പാഠം 9 : അപ്പര്‍ച്ചറും ഷട്ടറും - മാനുവല്‍ ഫോട്ടോഗ്രഫി
കഴിഞ്ഞ കുറേ പോസ്റ്റുകളിലായി നമ്മള്‍ ക്യാമറയ്ക്കു പിന്നിലുള്ള തിയറിയാണ് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഈ പോസ്റ്റില്‍ ഒരല്‍പ്പം പ്രാക്ടിക്കല്‍ ആയാലോ? ഒരു ക്യാമറയില്‍ മാനുവലായി (ക്യാമറയുടെ സഹായമില്ലാതെ, പൂര്‍ണ്ണമായും ഫോട്ടോഗ്രാഫറുടെ നിയന്ത്രണത്തില്‍) എങ്ങനെ ഫോട്ടോയെടുക്കാം എന്നു നോക്കാം. ഫിലിം ക്യാമറകളുടെ യുഗത്തില്‍നിന്ന് ഓട്ടോമാറ്റിക് ഡിജിറ്റല്‍ ക്യാമറകളുടെ യുഗത്തിലെത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, എന്തിനാണ് മാനുവല്‍ ഫോട്ടോഗ്രാഫി എന്നു പലരും ചിന്തിച്ചേക്കാം. ശരിയാണ്, പണ്ടൊക്കെ ഒരു ഫോട്ടോഗ്രാഫര്‍ ചെയ്തിരുന്ന ഫോക്കസിംഗ്, ലൈറ്റ് അഡ്ജസ്റ്റ്മെന്റുകള്‍ എല്ലാം ഇന്നത്തെ ക്യാമറകള്‍ തനിയെ ചെയ്യുന്നതിനാല്‍ നമ്മുടെ ജോലി വളരെ ചുരുങ്ങിയിരിക്കുന്നു. “പോയിന്റ് ആന്റ് ഷൂട്ട് “ അല്ലെങ്കില്‍ “എയിം ആന്റ് ഷൂട്ട് ക്യാമറ“ എന്ന പേരുതന്നെ അങ്ങനെയുണ്ടായതാണല്ലോ.
ഈ അദ്ധ്യായത്തിനു പിന്നിലെ ഉദ്ദേശം, ഒരു ഫോട്ടോയെടുക്കുമ്പോള്‍ ക്യാമറ ചെയ്യുന്ന ഏറ്റവും അടിസ്ഥാനമായ മൂന്നു കാര്യങ്ങളെപ്പറ്റി ഒരു ഉള്‍ക്കാഴ്ച നല്‍കുക എന്നതാണ്. ഫോക്കസ് ചെയ്യുക, വെളിച്ചം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക, അനുയോജ്യമായ ഒരു പ്രതലത്തില്‍ ഫോട്ടോ പതിപ്പിക്കുക ഇവയാണ് അടിസ്ഥാനമായ മൂന്നു കാര്യങ്ങള്‍. ഇവയൊക്കെ മാനുവലായി സെറ്റ് ചെയ്യാന്‍ പഠിച്ചിരുന്നാല്‍, നമ്മൂടെ ക്യാമറ ഓരോ സന്ദര്‍ഭങ്ങളിലും സ്വയം ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും.
ഈ മൂന്നുകാര്യങ്ങളും മാനുവലായി ചെയ്യാന്‍ സൌകര്യമുള്ളത് ഒരു SLR ക്യാമറയിലാണ്. (High end Point & shoot ക്യാമറകളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ മെനു വഴി നല്‍കാറുണ്ട്, എന്നാലും SLR ന്റെ സൌകര്യങ്ങള്‍ അവിടെയില്ല). ബാക്കിയെല്ലായിനം ഓട്ടോമാറ്റിക് ക്യാമറകളിലും ഇക്കാര്യങ്ങള്‍ മുഴുവനായോ ഭാഗികമായോ ക്യാമറകള്‍ സ്വയം ചെയ്യുന്നു. (ഒരു കാര്യം ഇവിടെ പറഞ്ഞുകൊള്ളട്ടെ, ഇന്ന് ലഭ്യമായ SLR ക്യാമറകളെല്ലാം തന്നെ പൂര്‍ണ്ണമായും മാനുവലായോ, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായോ, സെമി-ഓട്ടോമാറ്റിക്കായോ ഉപയോഗിക്കുവാന്‍ സ്വാതന്ത്ര്യം തരുന്നവയാണ്).
വായനക്കാര്‍ എല്ലാവരുടെയും കൈയ്യില്‍ SLR ക്യാമറ ഉണ്ടാവാന്‍ സാധ്യതയില്ലത്തതിനാല്‍ വിക്കിപീഡിയയില്‍ നിന്നും കടമെടുത്ത ഒരു പഴയ SLR ക്യാമറ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എന്നുപറയാന്‍ കാരണം, പുതിയ ഡിജിറ്റല്‍ SLR ക്യാമറകളിലെ കണ്ട്രോളുകളെല്ലാം ഇതില്‍നിന്നും വളരെ വ്യത്യസ്തമാണ് എന്നതിനാലാണ്) സ്വന്തമായി SLR Camera ഉള്ളവര്‍ക്ക് ഇതില്‍ പറയുന്ന കാര്യങ്ങള്‍ അറിവുള്ളതാവാം.
ആദ്യമായി ഈ മാനുവല്‍ ക്യാമറയെ ഒന്നടുത്ത് പരിചയപ്പെടാം.
കടപ്പാട് : Wikipedia Commons
ഇതൊരു സിംഗിള്‍ ലെന്‍സ് റിഫ്ലക്സ് (SLR) ക്യാമറയാണ്. ലെന്‍സില്‍ക്കൂടികടന്നുവരുന്ന പ്രകാശം ഒരു വ്യൂ ഫൈന്ററി (view finder) ലേക്കാണ് ആദ്യം വരുന്നത്. വ്യൂഫൈന്ററില്‍ക്കൂടി നോക്കിക്കൊണ്ടാണ് ഫോട്ടോഗ്രാഫര്‍ രംഗം ഫോക്കസ് ചെയ്യേണ്ടതും, ലൈറ്റ് ക്രമീകരിക്കേണ്ടതും. വ്യൂഫൈന്ററ് എന്താണെന്നും, SLR ന്റെ പ്രവര്‍ത്തന തത്വം എങ്ങനെയാണെന്നും നമ്മള്‍ പാഠം 3: ഫിലിം ഫോര്‍മാറ്റുകളും വിവിധയിനം ക്യാമറകളും എന്ന അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്തതാണ്.
ക്യാമറയുടെ ചിത്രത്തില്‍ മൂന്നു ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നതും കണ്ടല്ലോ? ഷട്ടര്‍ സ്പീഡ് ഡയല്‍, അപ്പര്‍ച്ചര്‍ റിംഗ്, ഫോക്കസ് റിംഗ് എന്നിവയാണ് അവ. ഇവ ഓരോന്നിനേയും പറ്റി അല്പം വിശദമാക്കിയിട്ട് മുമ്പോട്ട് പോകാം. അതിനായി മുമ്പു പരിചയപ്പെട്ട ഒരു രേഖാചിത്രം ഒരിക്കല്‍ക്കൂടി ഒന്നു നോക്കാം.
അപ്പര്‍ച്ചറും ഷട്ടറും
ക്യാമറയ്ക്കുള്ളിലേക്ക് ഏതെങ്കിലും രീതിയില്‍ വെളിച്ചം കയറിയാല്‍ ചിത്രം കിട്ടുകയില്ല എന്നറിയാമല്ലോ. വെളിച്ചം ആവശ്യത്തില്‍ കൂടുതലായാലും, കുറവായാലും പ്രശ്നം തന്നെ. ക്യാമറയ്ക്ക് ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് കിറുകൃത്യമായി നിയന്ത്രിച്ച് നിറുത്തുന്ന രണ്ട് സംവിധാനങ്ങളാണ് അപ്പര്‍ചറും ഷട്ടറും. മുകളില്‍ കൊടുത്തീര്‍ക്കുന്ന രേഖാചിത്രത്തിലെ ലെന്‍സിനു തൊട്ടുപുറകിലായി സ്ഥിതിചെയ്യുന്ന, വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന ഒരു സുഷിരമാണ് അപ്പര്‍ച്ചര്‍. ഉള്ളിലേക്കും പുറത്തേക്കും ഒന്നിനു മീതേ ഒന്നായി നീക്കാവുന്ന തകിടുകള്‍ ചേര്‍ത്താണ് അപ്പര്‍ച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. SLR ക്യാമറ ലെന്‍സുകളുടെ ഭാഗംതന്നെയാണ് അപ്പര്‍ച്ചര്‍. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഈ തകിടുകളും അപ്പര്‍ച്ചറും വ്യക്തമായിക്കാണാം.
കടപ്പാട് : Wikipedia commons
ഈ തകിടുകള്‍ തുറന്ന് സുഷിരം വലുതാക്കിയാല്‍ കൂടുതല്‍ പ്രകാശം ക്യാമറയുടെ ഉള്ളിലേക്ക് കടക്കുമെന്നും ചെറുതാക്കിയാല്‍ അതിലും കുറച്ചു പ്രകാശം മാത്രമേഉള്ളിലേക്ക് കടക്കൂ എന്നും മനസ്സിലായല്ലോ.
ഈ തകിടുകളെ നിയന്ത്രിച്ച് അപ്പര്‍ച്ചര്‍ സുഷിരം വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുവാനുള്ള നിയന്ത്രണ സംവിധാനം ലെന്‍സിന്റെ പുറത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു വളയത്തിലാണ് കൊടുത്തിരിക്കുന്നത്. ഇതിനെ അപ്പര്‍ച്ചര്‍ റിംഗ് എന്നുവിളീക്കുന്നു. താഴെ ഒരു ലെന്‍സിന്റെ ചിത്രം കൊടുത്തിട്ടുണ്ട്. അതില്‍ അപ്പര്‍ച്ചര്‍ റിംഗ് മാര്‍ക്ക് ചെയ്തിരിക്കുന്ന രീതി നോക്കൂ.
കടപ്പാട് : Wikipedia commons
അപ്പര്‍ച്ചര്‍ റിംഗ് എന്നു മാര്‍ക്ക് ചെയ്തീരിക്കുന്ന വളയത്തില്‍ 2 മുതല്‍ 22 വരെയുള്ള നമ്പറുകള്‍ എഴുതിയിരിക്കുന്നതു ശ്രദ്ധിച്ചല്ലോ? ഇവയെ F നമ്പറുകള്‍ അല്ലെങ്കില്‍ F-stops എന്നുവിളിക്കുന്നു. ഒരു ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തെ (focal length) അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വ്യാസം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന നമ്പറാണിത്. ഡിജിറ്റല്‍ ക്യാമറകളിലെ ലൈവ് പ്രിവ്യൂവിലും, വ്യൂ ഫൈന്ററുകളിലും എല്ലാം ഒരു ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഈ നമ്പറുകള്‍ കാണാം. അപര്‍ച്ചര്‍ സുഷിരത്തിന്റെ നമ്പറാണത്. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഒരു ചെറിയ എഫ്. നമ്പര്‍ വലിയ സുഷിരത്തേയും, വലിയ എഫ്. നമ്പര്‍ ചെറിയ സുഷിരത്തേയും കുറിക്കുന്നു എന്നുള്ളതാണ്. അതായത്, F/2.8 നേക്കാള്‍ വളരെ ചെറിയ സുഷിരമാണ് F/ 22 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പ് തരുന്നത്. സ്വാഭാവികമായും, F/2.8 യില്‍ സെറ്റ് ചെയ്തീരിക്കുന്ന അപ്പര്‍ച്ചര്‍ F/22 ല്‍ സെറ്റ് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവ് പ്രകാശം ക്യാമറയ്ക്കുള്ളിലേക്ക് കടത്തി വിടും.
കുറിപ്പ്: ഡിജിറ്റൽ എസ്.എൽ.ആർ കാലഘട്ടം ആരംഭിച്ചതുമുതൽ ലെൻസുകളിൽ നിന്ന് അപ്പർച്ചർ റിംഗും അപ്പർച്ചർ നമ്പറുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ എസ്.എൽ.ആർ ക്യാമറകളോടൊപ്പം ലഭിക്കുന്ന ലെൻസുകളിൽ ഒന്നിലും അപ്പർച്ചർ റിംഗ് ഇല്ല. പകരം അപ്പർച്ചർ അഡ്ജസ്റ്റ് ചെയ്യുന്നത് ക്യാമറയിൽ തന്നെയുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ്.
ഇത്രയും കാര്യങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം.

അപ്പര്‍ച്ചറുകളെപ്പറ്റി തല്‍ക്കാലം ഇത്രയും മതി. വിശദമായി പിന്നീട് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡ് (Aperture Priority Mode) എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഷട്ടര്‍
ഇനി ഷട്ടര്‍ എന്താണു ചെയ്യുന്നത് എന്നു നോക്കാം. ക്യാമറയിലെ ഫിലിമില്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ സെന്‍സറില്‍ വെളിച്ചം വീഴാതെ അടച്ചുവച്ചിരിക്കുന്ന ഒരു കര്‍ട്ടനാണ് ഷട്ടര്‍ എന്നു സങ്കല്‍പ്പിക്കാം. ഫോട്ടോ എടുക്കുന്ന അവസരത്തില്‍, അതായത് ഫോട്ടോയെടുക്കുന്ന “ക്ലിക്ക്” ശബ്ദം കേള്‍ക്കുന്നതിലും കുറവു സമയത്തില്‍ ഈ കര്‍ട്ടന്‍ തുറന്നടയുന്നു. ഈ തുറന്നടയല്‍ സംവിധാനവും കിറുകൃത്യമായി നിര്‍മ്മിച്ചതാണ്. പലപ്പോഴും ഒരു സെക്കന്റിന്റെ ഒരംശത്തിലാണ് ഷട്ടര്‍ തുറന്നടയുന്നത് - സെക്കന്റുകള്‍ നീളുന്ന തുറക്കല്‍ മുതല്‍, ഒരു സെക്കന്റിന്റെ മൂവായിരത്തിലൊന്നു സമയത്തിനുള്ളില്‍ തുറന്നടയുന്ന ഷട്ടര്‍ വരെ ഇന്നു മാര്‍ക്കറ്റില്‍ നിലവിലുള്ള ക്യാമറകളില്‍ ഉണ്ട്.
ഈ ഷട്ടറിന്റെ തുറന്നടയല്‍ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഷട്ടര്‍ സ്പീഡ് ഡയല്‍. ചിത്രം നോക്കൂ.

ഷട്ടര്‍ സ്പീഡിനെപ്പറ്റി ഇവിടെ ഇത്രയും മാത്രം പറഞ്ഞുകൊണ്ട് നമുക്ക് മുമ്പോട്ട് പോകാം. ഷട്ടര്‍ പ്രയോറിറ്റി മോഡ്, ഫ്ലാഷ് ഫോട്ടോഗ്രാഫി എന്നിവയെപ്പറ്റി പിന്നീട് ചര്‍ച്ചചെയ്യുമ്പോള്‍ വിശദമായി ഇതേപ്പറ്റി പറയാം. അപ്പോള്‍, ഷട്ടര്‍ സ്പീഡും അപ്പര്‍ച്ചറും അനുയോജ്യമായ രീതിയില്‍ നിയന്ത്രിച്ചുകൊണ്ട് നമുക്ക് ക്യാമറയിലേക്ക് കടന്നുവരുന്ന വെളിച്ചത്തെ നിയന്ത്രിക്കാം എന്നു മനസ്സിലായല്ലോ. പക്ഷേ അനുയോജ്യമായ രീതിയിലാണോ ഇതുരണ്ടും നമ്മള്‍ സെറ്റ് ചെയ്തിരിക്കുന്നതെന്ന് എങ്ങനെയറിയും? അതിനായി ഒരു സംവിധാനവും ക്യാമറയ്കൂള്ളില്‍ത്തന്നെയുണ്ട്. ലൈറ്റ് മീറ്റര്‍ എന്നാണ് ഈ സംവിധാനത്തിന് പേര്. വ്യത്യസ്ത ക്യാമറ മോഡലുകളില്‍ (SLR) ഇവ പലവിധത്തില്‍ ആയിരിക്കും. സാധാരണമായി കണ്ടുവരുന്ന ഒരു രീതിയാണ് നടുക്ക് ഒരു പൂജ്യവും, അതിന്റെ ഇരു വശത്തുമായി + - ചിഹ്നങ്ങളുമായുള്ള ലൈറ്റ് മീറ്ററുകള്‍. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഇത് വ്യക്തമാവും.
രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ഡിജിറ്റല്‍ SLR ഉപയോഗിക്കുന്ന തുടക്കക്കാരാരെങ്കിലും ഈ പോസ്റ്റ് വായിച്ച് ഫോക്കസിംഗ് മാനുവലായി ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍, അപ്രകാരം ചെയ്യുന്നതിനുമുമ്പ് ക്യാമറബോഡിയിലെയും, ലെന്‍സിലേയും ഓട്ടോമാറ്റിക് ഫോക്കസ് എന്ന സ്വിച്ച് മാനുവല്‍ എന്ന് മാറ്റിയിട്ടേ ഇതിനൊരുങ്ങാവൂ. അല്ലെങ്കില്‍ ലെന്‍സിന്റെ മോട്ടോര്‍ മെക്കാനിസം തകരാറിലാവും. രണ്ടാമതായി, മാനുവലായി ഫോട്ടോ എടുക്കുന്നതിനു മുമ്പ് ക്യാമറ ബോഡിയിലെ മോഡ് സെലക്ഷൻ റിംഗ് M എന്നതിനു നേരെ തിരിച്ചു വയ്ക്കുക. അതുപോലെ താഴെ പറയുന്ന “അപ്പർച്ചർ ഡയൽ തിരിക്കുക“, “ഷട്ടർ ഡയൽ തിരിക്കുക” തുടങ്ങിയ വിവരണങ്ങൾ ഇപ്പോഴത്തെ ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറകളിൽ ചെയ്യുന്നത് ക്യാമറയിലെ ഡയൽ ഉപയോഗിച്ചാണ് - അല്ലാതെ പഴയ ക്യാമറകളിലെപ്പോലെ ഇവയ്ക്കായി വെവ്വേറെ റിംഗുകൾ ഇല്ല.
ഇനി ഒരു ഫോട്ടോയെടുത്തുനോക്കാം. ക്യാമറയുടെ വ്യൂ ഫൈന്ററില്‍ കൂടെ കാണുന്ന കാഴ്ചയാണ് താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍.

കുട്ടിയുടെ ചിത്രം വ്യക്തമായി കാണുന്നില്ല അല്ലേ? ലെന്‍സ് ഫോക്കസില്‍ അല്ല എന്നര്‍ത്ഥം. മുകളീല്‍ കൊടുത്തിരിക്കുന്ന ലെന്‍സിന്റെ ചിത്രം നോക്കൂ. അതില്‍ ഫോക്കസ് റിംഗ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന റിംഗ് തിരിച്ചാല്‍ ചിത്രം ഫോക്കസില്‍ കിട്ടും (SLR ക്യാമറയില്‍, ലെന്‍സില്‍ക്കൂടി കടന്നുവരുന്ന അതേ ചിത്രംതന്നെയാണ് വ്യൂ ഫൈന്ററില്‍ കാണുന്നത്. അതിനാല്‍ വ്യൂഫൈന്ററില്‍ നോക്കിക്കൊണ്ട് ചിത്രം വ്യക്തമാവുന്നതുവരെ ലെൻസിന്റെ ഫോക്കസ് റിംഗ് തിരിച്ചാല്‍ മതി, ഫോക്കസില്‍ ആക്കുവാന്‍).
ഫോക്കസ് റിംഗ് തിരിച്ചല്ലോ. ദേ, ഇപ്പോ ചിത്രം ക്ലിയറായി!
ചിത്രം വളരെ വ്യക്തംതന്നെ. പക്ഷേ ഇപ്പോള്‍ നാം വ്യൂ ഫൈന്ററില്‍ കാണുന്ന ലൈറ്റ് അളന്നുകൊണ്ടിരിക്കുന്നത് നമ്മുടെ കണ്ണുകളാണെന്ന വ്യത്യാസമുണ്ട് - അളവും ക്രമീകരണവും എല്ലാം ഓട്ടോമാറ്റിക്കായി തലച്ചോറില്‍ നടന്നോളും. പക്ഷേ ഇപ്പോള്‍ ക്യാമറയില്‍ നിലവിലിരിക്കുന്ന അപ്പര്‍ച്ചര്‍ സെറ്റിംഗും ഷട്ടര്‍ സ്പീഡും ഈ ചിത്രം വ്യക്തമായി ഫിലിമിലെത്തിക്കാന്‍ പാകമാണോ എന്നെങ്ങനെയറിയും. അതിനായി ലൈറ്റ് മീറ്ററില്‍ ഒന്നു നോക്കാം. വ്യൂഫൈന്ററിന്റെ ഉള്ളില്‍ത്തന്നെയാണ് ലൈറ്റ് മീറ്റര്‍. ചിത്രത്തിന്റെ ബോര്‍ഡറില്‍ താഴെയായി ലൈറ്റ് മീറ്റര്‍ കാണാം. ഇപ്പോള്‍ നിലവിലിരിക്കുന്ന ഷട്ടര്‍ സ്പീഡ് 250ഉം അപ്പര്‍ച്ചര്‍ F/16 ഉം ആണ്. ലൈറ്റ് മീറ്റര്‍ ഒന്നു ശ്രദ്ധിക്കൂ. ചുവന്ന ചതുരങ്ങള്‍ നെഗറ്റീവ് (-) ഭാഗത്തേക്ക് നീളുന്നതു കണ്ടില്ലേ. ക്യാമറയുടെ ഉള്ളിലേക്ക് വീഴുന്ന ലൈറ്റ് പോരാ എന്നര്‍ത്ഥം.

അതിനാല്‍ ഇനി അപ്പര്‍ച്ചര്‍ റിംഗ് ഒന്നു തിരിച്ച് അപ്പര്‍ച്ചര്‍ F/ 2.8 ല്‍ വയ്ക്കാം. ഇനി ലൈറ്റ് മീറ്റര്‍ ഒന്നു നോക്കൂ (ചിത്രം)

ചുവന്ന വരകള്‍ ഇതാ പോസിറ്റീവ് (+) ഭാഗത്തേക്ക് പോയിരിക്കുന്നു! ക്യാമറയ്ക്കുള്ളിലേക്ക് കടന്നുവരുന്ന ലൈറ്റ് കൂടുതലാണ് എന്നര്‍ത്ഥം. ഈ പൊസിഷനില്‍ ഈ ചിത്രം എടുത്താല്‍ ഏകദേശം ഇങ്ങനെയിരിക്കും

ഇതു ശരിയായില്ലല്ലോ..? അതിനാല്‍ അപ്പര്‍ച്ചര്‍ റിംഗ് പതിയെ തിരിച്ച്, ചുവന്ന ചതുരങ്ങള്‍ കൂടുതലും അല്ല, കുറവും അല്ല എന്ന പൊസിഷനില്‍ കിട്ടുമോ എന്നു നോക്കാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. 250 F/8 എന്ന പൊസിഷനില്‍ ചുവന്ന ചതുരങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി കാണാം.

ഇതാണ് ഈ ഫോട്ടോയുടെ കറക്റ്റായ ഒരു സെറ്റിംഗ്. ഇതുപോലെ മറ്റു ചില ഷട്ടര്‍ സ്പീഡുകളിലും, അപ്പര്‍ച്ചര്‍ അനുയോജ്യമായി സെറ്റുചെയ്ത് കൃത്യമായ ലൈറ്റ് മീറ്ററിംഗ് ചെയ്യാവുന്നതാണ് (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ഒരു ന്യൂട്രല്‍ ഗ്രേ ഓബ്ജടില്‍ ആയിരിക്കും ഇപ്രകാരം കിട്ടുന്ന “പൂജ്യം” എന്ന നടുവിലെ സെറ്റിംഗ് കൃത്യമായ അളവില്‍ പ്രകാശം തരുന്നത്. അല്ലാത്ത രംഗങ്ങളിലൊക്കെയും ഇതിനേക്കള്‍ അല്പം ഇടതോ വലത്തോ ആയിരിക്കും കൃത്യമായ ലൈറ്റിംഗ്. ഫോട്ടൊഗ്രാഫി പരിചയത്തില്‍ കൂടി ഇത് ക്രമേണ മനസ്സിലാക്കാവുന്നതേയുള്ളൂ).
കുറിപ്പ്: ഇവിടെ 250 എന്ന ഷട്ടര്‍ സ്പീഡ് ഉദാഹരണത്തിനായി എടുത്തുവെന്നേയുള്ളൂ. F/8, 250 എന്ന കോമ്പിനേഷന്‍ സെറ്റിംഗിന് തത്തുല്യമായ മറ്റൊരു സെറ്റിംഗാണ് ഇതേ ലൈറ്റിംഗില്‍ F/5.6, 500 എന്നത്. അതായത് ഷട്ടര്‍ സ്പീഡില്‍ ഒരു സ്റ്റെപ് കൂടുതലാക്കുമ്പോള്‍, അപ്പര്‍ച്ചറില്‍ ഒരു സ്റ്റെപ് താഴേക്ക് മാറ്റാം. പക്ഷേ ഇങ്ങനെ ചെയ്യുന്ന സ്റ്റെപ് അപ്/ഡൌണ്‍ രീതി രംഗത്തെ ലൈറ്റിന് അനുസരിച്ച് ഒരു പരമാവധി പോയിന്റിനു ശേഷം സാധിക്കില്ല എന്നു മാത്രം. അതുപോലെ ഇത്ര അപ്പര്‍ച്ചര്‍, അല്ലെങ്കില്‍ ഇത്ര ഷട്ടര്‍ സ്പീഡ് നമുക്ക് വേണം എന്ന് ഫോട്ടോഗ്രാഫര്‍ക്ക് തീരുമാനിക്കേണ്ടിവരുന്ന (പ്രത്യേക എഫക്ടുകള്‍ക്കായി) സാഹചര്യങ്ങളുണ്ട്. ഇത്തരം എഫക്റ്റുകളെപ്പറ്റി അപ്പര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി മോഡുകളെപ്പറ്റി പറയുന്ന പോസ്റ്റില്‍ പറയാം.
ലൈറ്റ് മീറ്ററിംഗ് ശരിയായിക്കഴിഞ്ഞാല്‍, ഇനി ക്ലിക്ക് ചെയ്യാം. ഇത്രയുംവായിച്ചിട്ട്, ഒരു SLR ക്യാമറയില്‍ ഫോട്ടോയെടുക്കുന്നത് ഇത്രയും മെനക്കേടാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുതേ. പൂര്‍ണ്ണമായും മാനുവലായി എടുക്കുമ്പോള്‍ മാത്രമേ ഇതിന്റെ ആവശ്യമുള്ളു. അല്ലാത്തപ്പോഴെല്ലാം, ക്യാമറ കൃത്യമായി ഇതൊക്കെ നിര്‍വ്വഹിച്ചുകൊള്ളും. അതുപോലെ, ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഒരു ക്യാമറ, ഈ സെറ്റിംഗുകളൊക്കെയും അതിന്റേതായ ഒരു വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിമിഷത്തിനുള്ളില്‍ സ്വയം നിര്‍വ്വഹിക്കുകയും ചെയ്യും. ഓരോ ഡിജിറ്റല്‍ ഫോട്ടോയുടെയും exif data പരിശോധിച്ചാല്‍ ഈ ക്യാമറ സ്വയം ചെയ്ത ഈ സെറ്റിംഗുകള്‍ കാണാവുന്നതാണ്.
പ്രകാശ നിയന്ത്രണം എന്ന അവയുടെ പ്രാഥമിക ഉപയോഗത്തിനു പുറമേ അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയ്ക്ക് ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ വളരെയേറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത്തരം ഉപയോഗങ്ങളെപ്പറ്റി പുറകാലെ ചര്‍ച്ചചെയ്യാം. ഇങ്ങനെ ഓരോ രംഗങ്ങള്‍ക്കും ഏകദേശം അനുയോജ്യമായ ഷട്ടര്‍, അപ്പര്‍ച്ചര്‍, സെന്‍സിറ്റിവിറ്റി കോമ്പിനേഷനുകളാണ് ഇന്നത്തെ കണ്‍സ്യൂമര്‍ ക്യാമറകളില്‍ കാണുന്ന ലാന്റ് സ്കേപ്പ്, ക്ലോസപ്പ്, പോര്‍ട്രയിറ്റ്, സ്പോര്‍ട്ട്സ് എന്നൊക്കെയുള്ള പ്രീസെറ്റ് മോഡുകള്‍ (pre-set modes). അതായത് ഈ ഓരോ മോഡിലും അപ്പര്‍ച്ചറ് അല്ലെങ്കില്‍ ഷട്ടര്‍ അല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുയോജ്യമായ ഒരു രീതിയില്‍ വരത്തക്കവിധം മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുകയാണ്. ക്യാമറയുടെ സോഫ്റ്റ്വെയര്‍ ബാക്കിസെറ്റിംഗുകള്‍ അതിനനുസരിച്ച് മാറ്റിക്കൊള്ളും.
ഇനി മറ്റൊരു സാഹചര്യം എടുക്കാം. തീരെ വെളിച്ചം കുറവുള്ള ഒരു അവസരം. നമ്മുടെ മാനുവല്‍ ക്യാമറയ്ക്ക് സാധ്യമായ ഏറ്റവും വലിയ അപ്പര്‍ച്ചര്‍ സുഷിരവും, ഏറ്റവും കുറഞ്ഞ ഷട്ടര്‍ സ്പീഡും നാം സെറ്റുചെയ്തു. എന്നിട്ടും ക്യാമറയുടെ ലൈറ്റ് മീറ്റര്‍ വെളിച്ചം പോരാ എന്നാണു കാണിക്കുന്നത് എന്നിരിക്കട്ടെ. എന്തുചെയ്യും? ഒന്നുകില്‍ “കറക്കിക്കുത്ത്” രീതിയില്‍ ഷട്ടര്‍ ഇഷ്ടം പോലെ തുറന്നുവച്ച് പരീക്ഷണങ്ങള്‍ നടത്താം. അപ്പോള്‍ “കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ ചട്ടി“ എന്നു പറഞ്ഞതുപോലെയാവും കാര്യങ്ങള്‍! അതല്ലെങ്കില്‍ ഫിലിമിന്റെ സെന്‍സിറ്റിവിറ്റി കൂട്ടാം.
എന്താണീ സെന്‍സിറ്റിവിറ്റി? ഒരു ഫോട്ടോഗ്രാഫിക് ഫിലിമിലെ രാസവസ്തുക്കള്‍ ഒരു നിശ്ചിത സമയത്തേക്ക് പ്രകാശവുമായി പ്രവര്‍ത്തിച്ചാലേ ഫോട്ടോ ലഭിക്കൂ എന്നറിയാമല്ലോ. ഇതനുസരിച്ച് ഓരോതരം ഫിലിമുകള്‍ക്കും ഓരോ ISO നമ്പറുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ സാധ്യമെങ്കില്‍ രാസപ്രവര്‍ത്തനം വളരെ വേഗം (കുറഞ്ഞ വെളിച്ചത്തില്‍) നടക്കുന്ന ഒരു ഫിലിം ഉപയോഗിക്കാം. പക്ഷെ ഡിജിറ്റല്‍ ക്യാമറയില്‍ ഓരോ ലൈറ്റിംഗിനും അനുസരിച്ച് ഇതുപോലെ സെന്‍സറുകള്‍ മാറ്റിക്കൊണ്ടിരിക്കുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ സെന്‍സറില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളെ പ്രത്യേകരീതിയില്‍ ശക്തീകരിക്കുന്ന (amplify) രീതിയാണ് അവയില്‍ അനുവര്‍ത്തിച്ചു വരുന്നത്. ഇതിനെയാണ് ISO സെറ്റിംഗുകള്‍ എന്നു വിളിക്കുന്നത്. അതായത്, സിഗ്നല്‍ ആപ്ലിഫിക്കേഷന്‍ കൂട്ടിക്കൊണ്ട്, ഉയര്‍ന്ന അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ് സെറ്റിംഗുകള്‍ വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.
അടുത്ത പോസ്റ്റില്‍ - ISO സെറ്റിംഗുകളും നോയിസും.
42 comments:
കാഴ്ചയ്ക്കിപ്പുറം ബ്ലോഗിലെ പുതിയ പോസ്റ്റ് - മാനുവല്‍ ഫോട്ടോഗ്രാഫി
അപ്പുവേട്ടാ...
പതിവു പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വിശദമായി വിവരണവും ചിത്രങ്ങളും അടങ്ങിയ മറ്റൊരു പാഠം കൂടി. ഇത്രയധികം കാര്യങ്ങള്‍ മനസ്സിലാക്കാനിരിയ്ക്കുന്നു എന്നതു തന്നെ വലിയ അത്ഭുതം.
:)
അപ്പു സാറേ .... ക്യാമറയ്ക്കെന്തെങ്കിലും പറ്റുമോന്ന് പേടിച്ച് തേങ്ങാ ഉടയ്ക്കുന്നില്ല ... അതിനു പകരം ഇത്ര ലളിതമായി ഒരു ഗംഭീര ലേഖനം എഴുതുന്നതിന് താണു വീണ് ഒരു നമസ്കാരം..
വീണ്ടും അഭിനന്ദനങ്ങള്‍...
:)
അടുത്ത പോസ്റ്റ് വേഗം ഇടൂ...
അപ്പു സാര്‍...
വളരെ ലളിതവും വിശദവുമായി വിവരിച്ചിരിക്കുന്നു. ഞാന്‍ മുഴുവന്‍ വായിക്കട്ടെ...
താങ്ക്യൂ...
സ്വസ്ഥമായി -ക്യാമറ ടെസ്റ്റ് ചെയ്തും-- വായിക്കാന്‍ പീഡിയെഫ് എടുത്തു വയക്കുന്നു. ഇത്രയും വിശദമായി എഴുതിയതിനു നന്ദി.
മാഷേ, ഒന്ന് ഓടിച്ചു നോക്കിയതേയുള്ളൂ.. ഇത് ഒന്നു രണ്ടു ദിവസത്തെ ജോലിയുണ്ടല്ലോ വിശദമായി വായിച്ചു നോക്കാന്‍. പ്രാക്ടിക്കല്‍ തുടങ്ങിയത് നന്നായി. ഈ ബ്ലോഗ് പോസ്റ്റുകള്‍ക്ക് പിന്നിലുള്ള പ്രയത്നത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
അപ്പു മാഷേ,
ഇത്തവണയും വളരെ നല്ല അറിവുകള്‍ ഈ പോസ്റ്റിലൂടെ കിട്ടി. പക്ഷേ ഇതൊക്കെ വായിച്ചു തലയില്‍ കയറ്റാന്‍ ഒന്നുകൂടി വായിക്കേണ്ടി വരും എന്ന് മാത്രം ;)
ഓ.ടോ. : മാനുവല്‍ ഫോട്ടോഗ്രാഫി എന്നു കണ്ടപ്പോള്‍ മാനുവല്‍ ചേട്ടന്‍ എടുക്കുന്ന ഫോട്ടോ ആവുമെന്ന് കണ്ടാ ഓടി വന്നെ. വന്നപ്പോള്‍ മാനുവല്‍ ചേട്ടനെ കാണാനില്ല ;)
ഒറ്റനോട്ടത്തില്‍ തോന്നിയതാണ് നീളന്‍ പോസ്റ്റ് എന്ന് കെട്ടോ. ഒറ്റയിരിപ്പില്‍ തന്നെ വായിച്ചു മനസ്സിലാക്കി.പതിവു പോലെത്തന്നെ വളരെ ലളിതമായി എഴുതിയിരിക്കുന്നു ഈ പോസ്റ്റും.
എസ്.എല്‍.ആര്‍ ഫിലിം ക്യാമറകളില്‍ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ വെളിച്ചത്തിന്റെ ലഭ്യതയനുസരിച്ച് ഫോട്ടോ എടുക്കുന്നതിന് വ്യത്യസ്ഥ ഐ.എസ്.ഓ വിലകള്‍ ഉള്ള ഫിലിമുകളാണോ ഉപയോഗിക്കുന്നത് ?
വെളിച്ചത്തോടുള്ള ഫിലിമിന്റെ / സെന്‍സറിന്റെ സംവേദനശേഷിയെ ഐ.എസ്.ഓ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നതെന്തുകൊണ്ടാണ് ?
ശ്രീലാലേ, അല്പം സാവകാശം കാണിക്കൂ. ഐ.എസ്.ഓ യെപ്പറ്റി അടുത്തപോസ്റ്റില്‍ത്തന്നെ പറയുന്നുണ്ട്.
ഫിലിം ക്യാമറകളില്‍ ഉപയോഗിക്കുന്നതിനായി വ്യത്യസ്ത ഐ.സ്.ഓ ഫിലിമുകള്‍ ലഭ്യമാണ്. ISO 50, 100, 200, 400 ഇവയായിരുന്നു സര്‍വ്വ സാധാരണം. ഇപ്പോഴും ലഭ്യമാണ്. ISO100 ഫിലിമാണ് സര്‍വ്വ സാധാരണ ഉപയോഗത്തിന്. കുറഞ്ഞവെളിച്ചത്തില്‍ 200, 400 ഒക്കെ ഉപകാരപ്രദം. പിന്നെ ഒരു കാര്യമുണ്ട്, നമ്മുടെ കൈയ്യിലുള്ള ക്യാമറയുടെ കണ്ട്രോളിന്റെ പരിധിക്കുപുറത്ത് ലൈറ്റിംഗ് ആവശ്യമുള്ളപ്പോഴേ ഇങ്ങനെ ഫിലിം മാറ്റി ഉപയോഗിക്കേണ്ടതായുള്ളൂ. രാത്രി ഫോട്ടോഗ്രാഫിക്ക് 400 വളരെ നല്ല ഫിലിമാണ്.
നന്ദി അപ്പൂസ്. അടുത്ത പോസ്റ്റ് ഐ.എസ്.ഒ & നോയ്സ് ആണല്ലോ എന്നത് കമന്റ് ഇട്ടതിനു ശേഷമായിരുന്നു ഞാന്‍ ഓര്‍ത്തത്. കാത്തിരിക്കാം.
വളരെ ഉപകാരപ്രദമായ പോസ്റ്റ്.
കാര്യങ്ങളോക്കെ വളരെ നന്നായി മനസ്സിലായി.
ഉടനെ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുന്നു.
വിജ്ഞാനപ്രദം അപ്പുവേട്ടാ...തുടരൂ.
അപ്പു,
വളരെ വിജ്ഞാനപ്രദം. ഇനി ബാക്കി എല്ലാ പാഠങ്ങളും സമയതിനനുസരിച്ചു വായിക്കണം.
പ്രാക്ടിക്കല് തുടങ്ങി അല്ലേ :-) കുറേ നാളായി ക്യാമറ തൊട്ടിട്ട്. ഒന്നെടുത്ത് നോക്കട്ടെ.
വിജ്ഞാന പ്രദമായ പോസ്റ്റ്.
തുടരുക മാഷേ.
എത്ര നല്ല വിവരണം. എനിക്കു പോലും നന്നായിട്ട് മനസ്സിലാകുന്നു. അതു കൊണ്ട് ഒരു സംശയം ചോദിക്കട്ടേ:
സ്പീട് 250-ല്‍ ഫിക്സ് ചെയ്തിട്ട് അപ്പര്‍ച്ചര്‍ മാറ്റി മാറ്റിയാണ് ശരിക്കുള്ള പ്രകാശം കടത്തുന്നത് എന്നു പറഞ്ഞത് നന്നായി മനസ്സിലായി. എന്തുകൊണ്ട് സ്പീട് 250-ല്‍ തന്നെ ഫിക്സ് ചെയ്തു എന്നു പറഞ്ഞില്ല. അങ്ങനെ 250-ല്‍ തന്നെ നിര്‍ത്താനുള്ള മാനദന്ധം?
ചോദ്യം തെറ്റാണെങ്കില്‍ കളിയാക്കരുതേ. അതല്ല ചോദ്യത്തില്‍ കുഴ്പ്പമില്ലെങ്കില്‍, ഇക്കാര്യം വ്യക്തമാക്കുന്ന ഒന്നു രണ്ട് വാചകങ്ങള്‍ കൂടി പോസ്റ്റില്‍ ചേര്‍ക്കണം.
അങ്കിള്‍, ഈ ചോദ്യത്തിനു നന്ദി ആദ്യമേ പറയട്ടെ.
പോസ്റ്റില്‍ ഇങ്ങനെയൊരു വാചകം ഉണ്ടായിരുന്നു “ഇതുപോലെ മറ്റു ചില ഷട്ടര്‍ സ്പീഡുകളിലും, അപ്പര്‍ച്ചര്‍ അനുയോജ്യമായി സെറ്റുചെയ്ത് കൃത്യമായ ലൈറ്റ് മീറ്ററിംഗ് ചെയ്യാവുന്നതാണ്“. ഇത് അങ്ങനെയെഴുതുന്നതിനു പകരം അല്പം കൂടെ വിശദമാക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. യഥാര്‍ത്ഥത്തില്‍, 250 ഷട്ടര്‍സ്പീഡ് ഞാന്‍ ഉദാഹരണത്തിനായി തെരഞ്ഞെടുത്തതാണ്. F8, 250 എന്ന സെറ്റിംഗിന് തുല്യമായ മറ്റൊരു സെറ്റിംഗാണ് F5.6,500 എന്നത്. അതായത് ഷട്ടര്‍ സ്പീഡില്‍ ഒരു സ്റ്റെപ് കൂടുതലാക്കുമ്പോള്‍, അപ്പര്‍ച്ചറില്‍ ഒരു സ്റ്റെപ് താഴേക്ക് മാറ്റാം. പക്ഷേ ഇങ്ങനെ ചെയ്യുന്ന സ്റ്റെപ് അപ്/ഡൌണ്‍ രീതി രംഗത്തെ ലൈറ്റിന് അനുസരിച്ച് ഒരു പരമാവധി പോയിന്റിനു ശേഷം സാധിക്കില്ല എന്നു മാത്രം. മനസ്സിലായിക്കാണും എന്നു കരുതുന്നു. പോസ്റ്റില്‍ ഈ വിശദീകരണം ചേര്‍ക്കാം. നന്ദി.
നന്ദി അപ്പു. ആ വാചകം ഉണ്ടായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി ഇപ്പോഴാണ് മനസ്സിലായത്.
അപ്പൂ...
:-)
അപ്പു മാഷേ..
ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമൊന്നുമില്ലാതിരുന്ന ഞാന്‍ ഒരു DSLR വാങ്ങിക്കാന്‍ തീരുമാനിച്ചത് തന്നെ താങ്കളുടെ ബ്ലോഗ് വായിച്ചതിനു ശേഷമാണ്! നന്ദിയുണ്ട്, വളരെ ലളിതമായ രീതിയില്‍ കാര്യങ്ങള്‍ വിവരിച്ചു തരുന്നതിന്. എന്നെ പോലെ ഉള്ള തുടക്കക്കാര്‍ക്ക് ഒരു പാട് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല.
ISO യെ കുറിച്ച് കുറച്ചു സംശയങ്ങള്‍ ഉണ്ട്, ചോദിക്കുന്നില്ല. അടുത്ത പോസ്റ്റില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടും എന്നുറപ്പുള്ളതു കൊണ്ട്!
ഞാനാദ്യമായാണു ഈ ചിത്രങളുടെ മാന്ത്രികന്‍റെ മായാവലയത്തില്‍ കണ്‍പാര്‍ക്കുന്നത്.....
താങ്കളുടെ ഈ പ്രയത്നം മറ്റുള്ളവരിലേക്ക് പകരുമ്പോള്‍,
താങ്കളുടെ ചിത്രങളേക്കാള്‍ മിഴിവ് മനസ്സിനുണ്ടെന്ന് മനസ്സിലാകുന്നു.
നന്ദി........
അപ്പുവേ
ക്യാമറയിലെ കുരുക്കുകള്‍ അഴിച്ചു തന്നതിന്നു നന്ദി. വിജ്ഞാനപ്രഥമായ ഈ ലേഖനം വളരെ ലളിതമായി എഴുതാന്‍ അപ്പുവിനു കഴിഞ്ഞു.
-സുല്‍
അപ്പൂ,
പ്രിന്റ് എറ്റുത്തു.
സൌകര്യമായി വായിക്കണം, മനസ്സിലാക്കണം.
-എന്റെ തലയില്‍ അല്പം സാവധാനമേ കേറു ഈ ടെക്നിക്കാലിറ്റികള്‍.
വിശദമായ പോസ്റ്റിന് നന്ദി!
ഇത്രയും മനസ്സിലായി. പക്ഷേ എപ്പോഴത്തേത് പോലെ ഇനി ഐ. എസ്. ഓ യുടെ കാര്യം പറഞ്ഞു കഴിയുമ്പോ എന്റെ തലയില്‍ പതിവു പോലെ കുഴഞ്ഞുമറിച്ചില്‍ അനുഭവപ്പെടുമോയെന്ന് അടുത്ത ലക്കം വായിച്ചിട്ട് പറയാം.
ഞാന്‍ പല പ്രാവശ്യം സൈറ്റുകളില്‍ നിന്നും വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള സംഗതിയാണിത്. പക്ഷേ അവസാനം ആകെ കണ്‍ഫ്യൂഷനിലാണവസാനിക്കാറ്. ചിലപ്പോള്‍ ഒക്കെ ഒന്നു പ്രാക്ടീസ് ചെയ്തു നോക്കാന്‍ പറ്റിയ ഒരു ക്യാമറയില്ലാത്തത് കൊണ്ടാവും.(അല്ലെങ്കില്‍ എന്റെ തലയിലെ കളിമണ്ണിന്റെ പ്രശ്നവുമാവും)
great work man !
പ്രിന്റെടുക്കുന്നതിന്റെ ചെലവോര്‍ക്കുമ്പോള്‍ ചങ്കിടിക്കുമെങ്കിലും ഇതൊരു വല്ലാത്ത ആകര്‍ഷണം തന്നെ - ഈ ഹോബിയേ....അപ്പു മാഷിന്റെ ഈ എഴുത്ത് ദേ പിന്നേം പിടിച്ചു വലിക്കണ്...
ഈ പോസ്റ്റുകള്‍ വായിക്കുകയും മനസ്സിലാക്കുകയും അഭിപ്രായങ്ങളും ചോദ്യങ്ങളും ചോദിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി.
തുളസിമാഷുടെ (ഭൂതകാലക്കുളിര്‍) സന്ദര്‍ശനത്തിന് വളരെ സന്തോഷം, നന്ദി.
ഇത്തിരി വൈകിയാണെങ്കിലും ഞാന്‍ പഠിക്കുന്നുണ്ടേ മാഷെ...
Great Effort Bhai :)
Waiting for the next chapter :)
ഈ ബൂലോഗം കിടു ഫോട്ടോഗ്രാഫറുകളാലും അവരെടുക്കുന്ന കിടു ഫ്രെയിമുകളായും നിറയട്ടെ...
:)
വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങാള്‍!
ഇത് ഗംഭീരം, അതി ഗംഭീരം എന്നതില്‍ കവിഞ്ഞൊന്നും പറയാനില്ല....
അപ്പ്വേട്ടാ..
ഈ പോസ്റ്റിനു പിന്നിലെ താങ്കളുടെ പ്രയത്നത്തെയും, ലളിതമായ വിവരണശൈലിയെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
കുറച്ചു നാള്‍ മുന്‍പ് ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ കണ്ട് ഒരു സുഹൃത്ത് പറഞ്ഞു, അവക്ക് ഡെപ്ത് ഉണ്ട്, അപ്പര്‍ച്ചര്‍ ശ്രദ്ധിക്കണം എന്നു. ഡിജിറ്റല്‍ ക്യാമറയില്‍ പ്രിവ്യൂ കണ്ട് ചുമ്മാ ഫോട്ടോ എടുത്ത എനിക്ക് സത്യത്തില്‍ ഒന്നും മനസ്സിലായില്ല. അന്നു ചോദിച്ചു പഠിക്കാനും പറ്റിയില്ല. ഇപ്പോള്‍ ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലാവുന്നു, സുഹൃത്ത് പറഞ്ഞതിന്റെ അര്‍ത്ഥം. വളരെ വളരെ നന്ദി..
Appu maashe...
Thanks very much for your effort. This is excellent work!
I have Nikon D40. In fact I baught a coule of books, but books could not help me too much. You helped me to!! Thanks again...
Are you in Flicker?
Kishor
Lot of thanks sir.
Thanks a lot, sir.
കാണാന്‍ വൈകിപ്പോയി എന്നൊരു സംശയം. ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി ,എന്നെപ്പോലെയുള്ള point&shoot കാര്‍ക്ക് ഇതൊക്കെ ഒരു വലിയ ഉപകാരം തന്നെ അപ്പു ഭായ്
പാഠം 9 വരെ പഠിക്കാന്‍ കുറെ സമയം എടുത്തു. ജോലി കിട്ടിയതിനു ശേഷം പഠനം കുരവയോണ്ട്, പഠിക്കുന്ന രീതി പോലും മറന്നിരുന്നു. ഇപ്പൊ ഓരോ വരിയും ശ്രദ്ധയോടെ പഠിക്കുന്നു, വായിക്കുന്നു നു പറയാന്‍ പറ്റില്ലേ. ഇവിടെ വരെ എത്താന്‍ ഇത്രയും വ്യ്കിപോയല്ലോ എന്ന് ഒരു സങ്കടം തോന്നുന്നു. എല്ലാം വിശദമായി പറഞ്ഞു തരുന്ന അപ്പുഎട്ടന് ഒരായിരം നന്ദി..
ആഡംബരം പോസ്റ്റുകൾ... ആദ്യം മുതൽ വായിച്ച് ഇവിടെ വരെ എത്തി...
നന്ദി.
ഇങ്ങള് അറിവിന്ടെ മാരാണ് !!!
സർ , നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ
സാധാരണയായി ഉപയോഗിക്കുന്ന നികോണ്‍,കാനിൻ ക്യാമറ കളിലെ ഷുട്ടെർസ്പീദ് ,അപ്പെര്ടുരെ എങ്ങനെ ആണ് വ്യൂ ഫിന്ടെർ ഇല കൂടെ നൊക്കുമൊൽ കാണുന്നതു എന്ന് പറഞ്ഞു തരാമോ.
കാമെരിലെ ഡിജിറ്റൽ സ്ക്രീനിലും ലെന്സിലെയും കാമെരയിലെയും ബോഡി ഇലെ മര്കിംഗ് കൂൂദെ ആടാത് ക്ലാസ്സിൽ കൂടെ പറഞ്ഞു പോയാല എളുപ്പം ആയിരിക്കും എന്ന് തോനുന്നു(കാനോണ്‍,നികോണ്‍ ).കാരണം പലപ്പോളും ഒരു ക്യാമറ കയ്യില കിട്ടുമ്പോൾ അതു അറിയാവുന്ന കാര്യം പോലും എടുത്തു നോക്കുനടിനു ബുദ്ധിമുട് നേരിടേണ്ടി വന്നിട്ടുണ്ട് .എന്റെ ഈ അപേക്ഷയിൽ അപാകടകൾ ഉണ്ടെങ്കിൽ സദയം പൊറുക്കുക
ഓരോ ലക്കം കഴിയുംതോറും ... വായിക്കാനുള്ള ആവേശം കൂടി വരുന്നു ... വെരി സിമ്പിള്‍
ലളിതമായും ആധികാരികമായും ഇത്രയധികം കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി!😍
Post a Comment