ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, July 2, 2009

പാഠം 18: ISO സെറ്റിംഗുകളും എക്സ്പോഷറും

കഴിഞ്ഞ നാല് അദ്ധ്യായങ്ങളിലായി എക്സ്പോഷറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നാം ചർച്ചചെയ്തുകൊണ്ടിരുന്നത്. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനമായ എക്സ്പോഷർ ത്രികോണ ത്തിലെ മൂന്നാമത്തെ അംഗത്തെക്കൂടി പരിചയപ്പെട്ടിട്ട് എക്സ്പോഷറിനെപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കാം.

ഒരു എക്സ്പോഷർ സെറ്റിംഗ് നിർണ്ണയിക്കുന്ന മുന്ന് അടിസ്ഥാനകാര്യങ്ങളായ അപ്പർച്ചർ, ഷട്ടർ സ്പീഡ്, ISO സെറ്റിംഗുകൾ എന്നിവയാണല്ലോ ഈ ത്രികോണത്തിലെ മൂന്ന് കോണുകളെ പ്രതിനിധാനം ചെയ്യുന്നത്. ഇതില്‍ ആദ്യത്തേതു രണ്ടും നാം വിശദമായി പഠിച്ചു. മൂന്നാമത്തെ ഘടകമായ ISO യും പ്രകാശനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയാണു ചെയ്യുന്നതെങ്കിലും അതിന്റെ പ്രവര്‍ത്തന സംവിധാനം ഒരൽ‌പ്പം വ്യത്യസ്തമാണ്. നമുക്കറിയാം, അപ്പർച്ചറും ഷട്ടറും ക്യാമറയ്ക്കുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ Physically നിയന്ത്രിക്കുന്ന ഘടങ്ങളാണ്. അതേസമയം ISO എന്നത് ഒരു ഡിജിറ്റൽ ക്യാമറയുടെ സെന്‍സറില്‍ നിന്നു ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട കാര്യമാണ്.

ഫോട്ടോഗ്രാഫിക് സെൻസറിന്റെ വിശദമായ ഘടന ഈ ബ്ലോഗിലെ പാഠം 4 - ഡിജിറ്റല്‍ ചിത്രങ്ങള്‍, പാഠം 6 - സീമോസും സിസിഡിയും എന്നീ അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. “ISO സെറ്റിംഗുകളും നോയിസും” എന്ന അദ്ധ്യായത്തിൽ സെൻസറിന്റെ സെൻസിറ്റിവിറ്റി എന്നാൽ എന്താണെന്നും വിശദീകരിച്ചിരുന്നു. ഒന്നുകൂടി പെട്ടന്ന് ഓർമ്മപ്പെടുത്താം. സെൻസിറ്റിവിറ്റി എന്നാൽ ഒരു ഡിജിറ്റല്‍ ക്യാമറയുടെ സെൻസറിന്റെ പ്രകാശസംവേദനക്ഷമതയാണ്. ഓരോ സെൻസറിനും അതിനു സ്വതവേയുള്ള ഒരു സെൻസിറ്റിവിറ്റിയുണ്ടാവും. അതിൽ നിന്നു ലഭിക്കുന്ന സിഗ്നലുകളെ വർദ്ധിതമാക്കിയാണ് (amplify) നമുക്ക് ലഭിക്കുന്ന ചിത്രങ്ങളുടെ ഡേറ്റയുണ്ടാക്കുന്നത്. സെന്‍സിറ്റിവിറ്റി കൂട്ടുമ്പോള്‍ ഇപ്രകാരം സെന്‍സറില്‍ നിന്നു ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളുടെ ആം‌പ്ലിഫിക്കേഷന്‍ ആണു കൂട്ടുന്നത്. തന്മൂലം ഒരു പ്രധാന പ്രശ്നം നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഡേറ്റയുണ്ടാക്കുവാനുള്ള ഇലക്ട്രിക് സിഗ്നലുകളോടൊപ്പം, നമുക്ക് വേണ്ടാത്ത ‘നോയിസ്’ സിഗ്നലുകളും ആം‌പ്ലിഫൈ ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് വളരെ ഉയര്‍ന്ന ISO നമ്പറുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് നോയിസ് ഉണ്ടാകുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ ഉയര്‍ന്ന ISO നമ്പറുകളില്‍ പൊതുവേ കൂടുതലായി നോയിസ് ബാധിക്കപ്പെടുന്നു. SLR കളില്‍ അത്രത്തോളം ഈ പ്രശ്നം കാ‍ണാറില്ല. ഇതിന്റെ കാര്യകാരണങ്ങള്‍ വിശദമായി അറിയാന്‍ താല്പര്യമുള്ളവര്‍ പാഠം 10: ISO സെറ്റിംഗുകളും നോയിസും എന്ന അദ്ധ്യായം ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.

ഈ അദ്ധ്യായത്തില്‍ നമ്മുടെ ചര്‍ച്ചാവിഷയം അതല്ല. എക്സ്പോഷര്‍ നിര്‍ണ്ണയത്തില്‍ ISO യുടെ പങ്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ്. ഇപ്പോഴത്തെ പുതിയ മോഡല്‍ ക്യാമറകളിലെല്ലാം തന്നെ ഉയര്‍ന്ന ISO റേറ്റിംഗ് ഒരു (മാര്‍ക്കറ്റിംഗ്) പ്ലസ് പോയിന്റായി എടുത്തുകാട്ടാറുണ്ടല്ലോ. ISO 3200 വരെ ലഭ്യമായ ഡിജിറ്റല്‍ ക്യാമറകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനു മുമ്പായി ഒരു പ്രാക്റ്റിക്കല്‍ രംഗം ഒന്നു നോക്കാം. ഒരു സ്റ്റേജില്‍ കഥകളി നടക്കുന്നു. നിങ്ങള്‍ അതിലെ ചില രംഗങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തുവാനായി സദസില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സദസ്യര്‍ക്ക് ശല്യമുണ്ടാക്കാതെ ക്യാമറ ട്രൈപ്പോഡില്‍ ഉറപ്പിച്ച്, ക്യാമറയില്‍ ഒരു 300 mm സൂം ലെന്‍സും പിടിപ്പിച്ച് നിങ്ങള്‍ ഫോട്ടോയെടുക്കുവാനായുള്ള തയ്യാറെടുപ്പിലാണ്. രംഗത്തെ ലൈറ്റ് സെറ്റിംഗ് ഉപയോഗിച്ചു വേണം ഫോട്ടോയെടുക്കുവാന്‍, ഫ്ലാഷിന്റെ പരിധി അവിടെ വരെ എത്തുന്നില്ല. ലൈറ്റ് കുറവായതിനാല്‍ ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ തുറന്നു വച്ചിരിക്കുകയാണ്. ISO 200 ല്‍ സെറ്റ് ചെയ്തിരിക്കുന്നു.

ക്യാമറയിലെ ലൈറ്റ് മീറ്റര്‍ ഈ രംഗത്തിനു അനുയോജ്യമായ എക്സ്പോഷര്‍ f/4, 1/30 sec എന്നു കാണിക്കുന്നുണ്ടെന്നിരിക്കട്ടെ. പക്ഷേ കഥകളി നടന്മാരുടെ ചലനങ്ങള്‍ അല്പം ദ്രുതഗതിയിലായതിനാല്‍ എടുക്കുന്ന പടങ്ങളിലെല്ലാം കൈകളുടെ ചലനം ദൃശ്യമാവുന്നു. എന്തുചെയ്യും? ഷട്ടര്‍ സ്പീഡ് 1/125 സെക്കന്റ് എന്നാക്കി മാറ്റിയാല്‍ ഈ പ്രശ്നം ഒഴിവായിക്കിട്ടും എന്നു നിങ്ങള്‍ക്കറിയാം. അതായത് ഷട്ടര്‍ സ്പീഡ് സ്കെയിലിലെ രണ്ട്ഫുള്‍ സ്റ്റോപ്പുകള്‍ക്കു മുകളില്‍ (ഷട്ടര്‍, അപ്പര്‍ച്ചര്‍ സ്കെയിലുകള്‍ ഓര്‍മ്മയില്ലാത്തവര്‍ അതാതു അദ്ധ്യായങ്ങള്‍ നോക്കുക)‍. പക്ഷേ ഷട്ടര്‍ സ്പീഡില്‍ രണ്ടു സ്റ്റോപ്പുകള്‍ മുകളിലേക്ക് പോയാല്‍, f/4, 1/30 sec എന്നതിനു തത്തുല്യമായ എക്സ്പോഷര്‍ ലഭിക്കാന്‍ അപ്പര്‍ച്ചര്‍ സ്കെയിലില്‍ രണ്ട് ഫുള്‍ സ്റ്റോപ്പുകള്‍ താഴേക്ക് പോകേണ്ടതുണ്ട് (f/2) എന്നറിയാമല്ലോ? പക്ഷേ ഇത്രയും ചെറിയ അപ്പര്‍ച്ചര്‍ നമ്പര്‍ നിങ്ങളുടെ കൈയ്യിലുള്ള ലെന്‍സില്‍ ലഭ്യമല്ല എന്നിരിക്കട്ടെ. ഈ സാഹചര്യത്തിലാണ് ISO ഫോട്ടോഗ്രാഫറുടെ സഹായത്തിനെത്തുന്നത്! അദ്ദേഹം ISO 200 എന്നത് ISO 800 എന്ന് മാറ്റി സെറ്റ് ചെയ്യുന്നു. ഷട്ടര്‍ സ്പീഡ് 1/125 എന്നാക്കി മാറ്റിക്കൊണ്ട് f/4 എന്ന അപ്പര്‍ച്ചറില്‍ ചിത്രം എടുക്കുന്നു. ഹാവൂ, ആശ്വാസം! ഒരു പ്രശ്നവുമില്ല.

ഇവിടെ എന്താണ് ക്യാമറ ചെയ്തത് എന്നു മനസ്സിലായല്ലോ? ഷട്ടര്‍ സ്പീഡ് മൂന്നു സ്റ്റോപ്പുകള്‍ മുകളിലേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച പ്രകാശക്കുറവ് പരിഹരിക്കുവാനായി, സെന്‍സറിന്റെ സിഗ്നല്‍ ആം‌പ്ലിഫിക്കേഷന്‍ അതിനു തുല്യമായ അളവില്‍ വര്‍ദ്ധിപ്പിച്ചു. അങ്ങനെ കൂടുതല്‍ പ്രകാശം ക്യാമറയിലേക്ക് കടന്ന ഒരു പ്രതീതി ഉണ്ടാക്കിത്തീര്‍ത്തു. അതായത് ഒരു ഫുള്‍ സ്റ്റോപ്പ് എക്സ്പോഷര്‍ മാറ്റത്തിനു തുല്യമായ എഫക്റ്റാണ് ഒരു ഫുള്‍ സ്റ്റോപ്പ് ISO സെറ്റിംഗ് മാറ്റത്തിലൂടെ നമുക്ക് ലഭ്യമാവുന്നത്.


ഷട്ടറിന്റെയും, അപ്പര്‍ച്ചറിന്റെയും ഫുള്‍‌സ്റ്റോപ്പ് സ്കെയിലുകളെ പരിചയപ്പെട്ടതുപോലെ ISO യുടെ സ്കെയില്‍ കൂടി ഒന്നു പരിചയപ്പെടാം. സാധാരണയായി ISO സ്കെയില്‍ ആരംഭിക്കുന്ന നമ്പര്‍ വിവിധ ക്യാമറകളില്‍ വ്യത്യസ്തമാണ്. എങ്കിലും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ 50, 100 എന്നിവയില്‍ ഒന്നിലോ SLR ക്യാമറകളില്‍ 100, 200 എന്നീ നമ്പറുകളില്‍ ഒന്നിലോ ആണ് ISO ആരംഭിക്കുന്നതായി കാണുന്നത്. എവിടെനിന്നാരംഭിക്കുന്നു എന്നതിലല്ല, അവയുടെ നമ്പര്‍ കൂടുന്ന ക്രമം അനുസരിച്ചാണ് ഏതു സ്കെയിലിലാണ് അവ സെറ്റ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത്.

ISO യുടെ ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇപ്രകാരമാണ്.

ISO scale full stop 100 200 400 800 1600


എങ്കിലും ഇന്നത്തെ ക്യാമറകളില്‍ ഫുള്‍ സ്റ്റോപ്പ് സ്കെയിലുകളേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് കൂടുതല്‍ ഫൈന്‍ട്യൂണീംഗ് സാധ്യമായ 1/3 സ്റ്റോപ്പ് സ്കെയില്‍ ആണെന്ന് അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്കെയിലുകളെപ്പറ്റി ചര്‍ച്ച ചെയ്ത അവസരത്തില്‍ പറഞ്ഞിരുന്നല്ലോ. ഇവിടെയും അതേപോലെ 1/3 increments ലുള്ള ഒരു സ്കെയില്‍ ലഭ്യമാണ്. അതിപ്രകാരമാണ്.

ISO scale
1/3 stops
100 125 160 200 250 320
400 500 640 800 1000 1250
1600


നിങ്ങളുടെ ക്യാമറയിലെ ISO സെറ്റിംഗ് മാറ്റുമ്പോള്‍ ഏറിയകൂറും ഇപ്രകാരമായിരിക്കും നിങ്ങള്‍ക്ക് ISO സ്കെയില്‍ ലഭിക്കുക. മിക്കവാറും എല്ലാ ക്യാമറകളും ഓട്ടോ ISO എന്നൊരു സെറ്റിംഗ് തരുന്നുണ്ട്. ഇവിടെ പ്രോഗ്രാം മോഡുകളില്‍ ഫോട്ടോഗ്രാഫര്‍ സെറ്റ് ചെയ്യുന്ന അപ്പര്‍ച്ചര്‍, ഷട്ടര്‍ കോമ്പിനേഷനുകളുടെ ഉള്ളില്‍ത്തന്നെ എക്സ്പോഷര്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധ്യമാവുന്ന ഒരു ISO സെറ്റിംഗ് ക്യാമറ സ്വയം തെരഞ്ഞെടുക്കുന്നു. എന്നാല്‍ ആദ്യം സൂചിപ്പിച്ചതുപോലെ വളരെ ഉയര്‍ന്ന ISO നമ്പറുകളില്‍ നോയിസ് ശല്യം ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ഈ സൌകര്യം disable ചെയ്യുകയോ അല്ലെങ്കില്‍ ഒരു പരിധിക്കുള്ളില്‍ മാത്രം ഓട്ടോ സെലക്ഷനു അനുമതി നല്‍കുകയോ ചെയ്യാവുന്നതാണ്.

ഉയര്‍ന്ന ISO സെറ്റിംഗുകളിലെ നോയിസ് കുറയ്ക്കുവാനായി പല പ്രതിവിധികളും വിവിധ ക്യാമറ നിര്‍മ്മാതാക്കള്‍ അവരുടെ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇമേജുകളെ വളരെ സോഫ്റ്റ് ആക്കിമാറ്റുന്നതാണ്. ഇതിനുപകരം ഫോട്ടോഷോപ്പില്‍ പോസ്റ്റ് പ്രോസസിംഗില്‍ നോയിസ് മാറ്റുവാനുള്ള ഫില്‍റ്ററുകള്‍ ലഭ്യമാണ്. നോയിസ് മാറ്റുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്രശ്നം നോയിസ് മാറ്റപ്പെടുന്നതിനോടൊപ്പം നല്ല ഡേറ്റയും കുറച്ചൊക്കെ നഷ്ടപ്പെടുന്നു എന്നതാണ്. ഉയര്‍ന്ന ISO സെറ്റിംഗുകളിലെ നോയിസിന് മറ്റൊരു കാരണം നീണ്ട എക്സ്പോഷറുകളാണ്. സാധാരണയായി രണ്ട് സെക്കന്റിലധികം നീളുന്ന എക്സ്പോഷറുകളില്‍, ISO 800 നു മേല്‍ സെറ്റിങ്ങുകളില്‍ നോയിസ് കൂടുതലായി കാണുന്നു. സെന്‍സറിലെ പിക്സലുകള്‍ ചൂടാവുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടുനോക്കൂ. ഇടതുവശത്തേത് ISO 1600 ല്‍ എടുത്തത് (2 sec) വലതുവശത്തേത് ISO 200 ല്‍ എടുത്തത് (6 sec).


കൂടുതല്‍ സമയം എക്സ്പോസ് ചെയ്യേണ്ട ചിത്രങ്ങളിലെ നോയിസ് കുറയ്ക്കുവാനുള്ള ഏറ്റവും നല്ല വഴി, കുറഞ്ഞ ISO സെറ്റിംഗുകളില്‍ ട്രൈപ്പോഡില്‍ വച്ച് ആ ചിത്രങ്ങള്‍ എടുക്കുക എന്നതാണ്.


തത്തുല്യമായ എക്സ്പോഷറുകള്‍: Equivalent exposures

എക്സ്പോഷറുകളെപ്പറ്റി ഇത്രയും വിശദമായി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ടാവുമല്ലോ. ഒരു പ്രത്യേക എക്സ്പോഷര്‍ എന്നത് അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയുടെ ഒരു പ്രത്യേക സെറ്റിംഗ് എന്നതിനേക്കാളുപരി ആ സെറ്റിംഗ് ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുന്ന ലൈറ്റിന്റെ അളവാണ്. അതുകൊണ്ടാണ് ഒരേ രംഗം നാം വ്യത്യസ്ത ക്യാമറകള്‍ കൊണ്ടു പകര്‍ത്തിയാലും ചിത്രങ്ങള്‍ ഒരേപോലെ ലഭിക്കുന്നത്. ഒരു പക്ഷേ അവയുടെ ഫയലുകളുടെ എക്സിഫ് ഡേറ്റ പരിശോധിച്ചാല്‍ വിവിധക്യാമറകള്‍ ഒരേ രംഗം (ഫുള്‍ ഓട്ടോ മോഡില്‍) പകര്‍ത്തിയിരിക്കുന്നത് വിവിധ സെറ്റിംഗുകളില്‍ ആണെന്നുകാണാം. എങ്കിലും ലഭിച്ചിരിക്കുന്ന റിസല്‍ട്ട് ഒന്നുതന്നെ!

ഇതിങ്ങനെ സാധ്യമാവണമെങ്കില്‍ ഈ സെറ്റിംഗുകള്‍ തമ്മില്‍ അഭേദ്യമായ എന്തോ ഒരു ബന്ധമുണ്ടാവണമല്ലോ. തീര്‍ച്ചയായും ഉണ്ട്. അതാണ് Equivalent exposures അഥവാ തത്തുല്യമായ എക്സ്പോഷര്‍ വിലകള്‍ എന്നു വിളിക്കുന്ന സെറ്റിംഗുകള്‍. അതായത് ഒരു പ്രത്യേക എക്സ്പോഷര്‍ സെറ്റിംഗിനു തുല്യമായ മറ്റു എക്സ്പോഷര്‍ വിലകള്‍ നമുക്ക് ക്യാമറയുടെ സഹായത്തോടെയോ അല്ലാതെയോ കണ്ടുപിടിക്കാം എന്നു സാരം.

ഇത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി ഒരു ഉദാഹരണം പറയാം. ക്യാമറകള്‍ ഇന്നത്തെപ്പോലെ അത്യന്താധുനിക ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നതിനു മുമ്പ് Sunny 16 Rule എന്നൊരു നിയമം പണ്ട് ഫിലിം യുഗത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്നു. വളരെ ലളിതമായ ഒരു എക്സ്പോഷര്‍ വാല്യു ആണിത്. ആകാശം മേഘാവൃതമല്ലാതെ സൂര്യന്‍ നല്ല്ല വെയില്‍ നല്‍കുന്ന തെളിഞ്ഞ കാലാവസ്ഥയുള്ള ഒരു ദിവസം, നിങ്ങളുടെ ക്യാമറയുടെ അപ്പര്‍ച്ചര്‍ f/16 ല്‍ സെറ്റ് ചെയ്താല്‍, കറക്റ്റായ ഒരു എക്സ്പോഷര്‍ ലഭിക്കുവാന്‍ നിങ്ങളുടെ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന ISO യുടെ ഗുണനവിപരീതം ഉപയോഗിച്ചാല്‍ മതി എന്നാണ് ഈ നിയമം പറയുന്നത്. ഗുണനവിപരീതം എന്നാല്‍ ISO 100 ആണെങ്കില്‍ ഷട്ടര്‍ സ്പീഡ് 1/100 (അതിന്റെ ഏറ്റവും അടുത്ത ഷട്ടര്‍ നമ്പര്‍ എന്നു സാരം) ISO 200 ആണെങ്കില്‍ 1/200 എന്നിങ്ങനെ.


എന്തേ പരീക്ഷിച്ചു നോക്കുന്നോ? SLR ക്യാമറകള്‍ കൈയ്യിലുള്ളവരെല്ലാവരും ഇതു പരീക്ഷിച്ചു നോക്കുക (മേല്‍പ്പറഞ്ഞരീതിയില്‍ ആണു വെയില്‍ ഉള്ളതെങ്കില്‍). ക്യാമറയുടെ ലൈറ്റ് മീറ്ററിനെ തല്‍ക്കാ‍ലത്തേക്ക് ഉപേക്ഷിക്കാം! ക്യാമറ മാനുവല്‍ മോഡില്‍ ഇട്ട് ISO 200 എന്നു സെറ്റ് ചെയ്യുക. അപ്പര്‍ച്ചര്‍ f/16 എന്നും ഷട്ടര്‍ സ്പീഡ് 1/200 എന്നും സെറ്റ് ചെയ്യുക. പരീക്ഷണത്തിനിടയില്‍ എക്സ്പോഷര്‍ കോമ്പന്‍സേഷനും ഒപ്പം ചേര്‍ക്കാവുന്നതാണ് (റിസല്‍ട്ട് ഉടനടി കാണാം എന്നതിനാല്‍). ഓര്‍ക്കുക ഇത് ഫോട്ടോഗ്രാഫിയുടെ വികസനകാലഘട്ടത്തില്‍, ആളുകള്‍ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു റൂള്‍ ആണ്. ഇപ്പോഴത്തെ Sophisticated light meter എക്സ്പോഷര്‍ നിര്‍ണ്ണയം പോലെ ഇത് അത്ര കിറുകൃത്യം ആവണമെന്നില്ല. മാത്രവുമല്ല, ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫിക്കുമാത്രമേ ഇതു ബാധകമായുള്ളൂതാനും.


നമ്മുടെ ചര്‍ച്ചാവിഷയം അതല്ല. ഇവിടെ സൂചിപ്പിച്ച f/16, 1/ISO എന്നതിന്റെ തുല്യമായ എക്സ്പോഷറുകള്‍, F-stop, T-stop സ്കെയിലുകള്‍ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒന്നു കണ്ടുപിടിച്ചു നോക്കാം.

നിങ്ങളുടെ ക്യാമറയിലെ 1/3 ഷട്ടര്‍സ്പീഡ് സ്കെയില്‍: (1/സ്കെയിലിലെ നമ്പര്‍ എന്നു വായിക്കുക)

2, 2.5, 3.2, 4, 5, 6. 4, 8, 10, 12, 15, 20, 25, 30, 40, 50, 60, 80, 100, 125, 160, 200, 250, 320, 400, 500, 640, 800, 1000, 1250, 1600, 2000

(ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകള്‍)

നിങ്ങളുടെ ക്യാമറയിലെ 1/3 അപ്പര്‍ച്ചര്‍ സ്കെയില്‍ :

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22, 32


നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്ന ISO 200 ആണെന്നിരിക്കട്ടെ. ഷട്ടര്‍ സ്പീഡ് ഒരു പടി മുകളിലേക്കോ താഴേക്കോ മാറ്റിയാല്‍, അപ്പര്‍ച്ചര്‍ ഒരു പടി വിപരീത ദിശയില്‍ നീക്കണം എന്നറിയാമല്ലോ? അങ്ങനെയെങ്കില്‍, നമ്മുടെ സണ്ണി 16 നിയമത്തിലെ f/16, 1/200 എന്ന എക്സ്പോഷറിനു തുല്യമായ മറ്റു എക്സ്പോഷര്‍ വിലകള്‍ ഒന്നെഴുതിനോക്കാം. (മുകളില്‍ എഴുതിയിരിക്കുന്ന സ്കെയിലുകളിലേക്ക് ഒരു കണ്ണുവേണം f16 ന്റെ ഇടത്തേക്കും, ഷട്ടര്‍ 200 ന്റെ വലത്തേക്കും ഓരോ സ്റ്റെപ്പ് കൂട്ടികൂട്ടിയാണ് താഴെ എഴുതിയിരിക്കുന്നത്)


f /16 1/200
= f/13 1/250
= f/11 1/320
= f/9.5 1/400
= f/8 1/500
= f/6.7 1/640
= f/5.6 1/800
= f/4.8 1/1000


അതുപോലെ തിരിച്ചു മുകളിലേക്കും ഇതിനു തത്തുല്യമായ എക്സ്പോഷറുകള്‍ നമുക്ക് എഴുതാവുന്നതാണ്. ഇങ്ങനെ:


f /16 1/200
= f/19 1/160
= f/22 1/125
= f/32 1/100


ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എങ്ങനെയാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ചെയ്യുമ്പോഴും, അപ്പര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി എന്നീ മോഡുകളില്‍ നമുക്ക് വേണ്ട അപ്പര്‍ച്ചറോ, ഷട്ടര്‍ സ്പീഡോ തെരഞ്ഞെടുക്കുമ്പോഴും ക്യാമറ ഇത്ര കൃത്യമായി തത്തുല്യമായി മാറേണ്ടതെന്ന് മനസ്സിലാക്കുന്നതെന്ന്! അതെല്ലാം ലളിതമായ ഗണിതസമവാക്യങ്ങളില്‍ അധിഷ്ഠിതം. ഈ ടേബിള്‍ ആരും കാണാതെ പഠിക്കണം എന്നില്ല. എങ്ങിനെയാണ് തത്തുല്യമായ എക്സ്പോഷര്‍ വിലകള്‍ കണ്ടുപിടിക്കുന്നതെന്ന് ഉദാഹരണമായി ഇതു പറഞ്ഞു എന്നു മാത്രം. (f/16, 1/200) എന്ന സെറ്റിംഗില്‍ എടുക്കുന്ന ഒരു പൂവിന്റെ ഫോ‍ട്ടോയുടെ ഡെപ്ത് ഓഫ് ഫീല്‍ഡ് കൂട്ടുവാനായി നാം f/4.8, 1/1000 എന്ന സെറ്റിംഗിലേക്ക് മാറുമ്പോള്‍ ഓര്‍ക്കുക, രണ്ടും ഫലത്തില്‍ ക്യാമറയിലേക്ക് കടത്തിവിടുന്ന പ്രകാശത്തിന്റെ അളവ് ഒന്നുതന്നെ എന്ന്. DoF എന്ന എഫക്റ്റ് കൂട്ടുവാനായി നാം അതിനു equivalent ആയ ഒരു എക്സ്പോഷര്‍ തെരഞ്ഞെടുത്തു എന്നുമാത്രം. ഇതേരീതിയില്‍, ഏതു സ്റ്റാര്‍ട്ടിംഗ് എക്സ്പോഷര്‍ വാല്യുവില്‍ നിന്നും തത്തുല്യമായ മറ്റ് എക്സ്പോഷര്‍ വിലകള്‍ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

30 comments:

ശ്രീലാല്‍ July 3, 2009 at 10:55 AM  

നന്ദി അപ്പൂസ്. വളരെ ഇൻഫോർമേറ്റിവ് ആയ ഒരു ക്ലാസിനുകൂടി.
ഈ പോസ്റ്റിനു മുൻപ്
“പാഠം 10 : ISO സെറ്റിംഗുകളും നോയിസും “ നിർബന്ധമായും വായിച്ചിരിക്കണമെന്ന് ഞാൻ പറയും.
സെൻസറിന്റെ നേറ്റിവ് ആയ സെൻസിറ്റിവിറ്റിയിൽ ചിത്രങ്ങളെടുക്കാൻ പറ്റുമോ ? - അതായത് ഐ.എസ്. ഒ. സെറ്റിംഗ്സ് ഓഫ് ചെയ്ത് (സാധ്യമാണോ ? )

- ഇതാ പുറം .. തല്ലിപ്പൊളിച്ചോളൂ... :)
ഈ പൈങ്ങോടൻ ഇന്ന് ലീവാണോ ? ഒരു കമ്പനിയില്ലല്ലോ ഈശ്വരാ തല്ലിന്.

Appu Adyakshari July 3, 2009 at 10:59 AM  

ശ്രീലാലേ, ഞാനൊരു ഇലക്ട്രോണിക്സ് വിദഗ്ദ്ധനല്ല. എങ്കിലും ഈ സംശയം തറവാടിയോടോ വല്യമ്മായിയോടോ ചോദിച്ച് ക്ലിയറാക്കാം. എന്റെ അറീവില്‍ അത് സാധിക്കുകയില്ല. കാരണം എത്ര വലിയ സെന്‍സര്‍ ആയാലും അതില്‍ നിന്നുണ്ടാകുന്ന വളരെ വളരെ ചെറിയ കറണ്ട് ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ ഡേറ്റ ഉണ്ടാക്കുവന്‍ അനുയോജ്യമാവില്ല. അതിനെ എന്തായാലും ആ‌പ്ലിഫൈ ചെയ്യേണ്ടിവരും. മറുപടിയുമായി തിരികെ എത്തുന്നതാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage July 3, 2009 at 6:16 PM  

അപ്പു ക്യാമറ വാങ്ങിപ്പിച്ചു ഇനി പഠിപ്പിച്ചു പഠിപ്പിച്ചു എന്നെ ഒരു ഫോട്ടോഗ്രാഫറാക്കിക്കളയുമോ?

ഈ ക്ലാസിനു നന്ദി ഇനി പഴയതൊക്കെ വായിക്കട്ടെ അല്ല പഠിക്കട്ടെ

ഹരീഷ് തൊടുപുഴ July 4, 2009 at 6:25 AM  

ഒന്നുകൂടി വായിക്കണം..
എല്ലാം പെട്ടന്ന് തലേലേക്ക് കയറുന്നില്ല..

ഒന്നു കൂടി വായിച്ചിട്ടു വരാം..

ശ്രീ July 5, 2009 at 11:07 AM  

നന്നായി അപ്പുവേട്ടാ...

Appu Adyakshari July 5, 2009 at 12:04 PM  

ശ്രീലാലിന്റെ ചോദ്യത്തിനുള്ള ഉത്തരം - സെൻസർ ഉണ്ടാക്കുന്ന കറണ്ട് വളരെ വളരെ ചെറുതാണ്. അതിന് ഒരു മിനിമം അളവ് ആപ്ലിഫിക്കേഷൻ എപ്പോഴും ആവശ്യമുണ്ട്.

പകല്‍കിനാവന്‍ | daYdreaMer July 5, 2009 at 2:56 PM  

അപ്പു ആശാനെ ആ ഫേസ് ഒന്ന് ടേണ് ചെയ്തേ.. ISO സെറ്റ് ചെയ്തു ഒരു പടം എടുക്കട്ടെ.. :)

അപ്പു ആശാന്‍ കീ ജയ് ..

ചാണക്യന്‍ July 5, 2009 at 4:55 PM  

അപ്പു മാഷെ..നന്ദി....

നോക്കിക്കോ ഇതൊക്കെ വായിച്ച് പഠിച്ച് ഞാനും ഇമ്മിണി ബല്യൊരു പോട്ടോം പിടുത്തക്കാരനാവും....:):):)

എന്തായാലും ഉടന്‍ തന്നെ പോട്ടോം പിടിക്കണ ഒരിഞ്ചിനു വാങ്ങണം..എന്നിട്ടാവാം പയറ്റ്:)

ഗുരുവേ നമ:

കുഞ്ഞന്‍ July 5, 2009 at 4:58 PM  

അപ്പു മാഷെ..

ഈ പാഠ ഭാഗവും വളരെ ഉപകാരപ്രദമായി, വളരെ ലളിതമായി ഉദാഹരണ സഹിതം വിവരിക്കുമ്പോള്‍ വായിച്ചു മനസ്സിലാക്കാന്‍ താല്പര്യം കൂടുന്നു. ഒരു മഹാ ഭാഗ്യമായി ഈയൊരു പോസ്റ്റിനെ ഞാന്‍ നോക്കിക്കാണുന്നു.

ഐ എസ് ഒ മോഡ് (3000) വരെ ഉള്ള ക്യാമറകള്‍ ഉണ്ടല്ലൊ, ഇത്തരം ഫെസിലിറ്റി നല്‍കുന്ന ക്യാമറകള്‍ അതിന്റെ ഗുണനിലവാരത്തെയെയാണൊ കാണിക്കുന്നത്? അതായിത് ഐ എസ് ഒ ഫസിലിറ്റി കൂടുതലുള്ള ക്യാമറ മികച്ചതാണൊ ?... എന്തു മികച്ച ക്യാമറയാണെങ്കിലും ഫോട്ടൊയെടുക്കാനറിയാന്‍ പാടില്ലെങ്കില്‍ കിം ഫലം..!!

Appu Adyakshari July 5, 2009 at 5:29 PM  

കുഞ്ഞന്‍ സാര്‍,ഐ.എസ്.ഓ 3000 ആയിരിക്കില്ല 3200 വരെയാകും (1600 ന്റെ ഇരട്ടി). ഒരു കാര്യം ശ്രദ്ധിക്കൂ, ഈ നമ്പര്‍ എത്രകൂട്ടിയാലും, ആദ്യം സെന്‍സറില്‍ വീണുകിട്ടിയ സിഗ്നലിലെ ആം‌പ്ലിഫൈ ചെയ്യുന്നു എന്നല്ലാതെ, ഫലത്തില്‍ ക്യാമറയിലേക്ക് കൂടുതല്‍ ലൈറ്റു കടത്തിവിടുകയല്ലല്ലോ. അതുകൊണ്ട് ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ ഐ.എസ്.ഓ കൂട്ടുംതോറും സിഗ്നലിനോടൊപ്പം നോയിസും വലുതായിക്കൊണ്ടേയിരിക്കും. ചിത്രം വികൃതമാവുകയും ഫലം. ഐ.എസ്.ഓ കൂട്ടലിന്റെ പിന്നിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രം ട്രൈപ്പോഡ് ഇല്ലാതെ കുറഞ്ഞലൈറ്റില്‍ ഹാന്റ് ഹെല്‍ഡ് ഫോട്ടോ എടുപ്പിക്കുക എന്നതാണ്. പക്ഷേ ട്രൈപ്പോഡിനു പകരം ട്രൈപ്പോഡേ ഉള്ളൂ. മാഷ് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച ഐ.എസ്.ഓയും നോയിസും എന്ന അദ്ധ്യായം ഒന്നു മനസ്സിരുത്തിവായിക്കൂ.

കുഞ്ഞായി | kunjai July 6, 2009 at 11:34 AM  

അപ്പു മാഷെ,
ഈ ക്ലാസും മികവ് പുലര്‍ത്തി.
നന്ദി...‘sunny 16 rule‘ പോലുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് തന്നതിന്....

പൈങ്ങോടന്‍ July 6, 2009 at 7:46 PM  

അങ്ങിനെ ഐ.എസ്.ഒ യും നമ്മുടെ കൈപ്പിടിയിലായി :)

കൂടെയുള്ള ടേബിളുകളും മറ്റും തലയില്‍ കേറാന്‍ ഇത്തിരി സമയം എടുക്കും. അതുകൊണ്ട് അതൊക്കെ വീണ്ടും വായിച്ചാലേ മനസ്സിലാകൂ.

കൂടുതല്‍ ISO ഉള്ള ക്യാമറകളെക്കുറിച്ച്പിന്നെ കുഞ്ഞന്‍ ചോദിച്ചിരിക്കുന്ന സംശയം , ശരിയ്ക്കും ആ ക്യാമറകളുടെ, എല്ലാത്തിന്റേയുമല്ലെങ്കിലും ചിലതിന്റേയെങ്കിലും, അവയുടെ ഗുണത്തെ തന്നെയല്ലേ കാണിക്കുന്നത്. ചില ഹൈ എന്‍ഡ് പ്രൊഫ്രഷണല്‍ SLR കളില്‍ ISO 3200 വരെയൊക്കെ നോയ്സ് ഒട്ടും ഇല്ലാതെ, അല്ലെങ്കില്‍ വളരെ കുറച്ച് നോയ്സ് മാത്രം, ചിത്രങ്ങള്‍ എടുക്കാം എന്നു വായിച്ചിട്ടുണ്ട്. പിന്നെ ചലനങ്ങളെ ഫ്രീസ് ചെയ്യാന്‍ ഒരിക്കലും നമ്മുക്ക് ട്രൈപോഡ് ഉപയോഗിക്കാന്‍ സാധിക്കില്ലല്ലോ. ഒരു നിശ്ചലമായ വസ്തുവാണെങ്കില്‍ അല്ലേ നമ്മുക്ക് ട്രൈപോഡ് ഉപയോഗിച്ച് ഐ.എസ്. ഒ കുറച്ച് നോയ്സ് ഇല്ലാതെ ചിത്രമെടുക്കാന്‍ പറ്റൂ. മറിച്ച് വേഗത്തില്‍ പറക്കുന്ന ഒരു പക്ഷിയുടെ ചിത്രം ബ്ലര്‍ ആവാതെ ലഭിക്കണമെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ഷട്ടര്‍ സ്പീഡ് 1/1600 വരെ ഉപയോഗിക്കേണ്ടിവരും. പക്ഷേ
അധികം സൂര്യപ്രകാശം ഇല്ലാത്ത സമയം ആണെങ്കില്‍, ഷട്ടര്‍ സ്പീഡ് 1/1600 ലഭിക്കാന്‍ ISO കൂട്ടാതെ മാര്‍ഗമില്ല. അപ്പോള്‍ ഇവിടെ ISO നമ്മുടെ സഹായിത്തിനു വരും.

Unknown July 7, 2009 at 2:42 AM  

എല്ലാം വായിച്ചു ഇനി ക്യമറയും കൊണ്ടു പരീക്ഷിച്ചു പഠിക്കണം എന്നിട്ടു സംശയം ചോദിക്കാം .നന്ദി അപ്പു
സ്നേഹത്തൊടെ സജി

Appu Adyakshari July 7, 2009 at 7:29 AM  

പൈങ്ങോടാ, കമന്റിനു നന്ദി

“ഹൈ എന്‍ഡ് പ്രൊഫ്രഷണല്‍ SLR കളില്‍ ISO 3200 വരെയൊക്കെ നോയ്സ് ഒട്ടും ഇല്ലാതെ...” ഇത് പൂർണ്ണമായും ശരിയല്ല. നോയിസ് ഒട്ടും ഇല്ലാതെയാക്കുമ്പോൾ ചിത്രം സാധാരണ ഐ.എസ്.ഓ യിൽ എടുക്കുന്നയത്ര നീറ്റ് ആന്റ് ക്ലീൻ ആണെന്നു വിചാരിക്കരുതേ. എന്തൊക്കെ കാരണങ്ങൾ ക്യാമറ നിർമ്മാതാക്കൾ പറഞ്ഞാലും ISO കൂട്ടുക എന്നു പറയുന്നത് ഷട്ടർ സ്പീഡ് കുറയ്ക്കുക, അപ്പർച്ചർ തുറക്കുക എന്നിവയെപ്പോലെ ഒരു ഫിസിക്കലായി ലൈറ്റിന്റെ അളവിൽ മാറ്റം വരുത്തുന്ന പ്രക്രിയയല്ല. അതുകൊണ്ട്, ചിത്രത്തിന്റെ ക്വാളിറ്റിയിൽ ചില കോമ്പ്രൊമൈസുകൾ വരുത്തിക്കൊണ്ടേ ഉയർന്ന ഐ.എസ്.ഒ യിലെ ചിത്രങ്ങൾ ലഭിക്കുകയുള്ളൂ. നോയിസ് എന്നത് ഉയർന്ന ISO സെന്റിംഗ് മാത്രം കൊണ്ട് ഉണ്ടാവുന്ന ഒന്നല്ല, ഷട്ടർ സ്പീഡിന്റെ ‘നീളം’ അതിനെ നിർണ്ണയിക്കുന്ന ഒരു പ്രധാന വസ്തുതയാണ്. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന നോയിസ് ചിത്രം നിക്കോൺ D50 യിൽ എടുത്തതാണ്. ക്യാനന്റെ പരസ്യങ്ങളനുസരിച്ച് 1600 ൽ ഇത്രയും നോയിസ് ഇല്ല. ശരിയാന് ഞാൻ ക്യാനൻ 40D യിൽ ചിത്രങ്ങൾ എടുത്തുനോക്കിയിട്ടുണ്ട് ISO 3200 ൽ വരെ. പക്ഷേ ആ ചിത്രങ്ങൾ വളരെ സോഫ്റ്റ് ആണ്. നോയിസ് കുറയ്ക്കാനായി പിക്സലുകൾ “കുളിപ്പിച്ചു കുളിപ്പിച്ച്” അവസാനം കൊച്ചില്ലാതെയായി എന്നു പറയുന്നതുപോലെ ഒരു സംഭവം.

താങ്കൾ പറഞ്ഞ പറക്കുന്ന പക്ഷിയുടെ ഉദാഹരണം ശരിയാണ്. വളരെ കുറഞ്ഞ വെളിച്ചത്തിലാണെങ്കിൽ ഉയർന്ന ISO വേണ്ടിവരും.

ഈ പോസ്റ്റിലെ ‘ടേബിളുകൾ’ തലയിൽ കയറുന്നില്ല എന്നുപറഞ്ഞല്ലോ. ഇതിലും ലളിതമാക്കീ എഴുതുവാൻ എനിക്കറിയില്ല പൈങ്ങോടാ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പരാജയമാണത് - സമ്മതിച്ചു :) പക്ഷേ ഇതിൽ കാണാതെ പഠിക്കേണ്ട ടേബിളുകൾ ഒന്നുമില്ലല്ലോ. ആകെയുള്ളത് ISO ടേബിൾ ആണ്. അത് ക്യാമറയിൽ തന്നെയുണ്ടല്ലോ.

കുട്ടു | Kuttu July 7, 2009 at 10:35 AM  

അപ്പുവേട്ടാ,
നന്നായിട്ടുണ്ട്.
കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

എങ്ങനെ ഇത്രയും ലളിതമായി എഴുതാന്‍ കഴിയുന്നു എന്ന് അല്‍ഭുതം തോന്നുന്നു.
അഭിനന്ദനങ്ങള്‍..

ഈ എഴുതിയതും വായിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നവര്‍ ISO in photography എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന നാലഞ്ച് ഇംഗ്ഗ്ലീഷ് tutorials വായിക്കുക. എന്നിട്ട് അതിനെ ഒന്നു മലയാളീകരിച്ചു നോക്കൂ. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്. ഇതിലും കൂടുതല്‍ ലളിതമായി എഴുതാന്‍ കഴിയില്ല എന്നാണെനിക്ക് തോന്നുന്നത്...


പൈങ്ങോടന്‍:
ISO Settings ചെയ്യുന്നതിനു മുന്‍പേ പ്രധാനമായും 4 പോയന്റുകള്‍ ആണ് ശ്രദ്ധിക്കേണ്ടത്.

1. Light - Is the subject is well lit or not?

2. Grain - Do I want a grainy image or a clean image (without noise.)

3. Tripod - Use/Not use a tripod

4. Moving Subject - Is my subject moving or stationary

ഉദാ‍ഹരണത്തിന്,
ഫോട്ടോ എടുക്കുന്ന സ്ഥലത്ത് ധാരാളം വെളിച്ചം ഉണ്ട്; സബ്ജക്റ്റ് അനങ്ങാതെ ഇരിക്കുകയാണ് - എങ്കില്‍ ISO ഏറ്റവും ചെറിയത് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്...

കുട്ടു | Kuttu July 7, 2009 at 10:36 AM  

തിരുത്ത്:
“ഇതിലും കൂടുതല്‍ ലളിതമായി എഴുതാന്‍ കഴിയില്ല എന്നാണെനിക്ക് തോന്നുന്നത്...“

എന്നത്

“ഇതിലും കൂടുതല്‍ ലളിതമായി ‘മലയാളത്തില്‍‘ എഴുതാന്‍ കഴിയില്ല എന്നാണെനിക്ക് തോന്നുന്നത്...“

എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ,.

Appu Adyakshari July 7, 2009 at 10:41 AM  

കുട്ടൂ, കൂട്ടിച്ചേർക്കലുകൾകൾക്ക് വളരെ നന്ദി.

പൈങ്ങോടന്‍ July 7, 2009 at 2:04 PM  

ചില ISO കണക്കുകള്‍ തലയില്‍ കേറുന്നില്ല എന്നു പറഞ്ഞത് എഴുത്തുകാരന്റെ കുഴപ്പം കൊണ്ടല്ല, അത് എന്റെ തലയുടെ കുഴപ്പം കൊണ്ടാണ് ഹ ഹ ഹ അതൊക്കെ ഒന്നോ രണ്ടോ വട്ടം കൂടി വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

കുട്ടു പറഞ്ഞതു ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നല്ല വെളിച്ചം ഉള്ള സമയങ്ങളില്‍ ഞാന്‍ ISO ഒരിക്കലും കൂട്ടാറില്ല.പിന്നെ രാത്രി ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ISO കൂട്ടാതെ തരമില്ല. ഇത്തിരി നോയ്സി ആയാലും ചിത്രങ്ങള്‍ ബ്ലര്‍ഡ് ആയി കിട്ടുന്നതിനേക്കാളും നല്ലതല്ലേ

ഒട്ടും നോയ്സ് ഇല്ലാതെ ISO 100000 വരെ ഉയര്‍ത്താവുന്ന ഒരു ക്യാമറ ഇറങ്ങിയിട്ടുവേണം എനിക്ക് ഒരു എസ് എല്‍ ആര്‍ വാങ്ങാന്‍ :)

Unknown July 7, 2009 at 3:53 PM  

നന്ദി അപ്പൂ.. പതിവു പോലെ വളരെ ഇൻഫർമേറ്റിവായുള്ള പോസ്റ്റ്‌... ഓരോ പാഠങ്ങളും ഒന്നിനൊന്നു മികച്ചതാവുന്നു... വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞ്‌ തന്നതിനു വളരെയധികം നന്ദി... ഇല്ലെങ്കിൽ ഇനി എത്ര കാലം ഞങ്ങളൊക്കെ ഗൂഗിളിൽ പരതി നടക്കേണ്ടി വന്നേനെ...

കുട്ടു | Kuttu July 8, 2009 at 9:17 AM  

Aperture - Shutter speed - ISO പഠിക്കാന്‍ ഒരു ഉദാഹരണം ഇതാ.

കുറച്ചുസമയത്തേക്ക് നമുക്ക് സാങ്കേതിക പദങ്ങളെ മറക്കാം. ഇനി പറയാന്‍ പോകുന്ന ഉദാഹരണം മാത്രം മനസ്സിലാക്കൂ.

നിങ്ങള്‍ ടാപ്പില്‍ നിന്ന് ഒരു ബക്കറ്റില്‍ വെള്ളം നിറയ്ക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ.

1. ടാപ്പിന്റെ വ്യാസം വലിയതാണെങ്കില്‍ പെട്ടെന്ന് ബക്കറ്റ് നിറയും. ചെറിയതാണെങ്കില്‍ കൂടുതല്‍ സമയം വേണം.

2. ബക്കറ്റ് നിറയാനായി എത്ര സമയം ടാപ്പ് തുറന്നിടണം എന്ന് നാം തീരുമാനിക്കുന്നത് രണ്ട് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

2.1. പൈപ്പിന്റെ വ്യാസം
2.2. വെള്ളമൊഴുകുന്ന സ്പീഡ്.

സമ്മതിച്ചല്ലോ... ?

ഓക്കെ.

ഇനി സാങ്കേതിക പദങ്ങളിലേക്ക് മടങ്ങി വരാം..

1. പൈപ്പിന്റെ വ്യാസമാണ് ക്യാമറയുടെ അപ്പര്‍ച്ചര്‍

2. എത്ര സമയം പൈപ്പ് തുറന്നിടുന്നു എന്നതാണ് ഷട്ടര്‍സ്പ്പീഡ്

3. വെള്ളമൊഴുകുന്ന സ്പീഡാണ് ISO

4. ബക്കറ്റില്‍ നിങ്ങള്‍ക്ക് കിട്ടിയതാണ് എക്സ്പോഷര്‍.
ബക്കറ്റ് നിറയെ ആണെങ്കില്‍ Correct Exposure. കുറച്ചേ ഉള്ളൂ എങ്കില്‍ under exposed. ബക്കറ്റ് തുളുമ്പിപ്പോയി എങ്കില്‍ Over Exposed.

ത്രേള്ളൂ സംഭവം...

(ആശയത്തിന് കടപ്പാട്: The Garden Hose Metaphor in Photography)

Appu Adyakshari July 8, 2009 at 9:30 AM  

കുട്ടൂ,
ഈ ഉദാഹരണത്തിനു നന്ദി. പക്ഷേ പൂർണ്ണമായും ഈ അനലോഗിയോട് യോജിക്കുവാനാവുന്നില്ല. ടാപ്പിന്റെ വ്യാസം അപ്പർച്ചറിനോടും, എത്രസമയം ടാപ്പ് തുറന്നിടുന്നു എന്നത് ഷട്ടർ സ്പീഡിനോടും, ബക്കറ്റിൽ ലഭിക്കുന്ന വെള്ളത്തെ എക്സ്പോഷറിനോടും ഉപമിച്ചത് വളരെ ശരിയാണ്. പക്ഷേ വെള്ളമൊഴുകുന്ന സ്പീഡാണ് ISO എന്നു പറഞ്ഞത് അംഗീകരിക്കാനാവുന്നില്ല. കൂടുതൽ വെള്ളം ബക്കറ്റിലുണ്ട് എന്നുകാണിക്കുവാനായി കിട്ടിയ വെള്ളത്തെ ആമ്പ്ലിഫൈ ചെയ്തുകാണിക്കുന്നതാണ് ISO എന്നതാണ് ശരി. കിട്ടിയവെള്ളത്തിൽ കുറേ കല്ലുപെറുക്കിയിട്ട് വെള്ളത്തിന്റെ ലെവൽ കൂടുതലുണ്ടെന്നുകാണിക്കുന്നു എന്നിരിക്കട്ടെ. അതാണ് ISO സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്.

ഈ ഉദാഹരണത്തിൽ വെള്ളമൊഴുകുന്ന സ്പീഡിനെ ഉപമിക്കേണ്ടത് ലൈറ്റിന്റെ ഇന്റൻസിറ്റിയോടായിരിക്കണമായിരുന്നു. കാരണം ഫോഴ്സ് കൂടുതലായി ഒഴുകുകയാണെങ്കിൽ ടാപ്പ് കുറച്ച് സമയത്തേക്ക് തുറന്നാൽ മതി. അതേ സമയം കുറഞ്ഞ ഫോഴ്സിൽ ഒഴുകുന്നവെള്ളമായിരുന്നുവെങ്കിൽ, അതേ അളവ് വെള്ളം ബക്കറ്റിൽ ലഭിക്കുവാൻ ഒന്നുകിൽ ടാപ്പിന്റെ വലിപ്പം കൂട്ടണം, അല്ലെങ്കിൽ കൂടുതൽ സമയം ടാപ്പ് തുറന്നിടണം. ശരിയല്ലേ കുട്ടൂ :)

കുട്ടു | Kuttu July 8, 2009 at 9:41 AM  

thank you for your comments appuettan,

We used the garden hose metaphor to understand aperture/shutter speed combination required for correct exposure: small hose, longer time required to fill the bucket; to use a shorter time to fill the bucket, we needed to switch to a larger hose.

But what if we do not have a larger hose? We then increase the speed water flows thru the hose. We use the speed of water flow as a metaphor for ISO. Using the smaller hose, if we could increase the speed of water flow, we would then be able to close the tap earlier and still end up with a full bucket! Similarly, increase the ISO, and you've increased the sensitivity of the image sensor -- i.e. it now needs less light to register an image.

ഉദാഹരണം പറഞ്ഞ് പറഞ്ഞ് ആകെ കണ്‍ഫ്യൂഷനായോ ഈശ്വരാ

Appu Adyakshari July 8, 2009 at 9:44 AM  

കുട്ടൂ ആ പാരഗ്രാഫിനു താഴെ ആ വെബ്സൈറ്റിലെ ലേഖകൻ പറയുന്നതു നോക്കൂ

“This is not a technically accurate metaphor since when we increase the ISO, we do not increase the speed of light!!! Instead, using a speaker metaphor, we 'crank up the sound volume'. In practical effect though, it looks like we increased the amount of light falling on the sensor, hence our 'speed water flows thru the hose' metaphor.

കുട്ടു | Kuttu July 8, 2009 at 10:03 AM  

Yes.
You are correct. There was some mistake when I interpreted that.
Thank you for correcting me.

ശ്രീലാല്‍ July 8, 2009 at 6:32 PM  

ഉത്തരത്തിനു നന്ദി അപ്പൂസ്. കുട്ടുവിന്റെ ഉദാ. കൊള്ളാം. ഇതൊക്കെ വായിച്ച് ഇപ്പോള്‍ ക്ലാസെടുക്കാനുള്ള ധൈര്യം ഒക്കെ ഉണ്ട് ..

Unknown July 9, 2009 at 7:50 AM  

ഇന്നാണ് ഇതു കണ്ടത്, പതിവു പോലെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.

ഐ എസ് ഓ 3200 ഇൽ ചിത്രങ്ങളെടുത്താൽ നോയിസ് തീരെ കുറച്ച് മികച്ച ചിത്രങ്ങളെടുക്കുന്ന ക്യാമറകൾ ഇപ്പോളുണ്ട്. നിക്കോൺ ഡി 90, ഡി 300, ഡീ 3 എക്സ്, ഇവയിലെ ഐ എസ് ഐ ഓ 3200 ഉപയോഗിക്കുന്നതിന് ഒരു കുഴപ്പവുമില്ല. ഇതിൽ ഡി 90ക്കും ഡി 300 നും നോയിസ്സ് തീരെ കുറഞ്ഞിരിക്കുന്ന കാര്യത്തിൽ ഞാൻ ഗ്യാരണ്ടി തരാം :) പക്ഷേ ബാക്കിയുള്ള നിക്കോൺ ക്യാമറകൾ 40,40 എക്സ്,60,70,70എസ്സ് ഇവയൊക്കെ 800 കഴിഞ്ഞൽ പോക്കാ..:)

ശ്രീനാഥ്‌ | അഹം July 9, 2009 at 8:32 AM  

മാഷേ, ഞാന്‍ ക്ലാസിലെത്താന്‍ ഇച്ചിരി വൈകി. വരണ വഴി പാടം മുഴുവന്‍ വെള്ളം കേറി.. അതോണ്ടാ...

ക്ലാസിന്റെ പകുതി വരെ വായിച്ചപ്പോള്‍ സ്മൂത്തായി മനസിലായി... പിന്നീടങോട്... അതിനിത്തിരി സമയം പിടിക്കും. ഇമ്പോസിഷ്ന് തന്നെ വേണം.

നന്ദി മാഷേ...

Appu Adyakshari July 9, 2009 at 8:36 AM  

സപ്താ, പുതിയ അറിവുകൾക്കു നന്ദി. അപ്പോ വീണ്ടും നിക്കോണിലേക്ക് ചാടാം അല്ലേ.. എന്റെ കൈയ്യിലുള്ള കാനൻ EOS 40D 1600 വരെയൊക്കെ ഒരു വിധത്തിൽ ഒപ്പിക്കും ! അതുകഴിഞ്ഞ് 3200 ഉണ്ടെങ്കിലും നോയിസ് തേച്ചുമായിച്ചു കഴിഞ്ഞ് കിട്ടുന്ന ഇമേജ് അത്രസുഖമില്ല. പക്ഷേ ഫാസ്റ്റ് ഷട്ടർ സ്പീഡാണെങ്കിൽ കുഴപ്പവുമില്ല.

Appu Adyakshari July 9, 2009 at 8:37 AM  

ശ്രീനാഥ്, വീണ്ടും വന്നതിൽ സന്തോഷം !

Indeevaram July 22, 2009 at 5:06 AM  

Sorry for writing in English...

One more thing... On full frame cameras (like Canon 1Ds, 5D and 5D2, Nikon D3, Nikon D700, Nikon D700), the acceptable noise is very very less even at the high ISO. I have seen almost noise free image (without any noise reduction) in Canon 5D2 and Nikon D700). The difference is the size of the sensor. In crop cameras (1.5 or 1.6), the ISO performance is not upto the level as the full frame, but these days the cameras like Nikon D90, D300 are really good. This brings to another very important measurment named "Pixel Density". It is basically the pixel density within the sensor. Higher the pixel density, the chance of noise is more. So for a full frame sensor with 24 megapixel has less pixel density than a crop camera sensor like Canon 50D with 15.1 megapixel and hence less noise.

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP