ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, November 29, 2007

പാഠം 1 : ക്യാ - ക്യാമറ

വര്‍ണ്ണക്കാഴ്ചകളുടെ ലോകം!

പലവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍, ഇളംപുല്ലിന്റെ പച്ചപ്പ്‌, കിളികളുടെയും പൂമ്പാറ്റകളുടെയും നിറപ്പകിട്ടുകള്‍, ആകാശത്തിന്റെ നീലനിറം, മഴവില്ലിന്റെ വര്‍ണ്ണശബളിമ, ഉദയാസ്തമയങ്ങളുടെ വര്‍ണ്ണവിന്യാസങ്ങള്‍ ഇങ്ങനെ നമുക്കു ചുറ്റുമുള്ള നിറങ്ങളെപ്പറ്റി എഴുതാന്‍ തുടങ്ങിയാല്‍ അതിനൊരവസാനം ഉണ്ടാവില്ല; അത്രയ്ക്കുവര്‍ണ്ണശബളമാണു നമ്മുടെ പ്രപഞ്ചം. അതുപോലെ നാം ജീവിക്കുന്ന ചുറ്റുപാട്‌, നമ്മുടെ സമൂഹം, വീട്‌, കുടുംബം അതെല്ലാം അതേ നിറപ്പകിട്ടോടെ, അതും ത്രിമാനരൂപത്തില്‍, നമുക്ക്‌ അനുഭവേദ്യമാകുവാന്‍ സ്രഷ്ടാവുനല്‍കിയിരിക്കുന്ന രണ്ടു കണ്ണുകള്‍. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതേതെന്നു ചോദിച്ചാല്‍ - ഞാന്‍ പറയും കാണാനുള്ള കഴിവാണെന്ന്, ശരിയല്ലേ?

പക്ഷേ ഈ കാഴ്ചകളോരോന്നും കാലവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നിമിഷം കഴിയുമ്പോഴും നാം കണ്ടകാഴ്ചകളൊക്കെയും പുറകോട്ടുപോവുകയാണ്‌. പലതും നശിക്കുകയും ചെയ്യുന്നു.ഇങ്ങനെ മുന്നോട്ടു അതിവേഗം കുതിക്കുന്ന കാലചക്രത്തിന്റെ പിടിയില്‍നിന്നും ചില മുഹൂര്‍ത്തങ്ങളെയെങ്കിലും "പിടിച്ചെടുത്ത്‌" എന്നത്തേക്കുമായി സൂക്ഷിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം പുരാതനകാലം മുതല്‍ക്കുതന്നെ മനുഷ്യരുടെ ഉള്ളില്‍ ഉണ്ടായിരുന്നതാണ്‌. ആദ്യമൊക്കെ അവന്‍ വരകളിലൂടെ കാഴ്ചകളുടെലോകത്തെ പ്രതലങ്ങളില്‍ കോറിയിട്ടു, പിന്നീട്‌ ചിത്രകല വളര്‍ന്നുവന്നു. പക്ഷേ അതിലൊക്കെയും സാരമായി പ്രതിഫലിച്ചിരുന്നത്‌ ആ കലാകാരന്റെ മനസ്സിലെ കാഴ്ചകളായിരുന്നു. അതില്‍നിന്നും വ്യത്യസ്തമായി, കാണുന്നകാഴ്ചകളെ അതുപോലെ പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ്‌ ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യന്‍ കരഗതമാക്കിയത്‌. സമയത്തെ അല്ലെങ്കില്‍ കാലത്തിന്റെ ഓട്ടത്തെ ഒരു ഫ്രെയിമിലാക്കി "ഫ്രീസ് ചെയ്ത്‌" സൂക്ഷിക്കുന്ന വിദ്യ!


1839 ല്‍ സര്‍ ജോണ്‍ ഹെര്‍സെല്‍ (Sir John Herschel) ആണ്‌ ഫോട്ടോഗ്രാഫി എന്ന പദം ആദ്യമായി മുന്നോട്ടുവച്ചത്. രണ്ടു ഗ്രീക്ക്‌ വാക്കുകളില്‍ നിന്നാണ്‌ ഫോട്ടോഗ്രാഫി എന്ന വാക്ക്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഫോട്ടോസ്‌ എന്നാല്‍ പ്രകാശം എന്നും ഗ്രാഫീന്‍ എന്നാല്‍ വരയ്ക്കുക അല്ലെങ്കില്‍ എഴുതുക എന്നുമാണ്‌ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ പ്രകാശത്തെവരയ്ക്കുന്ന അല്ലെങ്കില്‍ റിക്കോര്‍ഡുചെയ്തുവയ്ക്കുന്ന സാങ്കേതിക വിദ്യയാണ്‌ ഫോട്ടോഗ്രാഫി.


ക്യാമറ ഒബ്‌സ്ക്യുറ (camera obscura) എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്‌ ക്യാമറ എന്ന പേരുണ്ടായത്‌. ഈ വാക്കിന്റെ അര്‍ത്ഥം ഇരുട്ടുമുറി എന്നാണ്‌. അക്കാലത്ത്, ഒരു ഇരുട്ടുമുറിയുടെ ഒരു ഭിത്തിയിലുള്ള സൂക്ഷദ്വാരത്തില്‍ക്കൂടി കടന്നുവരുന്ന പ്രകാശരശ്മികള്‍ ദ്വാരത്തിനു മുമ്പിലുള്ള വസ്തുക്കളുടെ (മരങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും) പ്രതിബിംബം മുറിയിലെ എതിര്‍വശത്തുള്ള ഭിത്തിയില്‍ രൂപ്പപ്പെടുത്തും (ഒരു ലെന്‍സ് സുഷിരത്തിലുറപ്പിച്ചാല്‍ കൂടുതല്‍ വ്യക്തമായ പ്രതിബിംബം ലഭിക്കും) എന്നു കണ്ടുപിടിച്ചിരുന്നു. ഇങ്ങനെയുണ്ടാകുന്ന പ്രതിബിംബത്തെ ചിത്രകാരന്മാര്‍ ക്യാന്‍‌വാസിലേക്ക് ചായങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് പില്‍ക്കാലത്ത് ക്യാമറയുടെ നിര്‍മ്മാണത്തിലേക്ക് എത്തിച്ച മൂലരൂപം. 1888 ല്‍ ജോര്‍ജ്ജ്‌ ഈസ്റ്റ്‌മാന്‍ (George Eastman) ആണ്‌ നാം ഇന്നുകാണുന്ന രീതിയിലുള്ള റോള്‍ഫിലിം ക്യാമറയുടെ ആദിമരൂപം ഉണ്ടാക്കുന്നത്‌. എന്നാല്‍ ക്യാമറയുടെ പിന്നിലുള്ള അന്വേഷണം അതിനും എത്രയോമുമ്പുതന്നെ തുടങ്ങിയിരുന്നു! അതേപ്പറ്റി കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെ നോക്കാവുന്നതാണ്‌.

ഒരു വസ്തുവിനെ കാണുന്നതിന്‌ പ്രകാശംവേണം എന്ന് നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. ഒരു വസ്തുവില്‍നിന്നും പുറപ്പെടുന്ന പ്രകാശ കിരണങ്ങള്‍ - അത്‌ അതില്‍നിന്നു പുറപ്പെടുന്നതായാലും (ഉദാ: സൂര്യന്‍, തീയ്‌) അതല്ല അതില്‍നിന്നു പ്രതിഫലിക്കുന്നതായാലും (ഉദാ: പകല്‍ വെളിച്ചത്തില്‍ നാം കാണുന്ന കാഴ്ചകള്‍) നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോഴാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. കണ്ണിലെ റെറ്റിനയിലെ കോശങ്ങളില്‍ പതിക്കുന്ന പ്രകാശകിരണങ്ങളെ തലച്ചോര്‍ എന്ന സൂപ്പര്‍കമ്പ്യൂട്ടര്‍ നിമിഷാര്‍ദ്ധത്തില്‍ പ്രോസസ് ചെയ്ത്‌ നാംകാണുന്നതെന്ത്‌ എന്ന് നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഇതേ പ്രക്രിയ പുനഃ‍സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ഫോട്ടോ എടുക്കാം എന്നതായിരുന്നു ഇന്നുനാംകാ‍ണുന്ന രീതീയിലുള്ള ക്യാമറയുടെ കണ്ടുപിടുത്തത്തിനു പിന്നിലെ പ്രചോദനം. (പ്രവര്‍ത്തനതത്വം ഏകദേശം ഒന്നുതന്നെയെങ്കിലും പ്രവര്‍ത്തനമികവില്‍ കണ്ണ്‌ അനുവര്‍ത്തിക്കുന്ന രീതിയുടെ ഏഴയലത്തുപോയിട്ട്‌, ലക്ഷത്തില്‍-അയലത്തുപോലും ഇന്നത്തെ ഫോട്ടോഗ്രാഫി ടെക്നോളജി എത്തിയിട്ടില്ല എന്നതു മറ്റൊരുകാര്യം!).


ഒരു ക്യാമറയുടെ പ്രവര്‍ത്തനവും ഏറെക്കുറെ ഇങ്ങനെതന്നെ. ഫോട്ടോയാക്കിമാറ്റാന്‍ നാം ഉദ്ദേശിക്കുന്ന വസ്തുവില്‍നിന്നും അല്ലെങ്കില്‍ രംഗത്തുനിന്നും വരുന്ന പ്രകാശകിരണങ്ങളെ ഒരു ലെന്‍സില്‍കൂടി കടത്തിവിട്ട് അതിന്റെ ഒരു ദ്വിമാന പ്രതിബിംബം സൃഷ്ടിക്കുകയും, ആ പ്രതിബിംബത്തെ അതേപടി ഒരു ഫിലിമിലോ, ഡിജിറ്റല്‍ സെന്‍സറിലോ പതിപ്പിച്ച് ആ രംഗം പുനഃസൃഷ്ടിക്കുകയാണ് ഒരു ക്യാമറചെയ്യുന്നത്. പ്രവര്‍ത്തനതത്വം ഇത്ര നിസ്സാരമെങ്കിലും ഒരു നല്ല ഫോട്ടോയ്കൂപിന്നില്‍ അനേകം കാര്യങ്ങള്‍ ഒരു (ഡിജിറ്റല്‍) ക്യാമറചെയ്യുന്നുണ്ട്, നമ്മള്‍ ക്യാമറയുടെ ക്ലിക്ക് ശബ്ദം കേള്‍ക്കുന്ന അത്രയും സമയത്തിനുള്ളിത്തന്നെ! ഫിലിം ക്യാമറകളുടെ രീതികളും സമാ‍നമാണ്, ഡിജിറ്റല്‍ ക്യാമറയോളം സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ തത്സമയം നടക്കുന്നില്ലെങ്കില്‍ക്കൂടി.


നല്ലൊരു ഡ്രൈവറാകാന്‍ കാറിന്റെ മെക്കാനിസം അറിയണമെന്നില്ല. എന്നാല്‍ നല്ല ഒരു ഫോട്ടോഗ്രാഫറാകാന്‍ ക്യാമറയുടെ അടിസ്ഥാന പ്രവര്‍ത്തനരീതികള്‍ മനസ്സിലാക്കിയിരിക്കുന്നതു നന്നായിരിക്കും - പ്രത്യേകിച്ചും നിങ്ങള്‍ ഒരു SLR ക്യാമറയോ, കോം‌പാക്റ്റ് മോഡലുകളിലെ സെമി-മാനുവല്‍ മോഡുകളോ ഉപയോഗിച്ച് അല്‍പ്പം ക്രിയേറ്റീവ് ആകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍.

ക്യാമറയുടെ അടിസ്ഥാന പ്രവര്‍ത്തനതത്വം അടുത്തറിയണം എന്നാഗ്രഹമുള്ളവര്‍ക്കായി പാഠം 9 ല്‍ ഒരു ക്യാമറ മാനുവലായി പ്രവര്‍ത്തിപ്പിച്ച് ഫോട്ടോയെടുക്കുന്നത് ചിത്രങ്ങള്‍ സഹിതം വിവരിച്ചിട്ടുണ്ട്.


അതിനാല്‍ ഫോട്ടോഗ്രാഫിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനു മുമ്പായി ക്യാമറയെ ഒന്നടുത്തറിയാം. നിങ്ങളില്‍ പലര്‍ക്കും ഇതില്‍ ചിലതൊക്കെ അറിയാമായിരിക്കാം; എങ്കിലും അറിയാന്‍ പാടില്ലാത്തവര്‍ക്കു വേണ്ടി എന്താണ്‌ ക്യാമറ, അതിന്റെ പ്രവര്‍ത്തനതത്വം എങ്ങനെ, ഡിജിറ്റല്‍ ക്യാമറയും ഫിലിം ക്യാമറയും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം, എന്താണ് SLR ക്യാമറ, ക്യാമറയുമായി ബന്ധപ്പെട്ടുകേള്‍ക്കുന്ന പല സാങ്കേതിക പദങ്ങളുടെയും - മെഗാപിക്സല്‍, റെസൊലൂഷന്‍, ISO, വൈറ്റ്ബാലന്‍സ് തുടങ്ങിയവ - അര്‍ത്ഥമെന്ത്‌ ഇതൊക്കെ ഏറ്റവും ലളിതമായി ഒന്നു പറഞ്ഞിട്ട് മുമ്പോട്ട് പോകാം എന്നു കരുതുന്നു.

അതൊക്കെ അടുത്ത പോസ്റ്റില്‍.
ഈ ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി കാണാനാഗ്രഹിക്കുന്നവര്‍ അവരുടെ ഇ-മെയില്‍ അഡ്രസ് കമന്റുകളില്‍ ഇട്ടാല്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഒരു മെയിലില്‍ കൂടി അറിയിക്കുന്നതായിരിക്കും.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Wednesday, November 28, 2007

ആമുഖം - ക്യാമറയ്ക്കുപിന്നിലെപാഠങ്ങള്‍

പ്രിയ കൂട്ടുകാരേ,

ഞാനൊരു പുതിയ ബ്ലോഗ് ആരംഭിക്കുകയാണ്.
ഫോട്ടോഗ്രാഫിയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്യാനൊരിടം.

ഒരു കാര്യം ആദ്യമേ പറയട്ടെ. ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല; നിങ്ങളില്‍ പലരെയും പോലെ വെറും ഒരു enthusiast മാത്രം. ഫോട്ടോഗ്രാഫി ഒരു ഹോബി മാത്രമായി കൊണ്ടുനടക്കുന്ന ആള്‍. ഇക്കാലയളവിനുള്ളില്‍ ഞാന്‍ വായിച്ചറിഞ്ഞതും, പലരില്‍നിന്നും പഠിച്ചതും, പരീക്ഷിച്ചതുമായ ഫോട്ടോഗ്രാഫിയിലെ ബാലപാഠങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യാം എന്നാഗ്രഹിക്കുന്നു. ഇതൊരു പാ‍ഠശാലയായി ആരും കാണാതിരിക്കുക. ഇവിടെ നമുക്കു ചര്‍ച്ചയും പരീക്ഷണങ്ങളും മാത്രം മതി.

നമ്മുടെ ഈ ബൂലോകത്ത് ഫോട്ടോഗ്രാഫിയില്‍ പ്രഗത്ഭരായ പലരും ഉണ്ട് - ഞാന്‍ ആരുടെയും പേര് പ്രത്യേകമായി ഇവിടെ സൂചിപ്പിക്കുന്നില്ല. ഈ ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും ഇടയില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ അവര്‍ സദയം അവ ചൂണ്ടിക്കാണിക്കണം എന്നാണെന്റെ അപേക്ഷയും ആഗ്രഹവും.

അപ്പോള്‍ തുടങ്ങാം? അങ്ങനെ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള എല്ലാവരും നല്ല നല്ല ഫോട്ടോകള്‍ എടുക്കട്ടെ, പോസ്റ്റട്ടെ!!

സ്നേഹപൂര്‍വ്വം
അപ്പു


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP