ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Wednesday, December 5, 2007

പാഠം 2 : ക്യാമറയുടെ ഉള്ളിലേക്ക്

പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പു സ്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ കൊണ്ടുവന്നിരുന്ന ബെല്ലോസ്‌ ഉള്ള മുക്കാലി ക്യാമറ ഓര്‍ക്കുന്നുണ്ടോ? ഒരു കറുത്ത പുതപ്പും പുതച്ച്‌ ക്യാമറയിലെന്തെക്കെയോ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍. കണ്ണിമയ്ക്കാതെ, ക്യാമറയിലേക്ക്‌ നോക്കിയിരിക്കുന്ന കുട്ടികളും ക്ലാസ്‌ ടീച്ചറും.


കാത്തിരുപ്പിനൊടുവില്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയുടെ മുന്നിലുള്ള ഒരു മൂടി തുറക്കുകയും ഉടനേ അടയ്ക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോയെടുക്കല്‍ തീര്‍ന്നു! ഒരാഴ്ചകഴിയുമ്പോള്‍ കിട്ടുന്ന പ്രിന്റുനോക്കി നില്‍ക്കുമ്പോള്‍ നമുക്കൊക്കെ എന്തല്‍ഭുതമായിരുന്നു അല്ലേ? പലരും അറിയാതെ കണ്ണടച്ചും അടുത്തവരിയില്‍ നില്‍ക്കുന്നകൂട്ടുകാരനെ / കൂട്ടുകാരിയെ നോക്കുന്ന പോസിലും മറ്റും ആയിരിക്കുമെങ്കിലും! അവിടെനിന്നിങ്ങോട്ട്‌ ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു!

ബെല്ലോസ് ക്യാമറ - കടപ്പാട്: Wikipedia

എങ്ങനെയാണ്‌ ഒരു ക്യാമറ ഫോട്ടോ എടുക്കുന്നത്‌? നോക്കാം. ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുക എന്നാല്‍ ആ വസ്തുവില്‍നിന്നും പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങളെ അനുയോജ്യമായ ഒരു പ്രതലത്തിലേക്ക്‌ റിക്കോര്‍ഡുചെയ്യുക / പതിപ്പിക്കുക എന്നാണര്‍ത്ഥം. അതായത്‌ ആ വസ്തുവിന്റെ ഒരു പ്രതിബിംബം സൃഷ്ടിച്ചതിനുശേഷം, ആ പ്രതിബിംബത്തെ അതേപടിപകര്‍ത്തിവയ്ക്കാന്‍ കഴിയുന്ന ഒരു പ്രതലത്തിലേക്ക്‌ പതിപ്പിച്ചെടുക്കുക എന്നതാണ്‌ ഫോട്ടോഗ്രാഫിയില്‍ നാം ചെയ്യുന്നത്‌. ഇങ്ങനെ പ്രകാശത്തെ റിക്കോര്‍ഡുചെയ്യുന്നതിനായി പ്രധാനമായും മൂന്നൂഘടകങ്ങള്‍ ഒരു ക്യാമറയ്ക്ക്‌ ഉണ്ടാവണം -

(1) വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കാനുള്ള ഒരു ലെന്‍സ്‌
(2) ലെന്‍സ്‌ ഉണ്ടാക്കുന്ന പ്രതിബിംബത്തെ അതേപടി പതിപ്പിച്ചെടുക്കാന്‍ അനുയോജ്യമായ ഒരു പ്രതലം
(3) ഈ പ്രതലത്തില്‍ പ്രതിബിംബം പതിപ്പിക്കാനാവശ്യമുള്ള അളവില്‍ മാത്രം പ്രകാശത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം.

1. ലെന്‍സ്

ലെന്‍സ്‌ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ക്യാമറയുടെ മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഗ്ലാസ്‌ നിര്‍മ്മിതമായ ജാലകമാണ്‌ ലെന്‍സ്‌. അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ ലെന്‍സുകളെ പ്രധാനമായും രണ്ടുവിഭാഗങ്ങളായി തിരിക്കാം; കോണ്‍വെക്സ്‌ ലെന്‍സുകളും കോണ്‍കേവ്‌ ലെന്‍സുകളും. കോണ്‍വെക്സ്‌ ലെന്‍സുകള്‍ക്ക്‌ മധ്യഭാഗത്ത്‌ കനം കൂടുതലും, അരികിലേക്ക്‌ പോകുന്തോറും കനം കുറവും ആയിരിക്കും. കോണ്‍കേവ്‌ ലെന്‍സുകളൂടെ അരികുകള്‍ക്കാണ്‌ കനം കൂടുതല്‍. താഴെക്കൊടുത്തിരിക്കുന്ന കോണ്‍‌വെക്സ് ലെന്‍സിന്റെ ചിത്രം ശ്രദ്ധിക്കൂ.


കടപ്പാട് : Wikipedia commons

കോണ്‍വെക്സ്‌ ലെന്‍സുകള്‍ അവയുടെ ആക്സിസിനു സമാന്തരമായി കടന്നുവരുന്ന പ്രകാശ രശ്മികളെ, ലെന്‍സിന്റെ എതിര്‍വശത്തുള്ള ഒരു പ്രത്യേകബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുന്നു. അതിനാല്‍ അവയെ കണ്‍വേര്‍ജിംഗ്‌ (converging)ലെന്‍സ്‌ എന്നും വിളിക്കാം. ഇങ്ങനെ പ്രകാശം കേന്ദ്രികരിക്കപ്പെടുന്ന ബിന്ദുവിനെ ഫോക്കല്‍പോയിന്റ്‌ (focal point) എന്നും ലെന്‍സില്‍നിന്നും ഈ ബിന്ദുവിലേക്കുള്ള അകലത്തെ ഫോക്കല്‍ ലെങ്ങ്ത്‌ (focal length) എന്നും പറയുന്നു. (ലെന്‍സിന്റെ ഇരുവശങ്ങളിലും ഇതുപോലെ ഓരോ ഫോക്കല്‍ പോയിന്റുകള്‍ ഉണ്ട്‌). അതായത്‌ ലെന്‍സില്‍ന്റെ ഒരുവശത്ത് അനന്തതയിൽ (infinity) ഇരിക്കുന്ന ഒരു വസ്തുവിന്റെ* പ്രതിബിംബം, ലെന്‍സിന്റെ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍* രൂപപ്പെടുന്നു. ഈ ഫോക്കല്‍ പോയിന്റില്‍ ലെന്‍സിന്‌ അഭിമുഖമായി ഒരു ലംബപ്രതലം വച്ചാല്‍ ലെന്‍സിന്റെ മറുവശത്തുള്ള വസ്തുവിന്റെ തലകീഴായ ഒരു പ്രതിബിംബം ഈ പ്രതലത്തില്‍ കിട്ടും. ഇങ്ങനെ ലംബമായി പ്രതിബിംബം രൂപപ്പെടുന്ന പ്രതലത്തെ ഇമേജ് പ്ലെയിന്‍ എന്നുവിളിക്കുന്നു. ഹാവൂ...... കടുകട്ടിയായോ? കുഴപ്പമില്ല, അറിയാവുന്ന ഒരു ഉദാഹരണം നോക്കാം.

കുട്ടിക്കാലത്ത്‌ , മുത്തച്ഛന്റെ കണ്ണടയുപയോഗിച്ച്‌ സൂര്യപ്രകാശത്തെ ഒരു കഷണം പഞ്ഞിയിലേക്ക്‌ കേന്ദ്രീകരിച്ച്‌ തീപിടിപ്പിച്ചിരുന്ന പരീക്ഷണം ചിലരെങ്കിലും ചെയ്തുകാണും, ഇല്ലേ?. ഇവിടെ പ്രകാശം കേന്ദ്രീകരിക്കുന്ന ബിന്ദുവില്‍ യഥാര്‍ഥത്തില്‍ സൂര്യന്റെ ഒരു പ്രതിബിംബമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇതാണ്‌ ആ ലെന്‍സിന്റെ ഫോക്കല്‍ പോയിന്റ്‌. ലെന്‍സില്‍ നിന്നും ഈ ബിന്ദുവിലേക്കുള്ള ദൂരമാണ്‌ ഫോക്കല്‍ ലെങ്ങ്ത്‌. (പ്രകാശകിരണങ്ങളോടൊപ്പം ചൂടും ആബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ടാണ്‌ പഞ്ഞിക്കഷണത്തിനു തീപിടിക്കുന്നത്‌). ഇതുപോലെ, ഈ കണ്ണട ലെന്‍സ്‌ ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ മുമ്പിലുള്ള മരങ്ങളുടെയും വീടുകളുടെയും മറ്റുവസ്തുക്കളുടെയുമൊക്കെ പ്രതിബിംബം ഒരു ഭിത്തിയിലേക്ക്‌ പതിപ്പിക്കാം. ഈ ചിത്രം നോക്കൂ.

കടപ്പാട്: Wikipedia commons


ഈ തത്വമാണ്‌ ക്യാമറകളില്‍ ഉപയോഗിക്കുന്നത്‌. പ്രതിബിംബം (real image) ഉണ്ടാകുന്ന ഇമേജ് പ്ലെയിനിലായിരിക്കും ഫിലിം (ഡിജിറ്റല്‍ ക്യാമറയിലാണെങ്കില്‍ സെന്‍സര്‍) വച്ചിരിക്കുന്നത്‌. ഈ തത്വത്തെപ്പറ്റി വളരെ വിശദമായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട്” എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.

രണ്ടാമത്തെയിനം ലെന്‍സുകളുടെ അരികുകള്‍ക്ക്‌ കനം കൂടുതലും മധ്യഭാഗത്തിനു കനം കുറവും ആയിരിക്കും. ഇത്തരം ലെന്‍സുകളെ കോണ്‍കേവ്‌ ലെന്‍സ്‌ എന്നു വിളിക്കുന്നു. ഇവ, പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുകയല്ല, മറിച്ച്‌ അവയെ വികേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്‌.

കടപ്പാട്: Wikipedia commons

അതിനാല്‍ ഇവയെ ഡൈവേര്‍ജിംഗ്‌ (diverging) ലെന്‍സുകള്‍ എന്നും വിളിക്കാം. ഇത്തരം ലെന്‍സുകള്‍ക്ക്‌ ഒരു യഥാര്‍ഥപ്രതിബിംബം രൂപീകരിക്കാന്‍ കഴിയില്ല. ഇതുവരെ പറഞ്ഞ ലെന്‍സുരൂപങ്ങളോരോന്നും simple lense എന്നാണറിയപ്പെടുന്നത്‌. ഒരു കഷ്ണം ഗ്ലാസ്‌ പീസിലാണ്‌ അവ നിര്‍മ്മിച്ചിരിക്കുന്നത്‌. ഓരോ ലെന്‍സിന്റെയും വലിപ്പവും, കനവും അനുസരിച്ച്‌ അവയുടെ ഫോക്കല്‍ പോയിന്റുകളും ഫോക്കല്‍ ലെങ്ങ്തുകളും വ്യത്യാസപ്പെട്ടിരിക്കും.

പ്രത്യേകമായി ഒരുകാര്യം ഇവിടെ പറയാനുള്ളത്‌, നാം ഇന്നുകാണുന്ന 35mm ക്യാമറലെന്‍സുകള്‍ ഇതുപോലെ ഒരുകഷ്ണം ഗ്ലാസിനാല്‍ നിര്‍മ്മിച്ചതല്ല. അവയൊക്കെയും ഒന്നില്‍കൂടുതല്‍ കോണ്‍കേവ്‌, കോണ്‍വെക്സ്‌, സെമി-കോണ്‍വെക്സ്‌ ലെന്‍സുകള്‍ ലെന്‍സുകള്‍ ചേര്‍ന്നതാണ്‌. അത്തരം ഒരു ലെന്‍സിന്റെ ഡയഗ്രം ഇവിടെയുണ്ട് (ക്ലിക്ക് ചെയ്താല്‍ കാണാം) അതിനാല്‍ ഇവയെ combination lense systems എന്നു വിളിക്കുന്നു. ഫോട്ടോയെടുക്കാനുള്ള ഒരു വസ്തുവിനെ നാം ഫോക്കസ്‌ ചെയുമ്പോള്‍ യഥാര്‍ഥത്തില്‍ചെയ്യുന്നത്‌ ആ വസ്തുവിന്റെ ഒരു വ്യക്തമായ പ്രതിബിംബം ക്യാമറയുടെ ഇമേജ് പ്ലെയിനിലേക്ക്‌ (ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍) വീഴാന്‍തക്കവിധം ഈ ലെന്‍സുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ്‌.2. ഫിലിം / ഡിജിറ്റല്‍ സെന്‍സര്‍
പ്രകാശം പതിക്കുമ്പോള്‍ രാസമാറ്റങ്ങള്‍ക്കുവിധേയമാകുന്ന പ്രത്യേകതരം രാസവസ്തുക്കള്‍ ലേപനംചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ പ്രതലമാണ്‌ ഫിലിം. എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി, ഫോട്ടോ എടുക്കേണ്ട വസ്തു കറുപ്പും വെളുപ്പും കള്ളികളുള്ള ചെസ്‌ ബോര്‍ഡ്‌ പോലെയൊരു പ്രതലമാണെന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ പ്രതിബിംബവും കറുപ്പും വെളുപ്പും കള്ളികള്‍ നിറഞ്ഞതായിരിക്കുമല്ലോ. വെളുപ്പുനിറമുള്ള കള്ളികളിനിന്നും കൂടുതല്‍ പ്രകാശകിരണങ്ങളും, കറുപ്പുനിറമുള്ള കള്ളികളിനിന്നും അതിനേക്കാള്‍ കുറഞ്ഞ അളവില്‍ പ്രകാശകിരണങ്ങളുമാണ്‌ ഫിലിമിലേക്ക്‌ പതിക്കുക. അപ്പോള്‍ സ്വാഭാവികമായും, വെളുത്തകള്ളികളിലെ പ്രകാശംവീണ ഫിലിമിന്റെ ഭാഗങ്ങളില്‍ കൂടുതല്‍ രാസമാറ്റങ്ങള്‍ നടക്കുകയും കറുത്തകള്ളികളുള്ള ഭാഗങ്ങളില്‍ കുറച്ചുമാത്രം രാസമാറ്റങ്ങള്‍ നടക്കുകയും ചെയ്യും. ഈ ഫിലിമിനെ "വാഷ്‌ചെയ്യുക" എന്നു നമ്മള്‍ സാധാരണ പറയാറുള്ള രാസപ്രക്രിയയ്ക്കുവിധേയമാക്കുമ്പോള്‍ ഈ കറുപ്പും, വെളുപ്പും കള്ളികളുടെ ഒരു "നെഗറ്റീവ്‌" നമുക്ക്‌ ലഭിക്കുന്നു. ശ്രദ്ധിക്കുക, നെഗറ്റീവില്‍ കറുത്തകള്ളികള്‍ വെളുത്തും, വെളുത്തകള്ളികള്‍ കറുത്തുമായിരിക്കും കാണപ്പെടുന്നത്‌.

ഈ നെഗറ്റീവില്‍ക്കൂടി പ്രകാശം നിയന്ത്രിതമായ രീതിയില്‍ കടത്തിവിട്ട്‌, ആ പ്രകാശത്തെ ഒരു ഫോട്ടോസെന്‍സിറ്റീവ്‌ പേപ്പറിലേക്ക്‌ പതിപ്പിക്കുമ്പോള്‍ നെഗറ്റീവിലുള്ള ചിത്രത്തിന്റെ ഒരു പോസിറ്റീവ്‌, അഥവാ നമ്മള്‍ ഫോട്ടോ എടുത്ത വസ്തുവിന്റെ ഒരു യഥാര്‍ത്ഥ പ്രതിച്ഛായ ലഭിക്കുകയും ചെയ്യുന്നു. കളര്‍ ഫോട്ടോഗ്രാഫിയിലും ഇതേപ്രവര്‍ത്തനങ്ങളാണ്‌ ഫിലിമില്‍ നടക്കുന്നത്‌.

ഡിജിറ്റല്‍ക്യാമറയില്‍ ഫിലിം ചെയ്യുന്ന ജോലികള്‍ ഒരു സെന്‍സര്‍ ആണു ചെയ്യുന്നത്‌ എന്നു പറഞ്ഞുവല്ലോ. ഡിജിറ്റല്‍ സെന്‍സറിനെപ്പറ്റി അല്‍പ്പം വിശദമായിത്തന്നെ ഇനി വരുന്ന ഒരു പോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നുണ്ട്‌. അതിനാല്‍ ഇവിടെ അധികം വിശദീകരിക്കുന്നില്ല. പൊതുവേപറഞ്ഞാല്‍, സെന്‍സറുകളില്‍ പ്രകാശകിരണങ്ങള്‍ പതിക്കുമ്പോള്‍ വളരെചെറിയ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കുന്ന അനേകം സൂക്ഷ്മകണികകള്‍ പതിപ്പിച്ചിട്ടുണ്ട്‌. ഫോട്ടോസൈറ്റുകള്‍ എന്നാണ്‌ ഇവയെ സാങ്കേതികമായി വിളിക്കുന്ന പേര്‌. നേരത്തെപറഞ്ഞ ചെസ്ബോര്‍ഡിന്റെ ഉദാഹരണം നോക്കുക. സെന്‍സറില്‍ വീഴുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്‌ ഓരോ ഫോട്ടോസൈറ്റിലും ഉണ്ടാകുന്ന വൈദ്യുതതരംഗങ്ങളുടെ അളവും ശക്തിയും വ്യത്യാസപ്പെട്ടിരിക്കും. ഈ ഏറ്റക്കുറച്ചിലുകളെ ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോസസര്‍ ഉപയോഗിച്ച്‌ വിശകലനംചെയ്ത്‌, സെന്‍സറില്‍ വീണപ്രതിംബത്തെ പുനഃസൃഷ്ടിക്കുകയാണ്‌ ഒരു ഡിജിറ്റല്‍ ക്യാമറയുടെ സെന്‍സര്‍ ചെയ്യുന്നത്‌.

3. അപ്പര്‍ച്ചറും ഷട്ടറും
മുന്നാമത്തെ ഘടകമായ പ്രകാശ നിയന്ത്രണ സംവിധാനവും ക്യാമറയില്‍ സുപ്രധാനമാണ്‌. അധികമായാല്‍ അമൃതും വിഷം എന്ന പ്രമാണം ലൈറ്റിന്റെ കാര്യത്തിലും ബാധകമാണ്‌. ആവശ്യത്തില്‍കൂടുതല്‍ പ്രകാശം ഫിലിമില്‍ വീണാല്‍, പ്രതിംബിത്തിനുപകരം ആകെവെളുത്ത ഒരു ചിത്രമായിരിക്കുംലഭിക്കുക. ഫിലിമിലേക്ക്‌ പതിക്കുന്ന പ്രകാശത്തെ നിശ്ചിത അളവില്‍ നിയന്ത്രിക്കുന്നതിനായി ക്യാമറയില്‍ രണ്ടു സംവിധാനങ്ങളുണ്ട്‌. ഒന്ന്, ലെന്‍സിനു പുറകില്‍ ഉള്ള അപ്പര്‍ചര്‍ എന്ന സുഷിരം. ഈ സുഷിരത്തിന്റെ വ്യാസം വ്യത്യാസപ്പെടുത്താവുന്നതാണ്‌. ഇതിന്റെ വ്യാസം കൂട്ടിയും കുറച്ചും ക്യാമറയുടെ ഉള്ളിലേക്ക്‌ കടക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കാം. രണ്ടാമത്തെ സംവിധാനമാണ്‌ ഷട്ടര്‍. ഷട്ടറിനെ ഒരു വാതിലിനോട്‌ ഉപമിക്കാം. ഫിലിമിനു മുമ്പില്‍ ഉറപ്പിച്ചിരിക്കുന്ന തുറക്കുകയും അടയ്കുകയും ചെയ്യാവുന്ന ഒരു വാതില്‍. സാധാരണഗതിയില്‍ ഈ വാതില്‍ തുറന്നടയുന്നത്‌ സെക്കന്റിന്റെ അംശങ്ങളിലാണെന്നുമാത്രം. കൂടുതല്‍ സമയത്തേക്ക്‌ തുറന്നാല്‍ കൂടുതല്‍ പ്രകാശം ഫിലിമില്‍ പതിക്കും. പെട്ടന്ന് തുറന്നടച്ചാല്‍ കുറച്ചു പ്രകാശം ഫിലിമില്‍ പതിക്കും. നമ്മള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ കേള്‍ക്കുന്ന "ക്ലിക്ക്‌" ശബ്ദം ഈ ഷട്ടര്‍ തുറന്നടയുന്നതിന്റെതാണ്‌. (സ്കൂള്‍ ഫോട്ടോയില്‍ ഫോട്ടോഗ്രാഫര്‍ ലെന്‍സിന്റെ മൂടി തുറന്നിട്ട് അടച്ചപ്പോള്‍ ചെയ്തതും ഇതുതന്നെ). ഈ രണ്ടുസംവിധാനങ്ങളും - അപ്പര്‍ച്ചറും ഷട്ടറും- അനുയോജ്യമായ രീതിയില്‍ നിയന്ത്രിച്ചാണ്‌ ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍ പതിക്കേണ്ട പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നത്‌. അപ്പര്‍ച്ചര്‍ ഷട്ടര്‍ എന്നിവയെപ്പറ്റി വിശദമായി എസ്.എല്‍.ആര്‍ ക്യാമറകളെപ്പറ്റിയുള്ള പോസ്റ്റില്‍ ചര്‍ച്ചചെയ്യാം.

ദശകങ്ങള്‍ക്കുമുമ്പ് സ്റ്റുഡിയോകളില്‍ ഒതുങ്ങിനിന്നിരുന ബെല്ലോ ക്യാമറയില്‍ നിന്ന് ഇന്ന് പോക്കറ്റില്‍ ഇടംകണ്ടെത്തിയിരിക്കുന്ന ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! ഓട്ടോമാറ്റിക്‌ ക്യാമറ എന്നവിളിപ്പേരില്‍ അറിയപ്പെട്ട 35mm കോമ്പാക്റ്റ്‌ ഫിലിംക്യാമറ എത്തിയതോടെ വീടുകളിലും ക്യാമറകള്‍ വരാന്‍ തുടങ്ങി. SLR ഫിലിം ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൈകളില്‍ മാത്രമായി ഒതുങ്ങിയതുകൊണ്ടാവാം അവ സാധാരണഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കൈകാര്യംചെയ്യാന്‍ പറ്റാത്തവയാണ്‌ എന്നൊരുതോന്നല്‍ ഇന്നും പലര്‍ക്കും ഉള്ളത്‌ (ഇതു പൂര്‍ണ്ണമായും ശരിയല്ല കേട്ടോ, വരുന്ന പോസ്റ്റുകളില്‍ ഇതേപ്പറ്റി പറയാം).

ശരിക്കും ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെയാണ്‌ ക്യാമറ കൂടുതല്‍ ജനകീയമാവാന്‍ തുടങ്ങിയത്‌. ഡിജിറ്റല്‍ കോമ്പാക്റ്റ്‌ ക്യാമറകള്‍, വെബ്‌ ക്യാമറകള്‍, ഡിജിറ്റല്‍ SLR തുടങ്ങി, മൊബൈല്‍ഫോണില്‍വരെ ഒതുങ്ങിയ ഡിജിറ്റല്‍ ക്യാമറ അതിലും ചെറുതായി ഇന്ന് രക്തക്കുഴലുകളില്‍ വരെ കയറ്റിവിടാനാവുംവിധം വലിപ്പത്തിലെത്തിനില്‍ക്കുന്നു! ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ വന്ന നൂതന സാങ്കേതികവിദ്യകളും, ക്യാമറകളുടെ വിലകുറയ്ക്കാനായി നിര്‍മ്മാതാക്കള്‍ പരീക്ഷിച്ച രീതികളും ക്യാമറയുടെ ജനപ്രീതിയില്‍ വന്‍ കുതിച്ചുചാട്ടംതന്നെ ഉണ്ടാക്കി. ഇന്ന് കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിലെങ്കിലും ഒരു ക്യാമറ സ്വന്തമായി ഇല്ലാത്തവര്‍ ഇല്ലതന്നെ.

അപ്പോഴാണ്‌ ഒരു നൂറുകൂട്ടം സ്പെസിഫിക്കേഷനുകളുമായുള്ള നിര്‍മ്മാതാക്കളുടെ വരവ്‌. ഏതാണു നല്ലത്‌? ഏതാണു മോശം? അതോ എല്ലാ ഡിജിറ്റലും ഒരുപോലെ നല്ലതോ? ആകെ സംശയം. ഡിജിറ്റല്‍ വിപ്ലവത്തിലെ കൂടുതല്‍ കഥകള്‍ അടുത്തപോസ്റ്റില്‍.

========

* കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ ലെന്‍സിന്റെ ഫോക്കല്‍ ലെങ്തിനേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കുന്ന വസ്തുക്കളുടെ പ്രതിബിംബമേ ലെന്‍സ് മറുവശത്ത് രൂപപ്പെടുത്തുകയുള്ളൂ. അതുപോലെ അനന്തതയില്‍ (infinity) സ്ഥിതിചെയ്യുന്ന വസ്തുക്കളില്‍നിന്നു വരുന്ന പ്രകാശകിരണങ്ങള്‍ മാത്രമേ ലെൻസിന്റെ ആക്സിസിനു സമാന്തരമായി വരുകയുള്ളൂ, അതുകൊണ്ട് അവ മാത്രമേ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍ത്തന്നെ ഒരു പ്രതിബിംബം ഉണ്ടാക്കുന്നുള്ളൂ. താരതമ്യേന ലെന്‍സിന്റെ അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം ഫോക്കല്‍ പോയിന്റിനു സമീപത്തുള്ള (അതിനു മുമ്പിലേ പുറകിലോ ആവാം) ഒരു തിരശ്ചീന തലത്തില്‍ (vertical plane) ആവും രൂപപ്പെടുക. ഇതേപ്പറ്റി കൂടുതലായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട് “എന്ന പോസ്റ്റില്‍ പറയുന്നുണ്ട്.

Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

48 comments:

അപ്പു ആദ്യാക്ഷരി December 5, 2007 at 7:15 AM  

ക്യാമറയുടെ പ്രവര്‍ത്തന തത്വങ്ങളിലേക്ക് ഒരെത്തിനോട്ടം.

ശ്രീലാല്‍ December 5, 2007 at 7:22 AM  

ആദ്യം ഹാജര്‍.
പിന്നെ പഠനം.

:)

ദിലീപ് വിശ്വനാഥ് December 5, 2007 at 7:58 AM  

നന്നാവുന്നുണ്ട് അപ്പുവേട്ടാ...തുടരൂ...

തമനു December 5, 2007 at 7:59 AM  

അതി ഗംഭീരം അപ്പൂ...

ഈ പ്രയത്നത്തിനും, വളരെ ലളിതമായുള്ള ഈ വിശദീകരണത്തിനും അപ്പുവിന് 100 മാര്‍ക്ക്.

ഇത്ര ലളിതമായി സാങ്കേതിക കാര്യങ്ങള്‍ എഴുതാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..

അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു..

ആവനാഴി December 5, 2007 at 8:04 AM  

അപ്പു,

വായിക്കുന്നുണ്ട്. വളരെ നന്നായിട്ടുണ്ട് വിവരണങ്ങള്‍.

പണ്ടു സ്കൂളില്‍‍ പഠിച്ചിരുന്ന കാലത്തു ഗ്രൂപ്പു ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍ വരുമ്പോള്‍ എന്തായിരിക്കും ഈ ചിത്രപ്പെട്ടിയുടെ ഉള്ളില്‍ എന്നു അല്‍ഭുതപ്പെട്ടിട്ടുണ്ട്.

ഫോട്ടൊ എടുക്കാന്‍ മാത്രമല്ല ക്യാമറയുടെ പ്രവര്‍ത്തനതത്വങ്ങള്‍ കൂടി വിശദീകരിച്ചു തരുന്നതിലൂടെ അപ്പുമാഷുടെ ലേഖനം “a cut above the rest" ആയി മാറിയിരിക്കുന്നു എന്നു സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

സസ്നേഹം
ആവനാഴി.

ആഷ | Asha December 5, 2007 at 8:56 AM  

അപ്പുസാര്‍, ഞാന്‍ ഹാജര്‍
രണ്ടാം പാഠവും പഠിച്ചു.
നന്നായി വിശദീകരിച്ചിരിക്കുന്നു.

prasanth kalathil December 5, 2007 at 9:07 AM  

thanx for this blog....

pls add me too to your maillist.
(vijtir@gmail.com)

ശ്രീ December 5, 2007 at 9:15 AM  

അപ്പുവേട്ടാ... ഇതും നന്നായിട്ടുണ്ട്. വിശദമായ ഒരു ക്ലാസ്സ് തന്നെ.

:)

[ nardnahc hsemus ] December 5, 2007 at 9:29 AM  

അപ്പു, പാഠം രണ്ട് നന്നായി..
ബെല്ലൊസ് കാമറയുടെയും പിന്നെ പറഞ മൂന്നു പോയിന്റുകളുടെയും ചിത്രങള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാകുമായിരുന്നു... ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒട്ടും വിഞ്ജാനമില്ലാത്ത ഒരാളെ മനസ്സില്‍ക്കണ്ട് എഴുതുമ്പോള്‍ അതും അനിവാര്യം തന്നെയല്ലെ... :)

ഡിജിറ്റല്‍ വിപ്ലവത്തിലെ വിപണന തന്ത്രങ്ങളുടെ കഥ അടുത്തപോസ്റ്റില്‍ പറയുന്നതിനുമുന്‍പ്, “കാമറ്യ്ക്കുള്ളിലേയ്ക്കിറക്കിയ“ എന്നെ എല്ലാഭാഗങളും വിവരിച്ചതിനുശേഷം മാത്രം, അങോട്ട് കൊണ്ടുപോയാല്‍ പോരെ, എന്നൊരു സജ്ജഷന്‍ കൂടി.. :)

അഭിനന്ദനങള്‍...

ശ്രീലാല്‍ December 5, 2007 at 9:52 AM  

മാഷേ, സംശയം.

1. 35 എം.എം ക്യാമറ എന്നുവച്ചാല്‍ അതുപയോഗിക്കുന്ന ലെന്‍സിന്റെ ഫോക്കല്‍ ദൂരം 35 എം.എം എന്നാ‍ണോ അര്‍ത്ഥം.? ഒപ്പം തന്നെ അത് 35മൂല്യത്തില്‍ ഉറപ്പിക്കാന്‍ എന്താണു കാരണം..?


2) കോണ്‍‌വ്വെക്സ് ലെന്‍സിന്റെ ഒരു സംശയം..വസ്തുവിലേക്കുള്ള ദൂരവും ഫോക്കല്‍ ലെങ്തും തമ്മിലുള്ള ബന്ധം എന്താണ് - ഫോക്കല്‍ ലെങ്തിനെക്കാള്‍ കൂടുതല്‍ ദൂരത്തില്‍ എവിടെ വെച്ചാലും വസ്തുവിന്റെ പ്രതിബിംബം ഫോക്കല്‍പോയന്റില്‍ തെളിയുമോ..?

ശ്രീലാല്‍ December 5, 2007 at 9:53 AM  

സുമേഷ് ചന്ദ്രന്‍സിന്റെ നിര്‍ദ്ദേശത്തെ ഞാന്‍ പിന്താങ്ങുന്നു. :)

കുഞ്ഞന്‍ December 5, 2007 at 10:00 AM  

അപ്പൂ..

കൂടുതല്‍ അറിവു ലഭിക്കുന്നു.. തമനു പറഞ്ഞതിനുകീഴെ എന്റെയൊരു കൈയ്യൊപ്പുകൂടീ..!

പിന്നെ എന്റെ കുട്ടിക്കാലത്ത്, 30 വര്‍ഷങ്ങള്‍ക്കു മുമ്പ് പടം പിടിച്ചിരുന്ന ക്യാമറ ഏതാണ്ട് നെഞ്ചിന്റെ ഭാഗത്ത് ക്യാമറ ചേര്‍ത്ത് പിടിച്ച്,കഴുത്ത് താഴോട്ടാക്കിപ്പിടിച്ചു നോക്കിക്കുണ്ടുള്ള പടമെടുക്കലായിരുന്നു. പക്ഷെ സ്റ്റുഡിയൊകളില്‍ ചെന്നാല്‍ അപ്പുപറയുന്നതുപോലെയുള്ള തുണിയിട്ടു മറച്ചുള്ള മുക്കാലിയിലുള്ള ക്യാമറയിലായിരുന്നു ഫോട്ടൊയെടുത്തു തന്നിരുന്നത്

അപ്പു ആദ്യാക്ഷരി December 5, 2007 at 10:04 AM  

ശ്രീലാലിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി.
1. 35 mm എന്നത് ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് അല്ല. അത് ഫിലിമിന്‍ന്റെ ഫോര്‍മാറ്റ് ആണ്. അതായത്, പണ്ട് നമ്മള്‍ ഫിലിംക്യാമറയിലുപയോഗിച്ചിരുന്ന നെഗറ്റീവിന്റെ സൈസ് ഓര്‍മ്മയുണ്ടോ? അതിന്റെ വീതിയാണ് 35mm. ഇതുപോലെ ലാര്‍ജ് ഫോര്‍മാറ്റ്, മീഡിയം ഫോര്‍മാറ്റ് എന്നിങ്ങനെയും ക്യാമറകളുണ്ട്. നമ്മള്‍ അതിനെപ്പറ്റി വരുന്ന പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

2. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ക്യാമറയുടെ ലെന്‍സ് ഒരു സിംഗിള്‍ പീസ് കോണ്‍‌വെക്സ് ലെന്‍സല്ല എന്നതാണ്. ഒരു സിംഗിള്‍ പീസ് ലെന്‍സിനെ സംബന്ധിച്ചിടത്തോളം ഫോക്കല്‍ ലെങ്തിനേക്കാള്‍ അകലത്തിലുള്ള വസ്തുക്കളുടെ പ്രതിബിംബം മറുവശത്ത് തെളിയും. എന്നാള്‍ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കോമ്പിനേഷന്‍ ലെന്‍സുകളില്‍, ആംഗിള്‍ ഓഫ് വ്യൂ അനുസരിച്ച് ഫോക്കസിംഗ് ആവശ്യമായി വരുന്നു. കാരണം ഈ കോമ്പിനേഷന്‍ ലെന്‍സുകളില്‍ ഏറ്റവും പുറകിലറ്റത്തെ ലെന്‍സുമുതല്‍, ക്യാമറ സെന്‍സര്‍ വരെയുള്ള ദൂരം എപ്പോഴും ഒന്നുതന്നെ. ഇതിനെപ്പറ്റി സൂം ലെന്‍സിനെപ്പറ്റി പറയുന്ന പോസ്റ്റില്‍ വിശദമായി പറയാം.

അലി December 5, 2007 at 10:36 AM  

ക്ലാസുകള്‍ നന്നാവുന്നുണ്ട്...
ശ്രദ്ധയോടെ മനസ്സിലാക്കുന്നു.
ഇനിയുള്ള പോസ്റ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അഭിനന്ദനങ്ങള്‍!

Mr. K# December 5, 2007 at 10:36 AM  

വസ്തുവിലേക്കുള്ള ദൂരവും ഫോക്കല്‍ ലെങ്തും തമ്മിലുള്ള ബന്ധം എന്താണ് - ഫോക്കല്‍ ലെങ്തിനെക്കാള്‍ കൂടുതല്‍ ദൂരത്തില്‍ എവിടെ വെച്ചാലും വസ്തുവിന്റെ പ്രതിബിംബം ഫോക്കല്‍പോയന്റില്‍ തെളിയുമോ..?

1/s1 + 1/s2 = 1/f ഇതാണ് ബന്ധം.
s2 = s1f / (s1-f)
അതായത് എസ്1 എഫിനേക്കാള്‍ ചെറുതായാല്‍ എസ്2 വിന്റെ വാല്യു നെഗറ്റീവ് ആവും. അതായത് ഒബ്ജെക്റ്റും ഇമേജും ലെന്‍സിന്റെ ഒരു വശത്ത്. ഒരു വിര്‍ച്വല്‍ ഇമേജ് മാത്രമേ ഈ കേസില്‍ ഉണ്ടാവൂ.

Mr. K# December 5, 2007 at 10:36 AM  
This comment has been removed by the author.
ശ്രീലാല്‍ December 5, 2007 at 10:45 AM  

സംശയം തീര്‍ത്തതിനു വളരെ നന്ദി.. മാഷിനും കുതിരവട്ടനും.

എട്ടിലേം ഒമ്പതിലേം ഫിസിക്സിന്റെ പുസ്തകം ഉപകാരപ്പെടും എന്ന് തോന്നുന്നു. അന്നോ ഒന്നും തിരിഞ്ഞില്ല. ഇപ്പോ ഇതെല്ലാം മനസ്സിലാകുമ്പോള്‍ അതൊക്കെ വീണ്‍ടും വായിക്കാന്‍ തോന്നുന്നു..

സാജന്‍| SAJAN December 5, 2007 at 10:58 AM  

ഹലോണ്‍ ജി,
ഈ പോസ്റ്റൊക്കെ കഴിഞ്ഞിട്ട് ഈ ക്വാണ്ടം തിയറി ഒക്കെ വച്ച് ഇങ്ങോട്ട് വന്ന് എന്റെ ഒരു ഫോട്ടോണ്‍ ഒന്നെടുക്കണം
കൊള്ളാമോന്ന് അറിയാല്ലൊ, ഇവയൊക്കെ ഇമ്പ്ലിമെന്റ് ചെയ്യാഞ്ഞിട്ടായിരിക്കും ഇപ്പോഴത്തെ എന്റെ ഫോട്ടോകള്‍ക്കൊന്നിനും പഴയത്പോലെ ഗ്ലാമറന്‍ ഇല്ല:(

വേണു venu December 5, 2007 at 11:23 AM  

മാഷേ, ഇന്നത്തെ പാഠങ്ങളൊക്കെ ക്ലാസ്സിലിരുന്നു തന്നെ പഠിച്ചു. അത്രയ്ക്ക് ലളിതമായ വിവരണമാണ്‍.:)

സുല്‍ |Sul December 5, 2007 at 12:14 PM  

അപ്പുമാഷെ നന്നായിട്ടുണ്ട്. ഞാന്‍ പഠിക്കുന്നുണ്ട് കേട്ടോ.

ഓടോ : തമനു, നീ മാഷിനു മാര്‍ക്കിട്ടു കളഞ്ഞല്ലോ

-സുല്‍

krish | കൃഷ് December 5, 2007 at 1:15 PM  

വിവരണം നന്നായിട്ടുണ്ട്.
:)

ക്രിസ്‌വിന്‍ December 5, 2007 at 1:50 PM  

ഈ സംഭവം ഒന്നു മനസിലാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
നന്ദി

Rasheed Chalil December 5, 2007 at 2:24 PM  

അപ്പു രണ്ടാം പാഠവും അസ്സലായി... തുടരൂ... അഭിനന്ദങ്ങള്‍.ഓടോ : സുല്ലേ തമനൂനെ എയര്‍ ഷോ യുടെ ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇത്തരം ഒരു പഠന ബ്ലോഗിനെ കുറിച്ച് അപ്പു ആലോചിച്ചതെത്രെ... :)

മന്‍സുര്‍ December 5, 2007 at 3:32 PM  

അപ്പു മാഷേ...

ഇതാ ലീവ്‌ ലെറ്റര്‍...വൈകി വന്നതിന്‌..

ഡിയര്‍ അപ്പു സാര്‍... മകന്‍ ക്യമറാ ക്ലാസ്സില്‍ എത്താന്‍ വൈകിയതിന്‌ ക്ഷമ ചോദിക്കുന്നു. കാരണം ക്ലസ്സിലേക്ക്‌ ഒരു ജാംമ്പവാന്‍ ക്യമറയുമായിട്ടാണ്‌ അവനെ പറഞ്ഞു വിട്ടത്‌. വഴിയിലാരോ ആ ക്യാമറ അവന്റെ കൈയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടു പോയി. ഇവിടെ വരുന്ന ആരുടെയെങ്കിലും കൈയില്‍ ആ ക്യാമറ കണ്ടാല്‍ അറിയികുമല്ലോ..

അപ്പു ക്ലാസ്സ്‌ ശരിക്കും എന്‍ജോയ്‌ ചെയ്യ്‌തു. അത്രക്കും നന്നായി വശദീകരിച്ചിരിക്കുന്നു. ഇത്തരം മികച്ച അറിവുകള്‍ ഞങ്ങളിലേക്ക്‌ പകര്‍ന്നു തരുന്ന താങ്കള്‍ക്ക്‌ നന്ദി അറിയിക്കട്ടെ..
നല്ലൊരു വിജ്ഞാനം പകരുന്ന ഒരു ബ്ലോഗ്ഗായി മാറട്ടെ ഈ ബ്ലോഗ്ഗ്‌ എന്ന പ്രാര്‍ത്ഥനകളോടെ...

നന്‍മകള്‍ നേരുന്നു

അച്ചു December 5, 2007 at 4:39 PM  

അപ്പു മാഷേ..നന്നായിട്ട് എഴുതിയിരിക്കുന്നു....

ഏറനാടന്‍ December 5, 2007 at 4:53 PM  

വൈകിയെത്തിയ എനിക്ക് മാപ്പ് തരൂ, അപ്പുമാഷേ... വിക്‌ഞാനപ്രദമായ പോസറ്റില്‍ വരാനായതില്‍ സന്തോഷിക്കുന്നു.. ആശംസകള്‍.. ഷാറ്‌ജയിലെ കൂടിക്കാഴ്‌ചയുടെ ഓറ്‌മ്മയോടെ..

ഹരിശ്രീ December 5, 2007 at 5:07 PM  

അപ്പ്വേട്ടാ,

ക്ലാസ്സ് നന്നാവുന്നുണ്ട്.

കുട്ടിക്കാലത്ത് പഞ്ഞി കത്തിക്കാനായി ലെന്‍സ് ഉപയോഗിക്കാറുള്ള കാര്യം ഓര്‍മ്മവന്നു.

തുടരെട്ടെ..

ഉപാസന || Upasana December 5, 2007 at 8:03 PM  

അപ്പു ഭായ്

വളരെ നന്നാവുന്നു. പിന്നെ എനിക്ക് ഇതില്‍ വല്യ പിടിപാടില്ല ട്ടോ
:)
ഉപാസന

പൈങ്ങോടന്‍ December 5, 2007 at 9:50 PM  

ലെന്‍സിനെക്കുറിച്ചുള്ള ചില ഭാഗങ്ങള്‍ വായിച്ചിട്ട് തലക്കകത്തോട്ട് അങ്ങ് കേറുന്നില്ല..സാരമില്ല, രണ്ടു മൂന്നു തവണ വായിക്കുമ്പോ മനസ്സിലാകുമായിരിക്കും.
ഇത്രയും ആഴത്തില്‍ ഈ ലേഖനം തയ്യാറാക്കിയതിന് എങ്ങിനെയാ നന്ദി പറയുക. വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മൂര്‍ത്തി December 5, 2007 at 11:06 PM  

നന്ദി അപ്പുമാഷെ..ഈ പിരിയഡും ഞാന്‍ ഇത്തിരി വൈകി..:)

സഹയാത്രികന്‍ December 6, 2007 at 12:05 AM  

അപ്പ്വേട്ടാ.. സോറീ....
എത്താന്‍ വൈകി... മനപൂര്‍വ്വല്ല... ഈ കമ്പനിക്കാര് ഒഴിവ് തരണീല്ല....
എന്തായാലും വന്നു....

കലക്കണുണ്ട്... ലളിതമായ വിവരണം...
നന്നായി
:)

Ziya December 6, 2007 at 10:57 AM  

അപ്പു...
വളരെ നല്ല ഉദ്യമം...
എത്താന്‍ താമസിച്ചു...
ഇനി മുടങ്ങാതെ പഠിക്കണം...

ഒരു കാര്യം.
ഈ പാഠങ്ങള്‍ ഒന്നും മിസ്സ് ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ ബ്ലോഗ് ഞാനെന്റെ ഫീഡ് റീഡറിലേക്ക് ആഡ് ചെയ്യുന്നു.

എന്നെപ്പോലെ ഇത് ഫീഡ് റീഡറില്‍ ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസം അത് സാധിക്കുന്നതിനായി താങ്കള്‍ ഈ ബ്ലോഗിന്റെ ഫീഡ് ഇവിടെ നിന്നും ഉണ്ടാക്കി ഒരു സബ്‌സ്ക്രൈബ് ബട്ടണ്‍ ഇട്ടാല്‍ നന്നായിരിക്കും.

അല്ലാതെ ഓരോ തവണയുമുള്ള ഇമെയില്‍ നോട്ടിഫിക്കേഷന്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

ആശംസകള്‍!

കുട്ടു | Kuttu December 6, 2007 at 12:31 PM  

കട്ട പണ്യാര്‍ന്നു... ഇപ്പോളാ വരാന്‍ പറ്റിയത്...


നല്ല പോസ്റ്റ്... തുടരൂ...
ആശംസകള്‍.

mydailypassiveincome December 6, 2007 at 1:39 PM  

അപ്പുമാഷേ,

ഇത്തവണത്തെ ക്ലാസ്സും പൊടിപൊടിച്ചു. കുറേക്കാര്യങ്ങള്‍ മനസ്സില്‍ കിടന്നത് പുറത്ത് വരുന്നു :)

ഓ.ടോ.: ഇത്തവണ വരാന്‍ താമസിച്ചു മാഷേ. അടുത്തതവണ ക്ലാസ്സില്‍ കയറരുതെന്ന് പറയല്ലേ :(

Vanaja December 6, 2007 at 2:18 PM  

ഇങ്ങനെയൊരു ബ്ലോഗിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു ബ്ലോഗ് ബുക്ക്മാര്‍ക്കു ചെയ്തിരിക്കുന്നു. നന്ദി. ആശംസകള്‍..
ഫോട്ടൊഗ്രഫിയെ പറ്റി മറ്റു ചില സംരംഭങ്ങള്‍ കണ്ടിരുന്നു, ഇതിനു മുന്‍പ്. പക്ഷേ ഒന്നും തുടര്‍ന്നു കൊണ്ടു പോകുന്നതായി കാണപ്പെട്ടില്ല. അങ്ങനെയൊരവസ്ഥ ഇതിനുണ്ടാവരുതെന്നപേക്ഷിക്കുന്നു. പിന്നെ, സിയ പറഞ്ഞ കാര്യമാവും നല്ലതെന്നു തോന്നുന്നു. ആവശ്യമുള്ളവര്‍ക്ക് സബ്‌സ്ക്രൈബ് ചെയ്യാമല്ലോ.

ഏ.ആര്‍. നജീം December 6, 2007 at 7:58 PM  

സോറി സാര്‍ ഞാന്‍ അല്പം തിരക്കായത് കൊണ്ടാ താമസിച്ചു പോയത്..ഒക്കെ വായിച്ചു പഠിച്ചുട്ടൊ

പ്രയാസി December 6, 2007 at 9:08 PM  

എല്ലാവിധ ആശംസകളും..:)

ഭൂമിപുത്രി December 7, 2007 at 8:11 PM  

അപ്പു,ക്യാമറയുടെ സാങ്കേതികതകളേക്കാളും,എനിക്കിഷ്ട്ടപ്പെട്ടത്തു ആദ്യത്തെ ആ സ്കൂള്‍ ഗ്രൂപ്പ് ഫോട്ടൊ ഉണര്‍ത്തിയ
ഓര്‍മ്മകളാണ്‍

:: niKk | നിക്ക് :: December 7, 2007 at 9:54 PM  

Appoosey...

So, which one of the following will you suggest ?

P&S >>> Lumix FZ50?
SLR >>> Canon EOS 400D?

:D

Mahesh Cheruthana/മഹി December 9, 2007 at 9:49 PM  

അപ്പുവേട്ടാ,
വളരെ ഉപകാരപ്രദമായ പോസ്റ്റ`!!!!!!

പി.പി.Somarajan December 10, 2007 at 10:41 AM  

അപ്പൂട്ടാ...നന്നാവുന്നുണ്ട്...അഡ്വാന്‍സ്ഡ് പാഠങ്ങള്‍ക്കായി കാത്തിരിക്കുന്നു..:)

വാളൂരാന്‍ May 7, 2008 at 8:55 PM  

അപ്പൂസ്....
വളരെ നന്ദിയുണ്ട്.... ഗംഭീരം

Pattathil Manikandan September 9, 2008 at 11:31 AM  

അപ്പു സാര്‍,
അഭിനന്ദനങ്ങള്‍, വളരെ ഉപകാരപ്രദമായ ലേഖനങ്ങള്‍. ഞാന്‍ പഠിക്കുന്നുണ്ട്.
അപ്പുസാറിനു "ശുഭ ദിന ആശംസകളും" ഓണാശംസകളും.

മണികണ്ഠന്‍

Unknown December 8, 2013 at 8:18 PM  

കൊള്ളാം. ഇത് എനിക്ക് ഇഷ്ടം ആയി. അപ്പു സാറേ.... നന്നായിരുന്നു..

Unknown December 4, 2016 at 9:56 AM  

ith vare paranja lence simple lence aanenn paranjello . 2 um simple lence aano ?
convex & concave um simple lence aano?

Unknown December 4, 2016 at 9:57 AM  

ith vare paranja lence simple lence aanenn paranjello . 2 um simple lence aano ?
convex & concave um simple lence aano?

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP