ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Wednesday, December 5, 2007

പാഠം 2 : ക്യാമറയുടെ ഉള്ളിലേക്ക്

പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പു സ്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ കൊണ്ടുവന്നിരുന്ന ബെല്ലോസ്‌ ഉള്ള മുക്കാലി ക്യാമറ ഓര്‍ക്കുന്നുണ്ടോ? ഒരു കറുത്ത പുതപ്പും പുതച്ച്‌ ക്യാമറയിലെന്തെക്കെയോ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍. കണ്ണിമയ്ക്കാതെ, ക്യാമറയിലേക്ക്‌ നോക്കിയിരിക്കുന്ന കുട്ടികളും ക്ലാസ്‌ ടീച്ചറും.






കാത്തിരുപ്പിനൊടുവില്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയുടെ മുന്നിലുള്ള ഒരു മൂടി തുറക്കുകയും ഉടനേ അടയ്ക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോയെടുക്കല്‍ തീര്‍ന്നു! ഒരാഴ്ചകഴിയുമ്പോള്‍ കിട്ടുന്ന പ്രിന്റുനോക്കി നില്‍ക്കുമ്പോള്‍ നമുക്കൊക്കെ എന്തല്‍ഭുതമായിരുന്നു അല്ലേ? പലരും അറിയാതെ കണ്ണടച്ചും അടുത്തവരിയില്‍ നില്‍ക്കുന്നകൂട്ടുകാരനെ / കൂട്ടുകാരിയെ നോക്കുന്ന പോസിലും മറ്റും ആയിരിക്കുമെങ്കിലും! അവിടെനിന്നിങ്ങോട്ട്‌ ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു!

ബെല്ലോസ് ക്യാമറ - കടപ്പാട്: Wikipedia

എങ്ങനെയാണ്‌ ഒരു ക്യാമറ ഫോട്ടോ എടുക്കുന്നത്‌? നോക്കാം. ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുക എന്നാല്‍ ആ വസ്തുവില്‍നിന്നും പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങളെ അനുയോജ്യമായ ഒരു പ്രതലത്തിലേക്ക്‌ റിക്കോര്‍ഡുചെയ്യുക / പതിപ്പിക്കുക എന്നാണര്‍ത്ഥം. അതായത്‌ ആ വസ്തുവിന്റെ ഒരു പ്രതിബിംബം സൃഷ്ടിച്ചതിനുശേഷം, ആ പ്രതിബിംബത്തെ അതേപടിപകര്‍ത്തിവയ്ക്കാന്‍ കഴിയുന്ന ഒരു പ്രതലത്തിലേക്ക്‌ പതിപ്പിച്ചെടുക്കുക എന്നതാണ്‌ ഫോട്ടോഗ്രാഫിയില്‍ നാം ചെയ്യുന്നത്‌. ഇങ്ങനെ പ്രകാശത്തെ റിക്കോര്‍ഡുചെയ്യുന്നതിനായി പ്രധാനമായും മൂന്നൂഘടകങ്ങള്‍ ഒരു ക്യാമറയ്ക്ക്‌ ഉണ്ടാവണം -

(1) വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കാനുള്ള ഒരു ലെന്‍സ്‌
(2) ലെന്‍സ്‌ ഉണ്ടാക്കുന്ന പ്രതിബിംബത്തെ അതേപടി പതിപ്പിച്ചെടുക്കാന്‍ അനുയോജ്യമായ ഒരു പ്രതലം
(3) ഈ പ്രതലത്തില്‍ പ്രതിബിംബം പതിപ്പിക്കാനാവശ്യമുള്ള അളവില്‍ മാത്രം പ്രകാശത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം.

1. ലെന്‍സ്

ലെന്‍സ്‌ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ക്യാമറയുടെ മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഗ്ലാസ്‌ നിര്‍മ്മിതമായ ജാലകമാണ്‌ ലെന്‍സ്‌. അവയുടെ ആകൃതിയുടെ അടിസ്ഥാനത്തില്‍ ലെന്‍സുകളെ പ്രധാനമായും രണ്ടുവിഭാഗങ്ങളായി തിരിക്കാം; കോണ്‍വെക്സ്‌ ലെന്‍സുകളും കോണ്‍കേവ്‌ ലെന്‍സുകളും. കോണ്‍വെക്സ്‌ ലെന്‍സുകള്‍ക്ക്‌ മധ്യഭാഗത്ത്‌ കനം കൂടുതലും, അരികിലേക്ക്‌ പോകുന്തോറും കനം കുറവും ആയിരിക്കും. കോണ്‍കേവ്‌ ലെന്‍സുകളൂടെ അരികുകള്‍ക്കാണ്‌ കനം കൂടുതല്‍. താഴെക്കൊടുത്തിരിക്കുന്ന കോണ്‍‌വെക്സ് ലെന്‍സിന്റെ ചിത്രം ശ്രദ്ധിക്കൂ.


കടപ്പാട് : Wikipedia commons

കോണ്‍വെക്സ്‌ ലെന്‍സുകള്‍ അവയുടെ ആക്സിസിനു സമാന്തരമായി കടന്നുവരുന്ന പ്രകാശ രശ്മികളെ, ലെന്‍സിന്റെ എതിര്‍വശത്തുള്ള ഒരു പ്രത്യേകബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുന്നു. അതിനാല്‍ അവയെ കണ്‍വേര്‍ജിംഗ്‌ (converging)ലെന്‍സ്‌ എന്നും വിളിക്കാം. ഇങ്ങനെ പ്രകാശം കേന്ദ്രികരിക്കപ്പെടുന്ന ബിന്ദുവിനെ ഫോക്കല്‍പോയിന്റ്‌ (focal point) എന്നും ലെന്‍സില്‍നിന്നും ഈ ബിന്ദുവിലേക്കുള്ള അകലത്തെ ഫോക്കല്‍ ലെങ്ങ്ത്‌ (focal length) എന്നും പറയുന്നു. (ലെന്‍സിന്റെ ഇരുവശങ്ങളിലും ഇതുപോലെ ഓരോ ഫോക്കല്‍ പോയിന്റുകള്‍ ഉണ്ട്‌). അതായത്‌ ലെന്‍സില്‍ന്റെ ഒരുവശത്ത് അനന്തതയിൽ (infinity) ഇരിക്കുന്ന ഒരു വസ്തുവിന്റെ* പ്രതിബിംബം, ലെന്‍സിന്റെ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍* രൂപപ്പെടുന്നു. ഈ ഫോക്കല്‍ പോയിന്റില്‍ ലെന്‍സിന്‌ അഭിമുഖമായി ഒരു ലംബപ്രതലം വച്ചാല്‍ ലെന്‍സിന്റെ മറുവശത്തുള്ള വസ്തുവിന്റെ തലകീഴായ ഒരു പ്രതിബിംബം ഈ പ്രതലത്തില്‍ കിട്ടും. ഇങ്ങനെ ലംബമായി പ്രതിബിംബം രൂപപ്പെടുന്ന പ്രതലത്തെ ഇമേജ് പ്ലെയിന്‍ എന്നുവിളിക്കുന്നു. ഹാവൂ...... കടുകട്ടിയായോ? കുഴപ്പമില്ല, അറിയാവുന്ന ഒരു ഉദാഹരണം നോക്കാം.

കുട്ടിക്കാലത്ത്‌ , മുത്തച്ഛന്റെ കണ്ണടയുപയോഗിച്ച്‌ സൂര്യപ്രകാശത്തെ ഒരു കഷണം പഞ്ഞിയിലേക്ക്‌ കേന്ദ്രീകരിച്ച്‌ തീപിടിപ്പിച്ചിരുന്ന പരീക്ഷണം ചിലരെങ്കിലും ചെയ്തുകാണും, ഇല്ലേ?. ഇവിടെ പ്രകാശം കേന്ദ്രീകരിക്കുന്ന ബിന്ദുവില്‍ യഥാര്‍ഥത്തില്‍ സൂര്യന്റെ ഒരു പ്രതിബിംബമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇതാണ്‌ ആ ലെന്‍സിന്റെ ഫോക്കല്‍ പോയിന്റ്‌. ലെന്‍സില്‍ നിന്നും ഈ ബിന്ദുവിലേക്കുള്ള ദൂരമാണ്‌ ഫോക്കല്‍ ലെങ്ങ്ത്‌. (പ്രകാശകിരണങ്ങളോടൊപ്പം ചൂടും ആബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതുകൊണ്ടാണ്‌ പഞ്ഞിക്കഷണത്തിനു തീപിടിക്കുന്നത്‌). ഇതുപോലെ, ഈ കണ്ണട ലെന്‍സ്‌ ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ മുമ്പിലുള്ള മരങ്ങളുടെയും വീടുകളുടെയും മറ്റുവസ്തുക്കളുടെയുമൊക്കെ പ്രതിബിംബം ഒരു ഭിത്തിയിലേക്ക്‌ പതിപ്പിക്കാം. ഈ ചിത്രം നോക്കൂ.

കടപ്പാട്: Wikipedia commons


ഈ തത്വമാണ്‌ ക്യാമറകളില്‍ ഉപയോഗിക്കുന്നത്‌. പ്രതിബിംബം (real image) ഉണ്ടാകുന്ന ഇമേജ് പ്ലെയിനിലായിരിക്കും ഫിലിം (ഡിജിറ്റല്‍ ക്യാമറയിലാണെങ്കില്‍ സെന്‍സര്‍) വച്ചിരിക്കുന്നത്‌. ഈ തത്വത്തെപ്പറ്റി വളരെ വിശദമായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട്” എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.

രണ്ടാമത്തെയിനം ലെന്‍സുകളുടെ അരികുകള്‍ക്ക്‌ കനം കൂടുതലും മധ്യഭാഗത്തിനു കനം കുറവും ആയിരിക്കും. ഇത്തരം ലെന്‍സുകളെ കോണ്‍കേവ്‌ ലെന്‍സ്‌ എന്നു വിളിക്കുന്നു. ഇവ, പ്രകാശകിരണങ്ങളെ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കുകയല്ല, മറിച്ച്‌ അവയെ വികേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്‌.

കടപ്പാട്: Wikipedia commons

അതിനാല്‍ ഇവയെ ഡൈവേര്‍ജിംഗ്‌ (diverging) ലെന്‍സുകള്‍ എന്നും വിളിക്കാം. ഇത്തരം ലെന്‍സുകള്‍ക്ക്‌ ഒരു യഥാര്‍ഥപ്രതിബിംബം രൂപീകരിക്കാന്‍ കഴിയില്ല. ഇതുവരെ പറഞ്ഞ ലെന്‍സുരൂപങ്ങളോരോന്നും simple lense എന്നാണറിയപ്പെടുന്നത്‌. ഒരു കഷ്ണം ഗ്ലാസ്‌ പീസിലാണ്‌ അവ നിര്‍മ്മിച്ചിരിക്കുന്നത്‌. ഓരോ ലെന്‍സിന്റെയും വലിപ്പവും, കനവും അനുസരിച്ച്‌ അവയുടെ ഫോക്കല്‍ പോയിന്റുകളും ഫോക്കല്‍ ലെങ്ങ്തുകളും വ്യത്യാസപ്പെട്ടിരിക്കും.

പ്രത്യേകമായി ഒരുകാര്യം ഇവിടെ പറയാനുള്ളത്‌, നാം ഇന്നുകാണുന്ന 35mm ക്യാമറലെന്‍സുകള്‍ ഇതുപോലെ ഒരുകഷ്ണം ഗ്ലാസിനാല്‍ നിര്‍മ്മിച്ചതല്ല. അവയൊക്കെയും ഒന്നില്‍കൂടുതല്‍ കോണ്‍കേവ്‌, കോണ്‍വെക്സ്‌, സെമി-കോണ്‍വെക്സ്‌ ലെന്‍സുകള്‍ ലെന്‍സുകള്‍ ചേര്‍ന്നതാണ്‌. അത്തരം ഒരു ലെന്‍സിന്റെ ഡയഗ്രം ഇവിടെയുണ്ട് (ക്ലിക്ക് ചെയ്താല്‍ കാണാം) അതിനാല്‍ ഇവയെ combination lense systems എന്നു വിളിക്കുന്നു. ഫോട്ടോയെടുക്കാനുള്ള ഒരു വസ്തുവിനെ നാം ഫോക്കസ്‌ ചെയുമ്പോള്‍ യഥാര്‍ഥത്തില്‍ചെയ്യുന്നത്‌ ആ വസ്തുവിന്റെ ഒരു വ്യക്തമായ പ്രതിബിംബം ക്യാമറയുടെ ഇമേജ് പ്ലെയിനിലേക്ക്‌ (ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍) വീഴാന്‍തക്കവിധം ഈ ലെന്‍സുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ്‌.



2. ഫിലിം / ഡിജിറ്റല്‍ സെന്‍സര്‍
പ്രകാശം പതിക്കുമ്പോള്‍ രാസമാറ്റങ്ങള്‍ക്കുവിധേയമാകുന്ന പ്രത്യേകതരം രാസവസ്തുക്കള്‍ ലേപനംചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ പ്രതലമാണ്‌ ഫിലിം. എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി, ഫോട്ടോ എടുക്കേണ്ട വസ്തു കറുപ്പും വെളുപ്പും കള്ളികളുള്ള ചെസ്‌ ബോര്‍ഡ്‌ പോലെയൊരു പ്രതലമാണെന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ പ്രതിബിംബവും കറുപ്പും വെളുപ്പും കള്ളികള്‍ നിറഞ്ഞതായിരിക്കുമല്ലോ. വെളുപ്പുനിറമുള്ള കള്ളികളിനിന്നും കൂടുതല്‍ പ്രകാശകിരണങ്ങളും, കറുപ്പുനിറമുള്ള കള്ളികളിനിന്നും അതിനേക്കാള്‍ കുറഞ്ഞ അളവില്‍ പ്രകാശകിരണങ്ങളുമാണ്‌ ഫിലിമിലേക്ക്‌ പതിക്കുക. അപ്പോള്‍ സ്വാഭാവികമായും, വെളുത്തകള്ളികളിലെ പ്രകാശംവീണ ഫിലിമിന്റെ ഭാഗങ്ങളില്‍ കൂടുതല്‍ രാസമാറ്റങ്ങള്‍ നടക്കുകയും കറുത്തകള്ളികളുള്ള ഭാഗങ്ങളില്‍ കുറച്ചുമാത്രം രാസമാറ്റങ്ങള്‍ നടക്കുകയും ചെയ്യും. ഈ ഫിലിമിനെ "വാഷ്‌ചെയ്യുക" എന്നു നമ്മള്‍ സാധാരണ പറയാറുള്ള രാസപ്രക്രിയയ്ക്കുവിധേയമാക്കുമ്പോള്‍ ഈ കറുപ്പും, വെളുപ്പും കള്ളികളുടെ ഒരു "നെഗറ്റീവ്‌" നമുക്ക്‌ ലഭിക്കുന്നു. ശ്രദ്ധിക്കുക, നെഗറ്റീവില്‍ കറുത്തകള്ളികള്‍ വെളുത്തും, വെളുത്തകള്ളികള്‍ കറുത്തുമായിരിക്കും കാണപ്പെടുന്നത്‌.

ഈ നെഗറ്റീവില്‍ക്കൂടി പ്രകാശം നിയന്ത്രിതമായ രീതിയില്‍ കടത്തിവിട്ട്‌, ആ പ്രകാശത്തെ ഒരു ഫോട്ടോസെന്‍സിറ്റീവ്‌ പേപ്പറിലേക്ക്‌ പതിപ്പിക്കുമ്പോള്‍ നെഗറ്റീവിലുള്ള ചിത്രത്തിന്റെ ഒരു പോസിറ്റീവ്‌, അഥവാ നമ്മള്‍ ഫോട്ടോ എടുത്ത വസ്തുവിന്റെ ഒരു യഥാര്‍ത്ഥ പ്രതിച്ഛായ ലഭിക്കുകയും ചെയ്യുന്നു. കളര്‍ ഫോട്ടോഗ്രാഫിയിലും ഇതേപ്രവര്‍ത്തനങ്ങളാണ്‌ ഫിലിമില്‍ നടക്കുന്നത്‌.

ഡിജിറ്റല്‍ക്യാമറയില്‍ ഫിലിം ചെയ്യുന്ന ജോലികള്‍ ഒരു സെന്‍സര്‍ ആണു ചെയ്യുന്നത്‌ എന്നു പറഞ്ഞുവല്ലോ. ഡിജിറ്റല്‍ സെന്‍സറിനെപ്പറ്റി അല്‍പ്പം വിശദമായിത്തന്നെ ഇനി വരുന്ന ഒരു പോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നുണ്ട്‌. അതിനാല്‍ ഇവിടെ അധികം വിശദീകരിക്കുന്നില്ല. പൊതുവേപറഞ്ഞാല്‍, സെന്‍സറുകളില്‍ പ്രകാശകിരണങ്ങള്‍ പതിക്കുമ്പോള്‍ വളരെചെറിയ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കുന്ന അനേകം സൂക്ഷ്മകണികകള്‍ പതിപ്പിച്ചിട്ടുണ്ട്‌. ഫോട്ടോസൈറ്റുകള്‍ എന്നാണ്‌ ഇവയെ സാങ്കേതികമായി വിളിക്കുന്ന പേര്‌. നേരത്തെപറഞ്ഞ ചെസ്ബോര്‍ഡിന്റെ ഉദാഹരണം നോക്കുക. സെന്‍സറില്‍ വീഴുന്ന പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്‌ ഓരോ ഫോട്ടോസൈറ്റിലും ഉണ്ടാകുന്ന വൈദ്യുതതരംഗങ്ങളുടെ അളവും ശക്തിയും വ്യത്യാസപ്പെട്ടിരിക്കും. ഈ ഏറ്റക്കുറച്ചിലുകളെ ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോസസര്‍ ഉപയോഗിച്ച്‌ വിശകലനംചെയ്ത്‌, സെന്‍സറില്‍ വീണപ്രതിംബത്തെ പുനഃസൃഷ്ടിക്കുകയാണ്‌ ഒരു ഡിജിറ്റല്‍ ക്യാമറയുടെ സെന്‍സര്‍ ചെയ്യുന്നത്‌.

3. അപ്പര്‍ച്ചറും ഷട്ടറും
മുന്നാമത്തെ ഘടകമായ പ്രകാശ നിയന്ത്രണ സംവിധാനവും ക്യാമറയില്‍ സുപ്രധാനമാണ്‌. അധികമായാല്‍ അമൃതും വിഷം എന്ന പ്രമാണം ലൈറ്റിന്റെ കാര്യത്തിലും ബാധകമാണ്‌. ആവശ്യത്തില്‍കൂടുതല്‍ പ്രകാശം ഫിലിമില്‍ വീണാല്‍, പ്രതിംബിത്തിനുപകരം ആകെവെളുത്ത ഒരു ചിത്രമായിരിക്കുംലഭിക്കുക. ഫിലിമിലേക്ക്‌ പതിക്കുന്ന പ്രകാശത്തെ നിശ്ചിത അളവില്‍ നിയന്ത്രിക്കുന്നതിനായി ക്യാമറയില്‍ രണ്ടു സംവിധാനങ്ങളുണ്ട്‌. ഒന്ന്, ലെന്‍സിനു പുറകില്‍ ഉള്ള അപ്പര്‍ചര്‍ എന്ന സുഷിരം. ഈ സുഷിരത്തിന്റെ വ്യാസം വ്യത്യാസപ്പെടുത്താവുന്നതാണ്‌. ഇതിന്റെ വ്യാസം കൂട്ടിയും കുറച്ചും ക്യാമറയുടെ ഉള്ളിലേക്ക്‌ കടക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കാം. രണ്ടാമത്തെ സംവിധാനമാണ്‌ ഷട്ടര്‍. ഷട്ടറിനെ ഒരു വാതിലിനോട്‌ ഉപമിക്കാം. ഫിലിമിനു മുമ്പില്‍ ഉറപ്പിച്ചിരിക്കുന്ന തുറക്കുകയും അടയ്കുകയും ചെയ്യാവുന്ന ഒരു വാതില്‍. സാധാരണഗതിയില്‍ ഈ വാതില്‍ തുറന്നടയുന്നത്‌ സെക്കന്റിന്റെ അംശങ്ങളിലാണെന്നുമാത്രം. കൂടുതല്‍ സമയത്തേക്ക്‌ തുറന്നാല്‍ കൂടുതല്‍ പ്രകാശം ഫിലിമില്‍ പതിക്കും. പെട്ടന്ന് തുറന്നടച്ചാല്‍ കുറച്ചു പ്രകാശം ഫിലിമില്‍ പതിക്കും. നമ്മള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ കേള്‍ക്കുന്ന "ക്ലിക്ക്‌" ശബ്ദം ഈ ഷട്ടര്‍ തുറന്നടയുന്നതിന്റെതാണ്‌. (സ്കൂള്‍ ഫോട്ടോയില്‍ ഫോട്ടോഗ്രാഫര്‍ ലെന്‍സിന്റെ മൂടി തുറന്നിട്ട് അടച്ചപ്പോള്‍ ചെയ്തതും ഇതുതന്നെ). ഈ രണ്ടുസംവിധാനങ്ങളും - അപ്പര്‍ച്ചറും ഷട്ടറും- അനുയോജ്യമായ രീതിയില്‍ നിയന്ത്രിച്ചാണ്‌ ഫിലിമില്‍ അല്ലെങ്കില്‍ സെന്‍സറില്‍ പതിക്കേണ്ട പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നത്‌. അപ്പര്‍ച്ചര്‍ ഷട്ടര്‍ എന്നിവയെപ്പറ്റി വിശദമായി എസ്.എല്‍.ആര്‍ ക്യാമറകളെപ്പറ്റിയുള്ള പോസ്റ്റില്‍ ചര്‍ച്ചചെയ്യാം.

ദശകങ്ങള്‍ക്കുമുമ്പ് സ്റ്റുഡിയോകളില്‍ ഒതുങ്ങിനിന്നിരുന ബെല്ലോ ക്യാമറയില്‍ നിന്ന് ഇന്ന് പോക്കറ്റില്‍ ഇടംകണ്ടെത്തിയിരിക്കുന്ന ക്യാമറകള്‍ എന്തെല്ലാം രൂപപരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! ഓട്ടോമാറ്റിക്‌ ക്യാമറ എന്നവിളിപ്പേരില്‍ അറിയപ്പെട്ട 35mm കോമ്പാക്റ്റ്‌ ഫിലിംക്യാമറ എത്തിയതോടെ വീടുകളിലും ക്യാമറകള്‍ വരാന്‍ തുടങ്ങി. SLR ഫിലിം ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൈകളില്‍ മാത്രമായി ഒതുങ്ങിയതുകൊണ്ടാവാം അവ സാധാരണഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കൈകാര്യംചെയ്യാന്‍ പറ്റാത്തവയാണ്‌ എന്നൊരുതോന്നല്‍ ഇന്നും പലര്‍ക്കും ഉള്ളത്‌ (ഇതു പൂര്‍ണ്ണമായും ശരിയല്ല കേട്ടോ, വരുന്ന പോസ്റ്റുകളില്‍ ഇതേപ്പറ്റി പറയാം).

ശരിക്കും ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെയാണ്‌ ക്യാമറ കൂടുതല്‍ ജനകീയമാവാന്‍ തുടങ്ങിയത്‌. ഡിജിറ്റല്‍ കോമ്പാക്റ്റ്‌ ക്യാമറകള്‍, വെബ്‌ ക്യാമറകള്‍, ഡിജിറ്റല്‍ SLR തുടങ്ങി, മൊബൈല്‍ഫോണില്‍വരെ ഒതുങ്ങിയ ഡിജിറ്റല്‍ ക്യാമറ അതിലും ചെറുതായി ഇന്ന് രക്തക്കുഴലുകളില്‍ വരെ കയറ്റിവിടാനാവുംവിധം വലിപ്പത്തിലെത്തിനില്‍ക്കുന്നു! ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ വന്ന നൂതന സാങ്കേതികവിദ്യകളും, ക്യാമറകളുടെ വിലകുറയ്ക്കാനായി നിര്‍മ്മാതാക്കള്‍ പരീക്ഷിച്ച രീതികളും ക്യാമറയുടെ ജനപ്രീതിയില്‍ വന്‍ കുതിച്ചുചാട്ടംതന്നെ ഉണ്ടാക്കി. ഇന്ന് കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിലെങ്കിലും ഒരു ക്യാമറ സ്വന്തമായി ഇല്ലാത്തവര്‍ ഇല്ലതന്നെ.

അപ്പോഴാണ്‌ ഒരു നൂറുകൂട്ടം സ്പെസിഫിക്കേഷനുകളുമായുള്ള നിര്‍മ്മാതാക്കളുടെ വരവ്‌. ഏതാണു നല്ലത്‌? ഏതാണു മോശം? അതോ എല്ലാ ഡിജിറ്റലും ഒരുപോലെ നല്ലതോ? ആകെ സംശയം. ഡിജിറ്റല്‍ വിപ്ലവത്തിലെ കൂടുതല്‍ കഥകള്‍ അടുത്തപോസ്റ്റില്‍.

========

* കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ ലെന്‍സിന്റെ ഫോക്കല്‍ ലെങ്തിനേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കുന്ന വസ്തുക്കളുടെ പ്രതിബിംബമേ ലെന്‍സ് മറുവശത്ത് രൂപപ്പെടുത്തുകയുള്ളൂ. അതുപോലെ അനന്തതയില്‍ (infinity) സ്ഥിതിചെയ്യുന്ന വസ്തുക്കളില്‍നിന്നു വരുന്ന പ്രകാശകിരണങ്ങള്‍ മാത്രമേ ലെൻസിന്റെ ആക്സിസിനു സമാന്തരമായി വരുകയുള്ളൂ, അതുകൊണ്ട് അവ മാത്രമേ മറുവശത്തെ ഫോക്കല്‍ പോയിന്റില്‍ത്തന്നെ ഒരു പ്രതിബിംബം ഉണ്ടാക്കുന്നുള്ളൂ. താരതമ്യേന ലെന്‍സിന്റെ അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം ഫോക്കല്‍ പോയിന്റിനു സമീപത്തുള്ള (അതിനു മുമ്പിലേ പുറകിലോ ആവാം) ഒരു തിരശ്ചീന തലത്തില്‍ (vertical plane) ആവും രൂപപ്പെടുക. ഇതേപ്പറ്റി കൂടുതലായി “ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം രണ്ട് “എന്ന പോസ്റ്റില്‍ പറയുന്നുണ്ട്.

Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP