ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Wednesday, March 19, 2008

പാഠം 10 : ISO സെറ്റിംഗുകളും നോയിസും

Noise എന്ന വാക്ക്‌ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അത്ര പരിചയമുണ്ടാവാനിടയില്ലെങ്കിലും, ISO സെറ്റിംഗ്‌ എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, പേരു കേട്ടിട്ടില്ലെങ്കിലും ധാരാളം കണ്ടിട്ടുണ്ടാവാനിടയുള്ള ഒന്നാണ്‌ ഈ നോയിസ്‌. വെളിച്ചം തീരെ കുറവുള്ള അവസരങ്ങളിലും, രാത്രിയില്‍ ഫ്ലാഷില്ലാതെ എടുത്ത ചിത്രങ്ങളിലും മറ്റും ചുവപ്പും നീലയും പച്ചയും നിറമുള്ള വളരെ ചെറിയ കള്ളികള്‍ പ്രത്യക്ഷപ്പെടുന്നതുകണ്ടിട്ടില്ലേ? ആകെയൊരു മൊരിച്ചില്‍ പോലെ. താഴെക്കൊടുത്തിരിക്കുന്ന ചിത്രം വലുതാക്കിക്കണ്ടാല്‍ നോയിസ്‌ വ്യക്തമായിക്കാണാവുന്നതാണ്‌.














മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ചിത്രങ്ങളിലും, പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളുടെ ചിത്രങ്ങളിലും ഇത്‌ കൂടുതലായി കാണാം, പ്രത്യേകിച്ച്‌ ISO 400 നു മുകളില്‍ എടുത്ത ചിത്രങ്ങളില്‍ നോയിസ്‌ ശല്യം കൂടുതലാണ്‌. ഡിജിറ്റല്‍ SLR ക്യാമറകളില്‍ ഇവ കുറവാണ് എന്നുതന്നെപറയാം, വളരെ ഉയര്‍ന്ന (ISO 1600 നും മുകളില്‍) സെറ്റിംഗുകളില്‍ കുറെയൊക്കെ കാണാമെങ്കിലും. ഇങ്ങനെ ഡിജിറ്റല്‍ ചിത്രങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യ വര്‍ണ്ണബിന്ദുക്കളെയാണ്‌ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ നോയിസ്‌ (noise) എന്നു പറയുന്നത്‌. ഇത്രയും പറഞ്ഞതില്‍ നിന്ന് ചിലരെങ്കിലും ഒരുകാര്യം ഊഹിച്ചുകാണും, ISO സെറ്റിംഗുകളും നോയിസും തമ്മില്‍ എന്തോ ബന്ധമുണ്ട്‌ എന്ന വസ്തുത.















അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനു മുമ്പ്‌ ഫോട്ടോഗ്രാഫിക്‌ ഫിലിമിന്റെ ISO നമ്പര്‍ എന്നാല്‍ എന്താണ്‌ എന്നറിഞ്ഞിരിക്കണം. ഫോട്ടോഗ്രാഫിക്‌ ഫിലിം എന്നാല്‍ പ്രകാശം അതില്‍ പതിക്കുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു വസ്തു ലേപനം ചെയ്ത സുതാര്യമായ ഒരു പ്ലാസ്റ്റിക്‌ ഫിലിം ആണെന്നറിയാമല്ലോ. സില്‍വര്‍, ജെലാറ്റിന്‍, നൈട്രിക്‌ ആസിഡ്‌ എന്നീ രാസവസ്തുക്കള്‍ സെല്ലുലോസ്‌ അനുയോജ്യമായ ഒരു ലായക (solvent) ത്തില്‍ ചേര്‍ത്തുണ്ടാക്കിയ ഡോപ്പ്‌ (dope) എന്ന ലായനിയില്‍ ലയിപ്പിച്ചാണ്‌ ഫിലിമില്‍ ലേപനം ചെയ്തിരിക്കുന്നത്‌. (കൂടുതല്‍ വായനയ്ക്ക് താല്പര്യമുള്ളവര്‍ ഇവിടെ നോക്കുക) ഈ രാസവസ്തുക്കളുടെ പ്രവര്‍ത്തനവേഗത ഫിലിമില്‍ വീഴുന്ന ലൈറ്റിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ഈ പ്രതിപ്രവര്‍ത്തന വേഗത അല്ലെങ്കില്‍ ഫിലിമിന്റെ പ്രകാശ സംവേദനക്ഷമത (light sensitivity) യാണ്‌ ISO നമ്പറില്‍ക്കൂടി പറയുന്നത്‌.


ഇതൊരു സാര്‍വ്വത്രിക (standardized or universal) നമ്പറായിരിക്കും. അതായത്‌, കൊഡാക്‌ കമ്പനിയുണ്ടാക്കുന്ന ISO 100 ഫിലിമും, ഫ്യുജിയുണ്ടാക്കുന്ന ISO 100 ഫിലിമും, കോണിക്ക കമ്പനിയുണ്ടാക്കുന്ന ISO 100 ഫിലിമും ഒരേവേഗതയില്‍‍, ഒരേയളവില്‍ ലൈറ്റുമായി പ്രതിപ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നു സാരം. ടെക്നോളജിയില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ISO സ്പീഡ്‌ ഒന്നുപോലെയായെങ്കിലേ ഏതു ക്യാമറകളിലും ഒരു പോലെയുള്ള സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കാനാവൂ. ഇതുപോലെ ഫിലിമുകള്‍ മറ്റു ISO സ്പീഡുകളിലും ലഭ്യമാണ്‌ ISO 50, 200, 400, 800 എന്നിങ്ങനെ. വലിയ അക്കങ്ങള്‍ കൂടുതല്‍ വേഗതയില്‍, (അഥവാ കുറഞ്ഞ പ്രകാശത്തില്‍)ിലിം പ്രകാശവുമായി പ്രവര്‍ത്തിക്കും എന്നു സൂചിപ്പിക്കുന്നു.


ഇനി ഒരു സാങ്കല്‍പ്പിക ഉദാഹരണം പരിശോധിക്കാം. സന്ധ്യാസമയം. ഒരു വീടിന്റെ വരാന്തയില്‍ ഒരു നിലവിളക്ക്‌ കത്തിച്ചു വച്ചിരിക്കുന്ന ചിത്രം ഒരു മാനുവല്‍ ഫിലിം ക്യാമറയില്‍ എടുക്കുന്നു എന്നു സങ്കല്‍പ്പിക്കുക. അപ്പര്‍ചര്‍ f/2.2 എന്ന സെറ്റിംഗില്‍ തുറന്നു വച്ചു. ISO 100 എന്ന സെന്‍സിറ്റിവിറ്റിയുള്ള ഫിലിം ആണ്‌ ക്യാമറയിലുള്ളത്‌. ഈ ഫിലിമില്‍ ഈ രംഗം പകര്‍ത്താന്‍ അഞ്ചു സെക്കന്റ്‌ ക്യാമറയുടെ ഷട്ടര്‍ തുറന്നു വയ്ക്കണം എന്നിരിക്കട്ടെ. അതിനുപകരം, ISO 200 ഉപയോഗിച്ചാല്‍ അതേ രംഗം അതേപടി 2.5 സെക്കന്റില്‍ പകര്‍ത്താം. അതേസ്ഥാനത്ത്‌ ISO 400 ഫിലിം ഉപയോഗിച്ചാല്‍ ഒരു സെക്കന്റ്‌ മാത്രം ഷട്ടര്‍ തുറന്നാല്‍ മതി (ഇതൊക്കെയും ഉദാഹരണങ്ങള്‍ മാത്രമാണ്‌ യഥാര്‍ത്ഥ നമ്പറുകളല്ല). ഇതില്‍നിന്നും മനസ്സിലാക്കാവുന്ന കാര്യം, ISO നമ്പര്‍ കൂടുംതോറും ഫിലിമിന്‌ പ്രകാശത്തോടുള്ള സംവേദനക്ഷമത കൂടുന്നു, അതിനാല്‍ ക്യാമറയുടെ ഷട്ടര്‍ കുറച്ചുസമയത്തേക്‌ മാത്രം തുറന്നാല്‍ മതി എന്നതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കുറഞ്ഞ പ്രകാശത്തിലുള്ള രംഗങ്ങളെ കൂടുതല്‍ വ്യക്തമായി ഫിലിമിലാക്കാന്‍ കൂടിയ ISO നമ്പറുള്ള ഫിലിം ഉപയോഗിച്ചാല്‍ മതി എന്നു ചുരുക്കം. മാത്രവുമല്ല, കൂടിയ ഷട്ടര്‍ സ്പീഡുകള്‍, ചെറിയ അപ്പര്‍ചര്‍ സെറ്റിംഗുകള്‍ തുടങ്ങിയവയുടെ മെച്ചങ്ങളും (ഇതെന്തൊക്കെയാണെന്ന് പുറകാലെയുള്ള പോസ്റ്റുകളില്‍ പറയാം) ഇങ്ങനെ ISO മാറ്റുന്നതു വഴി ലഭിക്കും.


ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഡിജിറ്റല്‍ ക്യാമറയില്‍ എങ്ങനെ പ്രായോഗികമാക്കാം എന്ന് അടുത്തതായി നോക്കാം. ഫിലിം ക്യാമറയിലെ ഫിലിം ചെയ്യുന്ന കാര്യങ്ങള്‍ ഡിജിറ്റല്‍ ക്യാമറയില്‍ ഒരു സെന്‍സറാണ്‌ ചെയ്യുന്നത്‌ എന്ന് മുന്‍ പോസ്റ്റുകളില്‍ കണ്ടുവല്ലോ. ഫിലിമിനെപ്പോലെതന്നെ പ്രകാശസംവേദനക്ഷമതയുള്ള ഒരു പ്രതലമാണ്‌ സെന്‍സര്‍. ഫിലിമില്‍ ഓരോ ഫ്രെയിമിനും ഫിലിമിന്റെ ഒരു ഭാഗം (നെഗറ്റീവുകള്‍) വേണ്ടിവരുമ്പോള്‍, സെന്‍സറില്‍ വീഴുന്ന ചിത്രത്തെ ക്യാമറയുടെ മെമ്മറിയിലേക്ക്‌ മാറ്റിയിട്ട്‌ വീണ്ടും വീണ്ടും ഉപയോഗിക്കാം (അതുകൊണ്ടാണല്ലോ ഡിജിറ്റല്‍ ക്യാമറയില്‍ നമുക്ക്‌ പിശുക്കൊന്നും കൂടാതെ ഇഷ്ടംപോലെ ചിത്രങ്ങള്‍ എടുത്തിട്ട്‌ വേണ്ടാത്തത്‌ ഡിലീറ്റ്‌ ചെയ്യാനൊക്കുന്നത്‌. ഫിലിമിലാണെങ്കില്‍ അതു പറ്റുമോ!)


പ്രകാശം കുറവുള്ള അവസരത്തില്‍ കൂടുതല്‍ ISO നമ്പറുള്ള ഫിലിം ഉപയോഗിച്ചതുപോലെ ഇവിടെ സെന്‍സര്‍ കൂടെക്കൂടെ മാറ്റിവയ്ക്കാന്‍ സാധിക്കുമോ? ഇല്ല. പിന്നെന്തുചെയ്യും? നിലവിലുള്ള സെന്‍സറില്‍ നിന്നു വരുന്ന സിഗ്നലുകളെ ഒന്നു ശക്തീകരിച്ചാലോ (amplify)? ഐഡിയ കൊള്ളാം, അല്ലേ?. അതുകൊണ്ടാണ്‌ ഡിജിറ്റല്‍ ക്യാമറയിലെ ISO സെറ്റിംഗുകളെ പല ക്യാമറനിര്‍മാതാക്കളും sensitivity എന്നു നാമകരണം ചെയ്യുന്നത്‌. ISO നമ്പറുകള്‍ കൂട്ടുമ്പോള്‍ ഫിലിമില്‍ കിട്ടുന്ന പ്രയോജനം കിട്ടാന്‍ ഇവിടെ സെന്‍സറിന്റെ സെന്‍സിറ്റിവിറ്റി കൂട്ടുകയാണു ചെയ്യുന്നത്‌. ഒരല്‍പ്പം തെറ്റിദ്ധാരണയ്ക്കു വിഷയമായേക്കാവുന്ന ഒരു പ്രയോഗമാണ്‌ ഇവിടെ സെന്‍സിറ്റിവിറ്റി അഥവാ സംവേദനക്ഷമത കൂട്ടുക എന്നു പറയുന്നത്‌.


ഓരോ സെന്‍സറിനും അതിനു സ്വതവേയുള്ള ഒരു സെന്‍സിറ്റിവിറ്റിയുണ്ട്‌. ഇതിനെ native sensitivity അഥവാ സഹജസംവേദനക്ഷമത എന്നു വിളിക്കാം. ഈ സഹജസംവേദനക്ഷമത കൂട്ടുകയല്ല ISO സെറ്റിംഗ്‌ കൂട്ടുമ്പോള്‍ നാം ചെയ്യുന്നത്‌. പകരം, സെന്‍സര്‍ അതിന്റെ native sensitivity യില്‍ ഉണ്ടാക്കിയെടുത്ത സിഗ്നലുകളെ ഡിജിറ്റല്‍ ഡേറ്റയാക്കിമാറ്റുന്നതിനു മുന്‍പ്‌ ഒരു ആംപ്ലിഫയര്‍ ഉപയോഗിച്ച്‌ അല്‍പ്പം ശക്തീകരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ശ്രദ്ധിക്കുക, സെന്‍സര്‍ ഉണ്ടാക്കിയ സിഗ്നലുകളെ ആവര്‍ദ്ധിതമാക്കുകയേ ഇവിടെ ചെയ്യുന്നുള്ളൂ, അല്ലാതെ സെന്‍സര്‍ സിഗ്നലുകളുടെ ഗുണം (quality) വര്‍ദ്ധിപ്പിക്കുന്നില്ല. എങ്ങനെയാണ്‌ ഒരു ഡിജിറ്റല്‍ സെന്‍സറില്‍ നിന്നു വരുന്ന സിഗ്നലുകളെ ആംപ്ലിഫൈ ചെയ്യുന്നത്‌? ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? നോക്കാം.


ആംപ്ലിഫയര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ കടന്നുവരുന്ന ഒരു ചിത്രമുണ്ട്‌. സൗണ്ട്‌ സിസ്റ്റം (നാട്ടിലെ മൈക്ക്‌ സെറ്റ്‌!) ഓപ്പറേറ്റര്‍മാരുടെ കൈയ്യിലുള്ള കറുത്തപെട്ടി. ഒരു മൈക്രൊഫോണില്‍ക്കൂടി ഒരാള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന ചെറിയ വൈദ്യുത തരംഗത്തെ ഈ ആംപ്ലിഫയര്‍ ശക്തീകരിച്ച്‌ വിടുമ്പോഴാണ്‌ ഒരു സ്പീക്കറില്‍ക്കൂടി നമുക്ക്‌ കേള്‍ക്കാന്‍ സാധിക്കുന്നത്‌. ഇതുപോലെയുള്ള സൗണ്ട്‌ സിഗ്നല്‍ ആംപ്ലിഫയറുകള്‍ റേഡിയോവിലും, ടേപ്പ്‌ റിക്കോര്‍ഡറുകളിലും ഒക്കെയുണ്ട്‌. അനലോഗ്‌ സിഗ്നലുകളെയാണ്‌ ആംപ്ലിഫയറുകള്‍ ആവര്‍ദ്ധിതമാക്കുന്നത്‌. ഇങ്ങനെ അനലോഗ്‌ സിഗ്നലുകളെ കൂടുതല്‍ കൂടുതല്‍ ആംപ്ലിഫൈ ചെയ്യുന്തോറും വേറൊരു പ്രശ്നം ഉടലെടുക്കുന്നു. നോയിസ്‌ (noise) എന്നൊരു പ്രശ്നം അതോടൊപ്പം ഉടലെടുക്കുന്നു! ശബ്ദം എന്ന അര്‍ത്ഥത്തിലല്ല ഇവിടെ നോയിസ്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌; നമുക്ക്‌ ആവശ്യമില്ലാത്ത സിഗ്നല്‍ എന്നാണ്‌ നോയിസിന്റെ അര്‍ത്ഥം. എന്താണു നോയിസ്‌ ?


നോയിസ്‌:

എല്ലാ ഇലക്ട്രിക്‌ സര്‍ക്യൂട്ടുകളുടേയും സ്വതസിദ്ധമായ ഒരു പ്രത്യേകതയാണ്‌ അടിസ്ഥാനനോയിസ്‌ (base noise) എന്നത്‌. Base noise ഇല്ലാത്ത ഒരു ഇലക്ട്രിക് സര്‍ക്യൂട്ടറി ഉണ്ടാക്കിയെടുക്കുക അസാദ്ധ്യം തന്നെ. അപ്പോള്‍, base noise ഏറ്റവും കുറച്ചുണ്ടാകക്കുന്ന സര്‍ക്യൂട്ട് ഉണ്ടാക്കുക എന്നതേ ചെയ്യാനാവൂ. ഒരു ടേപ്പ്‌ റിക്കോര്‍ഡറില്‍ blank tape പ്രവര്‍ത്തിപ്പിക്കുന്നു എന്നിരിക്കട്ടെ. ആ ടേപ്പില്‍ സ്വതവേതന്നെ ഒരു ചെറിയ മൂളല്‍ (hissing) ഉണ്ട്‌. വോളിയം കൂട്ടിയാല്‍ ഇത്‌ കേള്‍ക്കാവുന്നതാണ്‌. ഇതാണ്‌ ബേസ്‌ നോയിസ്‌. അ ടേപ്പില്‍ ഒരു പാട്ടു റിക്കോര്‍ഡ്‌ ചെയ്തു എന്നു വയ്ക്കുക. ആദ്യമുണ്ടാ ബേസ്‌ നോയിസ്‌ അവിടെത്തന്നെയുണ്ട്‌. പക്ഷേ അതിനേക്കാള്‍ ശക്തിയേറിയ ഒരു സിഗ്നനിലാണ്‌ നാം പാട്ട്‌ റിക്കോര്‍ഡ്‌ ചെയൂന്നത്‌. അതിനാല്‍ സാധാരണ വോളിയത്തില്‍ കേള്‍ക്കുമ്പോള്‍ നാം പാട്ടുമാത്രമേ കേള്‍ക്കുന്നുള്ളൂ, അല്ലെങ്കില്‍ ബേസ്‌ നോയിസ്‌ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇനി ഫുള്‍ വോളിയത്തില്‍ ഈ ടേപ്പ്‌ പാടിച്ചാലോ. നോയിസും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഒരു പരിധികഴിഞ്ഞാല്‍ നല്ല സിഗ്നലുകള്‍ തന്നെ (പാട്ട്‌) പതറുന്നു.

ഇവിടെ വോളിയം കൂട്ടുമ്പോള്‍ നാംചെയ്യുന്നത്‌ ടേപ്പ്‌ റിക്കോര്‍ഡറിലെ ശബ്ദ സിഗ്നലുകളെ വീണ്ടും വീണ്ടും ആംപ്ലീഫൈ ചെയ്യുകയാണ്‌. ഇതുകൂടാതെ പുറമേനിന്നും നോയിസുകള്‍ ശബ്ദസിഗ്നലുകളില്‍ കടന്നുകൂടാം. ഉദാഹരണം, റേഡിയോ കേള്‍ക്കുന്നവര്‍ക്കറിയാം, ചിലപ്പോഴൊക്കെ സിഗ്നല്‍ ദുര്‍ബലമാകുന്ന അവസരങ്ങളില്‍ പൊട്ടലും ചീറ്റലുമൊക്കെ റേഡിയോയില്‍ നിന്നും വരുന്നത്‌. നമ്മള്‍ ഒരു ഇഷ്ടഗാനം കേട്ടുകൊണ്ടിരുന്നപ്പോഴാണ്‌ ഇങ്ങനെ സിഗ്നല്‍ ദുര്‍ബലമായതെന്നു കരുതുക. അപ്പോള്‍ വോളിയം കൂട്ടിയാല്‍ എന്താവും സ്ഥിതി? പാട്ടിനോടൊപ്പം പൊട്ടലും ചീറ്റലും ആംപ്ലിഫൈ ചെയ്യപ്പെടുന്നു. അതായത്‌ ആംപ്ലിഫയര്‍ നമുക്കു വേണ്ട സിഗ്നലുകളേയും വേണ്ടാത്ത സിഗ്നലുകളേയും ഒരേപോലെ, ഒരേയളവിലാണ്‌ ആംപ്ലിഫൈ ചെയ്യുക.


ഇനി ഡിജിറ്റല്‍ സെന്‍സറിലേക്ക്‌ തിരിച്ചു വരാം. ഡിജിറ്റല്‍ ചിത്രങ്ങളോരോന്നും, ക്യാമറയുടെ സെന്‍സറില്‍ നിന്നു വരുന്ന വൈദ്യുത സിഗ്നലുകളില്‍നിന്നും രൂപപ്പെടുത്തുന്നതാണെന്ന് ഇതിനുമുമ്പുള്ള പോസ്റ്റുകളില്‍നിന്നും മനസ്സിലായല്ലോ? ഈ വൈദ്യുത സിഗ്നലുകളില്‍, നമുക്കാവശ്യമില്ലാത്ത സിഗ്നലുകളാണ്‌ നോയിസ്‌. നോയിസ്‌ കൂടുതലായാല്‍ ചിത്രങ്ങള്‍ കാഴ്ചയ്ക്ക്‌ അരോചകമായിത്തോന്നും. താഴെക്കൊടുത്തിരിക്കുന്ന CCD sensor ചിത്രം നോക്കൂ.












സെന്‍സറിലെ പിക്സലുകളോരോന്നും നിരനിരയായി അടുക്കിയിരിക്കുകയാണെന്നും, പിക്സലുകളോരോന്നും ഒരോ ഇലക്ട്രോണ്‍ നിര്‍മാണ കേന്ദ്രമാണെന്നും നാം മുന്‍പോസ്റ്റുകളിനിന്ന് മനസ്സിലാക്കി. ഈ പിക്സലുകളുടെ നിരയും ഒരു ചെറിയ ഇലക്ട്രിക്‌ സര്‍ക്യൂട്ട്‌ തന്നെയാണ്‌. നാം ഒരു ചിത്രം എടുക്കുമ്പോള്‍, ഒരു നിശ്ചിത അളവില്‍ പ്രകാശം സെന്‍സറിലെ പിക്സലുകളിലേക്ക്‌ പതിക്കുകയും, അതിന്‌ ആനുപാതികമായ രീതിയില്‍ ഒരു അനലോഗ്‌ വൈദ്യുത സിഗ്നല്‍ രൂപപ്പെടുകയും ചെയ്യുന്നു. ((ഇവിടെ വൈദ്യുത സിഗ്നലുകള്‍ ശബ്ദമായല്ല, ഡിജിറ്റല്‍ ചിത്രമായാണ് മാറുന്നത് എന്ന കാര്യം ഓര്‍ക്കുക). ഓരോ പിക്സലുകളിലും ഉണ്ടാക്കപ്പെടുന്ന വൈദ്യുത തരംഗങ്ങള്‍ (സിഗ്നലുകള്‍) സെന്‍സറിന്റെ ഒരറ്റത്തു ഘടിപ്പിച്ചിരിക്കുന്ന ഒരു ആംപ്ലിഫയറില്‍ക്കൂടെ കടന്നുപോകുന്നു. ഈ അനലോഗ്‌ സിഗ്നലിനെ ഒരു ആംപ്ലിഫയര്‍ ക്യാമറയുടെ ISO സെറ്റിംഗിന്‌ അനുസരിച്ച്‌ കൂടുതല്‍ മടങ്ങ്‌ ശക്തിയുള്ളതാക്കി മാറ്റുന്നു. അതിനുശേഷം ഒരു അനലോഗ്‌ - ഡിജിറ്റല്‍ കണ്‍വേര്‍ട്ടറാണ്‌ ഈ സിഗ്നലുകളെ ഡിജിറ്റല്‍ രൂപരേഖയാക്കിമാറ്റുന്നത്‌.


ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌ ആംപ്ലിഫയര്‍ അതില്‍ക്കൂടി കടന്നുപോകുന്ന വൈദ്യുതിതരംഗങ്ങളിലേക്ക്‌ സ്വന്തമായി ഒന്നും ചേര്‍ക്കുന്നില്ല എന്നതാണ്‌. അകത്തേക്ക്‌ വരുന്ന സിഗ്നലുകളെ അതേപടി അത്‌ ശക്തമാക്കുന്നു എന്നുമാത്രം. സെന്‍സറിലെ സര്‍ക്യൂട്ടറി എന്നു പറയുന്നത്‌ നിരനിരയായിരിക്കുന്ന പിക്സലുകള്‍തന്നെയാണ്‌. അവയിലൂടെയാണ്‌ ഈ വൈദ്യുത ചാര്‍ജ്ജ്‌ ആംപ്ലിഫയര്‍ വരെയെത്തുന്നത്‌. നേരത്തെ പറഞ്ഞതുപോലെ ഈ സര്‍ക്യൂട്ടറിയിലും അതിന്റെ സ്വതസിദ്ധമായ ഒരു ബേസ്‌ നോയിസ്‌ ഉണ്ട്‌. ഒരു ക്യാമറയുടെ ISO setting നാം മാറ്റുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌ ഈ ആംപ്ലിഫയറിന്റെ Gain അഥവാ സിഗ്നലിനെ ശക്തിയാക്കുന്നതിനുള്ള കഴിവ്‌ വര്‍ദ്ധിപ്പിക്കുകയാണ്‌. അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന ISO സെറ്റിംഗുകളില്‍, സെന്‍സറില്‍ വീണ സിഗ്നലുകള്‍ മാത്രമല്ല, അതില്‍ വേണ്ടാത്ത സിഗ്നലുകളും (ഇവിടെ base noise) ആവര്‍ദ്ധിതമാക്കപ്പെടുന്നു, പൊട്ടലും ചീറ്റലുമുള്ള റേഡിയോ പാട്ടുപോലെ.


താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്‌ ലളിതമായി ചിത്രീകരിച്ചിട്ടുണ്ട്‌. ഒരു ഡിജിറ്റല്‍ സെന്‍സറിന്റെ സഹജസംവേദനക്ഷമത (native sensitivity) ISO 100 നു തുല്യമാണെന്നിരിക്കട്ടെ. പച്ച നിറത്തിലുള്ള വൃത്തം സിഗ്നലിനേയും പിങ്കു നിറത്തിലുള്ള വൃത്തം Base noise നെയും പ്രതിനിധീകരിക്കുന്നു.













ISO സെന്റിംഗുകള്‍ കൂട്ടുമ്പോള്‍ സംഭവിക്കുന്നതെന്താണെന്നു നോക്കൂ - സിഗ്നലിനോടൊപ്പം നോയിസും വര്‍ദ്ധിതമാക്കപ്പെടുന്നു. അതുകൊണ്ടാണ്‌ ഉയര്‍ന്ന ISO സെറ്റിംഗുകളില്‍ എടുത്ത ചിത്രങ്ങളില്‍ നോയിസ്‌ കാണപ്പെടുന്നത്‌.


പോയിന്റ്‌ ആന്റ്‌ ഷൂട്ട്‌ ക്യാമറകളില്‍ ISO 400 നു മുകളിലും, entyr level SLR ക്യാമറകളില്‍ ISO 1600 നു മുകളിലും നോയിസ്‌ കാണപ്പെടുന്നു. പ്രൊഫഷനല്‍ SLR ക്യാമറകളില്‍ വളരെക്കൂടിയ ISO സെറ്റിംഗുകളില്‍പോലും നോയിസ്‌ കാണപ്പെടാറില്ല. ഇതിനു തത്തുല്യമായ ഒരു പ്രതിഭാസം ഫിലിം ക്യാമറകളിലും ഉണ്ട്‌, ഉയര്‍ന്ന ISO ഫിലിമുകളില്‍ - അതിനെ ഗ്രെയിന്‍സ്‌ എന്നാണു വിളിക്കുന്നത്‌. ഇതു കൂടാതെ മറ്റൊരുവിധത്തിലുള്ള നോയിസും ഡിജിറ്റല്‍ ക്യാമറകളില്‍ കണ്ടുവരുന്നുണ്ട്‌. രണ്ടു സെക്കന്റിലും കൂടുതല്‍ നീളമുള്ള എക്സ്‌പോഷറുകളില്‍ ചില പിക്സലുകള്‍ സ്വയം ചൂടാവുകയും അത്‌ ഒരു ചുവന്ന മാര്‍ക്കായി ഫോട്ടോയില്‍ കാണപ്പെടുകയും ചെയ്യും. (വെയിലില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന അടച്ചിട്ട കാറുകളിലും മറ്റും ചൂടു വളരെ കൂടുമല്ലോ. അവയില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ ക്യാമറകളില്‍ നോയിസ് കൂടുതലായികാണപ്പെടുന്നു എന്ന് ഒരു ഫോറത്തില്‍ വായിച്ചിരുന്നു. എത്രത്തോളം ഇതു ശരിയാണെന്നറീയില്ല. എങ്കിലും പിക്സലുകള്‍ ചൂടായി ഉണ്ടാകുന്ന നോയിസില്‍ ഇവപെടുത്താം എന്നു തോന്നുന്നു.)

"മെഗാപിക്സല്‍" കൂടുംതോറും നോയിസും കൂടുന്നു എന്തുകൊണ്ട്‌?

പിക്സലുകളോടൊപ്പമുള്ള മെഗാ നമ്പര്‍ കൂടും തോറും കുറഞ്ഞവെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങളില്‍ നോയിസും കൂടുതലായി കാണപ്പെടുന്നു - പ്രത്യേകിച്ചു മൊബൈല്‍ ഫോണുകളീലെ ക്യാമറകളിലും Point & shoot ക്യാമറകളിലും ഇതു കൂടുതലാണ്‌. എന്തുകൊണ്ടാണ്‌ എന്നു പറയാമോ? സെന്‍സര്‍ സൈസ്‌ തന്നെയാണ്‌ ഇവിടെ വില്ലന്‍. പിക്സലുകളുടെ എണ്ണമല്ല, സെന്‍സറിന്റെയും പിക്സലിന്റെയും വലിപ്പത്തിലാണ്‌ ഡിജിറ്റല്‍ ചിത്രങ്ങളുടെ ഗുണം തീരുമാനിക്കപ്പെടുന്നത് എന്ന് പലയാവര്‍ത്തി ഇവിടെ പറഞ്ഞുകഴിഞ്ഞു. വീണ്ടും അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്‌ നോയിസും.


നമുക്കു ഏറ്റവും പരിചയമുള്ള രണ്ടു സെന്‍സര്‍ സൈസുകള്‍ ഒന്നുകൂടിനോക്കാം. Point & shoot ക്യാമറകളില്‍ സാധാരണമായ 1/2.5" സെന്‍സറും, ഡിജിറ്റല്‍ SLR കളിലെ 1.8" സെന്‍സറും ആണ്‌ ഈ ഉദാഹരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.















രണ്ടിലേയും പിക്സല്‍ കൗണ്ട്‌ 10 മെഗാപിക്സല്‍ ആണെന്നിരിക്കട്ടെ. ചിത്രത്തില്‍ ഇടതു വശത്തുകാണുന്ന 1/2.5" സെന്‍സറില്‍ 24.7 square mm ഏരിയയില്‍ 2x2 മൈക്രാണ്‍സ്‌ മാത്രം വലിപ്പമുള്ള പത്തുലക്ഷം പിക്സലുകളെ ചേര്‍ത്തടുക്കി വച്ചിരിക്കുന്നു. വലതു വശത്തുകാണുന്ന 1.8" സെന്‍സറിലെ കുറേക്കൂടി "വിശാലമായ" 372 square mm ഏരിയയില്‍ 6x6 മൈക്രോണ്‍സ്‌ വലിപ്പത്തിലുള്ള, കുറേക്കൂടി വലിയ പിക്സലുകള്‍ നിരത്തിവച്ചിരിക്കുന്നു.


ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക 2x2 പിക്സലിന്റെ വിസ്തീര്‍ണ്ണം 4 square microns ഉം 6x6 പിക്സലിന്റെ വിസ്തീര്‍ണ്ണം 36 square microns ഉം ആണ്‌. സ്വാഭാവികമായും വലിപ്പമുള്ള ഒരു സെന്‍സറും അതിലെ വലിപ്പമുള്ള പിക്സലുകളും കൂടുതല്‍ മെച്ചമായ റിസല്‍ട്ട്‌ നല്‍കും. ഇതിനു കാരണം രണ്ടാണ്‌. (1) വലിയ സെന്‍സറില്‍ പിക്സലുകളുടെ വലിപ്പം കൂടുതലായതിനാല്‍ ഫോട്ടോ സൈറ്റുകളുടെ വലിപ്പവും അവ തമ്മിലുള്ള അകലവും കൂടുതലാണ്‌. അതിനാല്‍ സര്‍ക്യൂട്ട്‌ ലെവലില്‍ ഉള്ള നോയിസ്‌, ഫോട്ടൊസൈറ്റിന്റെ വലിപ്പത്തെ അപേക്ഷിച്ച്‌ കുറവായിരിക്കും(2) ഫോട്ടോസൈറ്റുകളുടെ വലിപ്പം കൂടുതലായതിനാല്‍ അവയുടെ പ്രകാശസ്വീകരണശേഷി (light gathering capacity) കൂടുതലാണ്‌. അതിനാല്‍ അവയുണ്ടാക്കുന്ന സിഗ്നലുകള്‍ സ്വാഭാവികമായി വലിപ്പമുള്ളവയായിരിക്കും.


ഒരു ഉദാഹരണം നോക്കാം. ഒരു ചെറിയ പോക്കറ്റ്‌ സൈസ്‌ ഡിജിറ്റല്‍ ക്യാമറയുടെ സര്‍ക്യൂട്ട്‌ ലെവല്‍ നോയിസ്‌ 0.1 വോള്‍ട്ട്‌ ആണെന്നിരിക്കട്ടെ. ഈ സര്‍ക്യൂട്ട്‌ എക്സ്‌പോഷര്‍ സമയത്ത്‌ 1 വോള്‍ട്ട്‌ ശേഷിയിലുള്ള സിഗ്നല്‍ ഉണ്ടാക്കുന്നു എന്നും വയ്ക്കുക. അപ്പോള്‍ സിഗ്നലും നോയിസും തമ്മിലുള്ള അനുപാതം എത്ര? 10:1 അല്ലേ. ഇതേ സ്ഥാനത്ത്‌ ഒരു ഡിജിറ്റല്‍ SLR ന്റെ കാര്യം എടുക്കാം. പിക്സല്‍ സൈസ്‌ കൂടുതലായതിനാല്‍ സര്‍ക്യൂട്ട്‌ ലെവല്‍ നോയിസ്‌ 0.05 വോള്‍ട്ട്‌ ആണെന്നു വയ്ക്കുക. വലിയ ഫോട്ടോസൈറ്റുകള്‍ ആയതിനാല്‍ ഈ സര്‍ക്യൂട്ട്‌ ഉണ്ടാക്കുന്ന സിഗ്നല്‍ 2 വോള്‍ട്ട്‌ എന്നും കരുതുക. സിഗ്നല്‍, നോയിസ്‌ അനുപാതം ഇവിടെ 40:1 ആണെന്നു കാണാം. അതിനാല്‍ത്തന്നെ ഈ SLR ചിത്രം കൂടുതല്‍ noise free ആയിരിക്കും. (ഈ ഉദാഹരണത്തില്‍ പറഞ്ഞിരിക്കുന്ന നമ്പറുകള്‍ ഉദാഹരണങ്ങള്‍ മാത്രമാണ്‌).

ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കാനായി രണ്ടു ഫോട്ടോകള്‍ താഴെകൊടുക്കുന്നു. ശ്രിലാല്‍ അയച്ചുതന്ന ചിത്രങ്ങളാണിവ (നന്ദി ശ്രീലാല്‍). ആദ്യത്തെ ചിത്രം ഒരു 8 മെഗാപിക്സല്‍ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലും, രണ്ടാമത്തേത് ഒരു 10 മെഗാപിക്സല്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ ക്യാമറയിലും എടുത്തതാണ്. രണ്ടും ISO 800 സെറ്റിംഗില്‍ എടുത്തിരിക്കുന്നു. ആദ്യത്തെ ചിത്രത്തില്‍ നോയിസിന്റെ ആധിക്യം ശ്രദ്ധിക്കുക. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

















നോയിസ്‌ കുറയ്ക്കാന്‍ എന്തുചെയ്യണം?

കുറഞ്ഞവെളിച്ചത്തില്‍ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ്‌, ക്യാമറകള്‍ ഓട്ടോമാറ്റിക്കായി കൂടിയ ISO സെറ്റിംഗുകള്‍ തെരഞ്ഞെടുക്കുന്നത്‌. ലഭിക്കുന്ന ചിത്രത്തില്‍ നോയിസ്‌ വളരെ കൂടുതലായി കാണപ്പെടുന്നുവെങ്കില്‍, ISO മാനുവലായി കുറയ്ക്കുവാന്‍ ശ്രമിക്കാവുന്നതാണ്‌. അപ്പോള്‍ ആനുപാതികമായി ഷട്ടര്‍ സ്പീഡ്‌ കുറഞ്ഞുവരും. അപ്പോള്‍ ചിത്രം ഷേക്കാവാതിരിക്കാനായി ട്രൈപ്പോഡോ മറ്റു സപ്പോര്‍ട്ടുകള്‍ എന്തെങ്കിലുമോ ഉപയോഗിക്കാം.


ഡിജിറ്റല്‍ SLR ഉപയോഗിക്കുന്നവര്‍ക്ക്‌ ചില ക്യാമറ നിര്‍മ്മാതാക്കള്‍ Auto-ISO എന്നൊരു ഓപ്ഷന്‍ നല്‍കുന്നുണ്ട്‌. ഈ സെറ്റിംഗില്‍ 200, 400, 800, 1600 എന്നിവകൂടാതെ ക്യാമറ സ്വയമായി ഈ നമ്പറുകള്‍ക്കിടയിലുള്ള അനുയോജ്യമായ ISO സെറ്റിംഗുകള്‍ തെരഞ്ഞെടുത്തുകൊള്ളും.


ഫോട്ടോഷോപ്പ്‌ തുടങ്ങിയ സോഫ്റ്റ്‌ വെയറുകള്‍ നോയിസ്‌ കുറയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്‌. പക്ഷേ ഈ "ശുചീകരണത്തിനിടയില്‍" ചിത്രത്തിന്റെ വ്യക്തത പലപ്പോഴും കുറഞ്ഞുപോകാം.ക്യാമറകള്‍ക്കുള്ളില്‍ത്തന്നെ നോയിസ്‌ ക്ലീന്‍ അപ്പ്‌ സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട്‌. ഇവയുടെ പ്രവര്‍ത്തനവും പലപ്പോഴും ചിത്രത്തിന്റെ മറ്റു ഡീറ്റയില്‍സ്‌ നഷ്ടപ്പെടുത്തിക്കൊണ്ടാവാന്‍ സാധ്യതയുണ്ട്‌.

കൂടുതല്‍ വായനയ്ക്ക്:

1. ISO settings in digital cameras
2. Camera noise


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

Monday, March 10, 2008

പാഠം 9 : അപ്പര്‍ച്ചറും ഷട്ടറും - മാനുവല്‍ ഫോട്ടോഗ്രഫി

കഴിഞ്ഞ കുറേ പോസ്റ്റുകളിലായി നമ്മള്‍ ക്യാമറയ്ക്കു പിന്നിലുള്ള തിയറിയാണ് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഈ പോസ്റ്റില്‍ ഒരല്‍പ്പം പ്രാക്ടിക്കല്‍ ആയാലോ? ഒരു ക്യാമറയില്‍ മാനുവലായി (ക്യാമറയുടെ സഹായമില്ലാതെ, പൂര്‍ണ്ണമായും ഫോട്ടോഗ്രാഫറുടെ നിയന്ത്രണത്തില്‍) എങ്ങനെ ഫോട്ടോയെടുക്കാം എന്നു നോക്കാം. ഫിലിം ക്യാമറകളുടെ യുഗത്തില്‍നിന്ന് ഓട്ടോമാറ്റിക് ഡിജിറ്റല്‍ ക്യാമറകളുടെ യുഗത്തിലെത്തിനില്‍ക്കുന്ന ഈ കാ‍ലഘട്ടത്തില്‍, എന്തിനാണ് മാനുവല്‍ ഫോട്ടോഗ്രാഫി എന്നു പലരും ചിന്തിച്ചേക്കാം. ശരിയാണ്, പണ്ടൊക്കെ ഒരു ഫോട്ടോഗ്രാഫര്‍ ചെയ്തിരുന്ന ഫോക്കസിംഗ്, ലൈറ്റ് അഡ്ജസ്റ്റ്മെന്റുകള്‍ എല്ലാം ഇന്നത്തെ ക്യാമറകള്‍ തനിയെ ചെയ്യുന്നതിനാല്‍ നമ്മുടെ ജോലി വളരെ ചുരുങ്ങിയിരിക്കുന്നു. “പോയിന്റ് ആന്റ് ഷൂട്ട് “ അല്ലെങ്കില്‍ “എയിം ആന്റ് ഷൂട്ട് ക്യാമറ“ എന്ന പേരുതന്നെ അങ്ങനെയുണ്ടായതാണല്ലോ.

ഈ അദ്ധ്യായത്തിനു പിന്നിലെ ഉദ്ദേശം, ഒരു ഫോട്ടോയെടുക്കുമ്പോള്‍ ക്യാമറ ചെയ്യുന്ന ഏറ്റവും അടിസ്ഥാനമായ മൂന്നു കാര്യങ്ങളെപ്പറ്റി ഒരു ഉള്‍ക്കാഴ്ച നല്‍കുക എന്നതാണ്. ഫോക്കസ് ചെയ്യുക, വെളിച്ചം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക, അനുയോജ്യമായ ഒരു പ്രതലത്തില്‍ ഫോട്ടോ പതിപ്പിക്കുക ഇവയാണ് അടിസ്ഥാനമായ മൂന്നു കാര്യങ്ങള്‍. ഇവയൊക്കെ മാനുവലായി സെറ്റ് ചെയ്യാന്‍ പഠിച്ചിരുന്നാല്‍, നമ്മൂടെ ക്യാമറ ഓരോ സന്ദര്‍ഭങ്ങളിലും സ്വയം ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും.

ഈ മൂന്നുകാര്യങ്ങളും മാനുവലായി ചെയ്യാന്‍ സൌകര്യമുള്ളത് ഒരു SLR ക്യാമറയിലാണ്. (High end Point & shoot ക്യാമറകളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ മെനു വഴി നല്‍കാറുണ്ട്, എന്നാലും SLR ന്റെ സൌകര്യങ്ങള്‍ അവിടെയില്ല). ബാക്കിയെല്ലായിനം ഓട്ടോമാറ്റിക് ക്യാമറകളിലും ഇക്കാര്യങ്ങള്‍ മുഴുവനായോ ഭാഗികമായോ ക്യാമറകള്‍ സ്വയം ചെയ്യുന്നു. (ഒരു കാര്യം ഇവിടെ പറഞ്ഞുകൊള്ളട്ടെ, ഇന്ന് ലഭ്യമായ SLR ക്യാമറകളെല്ലാം തന്നെ പൂര്‍ണ്ണമായും മാനുവലായോ, പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായോ, സെമി-ഓട്ടോമാറ്റിക്കായോ ഉപയോഗിക്കുവാന്‍ സ്വാതന്ത്ര്യം തരുന്നവയാണ്).

വായനക്കാര്‍ എല്ലാവരുടെയും കൈയ്യില്‍ SLR ക്യാമറ ഉണ്ടാവാന്‍ സാധ്യതയില്ലത്തതിനാല്‍ വിക്കിപീഡിയയില്‍ നിന്നും കടമെടുത്ത ഒരു പഴയ SLR ക്യാമറ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എന്നുപറയാന്‍ കാരണം, പുതിയ ഡിജിറ്റല്‍ SLR ക്യാമറകളിലെ കണ്ട്രോളുകളെല്ലാം ഇതില്‍നിന്നും വളരെ വ്യത്യസ്തമാണ് എന്നതിനാലാണ്) സ്വന്തമായി SLR Camera ഉള്ളവര്‍ക്ക് ഇതില്‍ പറയുന്ന കാര്യങ്ങള്‍ അറിവുള്ളതാവാം.

ആദ്യമായി ഈ മാനുവല്‍ ക്യാമറയെ ഒന്നടുത്ത് പരിചയപ്പെടാം.


















കടപ്പാട് : Wikipedia Commons

ഇതൊരു സിംഗിള്‍ ലെന്‍സ് റിഫ്ലക്സ് (SLR) ക്യാമറയാണ്. ലെന്‍സില്‍ക്കൂടികടന്നുവരുന്ന പ്രകാശം ഒരു വ്യൂ ഫൈന്ററി (view finder) ലേക്കാണ് ആദ്യം വരുന്നത്. വ്യൂഫൈന്ററില്‍ക്കൂടി നോക്കിക്കൊണ്ടാണ് ഫോ‍ട്ടോഗ്രാഫര്‍ രംഗം ഫോക്കസ് ചെയ്യേണ്ടതും, ലൈറ്റ് ക്രമീകരിക്കേണ്ടതും. വ്യൂഫൈന്ററ് എന്താണെന്നും, SLR ന്റെ പ്രവര്‍ത്തന തത്വം എങ്ങനെയാണെന്നും നമ്മള്‍ പാഠം 3: ഫിലിം ഫോര്‍മാറ്റുകളും വിവിധയിനം ക്യാമറകളും എന്ന അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്തതാണ്.

ക്യാമറയുടെ ചിത്രത്തില്‍ മൂന്നു ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നതും കണ്ടല്ലോ? ഷട്ടര്‍ സ്പീഡ് ഡയല്‍, അപ്പര്‍ച്ചര്‍ റിംഗ്, ഫോക്കസ് റിംഗ് എന്നിവയാണ് അവ. ഇവ ഓരോന്നിനേയും പറ്റി അല്പം വിശദമാക്കിയിട്ട് മുമ്പോട്ട് പോകാം. അതിനായി മുമ്പു പരിചയപ്പെട്ട ഒരു രേഖാചിത്രം ഒരിക്കല്‍ക്കൂടി ഒന്നു നോക്കാം.

















അപ്പര്‍ച്ചറും ഷട്ടറും

ക്യാമറയ്ക്കുള്ളിലേക്ക് ഏതെങ്കിലും രീതിയില്‍ വെളിച്ചം കയറിയാല്‍ ചിത്രം കിട്ടുകയില്ല എന്നറിയാമല്ലോ. വെളിച്ചം ആവശ്യത്തില്‍ കൂടുതലായാലും, കുറവായാലും പ്രശ്നം തന്നെ. ക്യാമറയ്ക്ക് ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് കിറുകൃത്യമായി നിയന്ത്രിച്ച് നിറുത്തുന്ന രണ്ട് സംവിധാനങ്ങളാണ് അപ്പര്‍ചറും ഷട്ടറും. മുകളില്‍ കൊടുത്തീര്‍ക്കുന്ന രേഖാചിത്രത്തിലെ ലെന്‍സിനു തൊട്ടുപുറകിലായി സ്ഥിതിചെയ്യുന്ന, വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന ഒരു സുഷിരമാണ് അപ്പര്‍ച്ചര്‍. ഉള്ളിലേക്കും പുറത്തേക്കും ഒന്നിനു മീതേ ഒന്നായി നീക്കാവുന്ന തകിടുകള്‍ ചേര്‍ത്താണ് അപ്പര്‍ച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. SLR ക്യാമറ ലെന്‍സുകളുടെ ഭാഗംതന്നെയാണ് അപ്പര്‍ച്ചര്‍. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഈ തകിടുകളും അപ്പര്‍ച്ചറും വ്യക്തമായിക്കാണാം.


കടപ്പാട് : Wikipedia commons


ഈ തകിടുകള്‍ തുറന്ന് സുഷിരം വലുതാക്കിയാല്‍ കൂടുതല്‍ പ്രകാശം ക്യാമറയുടെ ഉള്ളിലേക്ക് കടക്കുമെന്നും ചെറുതാക്കിയാല്‍ അതിലും കുറച്ചു പ്രകാശം മാത്രമേഉള്ളിലേക്ക് കടക്കൂ എന്നും മനസ്സിലായല്ലോ.










ഈ തകിടുകളെ നിയന്ത്രിച്ച് അപ്പര്‍ച്ചര്‍ സുഷിരം വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുവാനുള്ള നിയന്ത്രണ സംവിധാനം ലെന്‍സിന്റെ പുറത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു വളയത്തിലാണ് കൊടുത്തിരിക്കുന്നത്. ഇതിനെ അപ്പര്‍ച്ചര്‍ റിംഗ് എന്നുവിളീക്കുന്നു. താഴെ ഒരു ലെന്‍സിന്റെ ചിത്രം കൊടുത്തിട്ടുണ്ട്. അതില്‍ അപ്പര്‍ച്ചര്‍ റിംഗ് മാര്‍ക്ക് ചെയ്തിരിക്കുന്ന രീതി നോക്കൂ.






















കടപ്പാട് : Wikipedia commons

അപ്പര്‍ച്ചര്‍ റിംഗ് എന്നു മാര്‍ക്ക് ചെയ്തീരിക്കുന്ന വളയത്തില്‍ 2 മുതല്‍ 22 വരെയുള്ള നമ്പറുകള്‍ എഴുതിയിരിക്കുന്നതു ശ്രദ്ധിച്ചല്ലോ? ഇവയെ F നമ്പറുകള്‍ അല്ലെങ്കില്‍ F-stops എന്നുവിളിക്കുന്നു. ഒരു ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തെ (focal length) അപ്പര്‍ച്ചര്‍ സുഷിരത്തിന്റെ വ്യാസം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന നമ്പറാണിത്. ഡിജിറ്റല്‍ ക്യാമറകളിലെ ലൈവ് പ്രിവ്യൂവിലും, വ്യൂ ഫൈന്ററുകളിലും എല്ലാം ഒരു ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഈ നമ്പറുകള്‍ കാണാം. അപര്‍ച്ചര്‍ സുഷിരത്തിന്റെ നമ്പറാണത്. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഒരു ചെറിയ എഫ്. നമ്പര്‍ വലിയ സുഷിരത്തേയും, വലിയ എഫ്. നമ്പര്‍ ചെറിയ സുഷിരത്തേയും കുറിക്കുന്നു എന്നുള്ളതാണ്. അതായത്, F/2.8 നേക്കാള്‍ വളരെ ചെറിയ സുഷിരമാണ് F/ 22 എന്ന അപ്പര്‍ച്ചര്‍ സ്റ്റോപ്പ് തരുന്നത്. സ്വാഭാവികമായും, F/2.8 യില്‍ സെറ്റ് ചെയ്തീരിക്കുന്ന അപ്പര്‍ച്ചര്‍ F/22 ല്‍ സെറ്റ് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവ് പ്രകാശം ക്യാമറയ്ക്കുള്ളിലേക്ക് കടത്തി വിടും.

കുറിപ്പ്: ഡിജിറ്റൽ എസ്.എൽ.ആർ കാലഘട്ടം ആരംഭിച്ചതുമുതൽ ലെൻസുകളിൽ നിന്ന് അപ്പർച്ചർ റിംഗും അപ്പർച്ചർ നമ്പറുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ എസ്.എൽ.ആർ ക്യാമറകളോടൊപ്പം ലഭിക്കുന്ന ലെൻസുകളിൽ ഒന്നിലും അപ്പർച്ചർ റിംഗ് ഇല്ല. പകരം അപ്പർച്ചർ അഡ്ജസ്റ്റ് ചെയ്യുന്നത് ക്യാമറയിൽ തന്നെയുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ്.


ഇത്രയും കാര്യങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം.










അപ്പര്‍ച്ചറുകളെപ്പറ്റി തല്‍ക്കാലം ഇത്രയും മതി. വിശദമായി പിന്നീട് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡ് (Aperture Priority Mode) എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഷട്ടര്‍

ഇനി ഷട്ടര്‍ എന്താണു ചെയ്യുന്നത് എന്നു നോക്കാം. ക്യാമറയിലെ ഫിലിമില്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ സെന്‍സറില്‍ വെളിച്ചം വീഴാതെ അടച്ചുവച്ചിരിക്കുന്ന ഒരു കര്‍ട്ടനാണ് ഷട്ടര്‍ എന്നു സങ്കല്‍പ്പിക്കാം. ഫോട്ടോ എടുക്കുന്ന അവസരത്തില്‍, അതായത് ഫോട്ടോയെടുക്കുന്ന “ക്ലിക്ക്” ശബ്ദം കേള്‍ക്കുന്നതിലും കുറവു സമയത്തില്‍ ഈ കര്‍ട്ടന്‍ തുറന്നടയുന്നു. ഈ തുറന്നടയല്‍ സംവിധാനവും കിറുകൃത്യമായി നിര്‍മ്മിച്ചതാണ്. പലപ്പോഴും ഒരു സെക്കന്റിന്റെ ഒരംശത്തിലാണ് ഷട്ടര്‍ തുറന്നടയുന്നത് - സെക്കന്റുകള്‍ നീളുന്ന തുറക്കല്‍ മുതല്‍, ഒരു സെക്കന്റിന്റെ മൂവായിരത്തിലൊന്നു സമയത്തിനുള്ളില്‍ തുറന്നടയുന്ന ഷട്ടര്‍ വരെ ഇന്നു മാര്‍ക്കറ്റില്‍ നിലവിലുള്ള ക്യാമറകളില്‍ ഉണ്ട്.

ഈ ഷട്ടറിന്റെ തുറന്നടയല്‍ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഷട്ടര്‍ സ്പീഡ് ഡയല്‍. ചിത്രം നോക്കൂ.

1 മുതല്‍ 2000 വരെയുള്ള നമ്പറുകള്‍ ഈ ഡയലില്‍ കണ്ടല്ലോ. ഒന്ന് എന്നത് ഒരു സെക്കന്റ് തന്നെ. രണ്ട്, രണ്ടിലൊന്നു സെക്കന്റിനേയും 60 അറുപതിലൊന്നു സെക്കന്റിനേയും 500 അഞ്ഞൂറില്‍ ഒന്നു സെക്കന്റിനേയും 2000 രണ്ടായിരത്തിലൊന്നു സെക്കന്റിനേയും കുറിക്കുന്നു. B എന്നൊരു മാര്‍ക്കിംഗും ഈ ഡയലില്‍ ഉണ്ട്. ഷട്ടര്‍ ഫോട്ടൊഗ്രാഫര്‍ക്ക് ഇഷ്ടമുള്ളത്രയും സമയം തുറന്നുവയ്ക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. വെളിച്ചം കൂടുതല്‍ ലഭ്യമായ അവസരങ്ങളില്‍ സ്വാഭാവികമായും ഉയര്‍ന്ന ഒരു ഷട്ടര്‍ നമ്പര്‍ വേണം ഉപയോഗിക്കുവാന്‍. വെളിച്ചം കുറവുള്ള അവസരങ്ങളില്‍ മറിച്ചും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഷട്ടര്‍ സ്പീഡ് 30 (അതായത് മുപ്പതിലൊന്നു സെക്കന്റ്) നു താഴേക്ക് ക്യാമറ കൈയ്യില്‍ വച്ച് ഫോട്ടൊയെടുത്താല്‍ ചിത്രം ബ്ലര്‍ (Blur) ആവാനുള്ള സാദ്ധ്യതയുണ്ട് എന്നതാണ്. അതായത് നമ്മുടെ കൈ അനങ്ങുന്നേയില്ല എന്നു നമുക്കുതോന്നുന്ന അവസരങ്ങളില്‍ പോലും ചെറുതായി അത് ചലിച്ചേക്കാം. അത് ചിത്രത്തിന്റെ ക്ലാരിറ്റിയെ ബാധിക്കും. വെളിച്ചം കുറവുള്ള അവസരങ്ങളില്‍ എടുത്ത ചിത്രങ്ങളിലെ പല വസ്തുക്കളും ഇങ്ങനെ “ചാഞ്ചാടുന്ന” രീതിയില്‍ നില്‍ക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഷട്ടര്‍ സ്പീഡും ഡിജിറ്റല്‍ ക്യാമറയുടെ പ്രിവ്യൂവില്‍ എഫ്. നമ്പറിനോട് അടുത്തായി കാണാവുന്നതാണ്.

ഷട്ടര്‍ സ്പീഡിനെപ്പറ്റി ഇവിടെ ഇത്രയും മാത്രം പറഞ്ഞുകൊണ്ട് നമുക്ക് മുമ്പോട്ട് പോകാം. ഷട്ടര്‍ പ്രയോറിറ്റി മോഡ്, ഫ്ലാഷ് ഫോട്ടോഗ്രാഫി എന്നിവയെപ്പറ്റി പിന്നീട് ചര്‍ച്ചചെയ്യുമ്പോള്‍ വിശദമായി ഇതേപ്പറ്റി പറയാം. അപ്പോള്‍, ഷട്ടര്‍ സ്പീഡും അപ്പര്‍ച്ചറും അനുയോജ്യമായ രീതിയില്‍ നിയന്ത്രിച്ചുകൊണ്ട് നമുക്ക് ക്യാമറയിലേക്ക് കടന്നുവരുന്ന വെളിച്ചത്തെ നിയന്ത്രിക്കാം എന്നു മനസ്സിലായല്ലോ. പക്ഷേ അനുയോജ്യമായ രീതിയിലാണോ ഇതുരണ്ടും നമ്മള്‍ സെറ്റ് ചെയ്തിരിക്കുന്നതെന്ന് എങ്ങനെയറിയും? അതിനായി ഒരു സംവിധാനവും ക്യാമറയ്കൂള്ളില്‍ത്തന്നെയുണ്ട്. ലൈറ്റ് മീറ്റര്‍ എന്നാണ് ഈ സംവിധാനത്തിന് പേര്. വ്യത്യസ്ത ക്യാമറ മോഡലുകളില്‍ (SLR) ഇവ പലവിധത്തില്‍ ആയിരിക്കും. സാധാരണമായി കണ്ടുവരുന്ന ഒരു രീതിയാണ് നടുക്ക് ഒരു പൂജ്യവും, അതിന്റെ ഇരു വശത്തുമായി + ‌- ചിഹ്നങ്ങളുമായുള്ള ലൈറ്റ് മീറ്ററുകള്‍. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഇത് വ്യക്തമാവും.


രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ഡിജിറ്റല്‍ SLR ഉപയോഗിക്കുന്ന തുടക്കക്കാരാരെങ്കിലും ഈ പോസ്റ്റ് വായിച്ച് ഫോക്കസിംഗ് മാനുവലായി ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍, അപ്രകാരം ചെയ്യുന്നതിനുമുമ്പ് ക്യാമറബോഡിയിലെയും, ലെന്‍സിലേയും ഓട്ടോമാറ്റിക് ഫോക്കസ് എന്ന സ്വിച്ച് മാനുവല്‍ എന്ന് മാറ്റിയിട്ടേ ഇതിനൊരുങ്ങാവൂ. അല്ലെങ്കില്‍ ലെന്‍സിന്റെ മോട്ടോര്‍ മെക്കാനിസം തകരാറിലാവും. രണ്ടാമതായി, മാനുവലായി ഫോട്ടോ എടുക്കുന്നതിനു മുമ്പ് ക്യാമറ ബോഡിയിലെ മോഡ് സെലക്ഷൻ റിംഗ് M എന്നതിനു നേരെ തിരിച്ചു വയ്ക്കുക. അതുപോലെ താഴെ പറയുന്ന “അപ്പർച്ചർ ഡയൽ തിരിക്കുക“, “ഷട്ടർ ഡയൽ തിരിക്കുക” തുടങ്ങിയ വിവരണങ്ങൾ ഇപ്പോഴത്തെ ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറകളിൽ ചെയ്യുന്നത് ക്യാമറയിലെ ഡയൽ ഉപയോഗിച്ചാണ് - അല്ലാതെ പഴയ ക്യാമറകളിലെപ്പോലെ ഇവയ്ക്കായി വെവ്വേറെ റിംഗുകൾ ഇല്ല.


ഇനി ഒരു ഫോട്ടോയെടുത്തുനോക്കാം. ക്യാമറയുടെ വ്യൂ ഫൈന്ററില്‍ കൂടെ കാണുന്ന കാഴ്ചയാണ് താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍.
















കുട്ടിയുടെ ചിത്രം വ്യക്തമായി കാണുന്നില്ല അല്ലേ? ലെന്‍സ് ഫോക്കസില്‍ അല്ല എന്നര്‍ത്ഥം. മുകളീല്‍ കൊടുത്തിരിക്കുന്ന ലെന്‍സിന്റെ ചിത്രം നോക്കൂ. അതില്‍ ഫോക്കസ് റിംഗ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന റിംഗ് തിരിച്ചാല്‍ ചിത്രം ഫോക്കസില്‍ കിട്ടും (SLR ക്യാമറയില്‍, ലെന്‍സില്‍ക്കൂടി കടന്നുവരുന്ന അതേ ചിത്രംതന്നെയാണ് വ്യൂ ഫൈന്ററില്‍ കാണുന്നത്. അതിനാല്‍ വ്യൂഫൈന്ററില്‍ നോക്കിക്കൊണ്ട് ചിത്രം വ്യക്തമാവുന്നതുവരെ ലെൻസിന്റെ ഫോക്കസ് റിംഗ് തിരിച്ചാല്‍ മതി, ഫോക്കസില്‍ ആക്കുവാന്‍).


ഫോക്കസ് റിംഗ് തിരിച്ചല്ലോ. ദേ, ഇപ്പോ ചിത്രം ക്ലിയറായി!













ചിത്രം വളരെ വ്യക്തംതന്നെ. പക്ഷേ ഇപ്പോള്‍ നാം വ്യൂ ഫൈന്ററില്‍ കാണുന്ന ലൈറ്റ് അളന്നുകൊണ്ടിരിക്കുന്നത് നമ്മുടെ കണ്ണുകളാണെന്ന വ്യത്യാസമുണ്ട് - അളവും ക്രമീകരണവും എല്ലാം ഓട്ടോമാറ്റിക്കായി തലച്ചോറില്‍ നടന്നോളും. പക്ഷേ ഇപ്പോള്‍ ക്യാമറയില്‍ നിലവിലിരിക്കുന്ന അപ്പര്‍ച്ചര്‍ സെറ്റിംഗും ഷട്ടര്‍ സ്പീഡും ഈ ചിത്രം വ്യക്തമായി ഫിലിമിലെത്തിക്കാന്‍ പാകമാണോ എന്നെങ്ങനെയറിയും. അതിനായി ലൈറ്റ് മീറ്ററില്‍ ഒന്നു നോക്കാം. വ്യൂഫൈന്ററിന്റെ ഉള്ളില്‍ത്തന്നെയാണ് ലൈറ്റ് മീറ്റര്‍. ചിത്രത്തിന്റെ ബോര്‍ഡറില്‍ താഴെയായി ലൈറ്റ് മീറ്റര്‍ കാണാം. ഇപ്പോള്‍ നിലവിലിരിക്കുന്ന ഷട്ടര്‍ സ്പീഡ് 250ഉം അപ്പര്‍ച്ചര്‍ F/16 ഉം ആണ്. ലൈറ്റ് മീറ്റര്‍ ഒന്നു ശ്രദ്ധിക്കൂ. ചുവന്ന ചതുരങ്ങള്‍ നെഗറ്റീവ് (-) ഭാഗത്തേക്ക് നീളുന്നതു കണ്ടില്ലേ. ക്യാമറയുടെ ഉള്ളിലേക്ക് വീഴുന്ന ലൈറ്റ് പോരാ എന്നര്‍ത്ഥം.















അതിനാല്‍ ഇനി അപ്പര്‍ച്ചര്‍ റിംഗ് ഒന്നു തിരിച്ച് അപ്പര്‍ച്ചര്‍ F/ 2.8 ല്‍ വയ്ക്കാം. ഇനി ലൈറ്റ് മീറ്റര്‍ ഒന്നു നോക്കൂ (ചിത്രം)














ചുവന്ന വരകള്‍ ഇതാ പോസിറ്റീവ് (+) ഭാഗത്തേക്ക് പോയിരിക്കുന്നു! ക്യാമറയ്ക്കുള്ളിലേക്ക് കടന്നുവരുന്ന ലൈറ്റ് കൂടുതലാണ് എന്നര്‍ത്ഥം. ഈ പൊസിഷനില്‍ ഈ ചിത്രം എടുത്താല്‍ ഏകദേശം ഇങ്ങനെയിരിക്കും














ഇതു ശരിയായില്ലല്ലോ..? അതിനാല്‍ അപ്പര്‍ച്ചര്‍ റിംഗ് പതിയെ തിരിച്ച്, ചുവന്ന ചതുരങ്ങള്‍ കൂടുതലും അല്ല, കുറവും അല്ല എന്ന പൊസിഷനില്‍ കിട്ടുമോ എന്നു നോക്കാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. 250 F/8 എന്ന പൊസിഷനില്‍ ചുവന്ന ചതുരങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി കാണാം.














ഇതാണ് ഈ ഫോട്ടോയുടെ കറക്റ്റായ ഒരു സെറ്റിംഗ്. ഇതുപോലെ മറ്റു ചില ഷട്ടര്‍ സ്പീഡുകളിലും, അപ്പര്‍ച്ചര്‍ അനുയോജ്യമായി സെറ്റുചെയ്ത് കൃത്യമായ ലൈറ്റ് മീറ്ററിംഗ് ചെയ്യാവുന്നതാണ് (കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ഒരു ന്യൂട്രല്‍ ഗ്രേ ഓബ്ജടില്‍ ആയിരിക്കും ഇപ്രകാരം കിട്ടുന്ന “പൂജ്യം” എന്ന നടുവിലെ സെറ്റിംഗ് കൃത്യമായ അളവില്‍ പ്രകാശം തരുന്നത്. അല്ലാത്ത രംഗങ്ങളിലൊക്കെയും ഇതിനേക്കള്‍ അല്പം ഇടതോ വലത്തോ ആയിരിക്കും കൃത്യമായ ലൈറ്റിംഗ്. ഫോട്ടൊഗ്രാഫി പരിചയത്തില്‍ കൂടി ഇത് ക്രമേണ മനസ്സിലാക്കാവുന്നതേയുള്ളൂ).

കുറിപ്പ്: ഇവിടെ 250 എന്ന ഷട്ടര്‍ സ്പീഡ് ഉദാഹരണത്തിനായി എടുത്തുവെന്നേയുള്ളൂ. F/8, 250 എന്ന കോമ്പിനേഷന്‍ സെറ്റിംഗിന് തത്തുല്യമായ മറ്റൊരു സെറ്റിംഗാണ് ഇതേ ലൈറ്റിംഗില്‍ F/5.6, 500 എന്നത്. അതായത് ഷട്ടര്‍ സ്പീഡില്‍ ഒരു സ്റ്റെപ് കൂടുതലാക്കുമ്പോള്‍, അപ്പര്‍ച്ചറില്‍ ഒരു സ്റ്റെപ് താഴേക്ക് മാറ്റാം. പക്ഷേ ഇങ്ങനെ ചെയ്യുന്ന സ്റ്റെപ് അപ്/ഡൌണ്‍ രീതി രംഗത്തെ ലൈറ്റിന് അനുസരിച്ച് ഒരു പരമാവധി പോയിന്റിനു ശേഷം സാധിക്കില്ല എന്നു മാത്രം. അതുപോലെ ഇത്ര അപ്പര്‍ച്ചര്‍, അല്ലെങ്കില്‍ ഇത്ര ഷട്ടര്‍ സ്പീഡ് നമുക്ക് വേണം എന്ന് ഫോട്ടോഗ്രാഫര്‍ക്ക് തീരുമാനിക്കേണ്ടിവരുന്ന (പ്രത്യേക എഫക്ടുകള്‍ക്കായി) സാഹചര്യങ്ങളുണ്ട്. ഇത്തരം എഫക്റ്റുകളെപ്പറ്റി അപ്പര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി മോഡുകളെപ്പറ്റി പറയുന്ന പോസ്റ്റില്‍ പറയാം.


ലൈറ്റ് മീറ്ററിംഗ് ശരിയായിക്കഴിഞ്ഞാല്‍, ഇനി ക്ലിക്ക് ചെയ്യാം. ഇത്രയുംവായിച്ചിട്ട്, ഒരു SLR ക്യാമറയില്‍ ഫോട്ടോയെടുക്കുന്നത് ഇത്രയും മെനക്കേടാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുതേ. പൂര്‍ണ്ണമായും മാനുവലായി എടുക്കുമ്പോള്‍ മാത്രമേ ഇതിന്റെ ആവശ്യമുള്ളു. അല്ലാത്തപ്പോഴെല്ലാം, ക്യാമറ കൃത്യമായി ഇതൊക്കെ നിര്‍വ്വഹിച്ചുകൊള്ളും. അതുപോലെ, ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഒരു ക്യാമറ, ഈ സെറ്റിംഗുകളൊക്കെയും അതിന്റേതായ ഒരു വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിമിഷത്തിനുള്ളില്‍ സ്വയം നിര്‍വ്വഹിക്കുകയും ചെയ്യും. ഓരോ ഡിജിറ്റല്‍ ഫോട്ടോയുടെയും exif data പരിശോധിച്ചാല്‍ ഈ ക്യാമറ സ്വയം ചെയ്ത ഈ സെറ്റിംഗുകള്‍ കാണാ‍വുന്നതാണ്.

പ്രകാശ നിയന്ത്രണം എന്ന അവയുടെ പ്രാഥമിക ഉപയോഗത്തിനു പുറമേ അപ്പര്‍ച്ചര്‍, ഷട്ടര്‍ എന്നിവയ്ക്ക് ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയില്‍ വളരെയേറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത്തരം ഉപയോഗങ്ങളെപ്പറ്റി പുറകാലെ ചര്‍ച്ചചെയ്യാം. ഇങ്ങനെ ഓരോ രംഗങ്ങള്‍ക്കും ഏകദേശം അനുയോജ്യമായ ഷട്ടര്‍, അപ്പര്‍ച്ചര്‍, സെന്‍സിറ്റിവിറ്റി കോമ്പിനേഷനുകളാണ് ഇന്നത്തെ കണ്‍സ്യൂമര്‍ ക്യാമറകളില്‍ കാണുന്ന ലാന്റ് സ്കേപ്പ്, ക്ലോസപ്പ്, പോര്‍ട്രയിറ്റ്, സ്പോര്‍ട്ട്സ് എന്നൊക്കെയുള്ള പ്രീസെറ്റ് മോഡുകള്‍ (pre-set modes). അതായത് ഈ ഓരോ മോഡിലും അപ്പര്‍ച്ചറ് അല്ലെങ്കില്‍ ഷട്ടര്‍ അല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുയോജ്യമായ ഒരു രീതിയില്‍ വര‍ത്തക്കവിധം മുന്‍‌കൂട്ടി സെറ്റ് ചെയ്തിരിക്കുകയാണ്. ക്യാമറയുടെ സോഫ്റ്റ്വെയര്‍ ബാക്കിസെറ്റിംഗുകള്‍ അതിനനുസരിച്ച് മാറ്റിക്കൊള്ളും.


ഇനി മറ്റൊരു സാഹചര്യം എടുക്കാം. തീരെ വെളിച്ചം കുറവുള്ള ഒരു അവസരം. നമ്മുടെ മാനുവല്‍ ക്യാമറയ്ക്ക് സാധ്യമായ ഏറ്റവും വലിയ അപ്പര്‍ച്ചര്‍ സുഷിരവും, ഏറ്റവും കുറഞ്ഞ ഷട്ടര്‍ സ്പീഡും നാം സെറ്റുചെയ്തു. എന്നിട്ടും ക്യാമറയുടെ ലൈറ്റ് മീറ്റര്‍ വെളിച്ചം പോരാ എന്നാണു കാണിക്കുന്നത് എന്നിരിക്കട്ടെ. എന്തുചെയ്യും? ഒന്നുകില്‍ “കറക്കിക്കുത്ത്” രീതിയില്‍ ഷട്ടര്‍ ഇഷ്ടം പോലെ തുറന്നുവച്ച് പരീക്ഷണങ്ങള്‍ നടത്താം. അപ്പോള്‍ “കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ ചട്ടി“ എന്നു പറഞ്ഞതുപോലെയാവും കാര്യങ്ങള്‍! അതല്ലെങ്കില്‍ ഫിലിമിന്റെ സെന്‍സിറ്റിവിറ്റി കൂട്ടാം.


എന്താണീ സെന്‍സിറ്റിവിറ്റി? ഒരു ഫോട്ടോഗ്രാഫിക് ഫിലിമിലെ രാസവസ്തുക്കള്‍ ഒരു നിശ്ചിത സമയത്തേക്ക് പ്രകാശവുമായി പ്രവര്‍ത്തിച്ചാലേ ഫോട്ടോ ലഭിക്കൂ എന്നറിയാമല്ലോ. ഇതനുസരിച്ച് ഓരോതരം ഫിലിമുകള്‍ക്കും ഓരോ ISO നമ്പറുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ സാധ്യമെങ്കില്‍ രാസപ്രവര്‍ത്തനം വളരെ വേഗം (കുറഞ്ഞ വെളിച്ചത്തില്‍) നടക്കുന്ന ഒരു ഫിലിം ഉപയോഗിക്കാം. പക്ഷെ ഡിജിറ്റല്‍ ക്യാമറയില്‍ ഓരോ ലൈറ്റിംഗിനും അനുസരിച്ച് ഇതുപോലെ സെന്‍സറുകള്‍ മാറ്റിക്കൊണ്ടിരിക്കുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ സെന്‍സറില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകളെ പ്രത്യേകരീതിയില്‍ ശക്തീകരിക്കുന്ന (amplify) രീതിയാണ് അവയില്‍ അനുവര്‍ത്തിച്ചു വരുന്നത്. ഇതിനെയാണ് ISO സെറ്റിംഗുകള്‍ എന്നു വിളിക്കുന്നത്. അതായത്, സിഗ്നല്‍ ആ‌പ്ലിഫിക്കേഷന്‍ കൂട്ടിക്കൊണ്ട്, ഉയര്‍ന്ന അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ് സെറ്റിംഗുകള്‍ വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.


അടുത്ത പോസ്റ്റില്‍ - ISO സെറ്റിംഗുകളും നോയിസും.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

Read more...

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP