ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ
DSLR Photography for beginners : Part 1
കുറേനാളുകളായി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചിരുന്ന എന്റെ ചില സുഹൃത്തുക്കൾ ഈയിടെ എസ്.എൽ.ആർ ക്യാമറകൾ വാങ്ങി എസ്.എൽ.ആർ "ക്ലബ്ബിൽ" അംഗങ്ങളായിട്ടുണ്ട്! ചിലരൊക്കെ വായിച്ചും പഠിച്ചും ഉപയോഗിച്ചും അത്യാവശ്യം ഉപയോഗക്രമങ്ങളൊക്കെ മനസ്സിലാക്കി ഈ പുതിയ യന്ത്രം കൈയ്യിലെടുത്തവരായിരുന്നുവെങ്കിലും മറ്റുചിലർ ഇതിനെപ്പറ്റി അത്രവലിയ അറിവില്ലാതെ പല ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. കഴിവതും എല്ലാ ചോദ്യങ്ങൾക്കും ഞാൻ എഴുത്തുകളിൽക്കൂടി മറുപടി നൽകാറുണ്ടെങ്കിലും അവർ ചോദിച്ച ചോദ്യങ്ങളെല്ലാം കൂടി ഒന്നു രണ്ടു പോസ്റ്റുകളായി പ്രസിദ്ധീകരിച്ചാൽ ഇനിയും ഈ മേഖലയിലേക്ക് വരുന്നവർക്ക് പ്രയോജനകരമാകുമല്ലോ എന്ന ചിന്തയാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.
SLR Photography for Beginers - പേരു സൂചിപ്പിക്കുന്നതുപോലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കുന്നത്. സാങ്കേതിക കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വലിയ വിവരണങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത്. അതുകൊണ്ട് Advanced SLR users നു പ്രയോജനകരമായ വിവരങ്ങളൊന്നും ഈ പോസ്റ്റിൽ കണ്ടെന്നു വരികയില്ല. എങ്കിലും അവരോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. ഈ പോസ്റ്റിൽ എഴുതാൻ വിട്ടുപോയതും എന്നാൽ തുടക്കക്കാർക്ക് പ്രയോജനകരമായതുമായ എന്തെങ്കിലും വിവരങ്ങൾ നിങ്ങൾ കാണുന്നുവെങ്കിൽ ദയവായി ഇവിടെ കമന്റിൽ അത് എഴുതുക. ആ വിവരങ്ങളും ചേർത്ത് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഈ പോസ്റ്റിൽ “ഏതു ക്യാമറയാണ് നല്ലത്? പോയിന്റ് ആന്റ് ഷൂട്ട് വാങ്ങണോ, എസ്.എൽ.ആർ വാങ്ങണോ, അതോ ഒരു ബ്രിഡ്ജ് ക്യാമറ മതിയോ? ഏതു ബ്രാന്റാണ് നല്ലത്, ഓഫറുകൾ ഉള്ളത് വാങ്ങണോ, അതോ ഓഫറുകൾ ഇല്ലാത്തതു വാങ്ങണോ” തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കെത്താവുന്ന വിവരങ്ങളും, രണ്ടാം ഭാഗത്ത് ഒരു എൻട്രി ലെവൽ SLR ഉപയോഗിച്ച് ഫോട്ടോയെടുക്കാനുള്ള അടിസ്ഥാനപാഠങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
1. ഒരു ക്യാമറ വാങ്ങണം. ഏതാണ് നല്ലത്?
എനിക്ക് ഏറ്റവും കൂടുതൽ തവണ ഉത്തരം പറയേണ്ടിവന്നിട്ടുള്ള ചോദ്യമാണിത്; ഒപ്പം ഉത്തരം പറയുവാൻ ഏറ്റവും ബുദ്ധിമുട്ടിയിട്ടുള്ളതും! കാരണങ്ങൾ പലതാണ്. ഒന്നാമത് മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാ ക്യാമറകളും കാണുവാനോ ഉപയോഗിച്ചു നോക്കുവാനോ സാധിക്കാറില്ല എന്നതു തന്നെ. ഇത് ഒരു ജനറലായ ചോദ്യമാണെന്നതും, ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളെ മാത്രം ആശ്രയിച്ച് ഒരു തീരുമാനത്തിലെത്താവുന്ന കാര്യമല്ല എന്നതുമാണ് എറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ മൂന്നുവിഭാഗം ആളുകളെ കാണാം. ആദ്യത്തെ വിഭാഗം കുറഞ്ഞ ബഡ്ജറ്റ് ഉള്ളവരാണ്. അവർക്ക് അതുകൊണ്ട്തന്നെ ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ മാത്രമേ വാങ്ങാനാവുന്നുള്ളൂ. അതിൽ നല്ലതേതാണ് എന്നാണു ചോദ്യം. രണ്ടാമത്തെ വിഭാഗത്തിനു ബഡ്ജറ്റ് വലിയ പ്രശ്നമല്ല. നല്ലൊരു ക്യാമറവേണം എന്നേയുള്ളൂ. നല്ല ചിത്രങ്ങൾ കിട്ടണം. പക്ഷേ മെനക്കെട്ട് ക്യാമറ ഉപയോഗങ്ങൾ പഠിക്കാനോ ഫോട്ടോഗ്രഫിക്കു പിന്നിൽ സമയം കളയാനോ തൽക്കാലം മനസ്സില്ല (ഇക്കൂട്ടരെ പതിയെ ശരിയാക്കിയെടുക്കാൻ സാധിക്കും)! മൂന്നാമത്തെ വിഭാഗം ഫോട്ടോഗ്രാഫിയെ വളരെ താല്പര്യമായി ഇഷ്ടപ്പെടുന്ന കൂട്ടരാണ്. Enthusiast എന്നോ hobbyist എന്നോ ഒക്കെ വിളിക്കാം. ചിലരൊക്കെ professional ലെവലിൽ ആവാൻ കഴിവുള്ളവരുമാണ്. DSLR ക്യാമറ വാങ്ങാനാണ് ഇവരുടെ ആഗ്രഹം. ഏതു ബ്രാന്റാണു നല്ലത് എന്നും, അതിൽ തന്നെ ഏതു മോഡലാണ് എടുക്കേണ്ടതെന്നും ആണ് ഇവർക്കറിയേണ്ടത്.
ക്യാമറ വാങ്ങാൻ ഒരുങ്ങുന്നതിനു മുമ്പ് ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ എന്തുദ്ദേശത്തിനാണ് ഈ ക്യാമറ വാങ്ങുന്നത് എന്ന് സ്വയം അവലോകനം ചെയ്യുക എന്നതാണ്. അതോടൊപ്പം അതിനുവേണ്ടി ചെലവാക്കാനാവുന്ന ബഡ്ജറ്റും ഏകദേശം മനസ്സിൽ വയ്ക്കുക. പോക്കറ്റിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന ഒരുക്യാമറയാണ് വേണ്ടത്, അത്യാവശ്യം ഏതു സന്ദർഭത്തിലും ഫോട്ടോയെടുക്കണം എന്നതാണ് ഉദ്ദേശമെങ്കിൽ സംശയിക്കാനൊന്നുമില്ല, സ്ലിം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറതന്നെയാണ് നിങ്ങൾ വാങ്ങേണ്ടത്. കാരണം ഇവിടെ ഫോട്ടോയുടെ ക്വാളിറ്റിയേക്കാൾ കൊണ്ടുനടക്കാനുള്ള സൌകര്യത്തിനാണ് മുൻഗണന. നേരെമറിച്ച് ഫോട്ടോ ക്വാളിറ്റിയെ നിങ്ങൾ അത്യധികം വിലമതിക്കുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്യാമറയെ നിയന്ത്രിച്ച് വ്യത്യസ്തങ്ങളായ ഏതു സാഹചര്യങ്ങളിലും ചിത്രം എടുക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് വേണ്ടത് ഒരു DSLR ക്യാമറയാണ്. മാക്രോഫോട്ടൊഗ്രാഫി മുതൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി വരെ ചെയ്യാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഏതെങ്കിലും DSLR ക്യാമറ മാത്രം പോരാ, ഓരോ സാഹചര്യങ്ങൾക്കും അനുസൃതമായ ലെൻസുകൾ നല്ല ക്വാളിറ്റിയിലും റെയ്ഞ്ചിലും ലഭിക്കുന്ന ബ്രാന്റുകൾ തന്നെ നോക്കി വാങ്ങണം.മാത്രവുമല്ല, ഈ DSLR മോഡലുകളിലെ mid/high range മോഡലുകൾ തന്നെ വാങ്ങേണ്ടിയും വരും. നിങ്ങൾ ധാരാളം വിനോദയാത്രകൾ പോകുന്ന ആളാണ് അക്കൂട്ടത്തിൽ നല്ല ചിത്രങ്ങൾ എടുക്കുവാനും ആഗ്രഹമുണ്ടെങ്കിൽ ഒരു DSLR ക്യാമറയും "ട്രാവൽ ലെൻസും" മതിയാവും. ചിത്രത്തിന്റെ ക്വാളിറ്റിയിൽ വലിയ നോട്ടമില്ല, തിരിച്ചെത്തി 6x4 അല്ലെങ്കിൽ 5x7 പ്രിന്റ് എടുത്ത് ഭിത്തിയിൽ പതിക്കുക എന്നതുമാത്രമാണ് ഉദ്ദേശമെങ്കിൽ നല്ല ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും ഈ ആവശ്യത്തിന് ധാരാളം മതി. ചുരുക്കത്തിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കും, ഇഷ്ടങ്ങൾക്കും, ഉപയോഗിക്കേണ്ട സന്ദർഭങ്ങൾക്കും അനുസരിച്ചാണ് ക്യാമറ തെരഞ്ഞെടുക്കേണ്ടത്.
2. ക്യാമറയുടെ ക്വാളിറ്റി - എന്തൊക്കെ ശ്രദ്ധിക്കണം?
മാർക്കറ്റിൽ ഇന്നു ലഭ്യമായ ബ്രാന്റുകൾ - Sony, Canon, Nikon, Panasonic, Olympus, Casio, Fuji etc.etc.. - ആരും തന്നെ മോശക്കാരല്ല. ആണെങ്കിൽ ഇത്രയും Competitive ആയ ഒരു മാർക്കറ്റിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആവില്ല. അതുകൊണ്ട് ഓരോ ക്യാമറകമ്പനിയും അവരുടെ എതിരാളികളെക്കാൾ ഒരു പടി മെച്ചമായതും സാധ്യമായതുമായ സൌകര്യങ്ങൾ ഓരോ മോഡലിന്റെയും സ്പെസിഫിക്കേഷനുകൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാറുണ്ട്. ഒരേ സമയം തന്നെ വിവിധ റെയ്ഞ്ചിലുള്ള മോഡലുകൾ മാർക്കറ്റിൽ ഇറക്കാറും ഉണ്ട്. എങ്കിലും ഓരോ ബ്രാന്റിനും (പ്രത്യേകിച്ച് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിൽ) അതിന്റേതുമാത്രമായ ചില ഗുണമേന്മകളും ഉണ്ട്. ചില ബ്രാന്റുകൾക്കുള്ളിൽ തന്നെ ഒരു ക്യാമറമോഡൽ മറ്റൊന്നിനേക്കാൾ മെച്ചമായ ചിത്രങ്ങൾ തന്നു എന്നും വരാം. ഇത് പ്രധാനമായും ആ ക്യാമറയുടെ സെൻസർ, ലെൻസ്, ക്യാമറയുടെ സോഫ്റ്റ്വെയർ കഴിവുകൾ ഇവയെ ആശ്രയിച്ചാണിരിക്കുന്നത്.
ക്യാമറയുടെ ഗുണനിലവാരം മനസ്സിലാക്കുവാനുള്ള നല്ല വഴി ഇന്റർനെറ്റിൽ ലഭ്യമായ അവലോകനങ്ങൾ നോക്കുക എന്നതാണ്. ചില റിവ്യൂകൾ കുറച്ചു പക്ഷഭേദങ്ങൾ കാണിച്ചേക്കാം. അതിനാൽ നല്ല റിവ്യൂകൾ മാത്രം വായിച്ചു നോക്കുക. അത്തരത്തിൽ നല്ല റിവ്യൂ ലഭ്യമായ ഒരു സൈറ്റ് ആണ് www.dpreview.com അതുപോലെ നിങ്ങൾക്ക് പരിചയമുള്ളവർ നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന മോഡൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരോടും ചോദിച്ച് മനസ്സിലാക്കുക. ഫുൾ സൈസിലുള്ള ചിത്രങ്ങൾ വാങ്ങി നോക്കാം - പകൽ വെളിച്ചത്തിൽ എടുത്തതും വ്യത്യസ്ത സാഹചര്യങ്ങളിൽ എടുത്തതുമായ ചിത്രങ്ങൾ അവരുടെ കൈയ്യിൽ നിന്ന് വാങ്ങി, ചിത്രത്തിന്റെ ഫുൾ സൈസിൽ (100%) കമ്പ്യൂട്ടർ കണ്ടുനോക്കുക. ഫുൾ സ്ക്രീൻ വ്യൂ അല്ല 100% വ്യൂ എന്നുപറയുന്നത് എന്നറിയാമല്ലോ? കഴിവതും ഇൻഡോർ ചിത്രങ്ങൾ താരതമ്യം ചെയ്യാതിരിക്കുക.
DSLR ലോകത്തേക്ക് വരുമ്പോൾ സ്ഥിതി അല്പം വ്യത്യസ്തമാണ്. നിക്കോൺ, കാനൻ എന്നീ രണ്ടു ബ്രാന്റുകൾക്കാണ് പ്രിയം കൂടുതൽ, പ്രത്യേകിച്ചും ഏഷ്യൻ - യൂറോപ്യൻ രാജ്യങ്ങളിൽ. ഇവതമ്മിൽ ഏതാണ് നല്ലതെന്നു ചോദിച്ചാൽ ഉത്തരം പറയാൻ കുഴഞ്ഞുപോകും! നിക്കോൺ ഉപയോഗിക്കുന്നവർ നിക്കോൺ ആണു നല്ലതെന്നും, കാനൻ ഉപയോഗിക്കുന്നവർ കാനൻ ആണു നല്ലതെന്നും പറയും. ചുരുക്കത്തിൽ രണ്ടും ഒന്നുപോലെ നല്ലതാണ് എന്നു സാരം. രണ്ടു കൂട്ടരും ക്യാമറ നിർമ്മാണ രംഗത്ത് അനേക വർഷത്തെ പരിചയമുള്ളവരും ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിശ്വസിക്കാവുന്നവരും ആണ്. രണ്ടുകൂട്ടരും ലെൻസ് നിർമ്മാണത്തിലും അതിവിദഗ്ദ്ധർ! സത്യത്തിൽ DSLR ഫീൽഡിൽ, മോഡലുകളും ബ്രാന്റുകളും തമ്മിലുള്ള വ്യത്യാസം, അവനൽകുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തേക്കാളധികം ക്യാമറയുടെ ഫീച്ചറുകളിൽ ആണ്. കുറച്ചു നാൾ മുമ്പ് വരെ CCD, CMOS ഈ രണ്ടു വിധത്തിലുള്ള സെൻസറുകളും DSLR ക്യാമറകളിൽ ലഭ്യമായിരുന്നു. അവയിൽ CCD സെൻസറുകൾ CMOS സെൻസറുകളേക്കാൾ കുറച്ചുകൂടി “crisp" ആയ ചിത്രങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന DSLR ക്യാമറകൾ എല്ലാം തന്നെ CMOS ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. സി-മോസ് ടെക്നോളജിയും നല്ല ഡിജിറ്റൽ ചിത്രങ്ങൾ നൽകുന്നതിനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞു. അതിനാൽ ആ രീതിയിലുള്ള ഒരു താരതമ്യത്തിനു ഇപ്പോൾ പ്രസക്തിയില്ല.
മറ്റൊരു പ്രധാന കാര്യം ഈ രണ്ടു ബ്രാന്റുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മനസ്സിൽ വയ്ക്കേണ്ടത് ലെൻസുകളുടെ റെയ്ഞ്ച് ആണ്. നിങ്ങൾ DSLR ഫോട്ടോഗ്രാഫി നല്ലവണ്ണം മെച്ചമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിൽ പല റേയ്ഞ്ചിലുള്ള ലെൻസുകൾ വാങ്ങേണ്ടിവരും . കാനൻ കമ്പനിക്ക് സ്വന്തമായി ഒട്ടനവധി റെയ്ഞ്ചുകളിലുള്ള (വിലമാത്രമല്ല, ഫോക്കൽ ലെങ്ത് റെയ്ഞ്ചിന്റെ കാര്യമാണ് ഇവിടെ പറയുന്നത്) ലെൻസുകൾ ഉണ്ട്. അവയിൽ തന്നെ ക്വാളിറ്റി കൂടിയതും കുറഞ്ഞതും. ഉദാഹരണത്തിന് കാനന്റെ L-series ലെൻസുകൾ വിലപിടിപ്പുള്ളവയും ഒപ്പം അതിമനോഹരമായ ചിത്രങ്ങൾ നൽകുന്നകാര്യത്തിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നവയുമാണ്. High-end നിക്കോൺ ലെൻസുകളും ഒട്ടും മോശമല്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ. പക്ഷേ, വിലകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നിക്കോൺ ലെൻസുകൾ പൊതുവേ വിലക്കൂടുതൽ ഉള്ളതാണ്. ഇവിടെ നോക്കൂ. ലെൻസുകളിൽ തന്നെ എൻട്രീ ലെവൽ, പ്രൊഫഷനൽ ഗ്രേഡ് എന്നിങ്ങനെയും വിഭാഗങ്ങൾ കാണാം. അപ്പോൾ കൂടുതൽ ലെൻസുകൾ വാങ്ങി ഭാവിയിൽ ഫോട്ടോഗ്രാഫി വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബ്രാന്റുകൾ തെരഞ്ഞെടുക്കുമ്പോൾ ഇപ്പോഴേ അത് മനസ്സിൽ കരുതിവേണം വാങ്ങാൻ. ക്യാമറ ബ്രാന്റുകളുടെ സ്വന്തം ലെൻസുകൾ കൂടാതെ അവയുമായി compatible ആയ തേഡ് പാർട്ടി ലെൻസുകളും മാർക്കറ്റിൽ ലഭ്യമാണ് - ഉദാഹരണം Sigma, Tamaron etc.
DSLR ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് അവയിൽ entry level, mid range, high end എന്നിങ്ങനെ മുന്നു വ്യത്യസ്ത ശ്രേണികളിൽ മോഡലുകൾ ഉണ്ടെന്നതാണ്. എൻട്രി ലെവൽ പേരു സൂചിപ്പിക്കുന്നതുപോലെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഒരു DSLR ക്യാമറ മാർക്കറ്റിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിൽ ഉണ്ടാക്കിയിരിക്കുന്ന ക്യാമറകളാണ്. മിഡ് റേയ്ഞ്ച് കുറച്ചൂ കൂടി സീരിയസായി ചിന്തിക്കുന്നവരെ ഉദ്ദേശിച്ചാണ്. മിഡ് റെയ്ഞ്ച് ക്യാമറകളുടെയും എൻട്രിലെവൽ ക്യാമറകളുടെയും സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ അവയുടെ സെൻസർ, മെഗാപിക്സൽ കൌണ്ട് ഇവയിലൊന്നും വലിയ വ്യത്യാസം ഉണ്ടാവില്ല. പകരം അവതമ്മിലുള്ള വ്യത്യാസം അവയുടെ നിർമ്മാണത്തിലാണ്. മിഡ് റെയ്ഞ്ച് ക്യാമറകൾ കുറച്ചുകൂടി ഉറപ്പുള്ള ബോഡി, rugged design, more water-proof, auto sensor cleaning തുടങ്ങിയ കാര്യങ്ങൾ നൽകും. എൻട്രിലെവൽ ക്യാമറകൾ വളരെ ഒതുങ്ങിയും “പ്ലാസ്റ്റിക്’ പോലെയും തോന്നുമ്പോൾ മിഡ് റേയ്ഞ്ച് മുതലുള്ളവ കൂടുതൽ ഉറപ്പുള്ളവായി തോന്നുന്നു. എൻട്രിലെവൽ ക്യാമറകൾ അവയുടെ പല സംവിധാനങ്ങളും മെനുവിൽ ഒതുക്കി വച്ചിരിക്കുമ്പോൾ മിഡ് റേയ്ഞ്ചിലും ഹൈ എന്റിലും ഈ കണ്ട്രോളുകൾക്ക് സ്വന്തമായ ബട്ടണുകൾ ക്യാമറ ബോഡിയിൽ തന്നെ ഉണ്ടാവും. കൂടുതൽ മാനുവലായ അഡ്ജസ്റ്റ്മെന്റുകളും മിഡ്-ഹൈ റേയ്ഞ്ചുകളിൽ സാധ്യമായിരിക്കും. ഒരു ബേസിക് മോഡൽ കാറും ലക്ഷ്വറി കാറും തമ്മിലുള്ള വ്യത്യാസം പോലെ ഇതു മനസ്സിലാക്കുക. രണ്ടും കാറുകൾ തന്നെ, യാത്രപോകുകയാണ് പ്രഥമ ലക്ഷ്യം. പക്ഷേ ഒന്ന് മറ്റേതിനേക്കാൾ പലകാര്യങ്ങളിലും എഫിഷ്യൻസി കൂടിയതാണ്. ഇത്രയൊക്കെയാണ് DSLR ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
3. Point & Shoot ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഇതിനുമുമ്പുള്ള ഉത്തരം വായിച്ചു കഴിഞ്ഞപ്പോൾ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ മോശമാണ് എന്നാണ് ഇവിടെ പറഞ്ഞുവയ്ക്കുന്നത് എന്ന്. ഒരിക്കലുമല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചും നല്ല ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും. ഒരു ഫോട്ടോഗ്രാഫിന്റെ ഭംഗിയുടെ 75% എങ്കിലും അതിന്റെ കോമ്പോസിഷനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ബാക്കി 25% മാത്രമാണ് പലപ്പോഴും ടെക്നിക്കൽ കാര്യങ്ങളെ ആശ്രയിച്ച് ശരിയാക്കാനാവുന്നത്. ഭംഗിയായി ഫ്രെയിം കമ്പോസ് ചെയ്യാൻ അറിയാവുന്ന ഒരാൾക്ക് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചും നല്ല ചിത്രങ്ങൾ എടുക്കാം. ലാന്റ്സ്കേപ്സ്, ക്ലോസ് അപ് ചിത്രങ്ങൾ, ഡേ ലൈറ്റിൽ എടുക്കുന്ന മറ്റു ചിത്രങ്ങൾ ഇവയൊക്കെ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ച് ഭംഗിയായി എടുക്കുവാൻ സാധിക്കും. എടുക്കുന്ന ചിത്രങ്ങൾ സാധാരണ കമ്പ്യൂട്ടർ സ്ക്രീനിൽ കാണുമ്പോഴോ സാധാരണ സൈസുകളിൽ പ്രിന്റ് ചെയ്യുമ്പോഴോ DSLR ചിത്രങ്ങളൂം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാവുകയുമില്ല. പക്ഷേ ഒരു കാര്യം ഓർക്കുക - ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയ്ക്കും ഒരു DSLR ക്വാളിറ്റിയിലുള്ള ചിത്രം നൽകാനാവില്ല. അതിനു കാരണം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ അത്തരം ചിത്രങ്ങൾ നൽകുവാനായി നിർമ്മിച്ചിരിക്കുന്ന ഒരു ഉപകരണമല്ല എന്നതിനാലാണ്.
ലൈറ്റിന്റെ നിയന്ത്രണം മാനുവലായി ചെയ്യേണ്ട അവസരങ്ങൾ, ഫോക്കസിംഗ് മാനുവലായി ചെയ്യേണ്ട അവസരങ്ങൾ, ദീർഘമായി ഷട്ടർ തുറന്നുവച്ച് ഫോട്ടോയെടുക്കേണ്ട സാഹചര്യങ്ങൾ, ഹൈ സ്പീഡ് ഫോട്ടോഗ്രാഫി, നല്ല ഗുണനിലവാരമുള്ള ഫോട്ടോകൾ എടുക്കേണ്ടിവരുമ്പോൾ - ഈ സാഹചര്യങ്ങളിലൊന്നും ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ അനുയോജ്യമല്ല. അതേസമയം വളരെ സൗകര്യമായി കൊണ്ടുനടക്കുവാനും മോശമല്ലാത്ത ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുവാനും ഈ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളോളം സൗകര്യപ്രദമായ ഒന്നല്ല SLR എന്നതും ഓര്‍ക്കുക.
പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ തെരഞ്ഞെടുക്കുമ്പോൾ ഒന്നു രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കാം. ഒന്ന് അതിന്റെ ഓപ്റ്റിക്കൽ സൂം (ഡിജിറ്റൽ സൂം അല്ല) പരമാവധി എത്രനമ്പർ കിട്ടുന്ന മോഡലാണോ നിങ്ങളുടെ ബജറ്റിൽ ഉള്ളത് അത് വാങ്ങുക. ഒപ്ടിക്കല്‍ സൂം എത്ര കൂടുന്നോ അതിനു അനുസരിച്ച് ദൂരെയുള്ള വസ്തുക്കളുടെ ചിത്രം എടുക്കാനും സാധിക്കും. സാധാരണയായി 3X, 4X, 5X വരെയൊക്കെ അവ ലഭ്യമാണ്. 10X വരെ പോകുന്ന ക്യാമറകളുടെ ലെൻസുകൾ ബോഡിയിൽന്ന് പുറത്തേക്ക് തള്ളിവരുന്ന രീതിയിലായിരിക്കും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവയ്ക്ക് ചെറിയ സൂം ഉള്ള ക്യാമറകളെക്കാള്‍ വലിപ്പവും വിലയും കൂടും.
അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കണ്ട്രോൾ ആണ് Exposure compensation ഒരു +/- അടയാളത്തോടുകൂടിയ ബട്ടൺ ആണിത്. അത് സൌകര്യപ്രദമായി ക്യാമറ ബോഡിയിൽ തന്നെ ഉണ്ടോ എന്നും, അത് ഓപ്പറേറ്റ് ചെയ്യുമ്പോൾ ലൈവ് പ്രിവ്യുവിലെ പ്രകാശവും കൂടുകയും കുറയുകയും ചെയ്യുന്നുണ്ടോ എന്നും നോക്കി വാങ്ങുക. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിൽ ലൈറ്റിനെ നിയന്ത്രിക്കാനായി നമുക്ക് സൌകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരേ ഒരു നിയന്ത്രണ സംവിധാനമാണ് ഈ ബട്ടൺ. ഇമേജ് സ്റ്റബിലൈസേഷൻ, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് വളരെ അത്യാവശ്യമായ ഒരു സംഗതിയാണ്. പ്രത്യേകിച്ചും സൂം കൂടുതല്‍ ഉള്ള ക്യാമറകളില്‍.
വളരെ കൂടുതൽ മെഗാപിക്സൽ ഉള്ള പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലെ ചിത്രങ്ങളിൽ നോയിസ് കൂടുതലായിരിക്കും, പ്രത്യേകിച്ചും കുറഞ്ഞ ലൈറ്റിൽ. അതുകൊണ്ട് “വലിയ മെഗാപിക്സൽ നല്ല ക്വാളിറ്റി“ എന്ന മാർക്കറ്റിംഗ് തന്ത്രത്തിൽ കുടുങ്ങേണ്ട! കുടുംബാങ്ങളിൽ എല്ലാവർക്കും ഓപ്പറേറ്റ് ചെയ്യാവുന്ന ക്യാമറ എന്ന പരിഗണനയും ചിലരൊക്കെ പോയിന്റ് ആന്റ് ഷൂട്ട് തെരഞ്ഞെടുക്കുമ്പോൾ നൽകാറുണ്ട്. (ഇത് പക്ഷേ ആപേക്ഷികമാണ്, അടുത്ത പോസ്റ്റിലെ “SLR ഉപയോഗം കടുകട്ടിയോ? എന്ന ചോദ്യത്തിന്റെ ഉത്തരം വായിച്ചുനോക്കൂ!)
4. DSLR ക്യാമറ - എന്താണിതിനെ മെച്ചമാക്കുന്നത്?
Single Lense Reflex എന്നാണ് SLR ന്റെ പൂർണ്ണ രൂപം. Digital Single Lense Reflex Camera എന്നാണ് DSLR ന്റെ പൂർണ്ണരൂപം. ഒരു ഫോട്ടോഗ്രാഫിക് ഉപകരണം എന്ന നിലയിൽ ഒരു SLR ക്യാമറ മറ്റിനം ക്യാമറകളെ അപേക്ഷിച്ച് അതിന്റെ ഓപ്പറേറ്റർക്ക് (ഫോട്ടോഗ്രാഫർ) ഒട്ടേറെ സൌകര്യങ്ങളും, മെച്ചങ്ങളും ലഭിക്കുന്ന ചിത്രത്തിന് ഒട്ടേറെ മെച്ചങ്ങളും തരുന്നുണ്ട്. ആ നിലയിൽ ഒരു ക്യാമറയുടെ ഉപയോഗക്രമത്തിന്റെ പൂർണ്ണത കാണാനാവുന്ന ഉപകരണമാണ് ഒരു SLR ക്യാമറ. ഇത് ഒന്നുകൂടി വിശദമാക്കാം.
മനുഷ്യൻ അവന്റെ ജീവിതസാഹചര്യങ്ങളും, ജോലികളും ആയാസരഹിതമാക്കാനായാണ് യന്ത്രങ്ങൾ കണ്ടുപിടിച്ചത്. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ, അതേ പ്രവർത്തി ഒരുമനുഷ്യൻ ചെയ്യുന്നതിന്റെ അനവധി മടങ്ങ് വേഗതയിലും, എളുപ്പത്തിലും ചെയ്തു തീർക്കാനാവുന്നു. ആധുനിക ഉപകരണങ്ങൾ പരിശോധിച്ചാൽ മിക്കവാറും എല്ലാ മേഖലകളിലും പൂർണ്ണമായും മാനുവലായി നിയന്ത്രിക്കാവുന്നവയും, പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനങ്ങളിലൂടെ നിയന്ത്രിക്കാവുന്നവയും, ഇതിനു രണ്ടിനും ഇടയിൽ വരുന്ന സെമി ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയുമായ ഉപകരണങ്ങൾ കാണാം. ഇവയിൽ ഭൂരിഭാഗം ഉപകരണങ്ങളിലും പൂർണ്ണമായി മനുഷ്യനിയന്ത്രണത്തിൽ പ്രവർത്തിപ്പിക്കാവുന്നവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ചില മെച്ചങ്ങളും ഉണ്ടാവും. ഉപകരണത്തിന്റെ പ്രവർത്തനത്തനത്തിൽ നിന്നു ലഭിക്കേണ്ട ഔട്ട്പുട്ടിനു പിന്നിലെ ബുദ്ധിയും ലോജിക്കും അത് ഉപയോഗിക്കുന്ന മനുഷ്യന്റേതാണ് എന്നതാണ് ആ വ്യത്യാസം. ഉദാഹരണത്തിന് മാനുവലായി ഗിയർ മാറ്റാവുന്ന ഒരു ബൈക്കും, ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള ഒരു സ്കൂട്ടറും തമ്മിലുള്ള പ്രവർത്തനമികവ് അത് ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാമല്ലോ? രണ്ടിന്റെയും പ്രവർത്തനം ഒന്നുതന്നെയെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ലഭിക്കേണ്ട ഔട്ട്പുട്ട് ലഭ്യമാക്കുന്നതിൽ മാനുവലായി കൈകാര്യം ചെയ്യാവുന്ന ബൈക്കിന് കഴിവ് കൂടുതലാണ് - മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യേണ്ട സാഹചര്യം, രണ്ടു യാത്രികരേയും വഹിച്ചുകൊണ്ട് ഒരു കയറ്റം കയറേണ്ട സാഹചര്യം ഇവയൊക്കെ ഈ രണ്ടു വാഹനങ്ങളും എങ്ങനെ കൈകാര്യം ചെയ്യും എന്നാലോചിച്ചുനോക്കൂ. ചിലകാര്യങ്ങൾ ഓട്ടോമാറ്റിക് യന്ത്രത്തെക്കൊണ്ട് സാധ്യവുമല്ല എന്നും വന്നേക്കാം.
ഈ നിർവ്വചനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, പൂർണ്ണമായും ഫോട്ടോഗ്രാഫർ ഉദ്ദേശിക്കുന്നതുപോലെ കൈകാര്യം ചെയ്യാവുന്ന ഒരു ഫോട്ടോഗ്രാഫിക് ഉപകരണമാണ് SLR ക്യാമറ. ലെൻസുകളുടെ സെലക്ഷൻ മുതൽ, ഫോക്കസിംഗ് സംവിധാനങ്ങൾ, പ്രകാശനിയന്ത്രണം വരെ പൂർണ്ണമായും മാനുവലായി ചെയ്യാനുള്ള സൌകര്യം ഒരു SLR ക്യാമറയിലുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ട് ഓട്ടോമാറ്റിക് യന്ത്രസംവിധാനങ്ങൾ മോശമാണ് എന്നാണു പറഞ്ഞുകൊണ്ടുവരുന്നത് എന്നു കരുതരുത് ! ലഭിക്കേണ്ട ഔട്ട്പുട്ടിനും ഉപയോഗിക്കേണ്ട സാഹചര്യങ്ങൾക്കും അനുസരിച്ച് ഒരു യന്ത്രത്തെ നിയന്ത്രിക്കുന്നതിൽ മാനുവൽ സംവിധാനങ്ങൾക്ക് ചില മെച്ചങ്ങൾ ഉണ്ട് എന്നുമാത്രമാണ് പറഞ്ഞത്. പ്രത്യേകിച്ചും ഫോട്ടോഗ്രാഫിയിൽ ഇത് വളരെ ശരിയുമാണ്.
5. DSLR എന്ന പേരിനു പിന്നിൽ?
Single Lense Reflex എന്നാണ് SLR ന്റെ പൂർണ്ണ രൂപം എന്നു പറഞ്ഞുവല്ലോ? ഈ പേര് വരുവാൻ കാരണം, ഫോട്ടോ എടുക്കുന്ന ലെൻസിൽക്കൂടിതന്നെയാണ് ഫ്രെയിം കമ്പോസ് ചെയ്യുമ്പോഴും ഫോട്ടോഗ്രാഫർ നോക്കുന്നത് എന്നതിനാലാണ്. അതായത്, കമ്പോസ് ചെയ്യുമ്പോൾ ഫ്രെയിമിൽ എന്തുകാണുന്നുവോ അതു തന്നെയാവും ഫോട്ടോയിലും ലഭിക്കുക. SLR ക്യാമറകൾക്കെല്ലാം തന്നെ ഒരു വ്യൂഫൈന്റർ ഉണ്ട്. അതിലൂടെ നോക്കിക്കൊണ്ടാണ് നാം ഫ്രെയിമുകൾ കമ്പോസ് ചെയ്യുന്നത്.
ഒരു പത്തുവർഷം മുമ്പ് ലഭ്യമായിരുന്ന “ഓട്ടോമാറ്റിക് / ഓട്ടോഫോക്കസ്” ഫിലിം ക്യാമറകൾ ഓർക്കുന്നുണ്ടോ? അവയിൽ വ്യൂ ഫൈന്റർ ലെൻസ് (രംഗത്തേക്ക് നോക്കിക്കൊണ്ട് ഫോട്ടോയെടുക്കാനുള്ള ചെറിയ ലെൻസ്) പ്രത്യേകമായി സംവിധാനം ചെയ്ത മറ്റൊരു ലെൻസ് ആയിരുന്നു. അതായത് വ്യൂഫൈന്ററായി ഒരു ലെൻസ്,ഫിലിമിൽ ഫോട്ടോ എടുക്കാൻ മറ്റൊരു ലെൻസ്. ഈ രീതിയിലെ ഡിസൈനിന്റെ പ്രധാന പ്രശ്നം വ്യൂ ഫൈന്ററിൽക്കൂടി കാണുന്ന ഭാഗങ്ങളെല്ലാം ഫോട്ടോയിൽ ലഭിക്കുണമെന്നില്ല എന്നതും, ഫോക്കസിനെപ്പറ്റി യാതൊരു ധാരണയും വ്യൂഫൈന്ററിൽ ലഭിക്കുന്നില്ല എന്നതുമായിരുന്നു. അത്തരം ക്യാമറകൾ ഉപയോഗിച്ച് പൂക്കളുടെയും മറ്റും ക്ലോസ് അപ് എടുത്തിട്ടുള്ളവർക്കറിയാം, വ്യൂ ഫൈന്ററിൽ പൂവ് നിറഞ്ഞുനിൽക്കുന്ന ഫോട്ടോ എടുത്താൽ ലഭിക്കുന്ന ചിത്രത്തിൽ അത് ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു. കാരണം ആ ക്യാമറകളിലെ ലെൻസുകളുടെ ഫോക്കസിംഗ് പരിധിക്കും അകത്തായിരുന്നു പൂവിന്റെ സ്ഥാനം. എന്നാൽ നാം നോക്കുന്ന വ്യൂ ഫൈന്ററിൽ അത് മനസ്സിലായിരുന്നുമില്ല.അതേ സമയം ഒരു SLR ക്യാമറയിൽ ഫോട്ടോ എടുക്കുവാനുദ്ദേശിക്കുന്ന ലെൻസ് രൂപപ്പെടുത്തുന്ന ഇമേജ് തന്നെയാണ് വ്യൂഫൈന്ററിൽ കൂടി നാം കാണുന്നത്. അതുകൊണ്ടാണ് ഒരു SLR ക്യാമറയിൽ നാം ഫ്രെയിമിൽ എന്തുകമ്പോസ് ചെയ്യുന്നുവോ അത് അങ്ങനെതന്നെ ഒട്ടും മാറാതെ ചിത്രത്തിലും ലഭിക്കുന്നത് - ഫ്രെയിമിൽ എന്തൊക്കെയുണ്ട് എന്നുമാത്രമല്ല, ഏതൊക്കെ സ്ഥാനങ്ങൾ ഫോക്കസിൽ ആണെന്നും ഏതൊക്കെ അല്ല എന്നും SLR ൽ കാണാവുന്നതാണ്.
ഈ രണ്ടുവിധത്തിലെയും ക്യാമറകളുടെയും പ്രവർത്തനതത്വം എങ്ങനെയെന്ന് രേഖാചിത്രങ്ങളുടെ സഹായത്തോടെ പാഠം 3: ഫിലിം ഫോർമാറ്റുകളും വിവിധ ക്യാമറകളും എന്ന അദ്ധ്യായത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ അത് വായിച്ചുനോക്കുക.
ഇന്നത്തെ ഡിജിറ്റൽ Point & Shoot (ഇനിയങ്ങോട്ട് P&S എന്നുമാത്രമേ എഴുതുന്നുള്ളൂ) ക്യാമറകളിൽ മേൽ വിവരിച്ച രീതിയിലുള്ള വ്യൂഫൈന്ററുകൾ ഇല്ല. പകരം ലൈവ് പ്രിവ്യൂ (ചിത്രമെടുക്കേണ്ട രംഗം ഒരു വീഡിയോ ചിത്രമായി ക്യാമറയിലെ സ്ക്രീനിൽ കാണുന്നു) എന്ന സംവിധാനം വഴിയോ, അല്ലെങ്കിൽ വ്യൂ ഫൈന്ററിന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ചെറിയ ലൈവ് പ്രിവ്യൂ സ്ക്രീൻ വഴിയോ ആണ് P&S ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിനു മുമ്പ് ഫ്രെയിം കമ്പോസ് ചെയ്യേണ്ടത്. മറ്റു ചില P&S ക്യാമറകളിൽ ലൈവ് പ്രിവ്യൂ മാത്രമേ ഉള്ളൂ, വ്യൂ ഫൈന്ററിന്റെ സ്ഥാനത്തുപോലും ഒന്നുമില്ല.
6. Point &Shoot / DSLR - ഇവതമ്മിലുള്ള മറ്റു വ്യതാസങ്ങൾ എന്തൊക്കെയാണ്?
A. ഫോട്ടോഗ്രാഫി സീരിയസായി ചെയ്യാൻ ആഗ്രഹിക്കുന്ന വിഭാഗം ഉപയോക്താക്കളെ ഉദ്ദേശിച്ച് ഉണ്ടാക്കിയിരിക്കുന്ന ക്യാമറകളാണ് DSLR. ഫിലിം SLR ക്യാമറകളുടെ ഡിജിറ്റൽ പതിപ്പാണവ. നിത്യജീവിത സംഭവങ്ങളെയും അനുഭവങ്ങളേയും കൌതുകകരമായ ഫ്രെയിമുകളെയും ഫോട്ടോകളിലാക്കി സൂക്ഷിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ഫോട്ടോഗ്രാഫി ചെയ്യുന്ന വിഭാഗം ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള ക്യാമറകളാണ് P&S. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ, P&S ക്യാമറകൾ ഏറെക്കുറെ എല്ലാ സാഹചര്യങ്ങളിലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്വെയറിന്റെ കണക്കുകൂട്ടലുകൾക്കനുസരിച്ച് സ്വയം തീരുമാനങ്ങളെടുക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. പകർത്തേണ്ട രംഗത്തേക്ക് ക്യാമറയെ പിടിച്ചുകൊണ്ട് “ക്ലിക്ക്” ചെയ്യുക എന്ന ഒരു ജോലി മാത്രമേ ഫോട്ടോ എടുക്കുന്നയാൾക്കുള്ളൂ - അതുകൊണ്ടാണ് പോയിന്റ് ആന്റ് ഷൂട്ട് എന്ന പേരിൽ അവയെ വിളിക്കുന്നതുതന്നെ . അതേ സമയം DSLR ക്യാമറകൾ Full Auto, Semi Auto, Full Manual എന്നീ മൂന്നു രീതികളിലും ഫോട്ടോയെടുക്കുവാനുള്ള അവസരമൊരുക്കുന്നു.
B. P&S ക്യാമറകളുടെ ഏറ്റവും വലിയ മെച്ചം അവയുടെ വലിപ്പക്കുറവാണ്. പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന വലിപ്പം മുതൽ മൊബൈൽ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവ വരെ ഒട്ടനവധി വൈവിധ്യങ്ങളിൽ P&S ക്യാമറകൾ ലഭിക്കും. യാത്രകളിൽ കൊണ്ടുനടക്കുവാനും എളുപ്പം. ഈ ഒരു പ്രത്യേകതകൊണ്ടുമാത്രം P&S ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട്. SLR ക്യാമറകൾ വലിപ്പമുള്ളവയാണ്. ഒരു പരിധിയിൽ കൂടുതൽ അവയുടെ വലിപ്പമോ ഭാരമോ കുറയ്ക്കുവാൻ ആവില്ല.
C. ഒരു P&S ക്യാമറയേക്കാൾ സാങ്കേതികമായി വ്യത്യസ്തവും മേന്മകൾ ഏറെയുള്ളതുമാണ് DSLR ക്യാമറ. അതുകൊണ്ട് അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഹാർഡ് വെയറിലും സോഫ്റ്റ്വെയറിലും വ്യത്യാസമുണ്ട്. അതുകൊണ്ട് അവയുടെ വില P&S ക്യാമറകളേക്കാൾ കൂടുതലാണ്. P&S ക്യാമറകൾക്കും അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഫീച്ചറുകൾ അനുസരിച്ച് വിലകൂടാം. എങ്കിലും DSLR ക്യാമറയോളം വിലയുള്ള P&S ക്യാമറകൾ ഇല്ല എന്നുതന്നെ പറയാം.
D. പ്രകാശം വളരെ കുറവുള്ള അവസരങ്ങളിലും SLR ക്യാമറകൾ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ എടുക്കാം. ക്യാമറയുടെ അപ്പർച്ചർ ഷട്ടർ ഇവ മാനുവലായി നിയന്ത്രിക്കുവാൻ സാധിക്കുന്നതിനാലാണിത്. ഓട്ടോമാറ്റിക് മോഡുകളിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ല ചിത്രങ്ങൾ എടുക്കാവുന്നതാണ്. P&S ക്യാമറകൾക്ക് അവയുടെ സ്വതസിദ്ധമായ പരിമിതികൾ മൂലം ഇത്തരം സന്ദർഭങ്ങളിൽ ഫലപ്രദമായി ചിത്രമെടുക്കാൻ ആവില്ല. മങ്ങിയ വെളിച്ചത്തിൽ ലഭിക്കുന്ന ചിത്രങ്ങളും അത്ര ഗുണമേന്മയൂള്ളതാവണമെന്നില്ല.
E. “ഷട്ടർ ഡിലേ“ എന്നറിയപ്പെടുന്ന പ്രതിഭാസം P&S ക്യാമറകളുടെ കൂടെപ്പിറപ്പാണ്. അതായത് ഒരു രംഗം പകർത്താനാഗ്രഹിച്ച് കമ്പോസ് ചെയ്ത് ക്ലിക്ക് ചെയ്യുന്ന നിമിഷത്തിൽ തന്നെ ഒരു P&S ക്യാമറ ഫോട്ടോയെടുക്കില്ല ! പകരം ലൈവ്യ് പ്രിവ്യൂ ഫ്രീസ് ചെയ്ത്, ഒരു ചിത്രമാക്കി മാറ്റാൻ ക്യാമറയുടെ പ്രോസസറിനെ ഉപദേശിച്ചു കഴിയുമ്പോഴേക്ക് ഒന്നോ രണ്ടൊ സെക്കന്റ്കൾ തന്നെ കഴിഞ്ഞേക്കാം. അപ്പോഴേക്കും ചലിക്കുന്ന രംഗമാണെങ്കിൽ അത് പോയ് മറഞ്ഞിട്ടുണ്ടാവും. "ഓടുന്ന നായുടെ ഒരു മുഴം മുന്‍പേ എറിയുക" എന്നാ പ്രമാണം അനുസരിച്ച് വേണം ഒരു P&S ക്യാമറ ഉപയോഗിച്ച് ഫോടോ എടുക്കുവാന്‍. ഒരു SLR ക്യാമറയിൽ ഈ പ്രശ്നമില്ല. എപ്പോള്‍ വേണമെങ്കിലും വളരെ വേഗത്തില്‍ ഫോക്കസ് ചെയ്ത് ചിത്രം എടുക്കാം. ഒരു സെക്കന്റിൽ ആറു ചിത്രങ്ങൾ വരെ പകർത്താനാവുന്ന ക്യാമറകൾ ഇന്നു മാർക്കറ്റിൽ ലഭ്യമാണ്.
F. P&S ക്യാമറകളിലെ ഫോക്കസിംഗ് രീതി ചിത്രത്തിന്റെ കോണ്ട്രാസ്റ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. തന്മൂലം അത് അല്പം വേഗതകുറഞ്ഞ പ്രക്രിയയുമാണ്, പ്രത്യേകിച്ചും പ്രകാശം കുറവുള്ള സാഹചര്യങ്ങളിൽ. DSLR ക്യാമറകളിൽ ഫോക്കസിംഗ് സംവിധാനം വളരെയേറേ വേഗതയുള്ളതാണ്. ലെൻസിനുള്ളിൽ തന്നെ മോട്ടോർ സംവിധാനമുള്ളവയാണ് ആധുനിക ലെൻസുകൾ. ഫോക്കസ് ബട്ടൺ അമർത്തുന്ന മാത്രയിൽ തന്നെ ലെൻസ് സ്വയം ഫോക്കസ് ചെയ്തുകൊള്ളും (ഇതേപ്പറ്റി വിശദമായി അടുത്ത പോസ്റ്റിൽ) വളരെ കുറഞ്ഞ ലൈറ്റിലും ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കും. (വിശദമായി ഈ കാര്യങ്ങൾ “ഓട്ടോ ഫോക്കസ്” എന്ന അദ്ധ്യായത്തിൽ വായിക്കാം). DSLR ക്യാമറകളിലെ സേർവോ ഫോക്കസ് മോഡ്, ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെയും ഫോക്കസിംഗ് കൃത്യമായി നിർണ്ണയിച്ച് ഫോട്ടോകൾ ഷാർപ്പായി എടുക്കുവാൻ സഹായിക്കുന്നു. P&S ക്യാമറകളിൽ ഈ രീതി സാധ്യമല്ല. Burst mode എന്നൊരു സംവിധാനം ചില P&S മോഡല്‍ ക്യാമറ കളില്‍ കണ്ടിട്ടുണ്ട്. ഇവയും SLR servo mode നോളം ഫലപ്രദമല്ല.
G. P&S ക്യാമറകളിലെ സെൻസർ സൈസ് DSLR ക്യാമറകളെ അപേക്ഷിച്ച് വളരെ ചെറുതാണ്. സെൻസർ സ്പെസിഫിക്കേഷനുകളിൽ, സെൻസറിന്റെ ആകെ വലിപ്പത്തിനനുസരിച്ചാണ് ചിത്രത്തിന്റെ ഗുണനിലവാരം തീരുമാനിക്കപ്പെടുന്നത് - മെഗാപിക്സൽ കൌണ്ടിൽ അല്ല. ഒരേ മെഗാപിക്സൽ കൌണ്ട് ഉള്ള ഒരു DSLR ക്യാമറയും P&Sക്യാമറയും ഒരേ വലിപ്പത്തിലുള്ള സെൻസർ അല്ല ഉപയോഗിക്കുന്നത്. പല P&S സെൻസറുകളും DSLR ന്റെ 1/10 വലിപ്പം മാത്രം ഉള്ളവയാണ്. അതുകൊണ്ട് ഒരു P&S ക്യാമറയ്ക്കും DSLR ക്വാളിറ്റിയിലുള്ള ചിത്രം തരുവാൻ ആവില്ല. സാധാരണ വലിപ്പത്തിൽ കാണുമ്പോൾ ചിത്രങ്ങൾ ഒരുപോലെ തോന്നിയാലും, ഒരു DSLR ചിത്രം ഒട്ടനവധി details ഉള്ളതാണ്.
H. DSLR ക്യാമറകളിൽ ഒട്ടനവധി വ്യത്യസ്തങ്ങളായ ലെൻസുകൾ മാറിമാറി ഉപയോഗിക്കാം. P&S ക്യാമറകളിൽ ഇത് സാധ്യമല്ല. ഇതിനു ഒരു മറുവശം കൂടിയുണ്ട്. P&S ക്യാമറകളിൽ സെൻസർ സൈസ് വളരെ ചെറുതായതിനാൽ വലിയൊരു റേഞ്ചിലുള്ള ഓപ്റ്റിക്കൽ സൂം ക്യാമറയിൽ ഉൾക്കൊള്ളിക്കുവാനാവും. ഒരു DSLR ൽ ഇതേ റേഞ്ചിലുള്ള ഒരു ലെൻസ് ഘടിപ്പിച്ചാൽ അത് ഒരു പക്ഷേ വളരെ വലിപ്പമുള്ളതായേക്കാം. DSLR ക്യാമറകളുടെ ലെൻസുകൾ പലതും ക്യാമറ ബോഡിയേക്കാൾ വിലപിടിപ്പുള്ളതാണ്. പ്രത്യേകിച്ച് മാക്രോ, ഹൈ ക്വാളിറ്റി സൂം ലെൻസുകൾ എന്നിവ.
I. P&S ക്യാമറകളിൽ ഉപഭോക്താക്കൾക്ക് സൌകര്യപ്രദമായ മറ്റു സംവിധാനങ്ങളും നിർമ്മാതാക്കൾ ഉൾപ്പെടുത്തുന്നുണ്ട്. ഉദാഹരണം വീഡിയോ റിക്കോർഡിംഗ്, ഇൻ ക്യാമറ എഡിറ്റിംഗ് തുടങ്ങിയവ. ഈ രീതികൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ഉദ്ദേശിച്ച് ഈയിടെയായി DSLR ക്യാമറകളിലും ലൈവ് പ്രിവ്യു, വീഡിയോ റിക്കോർഡിംഗ് എന്നീ സംവിധാനങ്ങൾ ചില നിർമ്മാതാക്കൾ ഉൾപ്പെടുത്തുവാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഒരു DSLR ക്യാമറ ഉപയോഗിച്ച് പരിചയമായിക്കഴിഞ്ഞ ഒരാൾ ലൈവ് പ്രിവ്യുവിനേക്കാൾ കൂടുതലായി ഉപയോഗിക്കുന്നത് വ്യൂ ഫൈന്റർ തന്നെയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
J. ഒരു ഫോട്ടോഗ്രാഫിക് ഉപകരണം എന്ന നിലയിൽ ആവശ്യമായ നിയന്ത്രണ സംവിധാനങ്ങളൂം അവയുടെ കണ്ട്രോളുകളൂം ഒരു DSLR ക്യാമറകളിൽ പ്രത്യേകം പ്രത്യേകം ബട്ടണുകളായി ക്യാമറ ബോഡിയിൽ തന്നെ ഉണ്ടാവും. P&S ക്യാമറകളിൽ ഉള്ള സംവിധാനങ്ങളിൽ തന്നെ പലതും മെനുവിൽ ആയിരിക്കും ഉണ്ടാവുക. എങ്കിലും ഏറ്റവും ഉപയോഗപ്രദമായ ചില നിയന്ത്രണസംവിധാനങ്ങളായ എക്സ്പോഷർ കോമ്പൻസേഷൻ, ഫ്ലാഷ് കണ്ട്രോൾ തുടങ്ങിയവയുടെയൊക്കെ ബട്ടണുകൾ ക്യാമറ ബോഡിയിൽ തന്നെ കാണാവുന്നതാണ്.
K. ഒരു DSLR ക്യാമറയോടൊപ്പം ഫോട്ടോഗ്രാഫിയെ മെച്ചപ്പെടുത്താനുള്ള മറ്റ് ഒരുപാട് ഘടകങ്ങൾ ചേർത്ത് ഉപയോഗിക്കാം. ഉദാഹരണങ്ങൾ ഡിറ്റാച്ച് ചെയ്യാവുന്ന ഫ്ലാഷ് യൂണിറ്റുകൾ, ലെൻസ് ഫിൽറ്ററുകൾ, ലൈറ്റ് ബോക്സുകൾ, റിമോട്ട് കണ്ട്രോൾ ഫോട്ടോഗ്രാഫി സംവിധാനങ്ങൾ, ഈയിടെ വന്ന മോഡലുകളിൽ High Defenition Video Recording, വ്യത്യസ്ത എഫക്റ്റുകൾ നൽകുന്ന ലെൻസുകൾ തുടങ്ങിയവ. ഈ രീതിയിൽ നിയന്ത്രിതമായി ഫോട്ടോഗ്രാഫി ചെയ്യുവാൻ പോയിന്റ് ആന്റ് ഷുട്ട് ക്യാമറകൾക്ക് ആവില്ല.
L. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ച് ഒരു വസ്തുവിന്റെ വളരെ അടുത്ത് നിന്ന് മാക്രോ ഫോട്ടോകൾ വരെ എടുക്കാം. ഇത് ഒരു DSLR ൽ സാധിക്കുകയില്ല. അതിനായി പ്രത്യേകം വിലപിടിപ്പുള്ള മാക്രോ ലെൻസ് തന്നെ വേണ്ടിവരും.
ഇത്രയൊക്കെയാണ് ഒരു DSLR ക്യാമറയും P&S ക്യാമറയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.
7. ബ്രിഡ്ജ് ക്യാമറ എന്നു പറയുന്നത് ഏതുവിഭാഗം ക്യാമറയാണ്?
ഒരു Very high-end പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ, കുറച്ച് DSLR കണ്ട്രോളുകൾ, സാധാരണ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയേക്കാൾ വലിയ സെൻസറും വലിയൊരു റേഞ്ചിലെ ലെൻസും - ഇതാണ് ഒരു ബ്രിഡ്ജ് ക്യാമറ. SLR-Alike എന്നും ഇവയെ വിളിക്കാറുണ്ട്. ഉദാഹരണങ്ങൾ Sony DSCR1, Konica Minolta DIMAGE A200, FujiFinepix 9000 മുതലായവ. ഇവയ്ക്കും ഒരു DSLR ക്യാമറയോളം വലിപ്പം ഉണ്ടാവും, വലിയൊരു ഫോക്കൽ റേയ്ഞ്ചിൽ ഉള്ള ലെൻസും (ഇളക്കിമാറ്റാനാവാത്തത്) വില DSLR ക്യാമറയോളം തന്നെ ഉണ്ടാവും. SLR ക്വാളിറ്റി ചിത്രങ്ങൾ പ്രതീക്ഷിക്കുന്ന, എന്നാൽ മാനുവൽ കണ്ട്രോളുകളിൽ താല്പര്യമില്ലാത്ത ഉപഭോക്താക്കളെയാണ് ഈ ക്യാമറകൾ ലക്ഷ്യമിടുന്നത്. ഒപ്പം DSLR വാങ്ങിയിട്ട്, പിന്നീട് ലെൻസുകൾ കൂട്ടിച്ചേർത്ത് വിപുലപ്പെടുത്താൻ പ്ലാനില്ലാത്തവരേയും.
ഇത്തരം ക്യാമറ വാങ്ങാൻ ഒരുങ്ങുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു എൻട്രി ലെവൽ DSLR ബോഡിയും ഒരു നല്ല 28-250 mm ലെൻസും വാങ്ങി, ക്യാമറ ഫുൾ ഓട്ടോമാറ്റിക് മോഡിൽ എപ്പോഴും പ്രവർത്തിപ്പിച്ച് ഫോട്ടോ എടുക്കുക എന്നതാണ്. തീർച്ചയായും ഒരു ബ്രിഡ്ജ് ക്യാമറയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല ചിത്രങ്ങൾ ലഭിക്കും! ആവശ്യമുള്ളപ്പോൾ (ക്രമേണ) SLR ഉപയോഗങ്ങൾ പ്രയോഗിക്കുകയുമാവാം.
8. മെഗാപിക്സൽ എന്നാൽ എന്താണ്? അതാണോ ക്യാമറയുടെ ഗുണമേന്മ നിർണ്ണയിക്കുന്ന പ്രധാന ഘടകം?
ക്യാമറ വാങ്ങാനിറങ്ങുന്ന ഉപഭോക്താവിനെ ഏറ്റവും വിഷമവൃത്തത്തിലാക്കുന്ന ഒരു ചോദ്യമാണിത്. “പത്തുകിലോഗ്രാം അരി”, “അഞ്ചുലിറ്റർ വെളിച്ചെണ്ണ”, “നാനൂറു കിലോമീറ്റർ ദൂരം”, “25 ഡിഗ്രി സെൽഷ്യസ് ചൂട്” ഇങ്ങനെ പലവിധ യൂണിറ്റുകളും നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. അതുപോലെ ഒരു വസ്തുവിന്റെ ഗുണമേന്മയെ കുറിക്കുന്ന വാക്കുകളും നമുക്ക് പരിചിതമാണ് - “രുചിയുള്ള പാനീയം”, “ഹൃദ്യമായ മണം”, “അസഹ്യമായ ചൂട്”. ഈ രണ്ടു വിഭാഗങ്ങളിലേതിലെങ്കിലും പെടുന്ന ഒന്നാണോ “10 മെഗാ പിക്സൽ ക്യാമറ” “15 മെഗാ പിക്സൽ ക്യാമറ” എന്നൊക്കെ പറയുന്നത്? ഇതാണ് പലർക്കും ഉള്ള സംശയം!
ക്യാമറയുടെ ഗുണമേന്മയേയോ അതിന്റെ ഏതെങ്കിലും രീതിയിലുള്ള അളവുകോലോ അല്ല മെഗാപിക്സൽ കൌണ്ട് എന്നത് - ക്യാമറകളുടെ പരസ്യവാചകങ്ങൾ കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും. അതൊരു മാർക്കറ്റിംഗ് തന്ത്രമാണ്. ഒരു ക്യാമറയുടെ സെൻസറിൽ എത്ര പിക്സലുകൾ ഉണ്ട് എന്നതിന്റെ കണക്കാണ് പിക്സൽ കൌണ്ട്. ഇതിനെപ്പറ്റി വളരെ വിശദമായി ഈ ബ്ലോഗിലെ രണ്ട് അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്. “എത്രമെഗാപിക്സൽ ക്യാമറ വാങ്ങണം” എന്ന അദ്ധ്യായത്തിലും “സെൻസർ സൈസ് സ്പെസിഫിക്കേഷനുകൾ” എന്ന അദ്ധ്യായത്തിലും. അതുകൊണ്ട് വീണ്ടും അതിവിടെ വിവരിക്കുന്നില്ല. ഒരു സെൻസറിന്റെ മെഗാപിക്സൽ കൌണ്ട് അത് നിർമ്മിക്കുന്ന ചിത്രത്തിന്റെ റെസലൂഷൻ എത്രയുണ്ട് എന്നു തീരുമാനിക്കുന്ന ഘടകമാണ്. ഓരോ ഡിജിറ്റൽ ചിത്രവും ലക്ഷക്കണക്കിനു കൊച്ചുകൊച്ചു ബിന്ദുക്കൾ ചേർന്നതാണ്. റെസലൂഷൻ എന്നാൽ ഒരു ചിത്രത്തിൽ ഇപ്രകാരം എത്ര ബിന്ദുക്കൾ ചേരുന്നു എന്നതിന്റെ കണക്കാണ്. സെൻസർ റെസലൂഷൻ വർദ്ധിക്കുന്തോറും ഔട്ട്പുട്ടായി ലഭിക്കുന്ന ചിത്രത്തിന്റെ വിസ്തീർണ്ണവും (ഒപ്പം ഫയൽ സൈസും) പ്രിന്റിംഗ്, കമ്പ്യൂട്ടർ സ്ക്രീനിൽ കാണുമ്പോൾ തുങ്ങിയ അവസരങ്ങളിൽ കൂടുന്നു. പക്ഷേ ഇതുകൊണ്ടുമാത്രം ഒരു ചിത്രത്തിന്റെ “ക്ലാരിറ്റി” വർദ്ധിക്കുകയില്ല. കാരണം ഓരോ ബിന്ദുവിലും അടങ്ങിയിരിക്കുന്ന “വിശദാംശങ്ങൾ” (details) എത്രയുണ്ടോ അതിനനുസരിച്ചാണ് ചിത്രത്തിന്റെ ക്ലാരിറ്റി, ഗുണമേന്മ എന്നിവ തീരുമാനിക്കപ്പെടുന്നത്. ഒപ്പം ക്യാമറയുടെ ലെൻസിന്റെ ഗുണമേന്മയും ഇതിൽ ഒരു വലിയ പങ്കുവഹിക്കുന്നു.
DSLR ക്യാമറകളുടെ സെൻസർ വിസ്തീർണ്ണം P&S ക്യാമറകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരേ മെഗാ പിക്സൽ കൌണ്ട് ഉള്ള ഒരു DSLR സെൻസറിലെ പിക്സലുകളിൽ ഓരോന്നിന്റെയും വലിപ്പം അതേ മെഗാപിക്സൽ കൌണ്ട് ഉള്ള ഒരു P&S ക്യാമറയേക്കാൾ വളരെ കൂടുതലായിരിക്കും, അവയുടെ ഓരോ പിക്സലിലും റിക്കോർഡ് ചെയ്യപ്പെടുന്ന വിശദാംശങ്ങളും കൂടുതലാണ്. അതുകൊണ്ടാണ് DSLR നിന്നു ലഭിക്കുന്ന ചിത്രങ്ങളോടൊപ്പം നിൽക്കാൻ P&S ചിത്രങ്ങൾക്കാവാത്തത്. കൂടുതൽ വായനക്കായി മുകളിൽ പറഞ്ഞ അദ്ധ്യായങ്ങൾ നോക്കുക. പൊതുവേനോക്കിയാൽ, P&S ക്യാമറകളിൽ മെഗാപിക്സൽ കൌണ്ട് കൂടുംതോറും ചിത്രത്തിലെ noise വർദ്ധിക്കുമെന്നല്ലാതെ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കാണുന്നില്ല. സെൻസറിന്റെ ആകെ വിസ്തീർണ്ണം കൂട്ടാതെയുള്ള ഈ പിക്സൽ കൂട്ടൽ, ഓരോ പിക്സലിന്റെയും വലിപ്പം കുറയ്ക്കിലിലാണ് ഫലത്തിൽ ചെന്നവസാനിക്കുന്നത്. അതുകൊണ്ടാണ് ചിത്രത്തിന്റെ മൊത്തം ക്വാളിറ്റിയെ അത് ബാധിക്കുന്നത്.
9. കിറ്റ് ലെൻസ് എന്നാൽ എന്താണ്? ഈ ലെൻസുകൊണ്ട് എല്ലാ ചിത്രങ്ങളും എടുക്കാൻ സാധിക്കുമോ?
ഒരു P&S ക്യാമറയിൽ നിന്ന് വ്യത്യസ്തമായി ഒരു DSLR ക്യാമറയുടെ ബോഡി, ലെൻസ് ഇവയെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തന്നെ നാം കാണണം. ഇവ രണ്ടും രണ്ടായി വാങ്ങാൻ കിട്ടുന്ന സാധനങ്ങളാണ്. അതിൽ തന്നെ ലെൻസുകൾ പല റെയ്ഞ്ചിലും വിലയിലും ഗുണത്തിലും ഉള്ളത് കിട്ടും. SLR ലെൻസുകളെല്ലാം interchangeable ആണ്. അതായത്, ഒരു ക്യാമറ ബ്രാന്റിന് ഇണങ്ങുന്ന ലെൻസുകൾ അതേ ക്യാമറ ബ്രാന്റിന്റെ എല്ലാ SLR ക്യാമറകളിലും ഉപയോഗിക്കാം. എന്നാൽ കാനൻ ക്യാമറയ്ക്ക് ഇണങ്ങുന്ന ലെൻസ് മൌണ്ടുകൾ നിക്കോണിന് ഇണങ്ങുകയില്ല. അതുപോലെ തിരിച്ചും. ക്യാമറ നിർമ്മാതാക്കൾ അല്ലാത്ത മറ്റ് ലെൻസ് കമ്പനികളുടെ പ്രോഡക്റ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. ഉദാഹരണം സിഗ്മ, ടാമറോൺ തുടങ്ങിയ ബ്രാന്റുകൾ കാനൻ, നിക്കോൺ ഇവയ്ക്കെല്ലാം ഇണങ്ങുന്ന ലെൻസുകൾ ഉണ്ടാക്കുന്നുണ്ട്.
അപ്പോൾ നമ്മുടെ ഉത്തരത്തിലേക്ക് വരാം. കിറ്റ് ലെൻസ് എന്നുപറയുന്നത് ഒരു SLR ക്യാമറയുടെ ബോഡിയോടൊപ്പം കിട്ടുന്ന ഒരു ലെൻസാണ്. പ്രത്യേകിച്ച് എല്ലാ എൻട്രി ലെവൽ SLR ക്യാമറകളും ഒരു 18-55 mm കിറ്റ് ലെൻസിനോടൊപ്പമാണ് വരുന്നത്. ഈ ലെൻസ് അത്രമോശമോ വളരെ നല്ലതോ അല്ല എന്ന് പ്രത്യേകം പറയട്ടെ. മിഴിവുള്ള ചിത്രങ്ങൾ അവയുപയോഗിച്ച് എടുക്കാം. എങ്കിലും ഹൈ എന്റ് ലെൻസുകളുടെ ഗുണം, ചിത്രങ്ങളുടെ ക്ലാരിറ്റി എന്നിവ ഒരു കിറ്റ് ലെൻസിൽ നിന്ന് പ്രതീക്ഷിക്കരുത്. കിറ്റ് ലെൻസ് ഇല്ലാതെ ക്യാമറ ബോഡി മാത്രമായും വാങ്ങാം. സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു കിറ്റ് ലെൻസ് ഫോക്കൽ റെയ്ഞ്ച് 18-55 MM ആണ്. ഇതിനുപകരം ക്യാമറ മോഡലുകൾ അനുസരിച്ച് മറ്റു റേഞ്ചിലുള്ള ലെൻസുകളും കിറ്റ് ലെൻസായി ലഭിച്ചേക്കാം. സാധാരണയായ എല്ലാ സാഹചര്യങ്ങൾക്കും - മുറികൾക്കുള്ളിൽ, ഔട്ട്ഡോറിൽ എല്ലാം പറ്റിയ ഒരു റേഞ്ച് ആണ് 18-55. വൈഡ് ആംഗിളിൽ തുടങ്ങി, ചെറിയ സൂം റേഞ്ചിലേക്ക് എത്തുന്ന ലെൻസാണിത്. തുടക്കക്കാർക്ക് വളരെ അനുയോജ്യം.
10. ഫോക്കൽ ലെങ്ത് - mm റെയ്ഞ്ച്.. എന്താണ് ഇവകൊണ്ട് അർത്ഥമാക്കുന്നത്?
ക്യാമറ ലെൻസുകളുടെ ഫോക്കൽ ലെങ്തിനെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും വളരെ വിശദമായി “ഓപ്റ്റിക്കൽ സൂം ഡിജിറ്റൽ സൂം” എന്ന അദ്ധ്യായത്തിൽ വായിക്കാം. ഇവിടെ അതിന്റെ പ്രായോഗിക വശം എന്താണെന്നാണ് പറയുന്നത്. ഫോക്കൽ ലെങ്തുകളെ സാധാരണ മില്ലീമീറ്റർ കണക്കിലാണ് പറയാറ്. ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്ത് സാധാരണയായി നാം കണ്ടെത്തുന്നത് 18 എം.എം. മുതലാണ്. എങ്കിലും അതിനു താഴേക്ക് 10 എം.എം. വരെയുള്ള വൈഡ് ആംഗിൾ ലെൻസുകൾ ലഭ്യമാണ്. അവിടെനിന്നങ്ങ് മുകളിലേക്ക് പോയി 250 എം.എം., 300 എം.എം, 500 എം.എം. ഇങ്ങനെ ലെൻസുകളുടെ ഫോക്കൽ ലെങ്തുകൾ കൂടിക്കൂടി പോകുന്നു. SLR ഫോട്ടോഗ്രാഫിക്ക് ഒരുങ്ങുന്നവർ ഓർത്തിരിക്കേണ്ടത് ഇത്രമാത്രം. 50 എം.എം എന്നു പറയുന്നതാണ് മനുഷ്യ നേത്രങ്ങളുടെ വീക്ഷണകോണിൽ ലഭിക്കുന്ന ഏരിയ ആയി കണക്കാക്കിയിട്ടുള്ളത്. അതായത് നാം മുമ്പിലേക്ക് നോക്കുമ്പോൾ നമ്മുടെ വ്യക്തമായ വീക്ഷണപരിധിക്കുള്ളിൽ വരുന്ന ഏകദേശ ഏരിയയുടെ വീതിയിൽ കിട്ടുന്ന ചിത്രങ്ങൾ. 50എം.എം നു താഴേക്കുള്ള ലെൻസുകളെ വൈഡ് ആംഗിൾ ലെൻസ് എന്നും, 50 നു മുകളിലേക്കുള്ള ആംഗിളുകളെ ടെലിലെൻസ് എന്നും പറയുന്നു. ആംഗിളുകൾ (ഫോക്കൽ ലെങ്തുകൾ) മാറ്റാവുന്ന സംവിധാനമുള്ള ലെൻസുകളെ സൂം ലെൻസ് എന്നും പറയുന്നു.
(ഒരു കുറിപ്പ്: ഡിജിറ്റൽ സെൻസറുകളുടെ കാലഘട്ടം വന്നപ്പോഴേക്കും ഈ പരമ്പരാഗത ആംഗിളുകളിൽ ഒരല്പം മാറ്റം വന്നിട്ടുണ്ട്. ഇതിനു കാരണം ഇപ്പോഴത്തെ DSLR സെൻസറുകൾക്ക് ചിലവുചുരുക്കലിന്റെ ഭാഗമായി പണ്ടത്തെ 35mm നെഗറ്റീവുകളുടെ വലിപ്പമില്ല എന്നതിനാലാണ്. അതുകൊണ്ട് ഫലത്തിൽ പണ്ടത്തെ ഫിലിം ഫോർമാറ്റിൽ 50mm ലെൻസ് ഉപയോഗിച്ച് ഒരു 35mm ഫിലിമിൽ കിട്ടിക്കൊണ്ടിരുന്ന വലിപ്പത്തിലെ ഒരു ചിത്രമെടുക്കാൻ ഇന്നത്തെ ഡിജിറ്റൽ SLR കളിൽ 29 mm അടുപ്പിച്ച് ഒരു വൈഡ് ആംഗിളിൽ ചിത്രമെടുത്താലേ പറ്റൂ. വലിയൊരു ചിത്രമെടുത്തിട്ട് സെൻസറിന്റെ സൈസ് ഒപ്പിച്ച് മുറിച്ച് (ക്രോപ്പ് ചെയ്ത്) ആണ് ഇന്നത്തെ ഫുൾഫ്രെയിം സെൻസർ ഇല്ലാത്ത എല്ലാ ക്യാമറകളിലും ലഭിക്കുന്നത്).
ചുരുക്കിപ്പറഞ്ഞാൽ, ഫോക്കൽ ലെങ്ത് കൂടുംതോറും കൂടുതൽ വലിപ്പമുള്ള ഇമേജ് നീങ്ങളുടെ ക്യാമറയിൽ കിട്ടും. അതായത് മുമ്പിലുള്ള രംഗം നമ്മൂടെ അടുത്തേക്ക് വന്നതായി നമുക്ക് തോന്നും. ഇതാണ് ടെലിലെൻസുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്. ഫലത്തിൽ മറ്റൊരു കാര്യം കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. നിങ്ങൾ കാണുന്ന ഏരിയയുടെ വലിപ്പവും ഒപ്പം കുറയുന്നു. അതായത് ഒരു മുറിയിൽ ഒരു ഗ്രൂപ്പ്ഫോട്ടോയ്ക്കു വേണ്ടി ആളുകൾ നിൽക്കുന്നു എന്നുകരുതുക. അവരെ 18mm ഫോക്കൽ ലെങ്തിൽ നിങ്ങൾ വ്യൂ ഫൈന്ററിൽ കൂടികാണുമ്പോൾ ഇടത്തേ അറ്റം മുതൽ വലത്തേ അറ്റം വരെ ഗ്രൂപ്പിലെ എല്ലാവരേയും കാണുന്നുണ്ടെങ്കിൽ, അതേ രംഗം 70 mm ഫോക്കൽ ലെങ്തിൽ സൂം ചെയ്തുനോക്കിയാൽ ഒരു പക്ഷേ നടുക്കുള്ള രണ്ടുപേരെ മാത്രമേ കാണുകയുള്ളൂ. അതുപോലെ ആദ്യം 18mm ൽ നിൽക്കുന്നവരുടെ കാൽപാദം മുതൽ തലവരെ കിട്ടുന്നുണ്ടെങ്കിൽ, 70mm സൂമിൽ മുഖം മുതൽ അരഭാഗം വരെയേ കാനുന്നുള്ളൂ എന്നും കാണാം (ഓപ്റ്റിക്കൽ സൂം ഡിജിറ്റൽ സൂം എന്ന അദ്ധ്യായത്തിൽ ഉദാഹരണ ചിത്രങ്ങൾ നോക്കൂ).
ചുരുക്കത്തിൽ ഫോക്കൽ ലെങ്തിന്റെ നമ്പർ കൂടുംതോറും ഫ്രെയിമിന്റെ കുറച്ച് ഏരിയമാത്രമേ വ്യൂഫൈന്ററിലും ഫോട്ടോയിലും കിട്ടുന്നുള്ളൂ; ഒപ്പം ഓബ്ജക്റ്റുകളുടെ വലിപ്പം കൂടുന്നു. അതുപോലെ വൈഡ് ആംഗിൾ ആകുംതോറും ഫ്രെയിമിന്റെ കൂടുതൽ കൂടുതൽ ഏരിയ വ്യൂഫൈന്ററിലും ഫോട്ടോയിലും കിട്ടുകയും, ഫ്രെയിമിലെ ഓബ്ജക്റ്റുകളുടെ വലിപ്പം കൂറയുകയും ചെയ്യും. മറ്റൊരു വ്യത്യാസം വൈഡ് ആംഗിൾ ഉപയോഗിക്കുമ്പോൾ ക്യാമറയിൽ നിന്നും ഏറ്റവും അടുത്ത് ഫോക്കസ് ചെയ്യാവുന്ന പോയിന്റിലേക്കുള്ള ദൂരം കുറയുന്നു. ഫോക്കൽ ലെങ്ത് കൂടും തോറൂം ക്യാമറയിൽ നിന്ന് ഏറ്റവും അടുത്ത് ഫോക്കസ് ചെയ്യാവുന്ന പോയിന്റിലേക്കുള്ള ദൂരം കൂടുന്നു. അതായത്, 18mm ൽ ക്യാമറയിൽ നിന്നും ഒരടി അകലത്തിലുള്ള ഒരു പൂവിനെ ഫോക്കസ് ചെയ്യാൻ സാധിക്കുമ്പോൾ 200mm ലെൻസ് ഉപയോഗിച്ച് ഫോക്കസ് ചെയ്യാവുന്ന കുറഞ്ഞ ദൂരം ഒന്നോ രണ്ടോ മീറ്റർ അപ്പുറത്തായേക്കാം.
11. ഈ പറഞ്ഞ ഫോക്കൽ ലെങ്തുകളെല്ലാം ഒരൊറ്റ ലെൻസിൽ ഒതുക്കാൻ പറ്റില്ലേ? 18-300 എം.എം എന്നൊരു റെയ്ഞ്ചിലുള്ള ലെൻസ് വാങ്ങിയാൽ പ്രശ്നം തീർന്നല്ലോ?
ഇതു പലരും ആലോചിക്കുന്ന ഒരു എളുപ്പവഴിയാണ്. പക്ഷേ ചിന്തിക്കാനും പറയാനും എളുപ്പമാണെങ്കിലും, നിർമ്മാതാക്കൾക്ക് ഇങ്ങനെയൊരു ലെൻസ് ഉണ്ടാക്കിയെടുക്കാവാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വിശാലമായ റെയ്ഞ്ചിലുള്ള ലെൻസുകൾക്ക് പല പരിമിതികളും പോരായ്മകളും ഉണ്ടാവും. ഒരു ചിത്രത്തിന്റെ ഷാർപ്‌നെസ് എന്നത് ലെൻസ് ക്വാളിറ്റിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ലെൻസിൽ വളരെ വിശാലമായ റേയ്ഞ്ച് ഉൾപ്പെടുത്തുമ്പോൾ ഈ ഷാർപ്‌നെസിന്റെ കാര്യത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ ഡിസൈനിൽ ചെയ്യേണ്ടിവരും. അതായത് ഒരു സൂം ലെൻസിന്റെ എല്ലാ റേയ്ഞ്ചിലും ഒരേ ഷാർപ്‌നെസിൽ ചിത്രങ്ങൾ ലഭിക്കുക എന്നത് അസംഭവ്യമാണ്. അല്ലെങ്കിൽ വളരെ വളരെ വിലപിടിപ്പുള്ള ഹൈ എന്റ് ലെൻസുകൾ ആവണം.
എങ്കിലും 28-250 mm റെയ്ഞ്ചിലുള്ള ചില ലെൻസുകൾ ട്രാവൽ ലെൻസുകളായി പലരും ഉപയോഗിക്കാറുണ്ട്. ഇവയെ ട്രാവൽ ലെൻസ് എന്നുപറയാൻ കാരണം, ധാരാളം വിനോദയാത്രകൾ പോവുകയും ആ വഴിയിൽ കുറെ ചിത്രങ്ങൾ എടുത്തു സൂക്ഷിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു SLR ഉപയോക്താവിന് യാത്രയിൽ കൊണ്ടുപോകേണ്ട മറ്റു സാധനങ്ങളോടൊപ്പം വലിയൊരു ക്യാമറ ബാഗും, അതിൽ കുറേ ലെൻസുകളും ആയി പോകുവാൻ ബുദ്ധിമുട്ടുണ്ടായേക്കാം. മാത്രവുമല്ല, കൂടെക്കൂടെ ലെൻസ് മാറ്റിയിടുക എന്നത് എപ്പോഴും പ്രായോഗികമായെന്നും വരില്ല. ഉദാഹരണത്തിന് നല്ല പൊടിക്കാറ്റോ, ഈർപ്പം നിറഞ്ഞ പ്രദേശത്തോ മറ്റൊ വച്ച് ഒരു ലെൻസ് മാറ്റി മറ്റൊന്ന് ക്യാമറയിൽ ഫിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഒട്ടും അഭികാമ്യമല്ല. അങ്ങനെയുള്ള അവസരങ്ങളിലാണ് ഈ ട്രാവൽ റെയ്ഞ്ച് ലെൻസുകൾ സൌകര്യപ്രദമാകുന്നത്. പക്ഷേ ഇങ്ങനെ വിശാലമായ ഫോക്കൽ റേഞ്ചുള്ള ലെൻസുകളിൽ നിന്ന് ചെറിയ റെയ്ഞ്ചിലുള്ള ലെൻസുകളിൽ നിന്ന് ലഭിക്കുന്ന പല സൌകര്യങ്ങളും പ്രതീക്ഷിക്കാനാവില്ല. ഉദാഹരണത്തിന് ചെറിയ റേയ്ഞ്ചിലുള്ള ലെൻസുകളിൽ അപ്പർച്ചർ വളരെ വലുതായി തുറക്കാൻ സാധിക്കും. തന്മൂലം കുറഞ്ഞ ലൈറ്റിലുള്ള ഫോട്ടോഗ്രാഫി എളുപ്പമാകുന്നു. നേരിയ ഡെപ്ത് ഓഫ് ഫീൽഡ് വേണ്ടിവരുന്ന ചിത്രങ്ങളിൽ അത് ലഭിക്കാൻ എളുപ്പമാണ്, ക്യാമറയും ഓബ്ജക്റ്റും തമ്മിലുള്ള മിനിമം ഫോക്കസ് ദൂരം കുറയ്ക്കുവാൻ സാധ്യമാണ് തുടങ്ങിയ സൌകര്യങ്ങളുണ്ട്. എങ്കിലും ട്രാവൽ ലെൻസുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും നല്ല പ്രകാശമുള്ളതും, വൈഡ് ആംഗിളുകളിലുള്ളതുമായ ചിത്രങ്ങളാവും എടുക്കുക എന്നതിനാൽ 28-250 ഒരു നല്ല റേയ്ഞ്ച് ആണെന്നുതന്നെയാണ് എന്റെ അഭിപ്രായം.
എന്നാൽ നിങ്ങൾ കുറച്ചുകൂടി സീരിയസായി ഫോട്ടോഗ്രാഫി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നോർമൽ 18-55 അല്ലെങ്കിൽ 50 പ്രൈം, മാക്രോ, ടെലി തുടങ്ങിയ ലെൻസുകൾ കൂടി പിന്നീട് വാങ്ങിക്കാവുന്നതാണ്. ചുരുക്കത്തിൽ SLR ഫോട്ടോഗ്രാഫി എന്നും എക്കാലത്തും ഒരു ലെൻസുകൊണ്ട് ചെയ്യാവുന്ന ഒന്നല്ല. സീരിയസായി അത് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പലതരം ലെൻസുകളും പിന്നീട് വാങ്ങാൻ ആഗ്രഹം വരും! നല്ല ഫോട്ടോഗ്രാഫിഭ്രാന്തും ബഡ്ജറ്റും ഉള്ളവർക്ക് അതിൽ ഓരോ ലെൻസിന്റെ ചുവട്ടിലും ഓരോ ക്യാമറ ബോഡികൂടി വാങ്ങി ഫിറ്റ് ചെയ്യാം, പിന്നീട് ഫോട്ടോഗ്രാഫി സാഹചര്യങ്ങൾക്കനുസരിച്ച് ലെൻസ് മാറ്റേണ്ടിവരില്ലല്ലോ !
12. ചിലപ്പോഴൊക്കെ DSLR ക്യാമറകളോടൊപ്പം ഓഫറായി 70-300mm ലെൻസുകൾ കിട്ടാറുണ്ടല്ലോ? ഇവ നല്ല ലെൻസുകളാണോ?
DSLR ക്യാമറവാങ്ങാൻ പോകുന്നവരെ കുഴയ്ക്കുന്ന മറ്റൊരു ചോദ്യമാണിത്. ഒരു ബ്രാന്റിന്റെ കൂടെ ഓഫർ ഒന്നുമില്ല, 30000 രൂപയ്ക്ക് (ഉദാഹരണമാണേ) ക്യാമറബോഡിയും ഒരു 18-55 mm ലെൻസും. മറ്റൊരു ബ്രാന്റിനോടൊപ്പം ക്യാമറബോഡി, 18-55mm ലെൻസ്, 70-300mm lens 34500 രൂപ. ഏതുവാങ്ങും? 4500 രൂപകൂടി കൊടുത്താൽ ഒരു 70-300mm ലെൻസ് “ലാഭകരമായി” കിട്ടുന്നുണ്ടല്ലോ എന്ന സാധാരണ ഉപഭോക്താവിന്റെ മനശാസ്ത്രത്തെയാണ് ഇവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സും ലെൻസുകളുടെ ലോകം വളരെ വിശാലമാണ്. എത്രയധികം റേയ്ഞ്ചുകളിൽ അവ ലഭ്യമാണ് എന്നറിയാൻ ഇന്റർനെറ്റിൽ ഒന്നു സേർച്ച് ചെയ്തുനോക്കൂ. ഒരു ഉദാഹരണം ഇവിടെ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്താൽ ഒരേ സ്പെസിഫിക്കേഷനിലുള്ള വ്യത്യസ്ത നിർമ്മാതാക്കളുടെ ലെൻസുകളും കാണാം. സൂം ലെൻസുകൾ വാങ്ങാനൊരുങ്ങുമ്പോൾ ആദ്യം മനസ്സിലാക്കിയിരിക്കേണ്ട വസ്തുത വലിയൊരു ഫോക്കൽ ലെങ്ത് (ഉദാ:300mm) ഉള്ള ലെൻസ് കൈയ്യിൽ കിട്ടിയതുകൊണ്ട് മാത്രം നല്ല ക്വാളിറ്റിയുള്ള ഫോട്ടോ കിട്ടുകയില്ല എന്നതാണ്. സമയമുള്ളവർ മുകളിൽ ലിങ്ക് തന്ന പേജിലെ ലെൻസുകളുടെ വിലകൾ ഒന്നു പരിശോധിക്കൂ. അയ്യായിരം രൂപമുതൽ ലക്ഷത്തിനു മുകളിൽ വിലവരുന്ന ലെൻസുകൾ വരെ ആ കൂട്ടത്തിൽ കാണാം. ഇതിനു കാരണം ലെൻസിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്ലാസിന്റെ ഗുണനിലവാരം, ലെൻസ് ഡിസൈനിന്റെ പ്രത്യേകതകൾ തുടങ്ങിയവയാണ്. അതുകൊണ്ടുതന്നെ എല്ലാ നിർമ്മാതാക്കൾക്കും Entry level, mid and high റേഞ്ചുകളിലുള്ള ലെൻസുകൾ ഉണ്ട്. ഹൈ ലെൻസുകളിൽ അപ്പർച്ചർ നല്ലവണ്ണം തുറക്കാൻ സാധിക്കും. അതിനാൽ തന്നെ വളരെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്യുമ്പോൾ ലഭിക്കുന്ന അല്പമായ പ്രകാശം പൂർണ്ണമായും ഉപയോഗിക്കാനും സാധിക്കും.
ഒരു ഉദാഹരണം പറയാം. പക്ഷികളുടെ ഫോട്ടോ എടുക്കാനുള്ള ഉദ്ദേശത്തിലാണ് നിങ്ങൾ സൂം ലെൻസ് വാങ്ങുന്നതെന്നിരിക്കട്ടെ. പക്ഷികൾ മിക്കപ്പോഴും ഇലകളുടെ തണലിലേ ഇരിക്കൂ. പോരാത്തതിനു വളരെ അകലെയുള്ള ദൃശ്യങ്ങളെ സൂം ചെയ്ത് അടുത്തേക്ക് വരുത്തുമ്പോഴേക്ക് ഫലത്തിൽ ക്യാമറയിൽ എത്തുന്ന വെളിച്ചം വളരെ കുറവ്. ഈ സാഹചര്യങ്ങളിലൊക്കെ ലെൻസിന്റെ മിനിമം അപ്പർച്ചർ വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെ പ്രധാനമാണ് ഗ്ലാസിന്റെ ഗുണം. ലെൻസിന്റെ എല്ലാ റേഞ്ചുകളിലും നല്ല ഷാർപ്പ് ഇമേജുകൾ ലഭിക്കുവാൻ ലെൻസ് ഗ്ലാസിന്റെയും അതിനുള്ളിലെ Components ന്റെ ഗുണവും എണ്ണവും എല്ലാം പ്രധാനമാണ്. അപ്പോൾ പറഞ്ഞുകൊണ്ട് വരുന്നത് എല്ലാ 70-300mm ലെൻസുകളും, അല്ലെങ്കിൽ എല്ലാ സൂം ടെലിലെൻസുകളും ഒരേ ഗുണനിലവാരത്തിലുള്ള ചിത്രങ്ങൾ തരും എന്നു പ്രതീക്ഷിക്കരുത്. അത് അബദ്ധമാണ്. മിക്കവാറും എല്ലാ Bundle offer കളും ഒരു ചീപ് ക്വാളിറ്റി എൻട്രി ലെവൽ സൂം ലെൻസ് ആയിരിക്കും തരുന്നത്. അതുകൊണ്ട് അതിന്റെ ഗുണനിലവാരം കണ്ടും അറിഞ്ഞും വായിച്ചും നോക്കിയിട്ടേ അത്തരം ഓഫറുകളിൽ ചെന്നു ചാടാവൂ.
അത്തരം ലെൻസുകൾ തൽക്കാലം വാങ്ങരുത് എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. കാരണം കുറച്ചുകൂടി പൈസ കൊടുക്കേണ്ടിവന്നാൽ തന്നെയും പിന്നീട് നിങ്ങൾക്ക് നല്ല ഒരു ക്വാളിറ്റി സൂം ലെൻസ് വാങ്ങാം. സൂം ലെൻസുകളുടെ കാര്യത്തിൽ മാത്രമല്ല, ഒരു DSLR ക്യാമറ നൽകുന്ന എല്ലാ നല്ല ചിത്രങ്ങൾക്കും പിന്നിൽ ഒരു നല്ല ലെൻസും വേണം എന്നകാര്യം ഓർത്തിരിക്കുക. ഇത് ഒരു നല്ല ചിലവേറിയ ഹോബിയാണെന്നു പറയുന്നതിന്റെ കാരണം ഇതാണ്.എൻട്രി ലെവൽ സൂം ലെൻസ് വാങ്ങിയിട്ട് ഒരു വർഷത്തിനുള്ളിൽ ‘ചിത്രത്തിനു തെളിച്ചമില്ല, ഷാർപ്പല്ല” എന്നൊക്കെ പറഞ്ഞ് നല്ല ലെൻസുകൾ വാങ്ങാൻ പോയ ഒരുപാട് സുഹൃത്തുക്കളെ എനിക്കറിയാം!
12. എന്റെ കൈയ്യിലുണ്ടായിരുന്ന പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ 10x സൂം ഉള്ളതായിരുന്നു. എന്റെ കൈയ്യിലുള്ള DSLR ക്യാമറയുടെ സൂം എത്രയാണെന്ന് അറിയില്ല.
X എന്ന അക്ഷരം സൂചിപ്പിക്കുന്നത് മടങ്ങ്, ഗുണനം എന്നീ കാര്യങ്ങളെയാണ്. 10X എന്നുവച്ചാൽ പത്തുമടങ്ങ്, 3X എന്നുവച്ചാൽ മൂന്നുമടങ്ങ്. ഇവിടെ എന്തിന്റെ കാര്യമാണ് പറയുന്നത് എന്നു ശ്രദ്ധിക്കൂ. ഫോക്കൽ ലെങ്തുകളാണ് ഇവിടെ വിഷയം. നാം ഉപയോഗിക്കുന്ന ലെൻസിന്റെ ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്തിന്റെ എത്ര മടങ്ങാണ് ഏറ്റവും വലിയ ഫോക്കൽ ലെങ്ത് എന്നാണിവിടെ പറയുന്നത്. 3.6mm to 36mm എന്ന ഫോക്കൽ ലെങ്ത് റേഞ്ചിലുള്ള ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ കാര്യം എടുക്കാം. ഇവിടെ 3.6 എന്നതിന്റെ പത്തുമടങ്ങ് (3.6 X 10=36) ആണ് 36. അതുകൊണ്ട് ആ ക്യാമറയ്ക്ക് 10X സൂം ചെയ്യാനുള്ള കഴിവുണ്ട് എന്നുപറയാം. ഇവിടെ DSLR ക്യാമറകളിൽ ലെൻസ് നമ്മൾ മാറ്റി മാറ്റി ഉപയോഗിക്കുകയാണ്. അതിനാൽ ഉപയോഗിക്കുന്ന ലെൻസിനു അനുസരിച്ചാണ് ലഭിക്കുന്ന സൂം. 70-300 mm ലെൻസിൽ 4.2X ആണ് ലഭിക്കുന്ന മാഗ്നിഫിക്കേഷൻ. 18-55 ലെൻസിൽ 3X ഉം. (റേയ്ഞ്ചിന്റെ വലിയ നമ്പറിനെ ചെറുതുകൊണ്ട് ഹരിക്കുക).
13. ISO 3200, 6 frames per seconds - ഇതിലൊക്കെ എന്തെങ്കിലും പ്രാധാന്യം?
ഏതു ക്യാമറ എടുക്കുമ്പോഴും അതിലെ ഫീച്ചറുകളിൽ ഏതൊക്കെ നമ്മൾ ഉപയോഗിക്കും എന്ന് ആദ്യം നോക്കുക. Night / low light ഫോട്ടോഗ്രാഫിയിൽ ചിത്രങ്ങൾ Camera shake ഉണ്ടായി നാശമാവാതിരിക്കാനുള്ള ഒരു വഴി എന്ന നിലയിലാണ് high ISO ഉപയോഗിക്കുന്നത് (തിയറി അനുസരിച്ച്). പ്രാക്റ്റിക്കലായി ഇങ്ങനെയാണോ കാര്യങ്ങൾ? 3200 എന്ന ISO സെറ്റിംഗ് എസ്.എൽ.ആർ ക്യാമറകളിൽ ഉപയോഗിക്കാം എങ്കിലും ആ സെറ്റിംഗിൽ നോയിസ് കൂടും; പ്രത്യേകിച്ച് വളരെ നീണ്ട ഷട്ടർ സ്പീഡ് ഉപയോഗിക്കേണ്ടിവരുമ്പോൾ. ഇനി അഥവാ നോയിസ് കുറയ്ക്കാനുള്ള സംവിധാനം ക്യാമറയിൽ ഉണ്ടെങ്കിലും ചിത്രത്തിന്റെ നിറവും ക്ലാരിറ്റിയും കുറയും. 1600 വരെ നല്ല ക്ലീനായ ചിത്രങ്ങൾ പുതിയ DSLR സെൻസറുകളിൽ കിട്ടാറുണ്ട്. പോയിന്റ് ആന്റ് ഷൂട്ടിൽ 400 നു മുകളിലേക്ക് കൂടുതൽ ആലോചിക്കേണ്ടതില്ല. ഫോട്ടോഗ്രാഫിയിൽ പരിചയമായിക്കഴിഞ്ഞാൽ Low light / Night ഫോട്ടോകൾ, പ്രത്യേകിച്ചും സിറ്റിസ്ക്കേപ്സ് നിങ്ങൾ ഒരു ട്രൈപ്പോഡ് ഉപയോഗിച്ചുമാത്രമേ എടുക്കൂ! അനുഭവം ഗുരു.
6 frames per second / 3.6 frames per second ഇതൊക്കെ DSLR ക്യാമറകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്. എത്ര വേഗത്തിൽ ചിത്രമെടുക്കാം എന്നതാണിത് കാണിക്കുന്നത്. വളരെ ഫാസ്റ്റായ ചില സന്ദർഭങ്ങൾ തുടർച്ചയായി ചിത്രത്തിലാക്കുമ്പോൾ മാത്രമാണ് ഇത് ആവശ്യമായി വരുന്നത്. പാർക്കിൽ കളിക്കുന്ന കുട്ടികളുടെ ചിത്രമെടുക്കുമ്പോഴോ, ഒരു ഗ്രൂപ്പ് ഫോട്ടോയോ ബർത്ത്ഡേ പാർട്ടിയോ ചിത്രത്തിലാക്കുമ്പോഴോ നാം ഈ രീതിയിൽ ചിത്രമെടുക്കാറുണ്ടോ? ഇല്ല. അത്തരം സന്ദർഭങ്ങളിൽ 6 frames per second ആയാലും 4 frames per second ആയാലും ഫലം ഒന്നുതന്നെ. Single shot എന്ന സംവിധാനത്തിലായിരിക്കും നമ്മൾ ചിത്രമെടുക്കുക. അതേ സമയം ചീറ്റപ്പുലി ഓടുന്നതും ഫൈറ്റർ പ്ലെയിൻ അഭ്യാസങ്ങൾ കാണിക്കുന്നതുമൊക്കെ ചിത്രത്തിലാക്കാൻ ഒരുങ്ങുന്നവർക്ക് ഇത് പ്രയോജനപ്പെടുകയും ചെയ്യും. ഫ്രെയിംസ് പെർ സെക്കന്റും 1600 നു മുകളിലേക്കുള്ള ISO സെറ്റിംഗുകളും അമിതപ്രാധാന്യം കൊടുക്കേണ്ട സംഗതികളല്ല.
തൽക്കാലം ഇവിടെ നിർത്താം. ബാക്കികാര്യങ്ങൾ അടുത്ത പോസ്റ്റിൽ.
വായനക്ക് താല്പര്യമുള്ളവർക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ഒരു വെബ് പേജ്
===============================
ക്യാമറവാങ്ങാൻ ആലോചിക്കുന്ന ഒരു സാധാരണ ഉപയോക്താവിന്റെ ആക്രാന്തചിന്തകൾ ഇവിടെ വായിക്കൂ!
സംശയങ്ങൾ ഉള്ളവർക്ക് ഇവിടെ കമന്റായി എഴുതാവുന്നതാണ്. “മണ്ടൻ ചോദ്യമാകുമോ” എന്ന ശങ്ക വേണ്ടാ. കാരണം മണ്ടൻ ചോദ്യം എന്നൊരു ചോദ്യം ഇല്ല എന്നതുതന്നെ. ചോദ്യങ്ങൾ ചോദിക്കുന്നവരല്ല, മറ്റുള്ളവരോട് ചോദിക്കാതെ എന്നും സംശയങ്ങളെ മനസ്സിൽ സൂക്ഷിക്കുന്നവരാണ് യഥാർത്ഥത്തിൽ ഒന്നും പഠിക്കാത്തത്!
85 comments:
എന്നെക്കൊണ്ട് ഒരു DSLR വാങ്ങിപ്പിച്ചേ അടങ്ങൂ അല്ലേ?
വളരെ ഉപകാരപ്രദം ആണ് അപ്പുസാറേ ഇതു. ബാക്കിയൊക്കെ ഒന്നുകൂടെ നോക്കണം. പിന്നെ ഒരു സംശയം - സെന്‍സര്‍ വലുപ്പവും പിക്സെല്‍ സൈസും തമ്മിലുള്ളതാണ്.
12 മെഗാപിക്സെല്‍ ഉള്ള ക്യാമറയില്‍ അതു 5 മെഗാ പിക്സലില്‍ ഇട്ടെടുത്താല്‍ ഒരു പക്ഷെ കൂടുതല്‍ ക്വാളിറ്റി കിട്ടില്ലേ?
വാഴക്കാവരയാ (എന്തൊരു പേരാണിത്!)
സിനോജ്, സംശയം ചോദിച്ചതിനു നന്ദി. 12 മെഗാപിക്സൽ ഉള്ള ക്യാമറയിൽ ചിത്രത്തിന്റെ സൈസ് 5 മെഗാപിക്സൽ എന്നു കുറച്ചു സെറ്റ് ചെയ്ത് ചിത്രമെടുത്താൽ ഫലത്തിൽ ചിത്രത്തിന്റെ ക്വാളിറ്റി കൂടുകയില്ല. ഇതിനു കാരണം ഈ മെഗാപിക്സൽ കുറയ്ക്കൽ ഫോട്ടോ എടുത്തുകഴിഞ്ഞ് ജെ.പി.ജി ആയി സേവ് ചെയ്യുന്നതിനു മുമ്പ് ക്യാമറ വേണ്ടാത്ത അത്രയും പിക്സലുകളെ ഒഴിവാക്കി നിർത്തിക്കൊണ്ട് വരുത്തുന്നതാണ്. ചിത്രമെടുത്തപ്പോൾ 12 മെഗാ പിക്സലിൽ തന്നെയാണ് എടുക്കുന്നത്. പിന്നെ മറ്റൊരു വ്യത്യാസം നമുക്ക മനസ്സിലാകാതെ പോകുന്നത് നമ്മുടെ കണ്ണുകൾ നമ്മെ പറ്റിക്കുന്നതിനാലാണ്. ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ നമ്മൾ ഒരു ചിത്രം കാണുമ്പോൾ അതിന്റെ ഒറിജിനൽ വലിപ്പത്തെ കമ്പ്രസ് ചെയ്ത ഒരു വലിപ്പത്തിലാണ് കാണുന്നത്. അപ്പോൾ സ്വാഭാവികമായും ഷാർപ്നെസ് കൂടിയിട്ടുണ്ട് എന്നു തോന്നും. ഇത് വെറും തോന്നൽ മാത്രമാണ്. ചിത്രം ഫുൾ സൈസിൽ കണ്ടുനോക്കൂ. വ്യത്യാസം അറിയാം.
തീര്‍ച്ചയായും വളരെ പ്രയോജനപ്രദമായ പോസ്റ്റ് തന്നെ. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടും... നന്ദി.
നല്ല പോസ്റ്റ്. ടൈം എടുത്തു ഇപ്പഴാ വായിച്ചു കഴിഞ്ഞേ.
വളരെ ഉപകാരപ്രദം !!!
ഓഫ് : ആയ ലാസ്റ്റ് പറഞ്ഞ "ആക്രാന്തചിന്തകള്‍" ഈ പോസ്റ്റിന്റെ ഏറ്റവും മുകളില്‍ ഒരു ഫ്രെയിം എല്ലാം ഇട്ടു ബോള്‍ഡ് ആകി കൊടുത്തിരിക്കുന്നുവെങ്ങില്‍, ഇത് ഒരു ഉദാതാമായ പോസ്റ്റ് ആകുമായിരുന്നു. ;) ;) ;)
തീര്‍ച്ചയായും വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഏറ്റവും അധികം ബുദ്ധിമുട്ടുള്ള പണി തന്നെയാണ് ക്യാമറ തിരഞ്ഞെടുക്കല്‍.
ഒരുപാട് റിവ്യുകളും ചിത്രങ്ങളും ഒക്കെ നോക്കിയിട്ടാണ് അവസാനം ഞാന്‍ ഒരു ക്യാമറ വാങ്ങിയത്. എന്‍റെ കുറേ കൂട്ടുകാര്‍ SLR ക്യാമറ വാങ്ങിയിട്ടുണ്ട്. അവരുടെയും എന്‍റെ സ്വന്തം അനുഭവത്തിലും നിന്ന് എനിക്ക് തോന്നുന്ന ഒരു കാര്യം പറയാം. എന്‍ട്രി ലെവല്‍ SLR ബോഡിയോടൊപ്പം നിക്കോണ്‍ ആണെങ്കിലും കാനോണ്‍ ആണെങ്കിലും നല്‍കുന്നത് ഏറ്റവും വിലകുറഞ്ഞ ലെന്‍സുകളാണ്. ഗുണനിലവാരവും അതിനനുസരിച്ചായിരിക്കും. അതുപോലെ തന്നെയാണ് ഓഫറുകളില്‍ വരുന്ന ടെലി ഫോട്ടോ സൂം ലെന്‍സുകളും. നിക്കോണ്‍ ആണെങ്കില്‍ നല്‍കുന്നത് 70-300mm (No Vibration Reducrion) ലെന്‍സും കാനോണ്‍ ആണെങ്കില്‍ സാധാരണ നല്‍കുന്നത് 75-300mm (No Image Stabilization) ലെന്‍സുമാണ്. 300mm റേഞ്ചിലുള്ള അവരുടെ ഏറ്റവും താഴ്ന്ന ലെന്‍സുകളാണ് അത് രണ്ടും. അതുകൊണ്ട് SLR ബോഡിയും അതിന്റെ കൂടെ ഇത്തിരി ക്വാളിറ്റിയുള്ള (കുറച്ചു കൂടി ചിലവ് പ്രതീക്ഷിക്കണം) ഒരു ലെന്‍സും വാങ്ങുന്നതായിരിക്കും (ഫോട്ടോഗ്രാഫി ഒരു ഹോബിയെന്നതിനപ്പുറം കുറച്ചു കൂടി സീരിയസ് ആയി കാണുന്നവര്‍ക്ക്) നല്ലത് എന്നാണ് എന്‍റെ അഭിപ്രായം. പ്രത്യേകിച്ചും ലെന്‍സ് വാങ്ങുക എന്നത് വളരെ ചിലവ് കൂടിയ ഏര്‍പ്പാടായതുകൊണ്ടും ഒരിക്കല്‍ വാങ്ങിയാല്‍ പിന്നെ എപ്പോഴുമെപ്പോഴും മാറ്റി വാങ്ങാന്‍ പറ്റാത്ത ഒന്നായതുകൊണ്ടും.
അപ്പുമാഷേ... ഇങ്ങനെ ഒരു പോസ്റ്റിന് വളരെയധികം നന്ദി...
അടുത്ത പോസ്റ്റ് വായിച്ചിട്ടു വേണം പടമെടുക്കാൻ തുടങ്ങാൻ! :)
Very good post. Informative. Thanks.
പാവം എന്റെ പോയിന്റ്& ഷൂട്ട് :( . ഒരിക്കല്‍ ഞാനും ഒരു എസ്.എല്‍. ആര്‍ ക്യാമറ വാങ്ങും. എന്നിട്ട് വേണം അപ്പുമാഷിനെ കുഴപ്പിയ്ക്കുന്ന കുറച്ചു സംശയങ്ങളുമായ് വരാന്‍ ;)
പോസ്റ്റ് ഉപകാരപ്രദം എന്നു പറയേണ്ടതില്ലല്ലൊ!
ശിവാ, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ മോശമാണെന്ന് ആരുപറഞ്ഞു? അതിനെ പാവം എന്നുവിളിക്കാതെ. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടല്ലോ, ഒരു ഫോട്ടോഗ്രാഫിന്റെ ഭംഗിയുടെ 75% മോ അതിലേറെയോ കമ്പോസിഷനിലാണിരിക്കുന്നത്. അത് പോയിന്റ് ആന്റ് ഷൂട്ട് ആയാലും എസ്.എൽ.ആർ ആയാലും ക്യാമറയ്ക്ക് ഒന്നും ചെയ്യാനാവില്ല. അത് ഒരു ടൂൾ മാത്രമാണ്. ഉപയോഗിക്കുന്ന ആളുടെ ഭാവനയെ യാഥാർത്ഥ്യമാക്കുന്ന ഒരു ഉപകരണം. ശിവയുടെ ചിത്രങ്ങൾ എല്ലാം നന്നാവുന്നതിന്റെ പ്രധാനകാരണം കമ്പൊസിഷൻ തന്നെ :-)
thanks............
വളരെ നന്ദി അപ്പുമാഷെ... എനിക്കറിയില്ലായിരുന്നു 12 megapixel ക്യാമറ 5 mp ആക്കുന്നത് പ്രോഗ്രാം ആണെന്ന്. ഞാന്‍ ഒരു ലോജിക് വെച്ച് ചോദിച്ചതാ. ഒരിഞ്ചു വലുപ്പമുള്ള സെന്‍സറില്‍ വലിയ പ്രതിബിംബം പ്തിപ്പിക്കുന്നതിലും വ്യക്തത ചെറുത് പതിക്കുംപോലായിരിക്കുമല്ലോ എന്ന വിചാരിച്ചു പോയി. എന്തായാലും അത് മനസിലാക്കി തന്നതിന് നന്ദി.
വാഴക്കാവരയന്‍ ഒരു മീനിന്റെ പേരാണ്. തോട്ടിലോക്കെ കാണുന്ന ഒരു പാവം മിന്‍
മാഷെ..
റഫറൻസായി സൂക്ഷികാവുന്ന നല്ലൊരു പോസ്റ്റ്. ഈ എഫർട്സിനു മുന്നിൽ പ്രണാമം..!
എന്റെ ചില സംശയങ്ങൾ..രാമൻ സീതയുടെ ആരാന്നുള്ള ചോദ്യമായും കണക്കാക്കാം.
ഒരു പി&എസ് ക്യാമറ വാങ്ങുമ്പോൾ മിനിമം എന്തൊക്കെ ടെസ്റ്റുകൾ നടത്തണം..(പൊടിക്കൈകൾ)? ഞാൻ ചെയ്യുന്നത് സ്യൂം ചെയ്തു ചിത്രങ്ങളെടുത്തു നോക്കും നോയിസില്ലെങ്കിൽ പകുതിമാർക്ക്, വെളിച്ചം കുറഞ്ഞ സ്ഥലത്തേക്ക് സ്യൂം ചെയ്തുനോക്കും അപ്പോൾ ഗ്രെയിൻസ് കുറവാണെങ്കിൽ മാർക്കിടും. പിന്നെ ബാറ്ററി ലിയോൺ ബാറ്ററിയാണെങ്കിൽ പിന്നെയും മാർക്ക് കൊടുക്കും. കൂടിയ മെഗാഫിക്സൽ നോക്കും( പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോൾ മെഗാ ഫിക്സലിൽ വല്യ കാര്യമില്ലെന്ന് മനസ്സിലായി)പിന്നെ കേൾക്കാത്തെ അറിയാത്തെ സെറ്റിങുകൾ കമ്പനി എഴുതി വച്ചിട്ടുണ്ടൊന്ന് നോക്കും അതിനുമപ്പുറം പോക്കറ്റിന്റെ വലിപ്പവും ഉറപ്പാക്കും...ഈ സംഗതികൾ മതിയൊ സാധരണക്കാരനോട്(കൂട്ടുകാരോട്) പറയാൻ..? പല പോസ്റ്റുകൾ വായിച്ചാലും ഒന്നും തലയിൽ നിൽക്കാത്തതിനാൽ ഇതിൽക്കൂടി കമന്റായി പറയുകയാണെങ്കിൽ സന്തോഷമായേനെ..
ഒരു dslr ക്യാമറ ബോഡിയും 28 -250 ലെന്‍സും വാങ്ങിയാല്‍ ഏതൊരു ബ്രിഡ്ജ് ക്യാമറയില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ പത്തിരട്ടി ക്ലാരിടിയില്‍ ചിത്രങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞല്ലോ..ഇവയുടെ വില തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് കാണിക്കാനാണ് ഈ താരതമ്യം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ അപ്പുവേട്ടാ, കാനോന്‍ s3is , s5is ..[ഈ സീരിസിലെ പുതിയ ക്യാമറകള്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല] എന്നിവ നല്‍കുന്ന പിക്ചര്‍ ക്വാളിറ്റി [both in manual controls] slr ക്യാമറകളില്‍ ഞാന്‍ കണ്ടിട്ടില്ല എന്നതാണ് സത്യം. lighting control , focusing , DOF കണ്ട്രോള്‍ എന്നിവയല്ല ഞാന്‍ ഉദ്ദേശിച്ചത്.
രഞ്ജീ, ഈ പറഞ്ഞ ഒരു ക്യാമറയും ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല. പറ്റുമെങ്കിൽ ഇവയിൽ ഏതിലെങ്കിലും എടുത്ത ഒരു നൈറ്റ് ഷോട്ട്, രാത്രിയിലെ സിറ്റിസ്കേപ്പ് ഒന്നും വേണമെന്നില്ല, കുറഞ്ഞ വെളിച്ചത്തിൽ എടുത്ത ഏതെങ്കിലും ഒരു ചിത്രം അയച്ചു തരാമോ?
രഞ്ജിയോട് : മുകളീൽ പറഞ്ഞതിന് ഒരു തിരുത്ത്. കാനൻ S3is ഉപയോഗിച്ച് ഞാൻ ചിത്രങ്ങളെടുത്തിട്ടുണ്ട്. ഡേ ലൈറ്റിലെ ചിത്രങ്ങൾ നല്ലതാണെന്നല്ലാതെ, വെളിച്ചം കുറവുള്ള ഒരു സന്ദർഭത്തിൽ ഈ ക്യാമറ Terribly poor ആണെന്നതിനു അനുഭവം സാക്ഷി ! “പിക്ചർ ക്വാളിറ്റി” എന്നു പറയുമ്പോൾ രഞ്ജി എന്താണ് ഉദ്ദേശിക്കുന്നത്? പകൽ വെളിച്ചത്തിൽ എടുത്ത ഒരു ചിത്രത്തിനെ കമ്പ്യൂട്ടർ സ്ക്രീനിൽ കാണുമ്പോഴുള്ള ഭംഗിയാണോ ഉദ്ദേശിക്കുന്നത്?
രഞ്ജി, ഒരു കാര്യം കൂടി പറയട്ടെ. താങ്കൾ പറഞ്ഞ കാനൻ മോഡലുകളൊന്നും ബ്രിഡ്ജ് ക്യാമറകളല്ല. അവയെല്ലാം high-end പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളാണ്. ബ്രിഡ്ജ് ക്യാമറകളുടെ ഉദാഹരണങ്ങൾ Sony DSCR1, Konica Minolta DIMAGE A200, FujiFinepix 9000 മുതലായവയാണ്.
കുഞ്ഞൻ, ഈ കമന്റിനു നന്ദി. ഇങ്ങനെ ഓരോരുത്തരും അവരവർക്കറിയാവുന്ന വിവരങ്ങൾ ഇവിടെ കമന്റുകളായി എഴുതിയിരുന്നുവെങ്കിൽ മറ്റുള്ളവർക്ക് എത്ര പ്രയോജനകരമാകുമായിരുന്നു. നന്ദി. പോയിന്റ് ആന്റ് ഷൂട്ട് വാങ്ങാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു പോസ്റ്റായി തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. അല്പം ക്ഷമിക്കൂ.
prosumer വിഭാഗത്തില്‍ പെടുത്താവുന്ന ക്യാമറകളാണ് അവ. [കാനോന്‍ s3is , s5is , etc.]or high end point n shoot as u said. എന്റെ തെറ്റിധാരണ മൂലം വന്ന പിഴവാണ്.
ചിത്രങ്ങള്‍ ഞാന്‍ അയച്ചിട്ടുണ്ട്.
വളരെ വിജ്ഞാനപ്രദമായ ഒരു ബ്ലോഗ്. ഇതിലെ എല്ലാ പോസ്റ്റുകളും വായിച്ച് പഠിച്ച് നല്ലൊരു ഫോട്ടോഗ്രാഫര്‍ ആകണമെന്നാണ് ആഗ്രഹം. അത്യാഗ്രഹം എന്നാല്ലാതെ എന്ത് പറയാന്‍. :)
നന്ദി.
Ranji, ചിത്രങ്ങൾ അയച്ചുതന്നതിനു നന്ദി. എല്ലാവർക്കും കാണുവാനായി ഞാൻ ആ ചിത്രങ്ങൾ ഇവിടെ ലിങ്ക് ചെയ്യുന്നു . ഇത് ഒന്ന്, ഇത് രണ്ട്, ഇത് മൂന്ന് . ഈ ചിത്രങ്ങളോളം “ക്വാളിറ്റിയിൽ” ഉള്ള ചിത്രങ്ങൾ രഞ്ജിയുടെ കാനൻ 450D SLR ഉപയോഗിച്ച് എടുക്കുവാൻ സാധിക്കുന്നില്ല എന്നു പറയുമ്പോൾ എനിക്ക് അത് വിശ്വസിക്കുവാൻ സ്വല്പം ബുദ്ധിമുട്ട് ഉണ്ട് എന്നറിയിക്കട്ടെ! ഈ ചിത്രങ്ങളേക്കാൾ മോശമായാണ് ആ 450ഡി ചിത്രമെടുക്കുന്നതെങ്കിൽ താങ്കൾ ആ ക്യാമറ ഉപയോഗിക്കുന്ന രീതിയിൽ എന്തോ പിശകുണ്ട് എന്നുമാത്രം പറയുന്നു. കാനൻ 450D ഉപയോഗിക്കുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ അവരുടെ കമന്റുകളും അറിയുവാൻ ആഗ്രഹമുണ്ട്.
I agree with Appu. these pics are good. but Canon 450D gives much better quality if proper settings are selected.
Appu Rocks..
good and informative too..
അപ്പു മാഷേ പതിവ് പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഈ ഡെഡിക്കേഷനു മുന്നിൽ ഒരു ഉഗ്രൻ സല്യൂട്.
@ranji
ഞാൻ ഒരു കാനൻ 450D SLR മുതലാളിയാണ് അത് കൊണ്ട് തന്നെ ഈ ക്യാമറ കൊണ്ട് എടുക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റി പോരാ എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല.
ഇതിന് ഉദാഹരണമായി ഞാൻ ഈ ക്യാമറ ഉപയോഗിച്ചെടുത്ത കുറച്ച് പടങ്ങൾ താഴെ
കാനൻ 450D SLR
EF-S 18-55mm f/3.5-5.6 IS
ഉപയോഗിച്ച് ബൾബിന്റെ വെളിച്ചത്തിലെടുത്തത് ഇവിടെ
EF-S 18-55mm f/3.5-5.6 IS
ഉപയോഗിച്ച് സ്പോട്ട് ലൈറ്റിന്റേ വെളിച്ചത്തിലെടുത്തത് ഇവിടെ
EF-S 10-22mm f/3.5-4.5 USM
Daylight ഇൽ എടുത്തത് ഇവിടെ
EF 75-300mm f/4-5.6 III
Daylight ഇൽ എടുത്തത് ഇവിടെ
@ranji
കാനൻ 450D SLR യിൽ ലൈവ് വ്യൂ എന്ന ഒരു ഓപ്ഷൻ കണ്ടിട്ടില്ലെ?
നമ്മളെടുക്കാൻ ഉദ്ദേശിക്കുന്ന ഫ്രെയിം ഫോക്കസ്സ് ചെയ്ത ശേഷം ലൈവ് വ്യൂ എന്ന ഓപ്ഷനിലിട്ട് ഉദ്ദേശിച്ച ഫ്രെയിം LCD യിൽ കണ്ട് കൊണ്ട് തന്നെ ആവശ്യമായ Aperture, Shutter Speed മാറ്റാവുന്നതാണ്.
ഈ രീതിയിൽ പടമെടുത്ത് നോക്കൂ അപ്പു മാഷ് പറഞ്ഞ പോലേ ഉപയോഗിക്കുന്ന രീതിക്കാണ് കുഴപ്പമെങ്കിൽ ആ കുഴപ്പങ്ങൾ ലൈവ് വ്യൂ കൊണ്ട് ഒരു പരിധി വരേ പരിഹരിക്കാനാകും.
പുള്ളിപ്പുലീ.. ചിത്രങ്ങള്‍ തകര്‍ത്തു.
ചിത്രങ്ങള്‍ എടുക്കുന്നതില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് ഭായ്.. കാനോന്‍ 450dslrന്റെ പിക്ചര്‍ ക്വാളിറ്റിയില്‍ തൃപ്തനല്ല എന്നൊരു അഭിപ്രായം രേഖപ്പെടുത്താന്‍ എനിക്കൊരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല.
ചിത്രം എടുക്കുന്ന ലെന്സിലൂടെയുള്ള യഥാര്‍ത്ഥ ദൃശ്യം നമ്മള്‍ക്ക് കിട്ടുന്നത് വ്യൂ ഫൈന്ടെര്‍ലൂടെയല്ലേ? ലൈവ് വ്യൂ [LCD Monitor] ഞാന്‍ നോക്കാറില്ല എന്നതാണ് സത്യം..പുലി പറഞ്ഞ കാര്യം ഞാന്‍ മനസ്സില്‍ വെക്കുന്നു..
അപ്പുസ്, പുലി നന്ട്രി.
അപ്പു,
നല്ല പോസ്റ്റ് വളരെ ഉപകാരപ്രദം. ഇത്രയും കൊല്ലം ഗള്‍ഫിലുണ്ടായിട്ടും ഒരു ക്യാമറ വാങ്ങിയിട്ടില്ല.ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരെണ്ണം വാങ്ങണം എന്ന് വെച്ചിരിക്കയായിരുന്നു. ഒരു പോയിന്റ് & ഷൂട്ട് മതി, അപ്പൊ ഈ വിവരങ്ങള്‍ ഒക്കെ വെച്ച് ഒരെണ്ണം വാങ്ങികളയാം. വളരെ നന്ദി ഈ അറിവ് പങ്കുവെച്ചതിനു.
ഷാജി ഖത്തര്‍.
പുലിയേ, വളരെ നന്ദി ഈ ഫീഡ് ബാക്കിനും ചിത്രങ്ങൾക്കും. വളരെപേർക്ക് സംശയം മാറുവാൻ പുലിയുടെ ഈ ലൈവ് ഡെമോ ഉപകരിക്കും എന്നതിൽ സംശയമില്ല.
രഞ്ജിത്, എനിക്കും സന്തോഷമായി 450D ക്യാമറയുടെ പ്രശ്നമല്ല ചിത്രങ്ങൾ ശരിയാകത്തതിന്റെ കാരണം എന്ന് താങ്കൾക്ക് മനസ്സിലായതിൽ. ഇനിയും 450D ഉപയോഗിക്കുന്ന ഫോട്ടൊഗ്രാഫർമർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ദത്തൻ പുനലൂർ, ജിമ്മി, ശ്രീജിത് തുടങ്ങിയവരുടെ പേരുകൾ പെട്ടന്ന് ഓർമ്മവരുന്നവ. അവരുടെ ബ്ലോഗുകൾകൂടി നോക്കൂ. ഒരു ക്യാമറ എന്നത് ഒരു ടൂൾ മാത്രമാണ്. അത് നമ്മുടെ ഭാവനയെ ഒരു ഫോട്ടോയാക്കി മാറ്റുവാൻ സഹായിക്കുന്നു എന്നേയുള്ളൂ.
പോസ്റ്റ് വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇനി അടുത്ത ഭാഗത്തിനു മുമ്പ് ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
രഞ്ജിത് വ്യൂ ഫൈന്ററിൽ കൂടിത്തന്നെ നോക്കി ചിത്രമെടുത്തോളൂ. അതാണു നല്ലതും. പുലി ഉദ്ദേശിച്ചത്, കിട്ടാൻ പോകുന്ന റിസൽട്ടിനെപ്പറ്റി സംശയമുണ്ടെങ്കിൽ അങ്ങനെ നോക്കാനാണ്. ലൈറ്റ് അഡ്ജസ്റ്റ് മെന്റിന് ഏറ്റവും എളുപ്പം ആശ്രയിക്കാവുന്ന ക്യാമറ കണ്ട്രോൾ എക്സ്പോഷർ കോമ്പൻസേഷൻ ആണ്.
മാഷേ, കിടിലന്‍ പോസ്റ്റ്. ആക്രാന്തം മൂത്ത് ഞാന്‍ ഒരു DSLR - Nikon 300 - വാങ്ങി. ഒരാരേഴു മാസമായിക്കാണും. AF-S DX നിക്കൊര്‍ 18-55mm f/3.5-5.6G VR ലെന്‍സ് ആണ്. ഇതുവരെ കാണുന്നതൊക്കെ ചൂണ്ടി വെടിവെക്കുകയായിരുന്നു. ഇനി കുറച്ചു സംസ്കാരസമ്പന്നനാവാന്‍ തീരുമാനിച്ചു. മൃദുവായി, സൂക്ഷിച്ചു പിടിച്ചെടുക്കണം. താങ്കളെപ്പോലുള്ളവരുടെ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങി. നല്ല കുറെ കാര്യങ്ങള്‍. നന്ദി.
ഇപ്പ സംശയം തുടങ്ങി. എന്റെ ലെന്‍നു ദൂരെയിരിക്കുന്ന കിളിയെപ്പിടിക്കാന്‍ zoom പോര. എന്തെങ്കിലും ശുപാര്‍ശ ഉണ്ടോ? ഞാന്‍ സിഗ്മയുടെ 70-300mm F4-5.6 DL-M DG Macro (Motorized) നോക്കി. പക്ഷെ കമ്പനദൂരീകരണം (Vibration Reduction) ഇല്ല.
കുറച്ചു മുമ്പ് വെടിച്ചെടുത്ത എടുത്ത പടംസ് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.
I started typing comment for this post, it seems it will become an unpublished post in my blog :).
@Ranji,
When we compare photos from different camera, we need to compare those in full size. As we reduce the size of the photo using PS, the difference may not be so big. If we look at the big size photo from a P&S, then we could see there is less details only.
Vashalan,
I suspect you made a wrong choice in picking up D300. D300 is the top most cam in the Nikon DX sensor series, now the updated one is D300s. You might now be aware that D300 doesn't have any auto mode to help a beginner. It has more controls and are complicated and is designed for pro users.
Also 18-55VR is a kit lens, which is like a bad lens choice for a camera of that calibre, but that doesn't matter as such! If you want to shoot birds, then you need a minimum 300 to 500 mm with teleconvertors. A nikon 70-300mm VR is much better thana Sigma 0-300 with out VR. And VR is good as we use zooms of these range.
അപ്പൂ,
നല്ല പോസ്റ്റ്, ബ്ലോഗുകൾ പൊതു ജനത്തിന് ഉപയോഗപ്രദമാകുന്നത് ഇങ്ങനെയുള്ള പോസ്റ്റുകൾ നിറയുമ്പോഴാണ്. കുറേ കാര്യങ്ങൾ ചോദ്യോത്തരം പോലെ എഴുതിയിരിക്കുന്നതു കൊണ്ട് എവിടെ, എങ്ങനെ പ്രതികരിക്കാൻ തുടങ്ങണം എന്നതാണ് എന്റെ പ്രശ്നം.
പോയിന്റ് & ഷൂട്ട് ക്യാമറ മേടിക്കുവാൻ ഉദ്ദേശിക്കുന്നവരെ സഹായിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ച് samayam kittunathanusarichu ezhuthaan sramikkaam :)
വഷളൻ, വിഷമിക്കേണ്ട. ആദ്യ ക്യാമറതന്നെ നിക്കോണിന്റെ ടോപ്പ് എന്റ് വാങ്ങാൻ തീരുമാനിച്ചത് താങ്കളുടെ ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം കൊണ്ടുമാത്രമാണെന്നു കരുതുന്നു. ഇത്രയും വിലയുള്ള ക്യാമറ വാങ്ങാമെങ്കിൽ പിന്നെ അതിനു പറ്റിയ ലെൻസുകൾ വാങ്ങുന്നതിലാണോ വലിയ കാര്യം :-) താങ്കൾ എടുത്ത ചിത്രങ്ങൾ ഒന്നും തന്നെ കാണുവാൻ സാധിച്ചില്ല. കാരണം ഫ്ലിക്കർ ഇവിടെ ദുബായിയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കുറച്ചു ചിത്രങ്ങൾ ബ്ലോഗറീൽ തന്നെ അപ്‌ലൊഡ് ചെയ്യു.. സപ്തൻ പറഞ്ഞതുപോലെ ഓട്ടോ കണ്ട്രോളുകളൊന്നും ഇല്ലെങ്കിലും സാരമില്ല. ഇങ്ങനെതന്നെ ഫോട്ടോ എടുത്തു പഠിക്കൂ..
വഷളനു വാങ്ങാൻ പറ്റിയ ഒരു സിഗ്മ ടെലി ലെൻസ് ഞാൻ പറയാം. 150-500 mm with image stabilization. ഒരു ആയിരം ഡോളർ അടുപ്പിച്ച് വിലയ്ക്ക് കിട്ടുമായിരിക്കും അവിടെ.
അപ്പുചേട്ടാ നല്ല പോസ്റ്റ് .
അപ്പുവേട്ടാ...
‘കാഴ്ചയ്ക്കിപ്പുറ’ത്തിന്റെ സ്ഥിരം വരിക്കാരനാണു ഞാൻ. ഓരോ പോസ്റ്റിലൂടെയും വളരെയേറെ പ്രയോജനപ്രദമാകുന്ന അറിവുകൾ ലളിതമായി പറഞ്ഞുതരുന്നതിന് നന്ദി. വളരെ ചിലവേറിയ ഹോബി തന്നെയാണു ഫോട്ടോഗ്രാഫി. കമ്പ്യൂട്ടറും ബ്ലോഗും ഒക്കെ കാണുന്നതിനു മുമ്പ് ഫിലിം SLR ക്യാമറ വാങ്ങി പടമെടുപ്പ് പഠിക്കാൻ തുടങ്ങിയതാണ്. അന്നു ആ ആക്രാന്തത്തിനു രണ്ടുമാസത്തെ ശമ്പളം വേണ്ടിവന്നു! വാങ്ങുമ്പോൾ DSLR മതിയെന്ന തീരുമാനത്തിലാണെങ്കിലും ഏതു വാങ്ങണമെന്ന കൺഫ്യൂഷ്യൻ ചെറുതൊന്നുമല്ല. ഈ പോസ്റ്റ് വളരെ പ്രയോജനപ്പെടും.
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
അപ്പൂ, ഞാന്‍ താങ്കള്‍ പറഞ്ഞപോലെ ഫോട്ടോസ് ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ഒന്ന് വന്നു കണ്ടു അഭിപ്രായം അറിയിക്കുമല്ലോ
appu maazhe ...njaan oru Nikon D90 body yum 18 - 200 mm lens um vaangaan uddesikkunnu. Maashinte upadesam athyaavassyamanu.
maazhinte blogs oronnaayi vaayichu kondirikkunnu...thanks maazhe..
കാനോന്‍ 550 D നല്ലൊരു ക്യാമറ ആണ് ... പുതിയ സീരീസിലുള്ള canon 18 -200 സൂം ലെന്‍സും ഇതും നല്ല കോമ്പിനേഷന്‍ ആണ്. ഒന്നര ലക്ഷം രൂപ വരുന്ന 5D സ്റ്റില്‍ ക്യാമറയ്ക്കും രണ്ടു ലക്ഷം രൂപ വരുന്ന സോണി Z5 വീഡിയോ ക്യാമറക്കും പകരമായി ഈ ക്യാമറ ഉപയോഗിക്കാം. ഈയിടെ പുറത്തിറങ്ങിയ ഒരു മലയാളം സിനിമയിലെ കുറച്ചു ഷോട്ടുകള്‍ ഈ ക്യാമറയിലാണ് ചിത്രീകരിച്ചത്. കൊച്ചിയില്‍ ഒരു പരസ്യ ചിത്രീകരണവും ഇത് വഴി കഴിഞ്ഞു. വില മേല്പറഞ്ഞ ലെന്‍സ് അടക്കം അറുപതിനായിരത്തില്‍ താഴെ മാത്രം.
അപ്പു ലേഖനം നന്നായിരിക്കുന്നു. ...
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്. thanx
അപ്പു ചേട്ടാ .രണ്ടു സംശയങ്ങള്‍ ചോദിച്ചോട്ടെ , എന്റെ കയ്യില്‍ ഉള്ള ക്യാമറ canon eos 1000 d ആണ്
രാത്രി നല്ല ഇരുട്ടായതിനു ശേഷം ഞാന്‍ ഒരു കടല്‍ തീരത്തിരുന്നു കുറച്ചു ദൂരെയുള്ള ഒരു പാലത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു , ഞാന്‍ ഇരിക്കുന സ്ഥലം ഇരുട്ടില്‍ ആയിരുന്നെങ്കിലും , ആ പാലത്തിന്റെ രണ്ടു കൈ വരികളിലും ഒരു മീറ്റര്‍ ഇടവിട്ട് വിളക്കുകള്‍ ഉണ്ടാരുന്നു ..അകലെ നിന്ന് നോക്കുമ്പോള്‍ ഭംഗി തോന്നിയത് കൊണ്ട് ഞാന്‍ ഈ ചിത്രം പകര്‍ത്താന്‍ ശ്രമം നട ത്തി ഓട്ടോ l മോഡില്‍ ഒന്നും നടന്നില്ല ..പിന്നെ ഞാന്‍ മാനുവല്‍ മോഡില്‍ കേറി കുറെ പണി നടത്തി ഷട്ടര്‍ സ്പീഡ് ൨ സെക്കന്റ് വരെ നോക്കി എന്നിട്ടും ചിത്രം പകര്‍ത്താന്‍ ക്യാമറ സമ്മതിച്ചില്ല .
ഇത് എന്ത് കൊണ്ടാണ് ? ഇനിയും കുറഞ്ഞ ഷട്ടര്‍ സ്പീഡ് വേണ്ടി വരുമോ ?
നട്ടുച്ച സമയത്ത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാല്‍ ഇരുണ്ടിരിക്കുന്നു , ഇത് സൂര്യ പ്രകശം ഉണ്ടാകുന്ന നിഴലുകള്‍ കാരണം ആണെന്നാണ് വായിച്ചിട്ടുള്ളത് . ഇതിനു തടയിടാന്‍ എന്തേലും തരത്തിലുള്ള diffuser ഉപയോഗിക്കണം എന്നും വായിച്ചിരുന്നു ,ഇതല്ല്ലാതെ വേറെ വഴി ഒന്നുമില്ലേ ഇരുണ്ടു പോകാതെ ഫോട്ടോ എടുക്കാന്‍ ?
അവസ്ഥാന്തരബ്ലോഗിന്റെ ഉടമേ !! (പേരറിയില്ലല്ലോ) ഇതൊരു നല്ല ചോദ്യമായിപ്പോയി! കാനൻ ഡി1000 ക്യാമറയുടെ കുഴപ്പം കൊണ്ടല്ല താങ്കൾ എടുത്ത സിറ്റുവേഷനിൽ ഫോട്ടോ ഉദ്ദേശീച്ചതുപോലെ ലഭിക്കാഞ്ഞത്. ഷട്ടർ സ്പീഡ് രണ്ട് സെക്കന്റ് വരെ കുറച്ചാൽ രാത്രികാല ഫോട്ടോകൾ കൃത്യമായി കിട്ടും എന്നതും തെറ്റിദ്ധാരണയാണ്. ഏതു സിറ്റുവേഷൻ ആയാലും, ഒരു ചിത്രം വ്യക്തമായി സെൻസറിൽ പതിയുവാൻ ഒരു കൃത്യ എമൌണ്ട് ലൈറ്റ് ക്യാമറയ്ക്കുള്ളിലേക്ക് കടക്കേണ്ടതുണ്ട്. അതു ചിലപ്പോൾ ഒരു സെക്കന്റിന്റെ നാലായിരത്തിലൊന്നു സമയം കൊണ്ട് കടന്നേക്കാം. ചിലപ്പോൾ വളരെയേറേ സെക്കന്റുകളും വേണ്ടിവന്നേക്കാം.... അത് ക്യാമറയുടെ കുഴപ്പമല്ല... താങ്കൾ പാഠം 9 എന്ന അദ്ധ്യായവും, 14, 15, 18 എന്നീ അദ്ധ്യായങ്ങളും ഒന്നു മനസ്സിരുത്തിവായിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു.
അപ്പു ,
ക്യാമറയുടെ കുഴപ്പം അല്ല എന്നറിയാമായിരുന്നു,
tripod ഇല്ലായിരുന്നതിനാല്‍ ആ അവസരത്തില്‍ 2 second ഇലും കുറഞ്ഞ ഒരു ഷട്ടര്‍ സ്പീഡ് നോക്കുന്നതില്‍ അര്‍ഥം ഇല്ലായിരുന്നു , ഫ്ലാഷ് അടിച്ചാല്‍ കിടുന്ന ദൂരത്തിലും ആയിരുന്നില്ല താനും ..നല്ല ഇരുണ്ട ആകാശത്തിലെ നക്ഷത്രങ്ങളെ പകര്‍ത്തുന്ന പോലെ ഇരുന്നു എന്ന് വേണേല്‍ പറയാം .. ഇത്തരം അവസരങ്ങളില്‍ ഒരു tripod ആവശ്യം ആണല്ലേ എന്ന് ചോദിക്കുവനാണ് ഞാന്‍ ഉദ്ദേശിച്ചത്
അപ്പു,
വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.വായിച്ചിടത്തോളം വളരെ വളരെ നന്നായിരിക്കുന്നു.നൂറായിരം സംശയങ്ങളുമായി ഉടന്‍ തിരിച്ചു വരാം!
ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്നത് കേട്ട് ഞാനും ഒന്നില്‍ ചാടിവീണിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട്.നല്ലൊരു ഫോട്ടോഗ്രാഫറാണെന്നേ ആദ്യം കരുതിയിരുന്നുള്ളൂ..പുപ്പുലിയാണെന്നു പോസ്റ്റ് വായിച്ചപ്പോഴാ മനസ്സിലായത്.ഒരു പാട് ഉപകാരപ്രദമാണ് എന്നെ പോലുള്ള തുടക്കക്കാര്‍ക്ക് താങ്കളുടെ ബ്ലോഗുകള്‍
Thank you for this useful post. Expecting a detailed article on manual operations in a Bridge camera.
അപ്പുമാഷേ,
I reserve my gratitude.
എല്ലാ പാഠങ്ങളും ഒന്നു മനസ്സിരുത്തി പഠിക്കണം.
ഇടയ്ക്ക് മാഷെ സംശയം ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കില്ല.
ക്യാമറ വാങ്ങുന്നവർക്ക് നല്ല കുറേ ഉപദേശങ്ങൾ....ഈ ഭാഗം ഞങ്ങളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ തരാമോ?. അറിയിക്കുക.നന്ദി- വിൻസ് മാത്യു.
www.keralagraph.com, my email nmvins@gmail.com
അപ്പു മാഷേ..
ഞാന്‍ അകെ കണ്ഫ്യൂഷന് ലാണ്..ഒരു SLR വാങ്ങണം entry level മതി..
nikon D5100 and canon EOS 550D ഇവ രണ്ടും ഏതാണ്ട് ഒരേ features ആണ്. sensor size കുറച്ചു (കൂടുതല്‍ nikon ആണല്ലോ, അതെന്താണ്? അതിനു എന്തെന്ടിലും വ്യത്യാസം ഉണ്ടോ? താങ്കളുടെ വിലയേറിയ ഉപദേശം ആവശ്യമാണ്.. "കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..!!"
വളരെ ഉപയോഗപ്രദമായ പോസ്റ്റ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അറിവുകൾ പങ്കുവെച്ചതിനു നന്ദി.
തീര്‍ച്ചയായും വളരെ പ്രയോജനപ്രദമായ പോസ്റ്റ് തന്നെ. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടും... നന്ദി.ഞാന്‍ ഇരുപത് വര്‍ഷത്തോളം കൊണ്ട് സൗദി അറേബ്യ യില്‍ ഫോട്ടോഗ്രാഫര്‍ ആണ് ഞാന്‍ ഒരു പാട് slr കല്‍ യുസ് ചെയ്തിട്ടുണ്ട് mamiya c 220 (120 ) yashicaa 124 g ( 120 ) canon T 60 ( 135 mm ) dslr nikkon D 70 D 40 ( p & s nikon coolpix 4500 nikon coolpix 7900 ) etc ,,, എങ്കിലും ഇതില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു തുടര്‍ന്നും ഇങ്ങിനെയുള്ള അറിവുകള്‍ തന്നു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
തീര്‍ച്ചയായും വളരെ പ്രയോജനപ്രദമായ പോസ്റ്റ് തന്നെ. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടും... നന്ദി.ഞാന്‍ ഇരുപത് വര്‍ഷത്തോളം കൊണ്ട് സൗദി അറേബ്യ യില്‍ ഫോട്ടോഗ്രാഫര്‍ ആണ് ഞാന്‍ ഒരു പാട് slr കല്‍ യുസ് ചെയ്തിട്ടുണ്ട് mamiya c 220 (120 ) yashicaa 124 g ( 120 ) canon T 60 ( 135 mm ) dslr nikkon D 70 D 40 ( p & s nikon coolpix 4500 nikon coolpix 7900 ) etc ,,, എങ്കിലും ഇതില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു തുടര്‍ന്നും ഇങ്ങിനെയുള്ള അറിവുകള്‍ തന്നു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
അപ്പു, ഇതിലുള്ള മിക്ക ഉപ'linkഉം right click ചെയ്ത് new tab-ല്‍ തുറക്കാന്‍ കഴിയുന്നില്ലല്ലോ. അതിനെന്താ ഒരു വഴി? ക്ലിക്ക് ചെയ്യുമ്പോള്‍ വേറെ പേജില്‍ പോകുന്നത് കൊണ്ട് വായന മുറിഞ്ഞു പോകുന്നു.
by the way, ഇത്തരമൊരു subject ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനങ്ങള്‍!
very good , am looking for this kind of review..nice one .
ഫോട്ടോഗ്രാഫിയെ സീരിയസ്സായി സമീപിക്കാനൊരുങ്ങുന്ന (അതോടൊപ്പം ബ്ലോഗിങ് വിടാനും ഒരുങ്ങുന്ന) എന്നെ പോലുള്ള വ്യക്തികള്‍ക്ക് ഈ ഒരൊറ്റ പോസ്റ്റ് തന്നെ വളരെ വിജ്ഞാന പ്രദമായി തോന്നി...വളരെ നന്ദി അപ്പു മാഷേ....
ഇനി ഓരോ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ ഫോട്ടോയെടുത്തു മരിക്കും.....
സാധനസാമഗ്രികള്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞു...കാനണ്‍ 550 ഡി വിത്ത് 18 -135 mm കിറ്റ് ലെന്‍സ്, എക്സ്റ്റെനാല്‍ ഫ്ലാഷ്, തുടങ്ങി ബേസിക് ആക്സസ്സരീസ് എല്ലാം...
ഇപ്പോ പട്ടിക്കു മുഴോന്‍ തേങ്ങ കിട്ടിയ പോലെ!!! (ചാണ്ടിക്ക് DSLR കിട്ടിയ പോലെ എന്നും പറയാം)
Ithinu sesham vere post onnum ittille?
appu sir
lens il f4,f2.8,f1.4 ennum ezuthiyittunde ethu thammil enthane difference
by abu frm sharja
appu sir
lens il f4,f2.8,f1.4 ennum ezuthiyittunde ethu thammil enthane difference
by abu frm sharja
അബു, ഇത് ലെൻസിന്റെ അപ്പർച്ചർ സൈസ് ആണു. ഈ ചാപ്റ്റർ ഒന്നുവായിച്ചു നോക്കൂ. മറുപടി കിട്ടും.
appu sir
lens il f4,f2.8,f1.4 ennum ezuthiyittunde ethu thammil enthane difference
by abu frm sharja
appu sir
lens il f4,f2.8,f1.4 ennum ezuthiyittunde ethu thammil enthane difference
by abu frm sharja
വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്.
aashamsakal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane....
അപ്പു മാഷെ ഞാന്‍ ഒരു Canon EOS 550D ക്യാമറ വാങ്ങാന് ഉദ്ദേശ മുണ്ട് എനിക്ക് ഒരു അഭിപ്രായം തരാമോ?
ഷാനവാസ്, 550D ക്യാമറ നല്ലതുതന്നെ.
അപ്പുമാഷേ, ഞാനും ഒരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. കാനന്‍ 550 ഡി / 600 ഡി വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വായിച്ചതില്‍ നിന്നും എനിക്ക് തോന്നുന്നത്, ക്യാമറയുടെ ഒപ്പം കിട്ടുന്ന ലെന്‍സ് എന്‍ട്രി ലെവല്‍ ആയിരിക്കും അല്ലെ. അതു കൊണ്ട് ക്യാമറ ബോഡി മാത്രം വാങ്ങിയിട്ട് ലെന്‍സ് വേറെ വാങ്ങിന്നതായിരിക്കുമോ നല്ലത്..?
അപ്പുമാഷിന്റെ അഭിപ്രായം എന്താണ്..? ലെന്‍സ് സെപ്പറേറ്റ് വാങ്ങുന്നതാണ് നല്ലതെങ്കില്‍ ഏത് റേഞ്ചില്‍ ഉള്ളതായിരിക്കണം..? 550 ഡി / 600 ഡി യില്‍ ഏതാണ് മാഷിന് നല്ലതായി തോന്നുന്നത്..?
ഒന്ന് സഹായിക്കണേ......
റൊമ്പ നണ്ട്രി.ലെന്സുകളെ പറ്റിയും എഴുതൂ (DSLR വാങ്ങി)
സര്‍, ഞാനൊരു Canon 550d വാങ്ങി, 18-55 lence കൂടെ വാങ്ങിയെങ്കിലും, രണ്ട് ദിവസം കഴിഞ്ഞ്, വീണ്ടുമൊരു 70-300 lence വാങ്ങി, ഇപ്പോള്‍ കുറുക്കന്‍ ആമയെ കിട്ടിയ അവസ്ഥയിലാണു ഞാന്‍, ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല, സഹായിക്കണം...
എന്റെ പേര് ANTO JOSE......ഞാൻ അടുത്തിടെ ഏകദേശം ഒരു മൂന്ന് മാസം മുന്പ് ഒരു dslr ക്യാമറ [canon 1100] വാങ്ങി....ഒരു പഴയ മോഹൻലാൽ പടത്തിൽ പറയുന്നപോലെഒരു കുഞ്ഞു ക്യാമറ വാങ്ങണം എന്നാ ആഗ്രഹവുമായി ആദ്യമായി നെറ്റിൽ പരതിയപ്പോ ഇതേ കിടക്കുന്നു കഴ്ച്യ്കിപ്പുരം ബ്ലോഗ്പോസ്റ്റ്....പിന്നെ ഒന്നും നോക്കിയില്ല ബ്ലോഗ് വയിച്ചുതീര്നതും ഞാനും നമ്മടെ കൂടുകാരും ഫ്ലാറ്റ്...കോഴിയെ മേടിക്കാൻ പോയ നമ്മൾ കോഴിക്കുടും വാങ്ങിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.അന്ദസിനു ഒരു കുറവും വരുത്തിയില്ല കുവൈറ്റിൽ ഉള്ള സുഹൃത്തിനോട് ഒരെണ്ണം ഇങ്ങട് എടുത്തോളാൻ പറഞ്ഞു.പിന്നെ അവൻ എയർപോർട്ടിൽ കാല് വച്ചതെ ഞാൻ ചോദിച്ചു {നടൻ സോമേട്ടൻ CIDകൽകു പഞ്ഞുകൊടുത്ത പാസ്സ്‌വേർഡ് പോലെ ഞാൻ ചോദിച്ചു സാധനം കയിൽ ഉണ്ടോ} അവനു ബോധിച്ചില്ലെങ്കിലും അപ്പൊ തന്നെ ഒന്നേ ഇരുത്തി മൂളി മ്മ്മം,,,ഇപ്പൊ പ്രശ്നം എന്താ എന്ന് വച്ചാൽ ഒന്നേ പണി പയറ്റി തെളിയുന്നെ ഉള്ളു.അപ്പൊ ദെ കിടക്കുന്നു ചട്ടിയും ചോറും.ലെൻസിൽ fungus കയറി.വരാളെ ശ്രദ്ധയോടെ ആണേ ഞാൻ ഇവനെ നോക്കികൊണ്ടിരുന്നെ.എനിക്കെ അറിയാവുന്ന ആൾക്കാർ ഉപയോഗിക്കുന്ന പോലെ തന്ന ഞാനും ഉപയോഗിച്ചേ.പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ.എന്റെ റൂമിൽ എര്പ്പം കൂടുതൽ ആണെന്ന് തോന്നുന്നു ഇപ്പോഴും ക്യാമറ ബാഗിൽ പൂപ്പൽ പട്ടിപ്പിടിസ് ഇരിക്കുന്നത് കാണാം.ഇതിപ്പോ എങ്ങനെ വന്നു....എങ്ങോട്ട് വിടാം....എപ്പോ തിരിച്ചു വരും...ഇനി വരാതിരിക്കാൻ എന്ത്
ചെയ്യണം....എന്ന് ഒന്ന് പറയാമോ..എനിക്ക് ഒരു ചെറിയ ജോലി ഗൾഫിൽ കിട്ടി .ഞാൻ ഒരു 4 ദിവസത്തിനകം പോകും അതിനു മുന്പ് എന്തെങ്കിലും..........???
അപ്പുവേട്ടാ വായിച്ചു! നന്നായിട്ടുണ്ട്
കാര്യങ്ങള്
വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നുഇതൊക്കെ വായിച്ച് പഠിച്ച് ഞാനും െചറിെയാരു
ഫോട്ടോഗ്രാഫറാവണം ഞാന് ഒരു Canon EOS 1200D Double Zoom kit (18-55mm
+55-250 omm,18.0 mp ഒരു പുതിയ ക്യാമറ വാങ്ങാന് ഉദ്ദേശ മുണ്ട് എനിക്ക്
ക്യാമറയെ കുറിച്ച് വലിയ അറിവൊന്നും ഇല്ല
അത് കൊണ്ട്
ഒരു അഭിപ്രായം തരാമോ? ഫോട്ടോഗ്രാഫിയില് എനിക് ഇഷ്ടപ്പെട്ട
മേഖല മാക്രോ ഫോട്ടോഗ്രാഫി ആണ്
ലെന്സുകളെ പറ്റിയുംഞാന് അകെ കണ്ഫ്യൂഷന് ലാണ്..ഒരു SLR
വാങ്ങണം.നല്ലൊരു
ഫോട്ടോഗ്രാഫറാണെന്നേ ആദ്യം കരുത
ിയിരുന്നുള്ളൂ. അപ്പുവേട്ടന്‍റ പോസ്റ്റ്
വായിച്ചപ്പോഴാ മനസ്സിലായത്.ഒരു പാട്
ഉപകാരപ്രദമാണ് എന്നെ പോലുള്ള പുതു
മുഖങള്‍ക് പുതിയതായ പല
കാര്യങ്ങളും പഠിക്കാന് സാധിച്ചിട്ടുണ്ട്. വിജ്ഞാന
പ്രദമായി തോന്നി.
അറിവുകൾ പങ്കുവെച്ചതിനു നന്ദി. അപ്പുവേട്ടാ
അറിവുകൾ പങ്കുവെച്ചതിനു നന്ദി. അപ്പുവേട്ടാ...
I follow your blog It was nice, all student who are interest in photography contact us :-
The school of photography new generation photography classes are helping all individual get equipped on the art and carry it landscape photography out at ease. There are all new things with the intention of can help them to photography tutorials complete the work as per the directives. The role of the work has been all necessarily to make it get the new generation systems photography classes on behalf of use.
ഉപകാരപ്രദമായ പോസ്റ്റ്,എനിക്കും ഒരു എന്‍ട്രി ലെവല്‍ DSLR Camera വാങ്ങണം നിലവിലെ ഗുണമേന്മയുള്ള cameras പരിചയപ്പെടുതിയാല്‍ ഉപകാരമാവും..
അപ്പുമാഷേ,
സൂപ്പർ, DSLR വാങ്ങാൻ മുട്ടി നിൽക്കുന്ന എല്ലാവർക്കും ഉപകാരമുള്ള ഒരു പോസ്റ്റ് ആണ്.
ഞാനും ഒരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. കാനന്‍ 70 ഡി വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത്. കൂടെ 18-55mm ലെൻസ് (ഒരു തുടക്കകാരൻ ആണേ) എന്തെങ്കിലും ഉപദേശം ഉണ്ടോ? ഇതല്ലെങ്ങിൽ വേറെ മോഡൽ suggest ചെയ്യാമോ.
അപ്പു സർ,
ഞാനും ഒരു DSLR ക്യാമറ വെടിക്യനുള്ള ത്രില്ലിൽ ആണ് . Choose ചെയ്ത Camera EOS1200D & EOS 700D ആണ് . എന്നിൽ ഒതുഗുന്ന ഒന്നാണ് ഞാൻ Select ചെയ്തത്.എനിക്ക് അറിയന്ടെത് Body മറ്റ്രെഉം വെടിക്യാണോ. അല്ലെങ്കിൽ Bodyum lenseum കൂടെയുള്ളത് വെടികുന്നതാണോ നല്ലത് എന്നു. അഥവാ lense വെടിക്യണേൽ 18mm 55 or 70 mm300 ഏതാ നല്ലത് ?
താങ്ക്യു ..... ഒരുപാടു അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....
ക്യാമറയെ കുറിച്ച് ഒരുപാട് വിവരങ്ങൾ കിട്ടി .വളരെ പ്രയോജനപ്രദമായിരുന്നു .ഒരായിരം നന്ദി .
ഒരു ചോദ്യമാണ് ?
35 meter അകലെ നിൽക്കുന്ന ഒരാളുടെ ഫോട്ടോ എടുക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് ഫോക്കൽ ആകണമെങ്കിൽ ഏത് ലെൻസ് വേണം ഉപയോഗിക്കാൻ?
ബാക്ക്ഗ്രൗണ്ട് മൊത്തം ഫോക്കസിൽ വരണമെങ്കിൽ വൈഡ് ആംഗിൾ ലെൻസ് (50 എം.എം ൽ താഴെ) ഉപയോഗിച്ചാൽ മതി
ക്യാമറ കുറച്ചു കാലം ഉപയോഗിക്കാതെ വച്ചാല്‍ വല്ല കുഴപ്പവുമുണ്ടോ പോസ്റ്റ് വളരെ ഉപകാരപ്രതമായിരുന്നു വളരെയേറെ നന്ദി
അപ്പു മാഷേ, ഞാന്‍ canon 750D / 760D വാങ്ങാന്‍ പ്ലാന്‍ ചെയുന്നു, ഏതാണ് നല്ലത് 760D യില്‍ 18-135 ലെന്‍സ് കിറ്റ് കൂടെയുണ്ട്, പക്ഷെ മാഷ് പറഞ്ഞത് പോലെ sigma, tamaron lens നല്ലതാണെങ്കില്‍ sigma 18-200 /18-250 യെപറ്റി എന്താണ് അഭിപ്രായം.
760D / 750D body വാങ്ങിയാല്‍ ഇതില്‍ ഇതു ലെന്‍സ് വാങ്ങും,
Canon EF-S 18-135mm F3.5-5.6 IS STM
sigma 18-200mm F3.5-6.3 DC Macro OS HSM | C
Sigma 18-250mm f3.5-6.3 DC MACRO OS HSM
കുറേ നാളായി അന്വേഷണം തുടങ്ങിയിട്ട്, കഴിഞ്ഞ ദിവസമാണ് ഈ ബ്ലോഗ് കണ്ടത്.
വളരെ ഉപകാരപ്രദമാണ്.
Canon D750 വാങ്ങാൻ ഉദ്യേശിക്കുന്നു.. യൂടൂബിൽ റിവ്യൂ കണ്ടപ്പൊൾ iso 12600 വരെ കൊടുത്തിട്ടും നോയിസ് ഇല്ലെന്നുള്ളതാണ്..
എന്നാൽ ഉപയോഗിച്ച ഒരാൾ പറഞ്ഞത് iso 1600 ആവുമ്പോഴേ.. നോയിസ് വരുന്നുണ്ടെന്നാണ്.. ഇത് എന്നെ കൺഫ്യൂഷനാക്കുന്നു..!! നല്ലൊരു അഭിപ്രായം പറഞ്ഞു തരാാമോ? 750 എന്നത് മിഡ്രേഞ്ചാാണോ അതോ എന്റ്രി ലവലാണൊ..?
Thanks for sharing for this amazing information. I love DSLRs cameras, kidly check my review on canon 700d price in India.
Good information... Thanks
Post a Comment