ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Tuesday, July 14, 2009

പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1

ഡെപ്ത് ഓഫ് ഫീൽഡ് (Depth of field - DoF) എന്ന വാക്ക് പരിചയമില്ലാത്തവരായി ഫോട്ടൊഗ്രാഫർമാർക്കിടയിൽ അധികമാളുകൾ ഉണ്ടാവില്ല. ഇനി അഥവാ കേട്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ തന്നെ, അതിന്റെ എഫക്റ്റുകൾ ഫോട്ടോഗ്രാഫുകളിൽ ശ്രദ്ധിക്കാത്തവർ ഉണ്ടാവില്ല. ഒരു ചിത്രത്തെ വളരെയേറെ പ്രത്യേകതകളുള്ളതാക്കുവാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്ന ഒരു ഓപ്റ്റിക്കൽ എഫക്റ്റാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നറിയപ്പെടുന്ന, ലെൻസുകളുടെ ഈ പ്രത്യേകത. താഴെയുള്ള ചിത്രത്തിൽ കാണുന്നതുപോലെ അവ്യക്തമാക്കിയ ബാക്ഗ്രൌണ്ടിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രധാന ഓബ്ജക്റ്റുകളും, ഫ്രെയിമിന്റെ തൊട്ടുമുമ്പു മുതൽ അനന്തതവരെയുള്ള സകല വസ്തുക്കളും വളരെ ഷാർപ്പായി കാ‍ണപ്പെടുന്ന ചിത്രങ്ങളും ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർ ചെയ്യുന്നതാണ്. ഡെപ്ത് ഓഫ് ഫീൽഡ് എന്താണെന്ന് വിശദമായി ചർച്ച ചെയ്യുകയാണ് ഈ അദ്ധ്യായത്തിൽ.

ഈ പോസ്റ്റിൽ കുറേ കണക്കുകളും ചാർട്ടുകളും കാണുന്നുണ്ടെന്നുകരുതി വായന ഇപ്പോഴേ നിർത്തേണ്ട കേട്ടോ, അതൊക്കെ വളരെ എളുപ്പം മനസ്സിലാവുന്ന ഡേറ്റകൾ മാത്രമാണ് ! ടേബിളുകൾ കണ്ടാലുടൻ വായന നിർത്തിപ്പോകുന്നവരോടും, അവ വായിക്കാതെ സ്കിപ്പ് ചെയ്ത് പോകുന്നവരോടും മുൻ‌കൂറായി പറഞ്ഞു എന്നുമാത്രം.ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ, ഒരു ഫ്രെയിമിൽ ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിനു മുമ്പിലും പിൻ‌പിലുമായി എത്രത്തോളം ഭാഗങ്ങൾ നമ്മുടെ കണ്ണുകൾക്ക് ഷാർപ്പായി തോന്നുന്നുവോ, ആ ഏരിയയുടെ വലിപ്പമാണ് ഡെപ്ത് ഓഫ് ഫീൽഡ്. ഈ ചിത്രം നോക്കുക. ഒരു പത്രത്താളിലെ ഒരു വരിയെ ഫോക്കസ് ചെയ്തിരിക്കുകയാണ് ഇവിടെ. ആ വരിയുടെ മുമ്പിലും പിറകിലുമായി എത്രത്തോളം ഭാഗങ്ങൾ ‘ഷാർപ്പാണ്’ എന്ന് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ. ബാക്കിയുള്ള ഭാഗങ്ങൾ അവ്യക്തവുമാണ്. ഇതാണ് ഈ ഫ്രെയിമിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് അപ്പർച്ചറും മറ്റു ചില സെറ്റിംഗുകളും ചേർന്നുണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ്.

മേൽ‌പ്പറഞ്ഞ നിർവ്വചനത്തിൽ നിന്നും ചിത്രത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. DoF ഒരു ലംബമായ (vertical) തലമല്ല (Plane), മറിച്ച് ക്യാമറയുടെ ലെൻസിൽ നിന്നും അനന്തതയിലേക്ക് നീളുന്ന ഒരു തിരശ്ചീന (horizontal) തലത്തിൽ ഉൾപ്പെടുന്ന ഒരു നിശ്ചിത വിസ്തൃതിയാണ് (area). ഈ ഭാഗത്തിനുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും ഷാർപ്പായിരിക്കും. മേൽക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ Refiners sell എന്ന വരിയിലാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്. ഈ പോയിന്റിന് എത്ര മുമ്പിൽ നിന്നാ‍ണോ ഷാർപ്പായ ഭാഗം ആരംഭിക്കുന്നത് ആ തലത്തെ Near End of DoF എന്നും, ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന്റെ പിറകിലേക്ക് ഷാർപ്പായി കാണപ്പെടുന്ന ഭാഗം അവസാനിക്കുന്ന തലത്തെ Far end of DoF എന്നും വിളിക്കുന്നു. ഈ രണ്ടു തലങ്ങൾക്കിടയിലുള്ള ഭാഗത്തെയാണ് നാം ഡെപ്ത് ഓഫ് ഫീൽഡ് എന്നുവിളിക്കുന്നത്. ഇവിടെ near, far എന്നീ വാക്കുകൾ ക്യാമറയിൽനിന്നും ‘അടുത്ത്‘ അല്ലെങ്കിൽ ‘അകലെ‘ എന്ന വസ്തുത സൂചിപ്പിക്കുന്നു.

അതായത്, ഒരു ഫോട്ടോഗ്രാഫിൽ ഫോക്കസിൽ ആയിരിക്കുന്ന വസ്തുവിന്റെ (അല്ലെങ്കിൽ വസ്തുക്കളുടെ) മുമ്പിലേക്കും പിറകിലേക്കും ഒരു നിശ്ചിത ദൂരപരിധിയ്ക്കുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും വ്യക്തതയുള്ളതായും (sharp and clear) ആ പരിധിക്കു പുറത്തുള്ള വസ്തുക്കൾ അത്ര വ്യക്തമല്ലാതെയും ആയിരിക്കും ക്യാമറകളുടെ ലെൻസുകൾ കാണിച്ചുതരുന്നത്. ഇത്തരത്തിൽ, വ്യക്തതയോടെ കാണപ്പെടുന്ന ഭാഗത്തിന്റെ വ്യാപ്തിയെയാണ് ഡെപ്ത് ഓഫ് ഫീൽഡ് (DoF) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരേ ലെൻസ് പല അളവിലുള്ള DoF കൾ തരാറുണ്ട് എന്ന് അറിയാമല്ലോ? DoF റെയ്ഞ്ചുകൾ ഓരോ തരം ലെൻസുകൾക്കും അതാതിന്റെ ഡിസൈൻ അനുസരിച്ച് യാദൃശ്ചികമായി വന്നുഭവിക്കുന്ന ഒന്നല്ല. നിശിതമായ ഗണിത സമവാക്യങ്ങൾക്കനുസരണമായി രൂപപ്പെടുന്ന ഒന്നാണ് DoF. അതിനാൽ ലെൻസിന്റെ മോഡൽ, ബ്രാന്റ്, വലിപ്പം തുടങ്ങിയവയ്ക്കനുസൃതമായി ഡെപ്ത് ഓഫ് ഫീൽഡ് മാറുകയില്ല. പകരം DoF നിർണ്ണയിക്കുന്ന സമവാക്യങ്ങളിലെ ഘടകങ്ങളായ Hyperfocal distance of the lense, focal length of the lense, distance to focus point, near distance of sharpness, far distance of sharpness, aperture size, circle of confusion എന്നീ ഏഴു കാര്യങ്ങളാണ് DoF ന്റെ വലിപ്പം തീരുമാനിക്കുന്നത്.

ഈ വാക്കുകൾ വായിച്ച് പേടിക്കേണ്ട! ഭാഗ്യവശാൽ, ഇതൊക്കെയും ലെൻസുകൾ ഡിസൈൻ ചെയ്യുന്ന എഞ്ചിനീയർമാരുടെ അറിവിലേക്കുള്ള കാര്യങ്ങളാണ് ഫോട്ടോഗ്രാഫർമാർ എന്ന നിലയിൽ, നമുക്ക് ഇവയെപ്പറ്റിയൊന്നും അറിയേണ്ട കാര്യമില്ല. പകരം, നമ്മുടെ ഇഷ്ടപ്രകാരം ഡെപ്ത് ഓഫ് ഫീൽഡ് ക്രമീകരിക്കുവാൻ ക്യാമറയിൽ എന്തൊക്കെ സെറ്റിംഗ് ചെയ്യണം എന്നതുമാത്രമേ ഒരു ഫോട്ടോഗ്രാഫർ അറിയേണ്ടതുള്ളൂ. ആ കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ നാം ചർച്ച ചെയ്യുന്നത്. ഡെപ്ത് ഓഫ് ഫീൽഡ് എന്ന വിഷയം അല്പം പരന്നതാകയാൽ ഇതിനെ രണ്ട് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഇത് ഒന്നാം ഭാഗമാണ്; പ്രായോഗികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തിൽ ഡെപ്ത് ഓഫ് ഫീൽഡിന്റെ തിയറി വിശദീകരിക്കാം.


DoF നിർണ്ണയിക്കുന്ന ഘടകങ്ങൾ:

DoF നെപ്പറ്റിയുള്ള ഒരു പൊതുവായ ധാരണ അത് അപ്പർച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാത്രമാണ് - വലിയ അപ്പർച്ചർ സൈസുകൾക്ക് (ചെറിയ അപ്പർച്ചർ നമ്പർ) നേരിയ ഡെപ്ത് ഓഫ് ഫീൽഡ്, ചെറിയ അപ്പർച്ചറുകൾക്ക് വലിയ ഡെപ്ത് ഓഫ് ഫീൽഡ്. എന്നാൽ, ഇത് ഈ തിയറിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.

ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പച്ചെറുപ്പങ്ങൾ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
(1)ഉപയോഗിച്ചിരിക്കുന്ന ലെൻസിന്റെ ഫോക്കൽ ദൂരം
(2) ലെൻസിന്റെ അപ്പർച്ചർ
(3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരം
(4) ഇമേജ് മാഗ്നിഫിക്കേഷൻ


ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇവ ഒറ്റയ്ക്കൊറ്റക്കല്ല ഡെപ്ത് ഓഫ് ഫീൽഡിനെ സ്വാധീനിക്കുന്നത് എന്നതാണ്; പകരം ഇവ നാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെയെന്ന് വിശദമായി ഒന്നു പരിശോധിക്കാം.

കുറിപ്പ്:
ഇനി പറയുന്ന ടേബിളുകളിലെല്ലാം നീളത്തിന്റെ (ദൂരത്തിന്റെ) യൂണിറ്റായി അടി (feet), ഇഞ്ച് തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിത്യജീവിതത്തിൽ ഈ യൂണിറ്റുകൾ ഉപയോഗിച്ചു പരിചയമില്ലാത്തവർക്കു വേണ്ടി നമുക്ക് പരിചയമുള്ള ചില വസ്തുക്കളുടെ ഏകദേശ വലിപ്പം കൂടി അവയുമായി ബന്ധിപ്പിച്ച് പറഞ്ഞിരിക്കുന്നു, ഈ ടേബിളുകൾ വായിക്കുമ്പോൾ DoF വലിപ്പത്തെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുവാനായി.1 ഇഞ്ച്
= 2.54 സെന്റി മീറ്റർ; നമ്മുടെ കൈകളിലെ തള്ളവിരലിനും, ചെറുവിരലിനും ഏകദേശം രണ്ട്-രണ്ടേകാൽ ഇഞ്ച് നീളമുണ്ട് (ഏകദേശം എന്നതു ശ്രദ്ധിക്കുക).
12 ഇഞ്ച്
= 1 ഫീറ്റ് (അടി). ഏകദേശക്കണക്കിൽ പറഞ്ഞാൽ നമ്മുടെ കാൽ പാദത്തിന്റെ വലിപ്പം (ശരിക്കും ഒരു ആവറേജ് കാൽ‌പ്പാദം ഒരടിയിൽ കുറവേയുള്ളൂ). അല്ലെങ്കിൽ Thump-up പൊസിഷനിൽ ഇരിക്കുന്ന ഇരു കൈമുഷ്ടികളിലേയും തള്ളവിരലുകളുടെ അഗ്രങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ലഭിക്കുന്ന ആകെ നീളം.
6 അടി
ഏകദേശക്കണക്കിൽ ഒരു ആവറേജ് മനുഷ്യന്റെ നീളം
30 അടി
= 9 മീറ്റർ, ഏകദേശം ഒരു ബസിന്റെ നീളം
0.5 ഫീറ്റ്= ഒരടിയുടെ പകുതി = 6 ഇഞ്ച് ഏകദേശം നമ്മുടെ കൈപ്പത്തിയുടെ നീളം.
0.1 ഫീറ്റ്= ഒരടിയുടെ പത്തിലൊന്ന് =1.2 ഇഞ്ച് = ചെറുവിരലിന്റെ പകുതി നീളം1. ഫോക്കൽ ദൂരം:

ഒരു ഫ്രെയിമിന്റെ DoF നിർണ്ണയിക്കുന്ന ആദ്യത്തെ ഘടകം ആ ചിത്രം എടുക്കുവാൻ ഉപയോഗിച്ച ലെൻസിന്റെ ഫോക്കൽ ദൂരം (focal length) ആണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് എന്ന Concept നെപ്പറ്റി വളരെ തെറ്റിദ്ധാരണകൾ ഫോട്ടോഗ്രാഫർമാരിക്കിടയിൽ ഉണ്ട്. ഒരു ക്യാമറ ലെൻസിനെ സംബന്ധിച്ചിടത്തോളം ഇത് ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരമോ, ലെൻസ് ഇമേജ് ഉണ്ടാക്കുന്ന പ്ലെയിനിലേക്കുള്ള ദൂരമോ ഒന്നുമല്ല. ഓരോ തരം ലെൻസുകളുടേയും ഒരു Optical constant ആണ് അത് എന്നു മാത്രം തൽക്കാലം മനസ്സിലാക്കുക. ഒരു ലെൻസിൽ നിന്നും ഓബ്ജക്റ്റിലേക്കുള്ള ദൂരം മാറ്റാതെ വച്ചിരിക്കുന്നു എങ്കിൽ, ഫോക്കൽ ലെങ്ത് കൂടുംതോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കൂടുന്നു. ഫോക്കൽ ലെങ്ത് കുറയും തോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കുറയുന്നു. ഈ പ്രത്യേകതകൊണ്ടാണ് ഉയർന്ന ഫോക്കൽ ലെങ്തുകളിൽ നമുക്ക് “സൂം” ചെയ്ത ഇമേജുകൾ കിട്ടുന്നത്. ഇതേപ്പറ്റി കുറേക്കൂടീ വിശദമായി ഈ അദ്ധ്യായത്തിൽ ഇമേജ് മാഗ്നിഫിക്കേഷൻ എന്ന ഭാഗത്ത് പറയുന്നുണ്ട്.


ഇന്നത്തെ ഭൂരിഭാഗം ക്യാമറ ലെൻസുകളും ഒരു ഫോക്കൽ ലെങ്ങ്തിൽ മാത്രമല്ല, ഒരു റേഞ്ചിലെ ഫോക്കൽ ലെങ്തുകളിൽ ക്രമീകരിക്കാവുന്ന രീതിയിലാണ് ഉള്ളത് എന്നോർക്കുക. ഉദാഹരണം SLR ക്യാമറകളിൽ: 18-55 mm lense, 70-300 mm lense. ഇതൊക്കെ സൂചിപ്പിക്കുന്നത് അവയുടെ ഫോക്കൽ ദൂരങ്ങളുടെ പരിധിയാണ്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിൽ ഈ രീതിയിലുള്ള സ്കെയിലിനു പകരം, അവയിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസുകളുടെ ഫോക്കൽ ദൂരങ്ങളുടെ 35 mm Equivalents ആണ് കാണാറുള്ളത്. ഇത് ഒരുപാട് സംശയങ്ങൾ പലർക്കും ഉള്ള ഒരു മേഖലയാണ്. ഇതേപ്പറ്റി വിശദമായി ഇനി വരുവാനുള്ള ‘ഇമേജ് മാഗ്നിഫിക്കേഷൻ‘ എന്ന അദ്ധ്യായത്തിൽ പറയാം. ഏതുരീതിയിൽ ഫോക്കൽ ദൂരം സൂചിപ്പിച്ചാലും ഫോട്ടോഗ്രാഫർ ഓർത്തിരിക്കേണ്ട കാര്യം ഒന്നേയുള്ളൂ.

ലെൻസിന്റെ ഫോക്കൽ ദൂരം കുറയും‌തോറും ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു; ഫോക്കൽ ദൂരം കൂടും തോറൂം ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു.


മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന ഓബ്ജക്റ്റിലേക്കുള്ള ദൂരവും ലെൻസിന്റെ അപ്പർച്ചറും മാറ്റാതെ വച്ചിരിക്കുന്നുവെങ്കിൽ, 18 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു (വൈഡ് ആംഗിൾ) ലെൻസ് നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് 200 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു ( സൂം ) ലെൻസ് തരുന്ന ഡെപ്ത് ഓഫ് ഫീൽഡിനേക്കാൾ വളരെ വലുതായിരിക്കും. ശ്രദ്ധിക്കുക - ഡെപ്ത് ഓഫ് ഫീൽഡ് ലെൻസ് ടൈപ്പിനെയോ മോഡലിനെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്, ഫോക്കൽ ദൂരത്തെയാണ്.

ഒരു ഉദാഹരണം നോക്കാം. ഒരു ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം 6 feet ആണെന്നിരിക്കട്ടെ. അപ്പർച്ചർ f/4 എന്ന സെറ്റിംഗിൽ സ്ഥിരമായി വച്ചിരിക്കുന്നു എന്നും കരുതുക. വിവിധ ഫോക്കൽ ദൂരങ്ങൾ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തി എത്രയുണ്ടാവും എന്നു താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ നിന്ന് മനസ്സിലാക്കാം.


ടേബിൾ വായിക്കുമ്പോൾ ഒന്നുരണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ലെൻസിന്റെ ഫോക്കൽ ദൂരം എന്നതും ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം എന്നതും രണ്ടും രണ്ടാണ്. തൽക്കാലത്തേക്ക് ഫോക്കൽ ദൂരം എന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട - ലെൻസിന്റെ ആംഗിൾ ഓഫ് വ്യൂ സെറ്റിംഗ് എന്നുമാത്രം ഓർക്കുക. ടേബിളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഇവയാ‍ണ്. ലെൻസിന്റെ ഫോക്കൽ ദൂരം, ആ സെറ്റിംഗിൽ DoF ആരംഭിക്കുന്ന പോയിന്റിലേക്കുള്ള ദൂരം (Near), DoF ലെ ക്ലിയറായ ഏറ്റവും അകലെയുള്ള പോയിന്റിലേക്കുള്ള ദൂരം (Far), DoF ന്റെ ആകെ വലിപ്പം, DoF ന്റെ എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ മുമ്പിലാണ്, എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ പുറകിലാണ് എന്നീ വിവരങ്ങളാണ് ഈ ടേബിളിൽ ഉള്ളത്. Near end, Far end ദൂരങ്ങൾക്കുള്ളിൽ വരുന്ന ഏരിയയുടെ വലിപ്പമാണ് DoF ന്റെ ആകെ വലിപ്പം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.


അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 ഫീറ്റ് (മാറ്റമില്ല)
ഫോക്കൽ ലെങ്തുകൾ Near Far DoF വലിപ്പം % ഓബ്ജക്റ്റിനു മുമ്പിലേക്ക് % ഓബ്ജക്റ്റിനു പിന്നിലേക്ക്
18 mm 4.21 ft 10.4 ft 6.22 ft 29% 71%
50 mm 5.69 ft 6.34 ft 0.65 ft 47% 53%
100 mm 5.92 ft 6.08 ft 0.16 ft 49% 51%
200 mm 5.98 ft 6.02 ft 0.04 ft 50% 50%
300 mm 5.99 ft 6.01 ft 0.02 ft 50% 50%


ടേബിളിലെ വിവരങ്ങൾ അനുസരിച്ച്, ഫോക്കൽ ലെങ്ത് വർദ്ധിക്കും തോറും DoF ന്റെ വലിപ്പം കുറഞ്ഞുവരുന്നത് ശ്രദ്ധിക്കൂ. ആറടി അകലത്തിൽ ഫോക്കസ് ചെയ്തിരിക്കുന്ന ഒരു വസ്തുവിനു ചുറ്റും, 18 mm വൈഡ് ആംഗിൾ ലെൻസ് ആറര അടിയോളം വലിയ DoF തരുമ്പോൾ 100 mm ഫോക്കൽ ലെങ്തിനു മുകളിലേക്ക് ഉള്ള സൂം ലെൻസുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് വെറും രണ്ടിഞ്ച് നമ്മുടെ ചെറുവിരലിനോളം വലിപ്പത്തിൽ വളരെ ചെറിയ ഒരു ഏരിയ മാത്രമാണെന്ന് കണ്ടല്ലോ? 100 mm ലെൻസ് ഉപയോഗിച്ച് ആറടി അകലെ നിൽക്കുന്ന ഒരാളുടെ മുഖം ക്ലോസ് അപ്പ് ആയി എടുക്കാൻ ശ്രമിച്ചാൽ എപ്രകാരമായിരിക്കും ചിത്രം ലഭിക്കുക എന്നാലോചിച്ചു നോക്കൂ. ആളുടെ മൂക്കും ചെവിയും ഫോക്കസിൽ ലഭിക്കുമോ? ഇതേ ചിത്രം 50 mm ലെൻസ് ഉപയോഗിച്ച് എടുത്താലോ?


2. അപ്പർച്ചർ സൈസ്:

DoF ന്റെ വലിപ്പം തീരുമാനിക്കുന്ന രണ്ടാമത്തെ ഘടകം ചിത്രം എടുക്കുവാനായി ലെൻസിൽ ഉപയോഗിച്ച അപ്പർച്ചറിന്റെ വലിപ്പമാണ്.

അപ്പർച്ചറിന്റെ വലിപ്പം കൂടും‌തോറും (അതായത് ചെറിയ അപർച്ചർ നമ്പർ) ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു. അപ്പർച്ചറിന്റെ വലിപ്പം കുറയുംതോറും (വലിയ അപ്പർച്ചർ നമ്പർ), ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു.


താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ, ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം 6 അടി എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ഫോക്കൽ ദൂരം 50 mm എന്നതും മാറ്റമില്ലാതെ വച്ചിരിക്കുന്നു. അപ്പർച്ചർ സൈസ് മാറ്റുന്നതിനനുസരിച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന മാറ്റങ്ങൾ നോക്കൂ.

ഫോക്കൽ ലെങ്ത് 50mm, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 അടി (മാറ്റമില്ല)
അപ്പർച്ചറുകൾ Near Far DoF വലിപ്പം % ഓബ്ജക്റ്റിനു മുമ്പിലേക്ക്
% ഓബ്ജക്റ്റിനു പിന്നിലേക്ക്
f/2 5.84 ft 6.17 ft 0.32 ft 49% 51%
f/4 5.69 ft 6.34 ft 0.65 ft 47% 53%
f/5.6 5.57 ft 6.50 ft 0.92 ft 46% 54%
f/8 5.41 ft 6.73 ft 1.31 ft 45% 55%
f/11 5.20 ft 7.08 ft 1.88 ft 42% 58%
f/32 4.19 ft 10.60 ft 6.39 ft 28% 72%


ഒന്നുരണ്ടു കാര്യങ്ങൾ ഈ ടേബിളിൽ ശ്രദ്ധിക്കുവാനുണ്ട്. f /5.6 നു മുകളിലേക്ക് ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നതായി കണ്ടുവല്ലോ? ആ വർദ്ധനവ് എവിടേക്കാണെന്നുകൂടി നോക്കൂ. ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിന്റെ പിന്നിലേക്കാണ് കൂടുതൽ ഭാഗങ്ങൾ ക്ലിയറായി വരുന്നത് (DoF ശതമാനം നോക്കുക). ഇലകളുടെ തൊട്ടുമുമ്പിൽ നിൽക്കുന്ന ഒരു പൂവിന്റെ ക്ലോസ് അപ്പ് എടുക്കുവാൻ 50 mm ലെൻസിൽ ഈ അപ്പർച്ചർ സൈസ് അനുയോജ്യമാണോ? അല്ലെങ്കിൽ എന്തുകൊണ്ട്? ആലോചിച്ചു നോക്കൂ. ഏത് അപ്പർച്ചർ ആവും ഇവിടെ അനുയോജ്യം? ഇതേ പൂവിനെ 100 mm ലെൻസിന്റെ f/4 ൽ എടുത്താലോ? ആദ്യപോയിന്റിലെ ടേബിൾ നോക്കി ഉത്തരം പറയൂ. അതൊരു ചെമ്പരുത്തി പൂവാണെങ്കിൽ ഇതളും മുമ്പോട്ട് നീണ്ടു നിൽക്കുന്ന പരാഗതന്തുക്കളും ഒരു പോലെ ഫോക്കസിലാക്കുവാൻ 100 mm ൽ f/4 മതിയാവുമോ?

50mm പ്രൈം ലെൻസിന്റെ f/1.8 എന്ന അപ്പർച്ചർ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് എത്ര ചെറുതാണെന്നു കാണിക്കുവാൻ ഒരു ഉദാഹരണം. ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കുക. ചിത്രത്തിലെ ടേപ്പ് മെഷറിൽ 27 ഇഞ്ച് എന്നെഴുതിയിരിക്കുന്ന പോയിന്റിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ലെൻസിൽനിന്നും 27 ഇഞ്ച് അകലെയാണ് ഈ പോയിന്റ് ഫോട്ടോയെടുക്കുമ്പോൾ സെറ്റ് ചെയ്തത്. അതേ പൊസിഷനിൽ ക്യാമറ വച്ചുകൊണ്ട്, അപ്പർച്ചർ f/6.3 എന്നു മാറ്റിയപ്പോൾ ലഭിക്കുന്ന DoF അതിനു താഴെയുള്ള ചിത്രത്തിലുണ്ട്.

3. ഓബ്ജക്റ്റിലേക്കുള്ള ദൂരം:

ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരമാണ് ഡെപ്ത് ഓഫ് ഫീൽഡിനെ നിയന്ത്രിക്കുന്ന മൂന്നാമത്തെ ഘടകം.


ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം കൂടും‌തോറും ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം വർദ്ധിക്കുന്നു.


താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ ഫോക്കൽ ലെങ്ത് 50mm ലും അപ്പർച്ചർ f/4 ലും സ്ഥിരമായി നിർത്തിയിരിക്കുന്നു. ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള അകലമാണ് ഇവിടെ വർദ്ധിപ്പിക്കുന്നത്. DoF ലെ മാറ്റങ്ങൾ ശ്രദ്ധിക്കൂ.

അപ്പർച്ചർ f/4 ഫോക്കൽ ലെങ്ത് 50 mm (മാറ്റമില്ല)
ഓബ്ജക്റ്റിലേക്കുള്ള ദൂരം Near Far DoF വലിപ്പം % ഓബ്ജക്റ്റിനു മുന്നിലേക്ക് % ഓബ്ജക്റ്റിനു പിന്നിലേക്ക്
5 feet 4.79 ft 5.23 ft 0.45 ft 48% 52%
10 feet 9.16 ft 11 ft 1.84 ft 45% 55%
20 feet 16.90 ft 24.5 ft 7.61 ft 41% 59%
40 feet 29.2 ft 63.4 ft 34.2 ft 32% 68%
100 feet 51.9 ft 1334.6 ft 1282.7 ft 4% 96%
110 feet 54.5 ft infinity infinite --- ----


100 അടി അകലെ ഫോക്കസ് ചെയ്യുമ്പോൾ കിട്ടുന്ന ഡെപ്ത് ഓഫ് ഫീൽഡ് നോക്കൂ. 1282 അടി, അതായത് ഏകദേശം 380 മീറ്റർ ! അത്രയും വലിയ DoF ന്റെ വെറും 4% ദൂരം മാത്രമേ ഫോക്കസ് പോയിന്റിനും ക്യാമറയ്ക്കും ഇടയിലുള്ളൂ. ബാക്കിമുഴുവൻ പുറകിലേക്കാണ് 96%. ഫോക്കസ് ചെയ്തിരിക്കുന്ന ദൂരം 110 അടി അകലെയാവുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. ഡെപ്ത് ഓഫ് ഫീൽഡിനു പുറകിലേക്കുള്ള ദൂരം infinity (അനന്തത) വരെ എത്തുന്നു. ഇപ്രകാരം DoF ന്റെ പിന്നറ്റം അനന്തതവരെ നീളുന്ന രീതിയിൽ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും അടുത്ത ഒരു പോയിന്റ് എല്ലാ ലെൻസുകൾക്കും, ഓരോ അപ്പർച്ചറിലും ഉണ്ടാവും. ഈ പോയിന്റിനെ ഹൈപ്പർഫോക്കൽ ലെങ്ത് (Hyperfocal length) എന്നുവിളിക്കുന്നു. ഇതിനെപ്പറ്റി അല്പം കൂടി വിശദമായി പിന്നാലെ ചർച്ചചെയ്യാം.

ചോദ്യം: ഒരു വലിയ ലാന്റ്സ്കേപ്പ് സീൻ. പച്ചനെൽച്ചെടികൾ നിറഞ്ഞ ഒരു വിശാലമായ പാടശേഖരമാണെന്നിരിക്കട്ടെ. മുകളിൽ, അവസാനം പറഞ്ഞ ലെൻസ് സെറ്റിംഗുകളാണു നിങ്ങളുടെ ക്യാമറയിലെങ്കിൽ, നിങ്ങൾ എവിടെ ഫോക്കസ് ചെയ്യും? നൂറടി അകലെയുള്ള ഒരു പോയിന്റിലോ? അതോ അതിനും കുറച്ചപ്പുറത്തോ? ഈ സീനിൽ ബാക്ക്ഗ്രൌണ്ടിൽ കുറേ അകലെയായി ഒരു മലയുണ്ട് എന്നുകരുതുക. അവിടെ നിങ്ങൾ ഫോക്കസ് പോയിന്റ് തെരഞ്ഞെടുക്കുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?


4. ഇമേജ് മാഗ്നിഫിക്കേഷൻ:

യഥാർത്ഥത്തിൽ ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരത്തെയും, ലെൻസിന്റെ ഫോക്കൽ ദൂരത്തേയും ആശ്രയിച്ചാണ് മാഗ്നിഫിക്കേഷൻ തീരുമാനിക്കപ്പെടുന്നത്. ഇമേജ് മാഗ്നിഫിക്കേഷൻ എന്നാലെന്താണെന്നും അത് ക്യാമറയുടെ സെൻസറിന്റെ ക്രോപ് ഫാക്റ്റർ, ഒരു ക്യാമറയിലെ ലെൻസിന്റെ വലിപ്പം എന്നിവയ്ക്കനുസരിച്ച് എങ്ങനെ മാറുന്നു എന്നതും ഒരു പ്രത്യേക അദ്ധ്യായത്തിൽ ചർച്ചചെയ്യേണ്ടത്ര വലിയ വിഷയമാണ്. അതിനാൽ അത് അടുത്ത ഒരു അദ്ധ്യായത്തിലേക്ക് മാറ്റിവയ്ക്കുന്നു.

ലളിതമായി ഒരല്പം ഇവിടെ പറയാം. ഒരു വസ്തുവിന്റെ യഥാർത്ഥ വലിപ്പവും ഒരു ലെൻസ് ഉണ്ടാക്കുന്ന അതിന്റെ പ്രതിബിംബത്തിന്റെ വലിപ്പവും തമ്മിലുള്ള ഒരു അനുപാതമാണ് ഇമേജ് മാഗ്നിഫിക്കേഷൻ. ഒരു ലെൻസുണ്ടാക്കുന്ന പ്രതിബിംബത്തിന്റെ വലിപ്പം അതിന്റെ ഫോക്കൽ ലെങ്തിനെ ആശ്രയിച്ചിരിക്കുന്നു - ഒരു നിശ്ചിത ദൂരത്തിലിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം വ്യത്യസ്ത ലെൻസുകൾ ഉണ്ടാക്കുന്നുവെന്നിരിക്കട്ടെ. വലിയ ഫോക്കൽ ലെങ്തു ഉള്ള ലെൻസ് വലിയ ഇമേജും, ചെറിയ ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് ചെറിയ ഇമേജും ആയിരിക്കും ഉണ്ടാക്കുക. 50 mm ഫോക്കൽ ലെങ്ത് ഉള്ള ലെൻസുണ്ടാക്കുന്നതിന്റെ ഇരട്ടി വലിപ്പമുള്ള പ്രതിബിംബമാവും 100 mm ലെൻസ് ഉണ്ടാക്കുന്നത്. അങ്ങനെയെങ്കിൽ, സൂം ലെൻസുകൾ എങ്ങനെയാണ് ദൂരെയുള്ള വസ്തുക്കളെ അടുത്തേക്ക് കൊണ്ടുവരുന്നത്?

താഴെയുള്ള ചിത്രം നോക്കൂ. ഒരു പാർക്കിന്റെ ചിത്രമാണത് (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക). നീല നിറത്തിലെ ചതുരം ക്യാമറയുടെ സെൻസറിനെ കുറിക്കുന്നു. സെൻസറിൽ വീഴുന്ന പ്രതിബിംബം തന്നെയാണ് നാം വ്യൂഫൈന്ററിലും കാണുന്നത്. 28 mm എന്ന ഫോക്കൽ ലെങ്തിൽ (വൈഡ് ആംഗിൾ) ലെൻസുണ്ടാക്കുന്ന ചെറിയ പ്രതിബിംബം കൃത്യമായും സെൻസറിന്റെ ഏരിയയ്ക്കുള്ളിൽ വീഴാനുള്ള വലിപ്പമേയുള്ളൂ. അതിനാൽ വളരെ വിശാലമായ പുൽത്തകിടിയും ചുറ്റുപാടും നാം ഫോട്ടോയിലും വ്യൂ ഫൈന്ററിലും കാണുന്നു. അതേ സ്ഥലത്തിന്റെ പ്രതിബിംബം 280 mm ഫോക്കൽ ലെങ്തിൽ (സൂം ഇൻ) ലെൻസ് ഉണ്ടാക്കുമ്പോൾ വളരെ വലുതായാണ് രൂപപ്പെടുന്നത് (ചാരനിറത്തിൽ കാണിച്ചിരിക്കുന്ന ഭാഗം). ഈ പ്രതിബിംബത്തിന്റെ നടുവിലുള്ള, സെൻസറിനുള്ളിൽ വീഴുന്ന ഭാഗം മാത്രമേ നാം വ്യൂ ഫൈന്ററിലും ചിത്രത്തിലും കാണുന്നുള്ളൂ, അതിനാൽ ആ ഏരിയ വലുതായി നമുക്ക് തോന്നുന്നു.പ്രായോഗികമായി പറഞ്ഞാൽ, സൂം ഇൻ ചെയ്യുന്നതിനു പകരം ലെൻസിനെ 28mm ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് ചിത്രത്തിന്റെ നടുവിലുള്ള മൂന്നു ചെടികളുടെ അടുത്തേക്ക് നടന്നു പോയാലും ഒരു പ്രത്യേക ദൂരത്തിലെത്തുമ്പോൾ വലതുവശത്തുള്ള അതേ ഫ്രെയിം ലഭിക്കും എന്നറിയാമല്ലോ. അവിടെ എന്താണു സംഭവിച്ചത് എന്നാലോചിച്ചു നോക്കൂ. ആദ്യ ചിത്രം എടുക്കുമ്പോൾ ചെടികളിൽ നിന്നും നാം നൂറുമീറ്റർ അകലെ ആയിരുന്നുവെന്നിരിക്കട്ടെ. ലെൻസ് അതേ ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് മുമ്പോട്ട് നടന്നുവന്ന് 20 മീറ്റർ അകലെ എത്തുമ്പോൾ വലതുവശത്തെ ഫ്രെയിം ലഭിക്കുന്നു എന്നും കരുതുക. 28mm ലെൻസ് നൂറുമീറ്റർ അകലെ വച്ചുണ്ടാക്കുന്ന ചെടികളുടെ പ്രതിബിംബം, അതേ ലെൻസ് ഇരുപതുമീറ്റർ അകലെവച്ചുണ്ടാക്കുന്ന പ്രതിബിംബത്തേക്കാൾ ചെറുതാണ്. ശരിയല്ലേ? അപ്പോൾ മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരത്തെ മാത്രമല്ല, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള അകലത്തേയും ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലായല്ലോ. വിശദമായി രണ്ടദ്ധ്യായങ്ങൾക്കു ശേഷം പഠിക്കാം.

മാഗ്നിഫിക്കേഷൻ അവിടെ നിൽക്കട്ടെ, നമുക്ക് നമ്മുടെ വിഷയത്തിലേക്ക് തിരികെയെത്താം. ഇമേജ് മാഗ്നിഫിക്കേഷനും ഡെപ്ത് ഓഫ് ഫീൽഡും തമ്മിലുള്ള ബന്ധമെന്താണ്?

മാഗ്നിഫിക്കേഷൻ കൂട്ടിയാൽ കുറഞ്ഞ ഡെപ്ത് ഓഫ് ഫീൽഡ്, മാഗ്നിഫിക്കേഷൻ കുറച്ചാൽ കൂടിയ ഡെപ്ത് ഓഫ് ഫീൽഡ്. നടന്നുപോയാലും, സൂം ലെൻസ് ഉപയോഗിച്ചാലും ഒരുപോലെ ബാധകം.


താഴെക്കൊടുത്തിരിക്കുന്ന ടേബിൾ നോക്കൂ. ഈ ഉദാഹരണത്തിൽ ലെൻസിന്റെ അപ്പർച്ചർ f/4 എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരവും സ്ഥിരമാണ് 100 അടി ദൂരം. ഈ വസ്തുവിനെ ഒരു സൂം ലെൻസ് ഉപയോഗിച്ച് സൂം ഇൻ ചെയ്യുമ്പോൾ, ആ വസ്തുവിനു ചുറ്റുമുള്ള ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന വ്യത്യാസമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. 200 mm എന്ന ഫോക്കൽ ലെങ്തിൽ ലെൻസ് ഇരിക്കുമ്പോൾ 11.5 അടിയുണ്ടായിരുന്ന ഡെപ്ത് ഓഫ് ഫീൽഡ്, 350 mm എന്ന ഫോക്കൽ ലെങ്തിലെത്തുമ്പോൾ വെറും 3.74 അടിയായി ചുരുങ്ങുന്നത് ശ്രദ്ധിക്കൂ.

അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 100 ഫീറ്റ് (മാറ്റമില്ല)
Zoom (focal distance) Near Far DoF വലിപ്പം % ഓബ്ജക്റ്റിനു മുന്നിലേക്ക് % ഓബ്ജക്റ്റിനു പിന്നിലേക്ക്
200 mm 94.6 ft 106.1 ft 11.5 ft 47% 53%
250 mm 96.5 ft 103.8 ft 7.36 ft 48% 52%
300 mm 97.5 ft 102.6 ft 5.1 ft 49% 51%
350 mm 98.2 ft 101.9 ft 3.74 ft 49% 51%

അടുത്ത ടേബിൾ ഇതുവരെ പറഞ്ഞവയിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് ഓരോ നിരയിലും മുൻ‌നിരയിലുണ്ടായിരുന്നതിന്റെ ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവും ഇരട്ടിയാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്താണു സംഭവിച്ചതെന്നു മനസ്സിലായോ? എല്ലാ സെറ്റിംഗുകളിലും ലഭിക്കുന്ന ഇമേജ് സൈസ് ഒന്നുതന്നെ. അതുകൊണ്ടുതന്നെ ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം മാറാതെ നിൽക്കുന്നതു കണ്ടുവോ !! f/4 എന്ന അപ്പർച്ചർ അതിന്റെ പകുതിയാക്കിക്കുറച്ചിരിക്കുന്നു (f/8) ടേബിളിന്റെ അവസാനത്തെ കോളത്തിൽ. ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പത്തിനെന്തു സംഭവിക്കുന്നു എന്നു നോക്കൂ. അത് f/4 ൽ ഉണ്ടായിരുന്ന DoF ന്റെ ഇരട്ടിയായി പക്ഷേ, സൂം വർദ്ധിക്കുംതോറും അതും സ്ഥിരമായി നിൽക്കുന്നു എന്നു കണ്ടല്ലോ.

Focal length Distance to object DoF @ f/4 DoF @ f/8
50 mm 5 feet 0.45 feet 0.95 feet
100 mm 10 feet 0.45 feet 0.95 feet
200 mm 20 feet 0.45 feet 0.95 feet
400 mm 40 feet 0.45 feet 0.95 feet


ചുരുക്കത്തിൽ, ഒരേ ഇമേജ് മാഗ്നിഫിക്കേഷനിൽ ഡെപ്ത് ഓഫ് ഫീൽഡ് ഒരേ വലിപ്പത്തിൽ തന്നെ. മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരവുമായും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഡെപ്ത് ഓഫ് ഫീൽഡിനു നിർണ്ണയിക്കുന്ന കാര്യങ്ങളെ രണ്ടെണ്ണമായി ചുരുക്കാം - അപ്പർച്ചറും, ഇമേജ് മാഗ്നിഫിക്കേഷനും.

ചില ചോദ്യങ്ങൾ : പോർട്രെയ്റ്റുകൾ എടുക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഫോട്ടോഗ്രാഫർമാർ പ്രൈം ലെൻസുകൾ മാറ്റിയിട്ട് സൂം ലെൻസുകൾ ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നത്? സൂം ലെൻസുകൾ ഉപയോഗിച്ചാൽ മാത്രമേ വളരെ കുറഞ്ഞ DoF ലഭിക്കുകയുള്ളൂ എന്നുണ്ടോ? ഒരു 50 mm ലെൻസ് ഉപയോഗിച്ച് കൊണ്ട് വളരെ കുറഞ്ഞ DoF ഉണ്ടാക്കിയെടുക്കുവാൻ എന്തുചെയ്യണം? പല എൻ‌ട്രി ലെവൽ സൂം ലെൻസുകളുടെയും അപ്പർച്ചറുകൾ f/4 ൽ ആണ് ആരംഭിക്കുന്നത്. 50mm പ്രൈം ലെൻസുകളിൽ 1.8 വരെ പോകാം. ഇതുകൊണ്ടുള്ള ഗുണം DoF context ൽ എന്താണ്? ക്ലോസ് അപ് ചിത്രങ്ങളിൽ ഡെപ്ത് ഓഫ് ഫീൽഡ് കുറവായി കാണപ്പെടുന്നതെന്തുകൊണ്ട്?

താഴെയുള്ള രണ്ടു ചെമ്പരുത്തി ചിത്രങ്ങളിൽ ആദ്യത്തേത് 55 mm ലെൻസ് ഉപയോഗിച്ചും രണ്ടാമത്തേത് 300 mm സൂം ലെൻസ് ഉപയോഗിച്ചും എടുത്തതാണ്. എന്തുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന്റെ DoF കുറവായി തോന്നുന്നത്?

ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ:

വളരെ എളുപ്പത്തിൽ വിവിധ ലെൻസ് സെറ്റിംഗുകളിലെ ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കുവാനായി ഇന്റർനെറ്റിൽ ഓൺ‌ലൈൻ ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്ററുകൾ ലഭ്യമാണ്. അവയിൽ വളരെ പ്രയോജനപ്രദമായി തോന്നിയ ഒരു സൈറ്റാണ് DOF Master. ആ സൈറ്റിന്റെ ലിങ്ക് ഇവിടെയുണ്ട്. ഇടതു വശത്തായുള്ള ഫീൽഡിൽ ആദ്യം നിങ്ങളുടെ ക്യാമറയുടെ മോഡൽ സെലക്റ്റ് ചെയ്യുക (ലിസ്റ്റിൽ ഇല്ലെങ്കിൽ ഏറ്റവും അടുത്ത മോഡൽ തെരഞ്ഞെടുക്കൂ). രണ്ടാമത്തെ ഫീൽഡിൽ അപ്പർച്ചറും, മൂന്നാമത്തെ ഫീൽഡിൽ ഓബ്ജക്റ്റിലേക്കുള്ള ദൂരവും തെരഞ്ഞെടുത്തിട്ട് കാൽക്കുലേറ്റ് എന്ന ബട്ടൺ അമർത്താം. ദൂരത്തിന്റെ യൂണിറ്റായി നിങ്ങളുടെ സൌകര്യം പോലെ ഫീറ്റ്, മീറ്റർ, സെന്റിമീറ്റർ ഏതും തെരഞ്ഞെടുക്കാം. ഡെപ്ത് ഓഫ് ഫീൽഡ് റെഡി!

ഈ സൈറ്റിൽ തന്നെ സൌജന്യമായി ഡൌൺ‌ലോഡ് ചെയ്യാവുന്ന ഒരു ഓഫ് ലൈൻ കാൽക്കുലേറ്ററിന്റെ ലിങ്കും കാണാം. അത് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ ഡെപ്ത് ഓഫ് ഫീൽഡ് റേഞ്ചുകൾ മനസ്സിലാക്കുവാൻ സാധിക്കും. ഓഫ് ലൈൻ കാൽക്കുലേറ്ററിനേക്കാൾ കൂടുതൽ നല്ലതായി തോന്നുന്നത് ഓൺ‌ലൈൻ കാൽക്കുലേറ്റർ ആണ്. അതുപയോഗിച്ച് നിങ്ങൾ തന്നെ വിവധ സെറ്റിങ്ങുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കി നോക്കുക. നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ റേഞ്ച് തന്നെ പരിശോധിക്കുന്നതാവും കൂടുതൽ നല്ലത് - കാരണം പ്രായോഗികമായി ആ ലെൻസ് ആണല്ലോ നിങ്ങൾ എപ്പോഴും ഉപയോഗിക്കുക.

ഇവകൂടാതെ ഒരു ഡെപ്ത് ഓഫ് ഫീൽഡ് ചാർട്ടും (പ്രിന്റു ചെയ്ത് കൈയ്യിൽ സൂക്ഷിക്കാവുന്നത്) ഈ സൈറ്റിൽ ലഭ്യമാണ്.


ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്:


താഴെയുള്ള ടേബിൾ നോക്കൂ. ഒരു 50 mm ലെൻസ് അപ്പർച്ചർ സൈസുകൾ മാത്രം മാറ്റിക്കൊണ്ട് മുമ്പിലുള്ള ഒരു പോയിന്റിലേക്ക് ഫോക്കസ് ചെയ്യുകയാണ്. ഓരോ അപ്പർച്ചർ സൈസിലും ഒരടി അകലം വീതം വ്യത്യാസമുള്ള രണ്ടു പ്രത്യേക ദൂരങ്ങളിൽ ഫോക്കസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിലൊന്നിൽ (Far end of DoF) വച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ പിന്നാമ്പുറം അനന്തതയിലേക്ക് നീളുന്നു. മാത്രവുമല്ല, ഫോർഗ്രൌണ്ടിൽ ഷാർപ്പല്ലാതെ ലഭിക്കുന്ന ഭാഗത്തിന്റെ ദൂരവും വളരെ കുറയുന്നു. ഫലമോ? ഫോർഗ്രൌണ്ട് മുതൽ ഇൻഫിനിറ്റി വരെ നീളുന്ന വിശാലമായ ഡെപ്ത് ഓഫ് ഫീൽഡ് !


Focused at Near end of DoF Far end of DoF DoF വലിപ്പം
f 5.6 75 feet 37.9 ft 3875.9 ft 3838 ft
76 feet 38.1 ft Infinity Infinite
f 8 53 feet 26. ft 2541.7 ft 2514.9 ft
54 feet 27 ft Infinity Infinite
f 11 38 feet 19.1 ft 4525.9 ft 4506.9 ft
39 feet 19.3 ft Infinity Infinite
f 16 27 feet 13.5 ft 5036.7 ft 5023.2 ft
28 feet 13.8 ft Infinity Infinite


ഇപ്രകാരം, ഓരോ ലെൻസിനും, ഒരു പ്രത്യേക അപ്പർച്ചർ സെറ്റിംഗിൽ ഡെപ്ത് ഓഫ് ഫീൽഡിനു പരമാവാധി വ്യാപ്തി കൈവരുത്താവുന്ന രീതിയിൽ അതിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഒരു ദൂരം, ക്യാമറയ്ക്കുമുന്നിൽ ഉണ്ടാവും. ഈ അകലത്തെയാണ് ഹൈപ്പർഫോക്കൽ ഡിസ്റ്റൻസ് (hyperfocal distance) എന്നുവിളിക്കുന്നത്. മുകളിലെ ടേബിളിൽ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ 50 mm ക്യാമറ ലെൻസ് 5.6 എന്ന അപ്പർച്ചറിൽ ഇരിക്കുമ്പോൾ 76 അടിയിലും കൂടുതലായ ഒരു പോയിന്റിൽ ഫോക്കസ് ചെയ്താൽ, ക്യാമറയിൽ നിന്ന് 38 അടി ദൂരം മുതൽ അങ്ങ് അനന്തത വരെ നീളുന്ന ഒരു മേഖലമുഴുവൻ നല്ല ഷാർപ്പായി ഫോട്ടോ ലഭിക്കും എന്നുകാണാമല്ലോ?

ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് ഏറ്റവും ഗുണം ചെയ്യുന്നത് വൈഡ് ആംഗിൾ ഫോട്ടോകളിലാണ് (50mm നു താഴെയുള്ള ആംഗിളുകൾ). കാരണം, ഫോക്കല്‍ ലെങ്ങ്തുകള്‍ കൂടുതലായ ലെന്‍സുകള്‍ ഉപയോഗിച്ച് മാക്സിമം DOF ലഭിക്കത്തക്കവിധം  ഫോക്കസ്‌ ചെയ്യാവുന്ന ഏറ്റവും അടുത്ത പോയിന്റുകളും ഒരു വൈഡ്‌ ആംഗിള്‍ ലെന്സിനെ അപേക്ഷിച്ച് അകലെ ആയിരിക്കുമല്ലോ? അതുകൊണ്ട് തന്നെ Extreme സൂം ലെൻസുകൾ ഉപയോഗിച്ച് എടുക്കുന്ന ഫ്രെയിമുകളിൽ ഈ കൺസെപ്റ്റ് കൊണ്ട് വലിയ പ്രയോജനമില്ല. ഉദാഹരണത്തിന് 200 mm, 300 mm എന്നീ ഫോക്കൽ ലെങ്തുകളിൽ ഒരു സൂം ലെൻസ് നൽകുന്ന ഹൈപ്പർ ഫോക്കൽ ലെങ്തുകൾ നോക്കൂ. അപ്പർച്ചർ സൈസ് കുറയ്ക്കുമ്പോൾ ഹൈപ്പർ ഫോക്കൽ ലെങ്തിനു എന്തു സംഭവിക്കുന്നു എന്നും ശ്രദ്ധിക്കുക. ഹൈപ്പര്‍ ഫോക്കല്‍ ഡിസ്ടന്‍സ് കുറയുന്നുണ്ടെങ്കിലും അതൊന്നും ഒരു വൈഡ്‌ ആംഗിള്‍ ലെന്‍സിനോളം പോരാ എന്ന് മനസ്സിലായല്ലോ?

ഫോക്കൽ ലെങ്ത് / അപ്പർച്ചർ Hyperfocal distance
200 mm @ f/5.6 1221.7 feet
200 mm @ f/8 864.0 feet
200 mm @ f/22 305.9 feet
300 mm @ f/5.6 2748.2 feet
300 mm @ f/8 1943.6 feet
300 mm @ f/22 687.8 feet


ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ വിവിധ ഫോക്കൽ ലെങ്തുകളിലും അപ്പർച്ചറിലും ഉള്ള ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് കണ്ടുപിടിക്കൂ.


ഷാർപ്പ് ലാന്റ്സ്കേപ്പ് ചിത്രം : ഒരു ടിപ്പ്:

ലാന്റ്‌സ്കേപ്പ് ഫോട്ടോഗ്രാഫി ചെയ്യുമ്പോൾ വളരെയധികം പ്രയോജനകരമായ ഒരു കാര്യമാണിത്. നിങ്ങളുടെ കൈവശമുള്ള ലെൻസിന്റെ 50 mm നു താഴെയുള്ള ഫോക്കൽ ലെങ്തുകളിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്, വിവിധ അപ്പർച്ചറുകളിൽ, ഓൺ‌ലൈൻ DoF കാൽക്കുലേറ്റർ ഉപയോഗിച്ച് കണ്ടുപിടിക്കൂ. ഇത് മനസ്സിലുണ്ടാവണം. ഫോട്ടോയെടുക്കേണ്ട സീനിൽ ഹൈപ്പർ ഫോക്കൽ പോയിന്റ് ഏകദേശം എവിടെയാണെന്നു കണ്ടുപിടിക്കുവാൻ ഒരു എളുപ്പവഴിയുണ്ട്. നിങ്ങൾ ഒരു ലാന്റ്സ്കേപ്പ് ഫോട്ടോയെടുക്കുവാൻ തുടങ്ങുന്നു എന്നിരിക്കട്ടെ. ഇഷ്ടമുള്ള ഒരു അപ്പർച്ചർ സെറ്റ് ചെയ്യൂ. കുറഞ്ഞ അപ്പർച്ചർ ആയിപ്പോയാൽ DoF കുറയുമോ എന്നൊന്നും ആശങ്കവേണ്ട. എങ്കിലും f/4 നു മുകളിലേക്ക് സെറ്റ് ചെയ്താൽ മതിയാവും. ഇനി ഫോട്ടോയെടുക്കാൻ ഉദ്ദേശിക്കുന്ന സീനിന്റെ ഏകദേശം മൂന്നിലൊന്നുഭാഗം ഉള്ളിലേക്ക് മാറി (നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും), നിലത്ത് ഫോക്കസ് ചെയ്യൂ. ഇനി ഫോക്കസ് ലോക്ക് ചെയ്തുപിടിച്ചുകൊണ്ട് ഫ്രെയിം റീക്കമ്പോസ് ചെയ്യുക. ഫോക്കസ് ലോക്ക് ചെയ്യുവാനായി വലിയ ചിട്ടവട്ടങ്ങളൊന്നുമില്ല. സാധാരണ എല്ലാ ഡിജിറ്റൽ ക്യാമറകളിലും ഷട്ടർ റിലീസ് ബട്ടൺ പകുതി അമർത്തിപ്പിടിച്ചിരുന്നാൽ ഫോക്കസ് ലോക്കാവും. ഇനി ചിത്രമെടുത്തോളൂ. ക്യാമറയിൽ നിന്ന് ഏതാനും മീറ്റർ അകലം മുതൽ അങ്ങനന്തതവരെ നീളുന്ന ഷാർപ്പായ ഒരു ഇമേജ് കിട്ടും! പരീക്ഷിച്ചു നോക്കിയിട്ട് ചിത്രം പബ്ലിഷ് ചെയ്യണം എല്ലാവരും.

ഒരു ചോദ്യം കൂടി ചോദിക്കട്ടേ? ചെറിയ അപ്പർച്ചർ സുഷിരങ്ങൾ (വലിയ f number) മാത്രമേ ഷാർപ്പായ ചിത്രങ്ങൾ നൽകുകയുള്ളോ? അല്ലെങ്കിൽ, ഏതു സാഹചര്യത്തിൽ വലിയ അപ്പർച്ചർ ഉപയോഗിച്ചും ഷാർപ്പായ ചിത്രങ്ങളെടുക്കാം?


സംഗ്രഹം:

  • ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന് മുമ്പിലും പുറകിലുമായി ഒരു നിശ്ചിത വിസ്തൃതിയിലുള്ള ഭാഗങ്ങൾകൂടി ‘ഷാർപ്പായി’ കാണപ്പെടും. ഈ ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നു വിളിക്കുന്നത്
  • ഡെപ്ത് ഓഫ് ഫീൽഡ് പ്രധാനമായും നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) ലെൻസിന്റെ അപ്പർച്ചർ (2) ലെൻസിന്റെ ഫോക്കൽ ദൂരം (3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം (4) ഇമേജ് മാഗ്നിഫിക്കേഷൻ. ഇമേജ് മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ലെങ്തിനേയും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കുന്നു.
  • വലിയ അപ്പർച്ചർ സുഷിരങ്ങൾ ലെൻസിനോട് വളരെ അടുത്ത് ഉണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് നേരിയതായിരിക്കും.
  • അപ്പർച്ചർ സൈസ് കൂട്ടുമ്പോഴും, ഇമേജ് മാഗ്നിഫിക്കേഷൻ വർദ്ധിപ്പിക്കുമ്പോഴും ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു.
  • ഡെപ്ത് ഓഫ് ഫീൽഡിന് ഏറ്റവും കൂടുതൽ വിസ്തൃതി ലഭിക്കത്തക്കവിധം - ഫോർഗ്രൌണ്ടിലും ബാക്ക്ഗ്രൌണ്ടിലും - ഒരു ലെൻസിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ അകലത്തെ, ആ ലെൻസിന്റെ, അപ്പോഴുള്ള അപ്പർച്ചർ സെറ്റിംഗിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്നു വിളിക്കുന്നു.

ഡെപ്ത് ഓഫ് ഫീൽഡിന്റെ തുടർന്നുള്ള ചർച്ചകൾ അടുത്ത പോസ്റ്റിൽ.

Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Thursday, July 2, 2009

പാഠം 18: ISO സെറ്റിംഗുകളും എക്സ്പോഷറും

കഴിഞ്ഞ നാല് അദ്ധ്യായങ്ങളിലായി എക്സ്പോഷറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നാം ചർച്ചചെയ്തുകൊണ്ടിരുന്നത്. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനമായ എക്സ്പോഷർ ത്രികോണ ത്തിലെ മൂന്നാമത്തെ അംഗത്തെക്കൂടി പരിചയപ്പെട്ടിട്ട് എക്സ്പോഷറിനെപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കാം.

ഒരു എക്സ്പോഷർ സെറ്റിംഗ് നിർണ്ണയിക്കുന്ന മുന്ന് അടിസ്ഥാനകാര്യങ്ങളായ അപ്പർച്ചർ, ഷട്ടർ സ്പീഡ്, ISO സെറ്റിംഗുകൾ എന്നിവയാണല്ലോ ഈ ത്രികോണത്തിലെ മൂന്ന് കോണുകളെ പ്രതിനിധാനം ചെയ്യുന്നത്. ഇതില്‍ ആദ്യത്തേതു രണ്ടും നാം വിശദമായി പഠിച്ചു. മൂന്നാമത്തെ ഘടകമായ ISO യും പ്രകാശനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയാണു ചെയ്യുന്നതെങ്കിലും അതിന്റെ പ്രവര്‍ത്തന സംവിധാനം ഒരൽ‌പ്പം വ്യത്യസ്തമാണ്. നമുക്കറിയാം, അപ്പർച്ചറും ഷട്ടറും ക്യാമറയ്ക്കുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ Physically നിയന്ത്രിക്കുന്ന ഘടങ്ങളാണ്. അതേസമയം ISO എന്നത് ഒരു ഡിജിറ്റൽ ക്യാമറയുടെ സെന്‍സറില്‍ നിന്നു ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട കാര്യമാണ്.

ഫോട്ടോഗ്രാഫിക് സെൻസറിന്റെ വിശദമായ ഘടന ഈ ബ്ലോഗിലെ പാഠം 4 - ഡിജിറ്റല്‍ ചിത്രങ്ങള്‍, പാഠം 6 - സീമോസും സിസിഡിയും എന്നീ അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. “ISO സെറ്റിംഗുകളും നോയിസും” എന്ന അദ്ധ്യായത്തിൽ സെൻസറിന്റെ സെൻസിറ്റിവിറ്റി എന്നാൽ എന്താണെന്നും വിശദീകരിച്ചിരുന്നു. ഒന്നുകൂടി പെട്ടന്ന് ഓർമ്മപ്പെടുത്താം. സെൻസിറ്റിവിറ്റി എന്നാൽ ഒരു ഡിജിറ്റല്‍ ക്യാമറയുടെ സെൻസറിന്റെ പ്രകാശസംവേദനക്ഷമതയാണ്. ഓരോ സെൻസറിനും അതിനു സ്വതവേയുള്ള ഒരു സെൻസിറ്റിവിറ്റിയുണ്ടാവും. അതിൽ നിന്നു ലഭിക്കുന്ന സിഗ്നലുകളെ വർദ്ധിതമാക്കിയാണ് (amplify) നമുക്ക് ലഭിക്കുന്ന ചിത്രങ്ങളുടെ ഡേറ്റയുണ്ടാക്കുന്നത്. സെന്‍സിറ്റിവിറ്റി കൂട്ടുമ്പോള്‍ ഇപ്രകാരം സെന്‍സറില്‍ നിന്നു ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളുടെ ആം‌പ്ലിഫിക്കേഷന്‍ ആണു കൂട്ടുന്നത്. തന്മൂലം ഒരു പ്രധാന പ്രശ്നം നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഡേറ്റയുണ്ടാക്കുവാനുള്ള ഇലക്ട്രിക് സിഗ്നലുകളോടൊപ്പം, നമുക്ക് വേണ്ടാത്ത ‘നോയിസ്’ സിഗ്നലുകളും ആം‌പ്ലിഫൈ ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് വളരെ ഉയര്‍ന്ന ISO നമ്പറുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് നോയിസ് ഉണ്ടാകുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ ഉയര്‍ന്ന ISO നമ്പറുകളില്‍ പൊതുവേ കൂടുതലായി നോയിസ് ബാധിക്കപ്പെടുന്നു. SLR കളില്‍ അത്രത്തോളം ഈ പ്രശ്നം കാ‍ണാറില്ല. ഇതിന്റെ കാര്യകാരണങ്ങള്‍ വിശദമായി അറിയാന്‍ താല്പര്യമുള്ളവര്‍ പാഠം 10: ISO സെറ്റിംഗുകളും നോയിസും എന്ന അദ്ധ്യായം ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.

ഈ അദ്ധ്യായത്തില്‍ നമ്മുടെ ചര്‍ച്ചാവിഷയം അതല്ല. എക്സ്പോഷര്‍ നിര്‍ണ്ണയത്തില്‍ ISO യുടെ പങ്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ്. ഇപ്പോഴത്തെ പുതിയ മോഡല്‍ ക്യാമറകളിലെല്ലാം തന്നെ ഉയര്‍ന്ന ISO റേറ്റിംഗ് ഒരു (മാര്‍ക്കറ്റിംഗ്) പ്ലസ് പോയിന്റായി എടുത്തുകാട്ടാറുണ്ടല്ലോ. ISO 3200 വരെ ലഭ്യമായ ഡിജിറ്റല്‍ ക്യാമറകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനു മുമ്പായി ഒരു പ്രാക്റ്റിക്കല്‍ രംഗം ഒന്നു നോക്കാം. ഒരു സ്റ്റേജില്‍ കഥകളി നടക്കുന്നു. നിങ്ങള്‍ അതിലെ ചില രംഗങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തുവാനായി സദസില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സദസ്യര്‍ക്ക് ശല്യമുണ്ടാക്കാതെ ക്യാമറ ട്രൈപ്പോഡില്‍ ഉറപ്പിച്ച്, ക്യാമറയില്‍ ഒരു 300 mm സൂം ലെന്‍സും പിടിപ്പിച്ച് നിങ്ങള്‍ ഫോട്ടോയെടുക്കുവാനായുള്ള തയ്യാറെടുപ്പിലാണ്. രംഗത്തെ ലൈറ്റ് സെറ്റിംഗ് ഉപയോഗിച്ചു വേണം ഫോട്ടോയെടുക്കുവാന്‍, ഫ്ലാഷിന്റെ പരിധി അവിടെ വരെ എത്തുന്നില്ല. ലൈറ്റ് കുറവായതിനാല്‍ ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ തുറന്നു വച്ചിരിക്കുകയാണ്. ISO 200 ല്‍ സെറ്റ് ചെയ്തിരിക്കുന്നു.

ക്യാമറയിലെ ലൈറ്റ് മീറ്റര്‍ ഈ രംഗത്തിനു അനുയോജ്യമായ എക്സ്പോഷര്‍ f/4, 1/30 sec എന്നു കാണിക്കുന്നുണ്ടെന്നിരിക്കട്ടെ. പക്ഷേ കഥകളി നടന്മാരുടെ ചലനങ്ങള്‍ അല്പം ദ്രുതഗതിയിലായതിനാല്‍ എടുക്കുന്ന പടങ്ങളിലെല്ലാം കൈകളുടെ ചലനം ദൃശ്യമാവുന്നു. എന്തുചെയ്യും? ഷട്ടര്‍ സ്പീഡ് 1/125 സെക്കന്റ് എന്നാക്കി മാറ്റിയാല്‍ ഈ പ്രശ്നം ഒഴിവായിക്കിട്ടും എന്നു നിങ്ങള്‍ക്കറിയാം. അതായത് ഷട്ടര്‍ സ്പീഡ് സ്കെയിലിലെ രണ്ട്ഫുള്‍ സ്റ്റോപ്പുകള്‍ക്കു മുകളില്‍ (ഷട്ടര്‍, അപ്പര്‍ച്ചര്‍ സ്കെയിലുകള്‍ ഓര്‍മ്മയില്ലാത്തവര്‍ അതാതു അദ്ധ്യായങ്ങള്‍ നോക്കുക)‍. പക്ഷേ ഷട്ടര്‍ സ്പീഡില്‍ രണ്ടു സ്റ്റോപ്പുകള്‍ മുകളിലേക്ക് പോയാല്‍, f/4, 1/30 sec എന്നതിനു തത്തുല്യമായ എക്സ്പോഷര്‍ ലഭിക്കാന്‍ അപ്പര്‍ച്ചര്‍ സ്കെയിലില്‍ രണ്ട് ഫുള്‍ സ്റ്റോപ്പുകള്‍ താഴേക്ക് പോകേണ്ടതുണ്ട് (f/2) എന്നറിയാമല്ലോ? പക്ഷേ ഇത്രയും ചെറിയ അപ്പര്‍ച്ചര്‍ നമ്പര്‍ നിങ്ങളുടെ കൈയ്യിലുള്ള ലെന്‍സില്‍ ലഭ്യമല്ല എന്നിരിക്കട്ടെ. ഈ സാഹചര്യത്തിലാണ് ISO ഫോട്ടോഗ്രാഫറുടെ സഹായത്തിനെത്തുന്നത്! അദ്ദേഹം ISO 200 എന്നത് ISO 800 എന്ന് മാറ്റി സെറ്റ് ചെയ്യുന്നു. ഷട്ടര്‍ സ്പീഡ് 1/125 എന്നാക്കി മാറ്റിക്കൊണ്ട് f/4 എന്ന അപ്പര്‍ച്ചറില്‍ ചിത്രം എടുക്കുന്നു. ഹാവൂ, ആശ്വാസം! ഒരു പ്രശ്നവുമില്ല.

ഇവിടെ എന്താണ് ക്യാമറ ചെയ്തത് എന്നു മനസ്സിലായല്ലോ? ഷട്ടര്‍ സ്പീഡ് മൂന്നു സ്റ്റോപ്പുകള്‍ മുകളിലേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച പ്രകാശക്കുറവ് പരിഹരിക്കുവാനായി, സെന്‍സറിന്റെ സിഗ്നല്‍ ആം‌പ്ലിഫിക്കേഷന്‍ അതിനു തുല്യമായ അളവില്‍ വര്‍ദ്ധിപ്പിച്ചു. അങ്ങനെ കൂടുതല്‍ പ്രകാശം ക്യാമറയിലേക്ക് കടന്ന ഒരു പ്രതീതി ഉണ്ടാക്കിത്തീര്‍ത്തു. അതായത് ഒരു ഫുള്‍ സ്റ്റോപ്പ് എക്സ്പോഷര്‍ മാറ്റത്തിനു തുല്യമായ എഫക്റ്റാണ് ഒരു ഫുള്‍ സ്റ്റോപ്പ് ISO സെറ്റിംഗ് മാറ്റത്തിലൂടെ നമുക്ക് ലഭ്യമാവുന്നത്.


ഷട്ടറിന്റെയും, അപ്പര്‍ച്ചറിന്റെയും ഫുള്‍‌സ്റ്റോപ്പ് സ്കെയിലുകളെ പരിചയപ്പെട്ടതുപോലെ ISO യുടെ സ്കെയില്‍ കൂടി ഒന്നു പരിചയപ്പെടാം. സാധാരണയായി ISO സ്കെയില്‍ ആരംഭിക്കുന്ന നമ്പര്‍ വിവിധ ക്യാമറകളില്‍ വ്യത്യസ്തമാണ്. എങ്കിലും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ 50, 100 എന്നിവയില്‍ ഒന്നിലോ SLR ക്യാമറകളില്‍ 100, 200 എന്നീ നമ്പറുകളില്‍ ഒന്നിലോ ആണ് ISO ആരംഭിക്കുന്നതായി കാണുന്നത്. എവിടെനിന്നാരംഭിക്കുന്നു എന്നതിലല്ല, അവയുടെ നമ്പര്‍ കൂടുന്ന ക്രമം അനുസരിച്ചാണ് ഏതു സ്കെയിലിലാണ് അവ സെറ്റ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത്.

ISO യുടെ ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇപ്രകാരമാണ്.

ISO scale full stop 100 200 400 800 1600


എങ്കിലും ഇന്നത്തെ ക്യാമറകളില്‍ ഫുള്‍ സ്റ്റോപ്പ് സ്കെയിലുകളേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് കൂടുതല്‍ ഫൈന്‍ട്യൂണീംഗ് സാധ്യമായ 1/3 സ്റ്റോപ്പ് സ്കെയില്‍ ആണെന്ന് അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്കെയിലുകളെപ്പറ്റി ചര്‍ച്ച ചെയ്ത അവസരത്തില്‍ പറഞ്ഞിരുന്നല്ലോ. ഇവിടെയും അതേപോലെ 1/3 increments ലുള്ള ഒരു സ്കെയില്‍ ലഭ്യമാണ്. അതിപ്രകാരമാണ്.

ISO scale
1/3 stops
100 125 160 200 250 320
400 500 640 800 1000 1250
1600


നിങ്ങളുടെ ക്യാമറയിലെ ISO സെറ്റിംഗ് മാറ്റുമ്പോള്‍ ഏറിയകൂറും ഇപ്രകാരമായിരിക്കും നിങ്ങള്‍ക്ക് ISO സ്കെയില്‍ ലഭിക്കുക. മിക്കവാറും എല്ലാ ക്യാമറകളും ഓട്ടോ ISO എന്നൊരു സെറ്റിംഗ് തരുന്നുണ്ട്. ഇവിടെ പ്രോഗ്രാം മോഡുകളില്‍ ഫോട്ടോഗ്രാഫര്‍ സെറ്റ് ചെയ്യുന്ന അപ്പര്‍ച്ചര്‍, ഷട്ടര്‍ കോമ്പിനേഷനുകളുടെ ഉള്ളില്‍ത്തന്നെ എക്സ്പോഷര്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധ്യമാവുന്ന ഒരു ISO സെറ്റിംഗ് ക്യാമറ സ്വയം തെരഞ്ഞെടുക്കുന്നു. എന്നാല്‍ ആദ്യം സൂചിപ്പിച്ചതുപോലെ വളരെ ഉയര്‍ന്ന ISO നമ്പറുകളില്‍ നോയിസ് ശല്യം ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ഈ സൌകര്യം disable ചെയ്യുകയോ അല്ലെങ്കില്‍ ഒരു പരിധിക്കുള്ളില്‍ മാത്രം ഓട്ടോ സെലക്ഷനു അനുമതി നല്‍കുകയോ ചെയ്യാവുന്നതാണ്.

ഉയര്‍ന്ന ISO സെറ്റിംഗുകളിലെ നോയിസ് കുറയ്ക്കുവാനായി പല പ്രതിവിധികളും വിവിധ ക്യാമറ നിര്‍മ്മാതാക്കള്‍ അവരുടെ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇമേജുകളെ വളരെ സോഫ്റ്റ് ആക്കിമാറ്റുന്നതാണ്. ഇതിനുപകരം ഫോട്ടോഷോപ്പില്‍ പോസ്റ്റ് പ്രോസസിംഗില്‍ നോയിസ് മാറ്റുവാനുള്ള ഫില്‍റ്ററുകള്‍ ലഭ്യമാണ്. നോയിസ് മാറ്റുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്രശ്നം നോയിസ് മാറ്റപ്പെടുന്നതിനോടൊപ്പം നല്ല ഡേറ്റയും കുറച്ചൊക്കെ നഷ്ടപ്പെടുന്നു എന്നതാണ്. ഉയര്‍ന്ന ISO സെറ്റിംഗുകളിലെ നോയിസിന് മറ്റൊരു കാരണം നീണ്ട എക്സ്പോഷറുകളാണ്. സാധാരണയായി രണ്ട് സെക്കന്റിലധികം നീളുന്ന എക്സ്പോഷറുകളില്‍, ISO 800 നു മേല്‍ സെറ്റിങ്ങുകളില്‍ നോയിസ് കൂടുതലായി കാണുന്നു. സെന്‍സറിലെ പിക്സലുകള്‍ ചൂടാവുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടുനോക്കൂ. ഇടതുവശത്തേത് ISO 1600 ല്‍ എടുത്തത് (2 sec) വലതുവശത്തേത് ISO 200 ല്‍ എടുത്തത് (6 sec).


കൂടുതല്‍ സമയം എക്സ്പോസ് ചെയ്യേണ്ട ചിത്രങ്ങളിലെ നോയിസ് കുറയ്ക്കുവാനുള്ള ഏറ്റവും നല്ല വഴി, കുറഞ്ഞ ISO സെറ്റിംഗുകളില്‍ ട്രൈപ്പോഡില്‍ വച്ച് ആ ചിത്രങ്ങള്‍ എടുക്കുക എന്നതാണ്.


തത്തുല്യമായ എക്സ്പോഷറുകള്‍: Equivalent exposures

എക്സ്പോഷറുകളെപ്പറ്റി ഇത്രയും വിശദമായി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ടാവുമല്ലോ. ഒരു പ്രത്യേക എക്സ്പോഷര്‍ എന്നത് അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയുടെ ഒരു പ്രത്യേക സെറ്റിംഗ് എന്നതിനേക്കാളുപരി ആ സെറ്റിംഗ് ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുന്ന ലൈറ്റിന്റെ അളവാണ്. അതുകൊണ്ടാണ് ഒരേ രംഗം നാം വ്യത്യസ്ത ക്യാമറകള്‍ കൊണ്ടു പകര്‍ത്തിയാലും ചിത്രങ്ങള്‍ ഒരേപോലെ ലഭിക്കുന്നത്. ഒരു പക്ഷേ അവയുടെ ഫയലുകളുടെ എക്സിഫ് ഡേറ്റ പരിശോധിച്ചാല്‍ വിവിധക്യാമറകള്‍ ഒരേ രംഗം (ഫുള്‍ ഓട്ടോ മോഡില്‍) പകര്‍ത്തിയിരിക്കുന്നത് വിവിധ സെറ്റിംഗുകളില്‍ ആണെന്നുകാണാം. എങ്കിലും ലഭിച്ചിരിക്കുന്ന റിസല്‍ട്ട് ഒന്നുതന്നെ!

ഇതിങ്ങനെ സാധ്യമാവണമെങ്കില്‍ ഈ സെറ്റിംഗുകള്‍ തമ്മില്‍ അഭേദ്യമായ എന്തോ ഒരു ബന്ധമുണ്ടാവണമല്ലോ. തീര്‍ച്ചയായും ഉണ്ട്. അതാണ് Equivalent exposures അഥവാ തത്തുല്യമായ എക്സ്പോഷര്‍ വിലകള്‍ എന്നു വിളിക്കുന്ന സെറ്റിംഗുകള്‍. അതായത് ഒരു പ്രത്യേക എക്സ്പോഷര്‍ സെറ്റിംഗിനു തുല്യമായ മറ്റു എക്സ്പോഷര്‍ വിലകള്‍ നമുക്ക് ക്യാമറയുടെ സഹായത്തോടെയോ അല്ലാതെയോ കണ്ടുപിടിക്കാം എന്നു സാരം.

ഇത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി ഒരു ഉദാഹരണം പറയാം. ക്യാമറകള്‍ ഇന്നത്തെപ്പോലെ അത്യന്താധുനിക ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നതിനു മുമ്പ് Sunny 16 Rule എന്നൊരു നിയമം പണ്ട് ഫിലിം യുഗത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്നു. വളരെ ലളിതമായ ഒരു എക്സ്പോഷര്‍ വാല്യു ആണിത്. ആകാശം മേഘാവൃതമല്ലാതെ സൂര്യന്‍ നല്ല്ല വെയില്‍ നല്‍കുന്ന തെളിഞ്ഞ കാലാവസ്ഥയുള്ള ഒരു ദിവസം, നിങ്ങളുടെ ക്യാമറയുടെ അപ്പര്‍ച്ചര്‍ f/16 ല്‍ സെറ്റ് ചെയ്താല്‍, കറക്റ്റായ ഒരു എക്സ്പോഷര്‍ ലഭിക്കുവാന്‍ നിങ്ങളുടെ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന ISO യുടെ ഗുണനവിപരീതം ഉപയോഗിച്ചാല്‍ മതി എന്നാണ് ഈ നിയമം പറയുന്നത്. ഗുണനവിപരീതം എന്നാല്‍ ISO 100 ആണെങ്കില്‍ ഷട്ടര്‍ സ്പീഡ് 1/100 (അതിന്റെ ഏറ്റവും അടുത്ത ഷട്ടര്‍ നമ്പര്‍ എന്നു സാരം) ISO 200 ആണെങ്കില്‍ 1/200 എന്നിങ്ങനെ.


എന്തേ പരീക്ഷിച്ചു നോക്കുന്നോ? SLR ക്യാമറകള്‍ കൈയ്യിലുള്ളവരെല്ലാവരും ഇതു പരീക്ഷിച്ചു നോക്കുക (മേല്‍പ്പറഞ്ഞരീതിയില്‍ ആണു വെയില്‍ ഉള്ളതെങ്കില്‍). ക്യാമറയുടെ ലൈറ്റ് മീറ്ററിനെ തല്‍ക്കാ‍ലത്തേക്ക് ഉപേക്ഷിക്കാം! ക്യാമറ മാനുവല്‍ മോഡില്‍ ഇട്ട് ISO 200 എന്നു സെറ്റ് ചെയ്യുക. അപ്പര്‍ച്ചര്‍ f/16 എന്നും ഷട്ടര്‍ സ്പീഡ് 1/200 എന്നും സെറ്റ് ചെയ്യുക. പരീക്ഷണത്തിനിടയില്‍ എക്സ്പോഷര്‍ കോമ്പന്‍സേഷനും ഒപ്പം ചേര്‍ക്കാവുന്നതാണ് (റിസല്‍ട്ട് ഉടനടി കാണാം എന്നതിനാല്‍). ഓര്‍ക്കുക ഇത് ഫോട്ടോഗ്രാഫിയുടെ വികസനകാലഘട്ടത്തില്‍, ആളുകള്‍ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു റൂള്‍ ആണ്. ഇപ്പോഴത്തെ Sophisticated light meter എക്സ്പോഷര്‍ നിര്‍ണ്ണയം പോലെ ഇത് അത്ര കിറുകൃത്യം ആവണമെന്നില്ല. മാത്രവുമല്ല, ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫിക്കുമാത്രമേ ഇതു ബാധകമായുള്ളൂതാനും.


നമ്മുടെ ചര്‍ച്ചാവിഷയം അതല്ല. ഇവിടെ സൂചിപ്പിച്ച f/16, 1/ISO എന്നതിന്റെ തുല്യമായ എക്സ്പോഷറുകള്‍, F-stop, T-stop സ്കെയിലുകള്‍ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒന്നു കണ്ടുപിടിച്ചു നോക്കാം.

നിങ്ങളുടെ ക്യാമറയിലെ 1/3 ഷട്ടര്‍സ്പീഡ് സ്കെയില്‍: (1/സ്കെയിലിലെ നമ്പര്‍ എന്നു വായിക്കുക)

2, 2.5, 3.2, 4, 5, 6. 4, 8, 10, 12, 15, 20, 25, 30, 40, 50, 60, 80, 100, 125, 160, 200, 250, 320, 400, 500, 640, 800, 1000, 1250, 1600, 2000

(ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകള്‍)

നിങ്ങളുടെ ക്യാമറയിലെ 1/3 അപ്പര്‍ച്ചര്‍ സ്കെയില്‍ :

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22, 32


നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്ന ISO 200 ആണെന്നിരിക്കട്ടെ. ഷട്ടര്‍ സ്പീഡ് ഒരു പടി മുകളിലേക്കോ താഴേക്കോ മാറ്റിയാല്‍, അപ്പര്‍ച്ചര്‍ ഒരു പടി വിപരീത ദിശയില്‍ നീക്കണം എന്നറിയാമല്ലോ? അങ്ങനെയെങ്കില്‍, നമ്മുടെ സണ്ണി 16 നിയമത്തിലെ f/16, 1/200 എന്ന എക്സ്പോഷറിനു തുല്യമായ മറ്റു എക്സ്പോഷര്‍ വിലകള്‍ ഒന്നെഴുതിനോക്കാം. (മുകളില്‍ എഴുതിയിരിക്കുന്ന സ്കെയിലുകളിലേക്ക് ഒരു കണ്ണുവേണം f16 ന്റെ ഇടത്തേക്കും, ഷട്ടര്‍ 200 ന്റെ വലത്തേക്കും ഓരോ സ്റ്റെപ്പ് കൂട്ടികൂട്ടിയാണ് താഴെ എഴുതിയിരിക്കുന്നത്)


f /16 1/200
= f/13 1/250
= f/11 1/320
= f/9.5 1/400
= f/8 1/500
= f/6.7 1/640
= f/5.6 1/800
= f/4.8 1/1000


അതുപോലെ തിരിച്ചു മുകളിലേക്കും ഇതിനു തത്തുല്യമായ എക്സ്പോഷറുകള്‍ നമുക്ക് എഴുതാവുന്നതാണ്. ഇങ്ങനെ:


f /16 1/200
= f/19 1/160
= f/22 1/125
= f/32 1/100


ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എങ്ങനെയാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ചെയ്യുമ്പോഴും, അപ്പര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി എന്നീ മോഡുകളില്‍ നമുക്ക് വേണ്ട അപ്പര്‍ച്ചറോ, ഷട്ടര്‍ സ്പീഡോ തെരഞ്ഞെടുക്കുമ്പോഴും ക്യാമറ ഇത്ര കൃത്യമായി തത്തുല്യമായി മാറേണ്ടതെന്ന് മനസ്സിലാക്കുന്നതെന്ന്! അതെല്ലാം ലളിതമായ ഗണിതസമവാക്യങ്ങളില്‍ അധിഷ്ഠിതം. ഈ ടേബിള്‍ ആരും കാണാതെ പഠിക്കണം എന്നില്ല. എങ്ങിനെയാണ് തത്തുല്യമായ എക്സ്പോഷര്‍ വിലകള്‍ കണ്ടുപിടിക്കുന്നതെന്ന് ഉദാഹരണമായി ഇതു പറഞ്ഞു എന്നു മാത്രം. (f/16, 1/200) എന്ന സെറ്റിംഗില്‍ എടുക്കുന്ന ഒരു പൂവിന്റെ ഫോ‍ട്ടോയുടെ ഡെപ്ത് ഓഫ് ഫീല്‍ഡ് കൂട്ടുവാനായി നാം f/4.8, 1/1000 എന്ന സെറ്റിംഗിലേക്ക് മാറുമ്പോള്‍ ഓര്‍ക്കുക, രണ്ടും ഫലത്തില്‍ ക്യാമറയിലേക്ക് കടത്തിവിടുന്ന പ്രകാശത്തിന്റെ അളവ് ഒന്നുതന്നെ എന്ന്. DoF എന്ന എഫക്റ്റ് കൂട്ടുവാനായി നാം അതിനു equivalent ആയ ഒരു എക്സ്പോഷര്‍ തെരഞ്ഞെടുത്തു എന്നുമാത്രം. ഇതേരീതിയില്‍, ഏതു സ്റ്റാര്‍ട്ടിംഗ് എക്സ്പോഷര്‍ വാല്യുവില്‍ നിന്നും തത്തുല്യമായ മറ്റ് എക്സ്പോഷര്‍ വിലകള്‍ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Tuesday, June 9, 2009

പാഠം 17: എക്സ്പോഷർ കോമ്പന്‍സേഷന്‍

അറിയിപ്പ്: ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച “മീറ്ററിംഗ് മോഡുകൾ” എന്ന പാഠം ഏകദേശം മുഴുവനായിത്തന്നെ ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ അത് പ്രസിദ്ധീകരിച്ചിരുന്ന അവസരത്തിൽ വായിച്ചവർ ഒരിക്കൽകൂടീ ആ ലേഖനം വായിക്കുവാൻ താല്പര്യപ്പെടുന്നു. ഈ അദ്ധ്യായത്തിന്റെ കുറേ ഭാഗങ്ങൾ കഴിഞ്ഞതവണ പ്രസിദ്ധീകരിച്ചിരുന്ന മീറ്ററിംഗ് അദ്ധ്യായത്തിന്റെ ഭാഗം ആയിരുന്നു.


എക്സ്പോഷർ വാല്യൂ അഥവാ EV:

കഴിഞ്ഞ മൂന്ന് അദ്ധ്യായങ്ങളിലായി നാം ചർച്ചചെയ്തുകൊണ്ടേയിരിക്കുന്ന കാര്യം അടിസ്ഥാന പരമായി ഒന്നുതന്നെയാണ് - എക്സ്പോഷർ വാല്യു അഥവാ EV. വായനക്കാരുടെ ഓർമ്മയെ ഒന്നുകൂടി പുതുക്കുവാനായി എക്സ്പോഷർ വാല്യൂ എന്ന കൺസെപ്റ്റ് ഒരിക്കൽ കൂടി ലളിതമായി ഇവിടെ പറയുന്നു.

ഒരു ഡിജിറ്റൽ ക്യാമറയുടെ സെൻസറിൽ (അല്ലെങ്കിൽ ഫിലിമിൽ) ഒരു നിശ്ചിത സമയത്തേക്ക് എത്ര അളവു പ്രകാശം പതിക്കണം എന്ന് തീരുമാനിക്കുന്നത് എക്സ്പോഷർ വാല്യൂവാണ്. ക്യാമറയുടെ ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നത് അപ്പർച്ചർ സുഷിരത്തിന്റെ വലിപ്പവും, അത് റിക്കോർഡ് ചെയ്യപ്പെടുന്ന സമയം നിയന്ത്രിക്കുന്നത് ഷട്ടർ സ്പീഡുമാണ്. ഇതു രണ്ടും ചേരുന്ന ഒരു നമ്പറിനെയാണ് എക്സ്പോഷർ വാല്യു എന്ന് നാം വിളിക്കുന്നത്. ഓരോ എക്സ്പോഷർ വാല്യുവും സെൻസറിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്.

ഇന്നത്തെ ഡിജിറ്റൽ ക്യാമറകളിൽ, ഒരു രംഗത്തിന്റെ എക്സ്പോഷർ വാല്യൂ നിർണ്ണയിക്കുവാനായി നമ്മെ സഹായിക്കുന്നത് ക്യാമറയുടെ ലൈറ്റ് മീറ്ററാണ്. മാനുവൽ മോഡിൽ ഈ മീറ്റര്‍ ഉപയോഗിച്ച് നമുക്ക് സ്വയം എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും, മറ്റു മോഡുകളില്‍ ക്യാമറ ഈ മീറ്റര്‍ ഉപയോഗിച്ചുകൊണ്ട് ഓട്ടോമാറ്റിക്കായി എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നു. ഈ ലൈറ്റ് മീറ്റർ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫ്രെയിമിന്റെ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വ്യത്യസ്ത മീറ്ററിംഗ് മോഡുകൾ പ്രവർത്തിക്കുന്നത്. മീറ്ററിംഗ് മോഡുകൾ എന്ന അദ്ധ്യായത്തിന്റെ അവസാനം പറഞ്ഞിരുന്ന, ഒരേ രംഗത്തെ വ്യത്യസ്ത മീറ്ററിംഗ് മോഡുകൾ ഉപയോഗിച്ച് അളന്ന് ചിത്രമെടുക്കുന്ന പരീക്ഷണം ഓർമ്മയുണ്ടാവുമല്ലോ? ഒരു പ്രത്യേക എക്സ്പോഷര്‍ വാല്യുവില്‍ നിന്നും അല്പാല്പം മുകളിലേക്കോ താഴേക്കോ മാത്രമാണ് വ്യത്യസ്ത മീറ്ററിംഗ് മോഡുകളിൽ വരുന്ന എക്സ്പോഷർ വ്യത്യാസം എന്ന് അവിടെ നാം കാണുകയുണ്ടായി.

അങ്ങനെയെങ്കിൽ ഒരു ചോദ്യം പലർക്കും ഉണ്ടാവാം - പ്രത്യേകിച്ച് എസ്.എൽ.ആർ ക്യാമറകൾ ഉപയോഗിക്കുന്നവർക്ക്. ഒരു രംഗത്തിന്റെ അല്ലെങ്കിൽ ഒരു ഫ്രെയിമിന്റെ ഏകദേശ എക്സ്പോഷർ വാല്യൂ നമുക്ക് മനസ്സിലായിക്കഴിഞ്ഞാൽ എന്തിന് ക്യാമറയുടെ ലൈറ്റ് മീറ്ററിനേയും, മീറ്ററിംഗ് മോഡുകളേയും കൂടുതൽ ആശ്രയിക്കണം? ഒരു ഫ്രെയിമിന്റെ എക്സ്പോഷർ വാല്യൂവിൽ ‘ചില്ലറ മാറ്റങ്ങൾ’ നമുക്കുതന്നെ വരുത്താനായാൽ നാം ഉദ്ദേശിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തതയോടെ തെളിമയോടെ മാനുവലായി ഒരു ഫ്രെയിമിനെ എക്സ്പോസ് ചെയ്യുവാൻ സാധിക്കില്ലേ? തീർച്ചയായും സാധിക്കും. അതിനാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ (exposure compensation) എന്നൊരു സംവിധാനം എല്ലാ ഡിജിറ്റൽ ക്യാമറകളിലും നൽകിയിരിക്കുന്നത് - എല്ലാ ക്യാമറകളും എന്നു പറയുമ്പോൾ എല്ലാം അതിൽ പെടുന്നു SLR & Point-shoot cameras !! പോയിന്റ് & ഷൂട്ട് ക്യാമറകൾ കൈയ്യിലുള്ളവരും വിഷമിക്കേണ്ട എന്നു സാരം!


എക്സ്പോഷര്‍ കോമ്പന്‍സേഷന്‍:

“കുറവുകളെ, നഷ്ടങ്ങളെ നികത്തുക” എന്ന അര്‍ത്ഥമാണല്ലോ ഇംഗ്ലീഷില്‍ Compensation എന്ന വാക്കിനുള്ളത്. ഇവിടെ പ്രകാശത്തിന്റെ കുറവിനെ അല്ലെങ്കില്‍ കൂടുതലിനെ പരിഹരിക്കുക എന്നതാണ് Exposure compensation എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ സംവിധാനം SLR ക്യാമറകളില്‍ മാത്രമല്ല, ചെറിയ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ വരെ കാണാവുന്നതാണ്. നിങ്ങളുടെ ക്യാമറയുടെ ബോഡിയിലുള്ള ബട്ടണുകള്‍ ഒന്നു ശ്രദ്ധിക്കൂ. അതിലൊന്നിന്റെ മേല്‍ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു ഐക്കണ്‍ കാണാം. ഇതാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ബട്ടണ്‍. വിവിധ മോഡൽ ക്യാമറകളിൽ ഈ കൺ‌ട്രോൾ ഡയൽ പലവിധത്തിലായിരിക്കും എന്നറിയാമല്ലോ? അതിനാൽ നിങ്ങളുടെ ക്യാമറയുടെ മാനുവൽ നോക്കി, ഈ ബട്ടൺ പ്രവർത്തിപ്പിക്കുന്നതെങ്ങനെ എന്ന് നോക്കുക.


ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു സംവിധാനമാണിത്. ഉപയോഗം വളരെ ലളിതം. ആ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ക്യാമറയുടെ കണ്ട്രോള്‍ ഡയല്‍ ഇടത്തേക്കോ വലത്തേക്കോ തിരിക്കുക. ഉടന്‍ തന്നെ എക്സ്പോഷര്‍ വാല്യൂ പോസ്റ്റിറ്റീവ് (+) സൈഡിലേക്കോ നെഗറ്റീവ് (-) സൈഡിലേക്കോ മാറുകയായി! എന്നുവച്ചാല്‍ അപ്പര്‍ച്ചര്‍ എത്രയാണ്, ഷട്ടര്‍ സ്പീഡ് എത്രയാണ് എന്നൊന്നും ചിന്തിച്ച് ബേജാറാവേണ്ട ഒരു കാര്യവുമില്ലാതെ, ഇരുണ്ട രംഗങ്ങള്‍ തെളിഞ്ഞതായും, കൂടുതല്‍ പ്രകാശമാനമായ രംഗങ്ങള്‍ പ്രകാശം കുറഞ്ഞ അളവിലും നിങ്ങള്‍ക്ക് വളരെ എളുപ്പം ക്രമീകരിക്കാവുന്നതാണ് എന്നു സാരം. മിക്കവാറും എല്ലാ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ക്യാമറയുടെ ലൈവ് പ്രിവ്യൂവിൽ (ചിത്രം കാണുന്ന ഡിസ്പ്ലേ) ഈ ബട്ടണിന്റെ എഫക്റ്റ് അപ്പോൾ തന്നെ കാണാൻ സാധിക്കും - ഫോട്ടോ എടുക്കുന്നതിനു മുമ്പ് തന്നെ! ചിലവയിൽ എടുക്കുന്ന ചിത്രത്തിൽ മാത്രമേ ഇതിന്റെ എഫക്റ്റ് കാണുവാനാവുകയുള്ളൂ. എസ്.എൽ.ആർ ഉപയോഗിക്കുന്നവർക്ക് ഫോട്ടോ എടുത്തുകഴിഞ്ഞ് മാത്രമേ ഇതിന്റെ എഫക്റ്റ് കാണാനാവൂ.

വിവിധ ക്യാമറ നിർമ്മാതാക്കൾ പോസിറ്റീവ്, നെഗറ്റീവ് എക്സ്പോഷർ കോമ്പൻസേഷനുകൾ ഡിസ്പ്ലേയിൽ കാണിക്കുവാനായി ഉപയോഗിക്കുന്ന രീതികൾ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നാവാം.

  • -2 . . -1 . . 0 . . +1 . . + 2
  • -1...-0.7...-0.3...0...+0.3...+0.7...+1
  • -2...-1...0...+1...+2

മിക്കവാറും എല്ലാ ക്യാമറകളിലും മുകളിലേക്കോ താഴേക്കോ രണ്ട് ഫുൾ സ്റ്റോപ്പുകൾ വരെ ഇപ്രകാരം എക്സ്പോഷർ കോമ്പൻസേഷൻ ചെയ്യാവുന്നതാണ്. ഏതു രീതിയില്‍ പറഞ്ഞാലും ലഭിക്കുന്ന ഫലം ഒന്നുതന്നെ.

കുറിപ്പ്: സാധാരണയായി ഫുള്‍‌ഓട്ടോമാറ്റിക് മോഡില്‍ ക്യാമറകള്‍ EV അഡ്ജസ്റ്റ് ചെയ്യുവാന്‍ അനുവദിക്കുകയില്ല; ചില പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ ഫുൾ ഓട്ടോ മോഡിലും ഇത് സാധ്യമാണ്. എല്ലാ ക്യാമറകളിലും P, S or T, A, M എന്നീ മോഡുകളില്‍ EV ആവശ്യാനുസരണം അഡ്ജ്സ്റ്റ് ചെയ്യുവാന്‍ സാധിക്കും.

സാങ്കേതികമായി ഈ ബട്ടണ്‍ ചെയ്യുന്ന ജോലി എന്താണെന്ന് ലളിതമായി ഒന്നു പറയാം. എക്സ്പോഷര്‍ സ്കെയിലുകളെപ്പറ്റി കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായല്ലോ. F സ്കെയിലും T സ്കെയിലും പ്രത്യേകമായി ഉണ്ടെന്നും അവയോരോന്നും ഇന്നത്തെ ക്യാമറകളില്‍ 1/3 increments അല്ലെങ്കില്‍ 1/3 സ്റ്റെപ്പുകളിലായാണ് ഈ സ്കെയിലുകളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും പറയുകയുണ്ടായി

ഇനി പറയുന്ന കാര്യം അറിവിലേക്കായി പറയുന്നുവെന്നേയുള്ളൂ, കാണാതെ പഠിക്കേണ്ടതില്ല! ഒരു പ്രത്യേക എക്സ്പോഷര്‍ വാല്യുവില്‍നിന്നും (EV ) 1/3 സ്റ്റോപ് നെഗറ്റീവ് സൈഡിലേക്ക് പോയാല്‍ നിലവിലുള്ള നിലയില്‍നിന്നും 33% കുറവ് പ്രകാശവും, 2/3 സ്റ്റോപ് മൈനസ് ചെയ്താല്‍ 66% കുറവ് പ്രകാശവും, 3/3 അതായത് 1 സ്റ്റോപ് മൈനസ് ചെയ്താല്‍ ആദ്യമുണ്ടായിരുന്നതിന്റെ പകുതി പ്രകാശവുമായിരിക്കും ക്യാമറയുടെ ഉള്ളിലേക്ക് കടക്കുക. ഇതുപോലെതന്നെ, പോസ്റ്റിറ്റീവ് സൈഡിലേക്ക് പോവുകയാണെങ്കില്‍ നിലവിലുള്ള നിലയില്‍നിന്നും 33% കൂടുതല്‍ പ്രകാശവും, +2/3 സ്റ്റോപ് പോയാല്‍ 66% കൂടുതല്‍ പ്രകാശവും, +3/3 അതായത് 1 സ്റ്റോപ് പോയാല്‍ നിലവിലുള്ളതിന്റെ ഇരട്ടി പ്രകാശവുമായിരിക്കും ക്യാമറയിലേക്ക് കടക്കുക.


താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത് അല്പംകൂടി ഭംഗിയായി വ്യക്തമാക്കിയിട്ടുണ്ട്. വലുതാക്കി നോക്കൂ.

ആദ്യത്തെ ടേബിളില്‍ എഫ്.നമ്പര്‍ മാറുന്നില്ല (f/8) അപര്‍ച്ചര്‍ പ്രയോറിറ്റി മോഡാണ് സെലക്റ്റ് ചെയ്തിരിക്കുന്നത്. ഈ ഉദാഹരണത്തിനു വേണ്ടി ക്യാമറ നിര്‍ണ്ണയിച്ച ഷട്ടര്‍ വാല്യൂ 1/80 ആണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ -1/3, -2/3, -1 എന്നിങ്ങനെ എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ (EV) സെലക്റ്റ് ചെയ്താല്‍ ടേബിളില്‍ കാണിച്ചിരിക്കുന്നതുപോലെ ഷട്ടര്‍ സ്പീഡ് 1/100, 1/125, 1/160 എന്നിങ്ങനെ മാറുന്നതുകാണാം. അതായത് അപ്പർച്ചർ പ്രയോറിറ്റി മോഡിൽ എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ മാറുന്നത് ഷട്ടർ സ്പീഡാണ്.


അതുപോലെ രണ്ടാമത്തെ ടേബിളില്‍ ഷട്ടര്‍ പ്രയോറിറ്റി മോഡാണ് നൽകിയിരിക്കുന്നത്. അതില്‍ ഷട്ടര്‍ സ്ഥിരമായി 1/80 യില്‍ വച്ചിരിക്കുന്നു. ഇവിടെ നാം EV അഡ്ജ്സ്റ്റ് ചെയ്യുകയാണെങ്കില്‍ മാറുന്നത് അപര്‍ച്ചര്‍ വാല്യു ആയിരിക്കും. ചിത്രം വലുതാക്കി നോക്കി ഇതു മനസ്സിലാക്കുക. പ്രോഗ്രാം (P) അല്ലെങ്കില്‍ മാനുവല്‍ (M) മോഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ് ഇതില്‍ ഏതും മാറാവുന്നതാണ്.


പ്രായോഗിക ഉപയോഗം:

ഈ കണക്കുകളൊന്നും പ്രായോഗികമായി നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതില്ല. ഒരു ഫോട്ടോ എടുത്തുകഴിഞ്ഞ് ആ രംഗം അല്ലെങ്കില്‍ അതിലുള്ള ഓബ്ജക്റ്റ് നിങ്ങളുദ്ദേശിക്കുന്ന രീതിയിലല്ല അതിന്റെ എക്സ്പോഷർ എങ്കിൽ, EV ബട്ടണ്‍ ധൈര്യമായി ഉപയോഗിക്കുക. ആവശ്യാനുസരണം EV ബട്ടണ്‍ പ്ലസ് (പോസിറ്റീവ്) സൈഡിലേക്കോ മൈനസ് (നെഗറ്റീവ്) സൈഡിലേക്കോ തിരിക്കുക. മീറ്ററിംഗിനെപ്പറ്റി തൽക്കാലം മറന്നേക്കുക.

പ്ലസ് ആണെങ്കില്‍ എടുക്കുന്ന ചിത്രത്തിന്‍ന് കൂടുതല്‍ തെളിച്ചം ലഭിക്കും, മൈനസ് ആണെങ്കില്‍ കുറവും.

ഇപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായല്ലോ, അല്ലേ! ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ഈ കൂട്ടലും കുറയ്ക്കലും ആവശ്യത്തിലധികമായാല്‍ ചിത്രത്തിന്റെ മറ്റുചില ഭാഗങ്ങള്‍ കൂടുതല്‍ ഓവര്‍ എക്സ്പോസ്ഡ് ആവാനോ, അണ്ടര്‍ എക്സ്പോസ്ഡ് ആവാനോ സാധ്യതയുണ്ട്. ചിത്രത്തിന്റെ പ്രധാനഭാഗത്തിന്റെ എക്സ്പോഷർ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ആയിട്ടുണ്ടോ എന്നറിയുവാനായി ക്യാമറയുടെ പ്രിവ്യൂവിൽ ആ ചിത്രം സൂംചെയ്ത് നോക്കി പരിശോധിക്കാവുന്നതാണ് - ഒരിക്കലും പ്രിവ്യൂ സ്ക്രീനിൽ, ആ സ്ക്രീനിന്റെ വലിപ്പത്തിൽ കാണുന്ന ചിത്രത്തെ വിശ്വസിക്കരുത്. കമ്പ്യൂട്ടറിൽ ലോഡ് ചെയ്തുനോക്കുമ്പോൾ അത് വ്യത്യസ്തമായി കാണുവാനുള്ള സാധ്യത വളരെയേറെയാണ്.

അതുപോലെ ഒരു ചിത്രം ഇപ്രകാരം അഡ്ജസ്റ്റ് ചെയ്ത് എടുത്തതിനു ശേഷം, പിന്നീട് ആവശ്യമില്ലെങ്കില്‍ EV തിരികെ 0 എന്ന നിലയില്‍ വയ്ക്കുവാനും മറക്കരുത്. ഇല്ലെങ്കില്‍ പിന്നീട് എടുക്കുന്ന ചിത്രങ്ങളെല്ലാം ഇതേ സെറ്റിംഗില്‍ കൂടിയോ കുറഞ്ഞോ പ്രകാശത്തിലാവും ലഭിക്കുക! പക്ഷേ ഇതൊഴിവാക്കാനായുള്ള ഒരു സുരക്ഷാ സംവിധാനമെന്ന നിലയില്‍ എല്ലാ ക്യാമറകളും എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ 0 അല്ലെങ്കില്‍ ആ വിവരം വ്യൂ ഫൈന്ററിലോ ക്യാമറയുടെ സ്ക്രീനിലോ കാണിക്കാറുണ്ട്.

എക്സ്പോഷർ ബ്രായ്ക്കറ്റിംഗ്:

എക്സ്പോഷർ കോമ്പൻസേഷനുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ട ഒരു സംവിധാനമാണ് എക്സ്പോഷർ ബ്രായ്ക്കറ്റിംഗ് എന്നത്. ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറകളിലും, ഹൈ എന്റ് പോയിന്റ് ആന്റ് ഷൂട്ട് ക്യാ‍മറകളിലും ഈ സംവിധാനം കാണാം. സാധാരണയായി കാണപ്പെടുന്ന സംവിധാനത്തിൽ ഒരു ഫ്രെയിമിനെ, അതിന്റെ എക്സ്പോഷർ വാല്യൂ ക്യാമറ കണക്കാക്കിയതിനുശേഷം അതിൽ നിന്ന് ഓരോ Ev സെറ്റെപ്പുകൾ പോസിറ്റീവ് സൈഡിലേക്കും നെഗറ്റീവ് സൈഡിലേക്കും എക്സ്പോഷർ കോമ്പൻസേഷൻ ചെയ്തുകൊണ്ട് ക്യാമറ ഒരൊറ്റ ക്ലിക്കിൽ മൂന്നു ചിത്രങ്ങളായി എടുക്കുന്നു. ഉദാഹരണത്തിന് ഒരു സൂര്യാസ്തമയ ദൃശ്യത്തിന്റെ Ev value ക്യാമറയുടെ ലൈറ്റ് മീറ്റർ ( f/5.6; 1/125 ) എന്നിങ്ങനെ കണക്കാക്കി എന്നിരിക്കട്ടെ. ഇതേ ഫ്രെയിം എക്സ്പോഷർ ബ്രായ്ക്കറ്റിംഗ് സെറ്റ് ചെയ്തിട്ട് നാം എടുക്കുകയാണെങ്കിൽ ക്യാമറ ഒരു ക്ലിക്കിൽ മൂന്നു ചിത്രങ്ങൾ എടുക്കും. ആദ്യത്തേത് f/5.6; 1/125 എന്ന സെറ്റിംഗിൽ, അടുത്തത് അതിൽ നിന്ന് ഒരു 1/3 സ്റ്റോപ്പ് താഴെ Ev വരത്തക്കവിധം, മൂന്നാമത്തേത് അതിൽ നിന്ന് 1/3 സ്റ്റോപ് മുകളിൽ Ev വരത്തക്കവിധം.

ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾക്ക് രണ്ട് പ്രയോജനമുണ്ട്. ഒന്ന്, എടുത്ത ഫ്രെയിം കറക്റ്റ് എക്സ്പോഷറിലാണോ കിട്ടിയിരിക്കുന്നത് എന്നോർത്ത് ഫോട്ടോഗ്രാഫർക്ക് വേവലാധി വേണ്ട. രണ്ട്, ഫോട്ടോഷോപ്പിലെ HDR (High Dynamic Range) ഫംഗ്ഷൻ ഉപയോഗിച്ച് ഈ ചിത്രങ്ങളെ തമ്മിൽ ചേർത്തെടുത്താൽ വളരെ വ്യത്യസ്തമായ ലൈറ്റിംഗ് നമുക്ക് ഒരേ ഫ്രെയിമിൽ ഉൾക്കൊള്ളിക്കാനാവും.


എക്സ്പോഷർ കോമ്പൻസേഷൻ - ഉദാഹരണങ്ങൾ:

ചില പ്രായോഗിക ഉപയോഗങ്ങള്‍ ഉദാഹരണങ്ങളിലൂടെ കാണിച്ചിട്ട് ഈ അദ്ധ്യായം അവസാനിപ്പിക്കാം. ഓരോ ഫോട്ടോയിലും എന്താണു ചെയ്തിരിക്കുന്നതെന്ന് അവയില്‍ തന്നെ എഴുതിയിട്ടുണ്ട്.

ആദ്യത്തെ ഫോട്ടോയിൽ മാട്രിക്സ് മീറ്ററിംഗിൽ ഇടതുവശത്തെ ചിത്രം എടുത്തപ്പോൾ പൂവിന്റെ ഇതളുകൾ ഒരല്പം ഓവർ എക്സ്പോസ്ഡ് ആണ്. അതിനാൽ തന്നെ വെള്ളത്തുള്ളികൾ അത്ര ഷാർപ്പ് എന്നു പറയാനാവുന്നില്ല. ഈ സെറ്റിംഗിൽ നിന്ന് എക്സ്പോഷർ കോമ്പൻസേഷൻ ബട്ടൺ ഉപയോഗിച്ച് -2/3 എന്ന് പ്രകാശം കുറച്ചിട്ട് എടുത്തതാണ് വലതുവശത്തുള്ള ഫോട്ടോ. വ്യത്യാസം നോക്കൂ (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)
അടുത്ത ചിത്രം മീറ്ററിംഗിന്റെ ഉപയോഗമാണ് കാണിക്കുന്നത്. വലതുവശത്തെ ചിത്രം മാട്രിക്സ് മീറ്ററിംഗിൽ എടുത്തിരിക്കുന്നു. ക്യാമറയുടെ ലൈറ്റ് മീറ്റർ, പ്രകാശസ്രോതസ്സായ മെഴുകുതിരിനാളത്തേയും, അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന വായനക്കാരനെയും ബാലൻസ് ആയി എക്സ്പോസ് ചെയ്യുവാനുള്ള ഒരു എക്സ്പോഷർ വാല്യുവാണ് സെറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ തീനാളം അല്പം ഓവർ എക്സ്പോസ്ഡ് ആയിപ്പോയി. ഇടതുവശത്തെ ചിത്രത്തിൽ തീനാളത്തിനെ സ്പോട്ട് മീറ്റർ ചെയ്തിരിക്കുന്നതിനാൽ, അരണ്ട വെളിച്ചത്തിലിരിക്കുന്ന വായനക്കാരനെ ക്യാമറ ശ്രദ്ധീക്കുന്നില്ല. തീനാളം കൃത്യമായി എക്സ്പോസ് ആവുകയും ചെയ്തു.

ഇവിടെ മറ്റൊരു കാര്യം ഓർക്കുമല്ലോ. വലതുവശത്തെ മാട്രിക്സ് മീറ്റർ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ നെഗറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ ഇടതുവശത്തുള്ള അതേ രീതിയിലുള്ള ചിത്രം ലഭിക്കും - മീറ്ററിംഗ് മോഡ് മാറ്റാതെതന്നെ. അതുപോലെ തിരിച്ച്, സ്പോട്ട് മീറ്റർ കാണിച്ചു തന്ന ഇടതുവശത്തെ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ പോസിറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ വായനക്കാരനെയും തെളിച്ചത്തിലേക്കു നമുക്ക് മാനുവലായി കൊണ്ടുവരാം.
അടുത്ത ചിത്രം എങ്ങനെയൊക്കെയാണ് ക്യാമറ എക്സ്പോസ് ചെയ്തിരിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ഇടതുവശത്തെ ചിത്രത്തിൽ സൂര്യൻ ഓവർ എക്സ്പോസ്ഡ് ആയത്? വലതുവശത്തെ ചിത്രം സെന്റർവെയ്റ്റഡ് മീറ്ററിംഗിൽ എടുത്തതാണ്. എന്നിട്ടും ഉദ്ദേശിച്ച രീതിയിൽ ആവാഞ്ഞതിനാൽ ഒരു നെഗറ്റീവ് എക്സ്പോഷർ കോമ്പൻസേഷനും ചെയ്തിട്ടുണ്ട്.
Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Sunday, March 1, 2009

പാഠം 16: മീറ്ററിംഗ് മോഡുകള്‍


ഒരു ക്യാമറയുടെ എക്സ്പോഷര്‍ നിയന്ത്രിക്കുവാനുള്ള രണ്ടു മാര്‍ഗ്ഗങ്ങളായ അപ്പര്‍ച്ചര്‍ ഷട്ടര്‍‌ സ്പീഡ് എന്നിവയെപ്പറ്റിയും അവയുടെ ചിട്ടയായ നിയന്ത്രണം സാധ്യമാക്കുന്ന F-stop (അപ്പര്‍ച്ചര്‍), T-stop (ഷട്ടര്‍ സ്പീഡ്) സ്കെയിലുകളെപ്പറ്റിയുമാണ് വിശദമായി കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളില്‍‌ നാം ചര്‍ച്ച ചെയ്തത്. അവ വായിക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാവും ഇത്രമേല്‍ സങ്കീര്‍ണ്ണമാണോ ഒരു ക്യാമറയിലെ ലൈറ്റ് നിയന്ത്രണം എന്ന്.

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, അയാള്‍ക്ക് ക്യാമറയുടെ പ്രകാശനിയന്ത്രണത്തിനുപിന്നിലുള്ള സാങ്കേതിക കാര്യങ്ങളിലുള്ള അറിവ് കുറവാണെങ്കില്‍‌ക്കൂടി അതില്‍‌ വലിയ കാര്യമൊന്നുമില്ല. ഒരേയൊരു കാര്യം മാത്രമേ ആ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഓര്‍ത്തിരിക്കേണ്ടതായുള്ളൂ. F-stop സ്കെയിലില്‍‌ ആയാലും T-stop സ്കെയിലില്‍‌ ആയാലും അതിലെ ഒരു ചെറിയ നമ്പറില്‍ ഉയര്‍ന്ന നമ്പറിലേക്ക് മാറിയാല്‍ ക്യാമറയിലേക്ക് കയറുന്ന പ്രകാശം കുറയുമെന്നും, തിരിച്ച് വലിയ നമ്പറില്‍ നിന്ന് കുറഞ്ഞ നമ്പറിലേക്ക് മാറിയിയാല്‍ ക്യാമറയിലേക്ക് കയറുന്ന പ്രകാശം കൂടുമെന്നും എപ്പോഴും മനസില്‍ ഉണ്ടാവണം.

അതോടൊപ്പം ഈ രണ്ടു സ്കെയിലുകളിലും stop down എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിലെ നമ്പറുകളുടെ ‘വില’ കൂടുന്നു എന്നതാണെന്നും (F2.8, F4, F4.6, F5.6, F8 ........ T 60, 80, 125, 250, 500 ഇങ്ങനെ) ഓര്‍മ്മയിലുണ്ടാവണം. അതായത് സ്റ്റോപ് ഡൌണ്‍ ചെയ്താല്‍ - മറ്റൊരു വിധത്തില്‍ സ്കെയിലില്‍ ഇടത്തുനിന്ന് വലത്തേക്ക് പോയാല്‍ - കുറച്ചു പ്രകാശം ക്യാമറയില്‍ കടക്കും. സ്റ്റോപ് അപ് ചെയ്താല്‍ കൂടുതല്‍ പ്രകാശം ക്യാമറയിലേക്ക് കടക്കും. ഈ അറിവിനോടൊപ്പം ഫ്രെയിം ഭംഗിയായി കമ്പോസ് ചെയ്യുവാനുള്ള കഴിവുകൂടിയുള്ളവര്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല.

എങ്കിലും ചില അവസരങ്ങളില്‍ ക്യാമറകാണിച്ചുതരുന്ന സെറ്റിംഗുകള്‍ വച്ച് എടുത്ത ചിത്രങ്ങളില്‍,‌ ഫോട്ടോയെടുക്കുന്ന അവസരത്തില്‍ നാം നേരില്‍ കണ്ട രീതിയിലുള്ള “തെളിച്ചം” കിട്ടിയെന്നുവരുകയില്ല. പ്രത്യേകിച്ചും ഫ്രെയിമില്‍ പ്രധാന സബ്ജക്റ്റിനേക്കാള്‍ വളരെ തെളിഞ്ഞതും, ഇരുണ്ടതുമായ ഭാഗങ്ങള്‍ ഉണ്ടെങ്കില്‍. ഉദാഹരണത്തിന് കടല്‍തീരത്ത് വച്ച് എടുക്കുന്ന ഒരു ഫോട്ടോയില്‍, ഫ്രെയിമിന്റെ ഒരുവശത്തു നില്‍ക്കുകയായിരുന്ന വ്യക്തി ഇരുണ്ടിരിക്കുന്നതായി കണ്ടേക്കാം . ചിലപ്പോള്‍ പ്രധാന സബ്ജക്റ്റ് തന്നെ ഫ്രെയിമിന്റെ വലിയൊരു ഭാഗം നിറയെ ഉണ്ടാവാം - ഒരു പൂവിന്റെ ക്ലോസ് അപ് പോലെ. അതില്‍ തന്നെ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് പൂവ് ഓവര്‍ എക്സ്പോസ് ആയിപ്പോയേക്കാം, ഇതളുകളൊന്നും വേര്‍തിരിച്ച് കാണുവാന്‍ സാധിക്കുന്നില്ലായിരിക്കാം.- ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങള്‍ നിങ്ങള്‍ക്കും അനുഭവത്തില്‍ വന്നിട്ടുണ്ടാവാം.

ഫോട്ടോഗ്രാഫര്‍ നേരില്‍ കണ്ടപ്പോഴുള്ള രീതിയിലല്ലാതെ ഇരുണ്ടോ തെളിഞ്ഞോ കാണപ്പെടുന്ന ചിത്രങ്ങളെല്ലാം എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നതില്‍ ക്യാമറയ്ക്ക് സംഭവിക്കുന്ന പിഴവുകള്‍ മൂലം ഉണ്ടാകുന്നതാണ്. എത്ര അത്യന്താധുനികമാണെന്നു പറഞ്ഞാലും നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയും ഒരു മെഷീന്‍ ആണെന്ന വസ്തുത മറക്കാതിരിക്കാം. അതിന് സ്വന്തമായ ‘ബുദ്ധി‘ ഇല്ല. മനുഷ്യനേത്രം പോലെ ഒരു രംഗത്തിന്റെ വ്യത്യസ്ത പ്രകാശതീവ്രതകള്‍ വിവേചിച്ച് അറിയുവാന്‍പോന്ന ഒരു തലച്ചോറും ഇല്ല. അതിനാല്‍ ഫ്രെയിമിലെ ഏതു ഭാഗത്തിന്റെ പ്രകാശമാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കേണ്ട ചുമതല ഫോട്ടോഗ്രാഫറുടേതാണ്.

അതുകൊണ്ട് നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഒരു വ്യൂഫൈന്ററില്‍ കൂടി ഒരു ഫ്രെയിമിനെ കാണുമ്പോള്‍ ക്യാമറയുടെ സെന്‍സര്‍ എങ്ങനെയാണ് അതേ രംഗം ഇപ്പോള്‍ കാണുന്നതെന്നും, എങ്ങനെയാവും ക്യാമറ ഈ രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ പോകുന്നതെന്നും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് മുന്‍‌കൂട്ടി മനസില്‍‌ ഇതുകാണുവാന്‍‌ സാധിക്കുന്നുണ്ടെങ്കില്‍‌‌‌‌, തീര്‍ച്ചയായും നിങ്ങള്‍‌ എടുക്കുന്ന ചിത്രവും നന്നായിരിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എപ്പോഴും മനസില്‍ സൂക്ഷിക്കുവാന്‍ ഒരു കാര്യം : സെന്‍സറിനെപോലെ ചിന്തിക്കാന്‍ പഠിക്കുക!

ക്യാമറയിലെ ലൈറ്റ് മീറ്ററാണ് ക്യാമറയെ ഒരു രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നത് എന്നറിയാമല്ലോ. ഈ ലൈറ്റ് മീ‍റ്റര്‍ ഒരു രംഗം ‘കാണുന്ന‘ രീതികള്‍ക്കനുസൃതമായാണ് ക്യാമറ അനുയോജ്യമായ എക്സ്പോഷര്‍ വാല്യൂ നിര്‍ണ്ണയിക്കുന്നത്. ഇവിടെ ‘കാണുന്ന’ എന്ന വാക്ക് പ്രത്യേകം എടുത്തുപറയുന്നതിനു കാരണം നമ്മുടെ കണ്ണുകള്‍ കൊണ്ട് ഒരു രംഗം നാം കാണുന്നരീതിയിലല്ല ക്യാമറകാണുന്നത് എന്നതിനാലാണ്. ക്യാമറയെ സംബന്ധിച്ചിടത്തോളം മുമ്പിലിരിക്കുന്നത് വസ്തുവോ, വ്യക്തിയോ, ഒരു വര്‍ണ്ണശബളമായ ഒരു സീനറിയോ എന്നതൊന്നുമല്ല പ്രധാനം. ആ രംഗത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ പ്രകാശതീവ്രതയുടെ (luminance) കുറവും കൂടുതലുമാണ് അത് അളക്കുന്നത്.

ഒന്നു രണ്ടു ചിത്രങ്ങളുടെ സഹായത്തോടെ ഇതു വ്യക്തമാക്കാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ഈ ചിത്രങ്ങള്‍ നോക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നിങ്ങളെ പറ്റിക്കുന്നതൊഴിവാക്കാനായി അവയുടെ ഫോക്കസ് Blur ചെയ്തിരിക്കുന്നു, കൂടാതെ നിറവും എടുത്തുമാറ്റിയിരിക്കുന്നു. ഒറിജിനല്‍ ചിത്രം ഇന്‍സെറ്റില്‍ ഉണ്ട്. മൂന്നു ചിത്രങ്ങളും മൂന്നുവ്യത്യസ്ത സാഹചര്യങ്ങളാണ്, വ്യത്യസ്ത വീക്ഷണകോണുകളാണ്, അവയില്‍ ഉള്‍ക്കൊള്ളുന്ന സ്ഥലവ്യാപ്തിയും വ്യത്യസ്തമാണ്. മനസ്സിലാക്കാനുള്ള സൌകര്യത്തിനായി ഈ ഫ്രെയിമുകളെ 24 ചതുരങ്ങളായി വിഭജിച്ചിരിക്കുന്നു (ഈ വിഭജനം ഉദാഹരണത്തിനായി മാത്രം ചെയ്തതാണ്; യഥാര്‍ത്ഥ ടെക്നോളജി ഇതിലും സങ്കീര്‍ണ്ണമായി ഫ്രെയിമിനെ വിഭജിക്കാറുണ്ട്). ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് വലുതാക്കിയിട്ട് ഓരൊ ചതുരത്തിനുള്ളിലും ഉള്‍പ്പെടുന്ന ഭാഗങ്ങളിലെ പ്രകാശതീവ്രതയുടെ വ്യത്യാസം നേരില്‍ കണ്ടുമനസ്സിലാക്കൂ. ഇതുപോലെയാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ ഒരു രംഗത്തിന്റെ പ്രകാശവിന്യാസം ‘കാ‍ണുന്നത്’.

ബ്രൈറ്റ്‌നെസ്, ലൂമിനെന്‍സ് എന്ന രണ്ടുവാക്കുകളും ഒരേ അര്‍ത്ഥത്തിലാണ് പലപ്പോഴും നാം പറയാറുള്ളതെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഒരു വസ്തുപുറപ്പെടുവിക്കുന്ന അല്ലെങ്കില്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ലൂമിനന്‍സ്. അത് ഒരേ വസ്തുവിന്റെതന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്തമായിരിക്കും. കറുപ്പിനും വെളുപ്പിനും ഇടയിലുള്ള നമ്മുടെ കാഴ്ച എത്ര ‘തെളിച്ചമുള്ളതാണ്’ എന്നാണ് ബ്രൈറ്റ്നെസ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവിടെ ക്യാമറയുടെ ലൈറ്റ് മീറ്റര്‍ അളക്കുന്നത് അതുകാണുന്ന രംഗത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍നിന്നുള്ള ലൂമിനന്‍സ് ആണ്. ഈ അളവുകള്‍ക്ക് വേണ്ട എക്സ്പോഷര്‍ വിലകളുടെ ശരാശരിയാണ് ക്യാമറയുടെ മീറ്റര്‍ നമുക്ക് കാണിച്ചു തരുന്ന എക്സ്പോഷര്‍ വാല്യൂ അഥവാ EV (ഉദാ: f/8, 1/250).


പക്ഷേ എല്ലാരംഗങ്ങള്‍ക്കും ഇപ്രകാരം ഫ്രെയിമിനെ മുഴുവനായി ആവറേജ് ചെയ്യേണ്ട ആവശ്യമുണ്ടാവില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഫോട്ടോഗ്രാഫറുടെ സൌകര്യാര്‍ത്ഥം ഏതൊക്കെ ഏരിയയിലെ (ചതുരങ്ങളിലെ) പ്രകാശവിന്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് എക്സ്പോഷര്‍ വാല്യൂ അളക്കേണ്ടതെന്ന് ക്യാമറയെ മനസ്സിലാക്കാനുള്ള സംവിധാനം ഇന്നത്തെ എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും ഉണ്ട്. ഈ സൌകര്യത്തെയാണ് മീറ്ററിംഗ് (Metering) എന്ന് പറയുന്നത്. ഇതേപ്പറ്റി അല്പം വിശദമായി ഇനി നോക്കാം.


മീറ്ററിംഗ് മോഡുകള്‍:

മീറ്ററിംഗിലേക്ക് വിശദമായി കടക്കുന്നതിനുമുമ്പ് നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. നമ്മുടെ കണ്ണുകളുടെ ഒരു കഴിവിനെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു രംഗത്തിന്റെ വ്യത്യസ്തഭാഗങ്ങളെ നമ്മള്‍ അവിടേക്ക് നോട്ടം ഉറപ്പിക്കുന്ന മില്ലിസെക്കന്റിനുള്ളില്‍ കണ്ണുകള്‍ സ്വതവേ പ്രകാശത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെതുകൊള്ളും. ഇവിടെ ഈ ഗെയിറ്റിന്റെ ചിത്രം നോക്കൂ, നിഴലും വെളിച്ചവും നന്നായി ഇടകലര്‍ന്ന ഒരു സ്ഥലം.
നമ്മള്‍ നേരില്‍ ആ സ്ഥലത്ത് നില്‍ക്കുകയാണെങ്കില്‍ അതിലെ നിഴലുള്ളഭാഗങ്ങളും വെയിലുള്ളഭാഗങ്ങളെപ്പോലെതന്നെ, കാണുവാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്നറിയാമല്ലോ. അതായത് ഒരു ഫോട്ടൊയില്‍ ഇരുണ്ടതായി കാണപ്പെടുന്ന ചില ഭാഗങ്ങള്‍, ഫോട്ടോ എടുക്കുന്ന അവസരത്തില്‍ ഫോട്ടോഗ്രാഫറുടെ കണ്ണുകള്‍ക്ക് ഇരുണ്ടതായി തോന്നുന്നുണ്ടാവില്ല എന്നു എന്നു സാരം! പക്ഷേ ഫോട്ടോ എടുക്കുമ്പോഴോ? ഈ രംഗത്തിന് അനുസൃതമായി ക്യാമറകണക്കാക്കിയ ഒരു നിശ്ചിതസമയത്തേക്ക് ഫ്രെയിമിന്റെ ഓരോ ഭാഗത്തുനിന്നും ക്യാമറയ്ക്കുള്ളിലേക്ക് ലഭിച്ച പ്രകാശത്തെമാത്രമെ ക്യാമറ ഫോട്ടോയായി റിക്കോര്‍ഡ് ചെയ്യുകയുള്ളു.ക്യാമറ ഒരു ഫ്രെയിമിലെ ലൈറ്റിന്റെ വിശദാശംങ്ങള്‍ സ്വാംശീകരിക്കുമ്പോള്‍ ക്യാമറ സ്വീകരിക്കുന്ന രീതികള്‍ ഏതൊക്കെ എന്ന് ഒന്നുനോക്കാം. പ്രധാനമായും മൂന്നുവിധത്തിലുള്ള മീറ്ററിംഗ് മോഡൂകളാണ് ക്യാമറ നിര്‍മ്മാതാക്കള്‍ നിലവില്‍ ഉപയോഗിക്കുന്നത്.


1. സ്പോട്ട് മീറ്ററിംഗ്:

വ്യൂഫൈന്ററിലെ ഒരു പ്രത്യേക പോയിന്റിനു ചുറ്റും 3.5 മില്ലീമീറ്റര്‍ വൃത്തത്തിന്റെ ഉള്‍വശത്തുവരുന്ന ഭാഗങ്ങളിലെ പ്രകാശതീവ്രതയാണ് സ്പോട്ട് മീറ്ററിംഗ് കണക്കിലെടുക്കുന്നത്. അതായത്, ഫ്രെയിമിലെ ഏതുഭാഗമാണൊ ഈ പോയിന്റിന് അടുത്ത് വരുന്നത് അത്; ബാക്കിഭാഗങ്ങളിലേക്ക് ക്യാമറയുടെ ശ്രദ്ധപോകുന്നതേയില്ല. ക്യാമറയുടെ ഫോക്കസ് പോയിന്റിനു ചുറ്റുമായിട്ടാവും ഈ ഏരിയ വരുന്നത്. ആധുനിക SLR ക്യാമറകളില്‍ ഒന്നിലധികം ഫോക്കസ് പോയിന്റുള്ളത് അറിയാമല്ലോ. അതില്‍ നിങ്ങള്‍ ഫോട്ടോയ്ക്കായി സെലക്റ്റ് ചെയ്തിരിക്കുന്നത് ഏതുപോയിന്റാണോ അതിനു ചുറ്റുമായിട്ടാവും സ്പോട്ട് മീറ്ററിംഗിന്റെ ഏരിയ. മാക്രോ ഫോട്ടോകള്‍ക്കും, ക്ലോസ് അപ് ഫോട്ടോകള്‍ക്കും മറ്റും ഈ മോഡ് വളരെ നല്ലതാണ്.

താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോനോക്കൂ. അതിലെ മേഘത്തിനെയാണ് ഇവിടെ സ്പോട്ട് മീറ്ററിംഗ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോഫയലില്‍ മറ്റ് ഫോട്ടോഷോപ്പ് വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. ക്യാമറയുടെ ലൈറ്റ് മീറ്റര്‍ മേഘത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ട് ഫ്രെയിമിലെ മറ്റ് ഏരിയകളിലെ ലൈറ്റുകളൊന്നും അതിനു വിഷയമാകുന്നതേയില്ല. മേഘത്തിന് ഈ ഫോട്ടോയെടുക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ “തെളിച്ചം” ക്യാമറ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. (ഫോട്ടോഗ്രാഫര്‍ : സപ്തവര്‍ണ്ണങ്ങള്‍)


ഇതുമായി ബന്ധമുള്ള മറ്റൊരു മീറ്ററിംഗ് മോഡാണ് Partial metering. ഫ്രെയിമിന്റെ മധ്യഭാഗത്തുള്ള 9% ഏരിയയിലാണ് ക്യാമറയുടെ മുഴുവന്‍ ശ്രദ്ധയും. മറ്റു ഭാഗങ്ങളുടെ ആവറേജ് കണക്കാക്കുന്നില്ല. എന്നുവച്ചാല്‍ സ്പോട്ട് മീറ്ററിംഗിന്റെ അല്പംകൂടി വലിയ ഒരു വകഭേദം - പക്ഷേ മധ്യഭാഗത്തുമാത്രം. എന്‍‌ട്രി ലെവല്‍ SLR ക്യാമറകളില്‍ ഇതുകണ്ടിട്ടില്ല. അല്പം കൂടി അഡ്വാസ്‌ഡ് ക്യാമറകളിലാണിത് ഉള്ളത്. പോര്‍ട്രെയിറ്റുകള്‍ക്ക് ഉത്തമമായ ഒരു മോഡാണിത്.


2. സെന്റര്‍ വെയ്റ്റഡ് ആവറേജ് മീറ്ററിംഗ്:

ഈ മീറ്ററിംഗ് മോഡ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് വ്യൂഫൈന്ററിന്റെ മധ്യഭാഗത്തുള്ള 8 മില്ലീമീറ്റര്‍ വ്യാസത്തിലുള്ള ഒരു വൃത്തതിനുള്ളിലാണ്‍. വ്യൂഫൈന്ററിനുള്ളില്‍ മധ്യഭാഗത്തായി കാണുന്ന വൃത്തത്തിനോളം പോന്ന ഭാഗം. അതിനര്‍ത്ഥം ബാക്കിഭാഗങ്ങളെ അതുശ്രദ്ധിക്കുന്നില്ല എന്നല്ല.എപ്പോഴും ഫ്രെയിമിന്റെ നടുക്കുഭാഗത്തിനു കൂടുതല്‍ പരിഗണനയും, ബാക്കിഭാഗങ്ങളുടെ ആവറേജും കണക്കാക്കുന്ന എക്സ്പോഷര്‍ മോഡ് ആണിത്. ഫോക്കസ് ചെയ്യുന്ന പോയിന്റ് ഫ്രെയിമിന്റെ മധ്യഭാഗത്തല്ലെങ്കിലും ഈ മോഡ് ഫ്രെയിമിന്റെ മധ്യഭാഗത്തെയാണ് മീറ്ററിംഗിനായി കണക്കിലെടുക്കുന്നത്.

സ്പോട്ട് മീറ്ററിംഗിന്റെ ഉദാഹരണമായി നല്‍കിയിരുന്ന അതേ ഫ്രെയിം സെന്റര്‍വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്തപ്പോള്‍ ഫോട്ടോയില്‍ വന്നിരിക്കുന്ന വ്യത്യാസം നോക്കൂ.

3. മള്‍ട്ടിസോണ്‍ മീറ്ററിംഗ്:


ഇന്നത്തെ മിക്കവാറും എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും (SLR & point shoot) ഡിഫോള്‍ട്ടായി ഉപയോഗിച്ചിരിക്കുന്ന മീറ്ററിംഗ് മോഡ് ആണ് ഇത്. പലപേരുകളില്‍ ഈ ടെക്നോളജി അറിയപ്പെടുന്നുണ്ട്. മാട്രിക്സ് മീറ്ററിംഗ് (matrix metering) എന്ന് നിക്കോണും, ഇവാലുവേറ്റിവ് മീറ്ററിംഗ് (Evaluative metering) എന്ന് ക്യാനനും, ഹണികോമ്പ് മീറ്ററിംഗ് (Honey-comb metering)എന്ന് സോണിയും വിളിക്കുന്ന ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് നിക്കോണ്‍ ആണ്. ഏതുപേരില്‍ അറിയപ്പെട്ടാലും സംഗതി ഒന്നുതന്നെ.

എടുക്കേണ്ട ഫ്രെയിമിനെ പല സോണുകളായി (മേഖലകളായി) വിഭജിച്ചുകൊണ്ട് ഓരോ സോണുകളുടെയും എക്സ്പോഷര്‍ വില പ്രത്യേകം കണക്കാക്കി (സ്പോട്ട് മീറ്ററിംഗ് പോലെ) അതില്‍നിന്ന് ആവറേജ് വില നിശ്ചയിക്കുന്നു - ഈ പോസ്റ്റിന്റെ ആദ്യഭാഗത്ത് നാം ചില ചിത്രങ്ങളെ 24 ചതുരങ്ങളായി വിഭജിച്ചു കണ്ടതുപോലെ. ഒരു വ്യത്യാസമുള്ളത്, ഓരോ ക്യാമറനിര്‍മ്മാതാവിന്റെയും സാങ്കേതികവിദ്യയനുസരിച്ച് ഫ്രെയിമിനെ വിഭജിക്കുന്നത് വ്യത്യസ്തമായരീതിയില്‍ ആയിരിക്കും എന്നതാണ് - പത്തുമുതല്‍ നൂറിനുമേല്‍ സോണുകള്‍ വരെ കണക്കിലെടുക്കുന്ന ക്യാമറകളുണ്ട്. മീറ്ററിംഗിനുമാത്രമായി സജ്ജീകരിച്ചീട്ടുള്ള സെന്‍സറുകളും ക്യാമറയില്‍ ഉണ്ടാവും. ക്യാമറനിര്‍മ്മാതാക്കളെല്ലാവരും തന്നെ ഈ സാങ്കേതികവിദ്യയുടെ വിശദാംശങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതനുസരിച്ച് രംഗത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ലൂമിനന്‍സ് മാത്രമല്ല, ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റ്, ഡെപ്ത് ഓഫ് ഫീല്‍ഡ്, പ്രധാനവസ്തുവിന്മേല്‍ പതിക്കുന്ന പ്രകാശം, അതിന്റെ ബാക്ഗ്രൌണ്ടിലുള്ള പ്രകാശം, ഫ്രെയിമില്‍ ലഭ്യമായ വര്‍ണ്ണങ്ങള്‍, ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവും ക്യാമറയും തമ്മിലുള്ള അകലം എന്നിങ്ങനെ പലകാര്യങ്ങള്‍ സോണ്‍ മീറ്ററിംഗ് ഉപയോഗിച്ച് എക്സ്പോഷര്‍ വില നിര്‍ണ്ണയിക്കുന്നതിനു പിന്നില്‍ ക്യാമറകളിലെ സോഫ്റ്റ്വെയര്‍ കണക്കിലെടുക്കുന്നുണ്ട്.

മറ്റു മീറ്ററിംഗ് മോഡുകളില്‍ ഉദാഹരണമായി കാണിച്ച അതേ ഫ്രെയിം ഇവാലുവേറ്റീവ് മീറ്ററിംഗില്‍ എടുത്തത് താഴെക്കൊടുക്കുന്നു. ഇവിടെ ആകാശവും, മേഘവും, ഇളംവെയിലില്‍ പ്രകാശിക്കുന്ന മരങ്ങളും എല്ലാം ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കണക്കിലെടുക്കുന്നു. അവയെ ഒക്കെയും ഈ ഫോട്ടോയില്‍ സാധിക്കുന്നത്ര തെളിമയില്‍ പതിപ്പിക്കുവാന്‍ തക്കവിധമുള്ള ഒരു എക്സ്പോഷറാണ് ക്യാമറ ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

വിവിധ മീറ്ററിംഗ് മോഡുകളെ കുറിക്കുവാന്‍ ഉപയോഗീക്കുന്ന ഐക്കണുകള്‍ ക്യാമറകളുടെ ഡിസ്പ്ലേയില്‍ ഉണ്ടാവും. ഒരു കാ‍നന്‍ ഡിജിറ്റല്‍ SLR ല്‍ കാണുന്ന ഐക്കണുകള്‍ ഇങ്ങനെയാവും.

വ്യത്യസ്ത പ്രകാശസാഹചര്യങ്ങളിലെടുത്ത നൂറുകണക്കിനു ഫോട്ടോഗ്രാഫുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഒരു ഡാറ്റാബേസിനെ ആധാരമാക്കിയാണ്, നാം മീറ്ററിംഗ് ചെയ്യുന്ന രംഗത്തിന്റെ വര്‍ണ്ണവിന്യാസങ്ങള്‍ക്കനുസരിച്ചുള്ള ഒരു എക്സ്പോഷര്‍ ക്യാമറയുടെ സോഫ്റ്റ്വെയര്‍ നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ പ്രകാശസാഹചര്യങ്ങളിലും ഇന്നത്തെ ക്യാമറകളുടെ സോണ്‍ മീറ്ററിംഗ് സംവിധാനങ്ങള്‍ നല്ല ബാലന്‍സ്ഡ് ആയ ചിത്രങ്ങള്‍ നല്‍കാറുണ്ട്. നിഴലും വെളിച്ചവും എല്ലാം ചേരുന്ന രണ്ടു ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നത് നോക്കൂ, എത്രഭംഗിയായാണ് ക്യാമറയുടെ മാട്രിക്സ് മീറ്ററിംഗ് (മള്‍ട്ടി സോണ്‍) മോഡ് ഈ രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിച്ചിരിക്കുന്നതെന്ന് (ഫോട്ടോഗ്രാഫര്‍ ശ്രീലാല്‍, മോഡല്‍ ബിനോയ്).


മീറ്ററിംഗിനെപറ്റിയുള്ള ഒരു തെറ്റിദ്ധാരണ:


മീറ്ററിഗ് മോഡുകളെപ്പറ്റി പൊതുവേയുള്ള ഒരു തെറ്റിദ്ധാരണയുണ്ട്, ഓരോ വിധത്തിലുള്ള മീറ്ററിംഗ് മോഡുകളും അതുപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ വിവിധഭാഗങ്ങളില്‍ എന്തൊക്കെയോ ‘സ്പെഷ്യല്‍ എഫക്റ്റുകള്‍‘ നല്‍കും എന്നാണ് ഈ തെറ്റിദ്ധാരണ! സോണ്‍ മീറ്ററിംഗ് ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ എല്ലാ ഭാഗങ്ങളും ഭംഗിയായി എക്സ്പോസ്ഡ് ആയിട്ടുണ്ടാവുമെന്നും, സെന്റര്‍ വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്ത ചിത്രങ്ങളുടെ മധ്യഭാഗത്തുമാത്രം കൂടുതല്‍ ലൈറ്റ് ഉണ്ടാവുമെന്നും മറ്റും ധരിച്ചുവച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ധാരാളം! ലഭിക്കുന്ന ഫോട്ടോഗ്രാഫുകളിലെ ലൈറ്റ്എഫക്റ്റുകളല്ല, മറിച്ച് ഫ്രെയിമിലെ ഏതുഭാഗത്തിലെ ലൈറ്റാണോ ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കൂടുതല്‍ ശ്രദ്ധയോട് അളന്നത്, അതിന്റെ പ്രതിഫലനങ്ങളാണ് നമുക്ക് ചിത്രത്തില്‍ ലഭിക്കുക.


മീറ്ററിംഗ് മോഡുകള്‍: പ്രായോഗിക ഉപയോഗങ്ങള്‍

താഴെക്കൊടുത്തിരിക്കുന്ന പൂവുകളുടെ ചിത്രം നോക്കൂ. ഈ മൂന്നു ഫോട്ടോകളിലും സ്പോട്ട് മീറ്ററിംഗ് മോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.ഈ ചിത്രങ്ങളിലെല്ലാം ക്യാമറയുടെ ലൈറ്റ് മീറ്റര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പൂവിന്റെ ഇതളുകളിലെ ഒരു ചെറിയഭാഗത്ത് മാത്രമാണ്. അതിനാലാണ് പൂവിതള്‍ മാത്രം ഏറ്റവും കൃത്യമായി എക്സ്പോസ്ഡ് ആയിരിക്കുന്നത് (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കിയാല്‍ ഇത് വ്യക്തമാവും). ഇവയുടെ ബാക്ഗ്രൌണ്ട് കറുപ്പുനിറത്തില്‍ കാണപ്പെടുന്നത് ശ്രദ്ധിച്ചുവല്ലോ. ഇവയിലൊന്നും കറുപ്പുനിറത്തിലെ ബാക്ക്ഗ്രണ്ടായി എന്തെങ്കിലും വസ്തു ഉപയോഗിച്ചിട്ടില്ല, ഫോട്ടൊഷോപ്പ് ഉപയോഗിച്ച് ബാക്ഗ്രൌണ്ടിന്റെ നിറം മാറ്റിയതുമല്ല. ഇവയുടെയെല്ലാം ചുറ്റുവട്ടത്ത് ഇലകളും കമ്പുകളും ഉണ്ടായിരുന്നതാണ്, അവിടെ വെളിച്ചവും ഉണ്ടായിരുന്നു. എന്നാല്‍, ഈ ബാക്ഗ്രൌണ്ടുകളെ അപേക്ഷിച്ച് കൂടുതല്‍ വെളിച്ചം ഈ പൂവിതളില്‍ നിന്ന് പ്രതിഫലിക്കുന്നതായാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ അളന്നത്. അതിനാല്‍ പൂവിതളിനെ കൃത്യമായ എക്സ്പോഷറില്‍ ആക്കുവാന്‍ അനുയോജ്യമായ ഒരു ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍ കോമ്പിനേഷനാണ് ക്യാമറ സെലക്റ്റ് ചെയ്തിരിക്കുന്നത്. ഈ കോമ്പിനേഷന്‍, ബാക്ഗ്രണ്ടില്‍നിന്നും പ്രതിഫലിക്കുന്ന താരതമ്യേന കുറഞ്ഞ അളവിലുള്ള പ്രകാശം സെന്‍സറില്‍ റിക്കോര്‍ഡ് ചെയ്യിക്കുവാന്‍ പര്യാപ്തമല്ലാത്തതിനാല്‍ ആ ഭാഗങ്ങള്‍ സ്വാഭാവികമായി ഇരുണ്ടു കാണപ്പെടൂന്നുവെന്നേയുള്ളൂ.

ഇതിനുപകരം, മാട്രിക്സ് / ഇവാലുവേറ്റീവ് മീറ്ററിംഗ് ആയിരുന്നു ഈ ഫോട്ടോകള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍, ക്യാമറ ഒരേ സമയം പൂവിതളിനേയും, ബാക്ഗ്രണ്ടിനേയും കണക്കിലെടുക്കുകയും, രണ്ടിനേയും ഏകദേശം ബാലന്‍സായി കാണിക്കത്തക്കവിധത്തിലുള്ള ഒരു എക്സ്പോഷര്‍ വാല്യൂ തെരഞ്ഞെടുക്കുകയും ചെയ്തേനെ. അങ്ങെനെ വരുമ്പോള്‍ സ്വാഭാവികമായി പൂവിന്റെ ചിലഭാ‍ഗങ്ങള്‍ ഓവര്‍ എക്സ്പോസ് ആയി കാണപ്പെടുകയും ചെയ്യുമായിരുന്നു. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത് വ്യക്തമാണല്ലോ.
സ്പോട്ട് മീറ്ററിംഗിന്റെ മറ്റൊരു ഉപയോഗം പോര്‍ട്രെയ്റ്റുകള്‍ എടുക്കുവാനായാണ്. ഒരാളുടെ മുഖം ഭംഗിയായി എക്സ്പോസ് ചെയ്യുവാന്‍ ഈ മോഡ് ഉപയോഗിക്കാം. ഒന്നുകില്‍ ബാക്ഗ്രൌണ്ട് വല്ലാതെ തെളിച്ചമുള്ളതാവുമ്പോള്‍ സബ്ജക്റ്റിനെ കൃത്യമായ എക്സ്പോഷറില്‍ ആക്കുവാന്‍, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ പൂവിന്റെ ഉദാഹരണത്തിലേതുപോലെ ബാക്ഗ്രൌണ്ടിനെ ഡാര്‍ക്ക് ആക്കി മാറ്റിക്കൊണ്ട് ഒരു പ്രത്യേക എഫക്റ്റ് ചിത്രത്തിനു നല്‍കുവാന്‍ ഈ മോഡ് ഉപയോഗിക്കാം‍. (ഫോട്ടോഗ്രാഫര്‍: ശ്രീലാല്‍)


ഈ ഉദാഹരണങ്ങള്‍ കണ്ടതുകൊണ്ട് സ്പോട്ട് മീറ്ററിംഗ് എപ്പോഴും ബാക്ഗ്രൌണ്ടിനെ ഡാര്‍ക്ക് ആക്കിമാറ്റും എന്നു കരുതരുത്! നമ്മള്‍ സ്പോട്ട് മീറ്ററിംഗ് ചെയ്യുന്ന ഭാഗം ഫ്രെയിമിന്റെ ബാക്കിഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടതാണെങ്കില്‍ എന്തുസംഭവിക്കും എന്നുനോക്കൂ.

താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ(ഫോട്ടോഗ്രാഫര്‍: ശ്രീലാല്‍). സ്പോട്ട് മീറ്റര്‍ ചെയ്യുന്ന ഏരിയ അതിന്റെ ചുറ്റുപാടുകളേക്കാള്‍ ഇരുണ്ടതാണെങ്കില്‍ എന്തുസംഭവിക്കുന്നു എന്ന് ഇതില്‍ കാണാവുന്നതാണ്. ആദ്യ ചിത്രത്തില്‍ മാട്രിക്സ് മീറ്ററിംഗ് നിഴലുള്ളഭാഗങ്ങളെയും തെളിച്ചമുള്ള ഭാഗങ്ങളേയും ഒന്നുപോലെ കണക്കിലെടുക്കുന്നതിനാല്‍, വീടിന്റെ പൂമുഖം അല്പം ഇരുണ്ടുപോയി എന്നുകാണാം, അതോടോപ്പം ഫ്രെയിമിന്റെ ഏറ്റവും അരികിലായി കാണുന്ന മതിലിന്റെ ഭാഗങ്ങളും ഇരുണ്ടുതന്നെ.
അടുത്ത ചിത്രത്തില്‍ സ്പോട്ട് മീറ്ററിംഗ് ആണുപയോഗിച്ചിരിക്കുന്നത്. ഇവിടെ സ്പോട്ട് മീറ്റര്‍ ചെയ്തിരിക്കുന്ന ഫ്രെയിമിന്റെ മധ്യഭാഗത്തിനു കൂടുതല്‍ പരിഗണന കിട്ടുന്നതിനാല്‍, പൂമുഖം കുറേക്കൂടി തെളിച്ചമുള്ളതാക്കുവാന്‍ വേണ്ട ഒരു ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍ കോംബിനേഷനാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് മധ്യഭാഗത്തുള്ള പൂമുഖം മാത്രമല്ല, ഫ്രെയിമിന്റെ വശങ്ങളിലുള്ള മതിലിന്റെ ഭാഗങ്ങളും തെളിച്ചമുള്ളതായി മാറി. പക്ഷേ വെയിലുണ്ടായിരുന്ന ഭാഗങ്ങള്‍ അല്പം ഓവര്‍ എക്സ്പോസ്ഡും ആണ് (അത് ക്യാമറയുടെ കുറ്റമല്ല). ഈ ഉദാഹരണത്തില്‍ സ്പോട്ട് മീറ്ററിംഗ് ഫ്രെയിമിന്റെ മധ്യഭാഗം മാത്രമാണ് എക്സ്പോഷര്‍ വില നിര്‍ണ്ണയിക്കുവാന്‍ കണക്കാക്കിയതെങ്കിലും, അതിന്റെ ഫലം ഫ്രെയിമിനുമൊത്തത്തില്‍ ബാധകമാണെന്ന് മനസ്സിലായല്ലോ? അതുകൊണ്ടാണ് മീറ്ററിംഗിന്റെ മൊത്തത്തിലുള്ള എഫക്റ്റ് മീറ്ററിംഗ് ചെയ്ത ഭാഗത്തിനു മാത്രമല്ല, ഫ്രെയിമിനു മൊത്തമായി ബാധകമാണെന്നുപറയുവാന്‍ കാരണം.


മീറ്ററിംഗിന്റെ പിന്നില്‍:


യഥാര്‍ത്ഥത്തില്‍ എന്താണ് മീറ്ററിംഗ്? ഫോട്ടോഗ്രാഫര്‍ ഉദ്ദേശിക്കുന്നരീതിയില്‍ ഒരു ഫ്രെയിമിന്റെ എക്സ്പോഷര്‍ വാല്യൂ നിര്‍ണ്ണയിക്കുവാന്‍ ഉതകുന്ന ഏറ്റവും പ്രയോജനപ്രദമായതും, അതേസമയം അനായസമായതുമായ ഒരു ടൂള്‍ ആണ് മീറ്ററിംഗ് മോഡുകള്‍. ഇവയുടെ സെലക്ഷനിലൂടെ ഫ്രെയിമില്‍ നാം ഉദ്ദേശിക്കുന്ന ഏതുഭാഗത്താണ് ലൈറ്റ് മീറ്റര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതെന്ന് നാം ക്യാമറയോട് നിര്‍ദ്ദേശിക്കുന്നു. ഒരു അപ്പര്‍ച്ചര്‍ നമ്പറും ( f) shutter സ്പീഡ് നമ്പറും (T) ചേര്‍ന്നതാണ് ഒരു എക്സ്പോഷര്‍ വാല്യൂ - ഉദാ:f/8, 1/250. കാരണം ഒരു ഫോട്ടോ എടുക്കുവാന്‍ വേണ്ട ലൈറ്റ് എത്രവേണം എന്നു നിശ്ചയിക്കുന്ന രണ്ടേ രണ്ടു സംഗതികള്‍ ഇവ മാത്രമാണ്. മീറ്ററിംഗ് മോഡുകള്‍ എക്സ്പോഷര്‍ കണക്കാക്കുന്നത് ഫോട്ടോയെടുക്കുന്നതിനു മുമ്പാണ്. ഫോട്ടോ എടുത്തുകഴിഞ്ഞ് ക്യാമറ ഫോട്ടോയിലേക്ക് പകരുന്ന ഒരു എഫക്റ്റല്ല മീറ്ററിംഗ്.


ലൈറ്റ് മീറ്ററിംഗ് ഉദാഹരണത്തിലൂടെ:

നാം ക്യാമറയില്‍ സെറ്റ് ചെയ്തിരിക്കുന്ന മീറ്ററിംഗ് മോഡിനനുസരിച്ച് ക്യാമറ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന് ഒരു യഥാര്‍ത്ഥ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ശ്രദ്ധിക്കുക, മീറ്ററീംഗ് മോഡുകളുടെ ഉപയോഗം കാണിക്കുവാനുള്ള ഒരു ഉദാഹരണമല്ല ഇത്, മീറ്ററിംഗ് മോഡുകള്‍ക്കനുസരിച്ച് ലൈറ്റ് മീറ്റര്‍ എവിടെയൊക്കെ ശ്രദ്ധിക്കുന്നു എന്നുകാണിക്കുകയാണിവിടെ.

താഴെക്കാണുന്ന മൂന്നു ഫോട്ടോകള്‍ ഒരേ സമയത്ത് മൂന്ന് വ്യത്യസ്ത മീറ്ററിംഗ് മോഡുകളില്‍ എടൂത്തതാണ്. സെറ്റിംഗുകളെ പരമാവധി ഒരുപോലെയാക്കുവാന്‍ വേണ്ടി, അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍, f/8 എന്ന സ്ഥിരം അപ്പര്‍ച്ചറിലാണ്‍ ഈ മൂന്നു ചിത്രങ്ങളും എടുത്തിരിക്കുന്നത്. കൂടാതെ ISO വാല്യുവും ഒന്നുതന്നെ 400. അപ്പോള്‍, ചിത്രങ്ങളില്‍ മാറുവാന്‍ സാ‍ധ്യമായ ഒരേ ഒരു വേരിയബിള്‍ ഷട്ടര്‍ സ്പീഡ് ആണ് എന്നറിയാമല്ലോ. (ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ). ഇനി ഓരോ ചിത്രത്തിനേയും ഒന്നു പരിശോധിക്കാം.

ആദ്യചിത്രം മാട്രിക്സ് മീറ്ററിംഗ് മോഡില്‍ ആണ് എടുത്തിരിക്കുന്നത്. ക്യാമറ ഈ ഫ്രെയിമിനെ പലഭാഗങ്ങളായി തിരിച്ച് ഒന്നുഴിഞ്ഞുനോക്കിയപ്പോള്‍, നടുക്ക് കാണുന്ന ഗെയിറ്റും, അതിനു വെളിയിലുള്ള റോഡും നല്ല പ്രകാശത്തിലും, ഗെയിറ്റിന്റെ ഉള്ളിലുള്ള തണലുള്ളഭാഗങ്ങളില്‍ കുറേ വെളിച്ചം ചിതറിവീഴുന്നതായും, മറ്റുചിലഭാഗങ്ങളില്‍ നിഴലുള്ളതായും കാണുന്നു. ഫ്രെയിമില്‍ കാണുന്ന ഒട്ടുമിക്കവാറും സാധനങ്ങളും ഫോക്കസില്‍ ആയതിനാല്‍ നടുക്കൊരു മനുഷ്യന്‍ നില്‍ക്കുന്നുണ്ടെന്നോ അദ്ദേഹത്തിന്റെ മുഖത്ത് അത്രലൈറ്റില്ലെന്നോ ഒന്നും ക്യാമറയ്ക്ക് ഒരു വിഷയമേ അല്ല. കാരണം നടുക്ക് നില്‍ക്കുന്ന ആളല്ല ഈ ഫോട്ടോയിലെ പ്രധാനസബ്ജക്റ്റ്, ക്യാമറയെ സംബന്ധിച്ചിടത്തോളം ഈ രംഗം ഒന്നുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

അപ്പര്‍ച്ചര്‍ f/8 എന്നസ്ഥലത്ത് നാം ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതിനാല്‍, ഈ രംഗത്തുനിന്ന ലഭിച്ച പ്രകാശഡേറ്റകളെല്ലാം വിശദമായി പരിശോധിച്ചതില്‍ നിന്നും ഈ രംഗത്തിന് അനുയോജ്യമായ ഷട്ടര്‍സ്പിഡ് 1/200 ആണെന്ന് ക്യാമറകണക്കാക്കുന്നു. അങ്ങനെ പൊതുവില്‍ നോക്കിയാല്‍ ബാലന്‍സ്ഡ് ആയ ഒരു ഫോട്ടൊ ക്യാമറ ഈ സെറ്റിംഗില്‍ നമുക്ക് തരുന്നു. ഇനി ഈ ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത് ഒന്നു വലുതാക്കി നോക്കൂ. ഗെയ്റ്റിന്റെ വെളിയിലുള്ള റോഡ് ഒരല്പം ഓവര്‍ എക്സ്പോസ്ഡ് ആണ്, അല്ലേ. ടാറിന്റെ കറുപ്പുനിറം അത്രവ്യക്തമല്ല. അതുപോലെ പുറകിലുള്ള വീടിന്റെ ചുവപ്പുപെയ്ന്റും ഒരല്പം ഓവര്‍ ആണ്. അതുപോലെ നല്ല നിഴലുള്ള ഭാഗങ്ങളിലെ കാര്യങ്ങളും അത്ര വ്യക്തമല്ല. എങ്കിലും ഫോട്ടോ മൊത്തത്തില്‍ നോക്കിയാല്‍ നല്ലതുതന്നെ.

അടുത്ത ഫോട്ടോ സെന്റര്‍വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്തതാണ്. ഇവിടെ ക്യാമറ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫ്രെയിമിന്റെ മദ്ധ്യഭാഗത്താണ്. അതായത് ഗെയ്റ്റും അതിനു ചുറ്റുവട്ടത്തും ഉള്ള ഭാഗങ്ങള്‍. ഈ ചിത്രം എടുക്കുന്നതിനായി ക്യാമറ സ്വീകരിച്ചിരിക്കുന്ന എക്സ്പോഷര്‍ f/8, 1/250 എന്നതാണ്. ശ്രദ്ധിക്കുക, ആദ്യ മാട്രിക്സ് മീറ്റര്‍ ചിത്രത്തിലേതിനേക്കാള്‍ ഒരുപടി കൂടുതലാണ് ഷട്ടര്‍സ്പീഡ് - അതായത് T-stop സ്കെയിലില്‍ വലത്തേക്ക് ഒരു നമ്പര്‍ കൂടുതല്‍, തന്മൂലം അല്പം കുറഞ്ഞ അളവില്‍ പ്രകാശം ക്യാമറയിലേക്ക് കടക്കുന്നു. അതിന്റെ എഫക്റ്റ് ആ ചിത്രത്തില്‍ കാണാനുമുണ്ട്. ചിത്രം വലുതാക്കി നോക്കൂ. റോഡിലെ ടാറിന്റെ കളര്‍ ശ്രദ്ധിച്ചാല്‍ ആ ഭാഗം ആദ്യചിത്രത്തിലുണ്ടായിരുന്നതിനേക്കാള്‍ നല്ലരീതിയില്‍ എക്സ്പോസ്ഡ് ആയിക്കാണാവുന്നതാണ്.

ഈ മൂന്നാമത്തെ ഫോട്ടോ സ്പോട്ട് മീറ്ററിംഗ് മോഡില്‍ എടുത്തതാണ്. ഇവിടെ ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫ്രെയിമിന്റെ ഒത്തനടുവിലെ ഒരു ചെറിയ ഏരിയയിലാണ്. അതായത്, അവിടെ നില്‍ക്കുന്നയാളുടെ ഷര്‍ട്ടിന്റെ ഭാഗം. അവിടെ ലൈറ്റ് കുറവായികാണുന്നതിനാല്‍ f/8, 1/100 എന്ന എക്സ്പോഷര്‍ വാല്യുവാണ് ക്യാമറ സെലക്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ രണ്ടു ചിത്രങ്ങളെക്കാളും ഷട്ടര്‍ തുറന്നിരിക്കുന്ന സമയം അല്പം കൂടുതലാണ്. അതിന്റെ പ്രതിഫലനങ്ങള്‍ ഫ്രെയിമിലെ വെളിച്ചമുള്ള ഭാഗങ്ങളില്‍ കാണാനുമുണ്ട്. അവയെല്ലാം ഓവര്‍ എക്സ്പോസ്ഡ് ആണ്.

ഈ മൂന്നു ചിത്രങ്ങളിലും അപ്പര്‍ച്ചര്‍ f/8 ആണ് എന്നോര്‍മ്മയുണ്ടല്ലോ? ഷട്ടര്‍ സ്പീഡ് മാത്രമാണ് മാറിയത്. അവ യഥാക്രമം മാട്രിക്സ് 1/200, സെന്റര്‍ വെയ്റ്റഡ് 1/250, സ്പോട്ട് മീറ്ററിംഗ് 1/100 എന്നിങ്ങനെയാണുള്ളത്. ഷട്ടര്‍സ്പീഡുകളുടെ T-സ്റ്റോപ്പ് സ്കെയിലിലെ 1/3 ക്രമത്തില്‍ അധികം അകലെയല്ലാത്ത നമ്പറുകളാണ് ഇവ എന്നറിയാമല്ലോ (സംശയമുള്ളവര്‍ ടി-സ്റ്റോപ് സ്കെയിലുകള്‍ എന്ന അദ്ധ്യായം ഒരിക്കല്‍കൂടി നോക്കൂ).

ഈ പരീക്ഷണത്തില്‍നിന്നും, വിവിധമീറ്ററിംഗ് മോഡുകളില്‍ ക്യാമറ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എക്സ്പോഷറില്‍ വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്ന് മനസ്സിലായല്ലോ. അതല്ലാതെ ഫോട്ടോഗ്രാഫുകളുടെ ചിലപ്രത്യേകഭാഗങ്ങളില്‍ വരുത്തുന്ന ലൈറ്റ് എഫക്റ്റുകളല്ല.


സംഗ്രഹം:

1. ഒരു ഫോട്ടോഗ്രാഫിന്റെ ഭംഗി, പെര്‍ഫക്ഷന്‍ എന്നിവയൊക്കെ അതിന്റെ എക്സ്പോഷര്‍ വാല്യുവിനെ ആശ്രയിച്ചിരിക്കുന്നു.

2. ഒരു ഫ്രെയിമിന്റെ കൃത്യമായ എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നത് ക്യാമറയിലെ എക്സ്പോഷര്‍ മീറ്റര്‍ (ലൈറ്റ് മീറ്റര്‍) ആണ്. ഈ മീറ്റര്‍ ഫ്രെയിമിന്റെ ഏതുഭാഗത്താണ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത് എന്ന് ക്യാമറയോട് ഫോട്ടൊഗ്രാഫര്‍ക്ക് “പറയുവാനുള്ള” സംവിധാനമാണ് മീറ്ററിംഗ് മോഡുകള്‍. സോണ്‍ മീറ്ററിംഗ് സാങ്കേതികവിദ്യയുടെ പ്രത്യേകത കാരണം ഏറക്കുറെ എല്ലാ സാഹചര്യങ്ങളിലും ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് എന്ന നിലയില്‍ അത് അനുയോജ്യമാണ്.

3. ആധുനിക ക്യാമറകളില്‍ സോണ്‍ മീറ്ററിംഗ് മോഡ് മിക്കവാറും എല്ലാ ഫോട്ടോഗ്രാഫുകളിലും ഒരു ബാലന്‍സ്ഡ് ഇമേജ് തരും. എങ്കിലും എല്ലാ ഫോട്ടോഗ്രാഫുകള്‍ക്കും സോണ്‍ മീറ്ററിംഗ് അനുയോജ്യമാവണമെന്നില്ല. അപ്പോള്‍ മറ്റു മീറ്ററിംഗ് മോ‍ഡുകള്‍ ഉപയോഗിക്കാം. സാങ്കേതികമായി, ഫ്രെയിമിലെ പ്രധാനഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു എക്സ്പോഷര്‍ വാല്യു ആണ് മീറ്ററിംഗ് മോഡ് സെലക്ഷനിലൂടെ നാം എളുപ്പവഴിയില്‍ കണ്ടുപിടിക്കുന്നത്. ചിലപ്പോള്‍ ഫ്രെയിം മുഴുവനും ഒന്നുപോലെ പ്രധാനമാവാം, മറ്റുചിലപ്പോള്‍ ഫ്രെയിമിന്റെ ചിലഭാഗങ്ങളാവാം പ്രധാനം.

ഒരിക്കല്‍ നിശ്ചയിച്ച എക്സ്പോഷര്‍ വാല്യൂവില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തുവാനുള്ള എളുപ്പവഴിയാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍. ഇത് എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും ലഭ്യമായ ഒരു സംവിധാനമാണ്. അതിനെപ്പറ്റി അടുത്ത പാഠത്തില്‍.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP