പാഠം 8 : സെന്‍സര്‍ സൈസ് സ്പെസിഫിക്കേഷനുകള്‍
സെന്‍സറുകളുടെ പ്രവര്‍ത്തനരീതി കഴിഞ്ഞ പോസ്റ്റില്‍ നാം മനസ്സിലാക്കി. ഇനി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍, റെസലൂഷന്‍, ഡൈനാമിക് റേഞ്ച്, നോയിസ്, ISO സെറ്റിംഗുകള്‍, സൂം, തുടങ്ങിയ കാര്യങ്ങളാണ്. നമുക്കറിയാം ഇന്ന് മാര്‍ക്കറ്റില്‍ ഒട്ടനവധി മോഡലുകളില്‍ ക്യാമറകള്‍ ലഭ്യമാണ്. അവയോരോന്നിന്റെയും സ്പെസിഫിക്കേഷനുകളും വ്യത്യസ്തമാണ്. ഒരു ക്യാമറവാങ്ങണം എന്നാഗ്രഹിച്ച് അതിന്റെ ഗുണഗണങ്ങളൊക്കെ വായിച്ചും പഠിച്ചും അവസാനം പണവുമായി മാര്‍ക്കറ്റില്‍ എത്തുമ്പോഴേക്കും അടുത്തമോഡല്‍ ഇറങ്ങിക്കഴിഞ്ഞു! അപ്പോള്‍ വീണ്ടും ചിന്തയായി - ഇതോ അതോ നല്ലത്?
സ്പെസിഫിക്കേഷനുകളില്‍ മാത്രമല്ല ക്യാമറയുടെ വലിപ്പത്തിലും വ്യത്യാസങ്ങളുണ്ട്. പോക്കറ്റില്‍ ഒതുങ്ങുന്ന 12 മെഗാപിക്സല്‍ ക്യാമറമുതല്‍ ഒരു ബാഗില്‍ മാത്രം ഒതുക്കാവുന്ന SLR ക്യാമറകള്‍ വരെ. പോക്കറ്റ് ക്യാമറകളില്‍ 12x സൂം ഒരു ചെറിയ ലെന്‍സില്‍ ഒതുക്കുമ്പോള്‍ അതേ സൂം SLR ല്‍ കിട്ടണമെങ്കില്‍ പുട്ടുകുറ്റിപോലെ നീളമുള്ള ലെന്‍സ് വേണം! ചിലക്യാമറയിലെ ചിത്രങ്ങള്‍, കംപ്യൂട്ടര്‍ സ്ക്രീനിന്റെ 200% സൈസിനു മുകളിലേക്കൊന്നു വലുതാക്കി സ്ക്രീനില്‍ കണ്ടാല്‍ പിക്സലുകള്‍ കാണാറായി. എന്നാല്‍ മറ്റുചിലതില്‍ 400% വരെയയാലും ചിത്രം വ്യക്തം. ചിലതില്‍ നല്ല വെളിച്ചമില്ലാത്തപ്പോളെടുക്കുന്ന ചിത്രങ്ങളില്‍ നിറയെ പലകളറിലുള്ള മൊസൈക് പാറ്റേണുകള്‍, ചിലവയില്‍ അതില്ലേയില്ല. ഇതെന്താണീ വ്യത്യാസങ്ങള്‍ക്കു കാരണം? എല്ലാത്തിന്റെയും ഉത്തരം എത്തിനില്‍ക്കുന്ന അവസാന പോയിന്റ് ഒന്നു തന്നെ - സെന്‍സറുകളുടെ വലിപ്പം. അതുകൊണ്ട് ഏതുക്യാമറ വേണം എന്നു തീരുമാനിക്കാന്‍ മാത്രമല്ല, ഇനി വരുന്ന പോസ്റ്റുകളുടെ അടിസ്ഥാനം എന്ന നിലയില്‍കൂടി ഈ കൊച്ചു പോസ്റ്റ് പ്രാധാന്യമര്‍ഹിക്കുന്നു.
ഒരു ക്യാമറയുടെ സ്പെസിഫിക്കേഷനുകള്‍ നോക്കിയാല്‍, അതില്‍ സെന്‍സര്‍ എന്നതിന്റെ നേര്‍ക്ക് ചില നമ്പരുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഒരു ഉദാഹരണം. Sony DSC H9 എന്ന പോയിന്റ് & ഷൂട്ട് ക്യാമറയുടെ സ്പെസിഫിക്കേഷനില്‍ സെന്‍സറിനു നേര്‍ക്ക് ഇങ്ങനെകാണാം. 1/2.5" Type CCD, 8.1 million effective pixels എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഈ ക്യാമറയുടെ സെന്‍സര്‍ 1/2.5" എന്ന ടൈപ്പാണെന്നും, അതില്‍ എണ്‍പത്തൊന്നു ലക്ഷം (8.1 മെഗാപിക്സല്‍) പിക്സലുകള്‍ നിരത്തിവച്ചിട്ടുണ്ടെന്നും ആണ്. ഇതില്‍ 1/2.5" എന്ന നമ്പര്‍ സെന്‍സറിന്റെ സൈസിനെക്കുറിക്കുന്നു. അത്യന്തം തെറ്റിദ്ധാരണാജനകമായ ഒരു നമ്പറിംഗ് രീതിയാണ് ഇന്നത്തെ ക്യാമറ സെന്‍സറുകള്‍ക്കുള്ളത്. ഇതിനു കാരണം, സെന്‍സര്‍ ടൈപ്പിനെ കുറിക്കുന്ന നമ്പറുകള്‍ക്ക് ക്യാമറയുടെ സെന്‍സറിന്റെ വലിപ്പവുമായി പ്രത്യേകിച്ച് ഗണിതശാസ്ത്രരീതിയില്‍ ബന്ധമൊന്നും ഇല്ല എന്നതിനാലാണ്. ഉദാഹരണം, 1/2.5" എന്നതിനെ മില്ലീമീറ്ററില്‍ ആക്കിയാല്‍ 10.1 mm എന്നു കിട്ടും. ഇതുകണ്ട് സെന്‍സറിന്റെ വലിപ്പം 10.1mm അല്ലെങ്കില്‍ ഒരു സെന്റീമീറ്റര്‍ ആണെന്നു വിചാരിച്ചാല്‍ തെറ്റി! 1/2.5" റ്റൈപ്പ് സെന്‍സറിന്റെ യഥാര്‍ത്ഥവലിപ്പം 4.29mm x 5.76 mm മാത്രം!
1950 കളില്‍ ടി.വി.ക്യാമറകളുടെ പിക്ചര്‍ ട്യൂബുകള്‍ നാമകരണം ചെയ്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. ട്യൂബുകളുടെ സൈസുകള്‍ 1/2", 2/3" എന്നിങ്ങനെയായിരുന്നു വിവക്ഷിച്ചിരുന്നത്. വൃത്താകൃതിയിലുള്ള ഈ ട്യൂബുകളുടെ മധ്യഭാഗത്തുള്ള ഏകദേശം 2/3 ഏരിയയില്‍ വീഴുന്ന ചിത്രങ്ങളായിരുന്നു, പ്രായോഗികമായി ടി.വിയില്‍ എത്തിയിരുന്നത്. കാലം മാറി, സാങ്കേതികവിദ്യകള്‍ മാറി, ടി.വി.ട്യൂബുകള്‍ സെന്‍സറുകള്‍ക്കു വഴിമാറി - എന്നിട്ടും എന്തുകൊണ്ടോ ട്യൂബുകളുടെ സൈസുകള്‍ വിവക്ഷിച്ചിരുന്ന രീതി (പേര്) മാത്രം മാറ്റാന്‍ ആരും ഒരുമ്പെട്ടില്ല!! അതിന്നും അങ്ങനെതന്നെ നില്‍ക്കുന്നു. അതിനാലാണ് സെന്‍സര്‍ സ്പെസിഫിക്കേഷനുകള്‍ ഇന്നും ആ രീതിയില്‍ പറയുന്നത് - സെന്‍സറിന്റെ യഥാര്‍ത്ഥ വലിപ്പവുമായി ഇതിനു പ്രത്യേക ബന്ധമൊന്നും ഇല്ലെങ്കിലും.
താഴെക്കൊടുത്തിരിക്കുന്ന ടേബിളില്‍ ഇന്ന് ഉപയോഗത്തിലുള്ള സെന്‍സര്‍ ടൈപ്പുകളുടെ സൈസുകള്‍ വിശദീകരിച്ചിരിക്കുന്നു. (മൂന്നാമത്തെ കോളത്തിലുള്ള ഡയഗണല്‍ സൈസ്, കോണോടുകോണുള്ള വലിപ്പമാണ്). അവസാന കോളത്തില്‍ സെന്‍സറുകളുടെ വിസ്തീര്‍ണ്ണവും (നീളം x വീതി = വിസ്തീര്‍ണ്ണം) കൊടുത്തിരിക്കുന്നു.
ഇതില്‍ 1/2.5“ Point & Shoot ക്യാമറകളിലും, 1.8“ SLR ക്യാമറകളിലും ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നു. ഇതില്‍ 1.8“ സെന്‍സറുകളെ APS സെന്‍സറുകള്‍ എന്നും വിളിക്കാറുണ്ട്.
താഴെയുള്ള ടേബിളില്‍, ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ കുറെ ക്യാമറ മോഡലുകളും അവയുടെ സെന്‍സര്‍ സൈസുകളും, അവയില്‍ ഓരോന്നിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പിക്സലുകളുടെ എണ്ണവും നല്‍കിയിരിക്കുന്നു.
സെന്‍സറുകളുടെ വലിപ്പവുമായി ബന്ധപ്പെട്ട് ഓര്‍ത്തിരിക്കേണ്ട പ്രധാന വസ്തുതകള്‍ താഴെപ്പറയുന്നവയാണ്.
വലിയ സെന്‍സര്‍
- വലിയ പിക്സലുകള്‍, തന്മൂലം കൂടുതല്‍ Details
- കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍. ചിത്രത്തിന്റെ തെളിമ കുറയാതെ കൂടുതല്‍ മാഗ്നിഫിക്കേഷന്‍ സാധ്യം.
- ചിത്രത്തിന്റെ ചെറിയ ഭാഗങ്ങള്‍ ക്രോപ്പ് ചെയ്ത് ഉപയോഗിച്ചാലും നല്ല വ്യക്തത.
- നോയിസ് കുറവ്, ഉയര്‍ന്ന ISO സെറ്റിംഗുകള്‍ സാധ്യമാണ്.
- വലിയ ക്യാമറ വലിയ ലെന്‍സ് എന്നിവ ആവശ്യം.
- വിലകൂടുതല്‍, സെന്‍സറിനും ക്യാമറയ്ക്കും.
- ഫോട്ടോഗ്രാഫി പ്രൊഫഷനലുകള്‍ക്കും, SLR ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും, ക്യാമറ ബഡ്‌ജറ്റ് സാരമാക്കാത്തവര്‍ക്കും അനുയോജ്യം
ചെറിയ സെന്‍സറുകള്‍
- ക്യാമറകളുടെ വലിപ്പം കുറവ്, വളരെ ചെറിയ ലെന്‍സുകള്‍ ഉപയോഗിക്കാം.
- വിലക്കുറവ്, സെന്‍സറിനും, ക്യാമറയ്ക്കും.
- സാധാരണ ഫോട്ടോഗ്രാഫിക്കും, കുറഞ്ഞ ബഡ്‌ജറ്റുള്ളവര്‍ക്കും അഭികാമ്യം.
- പിക്സലുകളുടെ വലിപ്പം വളരെ കുറവ്. തന്മൂലം അവ ഉള്‍ക്കൊള്ളുന്ന Details ഉം കുറവ്.
- പിക്സലുകളുടെ സൈസ് കുറച്ചുകൊണ്ട് കൂടുതല്‍ പിക്സല്‍ കൗണ്ടും റെസലൂഷനും കാണിക്കുവാന്‍ സാധിക്കുമെങ്കിലും, ചിത്രങ്ങളുടെ വ്യക്തത വലിയ സെന്‍സറുകളേക്കാല്‍ വളരെ കുറവ്
- കൂടുതല്‍ നോയിസ്, കുറഞ്ഞ ISO സെറ്റിംഗുകള്‍ മാത്രം സാധ്യം (ഉയര്‍ന്ന ISO സെറ്റിംഗുകള്‍ സാധ്യമെങ്കിലും ചിത്രത്തിന്റെ വ്യക്തത Noise reduction ന്റെ ബാക്കിപത്രമായി വളരെ കുറയുന്നു)
ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഇനി വരുന്ന പോസ്റ്റുകളുടെ ഒരു ആമുഖമാണ് ഈ പോസ്റ്റ്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് പലപ്പോഴും തിരികെയെത്തേണ്ടതായി വരും.
ഒരു അറിയിപ്പ്: പാഠം 5 - ക്യാമറ എത്ര മെഗാപിക്സല്‍ വേണം എന്ന പോസ്റ്റ് ഒന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ അത് ഒന്നുകൂടി വായിച്ചു നോക്കുക.
30 comments:
കാഴ്ചയ്ക്കിപ്പുറം ബ്ലോഗിലെ പുതിയ പോസ്റ്റ് . സെന്‍സര്‍ സൈസ് സ്പെസിഫിക്കേഷനുകള്‍
പതിവു പോലെ, നന്നായിരിക്കുന്നു.
സെന്‍സറുകളിലെ വ്യത്യസ്തതയെ പറ്റി വിശദമായി തന്നെ പറഞ്ഞിരിയ്ക്കുന്നു.
ഇത്രയും മിനക്കെട്ട് ഇതു തയ്യാറാക്കുന്നതിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍, അപ്പുവേട്ടാ.
:)
സെന്‍സറുകളെ കുറിച്ച് വിശദമായി പഠിക്കാന്‍ പ്രിന്റെടുത്തു മച്ചാ..
മിനക്കെട്ട് ഞങ്ങള്‍ക്കുവേണ്ടി ഇത്രയുമൊക്കെ എഴുതുന്നതിനു നന്ദി ട്ടോ..
വിശദീകരണം നന്നായിട്ടുണ്ട്.
അപ്പൂ
റൊമ്പ നന്ദി മച്ചാ. കുറേ ഗവേഷിച്ചിട്ടുണ്ടല്ലോ?
പതിവു പോലെ, നന്നായിരിക്കുന്നു
അപ്പു മാഷേ,
ഇത് ഓടി നടന്നാണല്ലോ പുതിയ പോസ്റ്റുകള്‍ ഇടുന്നത്. ഇത്രയധികം സമയം എവിടെ കിട്ടുന്നു? എന്തായാലും ഉപകാരപ്രദമായ ഈ ഭാഗവും നന്നായിരിക്കുന്നു. കോപ്പി ചെയ്ത് വീട്ടില്‍ കൊണ്ടുപോയി വായിക്കട്ടെ ;)
അപ്പൂസേ,
ടെക്ക്നിക്കല്‍ ഡീറ്റൈല്‍സിന്റെ വര്‍ണ്ണങ്ങള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്ന ഈ പോസ്റ്റും നന്നായി. ഭാവിയില്‍ ശരിക്കും റഫറന്‍സായി ഉപയോയിക്കാം വായനക്കാര്‍ക്ക്.
ബട്ട്, ഇതൊക്കെ വായിച്ചുമനസ്സിലാക്കുമെങ്കിലും ഞാന്‍ ഒരു ക്യാമറ വാങ്ങാന്‍ പോകുകയാണെങ്കില്‍ അന്ന് അപ്പുവിനെയും കൂടെ കൂട്ടും. വരണേ! ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്? യേത്? ങാ, അദ് തന്നെ!
തുടരുക..
പിന്നെ, പാഠം 5 ഒന്നുടെ വായിച്ചു. സെന്‍സര്‍ സൈസുകളുടെ താരതമ്യവും പിക്സല്‍ സൈസുകളുടെ താരതമ്യവും ചിത്രങ്ങളോടുകൂടിയ വിശദീകരണഭാഗമാണ് അപ്പ്ഡേറ്റ് ചെയ്തത് എന്ന് തോന്നുന്നു. മുന്‍പ് വായിച്ചപ്പോ അതില്‍ ചിലത് (Canon as Example with Details) വായിച്ചതായി ഓര്‍ക്കുന്നില്ല. ഈ ബ്ലോഗിലെ ഒരോ പോസ്റ്റും അപ്പുവിന് പുതിയ പുതിയ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മികവുറ്റതാകും ബ്ലോഗ്, ഞാന്‍ എപ്പഴും പറയുന്ന പോലെ ഒരു റഫറന്‍സ് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍...
എന്തായാലും.. നന്ദി.. തുടരുക...
:-)
തുടരുക..നന്ദി അപ്പു
സ്ഥിരമായി വായിക്കുന്നുണ്ട്. ക്യാമറാകളുടെ പരസ്യത്തിലേയ്ക്ക് കണ്ണുപോകുന്നുമുണ്ട് രാവിലെ പത്രം വായിക്കുമ്പോള്‍.
ഈ അപ്പുവേട്ടനാളൊരു പുലിയാണു കേട്ടോ.ശരിക്കും പറഞ്ഞാല്‍ അപ്പുവേട്ടന്റെ ബ്ലോഗില്‍ വരാന്‍ വൈകിപോയി
അപ്പുവേട്ടാ,
ക്ലാസ്സ് നന്നാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അപ്പു മാഷേ,
ഈ പോസ്റ്റ് വളരെ നന്നായി.
സാങ്കേതികത അടുത്തറിഞ്ഞത് ഇതു വായിച്ചപോഴാണ്.
നന്ദി.
സ്നേഹത്തോടെ
ഗോപന്‍
വായിച്ച് പഠിക്കുക എന്നൊരു സ്വഭാവം എനിക്ക് പണ്ടേ കുറവാ അപ്പു മാഷെ.
പകരം, കണ്ടു പഠിക്കുക, ചോദിച്ചൂ പഠിക്കുക എന്നൊക്കെയാ എന്റെ ഒരു രീതി.
ഫ്രീ ആവുന്ന ഒരു ദിവസം ഞാന്‍ ശല്യപെടുത്താം. ഒരു എസ് എല്‍ ആര്‍ വാങ്ങാന്‍ എന്റെ കൂടെ വാ.....എന്നിട്ട് അല്പം പ്രാക്റ്റിക്കല്‍ ക്ലാസ്സ് താ....ഞാനും തരാം അല്പം പ്രാക്റ്റിക്കല്‍ (എങ്ങിനെ കുടിക്കാം എന്നതിനെകുറിച്ചല്ല തീര്‍ച്ച)
hajar sir :)
അപ്പുമാഷിന്റെ എല്ലാ ക്ലാസും ശ്രദ്ധിച്ചു വായിയ്ക്കുന്നു. ഇതിന്റെ പിറകിലെടുക്കുന്ന അധ്വാനം എന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.(വര്‍ഷത്തിലൊരിയ്ക്കല്‍ ഒരു പോസ്റ്റിടണേല്‍ ഞാന്‍ ഒരാഴ്ച ലീവാണ്:)
അപ്പുമാഷിന്റെ ശൈലി ശാസ്ത്രലേഘനങ്ങള്‍ക്ക് പറ്റിയതാണ്.(മുന്‍പും ചില വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ ശ്രദ്ധിച്ചിരുന്നു.) ലളിതമാണ്..എന്നാല്‍ എന്നെപ്പോലെ വളിപ്പടിയുമില്ല. അതുകൊണ്ട് തന്നെ നമ്മളീ ഫസ്റ്റ്ക്ലാസ്, ബാല്‍ക്കണി :)(ദേ വന്നു വളിപ്പ്) എന്നൊക്കെ പറയില്ലേ അതുപോലൊരു സീരീസ്..
റഫറന്‍സായൊക്കെ പറയാന്‍/ ഉപയോഗിയ്ക്കാന്‍ പറ്റിയ ബ്ലോഗ്. കിടിലം.
നല്ല പോസ്റ്റ്..
സെന്‍ സറുകള്‍ എന്നതിനു പറ്റിയ ഒരു മലയാളം വാക്കു
പറഞ്ഞു തരുമൊ?
ഇന്നത്തെ ക്ലാസ് അറ്റെന്റ് ചെയ്തു കഴിഞ്ഞു ഇനി എന്റെ ക്യാമറയുടെ സെന്‍സര്‍ സൈസ് എത്രയാണെന്നു നോക്കണം.
:)
:)ഇത്രയും മതി.
ഈ പോസ്റ്റും വിജ്ഞാനപ്രദമായിരുന്നു എന്നറിയുനതില്‍ സന്തോഷം. വായിച്ച എല്ലാവര്‍ക്കും നന്ദി.
അഭിലാഷ് പറഞ്ഞിരിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.
അനാഗതശ്മശ്രു, ഭാഷ എന്നു പറയുന്നത് ആശയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മാധ്യമം മാത്രമല്ലേ. സെന്‍സര്‍ എന്നു ഞാനെഴുതുമ്പോള്‍ അതെന്തിനെപ്പറ്റിയാണ് പറഞ്ഞതെന്ന് വായനക്കാരന് മനസ്സിലാകുന്നുണ്ടെങ്കില്‍ എന്തിനാണ് അതിനു തത്തുല്യമായ ഒരു മലയാളവാക്കു തേടി നാം പോകുന്നത്? സെന്‍സര്‍ എന്ന വാക്കുതന്നെ മലയാളത്തിലേക്ക് “ദത്തെടുത്താല്‍” പോരേ? ഒരു പക്ഷേ സെന്‍സര്‍ കണ്ടുപിടിച്ചതും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതും കേരളത്തിലായിരുന്നുവെങ്കില്‍ അതിന്റെ നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും ഒരു ഉചിതമായ മലയാളവാക്ക് നിര്‍ദ്ദേശിക്കുമായിരുന്നു അന്നേ. അതല്ലാത്ത സ്ഥിതിക്ക് നമുക്ക് ഈ വാക്കുതന്നെ നമ്മുടെ ഭാഷയിലെ ഒരു വാക്കായി സ്വീകരിക്കാം. ഇതാണ് എന്റെ അഭിപ്രായം.
ഇത്രയേറെ വിശദമായി കാര്യങ്ങള്‍ പറഞ്ഞുതരുന്നതിനു വളരെയേറെ നന്ദി. ഒരു പ്രിന്റ് എടുത്തു വെച്ചു...ബൂലോകത്തില്ലാത്ത കൂട്ടുകാര്‍ക്കായി.....മറ്റുള്ളവര്‍ക്കായി ഇത്രയേറെ സമയം മാറ്റിവച്ചതിനു ഒരുപാടു നന്ദി.....
അപ്പൂ, നന്നായിരിക്കുന്നു ഈ പോസ്റ്റും ഇതിന്റെ പിന്നിലെ അധ്വാനവും.
കീപിറ്റപ്പൂ:)
രണ്ടു ക്ലാസുകളും ശ്രദ്ധിച്ചു വായിച്ചു. പുതിയ ഒരു ക്യാമറ വാങ്ങാന്‍ പോകുന്ന എന്റെ സഹമുറിയനു പിക്സെല്‍ , സെന്‍സര്‍ തുടങ്ങിയവയില്‍ ഒരു വിശദമായ ക്ലാസുതന്നെ കൊടുത്തു.. എല്ലാം ഇവിടുന്നുള്ള അറിവാണേ..വിവിധ ക്യാമറകളുടെ സ്പെസിഫിക്കേഷനെടുത്ത് വെച്ച് ഇതെല്ലാം താരതമ്യം ചെയ്തു നോക്കുകയും ചെയ്തു.
ചില ക്യാമറകളില്‍ കാണുന്ന ഇമേജ് സ്റ്റബിലൈസേഷന്‍ എന്ന ഫീച്ചര്‍ സാധിക്കുന്നത് ലെന്‍സുകളിലുള്ള എന്തെങ്കിലും സംവിധാനം വഴിയാണോ അതോ സെന്‍സറുകള്‍ക്ക് അതിലെന്തെങ്കിലും പങ്കുണ്ടോ ?
കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു..
ഓടോ : ഇന്ന് സെന്‍സറിനെപ്പറ്റി നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ യാഹൂ ആന്‍സേര്‍സില്‍ ആരോ ഒരാള്‍ ചോദിച്ചുകണ്ട ഒരു ചോദ്യം ഇതായിരുന്നു :
"My digital camera has an image sensor of 1/8.8" CCD what does this mean?" -
കണ്ടപ്പോള്‍ അറിയാതെ എന്നില്‍ ഒരു പുഞ്ചിരി വിടര്‍ന്നു… എനിക്ക് അറിയാമല്ലോ ഇതിനുള്ള ഉത്തരം എന്നതുകൊണ്ട്...... നന്ദി മാസ്റ്റര്‍ അപ്പൂസ്..
അപ്പുവേട്ടാ.
പതിവു പോലെ, നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍,
അങ്ങനെ ക്യാമറയുടെ സെന്‍സറ് മനസിലാക്കാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉണ്ടായി, thanks appu
അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു, സന്തോഷം നന്ദി
in some reviews we can see 'lens 35mm equivalence'..... why so? what it means? (eqv)
Dhanesh, please read the chapter 'Optical Zoom Digital zoom" in which there is a section describing what is "equivalent zoom".
Post a Comment