ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Tuesday, June 9, 2009

പാഠം 17: എക്സ്പോഷർ കോമ്പന്‍സേഷന്‍

അറിയിപ്പ്: ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച “മീറ്ററിംഗ് മോഡുകൾ” എന്ന പാഠം ഏകദേശം മുഴുവനായിത്തന്നെ ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ അത് പ്രസിദ്ധീകരിച്ചിരുന്ന അവസരത്തിൽ വായിച്ചവർ ഒരിക്കൽകൂടീ ആ ലേഖനം വായിക്കുവാൻ താല്പര്യപ്പെടുന്നു. ഈ അദ്ധ്യായത്തിന്റെ കുറേ ഭാഗങ്ങൾ കഴിഞ്ഞതവണ പ്രസിദ്ധീകരിച്ചിരുന്ന മീറ്ററിംഗ് അദ്ധ്യായത്തിന്റെ ഭാഗം ആയിരുന്നു.


എക്സ്പോഷർ വാല്യൂ അഥവാ EV:

കഴിഞ്ഞ മൂന്ന് അദ്ധ്യായങ്ങളിലായി നാം ചർച്ചചെയ്തുകൊണ്ടേയിരിക്കുന്ന കാര്യം അടിസ്ഥാന പരമായി ഒന്നുതന്നെയാണ് - എക്സ്പോഷർ വാല്യു അഥവാ EV. വായനക്കാരുടെ ഓർമ്മയെ ഒന്നുകൂടി പുതുക്കുവാനായി എക്സ്പോഷർ വാല്യൂ എന്ന കൺസെപ്റ്റ് ഒരിക്കൽ കൂടി ലളിതമായി ഇവിടെ പറയുന്നു.

ഒരു ഡിജിറ്റൽ ക്യാമറയുടെ സെൻസറിൽ (അല്ലെങ്കിൽ ഫിലിമിൽ) ഒരു നിശ്ചിത സമയത്തേക്ക് എത്ര അളവു പ്രകാശം പതിക്കണം എന്ന് തീരുമാനിക്കുന്നത് എക്സ്പോഷർ വാല്യൂവാണ്. ക്യാമറയുടെ ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നത് അപ്പർച്ചർ സുഷിരത്തിന്റെ വലിപ്പവും, അത് റിക്കോർഡ് ചെയ്യപ്പെടുന്ന സമയം നിയന്ത്രിക്കുന്നത് ഷട്ടർ സ്പീഡുമാണ്. ഇതു രണ്ടും ചേരുന്ന ഒരു നമ്പറിനെയാണ് എക്സ്പോഷർ വാല്യു എന്ന് നാം വിളിക്കുന്നത്. ഓരോ എക്സ്പോഷർ വാല്യുവും സെൻസറിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്.

ഇന്നത്തെ ഡിജിറ്റൽ ക്യാമറകളിൽ, ഒരു രംഗത്തിന്റെ എക്സ്പോഷർ വാല്യൂ നിർണ്ണയിക്കുവാനായി നമ്മെ സഹായിക്കുന്നത് ക്യാമറയുടെ ലൈറ്റ് മീറ്ററാണ്. മാനുവൽ മോഡിൽ ഈ മീറ്റര്‍ ഉപയോഗിച്ച് നമുക്ക് സ്വയം എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും, മറ്റു മോഡുകളില്‍ ക്യാമറ ഈ മീറ്റര്‍ ഉപയോഗിച്ചുകൊണ്ട് ഓട്ടോമാറ്റിക്കായി എക്സ്പോഷര്‍ നിര്‍ണ്ണയിക്കുന്നു. ഈ ലൈറ്റ് മീറ്റർ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫ്രെയിമിന്റെ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വ്യത്യസ്ത മീറ്ററിംഗ് മോഡുകൾ പ്രവർത്തിക്കുന്നത്. മീറ്ററിംഗ് മോഡുകൾ എന്ന അദ്ധ്യായത്തിന്റെ അവസാനം പറഞ്ഞിരുന്ന, ഒരേ രംഗത്തെ വ്യത്യസ്ത മീറ്ററിംഗ് മോഡുകൾ ഉപയോഗിച്ച് അളന്ന് ചിത്രമെടുക്കുന്ന പരീക്ഷണം ഓർമ്മയുണ്ടാവുമല്ലോ? ഒരു പ്രത്യേക എക്സ്പോഷര്‍ വാല്യുവില്‍ നിന്നും അല്പാല്പം മുകളിലേക്കോ താഴേക്കോ മാത്രമാണ് വ്യത്യസ്ത മീറ്ററിംഗ് മോഡുകളിൽ വരുന്ന എക്സ്പോഷർ വ്യത്യാസം എന്ന് അവിടെ നാം കാണുകയുണ്ടായി.

അങ്ങനെയെങ്കിൽ ഒരു ചോദ്യം പലർക്കും ഉണ്ടാവാം - പ്രത്യേകിച്ച് എസ്.എൽ.ആർ ക്യാമറകൾ ഉപയോഗിക്കുന്നവർക്ക്. ഒരു രംഗത്തിന്റെ അല്ലെങ്കിൽ ഒരു ഫ്രെയിമിന്റെ ഏകദേശ എക്സ്പോഷർ വാല്യൂ നമുക്ക് മനസ്സിലായിക്കഴിഞ്ഞാൽ എന്തിന് ക്യാമറയുടെ ലൈറ്റ് മീറ്ററിനേയും, മീറ്ററിംഗ് മോഡുകളേയും കൂടുതൽ ആശ്രയിക്കണം? ഒരു ഫ്രെയിമിന്റെ എക്സ്പോഷർ വാല്യൂവിൽ ‘ചില്ലറ മാറ്റങ്ങൾ’ നമുക്കുതന്നെ വരുത്താനായാൽ നാം ഉദ്ദേശിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തതയോടെ തെളിമയോടെ മാനുവലായി ഒരു ഫ്രെയിമിനെ എക്സ്പോസ് ചെയ്യുവാൻ സാധിക്കില്ലേ? തീർച്ചയായും സാധിക്കും. അതിനാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ (exposure compensation) എന്നൊരു സംവിധാനം എല്ലാ ഡിജിറ്റൽ ക്യാമറകളിലും നൽകിയിരിക്കുന്നത് - എല്ലാ ക്യാമറകളും എന്നു പറയുമ്പോൾ എല്ലാം അതിൽ പെടുന്നു SLR & Point-shoot cameras !! പോയിന്റ് & ഷൂട്ട് ക്യാമറകൾ കൈയ്യിലുള്ളവരും വിഷമിക്കേണ്ട എന്നു സാരം!


എക്സ്പോഷര്‍ കോമ്പന്‍സേഷന്‍:

“കുറവുകളെ, നഷ്ടങ്ങളെ നികത്തുക” എന്ന അര്‍ത്ഥമാണല്ലോ ഇംഗ്ലീഷില്‍ Compensation എന്ന വാക്കിനുള്ളത്. ഇവിടെ പ്രകാശത്തിന്റെ കുറവിനെ അല്ലെങ്കില്‍ കൂടുതലിനെ പരിഹരിക്കുക എന്നതാണ് Exposure compensation എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ സംവിധാനം SLR ക്യാമറകളില്‍ മാത്രമല്ല, ചെറിയ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ വരെ കാണാവുന്നതാണ്. നിങ്ങളുടെ ക്യാമറയുടെ ബോഡിയിലുള്ള ബട്ടണുകള്‍ ഒന്നു ശ്രദ്ധിക്കൂ. അതിലൊന്നിന്റെ മേല്‍ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു ഐക്കണ്‍ കാണാം. ഇതാണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ബട്ടണ്‍. വിവിധ മോഡൽ ക്യാമറകളിൽ ഈ കൺ‌ട്രോൾ ഡയൽ പലവിധത്തിലായിരിക്കും എന്നറിയാമല്ലോ? അതിനാൽ നിങ്ങളുടെ ക്യാമറയുടെ മാനുവൽ നോക്കി, ഈ ബട്ടൺ പ്രവർത്തിപ്പിക്കുന്നതെങ്ങനെ എന്ന് നോക്കുക.


ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു സംവിധാനമാണിത്. ഉപയോഗം വളരെ ലളിതം. ആ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ക്യാമറയുടെ കണ്ട്രോള്‍ ഡയല്‍ ഇടത്തേക്കോ വലത്തേക്കോ തിരിക്കുക. ഉടന്‍ തന്നെ എക്സ്പോഷര്‍ വാല്യൂ പോസ്റ്റിറ്റീവ് (+) സൈഡിലേക്കോ നെഗറ്റീവ് (-) സൈഡിലേക്കോ മാറുകയായി! എന്നുവച്ചാല്‍ അപ്പര്‍ച്ചര്‍ എത്രയാണ്, ഷട്ടര്‍ സ്പീഡ് എത്രയാണ് എന്നൊന്നും ചിന്തിച്ച് ബേജാറാവേണ്ട ഒരു കാര്യവുമില്ലാതെ, ഇരുണ്ട രംഗങ്ങള്‍ തെളിഞ്ഞതായും, കൂടുതല്‍ പ്രകാശമാനമായ രംഗങ്ങള്‍ പ്രകാശം കുറഞ്ഞ അളവിലും നിങ്ങള്‍ക്ക് വളരെ എളുപ്പം ക്രമീകരിക്കാവുന്നതാണ് എന്നു സാരം. മിക്കവാറും എല്ലാ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ക്യാമറയുടെ ലൈവ് പ്രിവ്യൂവിൽ (ചിത്രം കാണുന്ന ഡിസ്പ്ലേ) ഈ ബട്ടണിന്റെ എഫക്റ്റ് അപ്പോൾ തന്നെ കാണാൻ സാധിക്കും - ഫോട്ടോ എടുക്കുന്നതിനു മുമ്പ് തന്നെ! ചിലവയിൽ എടുക്കുന്ന ചിത്രത്തിൽ മാത്രമേ ഇതിന്റെ എഫക്റ്റ് കാണുവാനാവുകയുള്ളൂ. എസ്.എൽ.ആർ ഉപയോഗിക്കുന്നവർക്ക് ഫോട്ടോ എടുത്തുകഴിഞ്ഞ് മാത്രമേ ഇതിന്റെ എഫക്റ്റ് കാണാനാവൂ.

വിവിധ ക്യാമറ നിർമ്മാതാക്കൾ പോസിറ്റീവ്, നെഗറ്റീവ് എക്സ്പോഷർ കോമ്പൻസേഷനുകൾ ഡിസ്പ്ലേയിൽ കാണിക്കുവാനായി ഉപയോഗിക്കുന്ന രീതികൾ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നാവാം.

  • -2 . . -1 . . 0 . . +1 . . + 2
  • -1...-0.7...-0.3...0...+0.3...+0.7...+1
  • -2...-1...0...+1...+2

മിക്കവാറും എല്ലാ ക്യാമറകളിലും മുകളിലേക്കോ താഴേക്കോ രണ്ട് ഫുൾ സ്റ്റോപ്പുകൾ വരെ ഇപ്രകാരം എക്സ്പോഷർ കോമ്പൻസേഷൻ ചെയ്യാവുന്നതാണ്. ഏതു രീതിയില്‍ പറഞ്ഞാലും ലഭിക്കുന്ന ഫലം ഒന്നുതന്നെ.

കുറിപ്പ്: സാധാരണയായി ഫുള്‍‌ഓട്ടോമാറ്റിക് മോഡില്‍ ക്യാമറകള്‍ EV അഡ്ജസ്റ്റ് ചെയ്യുവാന്‍ അനുവദിക്കുകയില്ല; ചില പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍ ഫുൾ ഓട്ടോ മോഡിലും ഇത് സാധ്യമാണ്. എല്ലാ ക്യാമറകളിലും P, S or T, A, M എന്നീ മോഡുകളില്‍ EV ആവശ്യാനുസരണം അഡ്ജ്സ്റ്റ് ചെയ്യുവാന്‍ സാധിക്കും.

സാങ്കേതികമായി ഈ ബട്ടണ്‍ ചെയ്യുന്ന ജോലി എന്താണെന്ന് ലളിതമായി ഒന്നു പറയാം. എക്സ്പോഷര്‍ സ്കെയിലുകളെപ്പറ്റി കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായല്ലോ. F സ്കെയിലും T സ്കെയിലും പ്രത്യേകമായി ഉണ്ടെന്നും അവയോരോന്നും ഇന്നത്തെ ക്യാമറകളില്‍ 1/3 increments അല്ലെങ്കില്‍ 1/3 സ്റ്റെപ്പുകളിലായാണ് ഈ സ്കെയിലുകളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും പറയുകയുണ്ടായി

ഇനി പറയുന്ന കാര്യം അറിവിലേക്കായി പറയുന്നുവെന്നേയുള്ളൂ, കാണാതെ പഠിക്കേണ്ടതില്ല! ഒരു പ്രത്യേക എക്സ്പോഷര്‍ വാല്യുവില്‍നിന്നും (EV ) 1/3 സ്റ്റോപ് നെഗറ്റീവ് സൈഡിലേക്ക് പോയാല്‍ നിലവിലുള്ള നിലയില്‍നിന്നും 33% കുറവ് പ്രകാശവും, 2/3 സ്റ്റോപ് മൈനസ് ചെയ്താല്‍ 66% കുറവ് പ്രകാശവും, 3/3 അതായത് 1 സ്റ്റോപ് മൈനസ് ചെയ്താല്‍ ആദ്യമുണ്ടായിരുന്നതിന്റെ പകുതി പ്രകാശവുമായിരിക്കും ക്യാമറയുടെ ഉള്ളിലേക്ക് കടക്കുക. ഇതുപോലെതന്നെ, പോസ്റ്റിറ്റീവ് സൈഡിലേക്ക് പോവുകയാണെങ്കില്‍ നിലവിലുള്ള നിലയില്‍നിന്നും 33% കൂടുതല്‍ പ്രകാശവും, +2/3 സ്റ്റോപ് പോയാല്‍ 66% കൂടുതല്‍ പ്രകാശവും, +3/3 അതായത് 1 സ്റ്റോപ് പോയാല്‍ നിലവിലുള്ളതിന്റെ ഇരട്ടി പ്രകാശവുമായിരിക്കും ക്യാമറയിലേക്ക് കടക്കുക.


താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത് അല്പംകൂടി ഭംഗിയായി വ്യക്തമാക്കിയിട്ടുണ്ട്. വലുതാക്കി നോക്കൂ.

ആദ്യത്തെ ടേബിളില്‍ എഫ്.നമ്പര്‍ മാറുന്നില്ല (f/8) അപര്‍ച്ചര്‍ പ്രയോറിറ്റി മോഡാണ് സെലക്റ്റ് ചെയ്തിരിക്കുന്നത്. ഈ ഉദാഹരണത്തിനു വേണ്ടി ക്യാമറ നിര്‍ണ്ണയിച്ച ഷട്ടര്‍ വാല്യൂ 1/80 ആണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ -1/3, -2/3, -1 എന്നിങ്ങനെ എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ (EV) സെലക്റ്റ് ചെയ്താല്‍ ടേബിളില്‍ കാണിച്ചിരിക്കുന്നതുപോലെ ഷട്ടര്‍ സ്പീഡ് 1/100, 1/125, 1/160 എന്നിങ്ങനെ മാറുന്നതുകാണാം. അതായത് അപ്പർച്ചർ പ്രയോറിറ്റി മോഡിൽ എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ മാറുന്നത് ഷട്ടർ സ്പീഡാണ്.


അതുപോലെ രണ്ടാമത്തെ ടേബിളില്‍ ഷട്ടര്‍ പ്രയോറിറ്റി മോഡാണ് നൽകിയിരിക്കുന്നത്. അതില്‍ ഷട്ടര്‍ സ്ഥിരമായി 1/80 യില്‍ വച്ചിരിക്കുന്നു. ഇവിടെ നാം EV അഡ്ജ്സ്റ്റ് ചെയ്യുകയാണെങ്കില്‍ മാറുന്നത് അപര്‍ച്ചര്‍ വാല്യു ആയിരിക്കും. ചിത്രം വലുതാക്കി നോക്കി ഇതു മനസ്സിലാക്കുക. പ്രോഗ്രാം (P) അല്ലെങ്കില്‍ മാനുവല്‍ (M) മോഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ് ഇതില്‍ ഏതും മാറാവുന്നതാണ്.


പ്രായോഗിക ഉപയോഗം:

ഈ കണക്കുകളൊന്നും പ്രായോഗികമായി നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതില്ല. ഒരു ഫോട്ടോ എടുത്തുകഴിഞ്ഞ് ആ രംഗം അല്ലെങ്കില്‍ അതിലുള്ള ഓബ്ജക്റ്റ് നിങ്ങളുദ്ദേശിക്കുന്ന രീതിയിലല്ല അതിന്റെ എക്സ്പോഷർ എങ്കിൽ, EV ബട്ടണ്‍ ധൈര്യമായി ഉപയോഗിക്കുക. ആവശ്യാനുസരണം EV ബട്ടണ്‍ പ്ലസ് (പോസിറ്റീവ്) സൈഡിലേക്കോ മൈനസ് (നെഗറ്റീവ്) സൈഡിലേക്കോ തിരിക്കുക. മീറ്ററിംഗിനെപ്പറ്റി തൽക്കാലം മറന്നേക്കുക.

പ്ലസ് ആണെങ്കില്‍ എടുക്കുന്ന ചിത്രത്തിന്‍ന് കൂടുതല്‍ തെളിച്ചം ലഭിക്കും, മൈനസ് ആണെങ്കില്‍ കുറവും.

ഇപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായല്ലോ, അല്ലേ! ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ഈ കൂട്ടലും കുറയ്ക്കലും ആവശ്യത്തിലധികമായാല്‍ ചിത്രത്തിന്റെ മറ്റുചില ഭാഗങ്ങള്‍ കൂടുതല്‍ ഓവര്‍ എക്സ്പോസ്ഡ് ആവാനോ, അണ്ടര്‍ എക്സ്പോസ്ഡ് ആവാനോ സാധ്യതയുണ്ട്. ചിത്രത്തിന്റെ പ്രധാനഭാഗത്തിന്റെ എക്സ്പോഷർ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ആയിട്ടുണ്ടോ എന്നറിയുവാനായി ക്യാമറയുടെ പ്രിവ്യൂവിൽ ആ ചിത്രം സൂംചെയ്ത് നോക്കി പരിശോധിക്കാവുന്നതാണ് - ഒരിക്കലും പ്രിവ്യൂ സ്ക്രീനിൽ, ആ സ്ക്രീനിന്റെ വലിപ്പത്തിൽ കാണുന്ന ചിത്രത്തെ വിശ്വസിക്കരുത്. കമ്പ്യൂട്ടറിൽ ലോഡ് ചെയ്തുനോക്കുമ്പോൾ അത് വ്യത്യസ്തമായി കാണുവാനുള്ള സാധ്യത വളരെയേറെയാണ്.

അതുപോലെ ഒരു ചിത്രം ഇപ്രകാരം അഡ്ജസ്റ്റ് ചെയ്ത് എടുത്തതിനു ശേഷം, പിന്നീട് ആവശ്യമില്ലെങ്കില്‍ EV തിരികെ 0 എന്ന നിലയില്‍ വയ്ക്കുവാനും മറക്കരുത്. ഇല്ലെങ്കില്‍ പിന്നീട് എടുക്കുന്ന ചിത്രങ്ങളെല്ലാം ഇതേ സെറ്റിംഗില്‍ കൂടിയോ കുറഞ്ഞോ പ്രകാശത്തിലാവും ലഭിക്കുക! പക്ഷേ ഇതൊഴിവാക്കാനായുള്ള ഒരു സുരക്ഷാ സംവിധാനമെന്ന നിലയില്‍ എല്ലാ ക്യാമറകളും എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ 0 അല്ലെങ്കില്‍ ആ വിവരം വ്യൂ ഫൈന്ററിലോ ക്യാമറയുടെ സ്ക്രീനിലോ കാണിക്കാറുണ്ട്.

എക്സ്പോഷർ ബ്രായ്ക്കറ്റിംഗ്:

എക്സ്പോഷർ കോമ്പൻസേഷനുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ട ഒരു സംവിധാനമാണ് എക്സ്പോഷർ ബ്രായ്ക്കറ്റിംഗ് എന്നത്. ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറകളിലും, ഹൈ എന്റ് പോയിന്റ് ആന്റ് ഷൂട്ട് ക്യാ‍മറകളിലും ഈ സംവിധാനം കാണാം. സാധാരണയായി കാണപ്പെടുന്ന സംവിധാനത്തിൽ ഒരു ഫ്രെയിമിനെ, അതിന്റെ എക്സ്പോഷർ വാല്യൂ ക്യാമറ കണക്കാക്കിയതിനുശേഷം അതിൽ നിന്ന് ഓരോ Ev സെറ്റെപ്പുകൾ പോസിറ്റീവ് സൈഡിലേക്കും നെഗറ്റീവ് സൈഡിലേക്കും എക്സ്പോഷർ കോമ്പൻസേഷൻ ചെയ്തുകൊണ്ട് ക്യാമറ ഒരൊറ്റ ക്ലിക്കിൽ മൂന്നു ചിത്രങ്ങളായി എടുക്കുന്നു. ഉദാഹരണത്തിന് ഒരു സൂര്യാസ്തമയ ദൃശ്യത്തിന്റെ Ev value ക്യാമറയുടെ ലൈറ്റ് മീറ്റർ ( f/5.6; 1/125 ) എന്നിങ്ങനെ കണക്കാക്കി എന്നിരിക്കട്ടെ. ഇതേ ഫ്രെയിം എക്സ്പോഷർ ബ്രായ്ക്കറ്റിംഗ് സെറ്റ് ചെയ്തിട്ട് നാം എടുക്കുകയാണെങ്കിൽ ക്യാമറ ഒരു ക്ലിക്കിൽ മൂന്നു ചിത്രങ്ങൾ എടുക്കും. ആദ്യത്തേത് f/5.6; 1/125 എന്ന സെറ്റിംഗിൽ, അടുത്തത് അതിൽ നിന്ന് ഒരു 1/3 സ്റ്റോപ്പ് താഴെ Ev വരത്തക്കവിധം, മൂന്നാമത്തേത് അതിൽ നിന്ന് 1/3 സ്റ്റോപ് മുകളിൽ Ev വരത്തക്കവിധം.

ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾക്ക് രണ്ട് പ്രയോജനമുണ്ട്. ഒന്ന്, എടുത്ത ഫ്രെയിം കറക്റ്റ് എക്സ്പോഷറിലാണോ കിട്ടിയിരിക്കുന്നത് എന്നോർത്ത് ഫോട്ടോഗ്രാഫർക്ക് വേവലാധി വേണ്ട. രണ്ട്, ഫോട്ടോഷോപ്പിലെ HDR (High Dynamic Range) ഫംഗ്ഷൻ ഉപയോഗിച്ച് ഈ ചിത്രങ്ങളെ തമ്മിൽ ചേർത്തെടുത്താൽ വളരെ വ്യത്യസ്തമായ ലൈറ്റിംഗ് നമുക്ക് ഒരേ ഫ്രെയിമിൽ ഉൾക്കൊള്ളിക്കാനാവും.


എക്സ്പോഷർ കോമ്പൻസേഷൻ - ഉദാഹരണങ്ങൾ:

ചില പ്രായോഗിക ഉപയോഗങ്ങള്‍ ഉദാഹരണങ്ങളിലൂടെ കാണിച്ചിട്ട് ഈ അദ്ധ്യായം അവസാനിപ്പിക്കാം. ഓരോ ഫോട്ടോയിലും എന്താണു ചെയ്തിരിക്കുന്നതെന്ന് അവയില്‍ തന്നെ എഴുതിയിട്ടുണ്ട്.

ആദ്യത്തെ ഫോട്ടോയിൽ മാട്രിക്സ് മീറ്ററിംഗിൽ ഇടതുവശത്തെ ചിത്രം എടുത്തപ്പോൾ പൂവിന്റെ ഇതളുകൾ ഒരല്പം ഓവർ എക്സ്പോസ്ഡ് ആണ്. അതിനാൽ തന്നെ വെള്ളത്തുള്ളികൾ അത്ര ഷാർപ്പ് എന്നു പറയാനാവുന്നില്ല. ഈ സെറ്റിംഗിൽ നിന്ന് എക്സ്പോഷർ കോമ്പൻസേഷൻ ബട്ടൺ ഉപയോഗിച്ച് -2/3 എന്ന് പ്രകാശം കുറച്ചിട്ട് എടുത്തതാണ് വലതുവശത്തുള്ള ഫോട്ടോ. വ്യത്യാസം നോക്കൂ (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)
അടുത്ത ചിത്രം മീറ്ററിംഗിന്റെ ഉപയോഗമാണ് കാണിക്കുന്നത്. വലതുവശത്തെ ചിത്രം മാട്രിക്സ് മീറ്ററിംഗിൽ എടുത്തിരിക്കുന്നു. ക്യാമറയുടെ ലൈറ്റ് മീറ്റർ, പ്രകാശസ്രോതസ്സായ മെഴുകുതിരിനാളത്തേയും, അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന വായനക്കാരനെയും ബാലൻസ് ആയി എക്സ്പോസ് ചെയ്യുവാനുള്ള ഒരു എക്സ്പോഷർ വാല്യുവാണ് സെറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ തീനാളം അല്പം ഓവർ എക്സ്പോസ്ഡ് ആയിപ്പോയി. ഇടതുവശത്തെ ചിത്രത്തിൽ തീനാളത്തിനെ സ്പോട്ട് മീറ്റർ ചെയ്തിരിക്കുന്നതിനാൽ, അരണ്ട വെളിച്ചത്തിലിരിക്കുന്ന വായനക്കാരനെ ക്യാമറ ശ്രദ്ധീക്കുന്നില്ല. തീനാളം കൃത്യമായി എക്സ്പോസ് ആവുകയും ചെയ്തു.

ഇവിടെ മറ്റൊരു കാര്യം ഓർക്കുമല്ലോ. വലതുവശത്തെ മാട്രിക്സ് മീറ്റർ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ നെഗറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ ഇടതുവശത്തുള്ള അതേ രീതിയിലുള്ള ചിത്രം ലഭിക്കും - മീറ്ററിംഗ് മോഡ് മാറ്റാതെതന്നെ. അതുപോലെ തിരിച്ച്, സ്പോട്ട് മീറ്റർ കാണിച്ചു തന്ന ഇടതുവശത്തെ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ പോസിറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ വായനക്കാരനെയും തെളിച്ചത്തിലേക്കു നമുക്ക് മാനുവലായി കൊണ്ടുവരാം.
അടുത്ത ചിത്രം എങ്ങനെയൊക്കെയാണ് ക്യാമറ എക്സ്പോസ് ചെയ്തിരിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ഇടതുവശത്തെ ചിത്രത്തിൽ സൂര്യൻ ഓവർ എക്സ്പോസ്ഡ് ആയത്? വലതുവശത്തെ ചിത്രം സെന്റർവെയ്റ്റഡ് മീറ്ററിംഗിൽ എടുത്തതാണ്. എന്നിട്ടും ഉദ്ദേശിച്ച രീതിയിൽ ആവാഞ്ഞതിനാൽ ഒരു നെഗറ്റീവ് എക്സ്പോഷർ കോമ്പൻസേഷനും ചെയ്തിട്ടുണ്ട്.
Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

20 comments:

അപ്പു ആദ്യാക്ഷരി June 10, 2009 at 12:22 PM  

എക്സ്പോഷർ കോമ്പൻസേഷൻ, എക്സ്പോഷർ ബ്രായ്ക്കറ്റിംഗ് തുടങ്ങിയവ വിവരിക്കുന്ന ഒരു അദ്ധ്യായം.

ഹരീഷ് തൊടുപുഴ June 10, 2009 at 4:49 PM  

പോയിന്റ് ഷൂട്ട് കാമെറായിലും എക്സ്പോഷെര്‍ കോമ്പ് ഉണ്ടെന്നത് പുതിയ ഒരു അറിവായിരുന്നു.

ഈ സംഭവം പണ്ട് മെയിലില്‍ പഠിപ്പിച്ചിരുന്നതിനാല്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിച്ചു.

പക്ഷേ, എക്സ് ബ്രാക്കറ്റിങ്ങ്; അതെന്തിനാണെന്നു മനസ്സിലായി, എങ്ങനെ സെറ്റ് ചെയ്യുമെന്നു കൂടി വിശദീകരിച്ചു തരൂ..
അങ്ങനെ സെറ്റ് ചെയ്യുമ്പോള്‍ എന്തെളുപ്പമായി അല്ലേ കാര്യങ്ങള്‍..“വലതുവശത്തെ മാട്രിക്സ് മീറ്റർ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ നെഗറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ ഇടതുവശത്തുള്ള അതേ രീതിയിലുള്ള ചിത്രം ലഭിക്കും - മീറ്ററിംഗ് മോഡ് മാറ്റാതെതന്നെ. അതുപോലെ തിരിച്ച്, സ്പോട്ട് മീറ്റർ കാണിച്ചു തന്ന ഇടതുവശത്തെ ചിത്രത്തിന്റെ എക്സ്പോഷർ വാല്യുവിനെ പോസിറ്റീവ് സൈഡിലേക്ക് എക്സ്പോഷർ കോമ്പൻസേഷൻ ചെയ്താൽ വായനക്കാരനെയും തെളിച്ചത്തിലേക്കു നമുക്ക് മാനുവലായി കൊണ്ടുവരാം.“


ഈ സംഭവം ഇങ്ങനെയല്ലേ എന്നെനിക്കു പണ്ടും തോന്നിയിരുന്നു; അപ്പോള്‍ സംശയനിവാരണം നടത്താന്‍ തുനിഞ്ഞില്ല. തെറ്റാണെങ്കില്‍ ഗുരു എന്തു വിചാരിക്കും എന്നോര്‍ത്ത്.(ഈ മണ്ടനേക്കൊണ്ടു തോറ്റൂ എന്നെങ്ങാനും പറഞ്ഞാലോ എന്നു വിചാരിച്ച്!!) ഇപ്പോള്‍ വിശ്വാസമായി...:)

Appu Adyakshari June 10, 2009 at 8:51 PM  

ഹരീഷേ, എക്സ്പോഷര്‍ ബ്രായ്ക്കറ്റിംഗ് ചെയ്യുവാനുള്ള സംവിധാനം ഓരോ ഇനം എസ്.എല്‍.ആര്‍ ക്യാമറകളിലും ഓരോ വിധത്തിലാണ്. സാധാരണയായി നമുക്ക് വേണ്ട് ബ്രായ്ക്കറ്റിംഗ് ചെയൂവാനായി ഒരു മെനു ഉണ്ടാവും. അത് എനേബിള്‍ ചെയ്തിട്ട് ചിത്രം എടുത്താല്‍ മാത്രം മതി. ഹരീഷിന്റെ ക്യാമറ മാനുവല്‍ ഒന്നു വായിച്ചു നോക്കൂ.

ബ്രായ്ക്കറ്റിംഗ് ചെയ്തെടുത്ത ചിത്രങ്ങളെ ഫോട്ടോഷോപ്പില്‍ HDR ചെയ്യുവാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ക്യാമറ ഒരു ട്രൈപ്പോഡില്‍ ഉറപ്പിച്ചെടുക്കുന്നതാണു നല്ലത്. എല്ലാ ഫ്രെയിമിന്റെയും കമ്പോസിംഗ് ഒരുപോലെയിരിക്കുവാന്‍ ഇതു സഹായിക്കും. പരിചയസമ്പന്നര്‍ക്ക് ട്രൈപ്പോഡില്ലാതെയും ബ്രായ്ക്കറ്റിംഗില്‍ മൂന്നോ അഞ്ചോ ഫോട്ടോകള്‍ ഒരുപോലെ എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ബ്രായ്ക്കറ്റിംഗ് ചെയ്തെടുത്ത ചിത്രങ്ങള്‍ ഉദാഹരണങ്ങളായി ഈ പോസ്റ്റില്‍ ചേര്‍ക്കാം.

ശ്രീലാല്‍ June 10, 2009 at 10:23 PM  

വളരെ ഉപയോഗപ്രദമായ ഒരു ‘ടൂള്‍‘ ആണ് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ എനിക്ക്.
ഇരുട്ടിന് ഇരുട്ട് , വെളിച്ചത്തിനു വെളിച്ചം.

പൈങ്ങോടന്‍ June 11, 2009 at 12:12 AM  

പതിവുപോലെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. പലപ്പോഴും എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ടെക്നിക്ക് പിടികിട്ടിയിരുന്നില്ല. ശ്രീലാല്‍ പറഞ്ഞതുപോലെ വെളിച്ചം കുറയാന്‍ മൈനസ് അമര്‍ത്തുക, കൂട്ടാന്‍ പ്ലസ് അമര്‍ത്തുക, ഹ ഹ അതുമാത്രമേ അറിയാമായിരുന്നുള്ളൂ .

ഈ അദ്ധ്യായം പെട്ടെന്ന് തീര്‍ന്നതുപോലെ തോന്നി :)

മീറ്ററിങ്ങ് മോഡുകള്‍ ഒന്നുകൂടി വായിച്ചുനോക്കണം. അതുമാത്രമല്ല, പഴയ പല അദ്ധ്യായങ്ങളും ഒന്നുകൂടി വായിക്കണം.

നന്ദി അപ്പു

കുഞ്ഞന്‍ June 11, 2009 at 1:17 PM  

അപ്പു മാഷെ..

ഇരുട്ടും വെളിച്ചവും ഇത്ര ലളിതമായി ക്രമീകരിക്കാമെന്നുള്ള ഈ പാഠത്തിന് ഒത്തിരി നന്ദി പറയുന്നു.

വെളിച്ചത്ത് ഫ്ലാഷ് ഉപയോഗിച്ചാല്‍ ഈ (+/-)ക്രമീകരണം ശരിയായി വരുമൊ?

ഞാനെടുത്ത ഒരു ചിത്രം വിളക്കിന്റെ വെളിച്ചത്തില്‍ എടുത്തത് അയക്കുന്നു.

Appu Adyakshari June 11, 2009 at 1:19 PM  

ഫ്ലാഷ് ഫോട്ടോയിലും ഇത് ബാധകമാണു കഞ്ഞാ. മാത്രവുമല്ല, ഫ്ലാഷിന്റെ പവറും ഇപ്രകാരം കോമ്പൻസേറ്റ് ചെയ്യാനുള്ള സംവിധാനം ക്യാമറകളീലുണ്ട്.

Unknown June 15, 2009 at 5:02 PM  

വളരെ ഇന്‍ ഫര്‍മെടീവ് ആയ ബ്ലോഗ്‌... ലളിതമായി കാര്യങ്ങള്‍ എഴുതിയിരിക്കുന്നു... ഇങ്ങനെ ഒരു ട്യുടോറിയലിനു വേണ്ടി നെറ്റില്‍ ഒരുപാട് തിരഞ്ഞു... ഒരു ക്യാമറ വാങ്ങി ഒരുപാട് കാലം കഴിഞ്ഞാണ് പല ടെകിനിക്കല്‍ ടേംസും പഠിച്ചത്... അതിന്റെയൊക്കെ ശരിയായ അര്‍ഥം ഇപ്പോഴാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌.. വളരെ നന്ദി.. ഇങ്ങനെയൊരു ബ്ലോഗിന്...

പാവത്താൻ June 16, 2009 at 8:01 PM  

വളരെ ഉപകാരപ്രദം
വളരെ, വളരെ നന്ദി...

കുട്ടുറൂബ്‌ June 17, 2009 at 8:23 PM  

Hello Appu,

Your blog is so much informative.
I am planning to buy a DSLR. Sony A700 and Nikon D5000, These are in my mind now.
Could you help me to deside? Do you have any other suggestions?

Thanks
Rijo

Appu Adyakshari June 17, 2009 at 8:49 PM  

Rijo :-)

I cannot suggest you a camera. It is up to you, your budget and liking. In fact most of the DSLR's are good, but certain manufacturers have a better technology in hand along with their long term experience in this field. A choice of your first DSLR also should be based on how much expansion you would like to do in the future. I mean, extra lenses, flash lights etc in your collection. If you are planning to go for further expansions, Sony is not a good choice. Because only sony products can be used with it. On the other hand if you choose Canon, Nikon etc. accessories are not a problem, because other manufacturers like Sigma, Tamaron etc make compatible lenses which are cheap and good. However, if you have enough budget for original accessories, no problem you can select any brand you want. Sony uses Minolta Technology. Nikon and Canon has a long term experience in this field. If you are looking for an entry level DSLRs some models to search first are Canon EOS 450D, Nikon D60, Canon EOS 1000D, Nikon D5000.. www.dpreview.com is a good site to find very detailed and reliable reviews.

Unknown June 18, 2009 at 3:11 PM  

Really informative....seems like you are a pro!..
i found some useful stuffs...

കുഞ്ഞായി | kunjai June 30, 2009 at 4:48 PM  

അപ്പുമാഷേ,
ഈ ബ്ലോഗിലെ കുറച്ച് ക്ലാസ്സുകളില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല.ഇപ്പോള്‍,സമയം കിട്ടിയപ്പോള്‍ എല്ലാം കൂടി ഒറ്റ ഇരിപ്പിന് വായിച്ച് തീര്‍ത്തു.എല്ലാ പോസ്റ്റുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു.പിന്നെ ,നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ലളിതമായൊരു ഭാഷയുണ്ട്...പുതിയ അറിവുകള്‍ക്ക് നന്ദി...
-കുഞ്ഞായി

retheesh August 13, 2009 at 4:40 PM  

" ഇന്നത്തെ ഡിജിറ്റൽ ക്യാമറകളിൽ, ഒരു രംഗത്തിന്റെ എക്സ്പോഷർ വാല്യൂ നിർണ്ണയിക്കുവാനായി നമ്മെ സഹായിക്കുന്നത് ക്യാമറയുടെ ലൈറ്റ് മീറ്ററാണ് (മാനുവൽ മോഡിൽ ഒഴികെ)"

മാനുവല്‍ മോഡിലും ക്യാമറയുടെ ലൈറ്റ് മീറ്റര്‍ നമ്മളെ കറക്റ്റ് എക്സ്പോഷര്‍ എടുക്കാന്‍ സഹായിക്കില്ലേ? അങ്ങനെയല്ലേ നമ്മള്‍ മനപ്പൂര്‍വം ഒരു സീന്‍ ഒരു പ്രത്യേക വാല്യുവില്‍ അണ്ടര്‍ എക്സ്പോസ് ചെയ്യുകയോ ഓവര്‍ എക്സ്പോസ് ചെയ്യുകയോ ചെയ്യുന്നത്?

പിന്നെ എക്സ്പോഷര്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ നമുക്ക് ഗ്രേ കാര്‍ഡ് കോണ്‍സെപ്റ്റ് കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

മാഷെ ഇതൊരു നല്ല ഗൃഹപാഠം ആയിട്ടു കൊടുക്കാന്‍ പറ്റുന്നതാണോ?

ഒരു വെള്ള A4 ഷീറ്റ് പേപ്പറില്‍ ഒരു ചെറിയ വരി എഴുതിയിട്ട് ഫോട്ടോ എടുത്തു നോക്കൂ, പേപ്പര്‍ ഫ്രെയിമില്‍ നിറഞ്ഞിരിക്കണം. വെള്ള പേപ്പര്‍ വെള്ള കളറില്‍ കിട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ എക്സ്പോഷര്‍ മനസിലാക്കി കഴിഞ്ഞു.. ഗ്രേ ആണെങ്കില്‍ കുഴഞ്ഞു.

ക്ലൂ:

http://www.youtube.com/watch?v=5o7Q9qXXzhQ

അപ്പു ആദ്യാക്ഷരി August 13, 2009 at 7:11 PM  

Nautilus,

കമന്റിനു നന്ദി. ഞാന്‍ ഉദ്ദേശിച്ചത് മാനുവല്‍ മോഡില്‍ ഒഴികെ ബാക്കി മോഡുകളില്‍ ഓട്ടോമാറ്റിക്കായി എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നു. മാനുവല്‍ മോഡീല്‍ എക്സ്പോഷര്‍ നിര്‍ണ്ണയിക്കുവാന്‍ നമ്മെ ഈ മീറ്റര്‍ സഹായിക്കുന്നു - ഇത് ആ വാചകത്തില്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വെള്ളപ്പേപ്പറില്‍ എഴുതി ഫോട്ടോ എടുക്കുമ്പോള്‍ ലഭിക്കുന്ന ‘വെള്ള നിറം’ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ എക്സ്പോഷറിനേക്കാള്‍ കൂടുതലായി വൈറ്റ് ബാലസുമായിട്ടല്ലേ ബന്ധപ്പെട്ടിരിക്കുന്നത്?

retheesh August 14, 2009 at 11:19 PM  

അങ്ങനെയാണെങ്കില്‍ ക്ഷമിക്കണേ.. ഏതായാലും ഞാന്‍ വൈറ്റ് ബാലന്‍സ് ഒന്ന് കൂടെ പഠിക്കട്ടെ..

രതീഷ്‌

sankar August 5, 2011 at 12:00 AM  
This comment has been removed by the author.
sankar August 5, 2011 at 12:04 AM  

അപ്പു ചേട്ടാ,
ഒരു DSLR ല്‍ live histogram എത്ര പ്രാധാന്യം ഉള്ളതാണ്?

Appu Adyakshari August 5, 2011 at 5:36 PM  

ശങ്കർ, DSLR ആയാലും Point and Shoot ആയാലും ഹിസ്റ്റോഗ്രാം നോക്കി ഒരു ഫ്രെയിമിലെ വെളിച്ചത്തിന്റെ ഏറ്റക്കുറവുകളെ അറിയാൻ പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫർക്ക് സാധിക്കും. പ്രത്യേകിച്ചും വളരെ വെളിച്ചക്കൂടുതലുള്ള അവസരങ്ങളിലും വെളിച്ച ക്കുറവുള്ള അവസരങ്ങളിലും മിഡ്‌ടോണൂകൾ എത്രത്തോളം ചിത്രത്തിൽ ലഭിച്ചിട്ടുണ്ട് എന്നറീയാൻ ഹിസ്റ്റോഗ്രാം നോക്കിയാൽ എളുപ്പത്തിൽ അറിയാം.

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP