ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Sunday, March 1, 2009

പാഠം 16: മീറ്ററിംഗ് മോഡുകള്‍


ഒരു ക്യാമറയുടെ എക്സ്പോഷര്‍ നിയന്ത്രിക്കുവാനുള്ള രണ്ടു മാര്‍ഗ്ഗങ്ങളായ അപ്പര്‍ച്ചര്‍ ഷട്ടര്‍‌ സ്പീഡ് എന്നിവയെപ്പറ്റിയും അവയുടെ ചിട്ടയായ നിയന്ത്രണം സാധ്യമാക്കുന്ന F-stop (അപ്പര്‍ച്ചര്‍), T-stop (ഷട്ടര്‍ സ്പീഡ്) സ്കെയിലുകളെപ്പറ്റിയുമാണ് വിശദമായി കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളില്‍‌ നാം ചര്‍ച്ച ചെയ്തത്. അവ വായിക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാവും ഇത്രമേല്‍ സങ്കീര്‍ണ്ണമാണോ ഒരു ക്യാമറയിലെ ലൈറ്റ് നിയന്ത്രണം എന്ന്.

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, അയാള്‍ക്ക് ക്യാമറയുടെ പ്രകാശനിയന്ത്രണത്തിനുപിന്നിലുള്ള സാങ്കേതിക കാര്യങ്ങളിലുള്ള അറിവ് കുറവാണെങ്കില്‍‌ക്കൂടി അതില്‍‌ വലിയ കാര്യമൊന്നുമില്ല. ഒരേയൊരു കാര്യം മാത്രമേ ആ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഓര്‍ത്തിരിക്കേണ്ടതായുള്ളൂ. F-stop സ്കെയിലില്‍‌ ആയാലും T-stop സ്കെയിലില്‍‌ ആയാലും അതിലെ ഒരു ചെറിയ നമ്പറില്‍ ഉയര്‍ന്ന നമ്പറിലേക്ക് മാറിയാല്‍ ക്യാമറയിലേക്ക് കയറുന്ന പ്രകാശം കുറയുമെന്നും, തിരിച്ച് വലിയ നമ്പറില്‍ നിന്ന് കുറഞ്ഞ നമ്പറിലേക്ക് മാറിയിയാല്‍ ക്യാമറയിലേക്ക് കയറുന്ന പ്രകാശം കൂടുമെന്നും എപ്പോഴും മനസില്‍ ഉണ്ടാവണം.

അതോടൊപ്പം ഈ രണ്ടു സ്കെയിലുകളിലും stop down എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിലെ നമ്പറുകളുടെ ‘വില’ കൂടുന്നു എന്നതാണെന്നും (F2.8, F4, F4.6, F5.6, F8 ........ T 60, 80, 125, 250, 500 ഇങ്ങനെ) ഓര്‍മ്മയിലുണ്ടാവണം. അതായത് സ്റ്റോപ് ഡൌണ്‍ ചെയ്താല്‍ - മറ്റൊരു വിധത്തില്‍ സ്കെയിലില്‍ ഇടത്തുനിന്ന് വലത്തേക്ക് പോയാല്‍ - കുറച്ചു പ്രകാശം ക്യാമറയില്‍ കടക്കും. സ്റ്റോപ് അപ് ചെയ്താല്‍ കൂടുതല്‍ പ്രകാശം ക്യാമറയിലേക്ക് കടക്കും. ഈ അറിവിനോടൊപ്പം ഫ്രെയിം ഭംഗിയായി കമ്പോസ് ചെയ്യുവാനുള്ള കഴിവുകൂടിയുള്ളവര്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല.

എങ്കിലും ചില അവസരങ്ങളില്‍ ക്യാമറകാണിച്ചുതരുന്ന സെറ്റിംഗുകള്‍ വച്ച് എടുത്ത ചിത്രങ്ങളില്‍,‌ ഫോട്ടോയെടുക്കുന്ന അവസരത്തില്‍ നാം നേരില്‍ കണ്ട രീതിയിലുള്ള “തെളിച്ചം” കിട്ടിയെന്നുവരുകയില്ല. പ്രത്യേകിച്ചും ഫ്രെയിമില്‍ പ്രധാന സബ്ജക്റ്റിനേക്കാള്‍ വളരെ തെളിഞ്ഞതും, ഇരുണ്ടതുമായ ഭാഗങ്ങള്‍ ഉണ്ടെങ്കില്‍. ഉദാഹരണത്തിന് കടല്‍തീരത്ത് വച്ച് എടുക്കുന്ന ഒരു ഫോട്ടോയില്‍, ഫ്രെയിമിന്റെ ഒരുവശത്തു നില്‍ക്കുകയായിരുന്ന വ്യക്തി ഇരുണ്ടിരിക്കുന്നതായി കണ്ടേക്കാം . ചിലപ്പോള്‍ പ്രധാന സബ്ജക്റ്റ് തന്നെ ഫ്രെയിമിന്റെ വലിയൊരു ഭാഗം നിറയെ ഉണ്ടാവാം - ഒരു പൂവിന്റെ ക്ലോസ് അപ് പോലെ. അതില്‍ തന്നെ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് പൂവ് ഓവര്‍ എക്സ്പോസ് ആയിപ്പോയേക്കാം, ഇതളുകളൊന്നും വേര്‍തിരിച്ച് കാണുവാന്‍ സാധിക്കുന്നില്ലായിരിക്കാം.- ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങള്‍ നിങ്ങള്‍ക്കും അനുഭവത്തില്‍ വന്നിട്ടുണ്ടാവാം.

ഫോട്ടോഗ്രാഫര്‍ നേരില്‍ കണ്ടപ്പോഴുള്ള രീതിയിലല്ലാതെ ഇരുണ്ടോ തെളിഞ്ഞോ കാണപ്പെടുന്ന ചിത്രങ്ങളെല്ലാം എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നതില്‍ ക്യാമറയ്ക്ക് സംഭവിക്കുന്ന പിഴവുകള്‍ മൂലം ഉണ്ടാകുന്നതാണ്. എത്ര അത്യന്താധുനികമാണെന്നു പറഞ്ഞാലും നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയും ഒരു മെഷീന്‍ ആണെന്ന വസ്തുത മറക്കാതിരിക്കാം. അതിന് സ്വന്തമായ ‘ബുദ്ധി‘ ഇല്ല. മനുഷ്യനേത്രം പോലെ ഒരു രംഗത്തിന്റെ വ്യത്യസ്ത പ്രകാശതീവ്രതകള്‍ വിവേചിച്ച് അറിയുവാന്‍പോന്ന ഒരു തലച്ചോറും ഇല്ല. അതിനാല്‍ ഫ്രെയിമിലെ ഏതു ഭാഗത്തിന്റെ പ്രകാശമാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കേണ്ട ചുമതല ഫോട്ടോഗ്രാഫറുടേതാണ്.

അതുകൊണ്ട് നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഒരു വ്യൂഫൈന്ററില്‍ കൂടി ഒരു ഫ്രെയിമിനെ കാണുമ്പോള്‍ ക്യാമറയുടെ സെന്‍സര്‍ എങ്ങനെയാണ് അതേ രംഗം ഇപ്പോള്‍ കാണുന്നതെന്നും, എങ്ങനെയാവും ക്യാമറ ഈ രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ പോകുന്നതെന്നും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് മുന്‍‌കൂട്ടി മനസില്‍‌ ഇതുകാണുവാന്‍‌ സാധിക്കുന്നുണ്ടെങ്കില്‍‌‌‌‌, തീര്‍ച്ചയായും നിങ്ങള്‍‌ എടുക്കുന്ന ചിത്രവും നന്നായിരിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എപ്പോഴും മനസില്‍ സൂക്ഷിക്കുവാന്‍ ഒരു കാര്യം : സെന്‍സറിനെപോലെ ചിന്തിക്കാന്‍ പഠിക്കുക!

ക്യാമറയിലെ ലൈറ്റ് മീറ്ററാണ് ക്യാമറയെ ഒരു രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നത് എന്നറിയാമല്ലോ. ഈ ലൈറ്റ് മീ‍റ്റര്‍ ഒരു രംഗം ‘കാണുന്ന‘ രീതികള്‍ക്കനുസൃതമായാണ് ക്യാമറ അനുയോജ്യമായ എക്സ്പോഷര്‍ വാല്യൂ നിര്‍ണ്ണയിക്കുന്നത്. ഇവിടെ ‘കാണുന്ന’ എന്ന വാക്ക് പ്രത്യേകം എടുത്തുപറയുന്നതിനു കാരണം നമ്മുടെ കണ്ണുകള്‍ കൊണ്ട് ഒരു രംഗം നാം കാണുന്നരീതിയിലല്ല ക്യാമറകാണുന്നത് എന്നതിനാലാണ്. ക്യാമറയെ സംബന്ധിച്ചിടത്തോളം മുമ്പിലിരിക്കുന്നത് വസ്തുവോ, വ്യക്തിയോ, ഒരു വര്‍ണ്ണശബളമായ ഒരു സീനറിയോ എന്നതൊന്നുമല്ല പ്രധാനം. ആ രംഗത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ പ്രകാശതീവ്രതയുടെ (luminance) കുറവും കൂടുതലുമാണ് അത് അളക്കുന്നത്.

ഒന്നു രണ്ടു ചിത്രങ്ങളുടെ സഹായത്തോടെ ഇതു വ്യക്തമാക്കാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ഈ ചിത്രങ്ങള്‍ നോക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നിങ്ങളെ പറ്റിക്കുന്നതൊഴിവാക്കാനായി അവയുടെ ഫോക്കസ് Blur ചെയ്തിരിക്കുന്നു, കൂടാതെ നിറവും എടുത്തുമാറ്റിയിരിക്കുന്നു. ഒറിജിനല്‍ ചിത്രം ഇന്‍സെറ്റില്‍ ഉണ്ട്. മൂന്നു ചിത്രങ്ങളും മൂന്നുവ്യത്യസ്ത സാഹചര്യങ്ങളാണ്, വ്യത്യസ്ത വീക്ഷണകോണുകളാണ്, അവയില്‍ ഉള്‍ക്കൊള്ളുന്ന സ്ഥലവ്യാപ്തിയും വ്യത്യസ്തമാണ്. മനസ്സിലാക്കാനുള്ള സൌകര്യത്തിനായി ഈ ഫ്രെയിമുകളെ 24 ചതുരങ്ങളായി വിഭജിച്ചിരിക്കുന്നു (ഈ വിഭജനം ഉദാഹരണത്തിനായി മാത്രം ചെയ്തതാണ്; യഥാര്‍ത്ഥ ടെക്നോളജി ഇതിലും സങ്കീര്‍ണ്ണമായി ഫ്രെയിമിനെ വിഭജിക്കാറുണ്ട്). ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് വലുതാക്കിയിട്ട് ഓരൊ ചതുരത്തിനുള്ളിലും ഉള്‍പ്പെടുന്ന ഭാഗങ്ങളിലെ പ്രകാശതീവ്രതയുടെ വ്യത്യാസം നേരില്‍ കണ്ടുമനസ്സിലാക്കൂ. ഇതുപോലെയാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ ഒരു രംഗത്തിന്റെ പ്രകാശവിന്യാസം ‘കാ‍ണുന്നത്’.

ബ്രൈറ്റ്‌നെസ്, ലൂമിനെന്‍സ് എന്ന രണ്ടുവാക്കുകളും ഒരേ അര്‍ത്ഥത്തിലാണ് പലപ്പോഴും നാം പറയാറുള്ളതെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഒരു വസ്തുപുറപ്പെടുവിക്കുന്ന അല്ലെങ്കില്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ലൂമിനന്‍സ്. അത് ഒരേ വസ്തുവിന്റെതന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്തമായിരിക്കും. കറുപ്പിനും വെളുപ്പിനും ഇടയിലുള്ള നമ്മുടെ കാഴ്ച എത്ര ‘തെളിച്ചമുള്ളതാണ്’ എന്നാണ് ബ്രൈറ്റ്നെസ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവിടെ ക്യാമറയുടെ ലൈറ്റ് മീറ്റര്‍ അളക്കുന്നത് അതുകാണുന്ന രംഗത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍നിന്നുള്ള ലൂമിനന്‍സ് ആണ്. ഈ അളവുകള്‍ക്ക് വേണ്ട എക്സ്പോഷര്‍ വിലകളുടെ ശരാശരിയാണ് ക്യാമറയുടെ മീറ്റര്‍ നമുക്ക് കാണിച്ചു തരുന്ന എക്സ്പോഷര്‍ വാല്യൂ അഥവാ EV (ഉദാ: f/8, 1/250).


പക്ഷേ എല്ലാരംഗങ്ങള്‍ക്കും ഇപ്രകാരം ഫ്രെയിമിനെ മുഴുവനായി ആവറേജ് ചെയ്യേണ്ട ആവശ്യമുണ്ടാവില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഫോട്ടോഗ്രാഫറുടെ സൌകര്യാര്‍ത്ഥം ഏതൊക്കെ ഏരിയയിലെ (ചതുരങ്ങളിലെ) പ്രകാശവിന്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് എക്സ്പോഷര്‍ വാല്യൂ അളക്കേണ്ടതെന്ന് ക്യാമറയെ മനസ്സിലാക്കാനുള്ള സംവിധാനം ഇന്നത്തെ എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും ഉണ്ട്. ഈ സൌകര്യത്തെയാണ് മീറ്ററിംഗ് (Metering) എന്ന് പറയുന്നത്. ഇതേപ്പറ്റി അല്പം വിശദമായി ഇനി നോക്കാം.


മീറ്ററിംഗ് മോഡുകള്‍:

മീറ്ററിംഗിലേക്ക് വിശദമായി കടക്കുന്നതിനുമുമ്പ് നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. നമ്മുടെ കണ്ണുകളുടെ ഒരു കഴിവിനെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു രംഗത്തിന്റെ വ്യത്യസ്തഭാഗങ്ങളെ നമ്മള്‍ അവിടേക്ക് നോട്ടം ഉറപ്പിക്കുന്ന മില്ലിസെക്കന്റിനുള്ളില്‍ കണ്ണുകള്‍ സ്വതവേ പ്രകാശത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെതുകൊള്ളും. ഇവിടെ ഈ ഗെയിറ്റിന്റെ ചിത്രം നോക്കൂ, നിഴലും വെളിച്ചവും നന്നായി ഇടകലര്‍ന്ന ഒരു സ്ഥലം.
നമ്മള്‍ നേരില്‍ ആ സ്ഥലത്ത് നില്‍ക്കുകയാണെങ്കില്‍ അതിലെ നിഴലുള്ളഭാഗങ്ങളും വെയിലുള്ളഭാഗങ്ങളെപ്പോലെതന്നെ, കാണുവാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്നറിയാമല്ലോ. അതായത് ഒരു ഫോട്ടൊയില്‍ ഇരുണ്ടതായി കാണപ്പെടുന്ന ചില ഭാഗങ്ങള്‍, ഫോട്ടോ എടുക്കുന്ന അവസരത്തില്‍ ഫോട്ടോഗ്രാഫറുടെ കണ്ണുകള്‍ക്ക് ഇരുണ്ടതായി തോന്നുന്നുണ്ടാവില്ല എന്നു എന്നു സാരം! പക്ഷേ ഫോട്ടോ എടുക്കുമ്പോഴോ? ഈ രംഗത്തിന് അനുസൃതമായി ക്യാമറകണക്കാക്കിയ ഒരു നിശ്ചിതസമയത്തേക്ക് ഫ്രെയിമിന്റെ ഓരോ ഭാഗത്തുനിന്നും ക്യാമറയ്ക്കുള്ളിലേക്ക് ലഭിച്ച പ്രകാശത്തെമാത്രമെ ക്യാമറ ഫോട്ടോയായി റിക്കോര്‍ഡ് ചെയ്യുകയുള്ളു.ക്യാമറ ഒരു ഫ്രെയിമിലെ ലൈറ്റിന്റെ വിശദാശംങ്ങള്‍ സ്വാംശീകരിക്കുമ്പോള്‍ ക്യാമറ സ്വീകരിക്കുന്ന രീതികള്‍ ഏതൊക്കെ എന്ന് ഒന്നുനോക്കാം. പ്രധാനമായും മൂന്നുവിധത്തിലുള്ള മീറ്ററിംഗ് മോഡൂകളാണ് ക്യാമറ നിര്‍മ്മാതാക്കള്‍ നിലവില്‍ ഉപയോഗിക്കുന്നത്.


1. സ്പോട്ട് മീറ്ററിംഗ്:

വ്യൂഫൈന്ററിലെ ഒരു പ്രത്യേക പോയിന്റിനു ചുറ്റും 3.5 മില്ലീമീറ്റര്‍ വൃത്തത്തിന്റെ ഉള്‍വശത്തുവരുന്ന ഭാഗങ്ങളിലെ പ്രകാശതീവ്രതയാണ് സ്പോട്ട് മീറ്ററിംഗ് കണക്കിലെടുക്കുന്നത്. അതായത്, ഫ്രെയിമിലെ ഏതുഭാഗമാണൊ ഈ പോയിന്റിന് അടുത്ത് വരുന്നത് അത്; ബാക്കിഭാഗങ്ങളിലേക്ക് ക്യാമറയുടെ ശ്രദ്ധപോകുന്നതേയില്ല. ക്യാമറയുടെ ഫോക്കസ് പോയിന്റിനു ചുറ്റുമായിട്ടാവും ഈ ഏരിയ വരുന്നത്. ആധുനിക SLR ക്യാമറകളില്‍ ഒന്നിലധികം ഫോക്കസ് പോയിന്റുള്ളത് അറിയാമല്ലോ. അതില്‍ നിങ്ങള്‍ ഫോട്ടോയ്ക്കായി സെലക്റ്റ് ചെയ്തിരിക്കുന്നത് ഏതുപോയിന്റാണോ അതിനു ചുറ്റുമായിട്ടാവും സ്പോട്ട് മീറ്ററിംഗിന്റെ ഏരിയ. മാക്രോ ഫോട്ടോകള്‍ക്കും, ക്ലോസ് അപ് ഫോട്ടോകള്‍ക്കും മറ്റും ഈ മോഡ് വളരെ നല്ലതാണ്.

താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോനോക്കൂ. അതിലെ മേഘത്തിനെയാണ് ഇവിടെ സ്പോട്ട് മീറ്ററിംഗ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോഫയലില്‍ മറ്റ് ഫോട്ടോഷോപ്പ് വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. ക്യാമറയുടെ ലൈറ്റ് മീറ്റര്‍ മേഘത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ട് ഫ്രെയിമിലെ മറ്റ് ഏരിയകളിലെ ലൈറ്റുകളൊന്നും അതിനു വിഷയമാകുന്നതേയില്ല. മേഘത്തിന് ഈ ഫോട്ടോയെടുക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ “തെളിച്ചം” ക്യാമറ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. (ഫോട്ടോഗ്രാഫര്‍ : സപ്തവര്‍ണ്ണങ്ങള്‍)


ഇതുമായി ബന്ധമുള്ള മറ്റൊരു മീറ്ററിംഗ് മോഡാണ് Partial metering. ഫ്രെയിമിന്റെ മധ്യഭാഗത്തുള്ള 9% ഏരിയയിലാണ് ക്യാമറയുടെ മുഴുവന്‍ ശ്രദ്ധയും. മറ്റു ഭാഗങ്ങളുടെ ആവറേജ് കണക്കാക്കുന്നില്ല. എന്നുവച്ചാല്‍ സ്പോട്ട് മീറ്ററിംഗിന്റെ അല്പംകൂടി വലിയ ഒരു വകഭേദം - പക്ഷേ മധ്യഭാഗത്തുമാത്രം. എന്‍‌ട്രി ലെവല്‍ SLR ക്യാമറകളില്‍ ഇതുകണ്ടിട്ടില്ല. അല്പം കൂടി അഡ്വാസ്‌ഡ് ക്യാമറകളിലാണിത് ഉള്ളത്. പോര്‍ട്രെയിറ്റുകള്‍ക്ക് ഉത്തമമായ ഒരു മോഡാണിത്.


2. സെന്റര്‍ വെയ്റ്റഡ് ആവറേജ് മീറ്ററിംഗ്:

ഈ മീറ്ററിംഗ് മോഡ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് വ്യൂഫൈന്ററിന്റെ മധ്യഭാഗത്തുള്ള 8 മില്ലീമീറ്റര്‍ വ്യാസത്തിലുള്ള ഒരു വൃത്തതിനുള്ളിലാണ്‍. വ്യൂഫൈന്ററിനുള്ളില്‍ മധ്യഭാഗത്തായി കാണുന്ന വൃത്തത്തിനോളം പോന്ന ഭാഗം. അതിനര്‍ത്ഥം ബാക്കിഭാഗങ്ങളെ അതുശ്രദ്ധിക്കുന്നില്ല എന്നല്ല.എപ്പോഴും ഫ്രെയിമിന്റെ നടുക്കുഭാഗത്തിനു കൂടുതല്‍ പരിഗണനയും, ബാക്കിഭാഗങ്ങളുടെ ആവറേജും കണക്കാക്കുന്ന എക്സ്പോഷര്‍ മോഡ് ആണിത്. ഫോക്കസ് ചെയ്യുന്ന പോയിന്റ് ഫ്രെയിമിന്റെ മധ്യഭാഗത്തല്ലെങ്കിലും ഈ മോഡ് ഫ്രെയിമിന്റെ മധ്യഭാഗത്തെയാണ് മീറ്ററിംഗിനായി കണക്കിലെടുക്കുന്നത്.

സ്പോട്ട് മീറ്ററിംഗിന്റെ ഉദാഹരണമായി നല്‍കിയിരുന്ന അതേ ഫ്രെയിം സെന്റര്‍വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്തപ്പോള്‍ ഫോട്ടോയില്‍ വന്നിരിക്കുന്ന വ്യത്യാസം നോക്കൂ.

3. മള്‍ട്ടിസോണ്‍ മീറ്ററിംഗ്:


ഇന്നത്തെ മിക്കവാറും എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും (SLR & point shoot) ഡിഫോള്‍ട്ടായി ഉപയോഗിച്ചിരിക്കുന്ന മീറ്ററിംഗ് മോഡ് ആണ് ഇത്. പലപേരുകളില്‍ ഈ ടെക്നോളജി അറിയപ്പെടുന്നുണ്ട്. മാട്രിക്സ് മീറ്ററിംഗ് (matrix metering) എന്ന് നിക്കോണും, ഇവാലുവേറ്റിവ് മീറ്ററിംഗ് (Evaluative metering) എന്ന് ക്യാനനും, ഹണികോമ്പ് മീറ്ററിംഗ് (Honey-comb metering)എന്ന് സോണിയും വിളിക്കുന്ന ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് നിക്കോണ്‍ ആണ്. ഏതുപേരില്‍ അറിയപ്പെട്ടാലും സംഗതി ഒന്നുതന്നെ.

എടുക്കേണ്ട ഫ്രെയിമിനെ പല സോണുകളായി (മേഖലകളായി) വിഭജിച്ചുകൊണ്ട് ഓരോ സോണുകളുടെയും എക്സ്പോഷര്‍ വില പ്രത്യേകം കണക്കാക്കി (സ്പോട്ട് മീറ്ററിംഗ് പോലെ) അതില്‍നിന്ന് ആവറേജ് വില നിശ്ചയിക്കുന്നു - ഈ പോസ്റ്റിന്റെ ആദ്യഭാഗത്ത് നാം ചില ചിത്രങ്ങളെ 24 ചതുരങ്ങളായി വിഭജിച്ചു കണ്ടതുപോലെ. ഒരു വ്യത്യാസമുള്ളത്, ഓരോ ക്യാമറനിര്‍മ്മാതാവിന്റെയും സാങ്കേതികവിദ്യയനുസരിച്ച് ഫ്രെയിമിനെ വിഭജിക്കുന്നത് വ്യത്യസ്തമായരീതിയില്‍ ആയിരിക്കും എന്നതാണ് - പത്തുമുതല്‍ നൂറിനുമേല്‍ സോണുകള്‍ വരെ കണക്കിലെടുക്കുന്ന ക്യാമറകളുണ്ട്. മീറ്ററിംഗിനുമാത്രമായി സജ്ജീകരിച്ചീട്ടുള്ള സെന്‍സറുകളും ക്യാമറയില്‍ ഉണ്ടാവും. ക്യാമറനിര്‍മ്മാതാക്കളെല്ലാവരും തന്നെ ഈ സാങ്കേതികവിദ്യയുടെ വിശദാംശങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതനുസരിച്ച് രംഗത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ലൂമിനന്‍സ് മാത്രമല്ല, ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റ്, ഡെപ്ത് ഓഫ് ഫീല്‍ഡ്, പ്രധാനവസ്തുവിന്മേല്‍ പതിക്കുന്ന പ്രകാശം, അതിന്റെ ബാക്ഗ്രൌണ്ടിലുള്ള പ്രകാശം, ഫ്രെയിമില്‍ ലഭ്യമായ വര്‍ണ്ണങ്ങള്‍, ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവും ക്യാമറയും തമ്മിലുള്ള അകലം എന്നിങ്ങനെ പലകാര്യങ്ങള്‍ സോണ്‍ മീറ്ററിംഗ് ഉപയോഗിച്ച് എക്സ്പോഷര്‍ വില നിര്‍ണ്ണയിക്കുന്നതിനു പിന്നില്‍ ക്യാമറകളിലെ സോഫ്റ്റ്വെയര്‍ കണക്കിലെടുക്കുന്നുണ്ട്.

മറ്റു മീറ്ററിംഗ് മോഡുകളില്‍ ഉദാഹരണമായി കാണിച്ച അതേ ഫ്രെയിം ഇവാലുവേറ്റീവ് മീറ്ററിംഗില്‍ എടുത്തത് താഴെക്കൊടുക്കുന്നു. ഇവിടെ ആകാശവും, മേഘവും, ഇളംവെയിലില്‍ പ്രകാശിക്കുന്ന മരങ്ങളും എല്ലാം ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കണക്കിലെടുക്കുന്നു. അവയെ ഒക്കെയും ഈ ഫോട്ടോയില്‍ സാധിക്കുന്നത്ര തെളിമയില്‍ പതിപ്പിക്കുവാന്‍ തക്കവിധമുള്ള ഒരു എക്സ്പോഷറാണ് ക്യാമറ ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

വിവിധ മീറ്ററിംഗ് മോഡുകളെ കുറിക്കുവാന്‍ ഉപയോഗീക്കുന്ന ഐക്കണുകള്‍ ക്യാമറകളുടെ ഡിസ്പ്ലേയില്‍ ഉണ്ടാവും. ഒരു കാ‍നന്‍ ഡിജിറ്റല്‍ SLR ല്‍ കാണുന്ന ഐക്കണുകള്‍ ഇങ്ങനെയാവും.

വ്യത്യസ്ത പ്രകാശസാഹചര്യങ്ങളിലെടുത്ത നൂറുകണക്കിനു ഫോട്ടോഗ്രാഫുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഒരു ഡാറ്റാബേസിനെ ആധാരമാക്കിയാണ്, നാം മീറ്ററിംഗ് ചെയ്യുന്ന രംഗത്തിന്റെ വര്‍ണ്ണവിന്യാസങ്ങള്‍ക്കനുസരിച്ചുള്ള ഒരു എക്സ്പോഷര്‍ ക്യാമറയുടെ സോഫ്റ്റ്വെയര്‍ നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ പ്രകാശസാഹചര്യങ്ങളിലും ഇന്നത്തെ ക്യാമറകളുടെ സോണ്‍ മീറ്ററിംഗ് സംവിധാനങ്ങള്‍ നല്ല ബാലന്‍സ്ഡ് ആയ ചിത്രങ്ങള്‍ നല്‍കാറുണ്ട്. നിഴലും വെളിച്ചവും എല്ലാം ചേരുന്ന രണ്ടു ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നത് നോക്കൂ, എത്രഭംഗിയായാണ് ക്യാമറയുടെ മാട്രിക്സ് മീറ്ററിംഗ് (മള്‍ട്ടി സോണ്‍) മോഡ് ഈ രംഗത്തിന്റെ എക്സ്പോഷര്‍ നിര്‍ണ്ണയിച്ചിരിക്കുന്നതെന്ന് (ഫോട്ടോഗ്രാഫര്‍ ശ്രീലാല്‍, മോഡല്‍ ബിനോയ്).


മീറ്ററിംഗിനെപറ്റിയുള്ള ഒരു തെറ്റിദ്ധാരണ:


മീറ്ററിഗ് മോഡുകളെപ്പറ്റി പൊതുവേയുള്ള ഒരു തെറ്റിദ്ധാരണയുണ്ട്, ഓരോ വിധത്തിലുള്ള മീറ്ററിംഗ് മോഡുകളും അതുപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ വിവിധഭാഗങ്ങളില്‍ എന്തൊക്കെയോ ‘സ്പെഷ്യല്‍ എഫക്റ്റുകള്‍‘ നല്‍കും എന്നാണ് ഈ തെറ്റിദ്ധാരണ! സോണ്‍ മീറ്ററിംഗ് ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ എല്ലാ ഭാഗങ്ങളും ഭംഗിയായി എക്സ്പോസ്ഡ് ആയിട്ടുണ്ടാവുമെന്നും, സെന്റര്‍ വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്ത ചിത്രങ്ങളുടെ മധ്യഭാഗത്തുമാത്രം കൂടുതല്‍ ലൈറ്റ് ഉണ്ടാവുമെന്നും മറ്റും ധരിച്ചുവച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ധാരാളം! ലഭിക്കുന്ന ഫോട്ടോഗ്രാഫുകളിലെ ലൈറ്റ്എഫക്റ്റുകളല്ല, മറിച്ച് ഫ്രെയിമിലെ ഏതുഭാഗത്തിലെ ലൈറ്റാണോ ക്യാമറയുടെ ലൈറ്റ് മീറ്റര്‍ കൂടുതല്‍ ശ്രദ്ധയോട് അളന്നത്, അതിന്റെ പ്രതിഫലനങ്ങളാണ് നമുക്ക് ചിത്രത്തില്‍ ലഭിക്കുക.


മീറ്ററിംഗ് മോഡുകള്‍: പ്രായോഗിക ഉപയോഗങ്ങള്‍

താഴെക്കൊടുത്തിരിക്കുന്ന പൂവുകളുടെ ചിത്രം നോക്കൂ. ഈ മൂന്നു ഫോട്ടോകളിലും സ്പോട്ട് മീറ്ററിംഗ് മോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.ഈ ചിത്രങ്ങളിലെല്ലാം ക്യാമറയുടെ ലൈറ്റ് മീറ്റര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പൂവിന്റെ ഇതളുകളിലെ ഒരു ചെറിയഭാഗത്ത് മാത്രമാണ്. അതിനാലാണ് പൂവിതള്‍ മാത്രം ഏറ്റവും കൃത്യമായി എക്സ്പോസ്ഡ് ആയിരിക്കുന്നത് (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കിയാല്‍ ഇത് വ്യക്തമാവും). ഇവയുടെ ബാക്ഗ്രൌണ്ട് കറുപ്പുനിറത്തില്‍ കാണപ്പെടുന്നത് ശ്രദ്ധിച്ചുവല്ലോ. ഇവയിലൊന്നും കറുപ്പുനിറത്തിലെ ബാക്ക്ഗ്രണ്ടായി എന്തെങ്കിലും വസ്തു ഉപയോഗിച്ചിട്ടില്ല, ഫോട്ടൊഷോപ്പ് ഉപയോഗിച്ച് ബാക്ഗ്രൌണ്ടിന്റെ നിറം മാറ്റിയതുമല്ല. ഇവയുടെയെല്ലാം ചുറ്റുവട്ടത്ത് ഇലകളും കമ്പുകളും ഉണ്ടായിരുന്നതാണ്, അവിടെ വെളിച്ചവും ഉണ്ടായിരുന്നു. എന്നാല്‍, ഈ ബാക്ഗ്രൌണ്ടുകളെ അപേക്ഷിച്ച് കൂടുതല്‍ വെളിച്ചം ഈ പൂവിതളില്‍ നിന്ന് പ്രതിഫലിക്കുന്നതായാണ് ക്യാമറയുടെ ലൈറ്റ് മീറ്റര്‍ അളന്നത്. അതിനാല്‍ പൂവിതളിനെ കൃത്യമായ എക്സ്പോഷറില്‍ ആക്കുവാന്‍ അനുയോജ്യമായ ഒരു ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍ കോമ്പിനേഷനാണ് ക്യാമറ സെലക്റ്റ് ചെയ്തിരിക്കുന്നത്. ഈ കോമ്പിനേഷന്‍, ബാക്ഗ്രണ്ടില്‍നിന്നും പ്രതിഫലിക്കുന്ന താരതമ്യേന കുറഞ്ഞ അളവിലുള്ള പ്രകാശം സെന്‍സറില്‍ റിക്കോര്‍ഡ് ചെയ്യിക്കുവാന്‍ പര്യാപ്തമല്ലാത്തതിനാല്‍ ആ ഭാഗങ്ങള്‍ സ്വാഭാവികമായി ഇരുണ്ടു കാണപ്പെടൂന്നുവെന്നേയുള്ളൂ.

ഇതിനുപകരം, മാട്രിക്സ് / ഇവാലുവേറ്റീവ് മീറ്ററിംഗ് ആയിരുന്നു ഈ ഫോട്ടോകള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍, ക്യാമറ ഒരേ സമയം പൂവിതളിനേയും, ബാക്ഗ്രണ്ടിനേയും കണക്കിലെടുക്കുകയും, രണ്ടിനേയും ഏകദേശം ബാലന്‍സായി കാണിക്കത്തക്കവിധത്തിലുള്ള ഒരു എക്സ്പോഷര്‍ വാല്യൂ തെരഞ്ഞെടുക്കുകയും ചെയ്തേനെ. അങ്ങെനെ വരുമ്പോള്‍ സ്വാഭാവികമായി പൂവിന്റെ ചിലഭാ‍ഗങ്ങള്‍ ഓവര്‍ എക്സ്പോസ് ആയി കാണപ്പെടുകയും ചെയ്യുമായിരുന്നു. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത് വ്യക്തമാണല്ലോ.
സ്പോട്ട് മീറ്ററിംഗിന്റെ മറ്റൊരു ഉപയോഗം പോര്‍ട്രെയ്റ്റുകള്‍ എടുക്കുവാനായാണ്. ഒരാളുടെ മുഖം ഭംഗിയായി എക്സ്പോസ് ചെയ്യുവാന്‍ ഈ മോഡ് ഉപയോഗിക്കാം. ഒന്നുകില്‍ ബാക്ഗ്രൌണ്ട് വല്ലാതെ തെളിച്ചമുള്ളതാവുമ്പോള്‍ സബ്ജക്റ്റിനെ കൃത്യമായ എക്സ്പോഷറില്‍ ആക്കുവാന്‍, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ പൂവിന്റെ ഉദാഹരണത്തിലേതുപോലെ ബാക്ഗ്രൌണ്ടിനെ ഡാര്‍ക്ക് ആക്കി മാറ്റിക്കൊണ്ട് ഒരു പ്രത്യേക എഫക്റ്റ് ചിത്രത്തിനു നല്‍കുവാന്‍ ഈ മോഡ് ഉപയോഗിക്കാം‍. (ഫോട്ടോഗ്രാഫര്‍: ശ്രീലാല്‍)


ഈ ഉദാഹരണങ്ങള്‍ കണ്ടതുകൊണ്ട് സ്പോട്ട് മീറ്ററിംഗ് എപ്പോഴും ബാക്ഗ്രൌണ്ടിനെ ഡാര്‍ക്ക് ആക്കിമാറ്റും എന്നു കരുതരുത്! നമ്മള്‍ സ്പോട്ട് മീറ്ററിംഗ് ചെയ്യുന്ന ഭാഗം ഫ്രെയിമിന്റെ ബാക്കിഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടതാണെങ്കില്‍ എന്തുസംഭവിക്കും എന്നുനോക്കൂ.

താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ(ഫോട്ടോഗ്രാഫര്‍: ശ്രീലാല്‍). സ്പോട്ട് മീറ്റര്‍ ചെയ്യുന്ന ഏരിയ അതിന്റെ ചുറ്റുപാടുകളേക്കാള്‍ ഇരുണ്ടതാണെങ്കില്‍ എന്തുസംഭവിക്കുന്നു എന്ന് ഇതില്‍ കാണാവുന്നതാണ്. ആദ്യ ചിത്രത്തില്‍ മാട്രിക്സ് മീറ്ററിംഗ് നിഴലുള്ളഭാഗങ്ങളെയും തെളിച്ചമുള്ള ഭാഗങ്ങളേയും ഒന്നുപോലെ കണക്കിലെടുക്കുന്നതിനാല്‍, വീടിന്റെ പൂമുഖം അല്പം ഇരുണ്ടുപോയി എന്നുകാണാം, അതോടോപ്പം ഫ്രെയിമിന്റെ ഏറ്റവും അരികിലായി കാണുന്ന മതിലിന്റെ ഭാഗങ്ങളും ഇരുണ്ടുതന്നെ.
അടുത്ത ചിത്രത്തില്‍ സ്പോട്ട് മീറ്ററിംഗ് ആണുപയോഗിച്ചിരിക്കുന്നത്. ഇവിടെ സ്പോട്ട് മീറ്റര്‍ ചെയ്തിരിക്കുന്ന ഫ്രെയിമിന്റെ മധ്യഭാഗത്തിനു കൂടുതല്‍ പരിഗണന കിട്ടുന്നതിനാല്‍, പൂമുഖം കുറേക്കൂടി തെളിച്ചമുള്ളതാക്കുവാന്‍ വേണ്ട ഒരു ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍ കോംബിനേഷനാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് മധ്യഭാഗത്തുള്ള പൂമുഖം മാത്രമല്ല, ഫ്രെയിമിന്റെ വശങ്ങളിലുള്ള മതിലിന്റെ ഭാഗങ്ങളും തെളിച്ചമുള്ളതായി മാറി. പക്ഷേ വെയിലുണ്ടായിരുന്ന ഭാഗങ്ങള്‍ അല്പം ഓവര്‍ എക്സ്പോസ്ഡും ആണ് (അത് ക്യാമറയുടെ കുറ്റമല്ല). ഈ ഉദാഹരണത്തില്‍ സ്പോട്ട് മീറ്ററിംഗ് ഫ്രെയിമിന്റെ മധ്യഭാഗം മാത്രമാണ് എക്സ്പോഷര്‍ വില നിര്‍ണ്ണയിക്കുവാന്‍ കണക്കാക്കിയതെങ്കിലും, അതിന്റെ ഫലം ഫ്രെയിമിനുമൊത്തത്തില്‍ ബാധകമാണെന്ന് മനസ്സിലായല്ലോ? അതുകൊണ്ടാണ് മീറ്ററിംഗിന്റെ മൊത്തത്തിലുള്ള എഫക്റ്റ് മീറ്ററിംഗ് ചെയ്ത ഭാഗത്തിനു മാത്രമല്ല, ഫ്രെയിമിനു മൊത്തമായി ബാധകമാണെന്നുപറയുവാന്‍ കാരണം.


മീറ്ററിംഗിന്റെ പിന്നില്‍:


യഥാര്‍ത്ഥത്തില്‍ എന്താണ് മീറ്ററിംഗ്? ഫോട്ടോഗ്രാഫര്‍ ഉദ്ദേശിക്കുന്നരീതിയില്‍ ഒരു ഫ്രെയിമിന്റെ എക്സ്പോഷര്‍ വാല്യൂ നിര്‍ണ്ണയിക്കുവാന്‍ ഉതകുന്ന ഏറ്റവും പ്രയോജനപ്രദമായതും, അതേസമയം അനായസമായതുമായ ഒരു ടൂള്‍ ആണ് മീറ്ററിംഗ് മോഡുകള്‍. ഇവയുടെ സെലക്ഷനിലൂടെ ഫ്രെയിമില്‍ നാം ഉദ്ദേശിക്കുന്ന ഏതുഭാഗത്താണ് ലൈറ്റ് മീറ്റര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതെന്ന് നാം ക്യാമറയോട് നിര്‍ദ്ദേശിക്കുന്നു. ഒരു അപ്പര്‍ച്ചര്‍ നമ്പറും ( f) shutter സ്പീഡ് നമ്പറും (T) ചേര്‍ന്നതാണ് ഒരു എക്സ്പോഷര്‍ വാല്യൂ - ഉദാ:f/8, 1/250. കാരണം ഒരു ഫോട്ടോ എടുക്കുവാന്‍ വേണ്ട ലൈറ്റ് എത്രവേണം എന്നു നിശ്ചയിക്കുന്ന രണ്ടേ രണ്ടു സംഗതികള്‍ ഇവ മാത്രമാണ്. മീറ്ററിംഗ് മോഡുകള്‍ എക്സ്പോഷര്‍ കണക്കാക്കുന്നത് ഫോട്ടോയെടുക്കുന്നതിനു മുമ്പാണ്. ഫോട്ടോ എടുത്തുകഴിഞ്ഞ് ക്യാമറ ഫോട്ടോയിലേക്ക് പകരുന്ന ഒരു എഫക്റ്റല്ല മീറ്ററിംഗ്.


ലൈറ്റ് മീറ്ററിംഗ് ഉദാഹരണത്തിലൂടെ:

നാം ക്യാമറയില്‍ സെറ്റ് ചെയ്തിരിക്കുന്ന മീറ്ററിംഗ് മോഡിനനുസരിച്ച് ക്യാമറ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന് ഒരു യഥാര്‍ത്ഥ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ശ്രദ്ധിക്കുക, മീറ്ററീംഗ് മോഡുകളുടെ ഉപയോഗം കാണിക്കുവാനുള്ള ഒരു ഉദാഹരണമല്ല ഇത്, മീറ്ററിംഗ് മോഡുകള്‍ക്കനുസരിച്ച് ലൈറ്റ് മീറ്റര്‍ എവിടെയൊക്കെ ശ്രദ്ധിക്കുന്നു എന്നുകാണിക്കുകയാണിവിടെ.

താഴെക്കാണുന്ന മൂന്നു ഫോട്ടോകള്‍ ഒരേ സമയത്ത് മൂന്ന് വ്യത്യസ്ത മീറ്ററിംഗ് മോഡുകളില്‍ എടൂത്തതാണ്. സെറ്റിംഗുകളെ പരമാവധി ഒരുപോലെയാക്കുവാന്‍ വേണ്ടി, അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍, f/8 എന്ന സ്ഥിരം അപ്പര്‍ച്ചറിലാണ്‍ ഈ മൂന്നു ചിത്രങ്ങളും എടുത്തിരിക്കുന്നത്. കൂടാതെ ISO വാല്യുവും ഒന്നുതന്നെ 400. അപ്പോള്‍, ചിത്രങ്ങളില്‍ മാറുവാന്‍ സാ‍ധ്യമായ ഒരേ ഒരു വേരിയബിള്‍ ഷട്ടര്‍ സ്പീഡ് ആണ് എന്നറിയാമല്ലോ. (ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ). ഇനി ഓരോ ചിത്രത്തിനേയും ഒന്നു പരിശോധിക്കാം.

ആദ്യചിത്രം മാട്രിക്സ് മീറ്ററിംഗ് മോഡില്‍ ആണ് എടുത്തിരിക്കുന്നത്. ക്യാമറ ഈ ഫ്രെയിമിനെ പലഭാഗങ്ങളായി തിരിച്ച് ഒന്നുഴിഞ്ഞുനോക്കിയപ്പോള്‍, നടുക്ക് കാണുന്ന ഗെയിറ്റും, അതിനു വെളിയിലുള്ള റോഡും നല്ല പ്രകാശത്തിലും, ഗെയിറ്റിന്റെ ഉള്ളിലുള്ള തണലുള്ളഭാഗങ്ങളില്‍ കുറേ വെളിച്ചം ചിതറിവീഴുന്നതായും, മറ്റുചിലഭാഗങ്ങളില്‍ നിഴലുള്ളതായും കാണുന്നു. ഫ്രെയിമില്‍ കാണുന്ന ഒട്ടുമിക്കവാറും സാധനങ്ങളും ഫോക്കസില്‍ ആയതിനാല്‍ നടുക്കൊരു മനുഷ്യന്‍ നില്‍ക്കുന്നുണ്ടെന്നോ അദ്ദേഹത്തിന്റെ മുഖത്ത് അത്രലൈറ്റില്ലെന്നോ ഒന്നും ക്യാമറയ്ക്ക് ഒരു വിഷയമേ അല്ല. കാരണം നടുക്ക് നില്‍ക്കുന്ന ആളല്ല ഈ ഫോട്ടോയിലെ പ്രധാനസബ്ജക്റ്റ്, ക്യാമറയെ സംബന്ധിച്ചിടത്തോളം ഈ രംഗം ഒന്നുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

അപ്പര്‍ച്ചര്‍ f/8 എന്നസ്ഥലത്ത് നാം ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതിനാല്‍, ഈ രംഗത്തുനിന്ന ലഭിച്ച പ്രകാശഡേറ്റകളെല്ലാം വിശദമായി പരിശോധിച്ചതില്‍ നിന്നും ഈ രംഗത്തിന് അനുയോജ്യമായ ഷട്ടര്‍സ്പിഡ് 1/200 ആണെന്ന് ക്യാമറകണക്കാക്കുന്നു. അങ്ങനെ പൊതുവില്‍ നോക്കിയാല്‍ ബാലന്‍സ്ഡ് ആയ ഒരു ഫോട്ടൊ ക്യാമറ ഈ സെറ്റിംഗില്‍ നമുക്ക് തരുന്നു. ഇനി ഈ ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത് ഒന്നു വലുതാക്കി നോക്കൂ. ഗെയ്റ്റിന്റെ വെളിയിലുള്ള റോഡ് ഒരല്പം ഓവര്‍ എക്സ്പോസ്ഡ് ആണ്, അല്ലേ. ടാറിന്റെ കറുപ്പുനിറം അത്രവ്യക്തമല്ല. അതുപോലെ പുറകിലുള്ള വീടിന്റെ ചുവപ്പുപെയ്ന്റും ഒരല്പം ഓവര്‍ ആണ്. അതുപോലെ നല്ല നിഴലുള്ള ഭാഗങ്ങളിലെ കാര്യങ്ങളും അത്ര വ്യക്തമല്ല. എങ്കിലും ഫോട്ടോ മൊത്തത്തില്‍ നോക്കിയാല്‍ നല്ലതുതന്നെ.

അടുത്ത ഫോട്ടോ സെന്റര്‍വെയ്റ്റഡ് മീറ്ററിംഗില്‍ എടുത്തതാണ്. ഇവിടെ ക്യാമറ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫ്രെയിമിന്റെ മദ്ധ്യഭാഗത്താണ്. അതായത് ഗെയ്റ്റും അതിനു ചുറ്റുവട്ടത്തും ഉള്ള ഭാഗങ്ങള്‍. ഈ ചിത്രം എടുക്കുന്നതിനായി ക്യാമറ സ്വീകരിച്ചിരിക്കുന്ന എക്സ്പോഷര്‍ f/8, 1/250 എന്നതാണ്. ശ്രദ്ധിക്കുക, ആദ്യ മാട്രിക്സ് മീറ്റര്‍ ചിത്രത്തിലേതിനേക്കാള്‍ ഒരുപടി കൂടുതലാണ് ഷട്ടര്‍സ്പീഡ് - അതായത് T-stop സ്കെയിലില്‍ വലത്തേക്ക് ഒരു നമ്പര്‍ കൂടുതല്‍, തന്മൂലം അല്പം കുറഞ്ഞ അളവില്‍ പ്രകാശം ക്യാമറയിലേക്ക് കടക്കുന്നു. അതിന്റെ എഫക്റ്റ് ആ ചിത്രത്തില്‍ കാണാനുമുണ്ട്. ചിത്രം വലുതാക്കി നോക്കൂ. റോഡിലെ ടാറിന്റെ കളര്‍ ശ്രദ്ധിച്ചാല്‍ ആ ഭാഗം ആദ്യചിത്രത്തിലുണ്ടായിരുന്നതിനേക്കാള്‍ നല്ലരീതിയില്‍ എക്സ്പോസ്ഡ് ആയിക്കാണാവുന്നതാണ്.

ഈ മൂന്നാമത്തെ ഫോട്ടോ സ്പോട്ട് മീറ്ററിംഗ് മോഡില്‍ എടുത്തതാണ്. ഇവിടെ ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫ്രെയിമിന്റെ ഒത്തനടുവിലെ ഒരു ചെറിയ ഏരിയയിലാണ്. അതായത്, അവിടെ നില്‍ക്കുന്നയാളുടെ ഷര്‍ട്ടിന്റെ ഭാഗം. അവിടെ ലൈറ്റ് കുറവായികാണുന്നതിനാല്‍ f/8, 1/100 എന്ന എക്സ്പോഷര്‍ വാല്യുവാണ് ക്യാമറ സെലക്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ രണ്ടു ചിത്രങ്ങളെക്കാളും ഷട്ടര്‍ തുറന്നിരിക്കുന്ന സമയം അല്പം കൂടുതലാണ്. അതിന്റെ പ്രതിഫലനങ്ങള്‍ ഫ്രെയിമിലെ വെളിച്ചമുള്ള ഭാഗങ്ങളില്‍ കാണാനുമുണ്ട്. അവയെല്ലാം ഓവര്‍ എക്സ്പോസ്ഡ് ആണ്.

ഈ മൂന്നു ചിത്രങ്ങളിലും അപ്പര്‍ച്ചര്‍ f/8 ആണ് എന്നോര്‍മ്മയുണ്ടല്ലോ? ഷട്ടര്‍ സ്പീഡ് മാത്രമാണ് മാറിയത്. അവ യഥാക്രമം മാട്രിക്സ് 1/200, സെന്റര്‍ വെയ്റ്റഡ് 1/250, സ്പോട്ട് മീറ്ററിംഗ് 1/100 എന്നിങ്ങനെയാണുള്ളത്. ഷട്ടര്‍സ്പീഡുകളുടെ T-സ്റ്റോപ്പ് സ്കെയിലിലെ 1/3 ക്രമത്തില്‍ അധികം അകലെയല്ലാത്ത നമ്പറുകളാണ് ഇവ എന്നറിയാമല്ലോ (സംശയമുള്ളവര്‍ ടി-സ്റ്റോപ് സ്കെയിലുകള്‍ എന്ന അദ്ധ്യായം ഒരിക്കല്‍കൂടി നോക്കൂ).

ഈ പരീക്ഷണത്തില്‍നിന്നും, വിവിധമീറ്ററിംഗ് മോഡുകളില്‍ ക്യാമറ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എക്സ്പോഷറില്‍ വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്ന് മനസ്സിലായല്ലോ. അതല്ലാതെ ഫോട്ടോഗ്രാഫുകളുടെ ചിലപ്രത്യേകഭാഗങ്ങളില്‍ വരുത്തുന്ന ലൈറ്റ് എഫക്റ്റുകളല്ല.


സംഗ്രഹം:

1. ഒരു ഫോട്ടോഗ്രാഫിന്റെ ഭംഗി, പെര്‍ഫക്ഷന്‍ എന്നിവയൊക്കെ അതിന്റെ എക്സ്പോഷര്‍ വാല്യുവിനെ ആശ്രയിച്ചിരിക്കുന്നു.

2. ഒരു ഫ്രെയിമിന്റെ കൃത്യമായ എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നത് ക്യാമറയിലെ എക്സ്പോഷര്‍ മീറ്റര്‍ (ലൈറ്റ് മീറ്റര്‍) ആണ്. ഈ മീറ്റര്‍ ഫ്രെയിമിന്റെ ഏതുഭാഗത്താണ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത് എന്ന് ക്യാമറയോട് ഫോട്ടൊഗ്രാഫര്‍ക്ക് “പറയുവാനുള്ള” സംവിധാനമാണ് മീറ്ററിംഗ് മോഡുകള്‍. സോണ്‍ മീറ്ററിംഗ് സാങ്കേതികവിദ്യയുടെ പ്രത്യേകത കാരണം ഏറക്കുറെ എല്ലാ സാഹചര്യങ്ങളിലും ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് എന്ന നിലയില്‍ അത് അനുയോജ്യമാണ്.

3. ആധുനിക ക്യാമറകളില്‍ സോണ്‍ മീറ്ററിംഗ് മോഡ് മിക്കവാറും എല്ലാ ഫോട്ടോഗ്രാഫുകളിലും ഒരു ബാലന്‍സ്ഡ് ഇമേജ് തരും. എങ്കിലും എല്ലാ ഫോട്ടോഗ്രാഫുകള്‍ക്കും സോണ്‍ മീറ്ററിംഗ് അനുയോജ്യമാവണമെന്നില്ല. അപ്പോള്‍ മറ്റു മീറ്ററിംഗ് മോ‍ഡുകള്‍ ഉപയോഗിക്കാം. സാങ്കേതികമായി, ഫ്രെയിമിലെ പ്രധാനഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു എക്സ്പോഷര്‍ വാല്യു ആണ് മീറ്ററിംഗ് മോഡ് സെലക്ഷനിലൂടെ നാം എളുപ്പവഴിയില്‍ കണ്ടുപിടിക്കുന്നത്. ചിലപ്പോള്‍ ഫ്രെയിം മുഴുവനും ഒന്നുപോലെ പ്രധാനമാവാം, മറ്റുചിലപ്പോള്‍ ഫ്രെയിമിന്റെ ചിലഭാഗങ്ങളാവാം പ്രധാനം.

ഒരിക്കല്‍ നിശ്ചയിച്ച എക്സ്പോഷര്‍ വാല്യൂവില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തുവാനുള്ള എളുപ്പവഴിയാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍. ഇത് എല്ലാ ഡിജിറ്റല്‍ ക്യാമറകളിലും ലഭ്യമായ ഒരു സംവിധാനമാണ്. അതിനെപ്പറ്റി അടുത്ത പാഠത്തില്‍.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP