ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, April 17, 2008

പാഠം 11 - ഓപ്റ്റിക്കല്‍ സൂം ഡിജിറ്റല്‍ സൂം

ഒരു ഡിജിറ്റല്‍ ക്യാമറയുടെ സ്പെസിഫിക്കേഷനുകള്‍ നോക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു സെയില്‍സ്‌മാനോട്‌ സംസാരിക്കുമ്പോള്‍ നാം കേള്‍ക്കാറുള്ള ഒരു വാക്കാണ്‌ ഓപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം തുടങ്ങിയവ. പലര്‍ക്കും വളരെയധികം തെറ്റിദ്ധാരണകളും ഈ സാങ്കേതികപദവുമായി ബന്ധപ്പെട്ട്‌ ഉണ്ട്‌. അതിലും വിചിത്രമാണ്‌ അത്‌ പറയുന്ന രീതി -ഡിജിറ്റല്‍ പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ 3X, 10X, 12X എന്നൊക്കെ സൂം അളവിനെ വിശേഷിപ്പിക്കുമ്പോള്‍, SLR ക്യാമറകളിലെ സൂം ലെന്‍സുകളെ 200mm, 300mm, 500mm എന്നൊക്കെയാണ്‌ വിളിക്കുന്നത്‌. ഇതെന്താണിങ്ങനെ? എന്താണ് ഓപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം എന്നിവ തമ്മിലുള്ള വ്യത്യാസം എന്നു നോക്കാം.


ZOOM

ഇംഗ്ലീഷില്‍ ZOOM എന്ന വാക്കിന്റെ അര്‍ത്ഥം Move along very quickly എന്നാണ്‌. അതായത്‌ വളരെ വേഗത്തില്‍ ഒരു പോയിന്റില്‍നിന്നും മറ്റൊരു പോയിന്റിലേക്ക്‌ മാറുക എന്നര്‍ത്ഥം. ക്യാമറയുടെ കാര്യത്തില്‍,സൂം ചെയ്യുക എന്നാല്‍ വ്യൂ ഫൈന്ററിലൂടെയോ, ലൈവ്‌ പ്രിവ്യൂവിലൂടെയോ നാം കാണുന്ന രംഗത്തിലെ, അടുത്തുള്ള ഒരു പോയിന്റില്‍ നിന്നും അകലെയുള്ള ഒരു പോയിന്റിലേക്ക്‌ മാറുക എന്നു പറയാം - ദൂരെയുള്ള ഒരു വസ്തുവിന്റെ അടുത്തേക്ക്‌ നാം നടന്നുപോകാതെ, ആ വസ്തുവിന്റെ പ്രതിബിംബത്തെ നമ്മുടെ അടുത്തേക്ക്‌ കൊണ്ടുവരുക. സൂം-ഇന്‍ എന്നു പറഞ്ഞാല്‍ പ്രതിബിംബത്തെ കണ്ണുകളുടെ അടുത്തേക്ക്‌ കൊണ്ടുവരുക എന്നും, സൂം-ഔട്ട്‌ എന്നുപറഞ്ഞാല്‍ പ്രതിബിംബത്തെ കണ്ണുകളില്‍നിന്നും ദൂരേക്ക്‌ മാറ്റി നിര്‍ത്തുക എന്നുമാണ്‌ അര്‍ത്ഥം.

പാഠം രണ്ട്‌ : ക്യാമറയുടെ ഉള്ളിലേക്ക് എന്ന അദ്ധ്യായത്തില്‍ വിവിധയിനം ലെന്‍സുകളെപ്പറ്റി അല്‍പ്പം കാര്യങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഫോക്കല്‍ ദൂരം, ഇമേജ്‌ പ്ലെയിന്‍, കോണ്‍കേവ്‌, കോണ്‍വെക്സ്‌ ടൈപ്പ്‌ ലെന്‍സുകള്‍ തുടങ്ങിയവയൊക്കെ എന്താണെന്ന് ഓര്‍മ്മയുണ്ടല്ലോ. കോണ്‍വെക്സ്‌ ലെന്‍സുകള്‍ക്ക്‌ - മധ്യഭാഗത്തിന്‌ അരികുകളേക്കാള്‍ കനം കൂടിയ ലെന്‍സുകള്‍- അവയുടെ മുമ്പിലുള്ള വസ്തുക്കളുടെ ഒരു യഥാര്‍ത്ഥ പ്രതിബിംബം മറുവശത്ത് രൂപപ്പെടുത്താന്‍ സാധിക്കും. ക്യാമറലെന്‍സുകളൊക്കെയും ഇത്തരത്തിലുള്ള ഒന്നിലധികം ലെന്‍സുകളുടെ കോമ്പിനേഷനാണ്. ഓപ്റ്റിക്കല്‍ തിയറീ അനുസരിച്ച് ഒരു വസ്തുവില്‍നിന്നും വരുന്ന പ്രകാശകിരണങ്ങള്‍ ഒരു ലെന്‍സിലൂടെ (അല്ലെങ്കില്‍ ഒരു സെറ്റ് ലെന്‍സുകളില്‍ക്കൂടി) കടന്നുപോയി മറുവശത്ത് ഒരു പോയിന്റില്‍ സമ്മേളിക്കുമ്പോഴാണ് (converge) ആ വസ്തുവിന്റെ ഒരു പ്രതിബിംബം അവിടെ ഉണ്ടാകുന്നത്. ഇപ്രകാരം ഇമേജ് രൂപപ്പെടുന്ന പ്രതലത്തിനെ ഇമേജ് പ്ലെയിന്‍ എന്നു പറയുന്നു. ഇവിടെയാണ് എല്ലാ ക്യാമറകളുടെയും സെന്‍സര്‍ ഇരിക്കുന്നത്. സെന്‍സര്‍ ഉറപ്പിച്ചിരിക്കുന്ന ഈ പൊസിഷന്‍ ഒരു ക്യാമറയില്‍ fixed ആണ്. ക്യാമറലെന്‍സിനുള്ളിലുള്ളിലെ ഘടകങ്ങളെ മുമ്പോട്ടും പിറകോട്ടും അനുയോജ്യമായി മാറ്റിക്കൊണ്ടാണ്, ഈ ഇമേജ് പ്ലെയിനില്‍ ഒരു പ്രതിബിംബം ഉണ്ടാക്കിയെടുക്കുന്നത്. ഇതാണ് ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ നാം ചെയ്യുന്നത്.

ഇങ്ങനെ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ വലിപ്പം, ലെന്‍സിന്റെ വ്യാസം ഫോക്കല്‍ ദൂരം കനം എന്നിവയെ അടിസ്ഥാനപ്പെടുത്തി പലതരത്തിലാകാം. പൊതുവേ പറഞ്ഞാല്‍, കനം കൂടിയ ലെന്‍സുകളുടെ ഫോക്കല്‍ ദൂരം, അതേ വ്യാസത്തിലുള്ള കനം കുറഞ്ഞ ഒരു ലെന്‍സിനേക്കാള്‍ കുറവായിരിക്കും. ഇങ്ങനെ പല കനത്തിലും വ്യാസത്തിലുമുള്ള ലെന്‍സ് കോമ്പിനേഷനുകളും, ഒരു കോണ്‍കേവ് ലെന്‍സും ഉപയോഗിച്ചുകൊണ്ട് ഇമേജ് പ്ലെയിനില്‍ (സെന്‍സറില്‍) വീഴുന്ന പ്രതിബിംബത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുകയാണ് സൂംചെയ്യുമ്പോള്‍ നാം ചെയ്യുന്നത്. താഴെ ഇതു കൂടുതല്‍ വിശദമായി ചര്‍ച്ചചെയാം.

അനുയോജ്യമായ രീതിയില്‍ ഇത്തരം പലവലിപ്പത്തിലുള്ള ലെന്‍സുകളെ (പലപ്പോഴും പത്തില്‍ കൂടുതല്‍ എലമെന്റ്സ് ഉണ്ടാവാം ഒരു സൂം ലെന്‍സില്‍) ഒരു ബാരലിനുള്ളില്‍ കൂട്ടിയിണക്കി - അത്യന്തം സങ്കീര്‍ണ്ണമായ ഒരു സാങ്കേതികവിദ്യയാണിത്‌- യാണ്‌ സൂം ലെന്‍സുകള്‍ ഉണ്ടാക്കുന്നത്‌. വിക്കിപീഡിയയില്‍നിന്നെടുത്തിട്ടുള്ള ഈ ഫോട്ടോ നോക്കൂ.ഒരു നിക്കോണ്‍ 28-200 സൂം ലെന്‍സാണിത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ സൂം ലെന്‍സ് ബോഡിയില്‍ത്തന്നെ ബില്‍ട്ട്-ഇന്‍ ആയി നിര്‍മ്മിച്ചിരിക്കുന്നു.


കടപ്പാട്: Wikipedia commons
സൂം ലെന്‍സുകളുടെ ഫോക്കല്‍ ദൂരം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കും. ചിത്രം നോക്കൂ, ലെന്‍സിന്റെ ബാരല്‍ നീട്ടിക്കൊണ്ട് ഫോക്കല്‍ ദൂരം മാറ്റിയിരിക്കുന്നത് കാണാം. ഈ സൂം ലെന്‍സിന്റെ ഫോക്കല്‍ റേഞ്ച്‌ 28mm - 200mm ആണ്. അതിന്റെ ഏറ്റവും കുറഞ്ഞ ഫോക്കല്‍ ലെങ്ങ്ത്‌ 28mm കൂടിയത്‌ 200mm എന്നിങ്ങനെയായിരിക്കും എന്നുമനസ്സിലായല്ലോ. ഒരേ വസ്തുവിന്റെ തന്നെയാണെങ്കില്‍ക്കൂടി, 28mm എന്ന ഫോക്കല്‍ ലെങ്ങ്തില്‍ ഇരിക്കുമ്പോള്‍ ഒരു കുഞ്ഞു പ്രതിബിംബവും, 200mm എന്ന ഫോക്കല്‍ ലെങ്ങ്തില്‍ ഇരിക്കുമ്പോള്‍ ഒരു വലിയ പ്രതിബിംബവും ആയിരിക്കും ഈ ലെന്‍സ്‌ രൂപപ്പെടുത്തുക. സെന്‍സറിന്റെ വലിപ്പം മാറുന്നില്ലല്ലോ. അതിനാല്‍, സെന്‍സറില്‍ വീഴുന്ന ഒരു വലിയ പ്രതിബിംബം, ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച്‌ നമ്മള്‍ ഒരു വസ്തുവിനെ വലുതാക്കികാണുന്നതു പോലെ മാഗ്നിഫൈഡ് (magnified)ആയിരിക്കും. കുടുതല്‍ വായനയ്ക്ക് താല്പര്യമുള്ളവര്‍ ഇവിടെ നോക്കുക.


അങ്ങനെയെങ്കില്‍ മേല്‍പ്പറഞ്ഞ ലെന്‍സ്‌ അതിന്റെ 28mm എന്ന വശത്തും, 200mm എന്ന വശത്തും രൂപപ്പെടുത്തുന്ന പ്രതിബിംബങ്ങളുടെ വലിപ്പങ്ങള്‍ എങ്ങനെയിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ. എളുപ്പത്തില്‍ മനസ്സിലാവാനായി ഒരു ഉദാഹരണം താഴെ നല്‍കുന്നു. ക്ലിക്ക്‌ ചെയ്ത്‌ വലുതാക്കികാണുക.കറുത്ത ബോര്‍ഡറിനുള്ളില്‍ നീലനിറത്തിലെ ചതുരമാണ് സെന്‍സര്‍. ഇടതുവശത്തെ ചിത്രത്തില്‍ 28mm എന്ന സൂമില്‍ (ഫോക്കല്‍ ലെങ്ങ്തില്‍) ലെന്‍സ്‌ ഇരിക്കുമ്പോള്‍ പ്രതിബിംബം രൂപപ്പെടുന്നതെങ്ങനെ എന്നു കാണിച്ചിരിക്കുന്നു. നടുവിലുള്ള ആരോ, അതിനു താഴെയുള്ള മൂന്നു ചതുരങ്ങള്‍ എന്നിവ കൂടാതെ ഇരുവശങ്ങളിലുമുള്ള രണ്ട്‌ ആരോ കള്‍ കൂടി ഈ ആദ്യ ചിത്രത്തില്‍ കാണാം. എന്നാല്‍ 200mm എന്ന ഫോക്കല്‍ ലെങ്ങ്തിലേക്ക്‌ (സൂമിലേക്ക്‌) ലെന്‍സ്‌ മാറ്റുമ്പോള്‍ ഈ പ്രതിബിംബത്തിന്റെ വലിപ്പം കൂടി. ആദ്യചിത്രത്തില്‍ സെന്‍സറിന്റെ ഉള്ളിലുണ്ടായിരുന്ന കുറേഭാഗങ്ങള്‍ സെന്‍സറിനൂ പുറത്തായി (അവ വ്യൂഫൈന്ററില്‍ ഇപ്പോള്‍ കാണുകയില്ല); പുറത്തായ ഭാഗങ്ങളെയാണ് ഗ്രേ കളറില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള ആരോകള്‍ ഫ്രെയിമില്‍ ഇല്ല എന്നുമാത്രവുമല്ല നടുവിലുള്ള ആരോ ഫ്രെയിമിന്റെ മുകളില്‍ വരെ എത്തിയിരിക്കുന്നു. അതായത്‌,28mm സൂമില്‍ കണ്ടതിനേക്കാള്‍ വലിപ്പം കൂടിയ (magnified) ഒരു ഇമേജാണ്‌ 200mm ല്‍ ഉണ്ടായിരിക്കുന്നത്‌ എന്നു സാരം.


വീക്ഷണകോണ്‍ അഥവാ Angle of view

ഒരു വസ്തു നമ്മില്‍ നിന്നും എത്ര അകലത്തിലാണ്‌ എന്ന് നമ്മുടെ കണ്ണുകള്‍ എങ്ങനെയാണ്‌ മനസ്സിലാക്കുന്നത്‌ എന്നു ചിന്തിചിട്ടുണ്ടോ? നാം കാണുന്ന വീക്ഷണകോണില്‍ (angle of view) ആ വസ്തുവിന്‌ എത്രവലിപ്പമുണ്ട്‌ എന്നതിനനുസരിച്ചാണ്‌ നമുക്ക്‌ അകലത്തെപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ ലഭിക്കുന്നത്‌. അതുപോലെ തെറ്റിദ്ധാരണയുണ്ടാക്കാനും ഈ വീക്ഷണകോണ്‍ കൊണ്ടു സാധിക്കും. ഉദാഹരണം, നമ്മുടെ ഒരു വിരല്‍ ഒരു കണ്ണിനു തൊട്ടുമുമ്പില്‍ പിടിച്ചുകൊണ്ട്‌ നമ്മുടെ മുമ്പിലുള്ള ഒരു വലിയ കെട്ടിടത്തേയോ, സൂര്യബിംബത്തേയോ പൂര്‍ണമായും മറയ്ക്കുവാന്‍ നമുക്കു സാധിക്കുമല്ലോ. ഇതിനര്‍ത്ഥം വിരലിന്‌ ആ കെട്ടിടത്തിന്റെ വലിപ്പം ഉണ്ടെന്നാണോ? അല്ല.


ഇരുകണ്ണുകള്‍ക്കും കാഴ്ചശക്തിയുള്ള ഒരു മനുഷ്യന്‌ അവന്റെ മുന്നില്‍ ഏകദേശം 180 ഡിഗ്രി വീക്ഷണകോണില്‍ ഉള്ള വസ്തുക്കളെ കാണുവാന്‍ സാധിക്കും. അതായത്‌ നമ്മുടെ ഇരു കൈകളും നിവര്‍ത്തി തോള്‍നിരപ്പില്‍ ഇരുവശത്തേക്കും പിടിച്ചാല്‍ ലഭിക്കുന്ന പ്രതലംമുതല്‍ നമുക്കു മുന്നിലുള്ള സകല വസ്തുക്കളെക്കുറിച്ചുമുള്ള ഒരേകദേശ കാഴ്ച നമുക്കെപ്പോഴുമുണ്ട്‌. എന്നാല്‍ നാം ഒരു ക്യാമറയുടെ വ്യൂഫൈന്ററില്‍ക്കൂടിയോ ലൈവ്‌ പ്രിവ്യൂ സ്ക്രീനില്‍ക്കൂടെയോ നോക്കുമ്പോള്‍ ഇത്രയും വിശാലമായ ഒരു കാഴ്ച അവിടെയില്ല എന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. അതായത്‌, ക്യാമറയില്‍ ഉറപ്പിച്ചിരിക്കുന്ന ലെന്‍സിന്റെ വീക്ഷണകോണിനുള്ളില്‍ (angle of view) ഉള്‍പ്പെടുന്ന കാഴ്ചകള്‍ മാത്രമേ ക്യാമറയിലൂടെ നമുക്ക്‌ കാണാന്‍ സാധിക്കൂ. ഈ കാഴ്ചമാത്രമേ ക്യാമറയുടെ സെന്‍സറില്‍ വീഴൂ, സെന്‍സറില്‍ വീഴുന്നതേ ഫോട്ടോയില്‍ ലഭിക്കൂ.

ഒരു പ്രത്യേക ഫോക്കല്‍ ലെങ്തില്‍ (സൂമില്‍) ഇരിക്കുന്ന ലെന്‍സിന്റെ വീക്ഷണകോണ്‍, അതു രൂപപ്പെടുത്തുന്ന പ്രതിബിംബതിന്റെ വലിപ്പത്തെ അല്ലെങ്കില്‍ മാഗ്നിഫിക്കേഷനെ ആശ്രയിച്ചിരിക്കുന്നു - തിരിച്ചും പറയാം വീക്ഷണകോണ്‍ വലുതാകുംതോറും (വിശാലമാകുംതോറും) പ്രതിബിംബത്തിന്റെ വലിപ്പം കുറയുന്നു, വീക്ഷണകോണ്‍ ഇടുങ്ങിവരുന്തോറും പ്രതിബിംബത്തിന്റെ മാഗ്നിഫിക്കേഷനും, വലിപ്പവും കൂടുന്നു. മുകളില്‍ കൊടുത്ത ചിത്രം ഒന്നുകൂടി നോക്കൂ.
ഇടതുവശത്തെ ചിത്രത്തിന്റെ വീക്ഷണകോണ്‍ കൂടുതലാണ്. വലതുവശത്തേതിന്റെത് കുറവും. അതായത് 28mm ഫോക്കല്‍ ദൂരത്തില്‍ വിശാലമായ ഒരു വീക്ഷണകോണും 200mm എന്ന ഫോക്കല്‍ ദൂരത്തില്‍ ഇടുങ്ങിയ ഒരു വീക്ഷണകോണുമാണ് ഉള്ളത്. അതിനാലാണ് ആദ്യ ചിത്രത്തിന്റെ വശങ്ങളില്‍ കാണുന്ന രണ്ട് ആരോകള്‍ വലതുവശത്തെ ചിത്രത്തില്‍ കാണാന്‍ സാധിക്കാത്തത്.

ഒരു സൂം ലെന്‍സ് ഉപയോഗിച്ച് ഒരു രംഗം സൂം ഇന്‍ ചെയ്യുമ്പോള്‍, ലെന്‍സ് രൂപപ്പെടൂത്തുന്ന ഇമേജിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു എന്നു ഈ ഉദാഹരണങ്ങളില്‍നിന്നും മനസ്സിലായല്ലോ. അതിനാല്‍ വീക്ഷണകോണ്‍ കുറയുകയും, ആരോയും അതിന്റെ പരിസരങ്ങളും “കുറേക്കൂടിവലിപ്പത്തില്‍“ വ്യൂഫൈന്റര്‍ വിന്റോയില്‍ കാണാറാകുകയും ചെയ്യുന്നു- കണ്ണിനടുത്തേക്ക് പിടിച്ച വിരല്‍ പോലെ. അതിനാല്‍ സൂം ചെയ്ത വസ്തു കുറേക്കൂടി ക്യാമറയുമായി അടുത്തുനില്‍ക്കുന്നു എന്നൊരു പ്രതീതി വ്യൂഫൈന്ററില്‍ കൂടി നോക്കുമ്പോള്‍ നമുക്കുണ്ടാകുന്നു.


ഈ രീതിയില്‍ സംഭവിക്കുന്ന പ്രതിബിംബത്തിന്റെ വലിപ്പം കൂടല്‍ (image magnification) ലെന്‍സിന്റെ ഘടകങ്ങള്‍ ആരോയില്‍ നിന്നും വരുന്ന രശ്മികളുടെ പാത ഭ്രംശിപ്പിക്കുന്നതിനാല്‍ (refraction) സംഭവിക്കുന്നതാണ്. ഓപ്റ്റിക്സില്‍ കൂടുതല്‍ താല്പര്യമുള്ളവര്‍ വിക്കിപീഡിയയിലെ ഈ ചിത്രം നോക്കുക. അതുപോലെ ഈ ലിങ്കും ഈ ലിങ്കും ഉപകാരപ്രദമാണ്.


യഥാര്‍ത്ഥ ഉദാഹരണം:

അല്പം കൂടി ഇതു വ്യക്തമാക്കാനായി മൂന്നു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു. ചിത്രങ്ങളുടെ കറുത്ത ബോര്‍ഡര്‍ വ്യൂഫൈന്ററിന്റെ വലിപ്പമാണ്. ആദ്യത്തെ ചിത്രത്തിനുള്ളില്‍ രണ്ടു ചതുരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ആദ്യത്തെ ഫോട്ടോയിലെ വിശാലമായ വീക്ഷണകോണ്‍ ശ്രദ്ധിക്കൂ. ചുവന്ന ചതുരത്തിനുള്ളിലേക്ക് വരുമ്പോള്‍ ഇത്രയും വിശാലമായ കാഴ്ച ഇല്ല; ഏറ്റവും ഉള്ളിലെ ചതുരത്തിലെത്തുമ്പോഴേക്കും വീക്ഷണകോണ്‍ വീണ്ടും കുറയുന്നു. ഒരു സൂം ലെന്‍സ് ഉപയോഗിച്ചുകൊണ്ടാണ് ഒരോ ചതുരത്തിനുള്ളിലേക്കും നാം പോകുന്നത് എന്നോര്‍ക്കുക. അപ്പോള്‍ ആ ചതുരത്തിനുള്ളിലെ കാഴ്ചകള്‍ക്ക് ലെന്‍സിന്റെ സൂം ന് അനുസരിച്ചുള്ള magnification സംഭവിക്കുകയും, ആ പ്രതിബിംബം വ്യൂഫൈന്ററിന്റെ മുഴുവന്‍ ഏരിയയിലേക്ക് കാണത്തക്കവിധം വലുതായി മാറുന്നു. അതായത് ചുവന്ന ചതുരം വലിപ്പം കൂടി കറുത്ത ബോര്‍ഡറിനോളം വലിപ്പത്തില്‍ കാണപ്പെടുന്നു. അതുപോലെ മഞ്ഞച്ചതുരം അതിന്റെ സൂമില്‍, കറൂത്ത ബോര്‍ഡറോളം വലുപ്പമുള്ളതായി മാറുന്നു. തന്മൂലം അത് വലുതായും അടുത്തായും കാണുന്നതു ശ്രദ്ധിക്കുക.

സൂം ലെന്‍സ്‌, ടെലിലെന്‍സ്‌, പ്രൈം ലെന്‍സ്‌


സൂം ലെന്‍സുകള്‍ എന്നാല്‍ ഫോക്കല്‍ ദൂരം വ്യത്യാസപ്പെടുത്താവുന്ന ലെന്‍സുകളാണെന്ന് മനസ്സിലായല്ലോ. അതിനനുസരിച്ച് അവയുടെ വീക്ഷണകോണുകള്‍ക്കും മാറ്റമുണ്ട്. അതായത്‌ സൂം ഇന്‍, സൂം ഔട്ട്‌ ചെയ്യാവുന്ന ഒരു കോമ്പിനേഷന്‍ ലെന്‍സ്‌. അവ വൈഡ് ആംഗീളുകള്‍ കാണുന്ന രീതിയിലും, ദൂരെക്കാഴ്ചകള്‍ കാണാവുന്ന രീതിയിലും, ഇതു രണ്ടും ഉള്‍പ്പെടുന്ന റെയ്ഞ്ചുകളിലും ലഭ്യമാണ്. ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ക്യമറകളിലും സൂം ലെന്‍സുകള്‍ ലഭ്യമാണ് - ക്യാമറമോഡലുകളുകളനുസരിച്ച് ഇവയുടെ ഫോക്കല്‍ ദൂരങ്ങളുടെ റേഞ്ച്, അഥവാ സൂം റേഞ്ച് വ്യത്യാസപ്പെട്ടിരിക്കും എന്നേയുള്ളൂ.


SLR ക്യാമറകളുടെ എറ്റവും വലിയ പ്രത്യേകത അവയുടെ ലെന്‍സുകള്‍ മാറ്റാം എന്നതാണെന്ന് അറിയാമല്ലോ. പല റേഞ്ചിലുള്ള ഫോക്കസ് ദൂരങ്ങളില്‍ ലെന്‍സുകള്‍ ലഭ്യമാണ്. 18-55mm ലെന്‍സാണ് സാധാരണ ഉപയോഗങ്ങള്‍ക്ക് - ഒരു മുറിയ്ക്കുള്ളിലെ ഫോട്ടോയെടുക്കാനും, ഔട്ട് ഡോര്‍ ഫോട്ടോകള്‍ക്കും മറ്റും - അനുയോജ്യം. കാരണം ഇത്തരം സാഹചര്യങ്ങള്‍ക്ക് വീക്ഷണകോണ്‍ അല്പം വിശാലമായ ലെന്‍സാണ് നല്ലത് എന്ന് ഇതുവരെ വായിച്ചതില്‍നിന്നും മനസ്സിലായല്ലോ. 100m നും മുകളിലേക്കുള്ള സൂം റേഞ്ചുകള്‍ പലപ്പോഴും ഇന്‍‌ഡോര്‍ ഫൊട്ടോഗ്രാഫിക്ക് അനുയോജ്യവുമല്ല - അവയുടെ angle of view ഇടുങ്ങിയതായതിനാല്‍. അതിനാലാണ് 18mm ലെന്‍സ് ഇവിടെ ഉപകാരപ്പെടുന്നത്. കൂടുതല്‍ സൂം ആവശ്യമായി വരുമ്പോള്‍ വലിയ സൂം ലെന്‍സുകള്‍ ഉപയോഗിക്കുന്നു. പല റെയ്ഞ്ചുകളിലും വലിപ്പങ്ങളിലും SLR ലെന്‍സുകള്‍ ലഭ്യമാണ്. അവയില്‍ പലതിന്റെയും വില ക്യാമറ ബോഡിയേക്കാള്‍ കൂടുതല്‍ ആണുതാനും!


ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണാന്‍ മാത്രം ഉപയോഗിക്കാവുന്ന ലെന്‍സുകളെ ടെലിലെന്‍സ്‌ എന്നും വിളിക്കുന്നു. ഇവയുടെ വീക്ഷണകോണ്‍ സൂം ചെയ്തു മാറ്റാനാവില്ല. ഇവകൂടാതെ ഒരു നിശ്ചിത ഫോക്കല്‍ ലെങ്തില്‍ (ഉദാ: 50mm) ഉറപ്പിച്ചിരിക്കുന്ന ലെന്‍സുകളും ഉണ്ട് . ഇത്തരം ലെന്‍സുകളെ "പ്രൈം ലെന്‍സുകള്‍" എന്നും വിളിക്കുന്നു. 50mm ഫോക്കല്‍ ലെങ്തിനു നു താഴേക്കുള്ള വീക്ഷണകോനുകളെ വൈഡ് ആംഗിളുകള്‍ എന്നും 50mm നു മുകളിലേക്കുള്ള വീക്ഷണകോണുകളെ ടെലിഫോട്ടോ എന്നുമാണ് സാങ്കേതികമായി വിവക്ഷിക്കുന്നത്.


ഓപ്റ്റിക്കല്‍ സൂം

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളീല്‍നിന്നും എങ്ങനെയാണ് ലെന്‍സുകള്‍ ഉപയോഗിച്ച് ഇമേജിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതെന്ന് മനസ്സിലായല്ലോ. ഇന്നത്തെ ക്യാമറകളില്‍ ഉപയോഗിക്കുന്നയിനം ലെന്‍സുകളൊന്നും ഒരൊറ്റ പീസ്‌ ലെന്‍സിനാല്‍ നിര്‍മ്മിതമല്ല, അവയൊക്കെയും ഒന്നിലധികം ലെന്‍സുകളാല്‍ നിര്‍മ്മിതമായ Cobination lense systems ആണ്‌. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ഇത്തരത്തിലുള്ള ഒരു ലെന്‍സ്‌ കോമ്പിനേഷന്റെ ഡയഗ്രം കാണാം. എന്തിനാണ്‌ ഇങ്ങനെ ഒന്നിലധികം ലെന്‍സ്‌ ക്യാമറയില്‍ ഉപയോഗിക്കുന്ന്?


താഴെക്കൊടുത്തിരിക്കുന്ന വിക്കിപീഡിയ അനിമേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കുക. (അനിമേഷന്‍ കാണുന്നതിന് ഈ ലിങ്കില്‍ നോക്കുക). ഈ ചിത്രങ്ങളില്‍ ലെന്‍സിന്റെ ഏറ്റവും മുമ്പിലും, ഏറ്റവും പിന്നിലും ഉള്ള ലെന്‍സ് ഘടകങ്ങള്‍ മാറുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇതിനിടയിലുള്ള ഒരു ലെന്‍സ് ഘടകമാണ് മുമ്പോട്ടും പിമ്പോട്ടും നീങ്ങുന്നത്. ലെന്‍സുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുമ്പോള്‍ വീക്ഷണകോണ്‍ മാറുന്നതും, പ്രതിബിംബത്തിന്റെ വലിപ്പം കൂടുകയും കുറയുകയും വളരെ വ്യക്തമായി അതില്‍ കാണാവുന്നതാണ്‌. നീലയും മഞ്ഞയും രേഖകള്‍ വന്നുപതിക്കുന്ന പോയിന്റുകള്‍ക്കിടയിലുള്ള അകലമാണ്‌ പ്രതിബിംബത്തിന്റെ വലിപ്പം. അതിനടുത്തായി കാണുന്ന മഞ്ഞ ചതുരം സെന്‍സറിനെ കുറിക്കുന്നു.
കടപ്പാട് : Wikipedia Commons


നീലയും മഞ്ഞയും രേഖകള്‍ വന്നുപതിക്കുന്ന പോയിന്റുകള്‍ക്കിടയിലുള്ള അകലമാണ്‌ പ്രതിബിംബത്തിന്റെ വലിപ്പം എന്നു പറഞ്ഞുവല്ലോ. ഈ പോയിന്റുകള്‍ എല്ലായ്പ്പോഴും സെന്‍സറിന്റെ വലിപ്പത്തിനുള്ളില്‍ വരത്തക്കവിധമായിരിക്കും ഒരു ക്യാമറയുടെ ലെന്‍സുകളുടെ നിര്‍മ്മാണം.

ഇങ്ങനെ സൂം ലെന്‍സുകളില്‍ ലെന്‍സ് എലമെന്റ്സിന്റെ അകലം മാറ്റിക്കൊണ്ട് ഒരു വസ്തുവിന്റെ enlarged image കിട്ടുവാനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ ഓപ്റ്റിക്സുമായി (പ്രകാശവുമായി) ബന്ധപ്പെട്ടവയാണ്‌ - ലെന്‍സ്‌, ലെന്‍സുകള്‍ തമ്മിലുള്ള അകല ക്രമീകരണം മുതലായവ. ഇങ്ങനെയുണ്ടാക്കുന്ന ഇമേജ് മാഗ്നിഫിക്കേഷന്‍ അഥവാ പ്രതിബിംബത്തിന്റെ വലുതാക്കല്‍ യഥാര്‍ത്ഥ (real image magnification) ആണ്. ഈ മാഗ്നിഫിക്കേഷനു ശേഷമാണ് പ്രതിബിംബത്തെ സെന്‍സറിലേക്ക് പതിപ്പിക്കുന്നത്. അതിനാലാണ്‌ ഇത്തരത്തിലുള്ള സൂം ചെയ്യലിനെ ഓപ്റ്റിക്കല്‍ സൂം എന്നു വിളിക്കുന്നത്‌. ഓപ്റ്റിക്കല്‍ സൂമിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ അത്യന്തം ക്ലാരിറ്റിയുള്ളവയായിരിക്കും.

ഡിജിറ്റല്‍ സൂം

ഡിജിറ്റല്‍ റെസലൂഷന്‍ എന്ന വിഷയം നാം ഇതുവരെ വിശദമായി ഇവിടെ ചര്‍ച്ച ചെയ്തില്ല. അതുകൊണ്ട്‌ ഇനിപറയുന്ന കാര്യങ്ങള്‍ ചിലര്‍ക്കെങ്കിലും മനസ്സിലാക്കുവാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടായേക്കാം. ചുരുക്കിപ്പറയട്ടെ. സെന്‍സറുകള്‍ പിക്സലുകളാല്‍ നിര്‍മ്മിതമാണെന്ന് പലപ്രാവശ്യം പറഞ്ഞുവല്ലോ. ഒരു 6 മെഗാപിക്സല്‍ സെന്‍സറില്‍ 3000 നിരകളിലായി, ഓരോ നിരയിലും 2000 വീതം, (ആകെ 60 ലക്ഷം) പിക്സലുകള്‍ ഉണ്ടെന്നിരിക്കട്ടെ. ഈ സെന്‍സര്‍ രൂപപ്പെടുത്തുന്ന ഇമേജിലും ഇതിന്‌ ആനുപാതികമായി 60 ലക്ഷം പിക്സലുകള്‍ ഉണ്ടാവും. വിവിധതരം റെസലൂഷനുകളെപ്പറ്റി താമസിയാതെ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നുണ്ട്.

ഇനി താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.

ക്യാമറയില്‍ നിന്നും പുറത്തെടുത്ത ഇതിന്റെ ഒറിജിനല്‍ ഫയലിന്റെ വലിപ്പം 3000 x 2000 pixels എന്നതായിരുന്നു. അതായത്‌ ചിത്രത്തിന്റെ വീതി 3000 പിക്സലുകളും ഉയരം 2000 പിക്സലുകളും ആണ്‌. ആ ചിത്രത്തിന്റെ നടുവിലായി ഒരു ചതുരം മാര്‍ക്ക്‌ ചെയ്തിരിക്കുന്നതു കണ്ടുവോ? അതിന്റെ വലിപ്പം 1100 x 792 pixels ആണ്‌. അതായത്‌ 3000 പിക്സല്‍ വീതിയുള്ള ഒറിജിനല്‍ ചിത്രത്തില്‍ നിന്നും 1100 പിക്സലുകള്‍ വീതിയും 792 പിക്സലുകള്‍ ഉയരവുമുള്ള ഒരു ഭാഗം മാത്രം ഞാന്‍ മുറിച്ചെടുക്കുകയാണ്‌. മുറിച്ചെടുത്ത ചിത്രം അതേപടി താഴെ കൊടുത്തിരിക്കുന്നു. ക്ലിക്ക്‌ ചെയ്ത്‌ ഫുള്‍സൈസില്‍ ഒന്നു കണ്ടുനോക്കൂ.


ഒരു സൂം ലെന്‍സ്‌ ഉപയോഗിച്ച്‌, (വീക്ഷണകോണ്‍ കുറവാക്കി) എടുത്ത ചിത്രം ഒരു പോലെയുണ്ട്‌ അല്ലേ? എന്നാല്‍ ഇവിടെ ലെന്‍സുകള്‍ ഉപയോഗിച്ച്‌ നാം ഒരു കാര്യവും ചെയ്തില്ല. ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രം മുറിചുമാറ്റി വലുതാക്കികാണുകയാണ്‌ ഇവിടെ ചെയ്തിരിക്കുന്നത്‌. ഇങ്ങനെ കൃത്രിമമായി ഡിജിറ്റല്‍ ചിത്രങ്ങളുടെ വലിപ്പം കൂട്ടിയോ, ഒരു ഭാഗം മാത്രം മുറിച്ചുമാറ്റിയോ സൂം ഇഫക്ട്‌ ഉണ്ടാക്കിയെടുക്കുന്ന രീതിയെയാണ്‌ ഡിജിറ്റല്‍ സൂം എന്നു പറയുന്നത്‌.

ഡിജിറ്റല്‍ സൂം ഉള്ള ക്യാമറകളില്‍ ഇതുതനെയാണ് ചെയ്യുന്നത്, സെന്‍സറില്‍ ലഭിക്കുന്ന ചിത്രത്തെ ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച് എന്‍ലാര്‍ജ് ചെയ്യുന്നു, എന്നിട്ട് വേണ്ടഭാഗം ക്രോപ്പ് ചെയ്യുന്നു. സ്വാഭാവികമായും ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു ഒറിജിനല്‍ ചിത്രത്തില്‍ ഇല്ലായിരുന്ന പിക്സലുകള്‍ ക്യാമറ “ഊഹിച്ചുണ്ടാക്കി” ചിത്രത്തില്‍ കയറ്റുകയും അങ്ങനെ ചിത്രത്തിന്റെ ക്വാളിറ്റി കുറയുകയും ചെയ്യും. ഇതു വ്യക്തമാക്കാനായി മേല്‍കൊടുത്തിരിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഒരു ഭാഗം ഡിജിറ്റല്‍ സൂം ചെയ്തിരിക്കുന്നതു നോക്കൂ. ക്ലിക്ക് ചെയ്തു വലുതാക്കിക്കണ്ടാല്‍, ഇതിന്റെ ക്ലാരിറ്റി കുറവ് വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ ഈ പക്ഷിത്തല ഒരു ഓപ്റ്റിക്കല്‍ സൂം ലെന്‍സിനാല്‍ സൂം ചെയ്താണ് ഈ വലിപ്പത്തില്‍ ആക്കിയിരുന്നതെങ്കില്‍, അതിന്റെ ത്വക്കിലെ ഓരോ ചുളിവുപോലും അതീവ വ്യക്തതയോടെ കാണുവാന്‍ സാധിച്ചേനേ - കാരണം പ്രതിബിംബം ഓപ്റ്റിക്കല്‍ സങ്കേതങ്ങളിലൂടെ വലിപ്പം കൂടിയതിനുശേഷമാണല്ലോ അവിടെ സെന്‍സറിലെ പതിപ്പിക്കുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ ഡിജിറ്റല്‍ സൂം പൂര്‍ണ്ണമായും മോശമാണ് എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. ചെറിയ സൂം പരിധിക്കുള്ളില്‍, ചെറിയ പ്രിന്റ് സൈസുകള്‍ക്ക് അവ തീര്‍ച്ചയായും പ്രയോജനപ്പെടും.


എന്താണ്‌ "X" സൂം


"X" ചിഹ്നം ഇത്രമടങ്ങ്‌ എന്നു സൂചിപ്പിക്കാനാണല്ലോ നാം ഉപയോഗിക്കുന്നത്‌. ഉദാഹരണം, 10 X 3=30 അതായത്‌ 10 ന്റെ മൂന്നുമടങ്ങ്‌. ഇതുപോലെ ഒരു ലെന്‍സ്‌ രൂപപ്പെടുത്തുന്ന പ്രതിബിംബങ്ങളുടെ വലിപ്പം സൂചിപ്പിക്കാനും ഈ രീതി അവലംബിക്കുന്നു.
മുകളില്‍ ഒരു സൂം ലെന്‍സ്‌ പ്രവര്‍ത്തന രീതിയുടെ അനിമേഷന്‍ കണ്ടല്ലോ. ആ സൂം ലെന്‍സിന്റെ ഒരറ്റത്ത് ഉണ്ടാകുന്ന ചെറിയ പ്രതിബിംബവും, മറുതലയ്ക്കല്‍ സൂം ആയിരിക്കുമ്പോഴുള്ള വലിയ പ്രതിബിംബവും തമ്മിലുള്ള വലിപ്പ വ്യത്യാസമാണ്‌ X എന്ന സംജ്ഞയിലൂടെ പറയുന്നത്‌. അതായത്‌ ചെറിയ പ്രതിബിംബത്തിന്റെ എത്ര മടങ്ങ്‌ വലിപ്പമുള്ളതാണ്‌ വലിയ പ്രതിബിംബം എന്ന്. ഈ വലിപ്പവ്യത്യാസം, ആ കോമ്പിനേഷന്‍ ലെന്‍സിന്റെ ഫോക്കല്‍ ദൂരങ്ങള്‍ക്ക്‌ ആനുപാതികമായിരിക്കും.

ഉദാഹരണം, ഒരു പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറയുടെ ലെന്‍സിന്റെ ഫോക്കല്‍ റെയിഞ്ച്‌ 6.4mm - 64mm ആണെന്നിരിക്കട്ടെ. 6.4-64mm lense എന്നു നാം ഇതിനെ വിളിക്കും. 6.4 ന്റെ പത്തുമടങ്ങാണല്ലോ 64. അതായത്, ഈ ലെന്‍സ്‌ 64mm എന്ന ഫോക്കല്‍ ദൂരത്തില്‍ ഇരിക്കുമ്പോള്‍ ഉണ്ടാക്കുന്ന വലിയ പ്രതിബിംബം, അത്‌ 6.4mm എന്ന ഫോക്കല്‍ ദൂരത്തില്‍ ഇരിക്കുമ്പോഴുണ്ടാക്കുന്ന ചെറിയ പ്രതിബിംബത്തേക്കാള്‍ 10 ഇരട്ടി വലിപ്പമുള്ളതാവും എന്നര്‍ത്ഥം. ഈ ലെന്‍സിനെ നമ്മള്‍ 10X ലെന്‍സ്‌, അല്ലെങ്കില്‍ 10X Optical zoom എന്നു വിളിക്കുന്നു. 10X എന്ന അളവിനെ ലെന്‍സിന്റെ മാഗ്നിഫിക്കേഷന്‍ പവര്‍ (Magnification power) എന്നു വിളിക്കാം. ലെന്‍സുകളുടെ ചെറിയ ഫോക്കല്‍ ദൂരവും വലിയ ഫോക്കല്‍ ദൂരവും തമ്മിലുള്ള അകലം കൂടുംതോറും X മാഗ്നിഫിക്കേഷന്‍ നമ്പറും കൂടുന്നു.


SLR ക്യാമറകളില്‍ ഫോട്ടോയെടുക്കുന്ന സാഹചര്യങ്ങള്‍ക്കും, പരിസരങ്ങള്‍ക്കും, ഫോട്ടോയുടെ ഉദ്ദേശത്തിനും അനുസൃതമായി ലെന്‍സുകള്‍ മാറ്റി മാറ്റി ഉപയോഗിക്കാം എന്നു പറഞ്ഞുവല്ലോ. ഒരു SLR ക്യാമറയുടെ സൂംലെന്‍സ്‌ എടുക്കാം. 70-400mm ഫോക്കല്‍ ദൂരമുള്ള ഒരു സൂം ലെന്‍സാണെന്നിരിക്കട്ടെ. ഇതിന്റെ മാഗ്നിഫിക്കേഷന്‍ എത്ര? 400 ഭാഗം 70 = 5.7X. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ആദ്യം പറഞ്ഞ പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറയേക്കാള്‍ ഈ ലെന്‍സ്‌ ഉണ്ടാക്കുന്ന ഇമേജിന്‌ വലിപ്പമില്ല എന്നാണോ? അല്ല. SLR ക്യാമറകളില്‍ ഉപയോഗിക്കുന്ന ലെന്‍സുകളുടെ അളവനുസരിച്ച് അവയുടെ സൂം മാഗ്നിഫിക്കേഷനും മാറുന്നു എന്നു സാരം. 18-55 mm ലെന്‍സ് SLR ല്‍ ഉപയോഗിക്കുമ്പോള്‍ സൂം 3X, 70-200 mm ലെന്‍സ് ഉപയോഗിക്കുമ്പോള്‍ 2.8X, 28-300 mm lense ഉപയോഗിച്ചാല്‍ 10.7X. പക്ഷേ ഏതുലെന്‍സ് ഉപയോഗിച്ചെടുത്താലും ഒരു പ്രത്യേക ഫോക്കല്‍ ദൂരത്തില്‍ (ഉദാഹരണം 200mm) എടുക്കുന്ന ചിത്രം, ഒരു ക്യാമറയില്‍ ഒരേ വലിപ്പത്തില്‍ ഇരിക്കും. അതിനാല്‍ത്തന്നെ, “എന്റെ കൈയ്യിലുള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ സൂം 10X ആണ്, നിങ്ങടെ SLR ന്റെ സൂം എത്രയാ” എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ല.


Equivalent Zoom:

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ സ്പെസിഫിക്കേഷനുകളിൽ കാണാറുള്ള ഒരു പദപ്രയോഗമാണ് ഇക്യുവലന്റ് സൂം - ഉദാഹരണം 36 mm equivalent to 360 mm. ഇതിന്റെ അർത്ഥം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? 35 mm full frame എന്നതാണല്ലോ ഈ ഫോർമാറ്റിലുള്ള ക്യാമറകളുടെ ഫ്രെയിമിന്റെ വലിപ്പം 36 mm വീതിയും 24 mm ഉയരവുമുള്ള ഫ്രെയിം. ഈ ഫ്രെയിമിൽ ചിത്രങ്ങൾ പതിക്കത്തക്കവിധത്തിലായിരുന്നു ഫിലിം യുഗത്തിൽ ലെൻസുകളുടെ നിർമ്മാണവും. എന്നാൽ ഡിജിറ്റൽ യുഗം വന്നതോടെ രണ്ടുവിധത്തിലുള്ള അനുബന്ധകാര്യങ്ങൾ നിലവിൽ വന്നു. ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറകളിൽ ഉപയോഗിക്കുന്ന സെൻസർ ഇത്രയും വലിപ്പമില്ലാത്തവയാണ്. 23.7 mm വീതി 15.7 mm ഉയരം എന്നീ അളവിലുള്ള സെൻസറുകളാണ് ഡിജിറ്റൽ എസ്.എൽ.ആറുകളിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്നത് (1.8" APS sensor). അതിനാൽ 35 എം.എം. ഫുൾ ഫ്രെയിം സെൻസറിനെ ഉദ്ദേശിച്ചുണ്ടാക്കിയിരിക്കുന്ന ലെൻസുകൾ ഉണ്ടാക്കുന്ന ഇമേജുകളുടെ മുഴുവൻ ഭാഗവും ഈ സെൻസറുകൾക്ക് ഉപയോഗിക്കാൻ പറ്റാതെ വരുന്നു. അതുകൊണ്ടാണ് ഡിജിറ്റൽ എസ്.എൽ. ആറുകൾക്ക് ക്രോപ് ഫാക്റ്റർ എന്നൊരു സംഗതി പറയേണ്ടിവരുന്നത്. അതായത് ഒരു ഫുൾ ഫ്രെയിം സെൻസർ ക്യാമറ 50 mm ഫോക്കസ് ദൂരത്തിൽ ഉണ്ടാക്കുന്നതിനു തത്തുല്യമായ സൈസിലുള്ള ഇമേജ് ഒരു 1.8" APS sensor ൽ ലഭിക്കുവാൻ ലെൻസിന്റെ ഫോക്കൽ ദൂരം ഏകദേശം 33 mm ൽ ഇരിക്കണം. ഇതാണ് equivalent എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ സെൻസർ സൈസ് സ്പെസിഫിക്കേഷനുകളും, അവയ്ക്ക് അനുയോജ്യമായി ക്യാമറയിൽ ചേർത്തിരിക്കുന്ന ലെൻസുകളും വിഭിന്നമാണെന്ന് അറിയാമല്ലോ. ഇവയ്ക്കും, ഇതേ രീതിയിൽ 35 എം.എം. ഫുൾ ഫ്രെയിം ചിത്രത്തിനു equivalent ആയ ഫോക്കൽ ദൂരം എത്രയാണെന്നാണ് സാധാരണ സ്പെസിഫിക്കേഷനുകളിൽ പറയാറ്. അതുകൊണ്ടാണ് 36 mm equivalent to 360 mm എന്നും മറ്റുമുള്ള പദങ്ങൾ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ സ്പെസിഫിക്കേഷനുകളിൽ കാണുന്നത്. ഇതിന്റെ അർത്ഥം 36 mm (ഈ ക്യാമറയിൽ) equivalent to 360 mm (ഒരു ഫുൾ ഫ്രെയിം ക്യാമറയിലേതിന്) എന്നാണ്.ലെന്‍സുകളുടെ വലിപ്പവും, പ്രതിബിംബങ്ങളും

ലെന്‍സുകളുടെ പൊതു സ്വഭാവമനുസരിച്ച്‌,

(1) വ്യാസം കൂടിയ ലെന്‍സുകള്‍ വലിപ്പം കൂടിയ പ്രതിബിംബങ്ങള്‍ ഉണ്ടാക്കുന്നു. വ്യാസം കുറവുള്ളവ ചെറിയ പ്രതിബിംബങ്ങളും.

(2) വ്യാസം കൂടിയ ലെന്‍സുകളുടെ ഫോക്കല്‍ ദൂരം കൂടുതലായിരിക്കും. തന്മൂലം അവ ഉപയോഗിച്ചുണ്ടാക്കുന്ന ടെലി (സൂം) ലെന്‍സുകളുടെ നീളവും കൂടുതലായിരിക്കും.

(3) കനം കൂടിയ ലെന്‍സുകളുടെ ഫോക്കല്‍ ദൂരം, അതേ വ്യാസത്തിലുള്ള കനം കുറഞ്ഞ ഒരു ലെന്‍സിനേക്കാള്‍ കുറവായിരിക്കും. ഈ പ്രത്യേകതകാരണം ചെറിയ ക്യാമറകള്‍ക്ക് അവ അനുയോജ്യമാണ്.

* ഫോക്കല്‍ ദൂരം എന്താണെന്ന് മനസ്സിലാകാത്തവര്‍ പാഠം രണ്ട്‌ വായിച്ചുനോക്കുക.

(4) വലിയ സെന്‍സറുകളില്‍ അനുയോജ്യമായ വലിപ്പത്തില്‍ പ്രതിബിംബങ്ങളുണ്ടാക്കാന്‍, അവയക്കനുയോജ്യമായ വലിയ ലെന്‍സുകളും വേണം. അതുപോലെ തീരെ ചെറിയ സെന്‍സറുകളില്‍ (ഉദാ. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍, മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ തുടങ്ങീയവ) അനുയോജ്യമായ പ്രതിബിംബങ്ങളുണ്ടാക്കാന്‍ തീരെ കുഞ്ഞന്‍ ലെന്‍സുകള്‍ മതിയാവും.

(5) ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ വീക്ഷണകോണ്‍, ലെന്‍സ്‌ സെന്‍സറില്‍ രൂപപ്പെടുത്തുന്ന പ്രതിബിംബത്തിന്റെ വീക്ഷണകോണിന് ആനുപാതികമാണ്‌. അതായത്‌, വലിയ ഒരു ലെന്‍സ്‌, വലിയ ഒരു സെന്‍സറില്‍ രൂപപ്പെടുത്തുന്ന വീക്ഷണകോണ്‍ ഫലത്തില്‍ ലഭിക്കുവാന്‍ ചെറിയ ഒരു ലെന്‍സിനോടൊപ്പം അതിനനുയോജ്യമായ ചെറിയ സെന്‍സര്‍ ഉപയോഗിച്ചാല്‍ മതി. മനസ്സിലാവാന്‍ ബുദ്ധിമുട്ടുണ്ടൊ? താഴെക്കൊടുത്തിരിക്കുന്ന ഡയഗ്രം നോക്കൂ. (ക്ലിക്ക് ചെയ്തു വലുതാക്കി നോക്കണേ)


ഈ രണ്ടു ഉദാഹരണങ്ങളിലേയും ചിത്രങ്ങള്‍ ഒരേ വലിപ്പത്തില്‍ പ്രിന്റ് ചെയ്താല്‍, രണ്ടിലേയും ഇമേജ് സൈസ് ഒരുപോലെയായിരിക്കും. കാരണം സെന്‍സര്‍ വലുതായാലും ചെറുതായാലും, അതിന്റെ വലിപ്പത്തിനാനുപാതികമായി അതില്‍ വീണ ഇമേജിന്റെ ആകെ വലിപ്പം ആണല്ലോ ഇമേജ് ഫയലില്‍ (ഡിജിറ്റല്‍ ഫോട്ടോയില്‍) ലഭിക്കുക. സ്വാഭാവികമായും ഈ ചിത്രങ്ങളെ ഒരേ സൈസില്‍ പ്രിന്റ് ചെയ്യുമ്പോഴും അതെ റിസല്‍ട്ട് കിട്ടും.


ഇത്രയും കാര്യങ്ങളില്‍നിന്നും എന്തുകൊണ്ടാണ്‌ ഒരു പോക്കറ്റ്‌ സൈസ്‌ പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറയുടെ ലെന്‍സുകള്‍ വളരെ ചെറുതായി കാണപ്പെടുന്നതെന്നും, എന്തുകൊണ്ടാണ്‌ ഒരു SLR ക്യാമറയുടെ ലെന്‍സുകള്‍ വലിപ്പമുള്ളതായും, അവയുടെ സൂം ലെന്‍സുകള്‍ പുട്ടികുറ്റിമാതിരി നീളമുള്ളതായും ഇരിക്കുന്നത്‌ എന്നു ആലോചിച്ചു നോക്കൂ.


സൂം ലെന്‍സുകളുടെ പിന്നാമ്പുറകഥകള്‍ ഇത്രയൊക്കെയേ ഉള്ളൂ. എങ്കിലും അവ ഉപയോഗിച്ച്‌ എടുക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി വളരെയേറെ ഘടകങ്ങളെ ആശ്രയച്ചിരിക്കുന്നു. പ്രധാനമായും,

(1) ലെന്‍സ്‌ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഗ്ലാസിന്റെ ഗുണം.

(2) ലെന്‍സിന്റെ വലിപ്പം - വലിയ ലെന്‍സുകള്‍ കൂടുതല്‍ പ്രകാശം ക്യാമറയുടെ ഉള്ളിലേക്ക്‌ കടത്തിവിടും. വളരെ ദൂരെയിരിക്കുന്ന ഒരു പക്ഷിയെ സങ്കല്‍പ്പിക്കുക. അത്രയും ഏരിയയിലെ മാത്രം ലൈറ്റ്‌ സൂം ചെയ്ത്‌ ക്യാമറയുടെ ഉള്ളിലേക്ക്‌ കടത്തിവിടുമ്പോള്‍ അത്‌ പരമാവധി അളവില്‍ ലഭിച്ചുവെങ്കില്‍മാത്രമേ ചിത്രം തെളിമയുള്ളതാവൂ. ചെറിയ ലെന്‍സുകള്‍ക്ക്‌ ഇതിനാവില്ല. അതുകൊണ്ടുതന്നെയാണ്‌ ചെറിയ ക്യാമറകളുടെ ഓപ്റ്റിക്കല്‍ സൂം ഒരു പരിധിവരെ നിര്‍ത്തിയിരിക്കുന്നതും.

(3) സൂം കൂടും തോറും ഇമേജ്‌ സ്റ്റെബിലൈസേഷന്‍ ആവശ്യമായി വരും. അല്ലെങ്കില്‍ ചിത്രം ഷേക്കാവും. ഒന്നുകില്‍ ക്യാമറകളില്‍ത്തന്നെയുള്ള ഇമേജ് സ്റ്റെബിലൈസേഷന്‍ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ട്രൈപ്പോഡ് ഉപയോഗിക്കാം. പ്രൊഫഷന്‍ല്‍ സൂം ലെന്‍സുകളിലും ടെലി ലെന്‍സുകളിലും ഓപ്റ്റിക്കല്‍ സ്റ്റെബിലൈസര്‍ എന്ന സങ്കേതം ഉണ്ട്.


============================

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അല്പം കട്ടി കൂടിപ്പോയി എന്നറിയാ. അതിനാല്‍, ഇത്രയും നീട്ടിപ്പരത്തി പറഞ്ഞതിന്റെ സംഗ്രഹം പറയാം:

ചുരുക്കത്തില്‍:

1. ക്യാമറയ്ക്കുമുന്നിലുള്ള ഒരു വസ്തുവിനെ ഫോക്കസ് ചെയ്യുക എന്നുവച്ചാല്‍, ആ വസ്തുവിന്റെ വ്യക്തമായ ഒരു പ്രതിബിംബം ഒരുകൂട്ടം ലെന്‍സുകളുടെ സഹാ‍യത്തോടെ സെന്‍സറിലേക്ക് (അതോടോപ്പം വ്യൂഫൈന്ററിലും) കൊണ്ടുവരുക എന്നാണ്. സൂം എന്നു പറയുന്നത്, ഇങ്ങനെ വീഴുന്ന പ്രതിബിംബത്തിന്റെ വലിപ്പം സെന്‍സറിന്റെ വലിപ്പത്തിന് ആനുപാതികമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ്.

2. ഒരുകൂട്ടം ലെന്‍സുകളുടെ സഹായത്തോടെ, അകലെയുള്ള ഒരു വസ്തുവിന്റെ magnified പ്രതിബിംബം ഉണ്ടാക്കി അതിനെ ഒരു ക്യാമറയുടെ സെന്‍സറിലോ ഫിലിമിലോ പതിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഓപ്റ്റിക്കല്‍ സൂം. ഇങ്ങനെയുണ്ടാക്കുന്ന ഇമേജ് യഥാര്‍ത്ഥമായിരിക്കും. അതിനാല്‍ ഇമേജ് ക്വാളിറ്റി ഒട്ടും നഷ്ടമാവുന്നില്ല.

3. ഒരു ഡിജിറ്റല്‍ സെന്‍സറില്‍ വീഴുന്ന പ്രതിബിംബത്തെ, ഡിജിറ്റല്‍ മാഗ്നിഫിക്കേഷനിലൂടെ വലുതാക്കുന്ന സാങ്കേതികവിദ്യയാണ് ഡിജിറ്റല്‍ സൂം. ഇതില്‍ യഥാര്‍ത്ഥമായി രൂപീകൃതമാകുന്ന ഒരു പ്രതിബിംബത്തെ ഡിജിറ്റല്‍ സാങ്കേതങ്ങളിലൂടെ പിക്സലുകളുടെ എണ്ണം കൂട്ടി വലുതാക്കുകയാണു ചെയ്യുന്നത്. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന ഇമേജ് യഥാര്‍ഥമല്ല. അതിനാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഇമേജ് ക്വാളിറ്റി ഒരു പരിധിവരെ നഷ്ടമാവുന്നു.

4. ഓപ്റ്റിക്കല്‍ സൂമിന്റെ മാഗ്നിഫിക്കേഷന്‍, ലെന്‍സുകളുടെ ഫോക്കല്‍ ദൂരത്തിനും, ആ ലെന്‍സുകളുണ്ടാക്കുന്ന പ്രതിബിംബം വീഴുന്ന സെന്‍സറിന്റെ സൈസിനും ആപേക്ഷികവും, ആനുപാതികവുമാണ്.


സൂം ലെന്‍സുകളെപ്പറ്റിയുള്ള വിശദമായ വായനയ്ക്ക് വിക്കിപീഡിയയുടെ ഈ പേജ് നോക്കുക.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP