ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, December 18, 2008

പാഠം 15: T സ്റ്റോപ്പുകളും എക്സ്പോഷറും

ഒരു ഫോട്ടോഗ്രാഫിനു ജീവന്‍ നല്‍കുന്ന സുപ്രധാന വസ്തുതയായ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടാമത്തെ ഘടകമാണ് ഷട്ടര്‍ സ്പീഡ്. ആദ്യത്തെ ഘടകമായ അപ്പര്‍ച്ചര്‍ ലെന്‍സിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു എന്നകാര്യം കഴിഞ്ഞപോസ്റ്റില്‍ നാം ചര്‍ച്ചചെയ്തു. ഇതേ പ്രകാശം എത്ര സമയത്തേക്ക് സെന്‍സറില്‍ / ഫിലിമില്‍ പതിക്കണം എന്നകാര്യം നിര്‍ണയിക്കുന്നത് ഷട്ടര്‍ സ്പീഡ് സെറ്റിംഗ് ആണ്.

ക്യാമറയുടെ സെന്‍സറിനു മുമ്പിലായി ഉറപ്പിച്ചിരിക്കുന്ന, തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഒരു വാതിലായി ഷട്ടറിനെ സങ്കല്‍പ്പിക്കാവുന്നതാണ്. ഒരു ഫോട്ടോയെടുക്കുമ്പോള്‍ നാം കേള്‍ക്കുന്ന് ക്ലിക്ക് സൌണ്ട് ഷട്ടര്‍ തുറന്നടയുന്ന ശബ്ദമാണ്. ഈ തുറന്നടയിലിന്റെ വേഗതയെയാണ് ഷട്ടര്‍ സ്പീഡ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. വേഗത സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒരു സെക്കന്റിന്റെ ഇത്ര സമയം കൊണ്ട് ഷട്ടര്‍ തുറന്നടയുന്നു എന്നരീതിയിലാണ് നാം ഷട്ടര്‍ സ്പീഡിനെ പറയാറുള്ളത് എന്നറിയാമല്ലോ. വ്യത്യസ്ത പ്രകാശസാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു സെക്കന്റിന്റെ ആയിരത്തിലോ രണ്ടായിരത്തിലോ ഒന്നു സമയം മുതല്‍, അനേക സെക്കന്റുകളോളം നീളുന്ന രീതിയില്‍ വരെ ആധുനിക ക്യാമറകളില്‍ ഷട്ടര്‍ തുറന്നടയുന്ന സമയം നമുക്ക് ക്രമീകരിക്കുവാന്‍ സാധിക്കും.

ഷട്ടര്‍ സ്പീഡ് ഡയല്‍:

പഴയ എസ്.എല്‍. ആര്‍ ക്യാമറകളിലെല്ലാം ഒരു ഷട്ടര്‍ സ്പീഡ് ഡയല്‍ പ്രത്യേകമായി ക്യാമറയില്‍ ഉണ്ടായിരുന്നു. (ചിത്രം നോക്കൂ).

എന്നാല്‍ ഇപ്പോഴത്തെ ഡിജിറ്റല്‍ ക്യാമറകളില്‍ ഇതിനായി മാത്രം ഉദ്ദേശിച്ചുള്ള ഒരു ഡയല്‍ ഇല്ല. പകരം ക്യാമറയുടെ മെനുവുമായി ബന്ധിപ്പിച്ചുകൊണ്ടോ, ഷട്ടര്‍ പ്രയോറീറ്റി മോഡ് എന്ന മോഡുമായി ബന്ധിപ്പിച്ചുകൊണ്ടോ പ്രവര്‍ത്തിക്കുന്ന ഒരു കണ്ട്രോള്‍ ഡയല്‍ ഉപയോഗിച്ചാണ് ഷട്ടര്‍ മാറ്റുന്നത്.



T-stop scale:

അപര്‍ച്ചര്‍ സ്കെയിലുകളെപ്പറ്റി ചര്‍ച്ചചെയ്തപ്പോള്‍ പറഞ്ഞതുപോലെ തന്നെ, ഷട്ടര്‍ സ്പീഡും നിശ്ചിത സ്കെയിലുകളില്‍ തന്നെയാണ് പറയാറുള്ളത്. അപ്പര്‍ച്ചര്‍ സ്കെയിലിലെ ഓരോ പോയിന്റിനെയും എഫ്.സ്റ്റോപ്പ് എന്നു വിളിക്കുന്നതുപോലെ ഇവിടെ ടി. സ്റ്റോപ്പുകള്‍ എന്നാണ്‍ ഷട്ടര്‍ സ്പീഡ് സ്കെയിലിലെ പോയിന്റുകളെയും വിളിക്കുന്നത്. Time - സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്‍ ടി.സ്റ്റോപ്പ് എന്ന പേരുവന്നത്. ഫുള്‍ സ്റ്റോപ്പ് സ്കെയില്‍, 1/3 സ്റ്റോപ്പ് സ്കെയില്‍, 1/2 സ്റ്റോപ്പ് സ്കെയില്‍ എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ഷട്ടര്‍ സ്റ്റോപ് സ്കെയിലുകളും ആധുനിക ക്യാമറകളില്‍ ലഭ്യമാണ്.

ഒരു സ്റ്റാന്‍ഡാര്‍ഡ് ഫുള്‍സ്റ്റോപ് ഷട്ടര്‍ സ്പീഡ് സ്കെയിലിലെ നമ്പറുകള്‍ ഇനി പറയുന്നവയാണ്.

1 sec
1/2 sec
1/4 sec
1/8 sec
1/15 sec
1/30 sec
1/60 sec
1/125 sec
1/250 sec
1/500 sec
1/1000 sec
1/2000 sec

ഒരു സെക്കന്റിന്റെ ഇത്രയില്‍ ഒരംശം എന്നാണ് സാങ്കേതികമായി ഈ നമ്പറുകളുടെ അര്‍ത്ഥം. 1/500 എന്നാല്‍ ഒരു സെക്കന്റിന്റെ അഞ്ഞൂറില്‍ ഒന്ന് എന്ന രീതിയില്‍. മുകളില്‍ പറഞ്ഞ സ്കെയിലില്‍ ഒരു സെക്കന്റ് മുതല്‍ നാം തുടങ്ങി എങ്കിലും, ഇന്നത്തെ ക്യാമറകളില്‍ അതിലും താഴെയായി 2, 4, 8 സെക്കണ്ടുകള്‍ തുടങ്ങി എത്ര സമയം വേണമെങ്കിലും ഷട്ടര്‍ തുറന്നു വയ്ക്കാവുന്ന Bulb (B) എന്ന സെറ്റിംഗ് വരെ ഉണ്ട്.

ഇതിലെ ഓരോ സ്റ്റോപ്പിലും ഷട്ടര്‍ തുറന്നടയുന്ന സമയം അതിന്റെ തൊട്ടടുത്തുള്ള നമ്പറില്‍ വേണ്ട സമയത്തേക്കാള്‍ പകുതിയോ ഇരട്ടിയോ ആയിരിക്കും. അതായത് 1/500 ല്‍ ഷട്ടര്‍ തുറന്നടയുന്ന വേഗതയുടെ പകുതി സ്പീഡിലായിരിക്കും അതിനു തൊട്ടുതാഴെയുള്ള 1/250 ല്‍ ഷട്ടര്‍ തുറന്നടയുന്നത്. അതുപോലെ 1/500 ല്‍ തുറന്നടയുന്ന വേഗതയുടെ ഇരട്ടി വേഗതയിലാവും അതിന്റെ തൊട്ടുമുകളിലുള്ള 1/1000 ല്‍ ഷട്ടര്‍ തുറന്നടയുക. മറ്റൊരുവിധത്തില്‍ ഇത് മനസ്സിലാക്കിയാല്‍, 1/500 ല്‍ ഷട്ടര്‍ തുറന്നടഞ്ഞപ്പോള്‍ സെന്‍സറില്‍ വീണപ്രകാശം ഉണ്ടാക്കിയ മാറ്റത്തിന്റെ പകുതി അളവു മാറ്റം മാത്രമേ 1/1000 ല്‍ ഷട്ടര്‍ തുറന്നടയുമ്പോള്‍ സെന്‍സറില്‍ ലഭ്യമാവൂ (അപ്പര്‍ച്ചര്‍ വലിപ്പം മാറ്റുന്നതേയില്ലെങ്കില്‍).

ഈ ഫുള്‍ സ്റ്റോപ്പുകളെ കുറേക്കൂടി ഫൈന്‍‌ട്യൂണ്‍ ചെയ്യാന്‍ വേണ്ടിയാണ്, പ്രായോഗികമായി ഈ സ്കെയിലിനു പകരം മധ്യമ സെറ്റിംഗുകള്‍ കൂടിയുള്ള 1/3 സ്റ്റോപ്പ് സ്കെയില്‍ ഇന്നത്തെ ക്യാമറകളില്‍ ഉപയോഗിക്കുന്നത്. 1/3 സ്കെയിലിലെ സ്റ്റോപ്പുകള്‍ ഇനി പറയുന്നു. എഴുതുവാനുള്ള സൌകര്യത്തിനായി 1/2, 1/4, 1/250 ഇങ്ങനെ എഴുതുന്നതിനുപകരം 2, 4, 250 എന്നരീതിയിലാണ് എഴുതുന്നത് എന്നുമാത്രം. ക്യാമറയിലും ഇങ്ങനെതന്നെയാണ് എഴുതാറ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.

2, 2.5, 3.2, 4, 5, 6. 4, 8, 10, 12, 15, 20, 25, 30, 40, 50, 60, 80, 100, 125, 160, 200, 250, 320, 400, 500, 640, 800, 1000, 1250, 1600, 2000

ഇങ്ങനെയാണ് ഈ 1/3 സ്കെയിലിന്റെ പോക്ക്. എസ്.എല്‍.ആര്‍. ക്യാമറകള്‍ കൈയ്യിലുള്ളവര്‍ (ഷട്ടര്‍ പ്രയോറിറ്റി (S) മോഡുള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലും), ഷട്ടര്‍ പ്രയോറിറ്റി മോഡ് സെലക്റ്റ് ചെയ്ത ശേഷം കണ്ട്രോള്‍ ഡയല്‍ ഒന്നു തിരിച്ചുനോക്കിയാല്‍ ഈ രീതില്‍ ഷട്ടര്‍സ്പീഡ് സ്കെയില്‍ മുമ്പോട്ട് നീങ്ങുന്നതുകാണാം.


ലൈറ്റ് മീറ്റര്‍

ഓരോ ഫോട്ടോയെടുക്കുന്നതിനു മുമ്പായി നിലവിലുള്ള പ്രകാശസാഹചര്യങ്ങള്‍ക്കനുസൃതമായി അനുയോജ്യമായ എക്സ്പോഷര്‍ (ഷട്ടര്‍ സ്പീഡ് + അപര്‍ച്ചര്‍) എങ്ങനെ കണ്ടുപിടിക്കും? ക്യാമറകളുടെ ചരിത്രം നോക്കിയാല്‍ വളരെ പണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ അനുഭവത്തിന്റെയും പ്രവര്‍ത്തിപരിചയത്തിന്റെയും വെളിച്ചത്തിലായിരുന്നു ഈ യഥാര്‍ത്ഥവെളിച്ച നിയന്ത്രണം സാധ്യമാക്കിയിരുന്നത് എന്നുകാണാം! അവരുടെ കഴിവുകള്‍ക്കു മുമ്പില്‍ ഒരു പ്രണാമം.

എന്നാല്‍ ഇന്ന്, ഒരു രംഗത്ത് ലഭ്യമായ പ്രകാശത്തിന്റെ അളവിനെ അളന്ന്, അത് മനുഷ്യനേത്രം കാണുന്നരീതിയില്‍ ഒരു ഫോട്ടോയില്‍ പുനരവതരിപ്പിക്കുവാന്‍ എത്രനേരം ഷട്ടര്‍ തുറന്നിരിക്കണം / ആ വേഗതയ്ക്ക് അനുയോജ്യമായി സെറ്റ് ചെയ്യാവുന്ന അപര്‍ച്ചര്‍ എത്ര എന്നൊക്കെ കൃത്യമായി നിര്‍ണ്ണയിക്കുന്ന ലൈറ്റ് മീറ്ററുകളോടോപ്പമാണ് ആധുനികക്യാമറകളൊക്കെയും നമ്മുടെ കൈയ്യിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ പ്രകാശത്തെ കൃത്യമായി അളക്കുവാനുള്ള കഴിവ് ക്യാമറയ്ക്ക് തന്നെ ഉള്ളതിനാലാണ് പോയിന്റ് ആന്റ് ഷൂട്ട് എന്ന ലളിതമായ ഫോട്ടോഗ്രാഫി സങ്കേതത്തിലേക്ക് നാം എത്തിയിരിക്കുന്നതുപോലും!


ലൈറ്റ് മീറ്റര്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ?

എല്ലാ എസ്.എല്‍.ആര്‍ ക്യാമറകളിലും, മാനുവല്‍ ലൈറ്റ് സെറ്റിംഗ് അനുവദിക്കുന്ന പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ലൈറ്റ് മീറ്റര്‍ ഉപയോഗിച്ച് ഫോട്ടോഗ്രാഫര്‍ക്ക് കൃത്യമായ ലൈറ്റ് അളക്കുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. സാധാരണയായി വ്യൂഫൈന്ററിനുള്ളില്‍, താഴെയായിട്ടാണ് ഇതിന്റെ സ്ഥാനം. ചില മോഡലുകളില്‍ വ്യൂഫൈന്ററിനുള്ളില്‍ വലതുവശത്തായും ഇത് കണ്ടിട്ടുണ്ട്. ഡിസൈന്‍ എങ്ങനെയായാലും പ്രവര്‍ത്തിപ്പിക്കുന്ന വിധം ഒരുപോലെ തന്നെ.

താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. അതില്‍ വ്യൂഫൈന്ററിന്റെ താഴെയായി മങ്ങിയ ചാരനിറത്തില്‍ കുറെ വരകളകണ്ടല്ലോ. ഇവയോരോന്നും ഒരു ചെറിയ LED ലൈറ്റ് ഇന്റിക്കേറ്ററാണ്.














ലൈറ്റ് മീറ്ററിന്റെ ഏകദേശം മദ്ധ്യഭാഗത്തുള്ള LED കള്‍ മാത്രം പ്രകാശിക്കുന്ന രീതിയാണ് കൃത്യമായ പ്രകാശനിയന്ത്രണം വേണ്ട അവസരത്തില്‍ നാം തെരഞ്ഞെടുക്കേണ്ടത്. പ്രകാശം നിയന്ത്രിക്കേണ്ടത് അപ്പര്‍ച്ചര്‍, ഷട്ടര്‍ ഇവയിലേതെങ്കിലും ഒന്നോ രണ്ടും കൂടിയോ കൂട്ടിയും കുറച്ചുമാണ്. ഇപ്രകാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍, ക്യാമറയിലേക്ക് കടക്കുന്ന പ്രകാശം ആവശ്യത്തിലധികമാണെങ്കില്‍ LED ലൈറ്റുകള്‍ (പച്ചനിറത്തില്‍ ഈ ചിത്രത്തില്‍) + എന്ന ഭാഗത്തേക്ക് നീങ്ങും. മറിച്ച് ലൈറ്റ് കുറവാണെങ്കില്‍ അവ - എന്ന ഭാഗത്തേക്കാവും നീങ്ങുക. ഈ മീറ്ററില്‍ നോക്കിക്കൊണ്ട് നമുക്ക് മധ്യഭാഗത്തുള്ള LED കള്‍ മാത്രം പ്രകാശിക്കുന്ന രീതിയില്‍ അപ്പര്‍ച്ചറിലും ഷട്ടറിലും വേണ്ടമാറ്റങ്ങള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെയാണ് മാനുവലായി ലൈറ്റ് ക്രമീകരിക്കുന്നത്.

വായിക്കുമ്പോള്‍ സങ്കീര്‍ണ്ണമെന്നു തോന്നിയാലും, ഉപയോഗിക്കുമ്പോള്‍ വളരെ എളുപ്പമാണ്. മാനുവലായി ലൈറ്റ് ക്രമീകരിക്കുവാന്‍ അനുവദിക്കുന്ന ക്യാമറകള്‍ കൈയ്യിലുള്ളവരെല്ലാം ഇത് പരീക്ഷിച്ചു നോക്കുക. ഒരേ രംഗം തന്നെ ലൈറ്റ് മീറ്ററിലെ LED കള്‍ + ഭാഗത്ത് വരുന്ന രീതിയിലും - ഭാഗത്ത് വരുന്ന രീതിയിലും മധ്യഭാഗത്ത് വരുന്ന രീതിയിലും എടുത്തുനോക്കൂ. + ഭാഗത്തേക്ക് വളരെയേറേ നീങ്ങിയാല്‍ ഫോട്ടോ ഓവര്‍ എക്സ്പോസ്ഡ് ആയിയും, - ഭാഗത്തേക്ക് വളരെ നീങ്ങിയാല്‍ ഫോട്ടോ അണ്ടര്‍ എക്സ്പോസ്ഡ് ആയിട്ടു ആവും ലഭിക്കുന്നത്. ഒരു കാര്യംകൂടി ഇവിടെ മനസ്സിലാക്കുക, പ്രാക്റ്റിക്കലായി ഫോട്ടോ എടുക്കുമ്പോള്‍ ലൈറ്റ് മീറ്ററിന്റെ മദ്ധ്യഭാഗത്തുള്ള LED മാത്രം കിറുകൃത്യമായി പ്രകാശിച്ചാലേ ഫോട്ടോ നന്നാവൂ എന്നില്ല. ഒരുപോയിന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും കുഴപ്പമില്ല.

ഉദാഹരണ ഫോട്ടോകള്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച പാഠം 9 അപ്പര്‍ച്ചറും ഷട്ടറും മാനുവല്‍ ഫോട്ടോഗ്രാഫി എന്ന അദ്ധ്യായത്തിലുണ്ട്.


ഒരേലൈറ്റിംഗ്, വ്യത്യസ്ത സെറ്റിംഗുകള്‍ - എന്തുകൊണ്ട്?

മാനുവലായി ലൈറ്റ് സെറ്റുചെയ്യുവാന്‍ പഠിച്ചുതുടങ്ങുന്നവരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു പ്രത്യേക ലൈറ്റിംഗില്‍ (ഉദാഹരണം ഉച്ചക്ക് ഒരു മണി, നല്ല വെയില്‍) നാം എടുക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും ഒരേ അപ്പര്‍ച്ചര്‍ / ഷട്ടര്‍ സെറ്റിംഗ് ആയിരിക്കുമോ എന്നാണാചോദ്യം.

ചോദ്യം ഒന്നുകൂടി വിശദമാക്കിയാല്‍, മേല്‍പ്പറഞ്ഞ ലൈറ്റിംഗില്‍ ഒരു ലാന്റ്സ്കേപ്പിനുവേണ്ടി (അവിടെ ഒരു പുല്‍ത്തകിടി, പച്ചനിറത്തിലുള്ള കുറേ മരങ്ങള്‍, ഒരു വീട്, പുഴ, ആകാശം ഇതെല്ലാമുള്ളൊരു രംഗം ആണെന്ന് സങ്കല്‍പ്പിക്കൂ) നാം ലൈറ്റ് മീറ്ററില്‍ നോക്കി മാനുവലായി പ്രകാശക്രമീകരണം ചെയ്തു എന്നിരിക്കട്ടെ. അപ്പോള്‍ അപ്പര്‍ച്ചര്‍ f/8 എന്നും ഷട്ടര്‍ സ്പീഡ് 1/125 എന്നുമാണ് ലൈറ്റ് മീറ്ററില്‍ കിട്ടിയത് എന്നും കരുതുക. അതിനുശേഷം ഇതേ രംഗത്തുതന്നെയുള്ള ഒരു ചുവപ്പു റോസാപ്പൂവും, മഞ്ഞകോളാമ്പിപ്പൂവും വെവ്വേറെ ക്ലോസപ്പ് ആയി ഫോട്ടൊ എടുക്കുന്നു എന്നുകരുതുക. അപ്പോഴും ലൈറ്റ് മീറ്ററിലെ സെറ്റിംഗ് f/8 എന്നും 1/125 എന്നും മതിയോ എന്നാണ് ചോദ്യം.

തീര്‍ച്ചയായും പോരാ. കാരണം ആദ്യഫോട്ടോയിലെ ലാന്റ് സ്കേപ്പില്‍, ക്യാമറകാണുന്ന കാര്യങ്ങളില്‍ പച്ചനിറത്തിലുള്ള കുറേ മരങ്ങള്‍, പുല്‍ത്തകിടി ഒരു വീട് ഒരു പുഴ ആകാശം എന്നിവയൊക്കെ ഉണ്ടായിരുന്നു. അവയില്‍നിന്നൊക്കെയും പ്രതിഫലിച്ചെത്തുന്ന പ്രകാശമാണ് ക്യാമറയുടെ ലൈറ്റ് മീറ്ററില്‍ എത്തുന്നത്. ക്ലോസ് അപ് ഉദാഹരണങ്ങളില്‍ പൂക്കളുടെ വലിപ്പം ഏകദേശം ഒന്നുതന്നെയാണെങ്കിലും രണ്ടിന്റെയും നിറങ്ങള്‍ രണ്ടാണ് - ചുവപ്പും, മഞ്ഞയും. രണ്ടില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന പ്രകാശത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ലൈറ്റ് മീറ്ററിലെ മദ്ധ്യഭാഗത്തുള്ള LED മാത്രം പ്രകാശിപ്പിക്കുവാനായി ക്യാമറയിലേക്ക് പ്രവേശിക്കുന്ന ലൈറ്റിനെ മേല്‍പ്പറഞ്ഞ മൂന്നു സാഹചര്യങ്ങളിലും അപ്പര്‍ച്ചറോ, ഷട്ടറോ ഉപയോഗിച്ചുകൊണ്ട് വ്യത്യാസപ്പെടുത്തേണ്ടിവരും.മൂന്നും മൂന്ന് വ്യത്യസ്ത സെറ്റിംഗുകള്‍ ആയിരിക്കുകയും ചെയ്യും (ഏകദേശം അടുത്തടുത്താവും എന്നുമാത്രം).


എക്സ്പോഷര്‍ സ്റ്റോപ്പുകളും പ്രകാശക്രമീകരണവുമായുള്ള ബന്ധം:


അപ്പര്‍ച്ചര്‍ സ്റ്റോപ്പ് (എഫ്.സ്റ്റോപ്പ്) ഷട്ടര്‍ സ്റ്റോപ്പ് (ടി.സ്റ്റോപ്) എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ഇപ്പോള്‍ ലഭിച്ചിട്ടുണ്ടാവുമല്ലോ. പ്രായോഗികമായി ഫോട്ടോ എടുക്കുമ്പോള്‍ നമ്മള്‍ അപ്പര്‍ച്ചറിന്റെ വലിപ്പത്തെപ്പറ്റിയോ, ഷട്ടര്‍ തുറന്നടയുന്ന സമയദൈര്‍ഘ്യത്തെപ്പറ്റിയോ ഒന്നും വ്യാകുലപ്പെടേണ്ട കാര്യമില്ല. ഈ നമ്പറുകളെപ്പറ്റി മാത്രം അറിഞ്ഞിരുന്നാല്‍ മതിയാവും. അതുതന്നെയാണ് സ്റ്റോപ്പുകള്‍ ഉപയോഗിച്ച് എക്സ്പോഷര്‍ കൈകാര്യം ചെയ്യുമ്പോളുള്ള സൌകര്യവും. ഇവതമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് നോക്കാം.

മേല്‍പ്പറഞ്ഞ രണ്ടുസ്കെയിലിലും (F ഉം T യും) സ്കെയിലിലെ ഒരു സ്റ്റോപ്പില്‍ നിന്ന് മുകളിലേക്ക് (കൂടിയനമ്പര്‍) പോകുമ്പോള്‍ പ്രകാശത്തിന്റെ അളവ് കുറയുകയാണെന്ന് അറിയാമല്ലോ. ചിത്രം നോക്കൂ.











രണ്ട് സ്കെയിലുകളിലും ഇടത്തുനിന്ന് വലത്തേക്ക് പോകും തോറൂം ക്യാമറയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തിന്റെ അളവിന് കുറവ് സംഭവിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക രംഗത്തിന്റെ ലൈറ്റ് നാം മാനുവലായി സെറ്റ് ചെയ്തപ്പോള്‍, ഏറ്റവും അനുയോജ്യമായ വിധത്തില്‍ പ്രകാശം കിട്ടുന്നത് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ അപ്പര്‍ച്ചര്‍ f/5.6 എന്നും, ഷട്ടര്‍ സ്പീഡ് 1/60 എന്ന സെറ്റിംഗുകളില്‍ ആണെന്നിരിക്കട്ടെ.

ഇനി ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കൂ. ഷട്ടര്‍ സ്പീഡ് 1/60 ല്‍ നിന്നും 1/125 എന്ന സ്റ്റോപ്പിലേക്ക് നാം മനഃപ്പൂര്‍വ്വം മാറ്റുന്നു എന്നിരിക്കട്ടെ. എന്തുസംഭവിക്കും? ക്യാമറയിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് 1/60 ഉണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞു. ഈ കുറവ് പരിഹരിക്കാനായി അപ്പര്‍ച്ചര്‍ അടുത്ത വലിയ സ്റ്റോപ്പിലേക്ക് തുറന്നാല്‍ മതിയല്ലോ? അപ്പര്‍ച്ചര്‍ 5.6 ല്‍ നിന്നും 4 ലേക്ക് മാറ്റുന്നു എന്നുകരുതുക. വീണ്ടും ലൈറ്റ് മീറ്റര്‍ പഴയതുപോലെ അനുയോജ്യമായ ലൈറ്റ് സെറ്റിംഗ് (LED മദ്ധ്യഭാഗത്ത്) കാണിക്കുന്നതുകാണാം. ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യം, ടി. സ്റ്റോപ്പ് ഒരു പടി ഉയര്‍ത്തുമ്പോള്‍ വരുന്ന പ്രകാശകുറവ് പരിഹരിക്കുവാന്‍ എഫ്.സ്റ്റോപ്പ് ഒരു പടി കുറച്ചാല്‍ മതിയാകും (അതുപോലെ തിരിച്ചും). മാനുവലായി ഫോട്ടോഗ്രാഫി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ബന്ധമാണിത്. മേല്‍പ്പറഞ്ഞ ഉദാഹരണം തന്നെ ലളിതമായി എഴുതിയാല്‍.

F5.6 : 1/60 കോമ്പിനേഷന്‍ =
F4 : 1/125 കോമ്പിനേഷന്‍ =
F2.8 : 1/250 കോമ്പിനേഷന്‍

ഇങ്ങനെ എക്സ്പോഷര്‍ സ്റ്റോപ്പ് സ്കെയില്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരേ ലൈറ്റിനെ വ്യത്യസ്ത അപ്പര്‍ച്ചര്‍ : ഷട്ടര്‍ സെറ്റിംഗുകളിലേക്ക് മാറ്റാം. അതായത് ഒരു വലിയ അപ്പര്‍ച്ചറിനെ (കുറഞ്ഞ എഫ്.നമ്പര്‍) കൂടിയ ഷട്ടര്‍ സ്പീഡ് ഉപയോഗിച്ച് (വലിയ ടി.നമ്പര്‍) കോമ്പന്‍സേറ്റ് ചെയ്യാം. എഫ്.സ്റ്റോപ്പും, ടി.സ്റ്റോപ്പും ഒരേ രീതിയിലുള്ള സ്കെയിലില്‍ ആവണം എന്നുമാത്രം അതായത് രണ്ടും ഒന്നുകില്‍ ഫുള്‍ സ്റ്റോപ്പ് സ്കെയില്‍, അല്ലെങ്കില്‍ 1/3 സ്കെയില്‍, അല്ലെങ്കില്‍ 1/2 സ്കെയില്‍ ഇങ്ങനെ. ഫലത്തില്‍, ഇപ്രകാരം എടുക്കുന്ന എല്ലാ ഫോടോകളും ബ്രൈറ്റ്നെസ്സ് ന്റെ കാര്യത്തില്‍ ഒരുപോലെ ആയിരിക്കും.

അപ്പോള്‍ ഒരു ചോദ്യം. ഇതെന്തിനാണ് ഇങ്ങനെ മാറ്റുന്നത്? ഏതെങ്കിലും ഒരു സെറ്റിംഗ് അങ്ങ് ഉപയോഗിച്ചാല്‍ പോരേ?

ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്കറിയാം, എപ്പോഴും പ്രകാശക്രമീകരണം കൊണ്ടുമാത്രം ഫോട്ടോഗ്രാഫര്‍ ഉദ്ദേശിക്കുന്ന എഫക്ടുകള്‍ ഒരു ഫോട്ടൊയില്‍ ലഭിക്കുവാന്‍ സാധിക്കില്ല എന്ന്! സ്ലോ ഷട്ടര്‍, ഫാസ്റ്റ് ഷട്ടര്‍, ഫ്രീസിംഗ്, ഡെപ്ത് ഓഫ് ഫീല്‍ഡ് തുടങ്ങിയ എഫക്ടുകള്‍ക്കായി ഷട്ടറിനേയും അപ്പര്‍ച്ചറിനേയും അനുയോജ്യമായി തെരഞ്ഞെടുക്കേണ്ടതുണ്ട്.










അവയെപ്പറ്റി അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്യാം.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Tuesday, November 4, 2008

പാഠം 14 : F- സ്റ്റോപ്പുകളും എക്സ്പോഷറും

ഈ ബ്ലോഗില്‍ ഇതുവരെ കഴിഞ്ഞ അദ്ധ്യായങ്ങളില്‍ നാം ചര്‍ച്ച ചെയ്തിരുന്നത്‌ ഒരു ചിത്രം എടുക്കുന്നതിന്‌ ക്യാമറയെ, പ്രത്യേകിച്ചും ഡിജിറ്റല്‍ ക്യാമറയെ, സഹായിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും ക്യാമറയുടെ ഉള്ളിലെ ഭാഗങ്ങളെപ്പറ്റിയും ആയിരുന്നു. ഇനി ചിത്രമെടുപ്പിന്റെ പ്രായോഗിക വശങ്ങളിലേക്ക്‌ വരികയാണ്‌. നല്ലൊരു ഫോട്ടോ എടുക്കുവാന്‍ വേണ്ട അവശ്യഘടകങ്ങള്‍ എന്തൊക്കെയാണ്?

1. ഗുണമേന്മയുള്ള ലെന്‍സോടുകൂടിയ ഒരു ക്യാമറ
2. ഒരു ഫ്രെയിം നല്ലരീതിയില്‍ കമ്പോസ് ചെയ്യാനുള്ള കഴിവ്, ഭാവന
3. പ്രകാശക്രമീകരണം (എക്സ്പോഷര്‍, മീറ്ററിംഗ് എന്നിവ) കൃത്യമായി നിയന്ത്രിക്കുവാനുള്ള സാങ്കേതിക പരിജ്ഞാനം.

ഇതില്‍ സര്‍വ്വപ്രധാനമാണ് മൂന്നാമത് പറഞ്ഞ പ്രകാശക്രമീകരണം. ഇന്നത്തെ ഫുള്‍ ഓട്ടോമാറ്റിക് മോഡ് ക്യാമറകളില്‍, ഇത് ക്യാമറയുടെ ബില്‍റ്റ്-ഇന്‍-കമ്പ്യൂട്ടര്‍ നിര്‍വ്വഹിക്കുന്നു. മാനുവലായി കൈകാര്യംചെയ്യാവുന്ന ക്യാമറകളില്‍ ഇത് ഫോട്ടോഗ്രാഫര്‍ക്ക് ഇഷ്ടാനുസരണം നിയന്ത്രിക്കുവാനുള്ള സൌകര്യം ഉണ്ട്.

പ്രകാശത്തിനെ റിക്കോര്‍ഡ്‌ ചെയ്യുകയാണ്‌ ഫോട്ടോഗ്രാഫിയില്‍ ചെയ്യുന്നത് എന്നറിയാമല്ലോ. ഈ റിക്കോര്‍ഡിംഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൃത്യമായി നിര്‍വ്വഹിക്കപ്പെടേണ്ട ഒരേ ഒരു കര്‍ത്തവ്യമാണ് എക്സ്‌പോഷര്‍ നിര്‍ണ്ണയം.


എന്താണ് എക്സ്പോഷര്‍?

ഫോട്ടോ റിക്കോര്‍ഡ് ചെയ്യേണ്ട പ്രതലത്തിലേക്ക് (ഫിലിം അല്ലെങ്കില്‍ സെന്‍സര്‍) ഒരു നിശ്ചിത സമയത്തേക്ക് എത്രയളവ് പ്രകാശം പതിക്കണം എന്നതിന്റെ ഏകകമാണ് എക്സ്‌പോഷര്‍ എന്നു പറയുന്നത്. സ്വാദിഷ്ടമായ നല്ലൊരു വിഭവം പാകം ചെയ്യുന്നതിന്, ഒരു പ്രത്യേകചൂടില്‍ ഒരു നിശ്ചിതസമയത്തേക്ക് അത് പാചകം ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ. ചൂടോ സമയമോ കൂടിപ്പോയാല്‍ അത് കരിഞ്ഞുപോകും. ആവശ്യത്തിനു ചൂടും സമയവും നല്‍കിയില്ലെങ്കിലോ - തയ്യാറാക്കുന്ന വിഭവം ശരിയായി പാകപ്പെടുകയുമില്ല. ഇതുപോലെയാണ് ഫോട്ടോഗ്രാഫിയും.

ഫോട്ടോ എടുക്കപ്പെടേണ്ടപ്രതലത്തില്‍ (ഫിലിം അല്ലെങ്കില്‍ സെന്‍സര്‍) വന്നുവീഴുന്ന പ്രകാശത്തിന്റെ അളവ്‌ ഒരു നിയന്ത്രിത രീതിയില്‍ ആയിരുന്നാല്‍ മാത്രമേ ലഭിക്കുന്ന ചിത്രം കാണുവാന്‍ ഭംഗിയുള്ളതാവൂ. അളവ്‌ കൂടിപ്പോയാല്‍ ചിത്രത്തിന്റെ പലഭാഗങ്ങളും, അല്ലെങ്കില്‍ മുഴുവന്‍ ചിത്രം തന്നെ "വെളുത്തു പോകാം" - ഇതിനെ നാം ഓവര്‍ എക്സ്‌പോഷര്‍ (over-exposure) എന്നുവിളിക്കുന്നു. ഇങ്ങനെ കൂടുതലായി പ്രകാശം പതിച്ചുപോയ ചിത്രത്തെ over-exposed എന്നു പറയുന്നു. ഇനി മറിച്ച്‌, സെന്‍സറിലേക്ക്‌ വീഴുന്ന പ്രകാശം ആവശ്യത്തിനില്ലെങ്കിലോ, ഫോട്ടോ "ഇരുണ്ടു പോകുന്നു" - ഇതിനെ അണ്ടര്‍ എക്സ്‌പോഷര്‍ (under exposure) എന്നു വിളിക്കുന്നു.

ഈ രണ്ടു അവസ്ഥകളും നല്ലൊരു ചിത്രത്തിന്‌ അഭികാമ്യമല്ല. എങ്കിലും ചില പ്രത്യേകചിത്രങ്ങളില്‍ ചില എഫക്ടുകള്‍ നല്‍കുവാനായി പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫര്‍ എക്സ്പോഷര്‍ അല്പാല്പം കൂട്ടിയും കുറച്ചും നല്‍കി എന്നുവരാം. മേല്‍പ്പറഞ്ഞ എതു സാഹചര്യമാണെങ്കിലും പ്രകാശത്തെ അനുയോജ്യമായ രീതിയില്‍ നിയന്ത്രിക്കുവാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിയണം.

ഈ അദ്ധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ "അപ്പര്‍ച്ചറും, ഷട്ടറും - മാനുവല്‍ ഫോട്ടോഗ്രാഫി" എന്ന അദ്ധ്യായത്തില്‍ ചുരുക്കത്തില്‍ ചര്‍ച്ചചെയ്ത വിഷയത്തിന്റെ തുടര്‍ച്ചയാണ്. SLR ക്യാമറ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. അതുപോലെ, അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയെ മാനുവലായി നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ക്യാമറകള്‍ കൈവശമുള്ളവര്‍ക്കും ഈ അദ്ധ്യായം പ്രയോജനകരമായിരിക്കും.


ക്യാമറയില്‍ കടക്കുന്ന പ്രകാശത്തെ എങ്ങനെ നിയന്ത്രിക്കാം?

1. ലെന്‍സില്‍കൂടി കടന്നുവരുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട്.
ഇതിനായി ലെന്‍സിന്റെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന, ഒരു സംവിധാനമാണ് ഡയഫ്രം. ഡയഫ്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രകാശം കടത്തിവിടാത്ത തകിടുകള്‍ (blade) ഉപയോഗിച്ചാണ്. ചിത്രം നോക്കൂ.

കടപ്പാട്: Wikipedia commons

ഈ തകിടുകളെ ഒരു പ്രത്യേകരീതിയില്‍ ക്രമീകരിക്കുമ്പോള്‍ അവയുടെ നടുവിലായി ഒരു സുഷിരം രൂപപ്പെടുന്നു. ഈ സുഷിരത്തെ അപ്പര്‍ച്ചര്‍ (aperture) എന്നാണ് വിളിക്കുന്നത്. തകിടുകളുടെ ക്രമീകരണം മാറ്റിക്കൊണ്ട് ഈ സുഷിരത്തിന്റെ വ്യാസം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഈ പോസ്റ്റില്‍തന്നെ, അല്പം കഴിഞ്ഞ് ഇതിലേക്ക് വിശദമായി വരാം.

2. ക്യാമറയുടെ ഷട്ടര്‍ തുറന്നടയുന്ന സമയം ക്രമപ്പെടുത്തിക്കൊണ്ട് പ്രകാശത്തെ നിയന്ത്രിക്കാം. ഇതിനെയാണ് ഷട്ടര്‍ സ്പീഡ് കണ്ട്രോള്‍ എന്നു പറയുന്നത്. ഒരു സെക്കന്റിന്റെ നാലായിരത്തില്‍ ഒരംശം തുടങ്ങി, അനേകം സെക്കന്റുകള്‍ വരെ നീളുന്ന വിധത്തില്‍ പലവിധ ഷട്ടര്‍ സ്പീഡുകള്‍ ആധുനിക ക്യാമറകളില്‍ ലഭ്യമാണ്.


അപ്പര്‍ച്ചറും പ്രകാശ നിയന്ത്രണവും:

ഒരു ലെന്‍സിലെ ഡയഫ്രം ബ്ലേഡുകള്‍ ക്രമീകരിച്ചുകൊണ്ട് അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം എന്ന് പറഞ്ഞുവല്ലോ. ഈ ഡയഫ്രത്തെ നമ്മുടെ കണ്ണിലെ കൃഷ്ണമണിയിലെ ഐറിസ് (iris) എന്ന ഭാഗത്തോടും അപ്പര്‍ച്ചറിനെ ഐറിസിനു നടുവിലായി കാണുന്ന സുഷിരത്തോടും (pupil) ഉപമിക്കാം.

കടപ്പാട് : Wikipedia commons

വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ (ഇരുട്ടല്ല) നാമറിയാതെതന്നെ ഐറിസ് വികസിച്ച് കൃഷ്ണമണിയിലെ സുഷിരം വലുതാകുന്നു; അങ്ങനെ കൂടുതല്‍ പ്രകാശം കണ്ണിനുള്ളിലേക്ക് കടക്കുന്നു. മറിച്ച് പ്രകാശം കൂടുതലുള്ള അവസരത്തില്‍ ഐറിസ് ചുരുങ്ങുകയും, കൃഷ്ണമണിയിലെ ദ്വാരം ചെറുതാവുകയും തന്മൂലം കൂറഞ്ഞ അളവില്‍ പ്രകാശം ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു.

ഈ രണ്ട് അവസരങ്ങളിലുംകണ്ണില്‍ വീണ പ്രകാശത്തിന്റെ അളവ് രണ്ടാണെങ്കിലും നാം കാണുന്ന കാഴ്ചകള്‍ ഒന്നുപോലെയാണ് നമുക്ക് തോന്നുന്നത് . ഇതുപോലെ തന്നെയാണ് അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വ്യാസം മാറ്റിക്കൊണ്ട് ക്യാമറയ്ക്കുള്ളിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതും, ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളാണെങ്കില്‍കൂടി, ഏകദേശം ഒരേ തെളിച്ചമുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കുന്നതും.


F-stops or F-numbers:

F 5.6 അല്ലെങ്കില്‍ f/5.6, f/8 എന്നരീതിയിലാണ് അപ്പര്‍ച്ചര്‍ സെറ്റിംഗുകളെ രേഖപ്പെടുത്തുന്നത്. ഒരു ഡിജിറ്റല്‍ ഇമേജ് ഫയലിന്റെ എക്സിഫ് ഡേറ്റ പരിശോധിച്ചാല്‍ കാണാവുന്ന ഒരു ഡേറ്റയാണ് ഇത്. അതുപോലെ, ഡിജിറ്റല്‍ ക്യാമറകളിലെ ലൈവ് പ്രിവ്യൂവിലും, വ്യൂ ഫൈന്ററുകളിലും എല്ലാം ഒരു ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഈ നമ്പറുകള്‍ കാണാം. ഒരു പ്രത്യേക അപര്‍ച്ചര്‍ സുഷിരത്തിന്റെ നമ്പറാണത്. ഈ നമ്പറുകളെയാണ് എഫ്.സ്റ്റോപ്പുകള്‍ എന്നുവിളിക്കുന്നത്.


ഈ അടുത്തകാലം വരെ എസ്.എല്‍.ആര്‍ ക്യാമറകളുടെ ലെന്‍സില്‍ അപര്‍ച്ചര്‍ റിംഗ് എന്നൊരു റിംഗ് ഉണ്ടായിരുന്നു. ഇന്നത്തെ ഇലക്ട്രോണിക് ലെന്‍സുകള്‍ വന്നതോടെ റിംഗ് മാറി, ക്യാമറയിലെ മെനു വഴി അപ്പര്‍ച്ചര്‍ (അഥവാ എഫ്.സ്റ്റോപ്പ്) സെറ്റ് ചെയ്യാം എന്നായി എന്നുമാത്രം.

ഈ ചിത്രം നോക്കൂ. ഒരു നിക്കോണ്‍ 35mm ലെന്‍സാണിത്.
കടപ്പാട് : Wikipedia commons















അതിലെ അപ്പര്‍ച്ചര്‍ റിംഗ് ഈ ചിത്രത്തില്‍ 11 എന്ന പൊസിഷനിലാണ് (11 നേരെയുള്ള വെളുപ്പ് ബിന്ദു ശ്രദ്ധിക്കുക) സെറ്റ് ചെയ്തിരിക്കുന്നത്; അതായത് f/11 എന്ന പൊസിഷനില്‍. f എന്ന അക്ഷരം പ്രിന്റിംഗിന്റെ സൌകര്യത്തിനായി ഒഴിവാക്കിക്കൊണ്ട് 2, 2.8, 4, 5.6, 8, 11, 16, 22 എന്നിങ്ങനെയാണ് ഇതില്‍ എഫ്.സ്റ്റോപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് കണ്ടുകാണുമല്ലോ. ഒറ്റനോട്ടത്തില്‍ പരസ്പരം യാതൊരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഈ സംഖ്യാശ്രേണിയിലെ സംഖ്യകള്‍ എന്തിനെയാണ് കുറിക്കുന്നത്, അവതമ്മില്‍ എന്താണു ബന്ധം? എങ്ങനെയാണ് ഇവ നിശ്ചയിച്ചിരിക്കുന്നത്?

മേല്‍പ്പറഞ്ഞ നമ്പറുകള്‍ അപ്പര്‍ച്ചര്‍ വ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഒരു ചെറിയ എഫ്. നമ്പര്‍ വലിയ സുഷിരത്തേയും, വലിയ എഫ്. നമ്പര്‍ ചെറിയ സുഷിരത്തേയും കുറിക്കുന്നു എന്നുള്ളതാണ്. ഇവിടെ 2, 2.8, 4, 5.6, 8, 11, 16,‍ 22 എന്ന സ്കെയിലില്‍ ഉള്ള ഓരോ നമ്പറിനേയും ഒരു ഫുള്‍ സ്റ്റോപ്പ് എന്നു വിളിക്കുന്നു. അതായത്,



ഇവിടെ ഓരോ സ്റ്റോപ്പിലും അപ്പര്‍ച്ചറിന്റെ വിസ്തീര്‍ണ്ണം (വ്യാസമല്ല) അതിന്റെ ഇടതുവശത്തുള്ള നമ്പറില്‍ ഇരിക്കുമ്പോഴുള്ള വിസ്തീര്‍ണ്ണത്തിന്റെ പകുതിയായി കുറയുന്നു.

ഇക്കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന ഒരു രേഖാചിത്രം താഴെ.











കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ f/2 സുഷിരത്തിന്റെ വിസ്തീര്‍ണ്ണത്തേക്കാള്‍ (area) പകുതിയേ ഉള്ളൂ f/2.8 ന്; അതുപോലെ f/2.8 ന്റെ പകുതി വിസ്തീര്‍ണ്ണമേയുള്ളൂ f/4 ന്. f/2 നേക്കാള്‍ വളരെ ചെറിയ സുഷിരമാണ് f/ 22 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പ് തരുന്നത്. സ്വാഭാവികമായും, f/2.8 യില്‍ സെറ്റ് ചെയ്തീരിക്കുന്ന അപ്പര്‍ച്ചര്‍ f/22 ല്‍ സെറ്റ് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവ് പ്രകാശം ക്യാമറയ്ക്കുള്ളിലേക്ക് കടത്തി വിടും.


എന്തിനാണ് f ? A എന്നു പറഞ്ഞാല്‍ പോരേ?

അപ്പര്‍ച്ചര്‍ കൈകാര്യം ചെയ്യുന്ന തുടക്കക്കാര്‍ക്ക് ഉണ്ടാകുന്ന ഒരു സംശയമാണിത്! F അല്ലെങ്കില്‍ f എന്ന അക്ഷരം ലെന്‍സിന്റെ ഫോക്കല്‍ ലെങ്തിനെ കുറിക്കുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന നിക്കോണ്‍ ലെന്‍സിന്റെ ഉദാഹരണചിത്രം ഒന്നുകൂടി നോക്കൂ. അതൊരു 35mm ലെന്‍സാണ്. അതാണ് അതിന്റെ ഫോക്കസ് ദൂരം. അപ്പോള്‍ f/2 എന്നാല്‍ 35/2 എന്നും f/5.6 എന്നാല്‍ 35/5.6 എന്നും f/16 എന്നുപറഞ്ഞാല്‍ 35/16 എന്നുമാണ് അര്‍ത്ഥം. അതായത് ഫോക്കല്‍ ദൂരത്തെ എഫ്.നമ്പര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയ്ക്കു ആനുപാതികമായ മില്ലിമീറ്റര്‍ ആയിരിക്കും ആ പ്രത്യേക ലെന്‍സിന്റെ, ആ എഫ്.നമ്പറിലെ അപ്പര്‍ച്ചറിന്റെ ഫലത്തിലുള്ള വ്യാസം (effective diameter). ഇവിടെ ആ പ്രത്യേക ലെന്‍സിന്റെ എന്ന് എടുത്ത്പറയുവാന്‍ ഒരു കാരണമുണ്ട്.

ലെന്‍സുകള്‍ പലവലിപ്പത്തിലും, റേഞ്ചിലും (സൂം‌ലെന്‍സ്) ഒക്കെ ലഭ്യമാണ് എന്ന് നമുക്കറിയാം. അവയിലൊക്കെയും ഒരേ എഫ്. നമ്പറുള്ള സുഷിരങ്ങളുടെ വ്യാസം ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷേ ഈ അനുപാതം (ഫോക്കല്‍ദൂരം ഭാഗം എഫ്.നമ്പര്‍ എന്നത്) എപ്പോഴും മേല്‍പ്പറഞ്ഞ രീതിയിലായിരിക്കും, ഒരു എഫ്.നമ്പറിനെ സംബന്ധിച്ചിടത്തോളം എന്നുമാത്രം.


ഫാസ്റ്റ് ലെന്‍സ് / സ്ലോ ലെന്‍സ് :

എസ്.എല്‍.ആര്‍ ക്യാമറ ലെന്‍സുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിചയമുണ്ടാവാന്‍ സാധ്യതയുള്ള ഒരു വാക്കാണ് ലെന്‍സ് സ്പീഡ് (lense speed). എന്താണ് ലെന്‍സിന്റെ സ്പീഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു ലെന്‍സിന്റെ ഏറ്റവും വലിയ അപ്പര്‍ച്ചര്‍ സുഷിരം (അതായത് ഏറ്റവും ചെറിയ എഫ്.സ്റ്റോപ് നമ്പര്‍) ആണ് അതിനെ ഫാസ്റ്റ് അല്ലെങ്കില്‍ സ്ലോ എന്നരീതിയില്‍ ഇനംതിരി‍ക്കുവാന്‍ സഹായിക്കുന്നത്.


വലിയ അപ്പര്‍ച്ചര്‍ വ്യാസം കൂടുതല്‍ പ്രകാശം ലെന്‍സിനുള്ളിലൂടെ ക്യാമറയിലേക്ക് കടത്തിവിടും എന്ന് പറയുകയുണ്ടായല്ലോ. കൂടുതല്‍ പ്രകാശം കടത്തിവിടുന്ന ലെന്‍സ് ഉപയോഗിക്കുമ്പോള്‍, ക്യാമറയില്‍ ഒരു കൂടിയ ഷട്ടര്‍ സ്പീഡ് (ഫാസ്റ്റ് ഷട്ടര്‍ സ്പീഡ്) ഉപയോഗിക്കുവാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് വലിയ അപ്പര്‍ച്ചറുകള്‍ ഉള്ള ലെന്‍സുകളെ ഫാസ്റ്റ് ലെന്‍സ് എന്നു വിളിക്കുന്നത്.

സൂം ലെന്‍സുകള്‍ കൈയ്യിലുള്ളവര്‍ക്ക് അറിയാം, അവ ബേസ് മോഡലുകള്‍ ആണെങ്കില്‍ അപ്പര്‍ച്ചര്‍ f/4, 5.6 തുടങ്ങിയ എഫ്.നമ്പറുകളില്‍നിന്നാവും ആരംഭിക്കുക. ഉദാഹരണം Sigma 70-300mm F/4-5.6 DG Macro Lense.

ഇവിടെ എഫ്.നമ്പര്‍ ആരംഭിക്കുന്നത് f/4 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പില്‍ നിന്നാണ്. അതും, 70mm എന്ന ഫോക്കസ് ദൂരത്തില്‍ ഇരിക്കുമ്പോള്‍ മാത്രം ( അതായത് 70/4=17.5mm). അതേ ലെന്‍സ് 300mm എന്ന പൊസിഷനില്‍ ഇരിക്കുമ്പോള്‍ f/5.6 എന്ന അപ്പര്‍ച്ചര്‍ സൈസാണ് സാധ്യമായ എറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ നമ്പര്‍ (അതായത് 300/5.6= 53.57mm) . ഇതു രണ്ടും ലെന്‍സിന്റെ സൂം സ്കെയിലിലെ രണ്ടറ്റങ്ങളില്‍ ലഭ്യമായ അപ്പര്‍ച്ചറുകളാണ്. ഇവയ്ക്ക് മുകളിലേക്കുള്ള മറ്റ് അപ്പര്‍ച്ചര്‍ സൈസുകള്‍ ലെന്‍സില്‍ ലഭ്യവുമാണ്.

ഇത് ബേസിക് മോഡലുകളുടെ കാര്യം. ഇനി കുറേക്കൂടി വിലപിടിപ്പുള്ള സൂം ലെന്‍സുകളായാലോ? അവയില്‍ ലഭ്യമായ എഫ്.നമ്പറുകള്‍ ഇതിലും താഴെയായിരിക്കും. (f/2.8 തുടങ്ങി). അതുകൊണ്ടു തന്നെയാണ് അവയ്ക്ക് വിലകൂടുന്നതും. f/2.8 ല്‍ അപ്പര്‍ച്ചര്‍ സൈസ് ആരംഭിക്കുന്ന ഒരു ലെന്‍സ് f/4 ല്‍ അപ്പര്‍ച്ചര്‍ സൈസ് ആരംഭിക്കുന്ന ഒരു ലെന്‍സിനേക്കാള്‍ “ഫാസ്റ്റ്” ആണെന്നു പറയുന്നു. എന്തുകൊണ്ട്? f/2.8 ലെ അപ്പര്‍ച്ചര്‍ വ്യാസം f/4 ലേതിനേക്കാള്‍ കൂടുതലാണ്, അതുകൊണ്ട്.

അല്പം കൂടി കൃത്യമായി പറഞ്ഞാല്‍ f/2.8 ലെ അപ്പര്‍ച്ചര്‍ വിസ്തീര്‍ണ്ണത്തിന്റെ (area) നേര്‍ പകുതിയാണ് f/4 ലെ അപ്പര്‍ച്ചര്‍ വിസ്തീര്‍ണ്ണം. അപ്പോള്‍ ആദ്യം പറഞ്ഞലെന്‍സ് കൂടുതല്‍ പ്രകാശം ഉള്ളിലേക്ക് കടത്തിവിടും. സൂം ലെന്‍സുകള്‍ ഉപയോഗിച്ചൂള്ള ഫോട്ടോഗ്രാഫി ചെയ്തിട്ടുള്ളവര്‍ക്കറിയാം, വളരെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്യുമ്പോള്‍ പ്രകാശം എത്രകുറവായാണ് ലഭിക്കുക എന്ന്. ഈ പ്രശ്നം നന്നായി പരിഹരിക്കുവാന്‍ ഫാസ്റ്റ് ലെന്‍സുകള്‍ക്കാവുന്നു.


എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ എന്തിന്?

എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ ക്യാമറയില്‍/ലെന്‍സില്‍ നല്‍കുന്നത് വഴി, ലെന്‍സിന്റെ അപ്പര്‍ച്ചര്‍ വ്യാസം അളന്ന്, ഹരിക്കലും ഗുണിക്കലും നടത്തി ലൈറ്റ് എക്സ്പോഷര്‍ കണക്കാക്കുക എന്ന വലിയൊരു സാഹസമാണ്, ക്യാമറ നിര്‍മ്മാതാക്കള്‍ നമുക്ക് ഒഴിവാക്കിതന്നിരിക്കുന്നത്! തത്വത്തില്‍, ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്:

f/ 0.5, 0.7, 1.0, 1.4, 2, 2.8, 4, 5.6, 8, 11, 16, 22, 32, 45, 64, 90, 128

ആധുനിക ക്യാമറകളില്‍ ഈ ഫുള്‍സ്റ്റോപ്പ് അപ്പര്‍ച്ചറുകള്‍ മാത്രമല്ല നാം ഉപയോഗിക്കാറ്. അവയ്ക്കിടയിലുള്ള മദ്ധ്യമ അളവുകളും സര്‍വ്വസാധാരണമായി ഉപയോഗിക്കാറുണ്ട്. കുറച്ചുകൂടി കൃത്യമായി ലൈറ്റ് നിയന്ത്രിക്കാവുന്ന 1/2 സ്റ്റോപ്പ് സ്കെയിലും, അതിലും കുറേക്കൂടി ഫൈന്‍ ട്യൂണ്‍ ചെയ്യാവുന്ന 1/3 സ്റ്റോപ് സ്കെയിലും ഇന്നത്തെ ക്യാമറകളില്‍ ലഭ്യമാണ്.


1/2 സ്റ്റോപ് എഫ്. നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലിലെ സ്റ്റോപ്പുകള്‍ ഇങ്ങനെയാണ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.


1.0, 1.2, 1.4, 1.7, 2, 2.4, 2.8, 3.3, 4, 4.8, 5.6, 6.7, 8, 9.5, 11, 13, 16, 19, 22

ഈ സ്കെയിലില്‍, തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ 71% കുറവ് ലൈറ്റാണ് ക്യാമറയിലേക്ക് അടുത്ത സ്റ്റോപ്പ് കടത്തിവിടുക. ഈ സ്കെയിലില്‍ ഓരോ ഫുള്‍ സ്റ്റോപ്പുകള്‍ക്കിടയിലും ഒരു മധ്യമ സെറ്റിംഗ് ഉണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഒരു ഫുള്‍സ്റ്റോപ്പില്‍ നിന്ന് അടുത്തതിലേക്കെത്താന്‍ “രണ്ടുപടികള്‍ ചവിട്ടണം“ (1/2). മിക്ക SLR ക്യാ‍മറകളിലും ഈ സ്കെയില്‍ ലഭ്യമാണ് (മെനുവില്‍).


1/3 സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍:

ഇതാണ് വണ്‍ തേഡ് സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍.ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22


ഈ സ്കെയിലില്‍, തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ 80% കുറവ് ലൈറ്റാണ് ക്യാമറയിലേക്ക് അടുത്ത സ്റ്റോപ്പ് കടത്തിവിടുക. ഈ സ്കെയിലില്‍ ഓരോ ഫുള്‍ സ്റ്റോപ്പുകള്‍ക്കിടയിലും രണ്ട് മധ്യമ സെറ്റിംഗുകള്‍ (1/3) ഉണ്ട് എന്ന് വ്യക്തമാണല്ലോ? മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഒരു ഫുള്‍സ്റ്റോപ്പില്‍ നിന്ന് അടുത്തതിലേക്കെത്താന്‍ “മൂന്നുപടികള്‍ ചവിട്ടണം“ (1/3).

ഈ സ്കെയിലാണ് ഇന്നത്തെ മോഡേണ്‍ ക്യാമറകളിലെല്ലാം (പോയിന്റ് ആന്റ് ഷൂട്ട് ഉള്‍പ്പടെ) ഡിഫോള്‍ട്ടായി ഉപയോഗിച്ചു കാണുന്നത്.

ഡിജിറ്റല്‍ SLR ക്യാമറകളില്‍ എല്ലാം തന്നെ (high-end point & shoot ലും) എഫ്. സ്റ്റോപ്പ് സ്കെയില്‍ ഈ രണ്ടു രീതിയിലും സെറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്. നിങ്ങള്‍ എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് Aperture priority mode (A) ലേക്ക് മാറ്റിയിട്ട് കണ്ട്രോള്‍ ഡയല്‍ ഒന്നു തിരിച്ചു നോക്കൂ. മേല്‍പ്പറഞ്ഞ വണ്‍ തേഡ് സ്കെയിലില്‍ അപ്പര്‍ച്ചര്‍ മാറുന്നതു കാണാം. ഹാഫ് സ്റ്റോപ്പ് സ്കെയില്‍ വേണമെങ്കില്‍ സെറ്റുചെയ്യാനുള്ള ഓപ്ഷന്‍ മെനുവില്‍ ഉണ്ടാവും. പഴയ മാനുവല്‍ ക്യാമറകളിലെ ലെന്‍സുകളില്‍ ഫുള്‍സ്റ്റോപ്പ് സ്കെയിലുകള്‍ മാത്രം അടയാളപ്പെടുത്തിയിരിക്കുന്നതു കാണാം.

പോസ്റ്റിന്റെ നീളം വര്‍ദ്ധിക്കുന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്താം. എക്സ്പോഷറിനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങളും, ഷട്ടര്‍ സ്പീഡുമായി അതിനുള്ള ബന്ധവും, മീറ്ററിംഗ് തുടങ്ങിയ സങ്കേതങ്ങളും അടുത്ത പോസ്റ്റില്‍ വിവരിക്കാം. പ്രകാശനിയന്ത്രണം എന്ന പ്രാഥമിക കര്‍ത്തവ്യം കൂടാതെ ഫോട്ടോഗ്രാഫിയില്‍ അപ്പര്‍ച്ചറിനു മറ്റു ചില എഫക്റ്റുകള്‍ കൂടി നല്‍കാനാവും. അതേപ്പറ്റിയും പുറകാലെ ചര്‍ച്ചചെയ്യാം.


പ്രായോഗികഫോട്ടോഗ്രാഫിയില്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍:

1. ഒരു വലിയ എഫ് നമ്പര്‍ ചെറിയ അപ്പര്‍ച്ചര്‍ ഓപ്പണിംഗിനെയും ചെറിയ എഫ്. നമ്പര്‍ വലിയ അപ്പര്‍ച്ചര്‍ ഓപ്പണീംഗിനെയും കുറിക്കുന്നു.

2. ചെറിയ എഫ്. നമ്പര്‍ = കൂ‍ടുതല്‍ ലൈറ്റ്, വലിയ എഫ്. നമ്പര്‍= കുറച്ചു ലൈറ്റ് (കടത്തിവിടുന്നു)

3. എഫ്. നമ്പര്‍ സ്കെയിലിന്റെ ഏറ്റവും ഉപകാരപ്രദമായ കാര്യം, അപ്പര്‍ച്ചര്‍ വ്യാസം, ഫോക്കല്‍ ദൂരം തുടങ്ങിയവ ഒന്നും തന്നെ കണക്കിലെടുക്കാതെ എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്യുവാന്‍ ഫോടോഗ്രഫര്‍ക്ക് സാധിക്കുന്നു എന്നതാണ്. ക്യാമറയുടെ ബ്രാന്റ് , ലെന്‍സിന്റെ സൈസ് , ഫോക്കല്‍ ദൂരം എന്നിവ എന്തുതന്നെയായാലും ഒരു പ്രത്യേക ലൈറ്റ് situation - ഇല്‍ ഇവയെല്ലാം ഒരേ എഫ് നമ്പറില്‍ ഒരേ exposure ആയിരിക്കും തരുന്നത്. അതാണ്‌ എഫ്. നമ്പറിന്റെ beauty !!

4. നിങ്ങളുടെ ക്യാമറയില്‍ 1/3 എഫ്. നമ്പര്‍ സ്കെയില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ ഓരോ പടി മുകളിലേക്ക് പോകുംതോറും തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ ഏകദേശം 71% കുറവ് ലൈറ്റാവും ക്യാമറയ്ക്കുള്ളിലേക്ക് കടക്കുക. തൊട്ടു മുമ്പിലുള്ള സ്റ്റോപ്പിനേക്കാള്‍ പകുതി ലൈറ്റ്ആണു വേണ്ടതെങ്കില്‍ മുന്നു പടികള്‍ മുകളിലേക്ക് പോകണം.




താല്പര്യമുള്ളവര്‍ക്കായി F-stop ഗണിതം: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ



ഗണിതം തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ. പ്രായോഗികമായ ഫോട്ടോഗ്രാഫിയില്‍ ഈ പോസ്റ്റില്‍ പറയുന്ന ഗണിതത്തിനോ, അപ്പര്‍ച്ചര്‍ ഓപ്പണിംഗിന്റെ വ്യാസം, വിസ്തീര്‍ണ്ണം തുടങ്ങീയവയ്ക്കോ യാതൊരു പങ്കും വഹിക്കാനില്ല. ഇത് വായിച്ച് ആരും കണ്‍ഫ്യൂഷനായിപ്പോകരുത്. അറിയാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി മാത്രം വിവരിക്കുന്നു.

ഇത്രയും കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും എഫ്.നമ്പറുകളും അപ്പര്‍ച്ചര്‍ വ്യാസവും തമ്മിലുള്ള ബന്ധം മനസ്സിലായിക്കാണുമല്ലോ. ഇനി അന്വേഷണകുതുകികള്‍ക്കായി അല്പം ഗണിതശാസ്ത്രം. എഫ്.സ്റ്റോപ്പുകളുടെ സ്കെയില്‍ എങ്ങനെയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കാം.

ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണത്തെ (area) പകുതിയായി കുറയ്ക്കുവാന്‍, അതിന്റെ വ്യാസത്തെ 2 ന്റെ വര്‍ഗ്ഗമൂലമായ (square-root) 1.4142 കൊണ്ട് ഹരിച്ചാല്‍ മതി എന്നറിയാമല്ലോ?

ഇനി നമ്മുടെ ഉദാഹരണത്തിലേക്ക് വരാം. ഒരു ലെന്‍സിന്റെ ഫോക്കല്‍ ദൂരം f ആണെന്നിരിക്കട്ടെ. അതിന്റെ ആദ്യത്തെ എഫ്. സ്റ്റോപ്പ് f/2എന്നും വിചാരിക്കുക. ഈ നമ്പറിനെ വീണ്ടും 1.4142 കൊണ്ടു ഹരിക്കൂ (അല്ലെങ്കില്‍ 1/1.4142 കൊണ്ട് ഗുണിക്കൂ). f/2.8284 എന്നു കിട്ടും. അങ്ങനെ കിട്ടുന്ന ഉത്തരത്തെ വീണ്ടും 1.4142 കൊണ്ടു ഹരിക്കൂ. ഈ രീതി തുടര്‍ന്നാല്‍ നമുക്ക് താഴെക്കാണുന്ന രീതിയില്‍ ഒരു ശ്രേണി കിട്ടും.

starting stop = f/2
stop 1 = f/2 x 1/1.4142 = f/2.8284
stop 2 = f/2.8284 x 1/1.4142 = f/3.999
stop 3 = f/3.999 x 1/1.4142 = f/5.655

ഒരു കാല്‍ക്കുലേറ്റര്‍ എടുത്ത് നിങ്ങള്‍ ഇത് സ്വയം ചെയ്തുനോക്കൂ. തൊട്ടുമുമ്പിലുള്ള സ്റ്റോപ്പിലെ ഡിനോമിനേറ്റര്‍ അക്കത്തെ 1.4142 കൊണ്ട് ഗുണിക്കുക. കിട്ടുന്ന ഉത്തരത്തെ വീണ്ടും 1.4142 കൊണ്ട് ഗുണിക്കുക.

ഉത്തരങ്ങള്‍ മാത്രം റൌണ്ട് ചെയ്ത് എഴുതിയാല്‍

starting = f/2
stop 1 = f/2.8
stop 2 = f/4
stop 3 = f/5.6
stop 4 = f/8
stop 5 = f/11
stop 6 = f/16
stop 7 = f/22
stop 8 = f/32

ഇങ്ങനെ മുമ്പോട്ട് പോകുന്നതു കാണാം. ഇതാണ് നാം കാണുന്ന ഫുള്‍‍സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍ (Full-stop F number scale)‍. ഈ ശ്രേണിയിലെ അക്കങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമല്ലോ?

ചുരുക്കിപ്പറഞ്ഞാല്‍, എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ ക്യാമറയില്‍/ലെന്‍സില്‍ നല്‍കുന്നത് വഴി, ലെന്‍സിന്റെ അപ്പര്‍ച്ചര്‍ വ്യാസം അളന്ന്, ഹരിക്കലും ഗുണിക്കലും നടത്തി ലൈറ്റ് മീറ്ററിംഗ് ചെയ്യുക എന്ന വലിയൊരു സാഹസമാണ്, ക്യാമറ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിതന്നിരിക്കുന്നത്! ഒരു കാര്യം കൂടി പറയട്ടെ, f/2 ലും താഴെ അപ്പര്‍ച്ചര്‍ ആരംഭിക്കുന്ന ലെന്‍സുകളും ഉണ്ട്. തത്വത്തില്‍, ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്:

f/ 0.5, 0.7, 1.0, 1.4, 2, 2.8, 4, 5.6, 8, 11, 16, 22, 32, 45, 64, 90, 128


ഓര്‍ക്കുക : Full-stop F number scale ല്‍ തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ നേര്‍ പകുതി പ്രകാശമാണ് അടുത്ത സ്റ്റോപ്പ് ക്യാമറയിലേക്ക് കടത്തിവിടുക - കാരണം ഈ സ്കെയിലില്‍ ഇടത്തുനിന്ന് വലത്തേക്ക് പോകുംതോറും, വിസ്തീര്‍ണ്ണം പകുതിയായി കുറയുകയാണ്.
===========================
ഇതു നോക്കൂ. ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണം കണക്കാക്കുവാനുള്ള ഫോര്‍മുല അറിയാമല്ലോ

Pi x r^2 . where Pi = 3.14 and r = radius of circle

50 mm lense എടുക്കാം.
diameter of f/2 = 50/2 = 25 mm
radius of this aperture opening = 12.5 mm
area = 3.14 x 12.5 x 12.5= 490.6 square mm

diameter of f/2.8 = 50/2.8 = 17.88 mm
radius of this aperture opening = 8.94 mm
area = 3.14 x 8.94 x 9.94 = 250.9 square mm

f/2 ന്റെ വിസ്തീര്‍ണ്ണമാ‍യ 490.6 എന്നത് , f/2.8 ന്റെ വിസ്തീര്‍ണ്ണമായ 250.6 ന്റെ ഇരട്ടിയാണെന്ന് കാണാം. ഇതുകൊണ്ടാണ് ഈ ഓരോ സ്റ്റോപ്പും പ്രകാശത്തിന്റെ അളവ് പകുതിയായി കുറയ്ക്കുന്നു എന്നു പറയുന്നത്.

1/2 സ്റ്റോപ് എഫ്. നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലില്‍, ഒരു ഫുള്‍സ്റ്റോപ് അപ്പര്‍ച്ചര്‍ നമ്പറിനെ 2 ന്റെ 4th root ആയ 1.1892 കൊണ്ടാണ് ഹരിക്കേണ്ടത്. അപ്പോള്‍ കിട്ടുന്ന എഫ്.സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.


1.0, 1.2, 1.4, 1.7, 2, 2.4, 2.8, 3.3, 4, 4.8, 5.6, 6.7, 8, 9.5, 11, 13, 16, 19, 22

1/3 സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലില്‍, ഒരു ഫുള്‍സ്റ്റോപ് അപ്പര്‍ച്ചര്‍ നമ്പറിനെ 2 ന്റെ 6th root ആയ 1.1224 കൊണ്ടാണ് ഹരിക്കേണ്ടത്. അപ്പോള്‍ കിട്ടുന്ന എഫ്.സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്. (ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു).

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22



==============
References:

1. Wikipedia - F number
2. F number demystified
3. A tedious explanation of F-stops

Read more...

Saturday, May 24, 2008

പാഠം 13: വൈറ്റ് ബാലന്‍സും ഫോട്ടോയിലെ നിറങ്ങളും

സന്ധ്യമയങ്ങാറായി. കടല്‍ത്തീരത്ത്‌ ഒരു ഫോട്ടോഗ്രാഫര്‍ കുറേ നേരമായി സൂര്യാസ്തമയം കാത്ത്‌ ഇരിക്കുകയാണ്‌. നല്ല സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഇളംവെയിലിന്റെ പശ്ചാത്തലത്തില്‍ ചുവന്ന നിറമണിഞ്ഞ്‌ സൂര്യന്‍ ചക്രവാളത്തിലേക്ക്‌ താഴാന്‍ തുടങ്ങിക്കഴിഞ്ഞു. ക്യാമറയെടുത്തു, ഫോക്കസ്‌ ചെയ്തു ക്ലിക്കി. കിട്ടിയചിത്രമോ ആകെ ഒരു നീലമൂടാപ്പ്. താഴെ ഇടതുവശത്തുള്ള ചിത്രം പോലെ. അതോടെ ആ ചിത്രത്തിന്റെ സര്‍വ്വ മൂഡും പോയി.










ഇതെന്തുകഥ? ക്യാമറയുടെ വല്ല കുഴപ്പവുമാണോ? ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ എത്തിപ്പെടാറുള്ള ഒരു സാഹചര്യമാണ്‌ മേല്‍ വിവരിച്ചത്‌. വൈറ്റ്‌ ബാലന്‍സ്‌ ശരിയായി പ്രവര്‍ത്തിക്കാത്തതാണ്‌ ഇവിടെ പ്രശ്നം. ശരിയായ വൈറ്റ് ബാലന്‍സ് സെറ്റിംഗില്‍ എടുത്ത അതേ ചിത്രം വലതുവശത്ത് കാണാം. ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ മറ്റുപലപ്പോഴും അനുഭവമുണ്ടാവുമല്ലോ. ഒരു ഫിലമെന്റ് ബള്‍ബിനു (Tungsten) താഴെനിന്ന് എടുത്ത ചിത്രത്തിലെ വെള്ളയുടുപ്പ്‌ മഞ്ഞിച്ചിരിക്കുന്നു, ട്യൂബുലൈറ്റിന്റെ പ്രകാശത്തില്‍ എടുത്ത ഒരു ചിത്രത്തിനു നല്ല നീലിമ, സൂര്യപ്രകാശത്തില്‍ എടുത്ത ചുവന്ന നിറമുള്ള ഒരു പൂവിന്‌ നീലകലര്‍ന്ന വയലറ്റ് നിറം, സുഹൃത്തിന്റെ കല്യാണത്തിന് വീഡിയോ ലൈറ്റിടയില്‍ എടുത്ത ചിത്രം മഞ്ഞിച്ച്, ഇങ്ങനെ പലവിധ നിറങ്ങളുടെ പ്രശ്നം.

എന്താണ്‌ ഈ വൈറ്റ്‌ ബാലന്‍സ്‌, ശരിയായ രീതിയില്‍ നിറങ്ങള്‍ ലഭിക്കുവാന്‍ എന്തൊക്കെചെയ്യണം, വൈറ്റ്‌ ബാലസിന്റെ പ്രായോഗിക ഉപയോഗങ്ങളെന്തെല്ലാം തുടങ്ങിയകാര്യങ്ങളാണ്‌ ഈ അദ്ധ്യായത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്‌. ഈ അദ്ധ്യായം ആരംഭിക്കുന്നതിനു മുമ്പ്‌, പണ്ട്‌ ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ച ഓപ്റ്റിക്കല്‍ ഫിസിക്സിന്റെ ബാലപാഠങ്ങളിലേക്ക്‌ ഒന്നു തിരികെപോകാം.

ദൃശ്യവര്‍ണ്ണരാജി:

നമുക്ക്‌ കാണുവാന്‍ സാധിക്കുന്നതും അല്ലാത്തതുമായ അനവധി വിദ്യുത്‌കാന്തിക വികിരണങ്ങള്‍ (electromagnetic radiations) ചേര്‍ന്നതാണ്‌ സൂര്യപ്രകാശം. അവയുടെയൊക്കേയും ആവൃത്തികള്‍ (frequency) വ്യത്യസ്തമാണ്‌. അതില്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ അനുഭവേദ്യമായ മേഖലയാണ്‌ (range) ദൃശ്യവര്‍ണ്ണരാജി അഥവാ visible spectrum. ഈ മേഖലയില്‍ ഏഴുവര്‍ണ്ണങ്ങളാണുള്ളത്‌ - സപ്തവര്‍ണ്ണങ്ങള്‍ എന്നറിയപ്പെടുന്ന വയലറ്റ്‌ (violet), ഇന്റിഗോ (indigo), നീല (blue), പച്ച (green), മഞ്ഞ (yellow), ഓറഞ്ച്‌ (orange), ചുവപ്പ്‌ (red) എന്നിവയാണ്‌ ഈ വര്‍ണ്ണങ്ങള്‍. VIBGYOR എന്ന് ചുരുക്കത്തില്‍ ഓര്‍ത്തിരിക്കാം.




സൂര്യനില്‍ നിന്നും നമുക്കു കിട്ടുന്ന പ്രകാശരശ്മിയില്‍ ഈ ഏഴുവര്‍ണ്ണങ്ങളും ഉണ്ട്. ഉദയാസ്തമയ വേളകളില്‍ നിന്നും ഏകദേശം മൂന്നുമണിക്കൂറുകളോളം മാറ്റിനിര്‍ത്തിയാല്‍, മദ്ധ്യാഹ്നത്തോടടുപ്പിച്ച്‌ പകല്‍ സമയങ്ങളില്‍ (അന്തരീക്ഷത്തില്‍ മറ്റു തടസ്സങ്ങളോ മാലിന്യങ്ങളോ ഇല്ലാത്ത അവസരങ്ങളില്‍) ഈ ഏഴുവര്‍ണ്ണങ്ങളും ഏകദേശം ഒരേയളവില്‍ ആ‍യിരിക്കുകയും ചെയ്യും. അല്ലാത്ത അവസരങ്ങളില്‍ ഈ വര്‍ണ്ണങ്ങളുടെ അളവ്‌ ചുവപ്പിന്റെ ഭാഗത്തേക്ക് ഏറിയും കുറഞ്ഞും ഇരിക്കും.ഇങ്ങനെ ഏഴുവര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടായ പ്രകാശം ഒരു വസ്തുവില്‍ പതിക്കുമ്പോള്‍, ചില വര്‍ണ്ണകിരണങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടുകയും, മറ്റുചിലവ ആ വസ്തുവിലേക്ക്‌ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.


ഏഴുവര്‍ണ്ണങ്ങളേയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു വെളുത്ത നിറത്തിലും, എല്ലാ വര്‍ണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന ഒരു വസ്തു കറുപ്പുനിറത്തിലും നമ്മുടെ കണ്ണുകള്‍ക്ക്‌ അനുഭവേദ്യമായി മാറുന്നു. ബാക്കി എല്ലാ നിറങ്ങളും, ഇതേപോലെ ചില വര്‍ണ്ണങ്ങളുടെ പ്രതിഫലനവും ബാക്കിയുള്ളവയുടെ ആഗിരണവും ചേരുമ്പോള്‍ സംഭവിക്കുന്നതാണ്‌. ഇതാണ്‌ വര്‍ണ്ണക്കാഴ്ചയുടെ ഏറ്റവും ലളിതമായ വിശദീകരണം. ഒരു നിറത്തെപ്പറ്റിയുള്ള നമ്മുടെ അവബോധം സൂര്യപ്രകാശത്തില്‍ ആ നിറം എങ്ങനെ കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു - അതാണ് നമ്മുടെ തലച്ചോറില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.


ഇതുവരെ പറഞ്ഞതത്രയും സൂര്യപ്രകാശത്തെക്കുറിച്ചാണ്‌. നേരെ ഒരു വസ്തുവില്‍ പതിക്കുന്ന സൂര്യപ്രകാശം മാത്രമല്ല, ഒരു മുറിയ്ക്കുള്ളിലേക്ക് ജനാലവഴി കടന്നുവരുന്ന, പുറത്തുനിന്നും പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം, നാം ഒരു തണലില്‍ (നിഴലില്‍) നില്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ നിന്ന് പ്രതിഫലിച്ച്‌ നമ്മുടെ മേല്‍ വീഴുന്ന പ്രകാശം, ആകാശം മേഘാവൃതമായിരിക്കുമ്പോഴും അതുവഴി അരിച്ചെത്തുന്ന പ്രകാശം ഇവയ്കൊക്കെയ്ക്കും ഈ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്‌.


സൂര്യനല്ലാത്ത മറ്റു പ്രകാശസ്രോതസുകളും നമുക്ക്‌ പരിചിതമാണല്ലോ. ഉദാഹരണം, മെഴുകുതിരി, മണ്ണെണ്ണവിളക്ക്‌, ഫിലമെന്റുള്ള ടംഗ്‌സ്റ്റണ്‍ ബള്‍ബ്‌, ട്യൂബ്‌ ലൈറ്റ്‌ എന്നു വിളിപ്പേരുള്ള ഫ്ലൂറസെന്റ്‌ ലാമ്പ്‌ തുടങ്ങിയ പ്രകാശസ്രോതസുകള്‍. ഇവയുടെയൊക്കെയും പ്രകാശം ഒരുപോലെയാണോ? അല്ല്ല. വിളക്കുകളുടെ കാര്യം തന്നെയെടുക്കാം. തിരിയിട്ടുകത്തിച്ചിരുന്ന മണ്ണണ്ണ വിളക്കുകള്‍ (ഇതു കണ്ടിട്ടില്ലാത്തവരും ഇവിടെ വായനക്കാരുടെയിടയില്‍ ഉണ്ടാവാം) മങ്ങിയ ഓറഞ്ചുകളറിലുള്ള വെളിച്ചമാണ്‌ നല്‍കിയിരുന്നത്‌. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിമ്മിനിവിളക്കിന്റെ പ്രകാശം കുറേക്കൂടി നന്നായി തെളിഞ്ഞതായിരുന്നു. മാന്റില്‍ പാരഫിന്‍ വിളക്കില്‍ നിന്നും (ഇതിന്റെ പര്യായമായി മാറിയ പെട്രോമാക്സ്‌ എന്ന ബ്രാന്റ് നെയിം ആയിരിക്കും കൂടുതല്‍ പരിചയം) പുറപ്പെടുന്ന വെളിച്ചം അതിലും തെളിമയുള്ളതാണ്‌. ട്യൂബുലൈറ്റുകളുടെ പ്രകാശം നീലിമയുള്ളതാണ്‌. സ്ട്രീറ്റ്‌ ലൈറ്റുകളായി ഉപയോഗിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പുകളില്‍ മഞ്ഞനിറത്തിനാണ്‌ പ്രാമുഖ്യം. ട്യൂബുലൈറ്റുകള്‍ കുളിര്‍മയുള്ള പ്രകാശം തരുമ്പോള്‍, ഫിലമന്റ്‌ ബള്‍ബുകള്‍ ഉഷ്ണപ്രകാശമാണ്‌ തരുന്നത്‌. വ്യത്യസ്തങ്ങളായ കൃത്രിമപ്രകാശസ്രോതസുകള്‍ ഈ ഏഴുനിറങ്ങളെയും വ്യത്യസ്തമായ തോതിലാണ്‌ പുറപ്പെടുവിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലായല്ലോ. ചിലവയില്‍ എല്ലാ നിറങ്ങളും ഇല്ലതാനും.

മനുഷ്യനേത്രം - ഒരു അത്ഭുത ഇന്ദ്രിയം:

മനുഷ്യനേത്രങ്ങള്‍ക്ക്‌ വളരെ അന്യാദൃശ്യവും അത്ഭുതകരവുമായ ഒരു കഴിവുണ്ട്‌. ഈ പ്രകാശസ്രോതസുകളോരോന്നുമായും ഇടപഴകേണ്ടിവരുമ്പോള്‍ നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വേഗം അവയുമായി പൊരുത്തപ്പെടുകയും, ആ അവസരത്തില്‍ കാണുന്ന നിറങ്ങള്‍ യഥാര്‍ത്ഥമെന്ന തോന്നല്‍ നമുക്ക്‌ നല്‍കുകയും ചെയ്യും. ഉദാഹരണത്തിന്‌ ഒരു ഗ്ലാസ്‌ പാല്‍ അല്ലെങ്കില്‍ ഒരു വെളുത്ത പേപ്പര്‍, വിളക്കിന്റെ വെളിച്ചത്തില്‍ കാണുമ്പോഴും, ട്യൂബുലൈറ്റിന്റെ വെളിച്ചത്തില്‍ കാണുമ്പോഴും, സൂര്യപ്രകാശത്തില്‍ കാണുമ്പോഴും നമുക്ക്‌ വെളുത്തതായേ തോന്നൂ. ഒരു കറുപ്പുതുണിയും, മറ്റു നിറങ്ങളും അതുപോലെതന്നെ. ഇളവെയില്‍ കൊണ്ടൊരു നടത്തം കഴിഞ്ഞ്‌ വീട്ടിലേക്കെത്തി മുറിയിലെ ട്യൂബ് ലൈറ്റ്‌ തെളിയിച്ച്‌ മുറിക്കുള്ളിലെ കാഴ്ചകളിലേക്കെത്തുമ്പോഴും, ലൈറ്റിന്റെ അളവിലും ഗുണത്തിലും ഉണ്ടായ വ്യത്യാസങ്ങളെപ്പറ്റി നാം അറിയുന്നതേയില്ല. അതുപോലെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പ്രഭാതകിരണങ്ങളേറ്റുനില്‍ക്കുന്ന പുല്ലും മരങ്ങളുടെ ഇലകളും പച്ചയായിതന്നെയാണ് നമുക്ക് കാണപ്പെടുന്നത്!

യഥാര്‍ത്ഥത്തില്‍ ഈ സാഹചര്യങ്ങളോരോന്നിലും നാം കാണുന്ന പ്രകാശം തികച്ചും വ്യത്യസ്തമാണ്‌, അവ നമ്മുടെ കണ്ണിലുണ്ടാക്കുന്ന സെന്‍സേഷന്‍ വ്യത്യസ്തമാണ്‌. പക്ഷേ നാമറിയാതെതന്നെ നമ്മുടെ കണ്ണുകളും തലച്ചോറും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച്, ഈ വ്യത്യസ്ത പ്രകാശത്തിലും വര്‍ണ്ണങ്ങളെ ഏകദേശം ഒരേ രീതിയില്‍ തന്നെ നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നാല്‍ ഡിജിറ്റല്‍ ക്യാമറകള്‍ക്ക്‌ ഈ കഴിവില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കളുടെ യഥാര്‍ത്ഥ നിറമെന്തായിരിക്കും എന്ന് അത്‌ ചില പ്രത്യേക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനെയാണ്‌ വൈറ്റ്‌ ബാലന്‍സിംഗ്‌ എന്നു പറയുന്നത്‌.

ഓട്ടോമാറ്റിക്കായി നടക്കുന്ന ഏതുകാര്യങ്ങള്‍ക്കും സംഭവിക്കാവുന്ന ഒരു കുഴപ്പം ഇതിനും ചില അവസരങ്ങളില്‍ സംഭവിക്കുന്നു. ശരിയായ വൈറ്റ്‌ ബാലന്‍സ്‌ സെറ്റിംഗ്‌ അല്ല ക്യാമറ തെരഞ്ഞെടുത്തതെങ്കില്‍ ഫോട്ടോയില്‍ കാണുന്ന വര്‍ണ്ണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഫോട്ടോഗ്രാഫര്‍ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ വൈറ്റ്‌ ബാലന്‍സ്‌ സെറ്റിംഗുകളെപ്പറ്റിയുള്ള്‌ ഒരു ഏകദേശ ധാരണ ഫോട്ടോഗ്രാഫര്‍ക്ക്‌ ഉണ്ടായിരിക്കേണ്ടതുണ്ട്‌. അതാണ്‌ ഈ അദ്ധ്യായത്തിലെ ചര്‍ച്ചാവിഷയം.

കളര്‍ ടെമ്പറേചര്‍ (Colour temperature)

കളര്‍ ടെംപറേച്ചര്‍ എന്നു കേള്‍ക്കുമ്പോള്‍ നിറങ്ങള്‍ക്ക്‌ താപനിലയോ എന്നു തോന്നിയേക്കാം. ഇവിടെ ടെംപറേച്ചര്‍ എന്ന വാക്കിന്‌ ചൂടുമായി ബന്ധമൊന്നും ഇല്ല, അതുപോലെ സപ്തവര്‍ണ്ണങ്ങളുമായും ബന്ധമില്ല. കളര്‍ ടെംപറേച്ചര്‍ എന്നത്‌, പ്രകാശസ്രോതസുകളെ വിശേഷിപ്പിക്കുവാന്‍ കെല്‍വിന്‍ യൂണിറ്റില്‍ (K) പറയുന്ന ഒരു സ്കെയില്‍ ആണ്‌.

ഒരു കഷ്ണം ഇരുമ്പ്‌ ഒരു തീ‍ജ്വാലയില്‍ ചൂടാക്കുന്നത്‌ സങ്കല്‍പ്പിക്കുക. ആദ്യം അത്‌ നേരിയ ചുവപ്പു നിറമായി മാറും. വിണ്ടും ചൂടുകൂടുമ്പോള്‍ ഓറഞ്ചു നിറമായും, കൂടുതല്‍ ചൂടില്‍ വെളുത്ത നിറമായും മാറുന്നതു കാണാം. ത്വാത്വികമായി, വീണ്ടും ചൂടുകൂട്ടിയാല്‍ വെളുപ്പില്‍നിന്നും നീല നിറത്തിലേക്ക്‌ മാറും. ചുരുക്കത്തില്‍ ചുവപ്പു നിറം ഒരു കുറഞ്ഞ താപനിലയേയും, നീലനിറം അതേ സ്കെയിലില്‍ ഒരു ഉയര്‍ന്ന താപനിലയേയും സൂചിപ്പിക്കുന്നു. ഇതാണ്‌ കെല്‍വിന്‍ സ്കെയിലിലും ചെയ്തിരിക്കുന്നത്‌. ഒരു കാര്യംകൂടി ഇവിടെ നോട്ട്‌ ചെയ്യേണ്ടതുണ്ട്‌. ഈ സ്കെയിലില്‍ പ്രാഥമികവര്‍ണ്ണങ്ങളായ ചുവപ്പിനേയും നീലയേയും മാത്രമേ കണക്കിലെടുക്കുന്നുള്ളൂ, പച്ച നിറമോ ബാക്കിവര്‍ണ്ണങ്ങളോ ഈ സ്കെയിലില്‍ കണക്കാക്കപ്പെടുന്നില്ല. (വിക്കിപീഡിയ ലിങ്ക് ഇവിടെ)

ചുവപ്പ്‌, ഓറഞ്ച്‌ തുടങ്ങിയ വര്‍ണ്ണങ്ങള്‍ കൂടുതലായി പുറപ്പെടുവിക്കുന്ന പ്രകാശസ്രോതസുകള്‍ കുറഞ്ഞ കളര്‍ ടെംപറേച്ചറുകളുള്ളതായും, നീലകലര്‍ന്ന പ്രകാശം കൂടുതലായി പുറപ്പെടുവിക്കുന്ന സ്പെക്ട്രത്തിലുള്ള പ്രകാശസ്രോതസുകള്‍ ഉയര്‍ന്ന കളര്‍ ടെംപറേച്ചറുകളുള്ളതായും കണക്കാക്കിയിരിക്കുന്നു (ചുവന്ന ബള്‍ബ്‌, നീല ബള്‍ബ്‌ എന്ന രീതിയില്‍ ഇതു മനസ്സിലാക്കരുത്‌). ഒരു ഉദാഹരണം നോക്കാം, ഉദയ സൂര്യനില്‍ നിന്നും നമുക്ക്‌ അനുഭവേദ്യമാകുന്ന രശ്മികളില്‍ ചുവപ്പ്‌, ഓറഞ്ച്‌ വര്‍ണ്ണരശ്മികളാണ്‌ കൂടുതല്‍. ആ അവസരത്തില്‍ സൂര്യപ്രകാശത്തിന്റെ കളര്‍ടെംപെറേച്ചര്‍ കുറവായിരിക്കും. ഉച്ചയാവുന്നതോടുകൂടി സൂര്യനില്‍ നിന്നും നമുക്കു ലഭിക്കുന്ന വെളിച്ചം കൂടുതല്‍ ന്യൂട്രല്‍ ആയി മാറുന്നു (ന്യൂട്രല്‍ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌, ഒരു വര്‍ണ്ണങ്ങള്‍ക്കും പ്രാമുഖ്യമില്ലാത്ത പ്രകാശം എന്ന അര്‍ത്ഥത്തിലാണ്‌). അപ്പോള്‍ കളര്‍ടെംപറേച്ചര്‍ ഉയരുന്നു.


താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ (വലുതാക്കി കാണുക). നാം സാധാരണ എത്തിപ്പെടാറുള്ള വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളും അവയുടെ കെല്‍വിന്‍ സ്കെയിലും, അതാതിനനുസൃതമായ പ്രകാശസ്രോതസുകളുമാണ്‌ ഇവിടെ കാണിച്ചിരിക്കുന്നത്‌. ടെമ്പറേച്ചര്‍ കൂടുന്നതനുസരിച്ച് ചുവപ്പില്‍നിന്ന് നീലയിലേക്കുള്ള മാറ്റം ശ്രദ്ധിക്കുക.





ഇവിടെ കൊടുത്തിരിക്കുന്ന ഐക്കണുകള്‍ എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും വൈറ്റ്‌ ബാലന്‍സ്‌ സെറ്റിംഗിനോടനുബന്ധിച്ചുള്ള മെനുവില്‍ കാണാവുന്നതണ്‌. അവ ഏതൊക്കെ എന്ന് ഇനി പറയുന്നു.

ഒരു വീടും അതില്‍ നിന്നു വീഴുന്ന നിഴലും - ഷേയ്‌ഡ് (Shade) അഥവാനിഴലിനെ സൂചിപ്പിക്കുന്നു.

മേഘത്തിന്റെ ചിത്രം - ക്ലൗഡി (Cloudy) അഥവാ മേഘാവൃതമായ ആകാശം സൂചിപ്പിക്കുന്നു.

ഫ്ലാഷിന്റെ ചിത്രം - ക്യാമറയുടെ ഫ്ലാഷ്‌ ലൈറ്റിനെ സൂചിപ്പിക്കുന്നു.

സൂര്യന്‍ - മദ്ധ്യാഹ്ന സമയത്തെ സൂര്യപ്രകാശത്തെ (Sunlight) സൂചിപ്പിക്കുന്നു.

ട്യൂബ്‌ ലൈറ്റ്‌ - ഫ്ലൂറസെന്റ്‌ ലാമ്പുകളുടെ പ്രകാശത്തെ സൂചിപ്പിക്കുന്നു.

ബള്‍ബ്‌ - ടംഗ്‌സ്റ്റണ്‍ അഥവ ഇന്‍കാന്റസെന്റ്‌ ലാമ്പുകളുടെ പ്രകാശത്തെ സൂചിപ്പിക്കുന്നു.


ഈ സ്കെയിലില്‍ സ്റ്റാന്‍ഡേര്‍ഡ്‌ ലൈറ്റായി സ്വീകരിച്ചിരിക്കുന്നത്‌ മദ്ധ്യാഹ്നസൂര്യന്റെ പ്രകാശമാണ്‌. ഇതിന്റെ റേഞ്ച്‌ ഏകദേശം 5000 നും 6000 നും ഇടയ്ക്ക്‌ Kelvin ആണെന്ന് മുകളിലെ ചിത്രത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ടല്ലോ. ഫ്ലാഷ്‌ ലൈറ്റിന്റെ കളര്‍ ടെമ്പറേച്ചറും ഏകദേശം ഇതേ മേഖലയിലാണെന്നതു ശ്രദ്ധിക്കുക. അതായത്‌ ഈ മേഖലയിലുള്ള കളര്‍ടെമ്പറേച്ചര്‍ ഉള്ള ഒരു പ്രകാശസ്രോതസില്‍ നിന്നുള്ള പ്രകാശത്തില്‍ കാണപ്പെടുന്ന എല്ലാവസ്തുക്കളും, ഏകദേശം പകല്‍വെളിച്ചത്തില്‍ നാം ആ വസ്തുവിന്റെ നിറം കാണുന്ന രീതിയിലാവും നമ്മുടെ കണ്ണുകള്‍ക്ക് കാണപ്പെടുക

=====================================


നാം സാധാരണ കാണാറൂള്ള ചില പ്രകാശസ്രോതസുകളുടെ കളര്‍ ടെംപറേച്ചറുകള്‍ താഴെക്കൊടുത്തിരിക്കുന്ന ടേബിളില്‍ സംഗ്രഹിച്ചിരിക്കുന്നു - കാണാതെ പഠിക്കുവാനല്ല, അറിവിനായി മാത്രം.


സ്വച്ഛമായ നീലാകാശം = 10000 മുതല്‍ 15000 K

പകല്‍ വെളിച്ചത്തില്‍ തണലിനുള്ളില്‍ = 9000 മുതല്‍ 10000 K

മേഘാവൃതമായ ആകാശം = 6000 മുതല്‍ 8000 K

മധ്യാഹ്ന സൂര്യന്‍ (തെളിഞ്ഞ ആകാശത്ത്) = 6500 K

ശരാശരി സൂര്യപ്രകാശം = 5500 മുതല്‍ 6000 K

ക്യാമറയുടെ ഫ്ലാഷ്‌ = 5400 K

ഫ്ലൂറസെന്റ്‌ (ട്യൂബ്‌) ലൈറ്റ്‌ = 4000 മുതല്‍ 5000 K

ടംഗ്‌സ്റ്റണ്‍ ബള്‍ബുകള്‍ = 2500 മുതല്‍ 3000 K
200 വാട്ട്‌ ബള്‍ബ്‌ = 2980 K
40 വാട്ട്‌ ബള്‍ബ്‌ = 2650 K

മെഴുകുതിരി വെളിച്ചം = 1200 മുതല്‍ 1500 K

=======================================

വൈറ്റ്‌ ബാലന്‍സ്‌:

മനുഷ്യനേത്രങ്ങള്‍ക്ക്‌ വ്യത്യസ്ത പ്രകാശസംവിധാനങ്ങളുമായി ഇണങ്ങുവാനുള്ള അത്ഭുതകഴിവിനെപ്പറ്റി മുകളില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ. മുകളില്‍ കൊടുത്തിരിക്കുന്ന കെല്‍വിന്‍ സ്കെയിലില്‍നിന്നും, അതോടൊപ്പം കൊടുത്തിരുന്ന വ്യത്യസ്ത ലൈറ്റ്‌ സ്രോതസുകളുടെ ലിസ്റ്റില്‍നിന്നും വ്യക്തമാവുന്ന ഒരു കാര്യമുണ്ട്‌ - നമ്മുടെ കണ്ണുകള്‍ നമുക്കു തരുന്ന കാഴ്ചയുടെ രീതിയിലല്ല ഒരു ക്യാമറയുടെ സെന്‍സര്‍ വ്യത്യസ്ത പ്രകാശസ്രോതസുകളില്‍നിന്നുള്ള പ്രകാശത്തില്‍ അതേ വസ്തുവിനെ കാണുന്നത്‌. ചിലവ കൂടുതല്‍ ചുവന്നും, മറ്റുചിലവ കൂടുതല്‍ നീലയുമായാവും സെന്‍സര്‍ കാണുന്നത്‌. ഇങ്ങനെ കിട്ടുന്ന ഒരു ചിത്രത്തെ നമ്മുടെ കണ്ണുകള്‍ കാണുന്ന രീതിയിലേക്കാക്കിയെടുക്കുവാന്‍ ആ ചിത്രത്തിന്റെ കളര്‍ ടെമ്പറേച്ചര്‍ (ശ്രദ്ധിക്കുക കളര്‍ ടെമ്പറേച്ചര്‍ മാത്രം, കളറുകള്‍ അല്ല), കെല്‍വിന്‍ സ്കെയിലിന്റെ ഏകദേശം മദ്ധ്യഭാഗത്ത്‌ (അതായത്‌ സൂര്യപ്രകാശത്തിന്റെ റേഞ്ചില്‍) കൊണ്ടുവന്നാല്‍ മതിയാവുമല്ലോ. ഇതാണ്‌ വൈറ്റ്‌ ബാലസ്‌ എന്ന സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നത്‌.


താഴെക്കൊടുത്തിരിക്കുന്ന മൂന്നു ചിത്രങ്ങളിലൂടെ ഇക്കാര്യം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.















ആദ്യചിത്രത്തില്‍ കാണുന്ന ഡോമിന്റെ ലൈറ്റിംഗ്‌, ടംഗ്‌സ്റ്റണ്‍ ലൈറ്റില്‍നിന്നും വരുന്ന പ്രകാശമാണ്‌. സ്വാഭാവികമായും, ടംഗ്‌സ്റ്റണ്‍ ലൈറ്റിന്റെ കളര്‍ടെമ്പറേച്ചര്‍ കുറവായതിനാല്‍, സെന്‍സര്‍ ആ രംഗം കാണുന്നത്‌ അല്‍പം മഞ്ഞകലര്‍ന്ന ഓറഞ്ച്‌ നിറത്തിലായിരിക്കും. എന്നാല്‍ നമ്മുടെ കണ്ണുകള്‍ പെട്ടന്നുതന്നെ ടംഗ്‌സ്റ്റണ്‍ വെളിച്ചവുമായി ഇണങ്ങിച്ചേരുന്നതിനാല്‍, നമുക്ക്‌ യഥാര്‍ത്ഥ നിറങ്ങള്‍ തന്നെയാണ്‌ അനുഭവപ്പെടുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ക്യാമറയുടെ കളര്‍ ടെമ്പറേച്ചര്‍ 2500 (വൈറ്റ്‌ ബാലസ്‌ "ടംഗ്‌സ്റ്റണ്‍" ) എന്ന് സെറ്റുചെയ്യുന്നു എന്നു കരുതുക. ഉടന്‍ തന്നെ ക്യാമറ ഈ രംഗത്തുള്ള എല്ലാ വര്‍ണ്ണങ്ങളേയും കെല്‍വിന്‍ സ്കെയിലിന്റെ മദ്ധ്യഭാഗത്തേക്ക്‌ (നാം സൂര്യപ്രകാശത്തില്‍ കാണുന്ന രീതിയില്‍ ) നീക്കുവാനുള്ള ഒരു കണക്കുകൂട്ടല്‍ (algorithm) നിലവില്‍ കിട്ടിയ ഡേറ്റയോടൊപ്പം ചേര്‍ത്ത്‌ ഒരു കളര്‍ കറക്ഷന്‍ നടത്തുന്നു. ഈ കളര്‍ കറക്ഷന്‍ എല്ലാ നിറങ്ങള്‍ക്കും ബാധകമായിരിക്കും. അങ്ങനെ നമുക്ക്‌, നമ്മുടെ കണ്ണുകളാല്‍ കാണുന്നതിനോട്‌ ഏകദേശം അടുപ്പമുള്ള ഒരു ചിത്രം ലഭിക്കുന്നു. ഇതാണ്‌ ലളിതമായി പറഞ്ഞാല്‍ വൈറ്റ്‌ ബാലന്‍സിലൂടെ സാധ്യമാക്കുന്നത്‌.


കേട്ടാല്‍ ലളിതം, പക്ഷേ...

കേള്‍ക്കുമ്പോള്‍ ഇത്ര നിസാരമോ എന്നു തോന്നാമെങ്കിലും ഈ പ്രക്രിയയുടെ വിജയസാധ്യതയും ഗുണനിലവാരവും, അതിന്റെ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിനെ ആശ്രയിച്ചിരിക്കുന്നു. അതായത്‌, ക്യാമറകാണുന്ന രംഗത്തിന്റെ കളര്‍ടെമ്പറേച്ചര്‍ കിറുകൃത്യമായി നിര്‍ണ്ണയിക്കുന്നതിനെ ആശ്രയിച്ചാവും ക്യാമറകൊണ്ടുവരുന്ന കളര്‍ കറക്ഷന്റെ വിശ്വാസ്യതയും ഗുണനിലവാരവും നിര്‍ണ്ണയിക്കപ്പെടുക. മാത്രവുമല്ല, ക്യാമറയ്ക്ക് ചുവപ്പ്, നീല എന്നീ രണ്ടു വര്‍ണ്ണങ്ങളെകൂടാതെ, പച്ച എന്ന മൂന്നാമത്തെ പ്രാഥമിക വര്‍ണ്ണത്തേയും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കണക്കിലെടുക്കേണ്ടതുണ്ട്.

നമുക്കറിയാം, കളര്‍ ടെമ്പറേച്ചര്‍ എന്നത് ഒരു ഏകദേശ അളവാണ്. കാരണം, ഒരു സന്ദര്‍ഭത്തിലും ലൈറ്റിംഗ് പൂര്‍ണ്ണമായും ഈ ടേബിളിലെ കണക്കുകള്‍ പ്രകാരം ആയിരിക്കില്ല, പ്രകാശത്തിന്റെ സ്വഭാവം അനുസരിച്ച് നമ്പറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറാം. ടംഗ്‌സ്റ്റണ്‍ എന്ന ബള്‍ബ്‌ സെറ്റിംഗില്‍ത്തന്നെ വ്യത്യസ്ത ബള്‍ബുകള്‍ തമ്മില്‍ അല്പം വ്യത്യാസങ്ങള്‍ ഉണ്ട്‌. സൂര്യപ്രകാശം എന്നുപറയുമ്പോള്‍ത്തന്നെ, ഉദയാസ്തമയങ്ങളോടനുബന്ധിച്ചുകിട്ടുന്ന സൂര്യപ്രകാശത്തിന്റെ കളര്‍ടെമ്പറേച്ചറും, മറ്റൊരു അവസരത്തിലെ കളര്‍ ടെമ്പറേച്ചറും വ്യത്യസ്തമാണ്. ആകാശത്തിലെ മേഘങ്ങളുള്ള എല്ല്ലാ അവസരങ്ങളിലും ഒരേവിധത്തിലല്ല ക്ലൗഡി കളര്‍ടെമ്പറേച്ചര്‍ ലഭിക്കുക. പലപ്പോഴും ഒരേ രംഗത്തില്‍ തന്നെ വ്യത്യസ്ത കളര്‍ ടെമ്പറേച്ചറുകളുള്ള മേഖലകള്‍ കണ്ടെന്നും വരാം.അതിനാല്‍ത്തന്നെ കൃത്യമായി ഒരു വസ്തുവിന്റെ കളര്‍ടെമ്പറേച്ചര്‍ നിര്‍ണ്ണയിക്കേണ്ടത്‌ വൈറ്റ്ബാലസിന്റെയും കളര്‍ കറക്ഷന്റെയും വിജയത്തിന്‌ അത്യാവശ്യമാണ്‌. പക്ഷേ ഇത്‌ അത്ര എളുപ്പമല്ല. ഏകദേശകണക്കുകള്‍ മാത്രമേ പലപ്പോഴും സാധ്യമാവൂ.

ഓട്ടോമാറ്റിക്‌ വൈറ്റ്‌ ബാലന്‍സ്‌:

ക്യാമറയ്ക്കുള്ളിലുള്ള RGB സെന്‍സറുകളുടെ സഹായത്താലാണ്‌ ക്യാമറ ഒരു രംഗത്തിന്റെ കളര്‍ടെമ്പറേച്ചര്‍ കണ്ടുപിടിക്കുന്നത്‌. ഇതിനായി രംഗത്തുനിന്നും വരുന്ന നിറങ്ങളെ മൊത്തമായി അവലോകനം ചെയ്യുകയും ചുവപ്പ്‌, പച്ച, നീല എന്നീ പ്രാഥമിക വര്‍ണ്ണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നിര്‍ണ്ണയിക്കുയും ചെയ്യുന്നു. (പ്രാഥമിക വര്‍ണ്ണങ്ങളെ ഒരേ അളവില്‍ പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ നിറം ന്യൂട്രല്‍ കളര്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. ഉദാഹരണം 18% ഗ്രേ കളര്‍, വെള്ള) ഇപ്രകാരം ഒരു ന്യൂട്രല്‍ കളര്‍ ഉള്ള വസ്തു ആദ്യം കണ്ടുപിടിക്കുന്നു. അതില്‍നിന്നും ലഭിക്കുന്ന പ്രകാശതീവ്രത അളന്ന് രംഗത്തിന്റെ ഏകദേശ കളര്‍ ടെമ്പറേച്ചര്‍ ക്യാമറ കണക്കാക്കുന്നു. അതിനനുസരിച്ച്‌ ബാക്കി എല്ലാനിറങ്ങളുടെ ഡേറ്റയേയും മനുഷ്യനേത്രങ്ങള്‍ കാണുന്ന രീതിയിലേക്ക്‌ മാറ്റിയെടുക്കുന്നു. ഇതാണ്‌ ഓട്ടോമാറ്റിക്‌ വൈറ്റ്‌ ബാലന്‍സിന്റെ പ്രവര്‍ത്തന തത്വം.


പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളിലും, SLR ക്യാമറകളിലും ഓട്ടോമാറ്റിക്‌ വൈറ്റ്‌ ബാലന്‍സ്‌ ഉണ്ട്‌. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന സെറ്റിംഗും ഇതുതന്നെ. ഓട്ടോ വൈറ്റ് ബാലസ് ടെക്നോളജി ഇന്നത്തെ ക്യാമറകളില്‍ മിക്ക ‍അവസരങ്ങളിലും തൃപ്തികരമായ റിസല്‍ട്ടുകള്‍ നല്‍കുന്നുണ്ട്. Uniform കളര്‍ ടെമ്പറേച്ചര്‍ ഉള്ള രംഗങ്ങള്‍ക്ക്‌ ഈ വൈറ്റ്‌ ബാലസ്‌ അനുയോജ്യമാണ്‌. പക്ഷേ ഒരു രംഗത്തില്‍ തന്നെ വെയിലും നിഴലും, പലവിധ പ്രകാശ സ്രോതസുകളില്‍ നിന്നുള്ള വെളിച്ചവും കടന്നുവരുമ്പോള്‍ ഈ വൈറ്റ്‌ ബാലസ്‌ രീതി ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു പോകുന്നു. അതുപോലെ ഏതെങ്കിലും ഒരു നിറം, അതേ രംഗത്തിലെ മറ്റു നിറങ്ങളെ അപേക്ഷിച്ച്‌ മുന്നിട്ടു (dominent) നില്‍ക്കുമ്പോഴും ഓട്ടോ വൈറ്റ്‌ ബാലന്‍സ്‌ മെക്കാനിസത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചേക്കാം.

പ്രീസെറ്റ്, മാനുവല്‍ വൈറ്റ് ബാലന്‍സുകള്‍:

ഓട്ടോ വൈറ്റ് ബാലന്‍സ് ശരിയായി പ്രവര്‍ത്തിക്കാത്ത അവസരങ്ങളില്‍ ഉപയോഗിക്കുവാനായി ആറ് പ്രീസെറ്റ്‌ വൈറ്റ്‌ ബാലന്‍സുകള്‍ ക്യാമറകളില്‍ ലഭ്യമാണ്‌. സര്‍വ്വ സാധാരണമായി കാണുന്ന പ്രീസെറ്റ്‌ വൈറ്റ്ബാലന്‍സുകളാണ്‌ Tungsten, Flouroscent, Sunlight, Flash, Cloudy, Shady എന്നിവ. നാം ഒരു പ്രീസെറ്റ് വൈറ്റ് ബാലന്‍സ് സെറ്റുചെയ്യുമ്പോള്‍, ക്യാമറ രംഗത്തുനിന്നുള്ള എല്ലാ വൈറ്റ് ബാലന്‍സ് കണക്കുകൂട്ടലുകളേയും അവഗണിക്കുകയും പ്രീസെറ്റ് സാഹചര്യത്തിനു യോജിച്ച കളര്‍ടെമ്പറേച്ചര്‍ മെമ്മറിയില്‍നിന്നും കളര്‍ കറക്ഷനുവേണ്ടി ഉപയോഗിക്കുകയും ചെയ്യും.

ഇവകൂടാതെ മിക്കവാറൂം എല്ലാ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും SLR ക്യാമറകളിലും മാനുവലായി വൈറ്റ് ബാലന്‍സ് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാവും. ഒരു വെളുത്ത പേപ്പര്‍ അല്ലെങ്കില്‍ ഒരു ന്യൂട്രല്‍ ഗ്രേ കാര്‍ഡ് ക്യാമറയുടെ മുന്‍പില്‍, ഏതു രംഗത്തിന്റെ വൈറ്റ് ബാലന്‍സാണോ സെറ്റ് ചെയ്യേണ്ടത് അതിന്റെ ലൈറ്റിംഗില്‍ പിടിക്കുന്നു, ഫ്രെയിമില്‍ മുഴുവനായി ഉള്‍ക്കൊള്ളത്തക്കവിധം. അതിനുശേഷം മാനുവല്‍ (കസ്റ്റം എന്നും പേരുണ്ട്) വൈറ്റ് ബാലന്‍സ് സെറ്റുചെയ്യുന്നു. അതോടെ ക്യാമറ നമ്മള്‍ റെഫറന്‍സായി പിടിച്ച പേപ്പറിന്റെ നിറം വെള്ളയായി ക്യാമറ മനസ്സിലാക്കുന്നു. ഈ സെറ്റിംഗ് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്യപ്പെടുകയും തുടര്‍ന്നെടുക്കുന്ന എല്ലാ ചിത്രങ്ങളിലും ഇതുവഴി കൊണ്ടുവരേണ്ട കളര്‍ കറക്ഷന്‍ ക്യാമറ കൊണ്ടുവരുകയും ചെയ്യും. പ്രൊഫഷനല്‍ ക്യാമറകളില്‍ കെല്‍‌വിന്‍ എന്ന് മറ്റൊരു സെറ്റിംഗ് കൂടിയുണ്ട്. ഈ മെനു ഉപയോഗിച്ച് കളര്‍ ടെം‌പറേച്ചര്‍ നമ്പര്‍ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട് ക്യാമറയ്ക്ക് നല്‍കാം.


പ്രീസെറ്റ് വൈറ്റ് ബാലസുകളുടെ ഐക്കണുകള്‍ ഇതിനുമുമ്പ്‌ കാണിച്ചിരുന്ന കെല്‍വിന്‍ സ്കെയില്‍ ചിത്രത്തിലേതുപോലെയാവും. ഒരേ രംഗം, ലൈറ്റ് സോഴ്സ് മാറ്റാതെ വ്യത്യസ്ത പ്രീസെറ്റ്‌ വൈറ്റ്‌ ബാലന്‍സുകള്‍ ഉപയോഗിച്ച്‌ എടുത്തതാണ്‌ താഴെക്കാണുന്ന ആനിമേഷന്‍ ചിത്രത്തില്‍ ഉള്ളത്‌. അതാതു വൈറ്റ് ബാലസുകളുടെ പേരുകള്‍ ചിത്രങ്ങളോടൊപ്പം നല്‍കിയിട്ടുണ്ട്. ചിത്രങ്ങളിലെ ന്യൂട്രല്‍ ഓബ്‌ജക്ടായ വെള്ളപ്പേപ്പറിന്റെ നിറവ്യത്യാസം പ്രത്യേകം ശ്രദ്ധിക്കുക. ഈ സ്ലൈഡ് ഷോ ഫുള്‍ സ്ക്രീനില്‍ കാണുവാന്‍ ആഗഹിക്കുന്നവര്‍ ഈ ലിങ്കില്‍ നോക്കുക. എന്നിട്ട് Slide show ക്ലിക്ക് ചെയ്യുക.







പ്രായോഗിക ഉദാഹരണങ്ങള്‍:

ഓട്ടോ വൈറ്റ്‌ ബാലന്‍സ് പരാജയപ്പെടുമ്പോള്‍ പ്രീസെറ്റുകള്‍ ഉപകാരപ്പെടുന്ന ചില ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു. ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.








ഇടതുവശത്തെ ചിത്രത്തില്‍ ഓട്ടോവൈറ്റ് ബാലന്‍സിന്റെ കണക്കുകൂട്ടലുകള്‍ പിഴപ്പിക്കുന്നത് രംഗത്തിന്റെ ഒരു ഭാഗമായ സൂര്യപ്രകാശംതന്നെയാണ്. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഇളംവെയിലിനു പകരം ക്യാമറയുടെ ആല്‍ഗൊരിതം നീലിമകലര്‍ന്ന മങ്ങിയ പ്രകാശമാണ് ഇവിടെ നല്‍കുന്നത്. ഷേയ്‌ഡി പ്രീസെറ്റ് വൈറ്റ് ബാലന്‍സ് ഈ രംഗത്തിന് കുറേക്കൂടി warmth നല്‍കിയിരിക്കുന്നു. (രംഗം ഷാര്‍ജ അല്‍ ഖാന്‍ ലഗൂണ്‍)












ഈ ചിത്രത്തില്‍ കാണുന്ന പൂവിനു നേരെ മുകളിലായി ഒരു ടംഗ്‌സ്റ്റണ്‍ ബള്‍ബ് പ്രകാശിക്കുന്നുണ്ട്. പക്ഷേ പശ്ചാത്തലത്തില്‍ കാണുന്ന വലിയ ഗ്ലാസില്‍നിന്നും സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് വരുന്നുണ്ട്. ഗ്ലാസില്‍ കൂളിംഗ് പേപ്പര്‍ പതിച്ചിരിക്കുകയാണ്. അതിനാല്‍ ശുദ്ധമായ സൂര്യപ്രകാ‍ശമല്ല്ല മുറിയിലേക്ക് വരുന്നത്. ഈ സാഹചര്യം ഓട്ടോ വൈറ്റ് ബാലന്‍സിനെ കണ്‍‌ഫ്യൂഷനില്‍ ആക്കിയതിന്റെ ഫലമാണ് ഇടതുവശത്തെ ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ടംഗ്‌സ്റ്റണ്‍ പ്രീസെറ്റ് വൈറ്റ് ബാലന്‍സ് സെറ്റുചെയ്തപ്പോള്‍ പൂക്കളുടെ നിറങ്ങള്‍ യഥാര്‍ത്ഥ നിറവുമായി കൂടുതല്‍ സാമ്യമുള്ളതായി.











ഇവിടെ ലൈറ്റ് സോഴ്സ് ഒരു സി.എഫ്.എല്‍ ലാമ്പാണ്. അല്പം നീലിമ കലര്‍ന്ന ഫോട്ടോയാണ് ഓട്ടോ വൈറ്റ് ബാലന്‍സിന്റെ കണക്കുകൂട്ടലില്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ ഫ്ലൂറസെന്റ് പ്രീസെറ്റ് ചെയ്തപ്പോള്‍ നിറങ്ങള്‍ കൂടുതല്‍ ശരിയായിരിക്കുന്നു.











ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടി ഉണര്‍വോടെ നില്‍ക്കുന്ന ഒരു പുല്‍ത്തകിടിയാണ് ഇവിടെ രംഗം. ഓട്ടോ വൈറ്റ് ബാലസിനെ കുഴയ്ക്കുന്ന പ്രശ്നം ഇവിടെ Dominent ആയി നില്‍ക്കുന്ന പുല്‍ത്തകിടിയുടെ പച്ചനിറം തന്നെ. കണക്കുകൂട്ടലുകളില്‍ പിഴവു നേരിട്ട ഓട്ടോ വൈറ്റ് ബാലസ് തരുന്ന ചിത്രം അല്പം നീല കളര്‍ കാസ്റ്റ് ഉള്ളതാണ്. ക്ലൌഡി പ്രീസെറ്റ് വൈറ്റ് ബാലന്‍സ് മോഡില്‍ പുല്ലിന്റെ നിറം കൂടുതല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

പ്രത്യേക കളര്‍ ഇഫക്ടുകളോടെ ഫോട്ടോയെടുക്കുവാന്‍ വൈറ്റ് ബാലന്‍സ് അനുയോജ്യമല്ലാതെ സെറ്റുചെയ്താല്‍ മതി. ഉദാഹരണം സിനിമകളില്‍ രാത്രിരംഗങ്ങള്‍ അനുയോജ്യമായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് പകല്‍ വെളിച്ചത്തില്‍ എടൂക്കാറുണ്ടല്ലോ. ഇതാ ഒരു ഉദാഹരണം. കരിമ്പനകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പാലക്കാടന്‍ ഗ്രാമപ്രദേശം ഉച്ചസമയത്ത് എടുത്തതാണ്. ക്യാമറയുടെ വൈറ്റ് ബാലന്‍സ് ടംഗ്‌സ്റ്റണ്‍ എന്നു മനപ്പുര്‍വ്വമായി പ്രീസെറ്റ് ചെയിട്ട്.(ഇതേ എഫക്ടുകള്‍ ഫോട്ടോഷോപ്പില്‍ ചെയ്യാവുന്നതാണ്)















RAW ഫയലുകളും കസ്റ്റം വൈറ്റ് ബാലന്‍സും:

SLR ക്യാമറകളിലും മുന്തിയ തരം മറ്റു ക്യാമറകളിലും കാണുന്ന ഒരു റിക്കോര്‍ഡിംഗ് മോഡാണ് RAW എന്നു പറയുന്നത്. ഈ രീതിയില്‍ ഫോട്ടോയെടുത്തതിനു ശേഷം ക്യാമറ സ്വന്തമാ‍യി യാതൊരു അഡ്‌ജസ്റ്റ് മെന്റുകളും ചിത്രത്തിന്റെ ഫയലില്‍ ചേര്‍ക്കുന്നില്ല - വൈറ്റ് ബാലന്‍സ് ഉള്‍പ്പടെ. ഇങ്ങനെ കിട്ടുന്ന ‘അസംസ്കൃത ഡേറ്റ’ (RAW Data) ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് പ്രോസസ് ചെയ്യാം. ഇതിന്റെ ഗുണം എന്താണെന്നാല്‍, പ്രീസെറ്റ് വൈറ്റ് ബാലന്‍സുകളെയോ, ഓട്ട് വൈറ്റ് ബാലന്‍സിനെയോ ആശ്രയിക്കാതെ, യഥാര്‍ത്ഥ നിറം കിട്ടുവാനായി കളര്‍ ടെം‌പറേച്ചര്‍ നമ്പര്‍ - കിറുകൃത്യമായി -, പോസ്റ്റ് പ്രോസസിംഗില്‍ നമുക്ക് നല്‍കാം എന്നതാണ്. Colour accuracy വളരെ കര്‍ശനമായി പാലിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഈ രീതിയാണ് അനുയോജ്യം. JPG ആയി സ്റ്റോര്‍ ചെയ്തുകഴിഞ്ഞ ഫയലുകളില്‍ ഇത്രയും കൃത്യതയോടെ വൈറ്റ് ബാലന്‍സ് ചെയ്യാനാവില്ല. പക്ഷേ RAW ഫയലുകളുടെ സൈസ് JPG യുടേതിനേക്കാള്‍ വളരെ വലുതായിരിക്കും. ചില SLR ക്യാമറകള്‍ ഒരേ സമയം JPG യും RAW യും റിക്കോര്‍ഡ് ചെയ്യുവാനുള്ള ഓപ്‌ഷനും തരുന്നുണ്ട്.

ഒരു ഉദാഹരണം താഴെക്കൊടുക്കുന്നു. ഈ ചിത്രം എടുക്കുന്ന അവസരത്തില്‍ വെളിയില്‍നിന്നും പ്രതിഫലിച്ച് ജനാ‍ലവഴിയെത്തുന്ന സൂര്യപ്രകാശം കുട്ടിയുടെ വലതുവശത്തുനിന്നും എത്തുന്നുണ്ട്. അതാണ് പ്രധാന പ്രകാശസ്രോതസ്. ഇതുകൂ‍ടാതെ മുറിയില്‍ ഒരു ട്യൂബ് ലൈറ്റും പ്രകാശിക്കുന്നുണ്ട്. ഈ ഫോട്ടോ റോ മോഡില്‍ എടുത്തതിനു ശേഷം ഫോട്ടോഷോപ്പ് ഉപയോഗിച്ച് പ്രോസസ് ചെയ്തതാണ്.















സംഗ്രഹം:

1. ഒരു ഡിജിറ്റല്‍ ചിതത്തിന്റെ കളര്‍ ബാലന്‍സ് നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആ രംഗത്തിലെ ലൈറ്റിന്റെ കളര്‍ ടെമ്പറേച്ചര്‍ ആണ്. അതിനാല്‍ കൃത്യമായ വൈറ്റ് ബാലസ് ഉപയോഗിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

2. ഒരു ഫോട്ടോ എടുത്തുകഴിഞ്ഞതിനു ശേഷമാണ് ക്യാമറ വൈറ്റ് ബാലന്‍സ് ആ ഫയലിലെ ഡേറ്റയിലേക്ക് നല്‍കുന്നത്. അതിനാന്‍ വൈറ്റ് ബാലന്‍സ് സെറ്റിംഗുകള്‍ ഫോട്ടോ എടുക്കുന്നതിനു മുന്‍പാണ് നല്‍കേണ്ടത്.

3. പ്രീസെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ലഭിക്കുന്ന ചിത്രം കൂടുതല്‍ നീലനിറത്തിലോ, ചുവപ്പു നിറത്തിലോ കാണപ്പെടുന്നുവെങ്കില്‍ അതിനു തൊട്ടുമുമ്പോ പിമ്പോ ഉള്ള പ്രീസെറ്റ് മോഡ് പരീക്ഷിച്ചു നോക്കുക.

4. ഫ്ലാഷ് ഫോട്ടോഗ്രാഫുകള്‍ കൂടുതല്‍ ചുവന്നു കാണപ്പെടുന്നുവെങ്കില്‍ Sunlight പ്രീസെറ്റ് മോഡ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

5. പ്രകാശവും, പ്രകാശസ്രോതസും ഫോട്ടോയുടെ ഭാഗമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഓട്ടോ, പ്രീസെറ്റ് തുടങ്ങിയ സെറ്റിംഗുകള്‍ യഥാര്‍ത്ഥ നിറം നല്‍കുകയില്ല (ഉദാ, സൂര്യാസ്തമയം, ഒരു മെഴുകുതിരി)) അപ്പോള്‍ RAW mode ല്‍ ഫോട്ടോയെടുക്കാം. .അല്ല്ലെങ്കില്‍ അനുയോജ്യമായ മറ്റു പ്രീസെറ്റുകള്‍ പരീക്ഷിക്കാം. ഉദയാസ്തമയ വേളകളിലെ സീനറി ടൈപ്പ് ഫോട്ടോകള്‍ക്ക് warmth നല്‍കുവാനായി Cloudy, Shade തുടങ്ങിയ പ്രീസെറ്റ് മോഡുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

6. ഇത്രയുമൊക്കെ പറഞ്ഞെങ്കിലും ആത്യന്തികമായി ഒരു ഫോട്ടോയുടെ നിറവും മൂഡും നിശ്ചയിക്കേണ്ടത് ഫോട്ടോഗ്രാഫറാണ്. അതിന് ഏറ്റവും അനുയോജ്യമായ വൈറ്റ്ബാലന്‍സ് സെറ്റിംഗുകള്‍ ഉപയോഗിക്കുക.


ഇതേ വിഷയത്തില്‍ സപ്തവര്‍ണ്ണങ്ങള്‍ എഴുതിയ ഒരു പോസ്റ്റ് ഇവിടെ




ഫിലിം ഫോട്ടോഗ്രാഫിയില്‍ വൈറ്റ് ബാലസിന് തുല്യമായ കളര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അനുയോജ്യമായ ഫില്‍റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതുപോലെ Daylight flim, Tungsten film എന്നിങ്ങനെ രണ്ടുവിധത്തിലെ ഫിലിമുകളും ഉണ്ടായിരുന്നു. ടംഗ്‌സ്റ്റണ്‍ ലൈറ്റിന്റെ ഓറഞ്ച് / ചുവപ്പ് കളര്‍ കാസ്റ്റ് മാറ്റുവാനായി ഡേ ലൈറ്റ് ഫിലിമിനോടൊപ്പം 80A blue filter ആയിരുന്നു ഉപയോഗിച്ചിരുന്നത്. 85B filer ടംഗ്‌സ്റ്റണ്‍ ഫിലിമിനോടൊപ്പം, പകല്‍ വെളിച്ചത്തിന്റെ bluish cast കുറയ്ക്കുവാനായും ഉപയോഗിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വിക്കിപീഡിയ പേജ് കാണുക.




=======================
വാല്‍ക്കഷ്ണം:

യഥാര്‍ത്ഥ നിറങ്ങള്‍ ലഭിക്കുവാനായി വീഡിയോ ക്യാമറകളിലും വൈറ്റ് ബാലന്‍സ് സെറ്റു ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇനിയും ടിവി / അല്ലെങ്കില്‍ മറ്റു വീഡിയോകള്‍ കാണുമ്പോള്‍ അവയുടെ വൈറ്റ് ബാലന്‍സുകള്‍ നിരീക്ഷിക്കൂ. Skin tones, backgrounds തുടങ്ങിയവ യഥാര്‍ത്ഥ നിറങ്ങളുമായി എത്രമാത്രം അനുയോജ്യമായി സെറ്റു ചെയ്തിട്ടുണ്ട് എന്നു ശ്രദ്ധിക്കുക. ന്യൂസിനിടെ കാണിക്കുന്ന ക്ലിപ്പുകള്‍, സീരിയലുകള്‍, സിനിമകള്‍ തുടങ്ങിയവ നോക്കൂ.എന്തൊക്കെ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്?

======================


ഈ അദ്ധ്യായം തയ്യാറാക്കുന്നതിനായി റെഫര്‍ ചെയ്ത വെബ് പേജുകള്‍:


1. Introduction to white balance
2. White balance - Tuotorial
3. Understanding white balance
4. What is white balance?
5. Colour temperature - Wikipedia


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Tuesday, May 6, 2008

പാഠം 12: ഓട്ടോഫോക്കസ്

അറിയിപ്പ്: ഇതിനു മുമ്പ് പോസ്റ്റ് ചെയ്ത ഓപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം എന്ന പോസ്റ്റ്, മനസ്സിലാക്കാന്‍ വളരെ പ്രയാസമായിരുന്നു എന്ന് പലരും പറഞ്ഞതിനാല്‍ അത് പൂര്‍ണ്ണമായും മാറ്റി എഴുതി വളരെ ലളിതമാക്കി, പുതിയ ചിത്രങ്ങള്‍ ഉള്‍പ്പടെ വീണ്ടും പബ്ലിഷ് ചെയ്തിട്ടുണ്ട്. സമയവും താല്പര്യവുള്ളവര്‍ ഒന്നുകൂടി അത് വായിച്ചു നോക്കുക.



ഒരു ഫോട്ടോയെ ഏറ്റവും മനോഹരമാക്കുന്ന അവശ്യഘടകങ്ങളിലൊന്ന്‌, നാം ഏതു വസ്തുവിന്റെ ഫോട്ടോയാണോ എടുത്തത്‌ അത്‌ കൃത്യമായ ഫോക്കസില്‍ ആയിരിക്കുക എന്നതാണെന്നതില്‍ സംശയമില്ലല്ലോ. അതുപോലെ എന്തൊക്കെ വസ്തുക്കള്‍ ഒരു ഫ്രെയിമില്‍ ഫോക്കസില്‍ അല്ല എന്നതും ഫോട്ടോയുടെ ഭംഗി നിശ്ചയിക്കുന്ന ഒരു ഘടകമത്രെ. ഒരു വസ്തുവിന്റെ പ്രതിബിംബം ഏറ്റവും കൃത്യതയോടെ, അതിന്റെ എല്ലാ വിശദാംശങ്ങളോടെയും രൂപപ്പെടുത്തുന്നത്‌ ക്യാമറയുടെ ലെന്‍സാണ്‌.

ഒരു കോണ്‍വെക്സ്‌ ലെന്‍സ്‌, അതിന്റെ ഫോക്കല്‍ ലെങ്ങ്തിനേക്കാള്‍ അകലത്തിലായി അതിന്റെ മുമ്പില്‍ ഉള്ള ഏതൊരു വസ്തുവിന്റെയും പ്രതിബിംബം മറുവശത്തുള്ള ഒരു ഇമേജ്‌ പ്ലെയിനില്‍ രൂപപ്പെടുത്തുന്നു എന്ന് നാം പാഠം രണ്ടില്‍ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുകയുണ്ടായി. അപ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഒരു ചോദ്യമാണ്‌ "അങ്ങനെയാണെങ്കില്‍ ക്യാമറലെന്‍സ്‌ ഫോക്കസ്‌ ചെയ്യേണ്ട ആവശ്യമെന്താണ്, അതിന്റെ മുമ്പിലുള്ള എല്ലാ വസ്തുക്കളുടെയും പ്രതിബിംബം ലെന്‍സ്‌ ഉണ്ടാക്കുമല്ലോ, അത്‌ ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍ പതിപ്പിച്ചാല്‍ പോരേ“ എന്ന്. അവിടെയാണ്‌ ഒരു സിംപിള്‍ കോണ്‍വെക്സ്‌ ലെന്‍സും ക്യാമറകളില്‍ ഉപയോഗിക്കുന്നതരം ഫോട്ടോഗ്രാഫിക്‌ ലെന്‍സും തമ്മിലുള്ള വ്യത്യാസം.

ഫോട്ടോഗ്രാഫിക് ലെന്‍സ്:

ഒരു സാധാരണ ലെന്‍സിനെ അപേക്ഷിച്ച്‌ ഒരു ക്യാമറയുടെ ലെന്‍സിന്‌ പലപ്രത്യേകതകളും ഉണ്ട്‌. ഒരു ഫോട്ടോഗ്രാഫിക്‌ ലെന്‍സിനെ കോമ്പൗണ്ട്‌ ലെന്‍സ്‌ എന്നാണ്‌ വിളിക്കുക. പല ലെന്‍സ്‌ ഘടകങ്ങള്‍ ചേര്‍ന്നാണ്‌ അത്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌ എന്നതിനാലാണ്‌ ഈ പേരുവന്നത്‌ - ഏഴില്‍ക്കൂടുതല്‍ ഘടകങ്ങള്‍ സര്‍വ്വസാധാരണമാണ്‌. ഒരു സിംപിള്‍ ലെന്‍സ്‌ ഒരു പ്രതിബിംബം രൂപപ്പെടുത്തുമ്പോള്‍ ആ ഇമേജിന്‌ പലതരത്തിലുള്ള അപഭ്രശങ്ങള്‍ (distortions & aberrations) സംഭവിക്കുന്നുണ്ട്‌. ഈ രീതിയിലുള്ള അപഭ്രംശങ്ങള്‍ രൂപപ്പെടുന്ന ഇമേജിനെ വികലമാക്കും. അതിനാല്‍ ഒരു ഫോട്ടോഗ്രാഫിക്‌ കോമ്പൗണ്ട്‌ ലെന്‍സിന്റെ ഡിസൈനര്‍, ഈ രീതിയില്‍ വരാമാകുന്ന എല്ലാ അപഭ്രംശങ്ങളും ഏറ്റവും കുറവാക്കിമാറ്റാന്‍ തക്കവിധമുള്ള ഒരു ബാലന്‍സിലായിരിക്കും ലെന്‍സ്‌ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.

ലെന്‍സ്‌ ഘടകങ്ങളില്‍ ഏറ്റവും പിന്നിലറ്റത്തുള്ള ഭാഗവും ഏറ്റവും മുന്നിലുള്ള ലെന്‍സിന്റെ ഭാഗവും ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ചതാണ്‌. അതിനിടയിലുള്ള ഘടകങ്ങളാണ്‌ മുമ്പോട്ടും പുറകോട്ടും നീങ്ങുന്നത്‌. ഏറ്റവും പിന്നിലുള്ള ലെന്‍സ്‌ ഘടകത്തില്‍നിന്നും ക്യാമറയുടെ ഫിലിം അല്ലെങ്കില്‍ സെന്‍സര്‍ ഇരിക്കുന്ന തലം വരെയുള്ള ദൂരവും സ്ഥിരം തന്നെ - അതിനും മാറ്റമില്ല. ചുരുക്കത്തില്‍ ഒരു ക്യാമറ ലെന്‍സ്‌ നാം ഫോക്കസ്‌ ചെയ്യുമ്പോള്‍ ചെയ്യുന്നത്‌, ലെന്‍സിന്റെ മധ്യഭാഗത്തുള്ള ഘടകങ്ങള്‍ മുമ്പോട്ടോ പിമ്പോട്ടോ മാറ്റിക്കൊണ്ട്‌, സെന്‍സര്‍ ഇരിക്കുന്ന തലത്തിലേക്ക്‌ നാം ഏതുവസ്തുവിനെ ഫോക്കസ്‌ ചെയ്യുന്നുവോ അതിന്റെ വ്യക്തമായ ഒരു പ്രതിബിംബം പതിപ്പിക്കുക എന്നതാണ്‌. അതായത് ഒരു വസ്തുവിനെ ഫോക്കസില്‍ ആക്കുവാന്‍ ക്യാമറയുടെ ലെന്‍സില്‍ നിന്നും ആ വസ്തു എത്ര ദൂരത്തിലാണോ അതിനനുസരിച്ച്‌ അല്‍പ്പാല്‍പം തിരിക്കലുകള്‍ ലെന്‍സ്‌ ഘടകങ്ങളില്‍ ചെയ്യേണ്ടിവരും എന്നു സാരം.


ഫോക്കസ്:

ഒരു വസ്തു ക്യാമറയുടെ ഫോക്കസില്‍ ആണ്‌ എന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ത്ഥം? ഒരു സിംപിള്‍ ലെന്‍സിന്റെ ഫോക്കല്‍ പോയിന്റുമായോ, ഫോക്കല്‍ ദൂരവുമായോ ഈ വാക്കിന്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നും ഇല്ല. "in focus" എന്ന വാക്കിന്‌ ഇംഗ്ലീഷില്‍ മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്‌. കൂടുതല്‍ ശ്രദ്ധേയമായ രീതിയില്‍ എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. അതായത്‌, ഒരു ഫോട്ടോയുടെ ഫ്രെയിമില്‍കൂടി നാം നോക്കുമ്പോള്‍ ആ വീക്ഷണകോണില്‍ പലവസ്തുക്കള്‍ പല തലങ്ങളിലായി ഉണ്ടാവുമല്ലോ? അവയെ അപേക്ഷിച്ച്‌ ഫോക്കസിലായിരിക്കുന്ന വസ്തു കൂടുതല്‍ ശ്രദ്ധേയമായ നിലയിലാണ്‌ എന്നാണ്‌ ഒരു വസ്തു ലെന്‍സിന്റെ ഫോക്കസിലാണ്‌ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌. (ക്യാമറ ലെന്‍സിന്റെ ഫോക്കല്‍ ദൂരം എന്ന വാക്കുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ Angle of view അഥവാ വീക്ഷണ കോണ്‍ ആണെന്ന് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ)


താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. ചെടികള്‍ക്കിടയിലിരിക്കുന്ന മൂന്നു ബോളുകള്‍. അവയുടെ ചുറ്റും മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ഏകദേശ ഭാഗം മാത്രമാണ്‌ ക്യാമറയുടെ നിലവിലുള്ള വീക്ഷണകോണില്‍‍ ഏറ്റവും ശ്രദ്ധേയമായി കാണപ്പെടുന്നത്‌. അതായത്‌ ആ ബോളുകള്‍ ഫോക്കസില്‍ ആണ്‌ എന്നര്‍ത്ഥം. ഫോക്കസില്‍ ആയിരിക്കുന്ന വസ്തുക്കളുടെ ഏറ്റവും ഷാര്‍പ്പായ ഒരു ഇമേജായിരിക്കും ഇമേജ് പ്ലെയിനില്‍ (അതായത് സെന്‍സറില്‍) പതിക്കുന്നത്. ഫോക്കസിലല്ലാത്ത ഭാഗങ്ങളുടെ ഇമേജ് അത്രയും ഷാര്‍പ്പാവില്ല.















ഇതേ ഫ്രെയിമില്‍, ബോളുകള്‍ക്ക്‌ മുമ്പിലും പുറകിലും വശങ്ങളിലുമായുള്ള വസ്തുക്കളൊന്നും ഫോക്കസില്‍ അല്ല. അതിനാല്‍ അവ വ്യക്തമായി കാണപ്പെടുന്നില്ല. ഇപ്രകാരം ഫോക്കസില്‍ ആയിരിക്കുന്ന ഭാഗത്തെ ഫോക്കല്‍ പ്ലെയിന്‍ (focal plane) എന്നു വിളിക്കുന്നു. മറ്റൊരു കാര്യം ആ ചിത്രത്തില്‍ ശ്രദ്ധിക്കൂ. ഫോക്കല്‍ പ്ലെയിന്‍ എന്ന തലം ലംബമാണ്‌. താഴെനിന്ന് മുകളിലേക്ക്‌ ഒരു വലിയ ഷീറ്റ്‌ പേപ്പര്‍ നിവര്‍ത്തിപ്പിടിച്ചതുപോലെ. ഈ പ്ലെയിനിനു മുമ്പിലും പുറകിലും ആയ കുറച്ച്‌ ഏരിയ കൂടി ഫോക്കസില്‍ ആണ്‌. ചിത്രത്തില്‍ ഒരു വളയം കൊണ്ട്‌ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ഏരിയ. ഈ ഏരിയയെ Depth of field എന്നു വിളിക്കുന്നു.


ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡിന്റെ വിസ്‌തൃതി, ക്യാമറയുടെ ലെന്‍സ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗം ക്യാമറയില്‍ നിന്ന് എത്ര ദൂരത്തിലാണ്‌, അതുപോലെ ക്യാമറയുടെ ലെന്‍സിന്റെ അപ്പര്‍ചര്‍ എത്ര വലുതാണ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ അനുസൃതമായി വലുതായും കുറഞ്ഞും വരും. നമുക്കുവേണ്ടതായ ഫോട്ടൊയുടെ ഭാഗത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുവാനും ബാക്കിയുള്ളവയെ അപ്രധാനമായി നിര്‍ത്തുവാനും ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡ്‌ സെറ്റിംഗുകള്‍ സഹായിക്കുന്നു. ഫോട്ടോകള്‍ക്ക്‌ പ്രത്യേക മാനങ്ങള്‍ നല്‍കുന്നതിന്‌ ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡിന്‌ വലിയ പ്രാധാന്യമുണ്ട്‌. ഇതേപ്പറ്റി അല്‍പ്പം കൂടി വിശദമായി ഷട്ടര്‍ പ്രയോറിറ്റി മോഡ്‌ എന്ന അധ്യായത്തില്‍ വിശദീകരിക്കാം.


ഇത്രയും പറഞ്ഞതില്‍ നിന്ന് ഫോക്കസിംഗിനുള്ള പ്രാധാന്യം വ്യക്തമായല്ലോ. ക്യാമറകള്‍ കണ്ടുപിടിക്കപ്പെട്ട കാലം മുതല്‍ പലവിധത്തിലുള്ള ഫോക്കസിംഗ്‌ രീതികള്‍ നിലവിലുണ്ട്‌. ഇന്നും പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ഫോക്കസിംഗ്‌ ടെക്നോളജി അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. യാന്ത്രിക സഹായം ഇല്ലാതെ മാനുവലായി ലെന്‍സ്‌ ഫോക്കസ്‌ ചെയ്യുന്ന രീതിയാണ്‌ ഏറ്റവും അഭികാമ്യം. പക്ഷേ ഈ രീതിക്ക്‌ ചില പോരായ്മകളും ഉണ്ട്‌. ഫോട്ടോഗ്രാഫറുടെ എക്സ്‌പീരിയന്‍സും കൃത്യമായ ഫോക്കസിലാണ്‌ വസ്തു ഉള്ളത്‌ എന്നു മനസ്സിലാക്കാനുള്ള കഴിവും ഇതിന്‌ അത്യന്താപേക്ഷിതമാണ്‌. ഇപ്രകാരം ഫോക്കസ്‌ ചെയ്യുന്നതിന്‌ ഓട്ടോഫോക്കസിനെ അപേക്ഷിച്ച്‌ കൂടുതല്‍ സമയം വേണം എന്നതാണ്‌ മറ്റൊരു പോരായ്മ. ഒരു സ്ഥലത്ത്‌ നിശ്ചലമായിരിക്കുന്ന വസ്തുക്കള്‍ക്ക്‌ ഈ രീതി അഭികാമ്യമെങ്കിലും അപ്രതീക്ഷിതമായ ഉണ്ടാകുന്ന ഒരു രംഗം പകര്‍ത്തുവാനോ, അതിവേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ ഫോട്ടോയിലാക്കുവാനോ മാനുവല്‍ ഫോക്കസിംഗില്‍ ബുദ്ധിമുട്ടുകളുണ്ട്‌ - അസാധ്യമല്ലെങ്കിലും.


ഇന്ന് മാര്‍ക്കറ്റില്‍ നിലവിലുള്ള എല്ലാ ക്യാമറകളിലും ഓട്ടോഫോക്കസ്‌ എന്ന മെക്കാനിസം ഉണ്ട്‌ - പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളിലും SLR ക്യാമറകളിലും ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്‌ കണ്ടുപിടിക്കപ്പെട്ടിട്ട്‌ ഇരുപതു വര്‍ഷത്തോളമേ ആകുന്നുള്ളൂ. ഇന്നത്തെ ക്യാമറകളില്‍ ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി അമര്‍ത്തിക്കഴിയുമ്പോഴേക്ക്‌ നാം ഉദ്ദേശിക്കുന്ന വസ്തു ഫോക്കസില്‍ ആയിക്കഴിഞ്ഞു! അതും ഒരു സെക്കന്റിന്റെ ഒരംശത്തില്‍! ഈ ടെക്നോളജിയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതികള്‍ വഴി, ഓട്ടോഫോക്കസ്‌ മിക്ക സന്ദര്‍ഭങ്ങളിലും പ്രത്യേകിച്ചും നല്ലവെളിച്ചത്തില്‍, മാനുവല്‍ ഫോക്കസിനോളം വിശ്വാസ്യയോഗ്യവും അതേസമയം അതിനേക്കാള്‍ വേഗതയേറിയതുമായിക്കഴിഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ വിശദാംശങ്ങളെപ്പറ്റി അല്‍പം ഒന്നു പറഞ്ഞിട്ട് മുമ്പോട്ട്‌ പോകാം.


മാനുവല്‍ ഫോക്കസിംഗ്‌:

SLR ക്യാമറകളില്‍ മാനുവലായി ഫോക്കസ് ചെയ്യുന്നതിന് പലസംവിധാനങ്ങള്‍ പലകാലഘട്ടങ്ങളില്‍ നിലവിലിരുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും, ജനപ്രിയവുമായിരുന്ന ടെക്നോളജിയായിരുന്നു സ്‌പ്ലിറ്റ് ഇമേജ് ഫോക്കസിംഗ് (Split image focusing). വ്യൂഫൈന്ററില്‍ കൂടി കാണുന്ന പ്രതിബിബം ഒരു സ്‌പ്ലിറ്റ്‌ ഇമേജ്‌ ഫോക്കസ്‌ സഹായി വഴി ആദ്യം കടത്തിവിടുന്നു. ലെന്‍സില്‍ കൂടി കടന്നുവരുന്ന പ്രതിബിംബത്തെ ഈ സംവിധാനം രണ്ടുഭാഗങ്ങളായി തിരിരിച്ച്‌ വ്യൂഫൈന്ററില്‍ മധ്യഭാഗത്തായി കാണിക്കുന്നു. വസ്തു ഫോക്കസില്‍ അല്ലെങ്കില്‍ ഈ പ്രതിബിംബത്തിന്റെ രണ്ടുപകുതികളും തമ്മില്‍ ചേരുന്ന രീതിയിലാവില്ല (not aligned) ഉണ്ടാവുക. ആദ്യചിത്രം നോക്കൂ.





















അടുത്തതായി, ഫോട്ടോഗ്രാഫര്‍ വ്യൂഫൈന്ററില്‍ നോക്കിക്കൊണ്ട് ഈ പ്രതിബിംബത്തിന്റെ രണ്ടു ഭാഗങ്ങളും ഒന്നുചേര്‍ന്ന രീതിയില്‍ വരുന്നതുവരെ വരെ ലെന്‍സിന്റെ ഫോക്കസ്‌ റിംഗ്‌ തിരിക്കുന്നു. ഏതുപോയിന്റില്‍ വച്ച്‌ ചിത്രം ഒന്നായി കാണുന്നുവോ, അതാണ്‌ കറക്റ്റ് ഫോക്കസ്‌. അടുത്ത ചിത്രത്തില്‍ ഫോക്കസില്‍ ആയ ഇമേജ്‌ കാണിച്ചിരിക്കുന്നു. (ഈ രണ്ടു ചിത്രങ്ങളും illustration നു വേണ്ടിമാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാര്‍ത്ഥമല്ല).




















ഇതായിരുന്നു സ്‌പ്ലിറ്റ്‌ ഇമേജ്‌ ഫോക്കസിംഗ്‌ എന്ന സംവിധാനം. എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളില്‍ വരെ പുറത്തിറങ്ങിയ എല്ലാ SLR ക്യാമറകളിലും ഈ രീതി ഉപയോഗിച്ചിരുന്നു. വളരെ കൃത്യമായി ഫോക്കസ്‌ നിര്‍ണ്ണയിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ലംബമായ ലൈനുകള്‍ ഫ്രെയിമില്‍ ഉണ്ടെങ്കില്‍ ഫോക്കസിംഗ് വളരെ എളുപ്പമായിരുന്നു.









മാനുവല്‍ ഫോക്കസിംഗിന് ഉപയോഗിച്ചിരുന്ന മറ്റൊരു രീതിയാണ് ഈ ചിത്രത്തില്‍- ചിത്രം വലുതാക്കിനോക്കിയാല്‍ മാത്രമേ വ്യക്തമായിക്കാണുകയുള്ളൂ. വ്യൂഫൈന്ററില്‍ കൂടിനോക്കുമ്പോള്‍, ഫ്രെയിമിന്റെ മധ്യഭാഗത്തായി ഒരു ഗ്രൌണ്ട്ഗ്ലാസ് റിംഗ് (പരുപരുപ്പോടെ കാണുന്ന ഭാഗം)കാണാം. അതില്‍കൂടി കടന്നുവരുന്ന ഇമേജ് smooth ആയിരിക്കില്ല. ഫോക്കസ് റിംഗ് തിരിച്ചുകൊണ്ട് ഈ വളയത്തിനുള്ളിലെ കാഴ്ച്ച സ്മൂത്താക്കിമാറ്റുന്നു, വലതുവശത്തെ ചിത്രത്തിലേതുപോലെ. അപ്പോള്‍ വസ്തു ഫോക്കസിലായി.


അതേ കാലഘട്ടത്തില്‍ ഇറങ്ങിയ ഓട്ടോ ഫോക്കസ്‌ ഫിലിം ക്യാമറകളില്‍ (പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌) ഒരു ഫിക്‍സ്ഡ്‌ ഫോക്കസ്‌ ലെന്‍സായിരുന്നു ഉണ്ടായിരുന്നത്‌. അതായത്‌ ക്യാമറയില്‍ നിന്നും ഏകദേശം അഞ്ച്‌ അടി അകലം മുതല്‍ അനന്തത വരെയുള്ള എല്ലാ വസ്തുക്കളും ഫോക്കസില്‍ കിട്ടുന്ന രീതിയിലായിരുന്നു അവയുടെ ലെന്‍സുകള്‍ നിര്‍മ്മിച്ചിരുന്നത്‌. ക്യാമറയ്ക്കുള്ളീലുള്ള ലെന്‍സ്‌ ഘടകങ്ങള്‍ നീക്കാവുന്ന സൌകര്യം അവയിലുണ്ടായിരുന്നില്ല. ഒരു പരിധിക്കടുത്തേക്ക്‌ ഒരു വസ്തു ക്യാമറയുടെ മുന്നില്‍ കൊണ്ടുവന്ന് ഫോക്കസില്‍ ആക്കുവാനും അവയില്‍ സംവിധാനം ഇല്ലായിരുന്നു.


ഓട്ടോഫോക്കസ്‌:

ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞ പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ഡിജിറ്റല്‍ ക്യാമറകളില്‍ ഫോക്കസിംഗ്‌ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ ആയിക്കഴിഞ്ഞു. ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍, ക്യാമറ മുമ്പിലുള്ള വസ്തുവിനെ ഫോക്കസ് ചെയ്യുന്ന രീതിയാണ് പല ക്യാമറകളിലും അവലംബിച്ചിരിക്കുന്നത്. മിക്കവയിലും മാനുവലായും ഫോക്കസിംഗ്‌ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്‌. ഡിജിറ്റല്‍ SLR ക്യാമറകളിലും മാനുവല്‍ ഫോക്കസ്‌ / ഓട്ടോഫോക്കസ്‌ എന്നീ ഓപ്ഷനുകള്‍ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാനുള്ള സൌകര്യം ഉണ്ട്‌. AF എന്നാണ്‌ ഓട്ടോഫോക്കസിനെ സൂചിപ്പിക്കുന്നതിനായി ഇന്നത്തെ ക്യാമറകളില്‍ ഉപയോഗിക്കുന്ന സംവിധാനം അറിയപ്പെടുന്നത്‌.


ഓട്ടോ ഫോക്കസിംഗ്‌ ടെക്നോളജിയെ രണ്ടു പ്രധാന വിഭാഗങ്ങളായി തിരിക്കാം. ആക്റ്റീവ്‌ ഓട്ടോ ഫോക്കസ്‌ (acitve autofocus) എന്നും പാസീവ്‌ ഓട്ടോ ഫോക്കസ്‌ (Passive auto focus) എന്നും.


ആക്ടീവ്‌ ഓട്ടോ ഫോക്കസ്‌:

ഈ രീതിയില്‍, ക്യാമറ ഒരു ഇന്‍ഫ്രാറെഡ്‌ ലൈറ്റ്‌ സിഗ്നല്‍ അല്ലെങ്കില്‍ അള്‍ട്രാസോണിക്‌ സൗണ്ട്‌ സിഗ്നല്‍ പുറപ്പെടുവിക്കുന്നു. അത്‌ മുമ്പിലുള്ള ഒരു വസ്തുവില്‍ തട്ടി തിരികെയെത്താന്‍ എടുക്കുന്ന സമയം ക്യാമറ കണക്കാക്കി, വസ്തുവിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുന്നു. അതിനനുസരിച്ച്‌ ലെന്‍സിന്റെ ഘടകങ്ങളെ തിരിച്ച്‌ ഫോക്കസ്‌ ക്രമീകരിക്കുന്നു. ഈ രീതിയില്‍, ക്യാമറയുടെ ഓപ്റ്റിക്കല്‍ സിസ്റ്റത്തില്‍ കൂടി കടന്നുവരുന്ന ഇമേജിനെ വിശകലനം ചെയ്തല്ല, പകരം ക്യാമറയില്‍ നിന്ന് പുറപ്പെട്ട്‌ തിരികെയെത്തുന്ന സിഗ്നലിനെയാണ്‌ വിശകലനം ചെയ്യുന്നത്‌. അതിനാലാണ്‌ ഈ രീതിയെ ആക്ടീവ്‌ ഓട്ടോ ഫോക്കസ്‌ എന്നു വിളിക്കുന്നത്‌. ഒട്ടും പ്രകാശമില്ലാത്ത അവസരങ്ങളിലും ഈ മെക്കാനിസം പ്രവര്‍ത്തിക്കും എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അതേ സമയം ഒരു കണ്ണാടിജനാല, അഴികള്‍ തുടങ്ങിയവയിലൂടെ ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്നത്‌ ഇതിന്റെ ദോഷവും ആയിരുന്നു. കാരണം വ്യൂഫൈന്ററിന്റെ മധ്യത്തിലായി, ഏറ്റവും മുമ്പിലുള്ള വസ്തുവിനെയായിരിക്കും ആക്ടീവ് ഫോക്കസിംഗ് സംവിധാനം ഫോക്കസ് ചെയ്യുന്നത്. പോളറോയിഡ് ക്യാമറകളില്‍ ഈ രീതി ഉപയോഗിച്ചിരുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു കണ്‍സ്യൂമര്‍ മോഡല്‍ ക്യാമറകളിലും ഈ രീതി ഉപയോഗിക്കുന്നില്ല.


പാസീവ്‌ ഓട്ടോ ഫോക്കസ്‌:

പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, ഈ രീതിയില്‍ ക്യാമറയില്‍ നിന്ന് സിഗ്നലുകള്‍ ഒന്നും പുറപ്പെടുന്നില്ല. പകരം, ക്യാമറയുടെ ഓപ്റ്റിക്കല്‍ സിസ്റ്റം രൂപപ്പെടുത്തുന്ന ഇമേജിനെ വിശകലനം ചെയ്താണ്‌ ഇവിടെ ഫോക്കസിംഗ്‌ സാധ്യമാക്കുന്നത്‌. പ്രത്യേകമായി ക്യാമറയ്ക്കുള്ളില്‍ സജ്ജമാക്കിയ ഒരു സംവിധാനം വഴി, നാം ഫോക്കസ്‌ ചെയ്യാനുദ്ദേശിക്കുന്ന വസ്തുവിന്റെ പ്രതിബിംബത്തെ ക്യാമറയുടെ പ്രോസസര്‍ വിശകലനം ചെയ്യുന്നു. അതിന്റെ വ്യക്തമായ ഒരു പ്രതിബിംബം കിട്ടുവാനായി ലെന്‍സിനുള്ളിലെ ഘടകങ്ങളെ എത്രത്തോളം, ഏതു ദിശയില്‍ തിരിക്കണം എന്ന നിര്‍ദ്ദേശം പ്രോസസര്‍, ലെന്‍സുകളെ തിരിക്കുന്ന മോട്ടോറിന്‌ നല്‍കുന്നു. അതിനനുസൃതമായി മോട്ടോര്‍ ലെന്‍സ്‌ ഘടകങ്ങളെ തിരിക്കുകയും വസ്തുവിന്റെ വ്യക്തമായ ഒരു പ്രതിബിംബം ലഭിക്കുകയും ചെയ്യുന്നു. ഇതാണ്‌ പാസീവ്‌ ഓട്ടോ ഫോക്കസിന്റെ പ്രവര്‍ത്തന തത്വം.


SLR ഓട്ടോഫോക്കസ് :

SLR ക്യാമറകളില്‍ Phase detection സിസ്റ്റം എന്ന സംവിധാനവും (ശ്രദ്ധിക്കുക face - മുഖം അല്ല, Phase ആണ്‌ - പ്രകാശതരംഗങ്ങളുടെ ഏറ്റക്കുറച്ചില്‍ ആണ്‌ ഇവിടെ പ്രതിപാദ്യവിഷയം), പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ Contrast measurement സിസ്റ്റം എന്ന സംവിധാനവുമാണ്‌ ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നത്‌. ഇവയില്‍ ആദ്യം പറഞ്ഞ Phase detection system കൂടുതല്‍ കൃത്യവും, സാങ്കേതിക തികവുള്ളതും, രണ്ടാമതു പറഞ്ഞ രീതിയേക്കാള്‍ വേഗതയേറിയതുമാണ്‌. അതിന്റെ പ്രവര്‍ത്തനതത്വം അല്‍പ്പം സങ്കീര്‍ണ്ണമായതിനാലും, ഓപ്റ്റിക്സിന്റെ വിവിധ വശങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ മാത്രമേ അതു മനസിലാവുകയുള്ളൂ എന്നതിനാലും ഇവിടെ അതിന്റെ പ്രവര്‍ത്തന തത്വം വിശദീകരിക്കുന്നില്ല. കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ഈ ലിങ്ക്‌ നോക്കുക.


ലളിതമായി പറഞ്ഞാല്‍, മാനുവല്‍ ഫോക്കസില്‍ പറഞ്ഞതുപോലെ ലെന്‍സ്‌ രൂപപ്പെടുത്തുന്ന പ്രതിബിംബത്തെ രണ്ടായി തിരിച്ചതിനു ശേഷം, ഓട്ടോഫോക്കസ്‌ മെക്കാനിസത്തിനു വേണ്ടി ക്യാമറയില്‍ ഉറപ്പിച്ചിരിക്കുന്ന രണ്ടു വേവ്വേറെ സെന്‍സറുകളിലേക്ക്‌ അവയെ അയയ്ക്കുന്നു. ഈ സെന്‍സറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രൊസസര്‍ ഈ ഇമേജുകളെ ഗണിതശാസ്ത്രപരമായി വിശകലനം ചെയ്യുകയും (ഇമേജുകള്‍ ഡിജിറ്റല്‍ ഡേറ്റയാണല്ലോ, അതിനാ‍ല്‍ ഗണിതം മതി!), അവരണ്ടും ഒരേ പോലെ ആയിത്തീരുവാന്‍ ക്യാമറ ലെന്‍സ്‌ എത്രത്തോളം ഫോക്കസ്‌ ചെയ്യേണ്ടതുണ്ട്‌ എന്ന് കണ്ടുപിടിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങള്‍ ലെന്‍സുമായി ഘടിപ്പിച്ചിട്ടുള്ള മോട്ടോറിലേക്ക്‌ അയയ്ക്കുന്നു. മോട്ടോര്‍ അതിനനുസരണമായി ലെന്‍സിനെ ഫോക്കസ്‌ ചെയ്യുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളൊക്കെയും ഒരു സെക്കന്റിന്റെ ഒരംശത്തില്‍ കഴിയും എന്നതാണ്‌ ഈ രീതിയുടെ മെച്ചം. ഫലമോ, ഓട്ടോഫോക്കസിംഗ്‌ വളരെ എളുപ്പമുള്ളതും മാനുവല്‍ ഫോക്കസിനോളമോ അതിനേക്കാളേറെയോ വിശ്വസനീയവുമായി മാറിയിരിക്കുന്നു!

(ഇന്നത്തെ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ ക്യാമറകളുടെ വ്യൂ ഫൈന്ററില്‍ സ്‌പ്ലിറ്റ് ഇമേജ് ഫോക്കസ് എയീഡ് ഇല്ല. അതിനുപകരം ക്ലിയര്‍വ്യൂ മാത്രം. ഫോക്കസ്‌ പോയിന്റുകള്‍ വ്യൂ ഫൈന്ററിനുള്ളില്‍ മാര്‍ക്ക്‌ ചെയ്തിരിക്കും. ഏതു പോയിന്റാണോ ഫോക്കസില്‍ ഉള്ളത്‌, അത്‌ ചുവപ്പു നിറത്തില്‍ പ്രകാശിക്കുന്നതായി കാണാം. മാനുവലായി ഫോക്കസ്‌ ചെയ്യുമ്പോള്‍ വ്യൂഫൈന്ററിലെ കാഴ്ച വ്യക്തമാവുന്നതുവരെ ഫോക്കസ്‌ റിംഗ്‌ തിരിക്കുന്നു. ഇമേജ്‌ ഫോക്കസില്‍ എത്തിയാല്‍ വ്യൂഫൈന്ററില്‍ ഉള്ള ഫോക്കസ്‌ റെഡി ഇന്റിക്കെറ്റര്‍ ഓണാകും. അതോടെ ഫോക്കസ്‌ കറക്ടാണ്‌ എന്ന സന്ദേശം ഫോട്ടോഗ്രാഫര്‍ക്ക്‌ കിട്ടുന്നു).


















ഒരു ഡിജിറ്റല്‍ SLR ക്യാമറയുടെ ഓട്ടോ/മാനുവല്‍ ഫോക്കസ് സെലക്ഷന്‍ ബട്ടണുകള്‍. ക്യാമറയുടെ ലെന്‍സിലും ബോഡിയിലും ഉള്ള ബട്ടണുകള്‍ ശ്രദ്ധിക്കുക. ഓട്ടോ മോഡില്‍ ആയിരിക്കുമ്പോള്‍ ഫോക്കസ് ചെയ്യുന്നതിനായി ലെന്‍സിന്റെ ഫോക്കസ് റിംഗ് തിരിക്കേണ്ട ആവശ്യം ഇല്ല. ഷട്ടര്‍ റിലീഷ് ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍, ലെന്‍സിനുള്ളിലെ മോട്ടോര്‍ ഉപയോഗിച്ചുകൊണ്ട് ക്യാമറ ഫോക്കസിംഗ് തനിയെ ചെയ്തുകൊള്ളും, വളരെ കൃത്യതയോടെ, വേഗത്തില്‍.





കോണ്‍ട്രാസ്റ്റ്‌ മെഷര്‍മന്റ്‌:

കോണ്‍ട്രാസ്റ്റ്‌ മെഷര്‍മന്റ്‌ എന്ന രണ്ടാമത്തെ രീതി മനസ്സിലാക്കുവാന്‍ എളുപ്പമാണ്‌. കോണ്ട്രാസ്റ്റ് എന്നാല്‍ എന്താണെന്ന് അറിയാമല്ലോ? രണ്ടു വ്യത്യസ്ത നിറങ്ങള്‍ തമ്മില്‍ തിരിച്ചറിയുവാന്‍ ഉള്ള എളുപ്പം (പ്രയാസക്കുറവ്) ആണ് കോണ്ട്രാസ്റ്റ്. ഫോക്കസില്‍ ആയിരിക്കുന്ന ഒരു വസ്തുവിന് ഫോക്കസില്‍ അല്ലാത്ത ഒരു വസ്തുവിനെ അപേക്ഷിച്ച് Contrast കൂടുതലുണ്ടാവും എന്നതാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന തത്വം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ആദ്യ ചിത്രത്തില്‍ കാണുന്ന കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഒരു പ്രതലമാണ്‌ ക്യാമറയ്ക്ക്‌ ഫോക്കസ് ചെയ്യേണ്ടതെന്നിരിക്കട്ടെ.













ക്യാമറ ആദ്യം കാണുമ്പോള്‍ ഈ പ്രതലം ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആണെന്നിരിക്കട്ടെ, രണ്ടാമത്തെ ചിത്രം പോലെ.













ഫോക്കസ്‌ ചെയ്യാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി പ്രസ്‌ ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് അടുത്ത ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ക്യാമറ ലെന്‍സിനെ മുമ്പോട്ടും പുറകോട്ടും ഒരു പ്രാവശ്യം ഓടിക്കുന്നു. അപ്പോള്‍ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ > ഫോക്കസ്‌ > വീണ്ടും ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ എന്നീ ക്രമത്തില്‍ ചിത്രം ക്യാമറയുടെ സെന്‍സറില്‍ വീഴുന്നു. (ചിത്രം വലുതാക്കി കണ്ടാല്‍ മാത്രമേ വ്യക്തമായി ഇതു മനസ്സിലാവൂ)








അടുത്തടുത്തിരിക്കുന്ന പിക്സലുകളിലാണ്‌ ഇങ്ങനെ ചിത്രത്തിന്റെ ഭാഗങ്ങള്‍ വീഴുന്നത്‌ എന്നറിയാമല്ലോ. താഴെക്കൊടുത്തിരിക്കുന്ന പിക്സല്‍ ചിത്രങ്ങള്‍ നോക്കൂ. ചിത്രം ഔട്ട്‌ ഓഫ്‌ ഫോക്കസില്‍ ആയിരിക്കുമ്പോള്‍ പിക്സലുകളില്‍ വീഴുന്ന കളര്‍ ഷേഡുകള്‍ നോക്കൂ (ആദ്യ ചിത്രം). അതുപോലെ ഫോക്കസില്‍ ആയിരിക്കുമ്പോഴും (രണ്ടാമത്തെ ചിത്രം).

















ഫോക്കസില്‍ ആയിരിക്കുമ്പോള്‍ ചിത്രത്തിന്റെ കോണ്ട്രാസ്റ്റ്‌ ഏറ്റവും കൂടുതലായിരിക്കുകയും, തന്മൂലം തൊട്ടടുത്ത പിക്സലുകളിലെ കളര്‍ ഷേഡ്‌ മാറ്റം വളരെ വ്യക്തമായിരിക്കുകയും ചെയ്യും. ഇങ്ങനെ പിക്സലുകളില്‍ വീഴുന്ന കോണ്ട്രാസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ അനുസരിച്ച്‌ ക്യാമറ ഫോക്കസ്‌ നിര്‍ണ്ണയിക്കുന്നു. ഇതാണ്‌ ഇന്ന് ലഭ്യമായ മിക്കവാറും പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന ഓട്ടോ ഫോക്കസ്‌ മെക്കാനിസം.


ഫോക്കസിംഗിനായി ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സര്‍ ഭാഗം വളരെ ചെറുതാണ്‌. SLR ക്യാമറകളില്‍ ഓട്ടോഫോക്കസ്‌ സെന്‍സര്‍ തന്നെ വേറെയാണ്‌. എല്ലാത്തരം ക്യാമറകളിലും ഒരു ഫ്രെയിമിനുള്ളിലെ ഫോക്കസ്‌ പോയിന്റുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും. ഫ്രെയിമിന്റെ മദ്ധ്യഭാഗത്തായി ഒരു പ്രധാന ഫോക്കസ്‌ പോയിന്റും അതിനു ചുറ്റുമായി അഞ്ചില്‍ കൂടുതല്‍ എണ്ണം അനുബന്ധ ഫോക്കസ്‌ പോയിന്റുകളും ഉണ്ടാവും. ഡിജിറ്റല്‍ SLR ക്യാമറകളില്‍ ഫോട്ടോഗ്രാഫറുടെ ഇഷ്ടാനുസരണം ഈ ഫോക്കസ്‌ പോയിന്റുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. ക്യാമറകളുടെ വിലയും മെച്ചവും കൂടുംതോറും ഫോക്കസ് പോയിന്റുകളുടെ എണ്ണവും ഓട്ടോ ഫോക്കസ് കൃത്യതയു വേഗതയും കൂടുന്നതായും കാണുന്നുണ്ട്.

ഓട്ടോ ഫോക്കസിന്റെ ദോഷങ്ങള്‍:

ഈ പറഞ്ഞ രണ്ടു ഫോക്കസ് രീതികള്‍ക്കും ചില ദോഷങ്ങള്‍ ഉണ്ട്. പ്രകാശം വളരെ കുറഞ്ഞ സാഹചര്യങ്ങളില്‍ ഈ സംവിധാനം ശരിയായി പ്രവര്‍ത്തിക്കില്ല. അതിനാല്‍ മിക്കവാറും ക്യാമറകളില്‍ ഫോക്കസ് അസിസ്റ്റ് ലാമ്പുകള്‍ ഉണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ഫോക്കസ് ചെയ്യുമ്പോള്‍ ഒരു ഓറഞ്ച് കളറിലുള്ള ലൈറ്റ് ക്യാമറയില്‍ നിന്നു പുറപ്പെടുന്നതു കണ്ടിട്ടില്ലേ? ഇതുപോലെ SLR ക്യാമറകളിലും, അവയുടെ ഫ്ലാഷ് യൂണിറ്റുകളിലും ഓട്ടോഫോക്കസ് അസിസ്റ്റ് ലാമ്പുകള്‍ ഉണ്ട്. ഫോക്കസിംഗ് ഓട്ടോയില്‍ നടക്കാത്ത സാഹചര്യങ്ങളില്‍ മാ‍നുവലായി ഫോക്കസ് ചെയ്യാം.

മറ്റൊരു ബുദ്ധിമുട്ട്, ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്ന രംഗത്തില്‍ കോണ്ട്രാസ്റ്റിംഗ് ആയ വസ്തുക്കള്‍ ഒന്നും ഇല്ലെങ്കില്‍ ക്യാമറയുടെ ഓട്ടോ ഫോക്കസ് മെക്കാനിസം പ്രവര്‍ത്തിക്കില്ല എന്നതാണ്. ഉദാഹരണം തെളിഞ്ഞ നീലാകാശം, മാര്‍ക്കുകളൊന്നു ഇല്ലാത്ത വലിയ ഒരു ഭിത്തി തുടങ്ങിയ സാഹചര്യങ്ങളില്‍ ഓട്ടോ ഫോക്കസ് പ്രവര്‍ത്തിക്കില്ല.



സിംഗിള്‍ ഓട്ടോ ഫോക്കസ്‌ & ഫോക്കസ്‌ ലോക്ക്‌ :

single autofocus, continuous autofocus എന്നീ രണ്ടു തരത്തില്‍ AF ഇന്നത്തെ ക്യാമറകളില്‍ ലഭ്യമാണ്‌. താരതമ്യേന നിശ്ചലമായി നില്‍ക്കുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കാന്‍ സിംഗിള്‍ ഓട്ടോ ഫോക്കസ് എന്ന ആദ്യത്തെ രീതി ഉപയോഗിക്കാം. വസ്തുവിനെ ഫോക്കസില്‍ ആക്കാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി അമര്‍ത്തുമ്പോഴേക്കും ഫോക്കസ്‌ സെറ്റ്‌ ചെയ്യപ്പെടുകയും, ഷട്ടര്‍ റിലീസിനിന്ന് കൈയ്യെടുക്കാതിരിക്കുന്നിടത്തോളം ആ ഫോക്കസ്‌ ലോക്കായി നില്‍ക്കുകയും ചെയ്യും. (ശ്രദ്ധിക്കുക, ഫോക്കസ് ലോക്ക് ആവുക എന്നുവച്ചാല്‍ കാണുന്ന രംഗം ലോക്കാവുക എന്നല്ല, നമ്മള്‍ ഫോക്കസിലാക്കിയ വസ്തു ക്ലിയറയായി വരത്തക്കവണ്ണം ലെന്‍സ് സെറ്റ് ചെയ്തു, ആ സെറ്റിംഗ് ഇനി മാറുകയില്ല എന്നേ അര്‍ത്ഥമുള്ളൂ). ഫോക്കസ്‌ ചെയ്ത ശേഷം ഫ്രെയിം റീക്കമ്പോസ്‌ (recompose) ചെയ്യുവാന്‍ ഇത്‌ ഉപകാരപ്രദമാണ്‌. ഇങ്ങനെചെയ്യുമ്പോള്‍ ആദ്യം ഫോക്കസിലാക്കിയ വസ്തു ഫ്രെയിമിന്റെ നടുക്ക് അല്ല എങ്കില്‍ക്കൂടി, അത് ഫോക്കസില്‍ നില്‍ക്കും.


ഇതിന്റെ ഒരു ഉപയോഗം പറയാം. ചില സാഹചര്യങ്ങളില്‍, പ്രധാന വസ്തു ഫോട്ടോയുടെ ഒത്തനടുക്കായി വരുന്നത്‌ ഫോട്ടോയുടെ ഭംഗി നശിപ്പിക്കും എന്നറിയാമല്ലോ. (റൂള്‍ ഓഫ്‌ തേഡ്സ്‌ എന്ന കമ്പോസിംഗ്‌ രീതീയെപ്പറ്റി പറയുമ്പോള്‍ നമുക്കിത്‌ ചര്‍ച്ച ചെയ്യാം). താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.
















സാധാരണഗതിയില്‍ ഫോക്കസ്‌ ചെയ്യുമ്പോള്‍ ഫ്രെയിമിന്റെ നടുവിലുള്ള പശുവിനെയാണ്‌ നാം ഫോക്കസ്‌ ചെയ്യുക. ആ ഫ്രെയിം അങ്ങനെ തന്നെ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന ഫോട്ടോ കാണാന്‍ അറുബോറന്‍ ആയിരിക്കും. എന്നാല്‍ ഫോക്കസ്‌ ലോക്ക്‌ ചെയ്തശേഷം റീക്കമ്പോസ്‌ ചെയ്ത്‌ എടുത്ത ചിത്രമാണ്‌ രണ്ടാമത്തേത്‌. പശുവിനെ ഒരു “തേഡ്സ്” പൊസിഷനിലേക്ക് മാറ്റി. അതിന്റെ മുമ്പിലേക്കും മുകളിലേക്കും കൂടുതല്‍ സ്ഥലം നല്‍കി. തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണല്ലോ?















ഈരീതിയില്‍ ഫോക്കസ് ചെയ്തതിനുശേഷം റീകമ്പോസ് ചെയ്യുന്നതിന് ഫോക്കസ് ലോക്ക് വളരെ ഉപകാരപ്രദമാണ്. ഇതേ പോലുള്ള മറ്റൊരു സാഹചര്യമാണ് രണ്ടുപേരുടെ ഫോട്ടോ എടുക്കുക എന്നത്. ഒരാളെ ഫോക്കസ് ചെയ്തതിനു ശേഷം ഫോക്കസ് ലോക്ക് ചെയ്ത് റീക്കമ്പോസ് ചെയ്യാം. അല്ലെങ്കില്‍ ഫോട്ടോയുടെ നടുവിലുള്ള സ്ഥലമായിരിക്കും ക്യാമറയുടെ ഓട്ടോ ഫോക്കസ് സംവിധാനം ഫോക്കസില്‍ ആക്കുക!


തുടര്‍ച്ചയായ ഫോക്കസിംഗ് (Continuous auto-focus):

SLR ക്യാമറകളിലും High-end point & shoot ക്യാമറകളിലും മാത്രമേ ഈ സൌകര്യം ഉള്ളൂ. ചലിക്കുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കാനാണ്‌ ഈ രീതി അനുയോജ്യം. ഇവിടെ ഫോക്കസ്‌ ലോക്കാവുന്നില്ല. ക്യാമറയുടെ ഫോക്കസ്‌ മെക്കാനിസം ചലിക്കുന്ന വസ്തുവിനെ പിന്തുടരുകയും ഫോക്കസ്‌ തുടര്‍ച്ചയായി ക്രമപ്പെടുത്തുകയും ചെയ്യുന്നു. ക്ലിക്ക്‌ ചെയ്യുന്ന അവസരത്തില്‍ ചലിക്കുന്ന വസ്തുവിന്റെ ഫോക്കസിലായ ഇമേജ്‌ ലഭിക്കുവാന്‍ ഈ രീതി വളരെ അനുയോജ്യമാണ്‌. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളാണ്‌ മുഖം ഫോക്കസ്‌ ചെയ്യാനുള്ള സംവിധാനം (face detection), ചിരിക്കുമ്പോള്‍ ക്യാമറ ഓട്ടോമാറ്റിക്കായി ഫോട്ടോയെടുക്കുന്ന സംവിധാനം തുടങ്ങിയവ.



ഈ പോസ്റ്റിനായി റഫര്‍ ചെയ്തിരിക്കുന്ന പേജുകള്‍:

1. ഓട്ടോ ഫോക്കസ് - വിക്കിപീഡിയ
2. How auto-focus works
3. Autofocus in SLR cameras
4. Principle of split image focusing


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP