ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Tuesday, November 4, 2008

പാഠം 14 : F- സ്റ്റോപ്പുകളും എക്സ്പോഷറും

ഈ ബ്ലോഗില്‍ ഇതുവരെ കഴിഞ്ഞ അദ്ധ്യായങ്ങളില്‍ നാം ചര്‍ച്ച ചെയ്തിരുന്നത്‌ ഒരു ചിത്രം എടുക്കുന്നതിന്‌ ക്യാമറയെ, പ്രത്യേകിച്ചും ഡിജിറ്റല്‍ ക്യാമറയെ, സഹായിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും ക്യാമറയുടെ ഉള്ളിലെ ഭാഗങ്ങളെപ്പറ്റിയും ആയിരുന്നു. ഇനി ചിത്രമെടുപ്പിന്റെ പ്രായോഗിക വശങ്ങളിലേക്ക്‌ വരികയാണ്‌. നല്ലൊരു ഫോട്ടോ എടുക്കുവാന്‍ വേണ്ട അവശ്യഘടകങ്ങള്‍ എന്തൊക്കെയാണ്?

1. ഗുണമേന്മയുള്ള ലെന്‍സോടുകൂടിയ ഒരു ക്യാമറ
2. ഒരു ഫ്രെയിം നല്ലരീതിയില്‍ കമ്പോസ് ചെയ്യാനുള്ള കഴിവ്, ഭാവന
3. പ്രകാശക്രമീകരണം (എക്സ്പോഷര്‍, മീറ്ററിംഗ് എന്നിവ) കൃത്യമായി നിയന്ത്രിക്കുവാനുള്ള സാങ്കേതിക പരിജ്ഞാനം.

ഇതില്‍ സര്‍വ്വപ്രധാനമാണ് മൂന്നാമത് പറഞ്ഞ പ്രകാശക്രമീകരണം. ഇന്നത്തെ ഫുള്‍ ഓട്ടോമാറ്റിക് മോഡ് ക്യാമറകളില്‍, ഇത് ക്യാമറയുടെ ബില്‍റ്റ്-ഇന്‍-കമ്പ്യൂട്ടര്‍ നിര്‍വ്വഹിക്കുന്നു. മാനുവലായി കൈകാര്യംചെയ്യാവുന്ന ക്യാമറകളില്‍ ഇത് ഫോട്ടോഗ്രാഫര്‍ക്ക് ഇഷ്ടാനുസരണം നിയന്ത്രിക്കുവാനുള്ള സൌകര്യം ഉണ്ട്.

പ്രകാശത്തിനെ റിക്കോര്‍ഡ്‌ ചെയ്യുകയാണ്‌ ഫോട്ടോഗ്രാഫിയില്‍ ചെയ്യുന്നത് എന്നറിയാമല്ലോ. ഈ റിക്കോര്‍ഡിംഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൃത്യമായി നിര്‍വ്വഹിക്കപ്പെടേണ്ട ഒരേ ഒരു കര്‍ത്തവ്യമാണ് എക്സ്‌പോഷര്‍ നിര്‍ണ്ണയം.


എന്താണ് എക്സ്പോഷര്‍?

ഫോട്ടോ റിക്കോര്‍ഡ് ചെയ്യേണ്ട പ്രതലത്തിലേക്ക് (ഫിലിം അല്ലെങ്കില്‍ സെന്‍സര്‍) ഒരു നിശ്ചിത സമയത്തേക്ക് എത്രയളവ് പ്രകാശം പതിക്കണം എന്നതിന്റെ ഏകകമാണ് എക്സ്‌പോഷര്‍ എന്നു പറയുന്നത്. സ്വാദിഷ്ടമായ നല്ലൊരു വിഭവം പാകം ചെയ്യുന്നതിന്, ഒരു പ്രത്യേകചൂടില്‍ ഒരു നിശ്ചിതസമയത്തേക്ക് അത് പാചകം ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ. ചൂടോ സമയമോ കൂടിപ്പോയാല്‍ അത് കരിഞ്ഞുപോകും. ആവശ്യത്തിനു ചൂടും സമയവും നല്‍കിയില്ലെങ്കിലോ - തയ്യാറാക്കുന്ന വിഭവം ശരിയായി പാകപ്പെടുകയുമില്ല. ഇതുപോലെയാണ് ഫോട്ടോഗ്രാഫിയും.

ഫോട്ടോ എടുക്കപ്പെടേണ്ടപ്രതലത്തില്‍ (ഫിലിം അല്ലെങ്കില്‍ സെന്‍സര്‍) വന്നുവീഴുന്ന പ്രകാശത്തിന്റെ അളവ്‌ ഒരു നിയന്ത്രിത രീതിയില്‍ ആയിരുന്നാല്‍ മാത്രമേ ലഭിക്കുന്ന ചിത്രം കാണുവാന്‍ ഭംഗിയുള്ളതാവൂ. അളവ്‌ കൂടിപ്പോയാല്‍ ചിത്രത്തിന്റെ പലഭാഗങ്ങളും, അല്ലെങ്കില്‍ മുഴുവന്‍ ചിത്രം തന്നെ "വെളുത്തു പോകാം" - ഇതിനെ നാം ഓവര്‍ എക്സ്‌പോഷര്‍ (over-exposure) എന്നുവിളിക്കുന്നു. ഇങ്ങനെ കൂടുതലായി പ്രകാശം പതിച്ചുപോയ ചിത്രത്തെ over-exposed എന്നു പറയുന്നു. ഇനി മറിച്ച്‌, സെന്‍സറിലേക്ക്‌ വീഴുന്ന പ്രകാശം ആവശ്യത്തിനില്ലെങ്കിലോ, ഫോട്ടോ "ഇരുണ്ടു പോകുന്നു" - ഇതിനെ അണ്ടര്‍ എക്സ്‌പോഷര്‍ (under exposure) എന്നു വിളിക്കുന്നു.

ഈ രണ്ടു അവസ്ഥകളും നല്ലൊരു ചിത്രത്തിന്‌ അഭികാമ്യമല്ല. എങ്കിലും ചില പ്രത്യേകചിത്രങ്ങളില്‍ ചില എഫക്ടുകള്‍ നല്‍കുവാനായി പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫര്‍ എക്സ്പോഷര്‍ അല്പാല്പം കൂട്ടിയും കുറച്ചും നല്‍കി എന്നുവരാം. മേല്‍പ്പറഞ്ഞ എതു സാഹചര്യമാണെങ്കിലും പ്രകാശത്തെ അനുയോജ്യമായ രീതിയില്‍ നിയന്ത്രിക്കുവാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിയണം.

ഈ അദ്ധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ "അപ്പര്‍ച്ചറും, ഷട്ടറും - മാനുവല്‍ ഫോട്ടോഗ്രാഫി" എന്ന അദ്ധ്യായത്തില്‍ ചുരുക്കത്തില്‍ ചര്‍ച്ചചെയ്ത വിഷയത്തിന്റെ തുടര്‍ച്ചയാണ്. SLR ക്യാമറ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. അതുപോലെ, അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയെ മാനുവലായി നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ക്യാമറകള്‍ കൈവശമുള്ളവര്‍ക്കും ഈ അദ്ധ്യായം പ്രയോജനകരമായിരിക്കും.


ക്യാമറയില്‍ കടക്കുന്ന പ്രകാശത്തെ എങ്ങനെ നിയന്ത്രിക്കാം?

1. ലെന്‍സില്‍കൂടി കടന്നുവരുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട്.
ഇതിനായി ലെന്‍സിന്റെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന, ഒരു സംവിധാനമാണ് ഡയഫ്രം. ഡയഫ്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രകാശം കടത്തിവിടാത്ത തകിടുകള്‍ (blade) ഉപയോഗിച്ചാണ്. ചിത്രം നോക്കൂ.

കടപ്പാട്: Wikipedia commons

ഈ തകിടുകളെ ഒരു പ്രത്യേകരീതിയില്‍ ക്രമീകരിക്കുമ്പോള്‍ അവയുടെ നടുവിലായി ഒരു സുഷിരം രൂപപ്പെടുന്നു. ഈ സുഷിരത്തെ അപ്പര്‍ച്ചര്‍ (aperture) എന്നാണ് വിളിക്കുന്നത്. തകിടുകളുടെ ക്രമീകരണം മാറ്റിക്കൊണ്ട് ഈ സുഷിരത്തിന്റെ വ്യാസം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഈ പോസ്റ്റില്‍തന്നെ, അല്പം കഴിഞ്ഞ് ഇതിലേക്ക് വിശദമായി വരാം.

2. ക്യാമറയുടെ ഷട്ടര്‍ തുറന്നടയുന്ന സമയം ക്രമപ്പെടുത്തിക്കൊണ്ട് പ്രകാശത്തെ നിയന്ത്രിക്കാം. ഇതിനെയാണ് ഷട്ടര്‍ സ്പീഡ് കണ്ട്രോള്‍ എന്നു പറയുന്നത്. ഒരു സെക്കന്റിന്റെ നാലായിരത്തില്‍ ഒരംശം തുടങ്ങി, അനേകം സെക്കന്റുകള്‍ വരെ നീളുന്ന വിധത്തില്‍ പലവിധ ഷട്ടര്‍ സ്പീഡുകള്‍ ആധുനിക ക്യാമറകളില്‍ ലഭ്യമാണ്.


അപ്പര്‍ച്ചറും പ്രകാശ നിയന്ത്രണവും:

ഒരു ലെന്‍സിലെ ഡയഫ്രം ബ്ലേഡുകള്‍ ക്രമീകരിച്ചുകൊണ്ട് അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം എന്ന് പറഞ്ഞുവല്ലോ. ഈ ഡയഫ്രത്തെ നമ്മുടെ കണ്ണിലെ കൃഷ്ണമണിയിലെ ഐറിസ് (iris) എന്ന ഭാഗത്തോടും അപ്പര്‍ച്ചറിനെ ഐറിസിനു നടുവിലായി കാണുന്ന സുഷിരത്തോടും (pupil) ഉപമിക്കാം.

കടപ്പാട് : Wikipedia commons

വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ (ഇരുട്ടല്ല) നാമറിയാതെതന്നെ ഐറിസ് വികസിച്ച് കൃഷ്ണമണിയിലെ സുഷിരം വലുതാകുന്നു; അങ്ങനെ കൂടുതല്‍ പ്രകാശം കണ്ണിനുള്ളിലേക്ക് കടക്കുന്നു. മറിച്ച് പ്രകാശം കൂടുതലുള്ള അവസരത്തില്‍ ഐറിസ് ചുരുങ്ങുകയും, കൃഷ്ണമണിയിലെ ദ്വാരം ചെറുതാവുകയും തന്മൂലം കൂറഞ്ഞ അളവില്‍ പ്രകാശം ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു.

ഈ രണ്ട് അവസരങ്ങളിലുംകണ്ണില്‍ വീണ പ്രകാശത്തിന്റെ അളവ് രണ്ടാണെങ്കിലും നാം കാണുന്ന കാഴ്ചകള്‍ ഒന്നുപോലെയാണ് നമുക്ക് തോന്നുന്നത് . ഇതുപോലെ തന്നെയാണ് അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വ്യാസം മാറ്റിക്കൊണ്ട് ക്യാമറയ്ക്കുള്ളിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതും, ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളാണെങ്കില്‍കൂടി, ഏകദേശം ഒരേ തെളിച്ചമുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കുന്നതും.


F-stops or F-numbers:

F 5.6 അല്ലെങ്കില്‍ f/5.6, f/8 എന്നരീതിയിലാണ് അപ്പര്‍ച്ചര്‍ സെറ്റിംഗുകളെ രേഖപ്പെടുത്തുന്നത്. ഒരു ഡിജിറ്റല്‍ ഇമേജ് ഫയലിന്റെ എക്സിഫ് ഡേറ്റ പരിശോധിച്ചാല്‍ കാണാവുന്ന ഒരു ഡേറ്റയാണ് ഇത്. അതുപോലെ, ഡിജിറ്റല്‍ ക്യാമറകളിലെ ലൈവ് പ്രിവ്യൂവിലും, വ്യൂ ഫൈന്ററുകളിലും എല്ലാം ഒരു ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഈ നമ്പറുകള്‍ കാണാം. ഒരു പ്രത്യേക അപര്‍ച്ചര്‍ സുഷിരത്തിന്റെ നമ്പറാണത്. ഈ നമ്പറുകളെയാണ് എഫ്.സ്റ്റോപ്പുകള്‍ എന്നുവിളിക്കുന്നത്.


ഈ അടുത്തകാലം വരെ എസ്.എല്‍.ആര്‍ ക്യാമറകളുടെ ലെന്‍സില്‍ അപര്‍ച്ചര്‍ റിംഗ് എന്നൊരു റിംഗ് ഉണ്ടായിരുന്നു. ഇന്നത്തെ ഇലക്ട്രോണിക് ലെന്‍സുകള്‍ വന്നതോടെ റിംഗ് മാറി, ക്യാമറയിലെ മെനു വഴി അപ്പര്‍ച്ചര്‍ (അഥവാ എഫ്.സ്റ്റോപ്പ്) സെറ്റ് ചെയ്യാം എന്നായി എന്നുമാത്രം.

ഈ ചിത്രം നോക്കൂ. ഒരു നിക്കോണ്‍ 35mm ലെന്‍സാണിത്.
കടപ്പാട് : Wikipedia commonsഅതിലെ അപ്പര്‍ച്ചര്‍ റിംഗ് ഈ ചിത്രത്തില്‍ 11 എന്ന പൊസിഷനിലാണ് (11 നേരെയുള്ള വെളുപ്പ് ബിന്ദു ശ്രദ്ധിക്കുക) സെറ്റ് ചെയ്തിരിക്കുന്നത്; അതായത് f/11 എന്ന പൊസിഷനില്‍. f എന്ന അക്ഷരം പ്രിന്റിംഗിന്റെ സൌകര്യത്തിനായി ഒഴിവാക്കിക്കൊണ്ട് 2, 2.8, 4, 5.6, 8, 11, 16, 22 എന്നിങ്ങനെയാണ് ഇതില്‍ എഫ്.സ്റ്റോപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് കണ്ടുകാണുമല്ലോ. ഒറ്റനോട്ടത്തില്‍ പരസ്പരം യാതൊരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഈ സംഖ്യാശ്രേണിയിലെ സംഖ്യകള്‍ എന്തിനെയാണ് കുറിക്കുന്നത്, അവതമ്മില്‍ എന്താണു ബന്ധം? എങ്ങനെയാണ് ഇവ നിശ്ചയിച്ചിരിക്കുന്നത്?

മേല്‍പ്പറഞ്ഞ നമ്പറുകള്‍ അപ്പര്‍ച്ചര്‍ വ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഒരു ചെറിയ എഫ്. നമ്പര്‍ വലിയ സുഷിരത്തേയും, വലിയ എഫ്. നമ്പര്‍ ചെറിയ സുഷിരത്തേയും കുറിക്കുന്നു എന്നുള്ളതാണ്. ഇവിടെ 2, 2.8, 4, 5.6, 8, 11, 16,‍ 22 എന്ന സ്കെയിലില്‍ ഉള്ള ഓരോ നമ്പറിനേയും ഒരു ഫുള്‍ സ്റ്റോപ്പ് എന്നു വിളിക്കുന്നു. അതായത്,ഇവിടെ ഓരോ സ്റ്റോപ്പിലും അപ്പര്‍ച്ചറിന്റെ വിസ്തീര്‍ണ്ണം (വ്യാസമല്ല) അതിന്റെ ഇടതുവശത്തുള്ള നമ്പറില്‍ ഇരിക്കുമ്പോഴുള്ള വിസ്തീര്‍ണ്ണത്തിന്റെ പകുതിയായി കുറയുന്നു.

ഇക്കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന ഒരു രേഖാചിത്രം താഴെ.കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ f/2 സുഷിരത്തിന്റെ വിസ്തീര്‍ണ്ണത്തേക്കാള്‍ (area) പകുതിയേ ഉള്ളൂ f/2.8 ന്; അതുപോലെ f/2.8 ന്റെ പകുതി വിസ്തീര്‍ണ്ണമേയുള്ളൂ f/4 ന്. f/2 നേക്കാള്‍ വളരെ ചെറിയ സുഷിരമാണ് f/ 22 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പ് തരുന്നത്. സ്വാഭാവികമായും, f/2.8 യില്‍ സെറ്റ് ചെയ്തീരിക്കുന്ന അപ്പര്‍ച്ചര്‍ f/22 ല്‍ സെറ്റ് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവ് പ്രകാശം ക്യാമറയ്ക്കുള്ളിലേക്ക് കടത്തി വിടും.


എന്തിനാണ് f ? A എന്നു പറഞ്ഞാല്‍ പോരേ?

അപ്പര്‍ച്ചര്‍ കൈകാര്യം ചെയ്യുന്ന തുടക്കക്കാര്‍ക്ക് ഉണ്ടാകുന്ന ഒരു സംശയമാണിത്! F അല്ലെങ്കില്‍ f എന്ന അക്ഷരം ലെന്‍സിന്റെ ഫോക്കല്‍ ലെങ്തിനെ കുറിക്കുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന നിക്കോണ്‍ ലെന്‍സിന്റെ ഉദാഹരണചിത്രം ഒന്നുകൂടി നോക്കൂ. അതൊരു 35mm ലെന്‍സാണ്. അതാണ് അതിന്റെ ഫോക്കസ് ദൂരം. അപ്പോള്‍ f/2 എന്നാല്‍ 35/2 എന്നും f/5.6 എന്നാല്‍ 35/5.6 എന്നും f/16 എന്നുപറഞ്ഞാല്‍ 35/16 എന്നുമാണ് അര്‍ത്ഥം. അതായത് ഫോക്കല്‍ ദൂരത്തെ എഫ്.നമ്പര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയ്ക്കു ആനുപാതികമായ മില്ലിമീറ്റര്‍ ആയിരിക്കും ആ പ്രത്യേക ലെന്‍സിന്റെ, ആ എഫ്.നമ്പറിലെ അപ്പര്‍ച്ചറിന്റെ ഫലത്തിലുള്ള വ്യാസം (effective diameter). ഇവിടെ ആ പ്രത്യേക ലെന്‍സിന്റെ എന്ന് എടുത്ത്പറയുവാന്‍ ഒരു കാരണമുണ്ട്.

ലെന്‍സുകള്‍ പലവലിപ്പത്തിലും, റേഞ്ചിലും (സൂം‌ലെന്‍സ്) ഒക്കെ ലഭ്യമാണ് എന്ന് നമുക്കറിയാം. അവയിലൊക്കെയും ഒരേ എഫ്. നമ്പറുള്ള സുഷിരങ്ങളുടെ വ്യാസം ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷേ ഈ അനുപാതം (ഫോക്കല്‍ദൂരം ഭാഗം എഫ്.നമ്പര്‍ എന്നത്) എപ്പോഴും മേല്‍പ്പറഞ്ഞ രീതിയിലായിരിക്കും, ഒരു എഫ്.നമ്പറിനെ സംബന്ധിച്ചിടത്തോളം എന്നുമാത്രം.


ഫാസ്റ്റ് ലെന്‍സ് / സ്ലോ ലെന്‍സ് :

എസ്.എല്‍.ആര്‍ ക്യാമറ ലെന്‍സുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിചയമുണ്ടാവാന്‍ സാധ്യതയുള്ള ഒരു വാക്കാണ് ലെന്‍സ് സ്പീഡ് (lense speed). എന്താണ് ലെന്‍സിന്റെ സ്പീഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു ലെന്‍സിന്റെ ഏറ്റവും വലിയ അപ്പര്‍ച്ചര്‍ സുഷിരം (അതായത് ഏറ്റവും ചെറിയ എഫ്.സ്റ്റോപ് നമ്പര്‍) ആണ് അതിനെ ഫാസ്റ്റ് അല്ലെങ്കില്‍ സ്ലോ എന്നരീതിയില്‍ ഇനംതിരി‍ക്കുവാന്‍ സഹായിക്കുന്നത്.


വലിയ അപ്പര്‍ച്ചര്‍ വ്യാസം കൂടുതല്‍ പ്രകാശം ലെന്‍സിനുള്ളിലൂടെ ക്യാമറയിലേക്ക് കടത്തിവിടും എന്ന് പറയുകയുണ്ടായല്ലോ. കൂടുതല്‍ പ്രകാശം കടത്തിവിടുന്ന ലെന്‍സ് ഉപയോഗിക്കുമ്പോള്‍, ക്യാമറയില്‍ ഒരു കൂടിയ ഷട്ടര്‍ സ്പീഡ് (ഫാസ്റ്റ് ഷട്ടര്‍ സ്പീഡ്) ഉപയോഗിക്കുവാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് വലിയ അപ്പര്‍ച്ചറുകള്‍ ഉള്ള ലെന്‍സുകളെ ഫാസ്റ്റ് ലെന്‍സ് എന്നു വിളിക്കുന്നത്.

സൂം ലെന്‍സുകള്‍ കൈയ്യിലുള്ളവര്‍ക്ക് അറിയാം, അവ ബേസ് മോഡലുകള്‍ ആണെങ്കില്‍ അപ്പര്‍ച്ചര്‍ f/4, 5.6 തുടങ്ങിയ എഫ്.നമ്പറുകളില്‍നിന്നാവും ആരംഭിക്കുക. ഉദാഹരണം Sigma 70-300mm F/4-5.6 DG Macro Lense.

ഇവിടെ എഫ്.നമ്പര്‍ ആരംഭിക്കുന്നത് f/4 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പില്‍ നിന്നാണ്. അതും, 70mm എന്ന ഫോക്കസ് ദൂരത്തില്‍ ഇരിക്കുമ്പോള്‍ മാത്രം ( അതായത് 70/4=17.5mm). അതേ ലെന്‍സ് 300mm എന്ന പൊസിഷനില്‍ ഇരിക്കുമ്പോള്‍ f/5.6 എന്ന അപ്പര്‍ച്ചര്‍ സൈസാണ് സാധ്യമായ എറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ നമ്പര്‍ (അതായത് 300/5.6= 53.57mm) . ഇതു രണ്ടും ലെന്‍സിന്റെ സൂം സ്കെയിലിലെ രണ്ടറ്റങ്ങളില്‍ ലഭ്യമായ അപ്പര്‍ച്ചറുകളാണ്. ഇവയ്ക്ക് മുകളിലേക്കുള്ള മറ്റ് അപ്പര്‍ച്ചര്‍ സൈസുകള്‍ ലെന്‍സില്‍ ലഭ്യവുമാണ്.

ഇത് ബേസിക് മോഡലുകളുടെ കാര്യം. ഇനി കുറേക്കൂടി വിലപിടിപ്പുള്ള സൂം ലെന്‍സുകളായാലോ? അവയില്‍ ലഭ്യമായ എഫ്.നമ്പറുകള്‍ ഇതിലും താഴെയായിരിക്കും. (f/2.8 തുടങ്ങി). അതുകൊണ്ടു തന്നെയാണ് അവയ്ക്ക് വിലകൂടുന്നതും. f/2.8 ല്‍ അപ്പര്‍ച്ചര്‍ സൈസ് ആരംഭിക്കുന്ന ഒരു ലെന്‍സ് f/4 ല്‍ അപ്പര്‍ച്ചര്‍ സൈസ് ആരംഭിക്കുന്ന ഒരു ലെന്‍സിനേക്കാള്‍ “ഫാസ്റ്റ്” ആണെന്നു പറയുന്നു. എന്തുകൊണ്ട്? f/2.8 ലെ അപ്പര്‍ച്ചര്‍ വ്യാസം f/4 ലേതിനേക്കാള്‍ കൂടുതലാണ്, അതുകൊണ്ട്.

അല്പം കൂടി കൃത്യമായി പറഞ്ഞാല്‍ f/2.8 ലെ അപ്പര്‍ച്ചര്‍ വിസ്തീര്‍ണ്ണത്തിന്റെ (area) നേര്‍ പകുതിയാണ് f/4 ലെ അപ്പര്‍ച്ചര്‍ വിസ്തീര്‍ണ്ണം. അപ്പോള്‍ ആദ്യം പറഞ്ഞലെന്‍സ് കൂടുതല്‍ പ്രകാശം ഉള്ളിലേക്ക് കടത്തിവിടും. സൂം ലെന്‍സുകള്‍ ഉപയോഗിച്ചൂള്ള ഫോട്ടോഗ്രാഫി ചെയ്തിട്ടുള്ളവര്‍ക്കറിയാം, വളരെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്യുമ്പോള്‍ പ്രകാശം എത്രകുറവായാണ് ലഭിക്കുക എന്ന്. ഈ പ്രശ്നം നന്നായി പരിഹരിക്കുവാന്‍ ഫാസ്റ്റ് ലെന്‍സുകള്‍ക്കാവുന്നു.


എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ എന്തിന്?

എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ ക്യാമറയില്‍/ലെന്‍സില്‍ നല്‍കുന്നത് വഴി, ലെന്‍സിന്റെ അപ്പര്‍ച്ചര്‍ വ്യാസം അളന്ന്, ഹരിക്കലും ഗുണിക്കലും നടത്തി ലൈറ്റ് എക്സ്പോഷര്‍ കണക്കാക്കുക എന്ന വലിയൊരു സാഹസമാണ്, ക്യാമറ നിര്‍മ്മാതാക്കള്‍ നമുക്ക് ഒഴിവാക്കിതന്നിരിക്കുന്നത്! തത്വത്തില്‍, ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്:

f/ 0.5, 0.7, 1.0, 1.4, 2, 2.8, 4, 5.6, 8, 11, 16, 22, 32, 45, 64, 90, 128

ആധുനിക ക്യാമറകളില്‍ ഈ ഫുള്‍സ്റ്റോപ്പ് അപ്പര്‍ച്ചറുകള്‍ മാത്രമല്ല നാം ഉപയോഗിക്കാറ്. അവയ്ക്കിടയിലുള്ള മദ്ധ്യമ അളവുകളും സര്‍വ്വസാധാരണമായി ഉപയോഗിക്കാറുണ്ട്. കുറച്ചുകൂടി കൃത്യമായി ലൈറ്റ് നിയന്ത്രിക്കാവുന്ന 1/2 സ്റ്റോപ്പ് സ്കെയിലും, അതിലും കുറേക്കൂടി ഫൈന്‍ ട്യൂണ്‍ ചെയ്യാവുന്ന 1/3 സ്റ്റോപ് സ്കെയിലും ഇന്നത്തെ ക്യാമറകളില്‍ ലഭ്യമാണ്.


1/2 സ്റ്റോപ് എഫ്. നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലിലെ സ്റ്റോപ്പുകള്‍ ഇങ്ങനെയാണ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.


1.0, 1.2, 1.4, 1.7, 2, 2.4, 2.8, 3.3, 4, 4.8, 5.6, 6.7, 8, 9.5, 11, 13, 16, 19, 22

ഈ സ്കെയിലില്‍, തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ 71% കുറവ് ലൈറ്റാണ് ക്യാമറയിലേക്ക് അടുത്ത സ്റ്റോപ്പ് കടത്തിവിടുക. ഈ സ്കെയിലില്‍ ഓരോ ഫുള്‍ സ്റ്റോപ്പുകള്‍ക്കിടയിലും ഒരു മധ്യമ സെറ്റിംഗ് ഉണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഒരു ഫുള്‍സ്റ്റോപ്പില്‍ നിന്ന് അടുത്തതിലേക്കെത്താന്‍ “രണ്ടുപടികള്‍ ചവിട്ടണം“ (1/2). മിക്ക SLR ക്യാ‍മറകളിലും ഈ സ്കെയില്‍ ലഭ്യമാണ് (മെനുവില്‍).


1/3 സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍:

ഇതാണ് വണ്‍ തേഡ് സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍.ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22


ഈ സ്കെയിലില്‍, തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ 80% കുറവ് ലൈറ്റാണ് ക്യാമറയിലേക്ക് അടുത്ത സ്റ്റോപ്പ് കടത്തിവിടുക. ഈ സ്കെയിലില്‍ ഓരോ ഫുള്‍ സ്റ്റോപ്പുകള്‍ക്കിടയിലും രണ്ട് മധ്യമ സെറ്റിംഗുകള്‍ (1/3) ഉണ്ട് എന്ന് വ്യക്തമാണല്ലോ? മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഒരു ഫുള്‍സ്റ്റോപ്പില്‍ നിന്ന് അടുത്തതിലേക്കെത്താന്‍ “മൂന്നുപടികള്‍ ചവിട്ടണം“ (1/3).

ഈ സ്കെയിലാണ് ഇന്നത്തെ മോഡേണ്‍ ക്യാമറകളിലെല്ലാം (പോയിന്റ് ആന്റ് ഷൂട്ട് ഉള്‍പ്പടെ) ഡിഫോള്‍ട്ടായി ഉപയോഗിച്ചു കാണുന്നത്.

ഡിജിറ്റല്‍ SLR ക്യാമറകളില്‍ എല്ലാം തന്നെ (high-end point & shoot ലും) എഫ്. സ്റ്റോപ്പ് സ്കെയില്‍ ഈ രണ്ടു രീതിയിലും സെറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്. നിങ്ങള്‍ എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് Aperture priority mode (A) ലേക്ക് മാറ്റിയിട്ട് കണ്ട്രോള്‍ ഡയല്‍ ഒന്നു തിരിച്ചു നോക്കൂ. മേല്‍പ്പറഞ്ഞ വണ്‍ തേഡ് സ്കെയിലില്‍ അപ്പര്‍ച്ചര്‍ മാറുന്നതു കാണാം. ഹാഫ് സ്റ്റോപ്പ് സ്കെയില്‍ വേണമെങ്കില്‍ സെറ്റുചെയ്യാനുള്ള ഓപ്ഷന്‍ മെനുവില്‍ ഉണ്ടാവും. പഴയ മാനുവല്‍ ക്യാമറകളിലെ ലെന്‍സുകളില്‍ ഫുള്‍സ്റ്റോപ്പ് സ്കെയിലുകള്‍ മാത്രം അടയാളപ്പെടുത്തിയിരിക്കുന്നതു കാണാം.

പോസ്റ്റിന്റെ നീളം വര്‍ദ്ധിക്കുന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്താം. എക്സ്പോഷറിനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങളും, ഷട്ടര്‍ സ്പീഡുമായി അതിനുള്ള ബന്ധവും, മീറ്ററിംഗ് തുടങ്ങിയ സങ്കേതങ്ങളും അടുത്ത പോസ്റ്റില്‍ വിവരിക്കാം. പ്രകാശനിയന്ത്രണം എന്ന പ്രാഥമിക കര്‍ത്തവ്യം കൂടാതെ ഫോട്ടോഗ്രാഫിയില്‍ അപ്പര്‍ച്ചറിനു മറ്റു ചില എഫക്റ്റുകള്‍ കൂടി നല്‍കാനാവും. അതേപ്പറ്റിയും പുറകാലെ ചര്‍ച്ചചെയ്യാം.


പ്രായോഗികഫോട്ടോഗ്രാഫിയില്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍:

1. ഒരു വലിയ എഫ് നമ്പര്‍ ചെറിയ അപ്പര്‍ച്ചര്‍ ഓപ്പണിംഗിനെയും ചെറിയ എഫ്. നമ്പര്‍ വലിയ അപ്പര്‍ച്ചര്‍ ഓപ്പണീംഗിനെയും കുറിക്കുന്നു.

2. ചെറിയ എഫ്. നമ്പര്‍ = കൂ‍ടുതല്‍ ലൈറ്റ്, വലിയ എഫ്. നമ്പര്‍= കുറച്ചു ലൈറ്റ് (കടത്തിവിടുന്നു)

3. എഫ്. നമ്പര്‍ സ്കെയിലിന്റെ ഏറ്റവും ഉപകാരപ്രദമായ കാര്യം, അപ്പര്‍ച്ചര്‍ വ്യാസം, ഫോക്കല്‍ ദൂരം തുടങ്ങിയവ ഒന്നും തന്നെ കണക്കിലെടുക്കാതെ എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്യുവാന്‍ ഫോടോഗ്രഫര്‍ക്ക് സാധിക്കുന്നു എന്നതാണ്. ക്യാമറയുടെ ബ്രാന്റ് , ലെന്‍സിന്റെ സൈസ് , ഫോക്കല്‍ ദൂരം എന്നിവ എന്തുതന്നെയായാലും ഒരു പ്രത്യേക ലൈറ്റ് situation - ഇല്‍ ഇവയെല്ലാം ഒരേ എഫ് നമ്പറില്‍ ഒരേ exposure ആയിരിക്കും തരുന്നത്. അതാണ്‌ എഫ്. നമ്പറിന്റെ beauty !!

4. നിങ്ങളുടെ ക്യാമറയില്‍ 1/3 എഫ്. നമ്പര്‍ സ്കെയില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ ഓരോ പടി മുകളിലേക്ക് പോകുംതോറും തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ ഏകദേശം 71% കുറവ് ലൈറ്റാവും ക്യാമറയ്ക്കുള്ളിലേക്ക് കടക്കുക. തൊട്ടു മുമ്പിലുള്ള സ്റ്റോപ്പിനേക്കാള്‍ പകുതി ലൈറ്റ്ആണു വേണ്ടതെങ്കില്‍ മുന്നു പടികള്‍ മുകളിലേക്ക് പോകണം.
താല്പര്യമുള്ളവര്‍ക്കായി F-stop ഗണിതം: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഗണിതം തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ. പ്രായോഗികമായ ഫോട്ടോഗ്രാഫിയില്‍ ഈ പോസ്റ്റില്‍ പറയുന്ന ഗണിതത്തിനോ, അപ്പര്‍ച്ചര്‍ ഓപ്പണിംഗിന്റെ വ്യാസം, വിസ്തീര്‍ണ്ണം തുടങ്ങീയവയ്ക്കോ യാതൊരു പങ്കും വഹിക്കാനില്ല. ഇത് വായിച്ച് ആരും കണ്‍ഫ്യൂഷനായിപ്പോകരുത്. അറിയാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി മാത്രം വിവരിക്കുന്നു.

ഇത്രയും കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും എഫ്.നമ്പറുകളും അപ്പര്‍ച്ചര്‍ വ്യാസവും തമ്മിലുള്ള ബന്ധം മനസ്സിലായിക്കാണുമല്ലോ. ഇനി അന്വേഷണകുതുകികള്‍ക്കായി അല്പം ഗണിതശാസ്ത്രം. എഫ്.സ്റ്റോപ്പുകളുടെ സ്കെയില്‍ എങ്ങനെയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കാം.

ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണത്തെ (area) പകുതിയായി കുറയ്ക്കുവാന്‍, അതിന്റെ വ്യാസത്തെ 2 ന്റെ വര്‍ഗ്ഗമൂലമായ (square-root) 1.4142 കൊണ്ട് ഹരിച്ചാല്‍ മതി എന്നറിയാമല്ലോ?

ഇനി നമ്മുടെ ഉദാഹരണത്തിലേക്ക് വരാം. ഒരു ലെന്‍സിന്റെ ഫോക്കല്‍ ദൂരം f ആണെന്നിരിക്കട്ടെ. അതിന്റെ ആദ്യത്തെ എഫ്. സ്റ്റോപ്പ് f/2എന്നും വിചാരിക്കുക. ഈ നമ്പറിനെ വീണ്ടും 1.4142 കൊണ്ടു ഹരിക്കൂ (അല്ലെങ്കില്‍ 1/1.4142 കൊണ്ട് ഗുണിക്കൂ). f/2.8284 എന്നു കിട്ടും. അങ്ങനെ കിട്ടുന്ന ഉത്തരത്തെ വീണ്ടും 1.4142 കൊണ്ടു ഹരിക്കൂ. ഈ രീതി തുടര്‍ന്നാല്‍ നമുക്ക് താഴെക്കാണുന്ന രീതിയില്‍ ഒരു ശ്രേണി കിട്ടും.

starting stop = f/2
stop 1 = f/2 x 1/1.4142 = f/2.8284
stop 2 = f/2.8284 x 1/1.4142 = f/3.999
stop 3 = f/3.999 x 1/1.4142 = f/5.655

ഒരു കാല്‍ക്കുലേറ്റര്‍ എടുത്ത് നിങ്ങള്‍ ഇത് സ്വയം ചെയ്തുനോക്കൂ. തൊട്ടുമുമ്പിലുള്ള സ്റ്റോപ്പിലെ ഡിനോമിനേറ്റര്‍ അക്കത്തെ 1.4142 കൊണ്ട് ഗുണിക്കുക. കിട്ടുന്ന ഉത്തരത്തെ വീണ്ടും 1.4142 കൊണ്ട് ഗുണിക്കുക.

ഉത്തരങ്ങള്‍ മാത്രം റൌണ്ട് ചെയ്ത് എഴുതിയാല്‍

starting = f/2
stop 1 = f/2.8
stop 2 = f/4
stop 3 = f/5.6
stop 4 = f/8
stop 5 = f/11
stop 6 = f/16
stop 7 = f/22
stop 8 = f/32

ഇങ്ങനെ മുമ്പോട്ട് പോകുന്നതു കാണാം. ഇതാണ് നാം കാണുന്ന ഫുള്‍‍സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍ (Full-stop F number scale)‍. ഈ ശ്രേണിയിലെ അക്കങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമല്ലോ?

ചുരുക്കിപ്പറഞ്ഞാല്‍, എഫ്.സ്റ്റോപ്പ് സ്കെയിലുകള്‍ ക്യാമറയില്‍/ലെന്‍സില്‍ നല്‍കുന്നത് വഴി, ലെന്‍സിന്റെ അപ്പര്‍ച്ചര്‍ വ്യാസം അളന്ന്, ഹരിക്കലും ഗുണിക്കലും നടത്തി ലൈറ്റ് മീറ്ററിംഗ് ചെയ്യുക എന്ന വലിയൊരു സാഹസമാണ്, ക്യാമറ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിതന്നിരിക്കുന്നത്! ഒരു കാര്യം കൂടി പറയട്ടെ, f/2 ലും താഴെ അപ്പര്‍ച്ചര്‍ ആരംഭിക്കുന്ന ലെന്‍സുകളും ഉണ്ട്. തത്വത്തില്‍, ഫുള്‍സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്:

f/ 0.5, 0.7, 1.0, 1.4, 2, 2.8, 4, 5.6, 8, 11, 16, 22, 32, 45, 64, 90, 128


ഓര്‍ക്കുക : Full-stop F number scale ല്‍ തൊട്ടുമുമ്പുള്ള സ്റ്റോപ്പിനേക്കാള്‍ നേര്‍ പകുതി പ്രകാശമാണ് അടുത്ത സ്റ്റോപ്പ് ക്യാമറയിലേക്ക് കടത്തിവിടുക - കാരണം ഈ സ്കെയിലില്‍ ഇടത്തുനിന്ന് വലത്തേക്ക് പോകുംതോറും, വിസ്തീര്‍ണ്ണം പകുതിയായി കുറയുകയാണ്.
===========================
ഇതു നോക്കൂ. ഒരു വൃത്തത്തിന്റെ വിസ്തീര്‍ണ്ണം കണക്കാക്കുവാനുള്ള ഫോര്‍മുല അറിയാമല്ലോ

Pi x r^2 . where Pi = 3.14 and r = radius of circle

50 mm lense എടുക്കാം.
diameter of f/2 = 50/2 = 25 mm
radius of this aperture opening = 12.5 mm
area = 3.14 x 12.5 x 12.5= 490.6 square mm

diameter of f/2.8 = 50/2.8 = 17.88 mm
radius of this aperture opening = 8.94 mm
area = 3.14 x 8.94 x 9.94 = 250.9 square mm

f/2 ന്റെ വിസ്തീര്‍ണ്ണമാ‍യ 490.6 എന്നത് , f/2.8 ന്റെ വിസ്തീര്‍ണ്ണമായ 250.6 ന്റെ ഇരട്ടിയാണെന്ന് കാണാം. ഇതുകൊണ്ടാണ് ഈ ഓരോ സ്റ്റോപ്പും പ്രകാശത്തിന്റെ അളവ് പകുതിയായി കുറയ്ക്കുന്നു എന്നു പറയുന്നത്.

1/2 സ്റ്റോപ് എഫ്. നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലില്‍, ഒരു ഫുള്‍സ്റ്റോപ് അപ്പര്‍ച്ചര്‍ നമ്പറിനെ 2 ന്റെ 4th root ആയ 1.1892 കൊണ്ടാണ് ഹരിക്കേണ്ടത്. അപ്പോള്‍ കിട്ടുന്ന എഫ്.സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്. ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു.


1.0, 1.2, 1.4, 1.7, 2, 2.4, 2.8, 3.3, 4, 4.8, 5.6, 6.7, 8, 9.5, 11, 13, 16, 19, 22

1/3 സ്റ്റോപ് എഫ് നമ്പര്‍ സ്കെയില്‍:

ഈ സ്കെയിലില്‍, ഒരു ഫുള്‍സ്റ്റോപ് അപ്പര്‍ച്ചര്‍ നമ്പറിനെ 2 ന്റെ 6th root ആയ 1.1224 കൊണ്ടാണ് ഹരിക്കേണ്ടത്. അപ്പോള്‍ കിട്ടുന്ന എഫ്.സ്റ്റോപ്പ് സ്കെയില്‍ ഇങ്ങനെയാണ്. (ചുവന്ന അക്കങ്ങള്‍ ഫുള്‍ സ്റ്റോപ്പുകളെ കുറിക്കുന്നു).

f/# 1.0, 1.1, 1.2, 1.4, 1.6, 1.8, 2, 2.2, 2.5, 2.8, 3.3, 3.5, 4, 4.5, 5.0, 5.6, 6.3, 7.1, 8, 9, 10, 11, 13, 14, 16, 18, 20, 22==============
References:

1. Wikipedia - F number
2. F number demystified
3. A tedious explanation of F-stops

22 comments:

Appu Adyakshari November 4, 2008 at 7:39 AM  

എക്സ്പോഷറും എഫ്. സ്റ്റോപ്പുകളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ഒരു പോസ്റ്റ്, കാഴ്ചക്കിപ്പുറം ബ്ലോഗില്‍.

ശ്രീനാഥ്‌ | അഹം November 4, 2008 at 12:34 PM  

great! though I know the technichal details, "ithrakkum detailed" aayit ariyumaayirunnilla.

thnx a lot for sharing.

സാജന്‍| SAJAN November 4, 2008 at 4:08 PM  

അപ്പു നന്നായിട്ടുണ്ട് വിശദീകരണങ്ങള്‍!
റൊമ്പ താങ്ക്സ്, കീപിറ്റപ്പൂ:)

ഹരീഷ് തൊടുപുഴ November 5, 2008 at 5:33 AM  

അപ്പുവേട്ടാ,
താങ്കളുടെയും സപ്തന്റേയും ബ്ലോഗിലെ പോസ്റ്റുകള്‍ നിത്യേന വായിച്ചു പഠിച്ചു മനസ്സിലാക്കിയിട്ടാണ്, ഫോട്ടോഗ്രാഫിയെപറ്റി ഒരു ചുക്കും അറിയാമ്പാടില്ലാതിരുന്ന ഞാന്‍ ഒരു DSLR വാങ്ങിയതും, എന്റെ കഴിവിനനുസരിച്ച് ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതും....
അടുത്ത പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു....
വളരെയേറെ നന്ദിയോടെ........

BS Madai November 5, 2008 at 9:26 AM  

പ്രിയ അപ്പു,
പതിവുപോലെ വളരെ ലളിതമായി, ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ എഴുതിയിരിക്കുന്നു - അതും ടെക്നിക്കല്‍ details. എന്തുമാത്രം പ്രയത്നവും സമയവും ആവശ്യമാണെന്ന് ഇതു വായിക്കുന്ന ഓരോ ആളിനും ബോദ്ധ്യമാകും. എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നരിയാം - എന്നാലും അഭിനന്ദനങ്ങള്‍ & ഒത്തിരി ഒത്തിരി നന്ദി ... സ്നേഹത്തോടെ

മറ്റൊരാള്‍ | GG November 5, 2008 at 9:34 AM  

“പ്രിയ വായനക്കാരേ, ഈ ബ്ലോഗിലെ പോസ്റ്റുകളെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, ആരൊക്കെ ഇതുവായിക്കുന്നു എന്നതും അറിയുവാനാഗ്രഹമുണ്ട്.“

അതിനാല്‍ ഇത് ഞാന്‍ വായിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.

പിന്നെ അഭിപ്രായം പറയാനാണെങ്കില്‍ ഇതെല്ലാം എന്റെ ‘കാഴ്ച്ചയ്ക്ക് അപ്പുറത്താണ്.‘
അതൊക്കെ വായിച്ചാല്‍ മന്‍സ്സിലാവുന്നവര്‍ പറഞ്ഞു കഴിഞ്ഞു. ഇനിയും വരാനുള്ളവര്‍ പറയും.

ഓ:ടോ: ഇങ്ങനെ വിശദീകരിച്ച് വിശദീകരിച്ച് എന്നെക്കൊണ്ട് വേറേ ക്യാമറ വാങ്ങിപ്പിക്കരുത്.

CasaBianca November 5, 2008 at 2:12 PM  

സാറെ ഈ ലേഖനം വളരെ അറിവ് പകരുന്നു.
ഇനി ലൈറ്റ് മീറ്ററിന്റെ ഉപയോഗത്തെക്കുറിച്ചൊന്ന് വിശദീകരിക്കാമോ? സിനിമാ ഷൂട്ടിംഗ്‌വേളയിലും, ചില സ്റ്റില്‍ ക്യാമറാമാന്മാരും ഈ സാധനം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ മിക്ക എസ്.എല്‍ ആര്‍. ക്യാമറകളിലും താങ്കള്‍ വിവരിച്ച ലൈറ്റ് നിയന്ത്രണ സെറ്റിംഗ്‌സ് ഉള്ള സ്ഥിതിക്ക് ഇതിന്റെ പ്രസക്തിയുണ്ടോ?

പൈങ്ങോടന്‍ November 5, 2008 at 6:11 PM  

വളരെ വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റുകൂടി
പിന്നെ F നമ്പര്‍ കണക്കുകള്‍ ശരിക്കങ്ങോട്ട് തലയില്‍ കേറിയില്ല.രണ്ടുമൂന്നുതവണ വായിച്ചാല്‍ ശരിയാവുമായിരിക്കും. ഇനി ഒരു സംശയം. വിഡ്ഡിത്താമാണെങ്കില്‍ സ്വാറി :)
ഫോക്കസ് ദൂരം 35mm ഉം അപ്പര്‍ച്ചര്‍ f2 ആയിരിക്കുകയും ചെയ്യുമ്പോള്‍ അപ്പര്‍ച്ചറിന്റെ വ്യാസം എന്നത് 35/2 =17.5mm ആണല്ലോ
അതുപോലെ ഫോക്കസ് ദൂരം 70mm ഉം f4 ആയിരിക്കുകയും ചെയ്യുമ്പോള്‍ അപ്പര്‍ച്ചറിന്റെ വ്യാസം എന്നത് 70/4 = 17.5mm തന്നെയാണല്ലോ വരുന്നത്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഫോക്കസ് ദൂരവും അപ്പര്‍ച്ചറും വ്യത്യാസപ്പെടുന്നുണ്ടെങ്കിലും അപ്പര്‍ച്ചറിന്റെ വ്യാസം വ്യത്യാസപ്പെടുന്നില്ല.ഇതൊന്നു വിശദീക്കരിക്കാമോ?
എന്തുകൊണ്ടാണ് ലെന്‍സ് 300mm എന്ന പൊസിഷനില്‍ ഇരിക്കുമ്പോള്‍ ഏറ്റവും വലിയ അപ്പര്‍ച്ചറായ 4 ഉപയോഗിക്കാന്‍ സാ‍ധിക്കാത്തത്?

krish | കൃഷ് November 5, 2008 at 6:34 PM  

അപ്പര്‍ച്ചര്‍, എഫ്-സ്റ്റോപ്പുകളെക്കുറിച്ച് നല്ല വിശദീകരണം.
അഭിനന്ദനങ്ങള്‍.
തുടരുക.

രാവണന്‍ November 5, 2008 at 7:52 PM  

ആപ്പു മാഷെ....
സൂപ്പര്‍....
ഇപ്പൊഴാണ് ഇതുവഴി വന്നത്.... എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് (Photography) വളരെ ഉപകാരപ്രദമായ ബ്ലോഗ്.

അപ്പു ആദ്യാക്ഷരി November 6, 2008 at 6:16 AM  

Casabinaca, താങ്കള്‍ വിവരിച്ച രീതിയിലുള്ള ഒരു ഇന്‍സിഡെന്റ് ലൈറ്റ് മീറ്ററും, ക്യാമറകളിലെ ലൈറ്റ് മീറ്ററും തമ്മില്‍ വളരെ വ്യത്യാ‍സമുണ്ട്. ആദ്യത്തേത് ഒരു ഇന്‍ഡസ്ട്രി സ്റ്റാന്റ്ഡാര്‍ഡ് ഉപകരണമാണ്. ഇവരണ്ടൂം തമ്മിലുള്ള ;പ്രധാന വ്യത്യാസം എന്താണെന്നുവച്ചാല്‍, ഇന്‍സിഡെന്റ് മീറ്റര്‍ നാം ഫോട്ടോ എടുക്കുവാന്‍ പോകുന്ന വസ്തുവില്‍ (നേരിട്ട്) പതിക്കുന്ന പ്രകാശത്തിന്റെ തീവ്രതയാണ് അളക്കുന്നത്. എന്നാല്‍ ക്യാമറയില്‍ ലൈറ്റ് മീറ്റര്‍ ആ വസ്തുവില്‍ നിന്നും പ്രതിഫലിച്ച് ക്യാമറയിലേക്ക് എത്തുന്ന പ്രകാശമാണ് കണക്കിലെടുക്കുന്നത്. സിനിമറ്റോഗ്രഫി പോലുള്ള ടെക്നിക്കല്‍ പെര്‍ഫക്ഷന്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ലൈറ്റ് മീറ്റര്‍തന്നെയാണ് അഭികാമ്യം.

അപ്പു ആദ്യാക്ഷരി November 7, 2008 at 12:55 AM  

പൈങ്ങോടാ, താങ്കള്‍ ഈ ചോദ്യം ചോദിക്കുമെന്ന് പോസ്റ്റ് എഴുതുമ്പോള്‍ തന്നെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു:-) ലോജിക്കലായ ചോദ്യം തന്നെ. അതിനു മുമ്പ് ഒരു കാര്യം; എഫ്. നമ്പര്‍ കണക്കുകള്‍ തലയില്‍ കയറ്റേണ്ട ഒരാവശ്യവും പ്രായോഗിക ഫോട്ടോഗ്രാഫിയില്‍ ഇല്ല. ആ പോസ്റ്റിന്റെ അവസാനം പറഞ്ഞിട്ടുള്ള നാലുകാര്യങ്ങളും, 1/3, 1/2 എഫ്.സ്റ്റോപ്പ് സ്കെയിലുകളുടെ ഇന്‍‌ക്രിമെന്റ് രീതികളും മാത്രം മനസ്സില്‍ ഇരുന്നാല്‍ മതി.

ഇനി രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. ഉത്തരം നീണ്ടുപോയി മറ്റൊരു പോസ്റ്റുപോലെ ആയിപ്പോകുമോ എന്ന ഭയവും ഇല്ലാതില്ല! താങ്കള്‍ പറഞ്ഞ ഈ അപ്പര്‍ച്ചര്‍ / ഫോക്കല്‍ ലെങ്ത് കണക്ക് ഒരു സിമ്പിള്‍ ലെന്‍സിന് ആണ് യഥാര്‍ത്ഥത്തില്‍ ബാധകം. അതായാത് ഒരു കഷണം ഗ്ലാസിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന ലെന്‍സ്. ഫോക്കല്‍ ലെങ്ത് കൂടും തോറും ലെന്‍സുകളുടെ വ്യാ‍സവും വര്‍ദ്ധിക്കും എന്നറിയാമല്ലോ. അതായത് 35എം.എം ലെന്‍സിനേക്കാള്‍ വ്യാസം (വട്ടം) കൂടുതലായിരിക്കും 70 എം.എം. ലെന്‍സിന്. മാത്രവുമല്ല ലെന്‍സിന്റെ വ്യാസം കൂടും‌തോറും അത് കടത്തിവിടുന്ന ആകെ ലൈറ്റ് ഇന്റന്‍സിറ്റി (പ്രകാശത്തിന്റെ പവര്‍, തീവ്രത) കുറയുകയും ചെയ്യുന്നു. ഉദാഹരണം പറഞ്ഞാല്‍, വെയിലില്‍ സൂര്യന് അഭിമുഖമായി പിടിച്ചിരിക്കുന്ന ചെറിയ വട്ടത്തിലുള്ള ഒരു സിമ്പിള്‍ ലെന്‍സ് സൂര്യപ്രകാശം കേന്ദ്രീകരിക്കുന്ന ബിന്ദുവും, വലിയ ഒരു ലെന്‍സ് സൂര്യപ്രകാശം കേന്ദ്രീകരിക്കുന്ന ബിന്ദുവും തമ്മില്‍ ദൂരവ്യത്യാസമുണ്ട്. അതുപോലെ വലിയ ലെന്‍സ് രൂപപ്പെടുത്തുന്ന ഈ സൂര്യബിംബം ചെറുത് രൂപപ്പെടുത്തുന്ന സൂര്യബിബത്തേക്കാള്‍ “ഇന്റന്‍സിറ്റി” കുറഞ്ഞതായിരിക്കും. അതായത് വലിയ ലെന്‍സിന്റെ വലിയ വട്ടത്തില്‍ കൂടി കടന്ന്, ഒരു വലിയ കോണ്‍ ഷേയ്പ്പില്‍ ഫോക്കല്‍ പോയിന്റില്‍ കേന്ദ്രീകരിക്കുന്ന പ്രകാശരശ്മികളുടെ തീവ്രത ചെറുതിനെ അപേക്ഷിച്ച് കുറവായിരിക്കും. അതുകൊണ്ടാണ് അപ്പര്‍ച്ചര്‍ ഡയമീറ്റര്‍ ഒന്നുപോലെയാണെങ്കിലും, ഈ രണ്ടുകേസിലും (35:f/2, 70:f/4) ഒരേ വലിപ്പമുള്ള അപ്പര്‍ച്ചറിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ തീവ്രത ഒരുപോലെയാവില്ല എന്നു പറയുന്നത്. കമറ്റ്നായതിനാല്‍ ഒരു പടംവരച്ച് കാണിക്കുവാന്‍ സാധിക്കുന്നില്ല. ഇത്രയും പറഞ്ഞത് തിയറി. ഇനി പ്രായോഗികമായി എങ്ങനെയാണെന്നു നോക്കാം.

നമുക്കറിയാം, ക്യാമറലെന്‍സുകളൊന്നും ഒരു കഷണം ഗ്ലാസിനാല്‍ നിര്‍മ്മിച്ചതല്ല. അവയിലൊക്കെ എട്ടോ അതില്‍ കൂടുതലോ “കഷണം“ ലെന്‍സുകള്‍ ഉണ്ട്. ഇവയെല്ലാം കൂടി ഒരു കുഴലില്‍ ഒതുക്കിവച്ച് സൂക്ഷമായ എഞ്ചിനീയറിംഗിലൂടെ ഒരു ഒറ്റക്കഷണം ലെന്‍സിന്റെ ഫോക്കസ്, സൂം, മാഗിനിഫിക്കേഷന്‍ എഫക്ടുകള്‍ ഉണ്ടാക്കിയെടുക്കുകാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഈ പോസ്റ്റില്‍ “എഫക്ടീവ് ഡയമീറ്റര്‍” എന്നു പറയുന്നത്. അതായത് പ്രകാശം ലെന്‍സിലൂടെ കയറീ ഇറങ്ങീ അപ്പര്‍ച്ചര്‍ കട്ടിംഗും എല്ലാം കഴിഞ്ഞ് സെന്‍സറില്‍ എത്തുമ്പോള്‍, ആദ്യം പറഞ്ഞ ഒറ്റക്കഷണം 70mm ലെന്‍സിന്റെ പുറകില്‍ ഒരു 17.5 mm അപ്പര്‍ച്ചര്‍ ഇരുന്ന ഫലം / എഫക്ട് കിട്ടിയാല്‍ മതി! അപ്പോള്‍ ശരിക്കുള്ള സംഭവങ്ങള്‍ എഫക്ടില്‍നിന്നും വ്യത്യാസമാണ്. പൈങ്ങോടന് അറിയാമല്ലോ, നാം 300 mm ലെന്‍സ് ഉപയോഗിച്ചാലും, 28 എം.എം. ലെന്‍സ് ഉപയോഗിച്ചാലും ലെന്‍സിന്റെ ചുവട്ടില്‍ നിന്ന് സെന്‍സര്‍ വരെയുള്ള ദൂരം എപ്പോഴും ഒന്നുതന്നെ, മാത്രവുമല്ല ഒരിക്കലും അത് 300 എം.എം (ഒരടി) ഇല്ല താനും! അല്ലേ. അതാണ് എഫക്ടും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം.

ഇനി അവസാനചോദ്യത്തിന്റെ ഉത്തരം. എന്തുകൊണ്ടാണ് 300 എം.എം. സൂമില്‍ ഇരിക്കുമ്പോള്‍ എഫ്.4 ഉപയോഗിക്കാനാവാത്തത്? സൂം‌ലെന്‍സുകള്‍ ഒരു റേഞ്ചില്‍ നിന്ന് മറ്റൊരു റേഞ്ചിലേക്ക് മാറുന്നവയാണല്ലോ. ഉദാ. 70-300. ഇതില്‍ അപ്പര്‍ച്ചര്‍ എഫ്4 ല്‍ ഉറപ്പിച്ചു വച്ചിട്ട് സൂം നാം 70 ല്‍ നിന്ന് 300 ലേക്ക് മാറ്റുന്നു എന്നിരിക്കട്ടെ. കണക്കുപ്രകാരം ഓട്ടോമാറ്റിക്കായി അപ്പര്‍ച്ചര്‍ സൈസും മാറും, ഓരോ പൊസിഷനിലും. ഈ ഏറ്റക്കുറച്ചില്‍ ഡയഫ്രം ബ്ലേഡുകളുടെ ക്രമീകരണത്തിലാണെന്ന് അറിയാമല്ലോ. അപ്പോള്‍ 300 ലും, എഫ്.4 ഓ അതില്‍ താഴെയോ ‍ തുറന്നിരിക്കുന്ന ഒരു അപ്പര്‍ച്ചര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ എഞ്ചിനീയറിംഗ് വേണം. ടെലിലെന്‍സുകളില്‍ അപ്പര്‍ച്ചര്‍ ഒരു പരിധിവിട്ട് തുറക്കുമ്പോള്‍ മറ്റ് ഓപ്റ്റിക്കല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. അവയെ തടയാനുള്ള സംവിധാനങ്ങള്‍ വേണം. ഫലമോ? വിലകൂടും. ബേസ് മോഡലുകളുടെ വില കുറയ്ക്കാനായാണ് എഫ്.4 ല്‍ നിന്നും മറ്റും തുടങ്ങുന്നത്.

പൈങ്ങോടന്‍ November 7, 2008 at 2:34 PM  

വിശദീകരണത്തിനു നന്ദി അപ്പൂ
ഇപ്പോള്‍ കുറച്ചുകൂടി കാര്യങ്ങള്‍ പിടികിട്ടി
എന്നാണാവോ ഒരു slr വാങ്ങി ഇതൊക്കെ ഒന്നു പരീക്ഷിക്കാന്‍ പറ്റുന്നത് :)

ശ്രീലാല്‍ November 26, 2008 at 5:17 PM  

പഠിച്ചു മാഷേ !
ഇനി പ്രാക്ടികൽ ചെയ്യണം ! (അമ്പെയ്ത്തിന്റെ ബേസിക്സ് പഠിക്കാതെ അമ്പും വില്ലും എടുത്ത് യുദ്ധത്തിനുപോകുന്നതാണ് ഞാൻ - ചക്കിനു വച്ചത് കൊക്കിനു കൊണ്ടാൽ ഭാഗ്യം.അത്ര തന്നെ.) - ഇതുവരെ അപ്പെർച്ചർ പ്രയോറിറ്റി മോഡിലിട്ട് ഒന്ന് ക്ലിക്കി പിന്നെ ഡയൽ ഒരു ലക്കും ലഗാനും ഇല്ലാതെ കറക്കി വീണ്ടും വീണ്ടും ക്ലിക്കി അങ്ങനെ ഇരുളും വെളിച്ചവും ഉദയവും അസ്തമയവും എല്ലാം ഒറ്റച്ചിത്രത്തിൽ കണ്ടിരുന്ന എനിക്ക് വളരെ ഉപകാരപ്രദമായി ഈ പോസ്റ്റ്. ( വിക്കിയിലുള്ള ഇംഗ്ലീഷ് ലേഖനം എത്രയോതവണ എടുത്തു വായിക്കാൻ തുടങ്ങിയിട്ട് നിർത്തിപ്പോയിരുന്നു ഞാൻ. )
ഷട്ടർ സ്പീഡിനെക്കുറിച്ചുള്ള പോസ്റ്റും കൂടി വരട്ടെ.
എഫ് നമ്പർ വ്യത്യാസപ്പെടുത്തുമ്പോൾ എക്സ്പോഷറിനോടൊപ്പം ഡെപ്ത് ഓഫ് ഫീൽ‌ഡിലും മാറ്റം വരുന്നതെന്തുകൊണ്ടാണ് ? അതുപോലെ
“f/8 and be there“ എന്ന് വിക്കിയിൽ വായിച്ചിരുന്നു. അതിന്റെ സയൻസും കൂടി പറഞ്ഞുതന്നാൽ ഉപകാരമാകും.

Nishedhi November 27, 2008 at 11:20 AM  

ഇത്ര ലളിതമായി മനോഹരമായ ഭാഷയില്‍ ഫോട്ടോഗ്രഫിയെപ്പറ്റി മുമ്പ്‌ വായിച്ചിട്ടില്ല. ആശംസകള്‍!! പുതിയ പോസ്റ്റ്‌ പ്രതീക്ഷിച്ചുകൊണ്ട്‌,

Arunan December 8, 2008 at 6:17 PM  

അപ്പു ബ്ലോഗിന്റെ ലേഔട്ട് മാറ്റിയല്ലേ? പുതിയ ലേഖനം ഉടനെയുണ്ടോ?

hi April 8, 2009 at 4:58 PM  

വളരെ ഉപകാരപ്രദമായ മറ്റൊരു പോസ്റ്റ്.. എന്റെ വളരെ കാലമായുള്ള സംശയമായിരുന്നു.. എഫ് നമ്പരുകള്‍ തമ്മിലുള്ള ബന്ധം എന്താനെന്നുള്ളത്. അത് ഇപ്പോള്‍ മനസ്സിലായി :)
കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു എസ് എല്‍ ആര്‍ ഡിജിറ്റല്‍ ക്യാമറയില്‍ സൂം ചെയ്ത ശേഷം അപ്പര്‍ച്ചര്‍ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ഒരു പരിധിയില്‍ കവിഞ്ഞു കൂട്ടാന്‍ സാധിക്കുന്നില്ല എന്ന് മനസ്സിലായി. ക്യാമറയുടെ ഉടമയോട് അതിനെ പറ്റി ചോദിച്ചപ്പോള്‍ അതങ്ങനെയാണ് ..സൂം ചെയ്‌താല്‍ അപ്പര്‍ച്ചര്‍ അധികം കൂട്ടാന്‍ കഴിയില്ല വൈഡ് ആണെന്കില്‍ മാത്രമേ അപ്പര്‍ച്ചരിന്റെ മാക്സിമം ഓപ്പണ്‍ ചെയ്യാന്‍ കഴിയു എന്ന് പറഞ്ഞു. അത് എന്ത് കൊണ്ടാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌.. ഒരുപാട് നന്ദി :)

Unknown May 22, 2009 at 9:47 PM  

ഇത്രയും ലളിതമായി സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ അവതരിപ്പിച്ചതിനു നന്ദി.

Unknown July 12, 2014 at 9:43 AM  

ഞാന്‍ ഇതുവഴി എത്തിപ്പെടാന്‍ ഒരു പാട് വൈകി

ഫോട്ടോഗ്രാഫി തുടങ്ങുന്നത് തന്നെ ഒരു സ്ടുടിഒവില്‍ നിന്ന് കണ്ടും മനസ്സിലാക്കിയും പടിച്ചതാന്നു ,,,,അതുകൊണ്ട് തന്നെ അനുഭവ ഫോട്ടോഗ്രഫി ആണ് പരിജയം ,,,ശെരിക്കും പറഞ്ഞാല്‍ താങ്കളുടെ ഈ വിവരണങള്‍ എല്ലാം വായിച്ചപ്പോള്‍ ,,പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞപ്പോള്‍ ചെയ്ത പല പൊട്ടാ തെറ്റുകള്‍ മനസ്സിലാക്കാനും സാധിക്കുന്നു ,,,,,നന്ദി ചേട്ടാ ,,,,,തുടര്ര്‍ന്നും ഇതുപോലെ ഉള്ള ഉപകാരപ്രതമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

Syam M S August 25, 2014 at 11:31 AM  

വളരെ ഉപകാരപ്രദമായ പോസ്റ്റുകള്‍ ആണ്... മാക്രോ ലെന്‍സുകളെ പറ്റി ഒന്ന് പറഞ്ഞു തരുവോ..?

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP