പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1
ഡെപ്ത് ഓഫ് ഫീൽഡ് (Depth of field - DoF) എന്ന വാക്ക് പരിചയമില്ലാത്തവരായി ഫോട്ടൊഗ്രാഫർമാർക്കിടയിൽ അധികമാളുകൾ ഉണ്ടാവില്ല. ഇനി അഥവാ കേട്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ തന്നെ, അതിന്റെ എഫക്റ്റുകൾ ഫോട്ടോഗ്രാഫുകളിൽ ശ്രദ്ധിക്കാത്തവർ ഉണ്ടാവില്ല. ഒരു ചിത്രത്തെ വളരെയേറെ പ്രത്യേകതകളുള്ളതാക്കുവാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്ന ഒരു ഓപ്റ്റിക്കൽ എഫക്റ്റാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നറിയപ്പെടുന്ന, ലെൻസുകളുടെ ഈ പ്രത്യേകത. താഴെയുള്ള ചിത്രത്തിൽ കാണുന്നതുപോലെ അവ്യക്തമാക്കിയ ബാക്ഗ്രൌണ്ടിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രധാന ഓബ്ജക്റ്റുകളും, ഫ്രെയിമിന്റെ തൊട്ടുമുമ്പു മുതൽ അനന്തതവരെയുള്ള സകല വസ്തുക്കളും വളരെ ഷാർപ്പായി കാണപ്പെടുന്ന ചിത്രങ്ങളും ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർ ചെയ്യുന്നതാണ്. ഡെപ്ത് ഓഫ് ഫീൽഡ് എന്താണെന്ന് വിശദമായി ചർച്ച ചെയ്യുകയാണ് ഈ അദ്ധ്യായത്തിൽ.
ഈ പോസ്റ്റിൽ കുറേ കണക്കുകളും ചാർട്ടുകളും കാണുന്നുണ്ടെന്നുകരുതി വായന ഇപ്പോഴേ നിർത്തേണ്ട കേട്ടോ, അതൊക്കെ വളരെ എളുപ്പം മനസ്സിലാവുന്ന ഡേറ്റകൾ മാത്രമാണ് ! ടേബിളുകൾ കണ്ടാലുടൻ വായന നിർത്തിപ്പോകുന്നവരോടും, അവ വായിക്കാതെ സ്കിപ്പ് ചെയ്ത് പോകുന്നവരോടും മുൻകൂറായി പറഞ്ഞു എന്നുമാത്രം.
ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ, ഒരു ഫ്രെയിമിൽ ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിനു മുമ്പിലും പിൻപിലുമായി എത്രത്തോളം ഭാഗങ്ങൾ നമ്മുടെ കണ്ണുകൾക്ക് ഷാർപ്പായി തോന്നുന്നുവോ, ആ ഏരിയയുടെ വലിപ്പമാണ് ഡെപ്ത് ഓഫ് ഫീൽഡ്. ഈ ചിത്രം നോക്കുക. ഒരു പത്രത്താളിലെ ഒരു വരിയെ ഫോക്കസ് ചെയ്തിരിക്കുകയാണ് ഇവിടെ. ആ വരിയുടെ മുമ്പിലും പിറകിലുമായി എത്രത്തോളം ഭാഗങ്ങൾ ‘ഷാർപ്പാണ്’ എന്ന് വളരെ വ്യക്തമായി കാണുന്നുണ്ടല്ലോ. ബാക്കിയുള്ള ഭാഗങ്ങൾ അവ്യക്തവുമാണ്. ഇതാണ് ഈ ഫ്രെയിമിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് അപ്പർച്ചറും മറ്റു ചില സെറ്റിംഗുകളും ചേർന്നുണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ്.
മേൽപ്പറഞ്ഞ നിർവ്വചനത്തിൽ നിന്നും ചിത്രത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. DoF ഒരു ലംബമായ (vertical) തലമല്ല (Plane), മറിച്ച് ക്യാമറയുടെ ലെൻസിൽ നിന്നും അനന്തതയിലേക്ക് നീളുന്ന ഒരു തിരശ്ചീന (horizontal) തലത്തിൽ ഉൾപ്പെടുന്ന ഒരു നിശ്ചിത വിസ്തൃതിയാണ് (area). ഈ ഭാഗത്തിനുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും ഷാർപ്പായിരിക്കും. മേൽക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ Refiners sell എന്ന വരിയിലാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്. ഈ പോയിന്റിന് എത്ര മുമ്പിൽ നിന്നാണോ ഷാർപ്പായ ഭാഗം ആരംഭിക്കുന്നത് ആ തലത്തെ Near End of DoF എന്നും, ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന്റെ പിറകിലേക്ക് ഷാർപ്പായി കാണപ്പെടുന്ന ഭാഗം അവസാനിക്കുന്ന തലത്തെ Far end of DoF എന്നും വിളിക്കുന്നു. ഈ രണ്ടു തലങ്ങൾക്കിടയിലുള്ള ഭാഗത്തെയാണ് നാം ഡെപ്ത് ഓഫ് ഫീൽഡ് എന്നുവിളിക്കുന്നത്. ഇവിടെ near, far എന്നീ വാക്കുകൾ ക്യാമറയിൽനിന്നും ‘അടുത്ത്‘ അല്ലെങ്കിൽ ‘അകലെ‘ എന്ന വസ്തുത സൂചിപ്പിക്കുന്നു.
അതായത്, ഒരു ഫോട്ടോഗ്രാഫിൽ ഫോക്കസിൽ ആയിരിക്കുന്ന വസ്തുവിന്റെ (അല്ലെങ്കിൽ വസ്തുക്കളുടെ) മുമ്പിലേക്കും പിറകിലേക്കും ഒരു നിശ്ചിത ദൂരപരിധിയ്ക്കുള്ളിൽ വരുന്ന എല്ലാ വസ്തുക്കളും വ്യക്തതയുള്ളതായും (sharp and clear) ആ പരിധിക്കു പുറത്തുള്ള വസ്തുക്കൾ അത്ര വ്യക്തമല്ലാതെയും ആയിരിക്കും ക്യാമറകളുടെ ലെൻസുകൾ കാണിച്ചുതരുന്നത്. ഇത്തരത്തിൽ, വ്യക്തതയോടെ കാണപ്പെടുന്ന ഭാഗത്തിന്റെ വ്യാപ്തിയെയാണ് ഡെപ്ത് ഓഫ് ഫീൽഡ് (DoF) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരേ ലെൻസ് പല അളവിലുള്ള DoF കൾ തരാറുണ്ട് എന്ന് അറിയാമല്ലോ? DoF റെയ്ഞ്ചുകൾ ഓരോ തരം ലെൻസുകൾക്കും അതാതിന്റെ ഡിസൈൻ അനുസരിച്ച് യാദൃശ്ചികമായി വന്നുഭവിക്കുന്ന ഒന്നല്ല. നിശിതമായ ഗണിത സമവാക്യങ്ങൾക്കനുസരണമായി രൂപപ്പെടുന്ന ഒന്നാണ് DoF. അതിനാൽ ലെൻസിന്റെ മോഡൽ, ബ്രാന്റ്, വലിപ്പം തുടങ്ങിയവയ്ക്കനുസൃതമായി ഡെപ്ത് ഓഫ് ഫീൽഡ് മാറുകയില്ല. പകരം DoF നിർണ്ണയിക്കുന്ന സമവാക്യങ്ങളിലെ ഘടകങ്ങളായ Hyperfocal distance of the lense, focal length of the lense, distance to focus point, near distance of sharpness, far distance of sharpness, aperture size, circle of confusion എന്നീ ഏഴു കാര്യങ്ങളാണ് DoF ന്റെ വലിപ്പം തീരുമാനിക്കുന്നത്.
ഈ വാക്കുകൾ വായിച്ച് പേടിക്കേണ്ട! ഭാഗ്യവശാൽ, ഇതൊക്കെയും ലെൻസുകൾ ഡിസൈൻ ചെയ്യുന്ന എഞ്ചിനീയർമാരുടെ അറിവിലേക്കുള്ള കാര്യങ്ങളാണ് ഫോട്ടോഗ്രാഫർമാർ എന്ന നിലയിൽ, നമുക്ക് ഇവയെപ്പറ്റിയൊന്നും അറിയേണ്ട കാര്യമില്ല. പകരം, നമ്മുടെ ഇഷ്ടപ്രകാരം ഡെപ്ത് ഓഫ് ഫീൽഡ് ക്രമീകരിക്കുവാൻ ക്യാമറയിൽ എന്തൊക്കെ സെറ്റിംഗ് ചെയ്യണം എന്നതുമാത്രമേ ഒരു ഫോട്ടോഗ്രാഫർ അറിയേണ്ടതുള്ളൂ. ആ കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ നാം ചർച്ച ചെയ്യുന്നത്. ഡെപ്ത് ഓഫ് ഫീൽഡ് എന്ന വിഷയം അല്പം പരന്നതാകയാൽ ഇതിനെ രണ്ട് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഇത് ഒന്നാം ഭാഗമാണ്; പ്രായോഗികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തിൽ ഡെപ്ത് ഓഫ് ഫീൽഡിന്റെ തിയറി വിശദീകരിക്കാം.
DoF നിർണ്ണയിക്കുന്ന ഘടകങ്ങൾ:
DoF നെപ്പറ്റിയുള്ള ഒരു പൊതുവായ ധാരണ അത് അപ്പർച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാത്രമാണ് - വലിയ അപ്പർച്ചർ സൈസുകൾക്ക് (ചെറിയ അപ്പർച്ചർ നമ്പർ) നേരിയ ഡെപ്ത് ഓഫ് ഫീൽഡ്, ചെറിയ അപ്പർച്ചറുകൾക്ക് വലിയ ഡെപ്ത് ഓഫ് ഫീൽഡ്. എന്നാൽ, ഇത് ഈ തിയറിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.
ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പച്ചെറുപ്പങ്ങൾ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. (1)ഉപയോഗിച്ചിരിക്കുന്ന ലെൻസിന്റെ ഫോക്കൽ ദൂരം (2) ലെൻസിന്റെ അപ്പർച്ചർ (3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരം (4) ഇമേജ് മാഗ്നിഫിക്കേഷൻ |
ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇവ ഒറ്റയ്ക്കൊറ്റക്കല്ല ഡെപ്ത് ഓഫ് ഫീൽഡിനെ സ്വാധീനിക്കുന്നത് എന്നതാണ്; പകരം ഇവ നാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെയെന്ന് വിശദമായി ഒന്നു പരിശോധിക്കാം.
കുറിപ്പ്:
ഇനി പറയുന്ന ടേബിളുകളിലെല്ലാം നീളത്തിന്റെ (ദൂരത്തിന്റെ) യൂണിറ്റായി അടി (feet), ഇഞ്ച് തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിത്യജീവിതത്തിൽ ഈ യൂണിറ്റുകൾ ഉപയോഗിച്ചു പരിചയമില്ലാത്തവർക്കു വേണ്ടി നമുക്ക് പരിചയമുള്ള ചില വസ്തുക്കളുടെ ഏകദേശ വലിപ്പം കൂടി അവയുമായി ബന്ധിപ്പിച്ച് പറഞ്ഞിരിക്കുന്നു, ഈ ടേബിളുകൾ വായിക്കുമ്പോൾ DoF വലിപ്പത്തെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുവാനായി.
1 ഇഞ്ച് | = 2.54 സെന്റി മീറ്റർ; നമ്മുടെ കൈകളിലെ തള്ളവിരലിനും, ചെറുവിരലിനും ഏകദേശം രണ്ട്-രണ്ടേകാൽ ഇഞ്ച് നീളമുണ്ട് (ഏകദേശം എന്നതു ശ്രദ്ധിക്കുക). |
12 ഇഞ്ച് | = 1 ഫീറ്റ് (അടി). ഏകദേശക്കണക്കിൽ പറഞ്ഞാൽ നമ്മുടെ കാൽ പാദത്തിന്റെ വലിപ്പം (ശരിക്കും ഒരു ആവറേജ് കാൽപ്പാദം ഒരടിയിൽ കുറവേയുള്ളൂ). അല്ലെങ്കിൽ Thump-up പൊസിഷനിൽ ഇരിക്കുന്ന ഇരു കൈമുഷ്ടികളിലേയും തള്ളവിരലുകളുടെ അഗ്രങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ലഭിക്കുന്ന ആകെ നീളം. |
6 അടി | ഏകദേശക്കണക്കിൽ ഒരു ആവറേജ് മനുഷ്യന്റെ നീളം |
30 അടി | = 9 മീറ്റർ, ഏകദേശം ഒരു ബസിന്റെ നീളം |
0.5 ഫീറ്റ് | = ഒരടിയുടെ പകുതി = 6 ഇഞ്ച് ഏകദേശം നമ്മുടെ കൈപ്പത്തിയുടെ നീളം. |
0.1 ഫീറ്റ് | = ഒരടിയുടെ പത്തിലൊന്ന് =1.2 ഇഞ്ച് = ചെറുവിരലിന്റെ പകുതി നീളം |
1. ഫോക്കൽ ദൂരം:
ഒരു ഫ്രെയിമിന്റെ DoF നിർണ്ണയിക്കുന്ന ആദ്യത്തെ ഘടകം ആ ചിത്രം എടുക്കുവാൻ ഉപയോഗിച്ച ലെൻസിന്റെ ഫോക്കൽ ദൂരം (focal length) ആണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് എന്ന Concept നെപ്പറ്റി വളരെ തെറ്റിദ്ധാരണകൾ ഫോട്ടോഗ്രാഫർമാരിക്കിടയിൽ ഉണ്ട്. ഒരു ക്യാമറ ലെൻസിനെ സംബന്ധിച്ചിടത്തോളം ഇത് ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരമോ, ലെൻസ് ഇമേജ് ഉണ്ടാക്കുന്ന പ്ലെയിനിലേക്കുള്ള ദൂരമോ ഒന്നുമല്ല. ഓരോ തരം ലെൻസുകളുടേയും ഒരു Optical constant ആണ് അത് എന്നു മാത്രം തൽക്കാലം മനസ്സിലാക്കുക. ഒരു ലെൻസിൽ നിന്നും ഓബ്ജക്റ്റിലേക്കുള്ള ദൂരം മാറ്റാതെ വച്ചിരിക്കുന്നു എങ്കിൽ, ഫോക്കൽ ലെങ്ത് കൂടുംതോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കൂടുന്നു. ഫോക്കൽ ലെങ്ത് കുറയും തോറും ആ ലെൻസ് ഉണ്ടാക്കുന്ന ഇമേജിന്റെ വലിപ്പം കുറയുന്നു. ഈ പ്രത്യേകതകൊണ്ടാണ് ഉയർന്ന ഫോക്കൽ ലെങ്തുകളിൽ നമുക്ക് “സൂം” ചെയ്ത ഇമേജുകൾ കിട്ടുന്നത്. ഇതേപ്പറ്റി കുറേക്കൂടീ വിശദമായി ഈ അദ്ധ്യായത്തിൽ ഇമേജ് മാഗ്നിഫിക്കേഷൻ എന്ന ഭാഗത്ത് പറയുന്നുണ്ട്.
ലെൻസിന്റെ ഫോക്കൽ ദൂരം കുറയുംതോറും ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു; ഫോക്കൽ ദൂരം കൂടും തോറൂം ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു. |
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന ഓബ്ജക്റ്റിലേക്കുള്ള ദൂരവും ലെൻസിന്റെ അപ്പർച്ചറും മാറ്റാതെ വച്ചിരിക്കുന്നുവെങ്കിൽ, 18 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു (വൈഡ് ആംഗിൾ) ലെൻസ് നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് 200 mm ഫോക്കൽ ദൂരത്തിൽ ഇരിക്കുന്ന ഒരു ( സൂം ) ലെൻസ് തരുന്ന ഡെപ്ത് ഓഫ് ഫീൽഡിനേക്കാൾ വളരെ വലുതായിരിക്കും. ശ്രദ്ധിക്കുക - ഡെപ്ത് ഓഫ് ഫീൽഡ് ലെൻസ് ടൈപ്പിനെയോ മോഡലിനെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്, ഫോക്കൽ ദൂരത്തെയാണ്.
ഒരു ഉദാഹരണം നോക്കാം. ഒരു ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം 6 feet ആണെന്നിരിക്കട്ടെ. അപ്പർച്ചർ f/4 എന്ന സെറ്റിംഗിൽ സ്ഥിരമായി വച്ചിരിക്കുന്നു എന്നും കരുതുക. വിവിധ ഫോക്കൽ ദൂരങ്ങൾ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തി എത്രയുണ്ടാവും എന്നു താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ നിന്ന് മനസ്സിലാക്കാം.
ടേബിൾ വായിക്കുമ്പോൾ ഒന്നുരണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ലെൻസിന്റെ ഫോക്കൽ ദൂരം എന്നതും ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം എന്നതും രണ്ടും രണ്ടാണ്. തൽക്കാലത്തേക്ക് ഫോക്കൽ ദൂരം എന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട - ലെൻസിന്റെ ആംഗിൾ ഓഫ് വ്യൂ സെറ്റിംഗ് എന്നുമാത്രം ഓർക്കുക. ടേബിളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഇവയാണ്. ലെൻസിന്റെ ഫോക്കൽ ദൂരം, ആ സെറ്റിംഗിൽ DoF ആരംഭിക്കുന്ന പോയിന്റിലേക്കുള്ള ദൂരം (Near), DoF ലെ ക്ലിയറായ ഏറ്റവും അകലെയുള്ള പോയിന്റിലേക്കുള്ള ദൂരം (Far), DoF ന്റെ ആകെ വലിപ്പം, DoF ന്റെ എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ മുമ്പിലാണ്, എത്ര ശതമാനം ഭാഗം ഓബ്ജക്റ്റിന്റെ പുറകിലാണ് എന്നീ വിവരങ്ങളാണ് ഈ ടേബിളിൽ ഉള്ളത്. Near end, Far end ദൂരങ്ങൾക്കുള്ളിൽ വരുന്ന ഏരിയയുടെ വലിപ്പമാണ് DoF ന്റെ ആകെ വലിപ്പം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 ഫീറ്റ് (മാറ്റമില്ല) | |||||
ഫോക്കൽ ലെങ്തുകൾ | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുമ്പിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
18 mm | 4.21 ft | 10.4 ft | 6.22 ft | 29% | 71% |
50 mm | 5.69 ft | 6.34 ft | 0.65 ft | 47% | 53% |
100 mm | 5.92 ft | 6.08 ft | 0.16 ft | 49% | 51% |
200 mm | 5.98 ft | 6.02 ft | 0.04 ft | 50% | 50% |
300 mm | 5.99 ft | 6.01 ft | 0.02 ft | 50% | 50% |
ടേബിളിലെ വിവരങ്ങൾ അനുസരിച്ച്, ഫോക്കൽ ലെങ്ത് വർദ്ധിക്കും തോറും DoF ന്റെ വലിപ്പം കുറഞ്ഞുവരുന്നത് ശ്രദ്ധിക്കൂ. ആറടി അകലത്തിൽ ഫോക്കസ് ചെയ്തിരിക്കുന്ന ഒരു വസ്തുവിനു ചുറ്റും, 18 mm വൈഡ് ആംഗിൾ ലെൻസ് ആറര അടിയോളം വലിയ DoF തരുമ്പോൾ 100 mm ഫോക്കൽ ലെങ്തിനു മുകളിലേക്ക് ഉള്ള സൂം ലെൻസുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് വെറും രണ്ടിഞ്ച് നമ്മുടെ ചെറുവിരലിനോളം വലിപ്പത്തിൽ വളരെ ചെറിയ ഒരു ഏരിയ മാത്രമാണെന്ന് കണ്ടല്ലോ? 100 mm ലെൻസ് ഉപയോഗിച്ച് ആറടി അകലെ നിൽക്കുന്ന ഒരാളുടെ മുഖം ക്ലോസ് അപ്പ് ആയി എടുക്കാൻ ശ്രമിച്ചാൽ എപ്രകാരമായിരിക്കും ചിത്രം ലഭിക്കുക എന്നാലോചിച്ചു നോക്കൂ. ആളുടെ മൂക്കും ചെവിയും ഫോക്കസിൽ ലഭിക്കുമോ? ഇതേ ചിത്രം 50 mm ലെൻസ് ഉപയോഗിച്ച് എടുത്താലോ?
2. അപ്പർച്ചർ സൈസ്:
DoF ന്റെ വലിപ്പം തീരുമാനിക്കുന്ന രണ്ടാമത്തെ ഘടകം ചിത്രം എടുക്കുവാനായി ലെൻസിൽ ഉപയോഗിച്ച അപ്പർച്ചറിന്റെ വലിപ്പമാണ്.
അപ്പർച്ചറിന്റെ വലിപ്പം കൂടുംതോറും (അതായത് ചെറിയ അപർച്ചർ നമ്പർ) ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു. അപ്പർച്ചറിന്റെ വലിപ്പം കുറയുംതോറും (വലിയ അപ്പർച്ചർ നമ്പർ), ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നു. |
താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ, ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം 6 അടി എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ഫോക്കൽ ദൂരം 50 mm എന്നതും മാറ്റമില്ലാതെ വച്ചിരിക്കുന്നു. അപ്പർച്ചർ സൈസ് മാറ്റുന്നതിനനുസരിച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന മാറ്റങ്ങൾ നോക്കൂ.
ഫോക്കൽ ലെങ്ത് 50mm, ഓബ്ജക്റ്റിലേക്കുള്ള ദൂരം 6 അടി (മാറ്റമില്ല) | |||||
അപ്പർച്ചറുകൾ | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുമ്പിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
f/2 | 5.84 ft | 6.17 ft | 0.32 ft | 49% | 51% |
f/4 | 5.69 ft | 6.34 ft | 0.65 ft | 47% | 53% |
f/5.6 | 5.57 ft | 6.50 ft | 0.92 ft | 46% | 54% |
f/8 | 5.41 ft | 6.73 ft | 1.31 ft | 45% | 55% |
f/11 | 5.20 ft | 7.08 ft | 1.88 ft | 42% | 58% |
f/32 | 4.19 ft | 10.60 ft | 6.39 ft | 28% | 72% |
ഒന്നുരണ്ടു കാര്യങ്ങൾ ഈ ടേബിളിൽ ശ്രദ്ധിക്കുവാനുണ്ട്. f /5.6 നു മുകളിലേക്ക് ഡെപ്ത് ഓഫ് ഫീൽഡ് വർദ്ധിക്കുന്നതായി കണ്ടുവല്ലോ? ആ വർദ്ധനവ് എവിടേക്കാണെന്നുകൂടി നോക്കൂ. ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിന്റെ പിന്നിലേക്കാണ് കൂടുതൽ ഭാഗങ്ങൾ ക്ലിയറായി വരുന്നത് (DoF ശതമാനം നോക്കുക). ഇലകളുടെ തൊട്ടുമുമ്പിൽ നിൽക്കുന്ന ഒരു പൂവിന്റെ ക്ലോസ് അപ്പ് എടുക്കുവാൻ 50 mm ലെൻസിൽ ഈ അപ്പർച്ചർ സൈസ് അനുയോജ്യമാണോ? അല്ലെങ്കിൽ എന്തുകൊണ്ട്? ആലോചിച്ചു നോക്കൂ. ഏത് അപ്പർച്ചർ ആവും ഇവിടെ അനുയോജ്യം? ഇതേ പൂവിനെ 100 mm ലെൻസിന്റെ f/4 ൽ എടുത്താലോ? ആദ്യപോയിന്റിലെ ടേബിൾ നോക്കി ഉത്തരം പറയൂ. അതൊരു ചെമ്പരുത്തി പൂവാണെങ്കിൽ ഇതളും മുമ്പോട്ട് നീണ്ടു നിൽക്കുന്ന പരാഗതന്തുക്കളും ഒരു പോലെ ഫോക്കസിലാക്കുവാൻ 100 mm ൽ f/4 മതിയാവുമോ?
50mm പ്രൈം ലെൻസിന്റെ f/1.8 എന്ന അപ്പർച്ചർ നൽകുന്ന ഡെപ്ത് ഓഫ് ഫീൽഡ് എത്ര ചെറുതാണെന്നു കാണിക്കുവാൻ ഒരു ഉദാഹരണം. ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കുക. ചിത്രത്തിലെ ടേപ്പ് മെഷറിൽ 27 ഇഞ്ച് എന്നെഴുതിയിരിക്കുന്ന പോയിന്റിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ലെൻസിൽനിന്നും 27 ഇഞ്ച് അകലെയാണ് ഈ പോയിന്റ് ഫോട്ടോയെടുക്കുമ്പോൾ സെറ്റ് ചെയ്തത്. അതേ പൊസിഷനിൽ ക്യാമറ വച്ചുകൊണ്ട്, അപ്പർച്ചർ f/6.3 എന്നു മാറ്റിയപ്പോൾ ലഭിക്കുന്ന DoF അതിനു താഴെയുള്ള ചിത്രത്തിലുണ്ട്.
3. ഓബ്ജക്റ്റിലേക്കുള്ള ദൂരം:
ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരമാണ് ഡെപ്ത് ഓഫ് ഫീൽഡിനെ നിയന്ത്രിക്കുന്ന മൂന്നാമത്തെ ഘടകം.
ലെൻസിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം കൂടുംതോറും ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം വർദ്ധിക്കുന്നു. |
താഴെക്കൊടുത്തിരിക്കുന്ന ടേബിളിൽ ഫോക്കൽ ലെങ്ത് 50mm ലും അപ്പർച്ചർ f/4 ലും സ്ഥിരമായി നിർത്തിയിരിക്കുന്നു. ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള അകലമാണ് ഇവിടെ വർദ്ധിപ്പിക്കുന്നത്. DoF ലെ മാറ്റങ്ങൾ ശ്രദ്ധിക്കൂ.
അപ്പർച്ചർ f/4 ഫോക്കൽ ലെങ്ത് 50 mm (മാറ്റമില്ല) | |||||
ഓബ്ജക്റ്റിലേക്കുള്ള ദൂരം | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുന്നിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
5 feet | 4.79 ft | 5.23 ft | 0.45 ft | 48% | 52% |
10 feet | 9.16 ft | 11 ft | 1.84 ft | 45% | 55% |
20 feet | 16.90 ft | 24.5 ft | 7.61 ft | 41% | 59% |
40 feet | 29.2 ft | 63.4 ft | 34.2 ft | 32% | 68% |
100 feet | 51.9 ft | 1334.6 ft | 1282.7 ft | 4% | 96% |
110 feet | 54.5 ft | infinity | infinite | --- | ---- |
100 അടി അകലെ ഫോക്കസ് ചെയ്യുമ്പോൾ കിട്ടുന്ന ഡെപ്ത് ഓഫ് ഫീൽഡ് നോക്കൂ. 1282 അടി, അതായത് ഏകദേശം 380 മീറ്റർ ! അത്രയും വലിയ DoF ന്റെ വെറും 4% ദൂരം മാത്രമേ ഫോക്കസ് പോയിന്റിനും ക്യാമറയ്ക്കും ഇടയിലുള്ളൂ. ബാക്കിമുഴുവൻ പുറകിലേക്കാണ് 96%. ഫോക്കസ് ചെയ്തിരിക്കുന്ന ദൂരം 110 അടി അകലെയാവുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. ഡെപ്ത് ഓഫ് ഫീൽഡിനു പുറകിലേക്കുള്ള ദൂരം infinity (അനന്തത) വരെ എത്തുന്നു. ഇപ്രകാരം DoF ന്റെ പിന്നറ്റം അനന്തതവരെ നീളുന്ന രീതിയിൽ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും അടുത്ത ഒരു പോയിന്റ് എല്ലാ ലെൻസുകൾക്കും, ഓരോ അപ്പർച്ചറിലും ഉണ്ടാവും. ഈ പോയിന്റിനെ ഹൈപ്പർഫോക്കൽ ലെങ്ത് (Hyperfocal length) എന്നുവിളിക്കുന്നു. ഇതിനെപ്പറ്റി അല്പം കൂടി വിശദമായി പിന്നാലെ ചർച്ചചെയ്യാം.
ചോദ്യം: ഒരു വലിയ ലാന്റ്സ്കേപ്പ് സീൻ. പച്ചനെൽച്ചെടികൾ നിറഞ്ഞ ഒരു വിശാലമായ പാടശേഖരമാണെന്നിരിക്കട്ടെ. മുകളിൽ, അവസാനം പറഞ്ഞ ലെൻസ് സെറ്റിംഗുകളാണു നിങ്ങളുടെ ക്യാമറയിലെങ്കിൽ, നിങ്ങൾ എവിടെ ഫോക്കസ് ചെയ്യും? നൂറടി അകലെയുള്ള ഒരു പോയിന്റിലോ? അതോ അതിനും കുറച്ചപ്പുറത്തോ? ഈ സീനിൽ ബാക്ക്ഗ്രൌണ്ടിൽ കുറേ അകലെയായി ഒരു മലയുണ്ട് എന്നുകരുതുക. അവിടെ നിങ്ങൾ ഫോക്കസ് പോയിന്റ് തെരഞ്ഞെടുക്കുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
4. ഇമേജ് മാഗ്നിഫിക്കേഷൻ:
യഥാർത്ഥത്തിൽ ക്യാമറയിൽ നിന്ന് ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരത്തെയും, ലെൻസിന്റെ ഫോക്കൽ ദൂരത്തേയും ആശ്രയിച്ചാണ് മാഗ്നിഫിക്കേഷൻ തീരുമാനിക്കപ്പെടുന്നത്. ഇമേജ് മാഗ്നിഫിക്കേഷൻ എന്നാലെന്താണെന്നും അത് ക്യാമറയുടെ സെൻസറിന്റെ ക്രോപ് ഫാക്റ്റർ, ഒരു ക്യാമറയിലെ ലെൻസിന്റെ വലിപ്പം എന്നിവയ്ക്കനുസരിച്ച് എങ്ങനെ മാറുന്നു എന്നതും ഒരു പ്രത്യേക അദ്ധ്യായത്തിൽ ചർച്ചചെയ്യേണ്ടത്ര വലിയ വിഷയമാണ്. അതിനാൽ അത് അടുത്ത ഒരു അദ്ധ്യായത്തിലേക്ക് മാറ്റിവയ്ക്കുന്നു.
ലളിതമായി ഒരല്പം ഇവിടെ പറയാം. ഒരു വസ്തുവിന്റെ യഥാർത്ഥ വലിപ്പവും ഒരു ലെൻസ് ഉണ്ടാക്കുന്ന അതിന്റെ പ്രതിബിംബത്തിന്റെ വലിപ്പവും തമ്മിലുള്ള ഒരു അനുപാതമാണ് ഇമേജ് മാഗ്നിഫിക്കേഷൻ. ഒരു ലെൻസുണ്ടാക്കുന്ന പ്രതിബിംബത്തിന്റെ വലിപ്പം അതിന്റെ ഫോക്കൽ ലെങ്തിനെ ആശ്രയിച്ചിരിക്കുന്നു - ഒരു നിശ്ചിത ദൂരത്തിലിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം വ്യത്യസ്ത ലെൻസുകൾ ഉണ്ടാക്കുന്നുവെന്നിരിക്കട്ടെ. വലിയ ഫോക്കൽ ലെങ്തു ഉള്ള ലെൻസ് വലിയ ഇമേജും, ചെറിയ ഫോക്കൽ ലെങ്ത് ഉള്ള ലെൻസ് ചെറിയ ഇമേജും ആയിരിക്കും ഉണ്ടാക്കുക. 50 mm ഫോക്കൽ ലെങ്ത് ഉള്ള ലെൻസുണ്ടാക്കുന്നതിന്റെ ഇരട്ടി വലിപ്പമുള്ള പ്രതിബിംബമാവും 100 mm ലെൻസ് ഉണ്ടാക്കുന്നത്. അങ്ങനെയെങ്കിൽ, സൂം ലെൻസുകൾ എങ്ങനെയാണ് ദൂരെയുള്ള വസ്തുക്കളെ അടുത്തേക്ക് കൊണ്ടുവരുന്നത്?
താഴെയുള്ള ചിത്രം നോക്കൂ. ഒരു പാർക്കിന്റെ ചിത്രമാണത് (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക). നീല നിറത്തിലെ ചതുരം ക്യാമറയുടെ സെൻസറിനെ കുറിക്കുന്നു. സെൻസറിൽ വീഴുന്ന പ്രതിബിംബം തന്നെയാണ് നാം വ്യൂഫൈന്ററിലും കാണുന്നത്. 28 mm എന്ന ഫോക്കൽ ലെങ്തിൽ (വൈഡ് ആംഗിൾ) ലെൻസുണ്ടാക്കുന്ന ചെറിയ പ്രതിബിംബം കൃത്യമായും സെൻസറിന്റെ ഏരിയയ്ക്കുള്ളിൽ വീഴാനുള്ള വലിപ്പമേയുള്ളൂ. അതിനാൽ വളരെ വിശാലമായ പുൽത്തകിടിയും ചുറ്റുപാടും നാം ഫോട്ടോയിലും വ്യൂ ഫൈന്ററിലും കാണുന്നു. അതേ സ്ഥലത്തിന്റെ പ്രതിബിംബം 280 mm ഫോക്കൽ ലെങ്തിൽ (സൂം ഇൻ) ലെൻസ് ഉണ്ടാക്കുമ്പോൾ വളരെ വലുതായാണ് രൂപപ്പെടുന്നത് (ചാരനിറത്തിൽ കാണിച്ചിരിക്കുന്ന ഭാഗം). ഈ പ്രതിബിംബത്തിന്റെ നടുവിലുള്ള, സെൻസറിനുള്ളിൽ വീഴുന്ന ഭാഗം മാത്രമേ നാം വ്യൂ ഫൈന്ററിലും ചിത്രത്തിലും കാണുന്നുള്ളൂ, അതിനാൽ ആ ഏരിയ വലുതായി നമുക്ക് തോന്നുന്നു.
പ്രായോഗികമായി പറഞ്ഞാൽ, സൂം ഇൻ ചെയ്യുന്നതിനു പകരം ലെൻസിനെ 28mm ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് ചിത്രത്തിന്റെ നടുവിലുള്ള മൂന്നു ചെടികളുടെ അടുത്തേക്ക് നടന്നു പോയാലും ഒരു പ്രത്യേക ദൂരത്തിലെത്തുമ്പോൾ വലതുവശത്തുള്ള അതേ ഫ്രെയിം ലഭിക്കും എന്നറിയാമല്ലോ. അവിടെ എന്താണു സംഭവിച്ചത് എന്നാലോചിച്ചു നോക്കൂ. ആദ്യ ചിത്രം എടുക്കുമ്പോൾ ചെടികളിൽ നിന്നും നാം നൂറുമീറ്റർ അകലെ ആയിരുന്നുവെന്നിരിക്കട്ടെ. ലെൻസ് അതേ ഫോക്കൽ ലെങ്തിൽ വച്ചുകൊണ്ട് മുമ്പോട്ട് നടന്നുവന്ന് 20 മീറ്റർ അകലെ എത്തുമ്പോൾ വലതുവശത്തെ ഫ്രെയിം ലഭിക്കുന്നു എന്നും കരുതുക. 28mm ലെൻസ് നൂറുമീറ്റർ അകലെ വച്ചുണ്ടാക്കുന്ന ചെടികളുടെ പ്രതിബിംബം, അതേ ലെൻസ് ഇരുപതുമീറ്റർ അകലെവച്ചുണ്ടാക്കുന്ന പ്രതിബിംബത്തേക്കാൾ ചെറുതാണ്. ശരിയല്ലേ? അപ്പോൾ മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരത്തെ മാത്രമല്ല, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള അകലത്തേയും ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലായല്ലോ. വിശദമായി രണ്ടദ്ധ്യായങ്ങൾക്കു ശേഷം പഠിക്കാം.
മാഗ്നിഫിക്കേഷൻ അവിടെ നിൽക്കട്ടെ, നമുക്ക് നമ്മുടെ വിഷയത്തിലേക്ക് തിരികെയെത്താം. ഇമേജ് മാഗ്നിഫിക്കേഷനും ഡെപ്ത് ഓഫ് ഫീൽഡും തമ്മിലുള്ള ബന്ധമെന്താണ്?
മാഗ്നിഫിക്കേഷൻ കൂട്ടിയാൽ കുറഞ്ഞ ഡെപ്ത് ഓഫ് ഫീൽഡ്, മാഗ്നിഫിക്കേഷൻ കുറച്ചാൽ കൂടിയ ഡെപ്ത് ഓഫ് ഫീൽഡ്. നടന്നുപോയാലും, സൂം ലെൻസ് ഉപയോഗിച്ചാലും ഒരുപോലെ ബാധകം. |
താഴെക്കൊടുത്തിരിക്കുന്ന ടേബിൾ നോക്കൂ. ഈ ഉദാഹരണത്തിൽ ലെൻസിന്റെ അപ്പർച്ചർ f/4 എന്ന് സ്ഥിരമായി വച്ചിരിക്കുന്നു. ലെൻസിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരവും സ്ഥിരമാണ് 100 അടി ദൂരം. ഈ വസ്തുവിനെ ഒരു സൂം ലെൻസ് ഉപയോഗിച്ച് സൂം ഇൻ ചെയ്യുമ്പോൾ, ആ വസ്തുവിനു ചുറ്റുമുള്ള ഡെപ്ത് ഓഫ് ഫീൽഡിന്റെ വ്യാപ്തിയിൽ വരുന്ന വ്യത്യാസമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. 200 mm എന്ന ഫോക്കൽ ലെങ്തിൽ ലെൻസ് ഇരിക്കുമ്പോൾ 11.5 അടിയുണ്ടായിരുന്ന ഡെപ്ത് ഓഫ് ഫീൽഡ്, 350 mm എന്ന ഫോക്കൽ ലെങ്തിലെത്തുമ്പോൾ വെറും 3.74 അടിയായി ചുരുങ്ങുന്നത് ശ്രദ്ധിക്കൂ.
അപ്പർച്ചർ f/4, ഓബ്ജക്റ്റിലേക്കുള്ള ദൂരം 100 ഫീറ്റ് (മാറ്റമില്ല) | |||||
Zoom (focal distance) | Near | Far | DoF വലിപ്പം | % ഓബ്ജക്റ്റിനു മുന്നിലേക്ക് | % ഓബ്ജക്റ്റിനു പിന്നിലേക്ക് |
200 mm | 94.6 ft | 106.1 ft | 11.5 ft | 47% | 53% |
250 mm | 96.5 ft | 103.8 ft | 7.36 ft | 48% | 52% |
300 mm | 97.5 ft | 102.6 ft | 5.1 ft | 49% | 51% |
350 mm | 98.2 ft | 101.9 ft | 3.74 ft | 49% | 51% |
അടുത്ത ടേബിൾ ഇതുവരെ പറഞ്ഞവയിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് ഓരോ നിരയിലും മുൻനിരയിലുണ്ടായിരുന്നതിന്റെ ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവും ഇരട്ടിയാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്താണു സംഭവിച്ചതെന്നു മനസ്സിലായോ? എല്ലാ സെറ്റിംഗുകളിലും ലഭിക്കുന്ന ഇമേജ് സൈസ് ഒന്നുതന്നെ. അതുകൊണ്ടുതന്നെ ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പം മാറാതെ നിൽക്കുന്നതു കണ്ടുവോ !! f/4 എന്ന അപ്പർച്ചർ അതിന്റെ പകുതിയാക്കിക്കുറച്ചിരിക്കുന്നു (f/8) ടേബിളിന്റെ അവസാനത്തെ കോളത്തിൽ. ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പത്തിനെന്തു സംഭവിക്കുന്നു എന്നു നോക്കൂ. അത് f/4 ൽ ഉണ്ടായിരുന്ന DoF ന്റെ ഇരട്ടിയായി പക്ഷേ, സൂം വർദ്ധിക്കുംതോറും അതും സ്ഥിരമായി നിൽക്കുന്നു എന്നു കണ്ടല്ലോ.
Focal length | Distance to object | DoF @ f/4 | DoF @ f/8 |
50 mm | 5 feet | 0.45 feet | 0.95 feet |
100 mm | 10 feet | 0.45 feet | 0.95 feet |
200 mm | 20 feet | 0.45 feet | 0.95 feet |
400 mm | 40 feet | 0.45 feet | 0.95 feet |
ചുരുക്കത്തിൽ, ഒരേ ഇമേജ് മാഗ്നിഫിക്കേഷനിൽ ഡെപ്ത് ഓഫ് ഫീൽഡ് ഒരേ വലിപ്പത്തിൽ തന്നെ. മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ദൂരവുമായും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഡെപ്ത് ഓഫ് ഫീൽഡിനു നിർണ്ണയിക്കുന്ന കാര്യങ്ങളെ രണ്ടെണ്ണമായി ചുരുക്കാം - അപ്പർച്ചറും, ഇമേജ് മാഗ്നിഫിക്കേഷനും.
ചില ചോദ്യങ്ങൾ : പോർട്രെയ്റ്റുകൾ എടുക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഫോട്ടോഗ്രാഫർമാർ പ്രൈം ലെൻസുകൾ മാറ്റിയിട്ട് സൂം ലെൻസുകൾ ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നത്? സൂം ലെൻസുകൾ ഉപയോഗിച്ചാൽ മാത്രമേ വളരെ കുറഞ്ഞ DoF ലഭിക്കുകയുള്ളൂ എന്നുണ്ടോ? ഒരു 50 mm ലെൻസ് ഉപയോഗിച്ച് കൊണ്ട് വളരെ കുറഞ്ഞ DoF ഉണ്ടാക്കിയെടുക്കുവാൻ എന്തുചെയ്യണം? പല എൻട്രി ലെവൽ സൂം ലെൻസുകളുടെയും അപ്പർച്ചറുകൾ f/4 ൽ ആണ് ആരംഭിക്കുന്നത്. 50mm പ്രൈം ലെൻസുകളിൽ 1.8 വരെ പോകാം. ഇതുകൊണ്ടുള്ള ഗുണം DoF context ൽ എന്താണ്? ക്ലോസ് അപ് ചിത്രങ്ങളിൽ ഡെപ്ത് ഓഫ് ഫീൽഡ് കുറവായി കാണപ്പെടുന്നതെന്തുകൊണ്ട്?
താഴെയുള്ള രണ്ടു ചെമ്പരുത്തി ചിത്രങ്ങളിൽ ആദ്യത്തേത് 55 mm ലെൻസ് ഉപയോഗിച്ചും രണ്ടാമത്തേത് 300 mm സൂം ലെൻസ് ഉപയോഗിച്ചും എടുത്തതാണ്. എന്തുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന്റെ DoF കുറവായി തോന്നുന്നത്?
ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ:
വളരെ എളുപ്പത്തിൽ വിവിധ ലെൻസ് സെറ്റിംഗുകളിലെ ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കുവാനായി ഇന്റർനെറ്റിൽ ഓൺലൈൻ ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്ററുകൾ ലഭ്യമാണ്. അവയിൽ വളരെ പ്രയോജനപ്രദമായി തോന്നിയ ഒരു സൈറ്റാണ് DOF Master. ആ സൈറ്റിന്റെ ലിങ്ക് ഇവിടെയുണ്ട്. ഇടതു വശത്തായുള്ള ഫീൽഡിൽ ആദ്യം നിങ്ങളുടെ ക്യാമറയുടെ മോഡൽ സെലക്റ്റ് ചെയ്യുക (ലിസ്റ്റിൽ ഇല്ലെങ്കിൽ ഏറ്റവും അടുത്ത മോഡൽ തെരഞ്ഞെടുക്കൂ). രണ്ടാമത്തെ ഫീൽഡിൽ അപ്പർച്ചറും, മൂന്നാമത്തെ ഫീൽഡിൽ ഓബ്ജക്റ്റിലേക്കുള്ള ദൂരവും തെരഞ്ഞെടുത്തിട്ട് കാൽക്കുലേറ്റ് എന്ന ബട്ടൺ അമർത്താം. ദൂരത്തിന്റെ യൂണിറ്റായി നിങ്ങളുടെ സൌകര്യം പോലെ ഫീറ്റ്, മീറ്റർ, സെന്റിമീറ്റർ ഏതും തെരഞ്ഞെടുക്കാം. ഡെപ്ത് ഓഫ് ഫീൽഡ് റെഡി!
ഈ സൈറ്റിൽ തന്നെ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന ഒരു ഓഫ് ലൈൻ കാൽക്കുലേറ്ററിന്റെ ലിങ്കും കാണാം. അത് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ ഡെപ്ത് ഓഫ് ഫീൽഡ് റേഞ്ചുകൾ മനസ്സിലാക്കുവാൻ സാധിക്കും. ഓഫ് ലൈൻ കാൽക്കുലേറ്ററിനേക്കാൾ കൂടുതൽ നല്ലതായി തോന്നുന്നത് ഓൺലൈൻ കാൽക്കുലേറ്റർ ആണ്. അതുപയോഗിച്ച് നിങ്ങൾ തന്നെ വിവധ സെറ്റിങ്ങുകളിൽ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് കണക്കാക്കി നോക്കുക. നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ റേഞ്ച് തന്നെ പരിശോധിക്കുന്നതാവും കൂടുതൽ നല്ലത് - കാരണം പ്രായോഗികമായി ആ ലെൻസ് ആണല്ലോ നിങ്ങൾ എപ്പോഴും ഉപയോഗിക്കുക.
ഇവകൂടാതെ ഒരു ഡെപ്ത് ഓഫ് ഫീൽഡ് ചാർട്ടും (പ്രിന്റു ചെയ്ത് കൈയ്യിൽ സൂക്ഷിക്കാവുന്നത്) ഈ സൈറ്റിൽ ലഭ്യമാണ്.
ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്:
താഴെയുള്ള ടേബിൾ നോക്കൂ. ഒരു 50 mm ലെൻസ് അപ്പർച്ചർ സൈസുകൾ മാത്രം മാറ്റിക്കൊണ്ട് മുമ്പിലുള്ള ഒരു പോയിന്റിലേക്ക് ഫോക്കസ് ചെയ്യുകയാണ്. ഓരോ അപ്പർച്ചർ സൈസിലും ഒരടി അകലം വീതം വ്യത്യാസമുള്ള രണ്ടു പ്രത്യേക ദൂരങ്ങളിൽ ഫോക്കസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിലൊന്നിൽ (Far end of DoF) വച്ച് ഡെപ്ത് ഓഫ് ഫീൽഡിന്റെ പിന്നാമ്പുറം അനന്തതയിലേക്ക് നീളുന്നു. മാത്രവുമല്ല, ഫോർഗ്രൌണ്ടിൽ ഷാർപ്പല്ലാതെ ലഭിക്കുന്ന ഭാഗത്തിന്റെ ദൂരവും വളരെ കുറയുന്നു. ഫലമോ? ഫോർഗ്രൌണ്ട് മുതൽ ഇൻഫിനിറ്റി വരെ നീളുന്ന വിശാലമായ ഡെപ്ത് ഓഫ് ഫീൽഡ് !
Focused at | Near end of DoF | Far end of DoF | DoF വലിപ്പം | |
f 5.6 | 75 feet | 37.9 ft | 3875.9 ft | 3838 ft |
76 feet | 38.1 ft | Infinity | Infinite | |
f 8 | 53 feet | 26. ft | 2541.7 ft | 2514.9 ft |
54 feet | 27 ft | Infinity | Infinite | |
f 11 | 38 feet | 19.1 ft | 4525.9 ft | 4506.9 ft |
39 feet | 19.3 ft | Infinity | Infinite | |
f 16 | 27 feet | 13.5 ft | 5036.7 ft | 5023.2 ft |
28 feet | 13.8 ft | Infinity | Infinite |
ഇപ്രകാരം, ഓരോ ലെൻസിനും, ഒരു പ്രത്യേക അപ്പർച്ചർ സെറ്റിംഗിൽ ഡെപ്ത് ഓഫ് ഫീൽഡിനു പരമാവാധി വ്യാപ്തി കൈവരുത്താവുന്ന രീതിയിൽ അതിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഒരു ദൂരം, ക്യാമറയ്ക്കുമുന്നിൽ ഉണ്ടാവും. ഈ അകലത്തെയാണ് ഹൈപ്പർഫോക്കൽ ഡിസ്റ്റൻസ് (hyperfocal distance) എന്നുവിളിക്കുന്നത്. മുകളിലെ ടേബിളിൽ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ 50 mm ക്യാമറ ലെൻസ് 5.6 എന്ന അപ്പർച്ചറിൽ ഇരിക്കുമ്പോൾ 76 അടിയിലും കൂടുതലായ ഒരു പോയിന്റിൽ ഫോക്കസ് ചെയ്താൽ, ക്യാമറയിൽ നിന്ന് 38 അടി ദൂരം മുതൽ അങ്ങ് അനന്തത വരെ നീളുന്ന ഒരു മേഖലമുഴുവൻ നല്ല ഷാർപ്പായി ഫോട്ടോ ലഭിക്കും എന്നുകാണാമല്ലോ?
ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് ഏറ്റവും ഗുണം ചെയ്യുന്നത് വൈഡ് ആംഗിൾ ഫോട്ടോകളിലാണ് (50mm നു താഴെയുള്ള ആംഗിളുകൾ). കാരണം, ഫോക്കല്‍ ലെങ്ങ്തുകള്‍ കൂടുതലായ ലെന്‍സുകള്‍ ഉപയോഗിച്ച് മാക്സിമം DOF ലഭിക്കത്തക്കവിധം ഫോക്കസ് ചെയ്യാവുന്ന ഏറ്റവും അടുത്ത പോയിന്റുകളും ഒരു വൈഡ് ആംഗിള്‍ ലെന്സിനെ അപേക്ഷിച്ച് അകലെ ആയിരിക്കുമല്ലോ? അതുകൊണ്ട് തന്നെ Extreme സൂം ലെൻസുകൾ ഉപയോഗിച്ച് എടുക്കുന്ന ഫ്രെയിമുകളിൽ ഈ കൺസെപ്റ്റ് കൊണ്ട് വലിയ പ്രയോജനമില്ല. ഉദാഹരണത്തിന് 200 mm, 300 mm എന്നീ ഫോക്കൽ ലെങ്തുകളിൽ ഒരു സൂം ലെൻസ് നൽകുന്ന ഹൈപ്പർ ഫോക്കൽ ലെങ്തുകൾ നോക്കൂ. അപ്പർച്ചർ സൈസ് കുറയ്ക്കുമ്പോൾ ഹൈപ്പർ ഫോക്കൽ ലെങ്തിനു എന്തു സംഭവിക്കുന്നു എന്നും ശ്രദ്ധിക്കുക. ഹൈപ്പര്‍ ഫോക്കല്‍ ഡിസ്ടന്‍സ് കുറയുന്നുണ്ടെങ്കിലും അതൊന്നും ഒരു വൈഡ് ആംഗിള്‍ ലെന്‍സിനോളം പോരാ എന്ന് മനസ്സിലായല്ലോ?
ഫോക്കൽ ലെങ്ത് / അപ്പർച്ചർ | Hyperfocal distance |
200 mm @ f/5.6 | 1221.7 feet |
200 mm @ f/8 | 864.0 feet |
200 mm @ f/22 | 305.9 feet |
300 mm @ f/5.6 | 2748.2 feet |
300 mm @ f/8 | 1943.6 feet |
300 mm @ f/22 | 687.8 feet |
ഡെപ്ത് ഓഫ് ഫീൽഡ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ കൈവശമുള്ള ലെൻസുകളുടെ വിവിധ ഫോക്കൽ ലെങ്തുകളിലും അപ്പർച്ചറിലും ഉള്ള ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് കണ്ടുപിടിക്കൂ.
ഷാർപ്പ് ലാന്റ്സ്കേപ്പ് ചിത്രം : ഒരു ടിപ്പ്:
ലാന്റ്‌സ്കേപ്പ് ഫോട്ടോഗ്രാഫി ചെയ്യുമ്പോൾ വളരെയധികം പ്രയോജനകരമായ ഒരു കാര്യമാണിത്. നിങ്ങളുടെ കൈവശമുള്ള ലെൻസിന്റെ 50 mm നു താഴെയുള്ള ഫോക്കൽ ലെങ്തുകളിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ്, വിവിധ അപ്പർച്ചറുകളിൽ, ഓൺലൈൻ DoF കാൽക്കുലേറ്റർ ഉപയോഗിച്ച് കണ്ടുപിടിക്കൂ. ഇത് മനസ്സിലുണ്ടാവണം. ഫോട്ടോയെടുക്കേണ്ട സീനിൽ ഹൈപ്പർ ഫോക്കൽ പോയിന്റ് ഏകദേശം എവിടെയാണെന്നു കണ്ടുപിടിക്കുവാൻ ഒരു എളുപ്പവഴിയുണ്ട്. നിങ്ങൾ ഒരു ലാന്റ്സ്കേപ്പ് ഫോട്ടോയെടുക്കുവാൻ തുടങ്ങുന്നു എന്നിരിക്കട്ടെ. ഇഷ്ടമുള്ള ഒരു അപ്പർച്ചർ സെറ്റ് ചെയ്യൂ. കുറഞ്ഞ അപ്പർച്ചർ ആയിപ്പോയാൽ DoF കുറയുമോ എന്നൊന്നും ആശങ്കവേണ്ട. എങ്കിലും f/4 നു മുകളിലേക്ക് സെറ്റ് ചെയ്താൽ മതിയാവും. ഇനി ഫോട്ടോയെടുക്കാൻ ഉദ്ദേശിക്കുന്ന സീനിന്റെ ഏകദേശം മൂന്നിലൊന്നുഭാഗം ഉള്ളിലേക്ക് മാറി (നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും), നിലത്ത് ഫോക്കസ് ചെയ്യൂ. ഇനി ഫോക്കസ് ലോക്ക് ചെയ്തുപിടിച്ചുകൊണ്ട് ഫ്രെയിം റീക്കമ്പോസ് ചെയ്യുക. ഫോക്കസ് ലോക്ക് ചെയ്യുവാനായി വലിയ ചിട്ടവട്ടങ്ങളൊന്നുമില്ല. സാധാരണ എല്ലാ ഡിജിറ്റൽ ക്യാമറകളിലും ഷട്ടർ റിലീസ് ബട്ടൺ പകുതി അമർത്തിപ്പിടിച്ചിരുന്നാൽ ഫോക്കസ് ലോക്കാവും. ഇനി ചിത്രമെടുത്തോളൂ. ക്യാമറയിൽ നിന്ന് ഏതാനും മീറ്റർ അകലം മുതൽ അങ്ങനന്തതവരെ നീളുന്ന ഷാർപ്പായ ഒരു ഇമേജ് കിട്ടും! പരീക്ഷിച്ചു നോക്കിയിട്ട് ചിത്രം പബ്ലിഷ് ചെയ്യണം എല്ലാവരും.
ഒരു ചോദ്യം കൂടി ചോദിക്കട്ടേ? ചെറിയ അപ്പർച്ചർ സുഷിരങ്ങൾ (വലിയ f number) മാത്രമേ ഷാർപ്പായ ചിത്രങ്ങൾ നൽകുകയുള്ളോ? അല്ലെങ്കിൽ, ഏതു സാഹചര്യത്തിൽ വലിയ അപ്പർച്ചർ ഉപയോഗിച്ചും ഷാർപ്പായ ചിത്രങ്ങളെടുക്കാം?
സംഗ്രഹം:
- ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിന് മുമ്പിലും പുറകിലുമായി ഒരു നിശ്ചിത വിസ്തൃതിയിലുള്ള ഭാഗങ്ങൾകൂടി ‘ഷാർപ്പായി’ കാണപ്പെടും. ഈ ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നു വിളിക്കുന്നത്
- ഡെപ്ത് ഓഫ് ഫീൽഡ് പ്രധാനമായും നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) ലെൻസിന്റെ അപ്പർച്ചർ (2) ലെൻസിന്റെ ഫോക്കൽ ദൂരം (3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേക്കുള്ള ദൂരം (4) ഇമേജ് മാഗ്നിഫിക്കേഷൻ. ഇമേജ് മാഗ്നിഫിക്കേഷൻ എന്നത് ലെൻസിന്റെ ഫോക്കൽ ലെങ്തിനേയും, ലെൻസിൽ നിന്ന് ഓബ്ജക്റ്റിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കുന്നു.
- വലിയ അപ്പർച്ചർ സുഷിരങ്ങൾ ലെൻസിനോട് വളരെ അടുത്ത് ഉണ്ടാക്കുന്ന ഡെപ്ത് ഓഫ് ഫീൽഡ് നേരിയതായിരിക്കും.
- അപ്പർച്ചർ സൈസ് കൂട്ടുമ്പോഴും, ഇമേജ് മാഗ്നിഫിക്കേഷൻ വർദ്ധിപ്പിക്കുമ്പോഴും ഡെപ്ത് ഓഫ് ഫീൽഡ് കുറയുന്നു.
- ഡെപ്ത് ഓഫ് ഫീൽഡിന് ഏറ്റവും കൂടുതൽ വിസ്തൃതി ലഭിക്കത്തക്കവിധം - ഫോർഗ്രൌണ്ടിലും ബാക്ക്ഗ്രൌണ്ടിലും - ഒരു ലെൻസിനെ ഫോക്കസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ അകലത്തെ, ആ ലെൻസിന്റെ, അപ്പോഴുള്ള അപ്പർച്ചർ സെറ്റിംഗിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്നു വിളിക്കുന്നു.
ഡെപ്ത് ഓഫ് ഫീൽഡിന്റെ തുടർന്നുള്ള ചർച്ചകൾ അടുത്ത പോസ്റ്റിൽ.