ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, December 13, 2007

പാഠം 3 - ഫിലിം ഫോര്‍മാറ്റുകളും വിവിധ ക്യാമറകളും

വലിയ വാള്‍പേപ്പറുകള്‍, മാഗസിനുകള്‍, വന്‍പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയില്‍ വരുന്ന നല്ല മിഴിവാര്‍ന്ന സീനറികളും ചിത്രങ്ങളും കണ്ട്‌ പലപ്പോഴും അതില്‍ കണ്ണുടക്കി നാം നിന്നുപോവാറില്ലേ? ചില ലാന്റ്‌സ്കേപ്പുകളുടെ (പ്രകൃതിദൃശ്യങ്ങള്‍) ഫോട്ടോകളില്‍ കാണുന്ന ആഴവും പരപ്പും (depth & area) നമ്മുടെകൈയ്യിലുള്ള 35mm ക്യാമറകളില്‍നിന്നും ഒരിക്കലും ലഭിക്കാറുമില്ല.

എന്തുകൊണ്ടാണിത്‌ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതം, അത്തരം ഫോട്ടോകളൊന്നും 35mm ഫിലിം ഫോര്‍മാറ്റില്‍ എടുത്തതാവില്ല എന്നതുതന്നെ. എന്താണീ ഫിലിം ഫോര്‍മാറ്റ്‌?

ക്യാമറകളില്‍ ഉപയോഗിക്കുന്ന ഫിലിമുകളുടെ വലിപ്പത്തെയാണ്‌ ഫിലിം ഫോര്‍മാറ്റ്‌ എന്നു വിളിക്കുന്നത്‌. ഒരു ഫോട്ടോയുടെ ക്വാളിറ്റി അല്ലെങ്കില്‍ റെസലൂഷന്‍ (image details) പ്രധാനമായും രണ്ടുകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

(1) ലെന്‍സിന്റെ വലിപ്പം, അതുണ്ടാക്കിയിരിക്കുന്ന ഗ്ലാസിന്റെ ഗുണങ്ങള്‍
(2) ഇമേജ്‌ പതിപ്പിക്കുന്ന ഫിലിമിന്റെ അല്ലെങ്കില്‍ സെന്‍സറിന്റെ വിസ്തീര്‍ണ്ണം (size).

സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വിവിധയിനം ഫിലിം ഫോര്‍മാറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന്‌ ആദ്യം പറഞ്ഞരീതിയിലുള്ള ലാന്റ്‌സ്കേപ്പ്‌ ഫോട്ടോഗ്രഫിക്ക്‌ ഇന്നും പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്നത്‌ കാലഹരണപ്പെട്ടുപോയി എന്ന് പലരും ധരിച്ചുവച്ചിരിക്കുന്ന ബെല്ലോസ്‌-റ്റൈപ്പ്‌ ക്യാമറകളാണ്‌! ഇതേ ചിത്രം 35mm ഡിജിറ്റല്‍ SLR ഓ ഫിലിം SLR ഓ ഉപയോഗിച്ചെടുത്താല്‍ ബെല്ലോസ്‌ ക്യാമറ നല്‍കുന്ന റിസല്‍ട്ട്‌ കിട്ടുകയില്ലതന്നെ! നാം കാണുന്ന എല്ലാ ഫോട്ടോഗ്രാഫുകളും 35mm ക്യാമറകളില്‍ എടുത്തതല്ല എന്നു സാരം.

പ്രധാനമായും മൂന്നുതരം ഫിലിം ഫോര്‍മാറ്റുകളാണ്‌ സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ ഇന്ന് ഉപയോഗിക്കുന്നത്‌. (1) ലാര്‍ജ്‌ ഫോര്‍മാറ്റ്‌ (2) മീഡിയം ഫോര്‍മാറ്റ്‌ (3) 35mm ഫോര്‍മാറ്റ്‌. ഇവയോരോന്നിനും അനുയോജ്യമായ ക്യാമറകളും ഉണ്ട്‌. ഇതില്‍ 35mm ഫോര്‍മാറ്റാണ്‌ നമുക്കേവര്‍ക്കും സുപരിചിതമായ ഫിലിം ക്യാമറകള്‍ ഉപയോഗിക്കുന്നത്‌. അതുകൊണ്ടാണ്‌ അവയെ 35mm ക്യാമറകള്‍ എന്നു വിളിക്കുന്നത്‌.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകള്‍:

4x5 ഇഞ്ചില്‍ (5 ഇഞ്ച്‌ വീതിയും 4 ഇഞ്ച്‌ ഉയരവും) കൂടുതല്‍ വലിപ്പമുള്ള എല്ലാ ഫിലിം ഫോര്‍മാറ്റുകളും ലാര്‍ജ്‌ ഫോര്‍മാറ്റ്‌ എന്ന ഗണത്തില്‍പെടുന്നു. 4x5 ഇഞ്ച്‌, 5x7 ഇഞ്ച്‌, 8x10 ഇഞ്ച്‌ തുടങ്ങിയവയാണ്‌ സാധാരണയായി ഉപയോഗത്തിലുള്ള ലാര്‍ജ്‌ ഫിലിം ഫോര്‍മാറ്റുകള്‍. ഇതില്‍ത്തന്നെ 4x5 ഇഞ്ച്‌ ആണ്‌ സര്‍വ്വസാധാരണം. ഇതില്‍ ഉപയോഗിക്കുന്ന ഫിലിമിന് 4 ഇഞ്ച്‌ വീതിയും 5 ഇഞ്ച്‌ നീളവുമുള്ള ഒരു ചതുരത്തിന്റെ ആകൃതിയാണ് - ഏകദേശം ഒരു പോസ്റ്റ്‌കാര്‍ഡ്‌ സൈസ്‌ ഫോട്ടോപ്രിന്റിന്റെ വലിപ്പം വരും ഇത്‌. അതിനാല്‍ ഇത്തരം ഫിലിമുകളെ ഷീറ്റ്‌ ഫിലിം എന്നാണ്‌ വിളിക്കുന്നത്‌. ഇവ റോളായിട്ടല്ല, പ്രത്യേകം ഷീറ്റുകളായാണ്‌ ക്യാമറയില്‍ കടത്തിവയ്ക്കുന്നത്‌.
Thanks to: Volkstudio


ഇത്‌ ഒരു ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറയുടെ ചിത്രമാണ്‌. വ്യൂ ക്യാമറ (view camera) എന്നാണ്‌ ഇത്തരം ക്യാമറകള്‍ അറിയപ്പെടുന്നത്‌. ക്യാമറയുടെ മുന്‍ഭാഗത്തായി വലിയ ഒരു ലെന്‍സും, പുറകിലറ്റത്തായി ഫോക്കസ്‌ ചെയ്യാനുപയോഗിക്കുന്ന ഗ്രൗണ്ട്ഗ്ലാസ്‌ (മിനുസമല്ലാത്ത) സ്ക്രീനും ഉണ്ട്‌. ഈ രണ്ടു ഭാഗങ്ങളേയും ബെല്ലോസ്‌ ഉപയോഗിച്ച്‌ ബന്ധിപിച്ചിരിക്കുന്നു. ഈ ബെല്ലോസ്‌ തുകല്‍പോലെ ഒരു വസ്തു ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ്‌. അതിനാല്‍ ഫോട്ടൊഗ്രാഫറുടെ സൗകര്യാര്‍ത്ഥം ബെല്ലോസ്‌ മുമ്പോട്ടൊ, പുറകോട്ടോ വശങ്ങളിലേക്കോ നീക്കിയാണ്‌ ഫോക്കസിംഗ്‌ ചെയ്യുന്നത്‌. നിയന്ത്രിതമായ രീതിയില്‍ അപ്പര്‍ച്ചര്‍ ഷട്ടര്‍ തുടങ്ങിയവ സെറ്റു ചെയ്തതിനു ശേഷം, ഈ സ്ക്രീന്‍ മാറ്റി, അവിടേക്ക്‌ ഫിലിം അടക്കം ചെയ്തിരിക്കുന്ന ഒരു ചേംബര്‍ വയ്ക്കുകയും, ക്യാമറ പ്രവര്‍ത്തിപ്പിച്ച്‌ ഫോട്ടോയെടുക്കുകയും ചെയ്യുന്നു.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ളവയും, വലിപ്പം കുറഞ്ഞ ലെന്‍സുകള്‍ പ്രതിബിംബങ്ങളില്‍ ഉണ്ടാക്കുന്ന വിരൂപമാക്കലുകളില്‍ (distortion) നിന്ന് മുക്തവുമായിരിക്കും. ഇത്തരം ക്യാമറകളും, അവയുടെ ലെന്‍സുകളും SLR ക്യാമറകളെപ്പോലെ വിലപിടിപ്പുള്ളവയാണ്‌. അവ സെറ്റുചെയ്ത്‌ ഒരു ഫോട്ടോ എടുക്കുന്നതിന്‌ കൂടുതല്‍ സമയവും ക്ഷമയും ആവശ്യമാണ്‌. പക്ഷേ ലഭിക്കുന്ന ചിത്രങ്ങള്‍ വളരെ ക്ലാരിറ്റിയുള്ളവയായിരിക്കും, നല്ല വലിപ്പത്തിലേക്ക്‌ ഇവ എന്‍ലാര്‍ജ്‌ ചെയ്യാനും സാധിക്കും.

ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകളില്‍ എടുത്ത കുറെ ചിത്രങ്ങള്‍ ഇവിടെയുണ്ട്‌. ലാര്‍ജ്‌ ഫോര്‍മാറ്റുകളെപ്പറ്റി കൂടുതല്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെയും, ഇവിടെയും നോക്കാവുന്നതാണ്‌ (ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുക). Tachihara, Sinar, Linhof തുടങ്ങിയ ബ്രാന്റുകള്‍ ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ക്യാമറകള്‍ നിര്‍മ്മിക്കുന്നുണ്ട്‌.


മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകള്‍:

മീഡിയം ഫോര്‍മാറ്റ്‌ ക്യാമറയില്‍ ഉപയോഗിക്കുന്ന ഫിലിമുകളെ 120 ഫിലിം എന്നാണറിയപ്പെടുന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം 120 എന്നത്‌ 120mm അല്ല എന്നതാണ്‌. കൊഡാക്‌ കമ്പനി മീഡിയം ഫോര്‍മാറ്റ്‌ ഫിലിമുകള്‍ക്കു നല്‍കിയ ഒരു ബ്രാന്റ്‌ നമ്പറാണ്‌ 120. പില്‍ക്കാലത്ത്‌ ആ ഫോര്‍മാറ്റിലുള്ള എല്ലാഫിലിമുകളും 120 ഫിലിം എന്നറിയപ്പെട്ടു എന്നേയുള്ളൂ. ഇവ ഒരു റോള്‍ ഫിലിം ആയാണ്‌ വരുന്നത്‌. ഈ ഫിലിമിന്റെ വീതി 60mm (6 സെന്റീമീറ്റര്‍) ആണ്. അതിനാല്‍ 120 ഫിലിമുകളില്‍ എടുക്കുന്ന ഇമേജുകളുടെ ഒരു വശം എപ്പോഴും 6cm (60mm) വലിപ്പത്തിലായിരിക്കും. മറ്റേ വശത്തിന്റെ അളവ് 6x4.5, 6x6, 6x7, 6x9 എന്നിങ്ങനെ മാറ്റി 6x24cm പനോരമിക്‌ ഫോട്ടോ വരെ ഈ ഫിലിം ഉപയോഗിക്കുന്ന ക്യാമറയുടെ സാധ്യതകള്‍ക്കനുസരിച്ച്‌ എടുക്കാവുന്നതാണ്‌. ഇവിടെയൊക്കെയും ഫോട്ടോയുടെ ആസ്പെക്റ്റ്‌ റേഷ്യോ (നീളവും വീതിയും തമ്മിലുള്ള അനുപാതം) മാത്രമേ മാറുന്നുള്ളൂ എന്നു സാരം. ഇതില്‍ 6x6 സമചതുര ഫ്രെയിം ആണ് സ്റ്റുഡിയോകളിലും മറ്റും എടുക്കുന്നത്. ഇതുകൂടാതെ അധികം പ്രചാരത്തിലില്ലാത്ത 220 എന്നൊരു ഫിലിമും ഇത്തരം ഫോര്‍മാറ്റില്‍ ലഭ്യമാണ്.


കടപ്പാട് : Wikipedia commons


ഇതൊരു മീഡിയം ഫോര്‍മാറ്റ്‌ ക്യാമറയുടെ ചിത്രമാണ്‌. ലാര്‍ജ്‌ഫോര്‍മാറ്റ്‌ ക്യാമറകളെ അപേക്ഷിച്ച്‌ വളരെ ഒതുക്കമുള്ളവയും, ഉപയോഗിക്കാന്‍ എളുപ്പമുള്ളവയുമാണ്‌ മീഡിയം ഫിലിം ഫോര്‍മാറ്റ്‌ ക്യാമറകള്‍. ക്യാമറകളുടെ കൂട്ടത്തില്‍ ഏറ്റവും വിലക്കൂടുതലുള്ള മോഡലുകളുള്ളതും മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളില്‍ത്തന്നെ. (മീഡിയം ഫോര്‍മാറ്റ്‌ ഫിലിം അത്ര വിലപിടിച്ചതല്ല) Hassleblad, Mamiya, Bronica തുടങ്ങിയ ബ്രാന്റുകളൊക്കെ മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളിലെ പ്രമുഖരാണ്‌. ഡിജിറ്റല്‍ യുഗമായതോടെ മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളില്‍ ഫിലിമിനു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ബായ്ക്കുകള്‍ (digital backs) ലഭ്യമാണ്‌. ഡിജിറ്റല്‍ ബായ്ക്കുകള്‍ യഥാര്‍ത്ഥത്തില്‍ മീഡിയം ഫോര്‍മാറ്റ്‌ വലിപ്പത്തിലുള്ള ഡിജിറ്റല്‍ സെന്‍സറുകള്‍തന്നെയാണ്‌ (ഇവയ്ക്കു മാത്രം വില 32000 ഡോളറിനു മുകളില്‍ എന്നു വിക്കിപീഡിയ ഇവിടെ പറയുന്നു!) ഇവയുപയോഗിച്ചെടുക്കുന്ന ഒരു ചിത്രങ്ങള്‍ 39 മെഗാപിക്സല്‍ വരെ റെസലൂഷന്‍ ഉള്ളവയാണത്രെ!


മറ്റൊരു റ്റൈപ്പ് മീഡിയം ഫോര്‍മാറ്റ് ക്യാമറ: കടപ്പാട് Wikipedia

പരസ്യങ്ങള്‍ക്കുള്ള ചിത്രങ്ങള്‍, മറ്റു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫുകള്‍ എന്നിവയ്ക്കെല്ലാം മീഡിയം ഫോര്‍മാറ്റ്‌ ക്യാമറകളാണ്‌ ഉപയോഗിക്കുന്നത്‌. ഇവയുപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ കാര്യമായ ഒരു വൈകല്യങ്ങളുമില്ലാതെ നല്ല വലിപ്പത്തില്‍ എന്‍ലാര്‍ജ്‌ ചെയ്യാനും സാധിക്കും. കൂട്ടത്തില്‍ പറയട്ടെ, പോളറോയിഡ് ക്യാമറ ഫിലിമുകളും മീഡിയം ഫോര്‍മാറ്റില്‍ പെടും. കൂടുതല്‍ വായനയ്ക്ക് താല്പര്യമുള്ളവര്‍ക്ക് ഇവിടെയും ഇവിടെയും നോക്കാവുന്നതാണ്.35mm ഫിലിം ഫോര്‍മാറ്റ്‌ ക്യാമറകള്‍:

ഇവയാണ്‌ ഏവര്‍ക്കും സുപരിചിതമായ 35mm ക്യാമറകള്‍. ഇവയില്‍ ഉപയോഗിക്കുന്ന ഫിലിമിന്റെ വീതി 35മില്ലിമീറ്റര്‍ (mm) ആണ്‌. അതിനാലാണ്‌ അവയെ 35mm എന്നുവിളിക്കുന്നത്‌ . ചിത്രം നോക്കൂ.


കടപ്പാട്: Wikipedia Commons

കൊഡാക്‌ കമ്പനി അവരുടെ 35mm ഫിലിമിനെ 135 ഫിലിം എന്നുവിളിച്ചു. ഒരു 35mm ഫിലിമില്‍ പതിക്കുന്ന ഇമേജ്‌ (ചിത്രം) 36x24mm സൈസിലുള്ളതായിരിക്കും. ചിത്രം ശ്രദ്ധിക്കുക. ഈ വലിപ്പത്തിലുള്ള ഒരു ഇമേജിനെ ഫുള്‍ഫ്രെയിം (full-frame) ഇമേജ്‌ എന്നുവിളിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന എല്ലാ 35mm ഫോര്‍മാറ്റ്‌ ഫിലിം ക്യാമറകളുടെയും ഇമേജ്‌ സൈസിന്റെ റഫറന്‍സ്‌ പോയിന്റ്‌ ഈ സൈസിലുള്ള ഫുള്‍ ഫ്രെയിമാണ്‌.


കടപ്പാട്: Wikipedia Commons


35mm ക്യാമറകളുടെ ലെന്‍സ്‌ ഡിസൈനും അങ്ങിനെ തന്നെ. ഈ സൈസിലുള്ള ഒരു ഫ്രെയിമിലേക്ക്‌ ഈ വലിപ്പത്തില്‍ (36x24mm) പ്രതിബിംബങ്ങള്‍ പതിയത്തക്കവണ്ണമാണ്‌ അവയുടെ ഫോക്കല്‍ ലെങ്ങ്തുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.


ഡിജിറ്റല്‍ യുഗം വന്നപ്പോഴേക്കും ഫിലിമുകളുടെ സ്ഥാനം ഡിജിറ്റല്‍ സെന്‍സറുകള്‍ കൈയ്യടക്കി. എന്നാല്‍ സെന്‍സറുകളുടെ നിര്‍മ്മാണത്തിനുപിന്നിലുള്ള വന്‍ ചെലവുകള്‍, ക്യാമറ നിര്‍മ്മാതാക്കളെ കണ്‍‍സ്യൂമര്‍ ക്യാമറകളില്‍ അവയുടെ വലിപ്പം കുറയ്ക്കേണ്ടുന്ന ഒരു സാഹചര്യത്തിലെത്തിച്ചു. അതായത്‌, ഫുള്‍ ഫ്രെയിം വലിപ്പത്തിലുള്ള ഒരു ഡിജിറ്റല്‍ സെന്‍സറിന്റെ നിര്‍മ്മാണചെലവ്‌ വളരെകൂടുതലാണ്‌. അതിനാല്‍ത്തന്നെ ഏറ്റവും മുന്‍നിരയിലുള്ള, ചുരുക്കം ചില പ്രോഫഷനല്‍ ഗ്രേഡ്‌ SLR ക്യാമറകളില്‍ മാത്രമാണ്‌ ഇന്ന് ഫുള്‍ ഫ്രെയിം ഡിജിറ്റല്‍ സെന്‍സര്‍ ഉപയോഗിക്കുന്നത്‌. ശേഷം ക്യാമറകളിലെല്ലാം, ഒരു ചെറിയ സെസറിലേക്ക്‌ അനുയോജ്യമായ ഫോക്കല്‍ ലെങ്ങ്തുള്ള ലെന്‍സ്‌ ഉപയോഗിച്ചുകൊണ്ട്‌ ചെറിയ ഇമേജുകള്‍ ഉണ്ടാക്കിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. സെന്‍സറുകളെപ്പറ്റി അടുത്തപോസ്റ്റില്‍ വിശദമായി ചര്‍ച ചെയ്യാം.

രണ്ടുവിധത്തിലുള്ള 35mm ക്യാമറകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒന്ന് ഓട്ടോഫോക്കസ് എന്നറിയപ്പെടുന്ന aim & shoot ക്യാമറ, രണ്ടാമത്തെ വിഭാഗം SLR ക്യാമറ എന്ന പ്രൊഫഷനല്‍ ഗ്രേഡ് ക്യാമറ. SLR ക്യാമറകളില്‍നിന്നും ലഭിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുള്ളവയും, വ്യക്തതയുള്ളവയുമാണ്, കണ്‍സ്യൂമര്‍ മോഡലുകളെ അപേക്ഷിച്ച്.

SLR ക്യാമറകള്‍:

എന്താണീ SLR? Single Lense Reflex Camera - അതാണ്‌ SLR Camera എന്നതിന്റെ പൂ‍ർണ്ണ രൂപം. ഡിജിറ്റല്‍ യുഗത്തിലെ ക്യാമറകളില്‍ "ലൈവ്‌ പ്രിവ്യൂ" എന്നൊരു സംവിധാനത്തിലൂടെ ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഒരു ചിത്രം നമുക്ക്‌ കാണാന്‍ സാധിക്കുന്നുണ്ടല്ലോ. എന്നാല്‍ കുറേ വർഷങ്ങൾക്ക് മുമ്പ് വരെ സാധാ‍രണമായിരുന്ന “ഓട്ടോഫോക്കസ് ഫിലിം ക്യാമറകളിൽ എങ്ങനെയായിരുന്നു ചിത്രമെടുത്തിരുന്നത് എന്ന് ഓർത്തുനോക്കൂ. അവയിൽ ഒരു ചെറിയ ഓപ്റ്റിക്കല്‍ വ്യൂഫൈന്ററിൽ കൂടി നോക്കിക്കൊണ്ടായിരുന്നു ചിത്രമെടുത്തിരുന്നത്. അതായത്‌, ക്യാമറയുടെ ഏകദേശം മുകള്‍ ഭാഗത്തായി, ചിത്രമെടുക്കേണ്ട രംഗത്തേക്ക്‌ നോക്കുവാന്‍ ഒരു ചില്ലു ജാലകം. ഇതാണ്‌ വ്യൂ ഫൈന്റര്‍. ഒരു ചെറിയ ലെന്‍സാണത്‌. ക്യാമറയുടെ സ്വിച്ച്‌ ഓഫാണെങ്കിലും ഓപ്റ്റിക്കല്‍ വ്യൂഫൈന്ററിലൂടെ കാണാന്‍ സാധിക്കും. ഓട്ടോഫോ‍ക്കസ് ഫിലിംക്യാമറകളില്‍ വ്യൂഫൈന്ററിലൂടെ നോക്കിത്തന്നെവേണമായിരുന്നു ചിത്രം കമ്പോസ്‌ ചെയ്യുവാന്‍. ആദ്യകാലത്ത് ഇറങ്ങിയ ഡിജിറ്റൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ഇത്തരം വ്യൂ ഫൈന്ററുകൾ ഉണ്ടായിരുന്നു. ക്രമേണ ചിലവുചുരുക്കലിന്റെ ഭാഗമായി അവ ഇല്ലാതായി, ലൈവ് പ്രിവ്യൂ കടന്നുവന്നു.

പഴയ ഫിലിം ക്യാമറകളില്‍ വ്യൂഫൈന്റര്‍ ലെന്‍സില്‍ക്കൂടിനോക്കിക്കൊണ്ട്‌ ചിത്രം കമ്പോസ്‌ ചെയ്ത്‌ ഫോട്ടോ എടുത്തിട്ടുള്ളവര്‍ക്കറിയാം, മിക്കവാറും നമ്മള്‍ വ്യൂഫൈന്ററിലൂടെ കാണുന്ന അതേപടിയല്ല ചിത്രങ്ങള്‍ ഫിലിമില്‍ വന്നിരുന്നത്‌! വ്യൂഫൈന്ററില്‍ കാണുന്നത്ര അരികുകള്‍ ചിത്രത്തിലില്ല, ഒരു പൂവിന്റെ ക്ലോസ്‌ അപ്പ്‌ എടുക്കാം എന്നുകരുതി വളരെ അടുത്തുപോയി ചിത്രമെടുത്ത്‌ ഫിലിം വാഷ്‌ ചെയ്തുകഴിഞ്ഞപ്പോള്‍ പൂവ്‌ ആകെ blur ആയി ഇരിക്കുന്നു, ലെന്‍സിന്റെ കവര്‍ തുറന്നിരുന്നാലും ഇല്ലെങ്കിലും കമ്പോസിംഗ്‌ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല?? എന്തായിരുന്നു ഇവിടെ പ്രശ്നം? അത്തരം ക്യാമറകളില്‍ വ്യൂഫൈന്ററില്‍ നാം കാണാനുപയോഗിച്ച ലെന്‍സ്‌ വഴിയായിരുന്നില്ല ഫിലിമില്‍ ചിത്രം പതിഞ്ഞിരുന്നത്‌. ഈ ചിത്രം നോക്കൂ.

ഫിലിമിനു വേറെ ലെന്‍സ്‌, വ്യൂഫൈന്ററിനു വേറേ ലെന്‍സ്‌. സ്വാഭാവികമായും കമ്പൊസിംഗില്‍ കിട്ടാന്‍ പോകുന്ന ചിത്രത്തെപ്പറ്റി ഒരു ഏകദേശ ധാരണമാത്രമേ കിട്ടിയിരുന്നുള്ളൂ. ലെന്‍സ്‌ കാണുന്ന ഏരിയയും വ്യൂഫൈന്റര്‍ കാണുന്ന ഏരിയയും വ്യത്യസ്തമാണ്‌. അതുപോലെ ഒരു വസ്തു, ക്യാമറലെന്‍സിന്റെ ഫോക്കസിനുള്ളില്‍ ആണോ അല്ലയോ എന്നറിയാനും ഇത്തരം ക്യാമറകളില്‍ സാധ്യമല്ലായിരുന്നു. (ക്യാമറയില്‍നിന്നും ഏകദേശം അഞ്ച്‌ അടിയോളം ദൂരത്തിനപ്പുറത്തുള്ള വസ്തുക്കളുടെയെല്ലാം പ്രതിബിംബം film planeല്‍ രൂപീകരിക്കത്തക്കവിധമായിരുന്നു അത്തരം ക്യാമറകളുടെ ലെന്‍സിന്റെ നിര്‍മ്മാണം. അതിനുള്ളില്‍ വരുന്ന വസ്റ്റുക്കളുടെയൊന്നും വ്യക്തമായ പ്രതിംബിംബം ഈ ലെന്‍സുകള്‍ രൂപീകരിച്ചിരുന്നില്ല).


എന്നാല്‍ ലെന്‍സില്‍നിന്ന് ഫിലിമിലേക്ക്‌ പതിക്കാന്‍ പോകുന്ന പ്രതിബിംബത്തെ വ്യൂഫൈന്ററില്‍ കാണാന്‍ സാധിച്ചാലോ? സംഗതികള്‍ കുറേക്കൂടി എളുപ്പമായി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഈ സാഹചര്യത്തില്‍ നാം വ്യൂഫൈന്ററില്‍ എന്തുകാണുന്നോ, അത്‌ അതേപടിയാവും ചിത്രത്തിലും പതിയുക. ഈ സാങ്കേതിക വിദ്യയാണ്‌ SLR ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇതെങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാന്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.ലെന്‍സില്‍ക്കൂടി കടന്നുവരുന്ന പ്രകാശരശ്മിയെ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അത്‌ നേരേപോയി ഷട്ടര്‍ വഴി ഫിലിമില്‍ വീഴേണ്ടതാണ്‌, പക്ഷേ അതിനിടയില്‍ 45 ഡിഗ്രി ചെരിവില്‍ ഒരു കണ്ണാടി (reflecting mirror) വച്ചിരിക്കുന്നു. അതിനാല്‍ ആ പ്രകാശം നേരെ മുകളിലേക്ക്‌ പോയി അവിടെ വച്ചിരിക്കുന്ന അഞ്ചുവശങ്ങളുള്ള ഒരു സ്ഫടികക്കട്ട (ഇതിനെ penta-prism എന്നു വിളിക്കും) പതിക്കുന്നു. അതിനുള്ളിവച്ച്‌ ഈ പ്രകാശകിരണം ഒന്നു കറങ്ങിത്തിരിഞ്ഞ്, ദിശമാറി നേരേ മറ്റൊരു ലെന്‍സിലേക്ക്‌ വീഴുന്നു - ഇതാണു നമ്മുടെ വ്യൂഫൈന്റര്‍ ലെന്‍സ്‌. അതിലൂടെ ലെന്‍സിനു മുമ്പിലുള്ള രംഗത്തെ അതേപടി, അതേ വലിപ്പത്തില്‍ നമുക്കു കാണാന്‍ സാധിക്കുന്നു. ഫോക്കസ്‌ ശരിയല്ലെങ്കില്‍ ക്യാമറയുടെ ലെന്‍സ്‌ നിയന്ത്രിച്ച്‌ വ്യക്തമായ ഒരു പ്രതിബിംബം രൂപീകരിക്കാന്‍ (ഫോക്കസിലാക്കാന്‍) സാധിക്കുന്നു. അതിനുശേഷം, ഫോട്ടോയെടുക്കാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, റിഫ്ലെക്റ്റിംഗ്‌ മിറര്‍ (ചിത്രത്തില്‍ മഞ്ഞനിറമുള്ള കണ്ണാടി) അല്‍പ്പ്പനേരത്തേക്ക്‌ മുകളിലേക്ക്‌ മടങ്ങുകയും, പ്രകാശരശ്മി നേരേ ഷട്ടര്‍ വഴി ഫിലിമില്‍ പതിക്കുകയും ചെയ്യുന്നു. ഫലമോ - what we see is what we get!.ഇതാണ്‌ SLR ക്യാമറയുടെ പ്രവര്‍ത്തന തത്വം.


ലൈവ് പ്രിവ്യൂ - ഒരു കുറിപ്പ്:

ഇന്നത്തെ ഡിജിറ്റല്‍ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ കാണപ്പെടുന്ന വ്യൂഫൈന്റര്‍ യഥാര്‍ത്ഥത്തില്‍ പണ്ടത്തെ ഫിലിം പോയിന്റ് ആന്റ് ഷൂട്ടിലെപ്പോലെ, രംഗം കാണുന്നതിനുള്ള മറ്റൊരു ലെന്‍സല്ല. പകരം, ഒരു ചെറിയ ലൈവ് പ്രിവ്യൂ സ്ക്രീന്‍ വ്യൂഫൈന്ററിനുള്ളില്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് അവയില്‍ വ്യൂഫൈന്ററില്‍ കൂടി നോക്കുമ്പോള്‍ കാണുന്ന രംഗവും ഫോട്ടോയില്‍ ലഭിക്കുന്ന രംഗവും ഒരുപോലെതന്നെയായിരിക്കും. ഈ ചെറിയ വ്യൂഫൈന്ററിന്റെ ഉപയോഗം നല്ല വെയിലുള്ളപ്പോള്‍ വലിയ ലൈവ് പ്രിവ്യൂ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസരങ്ങളില്‍ ഉപയോഗിക്കുവാനാണ്. ലൈവ് പ്രിവ്യു ഉപയോഗിക്കുന്ന ഡിജിറ്റൽ ക്യാമറകളിൽ എല്ലാംതന്നെ, നാം ഫ്രെയിമിൽ കാണുന്ന അത്രയും ഭാഗങ്ങൾ തന്നെയാണ് ഫോട്ടോയിലും ലഭിക്കുക. ലൈവ് പ്രിവ്യൂ കമ്പോസിംഗിനു സഹായിക്കുന്ന ഒരു വിഡിയോ ചിത്രമാണ് എന്നത് മനസ്സ്ലിലാക്കുക. ലഭിക്കാൻ പോകുന്ന സ്റ്റിൽ ചിത്രവുമായി സാങ്കേതികമായി ഇത് വ്യത്യസ്തമാണ്.


അപ്പോള്‍ ഒരു ചോദ്യം ചോദിക്കട്ടേ? SLR ക്യാമറയില്‍ ഫോട്ടോഎടുക്കാനായി ഷട്ടര്‍ തുറന്നടയുന്ന ആ ഒരു നിമിഷാര്‍ത്ഥത്തിലേക്ക് വ്യൂഫൈന്ററില്‍ ഒന്നും കാണാന്‍ സാധിക്കില്ല. എന്തായിരിക്കും കാരണം? ഉത്തരം ആലോചിച്ചുനോക്കിയാല്‍ കിട്ടും.

SLR പ്രവര്‍ത്തന തത്വം മാറാതെ നില്‍ക്കുന്നുവെങ്കിലും,SLR ക്യാമറകള്‍ ഇന്ന് അനേകം മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. അതേപ്പറ്റി ഇനി വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാം.Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

36 comments:

അപ്പു ആദ്യാക്ഷരി December 12, 2007 at 2:10 PM  

ക്യാമറകളെപ്പറ്റിയുള്ള ചര്‍ച്ചയിലെ മൂന്നാമത്തെ പോസ്റ്റ്

പൈങ്ങോടന്‍ December 12, 2007 at 2:45 PM  

വിശദമായ ഈ പോസ്റ്റും വളരെ ഉപകാരപ്രദമായി.ലളിതമായ ഭാഷയും എടുത്തുപറയേണ്ടതു തന്നെ.എല്ലാ കാര്യങ്ങളും ഒറ്റ വായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിച്ചു.
ഫോട്ടോഗ്രാഫി കമ്പം തുടങ്ങിയിട്ട് രണ്ടുമൂന്നു മാസങ്ങളെ ആയിട്ടുള്ളൂ..അതുകൊണ്ട് തന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും എനിക്ക് നേരത്തെ അറിയാമായിരുന്നില്ല.
ഇത്രയും വിശദമായ കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്റെ പിന്നിലെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...

prasanth kalathil December 12, 2007 at 2:47 PM  

നന്നായി മാഷേ
ഒരുപാടു സംശങ്ങള്‍ മാറിക്കിട്ടുന്നു.
അടുത്തവയ്കായി കാത്തിരിക്കുന്നു...

ഹരിശ്രീ December 12, 2007 at 2:48 PM  

അപ്പുവേട്ടാ,

വീണ്ടും നല്ല വിവരണം. ക്യാമറകളെ പറ്റിയും അതില്‍ എടുക്കുന്ന ചിത്രങ്ങളെ പറ്റിയുമുള്ള ഈ ക്ലാസ്സും മികച്ചതായി.

ആശംസകള്‍

krish | കൃഷ് December 12, 2007 at 3:09 PM  

ഇതിലെ SLR-നെക്കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്.

മഴതുള്ളികിലുക്കം December 12, 2007 at 3:18 PM  

അപ്പുവേട്ടാ....

മനോഹരമാക്കുന്നു...ഫോട്ടോഗ്രഫിയും..ക്യാമറയുടെ ലോകവുമെല്ലാം ഉഗ്രന്‍.
വിവരണത്തിലെ അസാധ്യമായ താങ്കളുടെ കഴിവിനെ പുകഴ്‌ത്തുകയല്ലാതെ വഴിയില്ല. കാരണം ഒരു ക്ലാസ്സില്‍ ഇരുന്ന്‌ അദ്ധ്യപകന്‍ പറഞ്ഞു തരുന്ന ഒരു പ്രതീതി ഉളവാക്കുന്നു താങ്കളുടെ രചനകള്‍..ഒപ്പം ബ്ലാക്ക്‌ ബോര്‍ഡില്‍ വരച്ചു അതിന്റെ ഓരോ വശങ്ങളെ കുറിച്ചുള്ള വിശദ വിവരണങ്ങള്‍ അഭിനന്ദനാര്‍ഹം...

താമസിയാതെ മലയാളത്തില്‍ ക്യമറയുടെ ഉള്ളറകളിലേക്ക്‌ എന്ന പുസ്തകം പ്രതീക്ഷിക്കുന്നു.....എല്ലാ ഭാവുകങ്ങളും നേരുന്നു

ഇനിയും ഒട്ടനവധി പോസ്റ്റുകല്‍ എഴുതാനും...ഞങ്ങളിലേക്ക്‌ പകരാനും സര്‍വ്വേശ്വരന്‍ ആയുസ്സ്‌ നല്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ....

നന്‍മകള്‍ നേരുന്നു

[ nardnahc hsemus ] December 12, 2007 at 3:20 PM  

വിവരങളും വിവരണവും കൊള്ളാം.

നാട്ടില്‍ പണ്ടു സ്റ്റുഡിയോകളില്‍ ഉപയോഗിച്ചിരുന്ന കാമറകളിലെ നീളം കൂടിയ ഫിലിം (ഒരു പിങ്ക് ഔറ്റ്സൈഡും ബ്ലാക്ക് ഇന്‍സൈഡും കളറിലുള്ള പേപ്പറില്‍ ചുരുട്ടിവരുന്ന ഫിലിം) 120 ആണോ? INDU കമ്പനിയുടെ black & white ഫിലിം ആണെന്നുതോന്നുന്നു അത്....

ശ്രീ December 12, 2007 at 3:56 PM  

അപ്പു മാഷേ...

ഈ ക്ലാസ്സിലും ഞാന്‍‌ ഹാജര്‍‌ വയ്ക്കുന്നു.

പതിവു പോലെ വളരെ ലളിതമായി എല്ലാം ഉള്‍‌ക്കൊള്ളിച്ചു കൊണ്ടുള്ള വിവരണം.

(അവസാന ഭാഗം ശരിക്കു വായിച്ചില്ല, വേറെ കുറച്ചു പണികള്‍‌ കാരണം, ഒന്നു കൂടെ വന്നു നോക്കണം)

:)

അഗ്രജന്‍ December 12, 2007 at 4:31 PM  

അപ്പു, വളരെ നന്നായി മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു...

പ്രത്യേകിച്ചും വ്യൂഫൈന്‍ഡറിനെ പറ്റി വിശദീകരിച്ചത് വളരെ നന്നായി...

നന്ദി...

അലി December 12, 2007 at 5:56 PM  

അപ്പുമാഷെ...

വിശദമായ ഈ പോസ്റ്റും വളരെ നന്നായി.
ശ്രദ്ധയോടെ വായിച്ചു.
പതിവു പോലെ വളരെ ലളിതമായി എല്ലാം ഉള്‍‌ക്കൊള്ളിച്ചു കൊണ്ടുള്ള വിവരണം.
ഒരുപാട് നന്ദി.

എല്ലാവിധ ഭാവുകങ്ങളും.

അച്ചു December 12, 2007 at 6:26 PM  

അപ്പുവേട്ടന്‍ ..ഇതും വളരെ നന്നയിരിക്കുന്നു..

ശ്രീലാല്‍ December 13, 2007 at 5:31 AM  

മാഷേ,

ഒരു പാടു പഠിക്കനുണ്ടല്ലോ ഈ പാഠത്തില്‍.. ലാര്‍ജ്‌,മീഡിയം 35mm ഫോര്‍മാറ്റ്‌ ക്യാമറകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി. എസ്. എല്‍. ആറിന്റെ പ്രവര്‍ത്തന തത്വങ്ങള്‍ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ഫിലിം ക്യാമറയുപയോഗിച്ചെടുക്കുന്ന പല ചിത്രങ്ങളും ബ്ലര്‍ ആകുന്നതിന്റെ കാരണം പറഞ്ഞുതന്നതു നല്ല ഒരു അറിവായി.

ഈ പാഠം എന്തായാലും വീണ്ടും വായിക്കണം. അടുത്തത് ഡിജിറ്റല്‍ യുഗത്തിലേക്കാണോ..?

സാജന്‍| SAJAN December 13, 2007 at 5:35 AM  

അപ്പു എന്താ കമന്റ് എഴുതേണ്ടതെന്ന് അറിയില്ല,
എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു, ഇതിന്റെ പിന്നില അധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇനിയും തുടരുക ഈ സെയിം പേസില്‍:)

ദിലീപ് വിശ്വനാഥ് December 13, 2007 at 8:10 AM  

പാഠങ്ങള്‍ വളരെ നന്നാവുന്നുണ്ട് അപ്പുവേട്ടാ.
തീര്‍ച്ചയായും ഇതു ഒരുപാട് പേര്‍ക്ക് പ്രയോജനം ചെയ്യും.

സുല്‍ |Sul December 13, 2007 at 8:27 AM  

അപ്പുവേ
നന്നായിരിക്കുന്നു ഈ പാഠവും. ചിലതെല്ലാം പുതിയ അറിവുകളാണ്.

“പഴയ ഓട്ടോഫോക്കസ്‌ ഫിലിം ക്യാമറകളില്‍ വ്യൂഫൈന്റര്‍ ലെന്‍സില്‍ക്കൂടിനോക്കിക്കൊണ്ട്‌ ചിത്രം കമ്പോസ്‌ ചെയ്ത്‌ ഫോട്ടോ എടുത്തിട്ടുള്ളവര്‍ക്കറിയാം“ ഈ വരി രസകരമായി തോന്നി. കാലം പോകുന്ന ഒരു പോക്കേ :)

-സുല്‍

തമനു December 13, 2007 at 9:03 AM  

എനിക്കും അഭിനന്ദിക്കാന്‍ വാക്കുകളില്ല അപ്പൂ...

തുടരുക.

ഓടോ : എല്ലാ ബുധനാഴ്ചകളും ആണൊ ക്ലാസുകള്‍...?

Mr. K# December 13, 2007 at 10:14 AM  

നല്ല വിവരണം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 13, 2007 at 11:28 AM  

SLR എന്നൊക്കെ വാചകമടിക്കുമായിരുന്നെങ്കിലും, എന്താണതെന്ന് ഇപ്പോഴാ അപ്പുസ് മനസിലായത്..
ഒരുപാടു നന്ദി..

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

കുട്ടു | Kuttu December 13, 2007 at 1:57 PM  

അങ്ങനെ മൂന്നാം പാഠവും കലക്കി... തുടരൂ.... ലക്ഷം ലക്ഷം പിന്നാലെ... (വായിക്കാന്‍..:))

ആഷ | Asha December 13, 2007 at 2:40 PM  

SLR ക്യാമറയില്‍ വ്യൂഫൈന്ററില്‍ കൂടി കാണുന്നതു തന്നെയാ ലെന്‍സില്‍ പതിയുക. ഇതു മാത്രമേ എനിക്കീ പാഠത്തില്‍ നേരത്തെ തന്നെ അറിയാവുന്നതായി ഉണ്ടായിരുന്നുള്ളൂ. ബാക്കിയൊന്നും ഒരു ചുക്കും അറിഞ്ഞൂടാരുന്നു.
ഈ പോസ്റ്റും മികവുറ്റ് നില്‍ക്കുന്നു.

തുടരൂ... ഈ ക്ലാസിലും ഹാജര്‍!

Murali K Menon December 14, 2007 at 12:35 PM  

സൂപ്പര്‍ ഷിബു... അറിവിന്റെ ചക്രവാളം വികസിക്കുന്നു, വികസിപ്പിക്കുന്നു.
ഭാവുകങ്ങള്‍

Sreejith K. December 14, 2007 at 8:22 PM  

അറിവ് പകരുന്നതിനേക്കാളും നല്ല പ്രവര്‍ത്തി ഇല്ല തന്നെ. താങ്കള്‍ക്ക് വളരെ നന്ദി. ഈ ബ്ലോഗ് മുടങ്ങാ‍തെ വായിക്കാന്‍ ശ്രദ്ധിക്കാം ഇനി.

അഭിലാഷങ്ങള്‍ December 16, 2007 at 10:32 AM  

അപ്പു സാറേ...

ഞാന്‍ എല്ലാ ക്ലാസിലും ഫസ്റ്റ് ബെഞ്ചില്‍ തന്നെ ഉണ്ടേ.. :-)

വളരെ നന്നാകുന്നുണ്ട് പാഠങ്ങള്‍.. അപ്പു ആമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. “ഇതൊരു പാ‍ഠശാലയായി ആരും കാണാതിരിക്കുക. ഇവിടെ നമുക്കു ചര്‍ച്ചയും പരീക്ഷണങ്ങളും മാത്രം മതി.“.

ങും.. ശരി...! പക്ഷെ, ഭാവിയില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങള്‍ പകര്‍ന്നുതരുന്ന റഫറന്‍സ് ബ്ലോഗാക്കി ഈ ബ്ലോഗിനെ മാറ്റാന്‍ അപ്പുവിനും വായനക്കാര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

-അഭിലാഷ്

പൈങ്ങോടന്‍ December 24, 2007 at 1:05 PM  

കഴിഞ്ഞ ആഴ്ച ക്ലാസ് ഉണ്ടായില്ലല്ലോ? എന്തു പറ്റി? ക്രിസ്തുമസ് അവധിയിലാണോ?

ദിവാസ്വപ്നം December 28, 2007 at 8:47 AM  

ദൈവമേ, ഈ മൂന്നാം പാഠം അറിയാതെയാണല്ലോ ഇതുവരെ ഞാന്‍ ഫോട്ടോ എടുത്തുകൊണ്ടിരുന്നത് !

അനു January 4, 2008 at 12:16 PM  

അപ്പൂ... എനിക്കറ്റവും വിലപ്പെട്ട ബ്ലോഗുകളിലൊന്ന്.. അതില്‍ക്കുടുതല്‍ എന്താണ്‌ വിശേഴിപ്പിക്കേണ്ടതെന്ന് എനിക്കറിഞ്ഞൂടാ..

ഈ മഹത്തായ ഉദ്യമത്തിന്‌ ഒരായിരം നന്ദി. ഇന്നലെയാണ്‌ ആദ്യമായി ഈ ബ്ലോഗ് കാണുന്നത്. പിന്നെ നാലു പാഠങ്ങളും മനസ്സിരുത്തി വായിച്ചതിനു ശേഷമാണ്‌ വര്‍ക്ക് ചെയ്യാന്‍ പോലും തോന്നിയത്.. താങ്ക്സ്....

ഒരു ചിന്ന സംശയം. മണ്ടത്തരമാണോ എന്ന് പേടി ഉണ്ട്.
എന്‍റെ ക്യാമറ സോണി - DSW35(7.2M,3x) ആണ്‌. ഇതില്‍ വ്യൂ ഫൈന്‍ഡറിനു (ബ്ലോഗ് വായിക്കുന്നതു വരെ ലൈവ് പ്രവ്യൂ കാണുന്നതാണ്‌ വ്യൂ ഫൈന്ഡറെന്നു ഞാന്‍ കരുതിയിരുന്നത്) വേറെ ലെന്‍സ് ഉള്ളതുപോലെയാണ്‌ കാണുന്നത്. കണ്‍ഫേം ചെയ്യുന്നതിനായി ലെന്‍സ് മറച്ചു പിടിച്ചുനോക്കി. അപ്പോളും എനിക്കു വ്യൂ ഫൈന്‍ഡര്‍ വഴി കാണാം. ബട്ട്, ഞാന്‍ വ്യൂ ഫൈന്‍ഡറില്‍ നോക്കിയെടുത്ത അതേ പിക്ചര്‍ എനിക്ക് ഫോട്ടൊ എടുത്തപ്പോളും കിട്ടി. എന്‍റെ മണ്ടത്തരമാണൊ , അതൊ..?


ഓ.ടോ. : http://clickukal.blogspot.com എന്‍റെ ഫോട്ടോ ബ്ലോഗാണെ, സമയം കിട്ടുമ്പോള്‍ അഭിപ്രായം പറയുമൊ?

വാളൂരാന്‍ May 7, 2008 at 9:18 PM  

വളരെ ഉപകാരപ്രദം..... നന്ദി

ആവനാഴി May 7, 2008 at 9:44 PM  

അപ്പൂ,

ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള വിജ്നാനപ്രദമായ ലേഖനം വായിച്ചു. വളരെ നന്നായിരിക്കുന്നു. പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.
അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി

Sojo Varughese July 10, 2008 at 10:46 AM  

great effort:) you should put them together in the form of a book...one good ref book about photography in malayalam...good luck

വീകെ March 15, 2009 at 4:03 PM  

അപ്പു മാഷെ,
ഞാനിപ്പോഴാണ് ഇതു വഴീ വന്നത്.
എന്താൺ SLR എന്ന് ഇപ്പോഴാണ് പിടിത്തം കിട്ടിയത്. Self Loading-ങ്ങു മായി ബന്ധപ്പെട്ട എന്തൊ ആണെന്നാണു കരുതിയിരുന്നത്.

ഇതിന്റെ പിന്നിലെ മാഷുടെ ഹോംവർക്ക് സമ്മതിക്കാതെ വയ്യ.
‘കാഴ്ചക്കിപ്പുറം’ ഞാൻ എന്റെ ബ്ല്ലൊഗിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. (വിരോധമില്ലല്ലൊ...?) ഇതിൽ ഇടുന്ന പോസ്റ്റ് പെട്ടെന്ന് വായിക്കാല്ലൊ...

അഭിനന്ദനങ്ങൾ.

Unknown July 6, 2009 at 6:00 PM  

ഈ പാഠവും വായിച്ചു

അപ്പു ആദ്യാക്ഷരി August 13, 2009 at 7:15 PM  

അനുവിന്റെചോദ്യത്തിന്റെ ഉത്തരം:

ഇന്നത്തെ ഡിജിറ്റല്‍ ക്യാമറകളില്‍ വ്യൂഫൈന്റര്‍ ഉള്ളവയില്‍ നാം കാണുന്നത് മറ്റൊരു ലെന്‍സില്‍ കൂടിയല്ല. പകരം ഒരു ലൈവ് പ്രിവ്യൂ സ്ക്രീന്‍ വ്യൂഫൈന്ററിന്റെ ഉള്ളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാ‍ണ്. ഇത്തരം വ്യൂ ഫൈന്ററില്‍ കാണുന്ന രംഗത്തിന്റെ ഭാഗങ്ങളെല്ലാം ഫോട്ടോയില്‍ കിട്ടാന്‍ പോകുന്ന രംഗത്തിനു തുല്യമായിരിക്കും.

sadanandan June 23, 2014 at 11:41 AM  

penta prism or pentamirror which one gives better view in DSLR

Vijayavarma January 12, 2017 at 10:18 AM  

അത്യുഗ്രൻ വിവരണം: അഭിനന്ദനങ്ങൾ.

Unknown October 31, 2017 at 1:09 PM  

തകര്‍ത്തു

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP