ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, December 18, 2008

പാഠം 15: T സ്റ്റോപ്പുകളും എക്സ്പോഷറും

ഒരു ഫോട്ടോഗ്രാഫിനു ജീവന്‍ നല്‍കുന്ന സുപ്രധാന വസ്തുതയായ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടാമത്തെ ഘടകമാണ് ഷട്ടര്‍ സ്പീഡ്. ആദ്യത്തെ ഘടകമായ അപ്പര്‍ച്ചര്‍ ലെന്‍സിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു എന്നകാര്യം കഴിഞ്ഞപോസ്റ്റില്‍ നാം ചര്‍ച്ചചെയ്തു. ഇതേ പ്രകാശം എത്ര സമയത്തേക്ക് സെന്‍സറില്‍ / ഫിലിമില്‍ പതിക്കണം എന്നകാര്യം നിര്‍ണയിക്കുന്നത് ഷട്ടര്‍ സ്പീഡ് സെറ്റിംഗ് ആണ്.

ക്യാമറയുടെ സെന്‍സറിനു മുമ്പിലായി ഉറപ്പിച്ചിരിക്കുന്ന, തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഒരു വാതിലായി ഷട്ടറിനെ സങ്കല്‍പ്പിക്കാവുന്നതാണ്. ഒരു ഫോട്ടോയെടുക്കുമ്പോള്‍ നാം കേള്‍ക്കുന്ന് ക്ലിക്ക് സൌണ്ട് ഷട്ടര്‍ തുറന്നടയുന്ന ശബ്ദമാണ്. ഈ തുറന്നടയിലിന്റെ വേഗതയെയാണ് ഷട്ടര്‍ സ്പീഡ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. വേഗത സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒരു സെക്കന്റിന്റെ ഇത്ര സമയം കൊണ്ട് ഷട്ടര്‍ തുറന്നടയുന്നു എന്നരീതിയിലാണ് നാം ഷട്ടര്‍ സ്പീഡിനെ പറയാറുള്ളത് എന്നറിയാമല്ലോ. വ്യത്യസ്ത പ്രകാശസാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു സെക്കന്റിന്റെ ആയിരത്തിലോ രണ്ടായിരത്തിലോ ഒന്നു സമയം മുതല്‍, അനേക സെക്കന്റുകളോളം നീളുന്ന രീതിയില്‍ വരെ ആധുനിക ക്യാമറകളില്‍ ഷട്ടര്‍ തുറന്നടയുന്ന സമയം നമുക്ക് ക്രമീകരിക്കുവാന്‍ സാധിക്കും.

ഷട്ടര്‍ സ്പീഡ് ഡയല്‍:

പഴയ എസ്.എല്‍. ആര്‍ ക്യാമറകളിലെല്ലാം ഒരു ഷട്ടര്‍ സ്പീഡ് ഡയല്‍ പ്രത്യേകമായി ക്യാമറയില്‍ ഉണ്ടായിരുന്നു. (ചിത്രം നോക്കൂ).

എന്നാല്‍ ഇപ്പോഴത്തെ ഡിജിറ്റല്‍ ക്യാമറകളില്‍ ഇതിനായി മാത്രം ഉദ്ദേശിച്ചുള്ള ഒരു ഡയല്‍ ഇല്ല. പകരം ക്യാമറയുടെ മെനുവുമായി ബന്ധിപ്പിച്ചുകൊണ്ടോ, ഷട്ടര്‍ പ്രയോറീറ്റി മോഡ് എന്ന മോഡുമായി ബന്ധിപ്പിച്ചുകൊണ്ടോ പ്രവര്‍ത്തിക്കുന്ന ഒരു കണ്ട്രോള്‍ ഡയല്‍ ഉപയോഗിച്ചാണ് ഷട്ടര്‍ മാറ്റുന്നത്.



T-stop scale:

അപര്‍ച്ചര്‍ സ്കെയിലുകളെപ്പറ്റി ചര്‍ച്ചചെയ്തപ്പോള്‍ പറഞ്ഞതുപോലെ തന്നെ, ഷട്ടര്‍ സ്പീഡും നിശ്ചിത സ്കെയിലുകളില്‍ തന്നെയാണ് പറയാറുള്ളത്. അപ്പര്‍ച്ചര്‍ സ്കെയിലിലെ ഓരോ പോയിന്റിനെയും എഫ്.സ്റ്റോപ്പ് എന്നു വിളിക്കുന്നതുപോലെ ഇവിടെ ടി. സ്റ്റോപ്പുകള്‍ എന്നാണ്‍ ഷട്ടര്‍ സ്പീഡ് സ്കെയിലിലെ പോയിന്റുകളെയും വിളിക്കുന്നത്. Time - സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്‍ ടി.സ്റ്റോപ്പ് എന്ന പേരുവന്നത്. ഫുള്‍ സ്റ്റോപ്പ് സ്കെയില്‍, 1/3 സ്റ്റോപ്പ് സ്കെയില്‍, 1/2 സ്റ്റോപ്പ് സ്കെയില്‍ എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ഷട്ടര്‍ സ്റ്റോപ് സ്കെയിലുകളും ആധുനിക ക്യാമറകളില്‍ ലഭ്യമാണ്.

ഒരു സ്റ്റാന്‍ഡാര്‍ഡ് ഫുള്‍സ്റ്റോപ് ഷട്ടര്‍ സ്പീഡ് സ്കെയിലിലെ നമ്പറുകള്‍ ഇനി പറയുന്നവയാണ്.

1 sec
1/2 sec
1/4 sec
1/8 sec
1/15 sec
1/30 sec
1/60 sec
1/125 sec
1/250 sec
1/500 sec
1/1000 sec
1/2000 sec

ഒരു സെക്കന്റിന്റെ ഇത്രയില്‍ ഒരംശം എന്നാണ് സാങ്കേതികമായി ഈ നമ്പറുകളുടെ അര്‍ത്ഥം. 1/500 എന്നാല്‍ ഒരു സെക്കന്റിന്റെ അഞ്ഞൂറില്‍ ഒന്ന് എന്ന രീതിയില്‍. മുകളില്‍ പറഞ്ഞ സ്കെയിലില്‍ ഒരു സെക്കന്റ് മുതല്‍ നാം തുടങ്ങി എങ്കിലും, ഇന്നത്തെ ക്യാമറകളില്‍ അതിലും താഴെയായി 2, 4, 8 സെക്കണ്ടുകള്‍ തുടങ്ങി എത്ര സമയം വേണമെങ്കിലും ഷട്ടര്‍ തുറന്നു വയ്ക്കാവുന്ന Bulb (B) എന്ന സെറ്റിംഗ് വരെ ഉണ്ട്.

ഇതിലെ ഓരോ സ്റ്റോപ്പിലും ഷട്ടര്‍ തുറന്നടയുന്ന സമയം അതിന്റെ തൊട്ടടുത്തുള്ള നമ്പറില്‍ വേണ്ട സമയത്തേക്കാള്‍ പകുതിയോ ഇരട്ടിയോ ആയിരിക്കും. അതായത് 1/500 ല്‍ ഷട്ടര്‍ തുറന്നടയുന്ന വേഗതയുടെ പകുതി സ്പീഡിലായിരിക്കും അതിനു തൊട്ടുതാഴെയുള്ള 1/250 ല്‍ ഷട്ടര്‍ തുറന്നടയുന്നത്. അതുപോലെ 1/500 ല്‍ തുറന്നടയുന്ന വേഗതയുടെ ഇരട്ടി വേഗതയിലാവും അതിന്റെ തൊട്ടുമുകളിലുള്ള 1/1000 ല്‍ ഷട്ടര്‍ തുറന്നടയുക. മറ്റൊരുവിധത്തില്‍ ഇത് മനസ്സിലാക്കിയാല്‍, 1/500 ല്‍ ഷട്ടര്‍ തുറന്നടഞ്ഞപ്പോള്‍ സെന്‍സറില്‍ വീണപ്രകാശം ഉണ്ടാക്കിയ മാറ്റത്തിന്റെ പകുതി അളവു മാറ്റം മാത്രമേ 1/1000 ല്‍ ഷട്ടര്‍ തുറന്നടയുമ്പോള്‍ സെന്‍സറില്‍ ലഭ്യമാവൂ (അപ്പര്‍ച്ചര്‍ വലിപ്പം മാറ്റുന്നതേയില്ലെങ്കില്‍).

ഈ ഫുള്‍ സ്റ്റോപ്പുകളെ കുറേക്കൂടി ഫൈന്‍‌ട്യൂണ്‍ ചെയ്യാന്‍ വേണ്ടിയാണ്, പ്രായോഗികമായി ഈ സ്കെയിലിനു പകരം മധ്യമ സെറ്റിംഗുകള്‍ കൂടിയുള്ള 1/3 സ്റ്റോപ്പ് സ്കെയില്‍ ഇന്നത്തെ ക്യാമറകളില്‍ ഉപയോഗിക്കുന്നത്. 1/3 സ്കെയിലിലെ സ്റ്റോപ്പുകള്‍ ഇനി പറയുന്നു. എഴുതുവാനുള്ള സൌകര്യത്തിനായി 1/2, 1/4, 1/250 ഇങ്ങനെ എഴുതുന്നതിനുപകരം 2, 4, 250 എന്നരീതിയിലാണ് എഴുതുന്നത് എന്നുമാത്രം. ക്യാമറയിലും ഇങ്ങനെതന്നെയാണ് എഴുതാറ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.

2, 2.5, 3.2, 4, 5, 6. 4, 8, 10, 12, 15, 20, 25, 30, 40, 50, 60, 80, 100, 125, 160, 200, 250, 320, 400, 500, 640, 800, 1000, 1250, 1600, 2000

ഇങ്ങനെയാണ് ഈ 1/3 സ്കെയിലിന്റെ പോക്ക്. എസ്.എല്‍.ആര്‍. ക്യാമറകള്‍ കൈയ്യിലുള്ളവര്‍ (ഷട്ടര്‍ പ്രയോറിറ്റി (S) മോഡുള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലും), ഷട്ടര്‍ പ്രയോറിറ്റി മോഡ് സെലക്റ്റ് ചെയ്ത ശേഷം കണ്ട്രോള്‍ ഡയല്‍ ഒന്നു തിരിച്ചുനോക്കിയാല്‍ ഈ രീതില്‍ ഷട്ടര്‍സ്പീഡ് സ്കെയില്‍ മുമ്പോട്ട് നീങ്ങുന്നതുകാണാം.


ലൈറ്റ് മീറ്റര്‍

ഓരോ ഫോട്ടോയെടുക്കുന്നതിനു മുമ്പായി നിലവിലുള്ള പ്രകാശസാഹചര്യങ്ങള്‍ക്കനുസൃതമായി അനുയോജ്യമായ എക്സ്പോഷര്‍ (ഷട്ടര്‍ സ്പീഡ് + അപര്‍ച്ചര്‍) എങ്ങനെ കണ്ടുപിടിക്കും? ക്യാമറകളുടെ ചരിത്രം നോക്കിയാല്‍ വളരെ പണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ അനുഭവത്തിന്റെയും പ്രവര്‍ത്തിപരിചയത്തിന്റെയും വെളിച്ചത്തിലായിരുന്നു ഈ യഥാര്‍ത്ഥവെളിച്ച നിയന്ത്രണം സാധ്യമാക്കിയിരുന്നത് എന്നുകാണാം! അവരുടെ കഴിവുകള്‍ക്കു മുമ്പില്‍ ഒരു പ്രണാമം.

എന്നാല്‍ ഇന്ന്, ഒരു രംഗത്ത് ലഭ്യമായ പ്രകാശത്തിന്റെ അളവിനെ അളന്ന്, അത് മനുഷ്യനേത്രം കാണുന്നരീതിയില്‍ ഒരു ഫോട്ടോയില്‍ പുനരവതരിപ്പിക്കുവാന്‍ എത്രനേരം ഷട്ടര്‍ തുറന്നിരിക്കണം / ആ വേഗതയ്ക്ക് അനുയോജ്യമായി സെറ്റ് ചെയ്യാവുന്ന അപര്‍ച്ചര്‍ എത്ര എന്നൊക്കെ കൃത്യമായി നിര്‍ണ്ണയിക്കുന്ന ലൈറ്റ് മീറ്ററുകളോടോപ്പമാണ് ആധുനികക്യാമറകളൊക്കെയും നമ്മുടെ കൈയ്യിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ പ്രകാശത്തെ കൃത്യമായി അളക്കുവാനുള്ള കഴിവ് ക്യാമറയ്ക്ക് തന്നെ ഉള്ളതിനാലാണ് പോയിന്റ് ആന്റ് ഷൂട്ട് എന്ന ലളിതമായ ഫോട്ടോഗ്രാഫി സങ്കേതത്തിലേക്ക് നാം എത്തിയിരിക്കുന്നതുപോലും!


ലൈറ്റ് മീറ്റര്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ?

എല്ലാ എസ്.എല്‍.ആര്‍ ക്യാമറകളിലും, മാനുവല്‍ ലൈറ്റ് സെറ്റിംഗ് അനുവദിക്കുന്ന പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ലൈറ്റ് മീറ്റര്‍ ഉപയോഗിച്ച് ഫോട്ടോഗ്രാഫര്‍ക്ക് കൃത്യമായ ലൈറ്റ് അളക്കുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. സാധാരണയായി വ്യൂഫൈന്ററിനുള്ളില്‍, താഴെയായിട്ടാണ് ഇതിന്റെ സ്ഥാനം. ചില മോഡലുകളില്‍ വ്യൂഫൈന്ററിനുള്ളില്‍ വലതുവശത്തായും ഇത് കണ്ടിട്ടുണ്ട്. ഡിസൈന്‍ എങ്ങനെയായാലും പ്രവര്‍ത്തിപ്പിക്കുന്ന വിധം ഒരുപോലെ തന്നെ.

താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. അതില്‍ വ്യൂഫൈന്ററിന്റെ താഴെയായി മങ്ങിയ ചാരനിറത്തില്‍ കുറെ വരകളകണ്ടല്ലോ. ഇവയോരോന്നും ഒരു ചെറിയ LED ലൈറ്റ് ഇന്റിക്കേറ്ററാണ്.














ലൈറ്റ് മീറ്ററിന്റെ ഏകദേശം മദ്ധ്യഭാഗത്തുള്ള LED കള്‍ മാത്രം പ്രകാശിക്കുന്ന രീതിയാണ് കൃത്യമായ പ്രകാശനിയന്ത്രണം വേണ്ട അവസരത്തില്‍ നാം തെരഞ്ഞെടുക്കേണ്ടത്. പ്രകാശം നിയന്ത്രിക്കേണ്ടത് അപ്പര്‍ച്ചര്‍, ഷട്ടര്‍ ഇവയിലേതെങ്കിലും ഒന്നോ രണ്ടും കൂടിയോ കൂട്ടിയും കുറച്ചുമാണ്. ഇപ്രകാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍, ക്യാമറയിലേക്ക് കടക്കുന്ന പ്രകാശം ആവശ്യത്തിലധികമാണെങ്കില്‍ LED ലൈറ്റുകള്‍ (പച്ചനിറത്തില്‍ ഈ ചിത്രത്തില്‍) + എന്ന ഭാഗത്തേക്ക് നീങ്ങും. മറിച്ച് ലൈറ്റ് കുറവാണെങ്കില്‍ അവ - എന്ന ഭാഗത്തേക്കാവും നീങ്ങുക. ഈ മീറ്ററില്‍ നോക്കിക്കൊണ്ട് നമുക്ക് മധ്യഭാഗത്തുള്ള LED കള്‍ മാത്രം പ്രകാശിക്കുന്ന രീതിയില്‍ അപ്പര്‍ച്ചറിലും ഷട്ടറിലും വേണ്ടമാറ്റങ്ങള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെയാണ് മാനുവലായി ലൈറ്റ് ക്രമീകരിക്കുന്നത്.

വായിക്കുമ്പോള്‍ സങ്കീര്‍ണ്ണമെന്നു തോന്നിയാലും, ഉപയോഗിക്കുമ്പോള്‍ വളരെ എളുപ്പമാണ്. മാനുവലായി ലൈറ്റ് ക്രമീകരിക്കുവാന്‍ അനുവദിക്കുന്ന ക്യാമറകള്‍ കൈയ്യിലുള്ളവരെല്ലാം ഇത് പരീക്ഷിച്ചു നോക്കുക. ഒരേ രംഗം തന്നെ ലൈറ്റ് മീറ്ററിലെ LED കള്‍ + ഭാഗത്ത് വരുന്ന രീതിയിലും - ഭാഗത്ത് വരുന്ന രീതിയിലും മധ്യഭാഗത്ത് വരുന്ന രീതിയിലും എടുത്തുനോക്കൂ. + ഭാഗത്തേക്ക് വളരെയേറേ നീങ്ങിയാല്‍ ഫോട്ടോ ഓവര്‍ എക്സ്പോസ്ഡ് ആയിയും, - ഭാഗത്തേക്ക് വളരെ നീങ്ങിയാല്‍ ഫോട്ടോ അണ്ടര്‍ എക്സ്പോസ്ഡ് ആയിട്ടു ആവും ലഭിക്കുന്നത്. ഒരു കാര്യംകൂടി ഇവിടെ മനസ്സിലാക്കുക, പ്രാക്റ്റിക്കലായി ഫോട്ടോ എടുക്കുമ്പോള്‍ ലൈറ്റ് മീറ്ററിന്റെ മദ്ധ്യഭാഗത്തുള്ള LED മാത്രം കിറുകൃത്യമായി പ്രകാശിച്ചാലേ ഫോട്ടോ നന്നാവൂ എന്നില്ല. ഒരുപോയിന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും കുഴപ്പമില്ല.

ഉദാഹരണ ഫോട്ടോകള്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച പാഠം 9 അപ്പര്‍ച്ചറും ഷട്ടറും മാനുവല്‍ ഫോട്ടോഗ്രാഫി എന്ന അദ്ധ്യായത്തിലുണ്ട്.


ഒരേലൈറ്റിംഗ്, വ്യത്യസ്ത സെറ്റിംഗുകള്‍ - എന്തുകൊണ്ട്?

മാനുവലായി ലൈറ്റ് സെറ്റുചെയ്യുവാന്‍ പഠിച്ചുതുടങ്ങുന്നവരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു പ്രത്യേക ലൈറ്റിംഗില്‍ (ഉദാഹരണം ഉച്ചക്ക് ഒരു മണി, നല്ല വെയില്‍) നാം എടുക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും ഒരേ അപ്പര്‍ച്ചര്‍ / ഷട്ടര്‍ സെറ്റിംഗ് ആയിരിക്കുമോ എന്നാണാചോദ്യം.

ചോദ്യം ഒന്നുകൂടി വിശദമാക്കിയാല്‍, മേല്‍പ്പറഞ്ഞ ലൈറ്റിംഗില്‍ ഒരു ലാന്റ്സ്കേപ്പിനുവേണ്ടി (അവിടെ ഒരു പുല്‍ത്തകിടി, പച്ചനിറത്തിലുള്ള കുറേ മരങ്ങള്‍, ഒരു വീട്, പുഴ, ആകാശം ഇതെല്ലാമുള്ളൊരു രംഗം ആണെന്ന് സങ്കല്‍പ്പിക്കൂ) നാം ലൈറ്റ് മീറ്ററില്‍ നോക്കി മാനുവലായി പ്രകാശക്രമീകരണം ചെയ്തു എന്നിരിക്കട്ടെ. അപ്പോള്‍ അപ്പര്‍ച്ചര്‍ f/8 എന്നും ഷട്ടര്‍ സ്പീഡ് 1/125 എന്നുമാണ് ലൈറ്റ് മീറ്ററില്‍ കിട്ടിയത് എന്നും കരുതുക. അതിനുശേഷം ഇതേ രംഗത്തുതന്നെയുള്ള ഒരു ചുവപ്പു റോസാപ്പൂവും, മഞ്ഞകോളാമ്പിപ്പൂവും വെവ്വേറെ ക്ലോസപ്പ് ആയി ഫോട്ടൊ എടുക്കുന്നു എന്നുകരുതുക. അപ്പോഴും ലൈറ്റ് മീറ്ററിലെ സെറ്റിംഗ് f/8 എന്നും 1/125 എന്നും മതിയോ എന്നാണ് ചോദ്യം.

തീര്‍ച്ചയായും പോരാ. കാരണം ആദ്യഫോട്ടോയിലെ ലാന്റ് സ്കേപ്പില്‍, ക്യാമറകാണുന്ന കാര്യങ്ങളില്‍ പച്ചനിറത്തിലുള്ള കുറേ മരങ്ങള്‍, പുല്‍ത്തകിടി ഒരു വീട് ഒരു പുഴ ആകാശം എന്നിവയൊക്കെ ഉണ്ടായിരുന്നു. അവയില്‍നിന്നൊക്കെയും പ്രതിഫലിച്ചെത്തുന്ന പ്രകാശമാണ് ക്യാമറയുടെ ലൈറ്റ് മീറ്ററില്‍ എത്തുന്നത്. ക്ലോസ് അപ് ഉദാഹരണങ്ങളില്‍ പൂക്കളുടെ വലിപ്പം ഏകദേശം ഒന്നുതന്നെയാണെങ്കിലും രണ്ടിന്റെയും നിറങ്ങള്‍ രണ്ടാണ് - ചുവപ്പും, മഞ്ഞയും. രണ്ടില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന പ്രകാശത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ലൈറ്റ് മീറ്ററിലെ മദ്ധ്യഭാഗത്തുള്ള LED മാത്രം പ്രകാശിപ്പിക്കുവാനായി ക്യാമറയിലേക്ക് പ്രവേശിക്കുന്ന ലൈറ്റിനെ മേല്‍പ്പറഞ്ഞ മൂന്നു സാഹചര്യങ്ങളിലും അപ്പര്‍ച്ചറോ, ഷട്ടറോ ഉപയോഗിച്ചുകൊണ്ട് വ്യത്യാസപ്പെടുത്തേണ്ടിവരും.മൂന്നും മൂന്ന് വ്യത്യസ്ത സെറ്റിംഗുകള്‍ ആയിരിക്കുകയും ചെയ്യും (ഏകദേശം അടുത്തടുത്താവും എന്നുമാത്രം).


എക്സ്പോഷര്‍ സ്റ്റോപ്പുകളും പ്രകാശക്രമീകരണവുമായുള്ള ബന്ധം:


അപ്പര്‍ച്ചര്‍ സ്റ്റോപ്പ് (എഫ്.സ്റ്റോപ്പ്) ഷട്ടര്‍ സ്റ്റോപ്പ് (ടി.സ്റ്റോപ്) എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ഇപ്പോള്‍ ലഭിച്ചിട്ടുണ്ടാവുമല്ലോ. പ്രായോഗികമായി ഫോട്ടോ എടുക്കുമ്പോള്‍ നമ്മള്‍ അപ്പര്‍ച്ചറിന്റെ വലിപ്പത്തെപ്പറ്റിയോ, ഷട്ടര്‍ തുറന്നടയുന്ന സമയദൈര്‍ഘ്യത്തെപ്പറ്റിയോ ഒന്നും വ്യാകുലപ്പെടേണ്ട കാര്യമില്ല. ഈ നമ്പറുകളെപ്പറ്റി മാത്രം അറിഞ്ഞിരുന്നാല്‍ മതിയാവും. അതുതന്നെയാണ് സ്റ്റോപ്പുകള്‍ ഉപയോഗിച്ച് എക്സ്പോഷര്‍ കൈകാര്യം ചെയ്യുമ്പോളുള്ള സൌകര്യവും. ഇവതമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് നോക്കാം.

മേല്‍പ്പറഞ്ഞ രണ്ടുസ്കെയിലിലും (F ഉം T യും) സ്കെയിലിലെ ഒരു സ്റ്റോപ്പില്‍ നിന്ന് മുകളിലേക്ക് (കൂടിയനമ്പര്‍) പോകുമ്പോള്‍ പ്രകാശത്തിന്റെ അളവ് കുറയുകയാണെന്ന് അറിയാമല്ലോ. ചിത്രം നോക്കൂ.











രണ്ട് സ്കെയിലുകളിലും ഇടത്തുനിന്ന് വലത്തേക്ക് പോകും തോറൂം ക്യാമറയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തിന്റെ അളവിന് കുറവ് സംഭവിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക രംഗത്തിന്റെ ലൈറ്റ് നാം മാനുവലായി സെറ്റ് ചെയ്തപ്പോള്‍, ഏറ്റവും അനുയോജ്യമായ വിധത്തില്‍ പ്രകാശം കിട്ടുന്നത് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ അപ്പര്‍ച്ചര്‍ f/5.6 എന്നും, ഷട്ടര്‍ സ്പീഡ് 1/60 എന്ന സെറ്റിംഗുകളില്‍ ആണെന്നിരിക്കട്ടെ.

ഇനി ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കൂ. ഷട്ടര്‍ സ്പീഡ് 1/60 ല്‍ നിന്നും 1/125 എന്ന സ്റ്റോപ്പിലേക്ക് നാം മനഃപ്പൂര്‍വ്വം മാറ്റുന്നു എന്നിരിക്കട്ടെ. എന്തുസംഭവിക്കും? ക്യാമറയിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് 1/60 ഉണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞു. ഈ കുറവ് പരിഹരിക്കാനായി അപ്പര്‍ച്ചര്‍ അടുത്ത വലിയ സ്റ്റോപ്പിലേക്ക് തുറന്നാല്‍ മതിയല്ലോ? അപ്പര്‍ച്ചര്‍ 5.6 ല്‍ നിന്നും 4 ലേക്ക് മാറ്റുന്നു എന്നുകരുതുക. വീണ്ടും ലൈറ്റ് മീറ്റര്‍ പഴയതുപോലെ അനുയോജ്യമായ ലൈറ്റ് സെറ്റിംഗ് (LED മദ്ധ്യഭാഗത്ത്) കാണിക്കുന്നതുകാണാം. ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യം, ടി. സ്റ്റോപ്പ് ഒരു പടി ഉയര്‍ത്തുമ്പോള്‍ വരുന്ന പ്രകാശകുറവ് പരിഹരിക്കുവാന്‍ എഫ്.സ്റ്റോപ്പ് ഒരു പടി കുറച്ചാല്‍ മതിയാകും (അതുപോലെ തിരിച്ചും). മാനുവലായി ഫോട്ടോഗ്രാഫി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ബന്ധമാണിത്. മേല്‍പ്പറഞ്ഞ ഉദാഹരണം തന്നെ ലളിതമായി എഴുതിയാല്‍.

F5.6 : 1/60 കോമ്പിനേഷന്‍ =
F4 : 1/125 കോമ്പിനേഷന്‍ =
F2.8 : 1/250 കോമ്പിനേഷന്‍

ഇങ്ങനെ എക്സ്പോഷര്‍ സ്റ്റോപ്പ് സ്കെയില്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരേ ലൈറ്റിനെ വ്യത്യസ്ത അപ്പര്‍ച്ചര്‍ : ഷട്ടര്‍ സെറ്റിംഗുകളിലേക്ക് മാറ്റാം. അതായത് ഒരു വലിയ അപ്പര്‍ച്ചറിനെ (കുറഞ്ഞ എഫ്.നമ്പര്‍) കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിച്ച് (വലിയ ടി.നമ്പര്‍) കോമ്പന്‍സേറ്റ് ചെയ്യാം. എഫ്.സ്റ്റോപ്പും, ടി.സ്റ്റോപ്പും ഒരേ രീതിയിലുള്ള സ്കെയിലില്‍ ആവണം എന്നുമാത്രം അതായത് രണ്ടും ഒന്നുകില്‍ ഫുള്‍ സ്റ്റോപ്പ് സ്കെയില്‍, അല്ലെങ്കില്‍ 1/3 സ്കെയില്‍, അല്ലെങ്കില്‍ 1/2 സ്കെയില്‍ ഇങ്ങനെ. ഫലത്തില്‍, ഇപ്രകാരം എടുക്കുന്ന എല്ലാ ഫോടോകളും ബ്രൈറ്റ്നെസ്സ് ന്റെ കാര്യത്തില്‍ ഒരുപോലെ ആയിരിക്കും.

അപ്പോള്‍ ഒരു ചോദ്യം. ഇതെന്തിനാണ് ഇങ്ങനെ മാറ്റുന്നത്? ഏതെങ്കിലും ഒരു സെറ്റിംഗ് അങ്ങ് ഉപയോഗിച്ചാല്‍ പോരേ?

ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്കറിയാം, എപ്പോഴും പ്രകാശക്രമീകരണം കൊണ്ടുമാത്രം ഫോട്ടോഗ്രാഫര്‍ ഉദ്ദേശിക്കുന്ന എഫക്ടുകള്‍ ഒരു ഫോട്ടൊയില്‍ ലഭിക്കുവാന്‍ സാധിക്കില്ല എന്ന്! സ്ലോ ഷട്ടര്‍, ഫാസ്റ്റ് ഷട്ടര്‍, ഫ്രീസിംഗ്, ഡെപ്ത് ഓഫ് ഫീല്‍ഡ് തുടങ്ങിയ എഫക്ടുകള്‍ക്കായി ഷട്ടറിനേയും അപ്പര്‍ച്ചറിനേയും അനുയോജ്യമായി തെരഞ്ഞെടുക്കേണ്ടതുണ്ട്.










അവയെപ്പറ്റി അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്യാം.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

26 comments:

അപ്പു ആദ്യാക്ഷരി December 18, 2008 at 7:46 AM  

ഫോട്ടൊഗ്രാഫിയില്‍ ഷട്ടര്‍ സ്പീഡ് സ്റ്റോപ്പുകള്‍ക്കുള്ള പ്രാധാന്യം വിശദമാക്കുന്ന പുതിയ പോസ്റ്റ്

ശ്രീ December 18, 2008 at 8:59 AM  

കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരുന്നതിനു നന്ദി.

paarppidam December 18, 2008 at 1:53 PM  

നന്നായിരിക്കുന്നു.താങ്കൾ വളരെ വിശദമായി തന്നെ എഴുതുന്നു.അഭിനന്ദനന്നളും നന്ദിയും അറിയിക്കുന്നു. സാധാരണ ആരോടെങ്കിലും ഇത്തരം കാര്യം വല്ലതും ചോദിച്ചാൽ ഒന്നും പറഞ്ഞ്ജുതരുവാൻ വല്യ ബുദ്ധിമുട്ടാണ്.
ഇനിയ്പ്പോൾ
ലൈറ്റിനെ കുറിച്ച് ,ക്യാമറയെ കുറിച്ച് ,
അപ്പാർച്ചറിനെ കുറിച്ച്. എല്ലാം ഇവിടെ നിന്നും അറിയാമല്ലോ.

സന്തോഷം ഇങനെ ഒരു പോസ്റ്റിനു തയ്യാറായതിനു

സുല്‍ |Sul December 18, 2008 at 4:14 PM  

മേലെ പറഞ്ഞത് മൊത്തം എനിക്കറിയാവുന്ന കാര്യങ്ങളാണ്. അറിയാത്തത് വായിക്കാന്‍ നോക്കുമ്പോഴേക്കും നിര്‍ത്തിക്കളഞ്ഞു. ശ്ശൊ.

നല്ല ലേഖനം മാഷെ.

-സുല്‍

ശ്രീലാല്‍ December 18, 2008 at 4:30 PM  

അധികം മാത്‌സ് ഇല്ലാത്ത ഈ ക്ലാസ് ശഠേന്ന് തീർത്തു. തിയറിയെക്കാൾ പ്രാക്ടിക്കൽ ആയി ചെയ്തു മനസ്സിലാക്കേണ്ടതാണ് കഴിഞ്ഞ രണ്ട് പാഠങ്ങളും എന്നാണെന്റെ അഭിപ്രായം.

ഒരു ചോദ്യമുണ്ട് - (തല്ല് കിട്ടാൻ ചാൻസ് ഉള്ളത് :)). ലെൻസിന്റെ ഉള്ളിൽ അല്ലേ അപ്പേർച്ചർ വലിപ്പം നിയന്ത്രിക്കുന്ന ഡയഫ്രം സ്ഥിതിചെയ്യുന്നത് ?
അപ്പോൾ, അപ്പർച്ചർ വലിപ്പം മാറ്റൂന്നതിനനുസരിച്ച് ലെൻസിലുള്ളീലൂടെ വരുന്ന വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾ റിഫ്ലക്ടിംഗ് മിററിൽ തട്ടി വ്യൂ‍ ഫൈൻഡറിലൂടെ ഫോട്ടോഗ്രാഫർക്ക് കാണാൻ പറ്റാത്തതെന്ത് കൊണ്ടാ ?

സെൻസറിന്റെ സെൻസിറ്റിവിറ്റിയും നമ്മുടെ കണ്ണുകളുടെ സെൻസിറ്റിവിറ്റിയും തമ്മിലുള്ള വ്യത്യാസമാണോ കാരണം..?

അബദ്ധമാണെങ്കിൽ തല്ലുകൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി .. :)

അപ്പു ആദ്യാക്ഷരി December 18, 2008 at 5:17 PM  

ശ്രീലാലപ്പ, ചോദ്യത്തില്‍ തെറ്റൊന്നും ഇല്ല. നമ്മള്‍ ഫോടോയെടുക്കുന്നതിനും മുമ്പ് അപ്പര്‍ച്ചര്‍ സെറ്റ് ചെയ്യുന്നുണ്ടെങ്കിലും, നാം view finder കു‌ടെ നോക്കുമ്പോള്‍ ഇത് engage ആവുന്നില്ല. ഷട്ടര്‍ റിലീസ് ബട്ടന്‍ പകുതിയില്‍ കു‌ടുതല്‍ അമര്‍ത്തുമ്പോള്‍ മാത്രമാണ് ഫലത്തില്‍ അപ്പര്ചെര്‍ റിങ്ങ് engage ആവുന്നത് . അപ്പോഴുണ്ടാകുന്ന പ്രകാശ വ്യത്യാസം നമ്മുടെ കണ്ണിനു അത്രവേഗം വലിയൊരു വ്യത്യാസമായി തോന്നുകയില്ല.

പണ്ടത്തെ ഫിലിം ഉപയോഗിക്കുന്ന മാനുവല്‍ SLR camera കളില്‍ അപ്പര്ചെര്‍ സെറ്റ് ചെയ്തുകഴിഞ്ഞു ഫോടോ എടുക്കുന്നതിനു മുമ്പ് ഡെപ്ത് ഓഫ് ഫീല്‍ഡ് കാണുവാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇപ്പോഴത്തെ entry level മോടലുകളില്‍ ഈ സംവിധാനം ഇല്ല എന്നേയുള്ളു. എന്നാല്‍ advanced model കളില്‍ ഇതുണ്ട് താനും. പിന്നെ, ഒരു രംഗം നാം കാണുക എന്നതും അത് ഫോടോയില്‍ പകര്‍ത്തുക എന്നതും രണ്ടും രണ്ടാണ്. നമ്മുടെ കണ്ണിനോളം പോന്ന ഒരു സെന്‍സര്‍ ഉണ്ടാക്കുവാന്‍ ഒരു ക്യാമറ നിര്‍മാതാവിനും ഒരിക്കലും ആവില്ല. വെറുതെ ഒരു അറിവിലേക്ക് പറഞ്ഞാല്‍ മാത്രം, കണ്ണിന്റെ കാഴ്ച ഇപ്പോഴത്തെ ക്യാമറകളുടെ resolution ഇല്‍ പറഞ്ഞാല്‍ ഏതാണ്ട് 500 മുതല്‍ 600 മെഗാ പിക്സല്‍ വരെ ആണത്രേ!!!

ശ്രീനാഥ്‌ | അഹം December 19, 2008 at 8:22 AM  

thnx for the class appu sir...

I too have a doubt...

SLR ക്യാമറയില്‍ ക്ലിക്കുമ്പൊള്‍ ഉണ്ടാകുന്ന ശബ്ദം ഈ ഷട്ടര്‍ ഉണ്ടക്കുന്നതാണോ?(Note: I never owned an SLR) അതോ, ആ കുണാണ്ടറിന്റെ ഉള്ളിലുള്ള രിഫ്ലെക്ഷന്‍ മിറര്‍ പൊങ്ങുമ്പോള്‍ ഉണ്ടാകുന്നതാണോ? കാരണം, സാദാ ക്യാമറയില്‍ ചുമ്മാ ഒരു സൗണ്ട്‌ പ്ലേ ചെയ്യുക മാത്രമാണ്‌ നടക്കുനത്‌... ഒരു ഗുമ്മിനു വേണ്ടി. അത്‌ നമ്മക്ക്‌ മാറ്റേം ചെയ്യാം... അപ്പോ ശരിക്കുള്ള സെമണ്ട്‌ വരാത്തത്തിനു കാരണം?

ലാലു പറഞ്ഞപോലെ... സംശയങ്ങള്‍ തീര്‍ക്കാന്‍ ന്റെ ജീവിതം പിന്നേം ബാക്കി....

ശ്രീലാല്‍ December 19, 2008 at 10:42 PM  

നന്ദി അപ്പൂസ്.

നാഥേ,
SLR ക്യാമറകളിലെ ക്ലിക്ക് ശബ്ദത്തിന്റെ ആദ്യ പകുതി മിറര്‍ ലോക്ക് ആകുന്നതിന്റെയും രണ്ടാം പകുതി ഷട്ടര്‍ തുറന്ന് അടയുന്നതിന്റെയും ആണ്.
പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളില്‍ ഇതേ ശബ്ദം വെറുതേ പ്ലേ ചെയ്യുകമാത്രമാണ് ചെയ്യുന്നത്.ശരിക്കുള്ള ശബ്ദം വരാത്തതിനു കാരണം പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളില്‍ മിററും ഷട്ടറും ഇല്ലാത്തതു തന്നെ.

ഇത്രയും വിവരം അപ്പൂസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നത് ബാംഗ്ലൂരില്‍ നിന്നും ശ്രീലാല്‍ . :)

Arunan December 20, 2008 at 7:38 AM  

കൊള്ളാം അപ്പു!!.. ഇത്തവണയും നന്നായിട്ടുണ്ടു. വായനക്കാർക്കു വലിയ വിഷമം ഇത്തവണ തോന്നില്ല. ഞാനൊരു മെയിൽ അയച്ചിണ്ടു.

Kiranz..!! December 20, 2008 at 9:46 AM  

ഒരു പൊതിയാത്തേങ്ങ ഇട്ടു തന്നപ്പോ സമാധാനമായല്ലോ :) പണ്ട് റിക്കോർഡിംഗ് ചെറുസഹായമെഴുതിയതിനു പ്രതികാരമാക്കിയല്ലേ :)

krish | കൃഷ് December 20, 2008 at 9:41 PM  

വിശദീകരിച്ചത് നന്നായിട്ടുണ്ട്.

Sekhar December 21, 2008 at 4:33 AM  

Thanks for the valuable info Appoose :)

ശ്രീനാഥ്‌ | അഹം December 22, 2008 at 7:46 AM  

നന്ദി ലാലൂ... പുടികിട്ടിപ്പോയ് !

Kaippally December 22, 2008 at 10:23 AM  

അപ്പു.
നല്ല ലേഖനം.

ഒരുവിധം എല്ലാ point and shoot cameraയിലും കേൾക്കുന്ന ശബ്ദം shutter ഉമായി ഒരു ബന്ധവും ഇല്ലാത്തതാണു്. Point and shootഉം SLRഉം തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വിത്യാസവും ഈ physical shutter release തന്നെയാണു്.

Mobile phone cameraയും മിക്ക PAS cameraകളിലും ഈ ശബ്ദം പലപ്പോഴും synchronized അല്ല. ചിത്രം എടുക്കുന്നതിനു് മുമ്പോ പിമ്പോ ആയിരിക്കും ഈ ശബ്ദം കേൾക്കുന്നതു്. അതിനാൽ ശബ്ദം കേട്ടതിനു് ശേഷവും camera subjectൽ നിന്നും മാറ്റാൻ പാടില്ല.

ശ്രീനാഥ്‌ | അഹം December 22, 2008 at 10:31 AM  

ദേ എനിക്ക്‌ പിന്നേം സംശയം.. ശൊ!

അപ്പഴേ, ഈ PAS ക്യാമറയില്‍ ഷട്ടര്‍ എന്നു പറയുന്ന കുന്ത്രാണ്ടം ഇല്ലെ? ഇല്ലെങ്കി പിന്നെ എന്തിന്‌ ഷട്ടര്‍ പ്രയോരിറ്റി മോഡ്‌? എന്തിന്‌ ഷട്ടര്‍ സ്പീഡ്‌ അഡ്ജസ്റ്റ്‌മന്റ്‌? അപ്പൊ അതെല്ലാം ചുമ്മാ ഒരു അഡ്‌ജസ്റ്റ്‌മെന്റാണോ?

തൊഴിക്കാന്‍ തോനുന്നെങ്കില്‍ ഉത്തരം തരണ്ട ട്ടോ...

;)

ശ്രീലാല്‍ December 22, 2008 at 1:28 PM  

നാഥേ, തൊഴിക്കണ്ടത് എന്നെയാണ് :)
ഞാന്‍ പറഞ്ഞ കമന്റില്‍ ഷട്ടറില്ല എന്നെഴുതിയതില്‍ പിശകുണ്ട്.. എപ്പൊ അടി കിട്ടും എന്ന് കരുതി ഞാന്‍ ഇരിക്കുകയായിരുന്നു ഞാന്‍.

ഷട്ടറുണ്ട്.. ഷട്ടറുണ്ട്.. അതിന്റെ ശബ്ദം പുറത്ത് കേള്‍ക്കാനുള്ളത്ര ഇല്ല എന്നാണ് ശരി.. പിന്നെ ഏന്നോടൊന്നും ചോദിക്കരുത് :)

ഒരറിയിപ്പ്: ഈ ബ്ലോഗിന്റെ നാഥന്‍ മിസ്റ്റര്‍ അപ്പുമാസ്റ്റര്‍ ഉടന്‍ തന്നെ കമന്റ് ബോക്സില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അറിയാത്ത കാര്യം വിളിച്ച് പറഞ്ഞ് ഒരുത്തന്‍ ഇവിടാകെ കുളമാക്കിയിരിക്കുന്നു.

ഇനി ഇവിടെ ഷട്ടര്‍ എന്ന ഒരു വാക്കു മിണ്ടിയാല്‍ ഞാന്‍ പേരെഴുതി മാഷിനു കൊടുക്കും.

ശ്രീനാഥ്‌ | അഹം December 22, 2008 at 1:47 PM  

ശൊ! ന്നാലും ന്നെ ഇങ്ങനെ ചതിക്കേണ്ടിയിരുന്നില്ല... :)

എനിക്ക്‌ ഒരുപാട്‌ കാശ്‌ മുടക്കി SLR നു പഠിക്കാന്‍ പറ്റിയില്ലാ എന്ന് വെച്ച്‌ ഈ PAS അത്ര മോശം ഡിഗ്രി ഒന്നുമല്ലാ ട്ടാ...

ഇപ്പ സംശയങ്ങളെല്ലാം തീര്‍ന്നു...

അപ്പു മാഷ്‌ വരണേനു മുന്നേ വേഗം പോവാം.

അപ്പു ആദ്യാക്ഷരി December 22, 2008 at 3:53 PM  

ശ്രീനാഥിന്റെ ചോദ്യം ഞാന്‍ കണ്ടിരുന്നൂവെങ്കിലും സ്ഥലത്തില്ല്ലാഞ്ഞതീനാ‍ലാണ് മറുപടീ എഴുതുവാന്‍ താമസിച്ചത്.

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും SLR ക്യാമറയും തമ്മിലുള്ള പ്രധാന വ്യത്യാസം തന്നെ ഷട്ടര്‍ operation ഇല്‍ ഉള്ള ഈ വ്യത്യാസമാണ്. പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ ലൈവ് പ്രിവ്യൂ എപ്പോഴും ഉള്ളതിനാല്‍ അതില്‍ സാധാരണ സമയങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന ഷട്ടര്‍ മെക്കാനിസം ഈ അധ്യായത്തില്‍ നാം പറഞ്ഞ രീതിയിലുള്ള അടച്ചു തുറക്കുന്ന ഒരു വാതില്‍ അല്ല. പകരം, വീഡിയോ ക്യമാറകളിലെതുപോലെയുള്ള ഒരു ഷട്ടര്‍ മെക്കാനിസം വഴിയാണ് അവയിലെ പ്രിവ്യൂ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ രംഗം ഒരു സ്റ്റില്‍ ഫോട്ടോ ആക്കി മാറ്റുവാന്‍ ഈ മെക്കനിസത്തില്‍ നിന്നു മാറി, പകരം തല്‍ക്കാലത്തേക്ക് തുറന്നടയുന്ന ഒരു ഷട്ടര്‍ രിയ്തിയിലുള്ള സംവിധാനം സെന്സറിന് മുമ്പിലേക്ക് കൊണ്ടുവരുന്നു - ക്യാമറയിലെ ലൈറ്റ് മീറ്റര്‍ കണക്കാക്കിയ, ആ ക്യാമറയുടെ specification അനുവദിക്കുന്ന രീതിയില്‍. ഇതുകൊണ്ടാണ് P&S camera യില്‍ ഷട്ടര്‍ ലാഗ് എന്ന പ്രശ്നം ഉണ്ടാകുന്നത്. മാത്രവുമല്ല, പ്രിവ്യു കണ്ടുകൊണ്ടിരുന്ന രീതിയില്‍ ആവില്ല പലപ്പോഴും കിട്ടുന്ന റിസള്‍ട്ട്.

ഇനി ചോദ്യത്തിന്റെ ഉത്തരം. SLR ലെ ക്ലിക്ക് സൌണ്ട് മിറര്‍ ഫ്ലിപ്പ് ചെയ്യുന്നതിന്റെയും ഷട്ടര്‍ തുറന്നടയുന്നതിന്റെയും കൂടിച്ചേര്‍ന്ന ശബ്ദമാണ്. പോയിന്റ് ആന്‍ഡ് shoot ഇല്‍ ഇത് ഒരു റിക്കോര്ഡ് ശബ്ദമാണ് (ശ്രീലാല്‍, കൈപ്പള്ളി നന്ദി). അവിടെ നമുക്കു കേള്‍ക്കാന്‍ മാത്രം വലിയ മെക്കാനിക്കല്‍ ഷട്ടര്‍ ശബ്ദം ഇല്ല.

ശ്രീനാഥ്‌ | അഹം December 22, 2008 at 4:06 PM  

അപ്പു മാഷേ... നന്ദി...

മാഷ്‌ പറഞ്ഞപോലെ LCD യില്‍ കണ്ടിട്ട്‌ ക്ലിക്കുന്ന പടമായിരിക്കില്ല മിക്ക സമയത്തും ഔട്‌പുട്ട്‌(തേങ്ങാപുട്ടല്ല) ആയി വരുന്നത്‌. പ്രത്യേകിച്ചും നമ്മുടെ അര്‍ക്കന്‍ ചേട്ടന്റെ പടമെടുക്കുമ്പോള്‍.

മാത്രവുമല്ല, ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌, SLR ഇല്‍ ഷട്ടര്‍ സ്പീഡ്‌ മാറുന്നതിനനുസരിച്ച്‌ ശബ്ദത്തിന്റെ സ്പീഡും മാറുന്നതായിട്ട്‌. ലദായത്‌, വല്ല ആയിരമോ അതിലധികമോ സ്പീഡിയാല്‍, ക്ടക്‌! അതല്ല വല്ല ഒന്നോ രണ്ടോ സെക്കന്റിലിട്ടാല്‍ ക്ട......ക്‌!

ഒരിക്കല്‍ കൂടി നന്ദി....

പൈങ്ങോടന്‍ December 23, 2008 at 12:37 AM  

ഷട്ടര്‍ സ്പീഡിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു.

പലപ്പോഴും ഷട്ടര്‍ സ്പീഡില്‍ പരീക്ഷണം നടത്തണമെന്നു ഉണ്ടായിരുന്നെങ്കിലും ഒരു മുക്കാലി ഇല്ലാത്തതുകാരണംകാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല

രണ്ടാഴ്ചമുന്ന് ഒരു ചെറിയ അരുവി ഒരു 2 സെക്കന്റ് എക്സ്പോഷറില്‍ എടുത്തുനോക്കിയിരുന്നു, ക്യാമറ ഒരു കല്ലിന്റെ മുകളില്‍ വെച്ചിട്ട് ഹ ഹ ഹ

ശ്രീനാഥിന്റെ സംശയം കണ്ടപ്പോള്‍ ആ സംശയം എനിക്കുമുണ്ടായിരുന്നു എന്ന് മനസ്സിലായി. ഇപ്പോ മാറിക്കിട്ടി

പൈങ്ങോടന്‍ February 12, 2009 at 1:49 AM  

മാഷെ മടിപിടിച്ചിരിക്കാതെ അടുത്ത ക്ലാസെടുക്കൂ :)

hi April 9, 2009 at 12:40 PM  

കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരുന്നതിനു നന്ദി..
പി എ എസ് ക്യാമറകളില്‍ അപ്പര്‍ച്ചര്‍, ഡയഫ്രം അഡ്ജസ്റ്റ് ചെയ്തു കൊണ്ട് തന്നെ ആണോ നിയന്ത്രിക്കുന്നത് ? ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് അത് ക്യാമറയിലെ സോഫ്ട്വെയര്‍ ഉപയോഗിച്ചുള്ള ഒരു ടെക്നിക്ക് ആയിരിക്കും എന്നായിരുന്നു.

Appu Adyakshari April 9, 2009 at 12:44 PM  

അതെങ്ങനെ ശരിയാവും ഷമ്മീ, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ഡെപ്ത് ഓഫ് ഫീല്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ കാണുന്നില്ലേ? അപ്പര്‍ച്ചര്‍ ഇല്ലാതെ ഒരു ലെന്‍സില്‍ കൂടീയുള്ള പ്രകാശ നിയന്ത്രണം സാധ്യമാവില്ല. വലിയ ലെന്‍സുകളെപ്പോലെ അത്രയധികം സ്റ്റോപ്പുകള്‍ ഉണ്ടാവില്ല എന്നുമാത്രം

Unknown February 13, 2017 at 8:17 AM  

വളരെ നന്ദി

Unknown February 13, 2017 at 8:17 AM  

വളരെ നന്ദി

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP