ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Tuesday, May 6, 2008

പാഠം 12: ഓട്ടോഫോക്കസ്

അറിയിപ്പ്: ഇതിനു മുമ്പ് പോസ്റ്റ് ചെയ്ത ഓപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം എന്ന പോസ്റ്റ്, മനസ്സിലാക്കാന്‍ വളരെ പ്രയാസമായിരുന്നു എന്ന് പലരും പറഞ്ഞതിനാല്‍ അത് പൂര്‍ണ്ണമായും മാറ്റി എഴുതി വളരെ ലളിതമാക്കി, പുതിയ ചിത്രങ്ങള്‍ ഉള്‍പ്പടെ വീണ്ടും പബ്ലിഷ് ചെയ്തിട്ടുണ്ട്. സമയവും താല്പര്യവുള്ളവര്‍ ഒന്നുകൂടി അത് വായിച്ചു നോക്കുക.ഒരു ഫോട്ടോയെ ഏറ്റവും മനോഹരമാക്കുന്ന അവശ്യഘടകങ്ങളിലൊന്ന്‌, നാം ഏതു വസ്തുവിന്റെ ഫോട്ടോയാണോ എടുത്തത്‌ അത്‌ കൃത്യമായ ഫോക്കസില്‍ ആയിരിക്കുക എന്നതാണെന്നതില്‍ സംശയമില്ലല്ലോ. അതുപോലെ എന്തൊക്കെ വസ്തുക്കള്‍ ഒരു ഫ്രെയിമില്‍ ഫോക്കസില്‍ അല്ല എന്നതും ഫോട്ടോയുടെ ഭംഗി നിശ്ചയിക്കുന്ന ഒരു ഘടകമത്രെ. ഒരു വസ്തുവിന്റെ പ്രതിബിംബം ഏറ്റവും കൃത്യതയോടെ, അതിന്റെ എല്ലാ വിശദാംശങ്ങളോടെയും രൂപപ്പെടുത്തുന്നത്‌ ക്യാമറയുടെ ലെന്‍സാണ്‌.

ഒരു കോണ്‍വെക്സ്‌ ലെന്‍സ്‌, അതിന്റെ ഫോക്കല്‍ ലെങ്ങ്തിനേക്കാള്‍ അകലത്തിലായി അതിന്റെ മുമ്പില്‍ ഉള്ള ഏതൊരു വസ്തുവിന്റെയും പ്രതിബിംബം മറുവശത്തുള്ള ഒരു ഇമേജ്‌ പ്ലെയിനില്‍ രൂപപ്പെടുത്തുന്നു എന്ന് നാം പാഠം രണ്ടില്‍ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുകയുണ്ടായി. അപ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഒരു ചോദ്യമാണ്‌ "അങ്ങനെയാണെങ്കില്‍ ക്യാമറലെന്‍സ്‌ ഫോക്കസ്‌ ചെയ്യേണ്ട ആവശ്യമെന്താണ്, അതിന്റെ മുമ്പിലുള്ള എല്ലാ വസ്തുക്കളുടെയും പ്രതിബിംബം ലെന്‍സ്‌ ഉണ്ടാക്കുമല്ലോ, അത്‌ ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍ പതിപ്പിച്ചാല്‍ പോരേ“ എന്ന്. അവിടെയാണ്‌ ഒരു സിംപിള്‍ കോണ്‍വെക്സ്‌ ലെന്‍സും ക്യാമറകളില്‍ ഉപയോഗിക്കുന്നതരം ഫോട്ടോഗ്രാഫിക്‌ ലെന്‍സും തമ്മിലുള്ള വ്യത്യാസം.

ഫോട്ടോഗ്രാഫിക് ലെന്‍സ്:

ഒരു സാധാരണ ലെന്‍സിനെ അപേക്ഷിച്ച്‌ ഒരു ക്യാമറയുടെ ലെന്‍സിന്‌ പലപ്രത്യേകതകളും ഉണ്ട്‌. ഒരു ഫോട്ടോഗ്രാഫിക്‌ ലെന്‍സിനെ കോമ്പൗണ്ട്‌ ലെന്‍സ്‌ എന്നാണ്‌ വിളിക്കുക. പല ലെന്‍സ്‌ ഘടകങ്ങള്‍ ചേര്‍ന്നാണ്‌ അത്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌ എന്നതിനാലാണ്‌ ഈ പേരുവന്നത്‌ - ഏഴില്‍ക്കൂടുതല്‍ ഘടകങ്ങള്‍ സര്‍വ്വസാധാരണമാണ്‌. ഒരു സിംപിള്‍ ലെന്‍സ്‌ ഒരു പ്രതിബിംബം രൂപപ്പെടുത്തുമ്പോള്‍ ആ ഇമേജിന്‌ പലതരത്തിലുള്ള അപഭ്രശങ്ങള്‍ (distortions & aberrations) സംഭവിക്കുന്നുണ്ട്‌. ഈ രീതിയിലുള്ള അപഭ്രംശങ്ങള്‍ രൂപപ്പെടുന്ന ഇമേജിനെ വികലമാക്കും. അതിനാല്‍ ഒരു ഫോട്ടോഗ്രാഫിക്‌ കോമ്പൗണ്ട്‌ ലെന്‍സിന്റെ ഡിസൈനര്‍, ഈ രീതിയില്‍ വരാമാകുന്ന എല്ലാ അപഭ്രംശങ്ങളും ഏറ്റവും കുറവാക്കിമാറ്റാന്‍ തക്കവിധമുള്ള ഒരു ബാലന്‍സിലായിരിക്കും ലെന്‍സ്‌ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.

ലെന്‍സ്‌ ഘടകങ്ങളില്‍ ഏറ്റവും പിന്നിലറ്റത്തുള്ള ഭാഗവും ഏറ്റവും മുന്നിലുള്ള ലെന്‍സിന്റെ ഭാഗവും ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ചതാണ്‌. അതിനിടയിലുള്ള ഘടകങ്ങളാണ്‌ മുമ്പോട്ടും പുറകോട്ടും നീങ്ങുന്നത്‌. ഏറ്റവും പിന്നിലുള്ള ലെന്‍സ്‌ ഘടകത്തില്‍നിന്നും ക്യാമറയുടെ ഫിലിം അല്ലെങ്കില്‍ സെന്‍സര്‍ ഇരിക്കുന്ന തലം വരെയുള്ള ദൂരവും സ്ഥിരം തന്നെ - അതിനും മാറ്റമില്ല. ചുരുക്കത്തില്‍ ഒരു ക്യാമറ ലെന്‍സ്‌ നാം ഫോക്കസ്‌ ചെയ്യുമ്പോള്‍ ചെയ്യുന്നത്‌, ലെന്‍സിന്റെ മധ്യഭാഗത്തുള്ള ഘടകങ്ങള്‍ മുമ്പോട്ടോ പിമ്പോട്ടോ മാറ്റിക്കൊണ്ട്‌, സെന്‍സര്‍ ഇരിക്കുന്ന തലത്തിലേക്ക്‌ നാം ഏതുവസ്തുവിനെ ഫോക്കസ്‌ ചെയ്യുന്നുവോ അതിന്റെ വ്യക്തമായ ഒരു പ്രതിബിംബം പതിപ്പിക്കുക എന്നതാണ്‌. അതായത് ഒരു വസ്തുവിനെ ഫോക്കസില്‍ ആക്കുവാന്‍ ക്യാമറയുടെ ലെന്‍സില്‍ നിന്നും ആ വസ്തു എത്ര ദൂരത്തിലാണോ അതിനനുസരിച്ച്‌ അല്‍പ്പാല്‍പം തിരിക്കലുകള്‍ ലെന്‍സ്‌ ഘടകങ്ങളില്‍ ചെയ്യേണ്ടിവരും എന്നു സാരം.


ഫോക്കസ്:

ഒരു വസ്തു ക്യാമറയുടെ ഫോക്കസില്‍ ആണ്‌ എന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ത്ഥം? ഒരു സിംപിള്‍ ലെന്‍സിന്റെ ഫോക്കല്‍ പോയിന്റുമായോ, ഫോക്കല്‍ ദൂരവുമായോ ഈ വാക്കിന്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നും ഇല്ല. "in focus" എന്ന വാക്കിന്‌ ഇംഗ്ലീഷില്‍ മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്‌. കൂടുതല്‍ ശ്രദ്ധേയമായ രീതിയില്‍ എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. അതായത്‌, ഒരു ഫോട്ടോയുടെ ഫ്രെയിമില്‍കൂടി നാം നോക്കുമ്പോള്‍ ആ വീക്ഷണകോണില്‍ പലവസ്തുക്കള്‍ പല തലങ്ങളിലായി ഉണ്ടാവുമല്ലോ? അവയെ അപേക്ഷിച്ച്‌ ഫോക്കസിലായിരിക്കുന്ന വസ്തു കൂടുതല്‍ ശ്രദ്ധേയമായ നിലയിലാണ്‌ എന്നാണ്‌ ഒരു വസ്തു ലെന്‍സിന്റെ ഫോക്കസിലാണ്‌ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌. (ക്യാമറ ലെന്‍സിന്റെ ഫോക്കല്‍ ദൂരം എന്ന വാക്കുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ Angle of view അഥവാ വീക്ഷണ കോണ്‍ ആണെന്ന് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ)


താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. ചെടികള്‍ക്കിടയിലിരിക്കുന്ന മൂന്നു ബോളുകള്‍. അവയുടെ ചുറ്റും മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ഏകദേശ ഭാഗം മാത്രമാണ്‌ ക്യാമറയുടെ നിലവിലുള്ള വീക്ഷണകോണില്‍‍ ഏറ്റവും ശ്രദ്ധേയമായി കാണപ്പെടുന്നത്‌. അതായത്‌ ആ ബോളുകള്‍ ഫോക്കസില്‍ ആണ്‌ എന്നര്‍ത്ഥം. ഫോക്കസില്‍ ആയിരിക്കുന്ന വസ്തുക്കളുടെ ഏറ്റവും ഷാര്‍പ്പായ ഒരു ഇമേജായിരിക്കും ഇമേജ് പ്ലെയിനില്‍ (അതായത് സെന്‍സറില്‍) പതിക്കുന്നത്. ഫോക്കസിലല്ലാത്ത ഭാഗങ്ങളുടെ ഇമേജ് അത്രയും ഷാര്‍പ്പാവില്ല.ഇതേ ഫ്രെയിമില്‍, ബോളുകള്‍ക്ക്‌ മുമ്പിലും പുറകിലും വശങ്ങളിലുമായുള്ള വസ്തുക്കളൊന്നും ഫോക്കസില്‍ അല്ല. അതിനാല്‍ അവ വ്യക്തമായി കാണപ്പെടുന്നില്ല. ഇപ്രകാരം ഫോക്കസില്‍ ആയിരിക്കുന്ന ഭാഗത്തെ ഫോക്കല്‍ പ്ലെയിന്‍ (focal plane) എന്നു വിളിക്കുന്നു. മറ്റൊരു കാര്യം ആ ചിത്രത്തില്‍ ശ്രദ്ധിക്കൂ. ഫോക്കല്‍ പ്ലെയിന്‍ എന്ന തലം ലംബമാണ്‌. താഴെനിന്ന് മുകളിലേക്ക്‌ ഒരു വലിയ ഷീറ്റ്‌ പേപ്പര്‍ നിവര്‍ത്തിപ്പിടിച്ചതുപോലെ. ഈ പ്ലെയിനിനു മുമ്പിലും പുറകിലും ആയ കുറച്ച്‌ ഏരിയ കൂടി ഫോക്കസില്‍ ആണ്‌. ചിത്രത്തില്‍ ഒരു വളയം കൊണ്ട്‌ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ഏരിയ. ഈ ഏരിയയെ Depth of field എന്നു വിളിക്കുന്നു.


ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡിന്റെ വിസ്‌തൃതി, ക്യാമറയുടെ ലെന്‍സ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗം ക്യാമറയില്‍ നിന്ന് എത്ര ദൂരത്തിലാണ്‌, അതുപോലെ ക്യാമറയുടെ ലെന്‍സിന്റെ അപ്പര്‍ചര്‍ എത്ര വലുതാണ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ അനുസൃതമായി വലുതായും കുറഞ്ഞും വരും. നമുക്കുവേണ്ടതായ ഫോട്ടൊയുടെ ഭാഗത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുവാനും ബാക്കിയുള്ളവയെ അപ്രധാനമായി നിര്‍ത്തുവാനും ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡ്‌ സെറ്റിംഗുകള്‍ സഹായിക്കുന്നു. ഫോട്ടോകള്‍ക്ക്‌ പ്രത്യേക മാനങ്ങള്‍ നല്‍കുന്നതിന്‌ ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡിന്‌ വലിയ പ്രാധാന്യമുണ്ട്‌. ഇതേപ്പറ്റി അല്‍പ്പം കൂടി വിശദമായി ഷട്ടര്‍ പ്രയോറിറ്റി മോഡ്‌ എന്ന അധ്യായത്തില്‍ വിശദീകരിക്കാം.


ഇത്രയും പറഞ്ഞതില്‍ നിന്ന് ഫോക്കസിംഗിനുള്ള പ്രാധാന്യം വ്യക്തമായല്ലോ. ക്യാമറകള്‍ കണ്ടുപിടിക്കപ്പെട്ട കാലം മുതല്‍ പലവിധത്തിലുള്ള ഫോക്കസിംഗ്‌ രീതികള്‍ നിലവിലുണ്ട്‌. ഇന്നും പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ഫോക്കസിംഗ്‌ ടെക്നോളജി അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. യാന്ത്രിക സഹായം ഇല്ലാതെ മാനുവലായി ലെന്‍സ്‌ ഫോക്കസ്‌ ചെയ്യുന്ന രീതിയാണ്‌ ഏറ്റവും അഭികാമ്യം. പക്ഷേ ഈ രീതിക്ക്‌ ചില പോരായ്മകളും ഉണ്ട്‌. ഫോട്ടോഗ്രാഫറുടെ എക്സ്‌പീരിയന്‍സും കൃത്യമായ ഫോക്കസിലാണ്‌ വസ്തു ഉള്ളത്‌ എന്നു മനസ്സിലാക്കാനുള്ള കഴിവും ഇതിന്‌ അത്യന്താപേക്ഷിതമാണ്‌. ഇപ്രകാരം ഫോക്കസ്‌ ചെയ്യുന്നതിന്‌ ഓട്ടോഫോക്കസിനെ അപേക്ഷിച്ച്‌ കൂടുതല്‍ സമയം വേണം എന്നതാണ്‌ മറ്റൊരു പോരായ്മ. ഒരു സ്ഥലത്ത്‌ നിശ്ചലമായിരിക്കുന്ന വസ്തുക്കള്‍ക്ക്‌ ഈ രീതി അഭികാമ്യമെങ്കിലും അപ്രതീക്ഷിതമായ ഉണ്ടാകുന്ന ഒരു രംഗം പകര്‍ത്തുവാനോ, അതിവേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ ഫോട്ടോയിലാക്കുവാനോ മാനുവല്‍ ഫോക്കസിംഗില്‍ ബുദ്ധിമുട്ടുകളുണ്ട്‌ - അസാധ്യമല്ലെങ്കിലും.


ഇന്ന് മാര്‍ക്കറ്റില്‍ നിലവിലുള്ള എല്ലാ ക്യാമറകളിലും ഓട്ടോഫോക്കസ്‌ എന്ന മെക്കാനിസം ഉണ്ട്‌ - പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളിലും SLR ക്യാമറകളിലും ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്‌ കണ്ടുപിടിക്കപ്പെട്ടിട്ട്‌ ഇരുപതു വര്‍ഷത്തോളമേ ആകുന്നുള്ളൂ. ഇന്നത്തെ ക്യാമറകളില്‍ ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി അമര്‍ത്തിക്കഴിയുമ്പോഴേക്ക്‌ നാം ഉദ്ദേശിക്കുന്ന വസ്തു ഫോക്കസില്‍ ആയിക്കഴിഞ്ഞു! അതും ഒരു സെക്കന്റിന്റെ ഒരംശത്തില്‍! ഈ ടെക്നോളജിയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതികള്‍ വഴി, ഓട്ടോഫോക്കസ്‌ മിക്ക സന്ദര്‍ഭങ്ങളിലും പ്രത്യേകിച്ചും നല്ലവെളിച്ചത്തില്‍, മാനുവല്‍ ഫോക്കസിനോളം വിശ്വാസ്യയോഗ്യവും അതേസമയം അതിനേക്കാള്‍ വേഗതയേറിയതുമായിക്കഴിഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ വിശദാംശങ്ങളെപ്പറ്റി അല്‍പം ഒന്നു പറഞ്ഞിട്ട് മുമ്പോട്ട്‌ പോകാം.


മാനുവല്‍ ഫോക്കസിംഗ്‌:

SLR ക്യാമറകളില്‍ മാനുവലായി ഫോക്കസ് ചെയ്യുന്നതിന് പലസംവിധാനങ്ങള്‍ പലകാലഘട്ടങ്ങളില്‍ നിലവിലിരുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും, ജനപ്രിയവുമായിരുന്ന ടെക്നോളജിയായിരുന്നു സ്‌പ്ലിറ്റ് ഇമേജ് ഫോക്കസിംഗ് (Split image focusing). വ്യൂഫൈന്ററില്‍ കൂടി കാണുന്ന പ്രതിബിബം ഒരു സ്‌പ്ലിറ്റ്‌ ഇമേജ്‌ ഫോക്കസ്‌ സഹായി വഴി ആദ്യം കടത്തിവിടുന്നു. ലെന്‍സില്‍ കൂടി കടന്നുവരുന്ന പ്രതിബിംബത്തെ ഈ സംവിധാനം രണ്ടുഭാഗങ്ങളായി തിരിരിച്ച്‌ വ്യൂഫൈന്ററില്‍ മധ്യഭാഗത്തായി കാണിക്കുന്നു. വസ്തു ഫോക്കസില്‍ അല്ലെങ്കില്‍ ഈ പ്രതിബിംബത്തിന്റെ രണ്ടുപകുതികളും തമ്മില്‍ ചേരുന്ന രീതിയിലാവില്ല (not aligned) ഉണ്ടാവുക. ആദ്യചിത്രം നോക്കൂ.

അടുത്തതായി, ഫോട്ടോഗ്രാഫര്‍ വ്യൂഫൈന്ററില്‍ നോക്കിക്കൊണ്ട് ഈ പ്രതിബിംബത്തിന്റെ രണ്ടു ഭാഗങ്ങളും ഒന്നുചേര്‍ന്ന രീതിയില്‍ വരുന്നതുവരെ വരെ ലെന്‍സിന്റെ ഫോക്കസ്‌ റിംഗ്‌ തിരിക്കുന്നു. ഏതുപോയിന്റില്‍ വച്ച്‌ ചിത്രം ഒന്നായി കാണുന്നുവോ, അതാണ്‌ കറക്റ്റ് ഫോക്കസ്‌. അടുത്ത ചിത്രത്തില്‍ ഫോക്കസില്‍ ആയ ഇമേജ്‌ കാണിച്ചിരിക്കുന്നു. (ഈ രണ്ടു ചിത്രങ്ങളും illustration നു വേണ്ടിമാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാര്‍ത്ഥമല്ല).
ഇതായിരുന്നു സ്‌പ്ലിറ്റ്‌ ഇമേജ്‌ ഫോക്കസിംഗ്‌ എന്ന സംവിധാനം. എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളില്‍ വരെ പുറത്തിറങ്ങിയ എല്ലാ SLR ക്യാമറകളിലും ഈ രീതി ഉപയോഗിച്ചിരുന്നു. വളരെ കൃത്യമായി ഫോക്കസ്‌ നിര്‍ണ്ണയിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ലംബമായ ലൈനുകള്‍ ഫ്രെയിമില്‍ ഉണ്ടെങ്കില്‍ ഫോക്കസിംഗ് വളരെ എളുപ്പമായിരുന്നു.

മാനുവല്‍ ഫോക്കസിംഗിന് ഉപയോഗിച്ചിരുന്ന മറ്റൊരു രീതിയാണ് ഈ ചിത്രത്തില്‍- ചിത്രം വലുതാക്കിനോക്കിയാല്‍ മാത്രമേ വ്യക്തമായിക്കാണുകയുള്ളൂ. വ്യൂഫൈന്ററില്‍ കൂടിനോക്കുമ്പോള്‍, ഫ്രെയിമിന്റെ മധ്യഭാഗത്തായി ഒരു ഗ്രൌണ്ട്ഗ്ലാസ് റിംഗ് (പരുപരുപ്പോടെ കാണുന്ന ഭാഗം)കാണാം. അതില്‍കൂടി കടന്നുവരുന്ന ഇമേജ് smooth ആയിരിക്കില്ല. ഫോക്കസ് റിംഗ് തിരിച്ചുകൊണ്ട് ഈ വളയത്തിനുള്ളിലെ കാഴ്ച്ച സ്മൂത്താക്കിമാറ്റുന്നു, വലതുവശത്തെ ചിത്രത്തിലേതുപോലെ. അപ്പോള്‍ വസ്തു ഫോക്കസിലായി.


അതേ കാലഘട്ടത്തില്‍ ഇറങ്ങിയ ഓട്ടോ ഫോക്കസ്‌ ഫിലിം ക്യാമറകളില്‍ (പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌) ഒരു ഫിക്‍സ്ഡ്‌ ഫോക്കസ്‌ ലെന്‍സായിരുന്നു ഉണ്ടായിരുന്നത്‌. അതായത്‌ ക്യാമറയില്‍ നിന്നും ഏകദേശം അഞ്ച്‌ അടി അകലം മുതല്‍ അനന്തത വരെയുള്ള എല്ലാ വസ്തുക്കളും ഫോക്കസില്‍ കിട്ടുന്ന രീതിയിലായിരുന്നു അവയുടെ ലെന്‍സുകള്‍ നിര്‍മ്മിച്ചിരുന്നത്‌. ക്യാമറയ്ക്കുള്ളീലുള്ള ലെന്‍സ്‌ ഘടകങ്ങള്‍ നീക്കാവുന്ന സൌകര്യം അവയിലുണ്ടായിരുന്നില്ല. ഒരു പരിധിക്കടുത്തേക്ക്‌ ഒരു വസ്തു ക്യാമറയുടെ മുന്നില്‍ കൊണ്ടുവന്ന് ഫോക്കസില്‍ ആക്കുവാനും അവയില്‍ സംവിധാനം ഇല്ലായിരുന്നു.


ഓട്ടോഫോക്കസ്‌:

ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞ പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ഡിജിറ്റല്‍ ക്യാമറകളില്‍ ഫോക്കസിംഗ്‌ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ ആയിക്കഴിഞ്ഞു. ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍, ക്യാമറ മുമ്പിലുള്ള വസ്തുവിനെ ഫോക്കസ് ചെയ്യുന്ന രീതിയാണ് പല ക്യാമറകളിലും അവലംബിച്ചിരിക്കുന്നത്. മിക്കവയിലും മാനുവലായും ഫോക്കസിംഗ്‌ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്‌. ഡിജിറ്റല്‍ SLR ക്യാമറകളിലും മാനുവല്‍ ഫോക്കസ്‌ / ഓട്ടോഫോക്കസ്‌ എന്നീ ഓപ്ഷനുകള്‍ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാനുള്ള സൌകര്യം ഉണ്ട്‌. AF എന്നാണ്‌ ഓട്ടോഫോക്കസിനെ സൂചിപ്പിക്കുന്നതിനായി ഇന്നത്തെ ക്യാമറകളില്‍ ഉപയോഗിക്കുന്ന സംവിധാനം അറിയപ്പെടുന്നത്‌.


ഓട്ടോ ഫോക്കസിംഗ്‌ ടെക്നോളജിയെ രണ്ടു പ്രധാന വിഭാഗങ്ങളായി തിരിക്കാം. ആക്റ്റീവ്‌ ഓട്ടോ ഫോക്കസ്‌ (acitve autofocus) എന്നും പാസീവ്‌ ഓട്ടോ ഫോക്കസ്‌ (Passive auto focus) എന്നും.


ആക്ടീവ്‌ ഓട്ടോ ഫോക്കസ്‌:

ഈ രീതിയില്‍, ക്യാമറ ഒരു ഇന്‍ഫ്രാറെഡ്‌ ലൈറ്റ്‌ സിഗ്നല്‍ അല്ലെങ്കില്‍ അള്‍ട്രാസോണിക്‌ സൗണ്ട്‌ സിഗ്നല്‍ പുറപ്പെടുവിക്കുന്നു. അത്‌ മുമ്പിലുള്ള ഒരു വസ്തുവില്‍ തട്ടി തിരികെയെത്താന്‍ എടുക്കുന്ന സമയം ക്യാമറ കണക്കാക്കി, വസ്തുവിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുന്നു. അതിനനുസരിച്ച്‌ ലെന്‍സിന്റെ ഘടകങ്ങളെ തിരിച്ച്‌ ഫോക്കസ്‌ ക്രമീകരിക്കുന്നു. ഈ രീതിയില്‍, ക്യാമറയുടെ ഓപ്റ്റിക്കല്‍ സിസ്റ്റത്തില്‍ കൂടി കടന്നുവരുന്ന ഇമേജിനെ വിശകലനം ചെയ്തല്ല, പകരം ക്യാമറയില്‍ നിന്ന് പുറപ്പെട്ട്‌ തിരികെയെത്തുന്ന സിഗ്നലിനെയാണ്‌ വിശകലനം ചെയ്യുന്നത്‌. അതിനാലാണ്‌ ഈ രീതിയെ ആക്ടീവ്‌ ഓട്ടോ ഫോക്കസ്‌ എന്നു വിളിക്കുന്നത്‌. ഒട്ടും പ്രകാശമില്ലാത്ത അവസരങ്ങളിലും ഈ മെക്കാനിസം പ്രവര്‍ത്തിക്കും എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അതേ സമയം ഒരു കണ്ണാടിജനാല, അഴികള്‍ തുടങ്ങിയവയിലൂടെ ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്നത്‌ ഇതിന്റെ ദോഷവും ആയിരുന്നു. കാരണം വ്യൂഫൈന്ററിന്റെ മധ്യത്തിലായി, ഏറ്റവും മുമ്പിലുള്ള വസ്തുവിനെയായിരിക്കും ആക്ടീവ് ഫോക്കസിംഗ് സംവിധാനം ഫോക്കസ് ചെയ്യുന്നത്. പോളറോയിഡ് ക്യാമറകളില്‍ ഈ രീതി ഉപയോഗിച്ചിരുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു കണ്‍സ്യൂമര്‍ മോഡല്‍ ക്യാമറകളിലും ഈ രീതി ഉപയോഗിക്കുന്നില്ല.


പാസീവ്‌ ഓട്ടോ ഫോക്കസ്‌:

പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, ഈ രീതിയില്‍ ക്യാമറയില്‍ നിന്ന് സിഗ്നലുകള്‍ ഒന്നും പുറപ്പെടുന്നില്ല. പകരം, ക്യാമറയുടെ ഓപ്റ്റിക്കല്‍ സിസ്റ്റം രൂപപ്പെടുത്തുന്ന ഇമേജിനെ വിശകലനം ചെയ്താണ്‌ ഇവിടെ ഫോക്കസിംഗ്‌ സാധ്യമാക്കുന്നത്‌. പ്രത്യേകമായി ക്യാമറയ്ക്കുള്ളില്‍ സജ്ജമാക്കിയ ഒരു സംവിധാനം വഴി, നാം ഫോക്കസ്‌ ചെയ്യാനുദ്ദേശിക്കുന്ന വസ്തുവിന്റെ പ്രതിബിംബത്തെ ക്യാമറയുടെ പ്രോസസര്‍ വിശകലനം ചെയ്യുന്നു. അതിന്റെ വ്യക്തമായ ഒരു പ്രതിബിംബം കിട്ടുവാനായി ലെന്‍സിനുള്ളിലെ ഘടകങ്ങളെ എത്രത്തോളം, ഏതു ദിശയില്‍ തിരിക്കണം എന്ന നിര്‍ദ്ദേശം പ്രോസസര്‍, ലെന്‍സുകളെ തിരിക്കുന്ന മോട്ടോറിന്‌ നല്‍കുന്നു. അതിനനുസൃതമായി മോട്ടോര്‍ ലെന്‍സ്‌ ഘടകങ്ങളെ തിരിക്കുകയും വസ്തുവിന്റെ വ്യക്തമായ ഒരു പ്രതിബിംബം ലഭിക്കുകയും ചെയ്യുന്നു. ഇതാണ്‌ പാസീവ്‌ ഓട്ടോ ഫോക്കസിന്റെ പ്രവര്‍ത്തന തത്വം.


SLR ഓട്ടോഫോക്കസ് :

SLR ക്യാമറകളില്‍ Phase detection സിസ്റ്റം എന്ന സംവിധാനവും (ശ്രദ്ധിക്കുക face - മുഖം അല്ല, Phase ആണ്‌ - പ്രകാശതരംഗങ്ങളുടെ ഏറ്റക്കുറച്ചില്‍ ആണ്‌ ഇവിടെ പ്രതിപാദ്യവിഷയം), പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ Contrast measurement സിസ്റ്റം എന്ന സംവിധാനവുമാണ്‌ ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നത്‌. ഇവയില്‍ ആദ്യം പറഞ്ഞ Phase detection system കൂടുതല്‍ കൃത്യവും, സാങ്കേതിക തികവുള്ളതും, രണ്ടാമതു പറഞ്ഞ രീതിയേക്കാള്‍ വേഗതയേറിയതുമാണ്‌. അതിന്റെ പ്രവര്‍ത്തനതത്വം അല്‍പ്പം സങ്കീര്‍ണ്ണമായതിനാലും, ഓപ്റ്റിക്സിന്റെ വിവിധ വശങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ മാത്രമേ അതു മനസിലാവുകയുള്ളൂ എന്നതിനാലും ഇവിടെ അതിന്റെ പ്രവര്‍ത്തന തത്വം വിശദീകരിക്കുന്നില്ല. കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ഈ ലിങ്ക്‌ നോക്കുക.


ലളിതമായി പറഞ്ഞാല്‍, മാനുവല്‍ ഫോക്കസില്‍ പറഞ്ഞതുപോലെ ലെന്‍സ്‌ രൂപപ്പെടുത്തുന്ന പ്രതിബിംബത്തെ രണ്ടായി തിരിച്ചതിനു ശേഷം, ഓട്ടോഫോക്കസ്‌ മെക്കാനിസത്തിനു വേണ്ടി ക്യാമറയില്‍ ഉറപ്പിച്ചിരിക്കുന്ന രണ്ടു വേവ്വേറെ സെന്‍സറുകളിലേക്ക്‌ അവയെ അയയ്ക്കുന്നു. ഈ സെന്‍സറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രൊസസര്‍ ഈ ഇമേജുകളെ ഗണിതശാസ്ത്രപരമായി വിശകലനം ചെയ്യുകയും (ഇമേജുകള്‍ ഡിജിറ്റല്‍ ഡേറ്റയാണല്ലോ, അതിനാ‍ല്‍ ഗണിതം മതി!), അവരണ്ടും ഒരേ പോലെ ആയിത്തീരുവാന്‍ ക്യാമറ ലെന്‍സ്‌ എത്രത്തോളം ഫോക്കസ്‌ ചെയ്യേണ്ടതുണ്ട്‌ എന്ന് കണ്ടുപിടിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങള്‍ ലെന്‍സുമായി ഘടിപ്പിച്ചിട്ടുള്ള മോട്ടോറിലേക്ക്‌ അയയ്ക്കുന്നു. മോട്ടോര്‍ അതിനനുസരണമായി ലെന്‍സിനെ ഫോക്കസ്‌ ചെയ്യുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളൊക്കെയും ഒരു സെക്കന്റിന്റെ ഒരംശത്തില്‍ കഴിയും എന്നതാണ്‌ ഈ രീതിയുടെ മെച്ചം. ഫലമോ, ഓട്ടോഫോക്കസിംഗ്‌ വളരെ എളുപ്പമുള്ളതും മാനുവല്‍ ഫോക്കസിനോളമോ അതിനേക്കാളേറെയോ വിശ്വസനീയവുമായി മാറിയിരിക്കുന്നു!

(ഇന്നത്തെ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ ക്യാമറകളുടെ വ്യൂ ഫൈന്ററില്‍ സ്‌പ്ലിറ്റ് ഇമേജ് ഫോക്കസ് എയീഡ് ഇല്ല. അതിനുപകരം ക്ലിയര്‍വ്യൂ മാത്രം. ഫോക്കസ്‌ പോയിന്റുകള്‍ വ്യൂ ഫൈന്ററിനുള്ളില്‍ മാര്‍ക്ക്‌ ചെയ്തിരിക്കും. ഏതു പോയിന്റാണോ ഫോക്കസില്‍ ഉള്ളത്‌, അത്‌ ചുവപ്പു നിറത്തില്‍ പ്രകാശിക്കുന്നതായി കാണാം. മാനുവലായി ഫോക്കസ്‌ ചെയ്യുമ്പോള്‍ വ്യൂഫൈന്ററിലെ കാഴ്ച വ്യക്തമാവുന്നതുവരെ ഫോക്കസ്‌ റിംഗ്‌ തിരിക്കുന്നു. ഇമേജ്‌ ഫോക്കസില്‍ എത്തിയാല്‍ വ്യൂഫൈന്ററില്‍ ഉള്ള ഫോക്കസ്‌ റെഡി ഇന്റിക്കെറ്റര്‍ ഓണാകും. അതോടെ ഫോക്കസ്‌ കറക്ടാണ്‌ എന്ന സന്ദേശം ഫോട്ടോഗ്രാഫര്‍ക്ക്‌ കിട്ടുന്നു).


ഒരു ഡിജിറ്റല്‍ SLR ക്യാമറയുടെ ഓട്ടോ/മാനുവല്‍ ഫോക്കസ് സെലക്ഷന്‍ ബട്ടണുകള്‍. ക്യാമറയുടെ ലെന്‍സിലും ബോഡിയിലും ഉള്ള ബട്ടണുകള്‍ ശ്രദ്ധിക്കുക. ഓട്ടോ മോഡില്‍ ആയിരിക്കുമ്പോള്‍ ഫോക്കസ് ചെയ്യുന്നതിനായി ലെന്‍സിന്റെ ഫോക്കസ് റിംഗ് തിരിക്കേണ്ട ആവശ്യം ഇല്ല. ഷട്ടര്‍ റിലീഷ് ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍, ലെന്‍സിനുള്ളിലെ മോട്ടോര്‍ ഉപയോഗിച്ചുകൊണ്ട് ക്യാമറ ഫോക്കസിംഗ് തനിയെ ചെയ്തുകൊള്ളും, വളരെ കൃത്യതയോടെ, വേഗത്തില്‍.

കോണ്‍ട്രാസ്റ്റ്‌ മെഷര്‍മന്റ്‌:

കോണ്‍ട്രാസ്റ്റ്‌ മെഷര്‍മന്റ്‌ എന്ന രണ്ടാമത്തെ രീതി മനസ്സിലാക്കുവാന്‍ എളുപ്പമാണ്‌. കോണ്ട്രാസ്റ്റ് എന്നാല്‍ എന്താണെന്ന് അറിയാമല്ലോ? രണ്ടു വ്യത്യസ്ത നിറങ്ങള്‍ തമ്മില്‍ തിരിച്ചറിയുവാന്‍ ഉള്ള എളുപ്പം (പ്രയാസക്കുറവ്) ആണ് കോണ്ട്രാസ്റ്റ്. ഫോക്കസില്‍ ആയിരിക്കുന്ന ഒരു വസ്തുവിന് ഫോക്കസില്‍ അല്ലാത്ത ഒരു വസ്തുവിനെ അപേക്ഷിച്ച് Contrast കൂടുതലുണ്ടാവും എന്നതാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന തത്വം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ആദ്യ ചിത്രത്തില്‍ കാണുന്ന കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഒരു പ്രതലമാണ്‌ ക്യാമറയ്ക്ക്‌ ഫോക്കസ് ചെയ്യേണ്ടതെന്നിരിക്കട്ടെ.

ക്യാമറ ആദ്യം കാണുമ്പോള്‍ ഈ പ്രതലം ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആണെന്നിരിക്കട്ടെ, രണ്ടാമത്തെ ചിത്രം പോലെ.

ഫോക്കസ്‌ ചെയ്യാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി പ്രസ്‌ ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് അടുത്ത ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ക്യാമറ ലെന്‍സിനെ മുമ്പോട്ടും പുറകോട്ടും ഒരു പ്രാവശ്യം ഓടിക്കുന്നു. അപ്പോള്‍ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ > ഫോക്കസ്‌ > വീണ്ടും ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ എന്നീ ക്രമത്തില്‍ ചിത്രം ക്യാമറയുടെ സെന്‍സറില്‍ വീഴുന്നു. (ചിത്രം വലുതാക്കി കണ്ടാല്‍ മാത്രമേ വ്യക്തമായി ഇതു മനസ്സിലാവൂ)
അടുത്തടുത്തിരിക്കുന്ന പിക്സലുകളിലാണ്‌ ഇങ്ങനെ ചിത്രത്തിന്റെ ഭാഗങ്ങള്‍ വീഴുന്നത്‌ എന്നറിയാമല്ലോ. താഴെക്കൊടുത്തിരിക്കുന്ന പിക്സല്‍ ചിത്രങ്ങള്‍ നോക്കൂ. ചിത്രം ഔട്ട്‌ ഓഫ്‌ ഫോക്കസില്‍ ആയിരിക്കുമ്പോള്‍ പിക്സലുകളില്‍ വീഴുന്ന കളര്‍ ഷേഡുകള്‍ നോക്കൂ (ആദ്യ ചിത്രം). അതുപോലെ ഫോക്കസില്‍ ആയിരിക്കുമ്പോഴും (രണ്ടാമത്തെ ചിത്രം).

ഫോക്കസില്‍ ആയിരിക്കുമ്പോള്‍ ചിത്രത്തിന്റെ കോണ്ട്രാസ്റ്റ്‌ ഏറ്റവും കൂടുതലായിരിക്കുകയും, തന്മൂലം തൊട്ടടുത്ത പിക്സലുകളിലെ കളര്‍ ഷേഡ്‌ മാറ്റം വളരെ വ്യക്തമായിരിക്കുകയും ചെയ്യും. ഇങ്ങനെ പിക്സലുകളില്‍ വീഴുന്ന കോണ്ട്രാസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ അനുസരിച്ച്‌ ക്യാമറ ഫോക്കസ്‌ നിര്‍ണ്ണയിക്കുന്നു. ഇതാണ്‌ ഇന്ന് ലഭ്യമായ മിക്കവാറും പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന ഓട്ടോ ഫോക്കസ്‌ മെക്കാനിസം.


ഫോക്കസിംഗിനായി ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സര്‍ ഭാഗം വളരെ ചെറുതാണ്‌. SLR ക്യാമറകളില്‍ ഓട്ടോഫോക്കസ്‌ സെന്‍സര്‍ തന്നെ വേറെയാണ്‌. എല്ലാത്തരം ക്യാമറകളിലും ഒരു ഫ്രെയിമിനുള്ളിലെ ഫോക്കസ്‌ പോയിന്റുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും. ഫ്രെയിമിന്റെ മദ്ധ്യഭാഗത്തായി ഒരു പ്രധാന ഫോക്കസ്‌ പോയിന്റും അതിനു ചുറ്റുമായി അഞ്ചില്‍ കൂടുതല്‍ എണ്ണം അനുബന്ധ ഫോക്കസ്‌ പോയിന്റുകളും ഉണ്ടാവും. ഡിജിറ്റല്‍ SLR ക്യാമറകളില്‍ ഫോട്ടോഗ്രാഫറുടെ ഇഷ്ടാനുസരണം ഈ ഫോക്കസ്‌ പോയിന്റുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. ക്യാമറകളുടെ വിലയും മെച്ചവും കൂടുംതോറും ഫോക്കസ് പോയിന്റുകളുടെ എണ്ണവും ഓട്ടോ ഫോക്കസ് കൃത്യതയു വേഗതയും കൂടുന്നതായും കാണുന്നുണ്ട്.

ഓട്ടോ ഫോക്കസിന്റെ ദോഷങ്ങള്‍:

ഈ പറഞ്ഞ രണ്ടു ഫോക്കസ് രീതികള്‍ക്കും ചില ദോഷങ്ങള്‍ ഉണ്ട്. പ്രകാശം വളരെ കുറഞ്ഞ സാഹചര്യങ്ങളില്‍ ഈ സംവിധാനം ശരിയായി പ്രവര്‍ത്തിക്കില്ല. അതിനാല്‍ മിക്കവാറും ക്യാമറകളില്‍ ഫോക്കസ് അസിസ്റ്റ് ലാമ്പുകള്‍ ഉണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ഫോക്കസ് ചെയ്യുമ്പോള്‍ ഒരു ഓറഞ്ച് കളറിലുള്ള ലൈറ്റ് ക്യാമറയില്‍ നിന്നു പുറപ്പെടുന്നതു കണ്ടിട്ടില്ലേ? ഇതുപോലെ SLR ക്യാമറകളിലും, അവയുടെ ഫ്ലാഷ് യൂണിറ്റുകളിലും ഓട്ടോഫോക്കസ് അസിസ്റ്റ് ലാമ്പുകള്‍ ഉണ്ട്. ഫോക്കസിംഗ് ഓട്ടോയില്‍ നടക്കാത്ത സാഹചര്യങ്ങളില്‍ മാ‍നുവലായി ഫോക്കസ് ചെയ്യാം.

മറ്റൊരു ബുദ്ധിമുട്ട്, ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്ന രംഗത്തില്‍ കോണ്ട്രാസ്റ്റിംഗ് ആയ വസ്തുക്കള്‍ ഒന്നും ഇല്ലെങ്കില്‍ ക്യാമറയുടെ ഓട്ടോ ഫോക്കസ് മെക്കാനിസം പ്രവര്‍ത്തിക്കില്ല എന്നതാണ്. ഉദാഹരണം തെളിഞ്ഞ നീലാകാശം, മാര്‍ക്കുകളൊന്നു ഇല്ലാത്ത വലിയ ഒരു ഭിത്തി തുടങ്ങിയ സാഹചര്യങ്ങളില്‍ ഓട്ടോ ഫോക്കസ് പ്രവര്‍ത്തിക്കില്ല.സിംഗിള്‍ ഓട്ടോ ഫോക്കസ്‌ & ഫോക്കസ്‌ ലോക്ക്‌ :

single autofocus, continuous autofocus എന്നീ രണ്ടു തരത്തില്‍ AF ഇന്നത്തെ ക്യാമറകളില്‍ ലഭ്യമാണ്‌. താരതമ്യേന നിശ്ചലമായി നില്‍ക്കുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കാന്‍ സിംഗിള്‍ ഓട്ടോ ഫോക്കസ് എന്ന ആദ്യത്തെ രീതി ഉപയോഗിക്കാം. വസ്തുവിനെ ഫോക്കസില്‍ ആക്കാനായി ഷട്ടര്‍ റിലീസ്‌ ബട്ടണ്‍ പകുതി അമര്‍ത്തുമ്പോഴേക്കും ഫോക്കസ്‌ സെറ്റ്‌ ചെയ്യപ്പെടുകയും, ഷട്ടര്‍ റിലീസിനിന്ന് കൈയ്യെടുക്കാതിരിക്കുന്നിടത്തോളം ആ ഫോക്കസ്‌ ലോക്കായി നില്‍ക്കുകയും ചെയ്യും. (ശ്രദ്ധിക്കുക, ഫോക്കസ് ലോക്ക് ആവുക എന്നുവച്ചാല്‍ കാണുന്ന രംഗം ലോക്കാവുക എന്നല്ല, നമ്മള്‍ ഫോക്കസിലാക്കിയ വസ്തു ക്ലിയറയായി വരത്തക്കവണ്ണം ലെന്‍സ് സെറ്റ് ചെയ്തു, ആ സെറ്റിംഗ് ഇനി മാറുകയില്ല എന്നേ അര്‍ത്ഥമുള്ളൂ). ഫോക്കസ്‌ ചെയ്ത ശേഷം ഫ്രെയിം റീക്കമ്പോസ്‌ (recompose) ചെയ്യുവാന്‍ ഇത്‌ ഉപകാരപ്രദമാണ്‌. ഇങ്ങനെചെയ്യുമ്പോള്‍ ആദ്യം ഫോക്കസിലാക്കിയ വസ്തു ഫ്രെയിമിന്റെ നടുക്ക് അല്ല എങ്കില്‍ക്കൂടി, അത് ഫോക്കസില്‍ നില്‍ക്കും.


ഇതിന്റെ ഒരു ഉപയോഗം പറയാം. ചില സാഹചര്യങ്ങളില്‍, പ്രധാന വസ്തു ഫോട്ടോയുടെ ഒത്തനടുക്കായി വരുന്നത്‌ ഫോട്ടോയുടെ ഭംഗി നശിപ്പിക്കും എന്നറിയാമല്ലോ. (റൂള്‍ ഓഫ്‌ തേഡ്സ്‌ എന്ന കമ്പോസിംഗ്‌ രീതീയെപ്പറ്റി പറയുമ്പോള്‍ നമുക്കിത്‌ ചര്‍ച്ച ചെയ്യാം). താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.
സാധാരണഗതിയില്‍ ഫോക്കസ്‌ ചെയ്യുമ്പോള്‍ ഫ്രെയിമിന്റെ നടുവിലുള്ള പശുവിനെയാണ്‌ നാം ഫോക്കസ്‌ ചെയ്യുക. ആ ഫ്രെയിം അങ്ങനെ തന്നെ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന ഫോട്ടോ കാണാന്‍ അറുബോറന്‍ ആയിരിക്കും. എന്നാല്‍ ഫോക്കസ്‌ ലോക്ക്‌ ചെയ്തശേഷം റീക്കമ്പോസ്‌ ചെയ്ത്‌ എടുത്ത ചിത്രമാണ്‌ രണ്ടാമത്തേത്‌. പശുവിനെ ഒരു “തേഡ്സ്” പൊസിഷനിലേക്ക് മാറ്റി. അതിന്റെ മുമ്പിലേക്കും മുകളിലേക്കും കൂടുതല്‍ സ്ഥലം നല്‍കി. തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണല്ലോ?ഈരീതിയില്‍ ഫോക്കസ് ചെയ്തതിനുശേഷം റീകമ്പോസ് ചെയ്യുന്നതിന് ഫോക്കസ് ലോക്ക് വളരെ ഉപകാരപ്രദമാണ്. ഇതേ പോലുള്ള മറ്റൊരു സാഹചര്യമാണ് രണ്ടുപേരുടെ ഫോട്ടോ എടുക്കുക എന്നത്. ഒരാളെ ഫോക്കസ് ചെയ്തതിനു ശേഷം ഫോക്കസ് ലോക്ക് ചെയ്ത് റീക്കമ്പോസ് ചെയ്യാം. അല്ലെങ്കില്‍ ഫോട്ടോയുടെ നടുവിലുള്ള സ്ഥലമായിരിക്കും ക്യാമറയുടെ ഓട്ടോ ഫോക്കസ് സംവിധാനം ഫോക്കസില്‍ ആക്കുക!


തുടര്‍ച്ചയായ ഫോക്കസിംഗ് (Continuous auto-focus):

SLR ക്യാമറകളിലും High-end point & shoot ക്യാമറകളിലും മാത്രമേ ഈ സൌകര്യം ഉള്ളൂ. ചലിക്കുന്ന വസ്തുക്കളുടെ ഫോട്ടോയെടുക്കാനാണ്‌ ഈ രീതി അനുയോജ്യം. ഇവിടെ ഫോക്കസ്‌ ലോക്കാവുന്നില്ല. ക്യാമറയുടെ ഫോക്കസ്‌ മെക്കാനിസം ചലിക്കുന്ന വസ്തുവിനെ പിന്തുടരുകയും ഫോക്കസ്‌ തുടര്‍ച്ചയായി ക്രമപ്പെടുത്തുകയും ചെയ്യുന്നു. ക്ലിക്ക്‌ ചെയ്യുന്ന അവസരത്തില്‍ ചലിക്കുന്ന വസ്തുവിന്റെ ഫോക്കസിലായ ഇമേജ്‌ ലഭിക്കുവാന്‍ ഈ രീതി വളരെ അനുയോജ്യമാണ്‌. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളാണ്‌ മുഖം ഫോക്കസ്‌ ചെയ്യാനുള്ള സംവിധാനം (face detection), ചിരിക്കുമ്പോള്‍ ക്യാമറ ഓട്ടോമാറ്റിക്കായി ഫോട്ടോയെടുക്കുന്ന സംവിധാനം തുടങ്ങിയവ.ഈ പോസ്റ്റിനായി റഫര്‍ ചെയ്തിരിക്കുന്ന പേജുകള്‍:

1. ഓട്ടോ ഫോക്കസ് - വിക്കിപീഡിയ
2. How auto-focus works
3. Autofocus in SLR cameras
4. Principle of split image focusing


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

27 comments:

അപ്പു May 5, 2008 at 4:25 PM  

ക്യാമറകളുടെ ഫോക്കസിംഗിനെപ്പറ്റി വിശദമാക്കുന്ന പോസ്റ്റ്, കാഴ്ചയ്ക്കിപ്പുറം ബ്ലോഗില്‍.

...പാപ്പരാസി... May 6, 2008 at 9:10 AM  

വിജ്ഞാനപ്രദം..തുടരുക

പൈങ്ങോടന്‍ May 6, 2008 at 2:33 PM  

ഫോക്കസിംഗ് അപ്പോ ഒരു സംഭവം തന്നെയാണല്ലേ.പതിവുപോലെ ഈ പോസ്റ്റും വളരെ വളരെ ഉപകാരപ്രദമായി.
സ്പ്‌ളിറ്റ് ഇമേജ് ഫോക്കസിംഗ് , ആക്റ്റീവ് ഓട്ടോ ഫോക്കസ്,പാസീവ് ഓട്ടോ ഫോക്കസ് തുടങ്ങി അനവധി കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. ഇവയെക്കുറിച്ചെല്ലാം തന്നെ ആദ്യമായട്ടാണു കേള്‍ക്കുന്നതും
കോണ്ട്രാസ്റ്റ് മെഷര്‍‌മെന്റില്‍ പറഞ്ഞതുപോലെ, ചില സന്ദര്‍ഭങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ എത്ര ശ്രമിച്ചാലും ചിത്രം ഫോക്കസില്‍ ആവില്ല..അതായത് ആദ്യം ഫോക്കസിലാവും---പിന്നെ ഔട്ട് ഓഫ് ഫോക്കസ് ആവും..ഈ രീതിയില്‍ അങ്ങ് തുടര്‍ന്നുകൊണ്ടിരിക്കും.ചിത്രം എടുക്കാനും സാധിക്കില്ല.. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനുവല്‍ ഫോക്കസ് ഉപയോഗിക്കാതെ ഇത് ശരിയാക്കിയെടുക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?
ഫോക്കസ് ചെയ്ത ശേഷം റീകമ്പോസ് ചെയ്യുന്നതിനെക്കുറിച്ചുപറഞ്ഞല്ലോ... എങ്ങിനെയാണ് റീക്കമ്പോസ് ചെയ്യുക എന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
ബ്രാക്കറ്റിംങ്ങ് ഫോക്കസ് എന്നൊരു സംഗതി കൂടിയില്ലേ?അതെക്കുറിച്ചും ഒന്നു പറയണേ
രണ്ടുമ്മൂന്നു തവണകൂടി വായിച്ചിട്ട് ബാക്കി സംശയങ്ങളുമായി വീണ്ടും വരാം :)
ഇത്തവണ പോസ്റ്റ് ഇട്ടപ്പോള്‍ മെയില്‍ വഴി നോട്ടിഫിക്കേഷന്‍ വന്നില്ലല്ലോ? മറന്നോ?

അപ്പു May 6, 2008 at 3:12 PM  

പൈങ്ങോടന്‍, സന്ദര്‍ശനത്തിനും ചോദ്യങ്ങള്‍ക്കും നന്ദി. ഇപ്രാവശ്യം ആര്‍ക്കും ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ അയച്ചില്ല, അതാണു കിട്ടാതെ പോയത്.

ഇനി ചോദ്യങ്ങളുടെ ഉത്തരം.

1. താങ്കളുടെ ക്യാമറ കോണ്ട്രാസ്റ്റ് മെഷര്‍മെന്റ് രീതിയിലാണ് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുന്നത്. താങ്കള്‍ പോയിന്റ് ചെയ്യുന്ന സീനില്‍, കോണ്ട്രാസ്റ്റിംഗ് ആയിട്ടുള്ള സബ്ജക്റ്റ് ഇല്ലെങ്കില്‍, അല്ലെങ്കില്‍ അത് ഒരേ നിറത്തിലാണെങ്കില്‍, അതുമല്ലെങ്കില്‍ വെളിച്ചം കുറവായ അവസരമാണെങ്കില്‍ ഒക്കെ ഈ രീതിയില്‍ ഫോക്കസ് ചെയ്യുവാന്‍ ക്യാമറയ്ക്ക് ബുദ്ധിമുട്ടാവും. അപ്പോള്‍ മാനുവല്‍ ഫോക്കസിംഗ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കുകയേ വഴിയുള്ളൂ. അതുപോലെ ലെന്‍സ് സൂം അതിന്റെ മാക്സിമത്തില്‍ ഇരിക്കുകയാണെങ്കില്‍ ക്യാമറയിലേക്ക് കടന്നുവരുന്ന വെളിച്ചത്തിന്റെ അളവ് കുറവായിരിക്കും. ലോലൈറ്റ് സിറ്റുവേഷനുകളില്‍ ഇതും ഫോക്കസ് ശരിയാകാതെ പോകാന്‍ ഒരു കാരണമാണ്. ചില പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രബിംബം ഫോക്കസിലാക്കാന്‍ കഴിയില്ല. ഇതുതന്നെ കാരണം. ചില ക്യാമറകളെ തീനാളം കണ്‍ഫ്യൂസ് ചെയ്യിക്കുന്നതായി കണ്ടീട്ടുണ്ട്.

2. കമ്പോസിംഗ് എന്താണെന്നറിയില്ലേ? ഒരു ഫ്രെയിമില്‍ ഒരു ചിത്രം എങ്ങനെ കാണപ്പെടണം എന്ന് ഫോട്ടോഗ്രാഫര്‍ തീരുമാനിക്കുന്നതിനെയാണ് കമ്പോസിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റീക്കമ്പോസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആദ്യം ഒന്നു കമ്പോസ് ചെയ്ത് ഫോക്കസ് / ലൈറ്റിംഗ് ഒക്കെ ശരിയാക്കിയതിനുശേഷം, ആ സെറ്റിംഗുകള്‍ ലോക്കാക്കിക്കൊണ്ട് വീണ്ടൂം കമ്പോസ് ചെയ്യുക എന്നതാണ്.

3. ഫോട്ടോഗ്രാഫിയില്‍ ബ്രാക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു പ്രത്യേക സെറ്റിംഗിനെ അല്പാല്‍പ്പമായി മാറ്റിക്കൊണ്ട് തുടര്‍ച്ചയായി ഒന്നിലേറെ ഫോട്ടോകള്‍ എടുക്കുക എന്നതാണ്. എക്സ്പോഷര്‍ ബ്രാക്കറ്റിംഗ്, വൈറ്റ്ബാലന്‍സ് ബ്രാക്കറ്റിംഗ് തുടങ്ങിയവ ഉദാഹരണം. ഫോക്കസ് ബ്രാക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ചെറിയ വസ്തുവിന്റെ മാക്രോ ഫോട്ടോ എടുക്കുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായും ഡെപ്ത് ഓഫ് ഫീല്‍ഡ് കുറവായിരിക്കും. അതിനാല്‍ വസ്തുവിന്റെ ഫോക്കസിലാവുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമാവുകയില്ല. ഈ സാഹചര്യത്തില്‍ ഫോക്കസ് അല്‍പ്പാല്‍പ്പം മാറ്റിക്കൊണ്ട് (ഓട്ടൊമാറ്റിക്കായി) ഒന്നിലേറെ ചിത്രങ്ങള്‍ എടുക്കുന്നു. (ട്രൈപ്പോഡില്‍ വച്ചുവേണം ഇങ്ങനെ ചെയ്യാന്‍) അവസാനം ഫോട്ടോഷോപ്പ് പോലെ ഒരു പ്രോഗ്രാം ഉപയോഗിച്ച് ഈ ഫോട്ടോകളെ ഒന്നിനുമീതെ ഒന്നായി അടുക്കി, വസ്തു പൂര്‍ണ്ണമായും ഫോക്കസിലായ പ്രതീതി ജനിപ്പിക്കുന്നു. വിക്കീപീഡിയയുടെ ഈ പേജില്‍ ഒരു ചിലന്തിയുടെ മാക്രോഫോട്ടോ ഇപ്രകാരം എടുത്ത് യോജിപ്പിച്ചത് ഉണ്ട്. ഒന്നു നോക്കൂ.

പ്രവീണ്‍ ചമ്പക്കര May 6, 2008 at 4:40 PM  

വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്...ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു....

ശ്രീലാല്‍ May 6, 2008 at 5:36 PM  

ക്ലാസില്‍ വിസിലടിച്ചാല്‍ മാഷ് ചെവിക്കു പിടിക്കുമോ? ഞാന്‍ വിസിലടിക്കും.. സന്തോഷം കൊണ്ടാ :) ഫോക്കസിംഗുമായി ബന്ധപ്പെട്ട എന്റെ ഒരു പാട് സംശയങ്ങളും അന്ധവിശ്വാസങ്ങളും മാറ്റിത്തന്നു. ഫോക്കസിംഗ് ഒരു പ്രത്യേക ചാപ്റ്റര്‍ ആക്കിയതിനു പ്രത്യേക നന്ദി.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ May 6, 2008 at 11:57 PM  

നാട്ടിന്‍ പോകുന്ന അവസരത്തില്‍ അപ്പുവേട്ടനോട്
ക്യാമറയെ കുറിച്ച് കുടുതല്‍ കാര്യങ്ങള്‍ മനസിലാക്കണം എന്നുണ്ട്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ May 6, 2008 at 11:58 PM  

നല്ല ലേഖനം അപ്പുവേട്ടാ ആശംസകള്‍

മൂര്‍ത്തി May 7, 2008 at 6:51 AM  

നന്ദി അപ്പു..
ഇടക്കിടക്ക് സംശയം നോക്കാനൊക്കെ വരാം...

പ്രധാന വസ്തു ചിത്രത്തിന്റെ നടുക്ക് വരുന്നത് അത്ര മോശം കാര്യമാണോ? എല്ലാതരം ചിത്രങ്ങള്‍ക്കും ഇത് ശരിയായ പ്രസ്താവന ആണോ?

അപ്പു May 7, 2008 at 7:02 AM  

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി മൂര്‍ത്തീ. എല്ലാ ഫോട്ടോകള്‍ക്കും അല്ല, “ചില സാഹചര്യങ്ങളില്‍” എന്ന് ആ വാചകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇത്തിരിവെട്ടം May 7, 2008 at 8:17 AM  

അപ്പൂ തുടരുക ...

തികച്ചും വിജ്ഞാനപ്രദം

നാടന്‍ May 7, 2008 at 3:10 PM  

കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. വളരെ നല്ല പോസ്റ്റ്‌ അപ്പു ജി !! തുടരുമല്ലോ ?

വാളൂരാന്‍ May 7, 2008 at 4:12 PM  

താങ്കള്‍ വളരെ വലിയ ഒരു കാര്യമാണ് ചെയ്യുന്നത്, വെറുതെ അഭിനന്ദിച്ചാല്‍ പോര.
സ്പോട്ട് മീറ്ററിങ്ങിനെപറ്റി എന്തെങ്കിലും പറഞ്ഞുതരാമോ, (ഞാന്‍ ഉദ്ദേശിച്ചത് ഒരു പ്രത്യേക ഒബ്ജക്റ്റിനെ സ്പോട്ട് ചെയ്യുന്നത്)

അപ്പു May 8, 2008 at 7:16 AM  

വാളൂരാനേ, സന്ദര്‍ശനത്തിനു നന്ദി. മീറ്ററിംഗിലേക്ക് വരുന്നുണ്ട്. അല്പം കാത്തിരിക്കൂ.

ഹരിശ്രീ May 8, 2008 at 7:49 AM  

വിജ്ഞാനപ്രദം....

:)

ശ്രീ | sree May 8, 2008 at 12:41 PM  

വളരെ നല്ല ലേഖനങ്ങള്‍... ഒരു പാടു പിടികിട്ടാത്ത കാര്യങ്ങള്‍ വളരെ ലളിതമായി മനസിലാക്കാന്‍ പറ്റുന്നു....

മൂര്‍ത്തി : പ്രധാന വസ്തു ഒത്തനടുക്കു വരുന്നതു (rule of third) ചില ചിത്രങ്ങളില്‍ മോശമാവില്ല. ഉ: പോര്‍ട്രൈറ്റ് ചിത്രങ്ങള്‍. ക്യാമറയുടെ ലെന്സിലേക്ക് കണ്ണുകള്‍ നോക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും റൂള്‍ ഓഫ് തേര്‍ഡ് പ്രകാരം കമ്പോസ് ചെയ്യുന്നത് അഭംഗി ആണ്.

പകരം, ഒരു സായാഹ്ന ചിത്രം, അല്ലെങ്കില്‍ Landscape ഒക്കെ rule of third പ്രകാരം കമ്പോസ് ചെയ്‌താല്‍ ആകര്‍ഷകമായിരിക്കും...

അങ്ങനെ അല്ലെ, അപ്പു മാഷേ...

അപ്പു May 8, 2008 at 7:22 PM  

ശ്രീയേ :-)

റൂള്‍ ഓഫ് തേഡ്‌സ് എന്നത് ശരിയായ അര്‍ത്ഥത്തിലാണോ ശ്രീ മനസ്സിലാക്കിയിരിക്കുന്നതെന്ന് എന്ന് ഈ കമന്റു വായിച്ചപ്പോള്‍ എനിക്കു സംശയം തോന്നുന്നു. പ്രധാന വസ്തു ഫ്രെയിമിന്റെ നടുക്കുവരുന്ന രീതിയല്ല റൂള്‍ ഓഫ് തേഡ്‌സ്. ഒരു ഫ്രെയിമിന്റെ വീതിയേയും നീളത്തെയ്യും മൂന്നായി തിരിച്ച് ആ പോയിന്റുകളില്‍നിന്നും ലംബമായും തിരശ്ചീനമായും ഓരോ വരകള്‍ വരയ്ക്കുക. ഈ വരകള്‍ തമ്മില്‍ ചേരുന്ന പോയിന്റുകളാണ് തേഡ്‌സ് പൊസിഷനുകള്‍ എന്നറിയപ്പെടുന്നത്. സപ്തവര്‍ണ്ണങ്ങള്‍ എഴുതിയ ഈ പോസ്റ്റ് ഒന്നു നോക്കൂ. http://fototips.blogspot.com/2006/08/blog-post_22.html

അങ്കിള്‍ May 9, 2008 at 9:07 AM  

അപ്പു,
സപ്തവര്‍ണ്ണത്തിന്റെ 2006 ലെ പോസ്റ്റ്‌ വായിച്ചു. നല്ല വിവരണം. പുതിയ അറിവുകള്‍. പക്ഷേ, പകുതിഭാഗമേ വായിക്കാന്‍ പറ്റുന്നുള്ളൂ, ഫയര്‍ ഫോക്സില്‍. രണ്ടാം പകുതി ഫോണ്ട്‌ മാറ്റി യാണ് എഴുതിയതെന്നൊരു സംശയം. അതോ, പുതിയ ആണവചില്ല്‌ വന്നതുകൊണ്ടുള്ള പ്രശ്നമാണോ.

ആഷ | Asha May 16, 2008 at 8:31 AM  

അപ്പുമാഷേ, ഇങ്ങനെ ലളിതമായ ഭാഷയില്‍ ഞങ്ങളെ ഇതൊക്കെ മനസ്സിലാക്കി തരുന്നതിന് അഭിനന്ദനങ്ങള്‍.

അലി July 2, 2008 at 8:48 AM  

വിജ്ഞാനപ്രദം! അപ്പുവേട്ടാ ആശംസകള്‍

അലി July 2, 2008 at 8:48 AM  

വിജ്ഞാനപ്രദം! അപ്പുവേട്ടാ ആശംസകള്‍

sankar August 5, 2011 at 11:58 PM  

അപ്പു ചേട്ടാ,ഒരു സംശയം കൂടി..
ചില ക്യാമറകളില്‍ AF motor ഇല്ലല്ലോ. പകരം, motor ഉള്ള ലെന്‍സ്‌ ഉപയോഗിക്കണം.അത്തരം ക്യാമറ വാങ്ങിയാല്‍ പ്രശ്നമുണ്ടോ? AF motor ഉള്ളതും ഇല്ലാത്തതുമായ ലെന്‍സുകള്‍ തമ്മില്‍ ഉപയോഗത്തില്‍ വ്യത്യാസമുണ്ടോ?

അപ്പു August 7, 2011 at 7:50 AM  

ശങ്കർ, ഓട്ടോഫോക്കസ് മോട്ടോർ ക്യാമറബോഡിയിൽ ആയാലും ലെൻസിനുള്ളിൽ ആയാലും ഫോക്കസ് ചെയ്യപ്പെടുന്ന രീതിയിലോ അതിന്റെ വേഗതയിലോ കാര്യമായ വ്യത്യാസമില്ല. 95% സിറ്റുവേഷനുകളിലും മാനുവൽ ഫോക്കസിനേക്കാൾ വളരെ വേഗതയിലും, കാര്യക്ഷമവുമായി ഓട്ടോഫോക്കസ് സംവിധാനം പ്രവർത്തിക്കുകയും ചെയ്യും. എങ്കിലും ഫോക്കസ് മോട്ടോർ ക്യാമറ ബോഡിയിലാണുള്ളതെങ്കിൽ ലെൻസിന്റെ ഉള്ളിൽ ഫോക്കസ് മോട്ടോർ ഇല്ലാത്ത ലെൻസുകളെയും അത്തരം ക്യാമറയിൽ ഉപയോഗിക്കാം എന്ന മെച്ചമുണ്ട്. (പഴയതരം ലെൻസുകളും ഇതിൽ ഉപയോഗിക്കാം എന്നു സാരം). ലെൻസിനുള്ളിൽ മോട്ടോർ ഉള്ള ലെൻസുകൾ ഫോക്കസ് ചെയ്യുമ്പോഴുള്ള ശബ്ദം കുറവാണ് എന്നതും മറ്റൊരു പ്രത്യകത.

Aneesh T December 20, 2014 at 9:11 PM  

ഞാൻ ഇവിടെയും ഫോടോഗ്രഫിയിലും ഒരു കന്നിക്കാരനാണ് എന്റെ കയ്യില് നികൊനിന്റെ d3200 എന്ന മോഡൽ ആണ് ഉള്ളത് ചെറിയ ചിലവിൽ ഒരു ക്യാമറയാണ്. നാല് മാസം മുമ്പാണ് വാങ്ങിയത് ഇപ്പൊ കുറച്ചു ദിവസമായി ക്യാമറ ഫോക്കസ് ആകുന്നില്ലാ. ലെൻസ്‌ ഓടോയിലും ക്യാമറ മനുഎൽ സെട്ടിങ്ങ്സിലുമാനു . ബീപ് സൌണ്ട് കേട്ടാൽ ഫോക്കസ് ആയി എന്ന് മനസ്സിലാക്കാം പക്ഷെ ബീപ് സൌണ്ടും ഇല്ലാ ഫോക്കസ് ആകുന്നുമില്ല ക്ലിക്ക് ബട്ടണ്‍ ഹാഫ് പ്രസ്‌ ചെയ്യുമ്പോൾ ഫോക്കസ് ആകുന്നതിനു പകരം ഒരു ചെറിയ ട്ര്ര്ര്ര്ര്ര്ര്ര്ര്ർ എന്നുള്ള ഒരു ശബ്ദം ക്യാമറയുടെ ഉള്ളിൽ നിന്ന് ക്ലിക്ക് ചെയ്യാൻ പറ്റുന്നുമില്ലാ ഈ പ്രോബ്ലം ചിലപ്പോൾ മാത്രമേ ഉള്ളു ലെൻസ്‌ മനുഎൽ ആയാൽ ക്ലിക്ക് ആാകും ബട്ട്‌ ഫോക്കസ് ആകാത്തത് കൊണ്ട് പിക്ചർ ക്ലിയർ ഇല്ലാ ഇത് ക്യാമറയുടെ കംപ്ലൈന്റ്റ്‌ ആണോ അതോ സെറ്റിങ്ങ്സിൽ വല്ല പ്രോബ്ലം ഉണ്ടായാൽ ഇങ്ങനെ വരുമോ ചിലപ്പോൾ മാത്രം ഉള്ള പ്രശ്നമാണ് . ഇങ്ങനെ ഒരു ഡൌട്ട് ചോദിക്കാൻ പറ്റുമോ എന്നറിയില്ലാ ദയവായി എനിക്ക് മറുപടി തരണം

Jithin P September 2, 2016 at 6:18 PM  

appuvetta i am jithin. njan innanu aadhyamayi ee blogil varunnathu. njan oru accountant ayi work cheyyanu,mysore. nattil calicut anu sthalam. nalla photos edukkan valare aagrahamulla oru aalanu njan. photographye kurich ariyan google cheythapol bychance aayi etyhiyathanu ivide. nigalude postukal valare nannayitund. ariyatha orupad karyangal manasilakanayi. thanks alot. koode njann ee blogile cheriya oru thettu vinayapoorvam kanikkatte.."photographukalile bhangi" ennu thudangunna captionil oru spelling mistake und. "photograph" enna vakinu pakaram "phograph" ennanu upayogichathu..

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP