൂടി മനസ്സിലായി. ഹൈപ്പര്‍ ഫോക്കല്‍ ഡിസ്റ്റന്‍സ് എന്ന ഒരു സംഗതി ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത്. 50എം എം എന്നത് പോര്‍ട്രയറ്റ് ഫോട്ടോഗ്രാഫിക്ക് മാത്രമാണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. അപ്പോ ഈ ഹൈപ്പര്‍ ഫോക്കല്‍ ഡിസ്റ്റന്‍സില്‍ ഫോക്കസ് ചെയ്താല്‍ 50എം എം കൊണ്ട് നല്ല ലാന്‍ഡ്സ്ക്കേപ്പ് പടങ്ങളും എടുക്കാം അല്ലേ .ലെന്‍സുകളെ ക്കുറിച്ച് ഒന്നും അറിയില്ല. തെറ്റാണെങ്കില്‍ ഷമി :)
ഒരു ചിത്രത്തില്‍ സബ്ജക്റ്റ് ഒഴികെ ബാക്ക് ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയി കിട്ടാന്‍ ഞാന്‍ സാധാരണ സബ്ജക്റ്റില്‍ നിന്ന് കുറച്ച് ദൂരം മാറി കുറച്ചു സൂം ചെയ്താണ് ക്ലിക്ക് ചെയ്യാറ്. പക്ഷേ അതിനു പിന്നില്ല് ഇത്രയും ടെക്നിക്കുകള്‍ ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത്.
ഇതൊരു തകര്‍പ്പന്‍ അദ്ധ്യായമാണെന്ന് പറയാതെ വയ്യ.
‘ഇലകളുടെ തൊട്ടുമുമ്പിൽ നിൽക്കുന്ന ഒരു പൂവിന്റെ ക്ലോസ് അപ്പ് എടുക്കുവാൻ 50 mm ലെൻസിൽ ഈ അപ്പർച്ചർ സൈസ് അനുയോജ്യമാണോ?‘
#അനുയോജ്യമാണ്; പക്ഷേ ലെൻസിൽ നിന്നും വസ്തുവിലേക്കുള്ള ഫോക്കൽദൂരത്തെ ആശ്രയിച്ചിരിക്കും അതിന്റെ എഫെക്ട്സ് എന്നുമാത്രം.
‘അല്ലെങ്കിൽ എന്തുകൊണ്ട്? ആലോചിച്ചു നോക്കൂ. ഏത് അപ്പർച്ചർ ആവും ഇവിടെ അനുയോജ്യം?‘
#അപ്പർച്ചറിന്റെ വലുപ്പം കുറയുംതോറും ഡെപ്ത് ഓഫ് ഫീൽഡ് കൂടുന്നതിനാൽ; f/5.6 നേക്കാൾ അനുയോജ്യം f/4 ആയിരിക്കും എന്നുതോന്നുന്നു.
‘ഇതേ പൂവിനെ 100 mm ലെൻസിന്റെ f/4 ൽ എടുത്താലോ?‘
# DOF ൽ കുറവുണ്ടാകും. ഇതളുകളും മറ്റും അവ്യക്തമായിരിക്കും.
‘ആദ്യപോയിന്റിലെ ടേബിൾ നോക്കി ഉത്തരം പറയൂ. അതൊരു ചെമ്പരുത്തി പൂവാണെങ്കിൽ ഇതളും മുമ്പോട്ട് നീണ്ടു നിൽക്കുന്ന പരാഗതന്തുക്കളും ഒരു പോലെ ഫോക്കസിലാക്കുവാൻ 100 mm ൽ f/4 മതിയാവുമോ?‘
# ഇല്ല, f/8 വേണ്ടിവരും.. (സേയിം ഫോക്കൽ ദൂരമാണെങ്കിൽ; ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള)
താഴെയുള്ള രണ്ടു ചെമ്പരുത്തി ചിത്രങ്ങളിൽ ആദ്യത്തേത് 55 mm ലെൻസ് ഉപയോഗിച്ചും ‘രണ്ടാമത്തേത് 300 mm സൂം ലെൻസ് ഉപയോഗിച്ചും എടുത്തതാണ്. എന്തുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന്റെ DoF കുറവായി തോന്നുന്നത്?‘
# 300mm സൂമിൽ ഇമേജിന്റെ മാഗ്നിഫിക്കേഷൻ കൂടുന്നു. അതായത്, സൂം ചെയ്യുമ്പോൾ വസ്തുവിന്റെ ഇമേജ് മാഗ്നിഫിക്കേഷൻ കൂടുന്നു. സോ, DOF കുറയുന്നു.
ചെറിയ അപ്പർച്ചർ സുഷിരങ്ങൾ (വലിയ f number) മാത്രമേ ഷാർപ്പായ ചിത്രങ്ങൾ നൽകുകയുള്ളോ?
ഇല്ലാ, f/5.6 ലും അതായത് ചെറിയ എഫ് നമ്പെറിലും ഷാർപ്പായ ചിത്രങ്ങളെടുക്കാം..
തലതന്നെ ഒരു 'സര്‍കിള്‍ ഓഫ് കണ്‍ഫ്യൂഷന്‍' ആയല്ലൊ...!!
[ഗണിതവും ഞാനും ബദ്ധശത്രുക്കളാ.] വഴങ്ങുന്നില്ല...... :(
Dhanesh,
I will explain all theoretical parts of DoF in the next chapter. Then you will get an idea about Circle of Confusion.
വരേ വാ!!! ഇങ്ങനെയും ആളുകളുണ്ടോ!!?? തീര്‍ച്ചയായും വളരെ വളരെ നന്ദി. അതില്‍ കൂടുതല്‍ എന്തു പറയാനാണ്.!!!???
Sorry for posting in english ('manglish' becomes difficult for me to master)
One other things which was not mentioned in this article (or may be mentioned, I may have missed) is the sensor size (or the crop factor). Full frame cameras (like Canon 5D II, Nikon D700 etc.), where the sensor size is more big (or eaul to 35mm), the depth of field is less. Also the 4/3 and micro 4/3 cameras like Olympus, Panasonic (where the crop factor is 2x) whose sensor size is small and hence less DoF.
A lot of DoF calculations examples are based on the assumptions that you are using a regular 35mm camera. If you are using a crop camera (1.5 or 1.6 crop factors) you have to take into the consideration of the effective focal length.
Indeevaram,
Thanks for your comment. However, I would like to mention that the DOF Master calculator (online) which I used to create all the data for these tables considers the crop factor, circle of confusion etc for each camera model, and thus its sensor size and corresponding lenses. In general you are right, but I think for many readers, this article itself is a whole lot confusing that what I thought while writing it! Therefore, I don't want to include one more factor here.
Thanks for the information.
വിജ്ഞാനപ്രദം,വിശദമായി പഠിക്കാന്‍ കോപ്പി എടുത്തു.നന്ദി അപ്പു.
വിശദമായ വിവരങ്ങള്‍ക്ക് വളരെ നന്ദി....മുഴുവന്‍ പോസ്റ്റുകളും ഓരോന്നായി വായിച്ചിട്ട് ഞാന്‍ കൂടുതല്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വരും..;-)
hai nice and use full....
keep bloging....
and i am allso frm panadalam /thatta....
and wish u a happy frndship day
എല്ലാം മനസ്സിരുത്തി വിശദമായി വായിച്ചതാണ്. ക്ലാസ്സ് തീർന്നു കഴിഞ്ഞപ്പൊ മനസ്സിലായി ‘ഒന്നും കേറിയിട്ടില്ല തലയിൽ’.
ഇനി പിന്നെ വരാം.
ഇതിനു വേണ്ടി ചിലവഴിച്ച കഠിനാദ്ധ്വാനത്തിന്റെ മുൻപിൽ ഈയുള്ളവൻ തല കുനിക്കുന്നു.
അപ്പുച്ചേട്ടാ വളരെ നന്ദി ഇന്നാണ് പഠനം തിര്‍നത്
appuetta.. varanichiri vaiki.... enthayaalum pazhaya postukal muzhuvan ottayirippinu thanne vaayichu.. kidilan.... ini mudangaathe ella classum atttend cheytholaam.....
എന്താ അപ്പു മാഷേ... ഒരു വിവരവും ഇല്ലല്ലോ... ഞാന്‍ രണ്ടു നാളായി വിളിക്കുന്നു.28-300 ഒരെണ്ണം ഇന്നലെ വാങ്ങി...
രാവിലെ ഒൻപത് മണിക്കു റിപ്പോർട്ട് സബ്മിറ്റ് ചെയ്ത് അടുത്ത പാര (അംബട്ടൻ മാർ ഒരുപാടുള്ള ദുബായി ആണു നമ്മുടെ ജീവിത പോരാട്ട സ്ഥലം) വരുന്നതും കാത്ത് ഇരിക്കുമ്പൊഴാണു ഈ അന്വേഷണ കുതുകി ഈ കാഴചയിക്കിപ്പുറം എന്ന പേരുള്ള അപ്പുവിന്റെ വീട്ടിൽ എത്തിയത്. ഏതായാലും വന്നതല്ലേ ചിത്രമെടുക്കുവാൻ എനിക്കും ഇഷ്ടമുള്ളതല്ലേ എന്നാപിന്നെ ഒരു ചായ ആവാം എന്നൊക്കെകരുതി വീട്ടിൽ കയറിയതാണു.... ഇറങ്ങി പോകുമ്പൊൾ വല്ലതും കിട്ടാതിരിക്കില്ല എന്ന ഒരു ആശ്വാസവും വിശ്വാസവും ചെറുതായി ഉണ്ടായിരുന്നു.... (തന്നിലെങ്കിൽ അടിച്ചുമാറ്റം എന്ന കുഞ്ഞു അഹങ്കാരവും) അറിഞ്ഞതൊന്നുമല്ല പടമെടുപ്പു എന്നു മനസിലായപ്പൊ ഒറ്റ ഇരിപ്പിനു പാഠങ്ങൾ
13 എണ്ണം വായിച്ചു........
ബാക്കി ഭാഗങ്ങൾ വായിക്കുന്നതിനു മുൻപ് പഠിച്ചതൊക്കെ നമ്മുടെ ആൽഫാ കാമറയിൽ പരീക്ഷിച്ചു നോക്കിയിട്ടു മതി എന്നു കരുതി തൽക്കാലം നിർത്തി.
ഏതായാലും ഇത്ര കഷ്ടപ്പെട്ട് ഇത് ബ്ലോഗ്ഗിയ (അതും ഫ്രീ ആയി) ചേട്ടാ.... നന്ദി നന്ദി നന്ദി..........
പറ്റുമെങ്കിൽ .... അനുവാദമുണ്ടെങ്കിൽ ഞാനിത് മൊത്താത്തിൽ അടിച്ചു മാറ്റി പി ടി എഫ് ഫയൽ ആക്കും............
താങ്ക് യു മാഷേ..............
പാഠവുമായി ബന്ധമില്ലാത്ത ഒരു സംശയമാണ് canon ixus 95is camara ആണ് കയ്യിലുൾലത് അതിൽ എടുക്കുന്ന സ്നാപ്പുകൾ ചിലപ്പോൾ 150/300kb യെ കാണൂ ചിലപ്പോൾ 1/3 gb ഉണ്ടാവും ഇതിനു കാരണം എന്താണ്.iso എന്ന അഡ്ജസ്റ്റ് മെന്റ് കാണാം അതും മനസ്സിലായില്ല .80, 100,200, എന്നിങ്ങനെ വ്യത്സത അളവുകളും കാണാം
ബിജേഷ്,
ക്യാമറയിൽ സേവ് ചെയ്യുന്ന ഫയൽ സൈസ്, പിക്ചർ ക്വാളിറ്റിയും, റെസലൂഷനും അനുസരിച്ചാണു മാറുന്നത്. ബിജേഷിന്റെ ക്യാമറ മെനുവിൽ നോക്കൂ. ക്വാളിറ്റിക്ക് normal, fine, superfine, എന്നിങ്ങനെയോ low, standard, high എന്നിങ്ങനെയോ ആയിരിക്കും വ്യത്യസ്ത സെറ്റിംഗുകൾ ഉണ്ടാവുക. ഇതിലെ സൂപർഫൈനും, ഹൈയും, നല്ല സൈസുള്ള ഇമേജുകൾ തരും. റെസലൂഷൻ എന്നത് എടുക്കുന്ന ചിത്രത്തിന്റെ വിഡ്ത്, ഹൈറ്റ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ സെറ്റിംഗുകളും ക്യാമറയിൽ ഉണ്ടാവും. കുറഞ്ഞവീതിയും നീളവുമുള്ള ചിത്രങ്ങൾ കുറഞ്ഞ ഫയൽ സൈസും വലിയവ വലിയ ഫയൽ സൈസും ആയിരിക്കും.
ടക് ടക് ടക്..
മാഷെവിടെ മാഷെവിടെ ?
മാഷ് നീണ്ട നിശബ്ദത എന്നാണാവോ ഭഞ്ജിക്കുക! വേഗാട്ടെ മാഷേ, അടുത്ത പാഠമെടുക്കൂ... അത് ഹിസ്റ്റോഗ്രാമിനെപ്പറ്റിയാണെങ്കിൽ നന്നായിരുന്നു!
ഒരു ബേസിക് സംശയം, SLR ഉം പോയിന്റ് ആന്റ് ഷൂട്ടും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം SLR ഇൽ what you see is what the camera sees എന്നതാണെന്നാണ് ഞാൻ ധരിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ, ഐ എൻഡ് പോട്ടെ ഇപ്പൊളത്തെ സാധാരണ ഡിജിറ്റൽ ക്യാമെറകൾ പോലും മേൽപ്പറഞ്ഞ തത്വത്തിനനുസരിച്ചല്ലേ വ്യൂ ഫൈൻഡറിൽ പടം കാണിക്കുന്നത്? അതായത് നമ്മൾ കമ്പോസ് ചെയ്യുമ്പോൾ കാണുന്നത് ശരിയായ എൻഡ് റിസൾട്ട്-ഫോട്ടോ തന്നെയല്ലേ? പിന്നെങ്ങനെയാണ് എസ് എൽ ആറിന്റെ ആ നിർവചനം ശരിയാകുക?
[അതോ ആധുനിക എസ് എൽ ആറും പോയിന്റ് ആൻഡ് ഷൂട്ടും തമ്മിൽ സെൻസർ സൈസും ഉപയോഗിക്കാവുന്ന ലെൻസുകളും അല്ലാതെ കാര്യമായ വ്യത്യാസമൊന്നുമില്ലേ?]
രഘൂ :-)
നിശബ്ദത താമസിയാതെ ഭഞ്ജിക്കുന്നതായിരിക്കും എന്നറിയിക്കട്ടെ.
"what you see is what camera see" എന്നു പറയുമ്പോൾ വെറും ഫ്രെയിം കമ്പോസിംഗ് മാത്രം ഉദ്ദേശിക്കരുത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലെ ലൈവ് പ്രിവ്യൂ വിനു ആവശ്യമായ സിഗ്നലുകൾ ക്യാമറയുടെ യഥാർത്ഥ സെൻസറിൽ നിന്നാണെങ്കിലും അല്ലെങ്കിലും അതൊരു വീഡിയോ ചിത്രമാണെന്ന് അറിയാമല്ലോ. അതിലേക്ക് ക്യാമറ ചില്ലറ പരിഷ്കാരങ്ങൾ നടത്തിയാണ് നമ്മളെ കാണിക്കുന്നത്. പക്ഷേ നമ്മൾ ആ രംഗം “ക്ലിക്ക്” ചെയ്തുകഴിയുമ്പോൾ ലഭിക്കുന്ന റിസൽട്ട് (അതിലെ പ്രകാശവിന്യാസങ്ങൾ എക്സ്പോഷർ തുടങ്ങിയകാര്യങ്ങൾ) എപ്പോഴും ലൈവ് വ്യൂവിൽ കാണൂന്നതുപോലെയാണൊ ലഭിക്കുക? പ്രത്യേകിച്ചും ഇരുട്ടുപ്പോൾ എടുക്കുന്ന ചിത്രങ്ങൾ, ഫ്ലാഷ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ? അല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും എസ്.എൽ.ആറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതിന്റെ shutter lag ൽ ഉള്ള താമസമാണ്. എസ്.എൽ.ആർ ഉപയോഗിച്ച് എത്ര ഫാസ്റ്റായി ഓടുന്ന രംഗവും നമ്മൾ ഉദ്ദേശിക്കുന്ന സെക്കന്റിൽ ക്ലിക്ക് ചെയ്യാൻ പറ്റും. പോയിന്റ് ആന്റ് ഷൂട്ടിൽ ഇതാണോ സ്ഥിതി? ഷട്ടർ ബട്ടൺ പ്രസ് ചെയ്ത് കഴിഞ്ഞ് ലൈവ് വ്യൂ ക്യാമറ ഫ്രീസ് ചെയ്ത്, അതിന്റെ പ്രോസസറീനെ അത് അറിയിച്ച്, പ്രോസസർ ചിത്രം പകർത്തി അത് മെമ്മറിയിലാക്കുമ്പോഴേക്കും ഒരു സമയമെടുക്കും. ഇതാണ് ലാഗ്. ഫലമോ? ഓടുന്നപട്ടിയുടെ ഒരുമുഴം മുമ്പേഎന്ന മട്ടിൽ കാര്യങ്ങൾ ചെയ്യണം.
പക്ഷേ നിശ്ചല രംഗങ്ങളെ സംബന്ധിച്ചിടത്തോളം ആധുനിക പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളും എസ്.എൽ.ആറുകളും ഏകദേശം നല്ല താരതമ്യപ്പെടുത്താവുന്ന റിസൽട്ടുകൾ പകൽ വെളിച്ചത്തിൽ നൽകാറുണ്ട്. പക്ഷേ ഒരു വ്യത്യാസമുണ്ട്, സാധാരണ കമ്പ്യൂട്ടർ സ്ക്രീൻ സൈസിൽ രണ്ടും ഒരുപോലെ കാണുമെങ്കിലും ചിത്രത്തിന്റെ ഫുൾ സൈസിൽ കണ്ടുനോക്കൂ. അപ്പോഴറിയാം സെൻസർ സൈസും പിക്സൽ വിഡ്തും തരുന്ന റിസൽട്ട് വ്യത്യാസങ്ങൾ.
ഞാൻ എസ്.എൽ.ആർ പോയിന്റ് ആന്റ് ഷൂട്ട് താരതമ്യവുമായി ഒരു ചാപ്റ്റർ എഴുതാൻ ഇരിക്കുകയാണ്. ധാരാളം പേർ ഒരു ക്യാമറവാങ്ങുമ്പോൾ ഏതാണു നല്ലത് എന്നു ചൊദിച്ച് എഴുതാറുണ്ട്. അവരെ സഹായിക്കാനായാണ്.
ഹിസ്റ്റോഗ്രാം ചാപ്റ്റർ താമസിയാതെ എഴുതാം.
appuettaaaaaaaaaaaaaaaa.....
adutha postinaay kaathirikkunnee..eee..eeee..eeeeeee
enda silence.?
maashu leave aano?
അപ്പു...ദേ ഇപ്പൊ വന്നതേ ഉള്ളു ഇവിടെ...ഫോട്ടോ പിടിത്തം ഇഷ്ടമുള്ളതുകൊണ്ട് ആദ്യം ലിങ്ക് ബുക്ക്‌മാര്‍ക്ക് ചെയ്തു...രണ്ടാമതായി....ഈ കമന്റ്....വളരെ പ്രയോജനകരമായ ബ്ലോഗ് ആണ് ഇത്.....സോറി...ഒരു ഓണ്‍ലൈന്‍ ബുക്ക് ഓഫ് ഫോട്ടോഗ്രാഫി ആണ് ഇത്...ഇനി ഇത് വായിച്ചു തീര്‍ക്കാതെ ഒരു മനസമാധാനം എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല...അപ്പം ഞാന്‍ അങ്ങോട്ട്......പഠിത്തം തുടങ്ങുന്നു
അപ്വേട്ടാ ഒരു സംശയം.
ഈ പോസ്റ്റ് ഞാന്‍ പഠിച്ചുകഴിഞ്ഞു എന്നു വിചാരിച്ചിരുന്നതാണ്. ഡെപ്ത് ഓഫ് ഫീല്‍ഡ് 2 വായിക്കാനുള്ള മുന്നൊരുക്കത്തിനായി ഇത് ഒന്നുകൂടി വായിച്ചപ്പോളാണ് മന്‍സിലായത് എടുക്കും തോറും കൂടുതല്‍ വിവരം തരുന്ന ഒരു അക്ഷയപാത്രമാണീ പോസ്റ്റ് എന്ന്!
എന്റെ സംശയം ഹൈപ്പര്‍ ഫോക്കല്‍ ഡിസ്റ്റന്‍സ് എന്ന തലക്കെട്ടിന്റെ അവിടെയാണ്... ഫോക്കല്‍ ലെങ്ഗ്തും ഹൈപ്പര്‍ ഫോക്കല്‍ ഡിസ്റ്റന്‍സും തമ്മിലുള്ള ബന്ധം പറയുന്നിടത്ത്.
ഫോക്കല്‍ ലെങ്ഗ്ത് കൂടുംതോറും ഹൈപ്പര്‍ഫോക്കല്‍ ഡിസ്റ്റന്‍സും ലെന്‍സില്‍ നിന്നും വളരെ ദൂരം മുന്നോട്ട് നീങ്ങും എന്നു പറഞ്ഞു. അതുകൊണ്ട് തന്നെ ഫോക്കല്‍ ലെങ്ഗ്ത് കുറഞ്ഞ വൈഡ് ആങ്ഗിള്‍ ലെന്‍സുകളിലാണ് ഈ സംഭവം അധികം ഉപയോഗം വരുന്നതെന്നു പറഞ്ഞതും മനസിലായി.
പക്ഷെ തന്നിരിക്കുന്ന ടേബിള്‍ പ്രകാരം
200mm@f/5.6ന്റെ ഹൈ ഫോ ഡി=2784 അടി
300mm@f/5.6ന്റെ ഹൈ ഫോ ഡി=1222 അടി
ഇത് പ്രകാരം ഫോക്കല്‍ ലെങ്ഗ്ത് കൂടി 300 ആയപ്പോള്‍ ഹൈ ഫോ ഡി കുറയുകയല്ലേ ചെയ്തത്?
ടേബിളിലെ വിവരങ്ങള്‍ പറഞ്ഞ തത്വത്തിന് വിരുദ്ധമല്ലേ??
വിവരണം പ്രകാരം ഫോക്കല്‍ ലെങ്ഗ്ത് ഡയറക്റ്റ്ലി ആനുപാതികം ടു ഹൈ ഫോ ഡി. പക്ഷെ ടേബിള്‍ അങ്ങനല്ലല്ലോ പറയുന്നത്. (ടേബിള്‍ പ്രകാരം ഫോക്കല്‍ ലെങ്ഗ്ത് ഇന്‍വേഴ്സ്‌ലി ആനുപാതികം ടു ഹൈ ഫോ ഡി)
ഉയര്‍ന്ന ഫോക്കല്‍ ലെങ്ഗ്തിന് വരുന്ന ഹൈ ഫോ ഡി യുടെ മൂല്യം വളരെ ഉയര്‍ന്നതാണെന്ന് പറയാനും അപ്പെര്‍ചര്‍ അതില്‍ വരുത്തുന്ന സ്വാധീനം കാണിക്കാനും മാത്രമാണോ ആ ടേബിള്‍?
അങ്ങനെയാണെങ്കില്‍ രണ്ട് ഫോക്കല്‍ ലെങ്ഗ്ത് എടുക്കില്ലായിരുന്നില്ലല്ലോ...
അതോ ഞാന്‍ മനസിലാക്കിയതില്‍ എവടെയെങ്കിലും മാരകമായ തെറ്റിധാരണ കടന്നുകൂടിയോ?
രഘുവിന്റെ കമന്റ് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം ആരും ഇത്രയും ശ്രദ്ധയോടെ ഈ അദ്ധ്യായം വായിച്ചുട്ടുണ്ടാവും എന്ന് തോന്നുന്നില്ല :-)
രഘുവിന് confusion ഉണ്ടാകാനുള്ള ഒരു കാരണം എന്റെ wording തന്നെയാണ് എന്നത് സമ്മതിക്കാതെ തരമില്ല. സോറി കേട്ടോ. ഹൈപ്പര്‍ ഫോക്കല്‍ ഡിസ്റ്റന്‍സ് എന്നത് ക്യാമറയുടെ മുമ്പില്‍ ഒരു പ്രത്യേക ദൂരത്തിലുള്ള പോയിന്റ് ആണെന്ന് മനസ്സിലായല്ലോ അല്ലേ? ആ പോയിന്റില്‍ ഫോക്കസ് ചെയ്‌താല്‍ DOF നു അനന്തത വരെ വലിപ്പം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ഒരു ലെന്‍സിന്റെ മുമ്പില്‍ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ദൂരം ഒരു വൈഡ് ആംഗിള്‍ ലെന്‍സിന് വളരെ അടുത്തും, ഒരു സും ലെന്‍സിന് വളരെ അകലെയും ആയിരിക്കും, at any given focal length and given aperture.
ഇതാണ് ഈ പാരഗ്രാഫില്‍ പറയാന്‍ ഞാന്‍ ശ്രമിച്ച കാര്യം.
For example,
50mm lense set at f/5.6 aperture, hyper focal distance is 75 feet away from the lense.
The same lense when set at f/16aperture, can be focused at just 13.8 feet away from lense and get everything in front of the camera within sharp focus.
അതെ സമയം ഒരു 200mm ലെന്‍സോ 300 mm ലെന്‍സോ 75 അടി പോയിട്ട് 750 അടി അകലെ ഫോക്കസ് ചെയ്‌താല്‍ പോലും ഇങ്ങനെ "എല്ലാം ഫോക്കസില്‍" എന്നൊരു ഇഫക്റ്റ് കിട്ടുകയില്ല.
അതുകൊണ്ടാണ് വൈഡ് ആംഗിള്‍ ലെന്‍സുകള്‍ക്കാനു ഈ സംഭവം കൊണ്ട് പ്രയോജനം എന്ന് പറയുന്നത്.
തെറ്റിധാരണ ഉണ്ടാക്കിയ വരി ഞാന്‍ തിരുത്തുന്നു. സംശയം ഉണ്ടെങ്കില്‍ വീണ്ടും ചോദിക്കാം.
അപ്വേട്ടാ, ആദ്യം തന്നെ ചൂടന്‍ മറുപടിയ്ക്ക് നന്ദി!!! :)
അപ്പോ ഞാന്‍ സംശയിച്ചപോലെ സൂം ലെന്‍സില്‍ ഹൈ ഫോ ഡി വൈഡിന്
ആപേക്ഷികമായി എത്ര അകലെയാണെന്ന് കാണിക്കാനാണ് ആ ടേബിള്‍. ഓകെ...
എനിക്കീ സംശയം വന്നതിന് പ്രധാന കാരണം 50mm f/5.6 ഉം
200mm&300mm f/5.6 ഉം ഉദാഹരണങ്ങള്‍ ഒരേ ലെന്‍സില്‍ നിന്നു തന്നെ ലഭിച്ചതാണെന്ന അനുമാനമാണെന്ന് തോന്നുന്നു.
അങ്ങനെയല്ലല്ലോ?
50mm ഒരു വൈഡ് ആങ്ഗിള്‍ ലെന്‍സില്‍ നിന്നും 200mm/500mm മറ്റൊരു സൂം ലെന്‍സില്‍നിന്നും അല്ലേ? ഇപ്പോള്‍ മറ്റൊരു സശയം, ഒരു ലെന്‍സിനെ വൈഡ് അല്ലെങ്കില്‍ സൂം എന്നു വിളിയ്ക്കുന്നത് ഫോക്കല്‍ ലെങ്ഗ്ത് മാത്രം നോക്കിയിട്ടല്ലല്ലേ?
ഇപ്പോളും എന്റെ അടിസ്ഥാനപരമായ സംശയം കുറച്ചു ബാക്കിയാണ്.
അപ്പെര്‍ചര്‍ സൈസ് കുറച്ചപ്പോള്‍ ഹൈ ഫോ ഡി കുറയുന്നുണ്ട്, 200mm ലും 300mm ലും: സമ്മതിച്ചു.
പക്ഷെ 200നെ അപേക്ഷിച്ച് 300ന്റെ ഹൈ ഫോ ഡി കൂടുതല്‍ അകലത്താകുകയല്ലേ വേണ്ടിയിരുന്നത്. പക്ഷെ അത് അടുത്ത് വരുകയാണല്ലോ ചെയ്തത്.
വൈഡിന്റെയും സൂമിന്റെയും കാര്യത്തില്‍ അതാണല്ലോ നമ്മള്‍ കണ്ടത്...
50mm ല്‍ ഏതാണ്ട് 75അടിയായിരുന്ന ഹൈ ഫോ ഡി, 200mm ആയപ്പോള്‍ അത് 750 ആയാല്‍ പോലും നോ രക്ഷ!
ഇവിടെ കണ്ട ഫോക്കല്‍ ലെങ്ഗ്തും ഹൈ ഫോ ഡി യുമായുള്ള നേരനുപാതം 200mm ഉം 300mmഉം തമ്മിലില്ലാത്തതെന്താണെന്നാണ്
എന്റെ സംശയം. 300ഇല്‍ 200നെയപേക്ഷിച്ച് കൂടേണ്ടിയിരുന്ന ഹൈ ഫോ ഡി കുറഞ്ഞതെങ്ങനെ! ക്ഷമയ്ക്ക് നന്ദി!! :)
രഘുവിന്റെ സംശയം ന്യായമാണല്ലോ എന്ന് തോന്നിയതിനാല്‍ ഞാന്‍ വീണ്ടും നമ്മുടെ DOF Calculator എടുത്തു. ആ ടേബിളില്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിച്ചു. അപ്പോഴല്ലേ ഞെട്ടിയത്!! ഇങ്ങനെ ഒരു ടൈപ്പിംഗ് എറര്‍ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഒപ്പം ഇത് കണ്ടുപിടിക്കാന്‍ സഹായിച്ചതിന് രഘുവിന് നന്ദിയും അറിയിക്കട്ടെ. ശരിയായ നമ്പരുകള്‍ ഇപ്പോള്‍ ടേബിളില്‍ കാണാം. ആദ്യം പറഞ്ഞ പ്രസ്ഥാവന ഇപ്പോഴും ശരിതന്നെ. ഫോക്കല്‍ ഡിസ്ടന്‍സ് കൂടും തോറും, ലെന്‍സില്‍ നിന്ന് ഏറ്റവും അടുത്ത് ഫോക്കസ് ചെയ്ത്, പരമാവധി DOF കിട്ടാവുന്ന പോയിന്ടിലെക്കുള്ള അകലം കൂടി കൂടി വരും.
ഇപ്പോ എല്ലാ പ്രശ്നങ്ങളും മാറി അപ്വേട്ടോ!
വളരെ നന്ദി :)
ഇത്ര നല്ല ഒരു മാഷിനെക്കിട്ടിയതില്‍ അഭിമാനം തോന്നുന്നു!
അപ്വേട്ടാ, സെന്‍സര്‍ സൈസിന് ഡെപ്ത് ഓഫ് ഫീല്‍ഡുമായി ബന്ധമില്ലേ???
താങ്ക്സ് അപ്പു,
ഈ പോസ്റ്റ് ഇട്ട അവസരം (ക്യാമറ ഇല്ലായിരുന്നപ്പോള്‍) ആദ്യ പാരഗ്രാഫ് വായിച് ഇട്ടു പോയതായിരുന്നു, ഒന്നും മനസ്സിലാവാത്തത് കാരണം... :)
ഇന്ന്‍ നോക്കിയപ്പോള്‍ കുറെ കാര്യങ്ങള്‍ മനസ്സിലായി... താങ്ക്സ് :)
മുസ്റ്റഫ, ഇക്കാര്യം അന്നേ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ നേരിട്ട് വിശദമായി പറഞ്ഞുതന്നേനേമല്ലോ.. :-) ഇപ്പോഴെങ്കിലും മനസ്സിലായി എന്നറിഞ്ഞതിൽ സന്തോഷം.
ഒരു രക്ഷയുമില്ലട്ടാ :( കടിച്ചിട്ട് പൊട്ടുന്നില്ല. എന്നാലും വിടില്ല ഞാൻ. ഇത് പച്ചവെള്ളം പോലെ പഠിച്ചിട്ടേയുള്ളൂ ബാക്കി കാര്യം :)
ഒരു രക്ഷയുമില്ലട്ടാ :( കടിച്ചിട്ട് പൊട്ടുന്നില്ല. എന്നാലും വിടില്ല ഞാൻ. ഇത് പച്ചവെള്ളം പോലെ പഠിച്ചിട്ടേയുള്ളൂ ബാക്കി കാര്യം :)
ഞാൻ കുറഞ്ഞത് ഒരു അഞ്ചു photography classes എങ്കിലും attend ചെയ്തിട്ടുണ്ട് . പക്ഷെ ഇത്രയും നല്ല ഒരു വിവരണം കിട്ടിയിട്ടില്ല . വളരെ നല്ല ഒരു tutorial ....
എനിക്ക് ഒന്ന് കൂടെ ഈ hyperfocal distance കണ്ടുപിക്കാനുള്ള technique വിഷദികരിക്കമൊ ? ഫ്രെമിന്റെ മൂന്നിലൊന്നു ഭാഗം എന്ന് പറഞ്ഞ ഭാഗം . ഒപ്പം ഉള്ളില്ലേക്ക് മാറാൻ പറഞ്ഞതും. ഒരു picture സഹിതം ആയെങ്ങിൽ മനസ്സിലാക്കാൻ എളുപ്പമായേനെ ....
ഞാൻ കുറഞ്ഞത് ഒരു അഞ്ചു photography classes എങ്കിലും attend ചെയ്തിട്ടുണ്ട് . പക്ഷെ ഇത്രയും നല്ല ഒരു വിവരണം കിട്ടിയിട്ടില്ല . വളരെ നല്ല ഒരു tutorial ....
എനിക്ക് ഒന്ന് കൂടെ ഈ hyperfocal distance കണ്ടുപിക്കാനുള്ള technique വിഷദികരിക്കമൊ ? ഫ്രെമിന്റെ മൂന്നിലൊന്നു ഭാഗം എന്ന് പറഞ്ഞ ഭാഗം . ഒപ്പം ഉള്ളില്ലേക്ക് മാറാൻ പറഞ്ഞതും. ഒരു picture സഹിതം ആയെങ്ങിൽ മനസ്സിലാക്കാൻ എളുപ്പമായേനെ ....
Ehtrayum nannayi parayunnathinu thanks. Njan ethidhu bookmark cheythu mellae mellae vayikam. Thanks again
Dear appu why dont you discribe aboubt rule of third ?
Dear Sir,
Can u please explain the diff. between bridge camera and DSLR? I have 1 Canon power shot SX50 HS. ആയുധം കൈയിൽ ഉണ്ടെങ്കിലും ഉപയോഗിക്കാൻ അറിയാത്തതു കൊണ്ട് തട്ടിൻ മുകളിൽ പൊടി പിടിച്ചു ഇരിക്കുവായിരുന്നു.അതുകൊണ്ടു ബ്രിഡ്ജ് ക്യാമറയെ കൂടെ ഇതിൽ കൂടെ ഒന്ന് പരിചയപ്പെടുത്തിയാൽ വളരെ ഉപകാരം ആയിരുന്നു.
Post a Comment