ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Tuesday, January 29, 2008

പാഠം 6 - സീമോസും സിസിഡിയും

ഡിജിറ്റല്‍ ക്യാമറകളുടെ സെന്‍സറുകളെപ്പറ്റിയും പിക്സലുകളെപ്പറ്റിയും നമ്മള്‍ കഴിഞ്ഞ പോസില്‍ ചര്‍ച്ച ചെയ്തു. ഇനി ഒരു സെന്‍സര്‍ ഡിജിറ്റല്‍ ഇമേജ്‌ രൂപപ്പെടുത്തുന്നതെങ്ങനെ എന്ന് ചുരുക്കമായി ഒന്നു പറഞ്ഞിട്ട്‌ മുമ്പോട്ട്‌ പോകാം എന്നുദ്ദേശിക്കുന്നു. "ചുരുക്കമായി" എന്നു പറയുവാന്‍ കാരണം, സെന്‍സര്‍ നിര്‍മ്മാണത്തിലെ സാങ്കേതികവിദ്യകളും, അതിന്റെ ഘട്ടംഘട്ടമായ നിര്‍മ്മാണവും അത്യന്തം സങ്കീര്‍ണ്ണമായ ഒന്നാണ്‌. അതിനെ ലളിതമായി വിശദീകരിക്കുക പ്രയാസമുള്ള സംഗതിയാണെന്നു മാത്രവുമല്ല, ഇലക്ട്രോണിക്സിന്റെ സങ്കീര്‍ണ്ണതകളിലേക്ക്‌ ഇറങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുമാത്രമേ അതൊക്കെ മനസ്സിലാവുകയും ഉള്ളൂ. അതിനാല്‍ ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഇമേജ്‌ സെന്‍സര്‍ ടൈപ്പുകളെപ്പറ്റി ഒന്നു ചുരുക്കിപ്പറയുകമാത്രമാണ്‌ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.


ഇന്നത്തെ ഡിജിറ്റല്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകളെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം.

(1) CCD അഥവാ Charge-coupled device
(2) CMOS അഥവാ complimentary metal-oxide semiconductor.

ഈ രണ്ടു സാങ്കേതികവിദ്യകളിലും പ്രവര്‍ത്തന തത്വം ഒന്നുതന്നെ, സെന്‍സറില്‍ വീഴുന്ന പ്രകാശോര്‍ജ്ജത്തെ വൈദ്യുത തരംഗങ്ങളാക്കിമാറ്റുക. പക്ഷേ ഇവയുടെ ഡിസൈനുകള്‍ തമ്മില്‍ വലിയ അന്തരം ഉണ്ട്‌. 1960 കളുടെ അവസാനം രൂപമെടുത്തതാണ്‌ CCD ടെക്നോളജി; CMOS 1970 കളുടെ തുടക്കത്തിലും. ഇന്നത്തെ ഡിജിറ്റല്‍ ടെക്നോളജിയുടെ അടിസ്ഥാനം എന്നുതന്നെ പറയാവുന്ന സിലിക്കോണ്‍ സെമികണ്ടക്ടറുകളുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുക്കൊണ്ടുള്ള സാങ്കേതികവിദ്യയാണ്‌ CCD യുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.


സിലിക്കോണ്‍ എന്ന മൂലകം ഭൂമിയില്‍ ഓക്സിജന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ്‌. മണ്ണിലും മണലിലും എല്ലാം ഇതിന്റെ സാന്നിധ്യമുണ്ട്‌. ഈ സിലിക്കോണിന്‌ ഒരു പ്രത്യേകതയുണ്ട്‌ - അതിനെ ചില പ്രത്യേക നിര്‍മ്മാണപ്രക്രിയകളിലൂടെ (Processing techniques) അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്താല്‍ സിലിക്കോണ്‍ തന്മാത്രകള്‍ അവയില്‍ പതിക്കുന്ന പ്രകാശോര്‍ജ്ജത്തെ (ഫോട്ടോണുകളെ) ഇലക്ട്രോണുകളാക്കി(വൈദ്യുത തരംഗങ്ങളാക്കി) മാറ്റും. മാത്രവുമല്ല, വൈദ്യുതതരംഗങ്ങളുടെ അര്‍ത്ഥ ചാലകമായി അല്ലെങ്കില്‍ ഒരു അതി സൂക്ഷ്മ സര്‍ക്യൂട്ടിന്റെ ഭാഗമായി വര്‍ത്തിക്കുവാനും ഈ തന്മാത്രകള്‍ക്ക് സാധിക്കും. ചുരുക്കത്തില്‍ ഇത്രയും സൂക്ഷ്മമായ ഒരു വൈദ്യുത സര്‍ക്യൂട്ടിന്റെ കണ്ടുപിടിത്തമാണ്‌ ഇന്നത്തെ ഡിജിറ്റല്‍ ടെക്നോളജിയെ (ഇമേജിംഗ്‌ മാത്രമല്ല, എല്ലാ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഇതില്‍ പെടുന്നു) നാമിന്നുകാണുന്ന ഉയര്‍ച്ചയിലേക്കെത്തിച്ചിരിക്കുന്നത്‌.

താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. ഒരു CCD സെന്‍സറിന്റെ രൂപരേഖയാണത്‌. അതില്‍ കാണുന്ന ചതുരങ്ങളോരോന്നും ഓരോ പിക്സലുകളെക്കുറിക്കുന്നു. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം).
സെന്‍സറിന്റെ അടിസ്ഥാന ഘടകമായ സിലിക്കോണ്‍ തകിടിനെ "സിലിക്കോണ്‍ വാഫര്‍" എന്നാണ്‌ വിളിക്കുന്നത്‌. ഈ സിലിക്കോണ്‍ വാഫറില്‍ ഒട്ടനവധി പ്രോസസുകള്‍ ചെയ്താണ്‌ ഓരോ പിക്സലുകളും അതില്‍ നിര്‍മ്മിച്ചെടുക്കുന്നത്‌. ഈ പിക്സലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ലൈറ്റ് സെന്‍സിറ്റീവായ ഫോട്ടോസൈറ്റ്. കഴിഞ്ഞ പോസ്റ്റില്‍ സെന്‍സറുകളുടെ വലിപ്പത്തെപ്പറ്റി ചര്‍ച്ചചെയ്തപ്പോള്‍ പിക്സലുകളുടെ എണ്ണത്തിലല്ല, വിസ്തീര്‍ണ്ണത്തിലാണ് കാര്യമെന്നും, അതിനാലാണ് SLR ക്യാമറകളുടെ സെന്‍സറുകള്‍ മെച്ചമായ ചിത്രങ്ങള്‍ നല്‍കുന്നതെന്നും പറഞ്ഞത് ഓര്‍മ്മയുണ്ടാവുമല്ലോ. CCD സെന്‍സറിന്റെ നിര്‍മ്മാണപ്രക്രിയ എങ്ങനെയാണ്‌ എന്ന് കാണുവാനാഗ്രഹിക്കുന്നവര്‍ക്കായി ഈ വെബ്‌സൈറ്റില്‍ ഇതിന്റെ ഘട്ടംഘട്ടമായ നിര്‍മ്മാണം ചിത്രങ്ങളിലൂടെ വിവരിക്കുന്നുണ്ട്‌. ഒരു CCD സെന്‍സറിന്റെ അനാറ്റമി തന്നെ ചിത്രങ്ങള്‍ സഹിതം അവിടെ നല്‍കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതിലെ Interactive Java Toutorial നോക്കുക.


സെന്‍സറിലേക്ക്‌ പ്രകാശം പതിക്കുമ്പോള്‍ തത്തുല്യമായ അളവില്‍ ഇലക്ട്രോണുകള്‍ (ഇലക്ട്രോണുകളുടെ പ്രവാഹമാണ്‌ വൈദ്യുതി) ഈ പിക്സലുകളില്‍ രൂപപ്പെടുകയും അവയെ തൊട്ടടുത്തുള്ള സിലിക്കോണ്‍ തന്മാത്രകള്‍വഴി സെന്‍സറിന്റെ ഒരു വശത്തേക്ക്‌ കൊണ്ടുപോവുകയും ഒരു Nodal point ല്‍ (ചിത്രത്തില്‍ താഴെ, വലത്തേക്കോണിലുള്ള ചതുരം) വച്ച്‌ ഈ എല്ലാ സിഗ്നലുകളേയും ചേര്‍ത്ത്‌ ഒരു ഡിജിറ്റല്‍ കണ്‍വര്‍ട്ടറിലേക്ക്‌ അയയ്ക്കുകയും ചെയ്യുന്നു. ചിത്രത്തിലെ ആരോ മാര്‍ക്കുകള്‍ ഈ വൈദ്യുതസിഗ്നലുകളുടെ പാതയെ കാണിക്കുന്നു. ഈ കണ്‍വര്‍ട്ടര്‍ ഈ സിഗ്നലുകളെ ഒരു ഡിജിറ്റല്‍ രൂപരേഖയാക്കിമാറ്റുന്നു. ഇതാണ്‌ CCD യുടെ ഏറ്റവും അടിസ്ഥാനപരമായ പ്രവര്‍ത്തന തത്വം. കൂടുതല്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇതുംകൂടെ ഒന്നു നോക്കുക.

ആരംഭഘട്ടത്തില്‍ CCD സെന്‍സറുകളുടെ നിര്‍മ്മാണചെലവു വളരെ കൂടുതലായിരുന്നു. പക്ഷേ ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍, വളരെയധികം ഡിറ്റെയില്‍സ്‌ ഇതൊക്കെ CCD ചിത്രങ്ങളുടെ പ്രത്യേകതയും ആയിരുന്നു. 1969 മുതല്‍ ഇന്നു വരെ 27 വര്‍ഷങ്ങള്‍ക്കുമേലുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങളുടെയും മെച്ചപ്പെടുത്തലുകളുടേയും പിന്‍ബലത്തില്‍ CCD ടെക്നോളജി ഇന്ന് ഏകദേശം പൂര്‍ണ്ണതയിലെത്തിനില്‍ക്കുന്നു (It is a matured technology). സാങ്കേതിക വിദ്യയിലുണ്ടായ നേട്ടങ്ങളാല്‍ തുടക്കത്തെഅപേക്ഷിച്ച് നിര്‍മ്മാണചെലവും ഇന്ന് താരതമ്യേന കുറവാണ്.


CCD യുടെ ഭാരിച്ച നിര്‍മ്മാണചെലവുകള്‍ക്കു ബദലായി രൂപപ്പെട്ട ഒന്നായിരുന്നു CMOS ടെക്നോളജി. CCD സെന്‍സറിന്റെ ചിത്രത്തില്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ. പിക്സലുകളുടെ ഇടയില്‍ മറ്റു "വയറിംഗുകളോ" സര്‍ക്യൂട്ടുകളോ ഒന്നുമില്ല. സിലിക്കോണ്‍ തന്മാത്രകള്‍തന്നെയാണ്‌ അവിടെ ചാലകമായി വര്‍ത്തിക്കുന്നത്‌. CCD യുമായി ഇതിനുള്ള പ്രധാന വ്യത്യാസം ഓരോ പിക്സലുകളുമായും ബന്ധിപ്പിച്ച്‌ ഓരോ സര്‍ക്യൂട്ടുകളും, ട്രാന്‍സിസ്റ്ററുകളും ഇത്തരം സംവിധാനത്തിനു വേണം എന്നതാണ്‌. ഓര്‍ക്കുക, പിക്സലുകളോരോന്നും തലമുടിനാരിഴയേക്കാള്‍ കട്ടികുറഞ്ഞതാണ്‌. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
ഒരു CMOS സെന്‍സറിന്റെ ഏകദേശരൂപമാണിത്‌. CCD യില്‍ നിന്നും വ്യത്യസതമായി ഓരോ പിക്സലുകളിലും ഒരു ചെറിയഭാഗം ലൈറ്റ് സെന്‍സിറ്റീവ് വസ്തുവിനാല്‍ നിര്‍മ്മിച്ചതാണ്. അതില്‍ രൂപപ്പെടുന്ന ഇലക്ട്രോണുകളെ (വൈദ്യുത തരംഗങ്ങളെ) ആ പിക്സലുമായി ബന്ധിച്ചിരിക്കുന്ന ചില സര്‍ക്യൂട്ടുകളിലൂടെയാണ്‌ സെന്‍സറിനു പുറത്തേക്ക്‌ കൊണ്ടുപോകുന്നത്‌. സ്വാഭാവികമായും ഈ സര്‍ക്യൂട്ടുകളും പിക്സലുകളോളം പോന്ന മൈക്രോണ്‍സ്‌ വലുപ്പത്തിലാവണം! നിങ്ങളില്‍ ചിലരെങ്കിലും ഇലക്ട്രോണിക്‌ സര്‍ക്യൂട്ട്‌ ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടാവുമല്ലോ. അവയില്‍ ചെറിയ കനംകുറഞ്ഞ സ്വര്‍ണ്ണനിറത്തിലും വെള്ളിനിറത്തിലും വരകള്‍ കണ്ടിട്ടില്ലേ? ഇവയോരോന്നും ആ ബോര്‍ഡുകളിലെ "വയറിംഗുകളാണ്‌". ലിതോഗ്രാഫി എന്ന സാങ്കേതികവിദ്യയും അനുയോജ്യമായ "മഷികളും" ഉപയോഗിച്ചാണ്‌ ഈ വരകള്‍ ഈ സര്‍ക്യൂട്ടറിയില്‍ പ്രിന്റു ചെയ്യുക. 1970 കളില്‍ ലിതോഗ്രാഫി ഇന്നത്തെപ്പോലെ വികസിച്ചിരുന്നില്ല. അതിനാല്‍ സീമോസ്‌ ടെക്നോളജി അന്നേ നിലവില്‍ വന്നെങ്കിലും അതിന്‌ CCD യെപ്പോലെ വികസിക്കാനായില്ല. 1990 നുശേഷമാണ്‌ ആധുനിക ലിത്തോഗ്രാഫി ടെക്നോളജി നിലവില്‍ വന്നത്‌. അതിനുശേഷം സീമോസ്‌ ടെക്നോളജിയില്‍ വന്‍ കുതിച്ചുചാട്ടം തന്നെയുണ്ടായി. ഇന്ന് മൈക്രോസ്കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്നത്ര സൂക്ഷ്മമായി ഇത്തരം സര്‍ക്യൂട്ടുകള്‍ പ്രിന്റ് ചെയൂവാനുള്ള സാങ്കേതിക വിദ്യനിലവിലുണ്ട്. എങ്കിലും ഒരു പരിധിയില്‍ താഴെ വലിപ്പത്തിലുള്ള സിമോസ് സെന്‍സറുകള്‍ ഇതുവരെ വിപണിയില്ല. അതിനാലാണ് ഇപ്പോഴും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍ മിക്കതും സിസിഡി സെന്‍സര്‍ ടെക്നോളജി ഉപയോഗിക്കുന്നത്. മാത്രവുമല്ല ഗുണമേന്മയില്‍ CCD യോടൊപ്പമെത്താന്‍ സീമോസിന്‌ ഈ സമീപ കാലത്തുവരെ സാധിച്ചിരുന്നില്ല.


എന്നാല്‍ ഈ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി സീമോസിലും അതോടോപ്പം ഉപയോഗിക്കുന്ന മറ്റു ക്യാമറസംവിധാനങ്ങളിലും ഉണ്ടായ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ഇപ്പോള്‍ മുന്തിയ ഇനം സീമോസ്‌ സെന്‍സറുകള്‍ക്ക്‌ CCD യോളം പോന്ന ഗുണമേന്മയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. അതിനാലാണ്‌ ക്യാനന്‍ D40, D400 തുടങ്ങിയ SLR ക്യാമറകളിലും മറ്റനവധി ക്യാമറ മോഡലുകളിലും ഇന്ന് CMOS സെന്‍സറുകള്‍ ഉപയോഗിക്കുന്നത്‌. ഒരു പക്ഷേ എസ്.എല്‍.ആര്‍ ഡിജിറ്റല്‍ ക്യാമറകളുടെ വിലകുറച്ച് ക്യാമറയെ ഇത്രയധികം ജനകീയമാക്കിയതുപോലും CMOS ടെക്നോളജിയായിരിക്കും.


CCD യ്ക്കും CMOS നും അതതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ട്‌. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ CMOS സെന്‍സറുകള്‍ CCD യേക്കാള്‍ ഗുണമേന്മയില്‍ പിന്നിലായിരുന്നുതാനും. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഈ രണ്ടു സാങ്കേതികവിദ്യകളും വ്യത്യസ്ത ഉപയോഗങ്ങളില്‍ വളരെ നല്ല ഇമേജുകള്‍ ലഭിക്കാനായി ഉപയോഗിക്കുന്നുണ്ട്‌. രണ്ടുവിധത്തിലുള്ള സെന്‍സറുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്‌

(1) ഉയര്‍ന്ന ഗുണമേന്മയുള്ള നല്ല ചിത്രങ്ങള്‍ CCD സെന്‍സറുകളുടെ പ്രത്യേകതയാണ്‌. CMOS സെന്‍സറുകളുണ്ടാക്കുന്ന ചിത്രങ്ങളില്‍ കുറഞ്ഞവെളിച്ചത്തില്‍ Noise കൂടുതലായി കാണപ്പെടുന്നു. (നോയിസ്‌ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകളുമായി ക്യാനന്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്‌. അവരുടെ ഇന്നു മാര്‍ക്കറ്റിലുള്ള CMOS SLR ക്യാമറകളില്‍ ഉയര്‍ന്ന ISO നമ്പറുകളിലും നോയിസ്‌ കുറവായികാണുന്നു. - Noise, ISO രണ്ടും വരുന്ന പോസ്റ്റുകളില്‍ വിശദീകരിക്കാം).

2. CMOS സെന്‍സറുകളിലെ പിക്സലുകളില്‍ ഓരോ ഫോട്ടോസൈറ്റിനോടും അനുബന്ധിച്ചുള്ള ട്രാന്‍സിസ്റ്ററുകളും സര്‍ക്യൂട്ടുകളും സെന്‍സറിനെ നല്ലൊരു ഭാഗം അപഹരിക്കുന്നു. അതിനാല്‍ സെന്‍സറില്‍ വീഴുന്ന ഫോട്ടോണുകളെല്ലാം ഫോട്ടോസൈറ്റില്‍ എത്തുന്നില്ല. CCD യില്‍ ഇത്തരം സര്‍ക്യൂട്ടുകളോ ട്രാന്‍സിസ്റ്ററുകളോ പിക്സലുകളുമായി അനുബന്ധിച്ച്‌ ഇല്ലാത്തതിനാല്‍ അവ കൂടുതല്‍ ലൈറ്റ്‌ സെന്‍സിറ്റീവ്‌ ആണ്‌.

3. CCD യുടെ പ്രവര്‍ത്തനത്തിന്‌ കൂടുതല്‍ വൈദ്യുതി ആവശ്യമാണ്‌. CMOS ന്‌ തത്തുല്യവലിപ്പമുള്ള ഒരു CCD യേക്കാല്‍ നൂറിലൊരംശം മാത്രം പവര്‍മതിയാകും. കൂടുതല്‍ ബാറ്ററിലൈഫ്‌ എന്നു സാരം. പക്ഷേ സീമോസ് സെന്‍സറിനോടൊപ്പം ഒരു ഡിജിറ്റല്‍ ചിത്രത്തെ മെച്ചപ്പെടുത്താനുള്ള മറ്റു പല ചിപ്പുകളും കൂടിഉണ്ടെങ്കിലേ ചിത്രം നന്നാവൂ. അതിനാല്‍ ബാറ്ററി ലാഭം മറ്റൊരുവിധത്തില്‍ ചെലവുകൂടുതലായി പോകുന്നു.

4. CMOS സെന്‍സറിന്റെ ഓരോ പിക്സല്‍ വാല്യുവും വെവ്വേറെയാണ്‌ ക്യാമറയുടെ പ്രോസസര്‍ വായിക്കുന്നത്‌. CCD യില്‍ ഒരു നോഡിലൂടെയാണ്‌ എല്ലാ പിക്സല്‍ വാല്യുവും വായിക്കപ്പെടുന്നത്‌. അതിനാല്‍ CCD ചിത്രങ്ങള്‍ കൂടുതല്‍ Consistency / uniformity ഉള്ളതായിരിക്കും

5. ഒരു സാധാരണ സിലിക്കോണ്‍ പ്രോസസിംഗ്‌ ലൈനില്‍ നിര്‍മ്മിക്കാവുന്നതാണ്‌ CMOS സെന്‍സറുകള്‍. പക്ഷേ CCD യ്ക്ക്‌ അതിനുവേണ്ടി മാത്രം നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ലൈനുകള്‍ ആവശ്യമാണ്‌. അതിനാല്‍ CMOS നിര്‍മ്മാണച്ചെലവുകള്‍ CCD യേക്കാള്‍ കുറവാണ്‌. പക്ഷേ ഒരു നല്ല സീമോസ് ഡിസൈന്‍ ചെയ്തെടുക്കുന്നതിന് സിസിഡി ഡിസൈനിംഗിനേക്കാള്‍ വളരെ ചെലവുണ്ട്. അതിനാള്‍ നല്ല ഗുണമേന്മയുള്ള CCD യുടേയും CMOS ന്റെയും വില (ചിപ്പുകള്‍ക്ക്) ഏകദേശം ഒരേ നിലവാരത്തില്‍ത്തന്നെ.

കൂടുതല്‍ വിശദമായ ഒരു താരതമ്യ പഠനം ഇവിടെയുണ്ട്.. അന്വേഷണകുതുകികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു വെബ് പേജാണിത്.


വ്യത്യാസങ്ങള്‍ ഇങ്ങനെ പലതുണ്ടെങ്കിലും, മേല്‍പ്പറഞ്ഞതുപോലെ CMOS ടെക്നോളജി ഇന്ന് വളരെ വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ത്തന്നെ CCD യോളം പോന്ന ഗുണമേന്മയില്‍ ചിത്രങ്ങള്‍ നല്‍കുവാന്‍ ചില ക്യാമറ നിര്‍മ്മാതാക്കളുടെ സെന്‍സറുകള്‍ക്കെങ്കിലും സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ തീര്‍ച്ചായായും ടെക്നോളജി കൂടുതല്‍ വികസിക്കുകയും സീമോസ്‌ സെന്‍സറുകള്‍ അതീവ ഗുണമേന്മയുള്ള ചിത്രങ്ങള്‍ തരുകയും ചെയ്താല്‍ ഭാവി സെന്‍സറുകള്‍ മുഴുവന്‍ CCD യില്‍നിന്ന് CMOS ലേക്ക്‌ മാറാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്‌.

അങ്ങനെ നിലവിലുള്ള രണ്ടുതരം സെന്‍സറുകളെപ്പറ്റിയും ഏകദേശധാരണയായി. അവയുടെ അകത്തേക്ക് ഇറങ്ങിപരിചയപ്പെടുകയും ചെയ്തു. കുറെ പിക്സലുകള്‍, അവയ്ക്കുള്ളില്‍ ചെറിയ ഭാഗം‌മാത്രം വരുന്ന ഫോട്ടോസൈറ്റുകളും, സീമോസാണെങ്കില്‍ കുറേ സര്‍ക്യൂട്ടുകളും. ഇതൊന്നും പോരാഞ്ഞ് പിക്സലുകള്‍ക്കിടയില്‍ “കാലിയായി കിടക്കുന്ന” കുറേ സ്ഥലവും. ഒരു ലെന്‍സ് രൂപപ്പെടുത്തി വിടുന്ന പ്രതിബിംബത്തെ ഈ സെന്‍സറുകള്‍ എങ്ങനെയാണാവോ മിഴിവുറ്റ ചിത്രങ്ങളാക്കിമാറ്റുക? ഈ കാലി സ്പെയ്സുകളെയൊക്കെ എങ്ങനെ ശരിയാക്കിയെടുക്കും? ഈ “നിറമില്ലാത്ത” വൈദ്യുത സിഗ്നലുകളില്‍നിന്ന് കളര്‍ ചിത്രങ്ങള്‍ എടുക്കുന്നതെങ്ങനെ? ആ കഥകള്‍ അടുത്ത പോസ്റ്റില്‍.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

23 comments:

അപ്പു ആദ്യാക്ഷരി January 29, 2008 at 3:57 PM  

കാഴ്ചയ്ക്കിപ്പുറം ബ്ലോഗിലെ പുതിയ പോസ്റ്റ്. സീമോസും സിസിഡിയും

നവരുചിയന്‍ January 29, 2008 at 4:19 PM  

ഓഹോ അപ്പൊ അത് കഴിഞ്ഞു ... ഒരു കാര്യം കൂടെ അറിഞ്ഞാല്‍ കൊള്ളാം . എന്തിനാണ് വിപണിയില്‍ ഇത്രയേറെ കാര്ഡ് ഫോര്‍മാറ്റുകള്‍ . (memory stic,sd card,multimedia card, CF card, ) whts the advantage of this .

ഹരിശ്രീ January 29, 2008 at 4:34 PM  

മാഷേ,

ഈ ക്ലാസ്സും കൊള്ളാം....തുടരൂ

പിന്നെ , നവരുചിയന്‍ പറഞ്ഞ സംശയം കൂടി തീര്‍ത്തുതരുമല്ലോ ...???

ദിലീപ് വിശ്വനാഥ് January 29, 2008 at 8:46 PM  

അപ്പുവേട്ടാ, വളരെ വിജ്ഞാനപ്രദമാണ് ഓരോ പോസ്റ്റും. തുടരൂ.

Mr. K# January 29, 2008 at 9:06 PM  

ഈ ക്ലാസും നന്നായിരിക്കുന്നു.

Suraj January 29, 2008 at 9:28 PM  

മറ്റൊരു കിണ്ണം പോസ്റ്റ് !

നന്ദി.

വായിച്ചു വായിച്ചുവന്നപ്പോള്‍ റെട്ടിനയെക്കുറിച്ച് സുശീല മാഡം (ഞങ്ങളുടെ ഫിസിയോളജി പ്രൊഫസര്‍) എടുത്ത ക്ലാസുകള്‍ ഓടിയെത്തി... ‘കണ്ണ്’ എന്ന പ്രകൃതിയുടെ മഹാത്ഭുതത്തെ ഇങ്ങനെ സിലിക്കണ്‍ വേഫറുകളിലായി പുനര്‍സൃഷ്ടിച്ച തലകള്‍ക്ക് ഒരു വലിയ നമസ്കാരം.

ചില സംശയങ്ങള്‍ തികട്ടി തികട്ടി വരുന്നു; പക്ഷേ തോക്കില്‍ കയറി വെടിവയ്ക്കുന്നില്ല. ഒരുപക്ഷേ അടുത്തു വരാന്‍ പോകുന്ന പോസ്റ്റുകളിലായി അപ്പു മാഷ് തന്നെയതു തീര്‍ത്തെയ്ക്കും. കാത്തിരിക്കുന്നു.

Murali K Menon January 29, 2008 at 9:58 PM  

എന്തൂട്ടാ പറയാ, ഞാന്‍ പൊട്ടന്‍ പൂരം കണ്ട മാതിരി ഇതൊക്കെ വായിച്ചട്ട് അന്തം വിട്ട് നിക്ക്വാ.

എന്തായാലും കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ അതീവ സന്തുഷ്ടന്‍... എന്നെങ്കിലും ഓരോ പോസ്റ്റുകളായ് വീണ്ടും ഇരിക്കണം. അതിനിടയിലൊന്നും പരീക്ഷ വച്ചേക്കല്ലേ അപ്പൂ. (കൊല്ലും ഞാന്‍)

ശ്രീലാല്‍ January 30, 2008 at 4:59 AM  

ഗംഭീരന്‍ ക്ലാസ്.. !! മലയാളത്തില്‍ ഇങ്ങനെ മധുരമായി സാങ്കേതിക കാര്യങ്ങള്‍ വായിക്കാന്‍ ഒരു സുഖം തന്നെ. വായിച്ചു എങ്കിലും വിശദമായി ഒന്നു കൂടെ വായിച്ച് തന്ന ലിങ്കുകളില്‍ ഒക്കെ പോയി പഠിക്കാം.

ശ്രീ January 30, 2008 at 6:21 AM  

അപ്പുവേട്ടാ...

മറ്റൊരു തകര്‍‌പ്പന്‍‌ ക്ലാസ്സു കൂടി. CCD യും CMOS ഉം എല്ലാം പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും ശ്രീലാല്‍‌ പറഞ്ഞതു പോലെ മലയാളത്തില്‍‌ ഇത്ര ലളിതമായി, രസകരമായി വിവരിച്ചിരിയ്ക്കുന്നത് വായിയ്ക്കുന്നത് ഒരു സുഖമുള്ള കാര്യം തന്നെ.

തുടരൂ...
:)

കുഞ്ഞായി | kunjai January 30, 2008 at 8:10 AM  

അപ്പുവേട്ടാ..
വളരെ അധികം അറിവ് പകര്‍ന്നു തന്ന മറ്റൊരു ക്ലാസ്.
ശ്രീലാലും,ശ്രീയും പറഞ്ഞത് തന്നെയാ ക്ലാസ്സിനെ കൂടുതല്‍ സുഖമുള്ളതാക്കുന്നത്

അഗ്രജന്‍ January 30, 2008 at 9:36 AM  

അപ്പു, ഇത്രയും ആത്മാര്‍ത്ഥതയോടെ എഴുതുന്ന ബ്ലോഗുകള്‍ വളരെ ചുരുക്കം...

:: niKk | നിക്ക് :: January 30, 2008 at 4:05 PM  

പതിവു പോലെ ഒരു ക്ലാസ്‌ ക്ലാസ്‌ അപ്പൂസ്‌. അഗ്രു പറഞ്ഞതു പോലെ വളരെ ആത്മാര്‍ത്ഥമായതു ...

അടുത്ത ചാപ്റ്ററിനായ്‌ കാത്തിരിക്കുന്നു

ഷാനവാസ്‌ ഇലിപ്പക്കുളം January 30, 2008 at 8:23 PM  

അപ്പുവേട്ടാ, കഴിഞ്ഞ കുറേ നാളുകളായി ബ്ലോഗുവായനുമില്ല, എഴുത്തും, ചര്‍ച്ചയും, തര്‍ക്കവുമൊന്നുമില്ലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ചില പ്രശ്നങ്ങളും, ജോലിത്തിരക്കുകളായിരുന്നു കാരണം. എല്ലമൊന്നൊതുങ്ങി ഈയാഴ്ചയാണ്‌ ഒന്നു ശ്വാസംവിടാന്‍ അവസരം ലഭിച്ചത്‌. വന്നപ്പോഴോ ആവശ്യമില്ലാത്ത ചില തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട്‌ ഒരു പ്രയോജനവുമില്ലാതെ സമയം കളയുകയും ചെയ്തു. അതിനാല്‍ ഇന്നാണ്‌ ഈ ക്ലാസ്സുകള്‍ വായിക്കാന്‍ കഴിഞ്ഞത്‌. കിട്ടിയ സമയത്തിനോടൊപ്പം സമയം ഉണ്ടാക്കി ഒന്നുമുതല്‍ ആറുവരെയുള്ള പാഠങ്ങളും ഒറ്റയിരുപ്പിന്‌ വായിച്ചു. മനസ്സിരുത്തിത്തന്നെയാണ്‌ വായിച്ചത്‌, എന്നാലും ഈ ഉഴപ്പന്‍ വിദ്യാര്‍ത്ഥിയോട്‌ ക്ഷമിക്കുക. ഇനിയും പലവട്ടം വായിച്ച്‌ ഉറപ്പിക്കുന്നതായിരിക്കും. അഗ്ര്യു ഇക്ക പറഞ്ഞതുപോലെ ഇത്ര ആത്മാര്‍ഥതയോടെ വളരെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ട്‌ ക്ലാസ്സെടുക്കുന്ന ഒരു അദ്ധ്യാപകനെപ്പോലെ വളരെ മനോഹരവും, ലളിതവും ആര്‍ക്കും മനസ്സിലാക്കാവുന്നതുമായ വിവരണം. അപ്പുവേട്ടന്‍ ഒരു നല്ല അദ്ധ്യാപകന്‍ തന്നെ. തുടര്‍ന്നും നല്ല നല്ല പോര്‍ഷന്‍സ്‌ ലളിതമായി പറഞ്ഞുതരുമെന്നു കരുതുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒന്നുകൂടി വായിച്ചിട്ട്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം, അറിയുന്നതുപോലെ പറഞ്ഞുതന്നാല്‍ മതി. മുരളി മേനോന്‍ പറഞ്ഞതുപോലെ പരീക്ഷയൊന്നും വെച്ചുകളയരുത്‌! ഇത്രയും കഷ്ടപ്പെട്ടു പഠിപ്പിക്കുന്ന അദ്ധ്യാപകന്‌ എല്ലാവിധ ആശംസകളും.പിന്നെ കടുത്ത ഗുരുദക്ഷിണയൊന്നും ചോദിച്ചുകളയരുത്‌. അടുത്ത പോസ്റ്റിനായി ബ്രൗസര്‍ റിഫ്രഷ്ചെയ്തുകൊണ്ടേയിരിക്കുന്നു!
For notification, email me: sha_nvz@yahoo.com

ഗുപ്തന്‍ January 31, 2008 at 12:17 AM  

അപ്ഡേഷന്‍ കാത്തിരിക്കുന്ന അപൂര്‍വം ബ്ലോഗുകളില്‍ ഒന്ന് :)

Kunjipenne - കുഞ്ഞിപെണ്ണ് October 13, 2008 at 8:22 AM  

ഇങ്ങേരെ അങ്ങ് സമ്മതിച്ച് തരണം

hi April 2, 2009 at 9:41 AM  

njan ee blog kaanan valare vaiki :(
muzhuvan vaayikkatte..
thanks alot.

രഘു November 28, 2009 at 7:44 PM  
This comment has been removed by the author.
NAVEEN April 13, 2010 at 1:32 PM  
This comment has been removed by the author.
NAVEEN April 13, 2010 at 1:35 PM  

valare lathumayi ennal athelere vykathamyi paranja appoonu nandi asamsakal

Unknown August 2, 2011 at 11:30 AM  

അപ്പുവേട്ടാ , ഒരു സംശയം ..
കാനനിന്റെ സൈറ്റില്‍ നോക്കിയപ്പോള്‍ point and shoot ക്യാമറ യില്‍ CCD യും SLR il CMOS ഉം ഉപയോഗിക്കുന്നത് ആയി കാണുന്നു .. അത് എന്താ ഇങ്ങനെ ?? ശരിക്കും വലിപ്പം വെച്ച് നോക്കുകയാനെകില്‍ നേരെ തിരിച്ചല്ലേ വേണ്ടത് ??

Appu Adyakshari August 5, 2011 at 5:39 PM  

ശങ്കർ ക്യാമറയുടെ വലിപ്പം വച്ചല്ല ഈ സെൻസർ സെലക്ഷൻ നടത്തിയിരിക്കുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിൽ കുഞ്ഞു ലെൻസ്, അതിനുചേരുന്ന കുഞ്ഞു സെൻസർ, അതുവച്ചു കിട്ടാവുന്ന പരമാവധി ഷാർപ്പായ ഫോട്ടോ ഇതൊക്കെയാണ് വേണ്ടത്. ഒപ്പം നോയിസും നല്ലവണ്ണം കുറയ്ക്കണം. അപ്പോൾ സിസിഡി ഓപ്ഷൻ തന്നെയാണ് നല്ലത്. സെൻസറിന്റെ വലിപ്പ ക്കുറവുകാരണം ചെലവും കുറവ്. എന്നാൽ എസ്.എൽ,ആറിൽ സ്ഥിതി ഇതല്ല. വലിയ സെൻസർ വേണം, ചെലവു കുറയ്ക്കണം. അതുകൊണ്ട്തന്നെ റിസേർച്ചുകൾ നല്ലവണ്ണം നടക്കുന്നു, നാൾക്കുനാൾ സിമോസ് സെൻസറുകൾ ബെറ്റർ ആകുന്നു. അത്രതന്നെ.

Unknown August 5, 2011 at 5:44 PM  

Okey ..
Thank you appuvettaaa

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP